Wednesday, January 8, 2014

പേരുള്ള പത്മിനിയും ഒരു പേരു പോലുമില്ലാത്ത മറ്റനവധി സ്ത്രീകളും..


https://www.facebook.com/echmu.kutty/posts/233090286870273

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ഡിസംബര്‍  13  ന്  പ്രസിദ്ധീകരിച്ചത് )

തന്‍റെ  നെഞ്ചത്ത് മര്‍ദ്ദിക്കുകയും  തെറി വിളിക്കുകയും ചെയ്ത വിനോഷ് വര്‍ഗീസ് എന്നയാള്‍ക്കെതിരേ കൊടുത്ത പരാതിയില്‍  ട്രാഫിക് വാര്‍ഡനായ പത്മിനി ഉറച്ചു നില്‍ക്കുന്നു. ആ പെണ്ണത്തത്തിനു  ആ ഒറ്റ തള്ളയ്ക്ക്  പിറക്കലിനു ആദ്യമേ ഒരു സല്യൂട്ട്.   എല്ലാ  കഷ്ടപ്പാടുകളേയും  നേരിട്ടുകൊണ്ട്... കഷ്ടപ്പാടുകളെന്നു പറഞ്ഞാല്‍ അത്ര   നിസ്സാര കഷ്ടപ്പാടുകളൊന്നുമല്ല. അവഹേളനവും  അവഗണനയും  ദാരിദ്ര്യവും ദളിതതയും  ഒറ്റപ്പെടലും മാത്രമല്ല കുറ്റം ചെയ്തവനാണ്  തികച്ചും  ശരി... അയാളെയാണ്  എല്ലാ  നിലയിലും സഹായിക്കേണ്ടത്  എന്ന  അധികാരി  മനോഭാവവും കൂടി ഉള്‍പ്പെട്ട കഷ്ടപ്പാടുകള്‍ ... അവയെ പത്മിനി ധീരതയോടെ  നേരിടുന്നു.  വെറുതെ ഒരു നാട്യത്തിനായെങ്കിലും കുറ്റവാളികള്‍ക്കൊപ്പമല്ല തങ്ങളെന്ന്  തെളിയിക്കാന്‍ പോലും  പോലീസിനോ ഗവണ്‍മെന്‍റിനോ യാതൊരു താല്‍പര്യവുമില്ല. ഏതെല്ലാം വഴികളിലൂടെ പത്മിനിയെ  ഒതുക്കാം അവരുടെ മനസ്സുറപ്പിനെ നശിപ്പിക്കാം  പ്രതിയെ രക്ഷപ്പെടുത്താം  എന്ന ഗവേഷണമാണ് ആവേശപൂര്‍വം  നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനുതൊട്ടു മുന്‍പായിരുന്നു ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ടതായി പരാതി ഉയര്‍ന്നത്. ആ പരാതിയും ഒതുക്കപ്പെട്ടു. ശ്വേതാ മേനോന്‍ എന്ന  നടി പെരുവഴിയില്‍ പൊടിയും പുകയും തിന്നു പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൌകര്യമില്ലാതെ കഷ്ടപ്പെട്ടു  ജോലി ചെയ്യുന്ന ട്രാഫിക് വാര്‍ഡന്‍  പത്മിനിയുടെ ജീവിതപരിതസ്ഥിതിയുള്ള സ്ത്രീയല്ല. അവരും പൊതുസമൂഹത്തിന്‍റെ  കണ്ണില്‍  മറ്റൊരു രീതിയില്‍  കരടാണെന്നത് സത്യമാണെങ്കിലും ധനവും പ്രശസ്തിയും കൂടുതല്‍  സുരക്ഷിതമായ ജീവിതവും  അവര്‍ക്കുണ്ട്. അവരുന്നയിച്ച  പ്രശ്നം വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റുകയും  ചെയ്തു.  എന്നിട്ടും അവര്‍ക്ക് പൊരുതാന്‍ കഴിഞ്ഞില്ല. ആ  പരാതിയുടെ  ഉദ്ദേശ്യശുദ്ധിയെപ്പോലും ഭൂരിപക്ഷം പേരും സംശയിക്കുന്ന വിധത്തിലൊരു  പിന്മാറ്റമാണ് ശ്വേതയുടെ  ഭാഗത്തുനിന്നുണ്ടായത്. ശ്വേത സഹിക്കേണ്ടി വന്ന സമ്മര്‍ദ്ദങ്ങള്‍ തീര്‍ച്ചയായും വേറൊരു തലത്തിലായിരുന്നിരിക്കാം. അതുകൊണ്ടാവാം അങ്ങനെയൊരു പിന്മാറ്റമുണ്ടായത്.

സ്ത്രീകള്‍ക്ക് നേരെ  നടക്കുന്ന  ഒളിച്ചും മറച്ചും  പതുങ്ങിയും  ഉള്ള ലൈംഗിക പീഡനങ്ങള്‍ മാത്രമല്ല ഒതുക്കപ്പെടുന്നത് എന്നതിന്‍റെ  വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ് പത്മിനിയുടെ പോരാട്ടം.  അത്  പെരുവഴിയില്‍ പച്ചപ്പകലില്‍  യൂണിഫോമില്‍ ജോലി ചെയ്യുന്ന  ഒരു  പെണ്‍ ശരീരത്തിലുള്ള നഗ്നമായ  ആക്രമണമായിരുന്നു. അവരുടെ ഔദ്യോഗിക ജീവിതത്തിലെ ഹീനമായ  കൈകടത്തലായിരുന്നു. എന്നിട്ടും അത് കൌശലപൂര്‍വം തേച്ചുമാച്ചു കളയപ്പെടുന്നു. പ്രതിയെ അറസ്റ്റു  ചെയ്യാന്‍  പോലും  തയാറാവാതെ  രക്ഷപ്പെടുത്താന്‍ ഉയര്‍ന്ന  പോലീസുദ്യോഗസ്ഥന്മാരുള്‍പ്പടെയുള്ള നമ്മുടെ ഭരണ സംവിധാനം നെട്ടോട്ടമോടുന്നു. പത്മിനിയുടെ  വാക്കുകള്‍ കേള്‍ക്കാന്‍  കൂടി  ആര്‍ക്കും താല്‍പര്യമില്ല. അവരെ ഓര്‍ത്ത്  നമ്മുടെ വ്യവസ്ഥിതി ഒട്ടും വേദനിക്കുന്നില്ല.

