Sunday, April 8, 2012

വൈദ്യന്റെ മരുന്നു കുറിപ്പടിയല്ല സത്യസന്ധത


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മാർച്ച് 9 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.

ഓട്ടോ റിക്ഷക്കാരെപ്പറ്റി പരാതിയില്ലാത്തവർ വളരെക്കുറച്ചു മാത്രമേയുള്ളൂ . പെരുമാറ്റത്തിലെ മര്യാദകേട്, സാധിയ്ക്കുമ്പോഴെല്ലാം ഈടാക്കുന്ന അധികച്ചാർജ്ജ്, ഉണ്ടെങ്കിൽ തന്നെ കേടായതും പലപ്പോഴും ഇല്ലാത്തതുമായ മീറ്ററുകൾ, യാത്രയ്ക്ക് വിളിച്ചാൽ വരാനുള്ള വൈമനസ്യം, സ്ത്രീകൾ തനിച്ചാവുമ്പോൾ ചിലപ്പോഴൊക്കെ അശ്ലീല ഭാഷണം……അങ്ങനെ അവസാനമില്ലാത്ത പരാതികളാണ്. എന്തായാലും ഓട്ടൊ വിളിയ്ക്കാൻ തുടങ്ങുമ്പോൾ ഓട്ടോക്കാരൻ  മര്യാദക്കാരനാവണേ എന്നൊരു പ്രാർഥനയും ആഗ്രഹവും മനസ്സിലുണ്ടാവാറുണ്ട് എന്നതൊരു സത്യമാണ്.

കഴിഞ്ഞ ദിവസം അല്പം നീണ്ട ഒരു യാത്രയ്ക്കായി, ഉൾപ്രദേശത്തേയ്ക്ക്  പോവില്ല എന്ന് നാലഞ്ചു ഓട്ടോക്കാർ ശഠിച്ച ശേഷം പ്രത്യക്ഷപ്പെട്ട ഓട്ടോയ്ക്ക് കൈ കാണിയ്ക്കുമ്പോൾ പോവില്ല എന്ന ഉത്തരം തന്നെയാണ് പ്രതീക്ഷിച്ചത്. ആ ഓട്ടോക്കാരൻ സമ്മതിച്ചുവെന്ന് മാത്രമല്ല, വളരെ കൃത്യമായി ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥനെ പോലെ മീറ്റർ പ്രവർത്തിപ്പിയ്ക്കുകയും ചെയ്തു.  ഓടാത്ത മീറ്ററും ഓടുമെങ്കിൽ തന്നെ അത് പ്രവർത്തിപ്പിയ്ക്കാൻ താല്പര്യമില്ലാത്ത ഡ്രൈവറുമാണല്ലൊ സാധാരണ പതിവ്. അതുകൊണ്ട് ഈ ഓട്ടോക്കാരന്റെ ചടുലമായ ആ ചുമതലാബോധം കണ്ട്  ആംഗലേയത്തിൽ പറഞ്ഞാൽ “ഐ വാസ് ടോട്ട്ലി ഇംപ്രസ്സ്ഡ്“

ഓട്ടോയ്ക്കകത്ത്  ഒരു കലണ്ടറും ക്ലോക്കുമുണ്ടായിരുന്നു. ഓട്ടോക്കാരെക്കുറിച്ചുള്ള പരാതികൾ വിളിച്ചു പറയാനുള്ള നമ്പറിനൊപ്പം വനിതാ ഹെല്പ് ലൈനും ചൈൽഡ് ഹെല്പ് ലൈനും ഉൾപ്പടെയുള്ള പ്രധാനപ്പെട്ട എമർജൻസി നമ്പറുകളും ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു.  “ആളുകൾക്ക് നിങ്ങളെക്കുറിച്ചും പരാതിപ്പെടാൻ സൌകര്യമാവില്ലേ“ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. “ പരാതിയും യാത്രക്കാരുടെ അവകാശമാണ് ചേച്ചീ ” 

വണ്ടി ഓടിയ്ക്കുന്നവരും ഓടിയ്ക്കാത്തവരും അല്ലെങ്കിൽ റോഡുപയോഗിയ്ക്കുന്ന എല്ലാവരും ഒരുപോലെ പഠിയ്ക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും അജ്ഞനും അഹങ്കാരിയും അക്ഷമനും വണ്ടിയോടിയ്ക്കാൻ പാടില്ലാത്തതിനെക്കുറിച്ചും അയാൾ പറഞ്ഞു തന്നു. അയാൾ ഡ്രൈവിംഗ് പഠിപ്പിച്ച വിദ്യാർത്ഥികളെപ്പറ്റി സംസാരിച്ചു. ലൈസൻസുണ്ടെങ്കിലും വണ്ടിയോടിയ്ക്കാൻ കഴിയാത്ത അതിപേടിയെക്കുറിച്ച് ഞാനും പറയാതിരുന്നില്ല.  അങ്ങനെ സംസാരിച്ചതുകൊണ്ടാണു കളഞ്ഞ് കിട്ടിയ രൂപയും മൊബൈൽ ഫോണും ഭാരിച്ച സ്വർണ്ണാഭരണങ്ങളും ഉടമയ്ക്ക് തിരിച്ചേൽ‌പ്പിച്ച സത്യസന്ധനായ ഓട്ടോക്കാരനെ പരിചയമായത്. സ്വർണ്ണത്തിന്റെയും രൂപയുടേയും പ്രലോഭനത്തെ അതിജീവിച്ചതെങ്ങനെയെന്ന് പറയുകയായിരുന്നു അയാൾ. അത്ര ധനികനൊന്നുമല്ല, പണം അയാളെ സംബന്ധിച്ചും വളരെ അത്യാവശ്യമായ ഒരു വസ്തു തന്നെയാണ്. ഒരു ഡോക്ടറും അയാൾക്ക് സത്യസന്ധത നിർബന്ധമായും വേണമെന്ന മരുന്നു കുറിപ്പടി എഴുതിക്കൊടുത്തിട്ടുമില്ല. എന്നിട്ടും .

പലതരം സത്യസന്ധരുണ്ടെന്ന് അയാൾ ചിരിച്ചു. അന്യരുടേതൊന്നും  തന്നെ കൈവശപ്പെടുത്താൻ യാതൊരു അവസരവുമില്ലെങ്കിൽ സത്യസന്ധരാകുന്നവരാണ് ചിലർ. പോലീസിനെയും കോടതിയേയും ഭയക്കുന്നതുകൊണ്ട് ഹരിശ്ചന്ദ്രനാകുന്നവരുമുണ്ട്. പിടിയ്ക്കപ്പെട്ടാൽ അതുവരെ നല്ലവനെന്ന് ധരിച്ചവരെല്ലാം കള്ളനെന്ന് തിരുത്തിപ്പറയില്ലേ എന്ന പേടിയിലും ചിലർ സത്യവാന്മാരാകാറുണ്ട്. ഈ നിർബന്ധിത സത്യസന്ധതയാവട്ടെ അസഹനീയമായ മനോവേദന മാത്രമേ തരികയുള്ളൂ. അയ്യോ! ആ പണം എടുക്കാമായിരുന്നു, എത്ര കാര്യങ്ങൾ നടക്കുമായിരുന്നു എന്ന ആഗ്രഹചിന്തയിൽ മനം നിത്യവും ഉലഞ്ഞു പോകും. 

