Wednesday, February 29, 2012

ചോർന്നു പോകുന്ന സമയത്തുള്ളികൾ


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിലും( 2012 ജനുവരി 27 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പിലും (2012 ഫെബ്രുവരി 17 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഒന്നിനും സമയമില്ലെന്ന് പരാതിപ്പെടുന്നവരും വിലപിയ്ക്കുന്നവരുമാണ് അധികം സുഹൃത്തുക്കളും. എല്ലാ മനുഷ്യർക്കും കിട്ടിയിട്ടുള്ള ഈ ഇരുപത്തിനാലുമണിക്കൂർ സമയമില്ലാത്തവരെ മാത്രം പറ്റിച്ച് എവിടെപ്പോകുന്നുവെന്ന് ചോദിച്ചാൽ…… ഇത്ര ധിറുതിയിൽ അതെവിടെ പോയി മറയുന്നുവെന്ന് ചോദിച്ചാൽ. ആവോ! എവിടെയൊക്കെയാണാവോ അത് ആരുമറിയാതെ ഇങ്ങനെ ചോർന്നു പോകുന്നത്. അനന്തമായ സമയം ഈ അൽഭുത പ്രപഞ്ചത്തിനു പോലും കൈവശമില്ല. ആ നിത്യ സത്യം തിരിച്ചറിഞ്ഞവരാകട്ടെ, ഒരു മനസ്സമാധാനത്തിന് അനന്തമായ സമയത്തിന്റെ അവകാശിയായി എക്കാലവും ദൈവത്തെ ചൂണ്ടിക്കാണിച്ചു പോന്നു.

പണ്ടൊക്കെ എല്ലാവർക്കും ഒത്തിരി സമയമുണ്ടായിരുന്നുവെന്ന് പറയുന്നവരുണ്ട്.  കൂട്ടുകുടുംബമായിരുന്നതു കൊണ്ട് അമ്മൂമ്മയുണ്ടായിരുന്നു, അമ്മായിയുണ്ടായിരുന്നു, അപ്പാപ്പനുണ്ടായിരുന്നു…. എന്നൊക്കെ പറയുന്നതു കേൾക്കാറുണ്ട്. ശരിയായിരിയ്ക്കും.  ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകാൻ കൂടുതൽ ആളുകളുണ്ടാവുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരുടെ ചുമതലകൾ പോലും നല്ല മനസ്സോടെ സ്വയം ഏറ്റെടുത്ത് ചെയ്യാൻ ആരെങ്കിലുമൊക്കെ തയാറാവുമ്പോൾ, അങ്ങനെ സമയം ധാരാളം വീണു കിട്ടിയ ഭാഗ്യവാന്മാരും ഭാഗ്യവതികളും ഉണ്ടായിരുന്നിരിയ്ക്കാം. തന്നെയുമല്ല അന്ന് ഭൂരിഭാഗം ജനതയ്ക്കും ലോകത്തിന്റെ വിസ്താരം നന്നെ കുറവുമായിരുന്നല്ലോ. എല്ലാറ്റിനും പുറമേ ഭൂതകാലമായിരുന്നു എപ്പോഴും കൂടുതൽ  നല്ലതെന്ന സർവ സാധാരണമായ ഒരു വെറും തോന്നൽ കൂടി  ഇത്തരമൊരു പറച്ചിലുണ്ടാവാൻ കാരണമാകുന്നുണ്ടാവാം.

കൂട്ടുകുടുംബങ്ങൾ ഇല്ലാതാവുകയോ നന്നെ കുറഞ്ഞു പോവുകയോ ചെയ്ത ഈ കാലത്ത് ആ ഗൃഹാതുര സ്മരണകളിൽ മുഴുകിക്കൊണ്ടിരുന്നാൽ പോരല്ലോ. വീണു പോയ സമയത്തുള്ളികളെ പിടിച്ചെടുക്കുവാനുള്ള ഒരു കണ്ടുപിടുത്തവും ഇതു വരെ ഉണ്ടായിട്ടുമില്ല. ആ നിലയ്ക്ക് ചിന്തിയ്ക്കാനുള്ള പ്രേരണയും ഉത്തരവാദിത്തബോധവും ചുമതലകൾ നിർവഹിയ്ക്കാനുള്ള കഴിവും തികഞ്ഞ സമയബോധവും വളർത്തുന്നതിൽ നാം കൂടുതൽ ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ. കുട്ടികൾക്ക് മാത്രമല്ല, മുതിർന്ന സ്ത്രീ പുരുഷന്മാർക്കും ഈ വളർച്ച ഉണ്ടാകേണ്ടതുണ്ട്. 


അനുസരണ, പിന്നെയും അനുസരണ, പിന്നെയും പിന്നെയും അനുസരണ എന്നതാണ് നമ്മുടെ ഒരു നല്ല രീതി. നമുക്കായി ആലോചിയ്ക്കാനും നിർദ്ദേശങ്ങളും വിലക്കുകളും തരാതരം പോലെ പുറപ്പെടുവിയ്ക്കാനും ആരെങ്കിലും ഒക്കെ ഉണ്ടായാൽ മതി. ചുമതലയേ ഇല്ലെങ്കിൽ, അതുപോലും ശരിയ്ക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ നിർവഹിയ്ക്കാനുള്ള കഴിവ് എന്തിനാണ്? ഇതൊന്നുമില്ലാത്തപ്പോൾ സമയബോധത്തിന്റെ ആവശ്യമുണ്ടോ?

ഒരു മീറ്റിംഗ് പറഞ്ഞ സമയത്ത് തുടങ്ങി, ട്രെയിൻ കൃത്യ സമയത്ത് വന്നു, സർക്കാർ ഓഫീസ് പത്തുമണിയ്ക്ക് തുറന്നു, കോടതി ഒരു വർഷത്തിനുള്ളിൽ തന്നെ ശിക്ഷ വിധിച്ചു എന്നതൊക്കെ നമുക്ക് ആശ്ചര്യകരമായ ഒരു വാർത്തയാകുന്നതിന് നമ്മുടെ ഈ വളർച്ചക്കുറവ് ഒരു കാരണമാണ്. ഈ പറഞ്ഞതൊന്നും കൃത്യമായി സംഭവിച്ചില്ലെങ്കിലാണ് അത് വാർത്തയാകേണ്ടതെന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചില്ലേ? ആ ഒരു ബോധത്തിലേയ്ക്ക് നമ്മൾ ഉണരാറായില്ലേ?

