Saturday, January 11, 2014

ഇലഞ്ഞിപ്പൂമണമേറ്റുറങ്ങുമൊരു ആദി തിരുവരംഗര്‍

https://www.facebook.com/groups/1945563405669128/permalink/2608190409406421/



https://www.facebook.com/groups/yaathra/permalink/565432090213516/

( ഫേസ്ബുക്കിലെ കുറിഞ്ഞിപ്പൂക്കളിലും യാത്രയിലും പോസ്റ്റ് ചെയ്തത് )


ചില യാത്രകളില്‍ ഇത്തരം ചില  അനുഭവങ്ങളുണ്ടാകാറുണ്ട്..

വ്യത്യസ്തമായ ഇടങ്ങളില്‍ താമസം...   രാത്രി  ഉറക്കം..  ശീലിച്ചിട്ടില്ലാത്ത  ജീവിത രീതികള്‍.... പ്രത്യേക തരം  മനുഷ്യബന്ധങ്ങള്‍... പുതുരുചികളിലുള്ള  ഭക്ഷണം..

ഓരോ അനുഭവവും  മനുഷ്യനെന്ന  ജീവിയുടെ  അനന്തവൈചിത്ര്യങ്ങളെ ഓര്‍മ്മിപ്പിക്കും.. യാത്രികര്‍ക്ക്  ആരേയും വിധിക്കാന്‍ അവകാശമില്ല..മൃദുലമായ പായല്‍നാരുകള്‍   പോലും പുരളാനനുവദിക്കാതെ ജലത്തിലൂടെ ഉരുണ്ടുരുണ്ട്  പോകുന്ന കല്ലുകള്‍ ആരുടെയും പാദങ്ങളെ  മുറിപ്പെടുത്തുന്ന  ഏണും കോണുമില്ലാത്തവയായിരിക്കുമല്ലോ... അതുപോലെയാണ് ഓരോ  യാത്രികരും..

ഹേ,  സഞ്ചാരീ നിങ്ങളെവിടെ നിന്നു വരുന്നു..
ഹേ, സഞ്ചാരീ  നിങ്ങളെവിടേക്കു  പോകുന്നു...

അതെ, സഞ്ചാരി എല്ലാം കാണുന്നു... കടന്നു പോകുന്നു.  അതുകൊണ്ടാവണം  ദേശാടനക്കാരോട് പലരും അറിയാതെ മനസ്സു  തുറന്ന് പോകാറുണ്ട്.. വേദനകളും വിങ്ങലും  മാത്രമല്ല കൊതിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന  അപൂര്‍വ ലഹരികളും  പങ്കുവെക്കാറുണ്ട്.. 

മണ്‍തറയില്‍  ചിത്രപ്പണികളുള്ള ഒരു  പുല്‍പായ വിരിച്ച്  തലയിണയും പുതപ്പുമായി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു കീഴെ ...  തണുത്ത കാറ്റുതിര്‍ക്കുന്ന മൃദുലമായ  ദലമര്‍മ്മരങ്ങള്‍ ശ്രവിച്ച്... ഈ ലോകത്താരോടും ഒരു വഴക്കുമില്ലാതെ.. ദാ  ഒരു ജീവന്‍ ഉറങ്ങാന്‍ കിടക്കുന്നു.. അങ്ങനെ എല്ലാം തുറന്ന  ഒരു മുറിയില്‍ ഉറങ്ങുന്നതും ഒരു  അനുഭവമാണ്.. ആ അനുഭവത്തില്‍  മാത്രം മനസ്സിലാകുന്ന ചില  കാര്യങ്ങളുമുണ്ട്.

