Friday, October 12, 2012

ചെലവിനു കൊടുക്കുന്നുണ്ടെങ്കില്‍ ഭര്‍ത്താവിനു ഭാര്യയെ തല്ലുകയും ചെയ്യാം.........


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 സെപ്തംബര്‍ 21 നു  പ്രസിദ്ധീകരിച്ചത്. )

നമ്മൂടെ തൊട്ടടുത്ത സ്റ്റേറ്റായ കര്‍ണാടകയില്‍ എന്തൊക്കെ അമ്പരപ്പിക്കുന്ന വര്‍ത്തമാനങ്ങളാണുണ്ടാവുന്നത്. അത്യുന്നതമായ  ഭാരതീയ സംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ട്  നമ്മുടെ പെണ്‍കുട്ടികള്‍ ബാറില്‍ പോയി മദ്യപിയ്ക്കാന്‍ ശ്രമിച്ചാല്‍, ഉഗ്രമായി  ശിക്ഷിക്കപ്പെടും എന്ന ഭീതി  കുറെയൊക്കെ പരത്താന്‍ ശ്രീരാമസേനയ്ക്ക് മംഗലാപുരം ബാര്‍ ആക്രമണത്തില്‍ സാധിച്ചു. 2009 ലായിരുന്നു അത്. ആ ആക്രമണ രംഗം യൂ ട്യൂബില്‍  ഏറ്റവും  കൂടുതല്‍ വീക്ഷിക്കപ്പെട്ട ക്ലിപ്പുകളില്‍ ഒന്നാണെന്നത്  പ്രശ്നത്തിന്‍റെ ഗൌരവവും അക്കാര്യത്തില്‍ സമൂഹത്തിനുള്ള താല്‍പര്യവും എന്തെന്ന്  വ്യക്തമാക്കുന്നുണ്ട് . സ്ത്രീയെ നിലയ്ക്ക്  നിറുത്തുന്നത്, അവളുടെ ഇടം ചൂണ്ടിക്കാണിക്കുന്നത് ഒക്കെ കണ്ടുകൊണ്ടിരിക്കുക നയനാഭിരാമവും പൌരുഷത്തിനു രോമാഞ്ചമുണ്ടാക്കുന്നതുമായ  ഒരു കാഴ്ചയാണ്. അതുപോലെ ബാറിനു മുമ്പില്‍  ഒരു സ്ത്രീ ആക്രമിക്കപ്പെട്ട സംഭവമുണ്ടായത് ഈയിടെ  ആസ്സാമിലാണ്. ഒഡീഷയില്‍  പോലീസുകാരിയെ ആക്രമിക്കാനും ആളുകള്‍ മല്‍സരിച്ചു. സ്ത്രീയെ മര്യാദ പഠിപ്പിക്കുന്നതാണ്, വരച്ച വരയില്‍ നിറുത്തുന്നതാണ്  സമൂഹത്തിന്‍റെ എല്ലാ കാലത്തേയും ഏറ്റവും വലിയ അനുഷ്ഠാന കല, ഏറ്റവും പ്രധാനപ്പെട്ട സാംസ്ക്കാരിക ദൌത്യം, ഏറ്റവും വലിയ രാഷ്ട്രീയ അവബോധം, ഏറ്റവും അടിസ്ഥാനപരമായ മതവിശ്വാസം.

അഫ്രീന്‍ എന്ന കൊച്ചുകുഞ്ഞിന്‍റെ കഥയും കര്‍ണാടകയില്‍ നിന്നു തന്നെയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു  മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ആ ക്രൂരതയുണ്ടായത്. ഒരച്ഛന്  സ്വന്തം മകളെ, അതും മുലപ്പാല്‍  മണം മാറിയിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പെണ്ണായി ജനിച്ചതിന്‍റെ പേരില്‍ മാത്രം എത്രത്തോളം വെറുക്കാന്‍ കഴിയുമെന്നതിന്‍റെ ഉദാഹരണമായിരുന്നു ആ സംഭവം. 
 
എന്നാല്‍  ഏറ്റവും പുതിയ വര്‍ത്തമാനം സ്ത്രീകള്‍ക്ക് അടി കൊള്ളാതെ  ജീവിക്കണമെങ്കില്‍  പോലും കാതങ്ങളിനിയും ഒത്തിരി  നടക്കാനുണ്ടെന്ന്, യുഗങ്ങളിനിയും  പലതും കടന്നു പോവാനുണ്ടെന്ന്, അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുന്നതാണ്. ആ വാര്‍ത്തയില്‍  നിറഞ്ഞു നില്‍ക്കുന്നത്  ഒരു  മുതിര്‍ന്ന ന്യായാധിപനാണെന്നത് നമ്മുടെ ഉല്‍ക്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു. അവിവാഹിതയായ  വനിതാ അഡ്വക്കേറ്റിനോട് ഒരു വിവാഹമോചനക്കേസ് വാദിക്കാന്‍ യോഗ്യയാവണമെങ്കില്‍ അവര്‍ സ്വയം  വിവാഹിതയായാലേ സാധിക്കൂ എന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.  വിവാഹബന്ധം  എന്താണെന്ന് തന്നെ അറിയാത്ത  ഒരു സ്ത്രീ വിവാഹമോചനത്തെക്കുറിച്ച് എങ്ങനെ വാദിക്കുമെന്ന് അദ്ദേഹം അതിശയിച്ചു. പരാതിക്കാരിയായ സ്ത്രീയോട്  ഭര്‍ത്താവ് സാമാന്യം ഭംഗിയായി  നോക്കുന്നുണ്ടെങ്കില്‍, അയാള്‍ അടിച്ചാല്‍ തന്നെ എന്താണു ഇത്ര  കുഴപ്പമെന്നും ഭര്‍ത്താവ് തല്ലുന്നുവെന്ന് പറഞ്ഞ് വിവാഹമോചനത്തിനു ശ്രമിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രസവ വേദനയേക്കാള്‍  വലുതാണോ ഭര്‍ത്താവ്  നാലു തല്ലുമ്പോള്‍  ഉണ്ടാകുന്ന വേദന എന്ന് അദ്ദേഹം അല്‍ഭുതപ്പെട്ടു.  ഭര്‍ത്താവിനൊപ്പം മടങ്ങാന്‍  ഭയപ്പെടുകയും വിസമ്മതിക്കുകയും ചെയ്ത പരാതിക്കാരിയായ സ്ത്രീയ്ക്ക് ഒരു സ്പെഷ്യല്‍  മസാലദോശ വാങ്ങിക്കൊടുത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹം ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കാരണം ഭൂരിഭാഗം മനുഷ്യരും  കരുതുന്ന  പോലെ സ്ത്രീ തല്ലുകൊണ്ടാലും കുഴപ്പമില്ല, കുടുംബം  തകരാതിരുന്നാല്‍ മതി എന്ന്    ന്യായാധിപനും ആഗ്രഹിച്ചിരുന്നു. 

