എരിവുള്ള വിശ്വാസിയായിരുന്നില്ല ഞാനൊരിക്കലും. എന്‍റെ ദൈവം എന്നൊരു തോന്നലും എനിക്കുണ്ടായിരുന്നില്ല. എന്നാലും ആ അമ്പലത്തില്‍ ഈ പള്ളിയില്‍ ദാ, ആ ജാറത്തില്‍ പോയി തൊഴുതാല്‍ പുഞ്ചിരി എഴുന്നേറ്റു നില്‍ക്കുമെന്ന് എന്നോട് പറഞ്ഞവര്‍ക്കൊപ്പമെല്ലാം ഞാന്‍ പോയി. പുഞ്ചിരിയേയും കൊണ്ട് പോയി. അപ്പോള്‍ എനിക്ക് യുക്തിയുണ്ടായിരുന്നില്ല. ബുദ്ധിയുണ്ടായിരുന്നില്ല. ചിന്താശേഷിയുണ്ടായിരുന്നില്ല. കാരണം അവള്‍ എഴുന്നേറ്റ് നില്‍ക്കുകയും സ്വന്തം പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവളാകുകയും ചെയ്യുകയെന്നത് എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു... മോഹമായിരുന്നു... ആശയും പ്രതീക്ഷയും ഞാനുണരാന്‍ ഒരിക്കലും കൂട്ടാക്കാതിരുന്ന ഒരു സ്വപ്നവുമായിരുന്നു. എന്നും രാവിലെ ഞാനുണരുന്നത് ആ സ്വപ്നത്തിലേക്കായിരുന്നു... എന്നും രാത്രി ഞാനുറങ്ങുന്നതും ആ സ്വപ്നത്തിലേക്കു തന്നെയായിരുന്നു.
അവള്‍ സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല..
അവള്‍ക്ക് ചെവി കേള്‍ക്കണമെന്ന് ഞാന്‍
ആശിച്ചില്ല.
എന്നാല്‍ .. അവള്‍ നടക്കണമെന്ന് എനിക്കു
മോഹമുണ്ടായിരുന്നു.. അത് മെല്ലെയായാലും ഒരു വടിയുടെ സഹായത്താലായാലും മതി... നടപ്പിന്
സൌന്ദര്യം വേണ്ട... കാലുകള്‍ പെറുക്കി പെറുക്കി വെച്ച്... പതുക്കെ..
രാമേശ്വരത്ത് തൊഴുതാല്‍ പിതൃദോഷം അകലുമെന്ന്
കേട്ടപ്പോള്‍ .. എന്താണ് യഥാര്‍ഥത്തില്‍ പിതൃദോഷമെന്ന് പുഞ്ചിരി എന്നെ
അനുഗ്രഹിച്ച അന്ന് മുതല്‍ ഞാന്‍ ആലോചിക്കുന്ന ഒരു കാര്യമായതുകൊണ്ട്....
കേടു വന്ന ഒരു മധുരഫലം പോലെ, ഉണ്ടാക്കുമ്പോഴേ വിണ്ട്
വിണ്ട് അകന്നു പോവാന്‍ തുടങ്ങുന്ന ഒരു പാവക്കുട്ടിയെപ്പോലെ പുഞ്ചിരിയുണ്ടാവുമ്പോള്‍, അണ്ഡദോഷത്തെപ്പറ്റി ഇംഗ്ഗ്ലീഷ് ഭാഷയില്‍
നിറുത്താതെ സംസാരിക്കുന്നതായിരിക്കുമോ
പിതൃദോഷം... അണ്ഡദോഷമാണോ
ബീജദോഷമാണോ വലുതെന്ന് വാദിച്ചുറപ്പിക്കാന്‍ പ്രയത്നിക്കുന്ന ഒന്നായിരിക്കുമോ പിതൃദോഷം.. എന്നെ അന്വേഷിച്ചു വന്ന് ബുദ്ധിമുട്ടിയ്ക്കരുതെന്ന്
ഒരു വരി എഴുതി തലയിണക്കീഴില്‍
വെയ്ക്കുന്നതായിത്തീരുമോ ഒടുവില്‍ പിതൃദോഷം...
ഒരാളൂടെ
സാന്നിധ്യവും വസ്ത്രങ്ങളും മാത്രമല്ല, അയാളൂടെ ചിരിയും ശബ്ദവും മണവും അങ്ങനെയൊരു മുഴുവന്‍ ലോകവും കൂടി ഒരു വരിയിലെഴുതിയ ആ കുറിപ്പില്‍ പടിയിറങ്ങി ...
സാധിക്കുമെങ്കില്‍ എല്ലാ പിതൃദോഷങ്ങളും
അകലട്ടെ... ഒപ്പം അന്ന് പറഞ്ഞു കേട്ട ആ അണ്ഡദോഷങ്ങളും മാറിപ്പോകട്ടെ... പുഞ്ചിരി
മെല്ലെ മെല്ലെ നടക്കട്ടെ... നീണ്ട് വരുന്ന നഖമുള്ള കൈകളില്‍ നിന്നകന്നു മാറാനെങ്കിലും
പുഞ്ചിരിയ്ക്ക് നടക്കാനാകട്ടെ... അതുകൊണ്ടാണ് എല്ലാ ദോഷങ്ങളും അകലാനാണ് പാമ്പന്‍ പാലത്തെ
പുഞ്ചിരിയാല്‍ മാത്രം അളന്ന് ഞങ്ങള്‍ രാമേശ്വരത്തേക്കു പോയത്.
