(
കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഡിസംബര്‍ 29 നു പ്രസിദ്ധീകരിച്ചത്. )
ആണുങ്ങളോട് മറുപടി
പറഞ്ഞ പെണ്‍കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണത്രേ
ഇത്ര ക്രൂരമായി ഉപദ്രവിച്ചത്. ഈയിടെ ദില്ലിയിലുണ്ടായ കൂട്ട മാനഭംഗത്തെ കുറിച്ചാണ് ഈ പറയുന്നത്. പുരുഷന്മാര്
മാത്രം യാത്രക്കാരായി കാണപ്പെട്ട ആ ബസ്സില്‍ സ്വന്തം പുരുഷ സുഹൃത്തുമൊത്ത്
യാത്ര ചെയ്യുമ്പോഴായിരുന്നു ആ പാഠം
പഠിപ്പിക്കല്‍. ബസ് ഡ്രൈവറുടെ സഹായികളും
പരിചയക്കാരും ആയിരുന്നു യഥാര്‍ഥത്തില്‍ ഈ
യാത്രക്കാര്‍ എന്ന് പെണ്‍കുട്ടിയും
സുഹൃത്തും ബസ്സില്‍ കയറിയപ്പോള്‍ അറിഞ്ഞിരുന്നില്ല. ആ മദ്യപരുടെ
അശ്ലീല കമന്റുകളില്‍ പ്രതിഷേധിച്ചതാണ് പെണ്‍കുട്ടിക്കു ഇത്ര വലിയ ശിക്ഷ
ലഭിക്കുവാന്‍ കാരണം. പുരുഷനെ വേണ്ട മാതിരി ബഹുമാനിച്ചില്ലെങ്കില്‍ കൂട്ട ബലാല്‍സംഗം
തന്നെയാണ് ജനാധിപത്യ ഇന്ത്യയിലും
സ്ത്രീക്കുള്ള ശിക്ഷ.
സുഹൃത്തായ ആണ്‍കുട്ടിയേയും
ആ ആണുങ്ങള് വെറൂതെ വിട്ടില്ല. ഇമ്മാതിരി അവസരങ്ങളില്‍ സ്ത്രീയെ ക്രൂരമായി ബലാല്‍സംഗം ചെയ്തും അവള്‍ക്കൊപ്പമുള്ള പുരുഷനെ മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ചും ആണല്ലോ ബഹുമാനവും മേല്‍ക്കോയ്മയും കൊതിക്കുകയും
ദാഹിക്കുകയും ചെയ്യുന്ന ആണുങ്ങള് അവരുടെ
പൌരുഷത്തിന്റെ വലിയ വലിയ പാഠങ്ങള്‍ പഠിപ്പിക്കുക. സ്ത്രീയുടെ ഒപ്പമുള്ള പുരുഷനെ ഇത്തരം
സന്ദര്‍ഭങ്ങളില്‍ ശക്തനായോ രക്ഷകനായോ പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള
മാതിരി ആണൊരുത്തനായോ കാണാറില്ലെന്നര്ഥം.
മറ്റു പുരുഷന്മാര് ആക്രമിക്കാത്തിടത്തോളം മാത്രമല്ലേ ഒരു പുരുഷന് ഒരു സ്ത്രീയുടെ
രക്ഷകനായി, സ്വയം വിശ്വസിച്ചും പുറമേക്ക് അങ്ങനെ
ഭാവിച്ചും കഴിഞ്ഞു കൂടാനാവൂ. സ്ത്രീകളുടെ
ഉടുപ്പിനേയും നടപ്പിനേയും
ശരീരത്തേയും രാത്രിയേയും മറ്റും വിമര്‍ശിച്ച് വിലപ്പെട്ട സമയം കളയാതെ സ്വന്തം ജീവിതത്തിലെ ഈ യാഥാര്‍ഥ്യം തിരിച്ചറിയേണ്ടത്
പുരുഷന്മാരുടെ കടമയാണ്. അതുകൊണ്ടു തന്നെ
സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാരെ ഒറ്റപ്പെടുത്തേണ്ടതിലും അവര്‍ക്കെതിരേ
നിരന്തരം സമരം ചെയ്യേണ്ടതിലും നല്ലവരായ പുരുഷന്മാര് ആത്മാര്‍ഥമായി പങ്കെടുക്കേണ്ടത് അവരുടെ സുരക്ഷയ്ക്കും അത്യാവശ്യമാണ്.
തലസ്ഥാന നഗരമായ
ദില്ലിയില്‍ ഇതൊരു വാര്‍ത്തയായത് തന്നെ വലിയ അല്‍ഭുതമാണ്. ടി വി ചാനലുകളുടെയും സോഷ്യല്‍
നെറ്റ് വര്ക്കുക്കളുടേയും വര്‍ദ്ധിച്ച സ്വാധീനമാവാം ഒരു കാരണം.രാജ്പഥിലും ഇന്ത്യാഗേറ്റിലും വന്ന്
പ്രതിഷേധിച്ചവരില്‍ അധികവും ഇരുപതുകളിലും
മുപ്പതുകളിലുമുള്ള യുവതീയുവാക്കളായിരുന്നുവല്ലോ.റേപ് കാപ്പിറ്റല്‍ എന്നൊരു പേരു കൂടിയുള്ള
ദില്ലിക്ക് ഈവ് ടീസിംഗ് , ബലാല്‍സംഗം എന്നിവയിലെല്ലാം ഒന്നാമതാണെന്ന
റെക്കാര്‍ഡുകളാണുള്ളത്. താരതമ്യേനെ
സുരക്ഷിതമെന്ന് അറിയപ്പെട്ടിരുന്ന മുംബൈ
ഇപ്പോള്‍ അതിവേഗം ദില്ലിയെ പിന്തുടരുന്നുണ്ട്.
2001ല്‍,
ദില്ലിയിലെ ഒരു ബ്ലൂലൈന്‍ ബസ്സില്‍ ഒരു സ്ത്രീ ഇതു പോലെ ബലാല്‍സംഗം
ചെയ്യപ്പെടുകയുണ്ടായി. 2002 ല്‍ മൌലാനാ
ആസാദ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയും 2003 ല്‍ സ്വിസര്‍ലാന്‍ഡ് സ്വദേശിയായ നയതന്ത്രജ്ഞയും
2005 ല്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയും നാലു മാസം ഗര്‍ഭിണിയായ
ഒരു വീട്ടമ്മയും ഇതുപോലെ ക്രൂരമായ ബലാല്‍സംഗത്തിനു ഇരയായിരുന്നു. 2010 ല്‍ ഒരു
കോള്‍സെന്റെര്‍ ജോലിക്കാരിക്കായിരുന്നു ഈ ക്രൂരത നേരിടേണ്ടി വന്നത്. ഈ സംഭവങ്ങളെല്ലാം നടന്നത് ദില്ലിയുടെ മര്‍മ്മ
പ്രധാനമായ സ്ഥലങ്ങളില്‍ തന്നെയായിരുന്നു. ബലാല്‍സംഗത്തിനെതിരേ പ്രതിഷേധം കത്തിപ്പടരുന്ന ഈ
ദിവസങ്ങളില്‍ പോലും മൂന്നു വയസ്സായ കുഞ്ഞിനെ
ബലാല്‍സംഗം ചെയ്ത ക്രൂരതയും ദില്ലിയില്‍ തന്നെ ഉണ്ടായി. വെറുതെയാണോ സ്ത്രീകളെയും പെണ്‍കുട്ടികളേയും
സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടം
നിറഞ്ഞ രാജ്യങ്ങളുടെ എണ്ണമെടുത്താല്‍
ഇന്ത്യയ്ക്ക് അതില്‍ നാലാം സ്ഥാനമുണ്ടാവുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കു
മുമ്പാണ് ഹരിയാനയില്‍ മുപ്പതു ദിവസത്തിനുള്ളില്‍ പതിനട്ടോളം സ്ത്രീകള്‍ ബലാല്‍സംഗം
ചെയ്യപ്പെട്ടത്. ബീഹാറില്‍ എട്ട് വയസ്സായ
പെണ്‍കുഞ്ഞിനെ ബലാല് സംഗം ചെയ്ത് വധിച്ച ശേഷം പുഴയില്‍ ഒഴുക്കിയത് ഈ അടുത്ത ദിവസങ്ങളില്‍ തന്നെയാണ്. സിലിഗുരിയിലാവട്ടെ പത്തൊമ്പതുകാരിയായ യുവതിയെ
ബലാല്ക്കാരത്തിനു ശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. സൌമ്യ എന്നും
ഉണങ്ങാത്ത ഒരു മുറിവായി ഈ കൊച്ചുകേരളത്തിന്റെ മുന്നിലുണ്ടല്ലോ. രാജ്യം
മുഴുവനും ഇത്തരം ദുസ്ഥിതിയുണ്ടെങ്കിലും പുര
കത്തുമ്പോള്‍ വാഴ വെട്ടുന്നതായി അഭിനയിച്ച് ശീലിച്ച ഈ സാമൂഹിക
വ്യവസ്ഥിതി തുടര്‍ന്നും ഇങ്ങനെ അഭിനയിച്ചു കൊള്ളുമെന്ന് നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് നന്നായി അറിയാം. അവരും ഈ വ്യവസ്ഥിതിയുടെ തന്നെ
ഭാഗങ്ങളാണല്ലോ. അതുകൊണ്ടാണ് ജനപ്രതിനിധികളൂടെ താല്പര്യത്തില് പുതിയ നിയമ നിര്‍മ്മാണങ്ങള്‍
ഉണ്ടാകാത്തത്. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ വര്‍ഷങ്ങളായി
കടലാസ്സില്‍ ഉറങ്ങുന്നത്. വിത് യൂ ഫോര്‍ യൂ
ആള് വേയ്സ്, കാവല്‍
എന്നൊക്കെ മനോഹരമായ പേരുകളില്‍ അറിയപ്പെടുന്ന നമ്മൂടെ പോലീസ് ഇരകളെ ഭയപ്പെടുത്തുകയും
അവിശ്വസിക്കുകയും അകറ്റി നിറുത്തുകയും ചെയ്യുന്നത്. പ്രതിപക്ഷം കളവ് പറയുകയാണ്, എന്റെ സംസ്ഥാനത്തില്‍ ബലാല്‍സംഗം നടന്നിട്ടേയില്ല എന്ന് പറയാനാവുന്ന ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുന്നത്. സംഭവിച്ച
ദുരന്തത്തില്‍ പ്രതിഷേധമറിയിക്കുന്ന, പരിഹാരം തേടുന്ന ജനതയെ തല്ലുകയും ഉപദ്രവിക്കുകയും കണ്ണീര്‍വാതകം
പ്രയോഗിക്കുകയും ചെയ്യാന്‍ ജനതയുടെ
രക്ഷകരെന്ന് കള്ളപ്പേരുള്ള പോലീസിനെ ഉപയോഗിക്കുന്നത്. ഒരു ദുരന്തമുണ്ടാവുമ്പോള്‍ കുറച്ച് മുതലക്കണ്ണീര്ത്തടാകങ്ങള് ഉണ്ടാക്കുക മാത്രം
ചെയ്ത്, എല്ലാവരും ഒരുമയോടെ അടുത്ത ദുരന്തത്തിനു കാത്തിരിക്കുന്നത്.
കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി അതായത് 1971 – 2011 കാലയളവില്‍ ഇന്ത്യാ
മഹാരാജ്യത്തില്‍ ബലാല്‍സംഗം 792%
ആണ് വര്‍ദ്ധിച്ചത് . കഠിനമായ
കുറ്റകൃത്യങ്ങളായി കരുതപ്പെടുന്ന കൊലപാതകം
106%വും
മോഷണവും തട്ടിക്കൊണ്ടു പോകലും 296
% വും ആണ് വര്ദ്ധിച്ചതെന്നറിയുമ്പോഴാണ്
സ്ത്രീകളോടുള്ള നമ്മുടെ പെരുമാറ്റം എത്രമാത്രം നികൃഷ്ടമായിത്തീരുന്നുവെന്ന്
വെളിവാകുന്നത്. സ്ത്രീകളുടെ നേരയുള്ള
അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി
ചൂണ്ടിക്കാട്ടപ്പെടുന്നത് ശിക്ഷ ലഭിക്കാനുള്ള കാലതാമസമാണ്. മറ്റൊരു കാരണം വളരെ
നിസ്സാരമായ സാങ്കേതികതകളുടെ പേരും പറഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകളാണ്. ഏതു പെണ്ണിനെയും ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ ഏതൊരു പുരുഷനും ജന്മസിദ്ധമായ അധികാരമുണ്ടെന്ന അടിയുറച്ച സമൂഹ വിശ്വാസമാണ്.
ബലാല്‍സംഗം
പോലെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നമ്മുടെ പോലീസുകാര്‍ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. പോലീസുകാരില്‍ ഭൂരിപക്ഷവും കരുതുന്നത്
മിക്കവാറും എല്ലാ ബലാല്‍സംഗവും സ്ത്രീകളുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്നാണ്. തെഹല്‍ക്ക
മാഗസിന് നടത്തിയ ഒരു പഠനത്തില്‍ പോലീസുകാരുടെ ഈ മനോഭാവം ഭംഗിയായി വ്യക്തമാക്കപ്പെടുന്നുണ്ട്. അതനുസരിച്ച് എഴുപതു
ശതമാനം ബലാല്‍സംഗങ്ങളും സ്ത്രീകളുടെ അനുമതിയോടെ നടക്കുന്ന ലൈംഗികബന്ധങ്ങളാണ്.
ബാക്കിയുള്ളത് ആവശ്യപ്പെട്ട രൂപ
കൊടുക്കാന്‍ പുരുഷന് തയാറാവാതെ
വരുമ്പോഴും ലൈംഗികബന്ധം ആരെങ്കിലും കാണാനിടയാവുമ്പോഴും ആണ് ബലാല്‍സംഗമായി
തീരുന്നത്. ബലാല്‍സംഗം ഒരു ബിസിനസ്സായികൊണ്ടു നടക്കുന്ന പെണ്ണുങ്ങള് മാത്രമേ താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടൂ എന്ന് പരാതി പറയുകയുള്ളൂവത്രെ! ഇത്രയും
സ്ത്രീ വിരുദ്ധമായ മനോഭാവമുള്ള പോലീസുകാരില്‍ നിന്ന് എന്തു നീതിയാണ് നമ്മള്
സ്ത്രീകള്‍ പ്രതീക്ഷിക്കേണ്ടത്. പോലീസുകാരും അല്ലാത്തവരുമായ പുരുഷന്മാര് ചെയ്യുന്ന ബലാല്‍ക്കാരങ്ങളെ ന്യായീകരിക്കാന്‍
ഇതിലും പറ്റിയ വാദമുഖങ്ങള്‍ ഇല്ലല്ലോ.
ഈയിടെ നന്നെ
കൊച്ചുകുട്ടികളുടെ ഒരു ടി വി ഷോ കാണാനിടയായി. ഒരു ആറു വയസ്സുകാരി കൊഞ്ചിപ്പറയുന്നു. ‘ആണ്‍കുട്ടികള്‍ ഒറങ്ങുമ്പോ നമ്മള് ശല്യപ്പെടുത്താന്‍ പാടില്ല , കാരണം ഒറക്കത്തിലു
അവര്‍ ധ്യാനിച്ച് ദൈവത്തിന്റെ
അടുത്ത് നിന്ന് ശക്തി നേടുകയാണത്രെ!’ ‘എന്തിനാ ആണ്‍കുട്ടികള്‍ അങ്ങനെ ശക്തി
നേടുന്നത് ‘ എന്ന ചോദ്യത്തിനു അവളുടെ ഉത്തരം. ‘നല്ല പെണ്‍കുട്ടികളെ രക്ഷിക്കുവാനാണത്രെ!’ ഭാഗ്യത്തിനു ‘ആരാണു നല്ല പെണ്‍കുട്ടി’ എന്ന് ആ അനൌണ്സര് ചോദിച്ചില്ല. ‘പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ അങ്ങനെ ധ്യാനിച്ചാല്‍ ദൈവം ശക്തി
കൊടുക്കുകയില്ലേ’ എന്നും ആ അനൌണ്സര്
ചോദിച്ചില്ല. ആണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ ശല്യപ്പെടുത്തരുത് എന്നു തുടങ്ങുന്ന ഇത്തരം ആശയങ്ങളാണ് ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നല്ല ഭക്ഷണം, കൂടുതല്‍ നല്ല വിദ്യാഭ്യാസം,
കൂടുതല്‍ സ്വത്തവകാശം.... അങ്ങനെ എല്ലാ നിലയിലും നീണ്ടു വളര്‍ന്ന് ആണ്‍പെരുമ
ഊട്ടിയുറപ്പിക്കുന്നത്. കൊച്ചുകുട്ടികളുടെ
മനസ്സില്‍പ്പോലും ഇമ്മാതിരി വികല ചിന്തകള്‍ കുത്തിവയ്ക്കുന്ന ഈ
സമൂഹവും അവരുടെ മാതാപിതാക്കന്മാരും
കാലങ്ങളായി കണ്ണടച്ച് ജീവിച്ചതിന്റെയും
ഇപ്പോഴും അങ്ങനെ ജീവിക്കുന്നതിന്റെയും തിന്മകളാണ് നമ്മള് കാണുന്നതെല്ലാം.
നാഷ്ണല്‍
കമ്മീഷന് ഓഫ് വിമന്‍, ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് തുടങ്ങി
സ്ത്രീ ശാക്തീകരണത്തെ പറ്റി വാദിക്കുന്നവര്‍ പോലും ഈ ആറു
വയസ്സുകാരിയെപ്പോലെ,
സ്ത്രീകള്‍ ജന്മനാ അരക്ഷിതരാണെന്ന മട്ടിലാണ് എപ്പോഴും സംസാരിക്കാറ്. സ്ത്രീ
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീ പോലീസ്, സ്ത്രീ കളക്ടര്‍, സ്ത്രീകള്‍ മാത്രം ബസ്സ്……. അങ്ങനെ അങ്ങനെ സ്ത്രീകള്‍ മാത്രം
ഉള്ള ഒരു നാട്....... അതു മതിയോ? എന്തുകൊണ്ടാണ് ഒരു പുരുഷ
പോലീസിനും പുരുഷ കളക്ടര്‍ക്കും പുരുഷന്മാരുള്ള ബസ്സിനും സ്ത്രീകള്‍ അപമാനിതരാകുന്നതിന്റെ വേദന മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കരുതേണ്ടി
വരുന്നത്? അത്തരം ഉദ്യോഗസ്ഥ വീര പുരുഷന്മാരെ ശിക്ഷിക്കാനാവാത്തത്ര ദുര്‍ബലമായ നിയമ
വ്യവസ്ഥയാണോ നമ്മുടേത്? സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ നല്കുന്നതു
മാത്രമാണോ പുരുഷന്മാരുടെ ഉത്തരവാദിത്തം ? ബലാല്‍സംഗം അതനുഭവിക്കേണ്ടിവരുന്ന ഒരു പെണ്ണിന്റെ അല്ലെങ്കില്‍ ഒരു പെണ്‍കുഞ്ഞിന്റെ
മാത്രം ശാരീരിക പ്രശ്നമാണോ?
സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണവും കാവലും അല്ല ഉണ്ടാകേണ്ടത് ,പകരം സ്ത്രീയും പുരുഷനുമടങ്ങുന്ന മൊത്തം സമൂഹത്തിനു
കൃത്യമായ ബോധവല്‍ക്കരണവും ഉറപ്പുള്ള നിയമങ്ങളും ആ നിയമങ്ങളെ നടപ്പിലാക്കാനാവശ്യമായ
കരളുറപ്പുള്ള ഭരണവുമാണ് വേണ്ടത്. നിയമം
അതിന്റെ വഴിക്ക് മെല്ലെ
മെല്ലെ നടന്ന് കുറ്റവാളികളെ ശിക്ഷിക്കുകയോ
വെറുതെ വിടുകയോ ചെയ്തുകൊള്ളുമെന്ന്
പറയുന്ന ഒരു ഭരണകൂടമല്ല നമുക്ക് ആവശ്യം. കുറ്റവാളികള്‍ ആരു തന്നെയായാലും അവര്‍
ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുന്ന ഭരണകൂടമാണ്. അതോടൊപ്പം അനിയന്ത്രിതമായ സൌജന്യങ്ങളും അവസാനമില്ലാത്ത അവകാശങ്ങളും ആണ്
പൌരുഷമെന്ന തെറ്റായ ധാരണയില്‍ നിന്ന്
പുരുഷന്മാരും സ്ത്രീകളും സ്വയം മുക്തരാവുകയും
അടുത്ത തലമുറയെ മുക്തരാക്കാന്‍ വേണ്ട വിവരം നേടുകയും ചെയ്യേണ്ടത്
അത്യന്താപേക്ഷിതമാണ്. പെണ്‍കുട്ടിയെ ഒഴിവാക്കേണ്ട ഭാരമായും ആണ്‍കുട്ടിയെ തപസ്സു
ചെയ്ത് നേടേണ്ട ധനമായും കാണുന്ന നമ്മുടെ മനസ്ഥിതി സ്ത്രീയെ അതീവ നിസ്സാരമായ
ഒരു ചരക്കായി കാണാന്‍ എല്ലാവരേയും
പ്രേരിപ്പിക്കുന്നു. താണു വണങ്ങി പെണ്ണെന്ന
അരക്ഷിതത്വം ഒരു പേസ്റ്റ് പോലെ മുഖത്തു
പൂശി നില്‍ക്കാത്തവളെ ഒതുക്കിയില്ലെങ്കില്‍
നമുക്ക് ഒരു ജനതയെന്ന നിലയില്‍ തന്നെ മനസ്സമാധാനം ഇല്ല. ‘പെണ്ണ് അടങ്ങിയൊതുങ്ങിക്കഴിയണം
അല്ലെങ്കില്‍ അങ്ങനെയൊക്കെ ഉണ്ടാവും’ എന്ന് ഒരിക്കലെങ്കിലും പറയുകയും ആ വചനത്തില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യാത്തവര്‍ തീവ്ര
വിപ്ലവത്തിന്റെ ഇടത്തേ അറ്റത്തു
പോലുമുണ്ടാവാറില്ല.
