Saturday, February 23, 2013

ജസ്റ്റീസ് വര്‍മ്മ കമ്മിറ്റി പറയുന്നത്.....


https://www.facebook.com/echmu.kutty/posts/295517567241641

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ഫെബ്രുവരി  1 നു  പ്രസിദ്ധീകരിച്ചത്. )

നമ്മുടെ അറുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തിനു തൊട്ടു മുന്‍പാണ്  റിട്ട. ജസ്റ്റീസ് വര്‍മ്മയും റിട്ട. ജസ്റ്റീസ് ലീലാ സേഥും പഴയ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുത്തത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുവാന്‍ വേണ്ട  ചില നിര്‍ദ്ദേശങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.  ദില്ലിയില്‍ നടന്ന ആ കൊടുംക്രൂരതയില്‍  കഠിനമായി പ്രതിഷേധിച്ച  സാധാരണ  ജനങ്ങളെ ലാത്തികൊണ്ട്  തടവുകയും  ചെളിവെള്ളത്തില്‍ കുളിപ്പിക്കുകയും  കണ്ണീര്‍ വാതകത്തില്‍  പുകയിടുകയും ഒക്കെ ചെയ്ത ശേഷം  ഒന്ന് സമാശ്വസിപ്പിക്കാന്‍  കേന്ദ്രഗവണ്മെന്‍റ്  നിയമിച്ചതാണ് ജസ്റ്റീസ്  വര്‍മ്മ കമ്മിറ്റിയെ.  കമ്മിറ്റി റിപ്പോര്‍ട്ട്  ഇത്ര പെട്ടെന്ന് തയാറാക്കപ്പെടുമെന്ന്  നിയമിച്ച ഗവണ്‍മെന്‍റ്  തന്നെ കരുതിയിട്ടില്ല. അതുകൊണ്ട്  പല ഗവണ്‍മെന്‍റ്  ഡിപ്പാര്‍ട്ട്മെന്‍റുകളും റിപ്പോര്‍ട്ടെഴുതുന്നതില്‍ യാതൊരു സഹകരണവും കൊടുത്തില്ല.  മിക്കവാറും സംസ്ഥാനങ്ങളിലെ ഏറ്റവും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരായ  ഡി ജി പിമാര്‍  കമ്മിറ്റിയോട്  സംസാരിക്കാന്‍  പോലും തയാറായില്ല. പല സംഘടനകളും  കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് ഒരുത്തരവും നല്‍കിയില്ല.  പക്ഷെ,സാധാരണ ജനങ്ങള്‍ വളരെ നന്നായി പ്രതികരിച്ചുവെന്ന് കമ്മിറ്റി വെളിപ്പെടുത്തി. ഏറ്റവും ആശാവഹമായ, ഏറ്റവും മഹത്തായ  ഒരു  മാറ്റമാണിത്.

കൂടുതലും സ്ത്രീകളുടെ കാഴ്ചപ്പാടില്‍, സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശ നിര്‍ണയത്തിലുറപ്പിച്ച്  തയാറാക്കിയ  ഒന്നാണിതെന്ന നിസ്സാരീകരണം ഈ റിപ്പോര്‍ട്ടിനെ  ഇതിനകം ബാധിച്ചു  കഴിഞ്ഞു.  അതുകൊണ്ട് തന്നെ  ഇതിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും ഒരിക്കലും  നടപ്പിലാക്കപ്പെടുകയില്ലെന്നും മറ്റു പല  റിപ്പോര്‍ട്ടുകളേയും പോലെ ഇതും കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കപ്പെടുമെന്നും ഉള്ള  ആശങ്കയും വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഗവണ്‍മെന്‍റും  പ്രതിപക്ഷവും ഒന്നിച്ചു   പുലര്‍ത്തുന്ന  അര്‍ഥഗര്‍ഭമായ മൌനം  ഈ സാധ്യതയെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നു.