ഇതേ  അവസരത്തില്‍  കുറ്റവാളിയെന്ന്  ആരോപിക്കപ്പെട്ടിട്ടുള്ള,  സെലിബ്രിറ്റി  സ്റ്റാറ്റസുള്ള  തരുണ്‍ തേജ് പാല്‍  എന്ന  തെഹല്‍ക്ക പത്രാധിപര്‍ക്ക്  കിട്ടുന്ന  പരിഗണന കൂടി ഒന്നു ചേര്‍ത്തു വായിക്കുന്നത്  നന്നായിരിക്കും. തേജ് പാലിന്‍റെ ഈ  മെയിലുകള്‍ തന്നെ വ്യക്തമാക്കുന്നത് സ്വന്തം അസിസ്റ്റന്‍ഡിനോടുള്ള  പെരുമാറ്റം ശരിയായിരുന്നില്ലെന്നാണ്. പെണ്‍കുട്ടിയുടെ  പൂര്‍ണ  സമ്മതമുണ്ടായിരുന്നുവെന്ന, അവള്‍ താല്‍പര്യം കാട്ടിയെന്ന  വിചിത്ര ന്യായം എല്ലാ  മൂന്നാംകിട  ലൈംഗിക പീഡനക്കുറ്റവാളികളെപ്പോലെ  തേജ് പാലും എഴുന്നള്ളിക്കുന്നുണ്ട്.  വാദത്തിനു വേണ്ടി  തേജ് പാല്‍  പറയുന്നത്  അംഗീകരിക്കുകയാണെങ്കില്‍  തന്നെ  സ്ത്രീകളുടെ   മനസ്സിലുയരുന്ന ചോദ്യം ഇതാണ്. തന്‍റെ  മകളുടെ പ്രായമുള്ള  പെണ്‍കുട്ടി   സമ്മതം  അല്ലെങ്കില്‍  താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവള്‍ക്കൊപ്പം ശയിക്കാമെന്ന അധമ  സംസ്ക്കാരം  പുലര്‍ത്തുന്നവനായിരിക്കണമോ  തരുണ്‍ തേജ് പാലിനെപ്പോലെ സകല  അഴിമതിയേയും തുറന്നു കാണിക്കാന്‍ വെമ്പലുള്ള ഒരു പത്രപ്രവര്‍ത്തകന്‍? എന്തുകൊണ്ട് തന്‍റെ അസിസ്റ്റന്‍ഡായ ആ പെണ്‍കുട്ടിയെ  കാര്യം പറഞ്ഞു മനസ്സിലാക്കാനുള്ള  ധാര്‍മികത അദ്ദേഹം  പുലര്‍ത്തിയില്ല.? തെരഞ്ഞെടുക്കപ്പെട്ട  ചില  കാര്യങ്ങളില്‍ മാത്രം മതിയോ അഴിമതി നിര്‍മാര്‍ജ്ജനം? അങ്ങനെ ഒരു ചോദ്യം  ലൈംഗികപീഡനക്കുറ്റാമാരോപിക്കപ്പെടുന്ന ഒരു പുരുഷനും നേരിടേണ്ടി വരാറില്ല. പോലീസോ കോടതിയോ മാധ്യമങ്ങളോ ഈ ചോദ്യം  പുരുഷനോട്  ഉന്നയിക്കാറില്ല. പെണ്ണിനു സമ്മതമായിരുന്നു എന്ന് പറഞ്ഞു വാദിക്കാന്‍  സന്യാസിയോ  രാഷ്ട്രീയക്കാരനോ  ക്രിമിനലോ ജഡ്ജിയോ  ആയ പുരുഷനെ സഹായിക്കുന്നതും സമൂഹത്തിന്‍റെ ഈ ചീഞ്ഞളിഞ്ഞ ഏകപക്ഷീയ മനോഭാവമാണ്. 

സദാ  പിച്ചാനോ മാന്താനോ തോണ്ടാനോ  ശാരീരികബന്ധത്തിലേര്‍പ്പെടാനോ ഉള്ള തയാറെടുപ്പുമായി അലയുന്ന ധാര്‍മികതയുടേയോ മറ്റ് മര്യാദകളുടേയോ യാതൊരു വിലക്കുമില്ലാത്ത ഹീന ജന്മങ്ങള്‍ മാത്രമാണോ നമ്മുടെ പുരുഷന്മാര്‍? തേജ് പാലിനെ ആഘോഷിക്കുന്ന ഇന്ത്യയില്‍  ജീവിക്കുന്ന ഏതു  സ്ത്രീക്കും സംശയം തോന്നും.  ഭയം  തോന്നും.  പേരുകേട്ട പത്രപ്രവര്‍ത്തകരും നോവലിസ്റ്റുകളും മറ്റും തേജ്പാലിന്‍റെ പത്രപ്രവര്‍ത്തന മികവിനേയും അഴിമതിയോടുള്ള എതിര്‍പ്പിനേയും സാഹിത്യപരമായ സംഭാവനകളേയും മറ്റും  പിന്നെയും പിന്നെയും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ അല്‍ഭുതം തോന്നുന്നു. ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ അവള്‍ ജോലി ചെയ്യുകയായിരുന്നു എന്ന മനോഭാവം സ്ത്രീയുടെ കാര്യത്തില്‍ ആരും ഓര്‍ക്കുന്നില്ല എന്നതു കൂടി ഇവിടെ ഓര്‍മ്മിക്കണം. അപ്പോഴേ അതിലെ ഇരട്ടമുഖം ദൃശ്യമാകൂ.   തേജ് പാലിന്‍റെ വീട്ടുകാര്‍ ദില്ലി എയര്‍പോര്‍ട്ടില്‍ വന്ന് അദ്ദേഹത്തെ  ഗോവയിലേക്ക് യാത്രയാക്കുന്ന  വൈകാരിക രംഗങ്ങള്‍ നാഷണല്‍ ചാനലുകളില്‍ വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കുമ്പോള്‍ തേജ്പാലാണോ ദാരുണമായി അപമാനിക്കപ്പെട്ടതെന്ന്  ആരും അതിശയിച്ചു പോകും. ഇത്ര സ്വാധീനശക്തിയുള്ള ഒരാള്‍ക്കെതിരേ പരാതിപ്പെടാനുള്ള ആത്മധൈര്യം പ്രകടിപ്പിച്ച പേരില്ലാത്ത ആ പെണ്‍കുട്ടിയോട്  എന്തെന്നില്ലാത്ത ആദരമാണ് അതുകൊണ്ടു തന്നെ തോന്നേണ്ടത് . കാരണം കാലമെത്ര കഴിഞ്ഞാലും നമ്മുടെ ഇന്ത്യന്‍ സാഹചര്യത്തില്‍ ആ പെണ്‍ കുട്ടിയുടെ ജീവിതത്തിലെ ഈ അനുഭവം ഒരു മായാത്ത അടയാളമായി നിലനില്‍ക്കുമല്ലോ. ചുവന്ന കനലായി  നീറി  നില്‍ക്കുമല്ലോ.  എന്നിട്ടും ഈ  സമരം തുടരാമെന്ന്  തന്നെ തീരുമാനിച്ച ആ പെണ്‍കുട്ടിയ്ക്ക്  എല്ലാ  പിന്തുണയും നല്‍കേണ്ടതുണ്ട്. 

