Thursday, July 8, 2010

ഒരു ചോള വിചാരം കൂടി…………………

https://www.facebook.com/echmu.kutty/posts/919298864916075

മണ്ണിഷ്ടികകളുടെ എണ്ണമെടുത്ത് ലോഗ് ബുക്കിലെഴുതുന്ന ജോലി ചെയ്യുന്ന കാലത്താണ് അഭിജീത്തിനെ പരിചയപ്പെട്ടത്.

തുടുത്തു ചുവന്ന സുന്ദരനായ ചെറുപ്പക്കാരൻ എൻജിനീയർ.

മണ്ണ് കുട്ടകളിൽ നിറച്ച്, ഇഷ്ടികയുണ്ടാക്കുന്ന യന്ത്രത്തിനു സമീപത്തായി അളന്നിട്ടിരുന്നത് സ്ത്രീകളായിരുന്നു. സാരി കൊണ്ട് തറ്റുടുക്കുകയും മൂക്കിൽ ഒരു വട്ടക്കുട്ട കമിഴ്ത്തിയതു മാതിരിയുള്ള മൂക്കുത്തി ധരിയ്ക്കുകയും ചെയ്തിരുന്ന കറുത്ത സ്ത്രീകൾ. അവർ പറഞ്ഞിരുന്ന ഗ്രാമ്യമായ ഹിന്ദി എനിക്ക് ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എപ്പോഴും എന്തിനും സംശയം ചോദിച്ചതാവാം അഭിജീത്ത് എന്നെ ശ്രദ്ധിയ്ക്കാൻ കാരണം.

ഞങ്ങൾ വളരെ വേഗം സുഹൃത്തുക്കളായി.

കേരളം കാണുവാൻ അഭിജീത്തിന് വലിയ ആഗ്രഹമായിരുന്നു. എപ്പോഴും കടലിനെക്കുറിച്ച് സംസാരിയ്ക്കുവാൻ അയാൾ ഇഷ്ടപ്പെട്ടു. ഉത്തരേന്ത്യയിൽ ജനിച്ച് വളർന്നവൻ കടൽ കണ്ടിട്ടുണ്ടായിരുന്നില്ല.

ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ ശ്രുതി മധുരമായി ഹിന്ദി ഗാനങ്ങൾ ആലപിയ്ക്കുന്നത് അയാളുടെ പതിവായിരുന്നു.

വൻ നഗരങ്ങൾക്ക് അങ്ങനെയൊരു സൌകര്യമുണ്ട്. പാടാം, ചിരിയ്ക്കാം, പൊട്ടിക്കരയാം………… ഒരാളും തിരിഞ്ഞു നിന്ന് എന്തു പറ്റി എന്ന് ചോദിയ്ക്കില്ല. മനുഷ്യർ ഒരു മഹാസമുദ്രമായി ഒഴുകി നീങ്ങുമ്പോഴും ഓരോരുത്തരും അങ്ങേയറ്റം ഏകാകികളായായിരിയ്ക്കും.

ശനിയാഴ്ച ഉച്ചയ്ക്ക്, ക്യാന്റീനിൽ നിന്ന് രുചിയില്ലാത്ത ഭക്ഷണം നുള്ളിത്തിന്നുമ്പോൾ അഭിജീത്ത് എന്നെ ക്ഷണിച്ചു.

‘നാളെ ലഞ്ച് കഴിയ്ക്കുന്നത് എന്റെ വീട്ടിലാകാം. മാജി നല്ല സർസോം കാ സാഗും മക്കയ് കി റോട്ടിയും സൽക്കരിയ്ക്കും.‘

അങ്ങനെയാണ് ഞായറാഴ്ച രാവിലെ ഒരു പതിനൊന്നു മണിയോടെ ഞാൻ അഭിജീത്തിന്റെ വീട്ടിലെത്തിയത്.

തണുപ്പ് പടിയിറങ്ങാതെ തന്നെ ചൂടിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്ന കാലമായിരുന്നു.

അഭിജീത്തിന്റെ വൃദ്ധരായ മാതാപിതാക്കന്മാർ എന്നെ ഹാർദ്ദമായി സ്വീകരിച്ചു. അവർക്ക് വയസ്സു ചെന്നതിനു ശേഷം ജനിച്ച മകനായിരിയ്ക്കണം അഭിജീത്ത്. അല്ലെങ്കിൽ അറുപതുകളിലെത്തിക്കഴിഞ്ഞിരിയ്ക്കുന്ന അവർക്ക് ഇരുപതുകളിൽ നിൽക്കുന്ന മകനല്ല കൊച്ചുമകനാണുണ്ടാകേണ്ടിയിരുന്നത്.