ദുരന്തത്തില്‍   പൊലിഞ്ഞു പോയ ദില്ലിയിലെ ആ പെണ്‍ ജീവിതവും  അവിടെ  സമരത്തിലേര്‍പ്പെട്ട യുവജനങ്ങളും വലിയ പ്രേരണയായി മാറിയ ഈ റിപ്പോര്‍ട്ടിലെ  നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും ഇങ്ങനെയൊക്കെയാണ്. സ്ത്രീ  പീഡനങ്ങളെക്കുറിച്ചുള്ള  പരാതികളില്‍ എഫ് ഐ ആര്‍ എഴുതാന്‍  വിസമ്മതിക്കുന്ന പോലീസുദ്യോഗസ്ഥന്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതും  പരസ്യമായി നഗ്നയാക്കുന്നതും പോലെയുള്ള  വ്യത്യസ്ത രീതിയിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക്  വ്യത്യസ്ത ശിക്ഷാവിധികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പല ലൈംഗിക പീഡനങ്ങള്‍ക്കും ഇപ്പോള്‍ നിലവിലുള്ളതിലും കൂടുതല്‍  കര്‍ശനമായ ശിക്ഷകള്‍ ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബലാല്‍ക്കാരം ചെയ്യപ്പെട്ട സ്ത്രീയില്‍  നടത്തി വരുന്ന  കന്യകാത്വ പരിശോധന നിരോധിക്കേണ്ടതാണ്.  ഭാര്യ ഭര്‍ത്താവിന്‍റെ  അധീനതയിലുള്ള സ്വത്തായി കരുതപ്പെടുന്നതു കൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് മാപ്പാക്കിക്കളയാമെന്ന രീതി ഇപ്പോഴും  തുടരുന്നതെന്നും കമ്മിറ്റി നിരീക്ഷിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് പോലിസ് ഓഫീസര്‍ ശിക്ഷിക്കപ്പെടണമെന്നും  AFSPA എന്ന നിയമത്തിന്‍റെ സുരക്ഷ സ്ത്രീ പീഡനം നടത്തിയ സൈനികന് ഒരിക്കലും ലഭ്യമാകാന്‍  പാടില്ലെന്നുമുള്ള അതിപ്രധാനമായ നിര്‍ദ്ദേശങ്ങള്‍  ഈ കമ്മിറ്റി ശക്തമായി പ്രകടിപ്പിക്കുന്നു. ഒരു വ്യാഴവട്ടക്കാലമായി  AFSPA യ്ക്കെതിരേ നിരന്തര സമരം ചെയ്യുന്ന ഇറോം ശര്‍മ്മിളയോടുള്ള ഐക്യദാര്‍ഢ്യ  പ്രഖ്യാപനമായി കമ്മിറ്റിയുടെ  ഈ നീക്കത്തെ കാണാം. പ്രശ്നബാധിത മേഖലകളിലെ സ്ത്രീ സുരക്ഷയ്ക്ക്  സ്പെഷ്യല്‍ കമ്മീഷണര്‍മാരെ നിയമിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. ഹിജഡകളും സ്വവര്‍ഗ്ഗസ്നേഹികളും ഉള്‍പ്പെടുന്ന എല്ലാ  ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെയും നിയമ നിര്‍മ്മാണമുണ്ടാകണം. തികച്ചും  ജാതീയമായ ഖാപ് പഞ്ചായത്തുകള്‍ക്ക്  ഇന്ത്യന്‍ ഭരണഘടനക്ക്  വിരുദ്ധമായ വിവാഹനിയമങ്ങള്‍ അനുശാസിക്കാനുള്ള ഒരു  അധികാരവുമില്ല. നിരപരാധിത്വം തെളിയിക്കപ്പെടാത്തിടത്തോളം കുറ്റാരോപിതനായ ഒരാള്‍ക്ക് എം എല്‍ എ യോ എം പി യോ  ആവാനുള്ള അവസരമുണ്ടാവരുത് . പോലീസും കോടതികളും പീഡിതരോട് ലിംഗനീതിയോടെയും സുജനമര്യാദയോടെയും   പെരുമാറാനുള്ള പരിശീലനം നേടണം. കേസുകള്‍ ഏറ്റവും വേഗം നീതിപൂര്‍വകമായി അന്വേഷിക്കപ്പെടുകയും കൂടുതല്‍ ജഡ്ജിമാരും  അതിവേഗ കോടതികളും  ഉണ്ടാവുകയും വേണം. ബലാല്‍സംഗം ചെയ്തവന്  ജീവപര്യന്തം തടവ് എന്നാല്‍ ജീവിതം  മുഴുവനും തടവ് എന്ന അര്‍ഥമാണെന്ന് കമ്മിറ്റി പറയുമ്പോള്‍, ബലാല്‍സംഗത്തിനിരയായതുകൊണ്ട്  മാത്രം നാല്‍പതു വര്‍ഷമായി ബോധമില്ലാതെ കിടക്കുന്ന അരുണാ ഷാന്‍ബാഗിന്‍റെ  ദൈന്യം കണ്മുന്നില്‍ തെളിയുന്നു. ദൈവ നീതിയനുസരിച്ചോ  മനുഷ്യ നീതിയനുസരിച്ചോ അങ്ങനെ ഇരയ്ക്ക് മാത്രമാവരുതല്ലോ ജീവപര്യന്തം!

