കുടുംബ
മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 ജൂൺ 2 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.
ഇന്ത്യാമഹാരാജ്യത്തെക്കുറിച്ചുള്ള
എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന് എല്ലാവർക്കും പഠിപ്പുണ്ടാകണമെന്നാണ്, വിവരവും വിജ്ഞാനവും വർദ്ധിച്ചു
വർദ്ധിച്ചു അങ്ങനെ ഒടുവിലൊടുവിൽ പരമജ്ഞാനമായിത്തീരണമെന്നാണ്.
സ്വന്തം പേരെഴുതി ഒപ്പിടാൻ പോലുമറിയാത്ത പാവപ്പെട്ടവരും,
നൂറു രൂപ കൂലിയെന്ന് കടലാസ്സിലെഴുതി, ആ ദരിദ്രരുടെ തള്ളവിരൽ
പതിപ്പിച്ച് വാങ്ങി അമ്പത് രൂപ മാത്രം കൂലി കൊടുക്കുന്ന വമ്പിച്ച പണക്കാരുമൊക്കെ
എന്റെ ഈ ചെറിയ ജീവിതത്തിലെ സ്ഥിരം കാഴ്ചകളായിരുന്നു. കൽപ്പണിക്കാരന്റെ
കൂലിയിൽ ഇതു പോലെയുള്ള ചില്ലറ വെട്ടിപ്പു
നടത്തി ആഹ്ലാദിച്ച പ്രമുഖ രാജകുടുംബാംഗത്തെ കണ്ട് ഞാൻ വടക്കൻ പാട്ടിൽ പറഞ്ഞപോലെ
ഒരു കണ്ണു കൊണ്ട് കരയുകയും മറുകണ്ണുകൊണ്ട് ചിരിക്കുകയും ചെയ്തു… അമ്മാതിരി നിസ്സഹായമായ സങ്കടദൃശ്യങ്ങളിൽ പെട്ടു
പോകുമ്പോൾ പറ്റിക്കപ്പെടുന്നവർക്ക്
അക്ഷരാഭ്യാസവും വിവരവും വിജ്ഞാനവുമുണ്ടായിരുന്നെങ്കിൽ ഈ ചൂഷണം
നടക്കുമായിരുന്നോ എന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്.
ഇപ്പോൾ
സ്കൂളുകൾ തുറക്കുന്ന കാലമാണ്. വിദ്യാഭ്യാസത്തിന്റെ മഹത്വത്തെപ്പറ്റിയുള്ള സാമൂഹ്യബോധം കേരളത്തിൽ പൊതുവേ
ഒരു ഉയർന്ന നിലവാരത്തിലാണെങ്കിലും
ഈയിടെയായി ജനങ്ങൾക്ക് അധികം പഠിപ്പ്
ആവശ്യമില്ല, അതിൽ തന്നെ പ്രത്യേകിച്ച് സ്ത്രീകൾക്ക്
കുടുംബം നടത്തിക്കൊണ്ട് പോവാനുള്ള അടിസ്ഥാന പഠിപ്പ് മതി എന്ന് ഉഗ്രമായി
വാദിക്കുന്നവരുടെ എണ്ണം ഈ നാട്ടിലും വർദ്ധിച്ചു വരികയാണ്. പഠിത്തത്തെ
എതിർക്കുന്നവർ പുതിയ ആശയങ്ങൾ ഉണ്ടാകുന്നതിനെ വെറുക്കുകയും നിലവിലുള്ള എല്ലാത്തരം
ചൂഷണങ്ങളേയും പലതരം ന്യായങ്ങളുപയോഗിച്ച് അനുകൂലിക്കുകയും പഠിത്തം കുറവായിരുന്ന പഴയ
കാലമായിരുന്നു ഉൽക്കൃഷ്ടമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. നല്ല പഠിത്തമുള്ളവരിൽ ചിലരെങ്കിലും ഈ വാദത്തിനു വലിയ
പിന്തുണയേകുന്നുമുണ്ട്.
എന്താണ്
പഠിപ്പ് എന്നതിനെപറ്റി എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാവും ഉണ്ടാവുക. ചിലർക്ക് അതു അക്ഷരാഭ്യാസമാണ്,
അക്കാഭ്യാസമാണ്. ഇനിയും ചിലർക്ക് ജീവിതം കഷ്ടിച്ച്
കഴിഞ്ഞു കൂടുവാൻ വേണ്ട ഒരു ചില്ലറ സാമഗ്രിയാണ്, വേറെ
ചിലർക്ക് വലിയ ഉദ്യോഗവും പണവും പദവിയും ലഭിക്കാനാവശ്യമായ ഒരു ഉപകരണമാണ്. പഠിപ്പ് എന്നതിന്റെ ഇത്തരം ചില ഏണിപ്പടികളെപ്പറ്റി മാത്രമേ സാധാരണയായി അധികം പേരും ചിന്തിക്കാറുള്ളൂ.
പഠിച്ച് പഠിച്ച് വിവരം വെയ്ക്കലും വിവരം വെച്ച് വെച്ച്
വിജ്ഞാനിയാവലും വിജ്ഞാനി ആയി ആയി പരമ
ജ്ഞാനത്തിലെത്തലുമൊന്നും അങ്ങനെ എല്ലാവരും ആഗ്രഹിക്കാറില്ല. അയ്യോ!
ആഗ്രഹിച്ചാലും അതൊന്നും സാധിക്കില്ല എന്ന അഭിപ്രായമാണ് അത്തരമൊരു പരിശ്രമം
തുടങ്ങുന്നതിനു മുൻപേ തന്നേ നമ്മൾ വെച്ചു പുലർത്താറ്.
പഠിത്തമെന്നത്
രാവിലെ സ്കൂളിലോ കോളേജിലോ ചെന്നാൽ ഉടനെ തുടങ്ങുന്നതും അവിടങ്ങളിൽ നിന്നിറങ്ങിയാൽ
ഉടനെ അവസാനിക്കുന്നതുമായ ഒന്നല്ല.
