Saturday, July 5, 2014

കുത്തിക്കയറുന്ന ഇരുമ്പ് മുള്ളുകളും ആളിപ്പടരുന്ന ചെന്തീയുമായൊരു മഴവില്‍പ്പെയ്ത്ത് 6


https://www.facebook.com/echmu.kutty/posts/291061297739838

ആറാം ഭാഗം

ദ്രോണരുടെ ഗ്രാമമായ ഗുരുഗ്രാമമെന്ന  ഗുഡ് ഗാവിനപ്പുറത്ത് മാനേസറില്‍  ഫാം ഹൌസുകളുടെ അനവധി പ്രോജക്ടുകളുണ്ടായിരുന്നു  സന്ദീപ്  സാറിന് . ഇച്ചാക്ക  അവയ്ക്കെല്ലാം മനോഹരമായ ഡിസൈനുകള്‍  തയാറാക്കുമായിരുന്നെങ്കിലും  ഫാം  ഹൌസുകളുടെ ഉടമസ്ഥര്‍ക്ക്    മുന്നില്‍  അങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.  മുസ്ലിം എന്ന  പൊറുക്കാന്‍  കഴിയാത്ത വ്രണം  തലച്ചോറില്‍  പേറുന്ന  ധനികരായ  ഹിന്ദുക്കളായിരുന്നു  അവരെല്ലാവരും തന്നെ. അവരെ അങ്ങനെ കബളിപ്പിക്കുന്നതില്‍  സന്ദീപ് സാറും   ഇച്ചാക്കയും ഒരേ പോലെയുള്ള ആഹ്ലാദം  അനുഭവിച്ചു പോന്നു. 

സാഹില്‍ എന്ന  നല്ലൊരു പേര് ഇച്ചാക്ക എന്ന മലയാളി സ്പര്‍ശമുള്ള  വിളിപ്പേരായി  മാറിയതെങ്ങനെയെന്ന് ഞാന്‍  ഓഫീസില്‍  പലരോടും ചോദിച്ചു.  അശ്വിനി ശര്‍മ്മയാണ് അതൊരു മലയാളി ഡ്റാഫ്റ്റ്സ് മാന്‍  ഇട്ട വിളിപ്പേരാണെന്ന കഥ പറഞ്ഞു തന്നത്. സലിം  എന്നായിരുന്നുവത്രെ  അയാളുടെ പേര്. അയാളുടെ ബന്ധുവായ ഒരു  ജ്യേഷ്ഠനെ ഇച്ചാക്ക എന്നയാള്‍  വിളിച്ചിരുന്നു.  ആ പേര് അയാള്‍ സാഹില്‍ സാറിനും നല്‍കി. അങ്ങനെ കാശ്മീരിയായ സാഹില്‍  മലയാളിയായ  ഇച്ചാക്കയെന്ന് അറിയപ്പെടുവാന്‍  തുടങ്ങി. ആ പേരിന്‍റെ  ഓമനത്തമാവണം ഇച്ചാക്കയെന്ന് ആരു  വിളിച്ചാലും  സാഹില്‍ സാര്‍ വിളി  കേള്‍ക്കും. സലിമിനെ എല്ലാവര്‍ക്കും  വലിയ  കാര്യമായിരുന്നു.  പിന്നീട്  ഗള്‍ഫിലേക്ക് പോയി  ധനികനായിത്തീര്‍ന്ന  സലിം  ഇന്ത്യയെ ഒരു മുസ്ലിം രാജ്യമാക്കണമെന്നും  അതിനുവേണ്ട കാര്യങ്ങള്‍  ചെയ്യുന്നവരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട്  എപ്പോഴും ഇച്ചാക്കയ്ക്ക്  ഫോണ്‍  ചെയ്യുമായിരുന്നു. 

ഇച്ചാക്ക എല്ലാം  മൂളി  കേള്‍ക്കും. 

ഇച്ചാക്ക  ചിരിക്കും. 

ഒപ്പം  ജീവിക്കുന്ന സ്വന്‍സലിനെപ്പോലും മുസ്ലിമാക്കാന്‍ തുനിയാത്ത ഇച്ചാക്കയാണ് കോടിക്കണക്കിനു ജാതികളിലും ഉപജാതികളിലും പിന്നെ  കുറെ  മതങ്ങളിലുമൊക്കെ  പെട്ടുഴലുന്ന  ഇന്ത്യാക്കാരെ പിടിച്ച് മുസ്ലിമാക്കാന്‍  കൂട്ടു നില്‍ക്കുന്നത്.
 
അതും പറഞ്ഞ്  അശ്വിനി ശര്‍മ്മ  പൊട്ടിച്ചിരിച്ചു. 

ഇന്ത്യ  മുഴുവന്‍ ഏകദേശം കൊടിക്കീഴിലാക്കിയ  മുഗള്‍ ഭരണാധികാരികള്‍ പോലും എല്ലാവരേയും മുസ്ലിമാക്കിയില്ല..  എന്നിട്ടാണ് പിന്നെ..  

അവരൊരുപാട്  അതിക്രമം ചെയ്തുവെന്നാണല്ലോ ചരിത്രം പറയുന്നത്   ഞാന്‍  അശ്വിനിശര്‍മ്മയുടെ വാക്കുകള്‍ക്കിടയില്‍  ഒരു  കൊള്ളി വെച്ചു കൊടുത്തു.. 

അദ്ദേഹത്തിന്‍റെ മുഖം തികച്ചും  ഗൌരവപൂര്‍ണമായി.

