Thursday, December 12, 2013

സ്കന്ദ ഗുഹ... വിരൂപാക്ഷ ഗുഹ...


 (ഫേസ് ബുക്കിലെ കുറിഞ്ഞിപ്പൂക്കളിലും യാത്രയിലും പോസ്റ്റ് ചെയ്തത് )

എല്ലാവരിലും ഇല്ലെങ്കിലും ചില മനുഷ്യരില്‍ ഇപ്പോഴും കുറച്ച്   ഗുഹാമനുഷ്യര്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. സൌകര്യം കിട്ടുമ്പോള്‍ യാത്രാവഴികളിലെ  കേട്ടറിഞ്ഞ  ഗുഹകളിലേക്ക് ഒന്നെത്തി നോക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്  അവര്‍ക്കുള്ളില്‍  ഉറങ്ങുന്ന  ആ ഗുഹാമനുഷ്യരായിരിക്കാം. പരിഷ്ക്കാരത്തിന്‍റെ ബാഹ്യചിഹ്നങ്ങള്‍  വഹിക്കുമ്പോഴും  ഒരുതരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള കൌതുകത്തോടെ കിലോ മീറ്ററുകള്‍ നടന്ന് ചെന്ന്  അന്തര്‍ലീനമായ  ഗുഹാകൌതുകങ്ങള്‍  അത്തരം മനുഷ്യര്‍  പൂര്‍ത്തിയാക്കുന്നു.
ഞാനും നടക്കുകയായിരുന്നു.
രമണാശ്രമത്തിന്‍റെ  പുറകിലുള്ള  വഴിയിലൂടെ സ്കന്ദ ഗുഹ തേടി.. രമണ മഹര്‍ഷി  അവിടെ ധ്യാനലീനനായിരുന്നു, 1915 മുതല്‍ 1922 വരെയുള്ള  കുറെക്കാലം. മഹര്‍ഷിയുടെ അമ്മ  ഇവിടെ താമസിച്ച് അദ്ദേഹത്തിനു ആഹാരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവരുടെ മഹാസമാധിക്കു ശേഷമാണ് അദ്ദേഹം മലയിറങ്ങി താഴെ, ഇന്നത്തെ ആശ്രമം  നില്‍ക്കുന്നിടത്ത്  താമസമായത്. രമണാശ്രമത്തില്‍ വരുന്നവര്‍ക്കെല്ലാം,  ഹും  ആം ഐ എന്ന്  എപ്പോഴും  തന്നെത്തന്നെ സംശയിച്ച രമണ മഹര്‍ഷിയെ  ജയ ഗുരു സദ്  ഗുരു എന്ന് ഉറക്കെ  ജപിക്കുന്നവര്‍ക്കെല്ലാം  സ്കന്ദ ഗുഹയെപ്പറ്റി  എന്തെങ്കിലും ഒക്കെ പറയാന്‍ തോന്നും. അതുകൊണ്ട്  സംഭവിച്ചിട്ടുള്ള അതിശയങ്ങളുടെ  വര്‍ണാഭമായ കഥകള്‍   എത്ര വേണമെങ്കിലും  നമുക്ക് കേള്‍ക്കാന്‍ കഴിയും.
ബസ്സിറങ്ങിയത്  തിരുവണ്ണാമലൈ ബസ് സ്റ്റാന്ഡിലായിരുന്നു. രമണാശ്രമത്തിലേക്ക് എന്ന് പറഞ്ഞപ്പോള്‍  ഓട്ടോക്കാര്‍ ഇരുനൂറു രൂപ ചോദിച്ചു. തമിഴ് നാട്ടില്‍ ഓട്ടോ ഒരിക്കലും ഒരു സാധാരണക്കാരന്‍റെ  വാഹനമാകുന്നില്ല.  ഇതു പോലെ  മോക്ഷത്തെക്കുറിച്ച് പറയുന്ന,  വിദേശികള്‍ ധാരാളമായെത്തുന്ന  ആത്മീയ  കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും.  പോണ്ടിച്ചേരിയിലെ  അരവിന്ദാശ്രമത്തിലേക്ക് പോകുമ്പോഴും  ഇതു  തന്നെയായിരുന്നു  അനുഭവം.  ബസ് സ്റ്റാന്‍ഡിലെ  പോലീസുകാരന്‍  രമണാശ്രമത്തിനു മുന്നിലൂടെ പോകുന്ന  സ്റ്റേറ്റ്  ട്രാന്‍സ്പോര്‍ട്ട് ബസ്സ്  കാണിച്ചു തന്നു.  പിന്നെ അതില്‍ കയറി രമണാശ്രമത്തിന്‍റെ മുന്നിലിറങ്ങി. തൊട്ടരികേയുള്ള  ശേഷാദ്രി  ആശ്രമത്തില്‍  ഭക്ഷണം അന്വേഷിച്ചു ചെന്നപ്പോള്‍ ഏകദേശം എല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നുവെങ്കിലും വിശന്നു വലഞ്ഞ എന്‍റെ  മുഖം കണ്ട്  പാവം തോന്നിയിട്ടാവണം  എവിടുന്നോ  അവര്‍ ഒരു  മസാലദോശയും കാപ്പിയും സംഘടിപ്പിച്ചു തന്നു. 

