എന്റെ ഓർമ്മകളിൽ ആദ്യം തെളിയുന്ന കാഴ്ച ഒരു ചൂരലിന്റേതാണ്. അതിന്റെ നിറം, എന്തു നിറമാണതിന്?
വെളുപ്പ്…….. അല്ല.
ക്രീം……… അല്ല.
പിന്നെ……. പിന്നെ……
ഇത്ര കഷ്ടപ്പെടേണ്ട, അതിനു ഒരു ചൂരലിന്റെ വർണ്ണമാണ്. ഒട്ടകത്തിനു ഒട്ടക വർണ്ണം പോലെ, ചൂരലിനു ചൂരൽ വർണ്ണം.
അതിന്റെ ഒരറ്റത്ത് ഒരു വലിയ മനുഷ്യന്റെ കൈപ്പത്തി മുഴുവൻ കടത്തിപ്പിടിക്കാവുന്ന അണ്ഡാകൃതിയിലുള്ള പിടിയുണ്ട്. ആ പിടിയിൽ തീരെ വണ്ണമില്ലാത്ത തിളങ്ങുന്ന കമ്പികൾ ചുറ്റിക്കെട്ടിയിരുന്നു. അത്തരം എട്ട് കമ്പികൾ ആ ചൂരലിനുള്ളിലൂടെയും കടന്നു പോകുന്നുണ്ടായിരുന്നു.
ആ ചൂരൽ കൊണ്ടാണ് അച്ഛൻ അമ്മയെ തല്ലിയിരുന്നത്.
നമുക്ക് ഓർമ്മകൾ ഉണ്ടായിരിക്കണമോ?
മൂന്നു വയസ്സിൽ ഉറക്കം ഞെട്ടിയുണർന്ന ഒരു രാത്രിയാണെന്റെ ആദ്യത്തെ ഓർമ്മ.
ചുവന്ന് കലങ്ങിയ കണ്ണുകളോടെ, കണ്ണീരൊഴുകി വീണ കവിളുകളോടെ, കൂപ്പുകൈകളോടെ തറയിൽ മുട്ടു കുത്തി നിന്ന് യാചിക്കുന്ന അമ്മ. ചൂരലോങ്ങി ക്രൌര്യത്തോടേ ഗർജ്ജിക്കുന്ന അച്ഛൻ.
പെട്ടെന്ന് ചൂരൽ വായുവിൽ ആഞ്ഞു പുളഞ്ഞു, അമ്മയുടെ ചങ്ക് തകരുന്ന നിലവിളിയിൽ എനിക്ക് ശബ്ദം വറ്റിപ്പോയിരുന്നു. പിടഞ്ഞുകൊണ്ട് തറയിൽ വീണ അമ്മയേയും എന്നെയും അച്ഛൻ വീടിന്റെ മുൻ വാതിൽ തുറന്ന് പുറത്തിറക്കി വിട്ടു. ഇടി മുഴങ്ങിക്കൊണ്ടിരുന്ന ആ രാത്രിയിൽ എന്റെ അനിയത്തി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കരയുന്ന അമ്മയോട് ശബ്ദിച്ചാൽ കാലു മടക്കി അടിക്കുമെന്ന് അപ്പോൾ അച്ഛൻ അമറി.
വലിയ മഴ പെയ്യുകയായിരുന്നു. അടിപ്പാവാടയും ബ്ലൌസും മാത്രമണിഞ്ഞ അമ്മ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് അടക്കിയ ശബ്ദത്തിൽ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ആ ചവിട്ട് പടികളിലിരുന്നു, അച്ഛന്റെ ദേഷ്യം മാറി കതകു തുറക്കുന്നതും കാത്ത്. അമ്മയുടെ ഏങ്ങലടി കേട്ടു കരയാൻ പോലും ഭയന്ന് തുറിച്ച കണ്ണുകളുമായി ഞാനും. ആ ഏങ്ങലിന്റെ ആഴത്തിൽ അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞു വാവയും മരിച്ച് പോകുമെന്നു ഞാൻ നടുങ്ങി.
ഇത്തരം എത്രയോ രാത്രികളും ഇതിലും മോശമായ പകലുകളും എന്റെ ഓർമ്മകളിൽ ചോരച്ചാലുകൾ കീറി.
ഞങ്ങൾ നാലു പെണ്ണുങ്ങൾ, എന്റെ അമ്മയും ഞാനും രണ്ടനുജത്തിമാരും ആരുമില്ലാത്തവരായിരുന്നു.
എനിക്കൊരിക്കലും അച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞില്ല.