ജിലേബി കലർത്തിയ ചൂട് പാൽ തന്ന് സ്വാദിന്റെ ഒരു പുതിയ ലോകം അവരെനിക്ക് മുൻപിൽ തുറന്നു.

കടുകിന്റെ തളിരിലകൾ മസാല ചേർത്ത് വരട്ടിയുണ്ടാക്കുന്ന സർസോം കാ സാഗിന്റെ സുഗന്ധം വീടു മുഴുവൻ പരന്നിരുന്നു. അഭിജീത്തിന്റെ അമ്മ എന്റെ മുൻപിൽ വെറും തറയിലിരുന്ന് മക്കയ് കി റോട്ടിയുണ്ടാക്കാൻ ചോളമാവ് നല്ല ബലം പ്രയോഗിച്ച് കുഴച്ചു കൊണ്ടിരുന്നു.

അവർ വാ തോരാതെ സംസാരിച്ചു. എല്ലാമൊന്നും എനിക്ക് മനസ്സിലായില്ല. അപ്പൊഴൊക്കെ ഇംഗ്ലീഷിൽ വിശദീകരിയ്ക്കാനുള്ള സന്മനസ്സ് അച്ഛൻ പ്രദർശിപ്പിച്ചു. അതിൽക്കൂടുതൽ അദ്ദേഹം സംസാരിച്ചതേയില്ല.

അവർ ശരിയ്ക്കും ലാഹോറുകാരാണ്. രാജ്യം വിഭജിയ്ക്കപ്പെട്ടപ്പോൾ ഇങ്ങോട്ട് പോരേണ്ടതായി വന്നു. ഹിന്ദി സിനിമയിലെ പ്രശസ്ത നടൻ രാജേന്ദർ കുമാർ അവരുടെ ഗ്രാമക്കാരനായിരുന്നുവത്രെ.

ബദാമും പിസ്തയും നിക്കറിന്റെ പോക്കറ്റുകളിൽ നിറച്ച് , ഇടയ്ക്കിടെ കൊറിച്ചുകൊണ്ട് വീടിനു മുൻപിലെ പുൽപ്പരപ്പിൽ ഓടിക്കളിച്ചിരുന്ന ബാല്യകാലത്തെക്കുറിച്ച് അവർ അഹ്ലാദത്തോടെ സംസാരിച്ചു. സ്വന്തം വീട്ടിലെ തടിച്ചു കൊഴുത്തിരുന്ന പശുവിനെയും അതിന്റെ കിടാവിനെയും വാത്സല്യത്തോടെ ഓർമ്മിച്ചു. അയൽക്കാരായിരുന്ന മുസ്ലിം കുടുംബം, ഈദിന് നൽകാറുണ്ടായിരുന്ന മധുരമൂറുന്ന സേവിയയെ ധ്യാനിച്ചു. പാലൂറി വരുന്ന മുഴുത്ത മണികളുള്ള ചോളം ചുട്ടു തിന്നാറുണ്ടായിരുന്ന വൈകുന്നേരങ്ങളെ മാറോടണച്ചു.

എന്തൊരു നല്ല കാലമായിരുന്നു അത്!

പെട്ടെന്ന് ഭീദിതമായ ഭൂകമ്പത്തിന്റെ ആഘാതമേല്പിച്ച് എല്ലാം തല കീഴായി മറിഞ്ഞു.

അന്തസ്സോടെ നല്ല നിലയിൽ കഴിഞ്ഞിരുന്ന അവർക്ക് ഇവിടെ വന്ന് നിലക്കടല വിറ്റും പേപ്പർ ബാഗുകൾ ഉണ്ടാക്കി കടകളിൽ കൊടുത്തും, തുണികൾ ചുമന്ന് നടന്ന് വീടുകളിൽ പോയി വിൽപ്പന നടത്തിയും ജീവിയ്ക്കേണ്ടി വന്നു.

ചിന്നിച്ചിതറിപ്പോയ ജീവിതം ഓരോ ഇഞ്ചായി തുന്നിയെടുക്കണമായിരുന്നുവല്ലോ.