എന്‍റെ കൂടെ നടക്കാനുണ്ടായിരുന്നവര്‍ എല്ലാം വാസ്തു ശില്‍പികളായിരുന്നു. മലയാളികള്‍ക്കൊപ്പം ഒരു ആസ്ത്രേലിയക്കാരനുമുണ്ടായിരുന്നു. അവരുടെ  സംഭാഷണ വിഷയങ്ങള്‍ കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് എന്‍റേതായ  ലോകത്തില്‍  ആണ്ടു മുങ്ങി ഞാന്‍ സ്കന്ദ ഗുഹ  ലക്ഷ്യമാക്കി നടന്നു.  കഥകള്‍  പറഞ്ഞു കേള്‍പ്പിക്കാമെന്ന് ചില  ഗൈഡുകള്‍  സമീപിച്ചെങ്കിലും  മരങ്ങളുടെ അനാദിയായ തണുപ്പൂറുന്ന പച്ചപ്പിലൂടെ  പാറക്കെട്ടുകള്‍ക്കിടയിലൂടെ പടികള്‍  കയറിക്കയറി  നിശ്ശബ്ദമായി നടക്കാനാണ് എനിക്ക് താല്‍പര്യം തോന്നിയത്. 
അരുണാചലനിര  ഉയര്‍ന്നു  കാണുന്നുണ്ടായിരുന്നു. കല്ലുകള്‍  പടിക്കെട്ടുകളായി പാവിയ  ഉയര്‍ന്നു യര്‍ന്നു പോകുന്ന വഴിയില്‍  ഇടയ്ക്കിടെ നിരപ്പായ പ്രതലങ്ങള്‍ കടന്നു വന്നു.  കടപ്പക്കല്ലിലും കല്‍ച്ചട്ടിക്കല്ലുകളിലും കൊത്തുപണികള്‍ ചെയ്ത് ചെറു  വിഗ്രഹങ്ങളുണ്ടാക്കി വില്‍ക്കുന്നവര്‍  അവിടെയുണ്ട്.  ഭര്‍ത്താവു കൊത്തുപണികള്‍ ചെയ്യുകയും ഭാര്യ വില്‍പന  നിയന്ത്രിക്കുകയും ചെയ്യുന്നു. പലതരം ചുണ്ടല്‍, ( കടലയും പയര്‍ വര്‍ഗങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന  ഒരു വിഭവം)  മോരുംവെള്ളം, പേരയ്ക്ക,  പഴം  എന്നിവയെല്ലാം വില്‍പനയ്ക്കു വെച്ച് ഒരുപാടു സ്ത്രീകളും കടുംപച്ചപ്പാര്‍ന്ന,  ഏതെല്ലാമോ കിളികള്‍ പാടുന്ന,  ആ വഴിയിലിരുപ്പുണ്ട്. ദാരിദ്ര്യംകൊണ്ട് നന്നെ  മെലിഞ്ഞ   അവരുടെ  തലമുടിയില്‍ ചൂടിയ പൂക്കള്‍ മാത്രം ചിരിച്ചുകൊണ്ടിരുന്നു. പച്ചച്ചമരങ്ങള്‍ക്കിടയില്‍ ആവശ്യത്തിനുള്ള  ഭക്ഷണം ലഭിക്കുന്നതുകൊണ്ടാവാം അനവധി കുരങ്ങന്മാരുണ്ടെങ്കിലും അവര്‍  നടന്നു കയറുന്നവരെ  ശല്യം ചെയ്യാത്തത്.
സ്കന്ദഗുഹ എത്തും മുന്‍പ്  അരുണാചലേശ്വരന്‍റെ  അമ്പലവും തിരുവണ്ണാമലൈ  നഗരവും നന്നെ  ഉയരത്തില്‍  നിന്ന് കാണാവുന്ന ഒരു  പാറപ്രതലമുണ്ട്.  അവിടെ  ഫോട്ടോ  എടുക്കുന്നവരുടെ തിരക്കാണ്. നോക്കെത്താത്തിടത്തോളമായി പരന്നുകിടക്കുന്ന  നഗരവും ശില്‍പ  സൌകുമാര്യം വഴിഞ്ഞൊഴുകുന്ന ഗോപുരങ്ങളുമായി അരുണാചലേശ്വരനും കണ്ണുകള്‍ക്ക് വിരുന്നാകുന്നു.
മരങ്ങളുടെ തൊട്ടിലിലാണ് സ്കന്ദ ഗുഹ. നഗര നിരപ്പില്‍ നിന്ന്  ഏകദേശം എണ്ണൂറടി  മുകളില്‍.  കുരങ്ങുകള്‍ക്കും  നായ്ക്കള്‍ക്കും  പാലും  പഴവുമൊക്കെ  കൊടുക്കുന്ന സ്വാമിയെ സ്കന്ദഗുഹയില്‍ കണ്ടു. അവിടെ ധ്യാനിച്ചിരിക്കാനുള്ള മുറിയും  രമണ മഹര്‍ഷിയുടെ അമ്മ ഉപയോഗിച്ചിരുന്ന മുറിയുമുണ്ട്. പിന്നെ ഒരു  നടുമുറ്റവും.  കുറെ വിദേശികള്‍  ധ്യാനത്തിലിരിക്കുന്നതു കണ്ടു. ഗുഹയെ  ഒരു  മോഡേണ്‍  നിര്‍മ്മിതിയാക്കി ഗ്രില്ലും മറ്റുമിട്ട്  ഭദ്രമാക്കിയിരിക്കുന്നു. ഗുഹ എന്ന പേര്  ഇപ്പോള്‍ അതിനു ഒട്ടും ചേരില്ലെന്ന് എനിക്ക് തോന്നി. ഗുഹയ്ക്ക്  പിറകില്‍ ഭീമാകാരമായ  കറുത്തുമിന്നുന്ന പാറകള്‍ ആനക്കൂട്ടത്തെ ഓര്‍മ്മിപ്പിച്ചു. പാറപ്പിളര്‍പ്പുകള്‍ക്കിടയിലൂടെ തെളിനീരായി ഒഴുകുന്ന  ചോല.. എല്ലാവരും അതിലെ വെള്ളം കൈക്കുമ്പിളില്‍ കോരിക്കുടിച്ചു... മുഖം കഴുകി....  കുപ്പികളില്‍ ശേഖരിച്ചു. 