ഹിന്ദുമത വിശ്വാസികള്‍ക്ക് കാശി പോലെ പുണ്യം
പകരുന്നൊരു സ്ഥലമാണ് പാമ്പന്‍
പാലത്തിനപ്പുറമുള്ള രാമേശ്വരം. തീര്‍ത്തും ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയില്‍
തീര്‍പ്പിച്ച ശിവക്ഷേത്രം. ശൈവ സന്യാസിമാരായ അപ്പര്‍, ചുന്തരര്‍, തിരുജ്ഞാന സംബന്തര്‍ എന്നിവര്‍ രാമേശ്വരത്തെ അസാധാരണമായ
ഭക്തിയോടെ വാഴ്ത്തിയിട്ടുണ്ട്. ഇന്ത്യയിലെ 275 അതി പുകള്‍ പെറ്റ ആരാധനാലയങ്ങളില്‍ ഒന്നായ രാമേശ്വരം ശിവനെ
ജ്യോതിര്‍ലിംഗമായി ആരാധിക്കുന്ന
പന്ത്രണ്ട് അമ്പലങ്ങളില്‍ ഒന്നും കൂടിയാണെന്ന സവിശേഷതയും വഹിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് അമ്പലം
വിപൂലികരിച്ചതെങ്കില്‍ ജാഫ്ന രാജാക്കന്മാരായ ജയവീര സിങ്കാരിയനും ഗുണവീര സിങ്കാരിയനുമാണ് ശ്രീ കോവിലുകള്‍ നവീകരിച്ചത്. അതിനാവശ്യമായ
നിര്‍മ്മാണപദാര്‍ഥങ്ങള്‍ ശ്രീലങ്കയിലെ
ട്രിങ്കോമാലിയില്‍ നിന്ന് കപ്പലുകളില്‍ കൊണ്ടു
വരികയായിരുന്നു.
രാവണ
വധത്തിനുശേഷം യുദ്ധത്തില്‍ ചെയ്തു
പോയിരിക്കാവുന്ന പാപങ്ങളില്‍ നിന്നു മുക്തി നേടാനായി ശിവലിംഗം പ്രതിഷ്ഠിച്ച്
ആരാധിക്കാന്‍ ആഗ്രഹിച്ച ശ്രീരാമന്‍ ഹനുമാനെ ഏറ്റവും വലിയ ശിവലിംഗം കൊണ്ടുവരാന്‍ ഹിമാലയത്തിലേക്കയച്ചുവെന്നും ഹനുമാന്‍ എത്താന്‍
വൈകിയതുകൊണ്ട് സീത ഒരു കൊച്ചു ശിവലിംഗം നിര്‍മ്മിച്ചു നല്‍കിയെന്നുമാണ്
കഥ. സീത നിര്‍മ്മിച്ച ശിവലിംഗം ശ്രീകോവിലിലെ പ്രധാന പ്രതിഷ്ഠയാണെങ്കിലും ഇന്നും
ആദ്യം ആരാധിക്കുന്നത് ഹനുമാന്‍ കൊണ്ടുവന്ന
വിശ്വലിംഗത്തെയാണ്. ഈ ആരാധനാക്രമം ശ്രീരാമന്‍
നിര്‍ദ്ദേശിച്ചതാണത്രെ. ശങ്കരാചാര്യരുടെ ഉപദേശമനുസരിച്ച് മഹാരാഷ്ട്ര ബ്രാഹ്മണരാണ്
രാമേശ്വരം അമ്പലത്തിലെ പൂജാരികള്‍. ഹിമാലയത്തിലെ ബദരീനാഥില്‍ കേരളത്തിലെ
ബ്രാഹ്മണരെയാണല്ലോ ശങ്കരാചാര്യര്‍ റാവലുകളായി തെരഞ്ഞെടുത്തിട്ടുള്ളത്.
രാമേശ്വരത്ത് സമുദ്രസ്നാനവും ( പ്രസിദ്ധമായ
മഹാലക്ഷ്മി തീര്‍ഥം )
അമ്പലത്തിനകത്ത് ഇരുപത്തിരണ്ട്
തീര്‍ഥങ്ങളിലുമുള്ള നീരാട്ടിനും
ശേഷമാണ് രാമനാഥ ദര്‍ശനം.
ഇരുപത്തിരണ്ട് തീര്‍ഥങ്ങള്‍ ശ്രീരാമാന്‍റെ
ആവനാഴിയിലെ ഇരുപത്തിരണ്ട്
അമ്പുകളുടെ പ്രതീകമാണ്. ഈ രാമ ബാണങ്ങളാണത്രെ രാമേശ്വരത്ത് ശുദ്ധജലമുണ്ടാക്കിയത്.