ലോജിക്ക് ലോജിക്ക് എന്നൊരു സാധനമുണ്ട് ഈ ലോകത്ത്... അതിനെക്കുറിച്ച്  യാതൊരു  പിടിപാടുമില്ലാത്തവര്‍ക്ക് എന്തും ചരിത്രമെന്ന പേരില്‍, അവരവര്‍  കണ്ടുപിടിച്ചതെന്ന പേരില്‍  തട്ടിമൂളിക്കാം. മുഗള്‍ ചക്രവര്‍ത്തിമാര്‍  സാമ്രാജ്യം വികസിപ്പിച്ച കൂട്ടത്തില്‍  സകലരേയും പിടിച്ച്  തൊപ്പിയിടീച്ചിരുന്നങ്കില്‍ ഇന്ന്  ഇന്ത്യയില്‍  ഇത്രേം  മുസ്ലിമുകളൊന്നും  ഉണ്ടായാല്‍  പോരാ..ശാന്തീ..  ശക്തനായ ഭരണാധികാരി  ബലമായി  മതപരിവര്‍ത്തനം  ചെയ്യിക്കാന്‍  തീരുമാനിച്ചാല്‍ എതിര്‍ത്ത് നില്‍ക്കാന്‍  കഴിവുള്ള  ഭൂരിപക്ഷം ജനത ഇന്നുവരെ    പ്രപഞ്ചത്തില്‍  ഉണ്ടായിട്ടില്ല.  പിന്നെ  അധികാരമെന്നാല്‍  എന്നും  അക്രമമാണ്..  അത്  ആരുടെയായാലും.. മുസ്ലിം അക്രമവും രജപുത്ര അക്രമവും  ഇംഗ്ലീഷ്  അക്രമവും  ഒരു പോലെ വേദനയാണ്.. നൃശംസതയാണ്. അതില്‍  ചിലത് ഉദാത്തം, മറ്റ് ചിലത് മ്ലേച്ഛം എന്നൊന്നുമില്ല. അത്  സഹിച്ചവര്‍ക്ക് ആ  ദണ്ഡമറിയാം.. അവര്‍ക്ക് മാത്രമേ  അതറിയൂ.  

ഞാന്‍  ഒന്നും  പറഞ്ഞില്ല. 

അതെ , സഹിച്ചവര്‍ക്ക്  മാത്രം  സമൃദ്ധമായി  പരിചയമുള്ള മുനകളാണ്  നൊമ്പരമുള്ളിന്‍റേത്.  

ഇച്ചാക്കയുടെ സ്വന്‍സലിനെ  പരിചയപ്പെടണമെന്ന്  ആഗ്രഹമുണ്ടായിരുന്നു  എനിക്ക്.  അവര്‍   വീല്‍ചെയറിലിരുന്ന്  ചെടികളേയും  പച്ചക്കറികളേയും എല്ലാം  പരിചരിക്കുന്നതും  തലോടുന്നതും  അവയോട്  സംസാരിക്കുന്നതുമെല്ലാം വളരെ  ഓമനത്തമുള്ള കാഴ്ചകളായിരുന്നു. പൂക്കള്‍ക്കും  ചെടികള്‍ക്കുമിടയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍  അവരുടെ ഉജ്ജ്വലമായ സൌന്ദര്യം ആയിരം ഇരട്ടിയായി  പ്രകാശിക്കുന്നതു പോലെ എനിക്ക് തോന്നി.  

എന്‍റെ  ആഗ്രഹം വായിച്ചറിഞ്ഞതു പോലെ അശ്വിനി ശര്‍മ്മ   പറഞ്ഞു . സ്വന്‍സല്‍ കുറച്ച് റിസേര്‍വ്ഡ് ആണ്. ജീവിതം  ഏല്‍പ്പിച്ച ആഘാതം  കൊണ്ടാവാം.

ഒന്നു  നിറുത്തീട്ട്  ശര്‍മ്മ വാചകം  പൂര്‍ത്തിയാക്കി.

ഋതുവിനെപ്പോലെയല്ല..

ആരാണ് ഋതുവെന്ന്  എനിക്ക് മനസ്സിലായില്ല 

  മിസ്സിസ് സന്ദീപ്.  അവര്‍ ജൂതമതക്കാരിയാണ്. മലയാളിയാണ്. പക്ഷെ, മലയാളം അറിയില്ല. കിലുകിലെ എന്ന് സംസാരിച്ചുകൊണ്ടിരിക്കും. എല്ലാവരേയും  അങ്ങോട്ട്  ചെന്ന് പരിചയപ്പെടും.  ഋതു  പി  എച്ച്  ഡി  ചെയ്യുകയാണ് അമേരിക്കയില്‍.. അതാണ് സന്ദീപിന്‍റെ ഇടയ്ക്കിടെയുള്ള  അമേരിക്കന്‍ യാത്രകള്‍ക്ക് പിറകിലെ  ഒരു  കാരണം.
 
ശര്‍മ്മ മനോഹരമായ ഒരു കുസൃതിപ്പുഞ്ചിരിയമര്‍ത്തി.  

ഞാനും ചിരിച്ചു.  

സീമയെ  കാണാന്‍  ഞങ്ങള്‍ പോയതറിഞ്ഞ് എന്നെ തികച്ചും  ആത്മാര്‍ഥമായി  അഭിനന്ദിച്ചതിനു ശേഷം അശ്വിനി ശര്‍മ്മയോട്  എനിക്ക് അല്‍പം  കൂടി  സ്വാതന്ത്ര്യവും മനസ്സടുപ്പവും തോന്നുന്നുണ്ടായിരുന്നു.

സീമമാരില്‍ നിന്ന് വ്യത്യസ്തമായി  പെണ്‍ദേഹവും ആണ്‍മനസ്സുമുള്ളവരുണ്ടെന്നും അവര്‍ക്ക്  ആണ്‍ശരീരമാവാന്‍ അത്യാവശ്യമായതൊന്നും  അങ്ങനെ  കിട്ടുകയില്ലെന്നും അവര്‍ ആ ദാഹത്തോടെ തന്നെ അങ്ങനെ ജീവിക്കുമെന്നും  അദ്ദേഹമാണ് എനിക്ക്  പറഞ്ഞു  തന്നത്.  

അവരും അതിഭയങ്കരമായ ലൈംഗിക ചൂഷണങ്ങള്‍ക്ക്  വിധേയരാകാറുണ്ട്.  അവരും യാചിച്ചും നൃത്തം ചെയ്തും ഒക്കെത്തന്നെയാണ് കഴിയുന്നത്. തിരുനമ്പി  എന്ന്  വിളിക്കപ്പെടുന്ന അവരുടെ എണ്ണം പൊതുവേ  കുറവാണെന്ന്  ഒരു വിശ്വാസമുണ്ട്.  അതില്‍  എത്ര വാസ്തവമുണ്ടെന്ന്  അറിയില്ല.  

മലയാളികളില്‍  ഇത്തരം ആള്‍ക്കാരേ  ഇല്ലെന്ന് ഞാന്‍  വാദിച്ചു. മലയാളികള്‍  എല്ലാവരും ഒന്നുകില്‍ പുരുഷന്മാരായിരിക്കും അല്ലെങ്കില്‍ സ്ത്രീകളായിരിക്കും എന്ന് ഞാന്‍  ഉറപ്പിച്ചു പറഞ്ഞപ്പോള്‍  അദ്ദേഹം വിവരമേയില്ലാത്ത ഒരു കൊച്ചു കുഞ്ഞിനെ  എന്നപോലെ സ്നേഹപൂര്‍ണമായ കണ്ണുകളോടെ എന്നെ നോക്കി.  