അമ്മയെ സ്നേഹിക്കാതിരിക്കാനും.
അന്ന് തൊണ്ടക്കുഴിയിൽ ഭയം കൊണ്ടമർന്നു പോയ ആ നിലവിളിയായി മാറി, പിന്നീടുള്ള എന്റെ ജീവിതമത്രയും. ഭയങ്ങൾ…ഇനിയുമിനിയും ഭയങ്ങൾ….പിന്നെയും പിന്നെയും ഭയങ്ങൾ, വെളുത്തഭയങ്ങൾ, കറുത്തഭയങ്ങൾ, ചുവന്നഭയങ്ങൾ, നീലിച്ച ഭയങ്ങൾ…അവ മാറിയില്ല.
ഭയപ്പെടുത്തുന്നവർ മാത്രം മാറി.
ചൂരലുകളുടെ പുളച്ചിൽ എനിക്ക് മുകളിൽ എന്നുമുയർന്നു, ചൂരൽ പിടിക്കുന്ന കൈകൾ മാത്രം മാറി. ഗർജ്ജിക്കുന്ന തൊണ്ടകളും അമറുന്ന ശബ്ദങ്ങളും മാറിയില്ല. അവയുടെ ഉടമസ്ഥന്മാർ മാത്രം മാറി.
ഞാൻ എന്നും ഉന്നത ഉദ്യോഗസ്ഥരുടേയും അഭ്യസ്തവിദ്യരുടേയും പുരോഗമനാശയക്കാരുടേയും ഒരുപാട് തറവാട്ടു മഹിമയുള്ളവരുടേയും സംസ്ക്കാരസമ്പന്നരുടേയും കലാകാരന്മാരുടേയും ഒപ്പം മാത്രമാണ് ജീവിച്ചിട്ടുള്ളത്.
എല്ലാവരും കമ്പികെട്ടിയ ചൂരലുകൾ ഉള്ളവരായിരുന്നു.
എല്ലാവർക്കും കാലു മടക്കി അടിക്കാൻ പറ്റുമായിരുന്നു.
എല്ലാവർക്കും ഗർജ്ജിക്കുവാനും അമറുവാനും സാധിക്കുമായിരുന്നു.
17 comments:
ഇത് അനുഭവമോ...? ആകാതിരിയ്ക്കട്ടെ എന്നാശിയ്ക്കുന്നു.
എച്ച്മു കുട്ടീ... വേദനിപ്പിച്ചവരോട് നന്ദി, അവര്‍ നമ്മെ വേദന സഹിക്കാന്‍ പഠിപ്പിച്ചു.....!എതിരിട്ടവര്ക്കും നന്ദി, അവര്‍ നമ്മെ പോരാടാന്‍ പഠിപ്പിച്ചു......!! വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പിടി ബലി ചോറു കൊടുക്കാനാവാതെ ഞാനും ഇവിടെ..... മറക്കണം ഇനി എല്ലാം....!!
ഇത്ര നല്ല മനസ്സുണ്ടായിട്ടും ചക്കിമോളുടെ അമ്മയ്ക്കും വേദനകളും നീറ്റലുകളും മറവിയിൽ അമർത്തേണ്ടുന്ന ഓർമ്മകളും തന്ന ജീവിതത്തെക്കുറിച്ച്......എന്തു പറയാനാണ്?
എന്നെ വന്നു കാണുന്നതിനു നന്ദി.
വേദനിച്ചു...
പക്ഷേ, ഒന്നറിയുക...
എല്ലാ മനുഷ്യരും കമ്പി കെട്ടിയ ചൂരൽ വടികളല്ല
ശ്രീയുടെ നല്ല മനസ്സിന് നൂറ് നമസ്ക്കാരം.
സൂരജ് പറഞ്ഞത് ശരി, എല്ലാവരും അങ്ങനെയല്ല. പൂവിതളിന്റെ മാർദ്ദവവും മഞ്ഞുതുള്ളിയുടെ തണുപ്പും തന്നവരുണ്ട്.
അവരില്ലെങ്കിൽ ചൂരൽപ്പാടുകൾ ഉണങ്ങുമായിരുന്നില്ല.
എങ്കിലും,ആ പാടുകൾ ഒരിക്കലും മായുകയില്ല.
അവ എന്നും വേദനകളുടെ കടന്നലുകളായിരിക്കും.
oro postum vayikkumbol vishamam koodukayanallo....ithonnum aareudeyum anubhavam aakathirikkatte enu prarthikkunnu..:)
ദിയയുടെ പ്രാർഥനയ്ക്ക് നന്ദി, നമസ്ക്കാരം.തുടർന്നും വരുമല്ലോ.
enthinayirunnu amma itrayum dushtanaya orale snehichath ?
koode chennath ?
vendarnnu ...