സ്വന്തമല്ലാത്ത അദ്ധ്വാനം അത് പണമോ, വസ്തുക്കളോ, ബുദ്ധിയോ, കഴിവോ, നിലപാടുകളോ, ആശയങ്ങളോ എന്തുമാവട്ടെ കൈവശപ്പെടുത്തി നമ്മുടെ എന്ന മട്ടിൽ ഉപയോഗിയ്ക്കുന്നത് കള്ളത്തരമാണ്. എന്തുമാത്രം അവസരങ്ങൾ കിട്ടിയാലും ആരും തന്നെ കള്ളത്തരം കണ്ടു പിടിയ്ക്കുകയില്ലെന്ന് ഉറപ്പുണ്ടെങ്കിലും സൽ‌പ്പേരിന് ഒരു കുറവും വരില്ലെങ്കിലും കള്ളത്തരം ആലോചിയ്ക്കാൻ പോലും തുനിയാത്തവരായിരിയ്ക്കും ശരിയ്ക്കുമുള്ള സത്യസന്ധരെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ടാവണം  സത്യം  ഇത്രമാത്രം കുറഞ്ഞു കുറഞ്ഞ് ഒരു അപൂർവ വസ്തുവായി പോയതും. തന്നെയുമല്ല ഒരു ലോട്ടറി കിട്ടുമ്പോലെ പെട്ടെന്നുള്ള പ്രതിഫലമോ നേട്ടമോ പ്രശസ്തിയോ സത്യത്തിൽ നിന്ന് നമുക്ക് കിട്ടുകയുമില്ലല്ലോ. 

യാത്രയുടെ അവസാനത്തിൽ മീറ്ററിൽ തെളിഞ്ഞ തുക മാത്രം മേടിയ്ക്കവേ, അയാൾ സ്വന്തം വാക്കുകൾ ഇങ്ങനെ ഉപസംഹരിച്ചു. “വണ്ടിയോടിയ്ക്കാൻ ചേച്ചിയ്ക്ക് പേടിയാകുന്നതല്ല,  സത്യം. ജീവിയ്ക്കാൻ ചേച്ചിയ്ക്കതിന്റെ ആവശ്യമില്ല. എന്നെപ്പോലെ ഒരാൾക്ക് പേടിയായതുകൊണ്ട് വണ്ടി ഓടിയ്ക്കാതിരിയ്ക്കാൻ പറ്റുമോ?“ 

നിലപാടുകളുടെ സത്യസന്ധത എന്താവണമെന്ന സൂര്യവെളിച്ചമായിരുന്നു ആ വാക്കുകൾ. പട്ടിണിക്കാരാണ് വിശപ്പിന്റെ സത്യമറിയുന്നത്. പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച്  പ്രത്യേക ഭക്ഷണം തെരഞ്ഞെടുക്കാൻ സാധിയ്ക്കുന്നവരല്ല. ഉടുക്കാനില്ലാത്തവരാണ് നഗ്നതയുടെ സത്യമറിയുന്നത്. ഫാഷനോ പരിഷ്ക്കാരത്തിനോ ആചാരത്തിനോ വേണ്ടി തുണി ഉപയോഗിയ്ക്കുന്നവരല്ല. നിർഭാഗ്യവശാൽ ഭക്ഷണം തെരഞ്ഞെടുക്കാനും  തുണി എന്തിനൊക്കെയാവാം എന്ന് തീരുമാനിയ്ക്കാനും സാധിയ്ക്കുന്നവരുടെ, അല്ലെങ്കിൽ അതുപോലെയുള്ളവരുടെ, മാത്രമാണ് ലോകമെന്ന തെറ്റിദ്ധാരണയിലാണ് നമ്മളിൽ അധികം പേരും ജീവിയ്ക്കുന്നത്. അതുകൊണ്ടു തന്നെ ശരിയായ പ്രവൃത്തികൾ ചെയ്യുന്നതിലും അധികം, നമുക്ക്  ശ്രദ്ധ അവ എന്തുകൊണ്ട് ചെയ്തില്ല എന്നതിന്റെ ന്യായങ്ങൾ തേടിക്കണ്ടുപിടിച്ച് അവതരിപ്പിയ്ക്കുന്നതിലാണ്. ചെറുതും വലുതുമായ നമ്മുടെ  എല്ലാ കള്ളത്തരങ്ങളേയും വിശ്വസനീയമായി സത്യമെന്ന് പ്രകടിപ്പിയ്ക്കുന്നതിലാണ്.

അന്നുച്ചയ്ക്ക് സത്യസന്ധത  മറ്റൊരു ഉജ്ജ്വലമായ മുഖവുമായി എന്റെ വീട്ടിൽക്കയറി വന്നു. സ്ഥിരമായി പച്ചക്കറികൾ തന്നിരുന്ന ഒരമ്മൂമ്മയുണ്ടായിരുന്നു. രണ്ടു കാലിലും നിറയെ നീരും തലയിൽ എടുത്താൽ പൊങ്ങാത്ത ഭാരവുമായി ജീവിതത്തെ നേരിട്ടിരുന്ന ഒരു അമ്മൂമ്മ.  കൊച്ചുമക്കളെ പോറ്റാനാണ് വയസ്സുകാലത്ത് അമ്മൂമ്മ പാടുപെട്ടിരുന്നത്. ചില്ലറയില്ല്ലാതിരുന്ന ഒരു ദിവസം കുറച്ച് പണം എനിയ്ക്ക് തരാൻ ബാക്കി വെച്ച് അവർ പോയി. പിന്നീട് ഒരു വർഷമായിട്ടും അവർ ഒരിയ്ക്കൽ പോലും വന്നില്ല. രൂപ നഷ്ടമായല്ലോ എന്ന ഖേദത്തിൽ എന്റെ പിടിപ്പുകേടിനെ ഞാൻ കുറച്ചു കാലം പഴിച്ചു. പിന്നെ ആ രൂപയും അമ്മൂമ്മയും പതുക്കെപ്പതുക്കെ വിസ്മൃതിയിലായി. എനിയ്ക്ക് മറ്റൊരു പച്ചക്കറിക്കാരി ഉണ്ടാവുകയും ചെയ്തു.

അതുകൊണ്ടാണ് അമ്മൂമ്മയുടെ കൊച്ചു മകൾ വലിയ വട്ടിയുമേന്തി വന്നപ്പോൾ ഞാൻ വിലക്കിയത്. എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. “എന്റെ അമ്മൂമ്മ ചേച്ചിയ്ക്ക്  എഴുപത്തഞ്ചു രൂപ തരാനുണ്ട്. അമ്മൂമ്മ കിടപ്പായിപ്പോയി. ഞാനാണിപ്പോൾ ജോലി ചെയ്യുന്നത്. രൂപയായിട്ട് തരാനിപ്പോൾ എന്റെ പക്കലില്ല, ചേച്ചി ആവശ്യമുള്ള പച്ചക്കറികൾ എടുത്തോളൂ.“ 

2ജി സ്പെക്ട്രം അഴിമതി പോലെയുള്ള കാക്കത്തൊള്ളായിരം കള്ളത്തരങ്ങളെ കുറിച്ച് പേജുകൾ വായിച്ചു കൂട്ടുന്ന, ടി വി ചാനലുകൾ കണ്ട് കണ്ണ് പുളിയ്ക്കുന്ന ഞാൻ അമ്പരന്നു നിന്നു. പച്ചക്കറികൾ എന്റെ മുൻപിൽ വെച്ച ശേഷം സത്യം പോലെ കത്തിനിൽക്കുന്ന ഉച്ചവെയിലിലേയ്ക്ക് തലയിലെ കനത്ത ചുമടുമായി അവൾ ഇറങ്ങിപ്പോയി.