ബാഹ്യലോകം
മാറിയ വേഗതയില്‍ ആന്തരികലോകം മാറാത്തതുകൊണ്ട്
തന്റെ
അവസരങ്ങളും ഉയര്‍ന്ന സ്ഥാനവും ഇത്തിരിയെങ്കിലും പങ്കിടാന്‍
വരുന്നവളോടുള്ള വെറുപ്പും വൈരാഗ്യവും
പലപ്പോഴും പുരുഷന്മാരുടെ പ്രവൃത്തികളിലും പെരുമാറ്റത്തിലും വാക്കുകളിലും ചിന്തകളിലും
ദൃശ്യമാവുന്നുണ്ട്. മാതാപിതാക്കന്മാര്ക്കും തീര്‍ച്ചയായും സമൂഹത്തിനും പുരുഷന്റെ
മേല്ക്കോയ്മയില് സംഭവിക്കാന്‍ തുടങ്ങുന്ന ഈ അല്പ മാറ്റങ്ങളുമായി
പൊരുത്തപ്പെടുവാന്‍ സാധിക്കണം. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. നിയമങ്ങള്‍
പഴുതില്ലാത്തവയാവുകയും അവ കര്‍ശനമായി
നടപ്പിലാക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം രാഷ്ട്രീയമായ ഇച്ഛാശക്തിയുള്ള, സമര സജ്ജമായ ജനതയും, ഉത്തരവാദിത്തമുള്ള ഭരണകൂടവും
പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ഉണ്ടായേ മതിയാകൂ.
പുര
കത്തുമ്പോഴുള്ള വാഴ വെട്ടല്‍ അഭിനയം എല്ലാവരും നിറുത്തേണ്ട കാലം എന്നേ കഴിഞ്ഞു....
55 comments:
ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിന് പിന്നില്‍ ഇങ്ങിനെ ഒരു തലം കൂടി ഉണ്ടായിരുന്നു എന്നു ഇപ്പോഴാണ് അറിയുന്നത്.
ഈ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നിലവില്‍ വന്നെ മതിയാവൂ..
ഇതൊരു വലിയ ഉത്തരവാദിത്തമാണ്. നിയമങ്ങള്‍ പഴുതില്ലാത്തവയാവുകയും അവ കര്‍ശനമായി നടപ്പിലാക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം രാഷ്ട്രീയമായ ഇച്ഛാശക്തിയുള്ള, സമര സജ്ജമായ ജനതയും, ഉത്തരവാദിത്തമുള്ള ഭരണകൂടവും പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ഉണ്ടായേ മതിയാകൂ.
പുര കത്തുമ്പോഴുള്ള വാഴ വെട്ടല്‍ അഭിനയം എല്ലാവരും നിറുത്തേണ്ട കാലം എന്നേ കഴിഞ്ഞു....
ഇതില്‍ കൂടുതല്‍ എന്തഭിപ്രായം പറയാനാണ്.
ആണിനും പെണ്ണിനും സമത്വം കുടുംബത്തില്‍ നിന്നേ ആരംഭിക്കണം. എങ്കിലേ അത് സമൂഹത്തിലേക്ക് പടര്ത്താനാകൂ. പെണ്ണിന് പ്രത്യേക സ്ഥാനാം നല്‍കാതെ തുല്യതാമനോഭാവം കൊണ്ട് വരാന്‍ ശ്രമിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ എളുപ്പത്തില്‍ നടത്താവുന്ന ഒന്നല്ല. എങ്കിലും പടി പടിയായി അത് നടത്തിയെ തീരൂ. കാലഘട്ടം അതാവശ്യപ്പെടുന്നു
ഡെൽഹി പെൺകുട്ടിയുടെ നിർഭാഗ്യത്തിന് ഇങ്ങനെയൊരു കാരണമുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.
നിയമങ്ങൾ ആണിനും പെണ്ണിനും എന്നു വ്യത്യാസമില്ലാതെ ഒരു പോലെ പരിപാലിക്കപ്പെടണം. നിയമങ്ങൾ ഉണ്ടാക്കാൻ കയറിയിരിക്കുന്നവരിൽ കുറേപ്പേർ ബലാസംഗവീരന്മാരാണെന്നാണ് പറയപ്പെടുന്നത്. അവിടെ നിന്നും എന്താണ് നമുക്ക് പ്രതീക്ഷിക്കാനുള്ളത്..?
മ്യൂല്യങ്ങൾ മുറുകെ പിടിക്കുന്ന,വിട്ടു വീഴ്ച ചെയ്യാത്ത ഒരു ഭരണ സംവിധാനം ഉണ്ടായേ തീരു... പക്ഷെ, അതെല്ലാം വെറും സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും.
എങ്കിലും ഒരു യുവജന സമൂഹം ഉയർത്തെഴുന്നേൽക്കുമെന്ന് ഡെൽഹി സംഭവം പറഞ്ഞു തരുന്നത് ശുഭപ്രതീക്ഷയാണ്.
ആശംസകൾ...
എല്ലാവരും കതിരിലെ കുഴപ്പമാണ് കാണുന്നതും അതിനാണ് നിവാരണങ്ങള്‍ നിര്‍ദേശിക്കുന്നതും
വേരില്‍ തന്നെ ചികിത്സ തുടങ്ങണമെന്ന് ആരുമൊട്ട് പറയുന്നത് കേള്‍ക്കാനുമില്ല
കാല ചക്രങ്ങള്‍ എത്ര
കടന്നേ പോയ് , ഭാരതം
ഹീനമാം സംസ്കാരത്തിന് -
ചുഴിയില്‍ പുതഞ്ഞു പോയ് .
എപ്പൊഴോ ദുര്‍ഭൂതങ്ങ-
ളിത്തിരു മണ്ണിന് മാറില്‍
ദുഷ്ടത തന് വിത്തുകള്‍
കൃത്യമായ് വിതച്ചു പോയ്...!
.
അമ്മ,പെങ്ങന്മാര് ,കുഞ്ഞു
മക്കളെന്നില്ല ഭേദം
കാമഭ്രാന്തന്മാര് മണ്ണില്‍
പുളച്ചു മദിക്കുന്നു....!
സൗമ്യ ,ശാരിമാര്‍ ,ജ്യോതി
പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം
എത്രയോ പെണ് ജന്മങ്ങള്......!!
മാധ്യമങ്ങളീ വാര്‍ത്ത
ഘോഷമാക്കുന്നു ,പത്രം
പീഡനപ്പേജൊരുക്കി
കോപ്പികള്‍ കൂട്ടീടുന്നു....!
അച്ഛനെ ശങ്കയോടെ
നോക്കിയിരിപ്പു മകള്‍,
മകളെ സ്നേഹിക്കുവാന്‍
അച്ഛനും പേടിക്കുന്നു....!
ചേട്ടനും കാട്ടീടുമോ
ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍-
മുഖിയായ് മാറീടുന്നു.?!
മകളെ മാറോടു ചേര്-
ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും
അവളെ ഞടുക്കുന്നു...!!
തന്നിലേയ്ക്കൊതുങ്ങുവാന്‍
പെണ്ണവള്‍ പിടയുന്നു ,
ചുറ്റിലും ഭയം മൌന-
സ്ഫോടനം തുടരുന്നു....!!
സ്വസ്ഥത സമാധാനം
ഒക്കെയും നഷ്ടപ്പെട്ട്
ഭാരതമശാന്തിതന്‍
തീയിലൂടൊഴുകുന്നു ...!
മാറുമോ സ്ഥിതിയിത് ?
മാറണം! മനുഷ്യത്വം
മരവിച്ചൊരു ലോകം
നശിച്ചാല്‍ അതുഭേദം ..!
ഉണരൂ വേഗം യുവ
ജനതേ , അലസത
കളയൂ ,കളയെല്ലാം
വെട്ടിയരിഞ്ഞൊതുക്കൂ ...!
ഒട്ടുമേ വേണ്ട, ദയാ -
ദാക്ഷണ്യം, കടും ശിക്ഷ
കൊടുക്കുന്നതേ യുക്തം ,
കാലവിളംബമെന്യെ ....!
കൊല്ലരുത് ,വേരോടെ
ഛേദിച്ചു കളയണം,
പുഴുത്തു ചത്തീടട്ടെ
വിഷ വിത്തുകള്‍ മൊത്തം ...!
നീതിപീഠമേ കണ്ണു -
തുറക്കൂ, പുതിയൊരു
ന്യായ വ്യവസ്ഥ വ്യക്തം
എഴുതിച്ചേര്‍ക്കൂ ശക്തം...!!!
muzhuvan vayikkan janmasukrutham kshanikkunnu.
http://leelamchandran.blogspot.in/
ലേഖനം നന്നായി. വളരെയേറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ കാര്യമാണെങ്കിലും.സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണവും കാവലും അല്ല ഉണ്ടാകേണ്ടത് ,പകരം സ്ത്രീയും പുരുഷനുമടങ്ങുന്ന മൊത്തം സമൂഹത്തിനു കൃത്യമായ ബോധവല്‍ക്കരണവും ഉറപ്പുള്ള നിയമങ്ങളും ആ നിയമങ്ങളെ നടപ്പിലാക്കാനാവശ്യമായ കരളുറപ്പുള്ള ഭരണവുമാണ് വേണ്ടത്, പൂർണ്ണമായും യോജിക്കുന്നു.