ഇതാണു നമ്മള്‍ സ്ത്രീകളുടെ കഷ്ടപ്പാടുകളോടും പരാതികളോടുമുള്ള സമൂഹ  വ്യവസ്ഥിതിയുടെ നടപ്പ് മനോഭാവം. ഇത് ആ ന്യായാധിപന്‍റെ വ്യക്തിപരമായ വീക്ഷണമായി മാത്രം കുറച്ചു കാണേണ്ടതല്ല.  കണക്കുകള്‍  പറയുന്നത് അൻപതു ശതമാനം സ്ത്രീകളും പ്രായഭേദമില്ലാതെ സ്വന്തം വീടുകളിൽ നല്ല ചുട്ട അടി കൊള്ളുന്നവരാണെന്നാണ്. എഴുപത് ശതമാനം പുരുഷന്മാർ കരുതുന്നത് സ്ത്രീകൾക്ക് നല്ല അടി കൊടുക്കേണ്ടതുണ്ടെന്നും സ്ത്രീകൾ അടി സഹിച്ച്  ഈ അടി, തൊഴി വീരന്മാരായ ഗുണ്ടാ പുരുഷന്മാര്‍ക്കൊപ്പം ജീവിയ്ക്കുവാൻ ബാധ്യസ്ഥരാണെന്നുമാണ്. അടിക്കുന്ന കൈയേ അണയ്ക്കുകയുള്ളൂ എന്ന വിശ്വാസം കുത്തിവെച്ചാണു സ്ത്രീകളെ ചെറുപ്പം മുതല്‍ ഭര്‍ത്താവ് തല്ലുന്നതിനെ,  വളരെ സ്വാഭാവികമായ ഒരു കാര്യമായി സഹിക്കാന്‍ പ്രേരിപ്പിച്ച് ,വളര്‍ത്തി പാകമാക്കിയെടുക്കുന്നത്.  അയാള്‍ക്ക്  ദേഷ്യം വരാന്‍ അവസരമുണ്ടാക്കാതെ,അയാളുടെ കൈ ഉയരാന്‍ വഴിയുണ്ടാക്കാതെ, അയാള്‍ പറയുന്നത് കേട്ട് നീ അടങ്ങി ഒതുങ്ങിക്കഴിയണം. നന്നെ  ചെറുപ്പം  മുതലേ ഇമ്മാതിരി പരുവപ്പെടുത്തപ്പെടുന്ന നമ്മള്‍ ഭര്‍ത്താവ്  ഒരടി അടിച്ചതിന്‍റെ പേരിലൊന്നും  ഒരിക്കലും അയാളെ ഉപേക്ഷിക്കുകയോ കോടതിയില്‍ പരാതിയുമായി പോവുകയോ ചെയ്യില്ല. ഇനി അഥവാ പരാതിയുമായി പോയെന്നിരിക്കട്ടെ, പല തരത്തിലുള്ള അപവാദ പ്രചരണങ്ങളും കുഞ്ഞിനെ പിടിച്ചു പറിയ്ക്കലും  സാമൂഹികമായ ഒറ്റപ്പെടലും മൂന്നു നേരം  ഭക്ഷണം  കഴിച്ചു ജീവിക്കാന്‍ പോലും  വഴിയില്ലാതാവലും ഒക്കെ അതിഭയങ്കര ഭീഷണികളായി നമ്മെ ഭയപ്പെടുത്തും. സഹനത്തിന്‍റെ പരകോടിയിലെത്തുമ്പോള്‍, ഗതികേടിന്‍റെ അങ്ങേയറ്റത്താവുമ്പോള്‍ ആണ്   ഇന്നും നമ്മള്‍, ഇന്ത്യന്‍  സ്ത്രീകള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത്, അയാള്‍ക്കെതിരെ  പോലീസിലും കോടതിയിലും  പരാതിയുമായി പോകുന്നത്. അമാനുഷികമായ സഹനങ്ങള്‍ക്ക് ശേഷം സഹായമഭ്യര്‍ഥിച്ചു വരുന്ന അശരണയായ സ്ത്രീയെ പോലീസും കോടതിയും  മാധ്യമങ്ങളും  സമൂഹവും ചേര്‍ന്നുള്ള  ചട്ടം പഠിപ്പിക്കലാണ്, അപമാനിക്കലാണ്, നിസ്സാരമാക്കലാണ്, പിന്നെ നടക്കുക.   ഇത്രയൊക്കെ  താങ്ങുന്നതിലും എന്തുകൊണ്ടും ഭേദം  ഭര്‍ത്താവിന്‍റെ മാത്രം അടിയോ ചവിട്ടോ കൊള്ളുന്നതല്ലേ.... തെറിവിളിയും അസഭ്യ വര്‍ഷവും സഹിക്കുന്നതല്ലേ? അങ്ങനെ കരുതി, ജീവിതത്തില്‍ മറ്റൊന്നുമില്ലെങ്കിലും കെട്ടുറപ്പുള്ള കുടുംബജീവിതത്തിന്‍റെ ഒരു  സിന്ദൂരക്കുറിയും പ്രദര്‍ശിപ്പിച്ച്  സ്ത്രീകള്‍ അമ്പല നടകള്‍ കയറിയിറങ്ങുന്നു. ഒന്നു കയിച്ചിലായിക്കിട്ടാന്‍ പടച്ചവനോട് അഞ്ചു നേരമല്ല, പറ്റുന്ന  നേരത്തെല്ലാം ദുആ ഇരക്കുന്നു. അമ്പത്തിമൂന്നു മണി  ജപം ചൊല്ലി കുടുംബരക്ഷയ്ക്കായി  കുരിശു  വരക്കുന്നു. 
 
വളരെ കേമമെന്ന്  എല്ലാവരാലും വാഴ്ത്തപ്പെടുന്ന ഭാരതീയ കുടുംബമൂല്യങ്ങള്‍ സ്ത്രീയെ എല്ലാക്കാലത്തും വെറും ഒരു നാലാംകിടക്കാരിയായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ചാതുര്‍ വര്‍ണ്യത്തിനു ഒരുപാടു ന്യായങ്ങളുണ്ട് നമുക്ക്.  അതുപോലെ  സ്ത്രീകളെ അടിക്കാന്‍ പുരുഷനു അധികാരമുണ്ടെന്നതിനും കുറെ ന്യായങ്ങള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. വളരെ ബാലിശമായ പലതരം കാരണങ്ങള്‍ നിരത്തിവെയ്ക്കുന്നതിന്‍റെ ഒരേയൊരു ലക്ഷ്യം,  ഏതു കാരണമായാലും പുരുഷനു തോന്നിയാല്‍ മതി, ഉടനെ  സ്ത്രീയെ അടിക്കാം എന്നതുമാത്രമാണ്. ഏതു നിലയിലുള്ള സ്ത്രീയേയും അപമാനിക്കാനും നിന്ദിക്കാനും നിലയ്ക്ക് നിറുത്താനും കായികമായി ഉപദ്രവിക്കാനും പുരുഷന് ജന്മസിദ്ധമായ യോഗ്യതയും അധികാരവും ഉണ്ടെന്ന് കരുതുന്നവരാണു ഭൂരിഭാഗം മീശക്കാരും. പുരുഷനായി ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍  സമൂഹത്തിന്‍റെ  എല്ലാത്തരം സ്പെഷ്യല്‍ പരിഗണനകളും തങ്ങള്‍ക്ക് ലഭ്യമാകണമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.  ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റെര്‍  ഫോര്‍ വിമന്‍സ് ഡെവെലപ്മെന്‍റ് സ്റ്റഡീസിന്‍റെ  രണ്ടു വര്‍ഷം മുന്‍പ്  നടന്ന ഒരു പഠനത്തില്‍ വെളിപ്പെട്ടത് , ഭര്‍ത്താവിനെതിരെ പരാതി നല്‍കിയവരില്‍ നാല്‍പ്പത്തഞ്ചു ശതമാനം സ്ത്രീകളും ഗര്‍ഭിണികളായിരിക്കുമ്പോള്‍ പോലും ഭര്‍ത്താവിന്‍റെ തല്ലും ചവിട്ടും തൊഴിയും സഹിച്ചവരാണെന്നും അതില്‍  ഭൂരിഭാഗം പേരും ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടവരാണെന്നുമാണ്.  

സ്ത്രീയെ അടിക്കാനും നിന്ദിക്കാനും  തോന്നാത്ത പുരുഷന്‍  എന്നത് ഒരു  പ്രത്യേക സ്പീഷിസ് ആയിരിക്കുമോ? നശിച്ചുകൊണ്ടിരിക്കുന്ന ഒരു  ജീവി വര്‍ഗ്ഗം?  സ്നേഹവും മര്യാദയും ദയയും എളിമയുമുള്ള പുരുഷന്മാരെ തിരിച്ചറിയാന്‍ നമ്മള്‍  സ്ത്രീകള്‍ക്ക് പരിണാമത്തിന്‍റെ ഭാഗമായി വല്ല ആന്‍റിനയോ മറ്റോ മുളച്ചു വരുമായിരിക്കുമെന്ന് ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്. ആന്‍റിന നല്‍കുന്ന സിഗ്നലുകള്‍ അനുസരിച്ച് നമ്മള്‍ അടിക്കാത്തവരും വേദനിപ്പിക്കാത്തവരും പീഡിപ്പിക്കാത്തവരും ആയ പുരുഷന്മാരെ  തിരിച്ചറിയുമായിരിക്കും. മനുഷ്യരുടെ നിയമവും  ആചാരവും മതവും രാഷ്ട്രീയവും കലയും സാഹിത്യവും വിപ്ലവവും സമൂഹവും എല്ലാം സ്ത്രീയെ അടിക്കാനും തെറിപറയാനും  പല തരത്തില്‍ പീഡിപ്പിക്കാനും പുരുഷനു ജന്മസിദ്ധമായ അധികാരം,  ഒരു ന്യായമല്ലെങ്കില്‍ മറ്റൊരു ന്യായമനുസരിച്ച് നല്‍കുന്നവയായതുകൊണ്ട്  ഇത്തരമൊരു പരിണാമത്തിലൂടെയാവും ചിലപ്പോള്‍ സ്ത്രീകള്‍ രക്ഷപ്പെടുവാന്‍ പോകുന്നത്.

