Wednesday, September 12, 2018

ഡോ. വല്ലത്ത് ബാലകൃഷ്ണന്‍

https://www.facebook.com/photo.php?fbid=905512702961358&set=a.526887520823880.1073741826.100005079101060&type=3&theater
                                                  

പോയി ...

അച്ഛന്‍റെ ബാലന്‍.. ഞങ്ങള്‍ക്കും അദ്ദേഹം അച്ഛന്‍റെ ബാലനായിരുന്നു. അമ്മാവാ , അങ്കിള്‍ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും വിളിച്ചിട്ടില്ല. അച്ഛന്‍റെ ബാലന് വേറേ ഒരു പേരെന്തിനാണ് ?

സ്നേഹിച്ചവരെല്ലാം മണിക്കൂറുകളുടെ ഇടവേളകളില്‍ ഒരിക്കലും മടങ്ങി വരാനാവാത്ത വഴി തിരിഞ്ഞു പോവുന്ന കാലമാണെനിക്കിത്. കരഞ്ഞാല്‍ തീരുകയില്ലെന്നതുകൊണ്ട് ഞാന്‍ മൌനമായിരിക്കുന്നു.

അച്ഛന്‍ ഫോണ്‍ ചെയ്തു സംസാരിക്കും. ' ബാലാ....' തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച്... അവരുടെ സൌഹൃദത്തിനു ഒത്തിരി പഴക്കമുണ്ടായിരുന്നു.

അമ്മയ്ക്ക് ക്ഷയരോഗം ബാധിച്ച കാലമായിരുന്നു. രോഗമെന്തെന്ന് ശരിക്കറിയാതെ പലവിധ ചികില്‍സകള്‍ ചെയ്ത് അമ്മയുടെ ജീവിതം നരകമായ കാലം. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ തീരുമാനമായി. അന്ന് അച്ഛന്‍റെ ബാലന്‍ തിരുവനന്തപുരത്തെ ഗാസ്റ്റ്രോ എന്‍ററോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ പ്രൊഫസറാണ്.
ഞാനും അമ്മയും അച്ഛനും കൂടി ലില്ലിപ്പൂക്കളും ബൊഗയിന്‍ വില്ലകളും നിറഞ്ഞ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ തികഞ്ഞ പ്രസാദാത്മകതയോടെ അച്ഛന്‍റെ ബാലന്‍ പാടി ...

'ചെല്ലപ്പാ .. ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാ..ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാപ്പാ..'

രോഗിണിയും അതീവ ക്ഷീണിതയുമായിരുന്നെങ്കിലും അമ്മ പോലും പൊട്ടിച്ചിരിച്ചു പോയി ആ സ്വാഗതവചനത്തില്‍.
സ്നേഹമധുരമായി സ്വീകരിച്ചു സരളയാന്‍റി.

പിറ്റേന്ന് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപെഡിക് സര്‍ജനെ കാണിച്ച് അമ്മയുടെ വലം കൈ പ്ലാസ്റ്ററിടുവോളം അച്ഛന്‍റെ ബാലന്‍ ഒപ്പമുണ്ടായിരുന്നു. അതുവരെ ബോണ്‍ ടി ബിയുടെ അസഹ്യ വേദനയില്‍ തുടിച്ചിരുന്ന അമ്മ പ്ലാസ്റ്ററിട്ടു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞതായി സ്വയം സമാധാനിച്ചു. കോര്‍ട്ടി സോണ്‍ എന്ന ഇന്‍ജെക്ഷന്‍ അനാവശ്യമായി നല്‍കിയതു കൊണ്ട് അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയില്‍ മാറ്റം വരികയും ഇന്‍സുലിന്‍ ഉല്‍പ്പാദനം തകരാറാവുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ട സ്പെഷ്യല്‍ ഡയറ്റ് അച്ഛന്‍റെ ബാലന്‍ എഴുതിത്തയാറാക്കി. സദാ വായ്പുണ്ണു കൊണ്ട് കരഞ്ഞിരുന്ന എനിക്കും അല്‍പം മരുന്നും ഡയറ്റും അദ്ദേഹം തീരുമാനിച്ചു.

