(
കുടുംബമാധ്യമത്തിലെ സ്വകാര്യത്തിൽ 2012 ആഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ചത്. )
ഭക്ഷണം
ഒഴിവാക്കി ശരീരവും മനസ്സും പൂർണമായും പ്രപഞ്ചങ്ങളുടെ
തമ്പുരാനായ സർവശക്തനിൽ അർപ്പിച്ച് ഒരു മാസത്തെ വ്രതവിശുദ്ധിക്കു ശേഷം ഈദ് മുബാരക്
പരസ്പരം ആശംസിച്ച് മീഠാ ഈദ് ആഘോഷിച്ചിരുന്ന കുറച്ചു സഹപ്രവർത്തകരുണ്ടായിരുന്നു.
തമ്മിൽ കാണാതിരുന്നാലും മീഠാ ഈദിന്റന്ന് കൃത്യമായി
രാവിലെ എന്നെ ഓർമ്മ വരുന്നവർ. സാധിക്കുമെങ്കിൽ മധുരമുള്ള
സേവിയ കൊണ്ടു തരുന്നവർ… എന്നെ ഓർമ്മ
വരുന്നുവെന്നും കാണുവാൻ ആഗ്രഹം തോന്നുന്നുവെന്നും യാതൊരു മടിയും
നാട്യങ്ങളുമില്ലാതെ തുറന്നു പറയുന്നവർ… അവരിൽ ഒരാൾ ഒരു പാവപ്പെട്ട ചായം തേപ്പുകാരനായ മുന്നാ മുഹമ്മദും മറ്റൊരാൾ ചെറിയ
തോതിൽ പച്ചക്കറികൾ വിറ്റിരുന്ന സർവ്വർ മുഹമ്മദുമായിരുന്നു.
മുന്നാ മുഹമ്മദ് എപ്പോൾ വന്നാലും വീട് പെയിന്റടിക്കാറായി എന്നും കസേരകൾ പോളീഷ് ചെയ്യാറായി എന്നും അറിയിക്കും. സർവർ
മുഹമ്മദ് വരുമ്പോഴെല്ലാം എന്തെങ്കിലും കുറച്ച് പച്ചക്കറികൾ തരും.
റമദാൻ
വ്രതാനുഷ്ഠാനം തുടങ്ങുമ്പോൾ എല്ലാ ദിവസവും രാവിലെ സമീപത്തെ പള്ളിയിൽ നിന്ന് ഉറക്കെ
അറിയിപ്പുണ്ടാകുമായിരുന്നു. ഒരു പ്രത്യേക താളത്തിലും, ഒരു
പ്രത്യേക ഈണത്തിലും എല്ലാവരേയും വ്രതത്തിലേക്ക് ആനയിക്കുവാൻ പ്രേരണ നൽകുന്ന
മട്ടിലുള്ള ഒന്ന്. നോമ്പ് തുറയുടെ സമയത്തും ഇതേ
താളത്തിലും ഈണത്തിലും ആ വിളംബരം മുഴങ്ങിയിരുന്നു, അപ്പോൾ
ഭക്ഷണം കഴിയ്ക്കാൻ പ്രേരിപ്പിക്കുന്ന വിധമായിരുന്നുവോ, അത്?. ‘ ആരാ പറഞ്ഞത്, ദൈവം
സംസാരിക്കില്ലെന്ന്? ദേ, ദൈവം
മാമുണ്ണാൻ വിളിക്കുന്നത് കേട്ടുവോ‘ എന്ന് ചോദിച്ചിരുന്ന ചില
തമാശക്കാരും ഒപ്പം ജോലി ചെയ്തിരുന്നു, അക്കാലത്ത്.
റമദാൻ
മാസത്തെ വ്രതാനുഷ്ഠാനം ഇസ്ലാമിന്റെ നാലാമത്തെ അടിസ്ഥാന പ്രമാണമാണെന്ന് സർവ്വർ
മുഹമ്മദാണ് എനിക്ക് പറഞ്ഞു തന്നത്. മനുഷ്യരായ നമ്മൾ
ജീവിച്ചിരിക്കുമ്പോൾ ഭൂമിയിൽ കാണിച്ചു കൂട്ടിയ ചെറുതും വലുതുമായ സകല ചെയ്തികളും മരണത്തിനു ശേഷം വിധിക്കപ്പെടും. അന്നേരം
തമ്പുരാൻ തരുന്ന ശിക്ഷകളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നമ്മൾ പാപരഹിതരാവേണ്ടതുണ്ട്.
അല്ലെങ്കിൽ അതിഭയങ്കരമായ നരകത്തീയായിരിക്കും നമുക്കായി ഒരുങ്ങുക.
