( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍
2012 ജൂണ്‍ 15 ന് പ്രസിദ്ധീകരിച്ചത് )
മഴയുടെ വിശേഷണങ്ങള്‍ ഇങ്ങനെ എത്ര വേണമെങ്കിലും എഴുതാന്‍ കഴിയും. നമ്മുടെ
കേര കേദാര കേരള നാട്ടില്‍ മാത്രമേ ഈ
കാലയളവില്‍ ഇത്തരം സുന്ദര വിശേഷണങ്ങളോടെയുള്ള മഴ ആരംഭിക്കുന്നുള്ളൂ. ബാക്കി ഇന്ത്യാ
മഹാരാജ്യം മുഴുവനും പൊരിയുന്നചൂടില് വരണ്ടുണങ്ങുമ്പോള്‍, സൂര്യതാപം 46ഉം 47ഉം ഡിഗ്രി ഊഷ്മാവില്‍ ജീവജാലങ്ങളെ തപിപ്പിക്കുമ്പോള്‍,തല ചായ്ക്കാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റിന്റെ മറ പോലും ഇല്ലാത്ത മനുഷ്യര്‍ വെറും
ഇയാംപാറ്റകളായി കരിഞ്ഞുവീഴുമ്പോള്‍ .......നമ്മുടെ കൊച്ചു കേരളത്തില്‍
മാത്രം മേഘാവൃതമായ ആകാശമുണ്ടാകുന്നു, മഴനൂലുകള്‍ ഒറ്റതിരിഞ്ഞും കെട്ടിപ്പിണഞ്ഞും
ഊര്‍ന്നു വീഴുന്നു, കുളിര്‍മയോടെ കാറ്റു വീശുന്നു, ജലത്താല്‍ സ്നാനപ്പെട്ട പച്ചിലകള്‍ ആരോഗ്യത്തോടെയും
സന്തോഷത്തോടെയും പുഞ്ചിരിക്കുന്നു. അതെ,ശരിക്കും ദൈവത്തിന്റെ
സ്വന്തം നാട് !
സ്കൂളുകളും കോളേജുകളും വേനലവധി കഴിഞ്ഞ് തുറക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍
മഴ വരുന്നത്. ‘ എന്താപ്പോമഴ പെയ്യാത്തത്? ഹൌ, എന്തൊരു വേവും ചൂടുമാണ് ?’ എന്ന് പരാതിപ്പെടുന്നവരോടെല്ലാം പള്ളിക്കൂടങ്ങള്‍
തുറക്കുന്ന ദിവസം മഴ പെയ്യുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു അയല്‍പ്പക്കത്തെ
അപ്പൂപ്പന്. കാലാവസ്ഥ ഗവേഷണ വകുപ്പിനേക്കാള്‍ വിദ്യാഭ്യാസ വകുപ്പിനാണ് മഴ വരുന്ന
ദിവസം തീരുമാനിക്കാനാവുക എന്ന വിശ്വാസത്തിലാണ് സാധാരണക്കാരനായ അപ്പൂപ്പന്.
അത്രമാത്രം അഭേദ്യമാണ് സ്കൂള്‍ തുറക്കുന്ന ദിവസവും മഴയും തമ്മിലുള്ള ബന്ധം.
മഴ എന്നും മനുഷ്യരെ പ്രചോദിപ്പിച്ചിട്ടുണ്ട്, കലയെഉപാസിക്കുന്നവരെ പ്രത്യേകിച്ചും.മഴപ്പാട്ടുകളും, മഴക്കവിതകളും,മഴക്കഥകളും, മഴശ്ശില്പ്പങ്ങളും, മഴച്ചലച്ചിത്രങ്ങളും സര്‍വോപരി
മഴസ്സ്വപ്നങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കലാലോകം. മലയാളി പ്രവാസികള്‍
പൊതുവിലും ഗള്‍ഫ് പ്രവാസികള്‍ പ്രത്യേകിച്ചും മഴയെ അത്യധികം മോഹിക്കുന്നവരാണ്. ‘മഴയില്ലെങ്കില്‍ എന്താണിത്ര കുഴപ്പം? നിങ്ങളെന്തിനാണ് മഴ, മഴ എന്ന് ഇത്രമാത്രം കൊതിക്കുന്നത്?’രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ജനിച്ചു വളര്‍ന്ന ഒരു
സുഹൃത്ത് അല്ഭുതത്തോടെ ചോദിച്ചപ്പോള്‍, പെട്ടെന്നൊരുത്തരം
പറയാന്‍ കഴിയാതെ നിന്നു പോയത് നീല വിരിപ്പിട്ട ആകാശത്തില്‍ ഒരു ചെറുമേഘം
പോലുമില്ലാതിരുന്ന ഉത്തരേന്ത്യന്‍ മധ്യാഹ്നത്തിലായിരുന്നു. മഴ എന്താണെന്നും
അതെങ്ങനെയാണ് ഒരു ജനതയുടെ മുഴുവന്‍ വികാരമാകുന്നതെന്നും വരണ്ടുണങ്ങി വിണ്ടു കീറിയ
നാട്ടില്‍ നിന്നും വരുന്നവരെ പറഞ്ഞു മനസ്സിലാക്കുക പലപ്പോഴും കഠിനവും
അസാധ്യവുമാണ്. ജല സമ്പന്നതയുടെ അതിധരാളിത്തമാണ് നമ്മള് പ്രദര്‍ശിപ്പിക്കുന്ന പല
ശീലങ്ങളുമെന്ന് അവര്‍, നമ്മൂടെ ജല വിനിയോഗത്തിലെ
ഉത്തരവാദിത്തമില്ലായ്മയെ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രത്യേകിച്ചും. ‘രണ്ട് നേരവും കുളിക്കും, എന്നും തുണി അലക്കും, വീട് അടിച്ചു വാരി വെള്ളം നനച്ചു തുടച്ചിട്ടേ
ഉറങ്ങൂ, അടുക്കള എന്നും കഴുകിത്തുടയ്ക്കാതെ പാചകം ചെയ്യില്ല’ എന്നിങ്ങനെയുള്ള നമ്മുടെ വിവിധതരം
പൊങ്ങച്ചങ്ങളും ‘അയ്യോ! മഴ വന്നില്ലേ... ഇനിയും വന്നില്ലേ...’ എന്ന കരച്ചിലും രണ്ടു മഴ കഴിഞ്ഞാലുടനെ ‘ഓ! എന്തൊരു നശിച്ച മഴ!’ എന്ന പ്രാകലും വരണ്ടുണങ്ങിയ നാട്ടില്‍
നിന്നുള്ളവരെ കുറച്ചൊന്നുമല്ല, അല്ഭുതപ്പെടുത്തുക.
