Monday, January 26, 2015

മുലപ്പാലിന്‍റെ മാത്രമല്ല അതു കുടിച്ചവരുടേയും സ്നേഹിതന്‍...11

https://www.facebook.com/echmu.kutty/posts/387432848102682

പതിനൊന്നാം ഭാഗം 

കട് വാരിയാസരായിലെ പ്രശസ്തമായ ഒരു സ്വകാര്യ  ആശുപത്രിയിലാണ് ഞാന്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഉയര്‍ന്ന പനിയും ഡെലീറിയവുമായിരുന്നു എനിക്ക്. ഇച്ചാക്കയുടെ ഓഫീസില്‍ വെച്ച് ബോധരഹിതയായിത്തീര്‍ന്ന എന്നെ  മയക്കത്തിനും ഉണര്‍ച്ചക്കുമിടയിലുള്ള ഭ്രമകല്‍പനകളിലാണ് ആശുപത്രിയിലേക്ക്  കൊണ്ടു വന്നത്. ആദ്യദിനങ്ങള്‍ പനിയുടെ തീച്ചൂടില്‍ കൊഴിഞ്ഞകന്നു. 

ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്ന തോന്നല്‍ എനിക്ക് തിരികെ കിട്ടുമ്പോള്‍ കിടയ്ക്കയുടെ  സമീപമുണ്ടായിരുന്നത് സ്വന്‍സലായിരുന്നു.

അവര്‍ സന്തോഷം പുറത്ത് കാട്ടും വിധം തുറന്നു ചിരിച്ചു. ശാന്തീ ... ശാന്തീ  എന്ന് എത്രയും അരുമയോടെ വിളിച്ചു. എന്‍റെ പനിച്ചൂരുള്ള തലമുടിയില്‍ സ്നേഹത്തോടെ തടവി.  അതീവ മൃദുലമായിരുന്നു ആ സ്പര്‍ശനം. അത്രയും മൃദുലമായ ഒരു കൈത്തലത്തെ   അപ്പോള്‍  മാത്രമല്ല  പിന്നിടുള്ള ജീവിതത്തിലും എനിക്ക്  പരിചയപ്പെടാന്‍ കഴിഞ്ഞില്ല. 

സ്വന്‍സല്‍  എന്നോട്  കൂടുതലൊന്നും ചോദിച്ചില്ല. എന്നെ വിഷമിപ്പിക്കരുതെന്ന് കരുതിയാവണം   വന്‍നഗരത്തിലെത്തിപ്പെട്ട ഏകാകിനിയും  രോഗിണിയുമായ ഒരു സഹപ്രവര്‍ത്തകയെ സഹായിക്കുന്നതു പോലെ അത്ര സ്വാഭാവികമായിരുന്നു സ്വന്‍സലിന്‍റെ പെരുമാറ്റം. 

ചൂടും രുചിയുമുള്ള സൂപ്പ്  കോരിത്തന്നു.  നഴ്സിനെ വിളിച്ച് എന്‍റെ ഉലര്‍ന്ന തലമുടി ചീകിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. പതിഞ്ഞ താളത്തില്‍ നനുത്ത ശബ്ദത്തില്‍ പാട്ടു കേള്‍പ്പിച്ചു.  ഞാന്‍ രോഗം മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതാണ്  സ്വന്‍സലിന്‍റെ ഏറ്റവും വലിയ ആവശ്യമെന്ന മട്ടില്‍ അത്ര ആത്മാര്‍ഥമായാണ് അവര്‍ പെരുമാറിയത്. 

സ്വന്തം  അമ്മയോ ചേച്ചിയോ ഒക്കെ ആയിത്തീരുന്ന സ്വന്‍സലിനെ കാണുമ്പോള്‍ ചിലപ്പോഴെല്ലാം   എന്‍റെ കണ്ണുകള്‍ കവിഞ്ഞു.

അതു കണ്ടാലുടനെ ശാന്തീ... അരുത്.... കരയരുത് എന്ന് സ്വന്‍സല്‍ എന്നെ വിലക്കി എല്ലാം ശരിയാവും  എന്ന്  സമാധാനിപ്പിച്ചു.  

അനേകം അമിട്ടുകള്‍ ഒന്നിച്ചു  പൊട്ടും പോലെ പലതരം നിറങ്ങളില്‍ ഹാലൂസിനേഷന്‍, ഡെല്യൂഷന്‍, ഡിപ്രഷന്‍, പാരനോയിയ എന്നീ ശബ്ദങ്ങള്‍ കത്തികളായും വാള്‍മുനകളായും  എന്‍റെ കണ്മുന്നില്‍ അപകടകരമായി തിളങ്ങിക്കൊണ്ടിരുന്നു. കണ്ണുകള്‍ ആ മിന്നിത്തിളക്കത്തില്‍ അന്ധമായി. കാതുകളില്‍ ഭീതിദമായ ചൂളം വിളികളുയര്‍ന്നു. ജീവിതത്തില്‍ നിന്ന് പാതി ജീവനെ ചോര്‍ത്തിക്കളയുന്ന  എന്തൊക്കെയോ ആയിരുന്നു അതെല്ലാം തന്നെ. 

എങ്കിലും സ്വന്‍സലിന്‍റെയും പൂജയുടേയും കൈ പിടിച്ചും തോളില്‍ച്ചാരിയും ഞാന്‍ മെല്ലെമെല്ലെ  ജീവിതത്തിലേക്ക്  പിന്നെയും പിച്ചവെച്ചു. 