മനുഷ്യർ എത്ര വിചിത്ര ജീവികളാണ്! അവർ തന്നെ എല്ലാറ്റിനെയും നിഷ്ക്കരുണം തച്ചുടയ്ക്കുന്നു, തകർത്തെറിയുന്നു. എന്നിട്ട് ശൂന്യതയിൽ നിന്നു പോലും എല്ലാമെല്ലാം നിർമ്മിയ്ക്കുവാൻ വിയർപ്പൊഴുക്കി അദ്ധ്വാനിയ്ക്കുകയും ചെയ്യുന്നു.

ചോളമാവു കുഴച്ച് നനഞ്ഞ ഒരു തുണികൊണ്ട് മൂടിയ ശേഷം അമ്മ എനിക്ക് അവരുടെ പനിനീർപ്പൂന്തോട്ടം കാണിച്ചു തന്നു. അപ്പോഴാണ് ബാൽക്കണിയ്ക്കപ്പുറത്തെ മുറിയിലെ ചുമരിൽ എന്റെ കണ്ണുകളുടക്കിയത്. വെളുത്ത നിറമുള്ള ഭിത്തിയിൽ ഒരു കെടാ വിളക്ക് കത്തിച്ച് വെച്ചിരിയ്ക്കുന്നു!

എനിയ്ക്കൊന്നും മനസ്സിലായില്ല.

ഫോട്ടോയോ വിഗ്രഹമോ ഇല്ലാതെ ആരുടെ മുൻപിലാണ് ഈ വിളക്കെരിയുന്നത്?

പ്രകാശമെന്ന ഈശ്വരനിൽ മാത്രം വിശ്വസിച്ചുകൊണ്ടാകുമോ ഈ ദീപം കത്തിച്ചിരിയ്ക്കുന്നത്?

എന്റെ ആകാംക്ഷ ഒരു ചോദ്യമായപ്പോൾ അഭിജീത്തിന്റെ അമ്മ ദീർഘമായി നിശ്വസിച്ചു. അതൊരു പൊള്ളുന്ന ജ്വാലയായിരുന്നു.

‘പ്രീതമാണത്, ജിത്തുവിന്റെ ബുവാ. ഫോട്ടൊ ഒന്നുമില്ല. എല്ലാം പോയി. ജീവനും കൊണ്ട് ഓടി വന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടു. അവളേയും ………..’

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

‘അവളെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. പൂർണ ഗർഭിണിയായിരുന്നതുകൊണ്ടാവാം എന്നെ വെറുതെ വിട്ടത്. ഭയന്നു വെറുങ്ങലിച്ചു പോയ ഞാൻ, രാത്രി ഒരു മരിച്ച കുഞ്ഞിനെ പ്രസവിച്ചു. ആ ശരീരം ജിത്തുവിന്റെ ദാദിമായ്ക്ക് ഒരു പഴന്തുണിയിൽ പൊതിഞ്ഞ് വണ്ടിയിൽ നിന്ന് പുറത്തേക്കെറിയേണ്ടതായി വന്നു. അവരുടെ ആദ്യത്തെ പൌത്രനെ………

ഞങ്ങൾ ഏറെ കഷ്ടപ്പെട്ട് ഇവിടെയെത്തി. എല്ലാ അഭയാർത്ഥി ക്യാമ്പിലും പോയി, സ്ത്രീകളെ കയറ്റി വന്നിരുന്ന എല്ലാ വണ്ടികളിലും തിരഞ്ഞു. കല്ലിലടിച്ച പൂങ്കുലകൾ പോലെ ഒരുപാട് സ്ത്രീ ശരീരങ്ങൾ, എരിയുന്ന കണ്ണുകളുമായി ഞങ്ങൾ നടന്നു, എവിടെ …….. എവിടെയാണു പ്രീതം? അവളെയും ഈ രൂപത്തിലാകുമോ കണ്ടു കിട്ടുന്നത്?