സാവിത്രി, ഗായത്രി, സരസ്വതി എന്നീ മൂന്നു തീര്‍ഥങ്ങള്‍ക്ക് അപ്പുറം സേതുമാധവം, ഗന്ധമാദനം, കവചം, ഗവയം എന്നീ തീര്‍ഥങ്ങള്‍. പിന്നീട്
നള നീല ശംഖ് ശങ്കര തീര്‍ഥങ്ങള്‍, അടുത്തതാണ് ബ്രഹ്മഹത്യ വിമോചന തീര്‍ഥം, പിന്നെ സൂര്യ ചന്ദ്ര ഗംഗാ യമുനാ
ഗയാ ശിവ എന്നീ തീര്‍ഥങ്ങള്‍, സത്യമിത്രയ്ക്കും സര്‍വയ്ക്കും ശേഷം കോടി എന്ന അവസാന തീര്‍ഥവും ആറാടി ഭക്തര്‍
ജ്യോതിര്‍ലിംഗത്തിനു മുന്നില്‍
എത്തിച്ചേരുന്നു.
ഒരു സ്ട്റോളറില്‍ ഇരുന്ന് രാമേശ്വരം ക്ഷേത്രത്തിലെ അതിപ്രശസ്തമായ
ആയിരം കാല്‍ ഇടനാഴി പുഞ്ചിരി നോക്കിക്കണ്ടു. 3850 അടിയാണ് ആ ഇടനാഴിയുടെ ആകെ നീളം. ഇടനാഴിയിലെ
കൊതിപ്പിക്കുന്ന കൊത്തുപണികളുടെ കരിങ്കല്‍ത്തൂണുകള്‍
വിരലുകളാല്‍ തൊടുവിച്ചപ്പോള്‍ പുഞ്ചിരിയുടെ സന്തോഷഭരിതമായ മൂളലുയര്‍ന്നു
തുടങ്ങി. അന്പ് മണ്ഡപത്തിലും ശുക്രവര മണ്ഡപത്തിലും സേതുപതി മണ്ഡപത്തിലും ഞങ്ങള്‍ ഒരു
ലക്ഷ്യവുമില്ലാതെ ചുറ്റിത്തിരിഞ്ഞു.
എന്തുകൊണ്ടോ കല്യാണ മണ്ഡപവും നന്ദി മണ്ഡപവും
പുഞ്ചിരിയെ ആഹ്ലാദിപ്പിച്ചില്ല. അവള്‍ അസ്വസ്ഥയായപ്പോള്‍ ഞാന്‍ നടത്തം നിറുത്തി.
വെള്ളം കൊടുത്തപ്പോള്‍ അവള്‍ക്ക്
വേണ്ടായിരുന്നു. ഭക്ഷണവും അവള്‍ക്ക് ആവശ്യമില്ലായിരുന്നു . അവളുടെ
പ്രഭാതം അസുഖകരമാകുന്നത് ഞാന്‍
കണ്ണീരോടെ കണ്ടു നില്‍ക്കുക മാത്രം ചെയ്തു.
ചെസ്സ് ബോര്‍ഡിനെ അനുസ്മരിപ്പിക്കുന്ന
ചൊക്കാട്ടന്‍ മണ്ഡപത്തിനു മുന്നില്‍ അവ്യക്തമായ ചില ശബ്ദങ്ങളോടെ കണ്ണുകള്‍
മിഴിക്കുന്ന പുഞ്ചിരിയോട് ഭക്തകളായ മറ്റു
സ്ത്രീകള്‍ക്കാകെ നിറഞ്ഞ സഹതാപമായിരുന്നു. ‘ പാവം പിള്ളൈ ‘എന്ന് നാമജപത്തിനിടയിലും എല്ലാവരും ആകുലമായി പിറുപിറുത്തു.
അല്‍പ സമയം കഴിഞ്ഞപ്പോള്‍ തീര്‍ഥങ്ങളില്‍
നീരാടുന്ന ഭക്തരെ കണ്ട് പുഞ്ചിരി മലര്‍ക്കെ വായ് തുറന്നു, കൈ
വീശിക്കാണിക്കാന്‍ പ്രയത്നിച്ചു. ഞാന്‍
ഒഴുകുന്ന കണ്ണുകള്‍ തുടച്ചുതുടച്ച് തീര്‍ഥങ്ങളില്‍
കുളിക്കുന്നതിനൊപ്പം ഒരു മൊന്തയില്‍ എല്ലാ തീര്‍ഥങ്ങളില്‍ നിന്നും വെള്ളമെടുത്ത് കൃത്യമായി തലയില്‍ കുടഞ്ഞുകൊണ്ടിരുന്നത് അവള്‍ക്ക് വളരെ ആഹ്ലാദം
പകരുന്നുണ്ടായിരുന്നു.
അവള്‍ എന്താവും പ്രാര്‍ഥിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ ശിവന്‍
എന്താവും പുഞ്ചിരിയോട് പറഞ്ഞിട്ടുണ്ടാവുക?
ഞാന്‍ ഒന്നു മാത്രം ചോദിച്ചു... എന്‍റെ ഈ ഉറങ്ങാത്ത, കണ്ണീര്‍ തോരാത്ത കാവല്‍ കണ്ണുകള്‍ക്കപ്പുറത്ത് നിന്ന്
പുഞ്ചിരിയുടെ കൊച്ചു മുലക്കണ്ണുകളെ
വെറുക്കനെ വെറുക്കനെ കറുപ്പിച്ചത് ... നീയും കൂടി
അറിഞ്ഞുകൊണ്ടായിരുന്നോ? നീ ആ തീവെള്ള പ്രളയത്തില്‍ ഞങ്ങളെ തനിച്ചാക്കിയതെന്ത്?