അന്നു വൈകീട്ട് അമ്മയേം കൂട്ടി തണ്ണീര്‍ത്തണ്ണീര്‍ എന്ന മൂവി കാണാന്‍ പോകാമെന്ന് അച്ഛന്‍റെ ബാലന്‍ പരിപാടിയിട്ടു. അമ്മ സന്തോഷവതിയായിരിക്കേണ്ടത് ഈ രോഗം മാറുന്നതിന് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സരളയാന്‍റിയും വിജി എന്ന മോളും ബാലചന്ദ്രന്‍ എന്ന ബാല്‍സി മോനും ഞങ്ങള്‍ എല്ലാവരുമായി അന്ന് ആ മൂവി കണ്ടു.

ആ വീട്ടില്‍ വെച്ച് അച്ഛന്‍റെ ബാലനാണ് പെട്ടീരിയര്‍ ഡെക്കൊറേഷന്‍ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്നതുകൊണ്ട് ഒത്തിരി പെട്ടികള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും അവയെ അടുക്കിവെച്ച് നല്ല വിരിപ്പും കുഷനും കൊണ്ടലങ്കരിച്ച് സോഫയായും കട്ടിലായും ഒക്കെ രൂപപ്പെടുത്താമെന്നും ഞാന്‍ അന്ന് മനസ്സിലാക്കി.

ബോംബിന്‍റെ ഒരു ലോഹകവചം അലങ്കാരമെന്ന മട്ടില്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. വിവിധ തരം ബോംബുകളെക്കുറിച്ചും അതിന്‍റെ നശീകരണ ശക്തിയെക്കുറിച്ചും ഒക്കെ അച്ഛനുമായി ദീര്‍ഘനേരം വാചകമടിച്ചിട്ട് ഒടുവില്‍ ബോംബിന്‍റെ ആ ലോഹകവചം ഊരുമ്പോള്‍ വലിയ ശബ്ദം ഉണ്ടാവുമെന്നും ഭയപ്പെടരുതെന്നും പ്രത്യേകം പറഞ്ഞിട്ടാണ് അച്ഛന്‍റെ ബാലന്‍ അത് ഊരിക്കാണിച്ചത്. എങ്കിലും ആ ശബ്ദത്തില്‍ വിരണ്ടു പോയ ഞാന്‍ സരളയാന്‍റി ഉണ്ടാക്കി വിളമ്പിത്തന്ന ഐസ്ക്രീം ബൌള്‍ സഹിതം താഴെയിട്ടു പൊട്ടിക്കുകയും ഉറക്കെ കരയുകയും ചെയ്തു.

അച്ഛന്‍റെ ബാലന് വിഷമമായി... അദ്ദേഹം എന്‍റെ കവിളില്‍ തട്ടി ആശ്വസിപ്പിച്ചു.

അച്ഛന്‍ അധികാരത്തിന്‍റെ ഓരോ പടവുകള്‍ കയറുമ്പോഴും ബാലനുമായുള്ള സൌഹൃദം മുറിഞ്ഞിരുന്നില്ല. പല ഡോക്ടര്‍മാരുടേയും ഇരട്ടപ്പേരുകള്‍ അച്ഛന്‍ ബാലനുമായി പങ്കു വെയ്ക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അച്ഛന്‍റെ ബാലന്‍ ആര്‍മി യൂണിഫോമില്‍ നില്‍ക്കുന്ന പടവും ഞങ്ങളുടെ അല്‍ബത്തില്‍ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഇന്നും ഉണ്ട്.

