Sunday, November 3, 2013

പുനര്‍നിര്‍മ്മിച്ചത് ഒരു മനസ്സിനെ ആയിരുന്നു.



https://www.facebook.com/echmu.kutty/posts/894756337370328
( ഫേസ്ബുക്കില്‍  03. 11. 2013 ന്  പോസ്റ്റ്  ചെയ്തത് )

ഫോണ്‍ ചെയ്തപ്പോള്‍ അവനു തലവേദനയാണെന്ന്  പറഞ്ഞു. എങ്കിലും അവന്‍റെ വീട്ടില്‍  പോയി. അടുത്ത ദിവസം വീണ്ടും യാത്ര പുറപ്പെടാനുള്ളതാണ്.  ഈ നഗരത്തില്‍ വന്നിട്ട്  അവനെ കാണാതെ  പോകുന്നതെങ്ങനെ.. അങ്ങനെ പോകേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെ  മനസ്സില്‍ വെറുതെയെങ്കിലും ഒരു  വിഷാദം  പടര്‍ന്നിട്ടുണ്ട്..

എത്ര കാലത്തെ പരിചയം.. ആദ്യം കാണുമ്പോള്‍  അവനു മീശ കിളുര്‍ത്തിരുന്നില്ല. എന്‍റെ മകള്‍ക്ക് കാക്കേ പൂച്ചേന്നൊക്കെ പറഞ്ഞ്  കാച്ചിയ മോരൊഴിച്ച് ഒപ്പി വടിച്ചിട്ട് മാമു കൊടുക്കുമ്പോള്‍  ചില ദിവസങ്ങളില്‍ ഞാന്‍,  അവനും കുഞ്ഞിയുരുളകള്‍ വാരിക്കൊടുത്തിട്ടുണ്ട്. നിഷ്കളങ്കമായി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വായ് പൊളിച്ച്  അവന്‍ ആ ഉരുളകള്‍ വാങ്ങുമായിരുന്നു.

ജീവിതം അതിനു തോന്നിയ  കഠിന വഴിത്താരകളിലൂടെ  എന്നെ വലിച്ചിഴച്ച കാലങ്ങളില്‍ ,  സാധിക്കുമ്പോഴെല്ലാം  അവന്‍  കാണുവാന്‍  വന്നു.. എന്‍റെ  കഷ്ടപ്പാടുകളും ദാരിദ്ര്യവും  കണ്ണീരും വേദനകളും   അനുഭവിച്ചു,  പരാജയങ്ങളില്‍ സാന്ത്വനിപ്പിച്ചു. അല്‍പ  വിജയങ്ങളില്‍  ആഹ്ലാദിച്ചു.  കണ്ണീരും ചോരയും പേനയില്‍ നിറച്ച്   ഞാനെഴുതിയ,   നിറംകെട്ടു  മങ്ങിയ കുറിപ്പുകള്‍ വായിച്ച്  നിറഞ്ഞ കണ്ണുകളോടെ   എന്നെ  കൂടുതലെഴുതുവാന്‍  എക്കാലവും  പ്രേരിപ്പിച്ചു...

അവനെ  മനസ്സിലാക്കാതിരിക്കില്ല  ഞാനെന്ന്  സ്വന്തം  ജീവിതത്തിന്‍റെ  പല  സന്നിഗ്ദ്ധ ഘട്ടങ്ങളിലും  തികച്ചും ആത്മാര്‍ഥമായി ആവര്‍ത്തിക്കുമ്പോള്‍,   എന്‍റെ  സൌഹൃദത്തില്‍ അവനുള്ള വിശ്വാസം  പൌര്‍ണമിച്ചന്ദ്രനെന്ന പോലെ മിന്നിത്തിളങ്ങി .

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു  തന്നതാണ്...

ഒരു മൊട്ടക്കുന്നായിരുന്നു  വാസ്തു ശില്‍പി  വീടു  വെയ്ക്കാന്‍ വാങ്ങിയത്.  അധികം  പണമൊന്നും ശില്‍പിയുടെ   പക്കല്‍  ഉണ്ടായിരുന്നില്ല.  പതുക്കെ പ്പതുക്കെ  ഓരോ കല്ലും  പെറുക്കിപ്പെറുക്കി  പത്തു പതിനഞ്ചു  വര്‍ഷമെടുത്ത്  വീട്ടില്‍  അത്യാവശ്യത്തിനുള്ള  മുറികള്‍  അത്യാവശ്യമുള്ളപ്പോള്‍ ,  തികച്ചും   അത്യാവശ്യമായ  സൌകര്യങ്ങളോടെ   ആ വാസ്തുശില്‍പി  നിര്‍മ്മിച്ചു.  നാലു കമ്പാര്‍ട്ടുമെന്‍റുകളായി തിരിക്കാവുന്ന  നീണ്ട  മുറിയില്‍  നാലു ബെഡ് റൂമുകള്‍ മാതാപിതാക്കള്‍ക്കും  കുഞ്ഞുങ്ങള്‍ക്കുമായി  ഉണ്ടാക്കി. ഓരോ  കുട്ടിയും  വളര്‍ന്നു വലുതായി വിവാഹം  കഴിച്ചു  പോയപ്പോള്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ നിവര്‍ന്നു  നിവര്‍ന്നു അസാധാരണമായി  നീളം  തോന്നിപ്പിച്ച  മുറി, പിന്നീട്   വാസ്തു ശില്‍പിയുടെ  ഉറക്കറയും വായനാമുറിയും  ജോലിമുറിയും ഇരുപ്പുമുറിയുമായിത്തീര്‍ന്നു.

