Tuesday, June 11, 2013

മുറുക്കാന്‍, ബീഡി, സിഗരറ്റ്, ഗുഡ്ക ....


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മെയ്  31   നു  പ്രസിദ്ധീകരിച്ചത്. )

മെയ് മുപ്പത്തൊന്നെന്ന്  പറഞ്ഞാല്‍ അന്താരാഷ്ട്ര  പുകയില വിരുദ്ധ ദിനമാണ്.  ആരോടെല്ലാമാണ് ഈ ദിവസത്തെപ്പറ്റി ഓര്‍മ്മിപ്പിക്കേണ്ടതെന്ന് ആലോചിക്കുകയായിരുന്നു, ഞാന്‍. അച്ഛനോട്,  സഹോദരന്മാരോട്, ഭര്‍ത്താവിനോട്, മക്കളോട്, കൊച്ചുമക്കളോട്, സന്തുബന്ധുക്കളോട്, സുഹൃത്തുക്കളോട്, പരിചയക്കാരോട് ....ഇവരില്‍ ആരെങ്കിലുമൊക്കെ ഉണ്ടാവില്ലേ പുകയിലയെ ഗാഢഗാഢം പുണരുന്നവര്‍... മുറുക്കാനായും  ബീഡിയായും സിഗരറ്റായും ഗുഡ്കയായും തമ്പാക്കായും  തീവ്രമായ ആസക്തിയോടെ ചുംബിക്കുന്നവര്‍.... . മൂക്കുപൊടിയായി സുഗന്ധമാസ്വദിക്കുന്നവര്‍..

1987  ലാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുകയില വിരുദ്ധ ദിനത്തെപ്പറ്റി ആലോചിക്കാന്‍  തുടങ്ങിയത്. അന്ന്  ഇരുപത്തിനാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുകയില ഉപവാസവും പുകയിലയുടെ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റിയുള്ള അവബോധവുമായിരുന്നു  പ്രധാന വിഷയം  .  1988 ഏപ്രില്‍ 7 ന് ആയിരുന്നു ആദ്യത്തെ  നോ സ്മോക്കിംഗ് ഡേ. അന്നേ ദിവസമാണ് തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും  മെയ് 31ന് പുകയില വിരുദ്ധ ദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഒരു ആഷ് ട്രേയില്‍ കുത്തിനിറുത്തിയ  പുതുപുഷ്പങ്ങളാണ് ഈ ദിവസത്തിന്‍റെ പ്രതീകം. 1988 നു ശേഷം എല്ലാ വര്‍ഷവും ഒരു  പുതിയ മുദ്രാവാക്യം ഈ ദിനത്തില്‍  ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്നുണ്ട്. പുകയിലയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട  വിവിധ പ്രശ്നങ്ങള്‍ തന്നെയായിരിക്കും ഈ  മുദ്രാവാക്യങ്ങളുടെ കാതല്‍. 

പുകയിലയുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  മദ്യപാനി പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പുകയിലയുടെ അടിമ പരോക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ  അറിയാന്‍ വൈകുകയും അറിഞ്ഞാല്‍പ്പോലും അതങ്ങനെയല്ലെന്ന് വാദിയ്ക്കുകയും പ്രശ്നത്തിനെ നിസ്സാരമാക്കി അവതരിപ്പിക്കുകയും ചെയ്യാന്‍ പലരും താല്‍പര്യപ്പെടുന്നു. പുകയിലയുടെ കോര്‍പ്പറേറ്റ്   ഉല്‍പ്പാദകരും ഗവണ്‍മെന്‍റുകളും ഇക്കാര്യത്തില്‍ എപ്പോഴും ഒന്നിച്ചായിരിക്കും. കാരണം  പണം കോടികളായി  മറിയുന്നിടമാണല്ലോ അത്. പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരം  എന്ന മുന്നറിയിപ്പ് ഉല്‍പന്നങ്ങളുടെ പാക്കറ്റുകളില്‍ അച്ചടിച്ച് വന്‍കിട പുകയില മുതലാളിമാര്‍ കൈ കഴുകുന്നു. ഗവണ്‍മെന്‍റാകട്ടെ  സിനിമകളിലെ സിഗരറ്റ് വലി രംഗങ്ങളില്‍ അത്തരം മുന്നറിയിപ്പുകള്‍ സ്ക്രീനില്‍ കാണിക്കുന്നു.  ഒന്നോ രണ്ടോ സിനിമാതാരങ്ങളോട് ചില്ലറ ചോദ്യങ്ങള്‍ ചോദിക്കുകയും  പൊതുസ്ഥലങ്ങളില്‍ പുകവലി അരുതെന്ന് നിയമമുണ്ടാക്കുകയും അത്  തെറ്റിക്കുന്നവരെ കഴിയുന്നതും കാണാത്ത മട്ടിലിരിക്കുകയും ചെയ്യുന്നു.  എല്ലാം അതീവ സാധാരണയായ ഒട്ടും ആത്മാര്‍ഥതയില്ലാത്ത വഴിപാടുകള്‍ മാത്രം... 