പത്മിനിയെ, പേരില്ലാത്ത  തെഹല്‍ക്ക പത്രപ്രവര്‍ത്തകയെ, പേരും മുഖവുമില്ലാതെ നാടിന്‍റെ പേരില്‍ മാത്രം അറിയപ്പെടുന്ന അനവധി സ്ത്രീകളെ, പീഡനത്തിനെതിരേ പരാതിപ്പെടുന്ന  എല്ലാവരേയും ഒതുക്കാനുള്ള, വഴക്കിയെടുക്കാനുള്ള  പരിശ്രമമാണ് എപ്പോഴും നടക്കുന്നത്.  ജാത്യഭിമാനവും  ദലിത് വിരോധവും പോലെ പുരുഷാഭിമാനവും സ്ത്രീ വിരോധവും നമ്മുടെ സിരകളില്‍ സദാ  വീഞ്ഞു മാതിരി പതയുന്നുണ്ട്. വീഞ്ഞു പഴകുന്തോറും വീര്യം കൂടുമെന്നതു പോലെ ദലിത്  വിരോധവും  സ്ത്രീ വിരോധവും  സഹിക്കുന്തോറും പ്രോല്‍സാഹിപ്പിക്കുന്തോറും വീര്യം  കൂടി വരുന്ന ഒരു  മനോഭാവമാണ്.  

38 comments:

mini//മിനി said...

ഇതൊക്കെ എത്ര പറഞ്ഞാലും ***അവർക്ക്,,, മനസ്സിലാവുമോ?

ബെഞ്ചാലി said...

നമ്മുടെ മാനസിക പരിഷ്‌കൃതിക്കെവിടെയോ കാര്യമായ തെറ്റുപറ്റിയിട്ടുണ്ട്.

Echmukutty said...

അതെല്ലാ കാലത്തും അങ്ങനെയായിരുന്നല്ലോ മിനി ടീച്ചര്‍.. എന്നു വെച്ച് പറയാതിരുന്നിട്ട് കാര്യമുണ്ടോ? ചിലപ്പോള്‍ ആര്‍ക്കെങ്കിലും ഒക്കെ മനസ്സിലാവാന്‍ ഒരു കാരണമായേക്കും.. ഈ പറച്ചിലുകളെല്ലാം.. എല്ലാ സമരങ്ങളിലും അങ്ങനെയാണല്ലോ മെല്ലെ മെല്ലെ വിജയങ്ങളുണ്ടായിട്ടുള്ളത്.. വായനയ്ക്ക് നന്ദി.

തീര്‍ച്ചയായും ബെഞ്ചാലി. ആ തെറ്റ് തിരുത്തണമെന്ന് ആഗ്രഹമുള്ളവര്‍ കുറവാകുന്നുവോ എന്നതാണ് ശരിക്കും ഭയപ്പെടേണ്ട വിഷയം. വായിച്ചതില്‍ സന്തോഷം കേട്ടോ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ക്ഷമിക്കണം ,,ഈ ലേഖനത്തോടു യോജിക്കാന്‍ നിവൃത്തിയില്ല .ഉഭയസമ്മതപ്രകാരം രണ്ടു വ്യക്തികള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല .ഒരു പെണ്ണ് സമ്മതം പ്രകടിപ്പിച്ചാല്‍ അവളെ ഉപദേശിച്ചു നന്നാക്കാന്‍ എല്ലാരും പള്ളീലച്ചന്മാരല്ലല്ലോ

Echmukutty said...

സിയാഫിന്‍റെ അഭിപ്രായം വായിച്ചു. ഒന്നാമത് പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരു പാപമല്ല. അതുകൊണ്ട് ആരും ആരേയും ഉപദേശിച്ചു നന്നാക്കണ്ട. പാപമാണെങ്കിലല്ലേ നന്നാക്കലും പള്ളീലച്ചനും എന്നും മറ്റും ഉള്ള കാര്യങ്ങള്‍ പ്രസക്തമാകുന്നുള്ളൂ.
രണ്ടാമത് ഞാന്‍ എഴുതിയത് ഈ കാര്യമേയല്ല. ആരോപണ വിധേയരാവുന്ന പുരുഷന്മാര്‍ പലപ്പോഴും പെണ്ണിനു സമ്മതമായിരുന്നു എന്ന് വാദമുന്നയിക്കുന്നതിലെ കള്ളത്തരത്തെപ്പറ്റിയാണ്. കേസുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയും. ആദ്യം ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നു പറയുന്നവര്‍ പിന്നെ അവള്‍ക്ക് സമ്മതമായിരുന്നുവെന്ന് പറഞ്ഞു തുടങ്ങും. ഈ ന്യായം പതിനാറു വയസ്സുള്ള പെണ്‍കുട്ടിയാണെങ്കില്‍ പോലും ഉന്നയിക്കപ്പെടാറുണ്ട്.പ്രേമമാണെന്ന് വിശ്വസിപ്പിച്ച് കാമുകന്‍ ചൂഷണം ചെയ്ത് കൈമലര്‍ത്തുമ്പോഴും ഉണ്ടാകാറുണ്ട്. ആ ന്യായമനുസരിച്ച് അവിഹിതമായ ലൈംഗികബന്ധത്തിന്‍റെ സമ്പൂര്‍ണ ഉത്തരവാദിത്തം സ്ത്രീയുടെ മാത്രം തലയില്‍ കെട്ടിവെയ്ക്കപ്പെടുന്ന ഒരു ധാര്‍മ്മികതയായിത്തീരുന്നു. ഇത് കുറ്റവാളിയാകുന്ന പുരുഷന് രക്ഷപ്പെടാനുള്ള ഒരു പഴുതും ആകുന്നു. അത് പാടില്ല എന്നാണ് ഞാന്‍ എഴുതിയത്. ബലാല്‍സംഗത്തിന്‍റേയും അതുമാതിരി ക്രൂരതകളുടേയും വേദന, സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്ക് വ്യാപകമായി അനുഭവിക്കേണ്ടി വരുന്ന ഒരു സമൂഹവ്യവസ്ഥ തല്‍ക്കാലം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ഇക്കാര്യങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്ത്രീയുടെ പേരില്‍ പഴി ചാര്‍ത്തി രക്ഷപ്പെടാനുള്ള വ്യഗ്രത തീര്‍ച്ചയായും ഉണ്ട്. സ്വന്തം മകളുടേയും അമ്മയുടേയും ഒക്കെ പ്രായത്തിലുള്ള സ്ത്രീ ലൈംഗികബന്ധത്തിനു തയാറാണെന്ന് പറഞ്ഞാല്‍ ഉടന്‍ റെഡിയാകുന്നതാണ് ആത്മാഭിമാനമുള്ള പുരുഷന്‍റെ പൌരുഷമെന്ന് വിചാരിക്കാന്‍ എനിക്കേതായാലും വയ്യ. പുരുഷന്മാരെക്കുറിച്ചുള്ള എന്‍റെ സ്നേഹബഹുമാനാദരങ്ങള്‍ അങ്ങനെ നശിപ്പിച്ചു കളയാനും ഞാന്‍ തയാറല്ല. സിയാഫിന്‍റെ വായനക്കും അഭിപ്രായത്തിനും നന്ദി.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇവിടെ ആത്മാഭിമാനത്തിന്റെയും പൌരുഷത്തിന്റെയും ഒന്നും പ്രശ്നം വരുന്നില്ല എച്ചുമൂ .ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം ആണ് .സ്ത്രീകള്‍ എല്ലായ്പ്പോഴും എച്ച്ചുമു വിചാരിക്കുന്നത് പോലെ അത്ര നിഷ്കളങ്കര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .(അനുഭവം സാക്ഷി) .അത് കൊണ്ട് തന്നെ പീഡിപ്പിക്കുന്നത് പുരുഷന് മാത്രം കഴിയുന്ന ഒരു കല ആയി കാണുന്നത് എനിക്ക് തോന്നിയിട്ടില്ല .പിന്നെ ഒരു കേസ് ഉയര്‍ന്നു വരുമ്പോള്‍ ആരോപണ വിധേയര്‍ രക്ഷപ്പെടാന്‍ വേണ്ടി പല ന്യായങ്ങളും ചമയ്ക്കും .എല്ലായ്പ്പോഴും ഒരു പക്ഷത്തു നിന്ന് മാത്രം ആണ് തെറ്റ് സംഭവിക്കുക എന്ന വാദം അല്പം ഉപ്പ് കൂട്ടാതെ വിഴുങ്ങാന്‍ എനിക്ക് കഴിയില്ല .എച്ചുമുവും ശുദ്ധഗതിക്കാരും കൊണ്ട് നടക്കുന്ന സങ്കല്പങ്ങള്‍ ഒക്കെ എന്നെ ഔട്ട്‌ ഡേറ്റഡായി എന്നറിയാന്‍ ചുമ്മാ ഏതെങ്കിലും വനിതാ മാസികയിലൂടെ കണ്ണോടിച്ചാല്‍ മതി ,കാണാം ,ആര്‍ഷഭാരത വനിതയുടെ കപടമുഖം .കാര്യമെല്ലാം കഴിയുമ്പോള്‍ ചാരിത്ര്യം പ്രസംഗിക്കുന്ന ഭാരതീയ മങ്കമാരുടെ വൈശിഷ്ട്യമാര്‍ന്ന വേദപ്രഭാഷണങ്ങള്‍ ..എല്ലാവരെയും ഒരേ തുലാസില്‍ തൂക്കാതിരിക്കാന്‍ ഉള്ള വിവേകം എങ്കിലും എച്ചുമുവിനെ പോലെയുള്ള ഒരു എഴുത്തുകാരി കാണിക്കേണ്ടതുണ്ട് .