ഓരോ നാട്ടിലേയും അന്തരീക്ഷത്തിനു വേറെ വേറെ  ഗന്ധമാണ്..  ഇളം കാറ്റും കുഞ്ഞു  തണുപ്പും രാത്രി മണങ്ങളും  എല്ലാം വ്യത്യസ്തമാണ്... ആകാശമേലാപ്പും അതില്‍ തുന്നിപ്പിടിപ്പിച്ച താരകമിനുക്കങ്ങളും മാത്രമേ എവിടെയാണെങ്കിലും സ്വന്തം  കണ്‍ ചിമ്മലിലൂടെ  പരിചിതരാകാറുള്ളൂ.. താങ്ങാനാവാത്ത  നഷ്ടപ്പെടലുകളുടെ വിങ്ങുന്ന കാലങ്ങളില്‍ ആ കണ്‍ ചിമ്മലുകളോട്  ഞാനൊരുപാട്  സങ്കടം പറഞ്ഞിട്ടുണ്ട്. അതാവണം  ഉറങ്ങിക്കൊള്ളൂ എന്ന് പഴയ  പരിചയമോര്‍മ്മിച്ച്  അപ്പോഴും എന്നെ നിഷ്ക്കളങ്കമായ വാല്‍സല്യത്തോടെ താലോലിച്ചത്..

നിശാപുഷ്പങ്ങളുടെ  ഗന്ധവും  രാപ്പാടികളുടെ താരാട്ടും എന്നെ തേടിയെത്തി.

രാരീ....രാരീരം ...രാരോ

കണ്ണു മിഴിച്ചത് അരുണാചലേശ്വരന്‍റെ കടുംനീലിമയില്‍  തൂവെണ്മ പുതച്ച  നേര്‍ത്ത മഞ്ഞിലേക്കാണ്.. സൂര്യന്‍  മെല്ലെ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ.. അരുണരശ്മികളും മഞ്ഞും തമ്മില്‍ കുസൃതിയോടെ കണ്ണുപൊത്തിക്കളിക്കുമ്പോള്‍  ... ഞാന്‍  ആദിതിരുവരംഗരെ  കാണാനിറങ്ങി.. 
 
തിരുവണ്ണാമലയ്ക്കപ്പുറം  തിരുക്കോവിലൂരില്‍  നിന്ന്  പതിനാറുകിലോ മീറ്റര്‍ ദൂരമുണ്ട്  ആദി തിരുവരംഗര്‍ അമ്പലത്തിലേക്ക്.   ടൌണ്‍  കടന്നാല്‍  പിന്നെ  പച്ചപുതച്ച പാടങ്ങള്‍  തന്നെയാണ് റോഡിനിരുവശത്തും.. ഇടയ്ക്ക് കരിമ്പച്ച നിറത്തില്‍  മാന്തോപ്പുകളും ഉണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളിലുള്ള സാരി ധരിച്ച  തമിഴ്  അഴകികള്‍ രാവിലെ തന്നെ കൃഷിയിടങ്ങളില്‍ ജോലി ആരംഭിച്ചു കഴിഞ്ഞിരുന്നു. സൂര്യരശ്മികളുടെ പൊന്‍നിറം അവരുടെ  കറുത്ത തൊലിയില്‍ ശോഭയുള്ള  ആഭരണങ്ങള്‍ തീര്‍ത്തു.

അനേകായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള  ക്ഷേത്രമാണത്രേ  ആദി തിരുവരംഗരുടേത്. കൃതയുഗത്തില്‍ നിര്‍മ്മിച്ചതെന്നും മല്‍സ്യാവതാരത്തോളം പഴക്കമുണ്ടെന്നും കഥകള്‍.. മുഴുവന്‍ വറ്റി വരണ്ട് പോയ  തെക്കന്‍ പൊന്നി    നദിക്കരയിലാണ് പതിനഞ്ചടിയിലധികം  നീളമുള്ള അനന്തശയന വിഗ്രഹം  പ്രതിഷ്ഠിച്ചിരിക്കുന്ന ഈ  ക്ഷേത്രം.  ലോകത്തിലെ  ഏറ്റവും വലുപ്പമേറിയ അനന്തശയന വിഗ്രഹമാണിതെന്നും  വിശ്വാസമുണ്ട്. പൊന്നി  നദി  ബംഗാള്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കിയാണ്  ഒഴുകിയിരുന്നത്.   നദി  എത്ര  വിസ്തൃതമായിരുന്നുവെന്ന്  കാണുമ്പോള്‍  ശരിക്കും സങ്കടം തോന്നും. ഇപ്പോള്‍ ഉണക്ക നദിയില്‍ പലതരം പച്ചക്കറികള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.
അസുരന്മാര്‍  മോഷ്ടിച്ച വേദങ്ങള്‍ വിഷ്ണു മല്‍സ്യാവതാരമെടുത്ത്,  ബ്രഹ്മാവിനു  വീണ്ടെടുത്ത് നല്‍കിയെന്നും കുറച്ചു വേദപാഠങ്ങള്‍ ബ്രഹ്മാവിനു  ഇവിടെ വെച്ച് പഠിപ്പിച്ചു  കൊടുത്തെന്നും  ഒരു കഥയുണ്ട്. ഇരുപത്തേഴു ഭാര്യമാരില്‍  ഒരു ഭാര്യയെ മാത്രം സ്നേഹിച്ച  ചന്ദ്രനെ മറ്റു ഭാര്യമാര്‍ ശപിച്ചെന്നും തിരുവരംഗരെ പ്രാര്‍ഥിച്ച ചന്ദ്രനു ശാപമോക്ഷം കിട്ടിയെന്നുമാണ്  മറ്റൊരു  കഥ. കൃതയുഗത്തിലെ  ശ്രുതകീര്‍ത്തിയെന്ന രാജാവിനു  സന്താനമുണ്ടായതും തിരുവരംഗരുടെ  അനുഗ്രഹമെന്നും  വേറൊരു കഥയുമുണ്ട്. ഇത്തരം കഥകള്‍ക്ക് പഞ്ഞമേയില്ല. 
അമ്പലം  ദരിദ്രമാണ്. യാചകര്‍  കൂട്ടമായി  ഭിക്ഷ ചോദിക്കുന്നത്  ശരിക്കും ദൈന്യമുളവാക്കും.  പ്രധാന ഗോപുരം  നന്നെ ക്ഷീണാവസ്ഥയിലാണ്. കൂറ്റന്‍ മതില്‍ക്കെട്ട്  പലയിടത്തും തകര്‍ന്നു കിടക്കുന്നു.  ധാരാളം തേക്കുമരങ്ങള്‍ക്കിടയിലൂടെയുള്ള  വലിയ  പ്രദക്ഷിണവഴിയും  ക്ഷേത്രാവശ്യങ്ങള്‍ക്കായി നട്ടുവളര്‍ത്തുന്ന പൂന്തോപ്പും ആഹ്ലാദം  പകരും.  ലക്ഷ്മിദേവിയെ രംഗനായകി തായാര്‍ എന്ന പേരില്‍  പ്രതിഷ്ഠിച്ചിട്ടുണ്ട്.

