Wednesday, January 13, 2010

അച്ഛമ്മ

കുട്ടിയെ കാണാനാണ് അച്ഛമ്മ വന്നത്.

ക്ലാസ്സ് ടീച്ചർ കുട്ടിയെ വരാന്തയിലേക്ക് പറഞ്ഞയച്ചു.

അച്ഛമ്മ കുട്ടിയെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തപ്പോൾ കുട്ടി വെറുതെ നിന്നതേയുള്ളൂ. ഇതിനു മുൻപ് എന്നാണ് അച്ഛമ്മ ഇങ്ങനെ സ്നേഹിച്ചിട്ടുള്ളതെന്ന് ഓർക്കുകയായിരുന്നു കുട്ടി.

അച്ഛമ്മ കുട്ടിയ്ക്ക് ഒരു വലിയ ബാർ ചോക്ലേറ്റ് നീട്ടി.

കുട്ടിയുടെ തലയിൽ തടവിക്കൊണ്ട് അച്ഛമ്മ പറഞ്ഞു.

‘നിന്റ്മ്മയോട് പറയ്, നിന്നെ ശനിയും ഞായറും അച്ഛമ്മേടേ വീട്ട്ല് കൊണ്ട് വിടാൻ. നീ വാശി പിടിച്ചാ മതി.  തിങ്കളാഴ്ച അവിടന്ന് കാറില് ഇബടെ സ്കൂളിലാക്കിത്തരാം.‘

കുട്ടി തലയാട്ടാതെ നിന്നു.

അച്ഛൻ പകലൊക്കെ അച്ഛമ്മയുടെ വീട്ടിലായിരുന്നു താമസം. അച്ഛന് ഓഫീസിലും സ്കൂളിലും എവിടെയും പോകേണ്ട കാര്യവുമില്ലായിരുന്നു. അമ്മ ജോലിക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്കുകളാരംഭിച്ചതെന്ന് കുട്ടി മനസ്സിലാക്കിയിരുന്നു. ‘അമ്മയ്ക്ക് വാവ മാത്രമേ ഉള്ളൂ‘ എന്ന് അമ്മ കരഞ്ഞുകൊണ്ട് എപ്പോഴും പറയാറുള്ളത് കുട്ടി ഓർമ്മിച്ചു.

വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് വരുമ്പോഴാണ് അച്ഛൻ വഴക്ക് തുടങ്ങുന്നത്. നേരം വൈകിയെന്നും ട്രെയിനിൽ ആരുടെയൊപ്പമാണിരുന്നതെന്നും പറഞ്ഞായിരിക്കും എന്നും തുടക്കം. ആ നേരത്തായിരിക്കും ആരെങ്കിലും അമ്മയെ ഫോണിൽ വിളിക്കുന്നത്. അത് രഹസ്യക്കാരനാണെന്ന് പറഞ്ഞ് വഴക്ക് വലുതാകും. രഹസ്യക്കാരൻ എന്നു വെച്ചാലെന്താണെന്ന് കുട്ടി ആരോടും ഇതു വരെ ചോദിച്ചിട്ടില്ല.

എന്തൊക്കേയോ ഭയങ്കര കുഴപ്പങ്ങൾ വീട്ടിലുണ്ടായിട്ടുണ്ടെന്ന് കുട്ടിയ്ക്ക് മനസ്സിലായിട്ടുണ്ട്. അമ്മയും അച്ഛനും തമ്മിൽ വലിയ വഴക്കാണെന്നും അച്ഛൻ വീട്ടിൽ വരാറില്ലെന്നും കുട്ടിയ്ക്കറിയാം. കുട്ടി അമ്മയുടെ കൂടെയാണിപ്പോൾ. അമ്മ ഏതോ അങ്കിളിന്റെ ഒപ്പമാണ് താമസിക്കുന്നതെന്നാണ് അച്ഛൻ അയല്പക്കത്തെ വീടുകളിലും കുട്ടിയുടെ സ്ക്കൂളിലെ സിസ്റ്ററോടും അരിക്കടയിലെ ചേട്ടനോടും ഒക്കെ പറഞ്ഞത്.