പുകയില ഉല്‍പന്നങ്ങളുടെ  ഉപഭോഗത്തില്‍ ലോകരാഷ്ട്രങ്ങളില്‍  രണ്ടാം സ്ഥാനം നേടിയിട്ടുള്ള ഇന്‍ഡ്യയിലെ പുരുഷന്മാരില്‍ മുപ്പത് ശതമാനം പേര്‍ പുകവലിക്കാരാണ്.  സ്ത്രീകളില്‍ ഏകദേശം അഞ്ചു ശതമാനം പേര്‍ പുക വലിക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം ഇന്ത്യാക്കാരെങ്കിലും എല്ലാ വര്‍ഷവും  പുകയിലയുടെ നീരാളിപ്പിടുത്തത്തിലമര്‍ന്ന് മരണത്തെ  മാലയിട്ടു സ്വീകരിക്കുന്നു. ഇന്ത്യയില്‍ ഉത്തരാഖണ്ഡുകാരാണ് ഏറ്റവും വലിയ ബീഡി വലിയന്മാരെങ്കില്‍ കാശ്മീരികളാണ് ഏറ്റവും കൂടുതല്‍ സിഗരറ്റ് പുകയ്ക്കുന്നത്.  കേരളത്തിന്‍റ കാര്യമാണെങ്കില്‍  ഇന്ത്യയിലെ  ഏറ്റവും കേമരായ കുടിയന്മാര്‍ എന്നതു പോലെ പുകയില ഉപഭോഗത്തിന്‍റെ കാര്യത്തിലും നമ്മള്‍ തന്നെയാണ്   ഒന്നാമത്. നമ്മുടെ പുരുഷന്മാരില്‍  മൂന്നിലൊരാള്‍ ഏതെങ്കിലും തരത്തില്‍ പുകയില ഉപയോഗിക്കുന്നുണ്ട്. സ്വന്തം ശമ്പളത്തിന്‍റെ ഒമ്പത് ശതമാനം പുകയില മുതലാളിമാര്‍ക്ക്  ആദരപൂര്‍വം  കാഴ്ച വെക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 
   
സാക്ഷരതയില്‍  ഒന്നാമതല്ലെങ്കിലും 2007 ല്‍ തന്നെ ചണ്ഡീഗഡ്  സ്മോക് ഫ്രീ  ആയ ആദ്യ  ഇന്‍ഡ്യന്‍ സിറ്റി ആയിത്തീര്‍ന്നിരുന്നു.  ശ്രീ ഹേമന്ത് ഗോസ്വാമിയാണ്  ഇക്കാര്യത്തില്‍  ഏറ്റവും അധികം പ്രയത്നിച്ച ജനനായകന്‍.  ലംഘിക്കപ്പെടുന്ന ഓരോ   പുകയില വിരുദ്ധ നിയമത്തേയും  സസൂക്ഷ്മം  പരിശോധിച്ചുകൊണ്ട് ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും  കോര്‍പ്പറേറ്റ് പുകയില മുതലാളിമാര്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം പരസ്യപ്പെടുത്തി. ചലച്ചിത്രങ്ങളിലെ പുകവലി രംഗങ്ങള്‍   ചെറുപ്പക്കാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന അദ്ദേഹത്തിന്‍റെ പഠനമാണ് പരസ്യങ്ങളിലും സിനിമകളിലും പുകയിലെ ഉല്‍പന്നങ്ങളെ ഒഴിവാക്കാന്‍  ഗവണ്മെന്‍റിനു പ്രേരണയായത്.  ഇന്ത്യയിലെ പുകയില വിരുദ്ധ സമരത്തിന്‍റെ മുന്നണിപ്പോരാളിയായ  ഹേമന്ത് ഗോസ്വാമിയ്ക്ക്  2008 ലെ ഗ്ലോബല്‍ സ്മോക്ഫ്രീ പാര്‍ട്ടണര്‍ഷിപ്പ് അവാര്‍ഡ് ലഭിക്കുകയുണ്ടായി.