ന്യായാധിപനെതിരെ  വനിതാ അഡ്വക്കേറ്റുമാര്‍ പ്രതിഷേധിച്ചു ഒപ്പു ശേഖരണം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു പരാതി അയച്ചു. എന്തുകൊണ്ട് പുരുഷ അഡ്വക്കേറ്റുമാര്‍  ആ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല എന്നാരും ഉല്‍ക്കണ്ഠപ്പെട്ടു കണ്ടില്ല.  അവര്‍ക്കെല്ലാം ആ ഉന്നത ന്യായാധിപന്‍റെ അഭിപ്രായങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത്? അതോ  ഈ സ്ത്രീകളുടെ അതിനിസ്സാരമായ ഇമ്മാതിരി പ്രശ്നങ്ങളില്‍ തലയിടാനൊന്നും സമയമില്ലാത്ത വിധത്തില്‍ അതീവ ബൌദ്ധികവും മൌലികവുമായ വലിയ വലിയ പ്രശ്നങ്ങളിലും നവീനമായ പല ചിന്താധാരകളിലും  കുടുങ്ങി തല  പുകയുകയായിരുന്നതുകൊണ്ട് അറിയാതെ  പോയതാകുമോ

സ്ത്രീ അഡ്വക്കേറ്റുമാരുടെ പ്രതിഷേധത്തിനു വേഗം ഫലമുണ്ടായി. കുടുംബകോടതി ചുമതലകള്‍ ആ ന്യായാധിപനില്‍ നിന്നും എടുത്തു മാറ്റി. കുടുംബമൊഴിച്ചുള്ള മറ്റു മേഖലകളില്‍ സ്ത്രീകള്‍ പരാതിയുമായി വന്നാല്‍ അദ്ദേഹം തികച്ചും നിക്ഷ്പക്ഷമായ വിധികള്‍ പ്രസ്താവിക്കുമായിരിക്കാം. 

2005 ഒക്റ്റോബറിൽ പ്രാബല്യത്തിൽ വന്ന ഗാർഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് ഇന്നും ഇന്ത്യയിലെ കോടിക്കണക്കിന്  സ്ത്രീകൾക്കും അറിവില്ല. അത്  വളരെ സങ്കടകരമായ ഒരു അവസ്ഥയാണെന്ന് സ്ത്രീകള്‍ക്ക് സ്വന്തം രക്ഷയ്ക്കാവശ്യമായ നിയമത്തെക്കുറിച്ച് അറിവുണ്ടാവണമെന്ന് പൊതുവേ സ്ത്രീ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍  എല്ലാവരും പറയാറുണ്ട്. ഭര്‍ത്താവിന്‍റെ അടി സഹിക്കാന്‍ വയ്യെന്നതു പോലെയുള്ള ദയനീയമായ പെണ്‍ പരാതികളെ  പോലും  ഒരു സ്പെഷ്യല്‍  മസാല ദോശ കൊണ്ട്  പരിഹരിക്കാനാവുമെന്ന് കരുതുന്ന ന്യായാധിപന്മാരുള്ള  നാട്ടില്‍ സ്ത്രീകള്‍ക്ക് എന്ത് നീതിയാണ് നിയമമറിഞ്ഞതു കൊണ്ട് ലഭ്യമാവുക?
    
നമ്മുടെ പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരായി  വളര്‍ത്തുകയും, വേദനകളിലും ദുരിതങ്ങളിലും അവരെ ഒറ്റപ്പെടുത്താതിരിക്കാന്‍ മാതാപിതാക്കന്മാര്‍  നിരന്തരമായി പരിശ്രമിക്കുകയും വേണം. അതോടൊപ്പം  പെണ്‍കുട്ടികളുമായി അന്തസ്സുറ്റ സൌഹൃദവും സ്നേഹബന്ധവും വളര്‍ത്തിയെടുക്കാന്‍ പ്രാപ്തിയുള്ളവരാക്കി ആണ്‍കുട്ടികളെ വളര്‍ത്തുവാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പരമുള്ള അവസാനമില്ലാത്ത പഴിചാരലുകള്‍ ഒരിക്കലും പ്രശ്ന പരിഹാരത്തിനുതകുകയില്ല. അടിയും തൊഴിയും ചവിട്ടും  അത് കൊള്ളുന്നവരുടെയും കൊടുക്കുന്നവരുടേയും മാത്രം പ്രശ്നമല്ല.   അടിയോ തൊഴിയോ ചവിട്ടോ കൊള്ളാത്തവരും   അടിക്കുകയോ തൊഴിക്കുകയോ  ചവിട്ടുകയോ ചെയ്യാത്തവരും  കൂടി ഉള്‍പ്പെടുന്ന മൊത്തം സമൂഹത്തിന്‍റെ പ്രശ്നമാണ് . ഈ സത്യം നമ്മള്‍ തിരിച്ചറിയണം.  

അടിക്കുകയും തൊഴിക്കുകയും ചവിട്ടുകയും ചെയ്യുന്ന പുരുഷനെ ഉപേക്ഷിക്കാനുള്ള ധൈര്യവും  അതിനുള്ള അവസരവും    അടുത്ത തലമുറയിലെ സ്ത്രീകള്‍ക്കെങ്കിലും ഉണ്ടാകട്ടെ.


43 comments:

Echmukutty said...

ഭര്‍ത്താവിന്‍റെ അടി കിട്ടിയിട്ടുള്ള ഭാര്യമാര്‍,
അച്ഛന്‍ അമ്മയെ തല്ലുന്നതു കണ്ടു വളര്‍ന്ന മക്കള്‍,
മകളെ ഭര്‍ത്താവ് തല്ലുന്നത് സഹിക്കേണ്ടി വന്ന മാതാപിതാക്കന്മാര്‍,
ഭര്‍ത്താവ് പെങ്ങളെ അടിക്കുന്നത് കാണേണ്ടി വന്നിട്ടുള്ള ആങ്ങളമാര്‍ .......... അവര്‍ക്കായി, അവരുടെ വേദനകള്‍ക്കും വിഹ്വലതകള്‍ക്കും നിസ്സഹായതകള്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു......

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

എച്ചുമുവേ ... എഴുതിയത് നന്നായി
ന്നാലും എന്നെ പോലെയുള്ള ഫാസിസ്റ്റ് മാടമ്പി മെയില്‍ ഷോവനിസ്റ്റ് ഇതൊന്നും അംഗീകരിക്കാന്‍ പോണില്ല :)

പട്ടേപ്പാടം റാംജി said...

നമ്മുടെ പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തുകയും, വേദനകളിലും ദുരിതങ്ങളിലും അവരെ ഒറ്റപ്പെടുത്താതിരിക്കാന്‍ മാതാപിതാക്കന്മാര്‍ നിരന്തരമായി പരിശ്രമിക്കുകയും വേണം. അതോടൊപ്പം പെണ്‍കുട്ടികളുമായി അന്തസ്സുറ്റ സൌഹൃദവും സ്നേഹബന്ധവും വളര്‍ത്തിയെടുക്കാന്‍ പ്രാപ്തിയുള്ളവരാക്കി ആണ്‍കുട്ടികളെ വളര്‍ത്തുവാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പരമുള്ള അവസാനമില്ലാത്ത പഴിചാരലുകള്‍ ഒരിക്കലും പ്രശ്ന പരിഹാരത്തിനുതകുകയില്ല. അടിയും തൊഴിയും ചവിട്ടും അത് കൊള്ളുന്നവരുടെയും കൊടുക്കുന്നവരുടേയും മാത്രം പ്രശ്നമല്ല. അടിയോ തൊഴിയോ ചവിട്ടോ കൊള്ളാത്തവരും അടിക്കുകയോ തൊഴിക്കുകയോ ചവിട്ടുകയോ ചെയ്യാത്തവരും കൂടി ഉള്‍പ്പെടുന്ന മൊത്തം സമൂഹത്തിന്‍റെ പ്രശ്നമാണ് . ഈ സത്യം നമ്മള്‍ തിരിച്ചറിയണം.

തുടര്‍ന്നു പോരുന്ന ശീലം മാറെണ്ടതിനു എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഹകരണവും അറിവും ക്ഷമയും ഉണ്ടായാല്‍ നടക്കേണ്ടത്‌ തന്നെ.

ആമി അലവി said...

ആര്‍ക്കും ആരെയും അടിക്കുവാനുള്ള അവകാശമില്ല . അത് ഭാര്യയായാലും ഭര്‍ത്താവുആയാലും. ഇന്നത്തെ വ്യവസ്ഥിതിയില്‍ ആണ്‍ കുട്ടികള്‍ വളരുന്നത്, പെണ്ണല്ലേ അവള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്ന മനോഭാവത്തില്‍ ആണ്. പെണ്‍കുട്ടികള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് അമ്മമാര്‍ ,മറ്റു പ്രായമായ സ്ത്രീകള്‍ എന്നിവരെല്ലാം ഉപദേശിക്കുന്നത് നീ പെണ്ണാണ് , ഭൂമിയോളം ക്ഷമിക്കണം ,ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടില്‍ ആണ് നിന്റെ സ്വര്‍ഗം ,ഒച്ച വെച്ച് ചിരിക്കരുത് , അഭിപ്രായങ്ങള്‍ പറയരുത് , എന്തിനു സ്വതന്ത്രമായി ചിന്തിക്കുകകൂടി അരുത്. ഇത്തരം അരുതുകള്‍ കേട്ട് വളരുന്ന പെണ്‍കുട്ടി സ്വാഭാവികമായും താന്‍ കീഴടങ്ങേണ്ടാവള്‍ ആണെന്ന ധാരണയോടെയാണ് വിവാഹിതയാകുന്നത് . പുരുഷകേന്ദ്രീകൃതസമൂഹത്തില്‍ അവള്‍ ശബ്ദിച്ചാല്‍ തീര്‍ച്ചയായും ഒറ്റപ്പെടും . സ്വന്തം കുടുംബം പോലും കൂടെ നില്‍ക്കുകയില്ല . ഇങ്ങിനെയൊക്കെ ആണെങ്കിലും സ്ത്രീകളോട് നന്നായി പെരുമാറുന്ന ,ബഹുമാനിക്കുന്ന കുറച്ചു ആളുകള്‍ ഉണ്ട്. ലേഖനം വായിച്ചു ഒരു നെടുവീര്‍പ്പിനുമാപ്പുരം എന്തെങ്കിലും മാറ്റം വരുമെന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും ചിന്തകള്‍ക്ക് എന്റെ പ്രണാമം .

aboothi:അബൂതി said...