സ്വന്തം ഉടുക്കു താളത്തില്‍ ദേവഭാഷയിലെ
അക്ഷരങ്ങളെ ചമച്ച പരമേശ്വരന്‍, ചള്ള വയറും ഒറ്റക്കൊമ്പുമുള്ള ഒരു പിള്ളയുടെ
അച്ഛനായ പരമേശ്വരന്‍ എന്‍റെ
മുന്‍പില്‍ വാക്കില്ലാതെ ചെവി കേള്‍ക്കാത്തവനെ പോലെ നിന്നു .
പര്‍വത വര്‍ദ്ധിനിയും വിശാലാക്ഷിയുമായ അമ്മ
മഹാദേവിയും ആ മൌനം കൊണ്ട് എന്നെ
യാത്രയാക്കി...
ശിവന്‍ മഹാ വൈദ്യനും കൂടിയാണെന്ന് പ്രാര്‍ഥിക്കുവാന്‍ വന്ന തമിഴരായ സ്ത്രീപുരുഷന്മാര്‍ എന്നോട് പറഞ്ഞു. പിള്ളൈ എണീറ്റു നടക്കുമെന്നായിരുന്നു
അവര്‍ പറഞ്ഞു തന്നത്.
ഞാനൊന്നും പറഞ്ഞില്ല.
ശിവന്‍
മഹാ വൈദ്യനാണെന്നനിക്കറിവു കിട്ടിക്കഴിഞ്ഞിരുന്നു , അതുകൊണ്ടാണല്ലോ
ഗൈനക്കോളജിയില്‍ വൈദേശിക ബിരുദങ്ങളും
ഒത്തിരി പ്രവൃത്തി പരിചയവുമുള്ള പ്രഗല്‍ഭനായ ഡോക്ടറെ ഏറ്റവും എളുപ്പത്തില്‍,
കണ്ണടച്ച് തുറക്കുന്ന അത്ര എളുപ്പത്തില്‍ എനിക്കേര്‍പ്പാട് ചെയ്തു കിട്ടിയത്. ഏറ്റവും മികച്ചതായി എനിക്കെത്തിപ്പിടിക്കാനാവുന്നിടത്ത്
.....
കാരണം പുഞ്ചിരിയായിരുന്നുവല്ലോ അവള്‍ മാത്രമായിരുന്നുവല്ലോ തലമുടി നരച്ചു, കഴിഞ്ഞ കവിളിലെ മാംസപേശികള്‍ തളര്‍ന്നു
കഴിഞ്ഞ എന്‍റെ ഒരേയൊരു സമ്പാദ്യം... ഒരേയൊരു ശാന്തി...
ഞങ്ങള്‍ക്ക്
പോകണം.
എനിക്കും എന്‍റെ പുഞ്ചിരിക്കും...
അതിനു മുന്‍പ് പുഞ്ചിരിയ്ക്കും പുഞ്ചിരിയുടെ വയറ്റില്‍
വളരുന്ന എല്ലാ പിതൃദോഷങ്ങള്‍ക്കും
ശാന്തി വേണം . മഹാക്ഷേത്രത്തിലെ മൌനികളായിപ്പോയ
ജഗത് പിതാവിനോടും ജഗത് മാതാവിനോടും യാത്ര
ചോദിച്ച് നാലു മഹാഗോപുരങ്ങള്‍ കടന്ന്
ഞങ്ങള്‍ മെല്ലെ നടന്നു...
കണ്ണീര് ആവിയാവുമ്പോള്‍ ചൂടുല്‍പ്പാദിപ്പിക്കപ്പെടും ...ഫിസിക്സോ അതോ ബയോളജിയോ
അതുമല്ല ജീവിതാനുഭവമോ?
രാമേശ്വരത്തെ ഈ കടല്‍ക്കാറ്റിനു തണുപ്പാണെന്ന്
ആരാണ് പറഞ്ഞത്?
ഞാനല്ല.
ഇനി നിങ്ങളാരെങ്കിലുമാണോ?
( തുടരും )
51 comments:
അയ്യൊ..പെട്ടെന്നങ്ങ് തീർന്ന പോലെ..എവിടേം എത്തീല്ലാ..
ഇങ്ങനെ നിർത്തിപോകുന്നത് കഷ്ടാണു ട്ടൊ :(
പുഞ്ചിരിയേയും നല്ല മനസ്സിനേയും കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു..
കാത്തിരിക്കുക തന്നെ നിവൃത്തി,അല്ലേ.. :(
രാമേശ്വരത്തെ കടൽക്കാറ്റിനു തണുപ്പാന്ന് ഞാനും പറയും ട്ടൊ..!
ആദ്യവായനയ്ക്കെത്തിയ വര്‍ഷിണിക്ക് നന്ദി... പെട്ടെന്ന് തീരുന്നില്ല കേട്ടൊ... ഇനിയുമുണ്ട് വരൂ .... നമുക്ക് ഒന്നിച്ചു പോകാം...
രാമേശ്വരത്തെ കാറ്റിനു തണുപ്പാണെന്ന് കഥ വായിച്ചിട്ടും തോന്നുന്നുവോ വര്‍ഷിണീ?
എത്ര കരകളിലേക്കാണ്
ഈയൊറ്റക്കാറ്റില്‍
ഇങ്ങനെ അപ്പൂപ്പന്‍ താടികളായി...