കരളുറപ്പ് ഭരണത്തിനില്ലാതിരയ്ക്കാന് കാരണം അവരെ ഭരിയ്ക്കുന്നത് വേറെ താല്പര്യങ്ങളാണ് എന്നതാണ്. ജനക്ഷേമവും സുരക്ഷിതത്വവും, സ്ത്രീ-പുരുഷ സമത്വവുമെല്ലാം അജണ്ടയിലുണ്ടോ എന്നുതന്നെ അറിയില്ല.
എച്ചുമു,,എല്ലാം പതിവുപോലെ.ഒരു രസത്തിനു ഇടക്കൊക്കെ ആക്ഷേപഹാസ്യം പുരട്ടി ചില നല്ലവാക്കുകള്‍ പുരുഷനെക്കുറിച്ച് പറയുന്നതല്ലാതെ
ഇതുംസ്ത്രീ പുരുഷ യുദ്ധത്തിന്റെ അവസാനിക്കാത്ത മറ്റൊരധ്യായം .വെറുതെ വിമര്‍ശ്ശിക്കാന്‍ പറയുന്നതല്ല .ഇനി അങ്ങനെ ധരിച്ചാലും കുഴപ്പമില്ല .പക്ഷെ ഒന്ന് പറയാം .എച്ചുമു ഇപ്പോഴും ഇപ്പോഴും സ്ത്രീയെക്കുറിച്ചൊ അവളുടെ പ്രശ്നങ്ങളെക്കുറിച്ചോ എഴുതുമ്പോള്‍ ഒരു സമാന്യപ്പെടുത്തലില് പുരുഷനെ alianize ചെയ്യതെഴുതുന്നു .സ്ത്രീക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ,അവളെ പീഡിപ്പിച്ച് ഭരിക്കാന്‍,അവളുടെ വേദനയില്‍ അട്ടഹസിക്കാന് എതോ അജ്ഞാത ഗ്രഹത്തില്‍ നിന്ന് മുജ്ജന്മ വൈരത്തോടെ വന്നവരെന്ന് വരികള്‍ക്കിടയില്‍ പറഞ്ഞുവെക്കുന്നു.
പെങ്ങളും,അമ്മയും ,മുത്ത്ശ്ശിയും പ്രണയിനിയും ഒക്കെ ആയി ഒരോ ആണിനും അവന്റെ ജീവിതത്തിന്റെ പ്രാരംഭ ദശയില്‍ തോട്ടേ സ്ത്രീയുമായി വൈകാരികവും വൈജ്ഞാനികവുമായ ഒരഭേധ്യ ബന്ധമുണ്ട്.ആ നിലക്ക് ഒരു പുരുഷന് പിഴച്ചവനായി സമൂഹത്തിന്റെ സുരക്ഷക്ക് സ്ത്രീയുടെ സുരക്ഷക്ക് ഭീഷണിയാകുന്നുവെങ്കില്‍ അവന് സ്വന്തം അച്ഛനും അമ്മയുള്‍പ്പെടെ യുള്ളവര്‍ സ്ത്രീയെ ക്കുറിച്ചും മറ്റ് മൂല്യങ്ങളെക്കുറിച്ചും കര്‍ന്നു നല്‍കിയിട്ടുള്ള മൂല്യങ്ങളില്‍ ഗൌരവവമായ പാകപ്പിഴകളുണ്ടെന്ന് പറയേണ്ടതല്ലേ.
സമൂഹത്തിന്,അതിന്റെ സംസ്കാര വ്യതിചലനങ്ങള്‍ക്ക് ഒരിക്കലും കാരണമാകുന്നില്ലേ? ഇത്തരം സംഭവങ്ങളില്‍ ??അതല്ലെങ്കില്‍ അതൊക്കെ വെറും നിസ്സാരപ്പെടുത്തലിലൊതുക്കി പുരുഷന് എന്ന ചിരകാല ശത്രു എന്നതിലേക്ക് ഇനിയും നമ്മള് ചുരുങ്ങി ചിന്തിക്കേണ്ടതുണ്ട് എന്നാണോ ??
കാരണങ്ങളെ ക്കുറിച്ച് ചിന്തിക്കുന്നത് വലിയൊരുത്തരവാദിത്വമാണ്,അതിനാലാവും എപ്പോഴും സംഭവങ്ങളില്‍ തുടങ്ങി സംഭവങ്ങളില്‍ തന്നെ ചര്ച്ചകളൊടുങ്ങിപ്പോകുന്നത്
ഈയടുത്ത കാലത്തായി ചിലരെങ്കിലും പ്രശ്നങ്ങളെ മറ്റൊരു ആങ്കിളില്‍ കൂടി കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ..
എന്റെ അഭിപ്രായം എന്റെ മാത്രം ശരിയായിരിക്കാം....അത് ഒന്നും സഥാപിച്ചെടുക്കാനുളതല്ലെന്ന് മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു ..
നന്മയുള്ള മനസിന് സലാം
ഞെട്ടിപ്പിയ്ക്കുന്ന കണക്കുകളാണല്ലോ ചേച്ചീ.
ഡല്‍ഹിയ്ക്ക് കുറേ ചീത്തപ്പേരുകള്‍ ഉണ്ടെന്നറിയാമായിരുന്നു. എന്നാലും...
എന്തായാലും ഡല്‍ഹി സംഭവത്തിനെതിരേ രാജ്യം മുഴുവനും പ്രതിഷേധം ഉയര്‍ന്നത് ഇത്തരം ഹീനപ്രവൃത്തികള്ക്കെതിരേയുള്ള ഒരു മുന്നേറ്റം ആയി കരുതാമെന്ന് തോന്നുന്നു. അതും യുവജനങ്ങള്‍ പ്രതികരിയ്ക്കുന്നത് നല്ല കാര്യം തന്നെ.
ഇന്ത്യയില്‍ ഭാരതീയര്‍ നടത്തിയ അനിവാര്യമായ ഇടപെടലായി ഡല്‍ഹി സംഭവത്തെ പൗരന്മാര് കാണുന്നു. നീയൊരു ഇന്ത്യാക്കാരി ആയത് കൊണ്ടാണ് അമര്‍ഷം തോന്നുന്നത്.
ഡല്‍ഹി സംഭവത്തിനുശേഷം അല്ലെങ്കില്‍ ഏതു ബലാത്സംഗ വാര്‍ത്തകള്‍ക്കും ശേഷം നടക്കുന്നത് ലോകത്തെ സര്‍വ്വ സ്ത്രീകളെയും കൂട്ടബലാത്സംഗം ചെയ്യുന്നതാണ്-വാക്കുകളിലൂടെ...അത് ആര് എന്നൊന്നുമില്ല.
* *
സ്ത്രീ ഒരു വസ്തു അല്ല; വ്യക്തി ആണ്. കാമാന്ധനായ പുരുഷന്റെ അത്യാചാരങ്ങള്‍ക്ക് വിധേയയായ സാഹചര്യത്തെപ്പറ്റി, ആദികാവ്യത്തിലെ നായിക സീതയെക്കൊണ്ട് കുമാരനാശാന് അങ്ങനെ ചോദിപ്പിച്ചത് ഏതുകാലത്തും ഏതുദേശത്തും ഉള്ള സ്ത്രീക്കു വേണ്ടിയാണ്.
'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍
ഉടല് മോഹിച്ചത് ഞാന്‍ പിഴച്ചതോ?
അതെ, കരളുറപ്പുള്ള ഒരു സമൂഹമാണ് നമുക്ക് വേണ്ടത്, ചങ്കുറപ്പോടെ രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു ഭരണകൂടവും.. സ്ത്രീയേയും പുരുഷനേയും പരസ്പരം ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന, സംരക്ഷിക്കുന്ന, അതിനെല്ലാമുപരി ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടായ്മയ്ക്കേ വികാരങ്ങളാല്‍ മാത്രം സൃഷ്ടിക്കപ്പെട്ട ഇത്തരം മാംസപിണ്ഡങ്ങളെ വെട്ടിയരിഞ്ഞ് തള്ളാന്‍ കഴിയൂ.. അവിടെ സ്ത്രീയും പുരുഷനുമല്ല, മനുഷ്യരാണ് ജീവിക്കേണ്ടത്.
"ബാഹ്യലോകം മാറിയ വേഗതയില്‍ ആന്തരികലോകം മാറാത്തതുകൊണ്ട്...."
ഇത് തന്നെയാണ് എച്മു പ്രധാന കാരണവും...നമ്മള് തകര്‍ത്തു അഭിനയിക്കുന്നുണ്ട്..
കഴിഞ്ഞ ദിവസം സുനിത കൃഷ്ണന്റെ അഭിമുഖം വായിച്ചിരുന്നു..അതില്‍ അവര്‍ ചോദിക്കുന്നുണ്ട്.."കഴിഞ്ഞ 25 വര്‍ഷമായി നിങ്ങള്‍ എന്നെക്കൊണ്ട് ഈ കഥ പറയിപ്പിക്കുന്നു..ഇരകള്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം .നിങ്ങള്‍ അവരെ വിടൂ ..അപ്പുറത്ത് അത് ചെയ്യുന്നവരോട് പോയി ചോദിക്ക്.അതിനുള്ള യഫര്ട്ട് എടുക്കു.."എന്ന്...അതെ എത്ര പ്രാവശ്യം പറഞ്ഞാലാണ് ഇരകളുടെ വേദന നിയമപാലകര്‍ക്കും സമൂഹത്തിനും ബോധ്യമാവുക..
സ്ത്രീ സ്വതന്ത്രം എന്നതിനേക്കാള്‍ മനുഷ്യജീവിയെന്ന പരിഗണനയാണ് ആദ്യം വേണ്ടത് . സ്ത്രീ പുരുഷ ഭേതമന്യേ പരസ്പരം ബഹുമാനിക്കാനാണ് കുഞ്ഞുങ്ങളെ നാം ആദ്യം പഠിപ്പിക്കേണ്ടത് . അങ്ങിനെ ചെയ്യേണ്ടത് ആദ്യം കുടുംബങ്ങളില്‍ നിന്ന് തന്നെയാണ് . ശക്തമായ നിയമ സംവിധാനങ്ങളും അതിന്റെ കൂടെ നിലവില്‍ വന്നാല്‍ ഒരു പരിധി വരെ അതിക്രമങ്ങള്‍ കുറയുക തന്നെ ചെയ്യും . ഇന്ന് രാവിലെ മാധ്യമത്തില്‍ എച്ച്മുവിന്റെ മറ്റൊരു ലേഖനം വായിച്ചിരുന്നു . വല്ലാതെ സ്ത്രീപക്ഷം മാത്രം സംസാരിക്കുന്നു എന്ന് തോന്നി . മര്യാദയോടെ ഇടപെടുന്ന പുരുഷന്മാരെ വിസ്മരിച്ചുകൂടല്ലോ . നല്ലതും ചീത്തയും എന്തിലും ഉണ്ട് . ഒരുപക്ഷം മാത്രം അടച്ചാക്ഷേപിക്കുന്ന രീതിയോട് യോജിപ്പില്ല . ടെല്ഹിയെക്കുരിച്ചു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് ഈയിടെ പുറത്തു വനങ കണക്കുകള്‍ സൂചിപ്പിക്കുനുണ്ട്.മുറുകെ പിടിക്കേണ്ട നയമെന്നത് ഇരകളെക്കാള്‍ വേട്ടക്കാരെ വിചാരണ ചെയ്യുകയും ശിക്ഷ എത്രയും വേഗം നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ് . ചില ആശയങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കില്‍ കൂടി ലേഖനം നന്ന് എച്ചമൂ..
