Sunday, August 26, 2012

അവന്മാരും, അവളുമാരും , പിന്നെ ക്ലാസിക്കല്‍ പദവി തേടുന്ന ഭാഷയും...........


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ജൂലായ് 13ന് പ്രസിദ്ധീകരിച്ചത്. ) 

ഇടക്കിടെ കൂടും കുടുക്കയും ചട്ടിയും കലവുമായി വീടു മാറേണ്ടി വരുന്ന പെണ്ണുങ്ങള്‍ക്കറിയാം, അടുക്കള മാറിയാല്‍ ആറുമാസത്തെ പഞ്ഞമാണെന്ന് . ഒഴിഞ്ഞു പോന്ന വീട്ടിലുപയോഗിച്ചിരുന്ന പല ചില്ലറ ഉപകരണങ്ങളും പുതിയ വീട്ടില്‍ മുഖം വീര്‍പ്പിച്ചിരിക്കുകയേയുള്ളൂ. പുതിയ ഇടത്തെ പ്ലഗ് പോയിന്‍റുകള്‍ അവയ്ക്ക് സ്വീകാര്യമല്ല. അവിടെയുണ്ടായിരുന്ന ബുക് ഷെല്‍ഫിന് ഇവിടെ ഒതുങ്ങിയിരിക്കാന്‍ ഇടമില്ല, ഇടറി നീണ്ടു നില്‍ക്കുന്ന നഖം പോലെ അതു വാതിലടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് തള്ളി നില്‍ക്കും. ബ്രഷില്ല ,ചൂലില്ല അങ്ങനെ പലതുമില്ല, ഉള്ളതെല്ലാം പല പല പൊതികളിലാണ്. പരതിയെടുക്കാന്‍ സമയം വേണം. അതുവരെ സുഭിക്ഷമായ പഞ്ഞം തന്നെ. ആ കാലം കടന്നു കൂടുന്നതിന്‍റെ ഭാഗമായാണു ഒരു ഈര്‍ക്കില്‍ ചൂല്‍ അന്വേഷിച്ചിറങ്ങിയ ഞാന്‍ ആയിരം ചുളിവുകള്‍ മുഖത്തുള്ള അമ്മൂമ്മയുടെ മുമ്പിലെത്തിയത്. പല വര്‍ണങ്ങളിലുള്ള പ്ലാസ്റ്റിക് ചൂലുകള്‍ എല്ലാ കടകളിലുമുണ്ട്. പക്ഷെ, ഈര്‍ക്കില്‍ ചൂലിനാണെങ്കില്‍ കൊച്ചുകൊച്ചു കടകളോ അമ്മൂമ്മയോ തന്നെ വേണം. അമ്മൂമ്മ സദാസമയവും ഈര്‍ക്കില്‍ ചൂല്‍ ഉണ്ടാക്കി വില്‍ക്കുന്നു. ഏതുവേണമെങ്കിലും എടുക്കാം. പോരെങ്കില്‍ ചൂലുണ്ടാക്കുമ്പോള്‍ തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് അമ്മൂമ്മ പാടുന്നു,മച്ചാനെ പാത്തീങ്കളാ.......അപ്പോള്‍ അമ്മൂമ്മയ്ക്ക് പൊടുന്നനെ പതിനേഴു വയസ്സായി, പ്രായം.

അമ്മൂമ്മ ഇളയരാജയുടെ കടുത്ത ആരാധികയാണ്. അദ്ദേഹം ഒരു വലിയ സംഭവമാണെന്നാണ് അമ്മൂമ്മ പറയുന്നത്. സപ്തസ്വരങ്ങള്‍ അദ്ദേഹത്തിനു പാദസേവയും ചെയ്തു താണു വണങ്ങി നില്‍ക്കുകയാണത്രെ! ഞാന്‍ അതിശയത്തോടെ അമ്മൂമ്മ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ സ്വരത്തിലെ ആരാധന, ബഹുമാനം, ആദരവ്.... അദ്ദേഹം എന്ന് പറയുമ്പോള്‍ തൊട്ടെടുക്കാവുന്ന അരുമ, ഭക്തി ...എങ്ങനെയാണ് ഇത്രമേല്‍ ഒരു സംഗീത സംവിധായകനെ , ഒരു കവിയെ, ഒരു നടനെ, ഒരു പാട്ടുകാരനെ, ഒരു നടിയെ, ഒരു ഗായികയെ ഒക്കെ സ്വന്തം പോലെ കരുതുന്നത്? അവരുടെ പഴയ മുഖ്യമന്ത്രി എഴുത്തുകാരനും സിനിമാക്കാരനുമായ ഒരു കലാകാരനായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരു പഴയകാല സിനിമാ നടിയായിരുന്നല്ലോ.