സമയമില്ല എന്നതൊരു വെറും ശീലമാണ് പലർക്കും, ഒരു ഒഴിവുകഴിവുമാണ് പലപ്പോഴും. കാരണം, ഇങ്ങനെ പറയുന്ന എല്ലാവർക്കും സ്വയം ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ സമയം കിട്ടാറുണ്ട്. ഒരാൾ ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന പ്രവൃത്തി ചെയ്യാൻ അയാൾക്ക് സമയം കിട്ടാതെ വരികയില്ല. എന്തു വന്നാലും ഒരു സ്ഥിരം മദ്യപാനി മദ്യപിച്ചിരിയ്ക്കും എന്നതു പോലെയാണ് അക്കാര്യം. അപ്പോൾ താല്പര്യം കുറഞ്ഞ കാര്യങ്ങൾക്ക് നീക്കിവെയ്ക്കാനാണ് സമയം ഇല്ലാതാകുന്നത് എന്നതാണ് ശരിയായ സത്യം. 

ആർക്കും ഒരിയ്ക്കലും പുനർ സൃഷ്ടിയ്ക്കാൻ സാധിയ്ക്കാത്തതു കൊണ്ട് ഏറ്റവും വില പിടിപ്പുള്ള ഒരു സമ്പത്തായി മാറുന്നു സമയം. ആ ധനം ശരിയായി  സൂക്ഷിയ്ക്കാൻ വേണ്ട കഴിവുണ്ടാകണമെന്ന് നമ്മൾ ആരേയും അങ്ങനെ ഉപദേശിയ്ക്കാറില്ല; സ്വത്ത് സൂക്ഷിയ്ക്കുവാനും വർദ്ധിപ്പിയ്ക്കുവാനും കഴിവുണ്ടാകണമെന്ന് ഉപദേശിയ്ക്കുന്നതു പോലെ. 

മറ്റുള്ളവരോടും തന്നോടു തന്നെയും ഉള്ള ഉത്തരവാദിത്തവും പരിഗണനയും കൂടിയാണ്  സമയം. സമയമില്ല എന്നു പറയുമ്പോൾ നമ്മൾ പാലിയ്ക്കാത്തത് ഈ ഉത്തരവാദിത്തമാണ്, കൊടുക്കുവാൻ മടിയ്ക്കുന്നത് ഈ പരിഗണനയാണ്. കുറച്ചു കൂടി ലളിതമായിപ്പറഞ്ഞാൽ, വേണ്ടതു വേണ്ടപ്പോൾ ചെയ്യാൻ കഴിയുന്ന ശീലമാണ് യഥാർത്ഥത്തിലുള്ള സമയബോധം.  ഇക്കാര്യം ശരിയ്ക്കും മനസ്സിലാക്കിയാൽ പന്ത്രണ്ടു വർഷം സമയമെടുത്ത് ഒരു മേല്പാലം പണിയുന്ന സർക്കാരുകളല്ല നമുക്കുണ്ടാവുക. വൈകി വൈകി മാത്രം സംഭവിയ്ക്കുന്ന ഓരോ സാമൂഹ്യ പരിഷ്ക്കരണങ്ങളുടേയും ജനോപകാര പദ്ധതികളുടേയും നിയമ നിർമ്മാണങ്ങളുടേയും മുൻപിൽ സർക്കാർ കാര്യം മുറപോലെ നടന്നോളും എന്നു കരുതി ഉദാസീനരായിരിയ്ക്കുന്ന ജനതയുമായിരിയ്ക്കില്ല, നമ്മൾ. 

ഉത്തരവാദിത്തവും ചുമതലയും സമയബോധവും ഉള്ളവരുടെയും ഇല്ലാത്തവരുടേയും മാനസിക കല്പനകൾക്ക് തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഉള്ളവർക്ക് പ്രകാശവേഗമുണ്ടാവുന്നതുകൊണ്ട് ബാഹ്യലോകത്തിന്റെ സമയ സങ്കൽ‌പ്പങ്ങൾ വളരെ മെല്ലെയാണെന്ന് തോന്നും. അവർക്ക് പുതിയ പുതിയ ആശയങ്ങളും അവ നടപ്പിലാക്കാനുള്ള പരിശ്രമത്തിനു വേണ്ട സമയവും എപ്പോഴുമുണ്ടാകും. അവർ എണ്ണത്തിൽ കുറവായിരിയ്ക്കുമെങ്കിലും അവരെ കാണാതെ പോകാൻ ആർക്കും കഴിയില്ല.
ഇല്ലാത്തവർക്കാകട്ടെ  ഒച്ചിനോടും മത്സരിയ്ക്കേണ്ടി വരുന്നതുകൊണ്ട് ഒന്നിനും സമയം തികയുകയില്ല. നിർഭാഗ്യവശാൽ നമ്മിൽ അധികം പേരും എന്നും ഒച്ചിനോട് മത്സരിച്ചുകൊണ്ടിരിയ്ക്കുന്നു! നാഴികമണിയുടെ ഓരോ ചലനത്തിലും അയ്യോ! നേരം പോയെന്ന് കരയുന്നു. നമ്മുടേത് എന്ന് കിറുകൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവൃത്തികൾ പോലും മുഴുവനാക്കാൻ സാധിയ്ക്കാതെ ലോകത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നു.

ഇങ്ങനെയൊക്കെ വിചാരിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം എല്ലാം പിന്നിൽ ഉപേക്ഷിച്ച്, പലപ്പോഴും ആരോടും ഒന്നും പറഞ്ഞേൽ‌പ്പിയ്ക്കാൻ പോലുമാകാതെ “സമയമാം രഥത്തിൽ  സ്വർഗ്ഗയാത്ര ചെയ്യുന്നു..“49 comments:

vettathan said...

സമയം കിട്ടിയില്ലാ എന്നത് ഒരു ഒഴികഴിവു മാത്രമാണു.അറിവുള്ള കുട്ടിക്ക് പരീക്ഷക്ക് സമയം തികയാതെ വരില്ല.കൃത്യമായി ജോലി ചെയ്യുന്നവര്‍ക്ക് ഫയല്‍ വീട്ടില്‍ കൊണ്ടുപോവേണ്ടിവരികയില്ല.അലസരുടെയും "ഞഞ്ഞാപിഞ്ഞാകളുടെയും"മുദ്രാവാക്യമാണ് സമയംകിട്ടിയില്ലാ എന്നത്.