ഈ റിപ്പോര്‍ട്ട് എല്ലാം കൊണ്ടും പൂര്‍ണമാണെന്നല്ല. തീര്‍ച്ചയായും അനവധി കുറവുകള്‍ ഇതിനുമുണ്ട്. ഉദാഹരണത്തിനു മതപരവും ജാതീയവുമായ വഴക്കുകളില്‍ സംഭവിക്കുന്ന സ്ത്രീ പീഡനങ്ങള്‍, വിവിധതരം അവകാശലംഘനങ്ങള്‍ ,  പട്ടിക ജാതി പട്ടിക വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, യൂണിവേഴ്സിറ്റികളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ ഇവയൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതുപോലെ  സ്ത്രീപീഡനക്കേസ്സുകള്‍  അവസാനമില്ലാതെ വൈകിക്കുന്നതില്‍ ജുഡീഷ്യറിക്കുള്ള  പങ്ക്  വേണ്ടത്ര വിശദീകരിക്കപ്പെടുന്നില്ല.  എങ്കിലും ഈ റിപ്പോര്‍ട്ടിനെ ഒരു  അടിസ്ഥാന മാര്‍ഗരേഖയായി  സ്വീകരിച്ച് , കൂടുതല്‍ സമഗ്രമായ ഒരു റിപ്പോര്‍ട്ടെഴുതുവാനും ഇപ്പോള്‍ ലഭിച്ച  നിര്‍ദ്ദേശങ്ങളെ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ......

31 comments:

റിനി ശബരി said...

ഇതിലും കുറവുകളുണ്ട് എന്നത് സത്യം തന്നെ ..
അതില്‍ പ്രധാനം സമയ പരിധി തന്നെ ..
വേഗത്തില്‍ തീര്‍പ്പാകുന്നതിനുള്ള ഒരു നിര്‍ദേശവും കണ്ടില്ല ..
കൂടാതെ വധ ശിക്ഷക്കുള്ള ഇളവും .. നമ്മുടെ നാട്ടിലേ
ജയിലുകളിലേ ജീവപര്യന്തം സാധാരണ മനുഷ്യന്റെ
ജീവിതത്തേക്കാല്‍ സുഖ പ്രദമാണ് , കൂടാതെ ഇപ്പൊള്‍
ചപ്പാത്തിയും ചിക്കനുമെല്ലാം ഉണ്ടാക്കി നല്ല കാശും ..
പുറത്ത് ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്നവര്‍ക്ക്
ജയില്‍ നല്ലൊരു വേതന മാര്‍ഗം കൂടിയാണ് ....
എന്തൊക്കെ വന്നാലും , നടപ്പാക്കണമെങ്കില്‍
ഭരണ കര്‍ത്താക്കള്‍ കനിയണം , എന്നിരുന്നാലും
ഇത്ര പെട്ടെന്ന് ഇതു വെളിച്ചം കാണിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കാം ..

മുകിൽ said...

athe.. ee committe kanicha sushkaanthiyil santhosham. nadappilakkanulla sushkanthi..athu sambavikanam. illenkil ee reportum ella reportukal poleyaavum.

vettathan said...

നിയമം എന്തു അനുശാസിച്ചാലും അത് നടപ്പാക്കേണ്ടത് സാദാ പോലീസുകാരും കോടതികളുമാണ്. അവരുടെ വീഴ്ചയ്ക്ക് ശക്തമായ ശിക്ഷ ഉണ്ടായാലേ ഇതിനൊക്കെ അര്‍ത്ഥമുള്ളൂ. നമ്മുടെ കോടതികളില്‍ എത്രമാത്രം കേസ്സുകളാണ് കെട്ടിക്കിടക്കുന്നത്. കേസ്സ് കേള്‍ക്കാന്‍ മടികാണിക്കുന്നവരെ പിരിച്ചുവിടണം.പലപ്പോഴും നിയമത്തിന്‍റെ അഭാവമല്ല,അത് നടപ്പിലാക്കാനുള്ള താല്‍പ്പര്യമില്ലായ്മയാണ് കുറ്റവാളികള്‍ക്ക് സഹായകമാകുന്നത്.

കൊമ്പന്‍ said...