രമണമഹര്‍ഷിയും  ഈ വെള്ളം തന്നെയാണ്  കുടിച്ചിരുന്നതെന്നും  അദ്ദേഹം പാറപ്പുറത്തിരുന്നു ധ്യാനിക്കുമായിരുന്നുവെന്നും സന്ദര്‍ശകര്‍  തമ്മില്‍ത്തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു.
 സ്കന്ദഗുഹയ്ക്കു മുന്നിലൂടെ വിരൂപാക്ഷഗുഹയിലേക്കുള്ള വഴി കുത്തനെ താഴോട്ട് പോകുന്നു. ഏകദേശം  ഇരുനൂറടിയോളം താഴ്ചയിലാണ് ഗുഹ.   വിരൂപാക്ഷദേവന്‍  എന്ന  സന്യാസി 1300കളില്‍  ഈ ഗുഹയില്‍  ധ്യാനിച്ചിരുന്നുവത്രേ. അതാണ് ഈ പേരു വരാനുള്ള കാരണം.  ഗുഹ  ഓം  എന്ന ആകൃതിയിലാണെന്ന് കരുതപ്പെടുന്നു. അരുണാചല നിരയുടെ കിഴക്കന്‍ ചരിവിലാണ് വിരൂപാക്ഷ ഗുഹ. 1899 മുതല്‍  1915  വരെ  രമണമഹര്‍ഷിയും ഈ ഗുഹയില്‍ ധ്യാനനിരതനായി. അപ്പോഴാണ്  സെല്‍ഫ്  എന്‍ക്വയറിയും  ഹു ആം  യും പോലെയുള്ള  ആത്മാന്വേഷണപരമായ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത്. 

