Monday, November 15, 2010

ഫെലുദാ, ഷെർലക് പിന്നെ കാഫ്ക

ഇങ്ങനെ ചുവരിൽ നിറയെ എഴുതി വെച്ചിരിയ്ക്കണതെന്തിനാ എന്നാണോ?
കഥ പറയാനാ.

ഫെലുദാ
(കഥാകാലം പത്തു മുതൽ പതിമൂന്നു വയസ്സു വരെ)
അതെ, അദ്ദേഹമാണ് പ്രദോഷ് സി മിത്തർ. പ്രൈവറ്റ് ഡിറ്റക്ടീവ്………. ഫെലു മിത്തർ എന്ന് വിളിപ്പേരുള്ള, കുട്ടിയുടെ സ്വന്തം ഫെലുദാ - എന്നു വെച്ചാൽ ഫെലുച്ചേട്ടൻ.
കുട്ടിയ്ക്കേതാണ്ട് പത്തു വയസ്സുള്ളപ്പോഴാണ് ഫെലുദായുടെ ചിത്രം ആദ്യമായി കാണുന്നത്.
ഫെലുദാ ചിത്രത്തിൽ നിന്നും നേരെ കേറിയിരുന്നത് കുട്ടിയുടെ മനസ്സിലാണ്.
കുട്ടി വിചാരിച്ചു.
എന്റെ ഫെലുദാ.
ഫെലുദായുടെ ബുദ്ധിശക്തി, നിരീക്ഷണ പാടവം, നിർഭയത്വം, ഏതു വിഷയത്തെക്കുറിച്ചും സംസാരിയ്ക്കുവാനുള്ള കഴിവ്, ഗ്രീക്ക് ഭാഷയിലുള്ള ജ്ഞാനം, വറുത്ത മത്സ്യം കഴിയ്ക്കുമ്പോഴുള്ള സന്തോഷം, കുറിപ്പുകൾ എഴുതുന്ന നീല പുസ്തകം, …………..
ഇങ്ങനെ ഫെലുദായെക്കുറിച്ച് എല്ലാം കുട്ടി വായിച്ച് മന:പാഠമാക്കിയിരുന്നു.
ഗ്രീക്ക് ഭാഷയിലെ അക്ഷരമാല ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ……….എന്ന ക്രമത്തിൽ ഒമേഗ വരെ എഴുതുവാൻ ഡിക് ഷ്നറി നോക്കി കുട്ടി പരിശീലിച്ചു.
ഹേയ്, ഒട്ടും കള്ളത്തരമല്ല.
ഒരിത്തിരി പോലും ഗമയുമല്ല.
അത്രയ്ക്കും സ്നേഹമായിരുന്നു.
ആ അക്ഷരങ്ങളിൽ സ്വന്തം പേരും ഫെലുദായുടെ പേരും കുട്ടിയ്ക്ക് എഴുതുവാൻ കഴിഞ്ഞിരുന്നു.
നോട്ബുക്കിന് നീല നിറം വരുത്താൻ വേണ്ടി നീലക്കടലാസ്സിട്ട് പൊതിഞ്ഞു, പേജുകളുടെ വശങ്ങളിൽ നീല ക്രയോൺ കൊണ്ട് മുറുക്കി വരച്ചു.
ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മാഷമ്മാരും ടീച്ചർമ്മാരും കുട്ടിയ്ക്ക് പുസ്തകങ്ങൾ വൃത്തിയായും ഭംഗിയായും സൂക്ഷിയ്ക്കാനറിയില്ലെന്ന് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു.
പഠിപ്പിയ്ക്കണവരെല്ലാവരും എന്നും എപ്പോഴും അങ്ങനെയാണല്ലോ.
ബംഗാളികളെ അറിയാനായി കുട്ടി ബംഗാളി കവിതകളും കഥകളും നോവലുകളും തേടിപ്പിടിച്ചു വായിയ്ക്കാനാരംഭിച്ചു.
സ്വർണക്കോട്ടയെന്ന പുസ്തകത്തിലാണ് ഫെലുദായുടെ ചിത്രം കണ്ടത്. അപ്പുറത്തെ വീട്ടിൽ താമസിച്ചിരുന്ന മുരളിച്ചേട്ടനെക്കൊണ്ട് ആ പടം കുട്ടി വലുതാക്കി വരപ്പിച്ചു.
ഒരുപാട് അപേക്ഷിയ്ക്കേണ്ടി വന്നു അതിന്.
നന്നായി വരയ്ക്കുന്ന, പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരുഗ്ര പ്രതാപശാലിയല്ലേ ചേട്ടൻ?
‘നീ ഇപ്പോ പോ, പിന്നെയാവട്ടെ‘
‘കൊറെ പഠിയ്ക്കാനുണ്ട്‘
പലവട്ടം ഓടിച്ച് വിട്ടെങ്കിലും ഒടുവിൽ പടം വരച്ച് കിട്ടി.
കാൽ പായ കടലാസ്സിന്റെ വലുപ്പം മാത്രമേ ആ പടത്തിനുണ്ടായിരുന്നുള്ളൂ.
എങ്കിലും ചേട്ടൻ പറഞ്ഞു.
‘ഇത് ഗംഭീര പടാ. നീയ് സൂക്ഷിച്ച് വെയ്ക്കണം. കൊർച്ച് കാലം കഴിഞ്ഞ് വിറ്റാൽ ഒരുപാട് കാശ് കിട്ടും, ആൾക്കാര് പിലുപിലുന്നനെ വരും പടം വാങ്ങാൻ, ഞാൻ ……പിന്നെ……നിനക്കായതോണ്ട് വെറുതെ തന്നതാ……‘
മിനുത്ത് നേർമ്മയേറിയ പ്ലാസ്റ്റിക് കടലാസ് കൊണ്ട് കുട്ടി, പടം പൊതിഞ്ഞ് ഒരു കാർഡ്ബോർഡിൽ ഒട്ടിച്ചു. അതിനു ശേഷം എപ്പോഴും പഠനമേശപ്പുറത്ത് ഫെലുദാ കുട്ടിയെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
അച്ഛന്റെ കാർക്കശ്യമേറിയ ശബ്ദമുയരുമ്പോൾ, ക്രീ നിറമുള്ള ചൂരൽ പുളഞ്ഞുകൊണ്ട് അമ്മയുടെ ദേഹം ചുവപ്പിയ്ക്കുമ്പോൾ ഓരോ രാത്രിയിലും പേടിച്ച് കിടുങ്ങി വിങ്ങിവിങ്ങിക്കരഞ്ഞ് കുട്ടി ഫെലുദായെ വിളിച്ചു നോക്കി , പലവട്ടം.
കുട്ടിയുടെ ഫെലുദാ വന്നില്ലൊരിയ്ക്കലും……….

