Wednesday, November 6, 2013

ഓളവും തീരവും എന്ന തിരക്കഥയും ഒരു പതിന്നാലുകാരിയും ...


                               

പത്തിരുപതു ദിവസത്തെ  അലച്ചിലിനൊടുവിലാണ്  ഞാന്‍ അമ്മയെ  കാണാന്‍ പോയത്.  ജീവിതം നിരന്തരമായി  ഏല്‍പ്പിച്ച കാഠിന്യമേറിയ  പരിക്കുകളില്‍ പൂര്‍ണമായും   തളര്‍ന്നു കഴിഞ്ഞ എന്‍റെ  അമ്മ  ഇളയ  അനിയത്തിക്കും  അവളുടെ  മകള്‍ക്കും ഒപ്പമാണിപ്പോള്‍  താമസിക്കുന്നത്. 

വീട്ടില്‍  വെച്ച്  തികച്ചും യാദൃച്ഛികമായാണ്  എം  ടി  യുടെ ഓളവും തീരവുമെന്ന  തിരക്കഥ കണ്ണില്‍ പെട്ടത്.  അനിയത്തിയുടെ മകള്‍ ആ പുസ്തകം  വായിച്ചു  കഴിഞ്ഞുവെന്ന് എന്നോട്  പറഞ്ഞു. നമ്മുടെ  മുകില്‍ ബ്ലോഗില്‍   എഴുതുന്ന കവിതകള്‍ വളരെ കൃത്യമായി   വായിക്കാറുള്ള    അവള്‍  ആശാനേയും  വൈലൊപ്പിള്ളിയേയും  നന്തനാരേയും മാധവിക്കുട്ടിയേയും ഒക്കെ വായിക്കുന്നുണ്ടെന്ന്  എനിക്കറിയാമായിരുന്നു.   കഥകള്‍ എഴുതുവാന്‍ പരിശ്രമിക്കുന്നുണ്ടെന്നും  ഞാന്‍ മനസ്സിലാക്കിയിരുന്നു.   മനോഹരമായി ഗാനങ്ങള്‍  ആലപിക്കുകയും  ഭേദപ്പെട്ട രീതിയില്‍   ചിത്രങ്ങള്‍  വരക്കുകയും  ചിത്രത്തുന്നല്‍  നടത്തുകയും  ചെയ്യുമെങ്കിലും  ക്ലാസ്സില്‍  ഒന്നാമതാകാനുള്ള  പരിശ്രമമൊന്നും അവളുടെ ഭാഗത്ത്  അത്ര ആത്മാര്‍ഥമായി ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു. 

ഓളവും തീരവും ഇഷ്ടമായോ എന്ന്  ഞാന്‍  ചോദിച്ചു.  ഇഷ്ടമായി എന്നും  എം ടിയുടെ  അസുരവിത്തും  മഞ്ഞും ഒക്കെ  വായിച്ചുകഴിഞ്ഞുവെന്നും അവള്‍  പറഞ്ഞു.  പുസ്തകം കൈയിലെടുത്താല്‍  അത്  താഴെ വെയ്ക്കാന്‍   തോന്നുകയില്ലെന്നതാണ്   എം ടിയുടെ  രചനാ പ്രത്യേകത. ആ കുട്ടിമുഖത്തില്‍  നിന്നുതിര്‍ന്ന  അഭിപ്രായം കേട്ട്  ആഹ്ലാദിക്കുമ്പോഴും ഓളവും തീരവും എന്ന തിരക്കഥ എവിടെയോ  അവളെ  അലോസരപ്പെടുത്തുന്നുണ്ടെന്ന്  എനിക്ക്  തോന്നി.  

