Monday, July 4, 2016

രണ്ടു സ്ത്രീകള്‍

https://www.facebook.com/echmu.kutty/posts/437183089794324
15/05/15
                                                        

‘ മഴ വരുമ്പോള്‍, മഴ വരുമ്പോഴോക്കെയും ഞാന്‍ അവളെ ഓര്‍ക്കും... തലയും കുമ്പിട്ട് എന്‍റെ മുന്നില്‍ നിന്ന അദ്ദേഹത്തെയും.. ‘
കസവു നേര്യതുടുത്തിരുന്ന ആ അമ്മ എന്നോട് പറയുകയായിരുന്നു.
അമ്മയുടെ മകന്‍റെ ഭാര്യ പ്രസവിയ്ക്കാന്‍ ആശുപത്രിയിലെത്തിയിരിക്കുന്നു. രാത്രി കൂട്ടു കിടക്കുന്നത് അമ്മയാണ്. മകന്‍ ഗള്‍ഫിലാണ്. ലീവ് കിട്ടിയാലുടന്‍ വരും. മകന്‍റെ ഭാര്യയുടെ അമ്മ ജീവിച്ചിരിപ്പില്ല. .
മഴ ദൂരെ എവിടെയോ നിന്ന് ആര്‍ത്തിരമ്പി വരുന്നുണ്ടായിരുന്നു.
തണുത്ത കാറ്റ് വരാന്തയില്‍ ഓടിക്കളിച്ചു. ആശുപത്രി മുറ്റത്തെ ചന്ദ്രക്കാരന്‍ മാവില്‍ നിന്ന് കുഞ്ഞു മാമ്പഴങ്ങള്‍ ഞാനാദ്യം ഞാനാദ്യമെന്ന് പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്‍കോണുകളില്‍ നനവുണ്ടെന്ന് എനിക്ക് തോന്നി.
‘അദ്ദേഹം രക്ഷിക്കുകയായിരുന്നു അവളെ.... അല്ലെങ്കില്‍ അവള്‍ തനിച്ചായിപ്പോകുമായിരുന്നു. ആരുമില്ലാതാകുന്ന പെണ്ണിനെ മറ്റൊരു പെണ്ണിനേക്കാള്‍ എളുപ്പത്തില്‍ പുരുഷനു ദ്രോഹിക്കാന്‍ കഴിയും. ‘
എന്നോളം ആ പാഠം വായിച്ചവര്‍ ...
ഞാന്‍ തല കുലുക്കി. എന്നിട്ട് എന്‍റെ സഹജമായ ജളത്വത്തോടെ ആരാഞ്ഞു.
‘അമ്മ അദ്ദേഹമെന്ന് പറയുന്നത്.. ‘
നേര്യതിന്‍റെ തുമ്പ് കണ്ണില്‍ച്ചേര്‍ത്തുകൊണ്ട് അമ്മ കഴുത്തില്‍ തൂങ്ങുന്ന താലിയില്‍ തൊട്ടു കാണിച്ചു.
ഭര്‍ത്താവ് ഒരു സ്ത്രീയെ രക്ഷിച്ച കഥയാണ് അമ്മ കേള്‍പ്പിക്കുന്നത്.
‘ അവള്‍ക്കാരുമുണ്ടായിരുന്നില്ല. അവളുടെ നാട്ടിലെ അമ്പലത്തില്‍ ചെന്ന് ഒരു താലിയും ചാര്‍ത്തിച്ച് അദ്ദേഹം അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. ‘
ഞാന്‍ ഞെട്ടി. എന്നെപ്പോലെ ആകാശവും ഞെട്ടി. വിശ്വാസം വരാതെ വെള്ളി വെളിച്ചം തെളിയിച്ച് ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കി.
അദ്ദേഹം ഇടയ്ക്കിടെ ആ നാട്ടില്‍ ചില്ലറ കുറിപ്പിരിവുകള്‍ക്കും മറ്റും പോയിരുന്നു. നശിച്ചു കഴിഞ്ഞ ഒരു തറവാട്ടിലെ പെണ്ണ്. കുറച്ചു ഖാദി നൂല്‍പ്പും ഒക്കെയായി കഷ്ടിച്ചു കഴിഞ്ഞു പോവുകയായിരുന്നു. ആദ്യം സഹതാപമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ...