ആയിടയ്ക്കാണ്  വാസ്തുശില്‍പിയുടെ  ഭാര്യാസഹോദരന്‍റെ  മക്കള്‍  നഗരത്തില്‍  പഠിക്കാനെത്തിയത്.  പഠിക്കാനും വിശ്രമിക്കാനും വേണ്ട  സ്വകാര്യതയുള്ള,   നല്ല വെളിച്ചവും  കാറ്റോട്ടവുമുള്ള  വൃത്താകാരമായ  ഒരു മുറി  അവര്‍ക്കായി ഒരുക്കപ്പെട്ടു.  ചെറു  പാചകത്തിനാവശ്യമായ  സൌകര്യവും  മറപ്പുരയും കുളിമുറിയുമായി, അങ്ങനെ  തികച്ചും സ്വയം പര്യാപ്തമായ  ഒരു  യൂണിറ്റായിരുന്നു  വാസ്തുശില്‍പിയുടെ ഡിസൈന്‍.

ഒറ്റ ഒരു  മേസ്തിരിയെ വെച്ചാണത്രേ  വാസ്തു  ശില്‍പി ഇതെല്ലാം  നിര്‍മ്മിച്ചത്.

അത്ര ക്ഷാമമായിരുന്നോ  മേസ്തിരിമാര്‍ക്കെന്നായിരുന്നു  സ്വാഭാവികമായും  എന്‍റെ  ചോദ്യം. 

അപ്പോള്‍  അവന്‍  മനസ്സുകളെപ്പറ്റിയും  വിഷാദത്തെപ്പറ്റിയും  കണ്ണീരുപ്പിനെപ്പറ്റിയും  മരണത്തെപ്പറ്റിയുമൊക്കെ  പറഞ്ഞു  തുടങ്ങി.  എനിക്കറിയാത്തതല്ലല്ലോ  ഇതൊന്നും  എന്ന്  നിനയ്ക്കുമ്പോഴും,  ക്ഷമയോടെ  ഞാനവനെ  കേട്ടുകൊണ്ടിരുന്നു.  

അതൊരു  പണിചികില്‍സയായിരുന്നുവെന്ന്  അവന്‍ വിശദീകരിച്ചു. കരള്‍  പിളരുന്ന  വേദനകളില്‍ വിഷാദം ഘനീഭവിച്ച  മനസ്സുമായി കണ്ണീരിന്‍റെ  മൌനത്തിലാണ്ടു  പോയ  ഒരാളായിരുന്നു    മേസ്തിരി. അതുകൊണ്ട്  ഭ്രാന്തനെന്ന മുദ്ര  ചാര്‍ത്തി  അയാളെ എല്ലാവരും  ജോലിയില്‍  നിന്നകറ്റി  നിര്‍ത്തി.

മനുഷ്യര്‍ക്കെല്ലാം പൊതുവേ വേദനയേയും  മൌനത്തെയും  വല്ലാത്ത ഭയമാണ്.  കാരണം വേദനയും മൌനവും   എന്തിനെയാണ്  ഗര്‍ഭത്തില്‍ വഹിക്കുന്നതെന്ന്   ആരും അറിയുന്നില്ല.  

വാസ്തുശില്‍പിയുടെ  ഒരു  പഴയ  ഷര്‍ട്ടു  ധരിച്ച്,  വാസ്തുശില്‍പിയായി  മാറി  പ്ലാനും ഡിസൈനും മനസ്സിലാക്കിയ മേസ്തിരി  സ്വന്തം  ഷര്‍ട്ട്  ധരിച്ച് , മേസ്തിരിയാവുകയും  ഇഷ്ടിക പണിയുകയും വേറൊരു  ഷര്‍ട്ടിട്ട്   മെയ്ക്കാടു  പണിക്കാരനായി സിമന്‍റും   മണലും കൂട്ടുകയും ചെയ്തു. മൌന മുദ്രിതമായ  ചുണ്ടുകളുള്ള ആ മേസ്തിരിയൊഴിച്ച്  മറ്റൊരു  പണിക്കാരനും    വര്‍ക് സൈറ്റില്‍ ഒരിക്കലും   ഉണ്ടായിരുന്നുമില്ല.