യൂ  ആര്‍  ടൂ ഇന്നസെന്‍റ് ...

നീ  അറവാണി  എന്ന്   കേട്ടിട്ടുണ്ടോ എന്ന്  ശര്‍മ്മ  എന്നോട്  ചോദിച്ചു. 

ഇല്ലെന്ന് പറഞ്ഞപ്പോള്‍ പുതിയൊരു സിഗരറ്റ് കത്തിച്ച്  വലിച്ചുകൊണ്ട്   ആ കഥ ശര്‍മ്മ  പറഞ്ഞു  തന്നു.

അര്‍ജുനനനു നാഗരാജകുമാരിയായ ഉലൂപിയില്‍   ജനിച്ച  മകനായിരുന്നുവത്രേ  അറവണന്‍. മഹാഭാരതയുദ്ധത്തില്‍  വിജയമുണ്ടാവാന്‍  ഒരു  ബലി  അല്ലെങ്കില്‍  ഒരു മരണം  ആവശ്യമായിരുന്നു. യുദ്ധത്തിനു മുന്‍പ്  ഈ ബലി  ചെയ്യാനുള്ള  വിധി അറവണനാണ് വന്നത്.  കാരണം മറ്റ് മക്കള്‍ക്കൊക്കെ അഭിമന്യുവിനും ഘടോല്‍ക്കചനുമെല്ലാം യുദ്ധത്തില്‍ പങ്ക്  വഹിക്കാനും  അപ്രകാരം പങ്കുവഹിച്ച് മരണപ്പെടുവാനും  വിധിയുണ്ടായിരുന്നുവല്ലോ.  അങ്ങനെ പങ്കൊന്നും  വഹിക്കാനില്ലാത്ത അറവണന്‍ ബലിയാവാന്‍  വിധിക്കപ്പെട്ടു. ബലിയാവാന്‍ തയാറായെങ്കിലും വിവാഹജീവിതവും കുടുംബ സുഖവും  അനുഭവിക്കാതെ  മരിക്കേണ്ടി  വരുന്നതില്‍  അറവണന് നന്നേ  വിഷമമുണ്ടായിരുന്നു. ഒറ്റ സ്ത്രീയും  നാളെ മരിക്കുമെന്നുറപ്പുള്ള അറവണനെ പരിണയിച്ച്  വിധവയാകാന്‍ തയാറായിരുന്നില്ല.  ഒടുവില്‍ ശ്രീകൃഷ്ണന്‍  മോഹിനി  വേഷംകെട്ടി അറവണനൊപ്പം ഒരു ദിവസം  കഴിഞ്ഞു.    അറവണന്‍റെ  ഭാര്യമാരാണ്  തിരുനങ്കകളെന്നറിയപ്പെടുന്ന  സീമയും ഗരുവുമൊക്കെ.  തിരുനമ്പിമാരും ഭാര്യമാര്‍ തന്നെ .  വര്‍ഷത്തില്‍  ഒരു ദിവസം  മാത്രം  ഭര്‍തൃമതികളാകുന്നവര്‍.  പിറ്റേന്ന്  അവര്‍  വിധവ കളായി  ദു:ഖം  ആചരിക്കുമെന്നും തമിഴ് നാട്ടിലാണ് ഈ വിചിത്രമായ ആചാരമുള്ളതെന്നും  അറവണന്‍റെ ഭാര്യമാര്‍ എല്ലാവരും  അറവാണിമാരെന്ന്  അറിയപ്പെടുന്നുവെന്നും ശര്‍മ്മ  പറഞ്ഞു 

അറുവാണിച്ചി  എന്നത് മലയാള ഭാഷയിലെ ഒരു ചീത്തവാക്കാണെന്നും അതിനു വേശ്യ എന്നാണര്‍ഥമെന്നും  ഞാന്‍  മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. 

അക്കാര്യം ശര്‍മ്മയോട് പറയാന്‍ അപ്പോള്‍  ഞാന്‍  ധൈര്യപ്പെട്ടു.  

പൊട്ടിച്ചിരിച്ചുകൊണ്ട്  അദ്ദേഹം സ്വന്തം  വാക്കുകള്‍ ഇങ്ങനെ  ഉപസംഹരിച്ചു. 

ഇറ്റ്  പ്രൂവ്സ്  മലയാളീസ് ഹാവ്  തേര്‍ഡ് ജെന്‍ഡര്‍ ഇന്‍  ദെയര്‍ സൊസൈറ്റി ആന്‍ഡ് ദെയര്‍ ആറ്റിറ്റ്യൂഡ്  റ്റുവേര്‍ഡ്സ്  ദെം.
 
അവരെ കാണുമ്പോള്‍   എല്ലാവര്‍ക്കും  പേടിയോ  വെറുപ്പോ  ഒക്കെയല്ലേ തോന്നൂ.. അവരുടെ പെരുമാറ്റവും....
 
 ശര്‍മ്മ  വിരലുയര്‍ത്തി  എന്നെ വിലക്കി. 

ഇല്ലാത്തവരെയും കുറഞ്ഞവരേയും  നമ്മുടെ  സമൂഹത്തിനു  വെറുപ്പാണ്.. ധനവും അധികാരവും ഇല്ലാത്തവരെ..  ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളില്‍  തോറ്റു  പോയവരെ  അവരെയൊന്നും  നമുക്ക്  സഹിക്കാന്‍  കഴിയില്ല.  ഉള്ളവര്‍  ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഉള്ളവരുടെ ധാര്‍ഷ്ട്യം അഹന്ത, ആര്‍ത്തി   അതൊക്കെ നമ്മള്‍  തുപ്പല്‍ കൂട്ടി വിഴുങ്ങും.. എന്നാല്‍  ഇല്ലാത്തവരുടെ കളവ് , ആര്‍ത്തി, അഭിമാനം, ആഗ്രഹം ഇതൊന്നും  നമുക്ക്  സഹിക്കാനോ  ക്ഷമിക്കാനോ പറ്റില്ല .
 