ചിന്തിക്കാന്‍ ഒരുപാട് വിഷയങ്ങളുള്ള ഒരു പോസ്റ്റ്..
സ്ത്രീകളാവട്ടെ പുര്‍ഷന്മാരാവട്ടെ, സമൂഹത്തില്‍ ഞങ്ങള്‍ ആരാണെന്നും സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം എന്താണെന്നും മറന്നു പോയവരോ അറിയാത്തവരോ ആണ് ഇന്ന് ഭൂരി ഭാഗവും..
ഒരാള്‍ മറ്റൊരാളെ തല്ലുമ്പോള്‍ അതിനെ ന്യായീകരിക്കുന്നത് തല്ലുന്ന ആളും തല്ലു കൊള്ളുന്ന ആളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാകി ആണ് എന്ന് പറയാതെ വയ്യ.. ചേട്ടന്‍ അനിയനെ തല്ലുന്നതും, അച്ഛന്‍ മക്കളെ തല്ലുന്നതും, അമ്മ മക്കളെ തല്ലുന്നതും, അമ്മാവന്മാര്‍ മരുമക്കളെ തല്ലുന്നതുമൊക്കെ ഞാന്‍ പറഞ്ഞതിന് ഉദാഹരണമാണ്.. ഒരു സാമൂഹിക വ്യവസ്ഥയില്‍ ചിലര്‍ ചിലരാല്‍ ഭരിക്കപെടുന്നവര്‍ ആണ്. അതങ്ങിനെയേ ആകാവൂ.. അത് സമൂഹത്തിന്റെ നിലനില്പിന് അത്യാവശ്യം തന്നെ. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിലും അവസ്ഥ മരിചാവാന്‍ തരമില്ല. മനുഷ്യരില്‍ ഇപ്പോഴും വലിയൊരു വിഭാഗവും സ്ത്രീ എന്നാല്‍ പുരുഷന്റെ കാല്‍ച്ചുവട്ടില്‍ തന്നെ കഴിയെണ്ടാവലാണ് എന്ന് വിശ്വസിക്കുന്നവരാവുംപോള്‍, അത്തരം ആളുകള്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം ആരും, ഒരു മതവിഭാഗത്തിലെ ആളുകളും നല്‍കുന്നില്ല. പുരോഗമന വാദികള്‍ എന്ന് പറയുന്നവരാവട്ടെ സ്ത്രീകളെ വെറും കച്ചവട ചരകുകലാക്കി മാറ്റുകയും ചെയ്തു.. സ്ത്രീകള്‍ അവരവരുടെ സ്ഥാനം വ്യക്തമായും തിരിച്ചറിയേണ്ടിയിരിക്കുന്നു.. അല്ലാതെ ഇതിനൊന്നും ഒരു അറുതി വരില്ല..

കുടുംബം നന്നായി മുന്നോട്ടു പോകുവാന്‍ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ ഒക്കെ മാന്യതയുള്ള രീതിയില്‍ രണ്ടു കിട്ടിയാലും കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. അത് കുടുംബം എന്ന വ്യവസ്ഥിതിക്കു വലിയ വില കൊടുക്കുന്നത് കൊണ്ടാണ് കേട്ടോ... ഇത് വരെ ഭാര്യയെ തല്ലാനുള്ള അവസരം കിട്ടിയിട്ടില്ല.. ക്ഷമയില്‍ അവളെക്കാള്‍ മുന്നിലാന്നു ഞാനെന്നു സ്വയം വിശ്വസിക്കുന്നത് കൊണ്ടാണ് അത്.. മക്കളെ അടിക്കാറുണ്ട്.. :)

നിങ്ങളില്‍ ഇടവും മാന്യന്‍ തങ്ങളുടെ ഭാര്യമാരുടെ നന്നായി പെരുമാരുന്നവനാണ് എന്നാണു പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്.. ഒരു മുസ്ലിമാകയാല്‍ എനിക്കത് അനുസരിക്കാതിരിക്കാനാവില്ലല്ലോ.. മുസ്ലിം പുരുഷന്മാരില്‍ വലിയൊരു വിഭാഗവും മതം നല്‍കിയ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരും ബാധ്യതകള്‍ മറക്കുന്നവരും തന്നെ. മറ്റു മത വിഭാഗങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല...

aboothi:അബൂതി said...
This comment has been removed by the author.
ലംബൻ said...

അടികള്‍ ഏറ്റുവാങ്ങാന്‍ സ്ത്രീയുടെ ജീവിതം പിന്നെയും ബാകി.

ചരിത്രം എടുത്തു നോക്കിയാല്‍ എന്നും സ്ത്രീ അടി കൊണ്ടിട്ടുണ്ട്. ഏദന്‍തോട്ടത്തിലെ താമസം മതിയാക്കി പെട്ടിയും കിടക്കയും എടുത്തു വിട്ടോളാന്‍ കര്‍ത്താവു കല്‍പ്പിച്ചപോളാണ് ആദ്യമായി അവള്‍ക്കു അടി കിട്ടിയത്.

പിന്നെ അങ്ങോട്ട്‌ അടിയുടെ പൂരമല്ലാരുന്നോ. എല്ലാ മത, സാമൂഹിക നിയമങ്ങളും അതിനു അനുകൂലമായിരുന്നു താനും. ഇതൊന്നും അത്ര പെട്ടന്ന് മാറ്റാവുന്ന കാര്യമായി തോന്നുന്നില്ല.

നമ്മുടെ പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തുക മാത്രമല്ല അവരെ കരാട്ടെ പഠിപ്പിക്കുകയും വേണം, അടിക്കടി തൊഴിക്കു തൊഴി. ഇനിയുള്ള കാലങ്ങളില്‍ ദാമ്പത്യം ഒരു റഫറി ഇല്ലാത്ത ഗോദപോലെ മനോഹരമായിരികട്ടെ.

ഇത് വായിച്ചു ഞാന്‍ ഒരു മെയില്‍ ഷോവനിസ്റ്റ് ആണെന്നൊന്നും കരുതരുത്, അത്യാവശ്യം ബിപി ഉള്ളകൂട്ടതിലാ ഞാനും.

വീകെ said...

നമ്മുടെ നാട്ടിൽ പെൺകുട്ടികളെ പൊതുവെ അമ്മമാരാണ് വളർത്തുന്നത്. അടങ്ങി ഒതുങ്ങി ജീവിക്കാൻ ചെറുപ്പം മുതലേ പരിശീലനം കൊടുക്കുന്നത് അമ്മമാരാണ്. ആങ്ങളമാരും അതിന് കൂട്ടുനിൽക്കും. അത് നാം പിന്തുടർന്നുവരുന്ന സാമൂഹികരീതിയൂടെ ഭാഗമായിട്ടാണ്. മറിച്ച് സംഭവിക്കുമ്പോൾ അവർ ഒറ്റപ്പെടുകയും വളർത്തുദോഷം ആരോപിക്കുകയും ചെയ്യും.
പൊതു സമൂഹത്തിന്റെ സ്വാഭാവികരീതിക്ക് മാറ്റം വരേണ്ടത് ഏറ്റവും അത്യാവശ്യം. അതിന് നിയമം കൊണ്ടൊന്നും കഴിയുകയില്ല. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് അവരും തങ്ങളേപ്പൊലെ എന്തു ജോലിയും ചെയ്യാൻ കഴിവുള്ളവരും തുല്യരുമാണെന്ന് പുരുഷവർഗ്ഗത്തെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്.
ലേഖനത്തിൽ പറഞ്ഞതുപോലുള്ളവർ ന്യായാധിപന്മാർ ആവാതിരിക്കാനുള്ള ഇഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും അത്യാവശ്യമാണ്. പക്ഷെ,പുഴുക്കുത്തുവീണ നമ്മുടെ വ്യവസ്ഥിതിയിൽ അതിനുള്ള സാദ്ധ്യത തുലോം വിരളമാണ്.
നന്നായി പറഞ്ഞിരിക്കുന്നു എച്മു.
ആശംസകൾ...

വിനുവേട്ടന്‍ said...