വെറുതെ പെയ്തു നിറയുന്ന മഴയെക്കുറിച്ച് കാല്പനികരാകാന് വളരെ എളുപ്പമാണ്.
അതുകൊണ്ടു തന്നെ മഴ തരുന്ന ഉത്തരവാദിത്തങ്ങള്‍ നമ്മള് വളരെ വേഗം മറക്കുകയും
ചെയ്യുന്നു. നല്ല മഴക്കാലത്ത് നദികളിലൂടെ കുതിച്ചൊഴുകി കടലില്‍ ചെന്ന് ചേരുക
മാത്രമാണ് വിലപിടിച്ച മഴവെള്ളം. തൊട്ടടുത്ത വേനലില്‍ കിണറുകള്‍ വറ്റി, കുളങ്ങള്‍ വരണ്ട്... നമ്മള് കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നു. എങ്കിലും
കുടിവെള്ളത്തിനായി സ്ത്രീകള്‍ പതിമൂന്ന് കിലോ മീറ്ററോളം നടക്കേണ്ടി വരുന്ന മറ്റ്
ചില ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മള് മെച്ചപ്പെട്ടവരാണ്. പക്ഷെ, അതു മതിയോ? ഭരണം മാറുമ്പോള്‍ നേരത്തെ ഭരിച്ചിരുന്നവര്‍
ഇതിലും മോശമായിരുന്നെന്ന് പറയുന്നതു മാതിരി, വേറൊരു നാട്ടില്‍ ഇന്നാട്ടിലുള്ളതിലും കുഴപ്പങ്ങളുണ്ടെന്ന് പറയുന്നതു
മാതിരി ഉത്തരവാദിത്ത ബോധമില്ലാത്ത മൂന്നാംകിട ന്യായീകരണങ്ങള്‍ മതിയോ നമുക്ക്?
കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയുടെ രീതിയും താളവും സ്വഭാവവും
മാറിയെന്ന് അനുതാപവും പരിഗണനയും സൂക്ഷ്മനിരീക്ഷണവുമുള്ള ചിലരെങ്കിലും ഗൌരവമായി ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്.
അത്യധികം അപകടകാരികളായ ഇടിമിന്നലുകള്‍ സര്‍വസാധാരണമായി, കാറ്റിന്റെ ഊക്കു കൂടി, ഉരുള്‍പൊട്ടലുകള്‍ വര്‍ദ്ധിച്ചു, വെള്ളപ്പൊക്കം ഒരു സാധാരണ കാര്യമായി…. എന്നു തുടങ്ങി നൂറു കൂട്ടം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നമ്മള് ഓരോരുത്തരും ഒറ്റയ്ക്കും കൂട്ടായും പ്രകൃതിയോട് ചെയ്ത ക്രൂരകര്‍മ്മങ്ങള്‍
തന്നെയാണ് മഴയും വെയിലും മഞ്ഞും തനതു സ്വഭാവങ്ങളില്‍ ചാഞ്ചല്യം പ്രകടിപ്പിക്കാന്‍
കാരണം. ഹേയ് !അങ്ങനെ വലിയ മാറ്റമൊന്നുമില്ല, ഇതൊക്കെ ചുമ്മാ പറയുന്നതാണ്.’എന്ന് നിസ്സാരമാക്കാമെങ്കിലും പ്രകൃതിയുടെ താളത്തില്‍
വ്യതിയാനമുണ്ടെന്നത് സത്യമാണ്. ആ പാഠങ്ങള്‍ നമ്മള് ഇനിയും
പഠിക്കാനിരിക്കുന്നതേയുള്ളൂ.
ഇപ്പറഞ്ഞതെല്ലാം വിരല്‍ ചൂണ്ടുന്നത് നമ്മുടെ ജലവിനിയോഗത്തെക്കുറിച്ച് കൂടുതല്‍
ഗൌരവതരമായി ആലോചിക്കേണ്ടതുണ്ടെന്നുതന്നെയാണ്. എത്ര വിലപിടിപ്പുള്ള ഒരനുഗ്രഹമാണ്
ജലമെന്ന് നമ്മള്പഠിക്കന്നതിനൊപ്പം അടുത്ത തലമുറയേയുംഅതു പഠിപ്പിക്കാനുള്ള
ഉത്തരവാദിത്തം നമ്മള്കാണിക്കണം. എന്തുമാത്രം സൂക്ഷ്മതയോടെചെലവഴിക്കേണ്ട കരുതല്‍
ധനമാണ് ജലമെന്ന ബോധത്തിലേക്ക് നമ്മള് ഉണരേണ്ട കാലം വന്നു കഴിഞ്ഞു .ഇനിയും അതു
തിരിച്ചറിയാനാവുന്നില്ലെങ്കില്‍ നമ്മുടേ കുട്ടികളായിരിക്കും വേദനയൂറുന്ന പാഠങ്ങള്‍
പഠിക്കേണ്ടി വരിക.