ഷെർലക്
(പതിമൂന്നു വയസ്സു മുതൽ പതിനേഴു വരെ)
ഷെർലക്കിനെ പരിചയപ്പെടുമ്പോൾ പെൺകുട്ടിയ്ക്ക് പതിമൂന്ന് വയസ്സു കഴിഞ്ഞിരുന്നു. ബൊഹീമിയയിലെ രാജാവിനോട് ഐറിൻ ആഡ്ലർ എന്ന ബുദ്ധിമതിയായ കലാകാരിയെക്കുറിച്ച് ഷെർലക് സംസാരിച്ചത് കേട്ട് അവൾ കോരിത്തരിച്ചു.
അതായിരുന്നു തുടക്കം.
രാജാവിന്റെ ഷേക് ഹാൻഡ് പോലും ഒഴിവാക്കി, ഐറിന്റെ ഫോട്ടോ മാത്രം പ്രതിഫലമായി വാങ്ങി മടങ്ങുന്ന അന്തസ്സുള്ള ഷെർലക്കിനെ പെൺകുട്ടി മനസ്സിൽ എന്നേയ്ക്കുമായി കുടി വെയ്ക്കുകയായിരുന്നു.
പിന്നീട് ഡോക്ടർ വാട്സൻ ഷെർലക്കിന്റെ മേശയ്ക്കുള്ളിൽ ഐറിന്റെ ഫോട്ടൊ കണ്ടെത്തുമ്പോൾ ആഹ്ലാദത്താൽ അവൾ ചിരിച്ചു.
ഷെർലക് പെൺകുട്ടിയുടെ സ്വപ്നങ്ങളെ മഴവില്ലാൽ വർണ്ണാഭമാക്കി.
നിരീക്ഷണവും, സമർപ്പണവും കലയാണെന്ന് ഷെർലക് അവളോട് മന്ത്രിച്ചു. നിർഭയത്വത്തെയും സത്യസന്ധതയെയും നിശ്ചയ ദാർഢ്യത്തെയും കുറിച്ച് വാചാലനായി.
ഷെർലക്കിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പുറം ചട്ടയിൽ ഒരു പടമുണ്ടായിരുന്നു. ആ പുസ്തകം  സ്വന്തം മുറിയിൽ സാമാന്യം ഉയരത്തിൽ പ്രതിഷ്ഠിച്ച് എല്ലായ്പോഴും അദ്ദേഹത്തെ അവൾ കണ്ടുപോന്നു.
ഇംഗ്ലീഷ് കവിതകളും കഥകളും നോവലുകളും വശ്യമായ നറുമണത്തോടെയും വന്യമായ ലഹരിയോടെയും അവളെ അഗാധമായ സമുദ്രങ്ങളിലേയ്ക്കും ഉന്നതമായ പർവത ശിഖരങ്ങളിലേയ്ക്കും മാറി മാറി ഊഞ്ഞാലാട്ടി.
മദ്യപനെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനായ അങ്കിൾ വീട്ടിൽ നിത്യ സന്ദർശകനായിരുന്ന കാലം കൂടിയായിരുന്നു അത്.
അങ്കിളിന്റെ അധികാര പരിധിയെക്കുറിച്ച് അവളുടെ അച്ഛൻ എന്നും ആവശ്യത്തിലുമധികം വാചാലനായി.
പെൺകുട്ടിയെ വല്ലാതെ, നോവിയ്ക്കുന്ന അവൾക്കൊരിയ്ക്കലും മനസ്സിലാക്കാനാവാതിരുന്ന ചില വിചിത്രമായ ശീലങ്ങൾ അങ്കിൾ പുലർത്തിയിരുന്നു.
‘നീ ഇബ്ടെ വാ, ചോദിയ്ക്കട്ടെ‘
ലഹരിയിൽ കുഴഞ്ഞ നാവുമായി അയാൾ വിളിച്ചു.
ഇരുട്ടിന്റെ കൂർത്ത നഖങ്ങളും പരുക്കൻ മീശത്തുമ്പും അയാളാണ് പെൺകുട്ടിയ്ക്ക് ആദ്യം കാണിച്ചു കൊടുത്തത്. ഭയം കൊണ്ട് വെറുങ്ങലിച്ചു പോയ അത്തരം രാത്രികളിൽ അവൾ ഷെർലക്കിനെ വിളിച്ച് കരഞ്ഞു.
കാണുവാനും സംസാരിയ്ക്കുവാനും കൂടെ താമസിയ്ക്കുവാനും അവൾ ഉൽക്കടമായി മോഹിച്ച ഒരാളായിരുന്നു ഷെർലക്.
കൊക്കേയിൻ ലഹരിയിൽ മയങ്ങിയതാവാം ഷെർലക് ഒരിയ്ക്കലും ആ കരച്ചിൽ കേട്ടില്ല, കേസ് ഏറ്റെടുത്തതുമില്ല………..

കാഫ്ക
(പതിനേഴു മുതൽ പ്രായപൂർത്തിയാവും വരെ………………….)
കാഫ്ക മൂത്താരെക്കുറിച്ച് ആദ്യം പറഞ്ഞത് വി കെ എൻ ആയിരുന്നു.
നല്ല രസം തോന്നി.
ചങ്കു മൂത്താര്, പപ്പ്നു മൂത്താര്, കാഫ്ക മൂത്താര്……….
മൂത്താര് മിലേനയ്ക്കെഴുതിയ കത്തുകൾ വായിച്ചപ്പോൾ അവൾ കണ്ണീരിൽ കുതിർന്നു. ഈ ലോകത്തിന്റെ ഒരു നിയമവും സ്നേഹത്തിനു ബാധകമല്ല എന്നവൾക്ക് മനസ്സിലായി.
വഴിയറിയാതുഴറേണ്ടുന്ന വിഭ്രാന്തിയുടെ കൊട്ടാരവും ഉച്ചസൂര്യൻ പോലുമുരുകുന്ന വിചാരണയും കാഫ്ക അവൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു.
ക്ഷയരോഗത്തിന്റെ ഇരുണ്ടു ചുവന്ന വർണ്ണപ്പൊട്ടുകളിൽ ആ മിഴികൾ കൂമ്പുന്നത് അവൾ കണ്ടു……
കാഫ്കയുടെ മുഖചിത്രമുള്ള പുസ്തകം തലയിണയിൽ ഒപ്പം വെച്ചാണ് അവൾ ഉറങ്ങുവാൻ കിടന്നിരുന്നത്. പുസ്തകത്തെ പുതപ്പിയ്ക്കുവാനും അവൾ മുതിർന്നു.
രോഷാകുലനായ അവളുടെ ഭർത്താവ് പിന്നീട് കാഫ്കയെ പിച്ചിക്കീറി കത്തിച്ചു കളയുകയായിരുന്നു.
കൈകാലുകൾ അകത്തിപ്പരത്തി കിടക്കുമ്പോഴെല്ലാം പശുവിന്റെ മുഖച്ഛായയും അകിടുമുള്ള ഒരു ഷട്പദത്തെക്കുറിച്ച് അവൾ കാഫ്കയോട് മന്ത്രിച്ചു…………..
അപ്പോഴേയ്ക്കും അവൾക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞിരുന്നു.
പ്രായപൂർത്തിയായ മനുഷ്യർ ഫെലുദയ്ക്കും ഷെർലക്കിനും കാഫ്കയ്ക്കും വേണ്ടി കരയാറില്ല.

79 comments:

Echmukutty said...