എല്ലാ വീടുകളും അവയ്ക്കുള്ളിലെ മനുഷ്യരും വലിയ താഴുകളിട്ട് അടച്ചുവെയ്ക്കപ്പെട്ടിട്ടുള്ള  രഹസ്യങ്ങളാണെന്ന് പറഞ്ഞത് പൂജയാണ്. അവള്‍ സ്വന്‍സലിനോട് സംസാരിക്കുകയായിരുന്നു. വീട്ടുതാഴുകള്‍ തുറക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അബദ്ധത്തില്‍ തുറന്നു പോയാലോ ഭ്രാന്തുള്ളവര്‍ അല്ലെങ്കില്‍ ദുസ്വഭാവികള്‍ മാത്രമേ അതു ചെയ്യൂ എന്ന് എല്ലാവരും സമ്മതിക്കും. വീട്ടുതാഴുകളുടെ  ഉറപ്പ് സാര്‍വലൌകികമായ ഈ അടപ്പു  സമ്മതത്തിലാണ്. താഴുകളുടെ ബലത്തിനാവശ്യമായതെല്ലാം ചെയ്യുക  എന്നതു മാത്രമാണ് വീട്ടില്‍ താമസിക്കുന്നവരുടെ മുഖ്യചുമതല. 

സ്വന്‍സല്‍  ഒന്നും വ്യക്തമാക്കാതെ മൂളുക മാത്രം ചെയ്തു.  

നല്ലൊരു ആശുപത്രിയായിരുന്നു കട് വാരിയാ സരായിലേത്. ഇളം നീലച്ചായമടിച്ച ചുവരുകളും മനോഹരമായ പെയിന്‍റിംഗുകളും വൃത്തിയുള്ള ചുറ്റുപാടുകളും കരുണയും മര്യാദയുമുള്ള  ജീവനക്കാരുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.  ശാന്തി പറയുന്നതെല്ലാം കള്ളമാണെന്നോ ശാന്തിയുടെ  അസുഖങ്ങളെല്ലാം  വെറും തോന്നല്‍ അസുഖങ്ങളാണെന്നോ അവരിലാരും പറഞ്ഞതേയില്ല. 

കടന്നു പോന്ന കുറെ വര്‍ഷങ്ങളില്‍ സ്ഥിരമായി നേരിട്ടിരുന്ന ഇത്തരം ആരോപണങ്ങളും അവിശ്വാസങ്ങളും എന്‍റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. എത്ര വേദനയുണ്ടായാലും അസുഖം തോന്നിയാലും വൈദ്യസഹായം തേടാനും ആശുപത്രിയില്‍ പോകാനും  ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.  സഹിക്കുക, സഹിക്കുക പിന്നെയും  സഹിക്കുക എന്നതായിരുന്നു എന്‍റെ രീതി. സൈക്കിയാട്രിക് മരുന്നുകള്‍ എന്നെ  തികച്ചും ഒരു മയക്കമന്തിയാക്കിയിരുന്നു. എന്‍റെ  തോന്നലുകളെ മാത്രമല്ല ശാരീരിക  ചലനങ്ങളെപ്പോലും മെല്ലെയാക്കിയിരുന്നു. ബുദ്ധിയും  നിരീക്ഷണങ്ങളും  ബോധ്യങ്ങളും എല്ലാം പതുക്കെപ്പതുക്കെ എന്നെ വിട്ടു പോയിരുന്നു. അതെല്ലാം ശരിയാക്കിയെടുത്ത്  ജീവിച്ചിരിക്കണമെന്ന യാതൊരു നിര്‍ബന്ധവും   എനിക്കുണ്ടായിരുന്നില്ല.  ഈ നിമിഷമെങ്കില്‍  ഈ നിമിഷം യാതൊരു പ്രതിരോധവും കൂടാതെ  മരണത്തിനു കീഴടങ്ങാന്‍  തയാറായിക്കൊണ്ടാണ്  കഴിഞ്ഞ  കാലം  ഞാന്‍  ജീവിച്ചു തീര്‍ത്തത്. 

കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍  വീട്ടില്‍ നിന്നും  വളരെ അകലെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു പാര്‍ട്ട്  ടൈമായി പലപല കോഴ്സുകള്‍ പഠിപ്പിക്കുകയും പരീക്ഷയെഴുതിക്കുകയും അവധിക്കാലങ്ങളില്‍ പോലും വീട്ടില്‍ വരാതിരിക്കുവാനുള്ള ഏര്‍പ്പാടുകളുണ്ടാക്കുകയുമായിരുന്നു എന്‍റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. എന്നെ കാണണമെന്നോ ഞാന്‍ വരണമെന്നോ ആര്‍ക്കും ആഗ്രഹവുമുണ്ടായിരുന്നില്ല. അനിയത്തിയുടെ  ഭാവി ഭ്രാന്തുള്ള ഞാന്‍ കാരണം തകരാറിലാകുമെന്ന് എല്ലാവര്‍ക്കും  ഭയമുണ്ടായിരുന്നു. അഞ്ചാറു വയസ്സിനു ഇളപ്പമുള്ള  അവള്‍ എന്‍റെ മുഖത്ത് നോക്കി  വീട്ടിലേക്ക് വരാതിരുന്നു കൂടെ   ... അങ്ങനെയുള്ള  ഒരു ഉപകാരമെങ്കിലും ചെയ്തു തന്നു കൂടെ  എന്ന് ചോദിച്ചിട്ടുണ്ട്. ചേട്ടനെ  ഡോക്ടറാക്കിയെങ്കിലും  അവളെ  പതിനെട്ട് തികഞ്ഞ ദിവസം തന്നെ കല്യാണം കഴിപ്പിച്ചു. കൂടുതല്‍ പഠിപ്പിച്ച്  സമയം  വൈകിച്ചില്ല. 

ഡെല്യൂഷനും ഹാലൂസിനേഷനും അതുണ്ടാക്കുന്ന ഡിപ്രഷനും പിന്നെ പാരനോയിയക്കും വേണ്ടുന്ന മരുന്നുകള്‍  മുടങ്ങാതെ കഴിക്കണമെന്നു മാത്രം എന്നെ കാണാനിടയായാല്‍  വീട്ടിലെല്ലാവരും മടുക്കാതെ തെറ്റാതെ ആവര്‍ത്തിക്കും.  ഹോസ്റ്റലിലെ മദറിനെക്കൊണ്ട് പറ്റുമ്പോഴെല്ലാം ശാന്തീ, പഠിക്കണം, മരുന്നു കഴിക്കണം,  നല്ല  കുട്ടിയാവണം   എന്നിങ്ങനെ ഉപദേശവും തരുവിക്കും.