സത്യസന്ധതയുടെ ഒരിയ്ക്കലും മങ്ങാത്ത ഈ തിളക്കത്തെക്കുറിച്ച്  നമ്മുടെ കുട്ടികളോട്  നമ്മളല്ലാതെ വേറെ ആരാണ് സംസാരിയ്ക്കേണ്ടത്? അതിനുള്ള ശരിയായ പ്രാപ്തിയും അവകാശവും  ആർജ്ജിയ്ക്കേണ്ട ചുമതല മുതിർന്നവരായ നമ്മുടേതല്ലേ?


55 comments:

മുകിൽ said...

തീര്‍ച്ചയായും നമ്മള്‍ തന്നെയാണു പറയേണ്ടത്. ഇങ്ങനെത്തന്നെയാണു പറയേണ്ടത്..

Echmukutty said...

ആഹാ! മുകിലാണോ ആദ്യം വലതു കാലു വെച്ച് കയറി വന്നത്........സന്തോഷം കേട്ടോ, മുകിലേ..

ജന്മസുകൃതം said...

സത്യസന്ധതയുടെ ഒരിയ്ക്കലും മങ്ങാത്ത ഈ തിളക്കത്തെക്കുറിച്ച് നമ്മുടെ കുട്ടികളോട് നമ്മളല്ലാതെ വേറെ ആരാണ് സംസാരിയ്ക്കേണ്ടത്? അതിനുള്ള ശരിയായ പ്രാപ്തിയും അവകാശവും ആർജ്ജിയ്ക്കേണ്ട ചുമതല മുതിർന്നവരായ നമ്മുടേതല്ലേ?

തീര്‍ച്ചയായും.

vettathan said...

സത്യസന്ധത കുടുംബത്തില്‍ നിന്നു കിട്ടേണ്ട ഒരു ഗുണമാണ്.അധ്വാനത്തിന്‍റെ മഹത്വവും,സത്യസന്ധതയും വീട്ടില്‍നിന്ന് പഠിച്ചില്ലെങ്കില്‍ പിന്നെ അതിനു സാധ്യത കുറവാണ്.എച്മു പറഞ്ഞതുപോലെ എല്ലാ സത്യസന്ധരും അങ്ങിനെയല്ല.ഭീരുക്കളെയും അവസരമില്ലാത്തവരെയും നമ്മള്‍ പുണ്യവാന്‍മാരായി കൊണ്ടാടാറുണ്ട്.(ഈ വിഷയത്തില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചതാണ്.പോട്ടെ)

Manoraj said...

വണ്ടിയോടിയ്ക്കാൻ ചേച്ചിയ്ക്ക് പേടിയാകുന്നതല്ല, സത്യം. ജീവിയ്ക്കാൻ ചേച്ചിയ്ക്കതിന്റെ ആവശ്യമില്ല. എന്നെപ്പോലെ ഒരാൾക്ക് പേടിയായതുകൊണ്ട് വണ്ടി ഓടിയ്ക്കാതിരിയ്ക്കാൻ പറ്റുമോ?“

ചുമ്മാ എഴുത്തുകാരിയാണെന്നൊക്കെ പറഞ്ഞിട്ട് എന്തോ കാര്യം.. ഇതൊക്കെ പറഞ്ഞു തരാന്‍ നല്ല ആണ്‍പിള്ളാര്‍ വേണ്ടിവന്നു:)
സത്യമാണ്. നമ്മുടെ പേടിയേക്കാള്‍ അതിന്റെ ആവശ്യകതയാണ് നമ്മെക്കൊണ്ട് അത് ചെയ്യിക്കുന്നത്. സമയക്കുറവ് കൊണ്ട് പലകാര്യങ്ങളോടും പുറംതിരിഞ്ഞു നിന്നിട്ടുള്ളവനാണ് ഞാന്‍. ദേ ഇപ്പോള്‍ സമയക്കൂടുതല്‍ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ :) കാലം നമ്മെ നോക്കി കൊഞ്ചനം കുത്തുമ്പോള്‍ വിഢിച്ചിരിച്ചിരിച്ചിരിക്കാം അല്ലേ.. (എന്തൊക്കെയോ കമന്റായി എഴുതിയെന്ന് തോന്നലില്ല. എഴുതിയത് മുഴുവന്‍ വ്യക്തമാണ്. അത് എച്മുവിന് മനസ്സിലായെന്നും അറിയാം :) }

jayanEvoor said...

നല്ല കുറിപ്പ്.

ലോകം എക്കാലത്തും ഇങ്ങനെയായിരുന്നു, എച്ച്മൂസ്....

സത്യസന്ധർ വളരെക്കുറവും നമ്മളെപ്പോലുള്ളവർ ഏറെക്കൂടുതലും!

എങ്കിലും കഴിയുന്നത്ര നല്ലതു ചെയ്യാനും, കുറഞ്ഞപക്ഷം അവനവനോടെങ്കിലും സത്യസന്ധത പുലർത്താനും ശ്രമിക്കാം, നമുക്ക്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
Harinath said...

‘നിർബന്ധിത സത്യസന്ധർ’ - മനസ്സുകൊണ്ടു പാപം ചെയ്തവർ. അല്ലേ ? മനസ്സുകൊണ്ട് എന്തെല്ലാം തെറ്റ് ചെതിട്ടുണ്ടാവും... ഒരിക്കൽ ചെയ്തികളായി പുറത്തുവരുന്ന എല്ലാ തെറ്റുകൾക്കും ഉത്തരവാദി ആ മനസ്സല്ലേ...

അവതാരിക said...

എന്താണ് കുട്ടൂസ്സേ . പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഇമെയില്‍ അയക്കണമെന്ന പ്രോമിസ് മറന്നു പോയോ ??

അപ്പൊ അത്ര കാലം മറന്നത് കൊണ്ടല്ല ; പണം ഇല്ലാത്തതിനാലാണ് പൈസ തിരിച്ചു തരാഞ്ഞത് എന്നോര്‍ത്തപ്പോള്‍ ഒരു നൊമ്പരം ഇപ്പോളും മനസ്സില്‍ ബാക്കിയായി കിടക്കുന്നു

ഒരില വെറുതെ said...

അറിയാതെ, ആരും ശ്രദ്ധിക്കാതെ ഒരു പാട്
നല്ല മനുഷ്യര്‍ ഇപ്പോഴും നമുക്കിടയില്‍.
ഈ ചീഞ്ഞ കാലത്തിന് ചേരാത്ത വണ്ണം.