കൊമ്പന്‍ said...

സമയം ഇല്ല എന്ന് പറയുന്നത് ശരിക്കും ഒരു അലസതയാണ്
തന്‍റെ കര്‍മത്തില്‍ നിന്നും ഒളിച്ചോടാന്‍ നാം കാണുന്ന ന്യായീകരണം
വളരെ നല്ല പോസ്റ്റ് എച്മു

khaadu.. said...

ഇങ്ങനെയൊക്കെ വിചാരിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം എല്ലാം പിന്നിൽ ഉപേക്ഷിച്ച്, പലപ്പോഴും ആരോടും ഒന്നും പറഞ്ഞേൽ‌പ്പിയ്ക്കാൻ പോലുമാകാതെ “സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്നു…..“

കാലം ആരെയും കാത്തു നില്കാതിരുന്നിട്ടും നമ്മളൊക്കെ ഇങ്ങനെ...അപ്പൊ കാലം കാത്തു നില്‍കുന്ന ഒരു സംഭവമായിരുന്നെങ്കില്‍......

എനിക്കതാലോചിക്കാന്‍ പോലും സമയമില്ല...

സുഹൃത്തെ... നല്ല ലേഖനം...

ശ്രീ said...

'സമയമില്ല എന്നതൊരു വെറും ശീലമാണ് പലർക്കും, ഒരു ഒഴിവുകഴിവുമാണ് പലപ്പോഴും. കാരണം, ഇങ്ങനെ പറയുന്ന എല്ലാവർക്കും സ്വയം ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ സമയം കിട്ടാറുണ്ട്. ഒരാൾ ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന പ്രവൃത്തി ചെയ്യാൻ അയാൾക്ക് സമയം കിട്ടാതെ വരികയില്ല'

വളരെ ശരിയാണ് ചേച്ചീ. അത്യാവശ്യമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ നമുക്കെപ്പോഴും കഴിയാറുണ്ട്.

പൊട്ടന്‍ said...

ഹോ,
ബിഗ്‌ ബാംഗ് തിയറിയും ഐന്‍സ്ടീന്റെ റിലേറ്റിവിറ്റിയും വായിച്ചപ്പോള്‍ തലയ്ക്കകത്ത് ഉദിക്കാത്ത നല്ല ഒരു സത്യമാണ് എച്മു പറഞ്ഞു തന്നത്, "അനന്തമായ സമയം ഈ അൽഭുത പ്രപഞ്ചത്തിനു പോലും കൈവശമില്ല." (ലഘുവായ ഈ വാക്യം പെട്ടെന്ന് മനസ്സില്‍ പതിയുന്നു)

മഹാനായ ബഷീറിന്റെ " അല്ലാഹുവിന്‍റെ ഖജനാവില്‍ മാത്രം അളവില്ലാത്ത സമയം ഉണ്ട്" എന്നത് നല്ല ഒരു കൂട്ടിച്ചേര്‍ക്കല്‍.

പിന്നെ സാമാന്യ കാര്യങ്ങള്‍ വായിച്ചു വന്നപ്പോള്‍ പിന്നെയും ഒരു അമിട്ട്
"ഉത്തരവാദിത്തവും ചുമതലയും സമയബോധവും ഉള്ളവരുടെയും ഇല്ലാത്തവരുടേയും മാനസിക കല്പനകൾക്ക് തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഉള്ളവർക്ക് പ്രകാശവേഗമുണ്ടാവുന്നതുകൊണ്ട് ബാഹ്യലോകത്തിന്റെ സമയ സങ്കൽ‌പ്പങ്ങൾ വളരെ മെല്ലെയാണെന്ന് തോന്നും."
സമയക്കുറവും സമയ പര്യാപ്തതയും എന്തുകൊണ്ടെന്നുള്ളതു ഇതിലും ഭംഗിയായി എങ്ങനാ വ്യക്തമാക്കുക.?

അവസാനം ഒന്ന് ചിരിപ്പിച്ചു നിര്‍ത്തുമ്പോള്‍, ഭേഷ്‌ അല്ലാതെ എന്താ പറയുക?

Yasmin NK said...

മടി തന്നെയാണു കാരണം. പിന്നെ ചെയ്യാം പിന്നെ ചെയ്യാം എന്നു കരുതും. ആ പിന്നെ എന്നൊന്ന് ഉണ്ടാകാറുമില്ല.
മാധ്യമത്തില്‍ വായിച്ചിരുന്നു എചുമൂ, അഭിനന്ദനങ്ങള്‍..

Cv Thankappan said...

സമയനിഷ്ഠ പാലിക്കാതിരക്കലാണ്
ഇന്നത്തെ'ഫാഷന്‍'.കൃത്യത പാലിക്കുന്നവന്‍ വിഡ്ഢിയാകുന്ന സ്ഥിതി.കൃത്യസമയത്ത് തുടങ്ങുമെന്ന്
കാണിക്കുന്ന യോഗവും,സമ്മേളനവും
തുടങ്ങുന്നത് ഒന്നോ,അതിലധികം
മണിക്കൂറൊ വൈകിയായിരിക്കും.
പങ്കെടുക്കുന്നവര്‍ മനസ്സില്‍ കാണും
ഒരല്പം വൈകി പോയാല്‍ മതി.
വന്നുകഴിഞ്ഞാല്‍ സ്ഥിരം പല്ലവി.
'തിരക്കോടുതിരക്ക്'സമയം കിട്ടുന്നില്ല.
നമ്മുടെ ശീലമായിപ്പോയി.പെട്ടെന്ന്
മാറ്റാന്‍ ബുദ്ധിമുട്ടാണ്.എല്ലാ രംഗത്തും
സ്ഥിതി ഇതായിരിക്കുന്നു.
വളരെ നല്ല രചന.
അന്ത്യം ശീഘ്രഗതിയിലായി...
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഒരാൾ ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന പ്രവൃത്തി ചെയ്യാൻ അയാൾക്ക് സമയം കിട്ടാതെ വരികയില്ല'

ഇന്ന് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള പ്രവൃത്തി എന്നാല്‍ ഒരാള്‍ക്ക്‌ ഒരുപാടാണ്. അത്രയും ആര്‍ത്തിയാണ് പെരുകിയിരിക്കുന്നത് മനുഷ്യനില്‍. എല്ലാം എനിക്ക് എന്നിടത്തെക്ക്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ക്രമീകരിക്കാന്‍ കഴിയുന്നവര്‍ക്ക് സമയം പോരെന്നു തോന്നില്ലെന്നു തോന്നുന്നു.
നല്ല ലേഖനം.