അത് സിലബസ്സിലും നൂറുമാർക്കിലും ഒതുങ്ങുന്നതുമല്ല. ഈ സമൂഹത്തിൽ, ഈ പ്രകൃതിയിൽ, ഈ
ജീവിതത്തിൽ എല്ലാം എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണത്. കണ്ടും കേട്ടും എഴുതിയും വായിച്ചും മനസ്സിലാക്കിയും ഓർമ്മവെച്ചും
പ്രയോഗിച്ചും തിരുത്തിയും…..അങ്ങനെ മുന്നേറേണ്ട ഒന്നാണ്
പഠിത്തം. ഇപ്പറഞ്ഞവയിൽ എഴുതിയും വായിച്ചും മനസ്സിലാക്കുന്നത് പഠിത്തത്തിന്റെ ഒരു വകഭേദം
മാത്രമാണെന്ന് സമ്മതിച്ചേ തീരു. കാരണം എഴുത്തും വായനയും
അറിയാത്ത പരമജ്ഞാനികളും ഇതു രണ്ടും അറിയുന്ന എന്തു തരം കാപട്യത്തിനും തയാറുള്ള പരമദ്രോഹികളും
നമുക്കു ചുറ്റും ധാരാളമായുണ്ടല്ലോ. എങ്കിലും എഴുത്തും
വായനയും അറിയുന്നത് പഠിത്തത്തിന്റെ സമ്പൂർണ്ണതയിലേക്കുള്ള ഒരു കൈവഴിയാണ്. സ്വയം തിരുത്താനും നവീകരിക്കാനുമുള്ള ഉപാധികളില്ലാത്ത തയാറെടുപ്പാണ്
പഠിത്തത്തിലൂടെ ആർജ്ജിക്കേണ്ടതെന്ന് സാമാന്യമായി പറയാം.
പഠിത്തം
വിവരമായി തീരുമ്പോൾ നമുക്ക് ലോകത്തെ കൺ തുറന്ന് നോക്കാനാവും, നമ്മുടെ മനസ്സിന്റെ
ഇടുക്കങ്ങളെ കാണാനാവും. ഓരോരോ മതങ്ങൾ പ്രത്യേകം പ്രത്യേകം
ചൂണ്ടിക്കാണിച്ചു തരുന്ന ദൈവ സങ്കൽപ്പം മാത്രമല്ല വേണ്ടതെന്നും അറിവും, സഹജീവി സ്നേഹവും പരിഗണനയുമാണ് ഏറ്റവും ഗംഭീരമായ, ഉദാത്തമായ
ദൈവസങ്കൽപ്പമെന്നും മനസ്സിലാകും. എല്ലാ വ്യവസ്ഥാപിത
സ്ഥാപനങ്ങളും പഠിത്തത്തെ അനുകൂലിക്കുമെങ്കിലും വിവരത്തേയോ വിജ്ഞാനത്തേയോ പരമജ്ഞാനത്തെയോ
അത്ര ആത്മാർഥമായി പിന്തുണയ്ക്കാത്തത് ഇത്തരം അപ്രമാദിത്തങ്ങൾ ചോദ്യം
ചെയ്യപ്പെടുമെന്നതുകൊണ്ടു കൂടിയാവാം.
വിവരം
വിജ്ഞാനമാവുമ്പോൾ മുന്നിൽ കാണുന്ന ലോകത്തെ കൂടുതൽ മനസ്സിലാക്കാനും അതനുസരിച്ച്
മനസ്സിന്റെ ഇടുക്കങ്ങളെ വിശാലമാക്കാനുമുള്ള ആത്മാർഥവും നിരന്തരവുമായ പരിശ്രമം
ഉണ്ടാകും. ഉറങ്ങിക്കിടക്കുന്നതും
എപ്പോൾ വേണമെങ്കിലും ഉണരാവുന്നതുമായ പ്രാകൃത മൃഗീയ വാസനകളെ വരുതിയിൽ നിറുത്താനുള്ള
പ്രേരണ ജനിക്കും. ഈശ്വര സാന്നിധ്യമെന്നത് അമ്പലത്തിലോ
പള്ളിയിലോ വെച്ചു പൂട്ടപ്പെട്ടതല്ലെന്നും ലോകത്തെക്കുറിച്ചുള്ള വ്യക്തമായ
തിരിച്ചറിവാണെന്നും ബോധ്യമുണ്ടാകും.
വിജ്ഞാനം
പരമജ്ഞാനമാകുമ്പോൾ ‘ഞാൻ‘ ‘ഞാൻ‘ അല്ലെങ്കിൽ ‘എന്റെ‘ ‘എന്റെ‘ എന്ന അലർച്ചകൾക്കും
അട്ടഹാസങ്ങൾക്കും പകരം ‘ഞങ്ങൾ‘ ‘ഞങ്ങൾ‘
എന്നും ‘നമ്മുടെ‘ ‘നമ്മുടെ‘
എന്നും ഒരു പൂവിതളിനേക്കാൾ മൃദുലമായും അതേ സമയം ലോഹത്തിന്റെ കരുത്തോടെയും
പറയുവാൻ കഴിയും. ഉറച്ചതും സമൂഹ നന്മയ്ക്കുതകുന്നതുമായ
ബോധ്യങ്ങളും എന്തു വന്നാലും ആ ബോധ്യങ്ങളെ കൈവിടാതിരിക്കാനുള്ള മനസ്സാന്നിധ്യവും
ലഭിക്കും. പുതിയ പുതിയ കാഴ്ചകളേക്കാൾ പ്രധാനമാണ് പുതിയ
നോട്ടങ്ങളെന്നും, പുനർവായനകളെന്നും മനസ്സിലാകും. അതുകൊണ്ട് പുതിയ വീക്ഷണങ്ങളോടും പുനർവായനകളോടും പുതുമയുടെ പ്രത്യേകമായ
സൌകുമാര്യത്തിനോടും അസഹിഷ്ണുത ഉണ്ടാവില്ല. ഈ ലോകം എന്നും
മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ആ മാറ്റത്തെ ആർക്കും തടഞ്ഞുവെയ്ക്കാനാവില്ലെന്നും
തിരിച്ചറിയാൻ പറ്റും. ആ തിരിച്ചറിവുള്ളവർ പഴയ കാലമായിരുന്നു
നല്ലത്, പഴയ രീതികളായിരുന്നു ഉത്തമം എന്ന് ഭൂതകാലത്തെ
പ്രണയിക്കില്ല. അവർ വർത്തമാനകാലത്തിൽ സജീവമായി ഇടപെടും.