അതിനിടയിൽ ഒരു ദിവസം, ക്യാമ്പിൽ ആണും പെണ്ണുമായ ആരെല്ലാമോ ഒച്ചവെച്ച് കരയുന്നതിനിടയ്ക്ക്, അർദ്ധബോധത്തിലോ അബോധത്തിലോ കിടന്നിരുന്ന ആ ശരീരം…………

അവളുടെ അമ്മ തൊട്ടപ്പോൾ പ്രീതം നടുങ്ങി, ഞെട്ടിത്തെറിച്ചു. അപ്പോഴും അവൾ മെല്ലെ അരക്കെട്ടുയർത്താൻ ശ്രമിച്ച് കാലുകൾ അകത്തി വിടർത്തിക്കാണിച്ചുകൊണ്ടിരുന്നു…… ……

രണ്ട് മൂന്നു ദിവസത്തിനകം അവൾ മരിച്ചു.

ജിത്തുവിന്റെ ദാദിമാ പിന്നീട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. നീണ്ട മുപ്പതു വർഷം അവർ ഈ നാട്ടിൽ ജീവിച്ചിരുന്നു. ആ കാലമത്രയും …………‘

അംഗഭംഗപ്പെട്ട ഭാഗ്യഹീനമായ ഈ ഭൂമിയുടെ അരക്കെട്ടിൽ നിന്ന് പിന്നെയും പിന്നെയും…… സഹനത്തിന്റെ മറുപുറത്തോളമെത്തുന്ന നിലവിളികൾ ഉയരുന്നു. ആരെല്ലാമോ എവിടെയെല്ലാമോ നുറുങ്ങിയൊടുങ്ങുന്നു, എരിഞ്ഞു ചാമ്പലാകുന്നു.

വെട്ടിയവർക്കും വെട്ടേറ്റവർക്കും, തോൽവി വളരെ നേരത്തെ നിശ്ചയിക്കപ്പെട്ട, ഈ മത്സരത്തിന്റെ അവസാന വൃത്തത്തിൽ ബാക്കിയാകുന്നത്, എരിയുന്ന കനൽ മനങ്ങളും വറ്റാത്ത കണ്ണീർത്തുള്ളികളും ഒരു സമുദ്രത്തിലുമെത്താത്ത രക്തപ്പുഴകളും……………

പ്രകാശം സാക്ഷി.........

51 comments:

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

എച്ചുസ്മി എച്ചുമു. ആ തല മുഴുവനും കഥകളാണോ?

ഇതും കൊള്ളാം!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

തോറ്റിട്ടും തോല്‍ക്കാതെ ബാക്കിയായവര്‍ക്ക് ,,,,

ബിഗു said...

നല്ല ആശയവും അവതരണവും. 1947 വിഭജനം ഇന്നും ഉണങ്ങാത്ത മുറിവാണ്. എന്തായിരുന്നു ഈ ആശയത്തിനു കാരണമായ പ്രചോദനം ?

മാണിക്യം said...

മലയാളി "ദൈവത്തിന്റെ സ്വന്തം നാട്ടില്‍" ആണു ഇന്നു വരെ ജീവിച്ചത് ഈ പറയുന്ന ഒരു വിഷമങ്ങളും അതു വെള്ളപ്പോക്കമോ വരള്‍ച്ചയോ ലഹളയോ യുദ്ധമോ ഒന്നും തന്നെ തലമുറയായി മലയാളി അറിഞ്ഞിട്ടില്ല .. ഇത്തരം ചുട്ടു പൊള്ളുന്ന അനുഭവങ്ങളില്‍ വെന്തമനുഷ്യമനസ്സുകള്‍ തലമുറകഴിഞ്ഞാലും നടുക്കത്തോടെ ഓര്‍ക്കുന്ന അനുഭവങ്ങള്‍ നല്‍കിയ ദിവസങ്ങള്‍ ...
ഒരു നടുക്കത്തോടെ കേട്ടിരിക്കാം മനുഷ്യര്‍ ഇത്രയും ക്രൂരതകണിച്ചോ സഹജീവിയോട് എന്ന് അവിശ്വാസത്തോടെ സ്വയം ചോദിക്കാം...

ലച്ചുമുവിന്റെ കഥ 'ഒരു സമുദ്രത്തിലുമെത്താത്ത രക്തപ്പുഴകളുടെ ലോകം തുറന്നു ...'
അതെ പ്രകാശം സാക്ഷി!.........

ഒഴാക്കന്‍. said...

നല്ല അവതരണം! ജാലകത്തില്‍ ഇട് എല്ലാവരും വായിക്കട്ടെ

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

വിഭജനം,
വെട്ടിയവര്‍ക്കും വെട്ടേററവര്‍ക്കും....