നന്നായെഴുതി, എച്ച്മു.
ആ തലക്കെട്ട് പക്ഷേ, അത്ര പോരാ.

mattoraal said...

എച്മു, നന്മയും സത്യവും അപൂര്‍വമാകുന്ന ലോകത്ത് അതിനെ കുറിച്ച് എഴുതുന്നതും നന്മ തന്നെ ..(ചെപ്പില്‍ കണ്ടിരുന്നു ) സ്നേഹപൂര്‍വ്വം ...മറ്റൊരാള്‍

കൊമ്പന്‍ said...

ഇത് നേരെത്തെ തന്നെ ചെപ്പില്‍ നിന്ന് വായിച്ചിരുന്നു
അത് പോലെ ഉള്ള ആളുകള്‍ ഭൂമിയില്‍ കുറഞ്ഞു കൊണ്ടിരിക്കുക ആണ്
വളരെ ഹൃദയ സ്പര്‍ശി ആയി എയുതി

വീകെ said...

‘വണ്ടിയോടിയ്ക്കാൻ ചേച്ചിയ്ക്ക് പേടിയാകുന്നതല്ല, സത്യം. ജീവിയ്ക്കാൻ ചേച്ചിയ്ക്കതിന്റെ ആവശ്യമില്ല.’

വളരെ വലിയ ഒരു സത്യം...
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
അതേ.. വേണമെങ്കിൽ...!
ശരിക്കും സത്യത്തിനു കൂമ്പുണ്ടോ....?
അതോ കൂമ്പുള്ള സത്യം നാം തിരിച്ചറിയാ‍ഞ്ഞിട്ടോ...

ആശംസകൾ...

കൊച്ചു കൊച്ചീച്ചി said...

എന്റെ കുട്ടി 'സത്യം, നീതി, അഹിംസ' എന്നു മന്ത്രിച്ചുകൊണ്ടുനടക്കുന്ന ഒരു വിഡ്ഢിയാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതിനൊക്കെ അതിന്റേതായ സ്ഥാനമുണ്ട്, ശരിതന്നെ. പക്ഷേ അതുമാത്രമല്ല ജീവിതം.

ഇതിനൊക്കെ വേണ്ടിയാണ് ഭഗവത് ഗീത അരുളപ്പെട്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു. ധര്‍മ്മസംസ്ഥാപനം, കര്‍മ്മം ഇവയാണ് മുഖ്യം. അതിനായി ദുര്യോധനന്റെ തുടയ്ക്കടിക്കേണ്ടിവരും, ദ്രോണരോടു നുണപറയേണ്ടിവരും, ഭീഷ്മര്‍ക്കു മുന്നില്‍ ശിഖണ്ഡിയെ നിര്‍ത്തേണ്ടിവരും, നിരായുധനായ കര്‍ണ്ണനെ അമ്പെയ്തുവീഴ്ത്തേണ്ടിവരും.

ഉദ്ദേശശുദ്ധിയും ലക്ഷ്യബോധവും മനക്കരുത്തും ഉള്ള ഒരു മകനെയാണ് ഭാവിയില്‍ എനിക്കു വേണ്ടത്.

പട്ടേപ്പാടം റാംജി said...

എന്തിന് വെറുതെ എന്ന് ചിന്തിക്കുന്നിടത്താണ് എല്ലാം തല കീഴാകുന്നത്. അത്തരം ചിന്തകളാണ് ഇന്ന് മുന്നിട്ടു നില്‍ക്കുന്നത്‌. പറയേണ്ട സമയത്ത്‌ ചൊല്ലിക്കൊടുക്കാന്‍ സമയമില്ലാതാകുമ്പോള്‍ പിന്നീട് അത് കേള്‍ക്കാനുള്ള മനസ്സ്‌ നഷ്ടപ്പെട്ടിരിക്കും.

നല്ല പറച്ചില്‍.

Cv Thankappan said...

ഉല്‍കൃഷ്ട സന്ദേശം ഉദ്ഘോഷിക്കുന്ന
മനോഹരമായ പോസ്റ്റ്.
സത്യധര്‍മ്മാദികള്‍ക്ക് മുല്യചോഷണം
സംഭവിച്ചത് ഇന്നത്തെ തലമുറയുടെ
ദുരാഗ്രഹവും,ആര്‍ത്തിയും മൂലമാണ്.
ബാലമനസ്സുകളില്‍ കുത്തിച്ചെലുത്തുന്നത്
ഏതുമാര്‍ഗത്തിലൂടെയായാലും ഒന്നാമനാകാനും,വെട്ടിപ്പിടിക്കാനുംവേണ്ടഉപദേശങ്ങളും,നിര്‍ദ്ദേശങ്ങളുമാണ്.
മഹത്തായ സദ്മൂല്യങ്ങള്‍ക്കൊന്നും
കുട്ടികളുടെ മനസ്സില്‍സ്ഥാനംകൊടുക്കില്ല.
നന്മ ചെയ്താല്‍ സ്വര്‍ഗവും,പാപം
ചെയ്താല്‍ നരകവും എന്നത് പഴമ.
അതിന്‍റെ വര്‍ണ്ണനകളും!.അതിവിടെ
തന്നെ ലഭിക്കുന്നില്ലേ! കുട്ടികളുടെ
സ്വഭാവരൂപീകരണത്തില്‍ വായനയും
നല്ലൊരു പങ്കു വഹിക്കുന്നു. പിന്നെ
ഉത്തമ മാര്‍ഗ്ഗങ്ങളിലേക്ക് നയിക്കുന്ന
അദ്ധ്യാപകരും,വിദ്യാലയങ്ങളും.
vettathan സാര്‍ പറഞ്ഞപോലെ
കുടുംബത്തില്‍ നിന്നും കിട്ടേണ്ട
ഗുണങ്ങളാണ്‌ ഇതെല്ലാം.എങ്കില്‍
ആ സുഗന്ധം സര്‍വ്വയിടത്തും
പ്രസരിക്കും.തീര്‍ച്ച.സദ് വിചാരങ്ങള്‍
ബാലമനസ്സുകളില്‍ സന്നിവേശിപ്പിച്ച്......
ആശംസകള്‍

സേതുലക്ഷ്മി said...

കുട്ടികളുടെ ഇളം മനസ്സില്‍ പതിയുന്നവ ജീവിതകാലം മുഴുവന്‍ നില നില്‍ക്കും. മൂല്യങ്ങളെക്കുറിച്ചു വീട്ടില്‍ നിന്ന് കിട്ടുന്ന ഉപദേശം അവര്‍ ഒരിക്കലും വിട്ടുകളയില്ല.
നല്ല ലേഖനം,എച്മു.

Gopakumar V S (ഗോപന്‍ ) said...

സത്യസന്ധതയും ആത്മാർത്ഥതയും സാധാരണക്കാരിൽ സാധാരണക്കാരിലേയ്ക്ക് ചുരുങ്ങുന്നുവോ?