പത്തായങ്ങളില്‍  ധനവും ധാന്യവും അളവില്ലാതെ പൂട്ടിവെക്കുകയും  കള്ളപ്രമാണങ്ങളുണ്ടാക്കി  മറ്റുള്ളവരുടേതെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്ന  സാധാരണ മനുഷ്യര്‍ക്ക്  ഞങ്ങളെപ്പോലെയുള്ള മക്കള്‍ പിറക്കാതിരിക്കട്ടെ  എന്ന്  അനുഗ്രഹിക്കുന്ന, അവരവരുടെ തുടര്‍ച്ചകളെ തന്നെ നിഷേധിക്കുന്ന    സീമയേയും  ഗരുവിനേയും  ഒക്കെ  എങ്ങനെ മനസ്സിലാകുമെന്ന്  അശ്വനിശര്‍മ്മ  എന്നോട്  ചോദിച്ചു. 

വാദിക്കാന്‍  എനിക്ക് വാക്കുകളില്ലാതായി. 

രണ്ടാഴ്ചയ്ക്കപ്പുറം  ഒരു  ദിവസം  സീമ ചികില്‍സ കഴിഞ്ഞ് തിരിച്ചെത്തിയെന്ന്  ആ എലുമ്പന്‍ ഹാര്‍മോണിക്കക്കാരനാണ് പൂജയോട് വന്നു പറഞ്ഞത്. തീരെ അവശനായി  കാണപ്പെട്ട അയാളോട് കൂടുതല്‍  വിശേഷങ്ങള്‍  തിരക്കാന്‍ പൂജ  ശ്രമിച്ചില്ല.  സീമയെ  വീട്ടില്‍  പോയി  കാണാമെന്ന്  ഞങ്ങള്‍ വിചാരിച്ചു.

അതൊരു നട്ടുച്ചനേരമായിരുന്നു. തണുപ്പുകാലമായിരുന്നുവെങ്കിലും മേഘം മൂടിക്കെട്ടി ഒരു  ചന്നം പിന്നം  മഴ  വീഴുന്നുണ്ടായിരുന്നു. മഴയ്ക്കൊപ്പം ചിലപ്പോള്‍ ആലിപ്പഴം പൊഴിയുമെന്ന് പൂജ  പറഞ്ഞു.

ഞാന്‍ ആലിപ്പഴം പൊഴിയുന്നത് കാണാന്‍ കൌതുകത്തോടെ  കാത്തിരുന്നു. 

അപ്പോഴാണ് സീസണില്‍  ആദ്യമായി ആലിപ്പഴം പൊഴിയുന്ന ദിവസം  ആ ഐസ് കട്ടകള്‍ പരസ്പരം കൈയില്‍ പിടിപ്പിച്ച്  നല്ല മഞ്ഞുകാലം നേരുന്ന, ശ്രീനഗറിലെ  അവരുടെ  കോളേജ് ദിനങ്ങളെപ്പറ്റി സ്വന്‍സല്‍  സംസാരിച്ചത്. 

ഇച്ചാക്കയ്ക്കൊപ്പം അവരുടെ  വീടിന്‍റെ  വരാന്തയിലിരുന്ന് ഡിസൈന്‍  ട്റേസ്  ചെയ്യുകയായിരുന്നു ഞാനും  പൂജയും. വര്‍ക്ക് സൈറ്റിലെ മേസ്തിരിമാര്‍ക്ക്  നല്‍കാനുള്ള  നിസ്സാരമായ   ജാലി  ഡിസൈനുകളായിരുന്നു  ഞങ്ങള്‍  ട്റേസ്  ചെയ്തുകൊണ്ടിരുന്നത്. സന്ദീപ്  സാര്‍  ഓഫീസിലുണ്ടായിരുന്നതുകൊണ്ട്  ഇച്ചാക്ക ഉച്ചയൂണു കഴിഞ്ഞുള്ള  ഒരു  അല്‍പ വിശ്രമ മനോഭാവത്തിലായിരുന്നു. 

സ്വന്‍സല്‍  കുങ്കുമപ്പൂവിട്ടുണ്ടാക്കിയ  കാശ്മീരികാവ കുടിക്കാന്‍ തന്നു.  തികച്ചും  അപരിചിതമായ  രുചിയുടേതായിരുന്നിട്ടും ആ ചായ  നന്നായിത്തോന്നിയത് തണുപ്പ്  കാലമായതുകൊണ്ടാവണം. 

അവര്‍  ചിനാര്‍ മരങ്ങളെപ്പറ്റി .. 

പൈന്‍ മരങ്ങളേയും ദേവദാരുക്കളേയും  പറ്റി.. 

ഷിക്കാരകളേയും ആയിരക്കണക്കിനുള്ള പൂക്കളേയും  പറ്റി ...

മഞ്ഞിനെപ്പറ്റി...

മുഗള്‍പ്പൂന്തോട്ടങ്ങളെപ്പറ്റി... 

ഭൂമിയിലെ  ആ സ്വര്‍ഗത്തെപ്പറ്റി ...

കാശ്മീര്‍ കി  കലി  എന്ന പഴയ സിനിമയെപ്പറ്റി ...

ഒക്കെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.നഷ്ടപ്പെട്ടു  പോയതെന്തും  വീണ്ടെടുക്കാന്‍  ആവാതെ പോയതെന്തും മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകുമെന്ന്  വിഷാദം നിഴലിട്ടതെങ്കിലും   ഉല്‍സാഹഭരിതമായ അവരുടെ വാക്കുകള്‍ എന്നെ അതികഠിനമായ ഹൃദയവേദനയോടെ  ഓര്‍മ്മിപ്പിച്ചു. 