അവസാനമായി മറ്റൊന്നു കൂടി, ഇന്നും സവര്‍ണന്റെ മാത്രം സ്വത്തായ
കുടിവെള്ളത്തില്‍നിന്ന് അല്പം ലഭ്യമാകാന്‍ വേണ്ടി അടിമകളേക്കാള്‍ ദയനീയമായി വേല
ചെയ്യേണ്ടി വരുന്ന അവര്‍ണര്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുണ്ട്.അടുത്ത
ലോകമഹായുദ്ധം ജലത്തിനു വേണ്ടിയാണെന്ന ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്താവന അവര്‍ണരായ
ഈ ജനതക്കു മുമ്പില്‍ എത്ര പരിഹാസ്യമാകുന്നുവെന്ന് ആലോചിച്ചുനോക്കൂ. പാവപ്പെട്ട ഈ
ജനത കുടിവെള്ളത്തിനായി കേണുകൊണ്ടാണ് എത്രയോ കാലമായി ജീവിക്കുന്നത് !. അതു നമ്മള്
കാണുന്നില്ല, കണ്ടാലും കണ്ടതായി നടിക്കുന്നില്ല. വന്‍
ശക്തികള്‍ വെള്ളത്തിനായി യുദ്ധം ചെയ്തേക്കുമെന്ന പ്രവചനം നമ്മെ ചിന്താകുലരാക്കുന്നു.
നമ്മള്ലേഖനമെഴുതുകയുംചിത്രം വരക്കുകയും സിനിമ കാണിക്കുകയും
ചെയ്ത് ആകുലതയെ പങ്കിടുന്നു ! അതേസമയം തൊട്ടപ്പുറത്ത് തീണ്ടാപ്പാടകലെ വലിയൊരു വിഭാഗം
ജനത കുടിവെള്ളത്തിനായി വെറും ജാതിയുടെ പേരില്‍ അകറ്റി നിറുത്തപ്പെടുന്നത് നമ്മള്
കാണാതെയും പോകുന്നു !
മഴയെ തേന്മഴയെന്നും പൂമഴയെന്നും പനിനീര്മഴയെന്നും വാഴ്ത്തുമ്പോള്‍തന്നെ
പെരുമഴക്കാലത്തിന്റെ കണ്ണീര്ക്കടലുകളേയും നമ്മള് കാണേണ്ടതുണ്ട്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന
കുടിലുകളില്‍ കഴിയുന്നവര്‍, പെരുമഴപ്പെയ്ത്തിന്റെ വെള്ളപ്പൊക്കത്തില്‍
സമസ്തവും നഷ്ടപ്പെടുന്നവര്‍ ....... അങ്ങനെ അനവധി പേര് എക്കാലത്തും
നമ്മോടൊപ്പമുണ്ട്. മറ്റ് എല്ലാ ദുരന്തങ്ങളേയും ദുരിതങ്ങളേയും എന്ന പോലെ കാലാവസ്ഥയും
ദുരന്തവും ദുരിതവുമായി ഒന്നുമില്ലാത്തവരുടെ തലയിലാണു വെള്ളിടിയായി വീഴുക. കാല്പനികതയുടെ പനിനീര്‍മഴയായാലും
പൊന്‍വെയിലായാലും പഞ്ഞി പോലുള്ള മഞ്ഞായാലും ഇല്ലാത്തവനെന്നും അവയൊക്കെ ക്രൂരവും
കഠിനവുമായ യാഥാര്‍ഥ്യങ്ങളായിരിക്കും. ചോര്‍ന്നൊലിക്കുന്ന പുരയായി, ഒരു കാക്കക്കാലിന്റെ തണലില്ലാതെ , ഒരു ചായക്കോപ്പയുടെചൂടിനായി കൊതിച്ച്.........
51 comments:
എച്ച്മുക്കുട്ടി,അസ്സലായിട്ടോ.
കാല്പനികനായ കഥാകാരനായതാവാം കാരണം.ആരുവേണമെങ്കിലും കുറ്റം പറഞ്ഞോട്ടെ.എന്നാലും സൌന്ദര്യത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യ.
നല്ല ഭാഷ.നല്ല വിവരണം.
ആശംസകള്‍ .
ശരിക്കും കേരളത്തില്‍ നിന്ന് പുറത്ത് പോകാത്തവര്‍ വെള്ളത്തിന്റെ പ്രയാസം അത്രകണ്ട് അനുഭവിച്ച്ചുണ്ടാകും എന്ന് തോന്നുന്നില്ല. അതായിരിക്കാം ഒരു ഒഴുക്കന്‍ മട്ട് എന്ന് കരുതുന്നത് ...
ഇന്ന് ഇരിട്ടീലൊക്കെ ( എന്റെ നാട്) പേമാരിയും, ഉരുൾപൊട്ടലും ഉണ്ടായെന്ന വാർത്ത വന്നു.
നമ്മുടെ നാടും മാറുകയാണു ഉത്തരേന്ത്യ പോലെ, മഴ പെയ്താൽ പ്രളയം, വർൾച്ചയായാൽ സഹിക്കാനാവാത്ത ചൂട്.
കാരണക്കാർ നമ്മളൊക്കെത്തന്നെ..
വരൂ മഴക്കാലമേ ഇനി എന്റെ മുറ്റത്ത്
വന്നെന്നോടൊപ്പം നീന്നുല്ലസിക്കാന് !
എന്നൊരു കവിത എഴുതി മഴ കാത്തിരുന്ന പുണ്യാളനെയും നിരാശനാക്കിയാണീ മഴ കാലം പടി ഇറങ്ങാന്‍ ഒരുങ്ങുന്നത് ,
മഴ സ്വന്തം മുറ്റത്ത് പോലും വീഴാന്‍ ഇഷ്ടപെടാത്ത മലയാളിയാണ് വിലപിക്കുന്നത് !
നല്ല ആശയവതരണം , സ്നേഹാശംസകള്‍
മഴയെന്നു കേട്ടാൽ ചോര തിളക്കില്ലെങ്കിലും വികാരം കൊള്ളാത്ത മലയാളി ഉണ്ടാകുമോ..?
കുറച്ചൊരു അഹങ്കാരം നാം വെള്ളത്തിന്റെ കാര്യത്തിൽ കാണിച്ചതിന്റെ ശിക്ഷ ഇനിയുള്ള കാലം നമുക്കനുഭവിക്കാം.
കാലം മാറുകയാണ്!!!!!!!!!!!!
ഉത്തരേന്ത്യക്കാര്‍ എങ്ങനെയാണ് വരള്‍ച്ചയെ തരണം ചെയ്യുന്നതെന്ന് പഠനം നടത്താന്‍ തുടങ്ങാം....അക്കാലത്തിലെയ്ക്ക് അധികം കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല ഇപ്പോഴത്തെ കര്‍ക്കിടകത്തിന്റെ ഭാവമാറ്റം കണ്ടാല്‍.