‘സന്ദേശ് ‘എന്ന ബംഗാളി മാസികയിൽ കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ഡിറ്റക്ടീവ് കഥകളിലെ നായകനാണ്, ഫെലുദാ. 1965 ലാണ് ആദ്യത്തെ ഫെലുദാ കഥ വരുന്നത്. ഫെലുദായുടെ ബന്ധു കൂടിയായ ആരാധകൻ, പതിന്നാലു വയസ്സുള്ള തപേശിന്റെ വാക്കുകളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. സോണാർ കില (സുവർണ്ണ കോട്ട), ഗാംഗ്ടോക്കിലെ കുഴപ്പം, ഗോലോക് ലോഡ്ജിലെ പ്രശ്നം, ചക്രവർത്തിയുടെ മോതിരം, ജഹാംഗീറിന്റെ സ്വർണ നാണയങ്ങൾ……………അങ്ങനെ ഒത്തിരി കഥകളുണ്ട് ഫെലുദാ എന്ന ഡിറ്റക്ടീവിന്റേതായി. സത്യജിത് റേയായിരുന്നു ഫെലുദാ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ഒപ്പം ഫെലുദായുടെ രേഖാചിത്രവും അദ്ദേഹം തയാറാക്കീട്ടുണ്ട്.

സർ ആർതർ കോനൻ ഡോയിലിന്റെ പ്രസിദ്ധനായ ഡിറ്റക്ടീവ് ഷെർലക് ഹോംസിനെയും സഹായിയായ ഡോ. വാട്സനെയും എല്ലാവർക്കും പരിചയമുണ്ടാവും. 1887 ൽ ‘ഏ സ്റ്റഡി ഇൻ സ്കാർലെറ്റ്‘ എന്ന കഥയിലാണ് ഷെർലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ‘ദ അഡ്വഞ്ചേർസ് ഓഫ് ഷെർലക് ഹോംസ്‘ എന്ന പുസ്തകത്തിലാണ്, ‘ദ സ്കാൻഡൽ ഇൻ ബൊഹീമിയ‘ എന്ന കഥയും ‘ഐറിൻ ആഡ്ലർ‘ എന്ന അതീവ ബുദ്ധിമതിയായ സ്ത്രീ കഥാപാത്രവുമുള്ളത്.

1883 മുതൽ 1924 വരെയായിരുന്നു ഫ്രാൻസ് കാഫ്കയുടെ ജീവിതകാലം. ദ ട്രയൽ, ദ കാസ് ൽ, മെറ്റമോർഫോസിസ് എന്നിവ അതി പ്രശസ്തമായ നോവലുകളാണ്. ചെക് കാഴ്ചപ്പാടിൽ ജർമ്മനും ജർമ്മൻ കാഴ്ചപ്പാടിൽ ജൂതനുമായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലെ വിശ്വസാഹിത്യത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ പ്രമുഖനായിരുന്നു കാഫ്ക. സ്വന്തം അച്ഛന്റെ സർവാധിപത്യ പ്രവണതകളും മകന്റെ വ്യക്തിത്വത്തെ അടിച്ചമർത്തുന്ന പെരുമാറ്റ രീതികളും കാഫ്കയിൽ കഠിനമായ വിഷാദവും ഉൾവലിയലുമുളവാക്കിയിട്ടുണ്ട്. അധികാരവ്യവസ്ഥയുടെ ഭയാനകവും കൊടും ക്രൂരവുമായ സംഹാരശക്തിയെക്കുറിച്ച് കാഫ്ക കൃത്യമായ ബോധ്യങ്ങൾ പുലർത്തിയിരുന്നു.

ഒരുപാട് വേദനകൾ വിഴുങ്ങേണ്ടി വന്ന ഒരു പെൺജന്മം ഇവരിലെല്ലാം അടയാളപ്പെട്ടതിങ്ങനെ…………………..

ശ്രീ said...

ചിലപ്പോഴൊക്കെ പ്രായപൂര്‍ത്തിയായ ഒരാളാകേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുന്നു...

പിന്നെ, ഹോംസ് അന്നും ഇന്നും എന്റെ ഫേവറിറ്റ് തന്നെ :)

വയ്സ്രേലി said...
This comment has been removed by the author.
വയ്സ്രേലി said...

അടിപൊളി എച്മു! നന്നായി എഴുതിയിരിക്കുന്നൂ.

Unknown said...

എന്തോ എവിടെയോ..!

ഫെലൂദയെപ്പറ്റിയറിഞ്ഞതില്‍ നന്ദി, സത്യജിത് റേ ആണ് പിതാവെന്നറിഞ്ഞതില്‍ സന്തോഷവും!

Manoraj said...

എച്മു,

ഷെര്‍ലക്കിനെ ഒട്ടേറെ വായിച്ചിട്ടുണ്ട്. കാഫ്കയെ ഒരിക്കലോ മറ്റോ. പക്ഷെ അത് ഏതെന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. കാരണം അന്ന് ചെറുപ്രായത്തില്‍ അത്ര മനസ്സിരുത്തിയുള്ള ഒരു വായനയല്ലായിരുന്നു അത്. ഫെലൂദയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും അത് സത്യജിത്ത് റേയുടേതാണെന്നത് പുതിയ അറിവാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ലാതെ ഇഷ്ട്ടം തോന്നി ഈ എഴുത്തിനോടാണ് കേട്ടൊ.
പ്രായപൂർത്തിയായ ശേഷം ,ലണ്ടനിൽ വന്ന് ബേക്കേഴ്സ് സ്ട്രീറ്റിൽ അതുപോലൊരു കുട്ടി അവന്റെ ഇഷ്ട്ടനായകന്റെ പ്രതിമകണ്ട് മിഴിച്ച് വാ..പൊളിച്ചു നിന്നു...!!

പല വീരനായകന്മാരും ആവാൻ കൊതിച്ച കുട്ടികൾ...
അനുഭവിച്ച പീഡനങ്ങൾക്കെല്ലാം നായകനായി വന്ന് പ്രതികാരം ചെയ്യും എന്നു ശപഥം ചെയ്തവർ...
അവരും വലുതായി...പ്രായപൂർത്തിയായി...വില്ലൻ വേഷങ്ങളിൽ പോയൊളീച്ചു...


അവരുടെ കുട്ടികളും ഇങ്ങനെയൊക്കെ തന്നെ കരുതുന്നുണ്ടായിരിക്കും അല്ലേ....!

ചാണ്ടിച്ചൻ said...

എനിക്കൊന്നും മനസ്സിലായില്ല കേട്ടോ എച്ച്മൂ...ഞാനിതൊന്നും വായിച്ചിട്ടില്ല...നമ്മള് പഴയ മനോരമ, മംഗളം, മേള തുടങ്ങിയവയൊക്കെ വായിച്ചാ ഇത്രടം എത്തിയത്...അത് കൊണ്ട് ഗൌരവമായ ഒരു വിഷയത്തില്‍ ഒരു മണ്ടന്‍ അഭിപ്രായം പറയേണ്ടെന്ന് വെക്കുന്നു....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആശയവും അത് പ്രകാശിപ്പിക്കാന്‍ ഉപയോഗിച്ച അക്ഷരക്കൂട്ടങ്ങളും ഏറെ നന്നായിരിക്കുന്നു. ഒറ്റ വാക്കില്‍ "ഉഷാര്‍"

ente lokam said...