 സാമൂഹിക പ്രതിബദ്ധതയോടെ രോഗികളെ ചികില്‍സിക്കുന്ന ചില  ഡോക്ടര്‍മാരും ഇതു പോലെ  പുകയിലയുടെ ഉപഭോഗത്തെപ്പറ്റി  ഉല്‍ക്കണ്ഠ പുലര്‍ത്താറുണ്ട്. അവരുടെ മുന്നിലിരിക്കുന്ന രോഗികളുടെ അവസ്ഥയില്‍ നിസ്സഹായരായി  വേദനിക്കേണ്ടി വരുന്നതുകൊണ്ടാവാം അത്.  മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ പങ്കജ് ചതുര്‍വേദി  പുകയില വിരുദ്ധ സമരത്തില്‍ തനിക്കു ലഭിച്ച  2013 ലെ വൈല്‍ക് ഫെഡ്  അവാര്‍ഡ്  സ്വീകരിച്ചുകൊണ്ട്  ഈ തീവ്ര വേദനകളെ  വികാരഭരിതമായി പങ്കു വെയ്ക്കുകയുണ്ടായി. ഇന്ത്യയെ  പോലെ ഒരു ദരിദ്ര രാജ്യത്ത് അനവധി മരണങ്ങള്‍ പോഷകഹാരക്കുറവുകൊണ്ടും ചികില്‍സിക്കാന്‍ പണമില്ലാത്തതുകൊണ്ടും സമയത്തിനു ഡോക്ടറുടെ അടുത്തെത്താനാവാത്തതുകൊണ്ടും സുലഭമായി സംഭവിക്കുന്നുണ്ട്.  പുകയിലയുടെ ഉപഭോഗം കൊണ്ടു  കാന്‍സര്‍ പോലെയുള്ള മാരക  രോഗങ്ങള്‍ക്ക് കൂടി അടിമകളായി തീരണമോ എന്ന് നമ്മള്‍  സ്വയം തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാരണം രോഗത്തിന്‍റെ അതിതീവ്രമായ  വേദനയനുഭവിക്കുന്നത് നമ്മള്‍ മാത്രമാണ്. 

വൈക്കം മുഹമ്മദ് ബഷീര്‍ ഒരിക്കല്‍ മനുഷ്യനുണ്ടാവേണ്ട  വിവേചന ബുദ്ധിയെപ്പറ്റി , അക്കാര്യത്തില്‍  ദൈവത്തിനിടപെടാനാവാത്തതിനെപ്പറ്റി പറയുകയായിരുന്നു. തേങ്ങയും ഒതളങ്ങയും ദൈവം നല്‍കിയിട്ടുണ്ട്. തേങ്ങ ഉപയോഗിക്കുന്ന മാതിരി ഒതളങ്ങ ഉപയോഗിക്കാന്‍  മനുഷ്യന്‍ തീരുമാനിച്ചാല്‍ ദൈവം എന്തു ചെയ്യാനാണ്? അതുപോലെ വീടു പട്ടിണിയിലായാലും സാരമില്ല, പുകയില  മുതലാളിമാര്‍ക്ക് പണം  നല്‍കിയേ തീരു എന്ന് മനുഷ്യര്‍ തീരുമാനിച്ചാല്‍...



25 comments:

Sukanya said...