കല്ലു  പതിച്ച കോണിപ്പടികള്‍ കയറി  ഗോപുരത്തിന്‍റെ  മുകള്‍ത്തട്ടിലും  വിശാലമായ അമ്പലക്കെട്ടിടത്തിന്‍റെ  മുകള്‍പ്പരപ്പിലും  പോകാന്‍  കഴിയുമെന്നത് വലിയൊരു  പ്രത്യേകതയാണ്. സധാരണ അമ്പലങ്ങളില്‍  ഇത്  സാധിക്കുകയില്ല. തിരുവരംഗര്‍  ഉറങ്ങുന്നത് പടര്‍ന്നു പന്തലിച്ച ഒരു   ഇലഞ്ഞിമരത്തിന്‍റെ  ശീതളച്ഛായയിലാണെന്ന്  അവിടെ  കയറിച്ചെന്നപ്പോഴെ എനിക്ക്  മനസ്സിലായുള്ളൂ. അതീവ സുഗന്ധിയായ  കൊച്ചുകൊച്ചു ഇലഞ്ഞിപ്പൂക്കള്‍ നിത്യാര്‍ച്ചന പോലെ അവിടെ  പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. പൂക്കളുടെ  സുഖദമായ മണമേറ്റുറങ്ങുന്ന ആ  അനന്തശയനവിഗ്രഹം പുരുഷസൌന്ദര്യത്തിന്‍റെ  തികവു തന്നെയായിരുന്നു.  അഗാധമായി  സ്നേഹിക്കുന്ന പുരുഷനിലേക്ക്  ആ രൂപം പരിവര്‍ത്തിപ്പിക്കാന്‍ ഏതു പെണ്ണിനും അതിയായ  ആഗ്രഹം  തോന്നും.. ആ കൈമടക്കില്‍ തലചായിച്ചുറങ്ങാന്‍ ആശ  തോന്നും.  അത്രമാത്രം ആകര്‍ഷണീയതയുള്ള വശ്യരൂപം. തിരുവട്ടാര്‍ അമ്പലത്തിലെ  ആദികേശവപ്പെരുമാളും ഇതു പോലെ മനോമോഹനമായ ഒരു അനന്തശയന വിഗ്രഹമാണ്.. ഈ രണ്ടു  വിഗ്രഹങ്ങളിലും വിഷ്ണുവിന്‍റെ  നാഭിയില്‍  നിന്നുയരുന്ന ബ്രഹ്മകമലവും അതിലിരിക്കുന്ന ബ്രഹ്മാവും ഇല്ല. ആദ്യപ്രളയത്തിനു മുന്‍പേയുള്ള അനന്തശയനമാണിതെന്നാണ് സങ്കല്‍പം.  ശ്രീരംഗത്തെ രംഗനാഥരും തിരുവനന്തപുരത്തെ പത്മനാഭസ്വാമിയും  ബ്രഹ്മകമലമുള്ളവരാണ്. ആദ്യപ്രളയത്തിനു ശേഷമുള്ള അനന്തശയനരൂപമാണവരുടേത്. അതുകൊണ്ട് തന്നെ മാനുഷികമായ ഒരു  അടുപ്പവും സ്നേഹവും അവയോട് നമുക്ക് ഉണ്ടാവാന്‍ വയ്യ.

പൊതുവേ  അമ്പലങ്ങളില്‍ അങ്ങനെ  കാണാറില്ലാത്ത  വിചിത്രാകൃതിയിലുള്ള ഒരു ധാന്യപ്പുര ഇവിടെയുണ്ട്. ഇന്ന് ധാന്യപ്പുര  ശൂന്യമാണെങ്കിലും.. അതിന്‍റെ  ഭീമാകൃതി നമ്മില്‍ അതിശയമുണ്ടാക്കാതിരിക്കില്ല. യുദ്ധകാലങ്ങളില്‍ ഇവിടെ  ധാന്യം സംഭരിച്ചിരുന്നിരിക്കണം... വളരെ വളരെ പഴയ  കാലങ്ങളില്‍ ഉപയോഗത്തിലുണ്ടായിരുന്ന ചെറിയ തരം ഇഷ്ടികകള്‍ കൊണ്ട്  നിര്‍മ്മിച്ച ഈ ധാന്യപ്പുരയും ഒരു വാസ്തുവിദ്യാവിസ്മയമാണ്. ഇഷ്ടികകള്‍ കൊണ്ട്  നിര്‍മ്മിച്ച സണ്‍ഷേഡും ഡോമുമെല്ലാം ആരിലും കൌതുകമുണര്‍ത്തും. ചെറിയ ശബ്ദം പോലും  പ്രതിധ്വനിച്ചിരുന്നു  ആ ധാന്യപ്പുരയില്‍.. തുമ്പക്കുടവും കൊച്ചാലുമെല്ലാം ഇഷ്ടികകളുടെ വിടവില്‍ നിന്ന് തലയാട്ടിക്കൊണ്ടിരുന്നു.കുശലം പറഞ്ഞുകൊണ്ടിരുന്നു.  