ഫെലുദയെ പരിചയപ്പെട്ടു.മറ്റ് രണ്ടു പേരെയും
വഴിക്ക് വെച്ചു കണ്ടിട്ടുണ്ട്.നന്ദി.
അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക് ഒരിക്കല്‍ കൂടി
എത്തി നോക്കി ചുരുണ്ട് കൂടി അവിടെ തന്നെ കിടക്കാന്‍
കഴിഞ്ഞെങ്കില്‍???ഓരോ കാലഘട്ടവും പുതിയ വേദനകള്‍
അല്ലെ നമുക്ക് സമ്മാനിക്കുന്നത്?അതിനെ തരണം ചെയ്യാന്‍
പ്രായം ഒരു മറ പഠിക്കുന്നു എന്ന് മാത്രം.ഛെ കരയാതെ നീ
വലുത് ആയില്ലേ?വലുത് ആകണ്ടായിരുന്നു..ആശംസകള്‍..

Rare Rose said...

മേല്‍പ്പറഞ്ഞ മൂന്നു പേരേക്കാളും,അവരെ രക്ഷകനായിക്കണ്ട് കാത്തിരുന്ന ആ പെണ്‍കുട്ടിയുടെ ലോകം എന്നെ വല്ലാതെ സ്പര്‍ശിച്ചു.ഈ കഥയും ഇഷ്ടായി എന്നെപ്പോഴും ഓരേ വാക്ക് തന്നെ പറയുന്നത് മുഷിച്ചിലാവുകയേ ഉള്ളൂ.പക്ഷേ വേറെന്താണു പറയുക..

ഹംസ said...

ചാണ്ടി പറഞ്ഞതാ എന്‍റെയും അവസ്ഥ ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ചിട്ടുണ്ട് നല്ല ഇഷ്ടവുമാണ് ആ കഥകള്‍ ... മറ്റു രണ്ടും ഇല്ല.
ഈ കഥ വായിച്ചു കഴിഞ്ഞു ആദ്യ കമന്‍റ് കണ്ടതോടെ ഒരു ഏകദേശ രൂപം പിടികിട്ടി.

കഥ നന്നായിരിക്കുന്നു എന്ന് മുകളില്‍ ആരൊക്കയോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അങ്ങനതന്നെ വിശ്വസിക്കുന്നു..

------------------------------------
ബലി പെരുന്നാള്‍ ആശംസകള്‍ :)

മാണിക്യം said...

പ്രൈവറ്റ് ഡിറ്റക്ടീവ്കളെ ആരാധനയൊടെ മനസ്സിലൊളിപ്പിച്ച ഒരു കാലമുണ്ടായിരുന്നു, ഇന്നും "ഹൗണ്ട് ഓഫ് ബാസ്കര്‍വില്ല്സ്" ഓര്‍ത്തു.. ഷെര്‍ലോക് ഹോമ്സിന് ഒരിക്കല്‍ കത്തു പോലുമെഴുതി, മറുപടിക്കായി കാത്തിരുന്നു.. ഷെര്‍ലോക് ഹോമ്സ് ഒരു കഥാപാത്രമാണെന്ന് സമ്മതിക്കാന്‍ ഏറെ മുതിര്‍ന്നിട്ടും കഴിഞ്ഞിരുന്നില്ല.

"ഫെലുദാ, ഷെർലക് പിന്നെ കാഫ്ക"എചുമുവിന്റെ മറ്റൊരു നല്ല രചന!!

ശ്രീനാഥന്‍ said...

ഫെലുദയെ എനിക്കറിയില്ല,ഷെർലക് ബുദ്ധികൾ ഒരുകാലത്ത് ഹരമായിരുന്നു, ഡിക്റ്ററ്റീവാകണമെന്ന എല്ലാ ആൺകുട്ടികളേയും പോലെ കുട്ടിക്കാലത്ത് ഞാൻ ആഗ്രഹിച്ചിരുന്നു, കഫ്ക മനസ്സിന്റെ മഹാവ്യാധിയായിരുന്ന ഒരു കാലവുമുണ്ടായിരുന്നു. ഒരു പെണ്ണിലിവർ എന്ത് സ്വാധീനമാണ് ചെലുത്തുക എന്ന് ഇപ്പോഴാണ്, ഈ കഥ വായിച്ചപ്പോഴാണ്, എച്ചുമു എനിക്ക് മനസ്സിലായത്, ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലേയും ദുരിതാനുഭവങ്ങൾക്ക് സാക്ഷിയായി കഥാകാരന്മാരും കഥാപാത്രങ്ങളും സ്വർഗ്ഗത്തു നിന്ന് നിസ്സഹായരായി നോക്കുന്ന പോലെ. ഒരു സാഹിത്യത്തിനും സർഗ്ഗശക്തിക്കും മറികടക്കാനാവാത്തതാണ് സ്ത്രീയുടെ അനുഭവങ്ങൾ പലപ്പോഴും, എങ്കിലും അക്ഷരത്തിലെ അഗ്നിയിൽ തന്നെയല്ലേ പ്രതീക്ഷയർപ്പിക്കാനാവുന്നത്? പിന്നെ കഫ്ക മൂത്താരെ ലോകം മറക്കുമോ എന്ന് പാചകക്കാരൻ പയ്യനോട് ചോദിച്ച പോലെ..എച്ചുംകുട്ടിയെ ലോകം മറക്കുമോ എന്ന് ചോദിക്കാനിടവരട്ടേ! ഈ മൌലികതയുള്ള അടയാളപ്പെടുത്തലിലെ ആഹ്ലാദത്തിൽ ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതൊന്നും അറിയാന്‍ വയ്യാതായത്‌ എത്ര ഭഗ്യം
എനിക്കു പ്രത്യേകിച്ചൊന്നും മനസ്സിലായില്ല :(

ഒന്നു മാത്രം മനസ്സിലായി എപ്പോഴും കുഞ്ഞായിരുന്നെങ്കില്‍ രസമായിരുന്നു

Vayady said...

സുരക്ഷിതത്വത്തിനു വേണ്ടിയുള്ള ഒരു പെണ്‍കുട്ടിയുടെ അന്വേഷണത്തിലൂടെ മൂന്നു കഥാകാരന്മാരെ പരിചയപ്പെടുത്തിയ ഈ രചന എനിക്ക് വളരെ ഇഷ്ടമായി.

കൊച്ചു കൊച്ചീച്ചി said...

എനിക്കും ഒന്നും മനസ്സിലായില്ലായിരുന്നു.

ബിലാത്തിയണ്ണന്റെ കമെന്റ് വായിച്ചപ്പോള്‍ മൂന്നാലിടത്തു ബള്‍ബ് കത്തി. എച്മു പറയാന്‍ ഉദ്ദേശിച്ചതെന്ത് എന്നതിനെപ്പറ്റി ഒരു ഊഹവും കിട്ടി.

അപ്പൊ നന്നായി.

Anees Hassan said...

Terrific metamorphosis

sreee said...

എനിക്കീ കഥ നന്നായി ഇഷ്ടപ്പെട്ടു . പാവം പെണ്‍കുട്ടികള്‍ .

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എനിക്കും ഇവരെ കുറിച്ചു വലിയ അറിവൊന്നും ഇല്ലായിരുന്നു.ഇതു വരെ അവരുടെ ബുക്കുകള്‍
വായിച്ചിട്ടില്ല..അതു കൊണ്ട് തന്നെ ഈ വിവരണം നന്നായി...

the man to walk with said...