പുകയില വിരുദ്ധ ദിനം തുടങ്ങിയതും മറ്റുമായി അറിയാത്ത ഒരുപാട് കാര്യങ്ങളിലൂടെ എച്മുവിന്റെ ഈ പോസ്റ്റ്‌ എല്ലാവിലും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കട്ടെ.

എന്റെ ഭര്‍ത്താവ്,ഭാഗ്യം എന്നെ പറയാന്‍ പറ്റൂ, പുകവലി നിര്‍ത്തിയിട്ട് ഒരു വര്‍ഷം ആകുന്നു.

ഭാനു കളരിക്കല്‍ said...

റെഡ് ഇന്ത്യാക്കാരൻ ചവച്ചു തുപ്പിയിരുന്ന പുകയില ബീഡിയും ചുരുട്ടും സിഗാറുമൊക്കെയായി ലോകം മുഴുവൻ പ്രചരിപ്പിച്ചത് അമേരിക്കയാണ്. അമേരിക്കയുടെ ലോകാധിപത്യത്തിന്റെ ചരിത്രവുമായി പുകയിലയുടെ ചരിത്രം കെട്ടു പിണഞ്ഞു കിടക്കുന്നു. വാരിയെടുക്കുന്ന ലാഭത്തിൽ മാത്രമാണല്ലോ എന്നും മുതലാളിത്തത്തിന്റെ ആനന്ദം.

രോഗാതുരമായ നമ്മുടെ സമൂഹത്തെ പരിഷ്ക്കരിക്കുന്ന സമരത്തിൽ പുകവലി വിരുദ്ധ സമരത്തിനു മുഖ്യ പങ്കുണ്ട്.

Rajesh said...

@Bhanu Kalarickal
It is more than interesting that a lot of bad things - killers - can be traced to America. From tobacco to nuclear bombs to creating and destroying terrorists to even spying on populations,everything.
I am eagerly looking for what will our 'democratic' goverment take from the latest revelations.
This American, Edward Snowden, is a hero for me.
http://www.thehindu.com/todays-paper/tp-opinion/i-do-not-expect-to-see-home-again/article4802146.ece

Rajesh said...
This comment has been removed by the author.
Pradeep Kumar said...

പുകയില അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ വ്യക്തിയെ ഉപദേശങ്ങളിലൂടെയോ, ബോധവല്‍ക്കരണത്തിലൂടെയോ തിരുത്താനാവുമെന്ന് തോന്നുന്നില്ല. ലഹരിക്ക് അടിപ്പെട്ട വ്യക്തി അങ്ങിനെ ആയിത്തീര്‍ന്നതിന്റെ കാരണങ്ങളിലേക്കാണ് സമൂഹമനസാക്ഷി ഇറങ്ങിച്ചെല്ലേണ്ടത്. തിരുത്തലുകള്‍ ആ വ്യക്തിയെ അങ്ങിനെ ആക്കിത്തീര്‍ത്ത അവസ്ഥകളില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു...

വീകെ said...

സ്വയം ഒരു തീരുമാനം മനസ്സിൽ നിന്നും എടുത്താൽ നിറുത്താവുന്നതേയുള്ളു വലിയും കുടിയും. അതിനു തക്ക ഒരു മാനസ്സികാഘാതം ഉണ്ടാകണം. മാത്രമല്ല സ്വന്തം ജീവിതത്തോടും കുടുംബത്തോടും കുറച്ച് സ്നേഹവും വേണം.
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

സംഭവം ട്യുബാക്കോ
മില്ലനേഴ്സിന്റെ(ഈ കച്ചോടം
ചെയ്ത് ലക്ഷപ്രഭുക്കന്മാരാവത്തവർ ലോകത്തിലില്ല എന്നാണ് പറയുന്നത് ) വയറ്റത്തടിക്കിണ്യ .. കാര്യാണെങ്കിലും ,
ഒട്ടും പുകമറയില്ലാതെ , ഇമ്മിണി പുകയില കാര്യങ്ങൾ പറഞ്ഞ് ബോധവർക്കരണം നടത്തിയിരിക്കുന്നു...!

ajith said...