പെട്ടെന്നു തീരെണ്ട....പുഞ്ചിരി സ്വന്തം കാലിൽ നിൽക്കുവോളം തുടർന്നു കൊള്ളട്ടെ....ഇപ്പോൾ പുഞ്ചിരി മാത്രമല്ല ഞാനും നിഴലു പോലെ കൂദെ ഉണ്ട് കെട്ടൊ....
ഒരിലയുടെ പച്ച വിരിഞ്ഞതില്‍ സന്തോഷം... ആ കരകളിലേക്കെല്ലാം ഒപ്പമുണ്ടാവുമെന്ന് കരുതട്ടെ....
പുഞ്ചിരിയ്ക്കൊപ്പം വരു...ജന്മസുകൃതമാണല്ലോ പുഞ്ചിരിക്ക് അത്യാവശ്യം... അതുകൊണ്ട് വരൂ ജന്മസുകൃതമേ...
കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു @PRAVAAHINY
ഞെട്ടിത്തെറിച്ച് തരിച്ച് നിൽക്കാനെ കഴിയുന്നുള്ളു.. മറ്റൊന്നും എഴുതാൻ തോന്നുന്നില്ല...
ഞാന്‍ ഒന്നു മാത്രം ചോദിച്ചു... എന്‍റെ ഈ ഉറങ്ങാത്ത, കണ്ണീര്‍ തോരാത്ത കാവല്‍ കണ്ണുകള്‍ക്കപ്പുറത്ത് നിന്ന് പുഞ്ചിരിയുടെ കൊച്ചു മുലക്കണ്ണുകളെ വെറുക്കനെ വെറുക്കനെ കറുപ്പിച്ചത് ... നീയും കൂടി അറിഞ്ഞുകൊണ്ടായിരുന്നോ? നീ ആ തീവെള്ള പ്രളയത്തില്‍ ഞങ്ങളെ തനിച്ചാക്കിയതെന്ത്? ...നിഴലായി ഞാനും പിന്നാലെ അനുഗമിക്കുന്നൂ.........
പ്രവാഹിനിയെ കണ്ടതില്‍ ആഹ്ലാദം...
വി കെ മാഷിന്‍റെ കമന്‍റ് വരും വരെ കഥ പരാജയമാകുന്നുവോ എന്ന ഭയം ഉണ്ടായിരുന്നു... ഇപ്പോള്‍ ആ ഭയം നീങ്ങി.. കഥയിലേക്ക് മാഷെത്തിയതു കണ്ടപ്പോള്‍ ആഹ്ലാദമുണ്ട്...
ചന്തുവേട്ടന്‍ വായിച്ചതിലും അഭിപ്രായമെഴുതിയതിലും സന്തോഷം...
ചരിത്രവും വർത്തമാനവും ഒരുപോലെ കോർത്തിണക്കിയുള്ള ഈ രചനാ ശൈലിക്കു നമസ്കാരം
അടുത്ത ഇൻസ്റ്റാല്മെന്റിനായി കാത്തിരിക്കുന്നു പോരട്ടെ വേഗം, ആശംസകൾ. എന്റെ ബ്ലോഗിൽ
കമന്റു എഴുതാൻ പറ്റുന്നില്ല എന്ന് ഇരിപ്പിടത്തിൽ എഴുതിക്കണ്ടു, എന്താണ് പറ്റിയത്? പിന്നെ ശ്രമിച്ചോ അതോ?
ആശംസകൾ
വലിയൊരു പുഞ്ചിരി!!!
ഇതിപ്പോ എന്താ പറയുക..
കഥയും കാര്യങ്ങളും ഒന്നിച്ചു പറഞ്ഞ രീതി ഇഷ്ടമായി..
ഒരു ബാധ്യതയല്ലെന്നൊന്നുമല്ല പറയുന്നത്, പുഞ്ചിരി എന്നെ അനുഗ്രഹിച്ച ...എന്നാണ്. ഗ്രേറ്റ്! രാമേശ്വരത്തിന്റെ ചരിത്രം കൌതുകപൂർവ്വം വായിക്കുകയായിരുന്നു ഞാൻ, കടൽക്കാറ്റ് നേരീയ തണുപ്പ് കഥയിലൂടെ കൊണ്ടു വരുന്നുണ്ടായിരുന്നു.ഇരുപത്തിരണ്ട് തീർത്ഥങ്ങളിലെ ജലം എന്റെ നെറുകയിൽ ഇറ്റു വീഴുന്നുണ്ടായിരുന്നു. പൊടുന്നനവെ എച്ചുമുക്കുട്ടിയുടെ കഥ വല്ലാതെ അനക്കം വെച്ചു.പുഞ്ചിരിയുടെ കൊച്ചു മുലക്കണ്ണുകളെ വെറുക്കനെ വെറുക്കനെ കറുപ്പിച്ചത് ... . കഥ മനസ്സിൽ തീക്കനൽ കോരിയിടുന്നു.
vaayichu.. theeyum kondaanalle varavu.. theerthathiloode
ithu kadha ano ?
Yathravivaranam alle...
Good info !!
Njan 2 month munpu poyirunnu evideyokke bt ippozha karyangal
ariyunnathu. Thanks ...
Oru echoos touch vannilla chechy ..