Manoraj said...

സമയമില്ല എന്നതൊരു ഒഴിവുകഴിവാണെന്നത് സത്യം തന്നെയാണ്. എന്നിട്ട് അവസാനം സമയമാം രഥത്തില്‍ സ്വര്‍ഗ്ഗ- നരക യാത്ര ചെയ്യുന്നു... ഫാസ്റ്റ് യുഗത്തില്‍ നമുക്ക് നഷ്ടപ്പെടുന്നതേറെയാണ്. ചിന്തനീയമായ പോസ്റ്റ്.

ശങ്കരനാരായണന്‍ മലപ്പുറം said...

തീരെ സമയമില്ല. ബ്‌ളോഗ് പിന്നീട് വായിക്കാം. ഇതിന്റെ അച്ചടിരൂപം നേരത്തെ വായിച്ചിരുന്നു.

Typist | എഴുത്തുകാരി said...

വളരെ ശരിയായ കാര്യം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എങ്ങിനേയും സമയം കണ്ടെത്തും. അല്ലാത്തതിനു് സമയം കിട്ടുന്നില്ല എന്നൊരു കാരണവും.

ജാനകി.... said...

എച്ച്മൂ...,
എനിക്കീ പോസ്റ്റ് വായിക്കാൻ കൊറേ സമയം കിട്ടി... ഞാൻ വിചാരിക്കണത് ‌- മനുഷ്യന്റെ അസംതൃപ്തിയും ഈ സമയമില്ല എന്ന പരിദേവനത്തിനു കാരണമാകണ്ണ്ട് എന്നാണ്..കയ്യിലുള്ളതിൽ തൃപ്തിപ്പെടാതെ അതിലും മെച്ചമായത്..അതിലും കൂടിയത് എന്ത് എവിടെ എങ്ങിനെ കിട്ടും എന്ന് അന്വേഷിച്ചുള്ള ഒരു പരക്കം പാച്ചിൽ--അതുണ്ട്....അപ്പൊ പിന്നെ എങ്ങിനെ സമയമുണ്ടാകും...... ഈ പോസ്റ്റ് വായിക്കുന്ന ആരും സ്വയമൊന്നു ചിന്തിക്കും എനിക്കു സമയമുണ്ടോ എന്ന്.... ചിന്തിക്കണമല്ലോ..അതാണ് എച്മൂ.....

സേതുലക്ഷ്മി said...

ഒക്കെ ശരിതന്നെ എച്മു.എന്നാലും എനിക്ക് സമയം തികയാറില്ല.

Sidheek Thozhiyoor said...

വേണ്ടതു വേണ്ടപ്പോൾ ചെയ്യാൻ കഴിയുന്ന ശീലമാണ് യഥാർത്ഥത്തിലുള്ള സമയബോധം..
വീണ്ടും എച്ചുമുവിന്റെ മാന്ത്രിക സ്പര്‍ശം അനുഭവ്യമാവുന്നു.

Pradeep Kumar said...

ചിന്തിക്കേണ്ട ആശയമാണ്പങ്കുവെച്ചത്....കാലത്തിന് ആവശ്യമായത്.

ajith said...

ദൈവം തമ്പുരാന്‍ എല്ലാര്‍ക്കും ഈക്വല്‍ ആയിട്ട് കൊടുത്തിരിക്കുന്ന ഒരേയൊരു കാര്യമാണ് സമയം. എല്ലാര്‍ക്കും 24 മണിക്കൂര്‍. ഒരു സെക്കന്‍ഡ് പോലും ആര്‍ക്കും കുറവുമില്ല, കൂടുതലുമില്ല. എന്നാലും ചിലര്‍ക്ക് സമയമില്ല...ആശ്ചര്യം

വീകെ said...

കിട്ടുന്ന സമയത്ത് ചെയ്യേണ്ട കാര്യങ്ങൾക്ക് ഒരു കണക്കില്ലാത്തതാണ് സമയം ഇല്ലാന്നു പറയാൻ കാരണമെന്നു തോന്നുന്നു. ചിലവഴിക്കുന്ന സമയത്തിനും ഒരു സമയമാപിനി വേണം.

Mohiyudheen MP said...

ഒന്നിനും എനിക്ക്‌ വേണ്‌ടത്ര സമയം കിട്ടാറില്ല,, ഈ പോസ്റ്റ്‌ വായിക്കാന്‍ സമയം കിട്ടി. നല്ല ഒരു ഒാര്‍മ്മപ്പെടുത്തലായി ഇത്‌.. ആശംസകള്‍ ഹൊ സമയം അതാ പാഞ്ഞ്‌ പോകുന്നു, മേശപ്പുറത്തെ ജോലി തീര്‍ക്കാനുണ്‌ട്‌. ഇന്ന് ഒാവര്‍ ടൈം എടുക്കേണ്‌ടി വരും. ഫേസ്ബുക്കില്‍ കളിക്കുന്ന സമയം ആ ജോലിയൊക്കെ ഒന്ന് തീര്‍ത്തിരുന്നെങ്കില്‍ ! :)

ശ്രീനാഥന്‍ said...

സമയമില്ല, സമയമില്ലെന്ന് പറയുന്നതിലെ നിരർത്ഥകത നന്നായി ചൂണ്ടിക്കാട്ടുന്നുണ്ട്, ലേഖനം. കൂട്ടുകുടുംബമഹിമ അയവിറക്കുന്നതിലും കാര്യമില്ലന്നു പറഞ്ഞത് ഇഷ്ടമായി. പിന്നെ, എന്താ, എന്നെ പോസ്റ്റ് അറിയിക്കാഞ്ഞേ?

വേണുഗോപാല്‍ said...

എല്ലാം സമയത്തിനു തന്നെ ചെയ്തു തീര്‍ക്കണം എന്ന് കരുതും ....
പക്ഷെ കഴിയുന്നില്ല... എന്ത് ചെയ്യും?
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി ഓര്‍ക്കുക മാത്രമേ വഴിയുള്ളൂ.
കാലിക പ്രസക്തമായ ഈ വിഷയം ലേഖനമാക്കി അവതരിപ്പിച്ചതിന് നന്ദി

mayflowers said...