അമ്മ ഒന്നു നിറുത്തി. ..
മഴ പെയ്യാന്‍ തുടങ്ങി. വരാന്തയിലേക്ക് മുഴുത്ത മഴത്തുള്ളികള്‍ പാറി വീണു.
‘ നിറഞ്ഞ സന്ധ്യയ്ക്ക് ഇങ്ങനെ ആര്‍ത്തലച്ച് മഴ പെയ്യുകയായിരുന്നു. ഒരു നുള്ളു ഭസ്മം കൊണ്ട് കുറിയിട്ട് ഞാന്‍ വീട്ടുവരാന്തയില്‍ നില്‍ക്കുകയും ... അപ്പോഴാണ്... അപ്പോഴാണ് അദ്ദേഹം അവള്‍ക്കൊപ്പം കയറി വന്നത്. വിവരങ്ങളൊക്കെ പറഞ്ഞത്.’
അമ്മ വേദനയൂറുന്ന ഒരു ചിരിയിലലിഞ്ഞുകൊണ്ട് തുടര്‍ന്നു.
‘ എനിക്ക് അദ്ദേഹത്തെ വെറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യവും അന്നു വരെ അദ്ദേഹം ചെയ്തിരുന്നില്ല. ഒരു മോശം വാക്കുപയോഗിച്ചിട്ടില്ല. നോവിക്കും വിധം ഒന്നു നുള്ളിയിട്ടില്ല. എന്‍റെയും മക്കളുടേയും എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു നിവര്‍ത്തിച്ചിരുന്നു. ‘
‘മക്കളോ’ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
‘ ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടാണ്... എന്നിട്ടാണ്.. ‘
അമ്മ പിന്നെയും നിറുത്തി.
സാന്ദ്രമായ മൌനം ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.
മുറിയില്‍ നിന്ന് മകന്‍റെ ഭാര്യ വിളിച്ചപ്പോള്‍ അമ്മ കണ്ണും മുഖവും അമര്‍ത്തിത്തുടച്ച് അകത്തേക്ക് പോയി.
ആശുപത്രിയുടെ നീളന്‍ വരാന്തയില്‍ ഞാന്‍ തനിച്ചായി.
എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. സ്വന്തം ഭര്‍ത്താവിനെ ആ സ്ത്രീക്ക് വിട്ടുകൊടുത്ത് മക്കളെ അധ്വാനിച്ചു പോറ്റിയ ഒരു അമ്മയെപ്പറ്റി ഓര്‍ത്തുകൊണ്ട് ഞാന്‍ വരാന്തയില്‍ തന്നെയിരുന്നു.
രണ്ട് കപ്പ് കട്ടന്‍കാപ്പിയും കൊണ്ടാണ് അമ്മ വരാന്തയിലേക്ക് മടങ്ങിവന്നത്. ഒരു കപ്പ് അമ്മ എനിക്ക് നീട്ടി.
‘ മകന്‍ ഗള്‍ഫില്‍ പോയിട്ട് കുറെക്കാലമായോ, ലീവ് കിട്ടാന്‍ പ്രയാസമുണ്ടാകുമോ’ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു.
‘അവന് നല്ല ജോലിയാണ്. രണ്ട്മാസം കൂടുമ്പോഴൊക്കെ വരും. അവള്‍ക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. അതവളുടെ മകനും കിട്ടി. അവന്‍ എന്‍ജിനീയറാണ്... അവിടെ നല്ല നിലയാണ്.. ‘