“വണ്ടിയോടിയ്ക്കാൻ ചേച്ചിയ്ക്ക് പേടിയാകുന്നതല്ല, സത്യം. ജീവിയ്ക്കാൻ ചേച്ചിയ്ക്കതിന്റെ ആവശ്യമില്ല. എന്നെപ്പോലെ ഒരാൾക്ക് പേടിയായതുകൊണ്ട് വണ്ടി ഓടിയ്ക്കാതിരിയ്ക്കാൻ പറ്റുമോ?“ ഈ വാക്കുകൾ സൃദയസ്പർശിയായി...ആശംസകൾ

mini//മിനി said...

എട്ട് മിനിട്ട് നടക്കാവുന്ന ദൂരമേയൂള്ളു ടൌണിൽ നിന്ന് എന്റെ വീട്ടിലേക്ക്,,, അത്യാവശ്യം വന്നിട്ട് വിളിച്ചാൽ ഓട്ടോ വരില്ല. ടാറിട്ട റോഡുണ്ടെങ്കിലും റോഡിലെ കയറ്റം. അതുകൊണ്ട് എന്റെ നാട്ടിലെ ഓട്ടോക്കാരെക്കുറിച്ച് ഞാനൊന്നും പറയില്ല.

ajith said...

നമ്മുടെ മനസ്സില്‍ സത്യസന്ധതയില്ലാതെ നാം എന്താണ് മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കുക? ടാക്സ് വെട്ടിക്കാന്‍ നമുക്ക മടിയില്ല, കൈക്കൂലി കൊടുത്ത് അന്യായം സാധിച്ചുകിട്ടാന്‍ മടിയില്ല, ഗവണ്മെന്റ് എന്തെങ്കിലും ഒരു സഹായം പ്രഖ്യാപിച്ചാല്‍ കള്ളം പറഞ്ഞും അത് നേടിക്കൊള്ളാന്‍ മടിയില്ല, കള്ളമെഴുതി താഴെ ഒപ്പുവയ്ക്കാന്‍ ഒരു മടിയുമില്ല, ഒരു സങ്കോചവുമില്ലാതെ കള്ളം പറയാം, പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം കൊടുക്കുമ്പോള്‍ നമുക്കും നഷ്ടം വന്നുവെന്ന് പറഞ്ഞ് പരിഹാരം നേടിയെടുക്കാനെന്തൊരു മിടുക്ക്...ഇതൊക്കെ കഴിഞ്ഞ് സത്യസന്ധതയില്ലേയ്, നീതിയില്ലേയ് എന്നും പറഞ്ഞ് തലയില്‍ കൈവച്ചുകൊണ്ട് നിലവിളിക്കാനും ഒരു മടിയുമില്ല. ചുമ്മാതെയല്ല വഴിയില്‍ കിടന്ന് കിട്ടിയ മാല തിരിച്ചേല്പിച്ചതും, ഓട്ടോയില്‍ മറന്നുവച്ച ബാഗ് തിരിയെ കൊടുത്തതുമൊക്കെ വലിയ വാര്‍ത്തയാകുന്നത്. ശരിക്കെന്താണ് വേണ്ടതെന്നാല്‍ ഈവക സംഭവങ്ങള്‍ വാര്‍ത്തയല്ലാതാവുകയും എങ്ങാനും ആരെങ്കിലും വഴിയില്‍ നിന്ന് കിട്ടിയത് മറച്ചുവയ്ക്കുന്നുവെങ്കില്‍ അത് വാര്‍ത്തയുമാകണമായിരുന്നു.

Sidheek Thozhiyoor said...

ഒടുവിലെത്തിയപ്പോള്‍ കണ്ണൊന്നു ഈറനായി , സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് അപൂര്‍വ്വം ചിലര്‍ അത്രേയുള്ളൂ

SHANAVAS said...

കൂരിരുട്ടില്‍ ഇത്തിരി വെട്ടവും ആയി നില്‍ക്കുന്ന ഈ ചെറിയ മനുഷ്യരാണ് സത്യത്തിന്റെ കാവല്‍ ഭടന്മാര്‍.. അവരും കൂടി തീര്‍ന്നാല്‍.. ചിന്തിക്കാന്‍ പോലും കഴിയില്ല.. എച്ച്മുവിന്റെ കയ്യൊപ്പ് പതിഞ്ഞ പോസ്റ്റ്‌.. ആശംസകള്‍..(വണ്ടി ഒന്നും ഓടിക്കേണ്ട.. വല്ലപ്പോഴും തിരുവനന്തപുരത്ത് വരുന്നതാണ്..പേടിച്ചിട്ടാ...)

അഭി said...

നല്ല കുറിപ്പ് ചേച്ചി ..

ആശംസകൾ

പൊട്ടന്‍ said...

സത്യസന്ധതയെക്കുറിച്ച് സത്യസന്ധമായ ലേഖനം. സത്യസന്ധത വെറും "ക്യാഷ്‌" അല്ലെങ്കില്‍ "കൈന്ടില്‍" ഒതുങ്ങുന്നതല്ല എന്നും, ബൌധീകപരമായ, ആശയപരമായ, നിലപാടുകളില്‍ അധിഷ്ടിതമായ, ആശയപരമായ കള്ളത്തരങ്ങളെ എടുത്തു പറഞ്ഞതും പുതുമയുള്ള വായന സമ്മാനിച്ചു. സാഹചര്യങ്ങള്‍ കള്ളനാക്കുന്നത് നമുക്കറിയാം. സത്യസന്ധരാക്കുന്നത് പുതുമയുള്ള കണ്ടുപിടിത്തം. സാമൂഹ്യ മൂല്യതയുള്ള രചനകള്‍ ഇനിയും ഇത് പോലെ ഉണ്ടാകട്ടെ.

പഥികൻ said...

മനോഹരമായ കുറിപ്പ്..രാവിലെ ഇതു വായിച്ച് സന്തോഷം തോന്നി :)

ചന്തു നായർ said...

ഓട്ടോക്കാരുടെ നല്ല സേവനങ്ങളെക്കുറിച്ച് കുഞ്ഞൂസ് മുൻപ് ഒരു ലേഖനം എഴുതിയത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നൂ.....എല്ലാ മേഖലയിലുമുണ്ട് നല്ലവരും,പൊല്ലാത്തവരും...എച്ചുമു പറഞ്ഞപോലെ നമുക്ക് നമ്മളൂടെ മക്കളെ 'സത്യം'എന്ന വലിയകാര്യത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കാം....ഭരിക്കുന്നവർ തന്നെ കരിങ്കള്ളന്മാരാകുമ്പോൾ മറ്റുള്ളവർ പിന്നെ എന്താ ചെയ്ക അല്ലേ? അപ്പത്തിൻ കോലെലി ഭക്ഷിച്ചാൽ അപ്പത്തിൻ കഥയെന്തു താൻ" കുഞ്ചൻ നമ്പ്യാർ പറഞ്ഞത് എത്ര റരി...എച്ച്മുവിനു ഭാവുകങ്ങൾ...

റിനി ശബരി said...
This comment has been removed by the author.
റിനി ശബരി said...