സ്വന്തം കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍മാര്‍ക്കൊപ്പം ദില്ലിയിലേക്ക് പറഞ്ഞയയ്ക്കുമ്പോള്‍ മദര്‍ എന്‍റെ നെറ്റിയില്‍ കുരിശു വരച്ചു. കൊന്തയും ബൈബിളും കന്യാമറിയത്തിന്‍റെ തിരുരൂപവും  തന്നു.  വൈകാതെ ക്രിസ്തുമതം സ്വീകരിക്കണമെന്നും കന്യാസ്ത്രീയാകാനുള്ള  ദൈവവിളിയ്ക്കായി മുട്ടിപ്പായി  പ്രാര്‍ഥിക്കണമെന്നും  എന്‍റെ  എല്ലാ പാപത്തിനുമായി കുരിശു മരണം  വരിച്ച ക്രിസ്തു ആ   പ്രാര്‍ഥന കേള്‍ക്കാതിരിക്കില്ലെന്നും  സമാധാനിപ്പിച്ചു. ദില്ലിയില്‍ വെച്ച്  മതം മാറി  സഭാവസ്ത്രം സ്വീകരിക്കുമ്പോള്‍ മദര്‍  തീര്‍ച്ചയായും വരുമെന്നും  ഉറപ്പു പറഞ്ഞു.

സിസ്റ്റര്‍മാരുടെ കീഴിലുള്ള  അനാഥാലയത്തില്‍ കഴിയുമ്പോഴാണ് ആര്‍ കെ പുരത്തെ,  ചുവന്ന ഇഷ്ടികകള്‍ കൊണ്ട് തീര്‍ത്ത  പള്ളിയില്‍ കുര്‍ബാനയ്ക്ക് വന്നിരുന്ന എന്‍ജിനീയര്‍  മണ്ണിഷ്ടിക എണ്ണുന്ന ജോലി തന്നത്. 

ദില്ലിയില്‍  വിവിധ സ്ഥലങ്ങളിലെ സൈറ്റുകളില്‍ ഞാന്‍  അദ്ദേഹത്തിന്‍റെ  കൂടെ ജോലി ചെയ്തു. മതം മാറുകയോ കന്യാസ്ത്രീ ആവുകയോ വേണ്ടെന്ന് എന്നെ ഉപദേശിക്കുമായിരുന്നു തികച്ചും ക്രൈസ്തവനായ  ആ ബോസ്.  ജീവിതത്തിനെ ഒരു സിംഹിയെപ്പോലെ ഉശിരോടെ  നേരിടണമെന്ന് അദ്ദേഹം എന്നോടു പറയുമായിരുന്നു. 

മണ്ണിഷ്ടിക  എണ്ണുന്ന ജോലി കിട്ടിയപ്പോഴാണ് അനാഥാലയത്തില്‍ നിന്ന്   ഒരു കൊച്ചു മുറിയിലേക്ക് ഞാന്‍ താമസം മാറ്റിയത്. നന്മ നിറഞ്ഞ മറിയമേ സ്വസ്തി ... കര്‍ത്താവ് അങ്ങയോടു കൂടെ.. സ്ത്രീകളില്‍ അങ്ങ്  അനുഗ്രഹിക്കപ്പെട്ടവളാകുന്നു ...  എന്ന്   മെഴുകുതിരി തെളിയിച്ച് പ്രാര്‍ഥിച്ചിരുന്നു  ഞാന്‍ ആ കൊച്ചുമുറിയില്‍.... പെരുവഴിയില്‍  നിന്ന് നെഞ്ചു തകര്‍ന്ന് ഏങ്ങലടിക്കുന്ന എന്നിലെ കുഞ്ഞിന് അമ്മയുടെ സ്നേഹമോലുന്ന വിളിയായിരുന്നു, മുറുകെയുള്ള  ആലിംഗനമായിരുന്നു , കരുണയുള്ള മടിത്തട്ടായിരുന്നു ആവശ്യം. മദര്‍ പറഞ്ഞു തന്ന ദൈവവിളിയെ എനിക്കങ്ങനെ മാത്രമേ  കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.

പൂജയുടെ തോളില്‍ തല ചായിച്ചപ്പോഴാണ് എന്നെ ഒരിക്കലും വിളിക്കാതിരുന്ന, കെട്ടിപ്പിടിക്കാതിരുന്ന, മടിയില്‍ കിടത്താതിരുന്ന   നന്മ നിറഞ്ഞ മറിയത്തെ ഞാന്‍ മെല്ലെ  മറന്നു തുടങ്ങിയത്.  
 
ആശുപത്രി വിട്ടപ്പോള്‍ ഇനി  ഇച്ചാക്കയുടെ ഓഫീസില്‍  ജോലിക്ക് പോകുന്നില്ലെന്ന്  ഞാന്‍ തീരുമാനിച്ചു. നമ്മുടെ ശാന്തിയില്ലേ ... അവള്‍ക്ക് തലയ്ക്ക് നല്ല സുഖമില്ലെന്ന്  അവിടെ എല്ലാവരും പറയുന്നുണ്ടാവുമെന്ന് ഞാന്‍  ഭയന്നു.  വികാരങ്ങളെ  വേണ്ടവണ്ണം നിയന്ത്രിക്കാനാകാത്ത  എനിക്ക് സത്യമായും   ഭ്രാന്തുണ്ടെന്ന്  ചിലപ്പോഴെല്ലാം ഭയപ്പെടുകയും  സ്വയം വിശ്വസിക്കുകയും ചെയ്തു. 

പൂജയും സ്വന്‍സലും ഭ്രാന്തില്ലെന്ന് എന്നെ തിരുത്തി.