ഓരോ പ്രശനം വരുമ്പോള്‍ ഓരോ കമ്മീഷന്‍ എന്നിട്ട് പുതിയ കുറെ നിയമങ്ങള്‍ എന്താണിത് കൊണ്ട് പീഡിപ്പിക്കപെട്ടവര്‍ക്ക് നകാന്‍ കഴിയുന്ന നീതി ചുവപ്പ് നാടയിലും ആപ്പീല്‍ ഫയലുകളിലും വീണ്ടും പീഡനം നടക്കുകയല്ലാതെ വേറെ ഒരു ഗുണവും ഇത് കൊണ്ട് ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല ഇവിടെ ഇന്ത്യന്‍ കോടതികളില്‍ വരുന്ന കാല താമസത്തെ ഇല്ലാതാക്കാനുള്ള ഇച്ചാശക്തിയാണ് ആവശ്യം ഒരാള്‍ ഒരു തെറ്റ് ചെയ്‌താല്‍ അത് വളരെ നഗനമായി തന്നെ ഏതൊരാള്‍ക്കും വെക്തമാകുന്ന തരത്തില്‍ ആണെങ്കില്‍ പോലും അതിന്‍റെ തെളിവ് നിരത്തലും മറ്റു നൂലാമാലകളും അടക്കം നീതി നിര്‍വഹണം വൈകുന്നത് ഇന്ന് സമൂഹത്തില്‍ ഉള്ള കുറ്റവാളികള്‍ക്കും ഇനി ഉണ്ടാവാന്‍ പോകുന്ന കുറ്റവാളികള്‍ക്കും ഒരു വലിയ പ്രോത്സാഹനം ആണ് നല്‍കുന്നത് ഈ കമ്മീഷന്‍ നിയമിക്കുന്ന സമയം കൊണ്ട് ഒരു കേസിലെങ്കിലും ഒരു തീര്പ്പ് കല്‍പ്പിക്കാന്‍ സമയം കണ്ടെത്തിയിരുന്നു എങ്കില്‍ അതായിരുന്നു നല്ല കാര്യം

Unknown said...

Some thing is better than nothing

പട്ടേപ്പാടം റാംജി said...

പുതിയ കമ്മീഷന്‍ വരുന്നതും അവരുടെ റിപ്പോര്‍ട്ട് പെട്ടെന്നു വരുന്നത് കൊണ്ടും എന്തെങ്കിലും ഗുണം ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. കുറ്റക്കാരെ ഉടനെ കണ്ടെത്തി എന്താണോ ഉള്ളത് ആ ശിക്ഷ ഒരു തരത്തിലും കാലതാമസം കൂടാതെ നടത്താനും തയ്യാറുള്ള ഒരു ഭരണ സംവിധാനം ഉണ്ടാകാതെ എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് എനിക്ക് സംശയമാണ്. പോസ്റ്റില്‍ സൂചിപിച്ചത് പോലെ ഈ കമ്മീഷനോട് സാധാരണ ജനങ്ങള്‍ പ്രതികരിച്ചത് പോലെ തുടര്‍ന്നുള്ള പ്രതികളെ പിടിക്കുന്നതിലും ശിക്ഷ നടപ്പാക്കുന്നതിലും വരുത്തുന്ന താമസത്തിനെതിരേയും ശക്തമായ പ്രതികരണം തുടരേണ്ടിയിരിക്കുന്നു.

ajith said...

എത്ര കമ്മീഷന്‍ വന്നിരിയ്ക്കുന്നു
ഇനിയെത്ര വരാന്‍ കിടക്കുന്നു.

Cv Thankappan said...

ശുഷ്കാന്തി അഭിനന്ദനീയം!
ആശംസകള്‍

ChethuVasu said...

കൊള്ളാം , ഇന്ത്യയില്‍ ബാലവേല കുറ്റകരം ആക്കിയിട്ടു ദശകങ്ങള്‍ കഴിഞ്ഞു .. ഇപ്പോള്‍ ബാല വേല ഇല്ലേ ഇല്ല ! സത്യം !

എന്റെ എച്മു .. ഇവിടെ നിയമങ്ങള്‍ നടപ്പാവണം എങ്കില്‍ , മനുഷ്യരുടെ ഒരു സമൂഹത്തെ ഇവിടെ ശ്രിഷ്ടിക്കെണ്ടാതുണ്ട് ... ഇവിടെ ഇല്ലാത്തതും അത് തന്നെ ആണ് .. . അസ്ഥിവാരം ഇല്ലാതെ വീട് പണിയാന്‍ നോക്കുമ്പോള്‍ , വീടിന്റെ രണ്ടാം നിലയില്‍ ഏതു തരം കളര്‍ പെയിന്റു അടിക്കണം എന്നത് ഒരു വിഷയമല്ല !