എച്ച്മുവിന്റെ വാക്കുകളുടെ ശക്തിയെക്കുറിച്ചു ഏറെ പറയണം എന്നില്ല.എല്ലാ ഭാവുകങ്ങളും
കേരളത്തിന് പുറത്ത് ജീവിതകാലത്തിലെ വലിയ പങ്കും കഴിച്ചു കൂട്ടേണ്ടി വന്നതിനാല്‍ മഴക്കായി കൊതിക്കുന്ന വേഴാമ്പലാണ് എന്നും...! മഴയുടെ കാല്പനികതയില് മനസ്സുലച്ച്, പൂമഴയായും തേന്മഴയായും പെയ്യിച്ച്.... മനസുകൊണ്ട് മഴയെ തൊട്ട്... അങ്ങിനെയങ്ങിനെ...
കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് വേവിന്റെ പൊരുളും മഴക്കൊതിയും മനസിലാകുമോ എന്നറിയില്ല...! മഴയെക്കുറിച്ചുള്ള ചിന്ത അസ്സലായി ട്ടോ...
മഴയുടെ കനവും നോവും അനുഭവിപ്പിച്ചു
എനിക്ക് ഒരു പ്രവാസിയുടെ കണ്ണിലൂടെയെ മഴയെ നോക്കിക്കാണാന്‍ പറ്റൂ. ചിലപ്പോള്‍ സ്വാര്‍ത്ഥത ആവാം.
ഒരു പാട് ഓര്‍മ്മകളുടെ സുഖം നല്കുന്ന ഒരു മഴ എപ്പോഴും മനസ്സില്‍ ഉണ്ട്. ഗൃഹാതുര ചിന്തകളുടെ മേല്‍ പെയ്തിറങ്ങുന്ന ഒരു മഴ.
അതിന്റെ രൌദ്ര താളത്തെ മറക്കുന്നില്ല.
കുറിപ്പ് ഇഷ്ടായി.
ഞാനും ഒരു പ്രവാസി ആണ് .അതില്‍ കൂടുതല്‍ മഴയെ സ്നേഹിക്കുന്നവനും ......നല്ല ഒരു വായന പകര്‍ന്നു തന്നതിന് നന്ദി ,,,വീണ്ടും വരാം
എച്മു ,മഴ വിശേഷങ്ങള്‍ കൊള്ളാം, ഭാഷ പുതുമഴ പോല്‍ സുന്ദരം
മഴമഴമഴ പെയ്യും പോലെ!
റാംജി സാര്‍ പറഞ്ഞ പോലെ കേരളത്തിന് പുറത്തു പോകാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. തമിഴ് നാട്ടില്‍ ഞാന്‍ പഠിച്ചപോള്‍ ജലത്തിന്റെ വില അറിഞ്ഞു. ഹൌസ് ഓണര്‍ വന്നു പറയുമാരുന്നു പറ്റിയാല്‍ നിങ്ങള്‍ കക്കൂസ് ഉപയോഗിക്കാതെ പറമ്പില്‍ പോകാന്‍.!!!
ജലത്തിന്റെ കാര്യത്തിലും സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവ് ഉണ്ടെന്ന് ഇപ്പോള്‍ ആണ് അറിഞ്ഞത്. അപ്പോള്‍ യുദ്ധം ഉറപ്പ്
പിന്നെ മലയാളികളുടെ മഴഭ്രാന്ത് ശരിയാണ്. മഴയെ കാത്തിരിക്കും എന്തിനെന്നോ അവള് വന്നിട്ടുവേണ്ടെ നശിച്ച മഴവന്നു എന്ന് പറയാന്‍......
ജലധാരാളിത്തം ഞാന്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ല... വഴക്ക് എപ്പോളും കേക്കും ജലം പാഴക്കുന്നതിന്. ഇനി സ്രെധിക്കം കേട്ടോ.... നല്ല സന്ദെശം... ആശംസകള്‍
എച്മു,എങ്കിലും എനിക്ക് മഴവേണം.കറുത്തിരുണ്ട പ്രഭാതത്തില്‍ തിരി മുറിയാതെ പെയ്യുന്ന തീരാമഴ...തോരാമഴ...
"‘അയ്യോ! മഴ വന്നില്ലേ... ഇനിയും വന്നില്ലേ...’ എന്ന കരച്ചിലും രണ്ടു മഴ കഴിഞ്ഞാലുടനെ ‘ഓ! എന്തൊരു നശിച്ച മഴ!’ എന്ന പ്രാകലും വരണ്ടുണങ്ങിയ നാട്ടില്‍ നിന്നുള്ളവരെ കുറച്ചൊന്നുമല്ല, അല്ഭുതപ്പെടുത്തുക."
ചുറ്റുമുള്ള മനുഷ്യരെ നോക്കുക മാത്രം ചെയ്തു , സമൂഹത്തിന്റെ നാഡി മിടിപ്പ് കൃത്യമായി അളന്നു കുറിക്കുന്നതില്‍ ഈ എഴുതുകാരിക്കുള്ള കഴിവ് എടുത്തു പറയാതിരിക്കാന്‍ ആകുന്നില്ല...!! മുടിഞ്ഞ ഒബ്സെര്വേഷന് പവര്‍ ...!
പിന്നെ ,
വാസുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ , മഴ ഒരു തരിച്ചു പോക്കാണ് . ഇറ്റ് ഈസ് എ ടൈം മെഷീന് .. ( ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും മഴ ഒരേ പോലെ ഒരു അനുഭൂതി ആണ് എന്ന് പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്.. പലരുടെയും അറ്റവും അടുത്ത സുഹൃത്തും മഴ തന്നെ ..! ശരിയാണ് മഴയത്ത് ഒലിച്ചു പോയ വീടും , അപകടത്തില്‍ നഷ്ടപ്പെട്ട ഉറ്റവരെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ആരെയും സന്തോഷിപ്പിക്കുന്നില്ല .. പക്ഷെ എന്നാലും , മഴ മനുഷ്യനെ തുല്യനാക്കുന്നു എന്നാ അവസ്ഥയുണ്ട് ... പ്രകൃതിയുടെ കരുത്തു അറിയുമ്പോള്‍ , അറിയാതെ തോന്നുന്ന ഒരാത്മ ബന്ധമുണ്ട് ... വെള്ളം ഇറ്റു വീഴുന്നു ഓലപ്പുരയുടെ മുറ്റത്തിരിക്കുമ്പോഴും , ചോരുന്ന ഒറ്റ മുറിയില്‍ അത് നനവായി പടരുമ്പോഴും , മഴ പലപ്പോഴും ഒരു കൂട്ടാണ്. അത് ഒരു വന്യമായ സംഹാരമായി മാറുന്നത് വരെ ..!