ആന്റിനയുടെ കാര്യം പറഞ്ഞത് തമാശയായിട്ടാണെങ്കിലും അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എത്രയോ പുരുഷന്മാർ അവിവാഹിതരായി കാലം കഴിച്ചു കൂട്ടിയേനെ... :)

Echmukutty said...

നിധീഷിന്‍റെ ആദ്യവായനക്കും സ്വയം പരിചയപ്പെടുത്തലിനും നിലപാടുകള്‍ക്കും ഒത്തിരി നന്ദി.

രാംജിയുടെ ശുഭാപ്തി വിശ്വാസം നല്ലത് തന്നെ.

അനാമികയുടെ അഭിപ്രായം കണ്ടു. പ്രായമായ മുതിര്‍ന്ന സ്ത്രീകള്‍ മാത്രമാണോ പെണ്‍ കുട്ടിയോട് അടങ്ങി ഒതുങ്ങി വളരാന്‍ പറയുന്നത്... പ്രായമായവരും ചെറുപ്പക്കാരുമായ എല്ലാ പുരുഷന്മാരും പെണ്‍ കുട്ടിയോട് അടങ്ങി ഒതുങ്ങിക്കഴിയാന്‍ തന്നെയല്ലേ പറയാറ്? അപ്പോള്‍ പിന്നെ എന്തു വ്യത്യാസം ? വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം. ഇനീം വരുമല്ലോ.

ആഹാ! അബൂതി പറയുന്നത് അടി സമത്വ സുന്ദരമായി എല്ലാവര്‍ക്കും കൊടുക്കാം എന്നാണല്ലോ. ഭേഷ്! അതുകൊള്ളാം കേട്ടോ. വായിച്ചതില്‍ വലിയ സന്തോഷം.

ഇങ്ങനെ അടീം തൊഴീം കരാട്ടേയുമായി എന്തിനാ ദാമ്പത്യം നയിക്കുന്നത്? ആരേ ബോധിപ്പിക്കാന്‍? എന്നാണ് ഒരു സംശയം ശ്രീജിത്ത്. വായിച്ചതില്‍ സന്തോഷം കേട്ടോ.

അമ്മമാര്‍ പെണ്‍ കുട്ടികളേയും ആണ്‍ കുട്ടികളേയും വളര്‍ത്തുന്നില്ലേ? പെണ്‍ കുട്ടികളെ അടക്കി ഒതുക്കി വളര്‍ത്തുവാന്‍ ആങ്ങളമാര്‍ മാത്രമല്ല അച്ഛന്മാരും കൂട്ടു നില്‍ക്കും. വി കെ വന്നതിലും അഭിപ്രായം കുറിച്ചതിലും വലിയ സന്തോഷം.

ആന്നു, വിനുവേട്ടാ, പെണ്ണുങ്ങള്‍ ആണുങ്ങളില്‍ നിന്നും ആണുങ്ങള്‍ പെണ്ണുങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുന്ന ആ നല്ല ആന്‍റിനാ കാലം വരട്ടെ.... അടിയുടെ ചൂടറിയാത്ത ആ കാലത്തില്‍ അവര്‍ സുഖമായിരിക്കട്ടെ. വിനുവേട്ടന്‍ ഇപ്പോ ഈ ബ്ലോഗിലൊന്നും വരാറില്ല. എന്നെ മറന്നു കാണും എന്നാ ഞാന്‍ വിചാരിച്ചത്. വന്നതില്‍ വലിയ സന്തോഷം കേട്ടോ.




Unknown said...

പ്രിയപെട്ട ചേച്ചി,

ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍. ഇങ്ങനെ അടിയും തൊഴിയുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ അപൂര്‍വമായെ ഉള്ളു എന്ന് തോന്നുന്നു.വിദ്യാഭ്യാസം കൂടിയപ്പോള്‍ കുറെ ഒക്കെ മാറ്റം വന്നിട്ടുണ്ട്. എങ്കിലും വിവാഹ മോചനങ്ങള്‍ മുന്‍പത്തെക്കാള്‍ കൂടുതലാണ് എന്നതാണ് സത്യം. ഇതില്‍നിന്നും മനസ്സിലാക്കേണ്ടത് ഈ വിദ്യാഭ്യാസത്തില്‍ നിന്നും ലഭിക്കുന്ന അറിവ് ഒരു വ്യക്തിയുടെ മാനസ്സിക വികാസത്തിന് പ്രാപ്തമല്ല എന്നല്ലേ. അപ്പോള്‍ എവിടെ ആണ് നമുക്ക് പിഴക്കുന്നത്‌? എനിക്ക് തോന്നുന്നത് അതിനു പുറത്തിറങ്ങി തിരയേണ്ടതില്ല നമ്മുടെ വീടുകളില്‍ തന്നെ തിരഞ്ഞാല്‍ മതി എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങളും എല്ലാ പ്രശനങ്ങള്‍ക്കും ഉള്ള പ്രതിവിധിക‍ളും അവിടെ ലഭിക്കും. ആരെയും പഴിക്കുകയും വേണ്ട. നാമെല്ലാവരും ഉത്തരവാധികള്‍ ആണ്.

സ്നേഹത്തോടെ,
ഗിരീഷ്‌

Cv Thankappan said...

സ്ത്രീകളുടെ സര്‍വതോന്മുഖമായ
ഉയര്‍ച്ചയ്ക്കായി കുടുംബശ്രീ,മറ്റു
സാമുഹ്യസാമുദായിക സംഘടനകള്‍
നേതൃത്വം നല്‍കുന്ന വനിതാസംഘങ്ങള്‍
എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു
വരുന്നുണ്ട്.സ്ത്രീകള്‍ക്ക് അതിന്‍റെ
ഗുണഫലം സിദ്ധിച്ചുവരുന്നുണ്ട്‌..,.
സാമ്പത്തിക നേട്ടത്തിനു പുറമെ അവരിലെ സര്‍ഗ്ഗാത്മകമായ കഴിവുകളെ വെളിച്ചത്തുകൊണ്ടുവരുവാനും,
നല്ലൊരു സമൂഹത്തെ നയിക്കുവാനുമുള്ള പ്രാപ്തി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതും മഹത്തായ കാര്യമാണ്.
സൂക്ഷിച്ചു നോക്കിയാല്‍ കഴിഞ്ഞ
പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
അവലോകനം ചെയ്താല്‍ കാണാനാവുമെന്ന് തോന്നുന്നു....
എന്തായാലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.,....
ആശംസകള്‍

ChethuVasu said...

കയ്യൂക്കില്ലാത്ത പുരുഷനെ ഒരു സ്ത്രീ ഇഷ്ടപ്പെടുമോ ..?

ആഴത്തില്‍ ചിന്തിക്കേണ്ട ഒരു ചോദ്യമാണ് !! ശക്തിയാണ് പൊതുവില്‍ മതിപ്പുളവാക്കുന്നത്. ! തന്നോട് മാത്രം ശക്തി കാട്ടരുത് എന്നാണ് ഒരു സ്ത്രീ പുരുഷനോട് പറയുന്നത്... ..എന്നാല്‍ അതെ പുരുഷന്‍ സമൂഹത്തില്‍ ശക്തി കാട്ടുന്നത് ആ സ്ത്രീക്ക് അഭിമാനവും സ്വീകാര്യവും ആയിരിക്കും ..

ജീവികള്‍ ഇണയെ തിരഞ്ഞെടുക്കുന്നതിന്റെ മനശാസ്ത്രം , മനുഷ്യരിലും നിര്‍ണായകമായ സ്വാധീനം ചോലുതുന്നുണ്ട് ! എന്ത് ചെയ്യാം ! ജനിതക ശാസ്ത്രത്തിന്റെ കളികള്‍ അങ്ങനെയാണ് !

ChethuVasu said...

സാംസ്കാരികമായ നിര്‍മിതികള്‍ കൊണ്ട് മാത്രം ( അതായത് ,ആശയങ്ങള്‍, ഇസങ്ങള്‍ , തത്വങ്ങള്‍ ) മനുഷ്യനു ഒരു പരിധിയില്‍ കൂടുതല്‍ "മാനുഷികമായി " പുരോഗമിക്കാന്‍ ആകില്ല, അതിനു അവന്റെ സൂക്ഷ്മ ജീവ തലത്തില്‍ അഴിച്ചു പണി ആവശ്യമാണ്‌ .We have somewhat reached the maximum possible we can do with "thinking" and "ideas". What we need to do this a makeover of the fundamental make up of human psyche by disabling certain legacy traits we carry from species which lived earlier to us. The natural forces of evolution cant do that work for us as we dont allow humans to be subjected to selective treatment in the current ecosystem .Since we have already stopped nature from interfering with us and our future, we our self have to take up the clean up job, to cleanse out the retrograde traits that still drive our selfish behavior patterns.( those very traits which helped us to beat our competitors over millions pf years on earth. Well should it be thankless to do that ..? Perhaps Yes, but then we have to move forward and get rid of it, for it has outlived its utility)

RK said...