 ഉഗ്രശേഷിയുള്ള  ഒരു  ബോംബു സ്ഫോടനത്തില്‍   മാതാപിതാക്കളേയും  സ്വന്തം കാലുകളേയും  നഷ്ടപ്പെട്ട്  അഭയാര്‍ഥിയായി  തെരുവിലലഞ്ഞ ഒരു   തണുപ്പുകാലത്തിന്‍റെ  ആദ്യ ദിവസത്തെപ്പറ്റിയാണ് സ്വന്‍സല്‍ സംസാരിച്ചതെന്ന്  എനിക്ക്  അപ്പോള്‍  മനസ്സിലായില്ല.     പച്ചമാംസത്തില്‍ കുത്തിക്കയറുന്ന ഇരുമ്പുമുള്ളുകളും പരിസരമാകെ  ആളിപ്പടരുന്ന  ചെന്തീനാളങ്ങളും  നിറഞ്ഞ ബോംബുകള്‍ ഏല്‍പിക്കുന്ന ആഘാതത്തെക്കുറിച്ചാണ് സ്വന്‍സല്‍ നടുങ്ങുന്നതെന്ന്  എനിക്ക് അപ്പോള്‍ മനസ്സിലായില്ല.ഏതു നിമിഷവും  സൈനികരാല്‍ ചോദ്യം ചെയ്യപ്പെടുന്ന അത്മാഭിമാനത്തിനു ക്ഷതം പറ്റിയ  ഒരു  ജനതയുടെ ഹൃദയവേദനയാണ് സ്വന്‍സലിനുള്ളതെന്ന്  എനിക്ക്  അപ്പോള്‍ മനസ്സിലായില്ല. അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഇച്ചാക്കയെന്ന ഊന്നുവടിയുമായി ജീവിതത്തിലേക്ക്  മെല്ലെ മെല്ലെ  പിച്ചവെച്ചതിന്‍റെ  വിങ്ങലായിരുന്നു  സ്വന്‍സലിന്‍റേതെന്ന്  എനിക്ക്  അപ്പോള്‍ മനസ്സിലായില്ല. തീതുപ്പുന്ന തോക്കുക്കള്‍ക്കിടയില്‍ ചൂളിക്കുനിഞ്ഞിരുന്ന്  ചിത്രത്തുന്നല്‍  ചെയ്ത  ഫിരനുകളിലൊളിപ്പിച്ച കുഞ്ഞ് കുഞ്ഞ്  അംഗീട്ടികളില്‍ ചൂടും  സമാധാനവും തേടുന്ന കാശ്മീരിനെ  ഓര്‍ത്താണ് സ്വന്‍സല്‍ കണ്ണീര്‍ പൊഴിച്ചതെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായില്ല.

പുതുതായിപ്പിറന്നു വീണ  ഇരു രാജ്യങ്ങളില്‍ ആര്‍ക്ക്  പങ്കുവെയ്ക്കണമെന്നറിയാതെ  ആര്‍ത്തിയില്‍ കാലിടറിപ്പോയ രാജാവും കാശ്മീരിനെ പുലര്‍ത്താന്‍  എല്ലാം  സൈന്യത്തെ  ഏല്‍പിച്ചു കിളിത്തട്ട്  കളിക്കുന്ന  ഇന്ത്യയും  സഹിക്കേണ്ടി വന്ന കൊടിയ  വഞ്ചനകള്‍ക്ക്  സാധിക്കുമ്പോഴെല്ലാം പ്രതികാരം ചെയ്യുമെന്നലറുന്ന  പാകിസ്ഥാനും  പറ്റുമ്പോഴെല്ലാം  ബോംബ് കൊണ്ട്  ദീപാവലി ആഘോഷിക്കുന്ന തീവ്രവാദികളും  ഒന്നിച്ചു  കൈയൊഴിഞ്ഞ,  ഇവരില്‍  ആരുടേയും അവസാന പരിഗണന പോലും അല്ലാത്ത  പാവപ്പെട്ട കാശ്മീരി  ജനതയുടെ  ഒടുങ്ങാത്ത  തേങ്ങലായിരുന്നു സ്വന്‍സല്‍. 

എന്നാല്‍ ഞാനോ? അതൊന്നും  ശരിയായി  മനസ്സിലാക്കാന്‍ കഴിവില്ലാത്ത വെറും ഒരു  സാധാരണക്കാരി മാത്രവും...  

( തുടരും )

34 comments:

Rajesh said...

മലയാളികളില്‍ ഇത്തരം ആള്‍ക്കാരേ ഇല്ലെന്ന് ഞാന്‍ വാദിച്ചു. -- There are many, no, too many and there are too many lesbians and gays too, among Malayaalees (like in any society).

Unfortunately, in our country, most of these lesbians and gays ends up in a normal marriage, carefully chosen by their parents - who doesn't have any idea about the sexual choices of their children-, and soon ends up as an unhappy wife or husband in a 'happily married family life' - in the eyes of our society'. Their unfortunate partners too ends up leading a disappointing family life wondering, why their partner shows no interest at all?

Thousands of our people live in eternal unhappines because of our great culture.

Anonymous said...

You can write lies in the name of History. Because your recent ancestors have done that. But donot distort "puranas".
"learned" means modern education, especially English, is int it. Knowing ones tradition, culture, History from original sources is not a part of that knowledge!
It is "Iraavaan", for you kind consideration- son of Arjuna in Uloopi.
And please read some wiki sources atleast- about Timur, Babur, Aurangazeb. Why India remain un-Islamic is not because of Kindness of those barbarian whose greatness you now see in Syria, Iraq and Afghanistan.

റോസാപ്പൂക്കള്‍ said...

സാന്‍സലിന്റെ കാശ്മീര്‍...
ഇന്ത്യയുടെ മുറിവായി തുടരുന്നു...
ശ്രീ നഗറില്‍ നിന്നും ഓടിപ്പോയി ജമ്മുവില്‍ ജീവിതം കരുപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍,തങ്ങളുടെ സ്വര്‍ഗം നരകമാക്കുന്നരെ ശപിക്കുന്ന ശ്രീനഗറുകാര്‍....

Echmukutty said...

ആദ്യ വായനയ്ക്കെത്തിയ രാജേഷിനു നന്ദി.. കഥയിലെ കഥാപാത്രമായ ശാന്തിയുടെ വിശ്വാസം പലരുടേയും വിശ്വാസമായി കാണാനിട വന്നിട്ടുണ്ട്..അതുകൊണ്ടാണ് അങ്ങനെ എഴുതിയത്.. അഭിപ്രായത്തിനു നന്ദി..

Echmukutty said...

അനോണിമസിനും നന്ദി.
ഇരാവാന്‍ എന്ന സംസ്കൃത പദമാവണം തമിഴന്‍ ഉപയോഗിക്കുന്ന അറാവാന്‍ അല്ലെങ്കില്‍ അറവണന്‍. ദ്രാവിഡ ഭാഷകളില്‍ തമിഴാണല്ലോ സംസ്കൃത പദങ്ങളെ ഏറ്റവുമധികം ദ്രാവിഡീകരിക്കുന്നത്. മലയാളത്തില്‍ ശ്രീരാമന്‍ പണ്ട് ചീരാമന്‍ ആയിരുന്നു ശക്തി ചക്കിയായിരുന്നു.. അതില്‍ പുരാണങ്ങളിലുള്ള താങ്കള്‍ സൂചിപ്പിച്ച ഇംഗ്ലീഷിലാക്കിയ വിവരമില്ലായ്മ ഉണ്ടെന്ന് തോന്നുന്നില്ല. അത് ഭാഷാപരമായ ഒരു പരിണാമം മാത്രമാണ്.. ഭാഷാപരമായ വ്യതിയാനങ്ങളെ ഇല്ലായ്മ ചെയ്യുന്നത് പാരമ്പര്യം, സംസ്ക്കാരം, ചരിത്രം എന്നിവയോടുള്ള അനീതിയുമായിരിക്കും.