രചനാരീതിയും  പ്രയോഗങ്ങളുടെ സൌന്ദര്യവും ഒരു സിനിമ പോലെ  മനക്കണ്ണില്‍  ദൃശ്യങ്ങള്‍  വിരിയിക്കുവാനുള്ള   കഴിവുമുള്ള    പുസ്തകം  ആഹ്ലാദിപ്പിച്ചുവെങ്കിലും  അതില്‍ നിന്നു കിട്ടുന്ന  ചില  നെഗറ്റീവ്  സന്ദേശങ്ങള്‍ അവളെ  സങ്കടപ്പെടുത്തിയത്രെ .  നെബീസ ആത്മഹത്യ  ചെയ്തതില്‍  ഒരര്‍ഥവും  അവള്‍ക്കു തോന്നുന്നില്ല. കുഞ്ഞാലി നെബീസയെ  ഉപദ്രവിച്ചുവെന്നത്  സത്യം തന്നെ.  അതിനവള്‍  മരിക്കുകയല്ല വേണ്ടത്.  എല്ലാ അര്‍ഥത്തിലും  ബലവാനാണ് കുഞ്ഞാലി. ധനം കൊണ്ടും  ശാരീരിക ബലം കൊണ്ടും ബീവാത്തുമ്മ നെബീസുവിനെ   കുഞ്ഞാലിയെക്കൊണ്ട് കല്യാണം  കഴിപ്പിക്കണമെന്ന്  കരുതുന്നതുകൊണ്ടും ഒക്കെ അയാള്‍ക്കു  കഥയില്‍ ബലം കൂടുതലാണ്. ബലമുള്ളവര്‍  ഇല്ലാത്തവരെ ദ്രോഹിക്കുന്നത് നാട്ടുനടപ്പാണ്.  പക്ഷെ, അതിനു  പരിഹാരം  ആത്മഹത്യയല്ല. നെബീസുവിനെ  പോലെ ഉപദ്രവിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുന്നതാണ്  നല്ലത്   എന്ന  സന്ദേശം  എം  ടിയെ മാതിരി  ഒരെഴുത്തുകാരന്‍  നല്‍കുവാന്‍ പാടില്ല.  കാരണം അതിമനോഹരമായി ജീവിതത്തെ  ആവിഷ്ക്കരിക്കുന്നവര്‍  നെഗറ്റീവായി പറയുന്നതും മനുഷ്യരില്‍  വലിയ പ്രേരണ ചെലുത്തും.

ഞാന്‍  അവിശ്വസനീയതയോടെ അവളെ  കേട്ടുകൊണ്ടിരുന്നു.

ബാപ്പുട്ടിയ്ക്ക് ഒരു നീതിയും    തിരക്കഥയില്‍  എം ടി നല്‍കുന്നില്ല.  നെബീസുവിനെ ആത്മാര്‍ഥമായി  സ്നേഹിച്ചതാണോ  ബാപ്പുട്ടി  ചെയ്ത കുറ്റം?  കുഞ്ഞാലി ഉപദ്രവിച്ചതിനു ശേഷവും  നെബീസുവിനൊപ്പം ജീവിക്കണമെന്ന്  ആശിക്കുന്ന ബാപ്പുട്ടിയെ  കൂടെ വരില്ലെന്ന് പറഞ്ഞ്  കൈയൊഴിയുന്ന  ആത്മഹത്യ ചെയ്യുന്ന  നെബീസു ശരിക്കും  തോല്‍പ്പിക്കുന്നത്  അവളെ  സ്നേഹിക്കുക മാത്രം  ചെയ്ത  ബാപ്പുട്ടിയെയാണ്. ജയിപ്പിക്കുന്നത്  കുഞ്ഞാലിയേയും  ..... 

ബീവാത്തുമ്മ  എല്ലാ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമിടയില്‍ നെബീസുവിനെ   എത്രമാത്രം കരുതലോടെയാണ് വളര്‍ത്തുന്ന ത്. അവരുടെ എല്ലാ അധ്വാനവും നെബീസു സ്വന്തം മരണത്തിലൂടെ പാഴാക്കിക്കളയു ന്നു.  നെബീസുവിനെ  ആത്മാര്‍ഥമായി സ്നേഹിച്ചവരെയെല്ലാം  ദയനീയമായി തോല്‍പ്പിക്കുക യും അവളെ ഉപയോഗിക്കുക മാത്രം ചെയ്ത കുഞ്ഞാലിയെ വിജയിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഓളവും തീരവും എന്ന തിരക്കഥ അന്യായത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് അവള്‍ വിശദീകരിച്ചു.

നെബീസു ബാപ്പുട്ടിയ്ക്കൊപ്പം ആഹ്ലാദത്തോടെ ജീവിക്കുന്നുവെന്ന് എഴുതുകയായിരുന്നു എം  ടി ചെയ്യേണ്ടിയിരുന്നത്. എന്നെങ്കിലും എം  ടിയെ പരിചയപ്പെടാനിട വന്നാല്‍ ഇക്കാര്യം പറയുമെന്ന് അവള്‍ വ്യക്തമാക്കി... 

ഞാന്‍ മൌനം പാലിച്ചതേയുള്ളൂ. 

അവളെ കേട്ടുകൊണ്ടിരുന്നതേയുള്ളൂ.