വിശ്വാസിയായ ഒരു മുസ്ലിമിനെ സകല പാപങ്ങളിൽ നിന്നും ഒഴിവാകാൻ ഏറ്റവും
കൂടുതൽ സഹായിക്കുന്ന ഒന്നാണ് റമദാൻ വ്രതം. വിശപ്പിനെ
നിയന്ത്രിക്കാൻ പഠിക്കുന്നത് വലിയ കാര്യമാണ്. വിശപ്പ്
നിയന്ത്രിച്ചു നിറുത്താൻ കഴിയുന്നവർക്ക് മറ്റെല്ലാം നിയന്ത്രണ വിധേയമാകും. നാക്കും ചെവിയും കണ്ണും മറ്റെല്ലാ അവയവങ്ങളും സംയമനം പാലിച്ച് മനസ്സ്
ദൈവസമക്ഷം സമർപ്പിച്ച് എല്ലാ ആസക്തികളോടും വിട പറയും.
നോമ്പുകാരെ ദൈവം അൽ റയ്യാൻ എന്ന മുന്തിയ തരം വാതിലിലൂടെയാണത്രെ സ്വർഗ്ഗത്തിൽ
പ്രവേശിപ്പിക്കുന്നത്.
റമദാൻ
കാലങ്ങളിൽ അതിഗംഭീരമായ ഇഫ്ത്താർ വിരുന്നുകൾ പതിവായിരുന്നു. നോമ്പു തുറയോട് അനുബന്ധിച്ച് രാജകീയമായ വിരുന്നുകൾ നടക്കുന്നതും ആ
വിരുന്നുകളിലെ അതിഥികൾ ചലിക്കുന്ന കൊട്ടാരങ്ങളിൽ സഞ്ചരിക്കുന്നതും കണ്ട് ഞാൻ
ദില്ലിയിലെ രാജരഥ്യകളിൽ വിസ്മയിച്ചു നിൽക്കാറുണ്ടായിരുന്നു.
വലിയ വിരുന്നുകൾക്ക് ശേഷം കുപ്പത്തൊട്ടിയിൽ ഒരുപാട് ഭക്ഷണം
വലിച്ചെറിയപ്പെട്ടിരുന്നു. അങ്ങനെയാണ് എന്തുമാത്രം ആഹാരമാണ്
ആവശ്യമില്ലാതെ ഉണ്ടാക്കപ്പെടുന്നതെന്നും എങ്ങനെയാണ് അവയെല്ലാം ഉപയോഗ
ശൂന്യമായിത്തീരുന്നതെന്നും ഞാൻ മനസ്സിലാക്കിയത്. പ്രവാചകൻ
ജീവിച്ചിരുന്നത് വയറിന്റെ മൂന്നിലൊന്നു ഭക്ഷണവും മൂന്നിലൊന്നു വെള്ളവും
മൂന്നിലൊന്നു വായുവുമായിട്ടായിരുന്നുവല്ലോ. വെറും
ഈന്തപ്പനയോലയിൽ ഉറങ്ങിയിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൽ രാവിലെ ഉണരുമ്പോൾ ഓലയുടെ ചെറിയ
ചെറിയ പൊളിക്കഷണങ്ങൾ ദൃശ്യമായിരുന്നുവത്രെ. എന്നിട്ടും ആ ഔന്നത്യമാർന്ന
ലാളിത്യം, സ്വായത്തമാക്കാനോ അല്ലെങ്കിൽ കുറഞ്ഞപക്ഷം
അനുകരിക്കാനോ കൊള്ളാവുന്ന ഒരു ഗുണമായി നമ്മളിൽ അധികം പേരുടെയും മനസ്സിൽ വളർന്നില്ല,
ഇനി അഥവാ അല്പം വളർന്നെങ്കിലും വേരു പിടിച്ചില്ല, വേരു പിടിക്കാത്തതു കൊണ്ട് ഒരിക്കലും പടർന്നു പന്തലിച്ചുമില്ല. നോമ്പ് എന്ന മഹത്തായ ലാളിത്യത്തിന് പൂരകമായി അത്യാഡംബര പൂർണമായ നോമ്പ് തുറയും
അതി ഗംഭീരമായ വിരുന്നുകളും ഒക്കെ നിലവിൽ വന്നത് അങ്ങനെയാവണം.
സ്വർഗ
വാതിൽക്കലെത്താൻ എന്താണു വഴിയെന്ന് ചോദിച്ച ആയിഷയോട് വിശന്നിരിക്കലാണ് വഴിയെന്ന്
പ്രവാചകൻ മറുപടി പറഞ്ഞു. ഈ പ്രപഞ്ചത്തിലാകമാനം വലിയ വലിയ
പത്തായങ്ങളിലെമ്പാടും ധന ധാന്യ സമൃദ്ധിയെ ആമത്താഴിട്ടു പൂട്ടിവെച്ചവർക്കുള്ള
ഉത്തരമായിരുന്നില്ലേ അത്? പ്രവാചകന്റെ വാക്കുകളിൽ പലതും സൌകര്യപൂർവം മറന്നു പോയ കൂട്ടത്തിൽ നമ്മൾ ഇതും മറന്നുവെന്ന് മാത്രം…
അടുത്ത
നേരം എന്തെങ്കിലും ഭക്ഷണം കഴിക്കാനാകുമെന്ന് സങ്കൽപ്പിക്കാൻ പോലും പറ്റാത്തവരുടെ
നോമ്പ് എങ്ങനെയായിരിക്കുമെന്ന് മുന്നാ മുഹമ്മദാണ് കാണിച്ചു തന്നത്. അത് ഒരു ലൈലത്ത് ഉൽ ഖദ്ർ രാവിലായിരുന്നു. പ്രവാചകന്
ഖുർ ആനിലെ ആദ്യ വരികൾ ദൈവം പറഞ്ഞു കൊടുത്തത് അന്നാണെന്നും വിധിയുടെ രാവാണ് അതെന്നും ആയിരം റമദാൻ മാസങ്ങളേക്കാൾ ശ്രേഷ്ഠമാണതെന്നും മുന്ന
പറഞ്ഞു. ഒരു മനുഷ്യായുസ്സ് ഏതാണ്ട് മുഴുവനാകുമ്പോഴാണല്ലോ
ആയിരം മാസങ്ങൾ ലഭ്യമാകുന്നത്. ആ വിശുദ്ധ രാത്രി മുഴുവൻ
സമയവും പ്രാർഥനയിൽ ചെലവാക്കുന്നവരുണ്ടത്രെ.