വളരെ പ്രസക്തമായ ചിലത്
ആണ് കൂട്ടുകാരി പങ്ക് വച്ചത് ..
നമ്മുക്കുള്ളില്‍ നിന്നും തോന്നേണ്ട ചിലത് ..
അതെത്ര പറഞ്ഞാലൊ , കാണിച്ചു
കൊടുത്താലൊ ഉണ്ടാക്കി
കൊണ്ടു വരേണ്ടതല്ല തന്നെ ..
നോക്കൂ , എന്തു ഭംഗിയായ് അതു
കാണിച്ചു തന്നിരിക്കുന്നു വരികളിലൂടെ
ഇത്രയേറെ അഴിമതികളും , കള്ളത്തരങ്ങളും
നടമാടുന്ന നമ്മുടെ നാട്ടിലും നല്ല മനസ്സിന്റെ
ഉടമകള്‍ ഉണ്ട് എന്നുള്ളത് പ്രത്യാശ വര്‍ദ്ധിപ്പിക്കുന്നു ..
അവനവന് ദൈവം നല്‍കാത്ത എന്തും
അല്ലെങ്കില്‍ സ്വയം അധ്വാനം കൊണ്ട്
ഉണ്ടാക്കിയതല്ലാത്ത എന്തും ശ്വാശതമല്ല തന്നെ ..
പൈസ കൂടുതല്‍ കണ്ടവനാണ് വീണ്ടും അത്യാഗ്രഹം
മനസ്സില്‍ നന്മയുള്ളവനില്‍ മനസ്സമാധാനം കൂടെ കാണും
കുറേ ആഴത്തില്‍ വിശകലനം ചെയ്യേണ്ട ചിലതൊക്കെ
ഈ വരികളില്‍ വന്നു പൊകുന്നുണ്ട് ..
സത്യസന്ധതയുടെ പല വശങ്ങള്‍ .. ചിലതൊക്കെ
എന്നേയും നമ്മളേയും ബാധിക്കുന്നതാണോന്ന്
തൊന്നി പൊകുന്നു ..
എന്നിലേക്കൊക്കെ വിരല്‍ ചൂണ്ടുന്ന പൊലെ ..
പുറമേ സത്യസന്ധതയുടെ പുറം ചട്ട എടുത്തണിയുക
ഉള്ളില്‍ നമ്മുക്ക് സൗകര്യപൂര്‍വം അതിനെ മറയാക്കി
വേണ്ടത് ചെയ്യുക , ചിലര്‍ ഉള്‍ ഭയം കൊണ്ട്
സത്യസന്ധതയെ മുറുകേ പിടിക്കുക .. ശരിയാണേട്ടൊ ..
വായിക്കുമ്പൊള്‍ ആ ചിത്രങ്ങള്‍ ,
മുഖങ്ങള്‍ തെളിഞ്ഞു വരുന്നു ..
സത്യത്തില്‍ നമ്മുക്കുള്ളില്‍ ഒരു പ്രചൊദനമോ ,
വാക്കുകളൊ ,ഭയമോ ഒന്നും കൊണ്ടല്ലാതെ
വരുന്ന ഒന്നാവണം നേരെന്ന് പറയുന്നത് ..
വിജനമായ സ്ഥലത്ത് നാം ചെന്നു പെട്ടാലും
നമ്മുക്ക് പകര്‍ന്നു നല്‍കിയതല്ലാത്തത്
ഒരു നോട്ടം കൊണ്ടു പൊലും സ്വന്തമാക്കാന്‍
ആഗ്രഹിക്കാത്ത മനസ്സാണ് സത്യം ..
ആ നന്മയുള്ള ഓട്ടൊക്കാരനും ,
ആ പാവം പച്ചകറി അമ്മയും
ആ മനസ്സിന്റെ നന്മ പേറുന്ന മനസ്സുള്ള
മകളും കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നു ..
പേരിനോ , സ്വാര്‍ത്ഥമായ ചിന്തകള്‍ക്കൊ
വേണ്ടിയല്ലാതെ സ്വയം മനസ്സില്‍ തൊന്നുന്ന
ഒന്നാകട്ടെ സത്യസന്ധത എന്ന നേര്
പുലര്‍ത്താന്‍ പാടായി തോന്നാമെങ്കിലും
പകര്‍ത്തപെട്ടു കൊടുക്കേണ്ട
ബാധ്യതയെങ്കിലും നമ്മുക്കുണ്ട് എഴുതുന്ന
വരികളില്‍ നന്മ പകര്‍ന്നു കൊടുക്കുന്ന ചിലതു വേണം ..
അതീ കൂട്ടുകാരിയുടെ വരികളിലെല്ലാം അടങ്ങിയിരിക്കുന്നു ..
സ്നേഹപൂര്‍വം..............

ശ്രീനാഥന്‍ said...

നല്ല കുറിപ്പ്, ആ ഓട്ടോക്കാരനും അമ്മൂമ്മയുടെ കൊച്ചുമോളും മനസ്സിൽ തങ്ങിനിൽക്കും പാവങ്ങളിലാണ് സത്യസന്ധരെ കൂടുതൽ കാണാനാവുക. മോളിലൊരാളുകാണുന്നുണ്ടല്ലോ എന്ന ഒരു വിചാരം.ഞാൻ കോഴിക്കോട്ടിരുന്നാണ് ഇതെഴുതുന്നത്. ലോകത്തിലെ ഏറ്റവും നീതിമാന്മാരായ ഓട്ടോക്കാർ ഇവിടെയാണ്!

Pradeep Kumar said...

നല്ല ചിന്തയാണു പങ്കുവെച്ചത്... എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട് നല്ലവരും ചീത്തയും. ജീവിതമൂല്യങ്ങളുടെ കാര്യത്തില്‍ വ്യക്തി നിഷ്ടവൈജാത്യങ്ങൾ കാണാം. അത് വര്‍ഗനിഷ്ഠമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

jayaraj said...

nalla post mashe.
avide vannathilum comment ittathinum valare nanni.
ini njanum ivdeokke kanum. tto

മാണിക്യം said...

“എന്റെ അമ്മൂമ്മ ചേച്ചിയ്ക്ക് എഴുപത്തഞ്ചു രൂപ തരാനുണ്ട്. അമ്മൂമ്മ കിടപ്പായിപ്പോയി. ഞാനാണിപ്പോൾ ജോലി ചെയ്യുന്നത്. രൂപയായിട്ട് തരാനിപ്പോൾ എന്റെ പക്കലില്ല, ചേച്ചി ആവശ്യമുള്ള പച്ചക്കറികൾ എടുത്തോളൂ.“


ഈ ലോകത്ത് നിന്ന് സത്യവും നന്മയും തീരെ വറ്റി പോയിട്ടില്ല

വിനുവേട്ടന്‍ said...

ചെപ്പിൽ വായിച്ചിരുന്നു കേട്ടോ എച്ച്മു... മിക്കവാറും എല്ലാ ആഴ്ചകളിലും ചെപ്പിൽ കാണാമല്ലോ...

വളരെ നന്നായി എന്ന് പറയാൻ നീലത്താമര പറഞ്ഞിട്ടുണ്ട്... :)

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ല ലേഖനം. നേരത്തെത്തന്നെ വായിച്ചിരുന്നു.

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം. ആയിരത്തിലൊന്നുപോലെ കാണുന്ന ഈ ആള്‍ക്കാരുടെ നല്ല മനസ്സെങ്കിലും നിലനില്‍ക്കട്ടെ.