പിരിഞ്ഞു പൊയ്ക്കോളാമെന്ന് പറയാനാണ്  ഞാന്‍ ഇച്ചാക്കയുടെ വീട്ടില്‍ പോയത്. അതും വൈകുന്നേരം ഓഫീസ്  സമയം കഴിഞ്ഞപ്പോള്‍ ... ഡി ഡി എ പാര്‍ക്കിനടുത്തുള്ള  സബ്ജി  മാര്‍ക്കറ്റില്‍ നിന്ന്,  വീട്ടമ്മമാര്‍  അത്താഴമുണ്ടാക്കാനായി  തിരക്കിട്ട്  പച്ചക്കറി വാങ്ങുന്ന നേരമായപ്പോള്‍ ... നേര്‍ത്ത ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍.. 

ഇച്ചാക്ക  ഒന്നും  പറഞ്ഞില്ല. കുറച്ചു നേരം  മൌനമായിരുന്നു. എന്നിട്ട് ചോദിച്ചു. 

മറ്റൊരു ജോലി കിട്ടിക്കഴിഞ്ഞോ ശാന്തീ ?
 
ഇല്ലെന്ന് പറയാതെ ഞാന്‍ തലയും കുനിച്ച്  നിന്നു.  

പുതിയ ജോലി കിട്ടുന്നതു വരെ ശാന്തി  ഇവിടെ തുടരൂ  എന്ന് ഇച്ചാക്ക തീര്‍പ്പു കല്‍പിച്ചു. 
പിറ്റേന്ന്  ഒന്നും സംഭവിക്കാത്തതു പോലെ  ഞാന്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു.  ആരും  ഒന്നും  അറിഞ്ഞതായി  ഭാവിക്കുന്നുണ്ടായിരുന്നില്ല. പ്രദീപ് ജെയിന്‍ ദൂരെയുള്ള ചില വര്‍ക് സൈറ്റുകളിലെ റെഗുലര്‍ വിസിറ്റുകള്‍ക്കായി ഡ്യൂട്ടി അവധിയിലായിരുന്നു. സന്ദീപ് സാര്‍ ആകട്ടെ, പതിവു അവധിക്കായി  അമേരിക്കയിലേക്ക് പറന്നു  കഴിഞ്ഞിരുന്നു. 

ഒരു പതിനൊന്നു മണിയായപ്പോള്‍ ഡോ. ഗ്രിഗറി വന്നു. അദ്ദേഹം ബ്രിട്ടണിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഇനി ആറു മാസം കഴിഞ്ഞേ വരികയുള്ളൂ  എന്നും  അറിയിച്ചു. പൂജയ്ക്കും അദ്ദേഹത്തിനും ചായ നല്‍കിയിട്ട് ഞാന്‍ തിടുക്കത്തില്‍ അടുക്കളയിലേക്ക് മടങ്ങാന്‍ തുടങ്ങി. 

അപ്പോഴാണ് ഡോ.ഗ്രിഗറി പറഞ്ഞത്.... ബി ബ്രേവ്, ഷാന്‍റി എവ് രി തിംഗ്  ല്‍ ബി ഒ കെയ്..
 
എന്തുകൊണ്ട്  എന്നൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ വെറുതേ  തല കുലുക്കി.

അന്നുച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അശ്വിനി ശര്‍മ്മ  എന്‍റെയും പൂജയുടേയും സമീപം വന്നിരുന്നു. അദ്ദേഹത്തെ അത്ര അടുത്ത് കണ്ടപ്പോള്‍ ഞാന്‍  വല്ലായ്മയോടെ തല കുനിച്ചു പിടിക്കുകയും ആ കണ്ണുകളിലേക്ക് നോക്കാതിരിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.

യാതൊരു മുഖവുരയും കൂടാതെ അശ്വിനി ശര്‍മ്മ എന്നോടു ചോദിച്ചു.

മുഝ് സേ ശാദി കരോഗേ ശാന്തീ...
 
എനിക്ക് തല ചുറ്റുന്നതു പോലെ തോന്നി. ഞാന്‍ ഒന്നും  പറഞ്ഞില്ല. ആദ്യം മുതലേ പ്രത്യേകമായ ഒരടുപ്പം അശ്വിനി ശര്‍മ്മ കാണിച്ചിരുന്നു. എനിക്കതു തിരിച്ചറിയാനും കഴിഞ്ഞിരുന്നു. എനിക്കു മാത്രമല്ല പൂജയ്ക്കും അറിയാമായിരുന്നു. എങ്കിലും വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിനു അതും ഞാനിത്ര നഗ്നമായി വെളിപ്പെട്ട ദയനീയമായ പരിതസ്ഥിതിയില്‍ ഉത്തരം പറയാന്‍ എനിക്ക്  കഴിയുമായിരുന്നില്ല. പരസ്യമായി സ്വയം വലിച്ചു കീറിയ ആ ദിവസം എന്നെ നെഞ്ചോടടുക്കിപ്പിടിച്ച്   അശ്വിനിശര്‍മ്മ  കരയുകയായിരുന്നുവെന്ന്  പൂജ  എന്നോട് പറഞ്ഞിരുന്നു. എങ്കിലും  ഇങ്ങനൊരു ചോദ്യം ഞാന്‍ തീരേ  പ്രതീക്ഷിച്ചില്ല. 

ഞാന്‍ മിണ്ടിയില്ല. തല  ഉയര്‍ത്തിയതുമില്ല.

പൂജ അല്‍ഭുതമൊന്നും പ്രകടിപ്പിക്കാതെ  ഇത് നേരത്തേ വിചാരിച്ചതാണല്ലോ എന്ന മട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നു. ഒരു  വശം  അല്‍പം തുറന്നു കാണുന്ന,   വെന്ത  കവിളിനുള്ളിലൂടെ അവള്‍ ചപ്പാത്തി തിന്നുന്നത് വികൃതമായി  വെളിപ്പെട്ടിരുന്നു. 