ചേച്ചിപ്പെണ്ണിന്റെ ചോദ്യത്തിന് കഥയിൽ ചോദ്യമില്ല എന്ന മറുപടിയേ എന്റെ പക്കലുള്ളൂ.
വന്ന് കണ്ടതിൽ സന്തോഷം.
ഈ ചൂരലുകളൂടെ പീഡനങ്ങളും,അതിന്റെ മാറിമാറി വരുന്ന ഉടമസ്ഥരുമൊക്കെ കൂടി മലയാളത്തിന് നല്ലൊരു എഴുത്തുകാരിയെ സമ്മാനിച്ചു....!
കണ്ടില്ലായിരുന്നു. വായിച്ചപ്പോള്‍ ലിങ്ക് ഉണ്ടെന്നു തോന്നിയില്ല. അത്രയും സൂക്ഷതയാണ് ഇപ്പോള്‍ എന്റെ കണ്ണുകള്‍ക്ക്.
വെറും കഥയായ് മാത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കാണാത്ത മനുഷ്യനെ കണ്ട അത്ഭുതം.
പിടയുന്ന നിസ്സഹായതയുടെ മുഖങ്ങള്‍.
കരിങ്കല്ലിന്റെ കരുത്ത് നേടി ഒഴുക്കിനെതിരെ നീന്തിക്കയറിയവര്‍.
അറിയാതെ ഒരു നിശ്വാസം..നീറ്റല്‍.
ശരീരവും മനസ്സും ചുട്ടു പൊള്ളുമ്പോള്‍
പ്രതികരിക്കാന്‍ ആവാതെ വായ തുറന്നു
ഒന്ന് ഉറക്കെ കരയാന്‍ പോലും ആവാതെ
ഒരു കുഞ്ഞു മനസ്സ് പിടിച്ചു നിന്നില്ലേ ഓര്‍മ്മകള്‍ എഴുതാന്‍ ഇന്നും കരുത്തോടെ ?
പൊള്ളുന്ന ഓര്‍മ്മകളുടെ കനല്‍കൂമ്പാരത്തില്‍ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഒരുവള്‍
എന്തിനിങ്ങനെ കരയിപ്പിക്കുന്നു എന്ന് കവിയോടു ചോദിച്ചപ്പോള്‍ പറഞ്ഞത് ... എല്ലാവരും ജീവിതത്തിന്റെ വെളുത്ത വശങ്ങള് തുറന്നെഴുതുന്നു... കറുത്ത ഭാഗങ്ങളും നിഴലുകളും വരച്ചു കാട്ടാന്‍ ആരെങ്കിലും വേണ്ടേ ?
മോളേ..... ഇത് കഥയാണോ ...എന്ന് തിരിച്ചറിയാൻ വേണ്ടി,കുറിപ്പിന്റെ അവസാനം നോക്കിയപ്പോൾ‘അനുഭവം’എന്ന ലേബൽ കണ്ട്. ഇരു മാത്ര ഞെട്ടിത്തരിച്ചു പോയ്യി. ഇങ്ങനെയുൾല അച്ഛന്മാർ ഇപ്പോഴും ഉണ്ടോ? പുരുഷ മേധാവിത്തം തലക്ക് പിടിച്ച് അങ്ങനത്തെ കശ്മലന്മാരെ...പടിക്ക് പുറത്താക്കുക...അല്ലെങ്കിൽ അവഗണിക്കുക...കലേ....ഈ ലേഖനം വല്ലത്ത വിഷമം ഉണ്ടാക്കി...ഇനിയും മനസ്സ് തുറക്കുക..വേദനകൾ പുറത്ത്വിടുക...മനസ്സ് ശുദ്ധമാകട്ടേ..........
ഒരേ തൂവല്‍ പക്ഷികള്‍ ...
പോസ്റ്റ് കണ്ടിരുന്നില്ല
ലിങ്ക അയച്ചു തന്നു അനുഭവം പങ്കു വെച്ചതിനു നന്ദി എച്മു...
ആ പഴയ ഓര്‍മ്മകള്‍ ഇനി സ്വപ്നത്തില്‍ പോലും വരരുതേ എന്ന് പ്രാര്‍ത്ഥിക്കയാണ് :(
It seems that somehow I must know these are stories or real life ! .
Post a Comment