കാടോടിക്കാറ്റ്‌ said...

വലിയ ലോകത്തിലെ ചെറിയ മനുഷ്യര്‍ക്കിടയില്‍ ഇതു പോലുള്ള മുത്തുകള്‍ ഉണ്ട്....
നന്മയുടെ പ്രകാശം ചൊരിയുന്ന ലേഖനം... എച്ച്മു.
ഈ പ്രകാശം കുഞ്ഞുങ്ങളിലേക്ക് പകരേണ്ടത് നമ്മള്‍ തന്നെ...

കൈതപ്പുഴ said...

നല്ല ലേഖനം.

Anonymous said...

വയറിന്റെ വിളിയും സത്യസന്ധതയും -- അവർ തമ്മിൽ ഭയങ്കര കണക്ഷനാണു്, ശരിയാണു്.

അനില്‍കുമാര്‍ . സി. പി. said...

മനസ്സിനെ തൊടുന്ന കുറിപ്പ്‌ എച്മു.

"ശരിയായ പ്രവൃത്തികൾ ചെയ്യുന്നതിലും അധികം, നമുക്ക് ശ്രദ്ധ അവ എന്തുകൊണ്ട് ചെയ്തില്ല എന്നതിന്റെ ന്യായങ്ങൾ തേടിക്കണ്ടുപിടിച്ച് അവതരിപ്പിയ്ക്കുന്നതിലാണ്.." - എത്ര ശരി!

sreee said...

സത്യസന്ധത ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനാലാവും ഇക്കാലത്ത് അതിനോട് നമുക്ക് ഇത്ര ആരാധന. ആ ഓട്ടോ ഡ്രൈവറുടെ നിരീക്ഷണവും എത്ര സത്യം. മനോഹരമായ പോസ്റ്റ്‌.

Unknown said...

നല്ല കുറിപ്പ്, വായിക്കപ്പെടേണ്ടത്..!

- സോണി - said...

മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവവും നന്മയും തീരെ വറ്റിപ്പോയിട്ടില്ല മനുഷ്യമനസ്സുകളില്‍നിന്ന് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ഇങ്ങനെ ചിലരെങ്കിലുമുണ്ട്. ഒരു നല്ലതുചെയ്താല്‍ പ്രതിഫലം കൊടുത്താലും സ്വീകരിക്കാത്തവരും. അവരെ കണ്ടുമുട്ടുമ്പോള്‍ വളരെ സന്തോഷം തോന്നും. നല്ല അനുഭവങ്ങള്‍ പങ്കുവച്ചതിനു നന്ദി.

khaadu.. said...

ഇങ്ങനെയും ചിലര്‍.... എല്ലാം തികഞ്ഞവരെന്നു കരുതുന്ന നമുക്കൊക്കെ.. ഓര്‍മിക്കാന്‍, ഓര്‍മിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, .. പഠിക്കാന്‍....

നല്ല കുറിപ്പ്..

വി.എ || V.A said...

...നല്ല ‘സത്യാന്വേഷണക്കുറിപ്പ്’. ചിന്തകൾക്ക് പ്രവേശിക്കാൻ ഈ നല്ല വരികളും അനുഭവവും കൂടി.......

Muralee Mukundan , ബിലാത്തിപട്ടണം said...

സത്യസന്ധതയുടെ തിളക്കമുള്ള മുഖങ്ങളാണ് എച്മുയിവിടെ വരികളിൾ കൂടി വരച്ചുവെച്ചിട്ടുള്ളത്..!

Echmukutty said...

ലീലടീച്ചർക്ക് സ്വാഗതം.

വെട്ടത്താൻ ജി പറഞ്ഞത് സത്യമാണ്. പോസ്റ്റ് എഴുതുമല്ലോ.

മനു എഴുതിയത് എനിയ്ക്ക് മനസ്സിലയി കേട്ടോ. ഞാനും ചെറിയൊരു മിടുക്കിയാണ്.

ജയൻ ഡോക്ടറെ കണ്ടതിൽ സന്തോഷം.

മനസ്സ് വിചാരണ ചെയ്യപ്പെടുന്നത്
ഏകാന്തതയിൽ മാത്രമല്ലേ ഹരിനാഥ്?

മറന്നതല്ല. അവതാരികേ. ഒരിയ്ക്കൽ പത്രത്തിൽ വന്നതല്ലേ, ഇനീം മെയിലയച്ച് ശല്യപ്പെടുത്തേണ്ടന്ന് കരുതി.

തലക്കെട്ട് ഉഷാറായില്ല എന്ന ഒരിലയുടെ അഭിപ്രായം മനസ്സിലാക്കുന്നു.

Echmukutty said...

കോണത്താനും കൊമ്പനും നന്ദി.

വി കെ രേഖപ്പെടുത്തിയത് എന്റെയും സംശയമാണ്.

മൈഡ്രീംസ് വന്നതിൽ സന്തോഷം കേട്ടൊ.

അത്തരം ഒരു മകനെ എല്ലാവർക്കും വേണ്ടി വരുമായിരിയ്ക്കും കൊച്ചുകൊച്ചീച്ചി.

വേണ്ടത് വേണ്ടപ്പോഴെന്നല്ലേ രാംജി?വന്നതിൽ സന്തോഷം.

തങ്കപ്പൻ ചേട്ടന്റെ നല്ല വാക്കുകൾക്ക് നന്ദി.
ഗോപകുമാർ വന്നിട്ട് ഒരുപാട് കാലമായല്ലോ. എന്നെ മറന്നുവെന്നാ ഞാൻ കരുതിയത്.

മിനി ടീച്ചർ ആ ഓട്ടൊക്കാരെ കുറിച്ച് ഒരു പോസ്റ്റിട്ടാലും മതി.ഞാൻ വായിയ്ക്കും.

Echmukutty said...

അജിതിന്റെ അഭിപ്രായമാണ് എനിയ്ക്കുമുള്ളത്. പക്ഷെ.......

സിദ്ധീക്ജി പറഞ്ഞത് സത്യം തന്നെ.

ഷാനവാസ്ജി യുടെ നല്ല വാക്കുകൾക്ക് നന്ദി. വണ്ടി ഇപ്പോ എന്നെ കണ്ടാലുടനെ കളിയാക്കിച്ചിരിയ്ക്കും. ഓടാറില്ല. വണ്ടി അചേതന വസ്തുവല്ല എന്ന് എനിയ്ക്ക് മനസ്സിലായി.

അഭി വന്നതിൽ സന്തോഷം.

പൊട്ടനെന്ന് എഴുതാൻ മടിയുണ്ട് കേട്ടോ. നല്ല വാക്കുകളിൽ സന്തോഷം.

പഥികൻ വായിച്ച് സന്തോഷിച്ചുവെന്ന് എഴുതിയതു വായിച്ച് ഞാനും സന്തോഷിയ്ക്കുന്നു.

ചന്തുവേട്ടൻ വന്നല്ലോ. കുഞ്ചൻ നമ്പ്യാർ അങ്ങനെ എന്തെല്ലാം സത്യങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും......