പലപ്പോഴും വിവാഹ മോചന കേസുകള്‍ നിസാരമായ കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണെന്ന് കേട്ടിട്ടുണ്ട് .(ലിപി വക്കീലിന്റെ പോസ്റ്റ്),കോടതികള്‍ അതു കൊണ്ട് പരമാവധി അതു ഒഴിവാക്കാന്‍ ശ്രമിക്കും.ഒരു പക്ഷേ അതു കൊണ്ടായിരിക്കാം ആ ന്യായാധിപന്‍ അങ്ങനെ പറഞ്ഞത്.അതു പോലെ അടി കൊള്ളൂന്നവരെക്കാളധികം അല്ലാത്തവരാണു വിവാഹ മോചനം നേടുന്നത് എന്നാണു എനിക്കു തോന്നുന്നത്.(എന്നു വച്ചാല്‍ അടിക്കണം എന്നല്ല).വേറൊരു കാര്യം സ്ത്രീകള്‍ക്ക് കള്ളം പറയുന്നവരെ മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ 95% പുരുഷന്മാരും സന്യസിക്കേണ്ടി വന്നേനെ. അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരാണിനെക്കാള്‍ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നതു അങ്ങനെയല്ലാത്ത ഒരാളെ ആയിരിക്കും.ശ്രീരാമ സേന തല്ലിപ്പൊളിച്ച അതേ മംഗലാപുരത്താണു ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേവ് പാര്‍ട്ടികള്‍ നടക്കുന്നതും എന്ന് കേട്ടു.
ചെത്തു വാസു പറഞ്ഞതു
"കയ്യൂക്കില്ലാത്ത പുരുഷനെ ഒരു സ്ത്രീ ഇഷ്ടപ്പെടുമോ ..?ആഴത്തില്‍ ചിന്തിക്കേണ്ട ഒരു ചോദ്യമാണ് !! ശക്തിയാണ് പൊതുവില്‍ മതിപ്പുളവാക്കുന്നത്. ! തന്നോട് മാത്രം ശക്തി കാട്ടരുത് എന്നാണ് ഒരു സ്ത്രീ പുരുഷനോട് പറയുന്നത്... ..എന്നാല്‍ അതെ പുരുഷന്‍ സമൂഹത്തില്‍ ശക്തി കാട്ടുന്നത് ആ സ്ത്രീക്ക് അഭിമാനവും സ്വീകാര്യവും ആയിരിക്കും .."വളരെ ശരിയാണു.

aboothi:അബൂതി said...

ഞാന്‍ പറഞ്ഞത് തെറ്റ് ധരിച്ചുവോ എന്നൊരു സംശയം.. ഒരു ചെറിയ സംശയം മാത്രം.. :)
ഒരു മനുഷ്യന്റെ ജീവിതം മറ്റു ചിലരെ അടിക്കാന്‍ വേണ്ടിയാവണം എന്നൊന്നും ഇല്ലല്ലോ...? തല്ലാന്‍ വേണ്ടി ജീവിക്കുന്നവരും ഉണ്ട്.. തല്ലു കൊള്ളാന്‍ വേണ്ടി ജീവിക്കുന്നവരും ഉണ്ട്.. ഭാര്യയും ഭര്‍ത്താവും ഇവരില്‍ ഒരാളാവാഞ്ഞാല്‍ പ്രശനം തീരും എന്നാണു എന്റെ ഊഹം.. വെറും ഊഹം മാത്രമാണേ..

സേതുലക്ഷ്മി said...

മുഖത്തേല്ക്കുന്ന ഒരടി ഒരു സ്ത്രീയുടെ ആത്മാവിനെ എത്രമാത്രം അപമാനിതമാക്കുന്നു എന്നീ വീരപുരുഷന്മാര്‍ക്കറിയില്ലല്ലോ.

അടിച്ചവര്‍ക്കും അടിക്കുന്നവര്‍ക്കും ഇനി അടിക്കാനിരിക്കുന്നവര്‍ക്കും,ആമേന്‍.
ഗിരീഷെ,എനിക്ക് ചിരിവന്നു,കേട്ടോ.
എച്മൂ, ഗംഭീരം.

Unknown said...

ഭാര്യാ ഭര്‍തൃ ബന്തത്തില്‍ ആയാലും സൌഹൃദങ്ങളില്‍ ആയാലും പരസ്പര ബഹുമാനം അനിവാര്യ ഘടകം തന്നെയാണ് .
അതില്ലാതെ വരുമ്പോള്‍ ഒരാള്‍ക്ക്‌ മറ്റൊരാളുടെമേല്‍ അധികാരം സ്ഥാപിക്കുവാനുള്ള ആഗ്രഹം കൂടും ,അതിന്റെ പരിണിത ഭലങ്ങള്‍ തന്നെയാണ് ഈ അടിയും തൊഴിയും ഒക്കെ ,ഇതിനെ ന്യായീകരിക്കുന്നവരുടെ മനോനിലയും വ്യത്യസ്ത്തമാകാന്‍ തരമില്ല .

എച്ച്മുവിന്റെ ഈ നല്ല ലേഖനത്തിനു എന്റെ
ആശംസകള്‍

Unknown said...

സ്ത്രീകൾക്ക് ഒരു ചെറിയ വരുമാനം ഉണ്ടെങ്കിലേ കാര്യങ്ങൾ പരിഹരിക്കപ്പെടൂ. ജോലിയില്ലാത്തവർ ചെറുതെങ്കിലും ഒരു തൊഴിൽ കണ്ടുപിടിക്കേണ്ടിയിരിക്കൂന്നു, പിന്നെ, അടിക്കുന്ന പുരുഷന്മാർ പുതുതലമുറയിൽ കുറവാണെന്നാണെന്റെ അഭിപ്രായം. പഴയ തലമുറയിലായിരുന്നു സ്ത്രീ എന്തും സഹിക്കേണ്ടുന്ന ഒരു രണ്ടാം നിര വ്യക്തി ആണെന്നുള്ള കാഴ്ചപാട്. ആത്മാഭിമാനമുള്ളവൻ സ്ത്രീയെ മർദ്ദിക്കില്ല. പക്ഷേ ഡൈവോഴ്സ് കേസുകൾ ഇന്നത്തെകാലത്ത് കൂടുതലാണു.

jayanEvoor said...

അച്ഛൻ അമ്മയെ തല്ലുന്നത് ഒരിക്കലും കാണേണ്ടി വന്നിട്ടില്ല.
നാടു നീളെ മറ്റു പല അമ്മമാരും തല്ലുകൊള്ളുന്നത് ധാരാളം കണ്ടിട്ടുണ്ട്.
ഇതൊക്കെ എന്നുമാറുമോ, എന്തോ...

Yasmin NK said...

നന്നായി എചുമു...

vettathan said...

ഈ വ്യവസ്ഥിതി അധികകാലം തുടരില്ല.പെണ്ണിന്‍റെ കണ്ണീരിലും നിസ്സഹായതയിലുമാണ് കുടുംബം നില നില്‍ക്കുന്നത്.വിദ്യാഭ്യാസവും സ്വയം പര്യാപ്തതയുമാണ് അവള്‍ക്ക് മാന്യത കിട്ടാനുള്ള വഴി.അതിനു വേറെ കുറുക്ക് വഴികളില്ല.

വിഷ്ണു ഹരിദാസ്‌ said...

കേട്ടിയോളെ തല്ലുന്നത് അലന്കാരമായി കൊണ്ട്നടക്കുന്നവന്‍ വളരെ മോശപ്പെട്ട ഒരുവന്‍ തന്നെ.

ഈ പാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ പഠിച്ചു വളരണം. കള്ളുകുടിച്ചു അമ്മച്ചിയെ തല്ലുന്നത് കണ്ടു വളര്‍ന്ന പുത്രന്‍ എങ്ങനെയാണ് സ്വന്തം ഭാര്യയെ പട്ടുമെത്തയില്‍ കിടത്തുക?

മാതാപിതാക്കള്‍ക്കും അവരുടെ സംസ്കാരത്തിനും ഇതില്‍ വലിയ പങ്കുണ്ട് എന്നുതന്നെയാണ് എന്റെ അഭിപ്രായം.

Sukanya said...

എച്മു പറഞ്ഞപോലെ അങ്ങനെയുള്ള പുരുഷന്മാരെ ഉപേക്ഷിക്കാനുള്ള ധൈര്യം ഇനിയുള്ള പെണ്‍കുട്ടികള്‍ക്കാവട്ടെ. മറ്റൊന്നുകൂടി, പറ്റുമെങ്കില്‍ അവരെ മാറ്റിയെടുക്കാനും അവര്‍ക്കാവട്ടെ.

Mohiyudheen MP said...