വളരെ പ്രസക്തമായ ലേഖനം.
നമുക്ക് താല്‍പ്പര്യമുള്ള എല്ലാത്തിനും നമുക്ക് സമയമുണ്ട്,അല്ലാത്തതിനൊന്നും ഇല്ല താനും.അതാണ്‌ സമയ മനശാസ്ത്രം.
വാരാദ്യ മാധ്യമത്തിനെ കാത്തിരിക്കാന്‍ ഇപ്പോഴൊരു കാരണം കൂടിയായി.

മണ്ടൂസന്‍ said...

സമയം കിട്ടിയില്ലാ എന്നത് ഒരു ഒഴികഴിവു മാത്രമാണു.അറിവുള്ള കുട്ടിക്ക് പരീക്ഷക്ക് സമയം തികയാതെ വരില്ല.കൃത്യമായി ജോലി ചെയ്യുന്നവര്‍ക്ക് ഫയല്‍ വീട്ടില്‍ കൊണ്ടുപോവേണ്ടിവരികയില്ല.അലസരുടെയും "ഞഞ്ഞാപിഞ്ഞാകളുടെയും"മുദ്രാവാക്യമാണ് സമയംകിട്ടിയില്ലാ എന്നത്.

സമയം ഇല്ല എന്ന് പറയുന്നത് ശരിക്കും ഒരു അലസതയാണ്
തന്‍റെ കര്‍മത്തില്‍ നിന്നും ഒളിച്ചോടാന്‍ നാം കാണുന്ന ന്യായീകരണം
വളരെ നല്ല പോസ്റ്റ്.

അയ്യോ കമന്റെഴുതി നേരം കളഞ്ഞു. യ്ക്ക് സമയമില്ലാ അതിനൊന്നൂം ഞാൻ പോട്ടെ. ആശംസകൾ.

Echmukutty said...

ആദ്യം വന്ന vettathan നു നന്ദി.
കൊമ്പൻ വന്നതിലും സന്തോഷം.
ഖാദുവിന് ലേഖനം ഇഷ്ടമായല്ലോ അല്ലേ?
ശ്രീ അഭിപ്രായത്തോട് യോജിയ്ക്കുന്നതിൽ വലിയ സന്തോഷം.
ഈ പേരു വേണ്ടാന്ന് പറഞ്ഞാൽ അത് കേൾക്കാനുള്ള സമയം ഇല്ല അല്ലേ? അജിത് എന്നൊരു പേരുള്ളപ്പോ...... ഈ നല്ല വാക്കുകൾ ഇനിയും കേൾക്കാൻ കഴിയട്ടെ.
മുല്ലപ്പൂമണം നിറയുമ്പോൾ വലിയ സന്തോഷം. ഇനിയും വരുമല്ലോ അല്ലേ?

Echmukutty said...

സി വി ചേട്ടന് നന്ദി.
രാംജിയുടെ അഭിപ്രായം വായിച്ചു. സന്തോഷം.
മനോരാജ് വരാറില്ലല്ലോ, വന്നതിലും വായിച്ചതിലും സന്തോഷം കേട്ടൊ.

Echmukutty said...

ശങ്കര നാരായണൻ ജി വന്നതിൽ സന്തോഷം . നേരത്തെ വായിച്ചിരുന്നുവെന്ന് എനിയ്ക്കറിയാം.
എഴുത്തുകാരി ചേച്ചിയ്ക്ക് നന്ദി. ഇനീം വരണേ.
അമ്പോ! ജാനകി വേറെ പടമൊക്കെയിട്ട് വന്നിരിയ്ക്കുന്നുവല്ലോ. സന്തോഷം കേട്ടോ. നല്ല വാക്കിന് നന്ദി.
സേതുവിന് സമയം തികയുന്ന കാലം വരട്ടെ. ഇനീം വന്ന് വായിയ്ക്കണം.
സിദ്ദീക്ജി
പ്രദീപ് കുമാർ,
അജിത്,
വി.കെ എല്ലാവർക്കും നന്ദി.
മൊഹിയ്ക്ക് ആവശ്യത്തിന് സമയം കിട്ടുമാറാവട്ടെ എന്ന് ആശംസിയ്ക്കുന്നു.

Echmukutty said...

ഒരു പ്രാവശ്യം പത്രത്തിൽ വന്നതല്ലേ, വായിച്ചവർക്ക് ആവർത്തനമെന്ന ബോറടി ഉണ്ടാക്കരുതെന്ന് കരുതീട്ടാണ് പോസ്റ്റിട്ട വിവരം അറിയിയ്ക്കാതിരുന്നത്, ശ്രീനാഥൻ മാഷെ. ഇനീം വന്ന് വായിയ്ക്കുമല്ലോ.
വേണുഗോപാൽ,
മേഫ്ലവേഴ്സ്,
മണ്ടൂസൻ എല്ലാവർക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.

Unknown said...

തീരെ സമയമില്ലന്നെ ..

പ്രയാണ്‍ said...

ഇത് വായിച്ചപ്പോള്‍ എച്മ് എന്നെ മടിച്ചീ മടിച്ചീന്നു വിളിക്കുന്നപോലെ തോന്നി....;)

Echmukutty said...

അയ്യോ! മൈഡ്രീംസേ, സാരല്യാന്നേ..സമയമല്ലേ, എടുത്ത് പൂട്ടിവെയ്ക്കാനൊന്നും പറ്റില്ലല്ലോ. ഇല്ലാന്ന് വെച്ചാൽ ഇല്ല തന്നെ.
ആഹാ! പ്രയാൺന്റെ ഒരു ചെവിയേ....എന്തൊക്കെയാ കേക്കണത്?

Nilesh Pillai said...

കമന്റ് ഇടാന്‍ സമയം ഇല്ല ,പിന്നെ കാണാം.... :)

ChethuVasu said...