പുര കത്തുമ്പോഴുള്ള വാഴ വെട്ടല്‍ അഭിനയം എല്ലാവരും നിറുത്തേണ്ട കാലം എന്നേ കഴിഞ്ഞു....
ഇത് കേട്ടില്ലേ?
http://www.ndtv.com/article/india/your-child-doesn-t-seem-to-be-suffering-that-much-official-tells-father-of-rape-survivor-319339
ചികിത്സ വേരില്‍ തുടങ്ങണമെന്ന അജിതിന്റെ അഭിപ്രായം ആവര്‍ത്തിച്ചുകൊണ്ട് കാലികമായ കുറിപ്പിന് അഭിനന്ദനങ്ങള്‍.
പ്രിയപ്പെട്ട ചേച്ചി,
എല്ലാം കാലത്തിനു അനുസരിച്ച് മാറട്ടെ. ചിലത് കുറച്ചു സമയം എടുക്കുമായിരിക്കും. എന്നാലും മാറാതെ പറ്റില്ല ഒന്നും.
സ്നേഹത്തോടെ,
ഗിരീഷ്
സ്ത്രീകൾക്ക് നേരെ മാത്രമല്ല അശരണരും ദുർബലരുമായ എല്ലാ മനുഷ്യർക്കും നേരെ ഉയരുന്ന അധീശത്വത്തിന്റെ കൈകൾ മുറിച്ചുമാറ്റേണ്ടവയാണ്. ഈ ലേഖനത്തിൽ എച്ചുമു എവിടെയൊക്കെയോ പുരുഷനെ മാത്രം പ്രതിസ്ഥാനത്തു നിർത്തിയതിനോട് യോജിക്കാനാവുന്നില്ല. ലേഡീസ് കമ്പാർട്ടുമെന്റുകളിൽ ഒപ്പം യാത്ര ചെയ്യുന്ന പെൺകുട്ടികളെ വലയിലാക്കാൻ നടക്കുന്ന സ്ത്രീകളുടെ ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി സ്ഥിരമായി തലശ്ശേരി മുതൽ കോഴിക്കോട് വരെ യാത്ര ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരി പറഞ്ഞത് ഓർക്കുന്നു.
എച്ചുമു പ്രശ്നത്തെ വല്ലാത്ത മുൻവിധിയോടെ സമീപിക്കുന്നതായി എനിക്കു തോന്നിയത് ഒരുപക്ഷേ ഇത്തരം വിഷയങ്ങൾ മനസ്സിലാക്കുന്നതിലുള്ള എന്റെ പരിമിതി കൊണ്ടും ആവാം. സ്ത്രീയുടെ ശത്രു പുരുഷൻ എന്ന മുൻവിധിയോടെ കാര്യങ്ങൾ വിലയിരുത്തുന്നതിനു പകരം കുറേക്കൂടി ആഴത്തിൽ ദുർബലരായ മനുഷ്യർക്കു നേരെ നടക്കുന്ന ചൂഷണങ്ങളുടേയും അതിക്രമങ്ങളുടേയും മനശ്ശാസ്ത്രപരവും, സാമൂഹികവുമായ കാരണങ്ങൾ കണ്ടെത്തി അതിനെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ ആരായുകയാണ് ഇരകളോടും, ഇനിയും ഇരയാവാൻ പോവുന്നവരോടും ചെയ്യാനാവുന്ന ഏറ്റവും അനുയോജ്യമായ കാര്യം എന്നാണ് എനിക്കു തോന്നുന്നത് എന്ന് പറഞ്ഞുകൊള്ളട്ടെ...
സുനിത കൃഷ്ണന് അഭിപ്രായപ്പെട്ട പോലെ ഇരകളോടല്ല,റേപ്പിസ്റ്റുകളോടാണ് കാരണം തേടേണ്ടത്..
സ്ത്രീ പീഡനത്തിന്റെ നിരക്ക് കൂടിയിട്ടുണ്ട്.അതിലേറെ സ്ത്രീ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയിട്ടുണ്ട്.സ്ത്രീക്കും സമൂഹത്തിനുമുണ്ടായ ഉണര്‍വ്വ് ആണ് ഇത് കാണിക്കുന്നത്.സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാക്കുകയും പ്രതികരിക്കാന്‍ സജ്ജമാക്കുകയുമാണ് സമൂഹം ചെയ്യേണ്ടത്. വീടുകളില്‍ പെണ് കുട്ടിക്ക് തുല്യാവകാശവും സംരക്ഷണവും കിട്ടുന്നില്ലെങ്കില്‍ സമൂഹത്തില്‍ നിന്നും അതവള്‍ക്ക് കിട്ടില്ല.
സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണവും കാവലും അല്ല ഉണ്ടാകേണ്ടത് ,പകരം സ്ത്രീയും പുരുഷനുമടങ്ങുന്ന മൊത്തം സമൂഹത്തിനു കൃത്യമായ ബോധവല്‍ക്കരണവും ഉറപ്പുള്ള നിയമങ്ങളും ആ നിയമങ്ങളെ നടപ്പിലാക്കാനാവശ്യമായ കരളുറപ്പുള്ള ഭരണവുമാണ് വേണ്ടത്...!
അതെ അതുകൊണ്ടുതന്നെയാണല്ലോ
ഇത്തരം കടുത്ത ശിക്ഷാനടപടികളുള്ള രാജ്യങ്ങളിൽ
മാത്രം സ്ത്രീ പീഡനങ്ങൾ പൊതുവെ തീരെ കുറഞ്ഞുകാണൂന്നാത്....!
“ പൌരുഷമെന്ന തെറ്റായ
ധാരണയില്‍ നിന്ന് പുരുഷന്മാരും
സ്ത്രീകളും സ്വയം മുക്തരാവുകയും അടുത്ത
തലമുറയെ മുക്തരാക്കാന്‍ വേണ്ട വിവരം നേടുകയും
ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്“
സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനൊപ്പമോ അതിൽ കൂടുതലോ സ്ഥാനം ഉണ്ടാവുകവഴിമാത്രമെ ഇതിനൊരറുതിയുണ്ടാവൂ.പോലീസുകാർ മാത്രമല്ല സാധാരണയെല്ലാ പുരുഷന്മാരും സ്ത്രീകൾ തന്നെയും അങ്ങനെ ചിന്തിക്കുന്നവരാണെന്നാൺ എനിക്കു തോന്നിയിട്ടുള്ളത്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലൊ. നമ്മുടെ ഇതിഹാസം തൊട്ടേ തുടങ്ങിയ പരിപാടി ആണ്. സ്ത്രീയെ പ്രാപിക്കാന്‍ എപ്പോള്‍ എവിടെ വെച്ചും ആകാം എന്നുള്ളതിനുദാഹരണമല്ലെ വേദവ്യാസന്റെ ജനനം തന്നെ.
എച്മൂ.....
ഞാനെന്റെ രണ്ടു പെൺകുഞ്ഞുങ്ങളേയും ഇപ്പോൾ ഉറക്കത്തിൽ ശല്യപ്പെടുത്താറില്ല.... അവർക്കു ശക്തി ലഭിക്കട്ടെ....ഈ ലോകത്തു സുരക്ഷിതമായി ജീവിച്ചു പോകാനുള്ളത്രയുമെങ്കിലും
എച്മൂ ലേഖനം നന്നായിരിക്കുന്നു..കാലിക പ്രസക്തമായത്....
"സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണവും കാവലും അല്ല ഉണ്ടാകേണ്ടത് ,പകരം സ്ത്രീയും പുരുഷനുമടങ്ങുന്ന മൊത്തം സമൂഹത്തിനു കൃത്യമായ ബോധവല്‍ക്കരണവും ഉറപ്പുള്ള നിയമങ്ങളും ആ നിയമങ്ങളെ നടപ്പിലാക്കാനാവശ്യമായ കരളുറപ്പുള്ള ഭരണവുമാണ് വേണ്ടത്."
കാടുകയറാതെ, അനാവശ്യ വികാരപ്രകടനങ്ങള്‍ ഒഴിവാക്കി ശകതമായ എഴുത്ത്.
വായിച്ചിരുന്നു നേരത്തെ പത്രത്തില്‍. നല്ല ലേഖനം എച്ച്മു.
ഡല്‍ഹി സം ഭവത്തൊടെ പലരുറ്റെയും ഉള്ളിലിരുപ്പ് മനസ്സിലാക്കാനായി.
സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ നിയമം
നടപ്പാക്കേണ്ടവര്‍ തന്നെ നിസ്സാരവല്‍ക്കരിച്ചാല്‍
എങ്ങിനെയാണ് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവുക.
ആദ്യവായന അക്ബറിന്റെ. സന്തോഷം. നിയമം മാത്രം പോരാ. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം.
അതെ, രാംജി. എല്ലാറ്റിലും നമ്മള് അങ്ങനെയാണ്. ഇതുപോലെ ഒരു വലിയ പ്രശ്നം വന്നാല്‍ ...അതിനെതിരെ നിരന്തരമായ ബഹുജനസമരമുണ്ടായാല് ചിലപ്പോള്‍ ....ഒരു മാറ്റം ഉണ്ടായേക്കാം. എന്നാല്‍ അടിസ്ഥാനപരമായ മനോഭാവം മാറ്റാനുള്ള വഴികള്‍, ഇമ്മാതിരിയുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള വഴികള്‍ നമ്മള് തേടുന്നില്ല.
കുടുംബം സമൂഹത്തില്‍ നിന്ന് ഭിന്നമായി നില്ക്കുന്ന ഒരു സ്ഥാപനമല്ല, നിസാര്‍. സമൂഹത്തിനില്ലാത്ത മൂല്യബോധം കുടുംബത്തിനുണ്ടാവുക സാധ്യമല്ല. സമൂഹ ജീവിയായ പുരുഷനും സ്ത്രീയുമാണ് കുടുംബനാഥനും നാഥയും....അവര്‍ ജനിച്ചു വളര്‍ന്ന സമൂഹത്തിന്റെ മൂല്യങ്ങളാവും അധിക പങ്കും അവര്‍ അടുത്ത തലമുറയെ പഠിപ്പിക്കുന്നത്.