തീര്‍ത്തും മൌനിയായി,   ഇത്തരമൊരു  പകര്‍ന്നാട്ടത്തിലൂടെ  നിത്യവും  ജോലി ചെയ്തിരുന്ന മേസ്തിരിയോട്  സാധിക്കുമ്പോഴെല്ലാം  വാസ്തു ശില്‍പി  സംസാരിച്ചുകൊണ്ടിരുന്നു .  മേസ്തിരിക്ക്  ഒന്നും മനസ്സിലായിട്ടുണ്ടാവില്ലെന്ന്  അവന്‍  പറഞ്ഞപ്പോള്‍   ഞാന്‍ ചോദിച്ചു ... അത്രമാത്രം  സാങ്കേതികജഡിലമായിരുന്നോ  വാസ്തു ശില്‍പിയുടെ വാക്കുകള്‍?
 
 അവന്‍ ചിരിച്ചു.

അല്ല,  വാസ്തു ശില്‍പിക്ക്   മേസ്തിരിയുടെ ഭാഷ  വശമുണ്ടായിരുന്നില്ല.  അദ്ദേഹം  സ്വന്തം മാതൃഭാഷയിലാണ്  സംസാരിച്ചുകൊണ്ടിരുന്നത്.  ആ ഭാഷ മേസ്തിരിക്കും അറിയില്ലായിരുന്നു.  

കെട്ടിടം പണി തീര്‍ന്നപ്പോഴേക്കും  മേസ്തിരി  ഇടയ്ക്കു വെച്ച്  മറന്നു  പോയ  സംസാരവും  ചിരിയും  വീണ്ടെടുത്തു  കഴിഞ്ഞിരുന്നു.

വാസ്തുശില്‍പി  കെട്ടിടങ്ങളെ മാത്രമല്ല  തകര്‍ന്നു തുടങ്ങിയ  ഒരു  മനസ്സിനെയും  പുനര്‍നിര്‍മ്മിക്കാന്‍  കഴിവുള്ള ആളായിരുന്നുവോ? ക്ഷമയും  സ്നേഹവും  വിശ്വാസവും  സ്വന്തം  സാന്നിധ്യവുമായിരുന്നോ  അതിന്  ഉപയോഗിച്ച  നിര്‍മ്മാണ പദാര്‍ഥങ്ങള്‍ ?


  
പിന്‍ കുറിപ്പ്

മനുഷ്യസ്നേഹിയായ    വാസ്തുശില്‍പിയുടെ  പേര്  ലാറി ബേക്കര്‍  എന്നായിരുന്നു.
    

18 comments:

Anonymous said...

vaayicchilla.....ennaalum echumuvinte postil thenga udykkaan labhiccha asulabhaavasaram paazhaakkunnilla.....vaayicch~ veendum comment ezhuthaam...

aasaamsaakal

ബഷീർ said...

വിശദമായി വായിച്ചു.ഓരോ വരികളിലൂടെയും വാക്കുകളിലൂടെയും സഞ്ചരിച്ചു. ഒരു ജീവിതം പടുത്തുയർത്തിയ അല്ല ഒരു മനസ് നിർമ്മിച്ചത് തൊട്ടറിഞ്ഞു.. ആശംസകൾ

vettathan said...

ലാറി ബെക്കറിന് ഹൃദയം തുളുമ്പിയ ഒരു സ്മരണാഞ്ജലി.

© Mubi said...

വാസ്തുശില്പങ്ങളുടെ ഗാന്ധിയനെ കുറിച്ച് ഇനിയും ഏറെ അറിയാനിരിക്കുന്നു.

ഹൃദ്യമായ വരികള്‍ എച്ച്മു...

Pradeep Kumar said...

ലാറിബേക്കറുമായി ഉണ്ടായിരുന്ന വ്യക്തിബന്ധത്തെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ചും മുമ്പൊരിക്കൽ എച്ചുമു എഴുതിയത് ഓർക്കുന്നു....

വാസ്തുശിൽപ്പകല എന്നത് ഒരു സാംസ്കാരിക പ്രവർത്തനവും, സാമൂഹ്യവിപ്ലവവുമാണെന്ന് മലയാളികളെ പഠിപ്പിച്ച ആ മഹാത്മാവിന് ആദരാഞ്ജലികൾ

aswathi said...