വളരെ ഇഷ്ടമായി ..കാലങ്ങള്‍ മാറ്റി വരയ്ക്കുന്ന ഒരിക്കലും കടന്നു വരാത്ത രക്ഷകരുടെ കഥ ..കാത്തിരിപ്പിന്റെയും
ആശംസകള്‍

ആത്മ/പിയ said...

ഞാനും വായിച്ചു ട്ടൊ! :)
എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്..
മറുപടി ഒന്നും എഴുതാന്‍ ശക്തി വരാത്തതുകൊണ്ട് മിണ്ടാതെ പോകുന്നതാണു ട്ടൊ,

ലച്ചുവിന്റെ ലോകത്തില്‍ വന്നാല്‍ പല അറിവുകളും കിട്ടും..
കഥ എങ്ങിനെ എഴുതണം എന്നൊക്കെയുള്ള ഒരു ഐഡിയ കിട്ടും, അങ്ങിനെ പലതും ഉണ്ട് പഠിച്ചെടുക്കാന്‍..!


ഓരോ പോസ്റ്റുകളും ആരാധനയോടെ വായിക്കുന്നുണ്ട്..

അഭിനന്ദനങ്ങള്‍...!

yousufpa said...

വായനയുടെ സ്വാധീനം നന്നേ പ്രതിഫലിക്കുന്ന ഈ കഥയ്ക്ക് പത്തരമാറ്റ് തിളക്കം.അസൂയയോടെ,യൂസുഫ്പ.

പ്രയാണ്‍ said...

ഫെലുച്ചേട്ടനെ പരിചയപ്പെടുത്തിയതിന്നു നന്ദി.........ഇങ്ങിനെയുള്ള ഫാന്റസികളിലൂടെ മാത്രം വളര്‍ന്നതുകൊണ്ട് പത്തുവയസ്സുകാരിയേയും പതിമൂന്നു വയസ്സുകാരിയേയും പതിനേഴുവയസ്സുകാരിയേയും മനസ്സിലാക്കാന്‍ ഒരു വിഷമവുമുണ്ടായില്ല. എച്മൂന്റെ ഫാന്റസി വളര്‍ന്ന് വളര്‍ന്ന് അതിന്റെ കൂടെ ഞങ്ങളുടെ ലോകവും പുതുമകള്‍ തേടട്ടെയെന്ന് ആശംസിക്കുന്നു.

ഉപാസന || Upasana said...

വായന ഉല്‍സവമാക്കുക
:-)

ഉപാസന

Off: ഷെര്‍ലക്കിനോളമില്ലെങ്കിലും ഡിറ്റക്ടീവ് വില്‍സന്‍ മോശമാണോ ? ;-))

ഒരു യാത്രികന്‍ said...

എച്മു വ്യത്യസ്തമായ രചനാശൈലി, അത് തന്നെയാണ് എനിക്കെന്നും എച്ച്മുവിന്റെ കഥകളില്‍ ഇഷ്ടം.വളരെ നന്നായി.......സസ്നേഹം

jayanEvoor said...

മനോഹരമായ എഴുത്ത്!

കൂടുതലാളുകൾക്കും ഒന്നും മനസ്സിലായില്ല എന്നു പറയുന്നു...

“ഇരുട്ടിന്റെ കൂർത്ത നഖങ്ങളും പരുക്കൻ മീശത്തുമ്പും അയാളാണ് പെൺകുട്ടിയ്ക്ക് ആദ്യം കാണിച്ചു കൊടുത്തത്. ”

എന്ന വാചകം കാണാതെ പോകാനും കഴിയുന്നില്ല!

(എഴുതിയാൾക്കു മാത്രമല്ല കുഴപ്പം എനിക്കുമുണ്ടെന്നു തോന്നുന്നു!)

Echmukutty said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

വായനയുടെ പുതിയ മാനങ്ങള്‍ നല്‍കുന്ന എച്മുവിന്റെ കഥകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌...
അഭിനന്ദനങ്ങള്‍.

ramanika said...

എപ്പോഴും കുഞ്ഞായിരുന്നെങ്കില്‍ രസമായിരുന്നു
ഈ ലോകവും അതിലെ ആളുകളും ഒരു കൊച്ചു കുട്ടിയോട് എന്നപ്പോലെ പെരുമാറിയിരുന്നെങ്കില്‍ ....
ഷെര്‍ലക്, പെരിമൈസന്‍ എല്ലാം ഇന്നും പ്രിയപ്പെട്ടതാണ് ....

Sabu Hariharan said...

പുതിയ ഒരു ശൈലി ആണല്ലോ. കൊള്ളാം.
കാഫ്കയുടെത്‌ കുറച്ച്‌ കൂടി പ്രായമായപ്പോഴാണ്‌ വായിച്ചത്‌.

ഫെലുദാ - സത്യജിത്‌ റായുടെ ഒരു സിനിമ വഴി പരിചയമുണ്ട്‌. പക്ഷെ കൂടുതൽ ഒന്നും വായിക്കുവാൻ കഴിഞ്ഞിട്ടില്ല..

ഒരു കാര്യം ശ്രദ്ധിച്ചു..
എന്താണിത്ര പുരുഷ വിദ്വേഷം ?
child abuse, പുരുഷ പീഡനം പല പ്രാവശ്യം വായിച്ചതു പോലെ തോന്നി..(അതോ എനിക്കു മാത്രമാണോ തോന്നിയത്‌?)

സ്ത്രീകളിലും പുരുഷന്മാരിലും നല്ലവരില്ലേ?

ആശംശകൾ.

രമേശ്‌ അരൂര്‍ said...

ജീവിത യാത്രകളില്‍ ഏതെല്ലാമോ നാല്‍ക്കവലകളില്‍ വച്ച് വഴിപിരിഞ്ഞു പോയ കൂട്ടുകാര്‍ ..ഫെലൂദയും..ഷേര്‍ലക്കും,കാഫ്കയും ..വീണ്ടും ഈ നാല്‍ക്കവലയില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ചു കൂടിയ സന്തോഷം ..എച്ച്മുവിന്റെ പരീക്ഷണാത്മക രചന ഒന്നാം തരമായി...

Unknown said...

നന്നായിട്ട് വായിക്കുന്നുണ്ട് അല്ലേ? വളരെ നല്ല കാര്യം. വായന വലിയ സമ്പത്താണ് ‌പക്ഷെ, പലര്‍ക്കും അതിനു കഴിയാറില്ല, ഒരു പക്ഷെ, വായിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. എന്റെ ചെറുപ്പത്തില്‍, ദുര്ഗാപ്രസാദ് ഖത്രി, ഗുല്‍ഷന്‍ നന്ദ, രാനൂ, പ്യാരേ ലാല്‍ തുടങ്ങിയവരെയൊക്കെ ഞാന്‍ ആരാധിച്ചിരുന്നു. എന്നാലും, ഈ പുതിയ കക്ഷികളെ (എനിക്ക്) പരിചയപ്പെടുത്തിയതിനു നന്ദി.ഒരു പക്ഷെ, കേരളത്തിലെത് പോലെയോ, അതില്‍ കൂടുതലോ സര്‍ഗാത്മകമായ കഴിവുള്ളവര്‍ ബംഗാളിലുണ്ട്

A said...