സ്വീകരിച്ചതിൽ അധികം പകർന്നുകൊടുക്കും. ഇപ്പോൾ
നേടിയ ജ്ഞാനം കൊണ്ട് അടുത്ത തലമുറയുടെ കൂടി നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒറ്റയടിപ്പാതെയെങ്കിലും
വെട്ടിയിടും.
വിദ്യാഭ്യാസമെന്തെന്നും
അതെന്തിനു വേണ്ടിയാണെന്നും സ്കൂളിലും കോളേജിലും പോകുന്ന നമ്മുടെ കുട്ടികളുമായി
ചർച്ച ചെയ്യേണ്ട ഉത്തരവാദിത്തം കൂടി
ഇപ്പോഴത്തെ മുതിർന്ന തലമുറയ്ക്കുണ്ട്. കുട്ടികളുടെ സംശയങ്ങളെ ശ്രദ്ധയോടെ കേൾക്കുകയും അവ പരിഹരിയ്ക്കാൻ കഠിന
പരിശ്രമം നടത്തുകയും വേണം. ആരാണ് യഥാർഥ മനുഷ്യരെന്നും അവരെ
സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കെന്തെന്നും കുട്ടികളോട് മുതിർന്നവർ
പറഞ്ഞുകൊടുക്കണം. രാവിലെ കാക്ക കരയും മുൻപേ എണീപ്പിച്ച് തലയിൽ
ഒരു പാത്രം വെള്ളം കമിഴ്ത്തി, കുറച്ചു ഭക്ഷണം വായിൽ
കുത്തിത്തിരുകി, എടുത്താൽ പൊങ്ങാത്ത പുസ്തകഭാരവുമായി
സ്കൂൾബസ്സിലേക്ക് ഉന്തിത്തള്ളുക, വൈകീട്ട് വന്നാലുടൻ വിവിധ
ട്യൂഷനുകളുമായി പാതിരാത്രിയിൽ ബോധം കെട്ടു വീഴാറാവുന്നതു വരെ പഠിക്ക് പഠിക്ക്
എന്നു ശാസിക്കുക, അങ്ങനെ ഡോക്ടർമാരും എൻജിനീയർമാരുമാക്കുക …….ഇതുമാത്രം ചെയ്താൽ ഉത്തമമായ അടുത്ത തലമുറയെ
സൃഷ്ടിക്കാൻ കഴിയില്ലെന്ന് നമ്മൾ മാതാപിതാക്കൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു
കഴിഞ്ഞു. കുട്ടികൾക്ക് എന്താണ് വേണ്ടതെന്നും എന്താണ്
കൊടുക്കേണ്ടതെന്നും അറിയാത്ത തിരുമണ്ടന്മാരും ധാർഷ്ട്യക്കാരും വളർത്തുന്ന നിസ്സഹായ
ജീവികളായി കുട്ടികളെ നാം പരിവർത്തിപ്പിക്കരുത്.
നമ്മൾ
ഓരോരുത്തരുമാവണം നമ്മുടെ അടുത്ത തലമുറയുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ, ഏറ്റവും പ്രിയപ്പെട്ട അധ്യാപകർ,
ഏറ്റവും പ്രചോദനം നൽകുന്ന വഴികാട്ടികൾ. അതിനുള്ള
പഠിപ്പ് മുതിർന്നവർ പഠിച്ചേ തീരൂ. അസ്വസ്ഥതകളുടെ ഈ കാലം നമ്മോട്
അതാവശ്യപ്പെടുന്നുണ്ട്.
37 comments:
"രാവിലെ കാക്ക കരയും മുൻപേ എണീപ്പിച്ച് തലയിൽ ഒരു പാത്രം വെള്ളം കമിഴ്ത്തി, കുറച്ചു ഭക്ഷണം വായിൽ കുത്തിത്തിരുകി, എടുത്താൽ പൊങ്ങാത്ത പുസ്തകഭാരവുമായി സ്കൂൾബസ്സിലേക്ക് ഉന്തിത്തള്ളുക, വൈകീട്ട് വന്നാലുടൻ വിവിധ ട്യൂഷനുകളുമായി പാതിരാത്രിയിൽ ബോധം കെട്ടു വീഴാറാവുന്നതു വരെ പഠിക്ക് പഠിക്ക് എന്നു ശാസിക്കുക, അങ്ങനെ ഡോക്ടർമാരും എൻജിനീയർമാരുമാക്കുക …….ഇതുമാത്രം ചെയ്താൽ ഉത്തമമായ അടുത്ത തലമുറയെ സൃഷ്ടിക്കാൻ കഴിയില്ലെന്ന് നമ്മൾ മാതാപിതാക്കൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു."
Hats off for this
എന്റെ കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് മൂന്നു തവണ അദ്ധ്യാപകരക്ഷാകര് തൃ മീറ്റിങ്ങിനു പോയി.
അവിടെ ഇതു പോലെ പ്രസംഗിച്ചതിനു കിട്ടിയ മറുപടികള്‍ കാരനം പിന്നീടു പോക്കു നിര്‍ത്തുകയായിരുന്നു.
ഒറ്റയാനായി ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് അവിടെ നിന്നും കിട്ടി.