പാറക്കല്ലുകളുടെ നടപ്പാത  പലയിടത്തും കുത്തനെ ഉയര്‍ന്നുയര്‍ന്ന്  നടപ്പിനു നല്ല വെല്ലുവിളിയാകുന്ന ഒരു വഴിയാണ് ഗുഹയിലേക്കു നയിക്കുന്നത്.  കുടപിടിക്കുന്ന  മരങ്ങള്‍  പലയിടത്തും  പച്ചച്ച ഗുഹകള്‍ പണിതിട്ടുണ്ട്. നാലുവശത്തും പടരുന്ന  മരങ്ങളുടെ മൃദുലമായ  പച്ചപ്പില്‍ കിതപ്പാറ്റാന്‍  ഒതുങ്ങി നില്‍ക്കുമ്പോള്‍  അവര്‍  സൌമ്യമായി  വെളിപ്പെടുത്തുന്ന  ജൈവിക പാഠങ്ങള്‍  മനസ്സിലാക്കാനാവാത്തതാവാം മനുഷ്യവംശത്തിന്‍റെ പലതരം ദുരിതങ്ങള്‍ക്ക്  കാരണമാകുന്നതെന്ന് തോന്നിപ്പോകും.  ഇളം കാറ്റിലാടുന്ന ഇലകളുടെ മൃദുമര്‍മ്മരം ... കിളിപ്പേച്ചിന്‍റെ കാതുകുളിര്‍പ്പിക്കുന്ന   മാധുര്യം.. നഗരത്തിന്‍റെ  ഒത്ത നടുവില്‍ മറ്റൊന്നുമില്ലെങ്കില്‍ ഒരു  വിശ്വാസത്തിന്‍റെ പേരിലായാല്‍പ്പോലും ഇത്തരമൊരു പച്ചപ്പ് നിലനില്‍ക്കുന്നത് നല്ലതു തന്നെ..
വിരൂപാക്ഷഗുഹയും ഒരു മോഡേണ്‍  നിര്‍മ്മിതിയാണിപ്പോള്‍.  മരങ്ങള്‍ക്കിടയിലൂടെ അങ്ങു താഴെ അരുണാചലേശ്വരനെ കാണാനാകുമെന്ന്  എല്ലാവരും പറഞ്ഞു. ഗുഹയില്‍  ഒരു ശിവലിംഗമുണ്ട്.  രമണ മഹര്‍ഷി ധ്യാനിച്ചിരുന്ന ഈ ഗുഹയില്‍  വിദേശികളും സ്വദേശികളുമായ പലരും  പത്മാസനത്തില്‍ ധ്യാനനിരതരായിരുന്നു. കൃത്യമായി നിവര്‍ന്നിരുന്നാല്‍ ഗുഹയുടെ  മേല്‍ത്തട്ടില്‍ ശിരസ്സ് സ്പര്‍ശിക്കുമത്രേ. ധ്യാനിക്കുന്നവരെ ശല്യപ്പെടുത്തേണ്ടെന്ന് വെച്ച് ഞാന്‍  ആ പരീക്ഷണത്തിനു മുതിര്‍ന്നില്ല.

നീര്‍  സമൃദ്ധിയേറിയ ഒരു കുളത്തേയും  ഉല്ലാസത്തോടെ കുളിക്കുന്ന  കുട്ടികളേയും  അതിന്‍റെ തീരത്തിരിക്കുന്ന ഒരു കനത്ത ജടാധാരിയേയും പിന്നിട്ട്  അരുണാചലേശ്വരന്‍റെ  സമീപമെത്തിച്ചേരുന്ന വഴിയിലൂടെ  ഞങ്ങള്‍  മടക്കയാത്ര  ആരംഭിച്ചു.