Last week, when I visited one of my friend's home a bit away from my home-place, I happened to meet this lovely five year old boy. His hero is the comic book character Ben 10. He eats, plays, sleeps and dreams Ben 10. He has complete faith in Ben 10 and he knows it’s the ultimate truth about the universe. One day he too will outgrow his innocence and become baffled to face the real world

I know of those uncles you talk about. Child abuse is a kind of sexual perversity practiced by many Malayalee males. Malayalees are hypocrites whose "moral values" always advise them to suppress their sexual instincts and they pretend they are acting accordingly.

It's a result of this suppression that we become real perverts and innocent kids know nothing. They are fated to suffer their childhood and grow up to fill the ranks of perverts.

You wrote well, call it post modern or whatever, it reveals the ugly side of us and remains relevant till we become human beings.

Unknown said...

നന്നായിട്ട് വായിക്കുന്നുണ്ട് അല്ലേ? വളരെ നല്ല കാര്യം. വായന വലിയ സമ്പത്താണ് ‌പക്ഷെ, പലര്‍ക്കും അതിനു കഴിയാറില്ല, ഒരു പക്ഷെ, വായിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. എന്റെ ചെറുപ്പത്തില്‍, ദുര്ഗാപ്രസാദ് ഖത്രി, ഗുല്‍ഷന്‍ നന്ദ, രാനൂ, പ്യാരേ ലാല്‍ തുടങ്ങിയവരെയൊക്കെ ഞാന്‍ ആരാധിച്ചിരുന്നു. എന്നാലും, ഈ പുതിയ കക്ഷികളെ (എനിക്ക്) പരിചയപ്പെടുത്തിയതിനു നന്ദി.ഒരു പക്ഷെ, കേരളത്തിലെത് പോലെയോ, അതില്‍ കൂടുതലോ സര്‍ഗാത്മകമായ കഴിവുള്ളവര്‍ ബംഗാളിലുണ്ട്

Bijith :|: ബിജിത്‌ said...

ഏതെങ്കിലും ഒരു കഥാപാത്രം നമ്മുടെ രക്ഷകരായി അല്ലെങ്കില്‍ കൂട്ടുകാരായി കരുതുന്നത് പ്രായപൂര്‍തിക്ക് മുന്നേ മാത്രം അല്ലല്ലോ. മാധവിക്കുട്ടിക്ക് കൃഷ്ണന്‍ എന്നും കൂട്ടായിരുന്നു, സുരയ്യ ആയതിനു ശേഷവും...

പല കാലത്തില്‍ പല രക്ഷകരെ കണ്ടെത്തുന്ന പെണ്‍കുട്ടിയെ നന്നായി പറഞ്ഞു... പശു മുഖം അവള്‍ കണ്ടെത്തുന്നതും. ഇച്ചിരി കൂടെ വിശദമായി ഓരോരുത്തരെ പിന്നെ എപ്പോഴെങ്കിലും പരിചയപ്പെടുത്തണം കേട്ടോ

ഒന്നു സന്തോഷിക്കാനുള്ള വകയൊന്നും തരാന്‍ പ്ലാന്‍ ഇല്ലേ എച്ചുമൂ...

രാജേഷ്‌ ചിത്തിര said...

നല്ല ക്രാഫ്റ്റ്.

എഴുത്തിന്റെ പുതിയ സങ്കലനം നന്നായി.

തുടരൂ..

ഒഴാക്കന്‍. said...

ഹോംസിക്ക എന്റെ പ്രീയ നായകന്‍ ആണ്!

ഭാനു കളരിക്കല്‍ said...

ആവേശത്തോടെ സ്വപ്‌നങ്ങള്‍ കാണുന്ന ഒരു കാലം തന്നെ ആണ് കുട്ടിക്കാലം.
അന്ന് കഥാപാത്രങ്ങള്‍ നമ്മളില്‍ ജീവിക്കും. കഥ ഒരു പുതിയ തലം സൃഷ്ടിച്ചിരിക്കുന്നു.

Sulfikar Manalvayal said...

ഷെര്‍ലക് ഒഴിച്ച് മറ്റു രണ്ടു പേരും എനിക്കും അജ്ഞാതരാണ്‌.
അത്ര സീരിയസ് ആയി വായിക്കാറില്ലായിരുന്നു. ഹോംസ് പിന്നെ എല്ലാവരുടെയും ആരാധ്യ വ്യക്തി ആണല്ലോ.
ഇവിടെ അതല്ല വിഷയം, അവരെ പരിചയപ്പെടുതളിലൂടെ, അതിനേക്കാള്‍ നല്ല ഒരു വിഷയം പറഞ്ഞിരിക്കുന്നു.
തുച്ചമായ വാക്യങ്ങളിലൂടെ കാര്യങ്ങള്‍ പറയാനുള്ള എച്ചുവിന്റെ കഴിവിനെ ഞാന്‍ അഭിനന്ദിക്കുന്നു.
അപക്വമായ പെണ്‍കുട്ടികളുടെ മേലുള്ള കടന്നു കയറ്റം, അവരെ പക്വതയില്‍ എത്തിക്കുമ്പോഴേക്കും കഴിയെണ്ടാതെല്ലാം കഴിഞ്ഞിരിക്കും.
മാതാ പിതാക്കള്‍ ജാഗ്രതൈ.

ബിഗു said...

Nice Keep it up

faisu madeena said...

പെരുന്നാള്‍ ആശംസകള്‍

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

പ്രായപൂർത്തിയായവർ കരയുന്നതെന്തിനുവേണ്ടിയാവണം എച്മൂ?

Sidheek Thozhiyoor said...

ഈ കഥയിലൂടെ ഞാന്‍ അറിഞ്ഞിട്ടില്ലാത്ത ഒരു പാട് വിജ്ഞാനം കിട്ടി...എച്ചുമു എന്ന വിശ്വവിജ്ഞാനകോശമേ നന്ദി ..

ajith said...

എന്റെ എച്ച്മു, “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം“

ഗൗരിനാഥന്‍ said...

കഥകള്‍ പെരുകുന്ന കഥാകാരിയുടെ ജീവിതത്തില്‍ ഒരിക്കലും കഥകളിലെ സ്ത്രീകളുടെ അനാഥത്വവും, അരക്ഷിതാവസ്തയും ഉണ്ടാകതിരി‍ക്കട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു

Kaithamullu said...

“അച്ഛന്റെ കാർക്കശ്യമേറിയ ശബ്ദമുയരുമ്പോൾ, ക്രീ നിറമുള്ള ചൂരൽ പുളഞ്ഞുകൊണ്ട് അമ്മയുടെ ദേഹം ചുവപ്പിയ്ക്കുമ്പോൾ.....

ഇരുട്ടിന്റെ കൂർത്ത നഖങ്ങളും പരുക്കൻ മീശത്തുമ്പും അയാളാണ് പെൺകുട്ടിയ്ക്ക് ആദ്യം കാണിച്ചു കൊടുത്തത്. ഭയം കൊണ്ട് വെറുങ്ങലിച്ചു പോയ അത്തരം രാത്രികളിൽ .......