വി കെ വായിച്ചതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി.
അജിത്ജി പറഞ്ഞത് സത്യമാണ്. അഭിനന്ദനങ്ങള്‍.
വളരെ വൈകാരികമായ പ്രതികരണമാണല്ലോ ജന്മസുകൃതമേ! വന്നതില്‍ സന്തോഷം കേട്ടോ.
ശ്രീനാഥന്‍ മാഷിനും വിനോദിനും നന്ദി.
വഴിമരങ്ങളോട് ഞാന്‍ വിയോജിക്കുന്നു. പുരുഷന്മാരെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നമ്മുടെ സമൂഹം എവ്വിധമാണ് വഞ്ചിക്കുന്നതെന്ന് ഈ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.സ്ത്രീകളെ സമൂഹം എങ്ങനെയെല്ലാം ഒതുക്കുന്നുവെന്ന് അധിക പങ്കും മനസ്സിലാക്കപ്പെടാത്തതു പോലെ പുരുഷന്മാരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും യഥാര്‍ഥമായി മനസ്സിലാക്കപ്പെടുന്നില്ല.. പുരുഷനും സ്ത്രീയും തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അതില്‍ നേട്ടമുണ്ടാക്കുന്നത് ആരെന്ന് പഠിത്തവും ലോകപരിചയവുമുള്ള പുരുഷനും ഇതു രണ്ടും കുറവായ സ്ത്രീയും തിരിച്ചറിയുന്നില്ല. ഈ സമൂഹത്തിന്റെ മൂലുഅബോധത്തില് ഗൌരവമായ പാകപ്പിഴകളുണ്ടെന്ന് ഈ ലേഖനത്തിലും ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വഴിമരങ്ങള്‍ തെറ്റിദ്ധരിച്ചതു മാതിരി പുരുഷന് സ്ത്രീയുടെ ശത്രുവാണെന്ന ഒരു ധാരണ എനിക്കില്ലെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ.
ശരിയാണ് ശ്രീ.ദില്ലിയില്‍ മാത്രമല്ല, രാജ്യമെമ്പാടുമുള്ള അനീതികള്‍ക്കെതിരേ യുവജനങ്ങള്‍ സമരം ചെയ്യുമ്പോഴാണ് സമരങ്ങളില്‍ ചെറിയ തോതിലെങ്കിലും വിജയമുണ്ടാവാന്‍ സാധ്യതയുണ്ടാവുക.
അനോനിമസെഴുതിയത് എനിക്ക് മനസ്സിലായില്ല. വായിച്ചതില്‍ സന്തോഷം.
മൈനേ, ഈ വലിയ സത്യം എഴുതിയതിനു ഒരു ഹസ്തദാനം കേട്ടൊ.
ഇലഞ്ഞിപ്പൂക്കള്‍ക്ക് നന്ദി.
ധനലക്ഷ്മി വാസ്തവമാണ് പറഞ്ഞത്. വായിച്ചതിന് നന്ദി.
അനാമിക വായിച്ചതില്‍ സന്തോഷം. ഈ കുറിപ്പില്‍ സ്ത്രീ സ്വാതന്ത്ര്യം അല്ല, മനുഷ്യ സ്വാതന്ത്ര്യം ആണ് ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്. എല്ലാ പുരുഷന്മാരും മോശമാണെന്നും സ്ത്രീകള്‍ എല്ലാവരും നല്ലവരാണെന്നും ഉള്ള നിലപാട് എനിക്കേതായാലും ഇല്ല. സമൂഹത്തിന്റേതില്‍ നിന്ന് വിഭിന്നമായ മൂല്യസങ്കല്‍പ്പം കുടുംബങ്ങളില്‍ മാത്രമായിട്ട് പുലരുന്നതെങ്ങനെയാണ് അനാമിക? വീടുകളില്‍ വളരെ നല്ലവരായ സ്ത്രീ പുരുഷന്മാര് സമൂഹ മധ്യത്തിലാകുമ്പോള്‍ പൊടുന്നനെ മോശമായിത്തീരുമോ? അനാമിക പരാമര്‍ശിച്ച കുടുംബമാധ്യമത്തിലെ ലേഖനത്തില്‍ ഞാന്‍ ഒരു പക്ഷം പിടിച്ചതായി എനിക്ക് തോന്നുന്നില്ല. ലേഖനം ഞാന്‍ കണ്ടില്ല ഇതു വരെ. അത്തരമൊരു തെറ്റിദ്ധാരണ അതിലുണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം. വായിച്ചതില്‍ സന്തോഷം കേട്ടൊ ഇനിയും വായിക്കുമല്ലോ.
അതെ, ചന്തുവേട്ടാ. ആ കാലം കഴിഞ്ഞു എന്ന് ഞാന്‍ കരുതുന്നു.ഇനി വേണ്ടത് വിട്ടു വീഴ്ചയില്ലാത്ത സമരങ്ങളുടെ കാലമാണ് അല്ലേ? വന്നതില്‍ സന്തോഷം.
മുബി അയച്ച ലിങ്ക് വായിച്ചു. സമൂഹ മനസ്സ് മാറേണ്ട ആവശ്യകതയിലേക്ക് ഈ വാര്‍ത്തയും വിരല്‍ ചൂണ്ടുന്നില്ലേ? കുറ്റവാളിയെ രക്ഷപ്പെടുത്താനും ഏഴു വയസ്സുകാരിയുടേ വേദനയെ നിസ്സാരീകരിക്കാനുമുള്ള ഒരു പരിശ്രമം ഇവിടെയുമില്ലേ? അതു തന്നെയാണ് ഞാന്‍ സമൂഹ മൂല്യങ്ങള്‍ മാറേണ്ടതുണ്ടെന്ന് എഴുതുമ്പോള്‍ ഉദ്ദേശിച്ചതും....
അതെ, ഗിരീഷ് ശുഭാപ്തി വിശ്വാസം നമുക്ക് സമരം ചെയ്യാനുള്ള പ്രേരണ തരട്ടെ.
എനിക്ക് മുന്‍ വിധിയൊന്നുമില്ല പ്രദീപ് മാഷ്. പുരുഷന്മാരെല്ലാവരും സ്ത്രീകളുടെ ശത്രുക്കളാണെന്ന ധാരണയും എനിക്കില്ല. പുരുഷന്മാര് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തെപ്പറ്റി പറഞ്ഞുകൊണ്ടാണല്ലോ ലേഖനം എഴുതിയത്.... മാഷ് എഴുതിയ അവസാന വാചകത്തോട് സര്‍വാത്മനാ യോജിക്കുന്നുവെന്ന് അറിയിക്കട്ടെ.
അതിനു അവരെന്തിനാ ഉത്തരം പറയുന്നതെന്റെ സേതു? ബാക്കി സകലമാന പേരും ഒത്തിരി കാരണങ്ങള്‍ നിരത്തി മനസ്സിലാക്കിത്തരുന്നില്ലേ? പിന്നേം സംശയമോ?
വെട്ടത്താന്‍ ചേട്ടന് നന്ദി.
ബിലാത്തിപ്പട്ടണത്തിനും നന്ദി.
സങ്കല്‍പ്പങ്ങള്‍ വായിച്ചതില്‍ സന്തോഷം.
അതെ, കുസുമം. അങ്ങനെയൊക്കെയാണല്ലോ സാമൂഹികമായ പരുവപ്പെടുത്തല്‍ അധികാരം വെച്ചു പുലര്ത്തപ്പെടുക.
അതെ, അമ്മൂന്റെ കുട്ടി. അവര്‍ കുറഞ്ഞത് അത്രയുമെങ്കിലും നേടാനിട വരട്ടെ. കൂടുതലായി മറ്റുള്ളവര്‍ക്കും അതെല്ലാം നേടിക്കൊടുക്കാന്‍ പ്രാപ്തിയുള്ളവരാകട്ടെ.
അനിലിനും മുല്ലയ്ക്കും ഉണ്ണിച്ചേട്ടനും നന്ദി. ഇനിയും വരുമല്ലോ.
പുര കത്തുമ്പോഴുണ്ടാകുന്ന വാഴവെട്ടല്‍...,..........
അതാണ് സത്യം....
കാലികപ്രസക്തിയുള്ള ലേഖനം.
ആശംസകള്‍
നിയമം അതിന്റെ വഴിക്ക് മെല്ലെ മെല്ലെ നടന്ന് കുറ്റവാളികളെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്തുകൊള്ളുമെന്ന് പറയുന്ന ഒരു ഭരണകൂടമല്ല നമുക്ക് ആവശ്യം. കുറ്റവാളികള്‍ ആരു തന്നെയായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുന്ന ഭരണകൂടമാണ്. അതോടൊപ്പം അനിയന്ത്രിതമായ സൌജന്യങ്ങളും അവസാനമില്ലാത്ത അവകാശങ്ങളും ആണ് പൌരുഷമെന്ന തെറ്റായ ധാരണയില്‍ നിന്ന് പുരുഷന്മാരും സ്ത്രീകളും സ്വയം മുക്തരാവുകയും അടുത്ത തലമുറയെ മുക്തരാക്കാന്‍ വേണ്ട വിവരം നേടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ലേഖനവും കമന്റുകളും വായിച്ചു.
ബലാത്സംഗ വീരന്മാരും കൂട്ടി കൊടുപ്പുകാരും ഞരമ്പ് രോഗികളും ഇതൊന്നും വായിക്കുന്നില്ലല്ലോ. ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോഴും നിരത്തുകളില്‍ ബസ്സുകളില്‍ ട്രെയിനുകളില്‍ ചുരമാന്തുന്ന കാമവെറിയുമായി ക്രിമിനലുകള്‍ റോന്തു ചുറ്റുകയാണ്. നമ്മുടെ പെണ്മക്കളുടെ ജീവനും മാനവും കൊത്തിപ്പറിക്കുവാന്‍. ചതിയില്‍ പെടുത്തി അവരുടെ മാംസം മുറിച്ചു വില്ക്കാന്.
മാനഭംഗപ്പെടുന്ന ഓരോ പെണ്‍കുട്ടിയെ ചൊല്ലി കരയുന്ന അവളുടെ അച്ഛനോ സഹോദരനോ കൂടെ ഉണ്ടാകും. വര്‍ദ്ധിച്ചുവരുന്ന ഈ ക്രൂര വ്യവസ്ഥ സ്ത്രീയുടെ മാത്രം പ്രശ്നമല്ല. പുരുഷന്റെത് കൂടിയാണ്.