മനുഷ്യർ എത്ര വിചിത്ര ജീവികളാണ്! അവർ തന്നെ എല്ലാറ്റിനെയും നിഷ്ക്കരുണം തച്ചുടയ്ക്കുന്നു, തകർത്തെറിയുന്നു. എന്നിട്ട് ശൂന്യതയിൽ നിന്നു പോലും എല്ലാമെല്ലാം നിർമ്മിയ്ക്കുവാൻ വിയർപ്പൊഴുക്കി അദ്ധ്വാനിയ്ക്കുകയും ചെയ്യുന്നു.

ഇഷ്ടായി.
ഭാവുകങ്ങള്‍.

സിദ്ധീക്ക് തൊഴിയൂര്‍ said...

ഇന്നും ചോര കിനിയുന്ന വിഭജന കാലത്തെ മുറിപ്പാടുകള്‍..നന്നായി എഴുതി എച്ചുമു...

SHAIJU :: ഷൈജു said...

ഇഷ്ടായി.
ഭാവുകങ്ങള്‍.

ആളവന്‍താന്‍ said...

നല്ല ശക്തമായ ഭാഷ. വളരെ നന്നായി. ഇനിയും വരാം.

Sabu M H said...

അതിമനോഹരം..ശക്തമായ അവതരണം. ഭാവുകങ്ങൾ!

Minesh R Menon said...

ആനന്ദിനെ വായിക്കുന്നത് പോലെ തോന്നുന്നു എവിടെയോ ?
ചില മുറിവുകള്‍ പിന്നെയും തൊലി. അടര്‍ന്നു നില്ല്ക്കുന്നു
ആ മുറിവുകളെ കലയുടെ അക്ഷരങ്ങള്‍ പിന്നെയും കൊത്തി വലിക്കുന്നു...

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പാലായനം ചെയ്തവരുടെ കഥനങ്ങൾ....
നന്നായിരിക്കുന്നു കേട്ടൊ എച്ചുക്കുട്ടീ...

ശ്രീ said...

ഞെട്ടിപ്പിയ്ക്കുന്ന കഥ തന്നെ.

ഏതു പുസ്തകത്തിലാണെന്ന് ഓര്‍മ്മയില്ല, ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനകാലത്തെ ഇതിനു സമാനമായ കുറേ സംഭവങ്ങള്‍ വായിച്ചത് ഓര്‍മ്മ വന്നു.

keraladasanunni said...

ഹൃദയസ്പര്‍ശിയായ എഴുത്ത്.

ശ്രീനാഥന്‍ said...

മനസ്സുലയ്ക്കുന്ന കഥ. നന്നായി. ചിലയിടങ്ങളിലെ വാചാലത അൽ‌പ്പം കുറക്കാമായിരുന്നു. സാറാജോസഫിന്റെ ആദ്യ സൃഷ്ടികളിൽ ഈ പ്രശ്നം ഉണ്ടായിരുന്നു, ആത്മാർഥതയുടെ ആവേശമാണ് അതിനു പിന്നിൽ. ടീച്ചറെ പോലെ ക്രാഫ്റ്റ് രാകിരാകി എച്ചു ഒരു മഹാസാഹിത്യകാരിയാകട്ടെ!

രവി said...

..
നന്നായിരിക്കുന്നു, :)
..

Vayady said...

എത്ര ലക്ഷം ജീവിതങ്ങളെയാണ്‌ ഇന്‍ഡ്യാ-പാക് വിഭജനം തകര്‍ത്തെറിഞ്ഞത്? അതില്‍ നിന്നും ഒരെണ്ണം ഹൃദയസ്പര്‍‌ശിയായി ചിത്രീകരിച്ചിരിക്കുന്നു ഈ കഥയില്‍.
എച്ചുവിന്റെ മറ്റുകഥകളില്‍ നിന്നും ഇത് വേറിട്ട് നില്‍ക്കുന്നു. എനിക്കിഷ്ടപ്പെട്ടു.

krishnakumar513 said...

ഹൃദയസ്പര്‍‌ശിയായ അനുഭവം.നന്നായിരിക്കുന്നു.

ബിജിത്‌ :|: Bijith said...