"വാസ്തുശില്‍പി കെട്ടിടങ്ങളെ മാത്രമല്ല തകര്‍ന്നു തുടങ്ങിയ ഒരു മനസ്സിനെയും പുനര്‍നിര്‍മ്മിക്കാന്‍ കഴിവുള്ള ആളായിരുന്നുവോ?"
ലാറി ബേക്കറെക്കുറിച്ചുള്ള ഈ എഴുത്ത് മനോഹരമായി എച്മു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

Bijith :|: ബിജിത്‌ said...

രണ്ടാമതു വായിച്ചപ്പോഴാണ് വരികളുടെ പൂർണഅർത്ഥം മനസ്സിലായത്‌...

പണ്ടൊരു നോവൽ വായിച്ചിട്ടു മനസ്സിലാവാതെ നെറ്റിൽ അതിന്റെ റിവ്യൂ നോക്കി പോയി. കൂടെ അതിന്റെ എഴുത്തുകാരന്റെ അഭിമുഖവും. അതിൽ അദ്ദേഹം പറഞ്ഞു, ആൾ അതു എഴുതിയത് ഇത്തിരി ക്ഷമാപൂർവമുള്ള വായനക്കാണ് ഒരാവർത്തി വായിച്ചു തള്ളാൻ വേണ്ടിയല്ല എന്നു, മടുപ്പോടെ രണ്ടാമതും എടുത്തു. അപ്പോൾ അയാളുടെ വാക്കുകൾ ചുമ്മാ മേനി പറച്ചിൽ അല്ല എന്നു മനസ്സിലായി...

ഇതാണ് ആ ബുക്ക്‌

http://en.wikipedia.org/wiki/Kafka_on_the_Shore

ajith said...

ഞാന്‍ ബഹുമാനത്തോടെ ആരാധിയ്ക്കുന്ന ഒരു മനുഷ്യനാണ് ലാറി ബേക്കര്‍. അദ്ദേഹത്തെപ്പറ്റിയുള്ള ഈ കുറിപ്പ് എനിയ്ക്ക് വളരെ ഇഷ്ടമായി

വീകെ said...

മനുഷ്യസ്നേഹിയായ ഒരു വാസ്തുശിൽ‌പ്പി ലാറിബേക്കർ.. അദ്ദേഹത്തെ തൊട്ടടുത്തറിയാവുന്ന എഛ്മുവിന്റെ കുറിപ്പാവുമ്പോൾ ആസ്വാദ്യത കൂടുന്നു.
ആശംസകൾ........

Echmukutty said...

വായിച്ച് അഭിപ്രായം എഴുതി എന്നെ പ്രോല്‍സാഹിപ്പിച്ച എന്‍റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ... സ്നേഹം.

Muralee Mukundan , ബിലാത്തിപട്ടണം said...



മനുഷ്യസ്നേഹിയായ ആ വാസ്തുശില്‍പിയുടെ പേര്
ലാറി ബേക്കര്‍ എന്നായിരുന്നു
ഈ വാസ്തുശില്‍പി കെട്ടിടങ്ങളെ
മാത്രമല്ല തകര്‍ന്നു തുടങ്ങിയ ഒരു മനസ്സിനെയും
പുനര്‍നിര്‍മ്മിക്കാന്‍ കഴിവുള്ള ആളായിരുന്നു...
ക്ഷമയും സ്നേഹവും വിശ്വാസവും
സ്വന്തം സാന്നിധ്യവുമായിരുന്നു അതിന് ഉപയോഗിച്ച
നിര്‍മ്മാണ പദാര്‍ഥങ്ങള്‍ ?



Mukesh M said...

Lari Becker ; The great Man !

Nisha said...

മനസ്സുകളെ പടുത്തുയര്‍ത്തുവാന്‍ കെല്പുള്ളവര്‍ വിരളം. എല്ലാവര്‍ക്കും തളര്ത്താനാണ് വ്യഗ്രത! ലാറി ബെക്കറെ അധികം അറിയാത്തവര്‍ക്ക് അദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ മുഖം പരിചയപ്പെടുത്തിയതിന് നന്ദി!

സിയാഫ് അബ്ദുള്‍ഖാദര്‍ said...
This comment has been removed by the author.
സിയാഫ് അബ്ദുള്‍ഖാദര്‍ said...

ക്രാന്തദർശിയായ ആ ശിൽപിക്ക് പ്രണാമം.ഇതെഴുതിയ ശിൽപിക്ക് ഒരു ബിഗ്സല്യൂട്ട് !

സിയാഫ് അബ്ദുള്‍ഖാദര്‍ said...
This comment has been removed by the author.
Akbar said...

ലാറി ബേക്കറെ കുറിച്ച് ഇതിനു മുമ്പും എച്ചുമു ഹൃദ്യമായ ഒരു പോസ്റ്റ്‌ എഴുതിയിരുന്നല്ലോ..ഈ പോസ്റ്റും നന്നായി..