രോഷാകുലനായ അവളുടെ ഭർത്താവ് പിന്നീട് കാഫ്കയെ പിച്ചിക്കീറി കത്തിച്ചു കളയുകയായിരുന്നു.....“

-എച്മുവോട് ലോകം നന്ന്.
ഇഷ്ടാണ്.
പക്ഷേ ....എങ്കിലും എന്താ ഇങ്ങനെ??
വീണ്ടും വീണ്ടും....

Pushpamgadan Kechery said...

kollam.
asamsakal...

jayaraj said...

adipoli..........

നീലത്താമര said...

നല്ല വായനാശീലമുണ്ടെന്ന് മനസ്സിലായി... നന്നായിരിക്കുന്നു... ആശംസകള്‍...

said...

എച്മു..
കാഫ്കയെക്കള്‍ എന്നെ പിന്തുടര്‍ന്നിട്ടുള്ളത് ഗ്രിഗറിയാണ്... പിതാവിന്റെ ഏറു കൊണ്ട് വ്രണപെട്ട് മൃതുപ്രായനായി കിടക്കുമ്പോഴും തനിക്കു പ്രീയപെട്ടവരെ കുറിച്ച് സ്നേഹത്തോടെ മാത്രം ചിന്തിച്ച ആ "നികൃഷ്ടജീവി" കണ്ണുകളെ നിറയിച്ചപ്പോള്‍ അവ തുടച്ചു കൊണ്ട് ഏതു അവസ്ഥയിലും എന്നെ സ്നേഹിക്കുമെന്നും ഞാനൊരു ഇഴജന്തുവായാല്‍ എന്നെ തന്‍റെ
കട്ടിലിനടിയില്‍ ഒളിപ്പിച്ചു കാത്തുകൊള്ളുമെന്നും പൊട്ടിചിരിയോടെ കെട്ടിപിടിച്ചു കൊണ്ട് പ്രീയ കൂട്ടുകാരി പറഞ്ഞു....
പിന്നീട് ഒരുപാട് കാലശേഷം തന്‍റെ അസാധാരണമായ സൌന്ദര്യം ഭര്‍ത്താവിന്‍റെ കടം വീട്ടാനും,ഒരു വിലകൂടിയ അഭിസാരികയാകാനും സഹായിച്ചതെങ്ങിനെ എന്ന് നാരങ്ങ മുറിച്ചിട്ട ഗ്ലാസില്‍ വോഡ്ക വിളമ്പി അവള്‍ വിസ്തരിച്ചു.. അവളോടൊപ്പം എന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാലുണ്ടാകുന്ന അപമാനമോര്‍ത്തു
അസ്വസ്ഥതയോടെയിരിക്കുമ്പോള്‍
അവള്‍ പറഞ്ഞു... നിന്‍റെ ഗ്രിഗറിയെ ഞാനിപ്പോള്‍ ഓര്‍ക്കാറുണ്ട്.. മനുഷ്യ ജന്മം തിരിച്ചുകിട്ടുമെന്ന് സ്വപ്നം പോലും കാണാതെ, പരാതികളില്ലാതെ പിന്‍വാങ്ങിയ ഗ്രിഗറി.... കണ്ണുനീരിനും വോഡ്ക്കയും ഒരേ നിറമാണെന്ന് അതേ ശ്വാസത്തില്‍ അവള്‍പറഞ്ഞു തീര്‍ത്തു..

ഏതു അവസ്ഥയിലും അവളെ സ്നേഹിക്കാമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചുവെങ്കിലും അപ്പോള്‍ എനിക്ക് അതിനുള്ള ശക്തി ഇല്ലായിരുന്നു...

ഹാപ്പി ബാച്ചിലേഴ്സ് said...

ഒരു പെണ്‍കുട്ടിയുടെ സുരക്ഷക്കായുള്ള വിളിയിലൂടെയുള്ള ഈ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത് തികച്ചും വ്യത്യസ്തമായി. ഫെലുദ കേട്ടിരുന്നില്ലാട്ടോ. നല്ലോണം വായിക്കും അല്ലേ. ഭാഗ്യവതി... :-)
കഥ പറഞ്ഞ രീതിയും കൊള്ളാം ട്ടോ.

ആളവന്‍താന്‍ said...

വന്നു, വായിച്ചു, പോകുന്നു......
അല്‍പ്പം തിരക്കിലാ. ഷെര്‍ലക്ഹോംസിനെ ഒന്ന് കാണാം എന്ന് പറഞ്ഞിരുന്നു.

Areekkodan | അരീക്കോടന്‍ said...

ഫലൂദ ഒരു പാട് കേട്ടിട്ടുണ്ട്...ഫെല്ലൂദ ആദ്യമായിട്ട കേള്‍ക്കുന്നത്...!!

Anil cheleri kumaran said...

മലയാള ബ്ലോഗിന്റെ അഭിമാനമായി മാറുന്നു ഓരോ രചനകളും.

Nena Sidheek said...

ഞാന്‍ നേന, സിദ്ധീഖ് തൊഴിയൂരിന്‍റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് ചേച്ചീടെ , ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി ചിപ്പി , ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണേ.. ഈ കഥ എനിക്ക് മനസ്സിലാവുന്നില്ല ,മറ്റു കഥകള്‍ വായിക്കട്ടെ ,എന്നിട്ട് അഭിപ്രായം എഴുതാം .

റോസാപ്പൂക്കള്‍ said...

എച്ചു വളരെ നന്നായി എഴുതി.
കുമാരന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു

Abdulkader kodungallur said...

ഇത്തരം ഓര്‍മ്മപ്പെടുത്തലുകളും , പരിചയപ്പെടുത്തലുകളും ഉപകാരപ്രദമാണ് . ഓരോ പോസ്റ്റും തെളിഞ്ഞു തെളിഞ്ഞു വരുന്നു

chithrangada said...

എച്മു ,കഥ വളരെ നന്നായി !
ഓരോ vacation ഉം പുതുക്കി പുതുക്കി
sherlock വായിക്കാറുള്ളത്,ഓര്ത്തു .
എഴുത്ത് തീവ്രമാണ്,വരികള് വളരെ
വൈകാരികത യുള്ളതും ...
sensitive to the core !

അനില്‍കുമാര്‍ . സി. പി. said...

എച്‌മുവിന്റെ ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്ഥമാകുന്നു.. അത് തന്നെയാണവയുടെ പ്രത്യേകതയും.

ഒരു പെണ്‍കുട്ടിയു്ടെ വിവിധ മാനസികാവസ്‌ഥകള്‍ പ്രിയപ്പെട്ട എഴുത്തുകാരുടെ നായ്കന്മാരുമായി ബന്ധിപ്പിച്ചെഴുതിയ ഈ ശൈലി ഇഷ്ടമായി.

മൻസൂർ അബ്ദു ചെറുവാടി said...

ഞാനൊക്കെ ഇനിയും ഒരുപാട് ഒരുപാട് ദൂരം പോകേണ്ടിയിരിക്കുന്നു.

വിനുവേട്ടന്‍ said...

