Saturday, August 24, 2013

അമൂല്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ....https://www.facebook.com/echmu.kutty/posts/188001354712500

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ആഗസ്റ്റ്  16    ന് പ്രസിദ്ധീകരിച്ചത്.)

ഇന്നലെയായിരുന്നു ആ ദിവസം നമ്മുടെ സ്വാതന്ത്ര്യ ദിനം. രക്തം ചിന്താതെ നേടിയ  സ്വാതന്ത്ര്യമെന്ന് ആലങ്കാരികമായി  പറയാമെങ്കിലും അതങ്ങനെ അത്ര എളുപ്പത്തില്‍  സംഭവിച്ചതൊന്നുമല്ലെന്ന്  എല്ലാവര്‍ക്കുമറിയാം. അനവധി മനുഷ്യര്‍ വളരെ  ഏറെ  വര്‍ഷങ്ങള്‍  തളരാതെ   സമരം ചെയ്തു  തന്നെയാണ് സ്വാതന്ത്ര്യ ദിനം  ആഘോഷിക്കാവുന്ന  പരിതസ്ഥിതിയില്‍ നമ്മള്‍ ഇന്ത്യാക്കാര്‍ എത്തിച്ചേര്‍ന്നത്.  അന്നുണ്ടായ  വെട്ടിമുറിക്കലുകളുടെ  വേദനാപൂര്‍ണമായ ഓര്‍മ്മകളും  ആ മുറിവുകളിലിന്നും പൊടിയുന്ന  രക്തവും   ഇന്നും  നമ്മുടെ രാജ്യത്തെ   ആഴത്തില്‍  അസ്വസ്ഥമാക്കുന്നുണ്ട് .  ഇന്നത്തെക്കാലത്തെന്ന പോലെ അന്നും ജനങ്ങളുടെ  സമരങ്ങളെ   എല്ലാ  തരത്തിലും എതിര്‍ക്കുകയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെ സര്‍വ വിധത്തിലും  പിന്തുണയ്ക്കുകയും ചെയ്ത അനവധിപ്പേരുണ്ടായിരുന്നു. ഫ്രീഡം സ്ട്രഗ്ള്‍ എന്ന സ്വാതന്ത്ര്യ സമരത്തെ  തികഞ്ഞ പുച്ഛത്തോടെയും അവജ്ഞയോടെയും മാത്രം നോക്കിക്കണ്ടവര്‍. എല്ലാവരും   ഒരുമിച്ച് നിന്ന്  അപ്പോഴും പൊരുതിയിരുന്നില്ല  എന്നര്‍ഥം . 

1947 ആഗസ്റ്റ് 15 ന് നമുക്ക്  ഇന്‍ഡിപെന്‍ഡന്‍സ്  ലഭ്യമായി എന്നാണല്ലോ. ഇവിടെ ഈ ഇംഗ്ലീഷ് പദം തന്നെ ഉപയോഗിച്ചത്  ആ പദത്തിന്‍റെ   ശരിയായ  അര്‍ഥത്തില്‍ നമ്മള്‍ പരാശ്രയമില്ലാത്ത ജനതയായി  മാറിയോ എന്നത്  ആലോചിക്കേണ്ട കാര്യമായി തോന്നിയത്  കൊണ്ടാണ്. മാനസികമായ സ്വാശ്രയത്വം  നമുക്ക്  ഇനിയും കൈവന്നിട്ടുണ്ടോ?  കൊളോണിയല്‍ അടിമത്തം ഇപ്പോഴും  നമ്മുടെ  സിരകളില്‍ വെളുത്ത നിറത്തിനോടുള്ള ആസക്തിയായും പല  നിയമങ്ങളെയും   പൊളിച്ച്  എഴുതാനുള്ള മടിയായും സായിപ്പിനെ കാണുമ്പോള്‍  കവാത്തു  മറക്കുന്ന ശീലമായും നിറഞ്ഞു നില്‍ക്കുന്നു. അതുകൊണ്ട്  ആരെല്ലാമോ ചോരയും വിയര്‍പ്പും ചിന്തി സമ്പാദിച്ച, നാം  തെരഞ്ഞെടുക്കുന്ന  നമ്മൂടെ നാട്ടുകാര്‍ നമ്മെ ഭരിക്കുന്ന,    സ്വാശ്രയത്വത്തിനു  പ്രത്യേകിച്ചൊരു   വിലയും കൊടുക്കാതെ നമ്മള്‍ നഷ്ടപ്പെടുത്തിക്കളയുന്നു. 