ദിവസേന 40-ലധികം സിഗരറ്റ് പുകച്ചുതള്ളിയിരുന്ന ഞാന്‍ പലതവണത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം 2005 ഡിസംബറില്‍ പൂര്‍ണ്ണമായങ്ങ് നിര്‍ത്തി.

ഇത്തിരി ബുദ്ധിമുട്ടാണ് പിടിവിട്ടുപോരാന്‍. എന്നാല്‍ ശ്രമിച്ചാല്‍ കഴിയായ്കയുമില്ല. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ട് ഇത് കുറയുമെന്ന് വിചാരിക്കേണ്ട. മനുഷ്യര്‍ സ്വയം തീരുമാനിക്കണം. തേങ്ങപോലെ ഒതളങ്ങ കഴിക്കണമോ എന്ന്.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ദാ പ്പ കഥ ....
ങ്ങള് അപ്പം അറിഞ്ഞില്ലേ ച്ചുമൂ .... ഞാൻ പുകവലി നിർത്തി (മെയ് 31 ന് അല്ലാട്ടോ. ജൂണ്‍ 1 ന് അന്നെന്റെ ജന്മദിനായിരുന്നു )
ഞാൻ ഇക്കാര്യം ബ്ലോഗിലിട്ട് പ്രശസ്തനായില്ലേ!!!!; ങ്ങള് ഇവിടെത്തന്നെ ചടഞ്ഞ്‌ ഇരിക്കാതെ പുറത്തിറങ്ങി മ്മടെ ബ്ലോഗ്‌ ബായിച്ച് നോക്കന്നെ .....

Unknown said...

ചില ഓര്‍മ്മപ്പെടുത്തലുകള്‍, ചില അറിവുകള്‍ മാത്രമല്ല ഒരു വിഷയം എങ്ങനെ എഴുതണമെന്നും. എച്മിക്കുട്ടിയുടെ പോസ്റ്റുകള്‍ വായിക്കുന്നതു വെറുതെയാകില്ല പലതും പഠിക്കാം.

ദാ ഈ കഴിഞ്ഞ ആഴ്ചയില്‍ കര്‍ണാടകയില്‍ പാന്‍ മസാലയും ഗുട്ട്കയും നിരോധിച്ചു, അവിടെ താലൂക്കു തലത്തില്‍ ബോധവത്കരണവും ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങളും തുടങ്ങാന്‍ സര്‍ക്കാരു പരിപാടിയിടുന്നു. സര്‍ക്കാരിനു നയങ്ങളും തീരുമാനങ്ങളും ഇല്ലാത്തതല്ല കാരണം, അഴിമതിയും കെടുകാര്യസ്ഥതതയും പലപ്പൊഴും നമ്മെ പിറകോട്ടു വലിക്കുന്നു. 15 വയസ്സില്‍ താഴെയുള്ള 50 ലക്ഷത്തോളം കുട്ടികള്‍ ഇന്ത്യയില്‍ പുകയില ചവക്കുന്ന ശീലമുള്ളവരാണു. പുകയില ഉത്പന്നങ്ങളുടെ ലഭ്യത പരിമിതപ്പെടുത്തുന്നതും, അതിനെ ഫാഷന്‍ ട്രെന്‍ഡാക്കുന്നതുമായ പരസ്യങ്ങള്‍ ഇല്ലാതാകുന്നതും ഇനിയും കൂടുതല്‍ കുട്ടികളെ ഈ ദുശ്ശീലത്തിലേക്കു വലിച്ചെത്തിക്കില്ല എന്നു പ്രത്യാശിക്കാം.

ശ്രീ said...

എത്ര പറഞ്ഞിട്ടും കാര്യമില്ല ചേച്ചീ. ഇതൊക്കെ സ്വയം തോന്നി തന്നെ നിര്‍ത്തണം

പുകവലിയ്ക്കുന്നവരുടെ അടുത്ത് ഇരിയ്ക്കുന്നത് തന്നെ എനിയ്ക്കു ബുദ്ധിമുട്ടാണ്, തലവേദന വരും...

Villagemaan/വില്ലേജ്മാന്‍ said...