എച്ച്മൂ അതിമനോഹരം. എച്ച്മു എഴുതാനിരിക്കുമ്പോൾ വാക്കുകൾ വരിവരിയായി മുനിൽ നിന്ന് എച്ച്മു തന്നെ തെരഞ്ഞെടുക്കണം എന്ന് കലമ്പൽ കൂട്ടുന്നുണ്ടാവും എന്നുതോന്നും.
അത്രയ്ക് ഹൃദ്യമായ വായനാനുഭവം ...........സസ്നേഹം
ഏരിയല്‍ ചേട്ടന്‍ അഭിനന്ദിച്ചത് സന്തോഷമായി.. ചേട്ടന്‍റെ ബ്ലോഗ് എന്നോട് വഴക്കില്‍ തന്നെയാ... ഇവിടെ ഒന്നും എഴുതേണ്ട എന്ന് പറഞ്ഞു...
അതെ അജിത്തേട്ടാ... വലിയൊരു പുഞ്ചിരി തന്നെ...
ശ്രീജിത്തിനു ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു.
കഥയെ, യാത്രയെ സൂക്ഷ്മമായി വായിച്ചതിനു ഒത്തിരി നന്ദി ശ്രീനാഥന്‍ മാഷെ. മാഷ് എന്തു പറയുമെന്ന് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു...
തീ പരിചിതമായില്ലേ മുകില്‍... തീര്‍ഥങ്ങളില്‍... അനുഗ്രഹങ്ങളില്‍... മോഹങ്ങളില്‍ ...
ഇതു ഒരു കഥയും ഒരു യാത്രയുമാണ് പൈമ. എച്മു സ്പര്‍ശം വന്നില്ലെന്നാണോ... ശ്രമിക്കാം പൈമ...
ഒരു യാത്രികന്‍റെ മനോഹരമായ വാക്കുകള്‍ക്കു ഒത്തിരി നന്ദി.... എനിക്ക് വലിയ സന്തോഷമായി കേട്ടോ ...
ee varikalkku choodaanu purathu thimirthu peyyunna mazhaykkum...
വായിച്ചു..ആസ്വദിച്ചു..
രാമേശ്വരം....എത്താന്‍ കൊതിക്കുന്നു.
വായിച്ചു
പല യാത്രകൾക്കിടയിൽ ഒരു യാത്രയ്ക്കായി കരുതി വച്ചിരിക്കുന്ന ഇടമാണ് രാമേശ്വരം.. എന്നെങ്കിലും അവിടെയെത്തണമെന്ന ആഗ്രഹം മനസ്സിൽ കുടിയിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
പക്ഷേ, രാമേശ്വരത്തെ അടുത്തറിഞ്ഞ് പുഞ്ചിരിയ്ക്കൊപ്പമുള്ള ഈ യാത്ര വേറിട്ട അനുഭവമായി..
പുഞ്ചിരിയുടെ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ.. അകമേ ചുടുമ്പോളും രാമേശ്വരത്തെ കാറ്റും കുളിര് പകരട്ടെ..
എച്മൂ,
ആ തലക്കെട്ടിന്റെ ഭംഗി ഒന്ന് വേറെ തന്നെ. ഇത് പുഞ്ചിരിയുടെ തുടര്‍ക്കഥ തന്നെയോന്നു സംശയിച്ചാണ് വായിച്ചു തുടങ്ങിയത്.
രാമേശ്വരത്ത് ഒരിക്കലും പോയിട്ടില്ല, എന്നെങ്കിലും ഒന്ന് പോവണമെന്ന് ഇപ്പോള്‍ ആഗ്രഹം തോന്നുന്നു. ഇരുപത്തിരണ്ടു തീര്‍ഥങ്ങളും ആടി വരണമെന്ന് തോന്നുന്നു.
പിതൃദോഷത്തിന് ഇങ്ങനെയും നിര്‍വ്വചനങ്ങള്‍ ഉണ്ടല്ലേ. തലയണക്കീഴിലെ ഒറ്റവരി കുറിപ്പില്‍ പുഞ്ചിരിയുടെ പിതൃദോഷം പറഞ്ഞു വച്ചുവല്ലോ. ഒരു ഗംഗക്കും കഴുകിക്കളയാന്‍ പറ്റാത്ത ദോഷം. രാമേശ്വരത്തെ ചുടുകാറ്റ് പോലെ പൊള്ളിച്ചു അവസാനഭാഗം.
ബാക്കി എഴുതൂ, കാത്തിരിക്കുന്നു.
രാമേശ്വരത്തെ കാറ്റിന് തണുപ്പ് തന്നെയാണല്ലേ?
മരണത്തിന്റെ തണുപ്പ്...
നിവര്‍ന്നിരിക്കാനോ ഒന്നുമറിയാനോ കഴിയാത്ത കുഞ്ഞിനേയും വെറുതെ വിട്ടില്ലല്ലോ...
മനുഷ്യന്‍റെ നാസികാദ്വാരങ്ങള്‍ക്ക് അല്പംകൂടി വലിപ്പം ഉണ്ടായിരുന്നെങ്കില്‍... ചിലപ്പോള്‍...
മനസ്സ് പറയുന്നതാണ് , തണുപ്പും ചൂടും ..
ചെന്ന് നില്‍ക്കുന്ന ദേശമല്ല , മനസ്സ് തന്നെ പ്രധാനം ..