എല്ലാ അധികാരവും നൃശംസതയാണ്.. അത് എന്‍റെ പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മതം എന്നും രാഷ്ട്രീയാധികാരവുമായി മാത്രമേ സന്ധി ചെയ്തിട്ടുള്ളൂ. ധനവും അധികാരവും മാത്രമാണ് എല്ലാ മതത്തിന്‍റേയും എന്നത്തേയും ആദ്യ പരിഗണന. അതിലേക്കെത്താനായിട്ടുള്ള കുറുക്കു വഴി മാത്രമാണ് മതത്തിന്‍റെ ജനസമ്മതി.
സ്വന്തം ആശയം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഏതു ഭരണാധികാരിയും അത് തിമൂര്‍ മുതല്‍ ഇന്നത്തെ അധികാരി വരെ.. ഒരേ പോലെ ജനവിരുദ്ധരാകുന്നുണ്ട്.. ബി സി കാലത്തെ അധികാരികള്‍ നടത്തിയ ജനപീഡനങ്ങളുടെ പരിഷ്ക്കരിച്ച പതിപ്പുകള്‍ തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പോലീസ് ലോക്കപ്പുകള്‍ എന്നിരിക്കേ അധികാരത്തിന്‍റെ തുടര്‍ച്ച എല്ലാ ഭരണാധികാരികളിലും ഒരു പോലെയാണ്.. ജനങ്ങളുടെ ദുരിതവും..
പിന്നെ വിരോധം വിദ്വേഷം കീഴ്പ്പെടല്‍ എന്നിവ ഊട്ടി വളര്‍ത്തിയാണല്ലോ നമ്മള്‍ ജാതികളേയും മതങ്ങളേയും അധികാരത്തിനായി കൊണ്ടു നടക്കുന്നത്. അല്ലെങ്കില്‍ തിമൂറും ഔറംഗസീബുമൊന്നും ഇപ്പോഴും ഇങ്ങനെ ജീവിച്ചിരിക്കേണ്ട കാര്യമില്ല. കാരണം അവരെയൊക്കെ ക്രുരതകളില്‍ തോല്‍പ്പിക്കുന്ന എത്രയോ ഭരണാധികാരികള്‍ എവിടെയൊക്കെയൊ ഉണ്ടായിക്കഴിഞ്ഞു..
ചെറിയ കട്ടിലുണ്ടാക്കി അതിനു പാകത്തിനു ആളെ വെട്ടലാണല്ലോ.. ആ ഒരു രീതി..

താങ്കള്‍ ചൂണ്ടിക്കാണിച്ചത് പോലെ ഞാന്‍ ഇനിയും ചരിത്രവും സംസ്ക്കാരവും പാരമ്പര്യവും ഭാഷയുമൊക്കെ കൂടുതല്‍ പഠിക്കാനും അറിയാനും തീര്‍ച്ചയായും പരിശ്രമിക്കും.. എന്‍റെ അറിവ് അന്തിമമാണെന്ന വിശ്വാസം എനിക്കില്ല അനോണിമസ്.
വരവിനും അഭിപ്രായത്തിനും നന്ദി.



Echmukutty said...

റോസാപ്പൂവ് വന്നതില്‍ ഒത്തിരി സന്തോഷം..

vettathan said...

ഇത്തവണ അല്‍പ്പം കാര്യവിചാരം കൂടി. കഥ ലേഖനമായി.

thallasseri.blogspot.com said...

നല്ല എഴുത്ത്‌. കഥ എന്ന ലേബലില്‍ ആണെങ്കിലും ഇത്‌ കഥയല്ലെന്ന്‌ അറിയുന്നു. അല്ലെങ്കില്‍ ജീവിതം തന്നെ ഏറ്റവും നല്ല കഥ. പ്രത്യേകിച്ച്‌ പൊതുവഴിയില്‍ നിന്ന്‌ വേടിട്ട്‌ നില്‍ക്കുന്ന ജീവിതം.

കഥയല്ലെങ്കിലും എണ്റ്റെ പുതിയ പോസ്റ്റ്‌ വായിക്കൂ. ദെല്‍ഹിയും ഇത്തിരി രാഷ്ട്രീയവും.

ഗൗരിനാഥന്‍ said...

എച്മു, ഞാന്‍ ആദ്യം തൊട്ടേ വായിക്കുന്നുണ്ട് ട്ടോ, കമന്റ് കുറച്ചു കൂടി വായിച്ചിട്ടാകാം ന്നു കരുതി എന്നു മാത്രം,
ഒരു കാര്യം പറയാതെ വയ്യ, ആരും ഇത്ര ധൈര്യത്തോടെ സീമമാരെ കുറിച്ച് പറഞ്ഞിട്ടില്ല, പറഞ്ഞിട്ടുള്ളവരൊക്കെ യഥാര്‍ത്ത്ത്തിലുള്ള അവരുടെ കാര്യങ്ങളില്‍ ഒരല്‍പ്പം പുച്ഛവൌം, അതിശയോക്തിയും കലര്‍ത്താറുണ്ട്..ഞാനീ നോവലിനെ അതിന്റെ ഉള്ളടക്കം എന്ന പോലെ തന്നെ സ്നേഹിച്ചത് അതിന്റെ സത്യസന്ധത കൊണ്ടാണ്, വെച്ചു കെട്ടലുകളില്ലാത്ത തുറന്നെഴുത്തിനെ
എഴുത്തു തുടരണം, അത്രക്ക് നന്നായിട്ടുണ്ട്, മുന്‍പു എഴുതിയ പലതിനേക്കാള്‍ നന്ന്‍
ഇനി പറയാനുള്ളത്, ഒരു അഭിപ്രായാട്ടോ, ഈ നോവെലിനെ മാത്രമാക്കി ഒരു വേറേ ബ്ലോഗ് തുടങ്ങി , ഈ ബ്ലോഗുമായി ലിങ്ക് ചെയ്തിട്ടാല്‍ വായനാ സുഖം കൂടും എന്നു തോന്നി, ആ ബ്ലോഗില്‍ ഈ നൊവെല്‍ അല്ലാതെ ഒന്നും വരാതെ, ഒരു ബ്ലോഗ് പോസ്റ്റ് പോലെ കരുതിയാല്‍ മതി, ചുമ്മാ പറയാനുള്ളത് പറയാലൊ...അതു ബാധ്യത ഒന്നും ആകണ്ട,

വീകെ said...