വിറയലോടെയാണ് ഞാന്‍ മറുപടി നല്‍കിയത് ..കുറ്റവും കുറവുമില്ലാത്ത അസുഖങ്ങളൊന്നുമില്ലാത്ത ഒരു പെണ്‍കുട്ടിയ്ക്കൊപ്പം ജീവിക്കുന്നതല്ലേ കൂടുതല്‍ എളുപ്പം? ഞാന്‍ ... എനിക്ക്..  

നിനക്ക് എന്തു കുറ്റവും  കുറവുമാണുള്ളത് ശാന്തീ? കന്യകാത്വമെന്നത്  സ്നേഹിക്കുന്ന   ആഗ്രഹിക്കുന്ന പുരുഷനൊപ്പം സന്തോഷത്തോടെ  ജീവിക്കുമ്പോള്‍, ഓരോ നിമിഷത്തിലും ഓരോ സ്പര്‍ശനത്തിലും പുതുക്കപ്പെടുന്ന ഒരു  അനുഭൂതിയാണ്. അതു സീലു പൊട്ടിക്കലും തൊലി കീറിയുണ്ടാക്കുന്ന ഒരു  മുറിവും രക്തവാര്‍ച്ചയുമല്ല. പിന്നെ അസുഖം  ... നിന്‍റെ അസുഖം ഭ്രാന്താണെങ്കില്‍... ഈ ഭ്രാന്ത്  എനിക്കിഷ്ടമാണ് കുട്ടീ. ഇത്തരം ഭ്രാന്തുള്ളവര്‍ ... ഇങ്ങനെ ഓപ്പണാകുന്നവര്‍  ..ഇങ്ങനെ ഓണസ്റ്റിയുടെ സ്കേപ്ഗോട്ടാകുന്നവര്‍  ആരുണ്ട് വേറേ?

ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. 

എന്തുകൊണ്ട്  ഈയൊരു തീരുമാനമെന്ന് ചോദിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അറിവാണ് കിട്ടിയത്. 

നിന്‍റെ  അമ്മയെ ഞാന്‍ കണ്ടു... 

നിന്‍റെ വീട് ഞാന്‍ കണ്ടു.. 

നീ ഓടിക്കളിച്ചു നടന്ന ഇടങ്ങള്‍  കണ്ടു...  

നീ കണ്ണീര്‍ തൂകിയ വഴിത്താരകള്‍ കണ്ടു..   

നിനക്ക്  വെറും മാനസിക വിഭ്രാന്തി മാത്രമേ ഉള്ളൂവെന്ന്  അമ്മ പറഞ്ഞു. ഉറപ്പിച്ചു പറഞ്ഞു.  ഒരു ചെറിയ സിസ്റ്റ്  റിമൂവല്‍ ഓപ്പറേഷനപ്പുറം   ബാക്കി  എല്ലാം നിന്‍റെ തോന്നല്‍ മാത്രമാണ്.  വെറും തോന്നല്‍.. വെറും സംശയം... വെറും  വിചാരം.  എല്ലാ ഉന്മാദികളേയും പോലെ നീയും  അടിസ്ഥാനമില്ലാത്ത തോന്നലുകളില്‍  വിശ്വസിക്കുന്നു. ഹാലൂസിനേഷന്‍, ഡെല്യൂഷന്‍, ഡിപ്രഷന്‍, പാരനോയിയ.. 

അമ്മ എല്ലാം പഠിച്ചിരുന്നു. 

അമ്മയ്ക്ക്  രണ്ടു  മക്കള്‍ വേറെയുമുണ്ട്. അവരുടെ ജീവിതമുണ്ട്.

അമ്മ വെറും അമ്മ മാത്രമല്ല. അമ്മ ഒരു  ഭാര്യയാണ്. അമ്മ ഒരു  സ്ത്രീയാണ്. 

സ്വന്തം കുടുംബത്തെ, ആ ശ്രീകോവിലിനെ  കാത്ത് രക്ഷിക്കേണ്ടത് അമ്മത്തത്തിന്‍റെയും സ്ത്രീത്വത്തിന്‍റെയും  ദ്വാരപാലകരാണ്. വിശദീകരണങ്ങളും വിശ്വാസ്യതകളും  പണിയേണ്ടുന്നതും അമ്മമാരാണ്, കുടുംബത്തില്‍പ്പിറന്ന സ്ത്രീകളാണ്. എപ്പോഴും അതങ്ങനെയാണ് വേണ്ടത് .  
  
ഉന്മാദിയുടെ ആരോപണം തകര്‍ത്തു കളഞ്ഞ മറ്റു കുടുംബാംഗങ്ങളുടെ ജീവിതവും.. പരിഹസിക്കുന്നുവോ  ഈ മുഴുവന്‍ ലോകം  എന്ന തോന്നലും... ഉന്മാദിയായ സഹോദരിയുണ്ടെന്നറിയുമ്പോള്‍ മറ്റു മക്കളുടെ  ജീവിതം എന്തായിത്തീരുമെന്ന ചോദ്യവും അതിനുത്തരമായി പാലിക്കേണ്ടുന്ന  കരുതലും..

ഇതിനെല്ലാമിടയില്‍ എത്രത്തോളം തിങ്ങി ഞെരുങ്ങിയെന്ന്  അമ്മ കണ്ണീര്‍ തൂവിക്കൊണ്ടാണെങ്കിലും  ഉറച്ച ശബ്ദത്തോടെ  മുഴുമിപ്പിച്ചു. 

എന്‍റെ മുലപ്പാലിന്‍റെ മാത്രമല്ല, അതു കുടിച്ച മൂന്നുപേരുടേയും സ്നേഹിതനാണ് അദ്ദേഹം. എനിക്കതില്‍ക്കൂടുതല്‍  ഒന്നുമറിയില്ല...ആ അച്ഛനെ  കുറിച്ച്  ഒരു ഉന്മാദിയില്‍ നിന്ന് കൂടുതലറിയാന്‍ താല്‍പര്യവുമില്ല.  

അമ്മയ്ക്ക് സമയവും സൌകര്യവുമനുസരിച്ച് എല്ലാം  കഴിയും .. അതെനിക്കറിയാത്തതല്ലോ.  