ജനങ്ങളുടെ  എല്ലാ പ്രശ്നങ്ങളില്‍  നിന്നും ഒഴിഞ്ഞു  മാറുന്ന ഗവണ്‍മെന്‍റുകളാണ്  അറുപത്തിയാറു വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിപ്പുറം നമ്മെ അഭിമുഖീകരിക്കുന്നത്. നമ്മുടെ കാര്‍ഷിക വ്യവസ്ഥയെ    മൊണ്‍സാന്‍റൊ  മാതിരിയുള്ള  വിദേശക്കമ്പനികള്‍ തീരുമാനിക്കുന്നു. നമുക്ക്  വെള്ളം  എങ്ങനെ ലഭ്യമാക്കണമെന്ന് അതിന് എത്ര  പണം  ഈടാക്കണമെന്ന് വേള്‍ഡ് ബാങ്ക്  പറയുന്നു.  കുഴിച്ചുമൂടപ്പെടേണ്ട  അല്ലെങ്കില്‍ ശാസ്ത്രീയമായി ഇല്ലാതാക്കപ്പെടേണ്ട  വിദേശമാലിന്യങ്ങള്‍  പോലും  നമുക്കൊരു ജീവിതമാര്‍ഗം തരികയാണെന്ന വ്യാജേനെ  കപ്പല്‍ കയറി  ഇവിടത്തെ  തുറമുഖങ്ങളിലെത്തുന്നു.  നമ്മുടെ  വൈദ്യുതി എങ്ങനെ  ന്യൂക്ലിയര്‍  റിയാക്ടറുകളെ ആശ്രയിക്കണമെന്ന് , നമ്മള്‍  ഫോണില്‍   സംസാരിക്കുമ്പോള്‍ ഏതു  വിദേശക്കമ്പനിയ്ക്ക്  ലാഭം കിട്ടണമെന്ന് , നമ്മുടെ  വീടുകളില്‍  എന്തു   മാതിരി സാധനങ്ങളാണുണ്ടാകേണ്ടതെന്ന് , നമ്മള്‍ കുടിക്കേണ്ട പാനീയമെന്തെന്ന് ,  കഴിക്കേണ്ട  ചിക്കനെന്തെന്ന്, നമുക്ക് ഏതു  തരം  പരുത്തി വേണമെന്ന്    ഒക്കെ തീരുമാനിക്കാന്‍  നമ്മൂടെ ഗവണ്‍മെന്‍റുകള്‍ മുട്ടുകാലില്‍ നിന്ന് വിദേശത്തെ യജമാനന്മാരോട് ആവശ്യപ്പെടുന്നു. അവര്‍  പ്രഖ്യാപിക്കുന്നത്   ഏറ്റവും  ശുഷ്ക്കാന്തിയോടെ  നടപ്പിലാക്കുക എന്നതു മാത്രമാണ് ഇപ്പോള്‍  ഭരണരീതി. നമ്മുടെ ഏറ്റവും നല്ല  ഉല്‍പന്നങ്ങള്‍ സായിപ്പിന് നല്‍കി  വിദേശപണം സമ്പാദിച്ചാലേ രക്ഷയുള്ളൂ  എന്ന മനസ്ഥിതിയാണ്  ഭൂരിഭാഗം  ഇന്ത്യാക്കാരേയും ഭരിക്കുന്നത്. 1947നു  മുമ്പ്  നമ്മുടെ സമ്പത്തു മുഴുവന്‍  വിദേശത്തേയ്ക്ക് നേരെചൊവ്വെ  ഒഴുകിയിരുന്നെങ്കില്‍ ഇന്നത് ചില  സമര്‍ഥമായ കണ്ണുമൂടിക്കെട്ടലുകളിലൂടെ  തന്ത്രപരമായ വാചകമടികളിലൂടെ പുതിയ ഒരൂട്ടം  അപൂര്‍വന്യായങ്ങളിലൂടെ വിദേശത്തേക്ക് യാത്രയാകുന്നു..