‘ ഇല്ലാത്തവരെയും കുറഞ്ഞവരേയും നമ്മുടെ സമൂഹത്തിനു വെറുപ്പാണ്.. ധനവും അധികാരവും ഇല്ലാത്തവരെ.. ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളില്‍ തോറ്റു പോയവരെ അവരെയൊന്നും നമുക്ക് സഹിക്കാന്‍ കഴിയില്ല.
ഉള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഉള്ളവരുടെ ധാര്‍ഷ്ട്യം അഹന്ത, ആര്‍ത്തി അതൊക്കെ നമ്മള്‍ തുപ്പല്‍ കൂട്ടി വിഴുങ്ങും.. എന്നാല്‍ ഇല്ലാത്തവരുടെ കളവ് , ആര്‍ത്തി, അഭിമാനം, ആഗ്രഹം ഇതൊന്നും നമുക്ക് സഹിക്കാനോ ക്ഷമിക്കാനോ പറ്റില്ല .’

എത്ര വാസ്തവം എച്മു. ചിലരെ നാം നഖശിഖാന്തം എതിർക്കുമ്പോൾ അതേ തെറ്റുകൾ ചെയ്യുന്ന മറ്റു ചിലർക്കു മുന്നിൽ നിശ്ശബ്ദരാവേണ്ടി വരുന്നു.

പട്ടേപ്പാടം റാംജി said...

നഷ്ടപ്പെട്ടു പോയതെന്തും വീണ്ടെടുക്കാന്‍ ആവാതെ പോയതെന്തും മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകുമെന്ന് വിഷാദം നിഴലിട്ടതെങ്കിലും ഉല്‍സാഹഭരിതമായ അവരുടെ വാക്കുകള്‍ എന്നെ അതികഠിനമായ ഹൃദയവേദനയോടെ ഓര്‍മ്മിപ്പിച്ചു.

ഓരോ ഭാഗങ്ങളും കൂടുതല്‍ മികച്ചതായി വരുന്നു.
കഥ തുടരട്ടെ.

വിനുവേട്ടന്‍ said...

വേദന പകര്‍ന്ന ഒരദ്ധ്യായം...

ഗൌരീനാഥന്‍ പറഞ്ഞത് പോലെ ഇതൊരു തനി ബ്ലോഗ് ആക്കാമായിരുന്നൂട്ടോ...

ശ്രീനാഥന്‍ said...

ഒരു ആലിപ്പഴത്തിൽ ഒരു താഴ് വര പോലെ സ്വൻസലിൽ കാശ്മീർ നിറഞ്ഞു നിൽക്കുന്നു.ഇരവാൻ തന്നെ അറുവാണൻ. പിന്നെ, ഹിന്ദുക്കളായ അക്രമികൾ ബൌദ്ധരോടും ബിദ്ധവിഹാരങ്ങളോടും ചെയ്തതാണ് മുസ്ലീമുകളായ അക്രമികൾ ഹിന്ദുക്കളോടും ഹിന്ദു ക്ഷേത്രങ്ങളോടും ചെയ്തത്.സാധാരണക്കാരായ ഹിന്ദുക്കളും മുസ്ലീമുകളൂം നല്ലവരാകുന്നു. രാഷ്ട്രീയ ലാക്കുകളോടേ വൈരാഗ്യങ്ങൾ ആരും കുത്തിവെക്കാതിരുന്നാൽ മതി.

Sabu Hariharan said...

നല്ല എഴുത്ത്.
ഹിന്ദു.. മുസ്ലിം.. അടി.. വെടി..പോകാൻ പറ..
കുറച്ചു മനുഷ്യർ ബാക്കിയുണ്ടല്ലോ..അതു മതി..ആശ്വാസം
കഥ തുടരട്ടെ!

Joselet Joseph said...


ആളുകള്‍..അവരിലേക്ക് മെല്ലെ ചൂഴ്ന്നിറങ്ങി ചിന്തയും യാഥാര്‍ഥ്യവും ചരിത്രവും ആവശ്യമായ അളവില്‍ മാത്രം സംയോജിപ്പിച്ച് വായനയുടെ രസച്ചരട് പൊട്ടാതെ വിളമ്പിയ സ്വാദിഷ്ടമായ വിഭവം.

എനിക്ക് ഈ എഴുത്താണ് ഇഷ്ടം.
നന്ദിയും സ്നേഹവും ആശംസകളും കലചേച്ചി.

ബൈജു മണിയങ്കാല said...

കൂടുതൽ കൂടുതൽ എച്ചമ്മു വായനക്കാരെ മനുഷ്യരാക്കുന്നു ഇട്ടാ വട്ടത്തിൽ വായിച്ചു എഴുതി ജീവിക്കുന്ന നമ്മൾ മലയാളികൾക്ക് ഈ വായന വിശാലമാണ് ഒരു പക്ഷെ ദഹിക്കുവാനും മനോഹരം തുടരട്ടെ

Pradeep Kumar said...

കഥയെന്ന ലേബൽ ഇവിടെ ശരിയാവുന്നില്ല എന്നു തോന്നി - ഒരു ഫിക്ഷൻ വായിക്കുന്നതുപോലെയല്ല തോന്നിയത്. ചരിത്രവും സമൂഹശാസ്ത്രവും ഇടകലർന്ന ഒരു ലേഖനംപോലെയാണ് പലയിടത്തും തോന്നിയത്......

Pradeep Kumar said...

കഥയെന്ന ലേബൽ ഇവിടെ ശരിയാവുന്നില്ല എന്നു തോന്നി - ഒരു ഫിക്ഷൻ വായിക്കുന്നതുപോലെയല്ല തോന്നിയത്. ചരിത്രവും സമൂഹശാസ്ത്രവും ഇടകലർന്ന ഒരു ലേഖനംപോലെയാണ് പലയിടത്തും തോന്നിയത്......

Cv Thankappan said...