20 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യം തേങ്ങയടിക്കാം പിന്നെ വായിക്കാം :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ചെറുപ്പത്തിൽ കണ്ടിട്ടുള്ള സിനിമകൾ സീത , ശ്രീരാമപട്ടാഭിഷേകം, ഭക്തകുചേല

കുറച്ച് വളർന്ന് കഴിഞ്ഞു കണ്ടവ കുമാരസംഭവം , കൊടുങ്ങല്ലൂരമ്മ

പിന്നെ കുറെക്കാലം സിനിമയെ കണ്ടില്ല

അത് കഴിഞ്ഞ് ടി വി ഒക്കെ വീട്ടിനകത്തെത്തിയപ്പോൾ നാടോടിക്കാറ്റ് അക്കരെയക്കരെ പട്ടണപ്രവേശം, റ്റയാത്രക്കാരുടെ ശ്രദ്ധക്ക്

അത് കാരണം നെഗറ്റീവ് തോറ്റ്സ് ഒന്നും ങേഹെ ഇല്ലേയില്ല ഹ ഹ :) 

Cv Thankappan said...

ഫേസ്ബുക്കില്‍ വന്നത് വായിച്ചിരുന്നു.
അനിയത്തിയുടെ മകളുടെ കലാസാഹിത്യാഭിരുചികളില്‍ ഏറെ സന്തോഷം.നന്നായി വരട്ടേ!
ശുഭപര്യവസായിയായ കഥകള്‍ വായിക്കാനും,കേള്‍ക്കാനുമാണ് ഏവര്‍ക്കും താല്പര്യം.ചെറുപ്പത്തിലൊക്കെ പുസ്തകം വായിച്ചുകൊണ്ടിരിക്കെ കഥാപാത്രങ്ങളുമായി അലിഞ്ഞുചേര്‍ന്ന്
അവര്‍ക്കുണ്ടാകാന്‍ പോകുന്ന സ്ഥിതി
അറിയാനുള്ള ഉല്‍കണ്ഠയോടെ അവസാനപേജു് എത്തിനോക്കി ആശ്വസിക്കുക പതിവാണ്.......
പക്ഷേ ജീവിതത്തില്‍ വന്നുഭവിക്കുന്നത്.......
ആശംസകള്‍

aswathi said...

കഥ നെഗറ്റീവ് ആണെങ്കിലും നബീസ ചെയ്തത് ശരിയായില്ല എന്ന തോന്നൽ ഉണ്ടായല്ലോ അവളിൽ ...അതാണ്‌ പുതു തലമുറക്ക്‌ ജീവിതത്തിൽ വേണ്ടതും ...

Kannur Passenger said...

നല്ല കണ്ടെത്തുലുകൾ.. ഇഷ്ടായി..:)

Pradeep Kumar said...

നന്നായി നിരീക്ഷിക്കാനും തനതായ അഭിപ്രായം രൂപപ്പെടുത്താനും ചില കുട്ടികൾക്ക് നന്നായി കഴിയുന്നു

ajith said...

കുട്ടി പറഞ്ഞത് തികച്ചും ശരിയല്ലേ? ശരിയെന്നാണ് ഞാന്‍ ചിന്തിയ്ക്കുന്നത്

Rajesh said...

This post of yours maam, I must say, deserves a lot of attention. I am really glad even a young girl thought so.

Only Basheer is above MT sir - my personal opinion.
So with all respects to MT sir, it is a pity that a lot of his stories and scripts have been breeding grounds of Malayali Maochism. One of the most prominent one is that famous dialogue from Vadakkan Veeragadha the one which goes something like - ningal shapichu kondu konjum, chirichu kondu karayum....... You can find such maochist thoughts in many scripts and stories of his. A whole generation of Malayaalee young men (I am not sure if they still do) almost took it like the words out of a religious book. What a pity!

വര്‍ഷിണി* വിനോദിനി said...

ജീവനറ്റ കഥാപാത്രങ്ങൾക്ക്‌ പുതുജീവൻ നൽകാനാവുന്നിടത്ത്‌ ഒരു പ്രതിഭ ജനിക്കുന്നു..
മോൾക്കെന്റെ സ്നേഹം..!

vettathan said...

ഒരു സിനിമ എന്ന നിലയില്‍ മോഹിപ്പിച്ച ഒന്നായിരുന്നു പി.എന്‍ .മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും. ഞാനത് രണ്ടുപ്രാവശ്യം കണ്ടു.പെണ്‍ കുട്ടികളുടെ പരിശുദ്ധിയെപ്പറ്റി പഴഞ്ചന്‍ വീക്ഷണമാണ് എം.ടി തരുന്നത് എന്നതൊരു സത്യം.പാടിപ്പുകഴ്ത്തപ്പെടുന്നത് പോലെ എം.ടി ഒരു വലിയ സാഹിത്യകാരനാണെന്ന് എനിക്കു തോന്നിയിട്ടില്ല. നൂറ്റാണ്ടിനും അപ്പുറം തിളക്കത്തോടെ നില്‍ക്കുന്ന ഏതെങ്കിലും രചന അദ്ദേഹത്തിന്‍റെ വകയായി ഉണ്ടെന്നും കരുതുന്നില്ല.

© Mubi said...