എച്ചുമ്മീ, വയസ്സറിയിച്ചാല്‍ കല്യാണം ആയില്ലേ എന്ന് തിരക്കുന്നവരും, അപ്പൂപ്പന്റെ ഇളയമ്മയുടെ അയല്‍ക്കാരന്റെ കൊച്ചുമോന്റെ വിശേഷം തിരക്കുന്നവരും ഇവിടെ ഈ ബാന്ഗ്ലൂരും ഇല്ല. പഠിക്കുമ്പോള്‍ എല്ലാ ഞായറാഴ്ചയും അമ്മൂമ്മയെ കാണാന്‍ പോകുമായിരുന്നു. നാട് മുഴുവന്‍ അമ്മൂമ്മയുടെ ഫ്രണ്ട്സ ആണ്. ഞാന്‍ ഒരു വീകെണ്ട് പോകാന്‍ വിട്ടു പോയാല്‍ അടുത്ത തവണ ബസ്‌ സ്റ്റോപ്പില്‍ നിന്നും വീട് വരെ നടക്കുന്ന ഇടയില്‍ എല്ലാരും എന്തെ കഴിഞ്ഞ ആഴ്ച വരാഞ്ഞേ അമ്മൂമ്മ അവിടെ കാത്തിരിക്കുന്നു എന്ന് പറയും. അതും ഈ മഹാനഗരത്തിലില്ല

Mukil said...

തീ പൊള്ളുന്നു എച്ച്മു.
അതെ. എച്മു ഒരു മഹാസാഹിത്യകാരിയായിടും.. ഇനിയും വരട്ടെ ഹൃദയത്തിലെ വടുക്കളിൽനിന്നുള്ള ഉറവുകൾ. ഹൃദയം നിറഞ്ഞ ആശംസകളോടെ..സസ്നേഹം.

ഒരു യാത്രികന്‍ said...

എചമു....കാമ്പുള്ള കഥ...കരുത്തുള്ള ആഖ്യാനം....സസ്നേഹം

പൊറാടത്ത് said...

വിഭജനകാലത്തെ, ഭീതിപ്പെടുത്തുന്ന ഒരദ്ധ്യായം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

ആശംസകൾ..

അഭി said...

നല്ല അവതരണം .....ഇഷ്ടമായിട്ടോ
ആശംസകള്‍

ÐIV▲RΣTT▲∩ ദിവാരേട്ടന്‍ said...

നല്ല ഭാഷ. നല്ല ആവിഷ്‌കാരം. ആശംസകള്‍.

ഭാനു കളരിക്കല്‍ said...

oro kalapam kazhiyumpozhum cheenthiyeriyappetunnath sthreekalum kuttikalumanennu OSHO orikkal ezhuthiyath orma varunnu.

echumu bhakshanaththinte swaadil ninnu murivinte vedanayilekku kathaye murichetuththirikkunnu.

eppozhum ennum prasakthamaanee katha.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

Rachel said...

good one

Rachel said...

good one

പഥികന്‍ said...

നന്നായിരിക്കുന്നു. ഉണങ്ങാത്ത മുറിവുകളില്‍ നിന്നും ഇന്നും രക്തം കിനിയുന്നു.എന്നിട്ടും പഠിക്കുന്നില്ല ആരും ഒന്നും.

ആശംസകള്‍....

Abdulkader kodungallur said...

കയ്യില്‍ കിട്ടിയ വിഷയത്തെ ലളിത സുന്ദരമായ ഭാഷയില്‍ നല്ല ശൈലിയില്‍ കൈകാര്യം ചെയ്തു.ഹ്ര്'ദയത്തില്‍ ആര്‍ദ്രതയുള്ളതുകൊണ്ട് എഴുത്തിലും അത് പ്രകടമാകുന്നു.എഴുതുക. ലോകം അറിയപ്പെടുന്ന എഴുത്തുകാരിയാവട്ടെ.

Manoraj said...

ഇന്ത്യാ -പാക്ക് വിഭജനത്തിന്റെ മറ്റൊരു ദുരന്ത ചിത്രം. കല വളരെ മനോഹരമായി തന്നെ അത് പറഞ്ഞു. മാണിക്യം ചേച്ചി പറഞ്ഞപോലെ കേരളീയർ വിഭജനത്തിന്റെയോ അല്ലെങ്കിൽ അഭയാർത്ഥി കാമ്പ്യുകളുടേയോ ദൈന്യതകൾ കണ്ടിട്ടില്ല. അതുകൊണ്ട് നമുക്കിതൊക്കെ അത്ര വലിയ കാര്യമല്ല. മനോഹരമായി കഥ. പക്ഷെ കഥയുടെ പേര് എന്തോ എനിക്ക് കഥയുമായി പൊരുത്തപ്പെട്ട് തോന്നിയില്ല. മറ്റാരും പറയാത്തതിനാൾ എന്റെ കുഴപ്പമാകും

perooran said...