Rain makes a secluded person even more secluded..Doesnt matter who he is .. He just need to be a Human thats it..!
എല്ലാ മലയാളികളെയും പോലെ എനിക്കും ഇഷ്ടമാണ് ഈ മഴ,തകര്‍ത്തു പെയ്യുന്ന,ചിരിച്ചു കളിക്കുന്ന,ഇപ്പോള്‍ പെയ്യും എന്ന് കളിപ്പിച്ചോടുന്ന ,ഇടവപ്പാതിയെയും തുലാവര്‍ഷത്തെയും എല്ലാം. ഇത്തവണ മഴ വന്നില്ലല്ലോന്നു ഓര്‍ത്തിരുന്നപ്പോള്‍ ദാ ഇന്നലെ തുടങ്ങി. അത്തം കറുത്താല്‍ ഓണം വെളുക്കും എന്നല്ലേ , കറുപ്പോ വെളുപ്പോന്നു നോക്കിയിരികാം :)
പൂമഴയും തേന്മഴയും ഒന്നും പെയ്യാത്ത ഒരു വര്‍ഷമാണ് ഇത്തവണ. ഇതുവരെ കാലവര്‍ഷം നാല്‍പ്പതു ശതമാനം പോലും പെയ്തിട്ടില്ല. എന്നാല്‍
വയനാട്ടില്‍ കഴിഞ്ഞ ദിവസം തകര്‍പ്പന്‍ മഴ പെയ്തു. ഉരുള്‍പൊട്ടി. മരണങ്ങളും നടന്നു. ഇതാണ് നമ്മുടെ കാലാവസ്ഥ. ഇത്തവണ കുടിവെള്ള ക്ഷാമവും പവര്‍കട്ടും ഉണ്ടാകുമെന്ന് പ്രവചിച്ചും കഴിഞ്ഞു. എച്ചും കുട്ടി പറഞ്ഞതു പോലെ എല്ലാം പ്രകൃതിയോടു കാണിക്കുന്ന ക്രൂരതയാകാം.
നല്ല ലേഖനം. ആശംസകള്‍ !
പിടിവിട്ട് നിലത്തുവീഴുന്ന ആ പാവം മഴഗോളങ്ങളെ ഒന്ന് പോലും പെറുക്കി വയ്ക്കാതെ
എല്ലാം കടലിലേക്ക് ഉരുട്ടി വിടുന്നതിലൂടെ നമ്മള് മഴയെ ഒട്ടും പ്രണയിക്കുന്നില്ല എന്ന് തോന്നും
നന്നായി എഴുതി
ആശംസകള്‍
"മഴയെ തേന്മഴയെന്നും പൂമഴയെന്നും പനിനീര്മഴയെന്നും വാഴ്ത്തുമ്പോള്‍തന്നെ പെരുമഴക്കാലത്തിന്റെ കണ്ണീര്ക്കടലുകളേയും നമ്മള് കാണേണ്ടതുണ്ട്."
ഇന്നു രാവിലെ ഉരുള്‍പൊട്ടലില്‍ മരിച്ച 3 പേരെ കുറിച്ചുള്ള വാര്‍ത്ത കേട്ട ശേഷമാണ് ഓഫീസിലേയ്ക്കിറങ്ങിയത്.
എന്നാലും എത്രയൊക്കെ ദുരിതമുണ്ടായാലും മഴയെ ഇഷ്ടപ്പെടാതിരിയ്ക്കാനുമാകില്ല.
പണ്ട് കോഴിക്കോട്ടുണ്ടായിരുന്ന രാജസ്ഥാന് കാരനായ കലക്റ്റര്‍ പറഞ്ഞു-അവരുടെ നാട്ടില്‍ പതിനഞ്ചു ദിവസമേ മഴ കിട്ടൂ.പക്ഷേ കേരളത്തിലുള്ള കുടിവെള്ള ദൌര്‍ലഭ്യം അവിടെയില്ല എന്നു.ജല ധാരാളിത്തത്തിന്റെ കഥകള്‍ പഴങ്കഥകള്‍ ആവുകയാണ്.വേണ്ടവിധത്തില്‍ ജലം ശേഖരിച്ചില്ലെങ്കില്‍ നമ്മള് അനുഭവിക്കും.കാലിക പ്രാധാന്യമുള്ള പോസ്റ്റ്.
എഴുത്ത് നന്നായിട്ടുണ്ട്
സന്തോഷം, സുസ്മേഷ് അസ്സലായി എന്നെഴുതിയതു വായിച്ച് ഞാന്‍ സന്തോഷിക്കുന്നു. ഇനിയും അദ്ദേഹം അങ്ങനെ അഭിനന്ദിക്കുന്നത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടാവട്ടെ....
ആവാം രാംജി. അതാവാം.അനുഭവിച്ചറിയുന്നത് എത്രയായാലും ഒന്നു വേറെ തന്നെയാണ്.
വാര്‍ത്ത കണ്ടിരുന്നു സുമേഷ്. എല്ലാ കാല്പനികതകള്ക്കുമുള്ളില് മഴ ചിലപ്പോള്‍ ഇങ്ങനെയുമാണ്.
അതെ,പുണ്യവാളാ, നമുക്കിപ്പോ മുറ്റത്തും കോണ്‍ക്രീറ്റ് ടൈല്‍ ഇടാനാണിഷ്ടം. മഴ മുറ്റത്തും വേണ്ട.