ഓഫീസിലെ ശാരദാന്‍റിക്കൊപ്പം അച്ഛന്‍  സിനിമയ്ക്ക് പോയത് ... അന്നു രാത്രി വീട്ടില്‍ വരാതിരുന്നത്... അമ്മ  തോരാതെ കണ്ണീരൊഴുക്കിയത് ... 

ഡോ.ഇന്ദിരയെ കാണുമ്പോള്‍ കാമമുണരുന്നുവെന്ന്  എഴുതിയ  കത്ത് കണ്ട്  അമ്മ പൊട്ടിക്കരഞ്ഞത് .. 

മണിചേച്ചിയ്ക്ക്  സമ്മാനമായി  ബോംബെ ഡൈയിംഗിന്‍റെ  ബെഡ് ഷീറ്റ് വാങ്ങിക്കൊടുത്തതൊരു നന്ദിപ്രകടനമായിരുന്നുവെന്നറിഞ്ഞ് മരിക്കട്ടെ ഞാന്‍  മരിക്കട്ടെ എന്ന് അമ്മ തല തല്ലിക്കരഞ്ഞത്..  അതിനുശേഷം ആരും വേണ്ട വീട്ടുജോലികളില്‍ സഹായിക്കാനെന്ന് തീരുമാനിച്ച്  എല്ലാ ജോലികളും  ഒരു വാശി പോലെ അമ്മ  ചെയ്തു തീര്‍ത്തിരുന്നത്..  

മേശപ്പുറത്ത് പകുതി കമിഴ്ന്ന് കിടന്ന് ഡയഗ്രം വരയ്ക്കുമ്പോള്‍  ചുവരിനും മേശയ്ക്കുമിടയിലൂടെ തിക്കിത്തിരക്കി അങ്ങോട്ടുമിങ്ങോട്ടും  ഉരുമ്മിക്കടന്നു പോകുന്നത്... അത്  സാരമില്ല,  അച്ഛനല്ലേ  എന്ന് അമ്മ സമാധാനിപ്പിച്ചത്.. 

മുലഞെട്ടിനരികിലെ പാലുണ്ണി കാണാനും  തുടയിലെ നീലിച്ച മറുകു തൊടാനും വേണ്ടി ഉറങ്ങുമ്പോള്‍ ഉടുപ്പ് പൊക്കുന്നത്... 

കവിളിലുമ്മ വെയ്ക്കുമ്പോള്‍  ചുണ്ടുകളെ ഉരസുന്നത് എന്നും തെറ്റിപ്പോയിട്ടും സ്ഥാനം മാറിയിട്ടുമായിരുന്നത്...  

മറവികള്‍ എത്ര വലിയ  അനുഗ്രഹമാണ്. 

പെണ്‍കുട്ടികള്‍ അന്യന്‍റെ സ്വത്തും അന്യന്‍റെ വീട്ടിലേക്ക് പോകാനുള്ളവരുമാണെന്ന വിശ്വാസമെന്തിനെന്ന്  പറഞ്ഞു തന്നത്  ആരാണെന്ന് എനിക്കോര്‍മ്മയില്ല. വസ്ത്രങ്ങള്‍ ധരിച്ച  പല ഭാഷകള്‍ പറയുന്ന ആധുനിക  മനുഷ്യരില്‍ പഴയ കാലത്തേ ആ  ഗുഹാമനുഷ്യര്‍ എവിടെയൊക്കെയോ  ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ ചിലപ്പോഴൊക്കെ  വസ്ത്രങ്ങളും ഭാഷയും എന്നു വേണ്ട എല്ലാ ആവരണങ്ങളും  ഭേദിച്ച്  പുറത്തു വരുമെന്നും   ഗുഹാമനുഷ്യരെ  നിയന്ത്രിച്ചു നിറുത്തുന്നതാണ് സംസ്ക്കാരം, മൂല്യം എന്നൊക്കെ പറയുന്നതെന്നും ആ  ആള്‍  പറഞ്ഞു തന്നിരുന്നു. അതും എനിക്കങ്ങോട്ട് കൃത്യമായി ഓര്‍മ്മിക്കാന്‍  കഴിയുന്നില്ല.   സൈക്കിയാട്രിക് മരുന്നുകളുടെ കുഴപ്പമാണത്. ജീവിതത്തിലെ  പല  കാര്യങ്ങളും ഇങ്ങനെ  മൂടല്‍മഞ്ഞു പോലെയായിത്തീരും.. 

രാത്രി മാത്രമല്ല പകല്‍ കൂടിയും മനസ്സുറപ്പോടെ   ഉറങ്ങാനാവാത്ത വീട്ടകങ്ങളില്‍ ഉന്മാദികള്‍ ജനിക്കാതിരിക്കുന്നതെങ്ങനെ

അമ്മ ആ കരച്ചിലുകള്‍ മറന്നു കഴിഞ്ഞു. അമ്മയുടെ നിശ്ചയങ്ങളില്‍ എല്ലാം ഉന്മാദമാണ്.. .. ഉന്മാദിയുടെ തോന്നലുകള്‍ മാത്രമാണ്.

കുടുംബങ്ങള്‍ രക്ഷിക്കാന്‍ മറവികളും  ഒരിക്കലും തുറക്കാനാവാത്ത  പൂട്ടുകളും നിര്‍ബന്ധമാണ്. ഓര്‍മ്മകള്‍ ഉണ്ടാവരുത്.  പൂട്ടുകള്‍ ഏതു  താക്കോലിട്ടാലും ഒരിക്കലും തുറക്കരുത്. 

എന്നും നിലനില്‍ക്കേണ്ട, കാതല്‍ വേണ്ടുന്ന  കുടുംബമരങ്ങളില്‍ കളവുകളുടെ  ഉന്മാദം  ചുവന്നു പൂക്കുന്ന ചില്ലകളുണ്ട്. 

( തുടരും )

26 comments:

Cv Thankappan said...

മൂടല്‍മഞ്ഞ് ഉരുകികൊണ്ടിരിക്കുന്നു...
നന്നായിരിക്കുന്നു...
ആശംസകള്‍

Pradeep Kumar said...

മലയാളം ഇത് ചർച്ച ചെയ്യാതിരിക്കില്ല... ഓരോ വാക്കിലും വരിയിലും തീക്ഷ്ണമായ ജീവിതസത്യങ്ങൾ. തുടർക്കഥ ഗംഭീരമാവുന്നു എച്ചുമു....

പട്ടേപ്പാടം റാംജി said...

"ആ അച്ഛനെക്കുറിച്ച്‌ ഒരു ഉന്മാദിയിൽ നിന്ന് കൂടുതലറിയാൻ താൽപര്യവുമില്ല."

ശാന്തി എന്ന പെൺകുട്ടിയിലൂടെ ഒരച്ഛൻ എന്ന ക്രൂരതയുടെ മുഖം, വായിക്കുന്നവർ അനുഭവിക്കുന്നതു പോലെ പകർത്താൻ കഴിഞ്ഞിരിക്കുന്നു എന്നിടത്ത്‌ കഥാകാരിയുടെ കഴിവിനു മുന്നിൽ നമസ്ക്കരിക്കുന്നു. സമൂഹത്തിൽ ദിനേനയെന്നോണം ഒരു സംഭവമേ അല്ലാത്ത തരത്തിൽ പെണ്ണിന്റെ ശരീരത്തിനുമേൽ നടക്കുന്ന അധികാരത്തിന്റെ ദയനീയ ചിത്രം ഇത്രയും മനോഹരമായി ഞാനെവിടേയും വായിച്ചിട്ടില്ല. ഭ്രാന്തി എന്നു പറയുന്നതിനേക്കാൾ ഉന്മാദിനി എന്നു വരുത്തുമ്പോൾ സ്ഥാപിച്ചെടുക്കലുകൾ എളുപ്പമാകുന്നു. ഉന്മാദിനി അല്ലെന്ന അമ്മയുടെ തീർച്ച, കഥയിലെ തുറക്കാൻ പാടില്ലാത്ത താഴായി നന്നായി തെളിഞ്ഞു കിടക്കുന്നു. കൂടുൽ ഒന്നും പറയാനില്ല. കഴിഞ്ഞ ഭാഗങ്ങളെക്കാൾ ഏറെ മുന്നിൽ ഈ ഭാഗം.

"എന്നും നിലനില്‍ക്കേണ്ട, കാതല്‍ വേണ്ടുന്ന കുടുംബമരങ്ങളില്‍ കളവുകളുടെ ഉന്മാദം ചുവന്നു പൂക്കുന്ന ചില്ലകളുണ്ട്."
വായിച്ചവര്‍ ഒരിക്കലും മറക്കാത്ത വരി.

അതിമനോഹരം...
ഗംഭീരം.

Unknown said...


"പൂജയുടെ തോളില്‍ തല ചായിച്ചപ്പോഴാണ് എന്നെ ഒരിക്കലും വിളിക്കാതിരുന്ന, കെട്ടിപ്പിടിക്കാതിരുന്ന, മടിയില്‍ കിടത്താതിരുന്ന നന്മ നിറഞ്ഞ മറിയത്തെ ഞാന്‍ മെല്ലെ മറന്നു തുടങ്ങിയത്. "

Daivam chilappozhokke manushya roopathil avatharikkaarundu. Alle echmuu...


Anonymous said...

"കുടുംബങ്ങള്‍ രക്ഷിക്കാന്‍ മറവികളും ഒരിക്കലും തുറക്കാനാവാത്ത പൂട്ടുകളും നിര്‍ബന്ധമാണ്. ഓര്‍മ്മകള്‍ ഉണ്ടാവരുത്. പൂട്ടുകള്‍ ഏതു താക്കോലിട്ടാലും ഒരിക്കലും തുറക്കരുത്.

എന്നും നിലനില്‍ക്കേണ്ട, കാതല്‍ വേണ്ടുന്ന കുടുംബമരങ്ങളില്‍ കളവുകളുടെ ഉന്മാദം ചുവന്നു പൂക്കുന്ന ചില്ലകളുണ്ട്. "
vayich theerumbol ariyathe kannu niranjirunnu...ith mukhamillattha orupaad perude kathayaan...aashamsakal....

വേണുഗോപാല്‍ said...

താഴിട്ടു പൂട്ടിയ ഇത്തരം നീറുന്ന അനുഭവങ്ങളാല്‍ ഹാലുസിനേഷന്‍ എന്നാ മഞ്ഞു മറക്കു പിറകിലേക്ക് ഒതുങ്ങുന്നവര്‍ ഏറെയുണ്ട് നമുക്കിടയില്‍ . ഇത്തരം ദുരനുഭവങ്ങള്‍ വായന വഴികളിലൂടെ നോവായി ഉള്ളിലേക്ക് പടരുമ്പോള്‍ താഴിട്ടു പൂട്ടിയ പലതും തുറക്കാതിരിക്കട്ടെ എന്ന് ഉള്ളാലെ ആശിച്ചു പോകും.

തികഞ്ഞ കയ്യടക്കതിന്റെ മാന്ത്രികതയാല്‍ അതിസുന്ദരമായി കുറിച്ച ഈ തുടര്‍ക്കഥ പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ മലയാളം ചര്‍ച്ച ചെയ്യേണ്ടതു തന്നെ എന്നതില്‍ സംശയമില്ല. ആശംസകള്‍ എച്മു

വീകെ said...

വികാരങ്ങളെ നിയന്ത്രിച്ച് എത്ര കയ്യടക്കത്തോടെയാണ് കാര്യങ്ങൾ തീവ്രമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നത്.
ഭാവുകങ്ങൾ എച്മൂട്ടി..

Sudheer Das said...

ഓരോ വരിയിലും ഒരുപാട് അര്‍ത്ഥങ്ങള്‍. തീവ്രമായ ജീവിതാനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന എഴുത്ത്.