ഭാനു കളരിക്കല്‍ said...

എച്ചുമു ഉന്നയിക്കുന്ന ചോദ്യങ്ങൾ പിന്നെയും പിന്നെയും പൊള്ളിക്കുന്നുണ്ട്‌.

drpmalankot said...

പത്മിനിക്ക് സല്യുട്ട് കൊടുക്കുന്ന എച്ച്മുവിനു സല്യൂട്ട്.
ആശംസകൾ.

Echmukutty said...

സ്ത്രീകള്‍ എല്ലാവരും നിഷ്ക്കളങ്കരാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല സിയാഫ്. പീഡനം പുരുഷന്‍റെ കുത്തകയാണെന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ, പീഡനത്തിനിരയായ സ്ത്രീയോടുള്ള സമൂഹത്തിന്‍റെ മനോഭാവം , സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന സമൂഹത്തിന്‍റെ മനോഭാവം അങ്ങേയറ്റം ക്രൂരമാണ്. എന്നാല്‍ ആരോപണവിധേയനാകുന്ന പുരുഷനോട് സമൂഹം പിന്നെയും സോഫ്റ്റാകുന്നുണ്ട്.. അയാള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കാറുണ്ട്. ആര്‍ഷഭാരത സ്ത്രീ സങ്കല്‍പം പുരുഷമേധാവിത്ത മനസ്ഥിതിയെ എല്ലാ നിലക്കും തുണയ്ക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു സങ്കല്‍പമാണ്.അതില്‍ സ്ത്രീ ഇല്ല.. ദേവിയും ത്യാഗിയായ അമ്മയും അനുസരണയുള്ള മകളും മാത്രമേ ഉള്ളൂ. ഞാന്‍ ആരേയും ഒരു തുലാസ്സിലിട്ടും തൂക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും അങ്നഗ്നെ എന്‍റെ എഴുത്തില്‍ വിഭാഗീയത ദൃശ്യമാവുന്നെങ്കില്‍ ഞാന്‍ ഇനിയും ശ്രദ്ധിക്കാം.. പിന്നെ സിയാഫിനുള്ളത്രയും പൊള്ളുന്ന അനുഭവങ്ങളാണോ എന്നെനിക്കറിയില്ല.. എങ്കിലും എന്‍റെ ജീവിതാനുഭവങ്ങളും വളരെയേറെ തീക്ഷ്ണമാണ്. അതിന്‍റെ വേവ് എന്‍റെ വാക്കുകളില്‍ ഉണ്ടാവും.

Echmukutty said...

ഭാനുവിനും ഡോക്ടര്‍ സാറിനും നന്ദി.. വായനയില്‍ സന്തോഷം.

Rajesh said...


Am I right in fearing that, Maam, you too are treating the Tehelka episode the same way in which the whole Indian media celebrated? I read the victims email and I too wish Mr. Tejpal be punished by law. No doubt about it. But the way the whole Indian media treated this case was quite baffling.

None of the Indian media celebrated or pointed out the fact that, for the first time in the history of India, a working minister was convicted for rioting, and the efforts of a Tehelka journalist , Ashish Ketan, was a major reason behind the conviction and he was even used as a witness by the court. To my memory not a single media house in India reported this fact, when they should have been celebrating it. There are so many things like this which Tehelka did, but the media hesitate to credit. However, when their stupid owner ends up in a case, the way the media reacted, I can only smell professional jealousy (not any sincerity to the victim). The whole media is almost happy now, the bravest journalism magazine from India, the one which easily put rest of the media to shame, will cease to exist.

I am reiterating that none of the above credits should not be a reason to free Mr. Tejpal, just pointing the way the media played this issue. A case of - no celebration for your good, but you will be crucified for any negatives.
Mr. Tejpal knew that the whole system and politicians were waiting for an opportunity to close him down and still he went down for something like this. He had the previous experience during the NDA rule. Anyways...
See how the case was registered even without an official police complaint by the victim. However, there are people, who are now pointing out the similarities between this case and that of Oliver Strauss Khan (both are known womanisers too).

Compare this with the way our own local media treated poor Padmini. If they had given even 10% (of what they gave to Tejpal issue) importance to this issue, may be Padmini would have got some justice. In many ways media treated Padmini issue like they did to the nurses issue in Amrita hospital.

You too start with Padmini and goes on to everything about Tejpal. Why do you then hesitate to mention the real reason why Police is not trying to help Padmini.(an open secret here in the city)


തന്‍റെ മകളുടെ പ്രായമുള്ള പെണ്‍കുട്ടി സമ്മതം അല്ലെങ്കില്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവള്‍ക്കൊപ്പം ശയിക്കാമെന്ന അധമ സംസ്ക്കാരം പുലര്‍ത്തുന്നവനായിരിക്കണമോ തരുണ്‍ തേജ് പാലിനെപ്പോലെ സകല അഴിമതിയേയും തുറന്നു കാണിക്കാന്‍ വെമ്പലുള്ള ഒരു പത്രപ്രവര്‍ത്തകന്‍? എന്തുകൊണ്ട് തന്‍റെ അസിസ്റ്റന്‍ഡായ ആ പെണ്‍കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാനുള്ള ധാര്‍മികത അദ്ദേഹം പുലര്‍ത്തിയില്ല.? -- If a woman or man (vice versa) approach another for a relation ship - mental or physical, as long as both are adults, what is immoral there? This must be immoral only by the hypocritic Indian morality standards..