ഈ നാലും ഉപയോഗിക്കാറില്ല എന്നത് സ്വകാര്യ അഹങ്കാരം ആയി ഞാൻ കാണുന്നു. ഉപയോഗിക്കുന്നവരുടെ അടുത്ത് നില്ക്കുന്നത് തന്നെ വിഷമകരവും.

ഇതിൽ നിന്നുള്ള യഥാര്ത അനുഭൂതി എന്ത് എന്ന് വേർതിരിച്ചരിയാത്തത് കൊണ്ട് കൂടി ആവണം !

Joselet Joseph said...

കേരളത്തിലെ പയ്യന്മാര്‍ക്കിടെയില്‍ ഇപ്പോള്‍ വലി കുറവാണ് എന്ന് തോന്നുന്നു. അതിനും കൂടി വെള്ളമടി

Echmukutty said...

ആദ്യവായനയ്ക്കെത്തിയ സുകന്യയ്ക്കും ഭാനുവിനും നന്ദി പറഞ്ഞ് പ്രത്യേകിച്ച് പുകയിലെ കച്ചവടത്തില്‍ അമേരിക്കയുടെ പങ്കിനെപ്പറ്റി എഴുതാതിരുന്നത് ശരിയായില്ല എന്നും എഴുതി ഒരു മറുപറ്റി ഇട്ടിരുന്നു.. അത് എവിടെപ്പോയാവോ?

Echmukutty said...

നോക്കിയേ അപ്പടി അക്ഷരത്തെറ്റ്... മറുപടി എന്ന് തിരുത്തി വായിക്കണം എല്ലാവരും കേട്ടോ.

രാജേഷിന്‍റെ കമന്‍റ് കണ്ടു. സ്നോഡന്‍ ഇപ്പോ എല്ലാവരുടേയും ഹീറൊ ആണ്... ഇനിയും കാത്തിരിക്കാം.. അദ്ദേഹം കൂടുതല്‍ എന്തെങ്കിലും ഒക്കെ വെളിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നുണ്ട്....
പ്രദീപ് മാഷ് പറഞ്ഞ മാതിരി ദുശ്ശീലമുണ്ടാവാനും കാരണം ഉണ്ടാകും... അത് ആരും കേള്‍ക്കാറും അറിയാറും മനസ്സിലാക്കാറും ഇല്ല. ശരിയാ മാഷ് പറഞ്ഞത്.

Echmukutty said...

വി കെ വായിച്ചതില്‍ സന്തോഷം.. പൂച്ചയ്ക്കാരു മണികെട്ടും എന്നതാണല്ലോ ദുശ്ശീലങ്ങള്‍ നിറുത്താനുള്ള നമ്മുടെ പ്രയത്നത്തില്‍ അധികവും പ്രശ്നമായി വരുന്നത്.
മുരളീഭായ് വായിച്ചല്ലോ..
ആഹാ! അജിത്തേട്ടന്‍ ഇത്ര വലിയ ആളായിരുന്നോ? കൊള്ളാം . മിടുക്കന്‍ തന്നെ. അഭിനന്ദനങ്ങള്‍ നല്ല കുട്ടിയായതിനു..

Aneesh chandran said...

ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണു.സ്വയം തീരുമാന മെടുക്കാന്‍ അതാ നല്ലത്.ഉപദേശം കൊണ്ട് ഒരു കാര്യവുമില്ല.എല്ലാവരും അജിത്തെട്ടനെ കണ്ടു പഠിക്കട്ടെ.നിധിയെയും.

കൊച്ചു കൊച്ചീച്ചി said...

മുടിഞ്ഞ ആസ്തമ ഉണ്ടായിരുന്ന കാലത്ത് പുകവലിച്ചിരുന്നവനാണ് ഞാന്‍. പക്ഷേ ഒരിക്കലും അതിന് അടിമപ്പെട്ടതായി തോന്നിയിട്ടില്ല. വീട്ടിലെങ്ങാനും പുകവലിച്ചാല്‍ അമ്മ മടലുകൊണ്ട് മണ്ടയ്ക്കടിക്കുമെന്നതുകൊണ്ട് അക്കാലത്തും വീട്ടില്‍ വെക്കേഷനുവരുമ്പോള്‍ പുകവലി നിര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.