സമയമായില്ല പോലും സമയമായില്ല പോലും ... ! എന്നും പാട്ടുണ്ട് .!
സമയം "കയ്യില്‍ പിടിച്ചു നടക്കുന്നു" എന്ന് പറയുന്നവരോട് ഞാന്‍ ചോദിക്കാറുണ്ട് ഇവര്‍ക്കിത് എടുത്തു കയ്യില്‍ കെട്ടിക്കൂടെ എന്ന് ;-) . ലക്കൊഴിഞ്ഞു കാശിക്കു പോകാന്‍ നേരമില്ല എന്നല്ലേ പഴം ചൊല്ല് .. അപ്പൊ സമയം പണ്ടേ പ്രശനക്കരനാണ് ..എന്നര്‍ത്ഥം . .ഹ ഹ !

"ആർക്കും ഒരിയ്ക്കലും പുനർ സൃഷ്ടിയ്ക്കാൻ സാധിയ്ക്കാത്തതു കൊണ്ട് ഏറ്റവും വില പിടിപ്പുള്ള ഒരു സമ്പത്തായി മാറുന്നു സമയം." - അടിപൊളി ! ഇതാണ് ദയലോഗ് ! റൈറ്റ് ഓണ്‍ ടാര്‍ഗറ്റ് ! എത്ര സത്യസന്ധവും കുറ്റമറ്റതുമായ നിരീക്ഷണം .സമയത്തിന്റെ സൂപ്പര്‍ ഹൈവേ എപ്പോഴും വണ്‍വേ ആണ് , അതിലൂടെ വണ്ടി ഓടിച്ചു പോകുമ്പോള്‍ റിയര്‍ വ്യൂ മിററില്‍ മാത്രമേ ഭൂതകാലത്തെ കാണാന്‍ പറ്റൂ ..അത് കൊണ്ട് കടന്നു പോകുന്ന ദൂരത്തിന്റെ ഓരോ കണികയും വേണ്ട വിധം കണ്ടു എന്നും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി എന്നും നമ്മള്‍ ഉറപ്പു വരുത്തെണ്ടാതുണ്ട് .

കുറച്ചു ച്ചുഴിഞ്ഞലോച്ചാല്‍ , സമയം ജീവന്റെ ഏകകമാണ് എന്ന് കാണാം . ഒരര്‍ത്ഥത്തില്‍ ജീവനും സമയവും ഒന്ന് തന്നെ ..അതായത് ജീവന്‍ ചലനവും , ചലനം സമയവും ആകുന്നു - സമയമില്ലെങ്ങില്‍ - നിശ്ചലാവസ്ഥയില്‍ ചലനമില്ല - ജീവനില്ല - ചിന്തകളോ തോന്നലുകാലോ വികാരങ്ങളോ ഇല്ല - സ്ടാച്യൂ !!!!! ഹ ഹ !

"മാറ്റമില്ലാത്തത് ഒന്നുണ്ടെങ്കില്‍ അത് മാറ്റമാണ് "എന്ന "നിത്യ സത്യാ വാക്യം "(അങ്ങനെ പേരില്‍ ഒന്നുണ്ടോ എന്തോ ;-)) സമയം എന്നാ യധാര്ത്യത്തെ കുറിക്കുന്നു . സമയമുല്ലിടത്തോളം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇരിക്കും . മറിച്ചു പറഞ്ഞാല്‍ മാറ്റത്തിന്റെ തോതത്രേ സമയം !

സമയം അതിന്റെ ഗ്രാഫില്‍ ഒരേ മനുഷ്യനെ തന്നെ പലയിടങ്ങളില്‍ പലതായി അടയാലപ്പെടുത്തുന്നുവത്രേ ! തിരിച്ചു ആപേക്ഷികമായി മനുഷ്യന്‍ അതിനെ കാണുന്നത് വിവിധ സമയങ്ങളിലെ വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ എന്നാ നിലക്കായിരിക്കും ..

സാമൂഹ്യമായ ഇടപെടല്‍ , സമയത്തെ അപഹരിക്കുകയാണോ , സമയത്തെ ഉപയോഗപ്പെടുതുകയാണോ എന്നത് ഒരാളുടെ സമൂഹ്യ ബോധം എത്ര മാത്രം വികസിതമാണ് എന്നതിനെ ആശ്രയിച്ചിരിക്കും . താന്‍ മട്ടുല്ലവര്‍ക്കൊത്ത് ചിലവഴിക്കുന്ന സമയം , തന്റെ ത്യാഗം എന്നതിനപ്പുറം തന്റെ നേട്ടമാണ് എന്നാ ബോധം ഉദിക്കയാന്നെകില്‍.. നല്ലത് --

ഭാവിയില്‍ അങ്ങനെ സംഭവിക്കുമായിരിക്കും - എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ! ഹ ഹ !

വളരെ നല്ല ലേഖനം എച്മു , താങ്കള്‍ അല്പം മേലയാണ് - ചിന്തകളും എഴുത്തും .. ഏറെ പ്രതീക്ഷയുണ്ട് ! തുടരുക .! ആകെ ഉള്ള സമയം വെറുതെ കളയല്ലേ ..!! ;-)

പഥികൻ said...

സമയം പാഴാക്കിക്കളയുന്നതോർത്ത് ഒരോ നിമിഷവും ദുഃഖിക്കുന്ന ഒരാളാണ് ..ഞാൻ പക്ഷേ വീണ്ടും അതു തന്നെ ചെയ്യും എപ്പൊഴും

ChethuVasu said...

നമ്മുടെ ഒരു കമന്റു എവിടെപ്പോയി മറഞ്ഞോ എന്തോ.. ! കമന്റു ഇട്ട സമയം അത്ര ശരിയായില്ല എനോ തോന്നുന്നു ! ഹ ഹ

SUNIL . PS said...

ഒന്നും ചെയ്യാനില്ലതിരിക്കുമ്പോള്‍ അല്ലെ സമയം ഇഴഞ്ഞു നീങ്ങുന്നത്..തിരക്കുള്ളപ്പോള്‍ സമയം തികയാറുമില്ല... ഐന്‍സ്റ്റീനു theory of relativity യുടെ ആശയം അതില്‍ നിന്നല്ലേ കിട്ടയത്...നല്ല ലേഖനം ആശംസകള്‍..

Sukanya said...

വളരെ ശരി, നമുക്ക് താല്പര്യം ഉണ്ടെങ്കില്‍ നമ്മള്‍ സമയം കണ്ടെത്തിയിരിക്കും. സമയത്തെകുറിച്ച് നന്നായി എഴുതി.

Echmukutty said...