കുളിര്‍ വീണ ഇടവഴികളില്‍ , വിക്ടറിനേ ഓര്‍ക്കുമ്പൊള്‍
എത്ര മഴയത്തും ഒരു കനലെരിയും മനസ്സില്‍ " അതു പൊലെ "..
പുഞ്ചിരിയുടെ നിറഞ്ഞ കാലത്തിന്‍ നെറുകിലേക്ക്
ഒരു കൂവളപൂവിന്റെ നേദിച്ച അംശം വീഴ്ത്തി കൊടുത്തിണ്ടാകും
മഹേശന്‍ .. നമ്മുക്ക് നമ്മളിലേക്ക് കാലം ചിലത് തിരിച്ച് വയ്ക്കുമ്പൊഴാണല്ലൊ
നാം എല്ലാം വഴികളിലേക്കും പൊയി മുട്ടുക , വെറുതെയെങ്കിലും
അതൊരു പ്രതീക്ഷയുടെ കണമാണ് , വിട്ട് കളയാന്‍ തൊന്നാത്ത ഒന്ന് ...
" പുറത്ത് നല്ല മഴയാണ് " പുഞ്ചിരി നിറച്ച മഴ ..
സ്നേഹം എച്ച്മു ചേച്ചീ
വായിച്ചു.
ഉള്ളില്‍ തട്ടുന്ന വരികള്‍...
ആശംസകള്‍
നന്നായിരിക്കുന്നു. പുഞ്ചിരി നടക്കുമല്ലൊ.
എന്താ പറയ്യ...... ഇവിടെ ഇനിയെങ്ങിനെ ഇതിലും ചൂട് കൂടുമെന്ന് തോന്നിയിരുന്നു... ഇപ്പോള്‍ ചൂടു ചൂടു ചൂടുതന്നെ... കുറയുമായിരിക്കുമല്ലേ..കുറയണം ........കാത്തിരിക്കുന്നു.
രാമേശ്വരത്തെ മുഴുവനായി അറിഞ്ഞു.. വല്ലാത്ത അസ്വസ്ഥതയോടെ ...
തന്നിലേക്ക് നീളുന്ന കൂര്‍ത്ത നഖങ്ങളില്‍ നിന്നും രക്ഷ നെടാനെങ്കിലും പുഞ്ചിരിക്കു നടക്കാന്‍ കഴിയട്ടെ എന്ന് എന്റെ മനസ്സും പ്രാര്‍ഥിച്ചു പോയി.
രാമേശ്വരത്തെ കാറ്റിനു മനസ്സിന്‍ നീറ്റല്‍ തണുപ്പിക്കാന്‍ കഴിയട്ടെ..... നല്ല എഴുത്തിന് ആശംസകള്‍
എച്ചുമുവിന്റെ എഴുത്തിനു കാവ്യാത്മകമായ ഭംഗി ലഭിച്ചിരിക്കുന്നു. എം ടി യുടെ മഞ്ഞ് വായിക്കുംപോലെ .
ദ് മാന്‍ ടു വാക് വിത് കഥയിലെ ചൂടും മഴയുടെ ചൂടുമെന്നെഴുതിയ അഭിപ്രായത്തിനു ഒത്തിരി നന്ദി.
മുഹമ്മദിനും അനീഷിനും അഭിയ്ക്കും വായനയില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നു.
അതെ, ജിമ്മി.പുഞ്ചിരിക്കാന്‍ മാത്രമേ കഴിയൂ...
ശ്രീനന്ദ വായിച്ചതില്‍ ഒത്തിരി സന്തോഷം. ഇനിയും വായിക്കുമല്ലോ. ഈ ചൂടുകാറ്റിനെക്കുറിച്ച്...
സോണീ കഥയെ തൊട്ടതിനു .. നന്ദി.
റിനിയെ കാണാറില്ല ഈയിടെയായി... വന്നതില്‍ വലിയ സന്തോഷം...
ഇതിനു തുടര്‍ച്ചയുണ്ടല്ലേ.കാത്തിരിക്കുന്നു. കഥ ഇടക്കൊന്നു വിവരണത്തിലേക്ക് നീങ്ങിപ്പോയോ...വിവരണത്തില്‍ അറിയാതിരുന്ന കുറച്ചു കാര്യങ്ങള്‍ അറിഞ്ഞു എങ്കിലും കഥയില്‍ അതൊരു ചേര്‍ച്ചക്കുറവ് പോലെ തോന്നി
ഈറനുടുത്ത് സര്‍വ്വ തീര്‍ത്ഥങ്ങളിലെ ജലവും
ശിരസ്സില്‍ പതിച്ചത് ഞാന്‍ ഓര്‍മ്മയി വന്നു. പുഞ്ചിരി ഒരു നൊമ്പരമാവുന്നു. അടുത്ത ഭാഗത്തിന്ന് കാത്തിരിക്കുന്നു. ( ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഞാന്‍
എച്മുക്കുട്ടിയുടെ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി )
തങ്കപ്പന്‍ ചേട്ടനും കുസുമത്തിനും ഒത്തിരി നന്ദി.
ചൂട് കുറയണമെന്ന് തന്നെയാണ് ആഗ്രഹം... പ്രയാണ്‍.. പക്ഷെ, ഈ ജീവിതമുണ്ടല്ലോ അതിങ്ങനെയൊക്കെയാണ്... അതുകൊണ്ട്..