വി. കെ എഴുതിയത് ശരി തന്നെ.എന്നാലും വേദനകള്‍ അനുഭവിക്കാനുള്ള അവസ്ഥ വരാതിരിക്കട്ടെ.
മിനിടീച്ചര്‍ക്കും ലീല ടീച്ചര്‍ക്കും കുഞ്ഞൂസ്സിനും നന്ദി.
അഷറഫ്,
മന്‍സൂര്‍,
നാച്ചി,
മറ്റൊരാള്‍,
ശ്രീനാഥന്‍ മാഷ്,
വിഘ്നേഷ് എല്ലാവര്ക്കും നന്ദി.
മഴ എല്ലാവര്ക്കും വേണം സേതു..എല്ലാവര്ക്കും മഴയെ ഇഷ്ടമാണ്.
ചെത്തു വാസൂന്റെ കമന്റ് ഏറെ ഇഷ്ടമായി. വാചകങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന ചാരുത...
ശ്രീ,
കുസുമം,
ഗോപന്,
ശ്രീ,
വെട്ടത്താന്‍ ജ്യേഷ്ഠന്,
നിധീഷ് എല്ലാവര്ക്കും നന്ദി, ഇനിയും വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
മഴ എനിക്ക് ഇഷ്ടമാണ്.എച്ചുമുക്കുട്ടിയുടെ എഴുത്തും
മഴ ഒരു വികാരമാണ്, ഒരു സംസ്കാരമാണ്. സ്കൂള്‍ തുറന്നിട്ടും മഴ പെയ്യാതിരിക്കുമ്പോള്‍ എന്തൊരു അസ്വസ്ഥതയാണ്...! ഇപ്രാവശ്യത്തെ കാലവര്‍ഷം വെറും കോമാളിക്കളിയായി.കര്‍ക്കിടകത്തില്‍ പോലും കൊന്ന പൂക്കുന്നു! ഇനി വരാനിരിക്കുന്ന വേനല്‍ എത്ര കഠിനം!
ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ട് അങ്ങനെ ഇരിക്കുന്നതിന്റെ ആ സുഖം!. മരുഭൂമിയിലെ തിളയ്ക്കുന്ന ചൂടില്‍ ഇരുന്നു ഈ പോസ്റ്റ് വായിക്കുമ്പോഴും ആ സുഖം തന്നെ . മഴ കുറയുന്നതിന്റെ ദുരിതങ്ങള്‍ നാം അനുഭവിക്കാനിരിക്കുന്നതെയുള്ളൂ ..
എനിക്ക് മഴ ഇഷ്ടമല്ലായിരുന്നു. കുട്ടിക്കാലത്ത് മഴക്കാലം എന്റെ അമ്മയ്ക്ക് ദുരിതകാലമായിരുന്നു. പറക്കമുറ്റാത്ത മക്കളെയും കൊണ്ട് പട്ടിണിയും പരിവട്ടവുമായി ചോര്‍ന്നൊലിക്കുന്ന കുടിലില്‍. മഴമാസങ്ങള്ക്ക് വളരെ മുമ്പെ ആ സാധുസ്ത്രീയുടെ മനസ്സില്‍ ആധികള്‍ തുടങ്ങുമായിരുന്നു. ഇപ്പോള്‍ എന്നാല്‍ അതെല്ലാം മാറിപ്പോയി. ഏതൊരു മരുവാസിയേയും പോലെ മഴ ഇന്ന് എനിക്കും പ്രിയമാണ്.
എന്താണാവോ ഇക്കൊല്ലം സമയത്തിന്ന് മഴ എത്തിയില്ല. തിരുവാതിര ഞാറ്റുവേല ക്കാലത്തും പാലക്കാടന്‍ വയലുകള്‍ ഉണക്കഭീഷണി നേരിട്ടു. ഇപ്പോള്‍ കണ്ണൂരില്‍ വാരി ചൊരിഞ്ഞ മഴയുടെ ബാക്കി ഇവിടെയെത്തി.
ടാങ്കറുകളില്‍ മലിനവെള്ളം നിറച്ച് കുടിവെള്ളം എന്ന പേരില്‍ കൊടുക്കുന്നത് നമ്മളുടെ ജലവിനിയോഗത്തിലെ തകരാറ് കാരണമാണ്.
ജല ദാരിദ്ര്യം എന്തെന്ന് അറിയണമെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അറിയണം. അത് പോലെ ജലം കൊണ്ടുള്ള കെടുതികളും ഏറിയ പങ്കും അനുഭവിക്കുന്നത് ഈ സംസ്ഥാനങ്ങള്‍ തന്നെ. പ്രകൃതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നാശത്തിലേക്ക് നടന്നു നീങ്ങുന്നത്. പ്രകൃതിയുടെ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന മനുഷ്യന്റെ കടന്നു കയറ്റങ്ങള്‍ അതാത് പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളിലും പ്രതിഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു
i read it and i like very much
കാല്പനിക മഴയെകുറിച്ചുള്ള സുനില്‍ മാളൂരിന്റെ കവിത ഓര്‍മ്മവന്നു. എച്ചുമുവിന്റെ നല്ല ചിന്തകള്‍ക്ക് അഭിവാദ്യങ്ങള്‍.
രാത്രി പുതപ്പിനടിയില്‍ ഉറക്കത്തെ കാത്തു കിടക്കുമ്പോള്‍ വരുന്ന മഴയാണ് എനിക്കേറ്റം ഇഷ്ടം. പിന്നെ വേറൊരു ഇഷ്ടം കൂടി ഉണ്ട്.മഴ ആര്‍ത്തലച്ചു പെയ്യുമ്പോള്‍ ആ സംഗീതം കേട്ടുകൊണ്ട് കുളിക്കുന്നത്. മഴയെ തോല്‍പ്പിച്ച് വേഗം വേഗം അങ്ങനെ വെള്ളം ഒഴിച്ച് കൊണ്ടിരിക്കണം. എന്നിട്ട് അങ്ങ് തണുത്തു വിറക്കണം.മഴയത്ത് കുളത്തില്‍ കുളിച്ചിട്ടില്ലാത്ത ഞാന്‍ പെരു മഴയത്ത് കുളത്തില്‍ കുളിക്കുന്നതും സങ്കല്‍പ്പിക്കാറുണ്ട്. പക്ഷെ ഇക്കൊല്ലം ഇതെന്തു പറ്റി..? നമ്മുടെ നാട്ടില്‍ മഴ പിണങ്ങി നില്ക്കുന്നതെന്തേ..?