നന്നായി വായിക്കും അല്ലേ? കൊള്ളാം... വായനാശീലമുള്ള നിലയ്ക്ക്‌ ഒരു നോവല്‍ പരിചയപ്പെടുത്താം. ജാക്ക്‌ ഹിഗ്ഗിന്‍സിന്റെ സ്റ്റോം വാണിംഗ്‌. അത്‌ ഞാന്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്‌. ഇവിടെ വന്നു നോക്കി അഭിപ്രായം അറിയിക്കുമല്ലോ...

Unknown said...

ലിയ വലിയ കാര്യങ്ങള്‍ ആണ് അല്ലെ .......എന്ത് എഴുതണം എന്ന് അറിയില്ല ........

വായിച്ചു ...പുതിയ അറിവുകള്‍ ഇവടെ പങ്ക് വെച്ചതില്‍ നന്ദിയും സന്തോഷം ഉണ്ട്

ബിന്ദു കെ പി said...

ലച്ചുവിന്റെ ഓരോ പോസ്റ്റുകളും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്. ഈ രചനാപാടവത്തെ അഭിനന്ദിക്കാൻ വാക്കുകളില്ലതന്നെ...

മുകിൽ said...

ഗംഭീരം എച്മുക്കുട്ടി.. ഗംഭീരകഥ.
കൂടുതലൊന്നും ഇതിനെക്കുറിച്ചു പറയാനില്ല. അത്രയ്ക്കു സുന്ദരം.

Vishnupriya.A.R said...

വളരെ നന്നായി എഴുതി

ധനലക്ഷ്മി പി. വി. said...

ഒരു പെണ്‍കുട്ടിയുടെ വിവിധ മാനസികാവ്സ്ഥകള്‍, സുരക്ഷിതത്വം തേടിയുള്ള അന്വേഷണം ഒക്കെ വ്യത്യസ്ഥമായ രീതിയില്‍
അവതരിപ്പിച്ചു.

sulekha said...

ഫെലുടയെ വായിച്ചു പരിചയം കുറവാണു കേട്ടോ .ഒരു കഥയെ വായിച്ചിട്ടുള്ളൂ .പിന്നെ ഷെര്‍ലക് എന്റെ സ്വന്തം ആളായിരുന്നു ,ഇപ്പോഴും ആണ് .സ്കൂളില്‍ പഠിക്കുമ്പോള്‍ ഷെര്‍ലോക് homes സമ്പൂര്‍ണ കൃതികള്‍ വായിച്ചപ്പോഴുള്ള ആനന്ദം ഞാന്‍ എങ്ങനെ മറക്കും?എന്നിട്ട് വായനശാലയുടെ വാതില്കലിരുന്നു വെളിയിലൂടെ പോയവരെ നിരീക്ഷിച് പഠിക്കാന്‍ നോക്കിയതുമെല്ലാം ഓര്മ വരുന്നു .സമ്പൂര്‍ണ കൃതിക്കകത്ത് ഒരു തെറ്റ് ഞാന്‍ കണ്ടു പിടിച്ചു .മുണ്ട് മുറുക്കിയുടുക്കുന്ന നായകന്‍. ലണ്ടനില്‍ മുണ്ടോ?ആസന്ന മരണനായ കുറ്റാന്വേഷകന്‍ എന്ന കഥയില്‍ ആണ്.ഇന്നും sherlu നമ്മടെ താരം തന്നെ .കാഫ്കയും പണ്ട് എന്നെ തേടി വന്നിട്ടുണ്ട്.രൂപന്തരത്വം മാത്രമേ മനസിലായുള്ളു .പുള്ളി വല്യ പുള്ളിയാണെന്ന് അന്നേ തോന്നി .പാവം.ഇനി കഥയിലേക്ക് .എച്ചുമുക്കുട്ടിയുടെ എഴുത്തിനു നല്ല ആഴമുണ്ട് .തനിമ ചോരാത്ത രചനകള്‍ ആണ് ഓരോന്നും .വ്യഥകള്‍ രചനകളായി വരുന്നതാണോ?അമ്മാവന്മാര്‍ പേടിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് .നഷ്ട്ടമായ ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഉണര്തിയത്തിനു നന്ദി .

വി.എ || V.A said...

സന്ദേശവാഹകരിലെ എഴുപതാം നമ്പരുകാരൻ ഞാനായിക്കോട്ടെ, അല്ലേ? ജോലിത്തിരക്കിനാൽ താമസിച്ചുപോയി, എനിക്ക് പറയാനുള്ളതൊക്കെ നല്ല വായനക്കാർ രേഖപ്പെടുത്തിക്കഴിഞ്ഞു. വേറിട്ട വഴിയിലൂടെ ഇതവതരിപ്പിച്ച പുതുമ ‘മികച്ചത്’. അതിനെക്കാൾ ബുദ്ധിയും ശ്രേഷ്ഠതയും പ്രകടിപ്പിച്ചു,കഥാപാത്രങ്ങളുടെ പശ്ചാത്തല വിവരണത്തിലൂടെ. കഥയിലെ ആശയത്തിലേയ്ക്കിറങ്ങിച്ചെല്ലാൻ ഈ പുതുമയാണുത്തമമായത്. കൊള്ളാം കഥാകാരീ, എന്റെ വകയായി ആ രണ്ടു കൊമ്പുകളിലും രണ്ടു പൊൺ വളയങ്ങൾ തീർത്തു ചാർത്തുന്നു....

SUJITH KAYYUR said...

Nice

ജയരാജ്‌മുരുക്കുംപുഴ said...

valare manoharamayi paranjirikkunnu... aashamsakal...

കണ്ണനുണ്ണി said...

കുട്ടിയുടെ മനസ്സും ഭാവനയും പോവുന്ന വഴികള്‍ ചിലപ്പോഴൊക്കെ എന്നെ അത്ഭുതപെടുതാറുണ്ട്.. സത്യം..

കണ്ണനുണ്ണി said...

..

lekshmi. lachu said...

എനിക്കൊന്നും മനസ്സിലായില്ല കേട്ടോ ..

Anonymous said...

നല്ല ഇഷ്ടപ്പെട്ടു എച്ച്മൂ. സന്തോഷത്തിനൊപ്പം എച്ച്മു എപ്പോഴും മുള്ളും കൂടി തരുമല്ലോ ....എനിക്ക് ഷേര്‍ലക്കിനേയും ഫെലൂദയേയും കാഫ്കയേയും ഒന്നും കാണാനാകുന്നില്ല, കാണുന്നത് കഥയിലെ പെണ്‍കുട്ടിയുടെ വിഹ്വലത നിറഞ്ഞ മുഖം മാത്രം...

Echmukutty said...

കഥ വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

സുസ്മേഷ് ചന്ത്രോത്ത് said...

വായിക്കുന്നു.

Thommy said...

നന്നായിരിക്കുന്നു.

ശ്രീക്കുട്ടന്‍ said...

എച്ച്മു..ആദ്യമായാണിത് കാണുന്നതും വായിക്കുന്നതും. മനസ്സിനെ ചിലയിടത്തെങ്കിലും കൊളുത്തിവലിപ്പിക്കുന്നുണ്ട്. സാരമില്ല. ചില ജന്മങ്ങള്‍ അങ്ങിനാണ്. അനുഭവിപ്പിക്കാനും അനുഭവിക്കാനും ബാധ്യതപ്പെട്ടും ബാധ്യസ്ഥപ്പെട്ടും പോയ ചില ജന്മങ്ങള്‍...