"കുത്തിക്കയറുന്ന ഇരുമ്പ് മുള്ളുകളും ആളിപ്പടരുന്ന ചെന്തീയുമായൊരു മഴവില്‍പ്പെയ്ത്ത്" ആകര്‍ഷണീയമായ തലക്കെട്ട്.....
ഉള്ളിലേക്ക് ആഞ്ഞുക്കയറുന്ന എഴുത്ത്.....
ആശംസകള്‍

ajith said...

വാദിക്കാന്‍ നമുക്ക് വാക്കുകളില്ലാതെയായി

Unknown said...

എച്മുകുട്ടി,

" ഇല്ലാത്തവരെയും കുറഞ്ഞവരേയും നമ്മുടെ സമൂഹത്തിനു വെറുപ്പാണ്.. ധനവും അധികാരവും ഇല്ലാത്തവരെ.. ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളില്‍ തോറ്റു പോയവരെ അവരെയൊന്നും നമുക്ക് സഹിക്കാന്‍ കഴിയില്ല"

മനസ്സിലേക്ക്‌ കുത്തിക്കയറുന്ന വരികള്‍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Vineeth M said...

വരികള്‍ കൃത്യമാണ്, കിറുകൃത്യം..
പക്ഷെ അവ കഥയല്ലെന്ന് മാത്രം........

മിനി പി സി said...

എച്ച്മു ഞാനിതൊക്കെക്കൂടി ഒരുമിച്ചു കൂട്ടിവെച്ചു വായിചിട്ട് മറുപടി തരും .നോക്കിക്കോ......
!

സുനിതാ കല്യാണി said...

നല്ല എഴുത്ത്‌

Muralee Mukundan , ബിലാത്തിപട്ടണം said...

അധികാരമെന്നാല്‍
എന്നും അക്രമമാണ്..
അത് ആരുടെയായാലും.. മുസ്ലിം
അക്രമവും രജപുത്ര അക്രമവും ഇംഗ്ലീഷ്
അക്രമവും ഒരു പോലെ വേദനയാണ്..
നൃശംസതയാണ്. അതില്‍ ചിലത് ഉദാത്തം, മറ്റ് ചിലത് മ്ലേച്ഛം എന്നൊന്നുമില്ല. അത് സഹിച്ചവര്‍ക്ക് ആ ദണ്ഡമറിയാം.. അവര്‍ക്ക് മാത്രമേ അതറിയൂ.’

NK ABDUSSALAM said...

നന്നായിരിക്കുന്നു, വായിക്കാന്‍ സുഖമുള്ള എഴുത്ത് എന്നെല്ലാം പറഞ്ഞാല്‍ അത് ചേച്ചിയെ വിലകുറച്ചു കാണലായിപ്പോവും. പിന്നെ എന്തു പറയണമെന്ന് അറിയുകയുമില്ല. പക്ഷെ, പറയാനുള്ളത് അതാണു താനും...!

ചേച്ചിക്കു നന്മകള്‍ നേരുന്നു...

ഫൈസല്‍ ബാബു said...

വായിച്ചു വായിച്ചു അതില്‍ ലയിച്ചു വായന തീര്‍ന്നത് അറിഞ്ഞില്ല ,,അടുത്തതിനായി കാത്തിരിക്കുന്നു .

വിജയലക്ഷ്മി said...

എചിമുകുട്ടി ,ഇവിടെ ഞാന്‍ ആദ്യമായാണ്‌ വായനക്ക് എത്തുന്നത് ..വായിച്ചെടുത്തോളം നല്ലെഴുത്തു ..തുടരുക ...
ഞാനും മൂന്നു ബ്ലോഗ്‌ ചെയ്യുന്നുണ്ട് ..
എന്‍മണിവീണ ,മഷിതുള്ളികള്‍,പിന്നെയൊന്നുകുക്കറി ബ്ലോഗാണ് ..

Manef said...

വായിക്കുന്തോറും ആകാംക്ഷ കൂടിക്കൂടി വരുന്നു....

മതവൈരങ്ങള്‍ മറന്ന് നാം ഭാരതീയര്‍ ഒന്നാകട്ടെ....
ജയ് ഹിന്ദ്...

keraladasanunni said...

പാലക്കാട് ജില്ലയിലെ പനങ്ങാട്ടിരിയില്‍ ഇരാവന്ന് ക്ഷേത്രമുണ്ട്, ഒരുപക്ഷേ കേരളത്തില്‍ ഇതല്ലാതെ മറ്റൊന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഈ അദ്ധ്യായവും വായിച്ചു, ആസ്വദിച്ചു.

പ്രയാണ്‍ said...

Great echmu.. Ur observations like (ചൂളിക്കുനിഞ്ഞിരുന്ന് ചിത്രത്തുന്നല്‍ ചെയ്ത ഫിരനുകളിലൊളിപ്പിച്ച കുഞ്ഞ് കുഞ്ഞ് അംഗീട്ടികളില്‍ ചൂടും സമാധാനവും തേടുന്ന കാശ്മീരിനെ ഓര്‍ത്താണ് സ്വന്‍സല്‍ കണ്ണീര്‍ പൊഴിച്ചതെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായില്ല.) really superb. Vaichukontirikkunnu.

കുഞ്ഞൂസ് (Kunjuss) said...

പ്രിയ എച്മൂ, കുറെയായി ഇതുവഴി വന്നിട്ട്... അറിയാമല്ലോ...
വായനയുമായി ഇനിയിവിടെ ഉണ്ടാകും ട്ടോ...

കുഞ്ഞുറുമ്പ് said...

:) പല കഥയിലും തുടർക്കഥയുടെ ബാക്കി എന്ന് മുകളിൽ കൊടുത്തിട്ടില്ല... പിന്നെ തുടർക്കഥ എന്നൊരു ലേബൽ നൽകുകയാണെങ്കിൽ എന്നിട്ട് ആ ലേബലിൽ വരുന്ന പോസ്റ്റ്‌ ഒരു പേജിൽ ആക്കിയാൽ വായിക്കാൻ എളുപ്പമാവും

സുധി അറയ്ക്കൽ said...

സ്വൻസലിനെ പരിചയപ്പെട്ടല്ലോ!!!

അറുവാണിച്ചി എന്ന് പറയുന്നത്‌ കേട്ടിട്ടുണ്ട്‌.ഇത്രയൊക്കെ അതിന്റെ പിന്നിലുണ്ടായിരുന്നല്ലോ...ഈ ലക്കം ഒരു വിവരണം പോലെ ആയോ??