കുറെ ഏറെ യാചകര്‍ക്ക് നാണയത്തുട്ടുകള്‍  നല്‍കി മടങ്ങിപ്പോരുമ്പോള്‍  ഒരു  പാട്ടി  എന്‍റെ  സല്‍വാറില്‍ കടന്നു പിടിച്ചു. അവര്‍ക്ക് അല്‍പം കൂടി എന്തെങ്കിലും കൊടുക്കാമോ  എന്നായിരുന്നു ചോദ്യം.  ഒരു നിമിഷം  മടിച്ചു നിന്ന  അവര്‍ എന്നോട്  ഒരു മാസം മുന്‍പ് മരിച്ചു  പോയ  കൊച്ചുമകനെപ്പറ്റി  പറഞ്ഞു. അവനെ  നേരാംവണ്ണം ചികില്‍സിക്കാനോ  എന്തിനു ഭക്ഷണം കൊടുക്കാനോ അവര്‍ക്ക് കഴിഞ്ഞില്ലെന്നും അവനെ ഓര്‍ക്കുമ്പോള്‍ വയറെരിയുന്നുവെന്നും...  കൂടുതല്‍ വിശക്കുന്നുവെന്നും...  അവന്‍റെ  വിശപ്പാണതെന്നും.. മറ്റും...

അവരുടെ പുറകില്‍  വിചിത്രാകൃതിയില്‍  ശില്‍പസൌഭഗമിയന്ന  ശൂന്യമായ ധാന്യപ്പുരയും  കണ്ണടച്ചുറങ്ങുന്ന തിരുവരംഗരും  അവസാനിക്കാത്ത  ദൈന്യമായി. 
 
പാട്ടിയുടെ  കുണ്ടില്‍പ്പെട്ട കണ്ണുകളും മെലിഞ്ഞൊട്ടിയ ദേഹവും  എന്‍റെ  ഹൃദയത്തെ പിടിച്ചുലച്ചു.  

(തുടരും)

16 comments:

Manoj Vellanad said...

ആദി തിരുവരംഗര്‍.. അറിയില്ലായിരുന്നു.. നന്ദി...

പഴയ കാലത്തെ പ്രതിഷ്ഠയും ആചാരങ്ങളും ജീവിതവുമായി വളരെയധികം ഒട്ടി നിന്നിരിക്കണം ല്ലേ.. അതുകൊണ്ടായിരിക്കണം അവയോടു കൂടുതല്‍ അടുപ്പം നമുക്ക് തോന്നുന്നതും..

drpmalankot said...


Kettittilla.
Nalla vivaranam. Aashamsakal.

പട്ടേപ്പാടം റാംജി said...

വെറും ഒരു യാത്രാവിവരണം മാത്രമാക്കാതെ ആ കാഴ്ചയിലൂടെ തുറന്നിടുന്ന നിരീക്ഷണങ്ങള്‍ ജീവിതവുമായി ബന്ധിപ്പിക്കുന്നു. ധാന്യപ്പുര ഇപ്പോള്‍ ഒരു പുര മാത്രമായി നിലനില്‍ക്കുമ്പോള്‍ അവസാനം വിശപ്പുമായി എത്തുന്ന പാട്ടിയില്‍ പലതും ഒളിഞ്ഞിരിക്കുന്നു.

Akakukka said...

ആദി തിരുവരംഗര്‍.. അറിയില്ലായിരുന്നു..
പരിചയപ്പെടുത്തിയതിന് നന്ദി..
ആശംസകള്‍...

വീകെ said...

നല്ല വിവരണം. ആദി തിരുവരംഗർ- എന്ന പെര് ആദ്യമായാണ് കേൾക്കുന്നത്.
ആശംസകൾ...

ajith said...

എച്മു കണ്ടതിനെപ്പറ്റി വിവരിക്കുന്നത് വായിക്കുമ്പോള്‍ വളരെ ഇന്റിമേറ്റ് ആയിട്ട് അനുഭവപ്പെടും

Cv Thankappan said...