ആഡംബര
പൂർണമായ വിരുന്നുകളുടെ ബാക്കി പെറുക്കി സൂക്ഷിക്കുന്നവർ ആ പഴന്തുണിക്കെട്ടുകൾ
മുറുക്കിപ്പിടിച്ച് വിശ്വാസത്തോടെ പ്രാർഥനകളിൽ പങ്കുകൊണ്ടിരുന്നു. കൊതിപ്പിക്കുന്ന
ആഹാര സാധനങ്ങളുടെ മണം സ്വന്തം മൂക്കിനു താഴെ ഉയരുമ്പോഴും, സദാ ആളിക്കത്തുന്ന വിശപ്പിനെ അടക്കി നിറുത്തി പ്രാർഥിക്കുന്ന പാവപ്പെട്ടവർ.
അവരിൽ അനാഥരും അശരണരും കുഷ്ഠരോഗികളും ഉണ്ടായിരുന്നു. വിശുദ്ധ രാത്രിയിൽ
അർപ്പിക്കപ്പെടുന്ന അവരുടെ പ്രാർഥനകൾ കർണ
ഞരമ്പുകളേക്കാൾ അടുത്തു നിൽക്കുന്ന ദൈവം
കേൾക്കാതിരിക്കയില്ല. അവരുടെ കഷ്ടപ്പാടുകൾ എന്നെങ്കിലും മാറാതിരിക്കയില്ല.
ഒന്നും
കഴിക്കാനില്ലാത്തവരുടെ അല്ലെങ്കിൽ ദുർബലരുടെ നിരാഹാര സമരം ആരേയും
വേദനിപ്പിക്കാത്തതുപോലെ ആരേയും ഒരു തിരുത്തലിനും പ്രേരിപ്പിക്കാത്തതു പോലെ, എന്നും എല്ലായ്പോഴും ജീവിതകാലമത്രയും റമദാൻ പകലുകൾ ഉള്ളവരുടെ നോമ്പുകളും
ആരേയും ആഡംബരങ്ങളിൽ നിന്നകറ്റാറില്ലെന്ന് മുന്നാ മുഹമ്മദ് പറഞ്ഞു. ആഹാരം കഴിക്കാനുള്ളവന്റെ നോമ്പും ഇല്ലാത്തവന്റെ നോമ്പും തമ്മിൽ ഒരുപാട് ദൂരമുണ്ട്,
രണ്ടു ലോകങ്ങളുടെ ദൂരം. ആഹാര സാധനങ്ങൾ കടലിൽ
തള്ളുന്നവരുടേയും വൻ ഗോഡൌണുകളിൽ പുഴുവരിപ്പിക്കുന്നവരുടെയും ലോകമാണ്
കഴിക്കാനുള്ളവരുടേത്. ഒട്ടകത്തിന്റെ കാഷ്ഠം പോലും തിന്നാൻ തയാറാവുന്ന, വിശപ്പിൽ പൊരിഞ്ഞ് മരിച്ച് വീഴുന്ന ഗതികെട്ട മനുഷ്യരുടേതാണ്
കഴിക്കാനില്ലാത്തവന്റെ ലോകം. തളികയിൽ മൂടിവെച്ച
സ്വാദുള്ള ഭക്ഷണം വേണ്ട എന്നു വെക്കുന്ന ലോകമല്ലല്ലോ ഒന്നുമില്ലാത്ത, ഒരിക്കലും ഒന്നും നിറയാനിടയില്ലാത്ത തളികയിൽ നോക്കി കുനിഞ്ഞിരിക്കുന്ന
ലോകം. ആ ഇരുണ്ട ലോകത്തെ മറികടക്കാനാണ് പ്രവാചകൻ വിശന്നിരിക്കലാണ്,വിശപ്പാണ് ,ഉപവാസമാണ്, സ്വർഗ
വാതിൽ തുറക്കുവാനുള്ള മാർഗമെന്ന് അരുളിച്ചെയ്തത്.
എല്ലാ
പ്രവാചകന്മാരുടേയും അരുൾവാക്കുകളിൽ പലതും നമ്മൾ എന്നേക്കുമായി മറന്നു കഴിഞ്ഞിരിക്കുന്നു…വ്രതങ്ങൾ അവയെ നമ്മുടെ ഓർമ്മകളിലേക്ക് മടക്കി വിളിക്കട്ടെ.
എല്ലാവർക്കും നല്ലൊരു പെരുന്നാൾ കാലമുണ്ടാവട്ടെ….
37 comments:
ലോകത്തിനു കാലത്തിനു യോജിച്ച ലേഖനം, എച്മുക്കുട്ടി.
ഔന്നത്യമാർന്ന ലാളിത്യം, സ്വായത്തമാക്കാനോ അല്ലെങ്കിൽ കുറഞ്ഞപക്ഷം അനുകരിക്കാനോ കൊള്ളാവുന്ന ഒരു ഗുണമായി നമ്മളിൽ അധികം പേരുടെയും മനസ്സിൽ വളർന്നില്ല, ഇനി അഥവാ അല്പം വളർന്നെങ്കിലും വേരു പിടിച്ചില്ല, വേരു പിടിക്കാത്തതു കൊണ്ട് ഒരിക്കലും പടർന്നു പന്തലിച്ചുമില്ല...
"ആഹാരം കഴിക്കാനുള്ളവന്റെ നോമ്പും ഇല്ലാത്തവന്റെ നോമ്പും തമ്മിൽ ഒരുപാട് ദൂരമുണ്ട്, രണ്ടു ലോകങ്ങളുടെ ദൂരം". ശരിയാണ്.ഉള്ളവന്റെയും ഇല്ലാത്തവന്റെയും നോമ്പും നോമ്പു തുറയും കണ്ടിട്ടുണ്ട്.പഴയ കാലത്തെയും ഇപ്പോഴത്തെയും നോമ്പു അടുത്ത് നിന്നു കണ്ടിട്ടുണ്ട്.എഴുതിയത് എല്ലാം ശരിയാണ്.എച്മുകുട്ടി നന്നായി അവതരിപ്പിച്ചു.
എച്ചുമു നന്നായി എഴുതി.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ദൂരം മനസ്സിലെങ്കിലും കുറയുവാന്‍ ഈ എഴുത്ത് സഹായിക്കട്ടെ.എല്ലാവര്ക്കും പിറന്നാള്‍ ആശംസകള്‍ .
"ഒന്നും കഴിക്കാനില്ലാത്തവരുടെ അല്ലെങ്കിൽ ദുർബലരുടെ നിരാഹാര സമരം ആരേയും വേദനിപ്പിക്കാത്തതുപോലെ ആരേയും ഒരു തിരുത്തലിനും പ്രേരിപ്പിക്കാത്തതു പോലെ, എന്നും എല്ലായ്പോഴും ജീവിതകാലമത്രയും റമദാൻ പകലുകൾ ഉള്ളവരുടെ നോമ്പുകളും ആരേയും ആഡംബരങ്ങളിൽ നിന്നകറ്റാറില്ലെന്ന് മുന്നാ മുഹമ്മദ് പറഞ്ഞു."
മുന്നാ മുഹമ്മദ് പറഞ്ഞ ആ സത്യം... എല്ലാവരുടെയും മനസ്സിൽ തട്ടട്ടെ... നന്നായി ഈ ലേഖനം... മാധ്യമത്തിന്റെ ചെപ്പിൽ വായിച്ചിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച...
പ്രിയ എച്ചുമു.
ഈ പെരുന്നാള്‍ ദിനം എന്റ ഇന്‍ബോക്സില്‍ ഞാന്‍ ആദ്യം തുറന്ന മെയില്‍ ആണ് നിങ്ങളുടേത്. കേവലം ഒരു പെരുന്നാള്‍ ആശംസ എന്നാണു കരുതിയത്..: ; എന്നാല്‍ അതിനപ്പുറം വളരെ അര്‍ത്ഥവത്തായ ഒരു ലേഖനം വായിക്കാനായി എന്ന് തന്നെ പറയട്ടെ.
പങ്കു വെച്ച ചിന്തകള്‍ എല്ലാം നൂറു ശതമാനവും സത്യം. വിശപ്പ് എന്ന വികാരം എന്തെന്ന് എല്ലാ മനുഷ്യരെയും അറിയിക്കാന്‍ കൂടി ഉള്ളതാണ് നോമ്പ്. എന്നാല്‍ ഉള്ളവന്റെയും ഇല്ലാത്തവന്റെയും നോമ്പുകള്‍ തമ്മില്‍ വളരെ വളരെ അന്തരം ഉണ്ട്. അതിന്റെ കാരണം ലേഖിക താഴെ പറയുന്നത് തന്നെ.
"പ്രവാചാകന്റെ ഔന്നത്യമാർന്ന ലാളിത്യം, സ്വായത്തമാക്കാനോ അല്ലെങ്കിൽ കുറഞ്ഞപക്ഷം അനുകരിക്കാനോ കൊള്ളാവുന്ന ഒരു ഗുണമായി നമ്മളിൽ അധികം പേരുടെയും മനസ്സിൽ വളർന്നില്ല, ഇനി അഥവാ അല്പം വളർന്നെങ്കിലും വേരു പിടിച്ചില്ല, വേരു പിടിക്കാത്തതു കൊണ്ട് ഒരിക്കലും പടർന്നു പന്തലിച്ചുമില്ല."
എല്ലാവര്ക്കും പെരുന്നാള്‍ ആശംസകളോടെ
റംസാന് ദിനത്തില്‍ ഇത്തരത്തിലുള്ള ലേഖനം
വായിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇതിലെ ആശയം എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍
കഴിയട്ടെ.
"എല്ലാ പ്രവാചകന്മാരുടേയും അരുൾവാക്കുകളിൽ പലതും നമ്മൾ എന്നേക്കുമായി മറന്നു കഴിഞ്ഞിരിക്കുന്നു…വ്രതങ്ങൾ അവയെ നമ്മുടെ ഓർമ്മകളിലേക്ക് മടക്കി വിളിക്കട്ടെ. എല്ലാവർക്കും നല്ലൊരു പെരുന്നാൾ കാലമുണ്ടാവട്ടെ…."
സന്ദര്‍ഭോചിതമായ നല്ലൊരു ലേഖനം.
ആശംസകള്‍
ദാന്റെവാദയിലെ ആദിവാസികളോട് എന്താ അവര്‍ക്ക് ഗാന്ധിയന്‍ സമരമുറയായ നിരാഹാരം കിടന്നാല്‍ പോരെ എന്ന് ചോദിക്കപ്പെട്ടപ്പോള്‍, പോഷകാഹാരക്കുറവിനാല്‍ കുട്ടികള്‍ മരിക്കുന്നവര്‍ എങ്ങിനെയാണ് നിരാഹാരം കിടന്നു സര്‍ക്കാരിനെ ഉണര്‍ത്തേണ്ടത് എന്ന മറു ചോദ്യമാണ് വന്നത്. പിന്നെ നിരാഹാരം കിടന്നാലും അത് കാണാന്‍ അവര്‍ക്ക് ഓഡിയന്‍സും ഇല്ലല്ലോ.
എല്ലാ പ്രവാചകന്മാരുടേയും അരുൾവാക്കുകളിൽ പലതും നമ്മൾ എന്നേക്കുമായി മറന്നു കഴിഞ്ഞിരിക്കുന്നു…
വളരെ നന്നായിരിക്കുന്നു. ചിന്തിപ്പിക്കുന്ന ലേഖനം.
ആഹാരം കഴിക്കാനുള്ളവന്റെ നോമ്പും ഇല്ലാത്തവന്റെ നോമ്പും തമ്മിൽ ഒരുപാട് ദൂരമുണ്ട്, രണ്ടു ലോകങ്ങളുടെ ദൂരം. തളികയിൽ മൂടിവെച്ച സ്വാദുള്ള ഭക്ഷണം വേണ്ട എന്നു വെക്കുന്ന ലോകമല്ലല്ലോ ഒന്നുമില്ലാത്ത, ഒരിക്കലും ഒന്നും നിറയാനിടയില്ലാത്ത തളികയിൽ നോക്കി കുനിഞ്ഞിരിക്കുന്ന ലോകം. ആ ഇരുണ്ട ലോകത്തെ മറികടക്കാനാണ് പ്രവാചകൻ വിശന്നിരിക്കലാണ്,വിശപ്പാണ് ,ഉപവാസമാണ്, സ്വർഗ വാതിൽ തുറക്കുവാനുള്ള മാർഗമെന്ന് അരുളിച്ചെയ്തത്.
അർത്ഥവത്തായ ലേഖനം എച്ചുമു.
ഈദ് മുബാറക്....
വളരെ നല്ല ലേഖനം, പെരുന്നാൾ ആശംസകൾ
ചേച്ചീടെ മൂന്നു പോസ്റ്റുകള്‍ ഒറ്റയിരുപ്പിന് വായിച്ചു ,എനിക്കിഷ്ടമായത് മഴപോസ്ട്ടാണ്, പഠിപ്പിനെ കുരിച്ചുള്ളത് ശേരിക്കങ്ങോട്ടുതലയിലേക്ക് കേറിയില്ല
സമയം കിട്ടാതതോണ്ടാണ് എപ്പോഴും വരാന്‍ പറ്റാത്തത്.പെരുന്നാള്‍ ആശംസകളോടെ -നേന
ആശംസകള്‍ എച്മു
വെള്ളിയാഴ്ച്ക്ഹ മാദ്ധ്യമം സപ്ലിമെന്റില്‍ ഇത് വായിച്ചിരുന്നു
ഉള്ളവന്റെയും ഇല്ലാത്തവന്റെയും നോമ്പ് , ആ അതിര്‍വരമ്പ് മാഞ്ഞു പോകുന്ന കാലം ഈ ഭൂമിയില്‍ ഉണ്ടാകുമോ...?
പ്രസക്തമായ ലേഖനം എച്മൂ,
എല്ലാ കൂട്ടുകാര്‍ക്കും പെരുന്നാള്‍ ആശംസകള്‍ ....!
സര്‍വ്വര്‍ മുഹമ്മദും മുന്നാ മുഹമ്മദും തന്ന കൊച്ചു കൊച്ചു പാഠങ്ങള്‍ നന്നായി അവതരിപ്പിച്ചു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം തന്നെ പ്രശ്നം. എല്ലാം മനസ്സിലാക്കാന്‍ കഴിവുള്ള മനുഷ്യര്‍ വര്‍ദ്ധിക്കട്ടെ എന്നാശിക്കാം.
പെരുന്നാളിന് സമ്മാനിച്ച നല്ല ലേഖനം.
പിറന്നാള്‍ ആശംസകള്‍ .
എച്മു പറഞ്ഞതത്രയും സത്യമാണ്.
ഈ ഗൾഫിൽ പോലും അത് കാണാനാകും.
ആശംസകൾ...
നല്ല ലേഖനം. എച്ചുമുക്കുട്ടി പറഞ്ഞതെല്ലാം ശരിയാണ്. വ്രതമായാലും സക്കാത്തായാലും പാവങ്ങൾക്ക് വിരുന്നൊരുക്കലായാലും അത് മതപരമായ ഒരു ചടങ്ങുമാത്രമായി മാറാതിരുന്നാൽ മാത്രമേ കാര്യമുള്ളു എന്നു തോന്നുന്നു.
വായിച്ച ഏറ്റവും നല്ല റംസാന് കുറിപ്പ്.
എഴുതിയ കാര്യങ്ങളിലെ സത്യം തിരിച്ചറിയേണ്ടത് തന്നെ. ചിലരെങ്കിലും.
നല്ലൊരു കുറിപ്പിന് അഭിനന്ദനങ്ങള്‍ എച്മൂ .
കൂടെ പെരുന്നാള്‍ ആശംസകളും
ഈ നല്ല ലേഖനത്തിനെന്റെ വല്യ നമസ്കാരം.......
ജനങ്ങളുടെ മനസില്‍ നന്മയുണ്ട്. പക്ഷെ ജീവിതചക്രത്തില്‍ പെട്ടിരിക്കുന്നതു കൊണ്ട് പലപ്പോഴും അവര്‍ക്ക് അതു വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്നെ ഉള്ളു.
ഞാന്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരിടത്ത് ഒരു പ്രോജക്റ്റ്. അതിന്റെ നടത്തിപ്പില്‍ ഗ്രാമീണരെ സേവിക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു
അതില്‍ ഞാന്‍ ഒരു പദ്ധതി തുടങ്ങാന്‍ പ്ലാനിട്ടു ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആഹാരം കൊടുക്കുന്ന ഒരു പരിപാടി.
സാധാരണ മാനേജ്മന്റ് ക്ലാസില്‍ പറയുന്നതുപോലെ എന്തു കൊണ്ട് അതു ചെയ്യരുത് എന്ന് ആദ്യം മറ്റുള്ളവര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു
പക്ഷെ ഞാന്‍ എന്തായാലും അതു ചെയ്യും എന്നുറപ്പായപ്പോള്‍ അത് എന്തു കൊണ്ട് അങ്ങനെ അല്ലാതെ മറ്റൊരു രീതിയില്‍ ആയിക്കൂടാ എന്നായി
അവസാനം അതിന് എങ്ങനെ പാര പണിയാം എന്നായി ശ്രമം.
പക്ഷെ അവസാനം ആ പരിപാടി തുടങ്ങി ഏകദേശം മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ പറഞ്ഞവര്‍ ഒക്കെ തന്നെ മുന്നോട്ടിറങ്ങി എന്റെ കൂട്ടത്തിലായി.
ഞങ്ങള്‍ക്കു ഫൈനാന്‍സ് ചെയ്തിരുന്ന സ്ഥാപനത്തിന്റെ പൈസയില്‍ തൊടാതെ ഞങ്ങളുടെ സ്ഥാപനത്തിലെ തന്നെ ഉന്നതസ്ഥാനം വഹിക്കുന്ന ഓരോരുത്തരുടെയും ജന്മദിനം കുട്ടികളുടെ ജന്മദിനം വാര്‍ഷികം എന്നു വേണ്ട ഓരോന്നിന്റെയും പേരില്‍ ഞാന്‍ നടത്താം എന്നു പറഞ്ഞു തെരക്കായിരുന്നു.
ഏകദേശം 9 കൊല്ലം അതു ഭംഗിയായി തന്നെ നടന്നു - ഞാന്‍ പോന്നതിനു ശേഷം എന്തായി എന്നറിയില്ല.
2ജി 3ജി തുടങ്ങിയ സ്പെക്റ്റ്രം പോലെ കാശു കമ്മാനുള്ള വേലയാണൊ എന്ന സംശയം ആണ് ആദ്യം ജനങ്ങളെ അകറ്റി നിര്‍ത്തുന്നത്.
സുതാര്യം ആണെങ്കില്‍ 99 ശതമാനം ആളുകളും കൂടെ ഉണ്ടാകും.
ഞാന്‍ ചെയ്യിച്ചിരുന്നതു ഇപ്രകാരം ആയിരുന്നു.
എല്ലാ ശനിയാഴ്ച്ചയും ഒരു പ്രത്യേക സ്ഥലത്ത് ദരിദ്രരായ ആളുകള്‍ വരാന്‍ ഏര്‍പ്പാടാക്കി.
ആഹാരം അവരുടെ മുന്നില്‍ വച്ചു തന്നെ പാകം ചെയ്യും
അതിനുള്ള വസ്തുക്കള്‍ (ലിസ്റ്റ് ഞങ്ങള്‍ കൊടുക്കും) ആരാണൊ സ്പോണ്സര് ചെയ്യുന്നത് അവര്‍ ഞങ്ങളെ ഏല്‍പ്പിക്കണം
വിളമ്പാന്‍ തുടങ്ങുന്നത് സ്പോണ്സര് തന്നെ.
പ്രസാദം,ആയി ഞങ്ങളും അവരോടൊപ്പം അല്പം കഴിക്കും.
ആദ്യമൊക്കെ മേല്‍ജാതികാര്‍ കീഴ്ജാതിക്കാരുടെ കൂടെ ഇരിക്കില്ല, കീഴ്ജാതിക്കാരന് എടുത്ത വെള്ളം ഉപയോഗിച്ചുണ്ടാകിയത് ഞങ്ങള്‍ കഴിക്കില്ല ഇങ്ങനെ പലതരം ജാടകള്‍ കണ്ടിരുന്നു.
വിശപ്പുള്ളവര്‍ കഴിച്ചാല്‍ മതി എന്ന ഒരേ നിര്‍ബന്ധം ഞാനും വച്ചു.
കീഴ്ജാതിക്കാരന് എടുത്ത വെള്ളം വേണ്ടെങ്കില്‍ മേല്ജാതികാരന് വന്നു വെള്ളം കോരി തന്നോളൂ. (അതിനു പക്ഷെ പുളിക്കും)
പക്ഷെ ഇതൊക്കെ അല്പ ദിവസങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
പിന്നീട് മേല്പ്പറഞ്ഞതു പോലെ ഏകദേശം നൂറോളം പേര് സ്ത്രീകളും കുട്ടികളും- എല്ലാശനിയാഴ്ച്ചയും ഞങ്ങളുടെ കയ്യില്‍ നിന്നും ആഹാരം കഴിച്ചിരുന്നു. അധികമാകുന്നത് അവര്‍ക്കു തന്നെ അടുത്ത നേരം കഴിക്കാന്‍ കൊടുത്തും വിടും.
ഇപ്പോള്‍ ദാ ഇവിടെ വന്നപ്പോള്‍ കാണുന്നു കുമ്പ വീര്‍ത്തിട്ട് കാല് കാണാന്‍ വയ്യാത്ത പോത്തുകളും എരുമകളും നിരന്നിരിക്കുന്നു. അന്നദാനം സ്വീകരിക്കാന്‍
ഇവര്‍ക്കൊക്കെ കൊടുത്താല്‍ ചിലപ്പോള്‍ നരകത്തില്‍ പോകും
എച്മൂ നന്നായി എഴുതി
അവസരോചിതമായ ലേഖനം !
വിശപ്പിനു മതമില്ല ! നന്മക്കും !
പക്ഷെ നമ്മള് പലരും നന്മ ചെയ്യുന്നത് ദൈവത്തിന്റെ മുന്പില് നല്ല കുട്ടിയാവാന്‍ മാത്രം ആണ് എന്നാ സത്യം എന്നെ ദുഖിപ്പിക്കുന്നു !
ആന്തരമായി ഉണരേണ്ട മാനുഷിക ചോദനകള്‍ക്ക് പകരം ആകാന്‍ കൃത്രിമമായ ബാഹ്യ സംകെതങ്ങള്ക്ക് ആകില്ല തന്നെ ..! സ്വയം അറിയാന്‍ മനുഷ്യന് വീണ്ടും വീണ്ടും പരാജയപ്പെടുന്നു എന്ന് കരുതേണ്ടി വരുമോ ..അറിയില്ല !!
എല്ലവര്‍ക്കും വാസുവിന്റെ പെരുന്നാള്‍ ആശംസകള്‍ ! ഓര്‍ക്കുക നന്മക്കു മതമില്ല ! മനുഷ്യബോധം എന്നാ നിത്യ സത്യത്തിനും ! നന്മ പുലരട്ടെ , ഇന്നും എന്നും !
ഒരു മനോഹര ഗാനം അറിയാതെ മൂളിപ്പോകുന്നു --
റംസാനിലെ ചന്ദ്രികയോ.... ..രജനീ ഗാന്ധിയോ.... ജയചന്ദ്രന് തകര്‍ത്ത പഴയ പാട്ടാണ് ...
പക്ഷെ, അതെ! , ചന്ദ്രികക്കും , രജനീ ഗാന്ധിക്കും മതമില്ല ..സുഗന്ധവും , പ്രകാശവും മാത്രമേ ഉള്ളൂ ....!