ഒരു പക്ഷെ മഴയ്ക്ക് മാത്രമാകും നമ്മള് മനുഷ്യരുടെ എല്ലാ ഭാവങ്ങളും ലഭിച്ചിട്ടുള്ളത്.. രൌദ്രവും ശാന്തവും എല്ലാം മാറി മാറി വരുന്ന മഴയുടെ പക്ഷെ അടുത്ത കാലതായുള്ള ഭാവ മാറ്റം ആശങ്കപ്പെടുത്തുന്നത് തന്നെയാണ്..
മഴ മനോഹരിയല്ലേ ...
അവളെ ആരാണ് ഇഷ്ടപ്പെടാത്തത് ..
നമ്മുടെ എച്മു ചേച്ചീടെ എഴുത്ത് പോലെ ..
നന്നായിരിക്കുന്നു .
ആശംസകള്‍ !
മഴയെക്കുറിച്ച് എനിക്ക് എത്ര വായിച്ചാലും കേട്ടാലും കൊതി തീരില്ല..പക്ഷെ ദുരന്തം വിതക്കുന്ന മഴ കാണുമ്പോള്‍ പേടിയും..നല്ല പോസ്റ്റാണ് ചേച്ചീ ..ഞാനും ഒരു മഴ പോസ്റ്റ് ഇട്ടിട്ടുണ്ട്ട്ടോ..
സുഖമുള്ള നേര്‍ത്ത കുളിരില്‍ കൈകള്‍ മാറില്‍ പിണച്ചുകെട്ടി ജനാലയ്ക്കരികില്‍ ചടഞ്ഞിരുന്ന് പുറത്ത് ആരവത്തോടെ മഴ നൂലുകള്‍ പെയ്തിറങ്ങി മുറ്റത്ത് കുഴിയാന ക്കുഴികള്‍ തീര്‍ക്കുന്നത് നോക്കിരസിച്ച് ...
തൊടിയിലെ തെങ്ങും കവുങ്ങും പ്ലാവും മാവും നെല്ലിയും ചെമ്പകവും മഴയുടെ താളത്തിനൊത്ത് തലയാട്ടി ആടി ഉല്ലസിക്കുന്ന കാഴ്ചകള്‍ കണ്ട് അങ്ങിനെ സ്വയം മറന്നിരിക്കുമ്പോള്‍ ..
"കുസൃതിയിലേക്കുള്ള ക്ഷണമായി ജനല്പാളികളില് തട്ടി മഴ വിളിക്കുന്നു , വേണ്ട, ഉമ്മ വഴക്കു പറയുമെന്നു പറഞ്ഞ് ജനല്‍ പാളികള്‍ വലിച്ച് അടക്കാന്‍ ശ്രമിക്കുമ്പോള്‍ തുളുമ്പിപ്പോകുന്ന സ്നേഹത്തിന്റെ മിന്നല്‍പ്രഭയായി മിന്നിച്ചിരിക്കാനും നിനയ്ക്കാത്ത നേരത്ത് വാത്സല്യമായി അണച്ചുപിടിക്കാനും വീണ്ടും വരാമെന്ന് പറഞ്ഞ് മഴ ദേ പോവുന്നു ..
Read more at http://www.mychippi.com/2012/07/blog-post_27.html#ss53K0ccEf8FI4kv.99
ഈ പ്രാവശ്യം മഴ വേണ്ടത്ര കിട്ടിയില്ല. കിട്ടിയതിനൊപ്പമാകട്ടെ നഷ്ട്ടങ്ങളും. പ്രകൃതിയോട് ചെയ്യുന്ന ക്രൂരതക്കുള്ള തിരിച്ചടി തന്നെ.
നല്ല വിവരണം. അഭിനന്ദനങ്ങള്‍
നല്ലത്...മഴയെ മുഴുവന്‍ ഇവിടേക്കാവാഹിച്ച് മഴയില്‍ കുതിര്‍ന്നിരിക്കയാണ് ഞാന്‍.........
കാല്പനികതയുടെ പനിനീര്‍മഴയായാലും പൊന്‍വെയിലായാലും പഞ്ഞി പോലുള്ള മഞ്ഞായാലും ഇല്ലാത്തവനെന്നും അവയൊക്കെ ക്രൂരവും കഠിനവുമായ യാഥാര്‍ഥ്യങ്ങളായിരിക്കും.
എച്ചുമുക്കുട്ടി പറഞ്ഞു നിർത്തിയിടത്തിയ ആ വലിയ സത്യത്തിൽനിന്നും ആരംഭിക്കാം.....
നല്ല എഴുത്ത്, നല്ല വായന, നല്ല ചിന്ത.
നല്ല ഭാഷ.നല്ല ആവതരണം ...
ആശംസകള്‍ !
നല്ല ഒരു പോസ്റ്റ്.
മഴ ... എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല.
കര്‍ണാടക സര്‍ക്കാര്‍ മഴക്കായി കോടികള്‍ മുടക്കി പൂജ നടത്തി.
രാംജിയുടെ അഭിപ്രായം ശ്രദ്ധേയം.
കേരളത്തിന്റെ മഴയുടെ മാറ്റങ്ങളെ കുറിച്ച് ഗൌരവമായ പഠനങ്ങള്‍ നടന്നിട്ടുണ്ടോ ? സംശയം ഉണ്ട് .
എന്റെ ഒരു മഴപ്പോസ്ടിന്റെ ലിങ്ക് കൊടുക്കുന്നു -
http://www.kanakkoor.blogspot.in/2011/07/blog-post.html
ഇതുവായിച്ചപ്പോൾ ഒരു തേന്മഴകൊണ്ട് കുളിരുന്നപോലെ ..., അതോ ഒരു പൂമഴയേറ്റ തടോലൽ പോലെയോ.. !