റിനി ശബരി കാവ്യാത്മകമായ മറുപടിയിൽ കൂട്ടുകാരി എന്നെഴുതുമ്പോൾ വലിയ സന്തോഷം കേട്ടോ.

Echmukutty said...

ശ്രീനാഥൻ മാഷ് വന്നല്ലോ. സന്തോഷം.

പ്രദീപ്ജി പറഞ്ഞത് വളരെ ശരി.

ജയരാജിനും മാണിക്യം ചേച്ചിയ്ക്കും വിനുവേട്ടനും നന്ദി. നീലത്താമരയോട് അന്വേഷണം.

ശങ്കരനാരായണൻ ജി,

കുസുമം,

കാടോടിക്കാറ്റ്,

കൈതപ്പുഴ,

കരിങ്കല്ല്,

അനിൽ,

ശ്രീ,

നിശാസുരഭി എല്ലാവർക്കും പ്രത്യേകം നന്ദി.

കുറെ നാൾ കൂടി സോണിയെ കണ്ടതിൽ വലിയ സന്തോഷം.എന്നെ മറന്നുവെന്നാണ് ഞാൻ കരുതിയത്.

ഖാദു,

വി ഏ സാർ,

പൈമ,

മുരളീഭായ് എല്ലാവർക്കും നന്ദി. ഇനിയും വായിയ്ക്കുമെന്ന് കരുതട്ടെ....

ChethuVasu said...

സത്യമായും തിരക്കില്‍ ആയിരുന്നു.. അത് കൊണ്ട് വായിക്കാന്‍ ഇപ്പോഴേ കഴിഞ്ഞുള്ളു ..സത്യാമയും അനഗേന്യാണ് ... എന്റെ സത്യാസന്ധതയെ ചോദ്യം ചെയ്യരുത് .. :-)

നല്ല മനസ്സുകള്‍ക്ക് ഇന്ന ഇടം ഒന്നും ഇല്ലല്ലോ... ! ചിലപ്പോള്‍ കുടിലില്‍ ആകാം പുള്ളി ..ചിലപ്പോള്‍ മാളികയിലും കാണാം ! എന്തയാലും മനുഷ്യ മനസ്സിന്റെ മൂല്യ നിര്‍ണയം സാമതിക ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല .. ല്ലേ..? നാനു ഹേളിദെ കറക്റ്റ് അല്‍വാ ..?

A said...

കണ്ടു പിടിക്കില്ലെങ്കില്‍ കട്ടും പണമുണ്ടാക്കാം എന്നതാണ് നവമലയാളിയുടെ സ്വകാര്യ മുദ്രാവാക്ക്യം. എച്മു വെറും ന്യൂനപക്ഷമാണ് എന്നറിയുക.

.. അരൂപന്‍ .. said...

നന്മയുള്ള മനസ്സുകളെ ചുറ്റും കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. അവര്‍ വളരെക്കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. ആ നന്മയുടെ കിരണങ്ങള്‍ വായനക്കാരിലെയ്ക്ക് കൂടി പകര്‍ന്നുതന്നതിനു നന്ദി.

വേണുഗോപാല്‍ said...

ഇത്തരം മനസ്സുകള്‍ ഇന്ന് വിരലില്‍ എന്നാവുന്നവ മാത്രം.. ജീവിത യാത്രയില്‍ എപ്പോഴോ ഒരിക്കല്‍ കണ്ടു മുട്ടുന്നവര്‍. അതെ അവരെ കുറിച്ച് വേണം .. അവരിലെ നന്മകളെ കുറിച്ച് വേണം നാം നമ്മുടെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കാന്‍ ...
തിന്മക്ക് പകരം നന്മ മാത്രം പുലരുന്നതാകട്ട്രെ ലോകം.. ആശംസകള്‍

മണ്ടൂസന്‍ said...

എച്ചുമ്മുക്കുട്ടിയോടൊരു വാക്ക്,ഏതെങ്കിലും ഒരു തവണ മീറ്ററിനൊപ്പം കാശ് വാങ്ങി എന്ന ഒറ്റ കാരണം കൊണ്ട് തന്നെ എല്ലാ ഓട്ടോക്കാരേയും പരിശുദ്ധമാക്കി ചിത്രീകരിക്കേണ്ട കാര്യം വരുന്നില്ല. ഞാനിതിൽ രണ്ടിലും പല സ്ഥലങ്ങളിൽ നിന്നായി പല രൂപത്തിൽ പെട്ടിട്ടുണ്ട്. പല തവണ കാശ് നഷ്ടപ്പെടാനും പോക്കറ്റടി മൂലം ഇരയായിട്ടുണ്ട്. എന്നാൽ ഇതേ ഞാൻ, ഫിസിയോയ്ക്ക് വേണ്ടി പോയി വാരുമ്പോൾ എന്റെ നഷ്ടപ്പെട്ട മൊബൈൽ എടുക്കാൻ കൊപ്പം ടൗണിൽ പോയപ്പോൾ ആ മൊബൈലുമായി എന്നെ കാത്ത് സെന്ററിൽ നിൽപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതൊക്കെയൊരു ഭാഗ്യമാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. പിന്നെ നാം ആരേയും ദ്രോഹിക്കാതിരുന്നാൽ നമ്മളേയും ആരാലും ദ്രോഹിക്കപ്പെടാതെ ദൈവം കാത്തുകൊള്ളും. അത്രേയുള്ളൂ കാര്യം. ആശംസകൾ.

സുധി അറയ്ക്കൽ said...

നല്ലവരുമുണ്ടാകാം.പല തിക്താനുഭവങ്ങളിൽ നിന്നും ചേച്ചിക്ക്‌ കൈവന്ന നല്ല അനുഭവങ്ങൾ ഉള്ളിൽ തട്ടുന്നത്‌ പോലെ എഴുതി...

ഒരിക്കൽ കുമാരപുരത്തു നിന്നും കേശവദാസപുരത്തേക്ക്‌ ഞാൻ ഒരു ഓട്ടോ പിടിച്ചു.സാമാന്യഗതിയിൽ 75രൂപ ആയേക്കവുന്ന ഓട്ടോക്കൂലി മീറ്ററിൽ 100ലും കവിഞ്ഞപ്പോൾ ഞാൻ അയാളോട്‌ പറഞ്ഞു,,

'ചേട്ടാ ഈ സ്ഥലം ഞാൻ ഇപ്പോൾ തന്നെ രണ്ട്‌ തവണ ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു.ഇനി നമുക്ക്‌ വേറേ സ്ഥലം കാണാം.'

തിരിഞ്ഞ്‌ നോക്കിയ അയാളുടെ മുഖത്തെ ഭാവം ഒരിക്കലും മറക്കാൻ കഴിയില്ല..മീറ്ററിൽ 120ഓ മറ്റോ കഴിഞ്ഞപ്പോൾ എന്നെ കേശവദാസപുരത്തെത്തിച്ചു.മീറ്ററിൽ കണ്ട മുഴുവൻ തുകയും അയാൾ വാങ്ങിയില്ലെന്ന് മാത്രമല്ല,അയാളെന്റെ മുഖത്ത്‌ നോക്കി കൂടിയില്ല..