ഡല്‍ഹിയില്‍ നടന്ന ക്രൂരതയുടെ ചുവടു പിടിച്ചു ഫെമിനിസത്തിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടി കുഴക്കുന്നതിനു പകരം ആധുനിക സ്ത്രീ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളും അവള് അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും ആണ് കൂടുതല്‍ ചര്‍ച്ച ചെയ്യപെടെണ്ടത്.രാത്രി ഒറ്റയ്ക്ക് സെക്കണ്ട് ഷോ സിനിമ കാണുന്നതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനെക്കാള്‍,മദ്യപരും മയക്കു മരുന്നിനു അടിമപെട്ടവരും അലഞ്ഞു നടക്കുന്ന നഗരങ്ങളിലെ തെരുവിലൂടെ ഒറ്റയ്ക്ക് കയ്യും വീശി നടക്കുന്നതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനേക്കാള്‍,വടക്കേ ഇന്ത്യയിലെ സ്കൂള്‍ കാണാത്ത,ജാതിയുടെയും ഉപജാതിയുടെയും വേലികെട്ടുകള്‍ക്കിടയില്‍ പെട്ട് ജീവിതം അടുക്കളയിലും പാടങ്ങളിലും ഹോമിക്കപെടുന്ന പാവപെട്ട സ്ത്രീകള്‍ക്ക് വേണ്ടി ആയിരിക്കണം നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ശഭ്ദം ഉയരേണ്ടത്.ദയാ ഭായിയെ പോലെയോ മേഥ പട്കരെയോ പോലുള്ളവര്‍ കുറഞ്ഞു ഫേസ്ബുക്കില്‍ മെഴുകുതിരി കത്തിച്ചു ആത്മ സംതൃപ്തി അടയുന്ന ആക്ടിവിസ്റ്റുകള്‍ കൂടുന്നതാണ് നമ്മുടെ പ്രശ്നം.സ്വന്തം അച്ഛനും ആങ്ങളയും ഭര്‍ത്താവും ഒഴിച്ച് വീട്ടിനു വെളിയില്‍ ഉള്ള എല്ലാ പുരുഷന്മാരും ഒരു പെണ്ണിനെ കയ്യില്‍ കിട്ടിയാല്‍ ബലാല് സംഘം ചെയ്യുവാന്‍ വേണ്ടി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ക്രൂരന്മാര് എന്ന ചിന്താ ഗതി ഇവിടെയുള്ള സ്ത്രീ ആക്ടിവിസ്റ്റുകള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മറ്റു പുരുഷന്മാര് ആക്രമിക്കാത്തിടത്തോളം കാലം
മാത്രമേ സ്ത്രീ സംരക്ഷണം പുരുഷന്റെ യോഗ്യത ആവുന്നുള്ളൂ..
ഒറ്റ വായനയില്‍ പലരും കണ്ടത് പോലെ ഒരു പുരുഷ വിദ്വേഷി ആണ് എഴുത്തുകാരി എന്ന് എനിക്ക് തോന്നുന്നില്ല...ഏതു കടന്നു കയറ്റവും ബലാല്ക്കാരം ആണെന്ന് ഇരിക്കെ പ്രതികരിക്കാനും എതിര്‍ക്കാനും കൂടുതല്‍ അവസരം ഇല്ലായ്മ സ്ത്രീകള്‍ക്ക് ആണെന്നിരിക്കെ
അതൊരു സമൂഹത്തിലെ സ്ത്രീയുടെ അബലതയും പുരുഷന്റെ
മേല്‍ക്കോയ്മയും ആവുന്നു എന്ന് മാത്രം.അത് ഒരു അവസ്ഥ ആണ്...
എല്ലാ ആണുങ്ങളെയും ഇവിടെ ചീത്ത എന്ന് പറയുന്നില്ല...
വെള്ളം കുടിക്കുന്ന ഗ്ലാസില്‍ അല്പം അഴുക്കു പുരണ്ടാല്‍ ഭാര്യയെ തറപ്പിച്ചു നോക്കുന്ന പുരുഷന് ഭാര്യ തിരികെ എന്ത് എങ്കിലും പറഞ്ഞാല്‍ അഹങ്കാരി എന്ന് അല്ലാതെ പറയുന്നവര്‍ എത്ര പേര് ഉണ്ടാവും??ഒരു താല്പര്യം ഇല്ലാത്ത നോട്ടം പോലും വക വെച്ച് കൊടുക്കാത്ത പുരുഷന് ഒരു സ്ത്രീയുടെ മാനസികവും ശാരീരികവും ആയ കീഴടങ്ങലുകളെ എത്ര മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും...
കരണത്ത് അടി വാങ്ങാന്‍, എന്നിട്ട് വീണ്ടും കാല്ക്കീഴില് കിടന്നു
നിരങ്ങാന്‍, അങ്ങനെ ഒരു അവസ്ഥ പുരുഷന് ചിന്തിക്കാന്‍ ആവുമോ?
വ്യക്തിത്വം എന്ന വാക്കിന്റെ അര്‍ഥം പോലും മനസ്സിലാക്കാത്ത്തവര് ആണ്
നമ്മള് പല ഇന്ത്യക്കാരും... അത് കൊണ്ട് തന്നെ അപരിചിതരാല്‍ ബാലാല്സ്ന്ഗം ചെയ്യപ്പെടുന്ന സ്ത്രീയും സ്വന്തം ഭര്‍ത്താവിനാല്‍ അക്രമാസക്തമായ രതി വേഴ്ച്ചകള്‍ക്ക്
ഇര ആവുന്ന ഭാര്യയും ഒക്കെ പോലീസിനും ജനത്തിനും വെറും പെണ്ണ് മാത്രമാണ്..
സഹിക്കേണ്ട പെണ്ണ്...പുറത്തു പറയാന്‍ പാടില്ലാത്ത പെണ്ണ്..
കാലു കൊണ്ട് കളം വരച്ചും മുഖത്ത് നോക്കാതെ
സംസാരിച്ചും അടക്കി ഒതുക്കി വളര്‍ത്തിയും ഭാരത സംസ്കാരം എന്ന് ഓമനപ്പേര് വിളിച്ചു വളര്‍ത്തി വലുതാക്കുന്ന പെണ്‍കുട്ടികള്‍ക്ക്
ഒരു സുപ്രഭാതത്തില്‍ നിവര്‍ന്നു നിന്ന് ഒന്നും ചെയ്യാന്‍ ആവില്ല ....
അതിനു സമൂഹം മാറണം...ആണും പെണ്ണും രണ്ടു മനുഷ്യര്‍ ആണ്
എന്ന സത്യം അന്ഗീകരിച്ചാല്‍ പരസ്പരം ബഹുമാനം ഉണ്ടാവും..
അതാണ് അജിത് ചേട്ടന് പറഞ്ഞു വെച്ചത്..വേരോടെ പിഴുതു എറിയണം..
അതിനു എന്ത് ചെയ്യാന്‍ ആവും??ഭാനു കളരിക്കല്‍ എഴുതിയത് പോലെ ഇതൊന്നും ഒരു ക്രിമിനലും വായിക്കുന്നില്ല.അവര്‍ വീണ്ടും ഇരകളെ
തേടി നടക്കുന്നു....
ലേഖനത്തിന് അഭിനന്ദനങ്ങള്‍ എച്മു...
കോളിളക്കമുണ്ടാക്കിയ ഡല്ഹികൂട്ടമാനഭംഗക്കേസിനു ശേഷവും വീണ്ടും എത്രയോ എത്രയോ ......ഇതിനു മാറ്റം വരണമെങ്കില്‍ ഇവിടെ ശക്തമായ നിയമങ്ങള്‍ ഉണ്ടാവുകയും അത് പാലിക്കപ്പെടുകയും വേണം അതില്ലാത്തിടത്തോളം കാലം വെറുതെ എന്തെങ്കിലുമൊക്കെ പറയാമെന്നെയുള്ളൂ .കാലികപ്രസക്തമായ ലേഖനം !
വീണ്ടും ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു.ഇതിനു തക്കതായ നിയമങ്ങള്‍ വരണം.പെണ്ണ് ആയി പിറന്നത് കൊണ്ട് അവള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ . ശരിക്കും അമര്‍ഷം ഉണ്ട്. കാലിക പ്രസക്തമായ രചന...
i can explain if you allow me to
മാതൃകാ പരമായ ശിക്ഷാ നടപടികള്‍ ഇല്ലാത്തിടത്തോളം ക്കാലം ഇതൊക്കെ ഇങ്ങനെ തന്നെ ഉണ്ടാവും
തങ്കപ്പന് ചേട്ടനും അബൂതിയ്ക്കും നന്ദി.
ഭാനു എഴുതിയ അവസാനവരിയെ ഓരോ സ്ത്രീയും മനസ്സോടു ചേര്‍ത്തു പിടിക്കും. നന്ദി ഭാനു.
അജ്ഞാതന്റെ അഭിപ്രായം വായിച്ചു. ദയാബായിയും മേധാപട്കറും തീര്‍ച്ചയായും പുരുഷന്മാരില് നിന്നും കൂടി ഉയര്‍ന്നു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ.
ഈ കുറിപ്പിനെ തികച്ചും വ്യക്തമായി വായിച്ചു മനസ്സിലാക്കുകയും ഭംഗിയായ അഭിപ്രായ പ്രകടനത്തോടെ കുറിപ്പിനോട് പ്രതികരിക്കുകയും ചെയ്ത എന്റെ ലോകത്തിനു പ്രത്യേകം നന്ദി. കുറിപ്പ് ശരിയായ അര്‍ഥത്തില്‍ വായിക്കപ്പെടുന്നില്ലെന്ന വിഷമം ഈ അഭിപ്രായം വായിച്ചപ്പോള്‍ മാറിയെന്നറിയിക്കട്ടെ.
മിനിക്കും ശ്രീജയദിപുവിനും സ്വാഗതം.വീണ്ടും വരിക.
അനോനിമസ് വീണ്ടും വന്നതില്‍ സന്തോഷം.
കൊമ്പനെ കണ്ടില്ലല്ലോ എന്നു വിചാരിക്കുകയായിരുന്നു വന്നതില്‍ സന്തോഷം കേട്ടോ.
എന്ത് പറയാനാണ് ...