സ്ത്രീ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളാണ്‌. സ്വന്തം അച്ഛനാലും ഭര്‍ത്താവിനാലും, മകനാലും. അച്ഛന്‍ സ്നേഹലാളനയും ശാസനയും നല്‍കി വളര്‍ത്തുമ്പോള്‍ അത്‌ ഭര്‍ത്താവിലേക്കെത്തുമ്പോള്‍ ഭാര്യയുടെ ചില അസ്വീകാര്യയോഗ്യമായ നടപടികള്‍ക്കെതിരെ ഭര്‍ത്താവ്‌ ദേഷ്യം വരുമ്പോള്‍ മര്‍ദ്ദന മുറ പ്രയോഗിക്കുന്നു. ഭര്‍ത്താക്കന്‍മാര്‍ അത്‌ ഒരു അവകാശമായി കൊണ്ട്‌ നടക്കുന്നു. തല്ലേണ്ട കാര്യമാണെങ്കില്‍ ഒന്ന്‌ കൊടുക്കുന്നത്‌ കൊണ്ട്‌ ഒരു തെറ്റുമില്ല. എന്നാല്‍ കള്ള്‌ കുടിച്ച്‌ വെളിവില്ലാതെ വേണ്ടതിനും വേണ്ടാത്തതിനും ഇട്ട്‌ പെരുമാറുന്ന കശ്മലന്‍മാരെ ഉപേക്ഷിച്ച്‌ സ്വന്തം വീട്ടിലേക്ക്‌ പോകുന്നതാണ്‌ അത്തരക്കാര്‍ക്ക്‌ നല്ലത്‌, മൂല്യച്യുതി നഷ്ടപ്പെട്ട ഈ സമൂഹത്തില്‍ സ്വന്തം വീട്ടുകാര്‍ തന്നെ പിണങ്ങി വരുന്ന മകളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്നില്ല. അപ്പോള്‍ ചിലതെല്ലാം കണ്ടും സഹിച്ചും അവര്‍ നില്‍ക്കുന്നു... ഇതിനൊരറുതി വരണമെങ്കില്‍ ഒന്നുകില്‍ ഈ ഭര്‍ത്താക്കന്‍മാരെല്ലാം നന്നാവണം അല്ലേല്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി സ്ത്രീകള്‍ക്കുണ്ടാവണം, അതെങ്ങനെ അവള്‍ സംരക്ഷിക്കപ്പെടേണ്ടവളല്ലേ....

നല്ല ലേഖനം , ആശംസകള്‍

മുകിൽ said...

ദേഹത്തു വേദന എല്ലാവർക്കും ഒരുപോലെയാണു..കുടുംബത്തിൽ പുരുഷൻ തെറ്റു ചെയ്യാത്തവനും, ചെയ്താൽ തന്നെ ശിക്ഷ ലഭിക്കേണ്ടാത്തവനും സ്ത്രീ തെറ്റു ചെയ്താൽ ഉടനെ ശിക്ഷ/തല്ലു കിട്ടേണ്ടവളും.. കുഞ്ഞുങ്ങളെപോലും തല്ലുന്നതിന്റെ ശരിയായ മനശ്ശാസ്ത്രം അവരുടെ നിസ്സഹായതയാണു എന്നാണു പറയുന്നത്. തിരിച്ചു കിട്ടും എന്നു ഉറപ്പുള്ളിടത്തു ഇത്തരം അടിയൊക്കെ അപൂർവ്വമായേ ഉണ്ടാവൂ.

ഒരു കുഞ്ഞുമയിൽപീലി said...

പെണ്‍വിഷയത്തിലെ സമകാലീന ലേഖനം മാധ്യമത്തില്‍ വായിച്ചു കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

റിനി ശബരി said...

എന്റെ അമ്മയേ അച്ഛന്‍ അടിച്ചു കണ്ടിട്ടില്ല ഞാന്‍ ..
എന്റെ അമ്മയേ ഞാനും ഉപദ്രവിച്ചിട്ടില്ല ..
മാനസികമായി പലപ്പൊഴും വേദനിപ്പിച്ചിട്ടുണ്ട് ..
അതുപൊലെ ഏതു പെണ്‍കുട്ടികളേയും അമ്മയായ്
കാണാന്‍ ശ്രമിക്കാറുണ്ട് , അതുപൊലെ തന്നെ ഭാര്യയേയും ..
പക്ഷേ അവളേ അടിച്ചിട്ടില്ല എന്നു പറയുവാനാകില്ല ..
ഇടക്ക് അതു ചെയ്യേണ്ടി വന്നിട്ടുണ്ട് , അതു അവള്‍ക്ക് വേണ്ടി തന്നെയാണ് ..
എന്നു ന്യായികരിക്കാമെങ്കിലും , ഇപ്പൊള്‍ ഇതു വായിക്കുമ്പൊള്‍
ഒരു വിഷമം വരുന്നുണ്ട് , ഒന്നാമത് പ്രവാസത്തിന്റെ
ഉരുക്കത്തിലായതു കൊണ്ടാകും .. അമ്മയേ സ്നേഹിക്കുന്നവര്‍ക്ക്
ഒരു പരിധി വരെ മറ്റു സ്ത്രീകളേ ഉപദ്രവിക്കാനാകില്ലെന്ന്
ഞാന്‍ വിശ്വസ്സിക്കുന്നു , ഈ വരികളില്‍ അലയടിക്കുന്ന
നോവുണ്ട് , കൂടേ അടിച്ചമര്‍ത്തപെടുന്ന ചിലതിന്റെ നിലവിളികളും ..
പിന്നേ ആണായാലും പെണ്ണായാലും അടി കൊള്ളേണ്ട
ചില കാര്യങ്ങളുണ്ട് , അതു വാങ്ങി തന്നെയാകണം ..

mattoraal said...

ആദ്യം അഭിമാനമുള്ള മനുഷ്യരായി തീരുക .അഭിമാനം എന്നാല്‍ സ്വാഭിമാനം
മാത്രമല്ല ,മറ്റൊരാളുടെ അഭിമാനത്തെ മാനിക്കാനുള്ള മാനസിക നിലയാണ് .സ്ത്രീകളുടെ ഈ അവസ്ഥക്ക് മതങ്ങളുടെ സ്വാധീനമാണ് പ്രധാന ഹേതു .ഓരോ മതവും സ്ത്രീകളെ അടിമയാക്കി വെക്കുന്നതില്‍ മത്സരിക്കുന്നു .അത് പലപ്പോഴും സ്ത്രീയെ പ്രകീര്‍ത്തിച്ചോ ബഹുമാനം കാണിച്ചോ സംരക്ഷണം
നല്‍കിയോ ആവും .ഹൃദയം കൊണ്ട് ചിന്തിക്കുന്ന സ്ത്രീ ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്യുന്നു ...
സ്നേഹപൂര്‍വ്വം ..

Neema said...

സ്ത്രീകളുടെ സാന്നിധ്യമുള്ളിടത്ത് അസഭ്യം പറയുന്നത്, സ്ത്രീപ്രജകളെ കൈയ്യേറ്റം ചെയ്യുന്നത് വീരസ്യമായി കരുതുന്ന പുരുഷകേസരികള്‍ (ബസ്സ്‌, ബസ്സ്‌ സ്റ്റോപ്പ്‌ , മറ്റു പൊതുസ്ഥലങ്ങളില്‍ വച്ച് കാണാനിടയായ ചില സംഭവങ്ങളെ പരാമര്‍ശിച്ച് എഴുതുന്നത്..) സമൂഹത്തിന്റെ കീഴ്ത്ത്തട്ടിലെങ്കിലും അപൂര്‍വതയല്ലെന്നിരിക്കെ, ശാരീരിക പീഡനം പോലെ തന്നെ മാനസിക പീഡനങ്ങളും നിര്‍മാര്‍ജനം ചെയ്യാനുതകുന്ന കൂട്ടായ ശ്രമങ്ങള്‍ നില വ്യത്യാസങ്ങളില്ലാതെ തന്നെ സമൂഹത്തില്‍നിന്നു ഉണ്ടാവാന്‍ പ്രത്യാശിക്കുന്നു.. ഒപ്പം ഇത്തരം വീരസ്യങ്ങള്‍ക്കെതിരെ ഉടനടി ശബ്ധമുയര്ത്താനും ശക്തമായി തന്നെ പ്രതികരിക്കാനുമുള്ള തന്റേടം സ്ത്രീകള്‍ ആര്‍ജ്ജിക്കാനും ആശംസിക്കുന്നു.. :-))

Unknown said...

പറയാനുള്ളത് വളരെ വൃത്തിയായി പറഞ്ഞിട്ടുണ്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്മുവിന്റെ മിക്ക പോസ്റ്റുകളും വളരെ ഇഷ്ടപ്പെട്ടവയായി കരുതിയിരുന്നു.

പക്ഷെ കുടൂംബ സങ്കല്‍പവും ഇതിലെ ഇതിവൃത്തവും മനസിലാകുന്നില്ല.

കള്ളുകുടീച്ച്‌ ഒരുത്തന്‍ അവന്റെ ഭാര്യയെ അടീക്കുന്നത്‌ കുടൂംബസങ്കല്‍പം അല്ല.