Echmukutty said...

രാജേഷിന്‍റെ അഭിപ്രായം വായിച്ചു, കുറിപ്പിന്‍റെ ആദ്യഭാഗത്തു തന്നെ പോലീസോ ഭരിക്കുന്നവരോ പത്മിനിയെ സഹായിക്കുന്നില്ലെന്നും അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് തുനിയുന്നതെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.ഇന്ത്യയിലെ പോലീസിന് സ്ത്രീ പീഡനം ഒരിക്കലും ഒരു പ്രധാനപ്പെട്ട കുറ്റകൃത്യമായി ഇതുവരെ തോന്നിയിട്ടില്ല.
തെഹല്‍ക്ക എന്ന പത്രം പല അഴിമതികളെയും തുറന്നു കാണിച്ചു എന്നതിലും അവരുടെ ജേര്‍ണലിസ്റ്റുകള്‍ മറ്റാരേക്കാളും ആത്മാര്‍ഥതയൊടെയും നിക്ഷ്പക്ഷതയോടെയും പ്രവര്‍ത്തിച്ചു എന്നതിലും യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ട് അവര്‍ പല രാഷ്ട്രീയക്കാരുടെയും ഇരകളാകുന്നുമുണ്ടായിരിക്കും. അവരോട് പലരും വിരോധവും തീര്‍ക്കുന്നുണ്ടാവും. എല്ലാ അഴിമതിയുടെയും മുഴുവന്‍ ചിത്രമാണല്ലോ അത്.
ഞാന്‍ ഈ കുറിപ്പില്‍ പറഞ്ഞത് ഇത്രമാത്രമാണ്.. പീഡനത്തിനിരയാവുകയും താന്‍ അതിനിരയായി എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന സ്ത്രീകളെപ്പോലും നമ്മുടെ സിസ്റ്റം എത്ര ഭീകരമായിട്ടാണ് ഒതുക്കുവാന്‍ ശ്രമിക്കുന്നതെന്നാണ്.. അവര്‍ക്ക് കവറേജില്ല.. പിന്തുണയില്ല.. എങ്ങനെയെങ്കിലും ആ പീഡനത്തിനു ഉത്തരവാദിയും കാരണവും പീഡിപ്പിക്കപ്പെട്ടവര്‍ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ മാത്രമാണെന്നാണ്..

തരുണ്‍ തേജ്പാലിന്‍റെ കാര്യത്തില്‍ മീഡിയ അദ്ദേഹത്തിനോട് പലനിലക്കും അസൂയയും വിരോധവും തീര്‍ക്കുകയായിരുന്നു ഈ കേസിലെന്ന് വാദിച്ചാല്‍ തന്നെയും ഒരു കുറ്റാരോപിതനായ വ്യക്തിക്ക് ലഭിക്കേണ്ടുന്നതിലും എത്രയോ അധികം പാവം തോന്നലും സംശയത്തിന്‍റെ ആനുകൂല്യവും അദ്ദേഹം അഴിമതിക്കെതിരേ നിലകൊണ്ടവനാണെന്ന് പേര്‍ത്തും പേര്‍ത്തും പലരാല്‍ ചൂണ്ടിക്കാട്ടപ്പെട്ടുകൊണ്ട് തന്നെ ലഭ്യമായി എന്നതൊരു വാസ്തവമാണ്.. ഞാന്‍ ആ വ്യത്യാസമാണ് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.. സ്ത്രീയെ അവള്‍ ജോലി ചെയ്യുകയായിരുന്നു, പഠിക്കുകയായിരുന്നു, അല്ലെങ്കില്‍ പ്രേമിച്ച പുരുഷനെ വിശ്വസിക്കുകയായിരുന്നു എന്നൊന്നും പീഡനത്തിനിരയായാല്‍ ഇളവ് നല്‍കാന്‍ ശ്രമിക്കാത്ത സമൂഹം പുരുഷന്‍റെ കാര്യത്തില്‍ അത്തരം നിലപാടല്ല എടുക്കുന്നത്. പുരുഷന്‍ ജോലി ചെയ്യുകയായിരുന്നു, അഴിമതിയെ എതിര്‍ക്കുകയായിരുന്നു, രാഷ്ട്രീയ പാര്‍ട്ടികളെ വെറുപ്പിക്കുകയായിരുന്നു, മീഡിയയിലെ അസൂയക്കാരെ വിരോധികളാക്കുകയായിരുന്നു എന്നൊക്കെ എല്ലാവരും എളുപ്പത്തില്‍ അക്കമിട്ട് ന്യായങ്ങള്‍ നിരത്തുന്നു. .. അയാള്‍ കുറ്റാരോപിതന്‍ ആയിരിക്കുമ്പോള്‍ പോലും..
ഇന്ത്യന്‍ സദാചാരത്തിന്‍റെ ഹിപ്പോക്രസിയെ തന്നെയാണ് ഞാന്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. സ്ത്രീ മാത്രം കാത്തു സൂക്ഷിക്കേണ്ടതല്ല.. അതെന്നാണ് ഞാന്‍ പറഞ്ഞത്, സ്ത്രീ ആവശ്യപ്പെട്ടതുകൊണ്ട് ഞാന്‍ സമ്മതിച്ചു എന്നല്ല.. എന്‍റെയും കൂടി പൂര്‍ണ ഉത്തരവാദിത്തത്തില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായി എന്ന് പറയാനുള്ള ആര്‍ജ്ജവം പുരുഷന്‍ കാണിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സ്ത്രീ ആവശ്യപ്പെട്ടു സമ്മതിച്ചു എന്നൊന്നുമല്ല.. പുരുഷനു സമ്മതമില്ലെങ്കില്‍ സ്ത്രീ ആവശ്യപ്പെട്ടാലും സമ്മതിച്ചാലും അയാള്‍ ശാരീരികമോ മാനസികമോ ആയ ഒരു ബന്ധം സ്ത്രീയുമായി പുലര്‍ത്തുമോ? ഇതു മാത്രമാണ് ഞാന്‍ ഈ കുറിപ്പില്‍ എഴുതുവാന്‍ ശ്രമിച്ചത്. രാജെഷിന്‍റെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

Rajesh said...
This comment has been removed by the author.
Rajesh said...

Maam,

I am never arguing for Tejpal. I am only arguing against the attitude (usual double standards) shown by the media to him. Let me frankly say, I dont follow TV news. But I do read as many news papers as possible. I never saw any opinion in any of these papers which was supportive of Tejpal or which made him look like a wrongly implicated guy. He doesnt need support when he is a suspect in a rape issue. My issue was with the way every body has finished their ire at the magazine, for the stupidity of its owner. It was Shoma, Ashish, Anirudh, Nisha and many many others who fought for Tehelka to be in that position . I did not argue that media created this case or Tejpal is innocent or anything like that.