ആ വഴിയില്‍  ഒരുപാട് യാചകരുണ്ടായിരുന്നു. വയസ്സു  ചെന്ന  സ്ത്രീകളായിരുന്നു അതില്‍ അധികവും. താഴോട്ട്  വരുന്തോറും അഴുക്കും  വിസര്‍ജ്ജ്യങ്ങളും ചെറു വീടുകളും നിറഞ്ഞ ചേരിയുടെ ഗന്ധം പടരാന്‍ തുടങ്ങി. കീറിയ കൊമ്പു മുറത്തിലിട്ട് അരി പെറുക്കുന്ന,  ചാണക വരളികള്‍ തിരുകി, പുക നിറഞ്ഞ  അടുപ്പു ഊതിയൂതിക്കത്തിക്കുന്ന  പെണ്ണുങ്ങള്‍. മൂക്കിളയൊലിപ്പിക്കുന്ന നഗ്നരായ  കുട്ടികള്‍. പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച മാലിന്യങ്ങള്‍ പലയിടത്തും അസഹനീയമായ ദുര്‍ഗന്ധം പരത്തുന്നു.    ഭാഗം രമണാശ്രമത്തിന്‍റെ  മേല്‍നോട്ടത്തിലല്ലെന്നും  അതാണിങ്ങനെ നാശമായിക്കിടക്കുന്നതെന്നും ആശ്രമത്തിലെ ചിലര്‍ പിന്നീട് പറഞ്ഞു  തന്നു. ലോകമെല്ലാം ഒന്നെന്ന് പറഞ്ഞ, ഞാനാരെന്ന് പേര്‍ത്തും പേര്‍ത്തും ശങ്കിച്ച  രമണമഹര്‍ഷിയെ ആശ്രമത്തിലെ സദ്ഗുരുവാക്കിയപ്പോള്‍ സംഭവിച്ച അതിര്‍ത്തി തിരിവാകണം അത്. 

പൊടുന്നനെ ആരോ കൈയില്‍  പിടിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ കണ്ടത്  രണ്ടു കൊച്ചുപെണ്‍കുട്ടികളെയാണ്. സര്‍ക്കാര്‍ പള്ളിക്കൂടത്തിന്‍റെ  യൂണിഫോം  ധരിച്ച പിഞ്ചു കുഞ്ഞുങ്ങള്‍.. അഞ്ചും ആറും വയസ്സു  കാണും. 

ഒരു പെന്ന്  വാങ്കിക്കൊടുപ്പീങ്കളാ  എന്നാണ് ചോദ്യം..  പേന കൊടുത്തപ്പോള്‍ കടയില്‍ അടുക്കി വെച്ചിട്ടുള്ള  ബിസ്ക്കറ്റ് പാക്കറ്റുകളിലേക്ക്     കുഞ്ഞിക്കണ്ണുകള്‍ ആര്‍ത്തിയോടെ നീളുന്നത് ഞാന്‍  കണ്ടു. 

ഓരോ പാക്കറ്റ്  ക്രീം ബിസ്ക്കറ്റ് കൈയില്‍ പിടിപ്പിച്ചപ്പോള്‍   അവര്‍ നിലാവു പോലെ  ചിരിച്ചു.

അരുണാചലേശ്വരര്‍  കാപ്പാത്തട്ടും  എന്നൊന്നും  വാഴ്ത്ത്  പറയാന്‍  അവര്‍ പഠിച്ചു കഴിഞ്ഞിരുന്നില്ല. 

എന്തുകൊണ്ടാവും ജീവിതത്തിലാദ്യം  കാണുന്ന എന്നോട്  കുട്ടികള്‍ പേന ചോദിച്ചത്?
കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാവാന്‍  വഴിയില്ല.  കിട്ടിയാല്‍  ലാഭം അല്ലെങ്കില്‍  പോട്ടെ   എന്ന്  കരുതീട്ടായിരിക്കുമോ? അതുമല്ലെങ്കില്‍ ഗതികേടുകൊണ്ടായിരിക്കുമോ?
 
ആ  കുഞ്ഞുങ്ങളുടെ ജീവിതാവസ്ഥയെപ്പറ്റി വിചാരിച്ചുകൊണ്ട് മലയിറങ്ങി  ഞാന്‍ അരുണാചലേശ്വരന്‍റെ സമീപമുള്ള  റോഡിലേക്കെത്തിച്ചേര്‍ന്നു.

( തുടരും )

27 comments:

സമീരന്‍ said...

നല്ല കുറിപ്പ്....

Mubi said...

യാത്ര തുടരട്ടെ എച്ച്മു...

ശ്രീ said...

"കിട്ടിയാല്‍ കിട്ടി" എന്നു കരുതി ചോദിച്ചതാകുമെന്നാണ് തോന്നുന്നത്.