ബാറില്‍ പോയി പെണ്‍കുട്ടികള്‍ കുടിച്ചു കൂത്താടുന്നതും കുടൂംബ സങ്കല്‍പം അല്ല.

ബാംഗളൂരില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആണ്‍കുട്ടികള്‍ വൈമനസ്യം കാട്ടുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യം ആണ്‌.
വഴിവക്കില്‍ പെണ്ണൂങ്ങള്‍ കുടിച്ചു കൂത്താടൂന്നത്‌ സ്വാതന്ത്ര്യം ആണെന്നു എച്മു വിചാരീക്കുന്നു എങ്കില്‍ വിചാരിച്ചോളൂ

പക്ഷെ അതിനെ പിന്താങ്ങാന്‍ എനിക്കു പ്രയാസം ഉണ്ട്‌.

സ്ത്രീ പുരുഷസമത്വം എന്നത്‌ ഒന്നിച്ചിരുന്ന് വീട്ടില്‍ മദ്യപിക്കാം - അല്ലാതെ ബാറില്‍ പോയി മദ്യപിക്കുന്നത്‌ ആണെന്നു കരുതിയാല്‍ യോജിക്കാന്‍ ആവില്ല കാരണം പുറം സമൂഹം അതിനു മാത്രം പക്വം അല്ല.

ഇങ്ങനെ ഒരുപോസ്റ്റ്‌ എച്മുവില്‍ നിന്നും പ്രതീക്ഷിച്ചില്ല.

സമൂഹത്തിലെ അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെ.

പക്ഷെ വേര്‍തിരിച്ചു കാണെണ്ടവ വേര്‍തിരിച്ചു തന്നെ കാണണം.

അല്ല ഇനി എല്ലാ ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും ആരോടൂം എവിടെ വച്ചും ഏതു രീതിയിലും എന്തു തോന്ന്യവാസവും കാണിക്കാന്‍ പറ്റുന്ന സാഹചര്യം ആണ്‌ സ്വാതന്ത്ര്യം എന്നു വരുത്താന്‍ ആണെങ്കില്‍ അതു എന്റെ അഭിപ്രായത്തില്‍ തെറ്റ്‌ ആണ്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

ചെലവും ,ചേവലും കൊടുക്കുന്ന
ആ പണ്ടത്തെ പുരുഷ ‘കൺസെപ്റ്റ്’
ലോകം മുഴുവാനായും ഇപ്പോൾ കുഴിച്ചു മൂടിക്കൊണ്ടിരിക്കുകയാണ് കേട്ടൊ എച്ച്മു.


‘സ്ത്രീയെ അടിക്കാനും നിന്ദിക്കാനും തോന്നാത്ത പുരുഷന്‍ എന്നത് ഒരു
പ്രത്യേക സ്പീഷിസ് ആയിരിക്കുമോ? നശിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവി വര്‍ഗ്ഗം? ‘

ഒട്ടും അല്ല...
നമ്മുടെ രാജ്യത്തുനിന്നും
പുറത്തേക്കൊന്ന് തലനീട്ടിയാൽ അതു മനസ്സിലാകും..!

പഥികൻ said...

തല്ല്ലാണ് വിഷയമെങ്കിൽ ആർക്കും ആരെയും തല്ലാനുള്ള അവകാശവും അധികാരവുമില്ല...കുട്ടികളെപ്പോലും..(അല്പസ്വല്പം അടിയൊക്കെ കിട്ടിവളർന്നതു കൊണ്ടാണോ മറ്റുരാജ്യക്കരുടെ മുന്നിൽ നമ്മൾ ഇൻഡ്യക്കാർ സബ്മിസീവ് ആകുന്നതെന്ന് ഞാൻ അലോചിച്ചിട്ടുണ്ട്)...

പിന്നെ ഗാർഹികപീഢനനിയമം ഇന്ത്യയിൽ വലിയ രീതിയിൽ ദുരുപയോഗപ്പെടുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു ലേഖനമുണ്ട്...ഒന്നു നോക്കി നോക്കൂ ...

lekshmi. lachu said...

kalakkeettund tou..

ബ്ലാക്ക്‌ മെമ്മറീസ് said...

നാല് തല്ലു കൊള്ളാത്തിന്റെ കുറവാ എല്ലാത്തിനും........സ്വന്തേം പെബിള്ളമാര്‍ക്ക് ഓരോന്ന് പൊട്ടിക്കുന്ന എല്ലാ ചെട്ടന്മാര്കും എന്റെ ആശംസകള്‍ .....

പ്രയാണ്‍ said...

ചില സ്ത്രീകളും അതുശരിയാണെന്ന് വിശ്വസിക്കുന്നു എന്നതാണ്‍ നമ്മുടെ സമൂഹത്തിന്റെ ശാപം...... വാക്കുകള്‍ കത്തുന്നു ഏച്ചുമു.

മാധവൻ said...

വായിച്ചു.കവല പ്രസംഗികളായ സ്ത്രീവിമോചകരുടെ ദിശാബോധമില്ലാത്ത പതിവുജല്പ്പനങ്ങളല്ല എച്ചുമുവിന്റേത്.സന്തോഷമുണ്ട്.

ഭാനു കളരിക്കല്‍ said...

ആയുധം എടുക്കുന്നവന്‍ ആശയത്തില്‍ തോറ്റു പോയവനാണ്. അത് വീട്ടിലായാലും അങ്ങാടിയില്‍ ആയാലും.
പുരുഷന്റെ കോമ്പ്ളെക്സ്‌ ആണ് അവനെ സ്ത്രീക്കെതിരെ കൈ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. താന്‍ തോറ്റവനും അഭിമാനം നഷ്ട്ടപ്പെട്ടവനും ആണെന്ന് സ്വയം തിരിച്ചറിയുന്ന പുരുഷന്‍ അക്രമത്തിന്റെ ഭാഷ ഉപയോഗിക്കുന്നു. എല്ലാവിടെയും അക്രമം അനീതിയാണ്. അത് കുട്ടികളുടെ അടുത്തായാലും സ്ത്രീകളുടെ അടുത്തായാലും നിരായുധനായ പുരുഷന്റെ അടുത്തായാലും. അക്രമത്തെ അക്രമം കൊണ്ട് നേരിടുക എന്നൊരു നീതിയും ഉണ്ട്.

കല്യാണി രവീന്ദ്രന്‍ said...

Echmukutty, പോസ്റ്റ്‌ നന്നായിരിക്കുന്നു.
ആശംസകള്‍

റോസാപ്പൂക്കള്‍ said...

എച്ചുമു പോസ്റ്റ് വായിച്ചു.
എന്തിനാണ് പെണ്ണുങ്ങള്‍ അടി കൊള്ളുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.കൊള്ളാന്‍ പറ്റിയ ചെണ്ടയായി നിന്ന് കൊടുത്തിട്ടല്ലേ.
അവനവന്റെ വ്യക്തിത്വം അവനവന്‍ ഉണ്ടാക്കുന്നതാണ് എന്നാണു എന്റെ പക്ഷം.പല അപമാനിക്കപ്പെടലുകളും നടക്കുന്നിടത്തു നടത്താം എന്നാ മനോഭാവം വളര്‍ത്തി എടുത്തത് കൊണ്ടു മാത്രമാണ്. ആത്മ വിശ്വാസമുള്ള ഒരു പെണ്ണിനെ തൊടാന്‍ ആര്‍ക്കെങ്കിലും കഴിയുമോ...?അതിനായി പുതിയ തലമുറയെ വളര്‍ത്തി എടുക്കാം


തല്ലു കൊള്ളുന്ന പെണ്ണുങ്ങളെ...ഒന്ന് തടുത്തു നോക്കിക്കേ....പിന്നെ ആ കൈ പൊങ്ങാന്‍ ഒന്ന് അറക്കും

വേണുഗോപാല്‍ said...

എച്ച്മുവിന്റെ സമാനമായ ഒരു ലേഖനത്തിന് മുന്‍പ് ഇട്ട ഒരു കമന്റ്‌ തന്നെയാണ് ഇവിടെയും എഴുതാനുള്ളത്.

കാലം ഒരു പാട് മാറി. ഈ ഭാര്യയെ തല്ലുക എന്നതൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ പരിപാടിയായി മാറിയിരിക്കുന്നു ഇപ്പോള്‍ . ഇപ്പോഴും അത് വല്ലവരും തുടരുന്നുണ്ടെങ്കില്‍ അത് ഒന്നുകില്‍ വിദ്യാഭ്യാസക്കുറവ്, മാനസിക തകരാറു മൂലം, ലഹരി ഇതൊന്നുമല്ലെന്കില്‍ ഭാര്യയുടെ കയ്യിലിരുപ്പ് ഇത് കൊണ്ടൊക്കെ ആവാനേ സാധ്യതയുള്ളൂ ...

Echmukutty said...

വായിച്ചവര്‍ക്കെല്ലാം നന്ദി. നമസ്ക്കാരം.