ഫ്രീഡം എന്ന  പദത്തിനു സ്വാതന്ത്ര്യം എന്നാണ് മലയാളത്തില്‍ നമുക്ക്  പറയാവുന്ന അര്‍ഥം. നമ്മള്‍ ജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഏതുവരെയാണെന്ന് വല്ലപ്പോഴുമെങ്കിലും ആലോചിച്ചു നോക്കാവുന്നതാണ്.  ഏകാധിപത്യത്തിലോ സൈനിക ഭരണത്തിലോ മത രാജ ഭരണങ്ങളിലോ ഉള്ളതിലുമധികം സ്വാതന്ത്ര്യം അവകാശപ്പെടാമെങ്കിലും   ഒരു സമ്പൂര്‍ണ ജനാധിപത്യ രാജ്യത്തിന്  പ്രതീക്ഷിക്കാവുന്ന  സ്വാതന്ത്ര്യം നമുക്കുണ്ടോ? സൈന്യമായാലും  പോലീസായാലും നീതിന്യായ വ്യവസ്ഥയായാലും നമ്മുടെ   ഭരണാധികാരികളായാലും മതനേതാക്കന്മാരായാലും   വിമതശബ്ദം കേട്ടാലുടനെ  വിറളിയെടുക്കുന്ന അസഹിഷ്ണുക്കളായിത്തീരുന്നു.  കുഞ്ഞു വിമര്‍ശനമോ  ചെറിയ എതിര്‍പ്പോ ചില്ലറ പ്രതിഷേധം പോലുമോ  അധികാരം ഇഷ്ടപ്പെടുന്നില്ല,  എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്ന്  ആലോചിക്കാനുള്ള രാഷ്ട്രീയമായ പക്വതയോ  സാമൂഹികമായ സദാചാരമോ  അടിയുറച്ച  ജനാധിപത്യ ബോധമോ പ്രകടിപ്പിക്കുന്നതിനു പകരം തങ്ങളെ  അധികാരികളാക്കി മാറ്റിയ ജനത്തിന്‍റെ  വായ് മൂടിക്കെട്ടാന്‍ , കൈകാലുകള്‍ അടിച്ചൊടിക്കാന്‍,  പൊതുജനമേ  നീ ഒരു വെറും  കഴുത മാത്രമാണെന്ന് പ്രഖ്യാപിക്കാന്‍  എന്താണ് മാര്‍ഗമെന്ന്    മാത്രം അന്വേഷിക്കുന്ന തരം  നിലവാരത്തകര്‍ച്ചയിലേക്ക് എല്ലാത്തരം  അധികാരസ്ഥാപനങ്ങളും കൂപ്പുകുത്തുന്നു.

ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തിന്‍റെ നട്ടെല്ലൊടിച്ച്  ഭരിക്കുക എന്നതൊരു  വിദേശ ഭരണ തന്ത്രമാണ്.   ജനങ്ങള്‍ തമ്മില്‍ ജാതിയുടെയും മതത്തിന്‍റേയും  ഭാഷയുടേയും നിറത്തിന്‍റേയും അങ്ങനെ അനവധി കാക്കത്തൊള്ളായിരം കാര്യങ്ങളില്‍  പൊരുത്തപ്പെടാതിരിക്കുകയെന്നത്  ഭരണാധികാരം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന ഭരണസൌകര്യത്തിന്‍റെ  ലക്ഷ്യവുമാണ്. നിര്‍ഭാഗ്യവശാല്‍  നമ്മള്‍ തെരഞ്ഞെടുക്കുന്ന നമ്മുടെ  ഭരണാധികാരികളും ഈ തന്ത്രവും ലക്ഷ്യവും  മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നിച്ചു നില്‍ക്കുന്ന ജനക്കൂട്ടത്തിന്‍റെ പ്രതിഷേധത്തെ നേരിടുന്നതിലും എത്രയോ എളുപ്പമാണ് പല കഷണങ്ങളായി പൊട്ടിത്തിരിഞ്ഞു നില്‍ക്കുന്നവരുടെ എതിര്‍പ്പിനെ നേരിടുന്നത്... അതുകൊണ്ട് അറുപത്താറു വര്‍ഷത്തെ  ഇന്‍ഡിപെന്‍ഡന്‍സിനും അല്ലെങ്കില്‍ സ്വാശ്രയത്തിനും ഫ്രീഡത്തിനും അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനും  പോലും നമ്മള്‍ ഇന്ത്യാക്കാര്‍ എന്ന ഏകതാബോധവും  അഭിമാനവും  നമ്മില്‍ ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനായി ആരും  ആത്മാര്‍ഥമായി ശ്രമിക്കുന്നുമില്ല.... 

എല്ലാ  കുറവുകള്‍ക്കിടയിലും  നമ്മള്‍  ഒരു  സ്വതന്ത്ര രാജ്യമാണ്.  അനവധി മനുഷ്യര്‍ അവരുടെ ജീവിതവും  ചോരയും  ചിന്തി നേടിത്തന്ന  സ്വതന്ത്ര രാജ്യമെന്ന ഉന്നതമായ  പദവിയെ ആദരവോടെയും ബഹുമാനത്തോടെയും നിലനിറുത്തുവാന്‍  നമ്മള്‍ എല്ലാവര്‍ക്കും ചുമതലയുണ്ട്.

14 comments:

പട്ടേപ്പാടം റാംജി said...

എല്ലാ കുറവുകള്‍ക്കിടയിലും നമ്മള്‍ ഒരു സ്വതന്ത്ര രാജ്യമാണ്. അനവധി മനുഷ്യര്‍ അവരുടെ ജീവിതവും ചോരയും ചിന്തി നേടിത്തന്ന സ്വതന്ത്ര രാജ്യമെന്ന ഉന്നതമായ പദവിയെ ആദരവോടെയും ബഹുമാനത്തോടെയും നിലനിറുത്തുവാന്‍ നമ്മള്‍ എല്ലാവര്‍ക്കും ചുമതലയുണ്ട്.

മാധ്യമത്തില്‍ വായിച്ചിരുന്നു. വെള്ളിയാഴ്ച അല്ല, ശനിയാഴ്ച.

വീകെ said...

സ്വാതന്ത്ര്യദിനാശംസകൾ.....

Echmukutty said...

ആദ്യവായനയ്ക്കെത്തിയ രാംജിക്കും വി കെ മാഷിനും ഒത്തിരി നന്ദി..

വിനുവേട്ടന്‍ said...

വളരെ കൃത്യമായ നിരീക്ഷണം... വസ്തുനിഷ്ടമായി എഴുതിയിരിക്കുന്നു എച്ച്മു...

ajith said...