വേണു മാഷിപ്പോ വരാറേയില്ല... കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
ഭാനു എഴുതിയത് വായിച്ച് വളരെ ഏറെ ആഹ്ലാദം തോന്നി.
അതേയോ റോസാപ്പൂവേ... കഥ പാളിപ്പോയോ? ഈ കഥയുടെ ആദ്യഭാഗവും റോസാപ്പൂവ് വായിച്ചിട്ടില്ല കേട്ടോ.. ഞാന്‍ ലിങ്ക് അയച്ചിട്ടുണ്ട്.. സൌകര്യം കിട്ടുമ്പോള്‍ വായിക്കുമല്ലോ.
സന്തോഷം ഉണ്ണിച്ചേട്ടാ...അങ്ങനെ ഒരവസരത്തില്‍ ഓര്‍മ്മിച്ചതിനു... കഥയുടെ ബാക്കി ഭാഗവും വായിക്കുമല്ലോ..
രാമേശ്വരത്തെ കടല്‍ക്കാറ്റു കൊള്ളാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല. മുടി നരച്ചു, കഴിഞ്ഞ കവിളിലെ മാംസപേശികള്‍ തളര്‍ന്നു കഴിഞ്ഞ ഒരാളുടെ ഉള്ളിലെ ചുടു കാറ്റ് ഹൃദയത്തെ പൊള്ളിച്ചു. തുടരട്ടെ. ആശംസകൾ ചേച്ചീ !
സ്നേഹത്തോടെ,
ഗിരീഷ്
ഇതൊരു കഥയാണോ, യാത്രയാണോ, ആത്മനൊമ്പരങ്ങളുടെ ബഹിര്‍സ്ഫുരണമാണോ.... മനസ്സിനെ ആര്‍ദ്രമാക്കുന്നു എച്ചുമുവിന്റെ വരികള്‍. രാമേശ്വരത്തും, ധനുഷ്കോടിയിലും ഞാനും അലഞ്ഞിട്ടുണ്ട്. അപ്പരും,തിരുജ്ഞാന സംബന്തരും ഭകിതുയോടെ വാഴ്ത്തിയ ആ ലോകം കുറേയൊക്കെ അറിയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആ മണ്ണില്‍നിന്നുപോലും എനിക്കു കിട്ടാതിരുന്ന ചില സ്പന്ദനങ്ങള്‍ എച്ചുമുവിന്റെ കുറിപ്പില്‍ നിന്നു ലഭിക്കുന്നതായി തോന്നി.
പുഞ്ചിരിയ്ക്കും പുഞ്ചിരിയുടെ വയറ്റില്‍ വളരുന്ന എല്ലാ പിതൃദോഷങ്ങള്‍ക്കും ആ മഹാ ഭിഷഗ്വരന്‍ രോഗശാന്തിയേകട്ടെ......
ഈ എഴുത്തിനെ വിലയിരുത്താന്‍ ഞാനാളല്ല.പക്ഷെ രാമേശ്വരത്തെ കാറ്റ് എന്നെ പൊള്ളിക്കുന്നു.എന്റെ കണ്ണുകള്‍ എരിയുന്നു....കണ്ണീരാല്‍..,..
ഗിരീഷിനേയും ഇപ്പോള്‍ കാണാറില്ല... അതുകൊണ്ട് വായിച്ചതില്‍ വലിയ സന്തോഷം...
മതി പ്രദീപ് മാഷ്ടെ ഈ അഭിപ്രായം മതി... എന്‍റേതു മാതിരി ഒരു ചെറിയ ജീവിതത്തില്‍ ഇത്രയുമൊക്കെ മതി... വളരെ സന്തോഷം..
രൂപേഷ് വായിച്ചതില്‍ ആഹ്ലാദമുണ്ട്... ഈ കഥയുടെ ആദ്യഭാഗം വായിച്ചില്ലെന്ന് തോന്നുന്നു... ലിങ്ക് അയക്കാം.. സാധിക്കുമ്പോള്‍ വായിക്കു..
നല്ല തുടക്കം. കഥയെ പറ്റി ബാക്കി കൂടി കേട്ടിട്ട് പറയാം.
ക്ഷേത്ര വഴികളിലൂടെ, ഇടനാഴികകളിലൂടെ നടന്നു പുതിയ അറിവുകൾ പകർന്നു തരുമ്പോഴും കഥ പുഞ്ചിരിയെ ചേർത്തു പിടിച്ചു മുന്നോട്ടു പോകുന്നു. ഒട്ടും മുഷിപ്പിക്കാത്ത ആഖ്യാനം.
സത്യായിട്ടും ഞാനല്ലാ ട്ടോ ..:) തുടരട്ടെ രാമേശ്വരത്തെ തണുപ്പിനെ പ്രണയിച്ച ഈ അക്ഷരങ്ങൾ
ആത്മനൊമ്പരങ്ങളുടെ ആവരണങ്ങളാൽ ഭാണ്ഡം മുറുക്കിയുള്ള ഈ തീർത്ഥയാത്രയിലൂടെ പുഞ്ചിരിയുടെ ചിരി കാണാൻ കഴിയുമോ..?
പുഞ്ചിരിക്കു വേഗം സുഖമാവട്ടെ
vedanippikkaan oru punchiri....
Post a Comment