‘ അപ്പോള്‍ ആ അമ്മ...’
‘ അവള്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷമായി. ചികില്‍സയൊക്കെ ചെയ്തു. എന്നാലും രക്ഷപ്പെട്ടില്ല... പാവം, ഒരുപാട് വേദന സഹിക്കേണ്ടി വന്നു. കാന്‍സറായിരുന്നു. അതും അദ്ദേഹത്തിനു വന്ന അതേ കാന്‍സര്‍ ‘
അമ്മയോടൊപ്പം ഞാനും ദീര്‍ഘമായി നിശ്വസിച്ചു.
‘ അദ്ദേഹത്തിനു കാന്‍സറാണെന്ന് അറിഞ്ഞത് വൈകിയാണ്. അതാലോചിക്കുമ്പോള്‍ എനിക്കിപ്പോഴും കരച്ചില്‍ വരും. എന്‍റെ ഉള്ളിലെ ഒരു പിണക്കം കൊണ്ട് ഞാന്‍ അദ്ദേഹത്തെ വേണ്ടപോലെ ശ്രദ്ധിച്ചില്ലേ എന്ന് തോന്നും. ‘
എനിക്ക് എന്നെ ഒതുക്കാന്‍ കഴിഞ്ഞില്ല.
‘വേറൊരു കല്യാണം കഴിച്ചിട്ടും അമ്മ അദ്ദേഹത്തോടൊപ്പം.... ‘
അമ്മ ചിരിച്ചു.
‘ ഞാന്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ഏറ്റെടുത്ത ചുമതല എന്‍റെയും കൂടിയായി. അദ്ദേഹത്തിന്‍റെ അഭിമാനവും എന്‍റേതായി. ഞാന്‍ ക്ഷമിക്കുമെന്ന് കരുതിയാണല്ലോ അദ്ദേഹം അവളേയും കൂട്ടി ആ വീട്ടിലേക്ക് തന്നെ കയറിവന്നത് . ആ മനസ്സ് ഞാന്‍ കണ്ടില്ലെങ്കില്‍..... അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു താമസിച്ചു. മക്കള്‍ ഒന്നിച്ചു വളര്‍ന്നു. രണ്ടമ്മമാരും ചേര്‍ന്ന് വളര്‍ത്തിയതുകൊണ്ടാവും മക്കളെല്ലാവരും നന്നായി.. അദ്ദേഹം മരിച്ചു പോകുമ്പോള്‍ ചെറിയ മകനു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ... ‘
‘അമ്മ ആ അമ്മയെ എങ്ങനെ ... ‘
അമ്മ പിന്നെയും ചിരിച്ചു..
‘എനിക്ക് ആദ്യമൊന്നും അവളെ അങ്ങനെ ഇഷ്ടപ്പെടാന്‍ പറ്റിയിരുന്നില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഒന്നിനും വഴക്കടിച്ചിരുന്നില്ല. അദ്ദേഹത്തെ വിഷമിപ്പിക്കരുതെന്ന് രണ്ടുപേരും വിചാരിച്ചിരുന്നു. അദ്ദേഹം പോയപ്പോഴായിരിക്കും ഞങ്ങള്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയത്..
അങ്ങനെ എനിക്കവള്‍ അനിയത്തിയായി.. അവള്‍ക്ക് ഞാന്‍ ചേച്ചിയും ‘
മഴ പെയ്തു തോര്‍ന്നിരുന്നില്ല.
നനവുള്ള കാറ്റും വീശിത്തീര്‍ന്നിരുന്നില്ല. അതുകൊണ്ട് മാമ്പഴങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