വെട്ടിയവർക്കും വെട്ടേറ്റവർക്കും, തോൽവി വളരെ നേരത്തെ നിശ്ചയിക്കപ്പെട്ട, ഈ മത്സരത്തിന്റെ അവസാന വൃത്തത്തിൽ ബാക്കിയാകുന്നത്, എരിയുന്ന കനൽ മനങ്ങളും വറ്റാത്ത കണ്ണീർത്തുള്ളികളും ഒരു സമുദ്രത്തിലുമെത്താത്ത രക്തപ്പുഴകളും……………

കുമാരന്‍ | kumaran said...

ഞെട്ടിപ്പിക്കുന്ന കഥ.

Anonymous said...

കൊള്ളാം. നന്നായിട്ടുണ്ട്.
ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.
അനിത.
JunctionKerala.com

Naushu said...

ഹൃദയസ്പര്‍ശിയായ കഥ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

തച്ചുടക്കുന്നവരും തകർത്തെറിയുന്നവരും ഈ വേദകകളെ അറിഞ്ഞിരുന്നെങ്കിൽ

ഇതേ രീതിയിൽ ഉള്ള കഥ മുന്നെ വായിച്ചിട്ടുണ്ട്. ഇവിടെയും അവതരണം ഭംഗിയായി.

അക്ഷരം said...

വളരെ മനോഹരമായിരിക്കുന്നു , എഴുത്തും കഥയും ...

കൂതറHashimܓ said...

നന്നായി പറഞ്ഞിരിക്കുന്നു
പ്രകൃതിയുടെ ക്രൂരതയും മനുഷ്യന്റെ ക്രൂരതയും കൂടി ലോകത്ത് എത്ര ആളുകളെ സങ്കടത്തിലാക്കിയിരിക്കുന്നു

Echmukutty said...
This comment has been removed by the author.
ഗീത said...

ലോകം പുരോഗമിക്കുന്തോറും മനുഷ്യമനങ്ങള്‍ കാടത്തത്തിലേക്ക്.
എന്തു പറയാന്‍?
എന്നാണിനിയൊരു യുഗപുരുഷന്‍ വരിക എല്ലാമൊന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍...

പ്രണവം രവികുമാര്‍ said...

Good! All the very best!

MyDreams said...

കല്ലിലടിച്ച പൂങ്കുലകൾ പോലെ ഒരുപാട് സ്ത്രീ ശരീരങ്ങൾ, എരിയുന്ന കണ്ണുകളുമായി ഞങ്ങൾ നടന്നു,..............ഈ വരികള്‍ക്ക് ശേഹ്സം ഒരു നെടുവീര്‍പോടെ മാത്രം വായിച്ചു

Echmukutty said...

അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലൊ.

ഉത്തരേന്ത്യയിലെ ജീവിതം പല രീതിയിലും കഠിനമാണ്.കാലാവസ്ഥ, ദാരിദ്ര്യം, വർഗ്ഗീയത, ഭീതിദമായ മുൻ വിധികൾ, വിദ്യാഭ്യാസമില്ലായ്മ........അങ്ങനെ ഒരുപാട് കാരണങ്ങൾ അതിനു പുറകിലുണ്ട്.

ബംഗാൾ വിഭജനവും പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും രൂപീകരണത്തിന്റെ ഫലമായുണ്ടായ പലായനവും ഒക്കെ ഉത്തരേന്ത്യയിലെ ഒരിയ്ക്കലും ഉണങ്ങാത്ത മുറിവുകളാണ്. തല കീഴായിപ്പോയ ഒരു ജീവിത വ്യവസ്ഥയെ തിരിച്ചു പിടിയ്ക്കാൻ വെമ്പുന്ന പാവപ്പെട്ടവർ അതീവ ദയനീയമായ സത്യവും.

പ്രതിഭാധനരായ ഒട്ടനവധി എഴുത്തുകാർ തങ്ങളുടെ രചനകളിലൂടെ ഈ വേദനകളെ ആവിഷ്ക്കരിച്ചിട്ടുണ്ട്. അവയെല്ലാം എന്നും ഈ ലോകത്തിലെ എല്ലാത്തരം വേർതിരിവുകൾക്കുമെതിരായി നില കൊള്ളുവാൻ നമ്മെ പ്രചോദിപ്പിയ്ക്കുകയും ചെയ്യും.