ഭാഷയുടെ പ്രത്യേകത മാത്രമാണോ എന്നറിയില്ല, തമിഴരുടെ പ്രയോഗങ്ങള്‍ പലപ്പോഴും അല്‍ഭുതപ്പെടുത്തുന്നവയാണ്. ദ്രാവിഡത്തനിമയുടെ സംസ്ക്കാരിക ഔന്നത്യം ഇതുമാതിരി ഭാഷാപ്രയോഗങ്ങളിലാവുമോ തമിഴ് മക്കള്‍ കാത്തു സൂക്ഷിക്കുന്നത്?

കൊച്ചുകുഞ്ഞിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം എന്നും അവര്‍ എന്നുമാണു പറയുന്നത്. 'അദ്ദേഹം രാവിലെ പാല്‍ കുടിച്ചില്ല, അവര്‍ ഞാനിറങ്ങുമ്പോള്‍ നിറുത്താതെ കരഞ്ഞു എന്നൊക്കെ പറയുന്നത് മൂന്നും നാലും വയസ്സുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കുറിച്ചായിരിക്കും. വെറുതേ അവന്‍, അവള്‍ എന്നൊക്കെ മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നത് തികഞ്ഞ മര്യാദകേടായി വ്യാഖ്യാനിക്കപ്പെടുന്നു.സമവയസ്ക്കര്‍ പരസ്പരം അങ്ങനെ പറയാറില്ലെന്നല്ല, മുതിര്‍ന്നവര്‍ ഡേയ്, എന്നും ഡീ എന്നും കുട്ടികളെ വിളീക്കാറില്ലെന്നല്ല. എങ്കിലും പൊതുവേ മര്യാദയോടെയുള്ള ഭാഷാപ്രയോഗങ്ങള്‍ കേട്ടു നില്‍ക്കുക ആഹ്ലാദകരമാണ് . പച്ചക്കറിയും മറ്റും വില്‍ക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ എല്ലാവരുടേയും അമ്മമാരും ചേച്ചിമാരുമാണ്. പ്രത്യക്ഷത്തില്‍ തന്നെ കരുത്തരും ധനികരുമായ വന്‍ കക്ഷികളാണ് എന്ന് തോന്നിപ്പിക്കുന്നവര്‍ പോലും ചേച്ചീ, എന്നോ അമ്മേ എന്നോ ഒക്കെ തികഞ്ഞ മര്യാദയോടെ ആ പാവപ്പെട്ട സ്ത്രീകളോട് സംസാരിക്കുന്നത് കേട്ട് ഞാന്‍ അല്‍ഭുതപ്പെട്ടു നിന്നു. പണത്തിന്‍റെയും കരുത്തിന്‍റേയും ധാര്‍ഷ്ട്യം ആ ഭാഷയില്‍ പ്രകടമാകുന്നുണ്ടായിരുന്നില്ല. തീര്‍ച്ചയായും അത് മറ്റു പല മേഖലകളിലും സമൃദ്ധമായി വെളിപ്പെടുന്നുണ്ടാവുമെങ്കിലും.

ഈയിടെ പത്തുപതിനഞ്ചു വയസ്സുള്ള കുറച്ചു മലയാളി കുട്ടികളുടെ കൂടെ, അവരുടെ അഭ്യസ്തവിദ്യരായ മാതാപിതാക്കന്മാര്‍ക്കൊപ്പം സമയം ചെലവാക്കാന്‍ ഒരു അവസരമുണ്ടായി. ആ അനുഭവമാണ് സാധാരണ തമിഴന്‍റെ ഭാഷാപ്രയോഗങ്ങളെ കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ പ്രേരണയായത്.

കുട്ടികള്‍ നല്ല അറിവുള്ളവരായിരുന്നു. എന്തായാലും കുട്ടികളല്ലേ എന്ന് സാധാരണമായി മുതിര്‍ന്നവരുടെ പ്രതാപം കാണിച്ച്, നിസ്സാരമാക്കാന്‍ പറ്റാത്ത വിധത്തില്‍ സാമര്‍ഥ്യവും മിടുക്കുമുള്ള കുട്ടികള്‍. അവര്‍ ധാരാളം സംസാരിച്ചു. പല വിഷയങ്ങളെക്കുറിച്ചും മുതിര്‍ന്നവരേക്കാള്‍ വിവരവും വിജ്ഞാനവുമുണ്ടായിരുന്നു അവര്‍ക്ക് . പൊടുന്നനെയാണ് പായസത്തില്‍ കല്ലു കടിക്കുന്നതു പോലെ, ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച അവനെക്കുറിച്ച് കേള്‍ക്കേണ്ടി വന്നത്. ഞെട്ടല്‍ ഒതുക്കാനാവാത്ത അമ്പരപ്പില്‍ ഞാന്‍ കുട്ടികളെയും അവരുടെ അമ്മയച്ഛന്മാരെയും മിഴിച്ചു നോക്കി. അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവര്‍ക്ക് ജ്ഞാനപീഠം കിട്ടിയ മുതിര്‍ന്ന കവി മാത്രമല്ല, വിപ്ലവകാരിയും വൃദ്ധനുമായ രാഷ്ട്രീയനേതാവും ഭരത് അവാര്‍ഡ് നേടിയ നടനും , സപ്തസ്വരങ്ങളെ കൈയിലിട്ട് അമ്മാനമാടിയ സംഗീത സംവിധായകനും എല്ല്ലാം അവന്മാരാണ്. എഴുത്തുകാരികളും രാഷ്ടീയക്കാരികളും കലാകാരികളും എല്ലാം അവളുമാര്‍. അതില്‍ അവരുടെയൊന്നും പ്രായം ഒരു പ്രശ്നമല്ല, നമ്മുടെ നാട്ടിനും ഭാഷയ്ക്കും കലകള്‍ക്കും അവര്‍ നേടിത്തന്ന ബഹുമാനവും ആദരവും കീര്‍ത്തിയും പ്രശ്നമല്ല.കെ ആര്‍ ഗൌരിയമ്മയെ, സുഗതകുമാരിയെ ഒക്കെ അങ്ങനെ പരാമര്‍ശിക്കാന്‍ കഴിയുമെങ്കില്‍, പിന്നെ എന്തുപറയാനാണ് ?

പ്രൊഫസര്‍ എം കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ സിനിമാ നടീനടന്മാരെ എല്ലാവരും അവന്‍ എന്നും അവള്‍ എന്നും മാത്രം വിളിക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ എഴുതിയിട്ടുണ്ടായിരുന്നു. ജനങ്ങള്‍ക്ക് അവരോടുള്ള ആദരവു കുറവിനെയാണു അത് സൂചിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

കലാരചനകളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും നമുക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ഉണ്ടാകാമെന്നല്ല തീര്‍ച്ചയായും ഉണ്ടാകണം. അവ നമ്മള്‍ വ്യക്തമായി ആര്‍ജ്ജവത്തോടെ, അന്തസ്സുറ്റ രീതിയില്‍ പ്രകടിപ്പിക്കുകയും വേണം. ഏതൊരു ഭാഷയും നിലനില്‍ക്കുക അടുത്ത തലമുറകളിലൂടെ കടന്നുപോവാനാവുമ്പോഴായിരിക്കുമല്ലോ. നമ്മുടെ ഭാഷാ സംസ്ക്കാരമായി അടുത്ത തലമുറ ഇതുപോലെയുള്ള പ്രയോഗങ്ങളെ സ്വീകരിച്ചാല്‍ മതിയോ?

നമ്മുടെ ഭാഷയ്ക് ക്ലാസിക്കല്‍ പദവി ഇനിയും അനുവദിച്ച് കിട്ടേണ്ട ഒന്നാണ്. അതിനുവേണ്ട പല പരിശ്രമങ്ങളൂം നടന്നുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ നമ്മുടെ ഭാഷാ പ്രയോഗങ്ങള്‍ ആദരവോടെ അന്തസ്സുള്ളവയാക്കാന്‍ നമ്മള്‍ മാത്രം പരിശ്രമിച്ചാല്‍ മതിയാകും. സാക്ഷരതയില്‍ ഒന്നാമതായ നമുക്ക് അല്‍പം ശ്രദ്ധയുണ്ടായാല്‍ മതിയാകും. അപ്പോള്‍ നമ്മുടെ കുട്ടികളും നല്ല ഭാഷാ സംസ്ക്കാരം സ്വന്തമാക്കും.

34 comments:

Unknown said...

വളരെ പ്രസക്തമായ ഒരു വിഷയം
മുതിര്‍ന്നവര്‍ പറയുന്നത് കേട്ടാണ് കുട്ടികള്‍ ഭാഷ പഠിക്കുന്നത്

ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശരി ഞാനും ഇനി മുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും നന്ദി

ആ എവിടെ നന്നാവാനാ അല്ലെ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശരി ഞാനും ഇനി മുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും നന്ദി

ആ എവിടെ നന്നാവാനാ അല്ലെ :)

vettathan said...

പറഞ്ഞത് വളരെ ശരിയാണ്.പൊതുവേ മലയാളത്തില്‍ പല പ്രയോഗങ്ങളും അപരന് വേണ്ടത്ര ബഹുമാനം കൊടുക്കാത്തവയാണ്.സാക്ഷരതയൊക്കെ ഉണ്ട്.പക്ഷേ ബസ്സില്‍ പുരുഷനും സ്ത്രീയും വേറെ തന്നെ ഇരിക്കണം.സ്ത്രീ ഇരിക്കുന്ന സീറ്റില്‍ ഇരുന്നുപോയാല്‍ തല്ലുപോലും കിട്ടിയെന്നു വരും.തമിഴിലും "നീ" പ്രയോഗങ്ങളുണ്ട്.മധുര ഭാഗത്ത് അമ്മയെ "നീ" എന്നു സംബോധന ചെയ്തു കേട്ടിട്ടുണ്ട്.

KOYAS KODINHI said...

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്....! അറബികള്‍ക്കിടയില്‍ ചെറിയകുട്ടികള്‍ മുതിര്‍ന്നവരെ പേരുവിളിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു...

ChethuVasu said...

ബഹു : എച്മു പറഞ്ഞത് ശരിയാണ് . ബഹു : ഇന്ത്യ ഹെരിട്ടെജു പറഞ്ഞതും ശരി !

കുട്ടികളെ പറഞ്ഞിട്ടെന്ത.. എല്ലാരും ആംഗലേയ ഭാഷയല്ലേ ഇപ്പോള്‍ പ്രാഥമിക ഭാഷയായി സ്വീകരിക്കുന്നത് . അവിടെ 'ഹി' യും 'ഷി' യും അല്ലെ ഉള്ളൂ .. അവര്‍ അതിനെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു സംസാരിക്കുന്നു . അത്ര തന്നെ !

ChethuVasu said...

ന്നാലും .. എച്മു പറഞ്ഞത് ശരിക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല.. എവിടെയാ ഈ സംഭവം നടന്നെ ..? ശരിക്കും കുട്ടികള്‍ അങ്ങനെ പറഞ്ഞോ..? ...കഷ്ടം ! ഇനി ഇപ്പൊ "അവര്‍ " ," അദ്ദേഹം " തുടങ്ങിയ വാക്കുകള്‍ ഒരു പക്ഷെ കേട്ട് കാണില്ലായിരിക്കും .. പക്ഷെ എന്നാലും , 'മൂപ്പര്‍', 'കക്ഷി '.'ടിയാന്‍ ' , 'പുള്ളി ', 'പുള്ളിക്കാരന്‍ ', 'പുള്ളിക്കാരി' ,'ആള്‍ ', 'അങ്ങേര്‍' തുടങ്ങിയ ഇപ്പോഴും ഉപകാരപ്പെടുന്ന സര്‍വ നാമങ്ങള്‍ ഇപ്പൊ ഉപയോഗത്തില്‍ ഇല്ലാതായോ ...! :)

നല്ല അടി ക്ടോക്കേണ്ട സുഖക്കെടാ .. കുട്ടികള്‍ക്കല്ല , അവരുടെ അച്ഛന്‍ അമ്മ എന്നാ രണ്ടു ജീവികള്‍ക്ക് ..!

Unknown said...

പേര് വിളിച്ചാലും 'നീ' എന്ന് ഒക്കെ വിളിക്കാതിരുനാല്‍ മതി

മൻസൂർ അബ്ദു ചെറുവാടി said...

ഭാഷയെ കൂടുതല്‍ ശ്രദ്ധിക്കണം. .. സ്നേഹിക്കണം .
തമിഴ് കേള്‍ക്കാനും നല്ല രസമാണ്.
നല്ല കുറിപ്പ്.

ajith said...

മനസ്സില്‍ ബഹുമാനമുണ്ടെങ്കില്‍ സംസാരത്തില്‍ അത് താനേ വരും.
പ്രശ്നം ആഴത്തിലുള്ളതാണ്

പട്ടേപ്പാടം റാംജി said...

മറന്നു തുടങ്ങുന്നതും, ഹേയ് അതില്‍ വലിയ കാര്യമില്ലെന്നും കരുതുന്ന ഒരു അവസ്ഥയാണ് ഇന്ന്...
അതിനൊരു മാറ്റം ആഗ്രഹിക്കുന്ന മനസ്സുകള്‍ ധാരാളം.

mattoraal said...

തമിഴ്നാട്ടുകാര്‍ മലയാളികളെക്കാള്‍ സത്യസന്ധരാണ് ,ജാട ഇല്ലാത്തവരും .പക്ഷെ മലയാളിക്കെന്നും തമിഴരെ പുച്ഛമാണ് .(തമിഴരെ മാത്രമല്ല ,ലോകത്തുള്ള സകലരേയും ).

റിനി ശബരി said...

നമ്മുടെ മാതൃഭാഷയോടുള്ള
സ്നേഹമാണ് , നമ്മുടെ സംസാര രീതികളില്‍ നിറയുന്നത് ..
തമിഴ് , എന്നത് അവര്‍ക്കൊരു വികാരം തന്നെയാണ് ..
ആംഗലേയം തിരുകി കയറ്റുന്ന നമ്മുടെ പല സ്ഥലങ്ങളിലും
അവര്‍ തമിഴ് മാത്രം ഉപയോഗിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ് .
അവരെപ്പൊഴും ഒരു ഭാഷയിലൂടെ വീനിതരാവരുണ്ട് എന്നത്
നേരു തന്നെയാണ്, നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നതും പഠിക്കുന്നതും
നമ്മേ കണ്ടു തന്നെ , നാം തിരുത്താതെ കുഞ്ഞുങ്ങള്‍ എങ്ങനെ ..?
നല്ല ഭാഷ , നല്ല സംസ്കാരത്തിന്റെ മുഖമാണ് . അതു നഷ്ടമാകാതിരിക്കട്ടെ ..
"കൂടെ ഹൃദയത്തില്‍ നിന്നും നേരുന്നു സമൃദ്ധമായൊരു ഓണക്കാലം "

റോസാപ്പൂക്കള്‍ said...

എച്ചുമു നല്ല പോസ്റ്റ്. വീട്ടിലെ ശീലളാലാണ് കുട്ടികള്‍ പുറത്തും കാണിക്കുന്നത്. എല്ലാവരെയും സാര്‍ എന്ന് വിളിക്കുന്ന തമിഴനില്‍ നിന്ന് മലയാളി പല കാര്യങ്ങളും പഠിക്കാനുണ്ട്. ഒരു ട്രാഫിക്‌ പോലീസിനോട് വഴി ചോദിച്ചാലും അയാള്‍ ചോദിക്കുന ആളെ സാര്‍ എന്നെ സംബോധന ചെയ്യുകയുള്ളൂ.എന്നാല്‍ നമ്മുടെ നാട്ടിലെ സാറന്മാരോ ...?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ആദ്യം മലയാളി മലയാളി ആവാൻ ശ്രമിക്കണം.

mini//മിനി said...

അഞ്ച് വയസ്സുള്ള കക്ഷി കൊച്ചുടീവി സ്ഥിരമായി കാണുന്നു. ഇപ്പോൾ വീട്ടിലുള്ളവരെല്ലാം ‘നീ’യാണ്.

Arif Zain said...

ഭാഷയോളം സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന മറ്റൊന്നുണ്ടോ? വേഷം സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ല, അത് നാഗരികതയുടെ അടയാളമാണ്. സംസാരം കേട്ടില്ലേ, യാതൊരു സംസ്കാരവുമില്ല. അയാളുടെ സംസാരത്തില്‍ നിന്ന് തന്നെ അയാള്‍ സംസ്കാര സമ്പന്നനാണെന്ന് മനസ്സിലാകും... അങ്ങനെയാണ് ഒന്നൊഴിയാതെ നമ്മുടെ കമന്റ്. എന്നാല്‍ ആ അളവുകോല്‍ മലയാളിയുടെ മേല്‍ പ്രയോഗിക്കുകയാണെങ്കില്‍ നാം സസ്കാരം തൊട്ടു തീണ്ടാത്തവരാണ്. ആരെക്കുറിച്ചും നമുക്ക്‌ മതിപ്പില്ല എന്ന് മാത്രമല്ല സര്‍വ്വപുച്ഛം മലയാളിയുടെ അടയാള ഗുണമാണ്. ഹിന്ദിയില്‍ 'തൂ' എന്ന് പ്രയോഗിക്കുന്നത് എത്ര തല്ലിപ്പോളി പ്രയോഗമാണ്യാ! 'യു' എന്നതിന് നാം നല്‍കുന്ന പരിഭാഷ നീ എന്നാണ്, നിങ്ങള്‍ എന്നല്ലേ അതിന്‍റെ അര്‍ഥം? നല്ല ഓര്‍മ്മപ്പെടുത്തല്‍., ഓണാശംസകളോടെ.

വീകെ said...

ജനിച്ചു വളർന്ന ഇവിടെത്തന്നെ മാതൃഭാഷ പഠിക്കുന്നവർ നീ, അവൻ, അവൾ, അദ്ദേഹം, അവർ ഇത്യാതി പ്രയോഗം, അതിന്റെ ബഹുമാനം അർഹിക്കുന്ന മുറക്ക് ഉപയോഗിക്കുന്നുണ്ട്.

മറിച്ച് പുറത്തു നിന്നും മാതൃഭാഷ പഠിച്ചിട്ടു വരുന്നവർക്ക് അതിന്റെ ബഹുമാനപൂർവ്വമുള്ള പ്രയോഗം പിടി കിട്ടണമെന്നില്ല. കാരണം അവർ ഇംഗ്ലീഷ് വഴിയായിരിക്കും മാതൃഭാഷ പഠിച്ചിട്ടുണ്ടാകുക.
ആദ്യം അതാതിന്റെ ഉപയോഗരീതിയിൽ തന്നെ നമ്മളവരെ പഠിപ്പിക്കുകയാണ് വേണ്ടത്.
പക്ഷെ, ‘കുരച്ചു കുരച്ചു മലയാലം അരിയാം..’ എന്നു പറയിപ്പിക്കുന്നതാണ് അന്തസ്സ് എന്നു കരുതുന്ന ഒരു വലിയ വിഭാഗം ഇവിടെയുള്ളപ്പോൾ നല്ല മലയാളത്തിന്റെ കാര്യം പറയുകയേ വേണ്ട.

Mohiyudheen MP said...

വിപ്ലവകാരിയും വൃദ്ധനുമായ രാഷ്ട്രീയനേതാവും ഭരത് അവാര്‍ഡ് നേടിയ നടനും , സപ്തസ്വരങ്ങളെ കൈയിലിട്ട് അമ്മാനമാടിയ സംഗീത സംവിധായകനും എല്ല്ലാം അവന്മാരാണ്. എഴുത്തുകാരികളും രാഷ്ടീയക്കാരികളും കലാകാരികളും എല്ലാം അവളുമാര്‍. അതില്‍ അവരുടെയൊന്നും പ്രായം ഒരു പ്രശ്നമല്ല, നമ്മുടെ നാട്ടിനും ഭാഷയ്ക്കും കലകള്‍ക്കും അവര്‍ നേടിത്തന്ന ബഹുമാനവും ആദരവും കീര്‍ത്തിയും പ്രശ്നമല്ല.കെ ആര്‍ ഗൌരിയമ്മയെ, സുഗതകുമാരിയെ ഒക്കെ അങ്ങനെ പരാമര്‍ശിക്കാന്‍ കഴിയുമെങ്കില്‍, പിന്നെ എന്തുപറയാനാണ് ?


ഹഹഹ , ഞാനും ഈ കൂട്ടത്തിൽ‌പ്പെടും. ഇനി മുതൽ ശ്രദ്ധിക്കാം... നല്ല ലേഖനം ചേച്ചി

Akbar said...

Nice

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വിമാനത്തില്‍ വന്നിറങ്ങുന്ന വളരെ ഉന്നത ഉദ്യോഗസ്ഥന്‍ ധാരാളം ആളുകളുടെ സാന്നിദ്ധ്യത്തില്‍ തന്നെ തന്റെ അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ടു വന്ദിക്കുന്നതു കണ്ട്‌ കോരിത്തരിച്ചിട്ടുണ്ട്‌

മലയാളിക്ക്‌ ഒട്ടും ദഹിക്കാത്ത ഒരു കാര്യം

എന്നെ കഴിഞ്ഞല്ലെ മറ്റാരും :(

M. Ashraf said...

നല്ലൊരു ഉണര്‍ത്തു കുറിപ്പ്. അഭിനന്ദനങ്ങള്‍

Pradeep Kumar said...

എച്ചുമു പറഞ്ഞ കാര്യം പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ്. അയൽ സംസ്ഥാനങ്ങളാണെങ്കിലും അപരവ്യക്തിത്വങ്ങളേയും പ്രസ്ഥാനങ്ങളേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ തമിഴരും മലയാളികളും തമ്മിലുള്ള വൈപരീത്യം സമൂഹശാസ്ത്രവിദ്യാർത്ഥികൾ പഠനവിധേയമാക്കേണ്ടതാണ്. ഏറ്റവും പ്രൊഡക്ടീവായ ഒരു സമൂഹത്തെ അണ്ണാച്ചി അണ്ണാച്ചി എന്നു പുച്ഛിക്കുന്ന., ഉപഭോഗതൃഷ്ണയും, എതനോസെൻട്രിസസവും ആവശ്യത്തിൽ കൂടുതലുള്ള മലയാളി സമൂഹം എന്തുകൊണ്ട് ഇങ്ങിനെ ആയി എന്നതും പഠനവിഷയമാണ്.....

നല്ല ചിന്തയാണ് പങ്കുവെച്ചത്....

നിസാരന്‍ .. said...

മലയാളം ഇംഗ്ലീഷില്‍ പഠിക്കുന്ന തലമുറയാണ് വളര്‍ന്നു വരുന്നത്. He എന്ന പദത്തിന് അവന്‍ എന്ന ഒരേയൊരു മലയാളപദം കേട്ട് പഠിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ഭാഷയിലെ മര്യാദകള്‍ കുട്ടികള്‍ക്ക് അന്യമാകുന്നു.. തമിഴ്നാടിലെ പഠന കാലയളവില്‍ ഉര്‍ദുവില്‍ സംസാരിക്കാറുള്ള ഒരു അദ്ധ്യാപകന്‍ എന്നെ ആപ് എന്ന് അഭിസംബോധന ചെയ്യുന്നത് തുടക്കത്തില്‍ ഉള്‍ക്കൊള്ളാനായില്ല.. പിന്നീടാണ് സംസാരത്തിലെ ബഹുമാനത്തിനു അവര്‍ നല്‍കുന്ന പ്രാധാന്യം ഉള്‍ക്കൊള്ളനായത്. പിന്നീടിങ്ങോട്ട് ആ ഭാഷ ഉപയോഗിക്കുമ്പോള്‍ അതെ പദത്തില്‍ മാത്രമേ ആരെയും വിളിക്കാറുള്ളൂ.. അതൊരു പാട് തവണ ഉപകാരമാകുകയും ചെയ്തിട്ടുണ്ട് . ഭാഷയിലെ ഈ ശൈലികള്‍ അന്യം നിന്ന് പോകുന്ന ഒരു കാലമാകുമോ വരുന്നത് ?? വളരെ പ്രാധാന്യമുള്ള വിഷയം നന്നായി പറഞ്ഞു

സേതുലക്ഷ്മി said...

എച്മു, അതീവ ശ്രദ്ധേയമായ വിഷയം.
മര്യാദയുടെ കാര്യത്തില്‍ മലയാള ഭാഷ പുറകോട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്ദി സംസാരിക്കുന്ന കൊച്ചു കുട്ടികള്‍ പോലും 'ആപ്' എന്നെ സംബോധന ചെയ്യാറുള്ളു. മലയാളത്തില്‍ അത്തരം പ്രയോഗങ്ങള്‍ സംസാര ഭാഷയില്‍ തീരെ കുറവും.
ചെന്നെയില്‍ ജോലി ചെയ്യുന്ന മകള്‍ അവിടെ നിന്നും പോരാന്‍ ആഗ്രഹിക്കാത്തതിന്റെ ഒരു കാരണം അവിടുത്തെ സാധാരണക്കാര്‍ പോലും പുലര്‍ത്തുന്ന മര്യാദയാണ്. ഓട്ടോ ഡ്രൈവര്‍ പോലും 'അമ്മാ' എന്ന് സംബോധന ചെയ്യും. വഴിയരികില്‍ കമന്റടിക്കുന്ന പയ്യന്മാര്‍ പോലും,' സുംമാതിരീടാ.. , അവ അക്കാടാ..' എന്ന് ബഹുമാനിക്കും എന്നൊക്കെയാണവള്‍ പറയാറ്..

സേതുലക്ഷ്മി said...

എച്മു, അതീവ ശ്രദ്ധേയമായ വിഷയം.
മര്യാദയുടെ കാര്യത്തില്‍ മലയാള ഭാഷ പുറകോട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്ദി സംസാരിക്കുന്ന കൊച്ചു കുട്ടികള്‍ പോലും 'ആപ്' എന്നെ സംബോധന ചെയ്യാറുള്ളു. മലയാളത്തില്‍ അത്തരം പ്രയോഗങ്ങള്‍ സംസാര ഭാഷയില്‍ തീരെ കുറവും.
ചെന്നെയില്‍ ജോലി ചെയ്യുന്ന മകള്‍ അവിടെ നിന്നും പോരാന്‍ ആഗ്രഹിക്കാത്തതിന്റെ ഒരു കാരണം അവിടുത്തെ സാധാരണക്കാര്‍ പോലും പുലര്‍ത്തുന്ന മര്യാദയാണ്. ഓട്ടോ ഡ്രൈവര്‍ പോലും 'അമ്മാ' എന്ന് സംബോധന ചെയ്യും. വഴിയരികില്‍ കമന്റടിക്കുന്ന പയ്യന്മാര്‍ പോലും,' സുംമാതിരീടാ.. , അവ അക്കാടാ..' എന്ന് ബഹുമാനിക്കും എന്നൊക്കെയാണവള്‍ പറയാറ്..

Cv Thankappan said...

പണ്ടുകാലത്തെ സംബോധനകളില്‍നിന്നും
വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട് ഇന്ന്‍, മലയാളിയില്‍.,. അല്ലേ?!!
ഓണാശംസകള്‍

Cv Thankappan said...

ബാല്യത്തില്‍ തെറ്റായ വാക്കുകള്‍
പഠിച്ച് ശീലിച്ചുവരുന്ന കുഞ്ഞുങ്ങളുടെ
അനുയോജ്യമല്ലാത്ത പദപ്രയോഗങ്ങള്‍
വീട്ടില്‍വെച്ചു തന്നെ തിരുത്തികൊടുക്കണം.
നന്മ നിറഞ്ഞ ഓണാശംസകള്‍

ramanika said...

നമ്മുടെ ഭാഷാ പ്രയോഗങ്ങള്‍ ആദരവോടെ അന്തസ്സുള്ളവയാക്കാന്‍ നമ്മള്‍ മാത്രം പരിശ്രമിച്ചാല്‍ മതിയാകും

Unknown said...

ക്ലാസ്സിക്‌ ആവട്ടെ എങ്കിലേ വരേണ്യമാകൂ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"നിച്ചു വളർന്ന ഇവിടെത്തന്നെ മാതൃഭാഷ പഠിക്കുന്നവർ നീ, അവൻ, അവൾ, അദ്ദേഹം, അവർ ഇത്യാതി പ്രയോഗം, അതിന്റെ ബഹുമാനം അർഹിക്കുന്ന മുറക്ക് ഉപയോഗിക്കുന്നുണ്ട്.

മറിച്ച് പുറത്തു നിന്നും മാതൃഭാഷ പഠിച്ചിട്ടു വരുന്നവർക്ക് അതിന്റെ ബഹുമാനപൂർവ്വമുള്ള പ്രയോഗം പിടി കിട്ടണമെന്നില്ല. കാരണം അവർ ഇംഗ്ലീഷ് വഴിയായിരിക്കും മാതൃഭാഷ പഠിച്ചിട്ടുണ്ടാകുക."


അതു ശരിയാ എന്റെ കുഞ്ഞമ്മയുടെ മകളുടെ മകള്‍ ആദ്യ നാലു വയസു വരെ ലണ്ടനില്‍ ആറ്റ്യിരുന്നു. അവിടെ നിന്നും വന്നപ്പോള്‍ ഒരു ദിവസം ചിറ്റപ്പന്‍ കുളി കഴിഞ്ഞു വരുമ്പോള്‍ മുണ്ടും എടൂത്ത്‌ അടൂത്തു ചെന്നു എന്നിട്ടു പറയുന്നു "എടാ അപ്പൂപ്പനെ നിന്റെ മുണ്ട"

കുറ്റം പറയാന്‍ പറ്റുമൊ?

Echmukutty said...

എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
വിദ്യാഭ്യാസത്തിനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു.
അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ, മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു.
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും
നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ
ഗൌരവമായ ഒരു വിഷയം തന്നെയാണിത് !



ക്ലാസ്സിക് ഭാഷ


ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !

സുധി അറയ്ക്കൽ said...

തുടക്കം ഗംഭീരം.അവസാനിച്ചത്‌ വേറൊന്നിൽ ആയോ??