ഇന്നത്തെക്കാലത്തെന്ന പോലെ അന്നും ജനങ്ങളുടെ സമരങ്ങളെ എല്ലാ തരത്തിലും എതിര്‍ക്കുകയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെ സര്‍വ വിധത്തിലും പിന്തുണയ്ക്കുകയും ചെയ്ത അനവധിപ്പേരുണ്ടായിരുന്നു

ഇംഗ്ലിഷ് വാഴ്ച്ചയുടെ ഒരു സമയത്തും മൂവായിരത്തിലധികം വെള്ളക്കാര്‍ ഇന്‍ഡ്യയിലുണ്ടായിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. അതിനര്‍ത്ഥം കോടിക്കണക്കായ ജനങ്ങളെ അടക്കിവാഴാന്‍ സര്‍വവിധ ഒത്താശയും ചെയ്തുകൊടുത്തത് നാം ഭാരതീയരില്‍ ഒരു ഭാഗം എന്നല്ലേ? ഇന്നും അങ്ങനെ തന്നെ സംഭവിക്കുന്നു. അന്ന് പ്രത്യക്ഷത്തില്‍, ഇന്ന് പരോക്ഷമായി.

ലംബൻ said...

നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര മൂല്യവത്ത് ആണെന്ന് അറിയണമെങ്കില്‍, നിങ്ങള്‍ ഇവിടെ ആഫ്രികയില്‍ വരിക. ഇപ്പോഴും കോളനിവാഴ്ചയില്‍ നിന്നും മോചിതര്‍ ആകാത്ത ഒരു ജനതയെ നിങ്ങള്ക്ക് കാണാം.

നളിനകുമാരി said...

ഇപ്പോഴും നമ്മുടെ സിരകളില്‍ വെളുത്ത നിറത്തിനോടുള്ള ആസക്തിയായും പല നിയമങ്ങളെയും പൊളിച്ച് എഴുതാനുള്ള മടിയായും സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ശീലമായും നിറഞ്ഞു നില്‍ക്കുന്നു.


വളരെ ശരിയാണ്.. അതല്ലേ തൊലി വെളുക്കാനുള്ള മരുന്ന് എന്നും പറഞ്ഞു വരുന്ന എന്ത് സാധനവും നമ്മുടെ നാട്ടിൽ കോടികളുടെ കച്ചവടമാകുന്നത്..

vettathan said...

"എല്ലാ കുറവുകള്‍ക്കിടയിലും നമ്മള്‍ ഒരു സ്വതന്ത്ര രാജ്യമാണ്. അനവധി മനുഷ്യര്‍ അവരുടെ ജീവിതവും ചോരയും ചിന്തി നേടിത്തന്ന സ്വതന്ത്ര രാജ്യമെന്ന ഉന്നതമായ പദവിയെ ആദരവോടെയും ബഹുമാനത്തോടെയും നിലനിറുത്തുവാന്‍ നമ്മള്‍ എല്ലാവര്‍ക്കും ചുമതലയുണ്ട്."
ഈ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

Cv Thankappan said...

നല്ലൊരു നിരീക്ഷണം....
ഇഷ്ടപ്പെട്ടു.
ആശംസകള്‍

Pradeep Kumar said...

അനവധി മനുഷ്യര്‍ അവരുടെ ജീവിതവും ചോരയും ചിന്തി നേടിത്തന്ന സ്വതന്ത്ര രാജ്യമെന്ന ഉന്നതമായ പദവിയെ ആദരവോടെയും ബഹുമാനത്തോടെയും നിലനിറുത്തുവാന്‍ നമ്മള്‍ എല്ലാവര്‍ക്കും ചുമതലയുണ്ട്.

ആര്‍ഷ said...

സ്വാതന്ത്ര്യം എന്തില്‍ നിന്നും എന്ന് !! നന്ന് കലെച്ചീ, ചിന്തിപ്പിച്ചു.

drpmalankot said...


ചിന്തിപ്പിക്കുന്ന ലേഖനം! ആശംസകൾ.
"സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം "
കിട്ടിയ സ്വാതന്ത്ര്യം നാം ശരിക്കും വിനിയോഗിക്കുന്നുണ്ടോ?
ചിന്തിപ്പിക്കുന്ന ലേഖനം! ആശംസകൾ.
Bhaaratha Puthranmaar:
http://drpmalankot0.blogspot.com/2013/08/blog-post_14.html

Muralee Mukundan , ബിലാത്തിപട്ടണം said...