© Mubi said...

എന്നും നിലനില്‍ക്കേണ്ട, കാതല്‍ വേണ്ടുന്ന കുടുംബമരങ്ങളില്‍ കളവുകളുടെ ഉന്മാദം ചുവന്നു പൂക്കുന്ന ചില്ലകളുണ്ട്...." ഓരോ വരികളും തീവ്രതയോടെ ജീവിത സത്യങ്ങൾ പകർത്തിയിരിക്കുന്നു...

ബഷീർ said...

ആദ്യഭാഗങ്ങൾ വായിക്കട്ടെ..

കുഞ്ഞുറുമ്പ് said...

സ്വന്തം കുടുംബത്താൽ പോലും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീത്വം. ഒരുഭാഗത്ത് സ്നേഹിക്കുന്ന പുരുഷനും മറുഭാഗത്ത് കാമിക്കുന്ന പുരുഷനും. ചേച്ചിയുടെ എഴുത്തിനു ജീവനുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

‘വസ്ത്രങ്ങള്‍ ധരിച്ച പല ഭാഷകള്‍ പറയുന്ന ആധുനിക മനുഷ്യരില്‍ പഴയ കാലത്തേ ആ ഗുഹാമനുഷ്യര്‍ എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ ചിലപ്പോഴൊക്കെ വസ്ത്രങ്ങളും ഭാഷയും എന്നു വേണ്ട എല്ലാ ആവരണങ്ങളും ഭേദിച്ച് പുറത്തു വരുമെന്നും ആ ഗുഹാമനുഷ്യരെ നിയന്ത്രിച്ചു നിറുത്തുന്നതാണ് സംസ്ക്കാരം, മൂല്യം എന്നൊക്കെ പറയുന്നതെന്നും ആ ആള്‍ പറഞ്ഞു തന്നിരുന്നു. അതും എനിക്കങ്ങോട്ട് കൃത്യമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ‘

ഇത്തരം ഉന്മാദികളായ ആളുകളുള്ള കുടുംബങ്ങളെ രക്ഷിക്കാന്‍ മറവികളും ഒരിക്കലും തുറക്കാനാവാത്ത പൂട്ടുകളും നിര്‍ബന്ധമാണ്.
ഓര്‍മ്മകള്‍ ഉണ്ടാവരുത്. പൂട്ടുകള്‍ ഏതു താക്കോലിട്ടാലും ഒരിക്കലും തുറക്കരുത്....!

വിനുവേട്ടന്‍ said...

ഓരോ ലക്കവും തീച്ചൂളയിലൂടെ കടന്നു പോകുന്നത് പോലെ... വേറെന്താ ഞാനിപ്പോൾ പറയുക...

ലംബൻ said...

വായിച്ചു സങ്കടപെട്ടു.. അല്ലാതെ എന്താ ഇപ്പൊ പറയുക..

ajith said...

രണ്ടുമൂന്ന് അദ്ധ്യായങ്ങള്‍ മിസ് ആയിട്ടുണ്ട്. അവിടെ മുതല്‍ വായിക്കട്ടെ

കല്ലോലിനി said...

ഈ ഭാഗം വളരെയേറെ ഇഷ്ടപ്പെട്ടു.....
ഏറ്റവും ഇഷ്ടമായത് അവസാന വരികള്‍...

നളിനകുമാരി said...

മനോഹരം

Unknown said...

ഒരുപാടിഷ്ടായിട്ടോ..................

കുഞ്ഞുറുമ്പ് said...

ഇതിന്റെ ബാക്കി എപ്പഴാ...? :(

SHANAVAS said...

വ ളരെ കാലത്തിന് ശേഷം ഞാൻ ഇവിടെ എത്തി. എന്നെ ഒരു ബ്ലോഗർ ആകാൻ പ്രചോദനം ആയ എച്മു വിന്റെ വീട്ടിൽ . ഞാൻ വായിച്ചു . ഇനി വിട്ടു പോയതെല്ലാം വായിക്കണം . അതെ ആർത്തി യോടെ തന്നെ . ഈ എഴുത്തിനു ഭാവുകങ്ങൾ ....

SHANAVAS said...

വ ളരെ കാലത്തിന് ശേഷം ഞാൻ ഇവിടെ എത്തി. എന്നെ ഒരു ബ്ലോഗർ ആകാൻ പ്രചോദനം ആയ എച്മു വിന്റെ വീട്ടിൽ . ഞാൻ വായിച്ചു . ഇനി വിട്ടു പോയതെല്ലാം വായിക്കണം . അതെ ആർത്തി യോടെ തന്നെ . ഈ എഴുത്തിനു ഭാവുകങ്ങൾ ....

SHANAVAS said...
This comment has been removed by the author.
വിനോദ് കുട്ടത്ത് said...

കുറെ വൈകിയെത്തിയ കൂട്ടില്‍ ..... ഒരുപാട് കൂര്‍ത്ത മുള്ളുകളുള്ള ചില സത്യങ്ങള്‍ കണ്ടു വല്ലാതെ വേദനക്കുന്ന മനസ്സുകളെപ്പോഴും മരുപ്പച്ചകള്‍ക്കയ് ഏങ്ങികൊണ്ടിരിക്കും ..... മൂര്‍ച്ചയുള്ള എഴുത്തിന് അനുമോദനങ്ങള്‍.....

സുധി അറയ്ക്കൽ said...

ഓരോ വാക്കിലും വികാര തീക്ഷ്ണത നിറഞ്ഞ്‌ നിൽക്കുന്നു.എച്മുച്ചേച്ചീ മനസിലെന്നാ വിഷമം!!!!

സുധി അറയ്ക്കൽ said...

പാവം ശാന്തി!!ഒരു കരയ്ക്കടുക്കുമോ???

keraladasanunni said...

എല്ലാം അറിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്നു നടിക്കേണ്ടി വന്ന അമ്മയുടെ അവസ്ഥ പരിതാപകരമാണ്