അച്ഛമ്മ കുട്ടിയെ സ്വന്തം ശരീരത്തോട് അടുപ്പിച്ച് നിറുത്തി കൊഞ്ചിച്ചു. “നീയിങ്ങനെ അമ്മേടടുത്ത് മാത്രായാൽ പറ്റോ? നിനക്ക് അച്ഛനേം വീട്ട്കാരേം ഒന്നും വേണ്ടേ? നിന്റെ അമ്മ നെന്നെ പെറ്റൂന്നെ ഇള്ളൂ, നിന്റെ അപ്പീം മൂത്രോം ഒക്കെ കോരീതും നോക്കീതും ഒക്കെ അച്ഛനാ. അമ്മ നെനക്ക് മൊലപ്പാലും കൂടി തന്ന്ട്ടല്ല്യാ അറ്യോ? ന്ന്ട്ട് നീയിങ്ങനെ അമ്മേടേം അമ്മേടെ കൂട്ട്ക്കാര്ടേം കൂടെ കൂട്യാലോ. മനിഷേമ്മാർക്ക് അച്ഛ്നാ വലുത്, അമ്മേല്ല മൻസ്സിലായോ?’

കുട്ടിയ്ക്ക് ഒന്നും മനസ്സിലായില്ല. അച്ഛമ്മയ്ക്ക് എന്താണു വേണ്ടത് ആവോ? അവർ തന്ന ചോക്ലേറ്റ് ബാർ ക്ലാസ്സിലെല്ലാവർക്കും കൊടുക്കണമെന്ന് കുട്ടി വിചാരിച്ചതായിരുന്നു. പക്ഷെ ഇപ്പോൾ കുറേശ്ശെ ബോറടിക്കുന്നുണ്ട്.

‘നീയെന്താ ഒന്നും മിണ്ടാണ്ട് കൂമന്റെ പോലെ?’ അച്ഛമ്മയ്ക്ക് ദേഷ്യം വരുന്നുണ്ടെന്ന് തോന്നിയപ്പോൾ കുട്ടി ചിരിച്ചു.

‘ആ അതന്നെ അങ്ങനെ ചിരിക്കാ, നീയിങ്ങട് വന്നേ, അച്ഛമ്മ ചോദിയ്ക്കട്ടെ, രാത്രി അമ്മ നിന്റടുത്താ ഒറക്കം? അങ്കിള് വരുമ്പളും നിന്റടുത്ത് വരോ അമ്മ? എന്നും വരോ അങ്കിള്?’

കുട്ടി അപ്പോൾ വായ തുറന്നു.

‘ഏത് അങ്കിള്? വീട്ട്ല് ഒരങ്കിളും വരാറില്ല്യ.‘

‘നീയ് നിന്റമ്മേടെ വീട്ട്കാര്ടെ പോലെ നൊണ പറ്ഞ് പഠിക്കണ്ട. അങ്കിൾ വരണതൊക്കെ അച്ഛമ്മ അറീം. നിന്റെ അച്ഛനും അറീം. പിന്നെ വരണില്ലാന്ന് നീ എന്തിനാ പറേണ്? നൊണ പറഞ്ഞാ ദൈവം ശപിക്കും’.

കുട്ടി ആലോചിക്കുകയായിരുന്നു, ഏതങ്കിളാണ് അങ്ങനെ വീട്ടിൽ വരുന്നത്? എപ്പോഴാണ് വരുന്നത്? എന്തിനാണ് വരുന്നത്?

കുട്ടിയ്ക്ക് വയറു വേദനിക്കുന്നത് പോലെയുണ്ടായിരുന്നു .

ടീച്ചർ വരാന്തയിലേക്ക് വന്നപ്പോൾ അച്ഛമ്മ മനോഹരമായി ചിരിച്ചു, കുട്ടിയെ അമർത്തിപ്പിടിച്ചു കൊണ്ട് ടീച്ചറോട് പറഞ്ഞു, ‘എനിക്ക് കണ്ടു മതിയായില്ല, പോവാണ്ട് പറ്റ്ല്യാല്ലോ, അതോണ്ട് പോവാ‘.

സ്വന്തം ഭർത്താവിന്റെ തണലിൽ ജീവിക്കുന്ന ടീച്ചർക്ക് ആ വയസ്സിയോട് പാവം തോന്നി, എന്തിനാണ് സ്ത്രീകൾ ഭർത്താക്കന്മാരുമായി പിണങ്ങുന്നത്? അയാളുടെ വീട്ടുകാരേയും കുഞ്ഞിനേയും ബുദ്ധിമുട്ടിയ്ക്കാനോ?

ബെല്ലടിക്കുന്നതും കാത്ത് വേദനിക്കുന്ന വയറുമായി കുട്ടി ക്ലാസ്സിലിരുന്നു.

15 comments:

SAJAN SADASIVAN said...

മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥ
കഥയായി കൊള്ളാം ,ജീവിതത്തില്‍ ഇതൊക്കെ ആ കുട്ടിയുടെ ഭാവിയെതന്നെ ബാധിക്കും , പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം , നന്നായി അവതരിപ്പിച്ചു

hAnLLaLaTh said...

...ആദ്യമായാണ് ഇവിടെ ഇനിയും വരാം.
മനസ്സില്‍ നനവു പൊടിയിക്കാനായി...

നന്മകള്‍ നേരുന്നു.

എറക്കാടൻ / Erakkadan said...

nalla katha....

pattepadamramji said...

ഇതൊരു സംഭവ കഥ ആണോ? കൊള്ളാം..
ഒന്നുകൂടി ശ്രമിച്ചാല്‍ ഇച്ചിരി കൂടി നന്നാക്കാം.
ആശംസകള്‍.

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

Aasha said...

കഥ നന്നായിട്ടുണ്ട് ... :)

ശ്രീ said...

പാവം കുട്ടി

സായം സന്ധ്യ said...

വരികള്‍ നൊമ്പരപ്പെടുത്തുന്നു..കഥയിലെ കുട്ടി സ്വന്തമാകുന്നു..ശിഥിലബന്ധങ്ങളുടെ കഥ വേദനയാകുന്നു..കഥാകാരിയ്ക്ക് ഭാവുകങ്ങള്‍..

jyo said...

സംശയം ഒരു രോഗമാണ്-മാനസ്സികരോഗം-
ഒരു അനുഭവം വായിച്ച പോലെ തോന്നി.

mini//മിനി said...

ഈ സംശയരോഗവും കോം‌പ്ലക്സും കാരണം സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം കഷ്ടം തന്നെ. ഒരു ചോക്ലേറ്റ് കൊടുത്താൽ പിന്നാലെ ഇറങ്ങി പോകുന്ന കുട്ടികൾ സൂക്ഷിക്കുക.

പിന്നെ ഈ മലയാളത്തിലെഴുതുമ്പോൾ എന്തിനാണ് word verification

Echmu Kutty said...

സാജനും hAnLLaLaTh നും സ്വാഗതവും നന്ദിയും അറിയിക്കട്ടെ. തുടർന്നും വരുമല്ലോ.
എറക്കാടന് നന്ദി.
പറ്റേപ്പാടം രാംജിക്ക് നന്ദി പറയുന്നു. കൂടുതൽ നന്നാക്കി എഴുതുവാൻ ആത്മാർഥമായും ശ്രമിക്കാം.
റ്റോംസ്, ആശ, സായം സന്ധ്യ, ജോ.. എല്ലാവർക്കും സ്വാഗതവും നന്ദിയും അറിയിക്കട്ടെ. തുടർന്നും വരുമല്ലോ.
ശ്രീക്ക് നന്ദി. പ്രോത്സാഹനത്തിന് പ്രത്യേകിച്ചും.
മിനി ടീച്ചറെ കണ്ടതിൽ വലിയ ആഹ്ലാദമുണ്ട്. സ്വാഗതവും നന്ദിയും പറഞ്ഞു കൊള്ളുന്നു. തുടർന്നും വായിക്കുമെന്ന് കരുതട്ടെ.
വേഡ് വെരിഫിക്കേഷൻ ഒരു സുരക്ഷിതത്വ സഹായി മാത്രമാണ് ടീച്ചർ.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.......

Sathidevi said...

kathayum anubhavavum thammil bhedhamillavunnu ivide. Athu thanne valiya vijayam..

Echmu Kutty said...

സതീദേവിയ്ക്ക് നന്ദി പറയട്ടെ.

ajith said...

ഏതാണീ കുട്ടി?

ente lokam said...

'നല്ലത്' പറഞ്ഞു കേള്‍ക്കുന്ന അച്ചമ്മമാരും 'നല്ലത്' കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന മുതിര്‍ന്നവരും.പാവം കുട്ടികള്‍ പലപ്പഴും അവര്‍ അറിയാതെ 'ചീത്ത' ആവുന്ന ലോകം...

ആരും അറിയാതെ സ്വയം അറിയാതെ ചീത്ത
ആവുന്ന അമ്മമാര്‍...ഇല്ലാത്തതും ഉള്ളതും ആയ അങ്കിള്‍മാരും ആന്റിമാരും ചേര്‍ന്ന് തകര്‍ക്കുന്ന കുടുംബ ബന്ധങ്ങള്‍..ലോകത്തിന്റെ ഒരു പ്രതീകം എച്ച്മുവിന്റെ കഥയിലൂടെ...

ആശംസകള്‍..