‘നങ്ങളുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഗവണ്‍മെന്‍റുകളാണ് അറുപത്തിയാറു വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിപ്പുറം നമ്മെ അഭിമുഖീകരിക്കുന്നത്. നമ്മുടെ കാര്‍ഷിക വ്യവസ്ഥയെ മൊണ്‍സാന്‍റൊ മാതിരിയുള്ള വിദേശക്കമ്പനികള്‍ തീരുമാനിക്കുന്നു. നമുക്ക് വെള്ളം എങ്ങനെ ലഭ്യമാക്കണമെന്ന് അതിന് എത്ര പണം ഈടാക്കണമെന്ന് വേള്‍ഡ് ബാങ്ക് പറയുന്നു. കുഴിച്ചുമൂടപ്പെടേണ്ട അല്ലെങ്കില്‍ ശാസ്ത്രീയമായി ഇല്ലാതാക്കപ്പെടേണ്ട വിദേശമാലിന്യങ്ങള്‍ പോലും നമുക്കൊരു ജീവിതമാര്‍ഗം തരികയാണെന്ന വ്യാജേനെ കപ്പല്‍ കയറി ഇവിടത്തെ തുറമുഖങ്ങളിലെത്തുന്നു. നമ്മുടെ വൈദ്യുതി എങ്ങനെ ന്യൂക്ലിയര്‍ റിയാക്ടറുകളെ ആശ്രയിക്കണമെന്ന് , നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഏതു വിദേശക്കമ്പനിയ്ക്ക് ലാഭം കിട്ടണമെന്ന് , നമ്മുടെ വീടുകളില്‍ എന്തു മാതിരി സാധനങ്ങളാണുണ്ടാകേണ്ടതെന്ന് , നമ്മള്‍ കുടിക്കേണ്ട പാനീയമെന്തെന്ന് , കഴിക്കേണ്ട ചിക്കനെന്തെന്ന്, നമുക്ക് ഏതു തരം പരുത്തി വേണമെന്ന് ഒക്കെ തീരുമാനിക്കാന്‍ നമ്മൂടെ ഗവണ്‍മെന്‍റുകള്‍ മുട്ടുകാലില്‍ നിന്ന് വിദേശത്തെ യജമാനന്മാരോട് ആവശ്യപ്പെടുന്നു. അവര്‍ പ്രഖ്യാപിക്കുന്നത് ഏറ്റവും ശുഷ്ക്കാന്തിയോടെ നടപ്പിലാക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ഭരണരീതി. നമ്മുടെ ഏറ്റവും നല്ല ഉല്‍പന്നങ്ങള്‍ സായിപ്പിന് നല്‍കി വിദേശപണം സമ്പാദിച്ചാലേ രക്ഷയുള്ളൂ എന്ന മനസ്ഥിതിയാണ് ഭൂരിഭാഗം ഇന്ത്യാക്കാരേയും ഭരിക്കുന്നത്. 1947നു മുമ്പ് നമ്മുടെ സമ്പത്തു മുഴുവന്‍ വിദേശത്തേയ്ക്ക് നേരെചൊവ്വെ ഒഴുകിയിരുന്നെങ്കില്‍ ഇന്നത് ചില സമര്‍ഥമായ കണ്ണുമൂടിക്കെട്ടലുകളിലൂടെ തന്ത്രപരമായ വാചകമടികളിലൂടെ പുതിയ ഒരൂട്ടം അപൂര്‍വന്യായങ്ങളിലൂടെ വിദേശത്തേക്ക് യാത്രയാകുന്നു..‘

അതെ ഒട്ടുമില്ലാത്ത ഫ്രീഡം സ്വാന്തന്ത്ര്യദിനമായി കൊണ്ടാടുന്നവർ നാം

Echmukutty said...

വായിച്ച എല്ലാവര്‍ക്കും നന്ദി..