കുഞ്ഞു വായിലെ വലിയ വര്‍ത്തമാനം എനിക്കും ഇഷ്ടായി എച്ച്മു....

റോസാപ്പൂക്കള്‍ said...

ഇത് ഫേസ്‌ബുക്കില്‍ വായിച്ചിരുന്നു.
പുതിയ തലമുറ മാറി ചിന്തിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
മാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്‌താല്‍ ജയിക്കുന്നത് വില്ലനാണ് എന്ന ഈ ചിന്ത പ്രതീക്ഷയുണര്‍ത്തുന്നത് തന്നെ.

വീകെ said...

പുതിയ തലമുറയുടെ തിരിച്ചറിവുകൾ വളരെ പ്രതീക്ഷ നൽകുന്നവയാണ്. ഇനിയുമിനിയും വായിക്കട്ടെ.കൂടുതൽ തിരിച്ചറിവുകളിലൂടെ വളരട്ടെ.
ആശംസകൾ......

ഭാനു കളരിക്കല്‍ said...

കഥാകാരൻ ജീവിതം എഴുതുന്നു. വായനക്കാരി അവളുടെ കാഴ്ചയിലൂടെ ജീവിതം കാണുന്നു.

Aarsha Abhilash said...
This comment has been removed by the author.
Aarsha Abhilash said...

പുതിയ തലമുറയില്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കട്ടെ ... സന്തോഷം ആണ് തോന്നുന്നത് ആ മോളുടെ ചിന്തകള്‍ കേട്ടിട്ട്. മിടുക്കിക്ക് ആശംസകള്‍ - നന്നായി വായിക്കാന്‍, ചിന്തിക്കാന്‍

Akbar said...

അവളെ ഇനിയും കേൾക്കേണ്ടിയിരിക്കുന്നു. മനസ്സിരുത്തി വായിച്ചാൽ എംടിയുടെ പല കഥാ പാത്രങ്ങളും നമ്മുടെ പരിചയക്കാർ ആണെന്ന് തോന്നും. അപ്പോൾ അവർ അങ്ങിനെ അല്ല പെരുമാറേണ്ടി യിരുന്നത്, ഇങ്ങിനെ ആയിരുന്നു എന്നൊക്കെ പറയാൻ തോന്നുക സ്വാഭാവികം..അത് തന്നെയാണ് ഒരു കഥാകൃത്തിന്റെ വിജയവും...

കുട്ടിയുടെ നല്ല വായനാ ശീലത്തെ അഭിനന്ദിക്കുന്നു. മുകിൽ ഈ കുറിപ്പ് വായിച്ചു ഒന്ന് രണ്ടു കവിത എഴുതാൻ സാധ്യത ഉണ്ട്..:)

പ്രയാണ്‍ said...

ഇന്നത്തെ കുട്ടികള്‍ നബീസയും സുമിത്രയുമൊന്നുമല്ലല്ലോ..... മോളുടെ വായനയുടെ ലോകം വളരട്ടെ...

ഗൗരിനാഥന്‍ said...

നല്ല തോന്നലുകള്‍ക്ക് വളര്‍ച്ചയുണ്ടാകട്ടെ...വളര്‍ച്ചയിലൊരിടത്തും അവയ്ക്കു തളര്‍ച്ചയുണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു

നളിനകുമാരി said...

നെബീസുവിനെ പോലെ ഉപദ്രവിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് എന്ന സന്ദേശം എം ടിയെ മാതിരി ഒരെഴുത്തുകാരന്‍ നല്‍കുവാന്‍ പാടില്ല. കാരണം അതിമനോഹരമായി ജീവിതത്തെ ആവിഷ്ക്കരിക്കുന്നവര്‍ നെഗറ്റീവായി പറയുന്നതും മനുഷ്യരില്‍ വലിയ പ്രേരണ ചെലുത്തും.
പദ്മരാജന്റെ നഗരങ്ങളില്‍ ചെന്ന് രാ പാര്‍ക്കാം (അതുതന്നെ ആയിരുന്നില്ലേ മോഹന്‍ലാലും ശാരിയും തിലകനും അഭിനയിച്ച പടത്തിന്റെ പേര്?)കണ്ടപ്പോള്‍ തോന്നിയത് ഒരു ആണ് അങ്ങനെ കാമുകിയെ കൂടെ കൂട്ടുമോ എന്നായിരുന്നു.
പഴയ ചെറു പ്രണയങ്ങള്‍ പോലും വഴക്കിടുമ്പോള്‍ വിളിച്ചു പറഞ്ഞു ആത്മാഭിമാനത്തെ താഴ്ത്തിക്കെട്ടാന്‍ നോക്കുന്നവരല്ലേ മിക്ക പുരുഷന്മാരും?