റ്റ്യൂഷന്, ചോദ്യോത്തരം ബോര്‍ഡില്‍ എഴുതിക്കൊടുത്ത് പകര്‍ത്തല്‍ പരീക്ഷയ്ക്കു ഒന്നാം റാങ്ക് - ഇതില്‍ കുറഞ്ഞ ഒന്നും 99 ശതമാനം മാതപിതാക്കളും സമ്മതിക്കില്ല.
ചോദ്യോത്തരം നേരത്തെ കൊടുക്കാതെ കുട്ടിക്ക് തന്നെ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാനുള ഒരവസരമെങ്കിലും കൊടുത്തു കൂടെ എന്നു ചോദിച്ചപ്പോള്‍
അവര്‍ എന്നെ തിന്നില്ലെന്നെ ഉള്ളു
നല്ല ലേഖനം വളരെ നല്ല നിരീക്ഷണം
ഇന്ന് വിദ്യാഭ്യാസം വെറും അഭ്യാസം മാത്രം
ആശംസകള്‍
http://admadalangal.blogspot.com/
പുതിയ വിദ്യാഭ്യാസരീതിയിൽ കുട്ടികൾക്ക് സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ധാരാളം ഉണ്ട്. (ചിന്തിക്കാനും പ്രവർത്തിക്കാനും താല്പര്യമുള്ളവർക്ക് ഇന്നത്തെ രീതി വളരെ നല്ലതാണ്).
അക്ഷരം പഠിക്കുന്ന കാര്യം പറഞ്ഞാൽ ഞാൻ ജനിച്ചുവളർന്നത് ഭാഗ്യം ചെയ്ത ഒരു ഗ്രാമത്തിലാണ്. ഏതാനും വർഷം മുൻപ് സാക്ഷരതയുടെ കണക്കെടുത്തപ്പോൾ എന്റെ വാർഡിൽ എഴുതാനും വായിക്കാനും അറിയാത്തവരായി ആരും തന്നെ ഇല്ല. പ്രായഭേദമന്യെ എല്ലാവരും പത്രമാസികകളും പുസ്തകങ്ങളും വായിച്ചിരുന്നു.
Vivid thoughts in vivid words. This all engulfing love for the entire humanity irrespective of his/her faith is scented with a dash of Sufism where one acquires the wisdom to love all.
ഇന്നത്തെ പഠിത്തത്തിൽ നിന്നും നമ്മുടെ യുവതലമുറ മനസ്സിലാക്കുന്നത് എന്താണ്?സ്വാർത്ഥത,മുന്തിയ ശമ്പളമുള്ള ജോലി,സഹജീവികളോട് സഹതപിക്കാതിരിക്കുക.
ഇതൊക്കെയല്ലെ?
ഇന്നത്തെ പഠിത്തത്തിൽ നിന്നും നമ്മുടെ യുവതലമുറ മനസ്സിലാക്കുന്നത് എന്താണ്?സ്വാർത്ഥത,മുന്തിയ ശമ്പളമുള്ള ജോലി,സഹജീവികളോട് സഹതപിക്കാതിരിക്കുക.
ഇതൊക്കെയല്ലെ?
ആറ് മണിക്ക് പുസ്തകക്കെട്ടുമായി നീങ്ങുന്ന കുട്ടികള്‍ .തിരിച്ചു വരുന്നത് സന്ധ്യയാകുമ്പോള്‍.ഈ കുട്ടികള്‍ക്ക് വിശപ്പ് മാറുമോ?അവരെപ്പോഴാണ് പഠിക്കുന്നത്?ക്ലാസ്സുകളില്‍ ശ്രദ്ധയോടെ ഇരിക്കാന്‍ അവര്‍ക്ക് കഴിയുമോ? കളിയും ചിരിയും മറന്നുപോകുന്ന ഈ തലമുറ, മാതാപിതാക്കള്‍ക്ക്,രാജ്യത്തിന് എങ്ങിനെയാണ് ഗുണകരമാകുക?
അതിനുള്ള പഠിപ്പ് മുതിർന്നവർ പഠിച്ചേ തീരൂ.
കുട്ടികളെ പഠിപ്പിക്കാന്‍ ഇപ്പോള്‍ മുതിര്‍ന്നവര്‍ തന്നെയാണ് ആദ്യം പഠിക്കേണ്ടത്........
അല്ലെങ്കില്‍ ലേഖനത്തില്‍ പറഞ്ഞത് പോലെ ആവശ്യവും ആഗ്രവും ഇല്ലാത്ത പഠിപ്പ് ഭാരമാകുന്ന മക്കള്‍ തന്നെ അവശേഷിക്കും.
തലസ്ഥാനനഗരത്തിലെ പ്രശസ്തമായ ഒരു ഇംഗ്ലിഷ് മാത്രം സംസാരിപ്പിക്കുന്ന സ്കൂളില്‍ പഠിച്ച എന്റെയൊരു സഹപാഠി പറഞ്ഞതാണ് ,'ഇന്റര്‍വെല്‍ സമയത്ത് ആരും കാണാതെ ബുക്കുമായി മരച്ചോട്ടില്‍ പോയിരുന്നു പഠിക്കുമായിരുന്നു' എന്നു.പഠിക്കുന്നത് ആരെങ്കിലും കണ്ടാലോ? സ്വാര്‍ഥത മാത്രം കുത്തിനിറച്ച മനസ്സുമായി സ്കൂളില്‍ പോകുന്ന കുട്ടി സമൂഹത്തില്‍ നിന്ന് എന്ത് പഠിക്കാനാണ്.
ഭേദം സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു വരുന്ന സാധാരണക്കാരന്റെ കുട്ടി തന്നെ. ഞങ്ങള്‍ തരുന്ന ഫീസില്ലെങ്കില്‍ ടീച്ചറിനു ജീവിക്കാന്‍ പറ്റൂല്ലഎന്ന ചിന്തയില്‍ പുച്ഛിച്ചു അവരെ നോക്കുന്ന കുട്ടികളെ അവര്‍ക്ക് കാണേണ്ടല്ലോ.
പഠിത്തം വ്യക്തിത്വവികസനത്തിന്....
വളരെ നല്ല കുറുപ്പ് , വിദ്യാഭ്യാസം ഇല്ലാത്തവനായോണ്ടാവും കൂടുതല്‍ ഒന്നും പറയാന്‍ ആവുന്നില്ല ..സ്നേഹാശംസകളോടെ @ PUNYAVAALAN
"നമ്മൾ ഓരോരുത്തരുമാവണം നമ്മുടെ അടുത്ത തലമുറയുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ, ഏറ്റവും പ്രിയപ്പെട്ട അധ്യാപകർ, ഏറ്റവും പ്രചോദനം നൽകുന്ന വഴികാട്ടികൾ."....
നല്ല ചിന്തകൾ, ദർശനങ്ങൾ. കൂട്ടായ്മയുടെ വഴിക്കേ ലക്ഷ്യം കാണാനാവൂ.
"വിജ്ഞാനം പരമജ്ഞാനമാകുമ്പോൾ ‘ഞാൻ‘ ‘ഞാൻ‘ അല്ലെങ്കിൽ ‘എന്റെ‘ ‘എന്റെ‘ എന്ന അലർച്ചകൾക്കും അട്ടഹാസങ്ങൾക്കും പകരം ‘ഞങ്ങൾ‘ ‘ഞങ്ങൾ‘ എന്നും ‘നമ്മുടെ‘ ‘നമ്മുടെ‘ എന്നും ഒരു പൂവിതളിനേക്കാൾ മൃദുലമായും അതേ സമയം ലോഹത്തിന്റെ കരുത്തോടെയും പറയുവാൻ കഴിയും"
നല്ല ചിന്തകള്‍ എച്ചുമു.പുതു തലമുറയില്‍ സ്വാര്‍ഥത കുത്തി നിറക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്.
അഭിനന്ദനം ഈ കുറിപ്പിന്.
“നമ്മൾ ഓരോരുത്തരുമാവണം നമ്മുടെ അടുത്ത തലമുറയുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ, ഏറ്റവും പ്രിയപ്പെട്ട അധ്യാപകർ, ഏറ്റവും പ്രചോദനം നൽകുന്ന വഴികാട്ടികൾ. അതിനുള്ള പഠിപ്പ് മുതിർന്നവർ പഠിച്ചേ തീരൂ. അസ്വസ്ഥതകളുടെ ഈ കാലം നമ്മോട് അതാവശ്യപ്പെടുന്നുണ്ട്.“
കരുത്തുറ്റ ചിന്തകൾ എഛ്മു...
ആശംസകൾ...
ജോലി നേടാനും ഗുമാസ്തന്മാര്‍ ആകാനും ഉള്ളതല്ല പഠനം ..
വിജ്ഞാനം പരമജ്ഞാനമാകുമ്പോൾ ‘ഞാൻ‘ ‘ഞാൻ‘ അല്ലെങ്കിൽ ‘എന്റെ‘ ‘എന്റെ‘ എന്ന അലർച്ചകൾക്കും അട്ടഹാസങ്ങൾക്കും പകരം ‘ഞങ്ങൾ‘ ‘ഞങ്ങൾ‘ എന്നും ‘നമ്മുടെ‘ ‘നമ്മുടെ‘ എന്നും ഒരു പൂവിതളിനേക്കാൾ മൃദുലമായും അതേ സമയം ലോഹത്തിന്റെ കരുത്തോടെയും പറയുവാൻ കഴിയും.
നല്ല ഓര്‍മ്മപ്പെടുത്തല്‍!
ഗഹനവും ഗൌരവമേറി യതുമായ ഒരു ിഷയം,മാതാപിതാക്കള്‍ വളരെ
ചിന്തിക്കേണ്ടതും ഉത്തരം കണ്ടെതെണ്ടാതുമായ ഒരു വിഷയം വളരെ തന്മയത്വത്തോടെ ഇവിടെ അവതരിപ്പിച്ച എച്ചുമക്ക് എന്റെ ആശംസകള്‍ വീണ്ടും എഴുതുക അറിയിക്കുക
നല്ലൊരു നിരീക്ഷണ ലേഖനം എന്ന് പറയാം ..പ്രായോഗികമാണോ എന്ന കാര്യത്തില്‍ സംശയം തന്നെ !
പഠിപ്പ് തന്നെ മനുഷ്യന്നു ഭൂഷണം ,
ഉടുപ്പ് വേഷാദികളൊന്നുമല്ല ..!
മിടുക്കനായിട്ട് വരെണമെങ്കില്‍
മടിച്ചിടാതങ്ങു പഠിച്ചിടെണം...!
അല്ലെ എച്മു...? :)
പക്ഷെ ആരെ പഠിക്കും ...? അതാര് തീരുമാനിക്കും...?
കപീഷും സിഗാലും കലൂലുവും ബന്തിലയും .പിന്റുവിനെയും , ഇളയേയും വിട്ടു ,പകരം , തോക്കും ബോംബുമായി സര്‍വ്വം നശിപ്പിച്ചു ലോകം കീഴടക്കാന്‍ ഇറങ്ങുന്ന എക്സ് , വൈ , സെഡ് , "മാന്‍ " മാരെ ക്കണ്ട് പഠിക്കുമ്പോള്‍ എന്താണ് പാഠം ! ! !
കാലം ഒഴുക്കാണ് .. പഴയ പാഠങ്ങള്‍ .പുതിയ കാലത്തെ സ്കൂളുകളില്‍ ഔട്ട് ഓഫ് സിലബസ് അത്രേ ...! ! ! പഴയ വരയന്‍ കുപ്പായങ്ങളും പുള്ളിപ്പാവാടകളും ഇന്ന് ഔട്ട് ഓഫ് ഫേഷന്‍ ആയ പോലെ , ഒപ്പം പഴയ പാടങ്ങളും ഇനി പടിക്കപ്പെടുകയില്ല ......! ! പഴവരോടൊപ്പം അവരുടെ ഒരമാകലോടൊപ്പം ആ പാഠങ്ങള്‍ മറഞ്ഞു പോകുന്നു , ഇന്‍ ഇയും പോകാനിരിക്കുന്നു എന്നതു സത്യാ,. വരും കാലത്തെ രീതിശാസ്ത്രങ്ങലാല് പുതിയ പാഠങ്ങള്‍ നിര്നയിക്കപ്പെടും... അത് വരെ .. ഓര്‍ത്തും എഴുതിയും പ്രതീക്ഷ പുലര്തിയും നോസ്ടല്ജിയയോടൊപ്പം എന്നതയോ ഒരു രീതി ശാസ്ത്രത്തിലെ ഏതോ ഒരു നന്മയുടെ തിരിച്ചറിവായി അവ ചേര്‍ത്ത് വക്കാം!
ഭാഗ്യം, സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ മാതിരി അഭ്യാസങ്ങള്‍ ഇല്ല. സ്വയം പ്രവര്‍ത്തനരീതിയും, സ്വതന്ത്രമായ ചിന്തശൈലിയും.അധ്യാപകന് ഒരു നേതാവ് എന്നതില്‍ ഉപരി വഴികാട്ടി ആയി മാറിയിരിക്കുന്നു.
എച്മു പറഞ്ഞ ചിലതാണ് ഇപ്പോള്‍ കേരളത്തില്‍ പുറത്ത് വന്ന എഞ്ചിനീയറിംഗ് കോളേജ്കളുടെ നിലവാരത്കര്ച്ചക്ക് കാരണം .
കുട്ടിക്ക് താല്പര്യം ഇല്ലെങ്കിലും ഉന്തി തള്ളി അവരെ അത് തന്നെ പഠിക്കാന്‍ വിടും. കാരണം പലതാണ്
പ്രേസ്ടീജ് , എന്റെ മകന്// അല്ലെങ്കില്‍ മകള്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്മെഡിസിന് ആണ് പഠിക്കുന്നത് പറയാനുള്ള ആഗ്രഹം ഒന്ന് മാത്രമാണ് . എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ എന്നിവയ്ക്ക് അപ്പുറം നല്ലൊരു ജോലി സാധ്യത ഉള്ള കര്സുകളെ കുറിച്ച് ഇപ്പോളും പലര്‍ക്കും അറിവില്ല എന്നതും ഒരു കാര്യമാണ്
മുതിര്‍ന്ന നമ്മള് ഇനി പഠിപ്പിനെ കുറിച്ച് പഠിക്കണം. നല്ല ഉണര്‍ത്തുപാട്ട്.
നല്ല ചിന്തകളാണ്. പഠനം കേരളത്തിൽ ഒരു പ്രത്യേകതരം മാനസികരോഗത്തിന്റെ പേരായി മാറിക്കഴിഞ്ഞിരിക്കുന്നു.
ചേച്ചി, ഇത് വളരെ പ്രസക്തമായ ഒരു ലേഖനം ആണ്. ഒരുപക്ഷെ 1990കളുടെ തുടക്കത്തില്‍ സ്കൂളില്‍ പോയി തുടങ്ങിയ മിക്ക കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കും നല്ല പഠിപ്പോ അറിവോ ഉണ്ടായിരുന്നില്ല. അതിനു മുന്‍പും അത് തന്നെ ആയിരുന്നു സ്ഥിതി പക്ഷെ അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും അവരുടെ പൂര്‍വ്വികര്‍ക്കും അനുഭവങ്ങളിലൂടെ നേടിയെടുത്ത ജീവിത ജ്ഞാനം ഉണ്ടായിരുന്നു. അവര്‍ അത് അടുത്ത തലമുറയിലേക്ക് പകര്‍ന്നു. എന്നാല്‍ നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം കാലഹരണപെട്ട സില്ലബസ് പഠിപ്പിക്കുനതിനോപ്പം തന്നെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ കൂടി തള്ളി കെടുത്തുന്നു. കാരണം അവന് സ്കൂളില്‍ പഠിക്കുക അല്ല മറിച്ച് സഹാപാടികളുമായി മത്സരിക്കുകയാണ്. കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍., സ്കൂളിന്റെ യശസ് നിലനിര്‍ത്താന്‍, അവനു മത്സരിച്ചെ തീരു. അങ്ങനെ മനുഷികമൂല്യങ്ങള് ഇല്ലാത്ത ഒരു തലമുറയുടെ സൃഷ്ടി ആണ് നമ്മുടെ സ്കൂളില്‍ നടക്കുന്നത്. രക്ഷകര്‍ത്താക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തെ തങ്ങളുടെ സ്റ്റാറ്റസ് സിമ്പള്‍ ആയി കാണുമ്പോള്‍ നമ്മുക്ക് നഷ്ടമാകുനത് ഒരു തലമുറ തന്നെ ആണ്. കുട്ടികള്‍ നാലില്‍ ഒന്ന് അദ്ധ്യാപകരില്‍ നിന്നും,നാലില്‍ ഒന്ന് മാതാപിതാക്കളില്‍ നിന്നും, നാലില്‍ ഒന്ന് സഹപാഠികളില്‍ നിന്നും ബാക്കി ഭാഗം സ്വയം പഠിക്കണം എന്നും പണ്ട് മലയാളത്തില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അവന് ആദ്യം പറഞ്ഞ മൂന്നു പേരില്‍ നിന്നും പഠിക്കുന്നത് മത്സരിക്കാന്‍ മാത്രം ആണ്. അങ്ങനെ അവന്റെ ജീവിത പഠനം മല്‍സരം ആയി മാറൂന്നു. അതില്ലാതെ ആക്കാന്‍ രക്ഷകര്‍ത്താക്കളുടെ മനസ്സ് തന്നെ മാറണം... നല്ല ചിന്തകള്‍ ചേച്ചി