യാത്ര തുടരട്ടെ

വീകെ said...

പേന തിരിച്ച് കടയിൽ തന്നെ കൊടുത്താൽ കിട്ടുന്ന സമ്പാദ്യമാവും തൽക്കലം അവരുടെ ഉന്നം...
ഈ യാത്രയുടെ ഒന്നും പടം പിടിച്ചില്ലായോ എഛ്മൂട്ടിയേയ്....?
ആശംസകൾ.......

അഭി said...

യാത്രയിൽ വായിച്ചിരുന്നു .....

ആശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നതുകൊണ്ടാവാം അനവധി കുരങ്ങന്മാരുണ്ടെങ്കിലും അവര്‍ നടന്നു കയറുന്നവരെ ശല്യം ചെയ്യാത്തത്. "

വെറുതെ മുന്നിൽ കാണുന്നവരെ ഉപദ്രവിച്ച് രസിക്കാനുള്ള മനസ്ഥിതി മനുഷ്യവർഗ്ഗത്തിന് മാത്രമല്ലെ ഉള്ളു എച്മൂ

ചന്തു നായർ said...

ഞാൻ തികഞ്ഞ അത്ഭുതത്തോടെയാണ് ഇതും വായിക്കുന്നത്.കാഴ്ചകൾ തേടി,അറിവുതേടി,എച്ചുമുക്കുട്ടിയുടെ യാത്രകൾ..ഒരു നല്ല നമസ്കാരം മാത്രം പറയുന്നു......

aswathi said...

കൂടെ യാത്ര ചെയ്ത സുഖമാണ് ഇത് വായിക്കുമ്പോൾ കിട്ടുക ..

നന്നായിട്ടുണ്ട് ...തുടരൂ എച്മു ..

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

പടങ്ങള്‍ മനസ്സില്‍ തെളിയുന്നു.

Echmukutty said...

ആദ്യവായനയ്ക്കെത്തിയ സമീരനു നന്ദി.

മുബിയും ശ്രീയും വായിച്ചല്ലോ സന്തോഷം.. അങ്ങനെ വിചാരിക്കുമോ കുഞ്ഞുങ്ങള്‍ ശ്രീ.. ? അവരുടെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നുണ്ടായിരുന്നില്ല.

വി കെ മാഷേ, അത്ര വളവും പിരിവുമൊക്കെ അഞ്ചാറു വയസ്സില്‍ ഉണ്ടാകുമോ കുട്ടികള്‍ക്ക്? പടമൊക്കെ എടുത്തു.. ബ്ലോഗില്‍ ഇടാന്‍ പറ്റുന്നില്ല. യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇട്ടിട്ടുണ്ട്.

Echmukutty said...

അഭിക്ക് നന്ദി.
അത് ഡോക്ടര്‍ സാര്‍ പറഞ്ഞത് നൂറു ശതമാനം ശരി...
ചന്തുവേട്ടന്‍ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം..
അശ്വതിക്കും സുബ്രഹ്മണ്യനും നന്ദി..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നല്ല എഴുത്തിനു നന്ദി പറയില്ല ,,ഓ ,എന്തോന്ന് തിരുവണ്ണര്‍മല എന്ന് ചിരിചു തിരിച്ചു പോകുന്നു ,അടുത്ത ഭാഗത്തിനെക്കുറിച്ചുള്ള ആകാംക്ഷ വെളിവാക്കാതെ

പട്ടേപ്പാടം റാംജി said...

രണ്ടാം ഭാഗവും നന്നായി.
ഗുഹക്കകത്തും പരിഷ്കാരങ്ങള്‍ ആയി അല്ലെ...
ഒരു മാസാലദോശ മാത്രമേ കിട്ടിയുള്ളൂ...
അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങിയ അനുഭൂതി ലഭിച്ചു.

ajith said...

യാത്ര തുടരൂ
വായിക്കാന്‍ നല്ല രസമുണ്ട്

Cv Thankappan said...