നന്നായി എഴുതി
ആശംസകള്‍
മഴയും വെള്ളവും ഇല്ലാതെ എന്ത് ജീവജാലം ഭൂമിയില്‍?
മഴയുടെ സംഹാരതാണ്ഡവത്തിനും കാരണക്കാര്‍ മനുഷ്യര്‍ തന്നെ. പക്ഷെ ദുരിതം എന്നും പാവപ്പെട്ടവനുമാത്രം.
അതില്‍ മഴയ്ക്ക് പങ്കില്ല. കാണേണ്ടവര്‍ കാണുന്നില്ല.
പക്ഷെ എച്മു നന്നായി എഴുതിട്ടോ.
എച്മു....
മഴ എന്ന ഓർമ്മ എനിക്ക് ആദ്യംപൊട്ടുവീണ ഓടിനിടയിലൂടെ ചോരുന്ന വെള്ളതുള്ളികളാണ്... മനസ്സിൽ നോവു പരത്തുന്ന ഒന്ന്..പാത്രങ്ങൾ നിരന്ന അടുക്കളത്തടവും നടുമുറിയും ഓർമ്മകളിലൂടെ മനസ്സും കണ്ണും നനയിക്കാറുണ്ട് ഇപ്പോഴും....
ഗൌരവമായി എച്മൂ സൂചിപ്പിച്ച കാര്യങ്ങൾ..വെള്ളത്തിന്റെ ലഭ്യതക്കുറവ്..അതിനു വേണ്ടി സമരം ചെയ്യുന്ന ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ജീവിക്കുന്നതു കൊണ്ട്..എഴുതി വച്ചത് മുഴുവൻ പൊന്നാകുന്നു...എച്മൂ..ഇനിയും എഴുതു..
torrents of rain
മഴപോലെ മനോഹരം ഈ എഴുത്തും
ഗള്‍ഫില്‍ രാത്രി എ സി ഓടുന്ന ശബ്ദത്തെ മഴ പെയ്യുകയാണെന്നു സങ്കല്പിച്ച് ഞാന്‍ കിടന്നുറങ്ങാറുണ്ട്.
മഴ പോലെ മഴ വില്ല് പോലെ മനസ്സിനെ സ്വാധീനിക്കുന്ന വേറൊരു പ്രകൃതി പ്രതിഭാസം ഇങ്ങനെ ആവര്‍ത്തിക്കുന്നില്ല എന്നാണെനിക്കു തോന്നുന്നത്......
മനോഹരമായിരിക്കുന്നു ഈ എഴുത്ത്...ആശംസകള്‍.........
എനിക്ക് ഏറെ പ്രീയപെട്ടത് തന്നെയീ മഴ ..
എന്റെ മുന്നില്‍ വര്‍ഷങ്ങളൊളം പെയ്തു നിറഞ്ഞിരുന്ന-
മഴ എന്നേ സ്വാധീനിച്ചിരുന്നില്ല .... പക്ഷേ പ്രവാസമാണ്
എന്റെ ഉള്ളിലുണ്ടായിരുന്ന അവളുടൊടുള്ള പ്രണയത്തേ
പുറത്തേക്ക് കൊണ്ട് വന്നത് ..
നിലക്കാതെ പെയ്യുന്ന മഴ തീര്‍ക്കുന്നത് പാടത്തേയും പറമ്പിലും
വെള്ളകെട്ടുകളായിരുന്നു പണ്ട് , ഇന്ന് ഒരു മണിക്കൂറിന്റെ
മഴ കൊണ്ട് ഒരു നഗരം മുങ്ങി പൊകുന്നു ...
മണ്ണിലേക്കിറങ്ങീ പൊകുവാന്‍ മഴക്ക് സ്ഥലമില്ല തന്നെ ..
കോണ്‍ക്രീറ്റ് തറകള്‍ കൊണ്ട് നാം ആ കുളിരിനേ അപ്പൊള്‍ തന്നെ
ഒഴുക്കി വിടുന്നു , മണ്ണിലേക്ക് , വേരുകളിലേക്ക് അഴ്ന്നിറങ്ങി
പൊകുവാനാകാതെ , മരങ്ങള്‍ കൊണ്ട് വലിയ മലവെള്ള പാച്ചുലുകളേ
തടയാനാവാതെ , മണ്ണും മലയും കാടുകളും കവര്‍ന്നെടുത്ത് നാം
വരാനിരിക്കുന്ന ആപത്തിന് സ്വാഗതമൊതുന്നു , മഴയെന്നത് ചിത്രത്തില്‍
മാത്രം കാണുന്ന ഒന്നായി മാറുവാന്‍ കാലം വിദൂരമല്ല ..
കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല , കാഴ്ച മങ്ങി തുടങ്ങീ ..
ഇപ്പൊഴെങ്കിലും ചിന്തിക്കുവാന്‍ നമ്മുക്കായെങ്കില് ....!
മനസ്സിന്റെ ആകുലതകള്‍ നന്നായി പങ്കു വച്ചിട്ടുണ്ടിവിടെ ..
"കാല്പനികതയുടെ പനിനീര്‍മഴയായാലും പൊന്‍വെയിലായാലും പഞ്ഞി പോലുള്ള മഞ്ഞായാലും ഇല്ലാത്തവനെന്നും അവയൊക്കെ ക്രൂരവും കഠിനവുമായ യാഥാര്‍ഥ്യങ്ങളായിരിക്കും."
വളരെ വളരെ സത്യം എച്ചുമു.:(
ഇനി സങ്കടങ്ങളൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഈ പോസ്റ്റ് ഒരു നല്ല മഴ പോലെ എനിക്ക് ആസ്വാദ്യകരമായി. ഇടയ്ക്കു വരള്‍ച്ചയും പിന്നെ കോരി ചൊരിയുന്ന മഴയുമായി എന്റെ വായനയെ ആസ്വാദ്യകരമാക്കിയ എഴുത്ത് . ഒരു പക്ഷെ മഴയെ വല്ലാതെ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം.
എല്ലാവര്ക്കും നന്ദി. ഇനിയും കുറിപ്പുകള്‍ വായിയ്ക്കാന്‍ വരുമല്ലോ.
Post a Comment