ജീവിതം തല്ലിപ്പഴുപ്പിച്ച് പതം വരുത്തിയ ശേഷമാണ് ഞാന്‍ അച്ഛന്‍റെ ബാലനെ വീണ്ടും കാണുന്നത്. അത് അമൃത ഹോസ്പിറ്റലില്‍ അമ്മയെ ചികില്‍സിക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു. എല്ലാ വിഷമങ്ങള്‍ക്കിടയിലും ചെല്ലപ്പന്‍റെ മക്കള്‍ നന്നായിരിക്കുന്നുവെന്ന അറിവ് അദ്ദേഹത്തിനു ഒത്തിരി സന്തോഷം പകര്‍ന്നു. പ്രത്യേകിച്ച് റാണി എന്ന എന്‍റെ അനിയത്തി വളരെ ഉയര്‍ന്ന ഉദ്യോഗത്തിലാണെന്നുള്ളത് അദ്ദേഹത്തെ ഒത്തിരി ആഹ്ലാദിപ്പിച്ചു. ഞങ്ങള്‍ അമ്മയെ കാര്യമായി കരുതുന്നു എന്നതിലും അദ്ദേഹം ഒത്തിരി സന്തോഷവാനായിരുന്നു.

അച്ഛന്‍ അമൃതാ ഹോസ്പിറ്റലില്‍ ഹാര്‍ട്ട് അറ്റാക് വന്ന് മരിക്കുമ്പോള്‍ അച്ഛന്‍റെ ബാലന്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. 'എങ്കിലും എനിക്ക് കാണാനോ അറിയാനോ കഴിഞ്ഞില്ലെന്ന്' പറയുമ്പോള്‍ ഒരിട അദ്ദേഹത്തിന്‍റെ ശബ്ദമിടറി.

സമകാലിക മലയാളം വാരികയില്‍ അദ്ദേഹത്തെക്കുറിച്ച് വന്ന ലേഖനം ഞാന്‍ ദില്ലിയിലിരുന്ന് വായിച്ചെന്നറിയിച്ചപ്പോള്‍ അച്ഛന്‍റെ ബാലന് കു റച്ചൊരു അല്‍ഭുതമുണ്ടായി. കഥാകൃത്ത് പ്രിയ ഏ എസിനെ ചികില്‍സിച്ചതിനെക്കുറിച്ചും ഞാന്‍ വായിച്ചറിഞ്ഞിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു അതിശയം നിയന്ത്രിക്കാനായില്ല.

ബാല്‍സി എന്ന മോന്‍ എന്‍ ജിനീയര്‍ ആയെന്നും മക്കള്‍ ഇരുവരും വിവാഹിതരാണെന്നും അദ്ദേഹം പറഞ്ഞു. അതും ആ ലേഖനത്തിലുണ്ടായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍മ്മിച്ചു. കുറച്ചൊക്കെ എഴുതുമെന്നും അമ്മീമ്മക്കഥകള്‍ എന്നൊരു ബുക് പ്രസിദ്ധീകരിച്ചുവെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ബുക് അമൃത ആശുപത്രിയിലെ റിസപ്ഷനില്‍ ഏല്‍പ്പിക്കാമോ എന്ന് അച്ഛന്‍റെ ബാലന്‍ ചോദിക്കാതിരുന്നില്ല. അപ്പോഴെന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

അമ്മയുടെ ചികില്‍സകള്‍ക്ക് വേണ്ടി പിന്നെയും ചിലപ്പോഴൊക്കെ ഞങ്ങള്‍ അച്ഛന്‍റെ ബാലനോട് സംസാരിക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ അത് ക്രമേണ കുറഞ്ഞുവന്നു. അമ്മ ആറു മാസം അബോധാവസ്ഥയില്‍ കിടന്നാണല്ലൊ ഞങ്ങളെ വിട്ടു പിരിഞ്ഞത്.

അച്ഛന്‍ പോയി...

ഇന്ന് അച്ഛന്‍റെ ബാലനും പോയി... അവര്‍ ഒന്നിച്ച് പാടുമായിരിക്കുമോ .. ചെല്ലപ്പാ... ബാലപ്പാ... ചെല്ലപ്പാ.. ബാലപ്പാ.. ചെല്ലപ്പാ.. ബാലപ്പാ... ചെല്ലപ്പാപ്പാ...

ചിലപ്പോള്‍ അങ്ങനെ പാടുമായിരിക്കും.. അല്ലേ..

No comments: