Monday, September 17, 2012

‘വയറു മുട്ടിപ്പോവട്ടെ....എല്ലാവരുടേയും വയറു മുട്ടിപ്പോവട്ടെ’


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ജൂലായ് 28ന് പ്രസിദ്ധീകരിച്ചത്. )

സൂര്യോദയത്തിനു മുമ്പുള്ള പുലര്‍ വേളകളില്‍ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ചെന്നാല്‍ ഈ ശാപം കേള്‍ക്കാമെന്ന് എനിക്കീയിടെയാണ് ബോധ്യമായത്. ശപിക്കുന്നത് മറ്റാരുമല്ല, പാവപ്പെട്ട വൃത്തിയാക്കല്‍ തൊഴിലാളികളാണ്. അധികവും വളരെ താഴ്ന്ന ജാതിയിലും ജീവിത നിലവാരത്തിലും ഉള്ള ദരിദ്ര സ്ത്രീകള്‍. ചൂലുകളുയര്‍ത്തി, പുല്ലുമാന്തി പോലെ മൂന്നു പല്ലുകളുള്ള നീണ്ട ബ്രഷുകളുയര്‍ത്തി ആ സ്ത്രീകള്‍ എല്ലാ ട്രെയിന്‍ യാത്രക്കാരേയും അവരെ അമ്മാതിരി ജോലിക്കു വെച്ചിട്ടുള്ള ഇന്ത്യന്‍ റെയില്‍വേയേയും ഒടുവില്‍ ഗതികെട്ട സ്വന്തം വയറിനേയും ശപിക്കുന്നു വയറു മുട്ടിപ്പോവട്ടെ.....

അവരെ കാണുമ്പോള്‍ നമുക്ക് അറപ്പു തോന്നുന്നുണ്ട്. വിദേശികള്‍ ആ സ്ത്രീകളെ കണ്ട് മുഖം ചുളിച്ചു, തല ചെരിച്ചു നടന്ന് പോകുന്നു. അതു കാണുമ്പോള്‍ ഒട്ടും തന്നെ തിളങ്ങാത്ത ദരിദ്ര ഇന്ത്യയെ അവര്‍ തിരിച്ചറിഞ്ഞേക്കുമോ എന്ന അപമാനത്താല്‍ നമ്മുടെ മുഖം കുനിയുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ തന്നെയാണു നീ എന്ന ഏറ്റവും മഹത്തായ സമത്വവചനം ഉദ്ഘോഷിയ്ക്കുന്ന നമ്മുടെ ഉന്നത ഭാരതീയ സംസ്ക്കാരത്തിനോ ഓക്കാനം വരുത്തുന്ന ആ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന നമ്മള്‍ യാത്രക്കാര്‍ക്കോ ഇന്‍ഡ്യന്‍ റെയില്‍ വേ എന്ന പടുകൂറ്റന്‍ സ്ഥാപനത്തിനോ ഒന്നും ചെയ്യാന്‍ സാധിക്കുന്നുമില്ല.

എത്ര വൃത്തികേടായും ദുര്‍ഗന്ധപൂരിതമായുമാണ് നമ്മള്‍ റെയില്‍ വേ സ്റ്റേഷനുകളും ട്രാക്കുകളും തീവണ്ടികളും എന്തിനു നമ്മുടെ ഏതൊരു പൊതുസ്ഥലവും സൂക്ഷിച്ചിട്ടുള്ളത്. ശ്രീ വൈക്കംമുഹമ്മദ് ബഷീറാണു നമ്മുടെ ഇമ്മാതിരി ദു:ശീലങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയും അവ മാറ്റിയെടുക്കണമെന്ന് എപ്പോഴും ഉപദേശിക്കുകയും ചെയ്തിരുന്നത്. അദ്ദേഹത്തോളം ഉല്‍ക്കണ്ഠ അധികമാരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. നമ്മുടെ നാട്ടില്‍ സമത്വ സുന്ദരമായി വിതരണം ചെയ്യപ്പെടുന്ന ഒന്നാണു മാലിന്യങ്ങളും അതില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഒരു കൂട്ടം മനുഷ്യര്‍ മറ്റൊരു കൂട്ടം മനുഷ്യരുടെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്നത് എന്തുകൊണ്ടാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് അംഗീകരിക്കാവുന്ന ഒരു ജീവിതമാര്‍ഗ്ഗമായി തോന്നുന്നതെന്നറിയില്ല. അതുകൊണ്ടാണല്ലോ തീവണ്ടികള്‍ ട്രാക്കുകളില്‍ വിതറുന്ന മാലിന്യം വൃത്തിയാക്കാന്‍ ചൂലും ബ്രഷുമായി നിത്യേനെ വൃത്തിയാക്കല്‍ തൊഴിലാളികള്‍ കടന്നു വരുന്നത് . തീവണ്ടികളില്‍ നിന്നു മാത്രമല്ല, വീടുകളില്‍ നിന്നു പോലും മനുഷ്യ വിസര്‍ജ്ജ്യം നീക്കം ചെയ്യുന്നവരായി ഏകദേശം പതിമൂന്നുലക്ഷത്തോളം മനുഷ്യര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഈ ആധുനിക ഐ ടി യുഗത്തിലും കഴിഞ്ഞു കൂടുന്നുണ്ട്.

ഇന്ത്യന്‍ റെയില്‍ വേയില്‍ ഏകദേശം നാല്‍പത്തിമൂവായിരം കോച്ചുകളിലായി ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം ടോയ് ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. അവയില്‍ നിന്നു പുറന്തള്ളപ്പെടുന്ന വിസര്‍ജ്ജ്യങ്ങള്‍ രാജ്യമെമ്പാടുമുള്ള ട്രാക്കുകളെ വൃത്തികേടാക്കുന്നു. ദുര്‍ഗന്ധം പരത്തി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളെ അസഹ്യമായ ഒരനുഭവമാക്കി മാറ്റുന്നു. അതിനോടൊപ്പം തന്നെ റെയില്‍ ട്രാക്കുകളുടെ അയല്‍പക്കങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സൌജന്യമായി പലതരം രോഗങ്ങളും സമ്മാനിക്കുന്നുണ്ടാവണം. തോട്ടികളുടെ അഖിലേന്ത്യാ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്‍ ദില്ലി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ഈ അപരിഷ്കൃതമായ ടോയ് ലറ്റ് സംവിധാനം ഒഴിവാക്കുകയും പകരം ബയോ ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പത്തുമാസങ്ങള്‍ക്കു മുമ്പ് വന്ന ഈ വിധിയനുസരിച്ച് വളരെ കുറച്ചു മാത്രം, ട്രെയിനുകളില്‍ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ബയോ ടോയ് ലറ്റുകള്‍ ഏര്‍പ്പെടുത്തി. പൊതുവേ വൃത്തിബോധം കുറഞ്ഞ ഇന്ത്യന്‍ ദരിദ്ര ജനത ഈ സൌകര്യം എങ്ങനെ ഉപയോഗിക്കുമെന്ന് റെയില്‍വേയ്ക്ക് ആശങ്കയുള്ളപ്പോള്‍ പോലും .....
വിത് ഇമ്മീഡിയറ്റ് ഇഫക്റ്റായി കോടതി വിധി നടപ്പിലാക്കാന്‍ കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുന്നതുകൊണ്ടാണു റെയില്‍വേയ്ക്ക് സാധിക്കാതെ പോകുന്നതത്രെ...എങ്കിലും കഴിയുന്നത്ര വേഗത്തില്‍ കൂടുതല്‍ കൂടുതല്‍ ട്രെയിനുകളിലേക്ക് ബയോ ടോയ് ലറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം റെയില്‍ വേയുടെ അടിയന്തര പരിഗണനയിലുണ്ട്

എന്തായാലും പ്രശസ്ത സിനിമാ നടന്‍ ആമീര്‍ഖാന്‍ സത്യമേവ ജയതേ എന്ന തന്‍റെ ടെലിവിഷന്‍ പരിപാടിയില്‍ അടുത്ത ദിവസങ്ങളിലാണു സ്വതന്ത്ര ഇന്ത്യയിലെ തോട്ടികളുടെ ഗതികെട്ട ജീവിതത്തെ ചൂണ്ടിക്കാണിച്ചത്. മറ്റു മനുഷ്യരുടെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്ന ആ പാവപ്പെട്ടവരില്‍ തന്നെ കുറച്ചു പേര്‍ കൂടുതല്‍ നല്ല ജോലികള്‍ നേടിയിട്ടും പൊതു സമൂഹം ഇപ്പോഴും കടുത്ത നിന്ദയോടെ മാത്രം അവരെ കാണുന്നതിനെക്കുറിച്ചും ആ പരിപാടിയില്‍ അനുഭവസാക്ഷ്യങ്ങളുണ്ടായി. പ്രധാനമന്ത്രി ഈ പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഏറ്റവും പ്രധാന കാര്യമായി എടുക്കാമെന്ന് ആമീര്‍ഖാനു വാക്കു കൊടുത്തതായുള്ള പത്ര വാര്‍ത്തകളും ആ പരിപാടിയെ തുടര്‍ന്ന് കാണാന്‍ കഴിഞ്ഞു. 

ഇതെല്ലാം ഈ ഗതികെട്ട ജനതയുടെ തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുമെന്ന് അതീവ നിഷ്കളങ്കമായ ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കരുതാമെങ്കിലും അതത്ര എളുപ്പമായിരിക്കാന്‍ വഴിയില്ല. നമ്മുടെ ചുറ്റുമുള്ള വാര്‍ത്തകള്‍ എപ്പോഴും അതാണു പറഞ്ഞിട്ടുള്ളതും ഇപ്പോഴും പറയുന്നതും. ജാതി ശ്രേണിയില്‍ താഴ്ന്നവരുടെ വളരെ സാമാന്യമായ ജീവിതാവകാശങ്ങള്‍ പോലും പൊതുവേ എല്ലാവരേയും അലോസരപ്പെടുത്തുന്നവയാണ്. അവര്‍ക്ക് കിട്ടുന്ന നിസ്സാരമായ ആനുകൂല്യങ്ങള്‍ കൂടി നിറുത്തല്‍ ചെയ്യണമെന്നുള്ള മുറവിളി എല്ലായിടത്തും കൂടുതല്‍ കൂടുതല്‍ മുഴങ്ങുന്നു. അതേസമയം അവരിലെ പുരുഷന്മാര്‍ മൃഗീയമായി വധിക്കപ്പെടുന്നു, സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു, കൊച്ചുകുട്ടികളുടെ തലമുടി മുറിക്കപ്പെടുന്നു..........

പണത്തിനുവേണ്ടി മറ്റുള്ളവരുടെ മലം കോരാന്‍ തയാറുള്ളവരെക്കുറിച്ച് അത്രമേല്‍ വേദനിക്കാനൊന്നുമില്ലെന്നും ഏതു പണിക്കും അതിന്‍റേതായ അന്തസ്സുണ്ടെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അന്യന്‍റെ മലം കോരുന്നവനെ വീട്ടില്‍ കയറ്റിയിരുത്തി ചായ കൊടുക്കാനാവില്ലെന്നും അവര്‍ സിദ്ധാന്തിക്കും. നമ്മുടെ വിചിത്രമായ നിയമങ്ങളും വിശ്വാസങ്ങളും അങ്ങനെയാണല്ലോ. സ്വന്തം മാലിന്യം സ്വയം നീക്കം ചെയ്യാത്തവര്‍ മാന്യരും അന്യന്‍റെ മാലിന്യം നീക്കം ചെയ്യുന്നവര്‍ തൊട്ടു കൂടാത്തവരും........

ഹേയ്, നമ്മള്‍ മലയാളികള്‍ അങ്ങനൊന്നുമല്ലെന്നും സമത്വചിന്തയുള്ള പുരോഗമനവാദികളാണെന്നും വമ്പ് പറയാന്‍ വരട്ടെ. താഴ്ന്ന ജാതിക്കാരന്‍ ഓഫീസര്‍ ഇരുന്ന കസേരയും ഒപ്പിട്ട ഫയലുകളും ചാണകം തളിച്ച് പരിപൂതമാക്കിയത്........ആരായിരുന്നു?

71 comments:

Echmukutty said...

ഈയിടെ മഹാരാഷ്ട്രയില്‍ വെച്ച് ഇന്ത്യന്‍ എക്സ് പ്രസ്സ് പത്രത്തിലെ ഒരു വാര്‍ത്ത കാണാനിടയായി.കമ്പാര്‍ട്ടുമെന്‍റുകളിലെയും ടോയ് ലറ്റിലേയും ദുര്‍ഗന്ധവുമായി പൊരുത്തപ്പെടാന്വേണ്ടി റെയില്‍ വേ യാത്രക്കാര്‍ക്ക് ഫിനയില്‍ ബോട്ടില്‍ നല്‍കുന്നുണ്ടത്രേ.........

സുപ്രീം കോടതി വിധി വന്നിട്ടുണ്ട്.. മനുഷ്യര്‍ മനുഷ്യരുടെ വിസര്‍ജ്ജ്യം നീക്കം ചെയ്യുന്ന ജോലി നിയമം മൂലം നിറുത്തല്‍ ചെയ്യുന്നതായി..ആ ജോലി ചെയ്യുന്നവരെയെല്ലാം പെട്ടെന്ന് തന്നെ പുനരധിവസിപ്പിക്കുന്നതിനായി.....അങ്ങനെ നല്ല നിര്‍ദ്ദേശങ്ങളുമായി ഒരു കോടതി ഉത്തരവ്...
അതുണ്ടാവട്ടെ....ആ മനുഷ്യരുടെ ദൈന്യം മാറട്ടെ......അടുത്തതോ അതിനടുത്തതോ ആയ തലമുറയ്ക്കെങ്കിലും അപമാനകരമായ ജീവിതപരിതസ്ഥിതികള്‍ ഇല്ലാതാകട്ടെ.

മുകിൽ said...

തീര്‍ച്ചയായും എച്മുക്കുട്ടി, തീര്‍ച്ചയായും.. മനുഷ്യരെക്കുറിച്ചു പറയുന്ന മനുഷ്യന്റെ എഴുത്ത്.. വായിക്കുമ്പോള്‍ സന്തോഷത്തൊപ്പം നന്ദിയും പറയാന്‍ തോന്നും എനിക്ക്..

Unknown said...

ഒരിക്കലും മനസ്സിലാക്കാന് സാധിച്ചിട്ടില്ലാത്തഒരു സംവിധാനമാണ് നമ്മുടെ റയില്‌വേയുടെ കക്കൂസ് സൗകര്യം. ഒരു ശരീരത്തിലെ നാഡീവ്യൂഹം പോലെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ച് കിടക്കുന്ന, റയില് ട്രാക്കുകളില് സ്വതന്ത്രഭാരതീയര് വിതറിവിടുന്ന മനുഷ്യമാലിന്യം അപമാനം മാത്രമായിക്കാണാതെ വൃത്തിയോടുള്ള ഭാരതീയന്റെ നിലപാടിന്റെ അടയാളമായിക്കാണുമ്പോള് മാത്രമേ നമ്മുടെ തല ശരിക്കും കുനിയുകയുള്ളൂ. 

"സ്വന്തം മാലിന്യം സ്വയം നീക്കം ചെയ്യാത്തവര്‍ മാന്യരും അന്യന്‍റെ മാലിന്യം നീക്കം ചെയ്യുന്നവര്‍ തൊട്ടു കൂടാത്തവരും" ഈ വാക്കുകള് നമ്മുടെ സംസ്കാരത്തിന്റെ, സാമൂഹ്യബോധത്തിന്റെ നേരെ തുറന്നുപിടിച്ച കണ്ണാടിയാണ്. ലോകത്തെ മറ്റുരാജ്യങ്ങളില് നിന്നും വൃത്തിയുളള സംസ്കാരം ഈ വിഷയത്തിലെങ്കിലും പകര്‌ത്താന് അഭിമാനികളായ ഭാരതമക്കള് തയ്യാറാവട്ടെ.

Prabhan Krishnan said...

ഏറ്റവുമധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനമെന്നു മാത്രമല്ല, വരുമാനത്തിലും ഒട്ടും പിന്നിലല്ലാത്തസ്ഥാനമാണു ഇന്‍ഡ്യന്‍ റയില്‍വേയ്ക്കുള്ളത്. ഇത്തരം നവീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ കോടതിയുത്തരവു വരും വരേ കാത്തിരിക്കേണ്ട ആവശ്യമില്ല.ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന നമ്മുടെ ഭരണതന്ത്രജ്ഞര്‍ക്ക് അന്യനാടുകളില്‍ ഈ വക കാര്യങ്ങളൊക്കെ എങ്ങിനെ പരിഹരിക്കപ്പെടുന്നു എന്ന് ഒരു വേളയെങ്കിലും ചിന്തിക്കാന്‍ അവസരമുണ്ടായിട്ടില്ലേ?
എന്നാണിതിനൊരു മാറ്റമുണ്ടാകുക.?
കേരളത്തിനഭിമാനിക്കാം നഗരങ്ങള്‍ ചീഞ്ഞുനാറുന്നതില്‍ നമ്മള്‍ തന്നെയാണു മുന്നില്‍..!!

ഗൌരവമുള്ള ഈ ചിന്തകള്‍ക്ക് നൂറ് മാര്‍ക്ക് യച്ച്മൂ.
ആശംസകളോടെ..പുലരി

ശ്രീ said...

നന്നായി എഴുതി, ചേച്ചീ...

keraladasanunni said...

പോസ്റ്റ് വായിച്ചപ്പോള്‍ നാല്‍പ്പത് കൊല്ലം
 മുമ്പുള്ള പാലക്കാട് പട്ടണത്തെക്കുറിച്ച് ഓര്‍ത്തു. ആ കാലത്ത് വീടുകളില്‍ നിന്ന് മനുഷ്യരുടെ വിസര്‍ജ്ജ്യം വലിയ വീപ്പകളിലാക്കി നൈറ്റ് സോയില്‍ ഡെപ്പൊ എന്ന് പറയുന്ന ഇടങ്ങളില്‍ 
എത്തിക്കുമായിരുന്നു. മിക്കവാറും 
അപ്രധാനമായ പാതയുടെ സമീപമാണ് ഇത്തരം സംഭരണ കേന്ദ്രം. ആ വഴിക്ക് നടക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന വിധം
ദുര്‍ഗന്ധം അവിടെ പരന്നിരിക്കും. മുനിസിപ്പാലിറ്റിയിലെ തൂപ്പുതൊഴിലാളികളും
മാലിന്യ വീപ്പകളുമായി മുനിസിപ്പാലിറ്റിയുടെ ലോറി പ്രധാന പാതകളിലൂടെ ഓടുമ്പോള്‍ 
പുറകെ വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ 
അനുഭവിച്ചിരുന്ന വിഷമം ചില്ലറയല്ല.
" തോട്ടിയുടെ മകന്‍ " എന്ന നോവല്‍ ഈ ജോലി ചെയ്യുന്നവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.

ഇന്ന് പാലക്കാട് ഈ മാലിന്യ നിര്‍മ്മാര്‍ജന രീതിയില്ല. ഏതെങ്കിലും കാലത്ത് റെയില്‍വെയിലും വന്നു കൂടായ്കയില്ല. പക്ഷെ മനുഷ്യരുടെ കാഴ്ചപ്പാടില്‍ മാറ്റം വരുമെന്ന് ഉറപ്പില്ല.

ഭാനു കളരിക്കല്‍ said...

എച്ചുമുവിന്റെ കല്ലുകള്‍ ഗോലിയാത്തിനെ വീഴ് ത്തട്ടെ.

Cv Thankappan said...

നന്നായി എഴുതിയിരിക്കുന്നു.
എന്തുചെയ്യാം!ഇപ്പോഴും താഴയുള്ളതിനെയെല്ലാം ചവിട്ടിമെതിച്ച്
അതിനുമീതെ സൌധമുയര്‍ത്താന്‍ സൌകര്യമൊരുക്കുന്ന തത്രപ്പാടിലാണല്ലോ ഭരണാധികാരികള്‍..,.
ചവിട്ടിയരക്കുന്നവരെ ആര് ശ്രദ്ധിക്കാന്‍!!!!,!!!
ആശംസകള്‍





ആമി അലവി said...

ഈ ലേഖനം നമ്മുടെ സംസ്കാര മില്ലയ്മയുടെ അപമാനകരമായ ചിത്രമാണ് തുറന്നു കാണിക്കുന്നത്.കോടികളുടെ കിലുക്കമുള്ള റയില്‍വേയില്‍ മാത്രമാണെന്ന് തോന്നുന്നു ഇത്രയും പ്രാകൃതമായ രീതിയില്‍ വിസര്‍ജ്യങ്ങള്‍ പുറം തള്ളപ്പെടുന്ന രീതി പിന്തുടരുന്നത്.അത് വൃത്തിയാക്കാന്‍ നിയോഗിക്കപ്പെട്ടു എന്ന കാരണത്താല്‍ തന്നെ അവന്‍ സമൂഹത്തിന്റെ കാഴച്ചപ്പാടില്‍ ബഹിഷ്കൃത വര്‍ഗമാണ് .വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍.അഭിനന്ദങ്ങള്‍ ഈ വിഷയത്തില്‍ ഒരു ലേഖനമെഴുതിയതിന് .

mattoraal said...

ലോകത്തെ ഏറ്റവും നീളം കൂടിയ കക്കൂസ് ആണ് ഇന്ത്യന്‍ റെയില്‍വേ ,
ഇത് വായിച്ചപ്പോള്‍ എച്ചുമുവിന്റെ കുറച്ചുമുമ്പെഴുതിയ ഒരു പോസ്റ്റ്‌ ഓര്‍മ്മ വന്നു...സ്നേഹപൂര്‍വ്വം.

mayflowers said...

പത്രവാര്‍ത്ത ഞാനും വായിച്ചിരുന്നു.മറ്റ് പലതും പോലെ അത് വെറും കടലാസില്‍ ഒതുങ്ങാതിരിക്കട്ടെ.
അഭിനന്ദനങ്ങള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇനിയും ഒരുപാട് കാലം പിടിക്കും,മലയാളിമനസ്സ് ഒന്നു മാറിക്കിട്ടാന്‍

ലംബൻ said...

പറ്റുമെങ്കില്‍ ബസില്‍ മാത്രം സഞ്ചരിക്കുന്നത്, ട്രയിനിലെ ദുര്‍ഗന്ധം പേടിച്ചാണ്. എച്മുക്കുട്ടി, പറഞ്ഞത് ഒന്നും നടപ്പില്‍ വരുത്താന്‍ പറ്റാത്തതല്ല, ഡല്‍ഹി മെട്രോ ഉദാഹരണം. പിന്നെ ആര്‍ജവം ഉള്ള ഒരു ഭരണകൂടം ഉണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ നടപ്പില്‍ വരൂ.

Unknown said...

പ്രിയ എച്ചുമ്മു,

ഇങ്ങനെ ഒന്ന് എഴുതിയതിനു അഭിനന്ദനങ്ങള്‍ . എല്ലാം നന്നാവാന്‍ പ്രാര്‍ഥിക്കാം അല്ലതെന്തു ചെയ്യാന്‍?

സ്നേഹത്തോടെ,
ഗിരീഷ്‌

M. Ashraf said...

യാഥാര്‍ഥ്യം തന്നെ.
എന്നാലും ട്രെയിനില്‍ കയറി എത്രനേരം മൂത്രം ഒഴിക്കാതെ പിടിച്ചുനില്‍ക്കും.
റെയില്‍വേയുടെ കണ്ണു തുറക്കുന്നതുവരെ.
ആഗോളവല്‍കരണം അടിച്ചുമാറ്റാത്ത ഒരേയൊരു പണി തോട്ടിപ്പണിയായിരിക്കും.
തോട്ടിയുടെ മക്കള്‍..
അഭിനന്ദനങ്ങള്‍

vettathan said...

റെയില്‍വേയുടെ കാര്യം തന്നെ പറയാം.ഒറ്റയടിക്ക് ഇപ്പോഴത്തെ സ്ഥിതി മാറ്റുക ഇന്നതെ നിലയ്ക്ക് അസാദ്ധ്യമാണ്.ടിക്കറ്റ് വിലയുടെ കൂടെ ഇതിനായി ഒരു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ നടപ്പാക്കാവുന്നതെ ഉള്ളൂ.പക്ഷേ നമ്മള്‍ യാത്രക്കാര്‍ക്ക് ഈ പ്രശ്നത്തിന്‍റെ തീവ്രത കുറക്കാവുന്നതെ ഉള്ളൂ.സ്റ്റേഷനുകളില്‍ മലവിസര്‍ജ്ജനം അരുതു എന്ന നിര്‍ദ്ദേശം പാലിച്ചാല്‍ തന്നെ മലിനീകരണത്തിന് ശമനമുണ്ടാക്കാം.
മനുഷ്യന്‍ തന്നെ മലം നീക്കുന്ന നഗരങ്ങള്‍ ഇന്ത്യയിലുണ്ടെങ്കില്‍ ആ നഗരസഭകളെ കോടതി കയറ്റേണ്ടതാണ്.

Anonymous said...

Echmoo-
Nannayi ezhuthi.
itharam aneethikalkethire thirichupidicha oru kannadiyavanam
oro indiakkaranteyum manassu.
abhinandanangal.
MURALI NAIR,
DUBAI.

പട്ടേപ്പാടം റാംജി said...

സ്വന്തം മാലിന്യം സ്വയം നീക്കം ചെയ്യാത്തവര്‍ മാന്യരും അന്യന്‍റെ മാലിന്യം നീക്കം ചെയ്യുന്നവര്‍ തൊട്ടു കൂടാത്തവരും........

Echmukutty said...

മുകില്‍ ആദ്യം വന്നല്ലോ. സന്തോഷവും നന്ദിയും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഇനിയും വരിക.
ചീരാമുളക് പറഞ്ഞത് വാസ്തവം തന്നെ.
പ്രഭന്‍ തന്ന നൂറു മാര്‍ക്കില്‍ വലിയ സന്തോഷം.
ശ്രീ വന്നല്ലോ. സന്തോഷം കേട്ടോ.

Echmukutty said...

അതെ, ഉണ്ണിച്ചേട്ടാ, പാലക്കാട് ആ രീതി മാറി. എങ്കിലും ആ രീതി തുടര്‍ന്ന് പോരുന്ന 256 ജില്ലകള്‍ ഇന്നും ഇന്ത്യയിലുണ്ട്. അതു മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വയിച്ചതില്‍ സന്തോഷം.
ഭാനുവും കല്ലെറിയാനുണ്ടല്ലോ അല്ലേ? അങ്ങനെ എല്ലാവരും ചേര്‍ന്ന് എറിയുമ്പോള്‍ ഗോലിയാത്തുമാര്‍ വീഴുമായിരിക്കും.....
തങ്കപ്പന്‍ ചേട്ടന്‍ വായിച്ചതില്‍ സന്തോഷം.
അനാമിക തന്ന അഭിനന്ദനം സ്വീകരിച്ചിരിക്കുന്നു കേട്ടൊ. ഇനീം വരണേ..


Echmukutty said...

അതാണു സത്യം. മറ്റൊരാള്‍ക്ക് നന്ദി. ഇനിയും വരുമല്ലോ.
അതെ, മേഫ്ലവറിനെപ്പോലെ എനിക്കും ആശയുണ്ട്.
മലയാളി മനസ്സു മാത്രമല്ല, എല്ലാ മനുഷ്യരുടേയും മനം മാറണം. മുഹമ്മദ് ജി വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. ഇനിയും വരുമല്ലോ.
ബസ്സില്‍ സഞ്ചരിക്കാവുന്ന ദൂരത്തിനു പരിധിയുണ്ടല്ലോ, ശ്രീജിത്ത്.പിന്നെ എഴുതിയത് ശരിയാണ്. ആര്‍ജ്ജവമുള്ള ഭരണാധികാരികളും അവരെ ചോദ്യം ചെയ്യാന്‍ ആര്‍ജ്ജവമുള്ള ജനങ്ങളും അത്യാവശ്യമാണു എല്ലാ നയ പരിഷ്ക്കരണങ്ങള്‍ക്കും.വന്നതില്‍ വലിയ സന്തോഷം.

ഷാജു അത്താണിക്കല്‍ said...

എഴുത്തുകാർ കാലത്തിനൊപ്പം തന്നെയാണ് എഴുതേണ്ടത്
ചുറ്റുപാടുകൾ കണ്ടെഴുതിയ ഈ എഴുത്തിന്ന് നന്ദി

ജന്മസുകൃതം said...

echmu
ee nerkkazhchakal adhikaarikalude kannu thurappichirunnenkil....manushya manobhavatheyum



പടന്നക്കാരൻ said...

ഹഹഹ...ഇതേ വിഷയത്തില്‍ എനിക്കറിയുന്ന ഭാഷയില്‍ ഒന്നെഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.....“ദയവു ചെയ്ത് ആരും തൂ......രുത്” എന്ന തലക്കെട്ടില്‍...http://wwwpadanna.blogspot.com/2012/06/blog-post_06.html

പാവത്താൻ said...

എച്മുക്കുട്ടി പറഞ്ഞതിനോടു 100 % യോജിക്കുമ്പോഴും പൊതുസ്ഥലങ്ങൾ, പ്രത്യേകിച്ചും പൊതുറ ടൊയ്ലെറ്റുകളും മറ്റും എങ്ങിനെ വൃത്തിയായി ഉപയോഗിക്കാം എന്ന് ജനങ്ങൾ മനസ്സിലാക്കുകയും വേണം.ഞങ്ങൾ എല്ലാം വൃത്തികേടാക്കും അതെല്ലാം വൃത്തിയാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്ന മനോഭാവം നിലനിൽക്കുന്നിടത്തോളം വൃത്തി ഒരു സ്വപ്നം മാത്രമാവാനാണിട.അതിനു നിയമങ്ങളോ ഉത്തരവുകളോ മാത്രം പോരല്ലോ.

റിനി ശബരി said...

എത്രത്തൊളം ഉന്നതിയിലെത്തിയാലും
ചിലത് നമ്മുക്കിടയില്‍ , നമ്മുക്കുള്ളില്‍
ദുര്‍ഗന്ധം വമിച്ച് നിലകൊള്ളുന്നു ..
പാവങ്ങള്‍ക്ക് എന്നുമെന്നും അതു തന്നെ ഗതി ..
നമ്മുടെ മാലിന്യങ്ങള്‍ നമ്മള്‍ വൃത്തിയാക്കാതെ ,
അതു ചെയ്യുന്ന മനുഷ്യരോട് കാണിക്കുന്ന വിവേചനം
ആരാണ് പൊറുത്ത് കൊള്ളുക , നല്ല തീരുമാനങ്ങള്‍
ഭരണകൂടത്തില്‍ നിന്നും , നീതിന്യായ വ്യവസ്ഥയില്‍ നിന്നും
ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം ..
വരികള്‍ ആ വേദന നിറയുന്നുണ്ട് , കാഴ്ച നല്‍കുന്നുണ്ട്
ഞാനും ഭാഗവക്കായി പൊകുന്ന ചിലതില്‍ തല താഴ്ത്തുന്നു ..
നന്നായി എഴുതി എന്നത്തേയും പൊലെ , കൊണ്ട് കേറുന്നത് ...

mini//മിനി said...

കുട്ടിക്കാലത്ത് ഒരു കുസൃതി ചോദ്യം കേട്ടു,
“ഏറ്റവും വലിയ കക്കൂസ് ഏതാണ്?”
അതിന് ഉത്തരം
“ഇന്ത്യൻ റെയിൽ‌വെ”
അന്ന് ആ ഉത്തരം മനസ്സിലായില്ലെങ്കിലും പിന്നീട് അറിയാൻ കഴിഞ്ഞു,
ഉത്തരം വളരെ ശരിയാണെന്ന്,

Pradeep Kumar said...

നന്നായി എഴുതി എച്ചുമു....
വിഷയത്തെക്കുറിച്ച് മറ്റുള്ളവരെല്ലാം ഇവിടെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എനിക്കും പറയാനുള്ളത് - ആവർത്തിക്കുന്നില്ല.

എന്നെങ്കിലും നമ്മുടെ നാടും നന്നാവുമായിരിക്കും.

വീകെ said...

മനുഷ്യൻ മനുഷ്യനെ ജാതിയുടേയോ വർണ്ണത്തിന്റേയോ വ്യത്യാസമില്ലാതെ സ്നേഹിക്കാൻ കഴിയുന്ന ഒരു കാലം എന്നെങ്കിലും ഉണ്ടാകുമോ...?
അന്നിതൊക്കെ അവസാനിക്കുമായിരിക്കും...!!
നിയമം കൊണ്ടൊന്നും ഇതിനെ തടയാനാവില്ല. അവരുടെ ഉള്ള ഉപജീവന മാർഗ്ഗം കൂടി അടയുമെന്നല്ലാതെ, പകരം മറ്റൊരു സംവിധാനം ഉണ്ടാക്കിക്കൊടുക്കാൻ ഒരു സർക്കാരും തെയ്യാറാവില്ല. കാരണം അത്ര വലിയ വോട്ടുബാങ്കൊന്നും അല്ലല്ലൊ അവർ.
മറ്റൊരു തൊഴിൽ കണ്ടെത്തിയാലും അവരെ അംഗീകരിക്കാൻ കൂട്ടാക്കാത്ത പൊതുജനങ്ങളുടെ മനസ്സിനാണ് ആദ്യം സംസ്കരണം ആവശ്യമായിട്ടുള്ളത്.

നന്നായിരിക്കുന്നു എഴുത്ത്...
ആശംസകൾ...

Unknown said...

പരീക്ഷണ അടിസ്ഥാനത്തില്‍ കൊണ്ട് വന്നാലും ജനങ്ങള്‍ അത് എങ്ങനെ കൈകാര്യം ചെയുന്നു എന്നത് കണ്ടറിയെണ്ടിയിരിക്കുന്നു. അത്ര വേഗം മാറ്റം സ്വീകരികക്ന്‍ മധ്യവര്‍ത്തി സമൂഹം തയാര്‍ ആവില്ല. വൃത്തിക്ക് വേണ്ടി കൊണ്ടുവരുന്നവ വൃതികെടക്കാന്‍ നമുക പ്രത്യേക കഴിവാ

രമേശ്‌ അരൂര്‍ said...

ലോകത്തിലെ ഏറ്റവും വലിയ പൊതു കക്കൂസ് ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ ..അതാണ്‌ ഇന്ത്യന്‍ റെയില്‍വേ ...

വര്‍ഷിണി* വിനോദിനി said...

ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം അല്ലേ..
എത്ര നാൾ എന്നതിനു പ്രാധാന്യം നൽകാതെ..

ശ്രീനാഥന്‍ said...

അടിയന്തിരമായി പരിഹരിക്കേണ്ട ഒരു പ്രശ്നത്തെക്കുറിച്ച് വളരെ പ്രസക്തമായ കുറിപ്പ്. റയിൽ വെ ഒരു മഹാകോടീശ്വരനല്ലേ? ഈ എരപ്പത്തരം കാണിക്കാതെ ജൈവകക്കൂസുകൾ ഉണ്ടാക്കിക്കൂടെ?

Manoraj said...

pavathan paranjathinodu yojikunu

ramanika said...

പ്രസക്തമായ കുറിപ്പ്.
very well said !

the man to walk with said...

ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് വളരെ കൂടുതല്‍ പ്രതിഫലം നല്‍കണം ..മാറ്റങ്ങള്‍ പിന്നാലെ വന്നു കൊള്ളും..
ആശംസകള്‍

റോസാപ്പൂക്കള്‍ said...

അതെ,തിളങ്ങുന്ന ഇന്ത്യയില്‍ ഇന്ത്യയിലെ ഒരറ്റത്തുള്ള സംസ്ഥാനത്തിരുന്നു കൊണ്ടു എഴുതിയ തിളങ്ങുന്ന പോസ്റ്റ്

അനില്‍കുമാര്‍ . സി. പി. said...

"ഹേയ്,നമ്മള്‍ മലയാളികള്‍ അങ്ങനൊന്നുമല്ലെന്നും സമത്വചിന്തയുള്ള പുരോഗമനവാദികളാണെന്നും വമ്പ് പറയാന്‍ വരട്ടെ. താഴ്ന്ന ജാതിക്കാരന്‍ ഓഫീസര്‍ ഇരുന്ന കസേരയും ഒപ്പിട്ട ഫയലുകളുംചാണകം തളിച്ച് പരിപൂതമാക്കിയത്... ആരായിരുന്നു?"

- മലയാളിയുടെ കാപട്യത്തിന് നേര്‍ക്ക്
എച്ച്മുവിന്റെ വിരല്‍ ചൂണ്ടല്‍ ...

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ എപ്പോഴും എച്മു ശ്രദ്ധിക്കുന്നു, ശ്ലാഘനീയമാണ്‌ ഇത്. അഭിനന്ദനങ്ങള്‍ .

ഷബീര്‍ - തിരിച്ചിലാന്‍ said...

കഴിഞ്ഞ റെയില്‍വേ ബഡ്ജെറ്റില്‍ ദീര്‍ഖദൂര ട്രെയിനുകളില്‍ ജൈവ ടോയ്ലെറ്റുകള്‍ സ്ഥാപിക്കും എന്ന് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. നല്ല ഒരു ലേഖനം...

Arif Zain said...

വാല്മീകി അര്‍ഹിക്കുന്ന ഇടം ഭാരതീയ മനസ്സില്‍ നേടിയെങ്കിലും സ്വതന്ത്ര ഇന്ത്യയിലും വല്‍മീകിമാര്‍ (മലം ചുമക്കുന്ന ജാതിക്കാര്‍)),) മനുഷ്യര്‍ അര്‍ഹിക്കുന്ന പരിഗനന ലഭിച്ചവരല്ല. നല്ല ഓര്‍മ്മപ്പെടുത്തല്‍

Echmukutty said...

ഗിരീഷിന്‍റെ അഭിപ്രായത്തിനു നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലമുണ്ടാകട്ടെ.
അഷ്രഫ് പറഞ്ഞത് സത്യം, ആഗോളവല്‍ക്കരണം തോട്ടിപ്പണിയില്‍ എത്തിയില്ല.വായിച്ചതില്‍ സന്തോഷം.
വെട്ടത്താന്‍ ചേട്ടന്‍റെ നിര്‍ദ്ദേശം നല്ലത് തന്നെ. ഇന്നും ഇന്ത്യയില്‍ 256 ജില്ലകളില്‍ മാന്വല്‍ സ്ക്കാവെഞ്ചിംഗ് ഉണ്ട്. അത് നിറുത്തല്‍ ചെയ്യാന്‍ കോടതി ഈയിടെ ഉത്തരവിട്ടിരുന്നു.



Hashiq said...

രാജ്യത്തെ പൌരന്റെ ദൈന്യംദിന ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ ഒരുതരത്തിലും ഉപകാരമില്ലാത്ത, എണ്ണായിരം കോടി രൂപാ പദ്ധതിചെലവുള്ള കണികാ പരീക്ഷണശാല നിര്‍മ്മിക്കുന്ന അതേ നാട്ടിലാണ് ഏറ്റവും അപരിഷ്കൃത രീതിയിലുള്ള സഞ്ചരിക്കുന്ന കക്കൂസ് എന്നതാണ് ഇതിലെ വിരോധാഭാസം.

ഇത് കരമാര്‍ഗം നാടുനീളെ കൊണ്ടുവിതറുന്ന മാലിന്യത്തിന്റെ കാര്യമാണ്. നമ്മുടെ കായല്‍ ടൂറിസത്തിന്റെ ഐക്കണായി ഉയര്‍ത്തിപ്പിടിക്കുന്ന ഹൗസ്‌ബോട്ടുകളില്‍ ചിലത് ഈ അടുത്തകാലം വരെ വെള്ളത്തിലേക്ക് തുറന്നുവെച്ച ടോയിലറ്റുകളുമായിരുന്നു സഞ്ചാരികളെ കൊണ്ടുനടന്നിരുന്നത്. നിയമം മൂലം ഇപ്പോള്‍ അത് തടഞ്ഞിട്ടുണ്ടോ എന്നറിയില്ല.

Echmukutty said...

അനോണിമസിന് നന്ദി. അഭിപ്രായം തികച്ചും വാസ്തവമാണ്.
രാംജിക്കും ഷാജുവിനും ജന്മസുകൃതത്തിനും നന്ദി. ഇനിയും വരുമല്ലോ.
പടന്നക്കാരന്‍ വന്നതില്‍ സന്തോഷം.
പാവത്താന്‍ പറഞ്ഞത് ശരിയാണ്. നിയമവും ഉത്തരവുകളും നമുക്കുണ്ട്. ഇല്ലാത്തത് അവ നടപ്പിലാക്കുന്ന സംവിധാനത്തിന്‍റെയും ഉദ്യോഗസ്ഥരുടേയും ആത്മാര്‍ഥതയാണ്. പൊതുജനം വൃത്തിയോടെ ഉപയോഗിക്കുന്ന പല സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ട്. വിദേശരാജ്യങ്ങളില്‍ ചെന്ന് നമ്മലള്‍ ഇന്ത്യാക്കാര്‍ ഒന്നും വൃത്തികേടാക്കാറില്ല. കാരണം നിയമം നടപ്പിലാക്കുന്ന ഇടങ്ങളില്‍ നമ്മള്‍ എല്ലാ നിയമങ്ങളേയും അനുസരിക്കും.........വായിച്ചതില്‍ സന്തോഷം ഇനിയും വരുമല്ലോ.

Areekkodan | അരീക്കോടന്‍ said...

ചിന്തിക്കേണ്ട ഒരു വിഷയം തന്നെ.പക്ഷേ മാറേണ്ടത് ഓരോരുത്തരുടേയും മനസ്സാണ്.
മനസ്സ് നന്നാവട്ടെ...

Echmukutty said...

റിനി,
മിനി ടീച്ചര്‍,
പ്രദീപ് കുമാര്‍,
വി. കെ,
വിഗ്നേശ്,
രമേശ്,
വര്‍ഷിണി വിനോദിനി,
ശ്രീനാഥന്‍ മാഷ്,
മനോരാജ്,
രമണിക,
ദ് മാന്‍ ടു വാക് വിത്,
റോസാപ്പൂക്കള്‍,
അനില്‍,
ഷബീര്‍,
ആരിഫ്,
ഹാഷിക്,
അരീക്കോടന്‍ ജി എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമല്ലോ.പ്രോല്‍സാഹിപ്പിക്കുമല്ലോ.



MINI.M.B said...

നല്ല എഴുത്ത്. എന്നാണ് ഇതൊക്കെ മാറുക?

കാഴ്ചക്കാരന്‍ said...

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്ന ഒരു കക്കൂസ്സാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് കേട്ടിട്ടുണ്ട് .
തുടങ്ങിയിട്ട് കാലോചിതമായി ഒരു മാറ്റവും വരാത്ത ഒരു സമ്പ്രദായം ഇത് മാത്രമായിരിക്കും ....

ഓഫ്‌:( തോട്ടി എന്ന പദപ്രയോഗം ഇത്തിരി കൂടിപ്പോയില്ലേ?)

വേണുഗോപാല്‍ said...

തോട്ടികളുടെ ജീവിതം എച്മു മുന്‍പ് എഴുതിയത് ഓര്‍ക്കുന്നു.

അത്യന്തം ദയനീയമായ ഒരു ചിത്രം ആണ് ഈ പാവങ്ങളുടെത്.

ഇവിടുത്തെ ഭരണവര്‍ഗ്ഗം വിവിധ തരം ഹിമാലയന്‍ അഴിമതികളിലൂടെ ഖജനാവ് കയ്യടക്കുമ്പോള്‍ ഇത്തരം മേഖലകളുടെ ഉന്നമനത്തിന്‌ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആളെവിടെ?? പണമെവിടെ??

നമുക്ക് വിലപിക്കാം.... ഇങ്ങിനെയൊക്കെ !!

ChethuVasu said...

ശരിയാണ് എച്മു ..ഇന്ത്യ എന്താണ് എന്നറിയാം എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ പ്ലട്ഫോമുകളും ജെനെരല്‍ ബോഗികളും ടോയ്ല്ടും എന്താണ് എന്നറിഞ്ഞാല്‍ മതി .. കുട്ടിയായിരുന്നപ്പോള്‍ തീവണ്ടിയില്‍ യാത്ര ചെയ്തു തുടങ്ങുന്നതിനു മുന്‍പേ , തീവണ്ടിയിലെ കക്കൂസ് രെയിലിലെക്ക് തുരന്നാണ് ഇരിക്കുന്നത് എന്ന് ഒരാള്‍ പറഞ്ഞു കേട്ടപ്പോള്‍.. ഒരേ സമയം അവിശ്വാസവും അറപ്പും തോന്നി.. കാരണം കുഞ്ഞു നാളിലെ കേട്ട് വളര്‍ന്ന ആവിയന്ത്രതിന്റെയും ജെയിസം വാട്ടിന്റെയും , കല്‍ക്കരി എന്ജിന്റെയും മനുഷ്യ പുരോഗതിയുടെയും കഥ ഒരു വശത്ത് ..അതോടൊപ്പം ഇത്ര വൃത്തികെട്ട രീതിയില്‍ അതിനെ നാം ഉപയോഗിക്കുന്നു എന്നരിഞ്ഞതിന്റെ സങ്കടം മറു വശത്ത് .. ശാസ്ത്രം മനുഷ്യന് എന്തെല്ലാം തന്നു എന്നാലും നമ്മുടെ "സംസ്കാരം " ഇപ്പോഴും പുരാതന ശിലായുഗം കഴിഞ്ഞു മുന്നോട്ടു പോകുന്നില്ല ....

യഥാര്‍ത്ഥത്തില്‍ ഇതിനു വേണ്ടി ജൈവ ടോയലറ്റിന്റെ ആവശ്യം ഒന്നും ഇല്ല. ഇപ്പോള്‍ ഉള്ള സിസ്റ്റം തന്നെ ഓട്ടോമേറ്റ് ചെയ്യവുന്നത്തെ ഉള്ളൂ .. ഒരു രിമൂവബില്‍ സ്റൊരെജു ടാങ്ക് ഓരോ ബോഗിയോടും ഘടിപ്പിക്കാന്‍ എന്തുണ്ട് പ്രയാസം . ഇത് ജന്ഗ്ഷനുകളില്‍ വച്ച് കാലിയായ ഒന്ന് വച്ച് റീപ്ലേസ് ചെയ്യവുന്നത്തെ ഉള്ളൂ .. ഏതാണ്ട് പൂര്‍ണമായും മനുഷ്യ ഇടപെടല്‍ ഇല്ലാതെ തന്നെ ഇത് മാറ്റുകയും ചെയ്യാം ..( ഇന്നത്തെ ജെ സി ബി ടെക്നോളജി പോലും വേണ്ട ഇതിനു )

ഈ അവസ്ഥക്ക് പിന്നില്‍ പണതിന്റെയോ. സാങ്കേതിക വിദ്യയുടെ അഭാവമോ , അറിവിലയ്മയോ ഒന്നും അല്ല. തന്റെയൊക്കെ അഴുക്കു മറ്റൊരാള്‍ ചുമന്നു കൊള്ളും, അത് തന്റെയും അവന്റെയും വിധിയാണ് , യോഗമാണ് എന്നുള്ള അധമ ചിന്തയും "പരമ്പരാഗത " വിശ്വാസവും ആണ് ഇതിനു പിന്നില്‍.. പിന്നെ സമൂഹത്തില്‍ നമ്മളെക്കാള്‍ അധപതിച്ചു ആളുകള്‍ ജീവിക്കുന്നത് കാണാന്‍ ശരിക്കും നല്ല സുഖമാണ് ;-).. . അത് കൊണ്ട് തന്നെ അങ്ങനെ ഉള്ള അധോ മണ്ഡലങ്ങളെ നില നിര്‍ത്തുക എന്നത് പൊതുവേ എല്ലാവരും ആഗ്രഹിക്കുന്ന സ്വാര്‍ഥതയാണ് ..കാരണം മനുഹ്സ്യര്‍ ആഗ്രഹിക്കുന്നത് ആപേക്ഷികമായ ഉയര്‍ച്ചയാണ്‌ , കേവലമായ ഉയര്‍ച്ച അല്ല. അപ്പോള്‍ അല്ലെ നമ്മള്‍ ഒക്കെ ദൈവത്തോട് നന്ദി പറയുക , പ്രാര്ധിക്കുക ! നമ്മളെ ഒക്കെ പ്രത്യേക പരിഗണന തന്നു 'നീതിമാനായ "അദ്ദേഹം താഴേക്ക്‌ ഇറക്കിയതിനു !!ഹ ! 'ചവിട്ടി' നില്‍ക്കാന്‍ ഇരിടം തന്നതിന് ഹ ഹ !

ChethuVasu said...

ശരിയാണ് എച്മു ..ഇന്ത്യ എന്താണ് എന്നറിയാം എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ പ്ലട്ഫോമുകളും ജെനെരല്‍ ബോഗികളും ടോയ്ല്ടും എന്താണ് എന്നറിഞ്ഞാല്‍ മതി .. കുട്ടിയായിരുന്നപ്പോള്‍ തീവണ്ടിയില്‍ യാത്ര ചെയ്തു തുടങ്ങുന്നതിനു മുന്‍പേ , തീവണ്ടിയിലെ കക്കൂസ് രെയിലിലെക്ക് തുരന്നാണ് ഇരിക്കുന്നത് എന്ന് ഒരാള്‍ പറഞ്ഞു കേട്ടപ്പോള്‍.. ഒരേ സമയം അവിശ്വാസവും അറപ്പും തോന്നി.. കാരണം കുഞ്ഞു നാളിലെ കേട്ട് വളര്‍ന്ന ആവിയന്ത്രതിന്റെയും ജെയിസം വാട്ടിന്റെയും , കല്‍ക്കരി എന്ജിന്റെയും മനുഷ്യ പുരോഗതിയുടെയും കഥ ഒരു വശത്ത് ..അതോടൊപ്പം ഇത്ര വൃത്തികെട്ട രീതിയില്‍ അതിനെ നാം ഉപയോഗിക്കുന്നു എന്നരിഞ്ഞതിന്റെ സങ്കടം മറു വശത്ത് .. ശാസ്ത്രം മനുഷ്യന് എന്തെല്ലാം തന്നു എന്നാലും നമ്മുടെ "സംസ്കാരം " ഇപ്പോഴും പുരാതന ശിലായുഗം കഴിഞ്ഞു മുന്നോട്ടു പോകുന്നില്ല ....

യഥാര്‍ത്ഥത്തില്‍ ഇതിനു വേണ്ടി ജൈവ ടോയലറ്റിന്റെ ആവശ്യം ഒന്നും ഇല്ല. ഇപ്പോള്‍ ഉള്ള സിസ്റ്റം തന്നെ ഓട്ടോമേറ്റ് ചെയ്യവുന്നത്തെ ഉള്ളൂ .. ഒരു രിമൂവബില്‍ സ്റൊരെജു ടാങ്ക് ഓരോ ബോഗിയോടും ഘടിപ്പിക്കാന്‍ എന്തുണ്ട് പ്രയാസം . ഇത് ജന്ഗ്ഷനുകളില്‍ വച്ച് കാലിയായ ഒന്ന് വച്ച് റീപ്ലേസ് ചെയ്യവുന്നത്തെ ഉള്ളൂ .. ഏതാണ്ട് പൂര്‍ണമായും മനുഷ്യ ഇടപെടല്‍ ഇല്ലാതെ തന്നെ ഇത് മാറ്റുകയും ചെയ്യാം ..( ഇന്നത്തെ ജെ സി ബി ടെക്നോളജി പോലും വേണ്ട ഇതിനു )

ഈ അവസ്ഥക്ക് പിന്നില്‍ പണതിന്റെയോ. സാങ്കേതിക വിദ്യയുടെ അഭാവമോ , അറിവിലയ്മയോ ഒന്നും അല്ല. തന്റെയൊക്കെ അഴുക്കു മറ്റൊരാള്‍ ചുമന്നു കൊള്ളും, അത് തന്റെ യോഗവും അവന്റെ വിധിയുമാണ്‌ എന്നുള്ള അധമ ചിന്തയും "പരമ്പരാഗത " വിശ്വാസവും ആണ് ഇതിനു പിന്നില്‍.. പിന്നെ സമൂഹത്തില്‍ നമ്മളെക്കാള്‍ അധപതിച്ചു ആളുകള്‍ ജീവിക്കുന്നത് കാണാന്‍ ശരിക്കും നല്ല സുഖമാണ് ;-).. . അത് കൊണ്ട് തന്നെ അങ്ങനെ ഉള്ള അധോ മണ്ഡലങ്ങളെ നില നിര്‍ത്തുക എന്നത് പൊതുവേ എല്ലാവരും ആഗ്രഹിക്കുന്ന സ്വാര്‍ഥതയാണ് ..കാരണം മനുഹ്സ്യര്‍ ആഗ്രഹിക്കുന്നത് ആപേക്ഷികമായ ഉയര്‍ച്ചയാണ്‌ , കേവലമായ ഉയര്‍ച്ച അല്ല. അപ്പോള്‍ അല്ലെ നമ്മള്‍ ഒക്കെ ദൈവത്തോട് നന്ദി പറയുക , പ്രാര്ധിക്കുക ! നമ്മളെ ഒക്കെ പ്രത്യേക പരിഗണന തന്നു 'നീതിമാനായ "അദ്ദേഹം താഴേക്ക്‌ ഇറക്കിയതിനു !!ഹ ! 'ചവിട്ടി' നില്‍ക്കാന്‍ ഇരിടം തന്നതിന് ഹ ഹ !

Yasmin NK said...

മാധ്യമത്തില്‍ വായിച്ചിരുന്നു എചുമു. നന്നായി അവരെ ഓര്‍ത്ത് എഴുതിയത്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എന്നെ തല്ലണ്ടമാവാ, ഞാന്‍ നന്നാവില്ല എന്ന മനോഭാവമാണ്‌ ഈ വക കാര്യങ്ങളില്‍ നാട്ടുനടപ്പ്. എന്നാണാവോ ജനത്തിന്‌ ബോധം തെളിയുക!!

Echmukutty said...

എനിക്ക് കിട്ടിയ ഈ അനോണിമസ് മെയില്‍ അതിലെ പ്രസക്തമായ നിരീക്ഷണങ്ങള്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.




നന്നായി എച്ചുമു..



.കൊച്ചുകൊച്ചു കുറിപ്പുകളിലൂടെ വലിയ കാര്യങ്ങള്‍ വിളിച്ചു പറയാനുള്ള ഈ സാമര്‍ത്ഥ്യത്തെ അഭിനന്ദിച്ചല്ലെ പറ്റു..



പറമ്പില്‍ ഒഴിഞ്ഞ സ്ഥലം കണ്ടുപിടിച്ച്‌ മണ്ണുമാന്തിനീക്കി അപ്പിയിട്ട ശേഷം കരുതലോടെ അത്‌ മണ്ണിട്ടുമൂടി ചമ്മലൊടെ ചുറ്റുപാടും വീക്ഷിച്ചു മടങ്ങുന്ന പൂച്ചകളെ ശ്രദ്ധിച്ചിട്ടില്ലെ. ഒന്നോര്‍ത്താല്‍ മൃഗങ്ങളില്‍നിന്നും ഒരു പാട്‌ പഠിയ്ക്കാനുണ്ട്‌ മനുഷ്യന്‍...



ഇവിടെ ഞങ്ങളുടെ ഓഫീസിലെ ടോയ്‌ലെറ്റില്‍ ആസനം തുടച്ച ടിഷ്യൂപേപ്പര്‍ അലക്ഷ്യമായി വലിച്ചെറിയുന്നു ഒരുപാട്‌ മാന്യമാരുണ്ട്‌, വിദ്യഭ്യാസമുള്ളവര്‍, ഉന്നത ഉദ്യോഗസ്ഥന്മാര്‍, ഇതെ ഇവര്‍ തന്നെ കമ്പനിയില്‍ നടക്കുന്ന പാര്‍ട്ടികളില്‍ പരസ്യമായി പ്രകടിപ്പിയ്ക്കുന്ന "റ്റേബിള്‍ മാനേര്‍സ്‌" കണ്ടാല്‍ ആരു അതിശയിച്ചുപോകും....



.ശരീരത്തിലധികം മാലിന്യങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്ന ദൈവത്തിന്റെ അപൂര്‍വ്വ സൃഷ്ടിയല്ലെ മനുഷ്യന്‍....



എല്ലാം ഇങ്ങിനെയൊക്കെ നടക്കു...



തൂറാന്‍ യോഗമുള്ളവര്‍ തൂറികൊണ്ടേയിരിയ്ക്കും,.. കോരാന്‍ യോഗമുള്ളവര്‍ കോരികൊണ്ടും....



അല്ലാതെ എവിടേനിന്നാ എച്ചുമു, മാറ്റത്തിന്റെ കസ്തൂരി മണക്കുന്ന കാറ്റു വീശാന്‍ പോകുന്നത്‌...



എല്ലാ പഴുതും അടച്ച്‌ ഉള്ളവന്‍ പിന്നേയും പിന്നേയും ഉയരങ്ങള്‍ താണ്ടുന്നു...



താണുപോകാന്‍ ഒരു പാതാളം പോലുമില്ലാതെ ഇല്ലാത്തവന്‌ എല്ലാം സഹിയ്ക്കേണ്ടി വരുന്നു..


“പ്രധാനമന്ത്രി ഈ പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഏറ്റവും പ്രധാന കാര്യമായി എടുക്കാമെന്ന്......................”


ഈ തമാശ എനിയ്ക്കിഷ്ടപ്പെട്ടു..പാവങ്ങളോടു കരുണ തോന്നാന്‍ പറ്റിയ പ്രധാനമന്ത്രി തന്നെ മൂപ്പര്‌ .! !!!

ente lokam said...

എല്ലാ ക്കാര്യങ്ങളും പ്രധാന മന്ത്രിയുടെ മേലോ റെയില്‍ വേയുടെ മേലെയോ കെട്ടിവയ്ക്കാന്‍ ആവില്ല...അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കേണ്ടത് സര്‍കാരിന്റെ കടമ ആണെനികിലും ഉപയോഗം മനുഷ്യന്റെ കയ്യില്‍‍ ആണ്...

വെട്ടതാന്‍ പറഞ്ഞത് പോലെ എത്ര പേര് ഉണ്ടാവും കുറഞ്ഞ പക്ഷം സ്ടഷനുകളില്‍ എങ്കിലും ടോയിലെറ്റ്‌ ഉപയോഗിക്കണ്ട എന്ന് തീരുമാനിക്കുന്നവര്‍..??

എനിക്ക് അറിയാം ഇവിടെ ദുബായിലെ റോഡുകളില്‍, ചുമയും കുരയും വന്നാല്‍ അടക്കിപ്പിടിച്ച് വീട് വരെ കൊണ്ട് ചെല്ലുന്നവര്‍ സ്വന്തം നാട്ടില്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് വെളിയില്‍ വന്നാല്‍ അപ്പൊ പെരു വഴിയിലേക്ക് നീട്ടിതുപ്പുന്നവരെ..ഇവിടെ നിയമത്തെ പേടിയുണ്ട്..നമ്മുടെ നാട്ടില്‍ നിയമത്തെ പേടിയുമില്ല...സ്വയം നാട് നന്നാകണം എന്ന വിചാരവും ഇല്ല..എനിക്ക് തോന്നുന്നു ഈ attitude തന്നെ ആദ്യം മാറിയാല്‍ നാം നന്നാവും എന്ന്..ചിന്തനീയമായ ലേഖനം..ആശംസകള്‍ എച്മു..

Villagemaan/വില്ലേജ്മാന്‍ said...

സ്റെഷ്ണുകളില്‍ ടോയ്ലെറ്റ് ഉപയോഗിക്കരുത് എന്ന് എഴുതി വെച്ചിട്ടുണ്ട്..നമ്മളില്‍ എത്ര പേര്‍ അത് അനുസരിക്കാരുണ്ട് ?ദീര്ഖദൂര ട്രെയിനുകളില്‍ അല്ലാതെ അങ്ങോട്ട്‌ കയറാറില്ല എന്നതാണ് സത്യം.. പലപ്പോഴും ട്രാക്ക് വൃതിയാക്കുന്നവരെ കണ്ടു വിഷമം തോന്നിയിട്ടുണ്ട്..


നല്ല പോസ്റ്റ്‌.. ഒരു വേറിട്ട ശബ്ദം..

ചന്തു നായർ said...

അല്ലാ കോയ....എന്നാണ് നമ്മടെ നാടും,നമ്മളും നന്നാവുക...

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ ചന്ദ് സാറിന്റെ കാര്യം ഓര്‍ത്തു ചിരിച്ചത , സ്വയം നന്നാവൂ മാറ്റം നമ്മെ തേടി വരും സ്നേഹാശംസകള്‍ @ PUNYAVAALAN

Unknown said...

ആദ്യം തോട്ടിയുടെ മകന്‍ വായിച്ചപ്പോള്‍ ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു എന്നാല്‍ ആ പത്തു വയസുക്കാരന്‍ കൂടുതല്‍ കൂടുതല്‍ ലോകത്ത് കാണാന്‍ തുടങ്ങ്ങിയപ്പോള്‍ ശരിക്കും ലജ്ജയും വിഷമവും തോനാരുണ്ട് ..



ഇന്ത്യന്‍ റെയില്‍വേ ബാത്ത് റൂം സിസ്റ്റം പരിഷ്കരിക്കാന്‍ പോകുന്നു എന്നെ എവിടെയോ വായിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു

അത് എത്രയും വേഗം നടപ്പില്‍ വരട്ടെഎന്ന് ആഗ്രഹിക്കുന്നു ,,

Akbar said...

നമ്മുടെ വിചിത്രമായ നിയമങ്ങളും വിശ്വാസങ്ങളും അങ്ങനെയാണ്. അതു എളുപ്പം മാറുമെന്നു തോന്നുന്നില്ല എച്ചുമു. പച്ചയായ കുറെ പരമാര്‍ഥങ്ങള്‍ നമുക്കിങ്ങിനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കാം എന്നല്ലാതെ. നല്ല ലേഖനം

കൈതപ്പുഴ said...

എച്മു...
ഗൌരവമായ വിഷയം...touching ആയി എഴുതി...
ആശംസകള്‍..

Echmukutty said...

മിനി ഇതൊക്കെ എന്നു മാറുമെന്നറിയില്ല. എത്രയും വേഗം മാറട്ടെ എന്ന് ആഗ്രഹം.

കാഴ്ചക്കാരന്‍ വന്നതില്‍ സന്തോഷം. ആ വാക്ക് ചെയ്യുന്ന ക്രൂരതയെക്കുറിച്ച് ഓര്‍മ്മിച്ചപ്പോള്‍ അതിനു തുല്യമായി വേറെ ഒന്നും കിട്ടിയില്ല...അതാണു അങ്ങനെ എഴുതിയത്.

വേണുഗോപാല്‍ പറഞ്ഞതു പോലെ ഒരു വിലാപമായിത്തീരുന്നു ഇതെല്ലാം അല്ലേ?

ചെത്തു വാസു പറഞ്ഞതിനോട് യോജിപ്പാണ്. വന്ന് അഭിപ്രായം എഴുതിയതിനു നന്ദി.

മുല്ലയ്ക്ക നന്ദി.ഇനിയും വരിക.
പള്ളിക്കരയില്‍ വന്നതില്‍ സന്തോഷം.


Nena Sidheek said...

എല്ലാ പഴുതും അടച്ച്‌ ഉള്ളവന്‍ പിന്നേയും പിന്നേയും ഉയരങ്ങള്‍ താണ്ടുന്നു...
താണുപോകാന്‍ ഒരു പാതാളം പോലുമില്ലാതെ ഇല്ലാത്തവന്‌ എല്ലാം സഹിയ്ക്കേണ്ടി വരുന്നു..
അനോണി മെയിലില്‍ കണ്ടതാണ് ചേച്ചീ ..ഇതല്ലേ യാഥാര്‍ത്ഥ്യം !

jayaraj said...

എന്നെങ്കിലും ഒരിക്കല്‍ നന്നാകും എന്ന് പ്രതീക്ഷിക്കാം. ഒക്കെ വെറും പ്രതീക്ഷ ആണെന്ന് അറിയാമെങ്കിലും.
ഒരിക്കല്‍ ഞാന്‍ ജോലിക്ക് പോകുവാന്‍ വേണ്ടി ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. കൂടെ അവിടെ നിരവധി വേറെയും ആളുകള്‍. അപ്പോള്‍ അതുവഴി കടന്നു പോയ വഞ്ചിനാട് എസ്പ്രെസ്സ് ട്രെയിനില്‍ നിന്നും തെറിച്ച വിസര്‍ജ്യം വന്നു പതിച്ചത് അടുത്ത് നിന്ന രണ്ടു പേരുടെ വസ്ത്രത്തില്‍. ഒരു വിദ്യാര്‍ഥിയുടെ ഷര്‍ട്ടിന്റെ മുന്‍ വശത്തും ഒരു ചെറുപ്പക്കാരന്റെ ഷര്‍ട്ട് പിറകിലയിട്ടും അഭിഷേകം നടത്തി അത് കടന്നു പോയി. എന്ത് ചെയ്യാന്‍ ? ചെറുപ്പകാരന്‍ വേറെ ഷര്‍ട്ട്‌ ധരിക്കുന്നത് കണ്ടു. മറ്റേതു അടുത്തുള്ള വീട്ടില്‍ നിന്നും വെള്ളം മേടിച്ചു കഴുകുന്നതും. വിദ്യാര്‍ഥി വെള്ളം കൊണ്ട് ഷര്‍ട്ട്‌ കഴുകി വീണ്ടും ഇടുന്നതും.
പിന്നെ സുപ്രീം കോടതിയുടെ വിധി. !!! അങ്ങനെ പല വിധികള്‍ ഇവിടെ വരും എന്നാല്‍ ഒന്നും നടപ്പാകില്ലെന്ന് മാത്രം. നല്ല പോസ്റ്റ്‌ ആശംസകള്‍.

Echmukutty said...

അനോണിമസിനു നന്ദി, ശ്രദ്ധേയമായ ആ നിരീക്ഷണങ്ങള്‍ക്ക് നന്ദി. നല്ല വാക്കുകള്‍ക്കും..
എന്‍റെ ലോകത്തിന്‍റെ അഭിപ്രായം പ്രസക്തമാണ്. സൌകര്യങ്ങളും അതു വേണ്ട മാതിരി ഉപയോഗിക്കലും ആവശ്യം സഹജീവികളോടുള്ള അനുഭാവവും പരിഗണനയും അത്യാവശ്യം...
വില്ലേജ്മാന്‍,
ചന്തുവേട്ടന്‍,
ഞാന്‍ പുണ്യവാളന്‍,
മൈഡ്രീംസ്,
അക്ബര്‍,
കൈതപ്പുഴ,
നേനക്കുട്ടി എല്ലാവര്‍ക്കും നന്ദി. അഭിപ്രായങ്ങളെഴുതിയതില്‍ സന്തോഷം.
ജയരാജ് എഴുതിയത് വായിച്ച് എന്തു പറയണമെന്നറിയാതെ......

പോസ്റ്റ് വായിച്ച് എന്നെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി....ഇനിയും വരുമല്ലോ...


A said...

ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്മ വന്നത് ഇത് വായിക്കുന്നതിനു മുന്‍പ് കഴിഞ്ഞ ആഴ്ച ഞാന്‍ ഇവിടെ റിയാദിലെ ഒരു വിശാലമായ പാര്‍ക്ക് വഴി കുറെ ദൂരം ആളൊഴിഞ്ഞ റോഡിലൂടെ നടന്ന കാര്യമാണ്. മണിക്കൂറുകള്‍ നടന്നു. അപ്പോള്‍ വെള്ളം കൂടുതല്‍ കുടിച്ചിരുന്നതിനാല്‍ എനിക്ക് രണ്ടിന് പോവാന്‍ ഒരു ചെറിയ തോന്നല്‍. പക്ഷെ അടുത്തൊന്നും സംവിധാനം ഇല്ല. പാര്‍ക്കിനു പിറകിലെ റോഡിലൂടെ നടക്കുമ്പോള്‍ കണ്ണെത്തുന്ന ദൂരത്തോളം ആളില്ല. വേണമെങ്കില്‍ കാര്യം സാധിക്കാം. പക്ഷെ വൃത്തിയോടെ ഒരു കരടു പോലുമില്ലാതെ കിടക്കുന്ന ഈ ഇടങ്ങളില്‍ ഒരാള്‍ക്കും അങ്ങിനെ തോന്നുകപോലുമില്ല. എനിക്കും തോന്നിയില്ല. പക്ഷെ ഞാന്‍ എച്മു പറഞ്ഞ നമ്മുടെ നാട്ടിലെ ഈ അവസ്ഥകള്‍ അപ്പോള്‍ വെറുതെ ഓര്‍ത്തുപോയി. നമ്മള്‍ പുരോഗമന വാദികള്‍ ആണെന്നും സാംസ്കാരികമായി ഏറെ മുന്നിലാണെന്നും ഒക്കെ എല്ലാവരും വാദിക്കുന്നത് കേള്‍ക്കാറുണ്ട്. പക്ഷെ എച്മു പറഞ്ഞ പരിസരങ്ങള്‍ നമ്മോടു നിജപ്പെടുത്തുന്ന കാര്യം എന്താണ്? നമ്മുടേത്‌ ആകെയും വൈരുദ്ധ്യങ്ങളാണ്. ജാതി ചിന്തകള്‍ അതിനു ചില വിശ്വാസങ്ങളുടെ കാവലും നല്‍കുന്നു. എല്ലാം അബോലിഷ് ചെയ്തു എന്ന് പുറമേ പറയാം. മനസ്സില്‍ എല്ലാം പഴയ പടി നില കൊള്ളുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മൂടെ ശരീരത്തിൽ നിന്നും പുറത്തുപോകുന്ന മാലിന്യങ്ങളേക്കാൾ ദുഷിച്ചതാണല്ലൊ നമ്മുടെ മനസ്സിലുള്ള മാലിന്യങ്ങൾ അല്ലേ കൂട്ടരെ ...
അതാണാദ്യം നാം നിർമ്മാജനം ചേയ്യേണ്ടത്..!

ഇത്തരം എഴുത്തുകൾ ആയതിന്
ഉപകരിക്കുമെന്ന് തീർച്ചയായും കരുതാം..

അഭിനന്ദനങ്ങൾ...കേട്ടൊ എച്ചു

sulekha said...

nalla rachana.

ധനലക്ഷ്മി പി. വി. said...

ദിവസവും മണിക്കൂറുകള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരാളാണ് ഞാന്‍.......... ..ആ പാവങ്ങളുടെ നിസ്സഹായതയും ഗതികേടും കാണുമ്പോള്‍ ആത്മനിന്ദ കൊണ്ട് തലകുനിച്ചു പോകാറുണ്ട് ഞാനും..എത്ര കോടികള്‍ എങ്ങോട്ടൊക്കെ ഒഴുക്കി കളയുന്നു .എന്നിട്ടും ഇതിനൊരു പരിഹാരം !!!!!!

നിസാരന്‍ .. said...

എച്ച്മുവിന്റെ ഓരോ രചനകളും സമൂഹത്തിനു നേരെ തുറന്നു വച്ച കണ്ണാടികളാണ്. സ്വന്തം വൈരൂപ്യം കണ്ടു നാം തന്നെ പരിഹാസ്യരാകുന്നു. എല്ലാം വായിച്ചു പോകുമ്പോളും അഭിപ്രായങ്ങള്‍ പറയാറില്ല. വളരെ ചുരുങ്ങിയ ചിലവില്‍ ആധുനികവല്ക്കരിക്കാന്‍ കഴിയുന്ന Railway Toiletകള്‍ ഇങ്ങനെ ദയനീയമായി ഇടുന്നത് തന്നെ നമ്മുടെ മനോഗതിയുടെ പ്രശ്നമാണ്

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം. ഞാനും എപ്പോഴും ഇതാലോച്ചിട്ടുണ്ട് എച്ചുമേ...ഇതേപോലെയാണ് നമ്മുടെകുട്ടനാട്ടിലെ ജലാശയങ്ങളും ഇപ്പോള്‍ മലിനമാക്കി കൊണ്ടിര്ക്കുന്നത്. ടൂറിസത്തിന്‍റെെ പേരില്‍ നല്ല കണ്ണീരു പോലെ കിടന്നിരുന്ന കായല്‍ ജലമെല്ലാം വേസ്റ്റിന്‍റ കേന്ദ്രമാണിപ്പോള്‍ . ഹൌസ് ബോട്ടില്‍ നിന്നും നേരെ വെള്ളത്തിലേക്കാണ്.

Mohiyudheen MP said...

ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി

പ്രസക്തമായ എഴുത്ത്‌ , നിരീക്ഷണങ്ങള്‍ - റെയില്വെയുടെ ടോയ്ലറ്റ്‌ സമ്പ്രദായത്തെ കുറിച്ച്‌ പടന്നക്കാരന്‍ മുമ്പ്‌ ഒന്നെഴുതിയത്‌ ഓര്‍ക്കുന്നു...

ആശംസകള്‍

എന്‌റെ പഴയ ബ്ളോഗ്‌ അടിച്ച്‌ പോയി, പുതിയ ബ്ളോഗാണിപ്പോള്‍... പുതിയ രചനകള്‍ ഒന്നും ഇട്ടിട്ടില്ല, സമയ ലഭ്യതക്കനുസരിച്ച്‌ വരുമെന്ന്‌ കരുതുന്നു... :)