ChethuVasu has left a new comment on your post "ചോർന്നു പോകുന്ന സമയത്തുള്ളികൾ":

സമയമായില്ല പോലും സമയമായില്ല പോലും ... ! എന്നും പാട്ടുണ്ട് .!
സമയം "കയ്യില്‍ പിടിച്ചു നടക്കുന്നു" എന്ന് പറയുന്നവരോട് ഞാന്‍ ചോദിക്കാറുണ്ട് ഇവര്‍ക്കിത് എടുത്തു കയ്യില്‍ കെട്ടിക്കൂടെ എന്ന് ;-) . ലക്കൊഴിഞ്ഞു കാശിക്കു പോകാന്‍ നേരമില്ല എന്നല്ലേ പഴം ചൊല്ല് .. അപ്പൊ സമയം പണ്ടേ പ്രശനക്കരനാണ് ..എന്നര്‍ത്ഥം . .ഹ ഹ !

"ആർക്കും ഒരിയ്ക്കലും പുനർ സൃഷ്ടിയ്ക്കാൻ സാധിയ്ക്കാത്തതു കൊണ്ട് ഏറ്റവും വില പിടിപ്പുള്ള ഒരു സമ്പത്തായി മാറുന്നു സമയം." - അടിപൊളി ! ഇതാണ് ദയലോഗ് ! റൈറ്റ് ഓണ്‍ ടാര്‍ഗറ്റ് ! എത്ര സത്യസന്ധവും കുറ്റമറ്റതുമായ നിരീക്ഷണം .സമയത്തിന്റെ സൂപ്പര്‍ ഹൈവേ എപ്പോഴും വണ്‍വേ ആണ് , അതിലൂടെ വണ്ടി ഓടിച്ചു പോകുമ്പോള്‍ റിയര്‍ വ്യൂ മിററില്‍ മാത്രമേ ഭൂതകാലത്തെ കാണാന്‍ പറ്റൂ ..അത് കൊണ്ട് കടന്നു പോകുന്ന ദൂരത്തിന്റെ ഓരോ കണികയും വേണ്ട വിധം കണ്ടു എന്നും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി എന്നും നമ്മള്‍ ഉറപ്പു വരുത്തെണ്ടാതുണ്ട് .

കുറച്ചു ച്ചുഴിഞ്ഞലോച്ചാല്‍ , സമയം ജീവന്റെ ഏകകമാണ് എന്ന് കാണാം . ഒരര്‍ത്ഥത്തില്‍ ജീവനും സമയവും ഒന്ന് തന്നെ ..അതായത് ജീവന്‍ ചലനവും , ചലനം സമയവും ആകുന്നു - സമയമില്ലെങ്ങില്‍ - നിശ്ചലാവസ്ഥയില്‍ ചലനമില്ല - ജീവനില്ല - ചിന്തകളോ തോന്നലുകാലോ വികാരങ്ങളോ ഇല്ല - സ്ടാച്യൂ !!!!! ഹ ഹ !

"മാറ്റമില്ലാത്തത് ഒന്നുണ്ടെങ്കില്‍ അത് മാറ്റമാണ് "എന്ന "നിത്യ സത്യാ വാക്യം "(അങ്ങനെ പേരില്‍ ഒന്നുണ്ടോ എന്തോ ;-)) സമയം എന്നാ യധാര്ത്യത്തെ കുറിക്കുന്നു . സമയമുല്ലിടത്തോളം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇരിക്കും . മറിച്ചു പറഞ്ഞാല്‍ മാറ്റത്തിന്റെ തോതത്രേ സമയം !

സമയം അതിന്റെ ഗ്രാഫില്‍ ഒരേ മനുഷ്യനെ തന്നെ പലയിടങ്ങളില്‍ പലതായി അടയാലപ്പെടുത്തുന്നുവത്രേ ! തിരിച്ചു ആപേക്ഷികമായി മനുഷ്യന്‍ അതിനെ കാണുന്നത് വിവിധ സമയങ്ങളിലെ വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ എന്നാ നിലക്കായിരിക്കും ..

സാമൂഹ്യമായ ഇടപെടല്‍ , സമയത്തെ അപഹരിക്കുകയാണോ , സമയത്തെ ഉപയോഗപ്പെടുതുകയാണോ എന്നത് ഒരാളുടെ സമൂഹ്യ ബോധം എത്ര മാത്രം വികസിതമാണ് എന്നതിനെ ആശ്രയിച്ചിരിക്കും . താന്‍ മട്ടുല്ലവര്‍ക്കൊത്ത് ചിലവഴിക്കുന്ന സമയം , തന്റെ ത്യാഗം എന്നതിനപ്പുറം തന്റെ നേട്ടമാണ് എന്നാ ബോധം ഉദിക്കയാന്നെകില്‍.. നല്ലത് --

ഭാവിയില്‍ അങ്ങനെ സംഭവിക്കുമായിരിക്കും - എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ! ഹ ഹ !

വളരെ നല്ല ലേഖനം എച്മു , താങ്കള്‍ അല്പം മേലയാണ് - ചിന്തകളും എഴുത്തും .. ഏറെ പ്രതീക്ഷയുണ്ട് ! തുടരുക .! ആകെ ഉള്ള സമയം വെറുതെ കളയല്ലേ ..!! ;-)Posted by ChethuVasu to Echmuvodu Ulakam / എച്മുവോട് ഉലകം at March 1, 2012 11:40 PM

ഈ കമന്റ് എന്തുകൊണ്ടോ ബ്ലോഗിൽ വന്നില്ല. അത് കോപ്പി പേസ്റ്റ് ചെയ്യുന്നു.

Echmukutty said...

നീലേഷിനു സമയം കിട്ടട്ടെ എന്നാഗ്രഹിയ്ക്കുന്നു.
പഥികൻ സമയം പാഴാക്കരുത്. കൂടുതൽ നാടുകൾ ചുറ്റി കൂടുതൽ കുറിപ്പുകൾ കൂടുതൽ വേഗത്തിൽ എഴുതണം.
ചെത്തു വാസുവിന്റെ കമന്റ് എങ്ങും പോയില്ല, അത് വീണ്ടെടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.സുപ്രതീക്ഷകൾ ഞാനും പങ്കുവെച്ചുകൊള്ളുന്നു. ത്യാഗം നേട്ടമാണെന്ന് എല്ലാവരും കരുതുന്ന കാലത്തെക്കുറിച്ചുള്ള സുപ്രതീക്ഷ....
ദേജാവൂ ആദ്യമാണല്ലേ? സ്വാഗതവും നന്ദിയും കേട്ടൊ. ഇനിയും വരിക.
സുകന്യ വന്നതിലും സന്തോഷം. ഇനിയും വരുമല്ലോ.