ഇപ്പോള്‍ പതിനഞ്ചു വര്‍ഷമായി വലിയും 'വലിവു'മില്ല. ഇവിടെപ്പിന്നെ എവിടെയൊക്കെ പുകവലിച്ചുകൂടാ എന്നറിയണമെങ്കില്‍ ലോ കോളേജില്‍ ഒരു പാര്‍ട്ട് ടൈം കോഴ്സിനു ചേരേണ്ടി വരും - അത്രയ്ക്ക് നിയമങ്ങളാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ അജിത് ജി, അമൃതം ഗമയ നമ്മളൊക്കെ ഒറ്റ സെറ്റ് അല്ലെ

ഞാൻ 1998 ഡിസംബർ 31 രാത്രി 12 മണീക്ക് നിർത്തി ഒരു സിഗരട് അതിന്റെ അണ്ടംവരെ വലിച്ചു തീർത്തിട്ടുപറഞ്ഞു പോടാ പുല്ലെ ഇനി വലിക്കില്ല എന്ന്.

അന്നു നിർത്തും എന്നു തീരുമാനിച്ചത് 98 ഒക്റ്റൊബറിൽ. ഒക്റ്റോബർ വരെ വലിച്ചിരുന്നു - 40 ഒന്നും അല്ല 60 നു മുകളിൽ

പക്ഷെ ഒക്റ്റോബറിൽ തീരുമാനിച്ചു ഇനി വലിക്കുന്നത് ജീവിച്ചിരികുന്നു എങ്കിൽ ഡിസംബർ 31 ന്. അതോടു കൂടി നിർത്തുകയും ചെയ്യും എന്ന്.

സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 31 രാത്രി 11 55 ന് അവസാന സിഗററ്റിൻ തീ കൊളുത്തി

അത്രെ ഉള്ളു കാര്യ്മ് നിർത്തണമെങ്കിൽ നിർത്താം

ജന്മസുകൃതം said...

indiaheriteg um ajith bhaayi yum okke vendranmaraayirunnu thre....enthayaalum avar nalla kuttikalaakaan theerumanikkukayum theerumaanam nadappil varuthukayum cheythu....kandu padikku pillaare.....ethra special dinangalundaayittum kaaryamilla svayam theerumaanikku.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങളുടെ വീട്ടിൽ അഛനും അമ്മയും ഒക്കെ പുകയില കൂട്ടി മുറുക്കുന്നവർ ആയിരുന്നു 94 വയസു വരെ രണ്ടു പേരും ജീവിച്ചിരുന്നു. ദൈവാധീനം കൊണ്ട് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നും ഇല്ല.

വെറ്റ മുറുക്കുന്നത് ഒരു ശീലം ആയിരുന്ന കാലം

ഞാനും ചെറുപ്പത്തിൽ മുറുക്കിയിരുന്നു.

പക്ഷെ എം ബി ബി എസ് പഠിക്കുന്ന കാലത്ത് ഒരു സ്ത്രീയുടെ നാവിലെ ക്യാൻസർ കണ്ടതിൽ പിന്നെ ആ പരിപാടി നിർത്തി ഭയന്നിട്ടായിരുന്നു കേട്ടൊ.

അപ്പോൾ ഭയന്നാലും ഇതൊക്കെ തന്നെ നിൽക്കും ഹ ഹ ഹ:)

Unknown said...

പുകയിലയുടെ മാസ്മരികതയില്‍ അകപ്പെട്ടവര്‍ ഇത് വായിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു പുനര്‍ചിന്തനത്തിന് വളരെ ഉപകാരപ്രദമാണ് ഈ ലേഖനം ! വെരി ഗുഡ്‌ !

Unknown said...

പുകയിലയുടെ മാസ്മരികതയില്‍ അകപ്പെട്ടവര്‍ ഇത് വായിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു പുനര്‍ചിന്തനത്തിന് വളരെ ഉപകാരപ്രദമാണ് ഈ ലേഖനം ! വെരി ഗുഡ്‌ !

ChethuVasu said...
This comment has been removed by the author.
ChethuVasu said...

Beediyundo Sakhaave oru theeppettiyedukkaan..?