"അവരുടെ പുറകില്‍ വിചിത്രാകൃതിയില്‍ ശില്‍പസൌഭഗമിയന്ന ശൂന്യമായ ധാന്യപ്പുരയും കണ്ണടച്ചുറങ്ങുന്ന തിരുവരംഗരും അവസാനിക്കാത്ത ദൈന്യമായി...."
വരിയില്‍ തെളിഞ്ഞുവരുന്ന ചിത്രങ്ങള്‍
നന്നായിരിക്കുന്നു വിവരണം.
ആശംസകള്‍

aswathi said...

ഇതൊക്കെ വായിച്ചു അവിടെയൊക്കെ പോകണമെന്ന് ആശിക്കാൻ തുടങ്ങിയിരിക്കുന്നു എച്മു ... ചെറിയ ഡോസായി, കൊണ്ടു പോവേണ്ട ആളിൽ ഈ ആഗ്രഹം കുത്തിവയ്ക്കാനും തുടങ്ങിയിരിക്കുന്നു :)

Pradeep Kumar said...

ആത്മീയതയും, ചരിത്രവും മേളിക്കുമ്പോള്‍ ഭാഷക്ക് ഒരു പ്രത്യേകചൈതന്യം രൂപപ്പെടുന്നത് നന്നായി ആസ്വദിച്ചു .....

യാത്രയിൽ വായിച്ചിരുന്നു. തിരുവണ്ണാമലൈക്ക് ചെന്നൈയിൽ നിന്ന് യാത്ര പുറപ്പെട്ടതുമുതൽ എച്ചുമുവോടൊപ്പമുണ്ട് - എച്ചുമു പറഞ്ഞതുപോലെ ഓരോ യാത്രയും മനുഷ്യനെന്ന ജീവിയുടെ അനന്തവൈചിത്ര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു....

ലംബൻ said...

എച്ചുമു ഒരു ഒരിടം കണ്ടാല്‍ ഞങ്ങള്‍ എല്ലാം കണ്ട മാതിരി..

Unknown said...

എച്ചുമു കുട്ടിയുടെ വിവരണത്തിലൂടെ ആദി തിരുവരംഗരുടെ തിരുനടയില്‍ എത്തിയ പ്രതീതി.. നല്ല വിവരണം.. അഭിനന്ദനങ്ങള്‍..

സാജന്‍ വി എസ്സ് said...

ആദി തിരുവരംഗര്‍ ക്ഷേത്രം അറിയില്ലായിരുന്നു....കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം..നല്ല വിവരണം..

ഭാനു കളരിക്കല്‍ said...

പല കഥയും പറയാൻ കഴിയുന്ന ഒരു ലിബറൽ വിശ്വാസമായിരുന്നു നമ്മുടേത്‌. ഒന്നിലും നമ്മൾ ഇതാണ് ശരി എന്ന് പറഞ്ഞു വാശി പിടിച്ചിരുന്നില്ല . ആ ബഹു സ്വരതയാണ് ഇന്ത്യയുടെ ആത്മാവ്.

മിനി പി സി said...

അനുവാചകരിലേയ്ക്ക് കാഴ്ച്ചയായ്‌ ഇറങ്ങിച്ചെല്ലുന്ന യാത്രാ വിവരണം .ആശംസകള്‍ എച്മു .

Muralee Mukundan , ബിലാത്തിപട്ടണം said...

ചരിത്രവും ഭക്തിയും
ഈ എഴുത്തിലൂടെ അരച്ചുകലക്കി
വായനക്കാരുടെ ദാഹം ശമിപ്പിക്കുന്ന
ഒരു സംഭാരമാണല്ലോ ഇത്.

തുമ്പി said...

അരുണാചലേശ്വറിന്റെ നീലിമയിലേക്കുള്ള പ്രവേശനവും,പാട്ടിയുടെ പുറകില്‍ വിചിത്രാകൃതിയില്‍ ശില്‍പസൌഭഗമിയന്ന ശൂന്യമായ ധാന്യപ്പുരയുടെ കണ്ണടച്ചുറക്കവും. ഈ തുടക്കവും ഒടുക്കവുമാണ് യാത്രയേക്കാള്‍ ഇഷ്ടപ്പെട്ടത്.