Why did not media show the same or even half the enthusiasm in Padmini case (or in the past against Amrita Nurses case) or in the rapes and molestations of thousands of Indian dalit women, or most blatantly in the case of justice Ganguly.

Your comment, may be, is explaining your thought on the morality issue better than in your post. So fine, I am in accord

When I found the Tejpal victim's email on net, I was sad(because I subscribe to Tehelka magazine) and angry (as this happened to yet another woman) too. Later I forwarded it to my wife. She had one question for me about a particular point described by the victim. my dear, what is the possibility of you doing that to me, if I dont let you do it. How can that happen in a rape, whatever variation of rape it may be?.
(I am not a homo sexual, my wife is a woman, a tigress when it comes to female issues), and that have got me really confused.

Echmukutty said...

ടി വി ചാനലുകള്‍, എന്തായാലും തേജ്പാലിനു ആവശ്യത്തിലുമധികം കവറേജ് നല്‍കിയെന്ന് എനിക്ക് തോന്നുന്നുണ്ട്... പ്രത്യേകിച്ച് അദ്ദേഹം ഗോവയിലെ കോടതിയില്‍ കീഴടങ്ങാന്‍ പോകുമ്പോള്‍ .. പിന്നെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും നോവലിസ്റ്റുകളും ഒക്കെ പരസ്യമായി തേജ്പാലിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. തേജ് പാലിന്‍റെ വീഴ്ച ( ? ) കാരണം തെഹല്‍ക്കയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടെ അധ്വാനം പോലും കണക്കിലെടുക്കപ്പെടാതെ പോയി എന്നതും ശരിയാണ്.. ഇന്ന് മാസിക ദയനീയവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്. തേജ് പാലാണ് തെഹല്‍ക്കയെന്ന മട്ടില്‍ കാര്യങ്ങള്‍ നീക്കിയിരുന്നത് അദ്ദേഹം തന്നെയാണെന്നും പറയുന്നുണ്ട്. ഇതിനെപ്പറ്റിയൊന്നും വ്യക്തതയില്ല ശരിക്കും.
പിന്നെ ഒരു ബലാല്‍സംഗത്തില്‍ എന്തൊക്കെ നടക്കുമെന്നും നടക്കില്ലെന്നും ആര്‍ക്കു പറയാനാകുമെന്ന് എനിക്ക് അറിയില്ല.. അത് സ്ത്രീയുടെ അനുവാദത്തിലാണെങ്കില്‍ ബലാല്‍ എന്ന വാക്കിനു പ്രസക്തിയില്ലല്ലോ. നീയെന്‍റെ സബോര്‍ഡിനേറ്റാണെന്നും നീയെന്‍റെ ഭാര്യയാണെന്നും നീയെന്‍റെ കാമുകിയാണെന്നും ഒക്കെയുള്ള നിലകളില്‍ നടക്കുന്ന ബലാല്‍സംഗങ്ങള്‍ അതതിന്‍റെ രീതിയില്‍ വ്യത്യസ്തമായിരിക്കും. തട്ടിക്കൊണ്ട് പോയും അനവധി പേര്‍ ചേര്‍ന്നും ഒരു നിമിഷം ചാന്‍ സു കിട്ടിയപ്പോള്‍ ചെയ്യുന്നതുമായ ബലാല്‍സംഗങ്ങളിലും വ്യത്യാസമുണ്ടാവും. പാഠം പഠിപ്പിക്കാനും താഴ്ന്ന ജാതിയായതുകൊണ്ടും വേശ്യാലയങ്ങളില്‍ സംഭവിക്കുന്നതിലും വ്യത്യാസമുണ്ടാവും. അച്ഛനും അമ്മാവനും ചേട്ടനുമാണെങ്കിലും കുടുംബസുഹൃത്താണെങ്കിലും മാറ്റമുണ്ടാവും.. ഇതിനു ഒരു കോമണ്‍ റൂള്‍ ഇല്ല. നിര്‍ഭാഗ്യവശാല്‍ സ്ത്രീകളില്‍ പോലും ഇക്കാര്യത്തെപ്പറ്റി കൃത്യമായ ഒരു ബോധ്യം അല്ലെങ്കില്‍ ബോധം ഉണ്ടാവാറില്ല. അതുകൊണ്ട് സമ്മതമില്ലെങ്കില്‍ ഇങ്ങനെ നടക്കുമോ? രക്ഷപ്പെട്ടു കൂടായിരുന്നോ കരയുകയും ബഹളം വെക്കുകയും ചെയ്യാമായിരുന്നില്ലേ എന്നൊക്കെ എല്ലാവരും സംശയിക്കും.
ബലാല്‍സംഗം ആര്‍ക്കും അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ.. അത് മരണത്തേക്കാള്‍ ഭയങ്കരമാണ്... തീവ്രമാണ്.. തീക്ഷ്ണമാണ്..

Rajesh said...

Even in between a mutually agreed inter course, if the women wants it to be stopped, then what happens after that, is a Rape and I believe in that.

ഗൗരിനാഥന്‍ said...

sharing the article @Facebook...with brave salute to pathmini and echmu

പട്ടേപ്പാടം റാംജി said...

ആണിന്റെ ഭാഗത്ത് നിന്ന് മുതലെടുപ്പ് നടക്കുന്ന സംഭവങ്ങള്‍ ആദ്യവും ഇപ്പോഴും തുടരുമ്പോള്‍ ഇന്ന് പെണ്ണിന്റെ ഭാഗത്ത് നിന്നും പല സംഭവങ്ങളിലും മുതലെടുപ്പ് വന്നു ചേര്‍ന്നിരിക്കുന്നു എന്നത് കാര്യങ്ങള്‍ ഒറ്റതിരിച്ച് കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ കുതിക്കുന്നത് സമ്പത്തിന്റെയും സൌകര്യത്തിന്റെയും അടിസ്ഥാനത്തില്‍ പിടിച്ചെടുക്കല്‍ ആയിരിക്കുന്നു. അവിടെ ആണോ പെണ്ണോ ലൈംഗീകതയോ ഒന്നും പ്രശ്നമല്ലെന്നാണ്‌ എന്റെ ഒരു തോന്നല്‍. നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ അശരണരുടെ വിഷമം ആര്‍ക്കും പ്രശ്നമാകുന്നില്ല. ഇത്തരം കേസുകളില്‍ നിന്നും രക്ഷപ്പെടുന്ന പുരുഷന്മാരുടെ സാഹചര്യവും ചില സൂചനകള്‍ നല്‍കുന്നില്ലേ എന്ന്‍ തോന്നുന്നു.

Cv Thankappan said...

ഉന്നതിയിലേക്ക് കുതിക്കുമ്പോഴും മാനസ്സികമായി അധോഗതിയിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരിക്കുന്ന അവസ്ഥ!
ആശംസകള്‍

Pradeep Kumar said...

പത്മിനിയുടെ കാര്യത്തിൽ എച്ചുമു പറഞ്ഞതിനോട് യോജിക്കുന്നു

Echmukutty said...