13 comments:

Cv Thankappan said...

പരസ്പരമുള്ള വിശ്വാസവും,സഹനശക്തിയും ഇല്ലായിരുന്നെങ്കില്‍ രണ്ടുകുടുംബങ്ങളായി
മാറുകയും തകരുകയും ചെയ്തേനെ....ഇത്തരത്തിലുള്ളവര്‍ ഇന്ന് അപൂര്‍വ്വമാണ്.
ആശംസകള്‍

Akbar said...

ഇങ്ങിനെ ഒരു കുടുംബത്തെ എനിക്കറിയാം. ഭർത്താവിന്റെ രണ്ടാം ഭാര്യയെ ആദ്യം കൈപ്പോടെ സ്വീകരിക്കുകയും പിന്നീട് ഒന്നിച്ചു സമാധാനത്തോടെ ജീവിക്കുകയും ചെയ്ത ഒരു കുടുംബം. എങ്കിലും ആണ്കോയിമയുടെ കരുത്തിൽ സ്വയം ഒതുങ്ങിക്കൊടുക്കുകയാവും ഇത്തരം ഘട്ടത്തിൽ പല സ്ത്രീകളും. പിന്നെ വിധിയെ പഴിച്ചും, പണ്ട് കിട്ടിയ സ്നേഹത്തിനു പകരുമെന്നു സ്വയം ന്യായീകരിച്ചും അവർ ജീവിതത്തെ നേരിടുകയാവും.
.
ഹൃസ്വമെങ്കിലും ചില ജീവിതങ്ങളുടെ മുഴുനീള ചിത്രം ഈ പോസ്റ്റിൽ നിഴലിച്ചു കാണാം.

mini//മിനി said...

കഥയല്ലിത് ജീവിതം,, ജീവിതം നമ്മെ പഠിപ്പിക്കുന്നത് എന്തൊക്കെയാണ്,,,

റോസാപ്പൂക്കള്‍ said...

വിശ്വസിക്കാന്‍ പ്രയാസം.

vettathan said...

ഒരു പ്രായം കഴിഞ്ഞാല്‍ ചിലപ്പോള്‍ പരസ്പരാശ്രയത്വത്തിലേക്ക് മാറാം

Geetha said...

നമ്മൾ കാണുന്നതിനും മനസ്സിലാക്കുന്നതിനും അപ്പുറം ചിലജീവിതങ്ങൾ .

© Mubi said...

Facts are stranger than fiction...

കുഞ്ഞൂസ് (Kunjuss) said...

കഥയല്ലിത് ജീവിതം...! എങ്കിലും നിസ്സഹായതയിൽ വഴക്കടിക്കുന്നതിനേക്കാൾ നല്ലത് സഹകരണവും സ്നേഹവും ആണെന്ന് സ്ത്രീകൾ തിരിച്ചറിയുന്നു..... മറ്റു വഴികൾ ഇല്ലാത്തതു കൊണ്ടു മാത്രം ...

സുധി അറയ്ക്കൽ said...

ദൈവമേ!!!വിശ്വസിയ്ക്കാൻ പറ്റുന്നില്ലെങ്കിലും ഇങ്ങനെയും ജീവിയ്ക്കുന്നവരുണ്ടല്ലോ.

സുധി അറയ്ക്കൽ said...

ശങ്കരന്റെ കടിഞ്ഞൂൽപ്പോസ്റ്റിലെത്തി.കൊള്ളാം.

Bipin said...

കഥയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ആ ആകാംക്ഷ ശരിയായി വളർന്നു വികസിച്ചോ എന്നു സംശയം. അവസാനം ഒന്നുമില്ലാതെ ഒരു സാധാരണ സംഭവം പോലെ ആയി. ആഖ്യാനത്തിലുള്ള വൈദഗ്ധ്യം കൊണ്ടു നില നിൽക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അപൂർവ്വമായി കാണുന്ന
വളരെ ഇരുത്തം വന്ന വ്യക്തിത്വമുള്ളവർ ..

വേണുഗോപാല്‍ said...

ഇങ്ങനേയും ചിലർ ഉണ്ട്. നല്ലെഴുത്ത്