നല്ല ഒരു ലേഖനം, കുട്ടികള്‍ക്ക് അക്ഷരാഭ്യാസം എന്നതിലുപരി നാം രക്ഷിതാക്കള്‍ കൊടുക്കേണ്ട് കുറെ അഭ്യാസങ്ങളുണ്ട്. അതിനനുസരിച്ചായിരിക്കും ഓരോ കുട്ടിയുടേയും പെര്‍ഫോര്‍മന്‍സ്... ഒരു രക്ഷിതാവ് എന്ന നിലയില്‍ എന്റെ പെര്‍ഫോര്‍മന്‍സ് വളരെ മോശമാണെന്നാണ് കെട്ടിയോള്‍ടെ പരാതി, ഒരു പുനര്‍വിചിന്തനത്തിനുള്ള സമയമായി എന്ന് എനിക്കും തോന്നുന്നു :)
എച്ചമ്മുവിന് അഭിനന്ദനങ്ങള്‍ . പഠിത്തത്തെ കുറിച്ച് പണ്ട് ഞാന്‍ എന്റെ മകന് പറഞ്ഞു കൊടുത്തത് ഇതാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് പഠിത്തം. അതിനു സഹായിക്കുന്ന വഴികാട്ടിയാണ് ഗുരു . പഠിത്തം തുടങ്ങുന്നതു അമ്മയില്‍ നിന്നാണ് . പിന്നീട് ഗുരുനാഥനില്‍ നിന്നും സമൂഹത്തില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും നാം പഠിച്ചു കൊണ്ടേ ഇരിക്കുന്നു . വിദ്യാഭ്യാസം കച്ചവടം ആകുന്പോള്‍ ലാഭവും നഷ്ടവും ആണ് പ്രധാനം . അപ്പോള്‍ ഗുരുവും ഗുരുകുലവും ഇച്ച്ചിക്കുന്നത് ലാഭം മാത്രം. മൂല്യങ്ങള്‍ സമൂഹത്തിനു ഇന്ന് അന്യം. സ്നേഹം , ദയ , ബഹുമാനം , ധാര്‍മികത ഇത് എല്ലാം പുസ്തകത്തില്‍ നിന്ന് പോലും മാഞ്ഞു പോയിരിക്കുന്നു. നമ്മുടെ മനസ്സില്‍ നിന്ന് എന്നോ അതെല്ലാം മാഞ്ഞു പോയി. സ്ത്രീയെ ബഹുമാനിക്കണം എന്നും വൃദ്ധരെ പരിപാലിക്കണം എന്നും അബലരെ സഹായിക്കണം എന്നും ഈ സമൂഹം നമ്മുടെ കുട്ടികളെ പഠിപ്പിക്കും എന്ന് ഞാന്‍ വിചാരിച്ചാല്‍ അത് എന്റെ വെറും പാഴ് സ്വപ്നങ്ങള്‍ മാത്രം . എന്താണ് എന്റെ മകന് ഈ സമൂഹത്തില്‍ നിന്നും പഠിക്കുക എന്നോര്‍ത്ത് ഞാന്‍ ഇപ്പോഴേ വേവലാതി പ്പെടുന്നു.
ചവിട്ടി മെതിച്ച ഒരു പ്രകൃതിയില്‍ നിന്ന് എന്താണ് നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ? പുഴയും പുഴക്കരയും പാടങ്ങളും ഇന്ന് നമുക്ക് ചുറ്റും ഇല്ല. സ്നേഹിക്കുന്ന അയല്‍ക്കാരനും ഇല്ല . നമ്മുടെ മനസ്സിന് കുളിര്‍മ്മയെകാന്‍ കിളികളുടെ പാട്ടും വയലിന്റെ പച്ചപ്പും ഇന്നില്ല. നമുക്ക് ചുറ്റും നീണ്ടു കിടക്കുന്നത് വെല്ലു വിളിക്കുന്ന ഒരു ജീവിതം. എങ്ങിനെയും മുന്നോട്ടു. ജീവിതം അതിന്റെ എല്ലാ തരത്തിലും ആസ്വദിക്കാന്‍ ഉള്ളതാണെന്ന് നമ്മള് സായിപ്പില്‍ നിന്നും പഠിച്ചു. അതിനു വേണ്ടി എന്ത് ചെയ്യാനും നമ്മള് ഒരുക്കം. എങ്ങിനെയും ഈ ഓട്ടത്തില്‍ ജയിക്കാന്‍ നാം നമ്മുടെ കുട്ടികളെയും ഉപദേശിക്കുന്നു. ആ ഓട്ടത്തില്‍ ആര് വീണാലും നമ്മള്‍ക്ക് പ്രശ്നം ഇല്ല. മാര്‍ഗം അല്ല ലക്ഷ്യമാണ് പ്രധാനം എന്ന് നമ്മുടെ കുട്ടികളും നമ്മോടൊപ്പം പഠിക്കുന്നു. എന്റെ കുട്ടിക്ക് ഞാന്‍ പറഞ്ഞു കൊടുക്കുന്നത് ഈ സമൂഹത്തിനെ ഒരു പരിധിയില്‍ കൂടുതല്‍ കണ്ണടച്ച് വിശ്വസിക്കരുത് എന്നാണു. അത് അയല്ക്കാരന് ആയാലും കൂട്ടുകാരന് ആയാലും ഗുരുനാഥന് ആയാലും . അത്രയ്ക്ക് നമ്മള് മാറിയിരിക്കുന്നു. പഠിച്ചു പഠിച്ചു എനിക്ക് ഇന്ന് ഈ ലോകത്തെ പറ്റി ഒന്നും പഠിക്കേണ്ട എന്ന് ആയിരിക്കുന്നു. നന്മയുടെ തുടക്കം എവിടെ നിന്നാകണം . അത് അമ്മയില്‍ നിന്നാകട്ടെ , വീട്ടില്‍ നിന്നാകട്ടെ.