രാജേഷിന്‍റെ അഭിപ്രായത്തിനു നന്ദി. അങ്ങനെ വിചാരിക്കാന്‍ കഴിയുന്ന മനസ്സിനും നന്ദി.

സന്തോഷം ഗൌരിനാഥന്‍..

ഈ തോന്നല്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു രാംജി. അവര്‍ണന്‍ സവര്‍ണനെ ചോദ്യം ചെയ്യുമ്പോള്‍ ഇതുണ്ടായിരുന്നു.. ഒരു അവര്‍ണന്‍ ചെയ്ത കുറ്റത്തെ ചൂണ്ടിക്കാട്ടി അവര്‍ണരുടെ പ്രശ്നങ്ങളോടുള്ള അനുതാപക്കുറവ്, വിശ്വാസമില്ലായ്മ, മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇത് വളരെ പ്രകടമാണ്.. അതുപോലെയാണ് സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ പറയുമ്പോഴും..
സമൂഹത്തില്‍ പുരുഷന്‍ ആണ് എന്ന നിലയില്‍ ഒരിക്കലൂം ഇകഴ്ത്തപ്പെടുന്നില്ല .. അവനൊരാണല്ലേ എന്ന ഗമയാണ് പുരുഷനു അനുവദിച്ചു കിട്ടുന്ന പരിവേഷം.. സ്ത്രീക്ക് നീയൊരു വെറും പെണ്ണ് എന്ന നിസ്സാരമാക്കലും.. ഇത് നമ്മുടെ സാംസ്ക്കാരിക അധപ്പതനമാണ്.. ജാതി വുവസ്ഥ പോലെ..

പെണ്ണ് മുതലെടുക്കുന്നത് ശരിയാണെന്ന യതൊരു അഭിപ്രായവും എനിക്കില്ല. മാത്രമല്ല, അങ്ങനെ ചെയ്യുമ്പോള്‍ യഥാര്‍ഥപ്രശ്നത്തില്‍ പെടുന്ന സ്ത്രീക്ക് അനുതാപവും സഹതാപവും കിട്ടാതെ വരികയും ചെയ്യും. കുറ്റവാളിയായ പുരുഷനെയും ആ മേധാവിത്ത സംസ്ക്കാരത്തേയും ന്യായീകരിക്കുന്ന പുരുഷനും കള്ളത്തരവും മുതലെടുപ്പും നടത്തി ചതിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയും ഒരേ സഹകരണസംഘത്തിലെ ആളുകളാണ്.. അവരാണ് ഈ സമൂഹം ഇങ്ങനെ തന്നെ നിലനില്‍ക്കണമെന്ന് വാശി പിടിക്കുന്നതും..
വായനക്ക് നന്ദി.
തങ്കപ്പന്‍ ചേട്ടനും പ്രദീപ് മാഷിനും നന്ദി.

vettathan said...

പത്മിനി ആയാലും തേജ്പാലായാലും,ജസ്റ്റീസ് ഗാംഗുലി ആയാലും കഥ ഒന്നു തന്നെയാണ്.പെണ്ണിന്‍റെ ശരീരത്തില്‍ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ പാടുണ്ടോ എന്നതാണു പ്രസക്തമായ കാര്യം. പരിഷ്കൃത സമൂഹം അത് തെറ്റാണെന്നു പറയും. അപരിഷ്കൃതര്‍ അതിനു തൊടുന്യായം പറയും. അത്രയേ ഉള്ളൂ.

ഷബീര്‍ - തിരിച്ചിലാന്‍ said...

വായിച്ചു...

ajith said...

നീതിനിയമങ്ങള്‍ ഋജുവായി സഞ്ചരിച്കിരുന്നുവെങ്കില്‍ ചേരിതിരിഞ്ഞുള്ള ഈ തര്‍ക്കം അവസാനിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നീതി നടപ്പാകുന്നത് ഭാരതത്തില്‍ 5%ത്തിലും താഴെയാണ്. അനീതി ശക്തവും നീതി അതിദുര്‍ബലവും ആണ്!

sreee said...

ഒടുവില്‍ പെണ്ണ് തെറ്റുകാരിയെന്നു വരുത്തുന്നത് പുതിയ കാര്യമല്ലല്ലോ.അത് ബസില്‍ ആയാലും ചാനലില്‍ ആയാലും. ഇതൊക്കെ എന്നെങ്കിലും മാറുമായിരിക്കും.

നളിനകുമാരി said...

ഒറ്റ തന്തക്കു പിറക്കൽ എന്ന് കേട്ടിട്ടുണ്ട് ആദ്യമായാണ്‌ എച്ച്മുവിന്റെ ഒറ്റ തള്ളയ്ക്കു പിറക്കൽ എന്ന വാക്ക് കണ്ടത്.. ഹ ഹ
തെജ്പാലിനു സ്വന്തം കാര്യത്തിൽ പീടനമോ അഴിമതിയോ നടത്താം എന്ന വിശ്വാസം ഇപ്പോൾ നഷ്ടപ്പെട്ടു കാണും
എവിടെയായാലും സ്ത്രീ ഒരു ഉപകരണം മാത്രമായി തീരുന്നു ചില പുരുഷന്മാരുടെ കണ്ണിൽ .

keraladasanunni said...

കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെട്ടിരുന്ന സ്ത്രീയുടെ മേല്‍ നടത്തിയ കടന്നാക്രമണം സിക്ഷ അര്‍ഹിക്കുന്നത് തന്നേയാണ്.

മാണിക്യം said...

എച്ച്മുക്കുട്ടി "
"പേരുള്ള പത്മിനിയും ഒരു പേരു പോലുമില്ലാത്ത മറ്റനവധി സ്ത്രീകളും.." വായിച്ചു. ഇവിടെ ഒരു അഭിപ്രായം എഴുതുന്നതിനു മുന്നേ ഞാന്‍ ഒരിക്കല്‍ കൂടി "22 Female Kottayam" & "ദൃശ്യം"
കണ്ടിട്ട് വരട്ടെ.കാണാത്തവര്‍ കണ്ടിരിക്കുന്നത് നല്ലതാ.
ഈ രീതിയില്‍ ആണ് 'നീതിന്യായത്തിന്‍റെ' പോക്കെങ്കില്‍ അധികം താമസിയാതെ 'സിനിമ മോഡല്‍' പലയിടത്തും നടപ്പില്‍ വരും.

© Mubi said...

തര്‍ക്കങ്ങള്‍ ഏറുന്നു.. നീതിയും ന്യായവും അകലെയാവുന്നു:(

Echmukutty said...

വെട്ടത്താന്‍ ചേട്ടന്‍റെ ഈ അഭിപ്രായത്തിനു ഒത്തിരി നന്ദി.. യൂ സെഡ് ഇറ്റ്.. സന്തോഷം.

ഷബീറിനു നന്ദി.

അജിത്തേട്ടന്‍ പറഞ്ഞത് വാസ്തവമാണ്..

ശ്രീ ശുഭപ്രതീക്ഷയുണ്ടാവുന്നത് നല്ല കാര്യമാണ്.. സമരം ചെയ്യാനുള്ള ബലം കിട്ടും. തോല്‍ക്കുമെന്ന് മാത്രം കരുതിക്കൊണ്ട് സമരം ചെയ്യാന്‍ വയ്യല്ലോ.