ഒരുപാടുകാലം ഫസ്ബുക്കില് എല്ലാവരുമായി അടികൂടി ഫെമിനിസ്റ്റായി ചിത്രീകരിച്ചു (ഒരുസ്ത്രീ പ്രശ്നത്തെപ്പറ്റി ചിന്തിച്ചുപോയാല്‍ ആദ്യം വിളിക്കുന്ന തെറി ഫെമിനിസ്റ്റെന്നാണ്) സംസാരിച്ചിട്ടു കാര്യമില്ലെന്ന് കണ്ടു നിര്‍ത്തിയതാണ് ഈ വിഷയം. കാരണം തൊണ്ണൂറു ശതമാനം സ്ത്രീയും പുരുഷനും ഇതങ്ങിനെത്തന്നെയേ സംഭവിക്കാവു എന്നു വിശ്വസിക്കുന്നവരാണ്.
ദ മാന്‍ ടു വാക് വിത് വന്നില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു......
പ്രയാണ്‍ എഴുതിയത് ഒരു പരമസത്യമാണ്.
ഭ്രാന്തു ഒരു പരിധി കടന്നാല്‍ ചങ്ങലക്ക് ഇടേണ്ടത് അത്യാവശ്യമാണ് ! പെപ്പട്ടികളെയും !
അതോടൊപ്പം ആരും പറയാത്ത ഒരു സ്റ്റിസ്ടിക്സ് വാസു പറഞ്ഞു കൊള്ളട്ടെ ...: ഇന്ത്യന്‍ സിനിമ ഉണ്ടായതിനു ശേഷം ഇതവരെ ഇന്ത്യന്‍ സിനിമകളില്‍ നടന്നു വരുന്ന "ബലാത്സംഗങ്ങളുടെ " എണ്ണം ഒരു ഗിന്നസ് റിക്കാര്‍ഡ് തന്നെയാകില്ലേ..? എന്ത് കൊണ്ട് നമ്മള് വളരെ വല്ഗര് സംസ്കാരം എന്ന് വിവരമില്ലാതെ അധിക്ഷേപിച്ചു തള്ളുന്ന സായിപ്പിന്റെ ചിത്രങ്ങളില്‍ ബലാല്‍സംഗ രംഗങ്ങള്‍ ഇല്ലാതെ പോകുന്നു ..?? ആലോചിക്കുക ! കാരണം മറ്റൊന്നുമല്ല ഇന്ത്യന്‍ പുരുഷന് ബലാല്‍സംഗം കാണുവാന്‍ ഇഷ്ടപ്പെടുന്നു അന്നത് തന്നെ ! ഒരു രാജ്യത്തിലെ സിനിമ ആ രാജ്യത്തിന്റെ സംസ്കാരത്തെ പ്രതിഭലിപ്പിക്കുന്നു അവിടത്തെ സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെ മാനസിക മാനവീയ നിലവാരത്തെ അടയാളപ്പെടുത്തുന്നു ..! ആള്‍ക്കൂട്ടം അല്ല ജനാധിപത്യം എന്ന് ഇന്ത്യയില്‍ ഇതാ ഉദാത്ത ജനാധിപത്യം എന്ന് പെര്മ്ബാര കൊട്ടി നടക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയുകയില്ല.. കാരണം അവര്‍ ഉറക്കം നടിക്കുകയാണ് -- ഒപ്പം ഈ സമൂഹവും !
അത് കൊണ്ട് -
ഭ്രാന്തു ഒരു പരിധി കടന്നാല്‍ ചങ്ങലക്ക് ഇടേണ്ടത് അത്യാവശ്യമാണ് ! പെപ്പട്ടികളെയും !
കുറച്ചു നാളായി ഭയങ്കര ജോലി തിരക്കില്‍ ആയതിനാല്‍ പോസ്റ്റുകള്‍ ഒന്നും വായിക്കാന്‍ പറ്റിയില്ല.
ഇന്ന് രാവിലെ പത്രത്തില്‍ വാര്‍ത്ത കണ്ടു പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ടത്രെ. ഇരുപതു വര്‍ഷം തടവ് ശിക്ഷ മതി എന്ന്.
ശക്തമായ നിമയങ്ങള്‍ കൊണ്ടുവരേണ്ട സമയത്ത് ഇങ്ങിനെ പെരുമാറുന്ന ഭരണകൂടമുള്ള ഒരു രാജ്യത്തു സ്ത്രീകള്‍ കൂട്ടത്തോടെ ലിങ്കമാറ്റ ശസ്ത്രക്രിയ നടത്തിയാലും അത്ഭുതപ്പെടാനില്ല.
എച്ചുമു പോസ്റ്റ് നന്നായി. കതിരില്‍ വളം വെക്കാതെ മുളയിലെ നല്ല ശീലങ്ങള്‍ എല്ലാവരും കുടുംബങ്ങളില്‍ നിന്ന് പഠിക്കട്ടെ. പണ്ടു നമ്മുടെ നാട്ടില്‍ പെണ്ണുങ്ങളെ പുരുഷന്മാര് ബലാംസംഗം ചെയ്തിരുന്നു എന്ന് കുറെ തലമുറയ്ക്ക് അപ്പുറം നിന്ന് കൊണ്ടു ജനങ്ങള്‍ ലജയോടെ പറയുന്ന ഒരു കാലം കാത്തിരിക്കുന്നു. അതിനായി ഇനിയെങ്കിലും നമുക്ക് കുട്ടികളെ ശീലിപ്പിക്കാം.
വായിച്ചു, ഇഷ്ടപ്പെട്ടു, പക്ഷെ ചില ആശയങ്ങള്‍ ഒരു വിഭാഗത്തെ ഒന്നായി അധിക്ഷേപിക്കുന്ന വിധമായില്ലേ, എന്ന് തോന്നി. ജനകോടികലുള്ള ഇന്ത്യ മഹാരാജ്യത്തെ സംബന്ധിച്ച്, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്, മാത്രമല്ല പുരുഷന്മാര് എന്ന് ഒന്നടങ്കം ആ മനോരോഗികളെ മുദ്രകുത്തരുത്, വൈകിയാനെങ്കില് പോലും ഡല്‍ഹി പെണ്‍കുട്ടിയെ സഹായിച്ചതില്‍ തൊണ്ണൂറു ശതമാനവും പുരുഷന്മാര് തന്നെയാണ്, പുരുഷമേധാവിത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരു പിടി കല്ലെടുത്ത് മുകളിലെക്കെരിഞ്ഞാല് അതില്‍ മുക്കാല്‍ പങ്കും പുരുഷന്മാര്ക്ക് മേല്‍ തന്നെ വീഴും. " പുരുഷന്റെ മേല്ക്കോയ്മയില് സംഭവിക്കാന്‍ തുടങ്ങുന്ന ഈ അല്പ മാറ്റങ്ങളുമായി പൊരുത്തപ്പെടുവാന്‍ സാധിക്കണം." പൊരുത്തപ്പെടും, പക്ഷെ അതിനും സമയം എടുക്കും, മുങ്ങിപ്പോകുമെന്ന് ഉറപ്പുള്ളവര്‍ പോലും മരണത്തിനു മുന്പില് കീഴടങ്ങുന്നത് വരെ ജീവിക്കാന്‍ ശ്രമിക്കില്ലെ(i know its a bad,bad example)ഈ മാറ്റങ്ങള്‍ നാം ഇന്ന് ശ്രമിച്ചാല്‍ അടുത്ത തലമുറയ്ക്ക് ഉപകരിക്കും, അതിന് സ്ത്രീ , പുരുഷന് എന്ന ചിന്താഗതി മാറ്റിവെച്ച്, ഒറ്റ മനസ്സോടെ എല്ലാവരും പ്രവര്‍ത്തിക്കണം. പക്ഷെ ഏറ്റവും പ്രധാനം നാം ഓരോരുത്തരും നമ്മെ തന്നെ നന്നാക്കുക എന്നതാണ്, ഒരു സമരം തന്നെയാണത്, പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്ക്കായെങ്കിലും നാം അത് ചെയ്തെ മതിയാകൂ.
ഇനിയും എഴുതുക
ആശംസകള്‍ !
ചെത്തു വാസുവിന്റെ പ്രതികരണം തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. നന്ദി ഈ കുറിപ്പിനെ ഇങ്ങനെ വായിച്ചതിനു...
ശ്രീജിത്തിനെ കാണാറില്ലല്ലോ..ഈ ബ്ലോഗ് വായന നിറുത്തിയോ എന്ന് കരുതി.. വന്നതിലും ഈ അഭിപ്രായം എഴുതിയതിലും സന്തോഷം കേട്ടോ.
എന്റെ റോസാപ്പൂവേ അങ്ങനൊരു കാലം വരുന്നത് എത്ര മേല്‍ ആഹ്ലാദകരമായിരിക്കും.. വായിച്ചതില്‍ സന്തോഷം.
പ്രവീണ്‍ വായിച്ചതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം . ഇനിയും വരികയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
ഇതൊരു വലിയ ഉത്തരവാദിത്തമാണ്. നിയമങ്ങള്‍ പഴുതില്ലാത്തവയാവുകയും അവ കര്‍ശനമായി നടപ്പിലാക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം രാഷ്ട്രീയമായ ഇച്ഛാശക്തിയുള്ള, സമര സജ്ജമായ ജനതയും, ഉത്തരവാദിത്തമുള്ള ഭരണകൂടവും പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ഉണ്ടായേ മതിയാകൂ.
ശരിയാണ്. പക്ഷേ ആ ഉത്തരവാദിത്വം എറ്റെടുക്കാന്‍ നമ്മുടെ ഭരണാദികാരികളോ, വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമങ്ങളോ തയ്യാറാകുമെന്നു എനിയ്ക്കു തോന്നുന്നില്ല. കാലങ്ങള്‍ കഴിയുമ്പോള്‍ കുറച്ചെങ്കിലും മാറ്റം വരും എന്നു പ്രതീക്ഷിക്കാം @PRAVAAHINY
Nammude raastreeya vaanara janmangal avasara vaadikal thanne. Janangal thanne rangathirangiyaale enthenkilum nadakkoo...
Inganathe krooranmare Linga chedam cheytho shoolathil kayatti (engane kayattanam ennu njaan parayendathillallo) sikshikkanam... athi kroora shiksha nadappilaakkiyaale ivanmarude aa asukham theerathulloo..
സ്ത്രീയും പുരുഷനുമടങ്ങുന്ന മൊത്തം സമൂഹത്തിനു കൃത്യമായ ബോധവല്‍ക്കരണവും ഉറപ്പുള്ള നിയമങ്ങളും ആ നിയമങ്ങളെ നടപ്പിലാക്കാനാവശ്യമായ കരളുറപ്പുള്ള ഭരണവുമാണ് വേണ്ടത്.മാതൃകാ പരമായ ശിക്ഷാ നടപടികള്‍ ഇല്ലാത്തിടത്തോളം ക്കാലം ഇതൊക്കെ ഇങ്ങനെ തന്നെ ഉണ്ടാവും
Post a Comment