ചോള വിചാരം ഒരു കഥയല്ല,എന്നും തുടരുന്ന നിലവിളിയാണ്. ആ നിലവിളിയ്ക്ക് കാല ദേശ ഭാഷാ വൈജാത്യങ്ങളില്ല. ഈ മനുഷ്യരെല്ലാം ഈ ഭൂമിയിൽ ജീവിച്ചിരിയ്ക്കുന്നു.

എന്നും തോൽക്കുവാൻ.........

നന്ദകുമാര്‍ said...

കഥയാവട്ടെ ജീവിതമാകട്ടെ, വല്ലാത്തൊരു ഉള്‍ക്കിടിലം വായിച്ചു തീര്‍ന്നപ്പോള്‍, നെഞ്ച് പൊള്ളുന്ന ചൂടുള്ള വരികള്‍!!

Echmukutty said...

നന്ദകുമാറിനു സ്വഗതം, നന്ദി.
ഇനിയും വരുമല്ലോ.

എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരിയ്ക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട്....

jayarajmurukkumpuzha said...

thottittum tholkkaathe baakkiyayavarkku.......

jayarajmurukkumpuzha said...

thottittum tholkkaathe baakkiyayavarkku.......

Ajay said...

Just a few words in appreciation wont suffice here, I read only two or three of your stories, and what I find in common is the emotional touch intwined into the heart of each story, which makes them really outstanding
congratulations, keep penning
ajay menon

Venugopal G said...

"അവളുടെ അമ്മ തൊട്ടപ്പോൾ പ്രീതം നടുങ്ങി, ഞെട്ടിത്തെറിച്ചു. അപ്പോഴും അവൾ മെല്ലെ അരക്കെട്ടുയർത്താൻ ശ്രമിച്ച് കാലുകൾ അകത്തി വിടർത്തിക്കാണിച്ചുകൊണ്ടിരുന്നു…… …… "

enthaa ee ezhithiyirikkunnathu?? vayachppol... sahikkunnilla... nenjinajathu aaro vaalukondu vettunnapole...

ente lokam said...

കഥയല്ലിതു ജീവിതം .
മാണിക്യം പറഞ്ഞത് പോലെ
പലപ്പോഴും മലയാളികള്‍
ഭീകരതയുടെ പാല ഭാവങ്ങളും
അനുഭവിക്കാത്തവര്‍ ആണ് ...

യുദ്ധത്തിനു ശേഷം വടക്കേ ഇന്ത്യയിലെ
ഓരോ റെയില്‍വേ സ്റെഷനിലും പൂമാലയും സ്വീകരണവും ഏറ്റു വാങ്ങി വന്ന പട്ടാളകാരന്‍ കേരളത്തില്‍ ഇറങ്ങിയപ്പോള്‍ ആദ്യം കണ്ട
സുഹൃത്ത്‌ തമാശ ചോദിച്ചു .ഓ നീ മരിക്കാതെ തടി തപ്പിയോ അവിടെ നിന്നു എന്ന് ? .എത്ര ക്രൂരമായ തമാശും അറിവില്ലായ്മയും ..ഒരിക്കല്‍ K.M.റോയ് എഴുതിയത് ആണെന്നാ ഓര്‍മ ...
അത് പോലെ പലതും അറിയാത്ത നമ്മള്‍ എന്തൊക്കെയോ പറയുന്നു.സത്യങ്ങള്‍ കണ്ടു വിറങ്ങലിച്ചു നില്‍കുന്ന മനസ്സുകളോട്
സംവദിക്കാന്‍ അനുഭവങ്ങള്‍ ഉള്ളവര്‍ക്കെ കഴിയൂ.അല്ലാത്തവര്‍ക്ക് എല്ലാം വെറും വാര്‍ത്ത മാത്രം. ഈ എഴുത്ത് അനുഭവത്തിന്റെ സാക്ഷ്യം
ആണ്.അത് കൊണ്ടു തന്നെ അതിനു തീവ്രത കൂടും... മനസ്സില്‍ കാര മുള്ള് കൊണ്ടു എന്ന പോലെ വരയും...