Echmukutty said...

ആ പ്രയോഗത്തിനു ഒരു രാഷ്ട്രീയമുണ്ട് ചേച്ചി.. സാക്ഷിയുള്ള കടുത്ത സമ്മര്‍ദ്ദവും വേദനയുമുള്ള ഒരു കാര്യത്തെ അപ്രസക്തമെന്നും രഹസ്യമായ ഒരു ശാരീരികാനുഭവം മാത്രമാണ് കേമമെന്നും പ്രഖ്യാപിക്കുന്നതിലെ ഇരട്ടത്താപ്പും കള്ളത്തരവുമാണ് എന്നെ അലോസരപ്പെടുത്തുന്നത്.

ഉണ്ണിച്ചേട്ടന്‍റെ അഭിപ്രായത്തിനു നന്ദി.

Echmukutty said...

വിദ്യാഭ്യാസവും ജോലിയും സ്വത്തും അധികാരവും ഒന്നും ഒരിക്കലും രുചിക്കാനിടയില്ലാത്ത ദരിദ്ര ഇന്ത്യയിലെ അടിച്ചൊതുക്കപ്പെടുന്ന പാവപ്പെട്ട സ്ത്രീകള്‍ ... സാംസ്ക്കാരികമായി യുഗങ്ങളോളം പഴമുക്കമുള്ള തലച്ചോറില്ലാതാക്കല്‍ നേരിടുന്ന സ്ത്രീകള്‍ അങ്ങനെയൊന്നും ആവില്ല മാണിക്യം ചേച്ചി..എന്നാലും സമരങ്ങള്‍.. ചിലപ്പോള്‍ ഒറ്റപ്പെട്ട സമരങ്ങള്‍ നടന്നുകൊണ്ടിരിക്കും.. ചിലതിനു കരുത്തുണ്ടാകും.. അസാമാന്യമായ കരുത്തുള്ളത് കാലത്തെ അതിജീവിക്കും..
ആ കരുത്തുണ്ടാവുക എന്നതാണ് വിജയം.. ചേച്ചി വായിച്ചതില്‍ സന്തോഷം.. അഭിപ്രായമെഴുതിയതില്‍ ഒത്തിരി സന്തോഷം..

മുബിയുടെ വായനക്കും നന്ദി.

ജീവി കരിവെള്ളൂർ said...

പ്രതികരിക്കുക പ്രതികരിക്കുക പ്രതികരിക്കുക; വരുന്നിടത്തു വച്ച് കാണാം എന്ന് തീരുമാനിച്ചിറങ്ങാൻ എല്ലാവരും മുതിരുന്നിടത്തു മാത്രമേ യുഗങ്ങളോളം നിലനിൽക്കുന്നതൊക്കെ മാറാനുള്ള വഴി കാണുന്നുള്ളൂ !


" എന്‍റെയും കൂടി പൂര്‍ണ ഉത്തരവാദിത്തത്തില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായി എന്ന് പറയാനുള്ള ആര്‍ജ്ജവം പുരുഷന്‍ കാണിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സ്ത്രീ ആവശ്യപ്പെട്ടു സമ്മതിച്ചു എന്നൊന്നുമല്ല.. പുരുഷനു സമ്മതമില്ലെങ്കില്‍ സ്ത്രീ ആവശ്യപ്പെട്ടാലും സമ്മതിച്ചാലും അയാള്‍ ശാരീരികമോ മാനസികമോ ആയ ഒരു ബന്ധം സ്ത്രീയുമായി പുലര്‍ത്തുമോ?" ഇതാണ് കാര്യം. ഈ ആർജ്ജവമില്ലായ്മയെ ആണ് ആണത്തമെന്ന് ആഘോഷിക്കപ്പെടുന്നത് എന്ന് തോന്നുന്നു.

വീകെ said...

ട്രാഫിക് പോലീസ്സുകാരിയുടെ കാര്യത്തിൽ സ്വന്തം ഡിപാർട്ടുമെന്റു പോലും അവരോട് അനുഭാവം പ്രകടിപ്പിക്കാഞ്ഞത് വളരെ കഷ്ടം തന്നെയാണ്.ഡ്യൂട്ടിക്കിടയിൽ സംഭവിച്ച മാനഹാനിക്ക് സർക്കാരു പോലും മൌനം പാലിക്കുന്നു. കുറ്റം ചെയ്തവനെ വെള്ള പൂശാൻ കെണിയൊരുക്കുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. നമ്മുടെ ജനാധിപത്യത്തിന്റെ ഒരു ഗതികേടേ...!

aswathi said...

പ്രതികരിക്കുക... പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക...
നല്ല എഴുത്ത് എച്മു ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വെട്ടത്താൻ ചേട്ടന്റെയും വികെജിയുടെയും കമന്റുകൾക്ക് ഓരോ കയ്യൊപ്പ്. ഒപ്പം  എച്മുവിൻ ഒരു സല്യൂട്ടും. പക്ഷെ ഷണ്ഡന്മാർ ഭരിക്കുന്ന ഭാരതത്തിൽ എന്ത് നടക്കാൻ

ente lokam said...

പദ്മിനിയും തെജ്പാലും ഗാന്ഗുലിയും ഒക്കെ ഇരകൾ
ആണ് ..ഓരോ അധമ പ്രവൃത്തിക്കും നീതി ശാസ്ത്രത്തിന്റെ
കറുത്ത പിന് ബലം ഉണ്ടാവുമ്പോൾ ചിലർ മഹത്വവലക്കരിക്കപ്പെടുന്നു .
അധികാരവും പ്രശസ്തിയും തിന്മകൾക്കു കൂടു നിൽക്കുമ്പോൾ പ്രതികൾ
വീണ്ടും ഇരകള ആവുന്നു ...
ആര്ക്കും വേണ്ടാത്ത പദ്മിനിയും അതെ പേരിൽ വാടി തളര്ന്ന
ചേമ്പിൻ തണ്ട് പോലെ മറ്റൊരു ഇര ആവുന്നു ..ഇതിൽ യഥാർത്ഥ
ഇരകള ആരെന്നു തിരിച്ചു അറിയാൻ വയ്യാത്ത വിധം സാധാരണക്കാരന്റെ
തലച്ചോറിൽ പാതാള കരണ്ടി ഇട്ടു കറക്കി തിരിക്കുന്നു മാധ്യമപ്പടകൾ..
മാണിക്യം പറഞ്ഞത് പോലെ ദൃശ്യവും, 22 ഫീമൈലും ഇവിടെ ആവര്തിക്കപ്പെടാൻ
അവസരങ്ങൾ കൂടുന്നു....

എച്ച്മുവിന്റെ ലേഖനത്തിന്റെ ചില ഭാഗങ്ങൾ വിശദീകരണ കമന്റ്‌ കൂടി ആയപ്പോൾ ആണു പൂര്ണം ആയതു ....

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടിൽ നീതിയല്ലല്ലോ വാഴുന്നത്..

അനീതിക്കാണ് എന്നും സ്ഥാനമാനങ്ങൾ...!