പറയാനുള്ളതൊക്കെ എച്ചുമുക്കുട്ടിയും,മറ്റുള്ളവരും പറഞ്ഞ് കഴിഞ്ഞു.ആശംസകൾ
ഈ പോസ്റ്റിന്റെ അവസാനത്തെ ഖണ്ഡിക തന്നെയാണ് എന്റെ അഭിപ്രായം.
ശ്രീ അജിത് പറഞ്ഞ പോലെ വിദ്യാഭ്യാസം വ്യക്തിത്വ വികസനത്തില്‍ ഊന്നിയാവണം എന്നത് അത്യന്താപേക്ഷിതമാണ്.
എച്ചുമുവിന്റെ രാഷ്ട്രീയ കുറിപ്പുകളുടെ പരിമിതി, അത് സമഗ്രമായി വ്യവസ്ഥയെ ചോദ്യം ചെയ്യുന്നില്ലെന്നതാണ്. അതുകൊണ്ട് തന്നെ ഇരുട്ടില്‍ എറിയുന്ന കല്ലുകളായി അവ മാറുന്നു.
ഇത് വായിച്ചപ്പോള്‍ സങ്കടമാണ് തോന്നിയത് എന്തോ എവിടെയോ .... കേരളത്തിലെ ഇത്തരം ആകുലതകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്ന മാതാപിതാക്കളും സുലഭമായ തേന്‍ കുടിക്കാന്‍ താല്‍പ്പര്യമില്ലാത്ത തുമ്പികളും.. ഇവിടെ കുറച്ചുകുട്ടികള് വരുന്നുണ്ട്. ക്ലാസ്സുകള്‍ ചോദിച്ചാല്‍ ഒരാമൂന്നിലും തൊട്ട് ഏഴുവരെ പറയും ഓരോരുത്തരായി. ഒരേ ക്ലാസ്സിലിരുന്ന് ഇന്നും ഏക് സെ ബാരഹ് എന്ന് എഴുതിപ്പഠിക്കുന്നു ഇവര്‍ . ഞാനവരെ പഠിപ്പിച്ചെവിടെയോ എത്തിക്കുമെന്ന് അവരുടെ അമ്മ സ്വപ്നം കാണുന്നു. ഇവരെ ജീവിക്കാന്‍ പഠിപ്പിക്കണോ അതോ ഉപയോഗമില്ലാത്ത ഇംഗ്ലീഷക്ഷരങ്ങള്‍ പഠിപ്പിച്ചു ബുദ്ധിമുട്ടിക്കണോ എന്നു മനസ്സിലാവുന്നില്ല.
നല്ല ചിന്തകള്‍
ആശംസകള്‍
വിദ്യാഭ്യാസം ആഭാസമായി മാറുന്ന ഇന്നത്തെ അവസ്ഥയില്‍ ചിന്തനീയമായ ഒരു പോസ്റ്റ്.
ഒരു അഗുസ്റ്റ് പതിനഞ്ചു കൂടി ..! കഥയറിയാതെ ആട്ടം കണ്ടു നാം ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം , അത് എന്താണ് എന്നറിയാതെ ആഘോഷിച്ചു ....എസ എം എസ അയച്ചു തകര്‍ത്തു ..! പക്ഷെ എന്താണ് സ്വാതന്ത്ര്യം എന്നത് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ ...! വ്യക്തിയുടെ മാനസിക വികാസവും സ്വത്വവുമായി ഏറ്റവും ബന്ധപ്പെട്ട ഒരവസ്തയെപറ്റി ഒരു അധികാര ക്കൈമാറ്റം എന്നതിലൂടെ മാത്രം നിര്വചിക്കപ്പെടുന്നതിനെ പോഴത്തം ! ഒരു ഭൂമിശാസ്ത്രപരമായ ഒരു ഭാഗത്തിന്മേല് ഉള്ള ഉടമ അവകാശത്തിനു ലഭിക്കുന്ന സ്വാതന്ത്ര്യം അതിനെ സമൂഹ സ്വാതന്ത്ര്യത്തിനു തുല്യമായി കാണാമോ ..? അഥവാ ഇനി സാമൂഹികമായ സ്വാതന്ത്ര്യം ആധാര പുസ്തകങ്ങലാല് നിര്വ്വചിക്കപ്പെട്ടാലും അത് വ്യക്തി സ്വാതന്ത്ര്യം എന്നാ നിലയില്‍ അങ്ങനെ വന്നു ചേരും.. ഇവക്കിടയില്‍ നില്ക്കുന്ന മൂര്‍ത്തവും അമൂര്‍ത്തവുമായ അതിരുകള്‍ കാണാതെ എങ്ങനെ സ്വാതത്ര്യം എന്ന് പറയുന്ന അവസ്ഥ സംജാതമാക്കാന്‍ ഒരു രാഷ്ട്രത്തിന് കഴിയും...?
എന്തായാലും, പഠിത്തം എന്താണ് എന്ന് എച്മു ചോദിക്കുമ്പോള്‍ ഈ സ്വാതത്ര്യ ദിനത്തില്‍ ഓര്മ വന്നന്തു മധുസൂദനന് നായരുടെ മനോഹരമായ ഭാരതീയം എന്നാ കവിതയാണ്.. അത് കൊണ്ട് അത് ഒന്ന് കൂടെ കേട്ടു..കുട്ടികള്‍ മനുഷ്യ സ്നേഹമുള്ള ഉത്തമ വിശ്വ പൌരന്മാര് ആകാന്‍ എന്താണ് പഠിക്കേണ്ടത് എന്നതിനെ പറ്റി ഓര്‍ത്തു അപ്പോള്‍ എച്ച്മുവിന്റെ ഈ ബ്ലോഗ് പോസ്റ്റ് ഓര്മ വന്നു ..ഈ കമന്റും ഇവിടെ കിടക്കട്ടെ എന്ന് കരുതി ... ഹ ഹ !
Bhaaratheeyam
വന്ന് വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്ക്കും നന്ദി........
വായിച്ചു.നല്ല ചിന്തകൾ!!!
Post a Comment