മുകിൽ said...

ഇങ്ങനെയൊക്കെ വിചാരിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം എല്ലാം പിന്നിൽ ഉപേക്ഷിച്ച്, പലപ്പോഴും ആരോടും ഒന്നും പറഞ്ഞേൽ‌പ്പിയ്ക്കാൻ പോലുമാകാതെ “സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്നു…..“

ഇലഞ്ഞിപൂക്കള്‍ said...

ചിലപ്പോ തോന്നും ഒന്നിനും സമയമില്ലാന്ന്,, മറ്റുചിലപ്പോ ഒരുപാട് സമയം.. എന്തായാലും സമയമാം രഥത്തില് യാത്രയിലാണ്‍, സ്വര്‍ഗ്ഗത്തിലേക്ക് തന്നെയെന്ന വിശ്വാസത്തില്..

നല്ല പോസ്റ്റ്..

കൈതപ്പുഴ said...

വളരെ നല്ല പോസ്റ്റ്

Unknown said...

മാധ്യമത്തില്‍ വായിച്ചിരുന്നു നന്നായി

A said...

സത്യത്തില്‍ ഈ പോസ്റ്റ്‌ പോലും വായിക്കാന്‍ സമയമില്ലാത്ത ഒരു അവസ്ഥയിലാണ് ഞാന്‍. മാറിയ ജോലി സാഹചര്യം കാരണം.വായിച്ചു തുടങ്ങിയപ്പോള്‍ സമയം പോവുന്നിടത്തേക്ക് പോവട്ടെ മുഴുവന്‍ വായിക്കാം എന്ന് വെച്ചു. നമുക്ക് priority management അടിസ്ഥാനത്തിലുള്ള സമയബോധമോ ഉറച്ച നിലപാടോ ഇല്ലാത്തതാണ് പ്രശ്നം. അതാണ്‌ എന്റെ പ്രശ്നം.
ലേഖനം ഏറെ ചിന്തിപ്പിക്കുന്നതും വെളിച്ചം നല്‍കുന്നതും തന്നെയാണ്.

Junaiths said...

ഒന്നും ചെയ്യാനില്ലാത്തവർക്കാണു ഒന്നിനും സമയം തികയാത്തതു...

Echmukutty said...

അങ്ങനെയല്ലേ മുകിൽ? വന്നതിൽ വലിയ സന്തോഷം.
ഇലഞ്ഞിപ്പൂക്കളെ കണ്ട് സന്തോഷിയ്ക്കുന്നു.
കൈതപ്പുഴയ്ക്കും സുനിലിനും നന്ദി.
സലാം മുഴുവൻ വായിച്ച് അഭിപ്രായം എഴുതിയതിൽ വലിയ സന്തോഷം..
ജുനയിതിനും നന്ദി.

ഭാനു കളരിക്കല്‍ said...

എന്നേ പോലെ ഉള്ള കുഴി മടിയന്മാര്‍ക്ക് തലക്കിട്ടു തന്ന കിഴുക്കാണ് ഈ പോസ്റ്റ്. എന്നിട്ടും ദേ ഉറക്കം തൂങ്ങി ഇരുപ്പാണ്. ഒച്ചും എന്നെ കടന്നു പോയി. ആഹാ അങ്ങനെ വേഗക്കുറവില്‍ എന്നെ ജയിക്കാം എന്നു ആരും മോഹിക്കണ്ട. വരട്ടെ സമയത്തിന്റെ രഥം വന്നു എന്നെ കൊണ്ടുപോകട്ടെ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയൊക്കെ പണിയുടെ കാര്യത്തിൽ തന്നെ ഇന്നത് ഇന്ന പോലെ ചെയ്താൽ ഇത്ര നേരം കൊണ്ട് തീരുമെന്നൊരുകണക്കുണ്ട്..
പിന്നെ മണിക്കൂറിന് പണിയെടുക്കുന്നതിന്റെ അനുസരച്ച് വേതനമായതിനാൽ ,ആരുടേയും സമയം പോകാതെ അതാത് സമയത്ത് തന്നെ ,മറ്റൊരുവന്റെ സമയം അപഹരിക്കാതെ തന്നെ എല്ലാം ആതാത് സമയത്ത് നടന്നുകൊണ്ടിരിക്കുന്നതിനാൽ ...
‘ഏറ്റവും വിലകൂടിയ വസ്തു സമയം തന്നെയാണെന്ന് ‘
ഇവിടത്തുക്കാർക്കറിയാം.

പക്ഷേ നമ്മുടെയവിടെയൊക്കെ നിർഭാഗ്യവശാൽ നമ്മിൽ അധികം പേരും എന്നും ഒച്ചിനോട് മത്സരിച്ചുകൊണ്ടിരിയ്ക്കുന്നു! നാഴികമണിയുടെ ഓരോ ചലനത്തിലും അയ്യോ! നേരം പോയെന്ന് കരയുന്നു. നമ്മുടേത് എന്ന് കിറുകൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവൃത്തികൾ പോലും മുഴുവനാക്കാൻ സാധിയ്ക്കാതെ ലോകത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നു...

വേണമെന്നുണ്ടെങ്കിൽ ചക്കയെ വേരിൽമേലും കായ്പ്പിക്കാം കേട്ടൊ കൂട്ടരെ

capilan said...

ആശംസകള്‍ ...ഇനിയും വരാം

Echmukutty said...

അപ്പോ ഭാനു മടിയനാണോ? ഭയങ്കര അധ്വാനിയാണെന്നാ ഞാൻ വിചാരിച്ചിരുന്നത്.
മുരളീ ഭായ് വന്നില്ലല്ലോന്ന് വിചാരിച്ചു.
Capilan വന്നതിൽ സന്തോഷം.ഇനിയ്ം വരിക.

സുധി അറയ്ക്കൽ said...

കുറേ പ്രാവശ്യം വായിച്ചു.

വായിച്ച്‌ കഴിഞ്ഞപ്പോൾ മനസിനൊരു സമാധാനം.