യാത്രാനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതിന്‍റെ ഗുണം അനുവാചകന് ലഭിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.അറിഞ്ഞിട്ടില്ലാത്ത പല വിവരങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നു.
മഹാന്മാരായ എഴുത്തുക്കാരുടെ യാത്രാവിവരണഗ്രന്ഥങ്ങള്‍ അതിന് ഉദാഹരണമാണ്.........
യാത്ര തുടരട്ടേ, അതുപോലെത്തന്നെ ഇതുപോലുള്ള കുറിപ്പുകള്‍ ഇനിയുമിനിയും എഴുതുവാനും കഴിയുമാറാകട്ടെ.
ആശംസകളോടെ

Sabu Kottotty said...

എച്ച്മു,
യാത്രയിൽ കണ്ടുമുട്ടുന്ന ഇത്തരം ബല്യങ്ങളെ അവഗണനയിലോ അവജ്ഞയിലോ മുക്കി നടക്കാനാണ് കൂടുതൽപേർക്കും താല്പര്യം. അവരുടെ അവസ്ഥയുടെ പിന്നാമ്പുറങ്ങൾ അധികാരികളോ മറ്റാരെങ്കിലുമോ ചികയാൻ മിനക്കെടുന്നില്ല. അരീക്കോടന്മാഷിന്റെ ഡൽഹിയാത്രയിൽ അദ്ദേഹം എടുത്ത അനേകം ഫോട്ടോകളിൽ താജ്‌മഹൽ എന്ന മഹാ സൗധത്തിന്റെ പിന്നാമ്പുറത്ത് മാലിന്യക്കൂമ്പാരത്തിൽ അന്നം തേടുന്ന രണ്ടു കുരുന്നുകളെ കാണാനിടയായി. ലക്ഷക്കണക്കിനു രൂപ പ്രവേശനഫീസിനത്തിൽ വരുമാനമുള്ള പല സ്ഥലങ്ങളിലെയും പരിസരങ്ങളുടെ അവസ്ഥ ഇങ്ങനെ തന്നെയാണെന്നാണ് മനസിലാകുന്നത്. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കും എന്നു വീമ്പിളക്കുന്ന ഭരണാധികാരികളിലാർക്കും തന്നെ ദാരിദ്ര്യം എന്തെന്നറിയില്ലെന്നതാണു വസ്തുത. വിലപിക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത സമൂഹമായി നമ്മൾ മാറിയിരിക്കുന്നു. അപൂർവ്വമായെങ്കിലും അവരെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളിൽ അതിനു തുനിയുന്നവരെ ബഹുമാനിക്കേണ്ടതുണ്ട്. ബൂലോകത്തെ എന്റെ നല്ല സുഹൃത്തിന് നല്ലതുമാത്രം വരട്ടെയെന്നും തുടർന്നും ചെറുതെങ്കിലും ഇത്തരം സന്തോഷങ്ങൾ അനുഭവിക്കുവാനുള്ള ഭാഗ്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Pradeep Kumar said...

യാത്രയിൽ വായിച്ചിരുന്നു....
യാത്ര തുടരുക....

nalina kumari said...

തമിഴ് നാട്ടില്‍ ഓട്ടോ ഒരിക്കലും ഒരു സാധാരണക്കാരന്‍റെ വാഹനമാകുന്നില്ല. വളരെ ശരിയാണ് എച്മു.
എച്ച്മുവിനു മസാല ദോശ കിട്ടി. കൂടെയുള്ള മറ്റുള്ളവര്‍ ( ഭര്‍ത്താവും കൂട്ടുകാരായ വാസ്തു ശില്‍പ്പികളും )എന്ത് കഴിച്ചു?
മരങ്ങളുടെ തൊട്ടിലിലാണ് സ്കന്ദ ഗുഹ. നഗര നിരപ്പില്‍ നിന്ന് ഏകദേശം എണ്ണൂറടി മുകളില്‍.
കാണാന്‍ ആഗ്രഹമുണ്ടെങ്കിലും ഇനി ആശയടക്കം പുണ്യമാണെന്ന് കരുതി ജീവിക്കുമ്പോള്‍ ഈ വായന അവിടെ എത്തിയ പ്രതീതി ഉണ്ടാക്കി.
ആ നിലാവ് പോലുള്ള ചിരി പോരെ നമ്മുടെ മനസ്സ് കുളിര്‍ക്കാന്‍..അവരുടെയും...!

haneef kalampara said...