അറിയുക ..അറിയിക്കുക !
ആശംസകള്‍ !
നല്ല ലേഖനം എച്ചുമേ.
ഇതു വായിച്ചപ്പോള്‍ നാട്ടിലുള്ളപ്പോഴുണ്ടായിരുന്ന ബാങ്കു വിളിയും പെരുന്നാളും എല്ലാം ഓര്‍മ്മ വന്നു. ചുറ്റുപാടുമുള്ള മുസ്ലീം വീടുകളില്‍ നിന്നും കൊണ്ടു തരുന്ന പലഹാരങ്ങളുടെ സ്വാദും. തൊട്ടടുത്ത വീട്ടിലെ ഹാജിയാരുടെ വീട്ടില്‍ നടക്കുന്ന സക്കാത്തു നല്‍കലും എല്ലാം മിന്നി മറഞ്ഞു.
പെരുന്നാള്‍ ആശംസകള്‍!
നല്ല ലേഖനം.... ആശംസകള്‍ :)
നല്ല ലേഖനം... പെരുന്നാള്‍ ആശംസകള്‍...
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു)
ചിന്തനീയം. ആശംസകള്‍ നേരുന്നു
ബാങ്കുവിളി സിനിമയിലല്ലാതെ ആദ്യായി കേള്‍ക്കണത് ഒരു ഗള്ഫനായേന് ശേഷാ. കേട്ടിരിക്കാനൊരു സുഖമുള്ള ഈണം. സൊവാവഗുണം കൊണ്ടോ എന്തോ ഇത് വരേം നോമ്പുതുറക്ക് നമ്മടെ ഒരു കൂട്ടാരനും വിളിച്ചിട്ടില്യ ;). എന്നാലും പൊതുവെ കേള്‍ക്കുന്നൊരു സംസാരം ഉണ്ട് ചുറ്റിലും. “ഹ്മം....ഈ മാസം വലിച്ചെത്തിക്കാന്‍ പാടാ, നോമ്പല്ലേ” ന്ന്. നോമ്പുനോറ്റിട്ടും സാധാരണത്തേക്കാള്‍ ചിലവ് കൂടുന്ന നോമ്പുതുറയാഘോഷങളെ പറ്റി ഇഷ്ടക്കേട് കാണിച്ചിട്ടുള്ളതും മേല്പറഞ്ഞതിനൊരു കാരണമാകുമായിരിക്കും. അപ്പൊ എല്ലാവര്ക്കും പെരുന്നാളാശംസോള്
എച്ചുമൂനും. :)
((ആദ്യായിട്ടാ എച്ചുമൂന്റുലകത്തില് വന്നിട്ടിത്രേം.......തോനെ സംസാരിക്കാന്‍ പറ്റീത്)) ;)
യാഥാര്ത്യങ്ങള് മനസ്സിലാക്കുന്നവര്‍ക്ക്
നോമ്പ് കാല ചിന്തകള്‍ നല്കുന്ന പുണ്യം ആണ് ഈ മാസം...അത് തുടരാന്‍ അതെ അര്‍ത്ഥത്തില്‍
കഴിഞ്ഞാല്‍ ജീവിതം നന്മയുടെ അടയാളവും...നല്ല
ലേഖനം..ഈദ് ആശംസകള്‍...
ഈ നല്ല ലേഖനം ഇഷ്ടായി. എല്ലാര്ക്കും പെരുന്നാൾ ആശംസകൾ!
മതങ്ങളെല്ലാം സാരാംശങ്ങളില്‍ ഒന്ന് തന്നെ. എല്ലാ ഉദ്ബോധനങ്ങളും നന്മ മാത്രം കാംക്ഷിക്കുന്നു. വളച്ചൊടിക്കുന്നത് മനുഷ്യന് മാത്രം.
അവസരോചിതമായ ലേഖനം,എച്മു.
Besrt wishes
വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്ക്കും നന്ദി.
എല്ലാ പ്രവാചകന്മാരുടേയും അരുൾവാക്കുകളിൽ പലതും നമ്മൾ എന്നേക്കുമായി മറന്നു കഴിഞ്ഞിരിക്കുന്നു…
അതെ നാം നമ്മുടെതായ സങ്കുചിത പാതകളിലൂടെ മുന്നില്‍ പലതും കണ്ടില്ലെന്നു നടിച്ചു പലായനം ചെയ്യുന്നു.
ഭാവിയിലും ഇത് തന്നെ ആവര്‍ത്തിക്കും.
ഉള്ളവന്റെയും ഇല്ലാത്തവന്റെയും പെരുന്നാള്‍....!!!!, അതാണ് സത്യവും. വൃതശുധി മനസ്സിലേക്ക് ആവാഹിക്കാന്‍ പലപ്പോളും പലര്‍ക്കും ആവില്ല. നോമ്പ് തുറ ഒരു ആഖോഷം ആണ് ഉള്ളവന്. ഇല്ലാത്തവന് എങ്ങനെ സാധിക്കും എന്നാ ചോദ്യവും.
ചിന്തകള്‍ ഉണരട്ടെ എല്ലാവരിലും...
Post a Comment