നാട്ടിലെ ഞങ്ങളുടെ വല്യുപ്പയുടെ സ്ഥലത്തൊരു ഗുഹയുണ്ട്.. (വസ്തു മറ്റൊരു കൂട്ടർക്ക് മറിച്ചു വില്ക്കപ്പെട്ടു) ഒരാള്ക്ക് മാത്രം ഇറങ്ങാവുന്ന ഗുഹാ മുഖത്തൂടെ ഉള്ളിലെത്തിയാൽ പ്രവിശാലമായൊരു ഹാളും അതിനപ്പുറം ചെറിയൊരു മുറിയുംന്ദ് .. മറ്റൊരു വഴിയിലൂടെ പുറത്തു കടക്കുകയുമാവാം.. എന്റെ ചെറുപ്പ കാലത്ത് അവിടുണ്ടായിരുന്ന മുതിർന്നവരോടൊക്കെ അതിന്റെ ഭൂതം അന്വേഷിച്ചപ്പോൾ അവരുടെ കുട്ടിക്കാലത്ത് തന്നെ ആ ഗുഹ (ഞങ്ങൾ നരിമട -അവിടെ ഒരു നരി മുമ്പ് തങ്ങിയ കാരണം- എന്ന് വിളിക്കുന്നു) അതുപോലെ ഉണ്ടെന്നായിരുന്നു മറുപടി..
ആ കുഗ്രാമത്തിലെ, അന്നന്നത്തെ അഷ്ടിക്കു കഷ്ടപ്പെടുന്ന പാവങ്ങൾ ഐതിഹ്യങ്ങൾ മെനെഞ്ഞെടുക്കുന്നതിൽ അത്ര നൈപുണ്യരല്ലായിരുന്നു, അത് കൊണ്ടുതന്നെ അവിടോരാശ്രമമോ ഒരു മഹർഷിയൊ ഒരു സംസ്കാരമോ രൂപം കൊണ്ടില്ല...

എച്മു ചേച്ചീ... ലോവ് യു <3 :)

UMA said...

വായിച്ചു എച്ച്മൂ ............
ഇഷ്ടായി നന്നായിട്ടുണ്ട് എന്നൊക്കെയ് എന്നും എപ്പഴും പറയാൻ ഉള്ളൂ.

സാജന്‍ വി എസ്സ് said...

വായിച്ചു,ഇഷ്ടപ്പെട്ടു....ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..

vettathan g said...

ഈ കുറിപ്പുകള്‍ ഒരു പ്രചോദനമാണ്. 2014ല്‍ യാത്രക്ക് തമിള്‍ നാട് തന്നെയാവട്ടെ.
കാര്യങ്ങള്‍ വിലയിരുത്തുന്ന രീതി ശ്രദ്ധിക്കുന്നുണ്ട്.

Echmukutty said...

ഈ യാത്രയില്‍ കൂടെ വന്നവര്‍ക്കെല്ലാം നന്ദി..ഇനിയും വരിക..

asharafmuzhappilangad said...

Yaathrayude sugavum,chinthayude balavum anubhavichu.

ബിലാത്തിപട്ടണം Muralee Mukundan said...

സ്കന്ദ ഗുരു എന്ന് കേട്ടിട്ടുണ്ട് ..
ഈ ഗുഹ ആദ്യായിട്ടാണ് കേൾക്കുന്നത്..!

പിന്നെ എച്മുവിന്റെ യാത്രനുവങ്ങൾക്കൊപ്പം വന്നാൽ‌പ്പിന്നെ അവിടെ പിന്നെ നാം നേരിട്ട് പോകേണ്ട ആവശ്യമേ ഇല്ലല്ലോ അല്ലേ

ശ്രീനാഥന്‍ said...

ആത്മീയം ഒരു തട്ടിപ്പു മാത്രമാണോ എന്ന സംശയം എനിക്കൊരിക്കലും തീർന്നിട്ടില്ല.എങ്കിലും രമണമഹർഷിയെപ്പോലുള്ള ഒരു മഹാത്മാവിനെ ഓർക്കാൻ ഈ കുറിപ്പ് സഹായിക്കുന്നു. സ്കന്ദ-വിരൂപാക്ഷഗുഹകൾ, ചുറ്റുമുള്ള ദയനീയമായ ജീവിതചുറ്റുപാടുകൾ എല്ലാം ഈ കുറിപ്പിൽ നന്നായി വന്നിരിക്കുന്നു. നന്ദി.

കല്ലോലിനി said...

വാക്കുകളാല്‍ പെയ്യുന്ന രസകരമായ കാഴ്ചകൾ..!!