ചുമര്‍ ഉണ്ടെങ്കിലെ ചിത്രം എഴുതാന്‍ പറ്റൂ . ആഴത്തില്‍ നട്ടാലേ കതിരില്‍ പൊന്മണി കിട്ടൂ

മറ്റൊരു മനുഷ്യനെ തന്നെപ്പോലെ ആയിക്കാനുന്ന ഒരു സമൂഹത്തെ ശ്രുഷ്ടിക്കാന്‍ പറ്റുമോ .? എങ്കില്‍ നോക്കാം .!

ഇവിടെ വേണ്ടത് സമൂലമായ വിദ്യാഭ്യാസ പരിഷകരണം ആണ് .. കുട്ടികളുടെ ഉത്തരവാദിത്വം , അതിന്റെ വലിയ ഓഹരി മാതാപിതാക്കളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കണം . മാതാപിതാക്കള്‍ സമൂഹത്തിന്റെ അടിമകള്‍ ആണ് .അവരെ കൊണ്ട് മാറ്റം വരുത്താന്‍ സാധീക്കില്ല . അത് കേന്ദ്രീകൃത സംവിധാനഗല്‍ ആയ സര്‍ക്കാരുകളുടെ ക്രിയാത്മകവും ദാര്‍ശനികവും ആയ ഇടപെടലിലൂടെയെ സാധിക്കൂ .. കുട്ടികളെ പഠിപ്പിക്കുന്നത്‌ കണക്കും ഊര്‍ജ്ജതന്ത്രവും മാത്രം അല്ല , മാനവീയതയുടെ രസതന്ത്രം തന്നെ ആയിരിക്കണം പ്രധാന വിഷയം !

എന്നെങ്കിലും അത്തരം ബോധോദയം മന്ദിപ്പ് പിടിച്ച സര്‍ക്കാര്‍ യന്ത്രങ്ങള്‍ക്കും അവരെ ഉപദേശിക്കുന്ന "വിദഗ്ദ്ധര്‍ക്കും " സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ ...................

കുസുമം ആര്‍ പുന്നപ്ര said...

ഇതിലും എന്തെങ്കിലും ഒക്കെ പഴുതു കാണും. അതാണല്ലൊ നമ്മുടെ നിയമവൃവസ്ഥയുടെ ഒരു വിജയം

സേതുലക്ഷ്മി said...
ഭരണ സംവിധാനത്തിന്റെ ആത്മാര്ധതയും ഒരു ഘടകമാകുംപോള്‍ എത്രത്തോളം വിജയിക്കാനാവും എന്ന് സംശയം...

mattoraal said...

നീതി നിഷേധിക്കപ്പെടുന്നത് നിയമത്തിന്‍റെ കുറവ് കൊണ്ടല്ല . ആര്‍ജ്ജവമുള്ള ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്ത്വത്തിന്റെയും അഭാവമാണ് . അതുണ്ടെങ്കില്‍ ബാക്കിയെല്ലാം പിന്നാലെ വരും

ശ്രീനാഥന്‍ said...

ജസ്റ്റീസ് വർമ കമ്മീഷന്റെ നിർദ്ദേശങ്ങൾ ചുരുക്കി പറഞ്ഞത് ഉപകാരപ്രദമായി. നടപ്പാകുമോ എന്നത് മറ്റൊരു കാര്യം ഏട്ടിലപ്പടി,പയറ്റിലിപ്പടി എന്നാണല്ലോ.പിന്നെ, ‘നിരപരാധിത്വം തെളിയിക്കപ്പെടാത്തിടത്തോളം കുറ്റാരോപിതനായ ഒരാള്‍ക്ക് എം എല്‍ എ യോ എം പി യോ ആവാനുള്ള അവസരമുണ്ടാവരുത്‘ - മന്ത്രിയാകാമോ?ഇതു എന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ്.

ജന്മസുകൃതം said...

കാലാകാലങ്ങളിൽ കമ്മറ്റികളും റിപ്പോർട്ടുകളും...എതെങ്കിലും ഒന്നു നടപ്പാകുന്നുണ്ടോ...?എതു പ്രശ്നങ്ങളിലും ഉൾപ്പെട്ടി
ട്ടുണ്ടാകുമല്ലൊ ഒരു വി ഐ പി എങ്കിലും അവരെ രക്ഷിക്കേണ്ട ബാധ്യത ഇല്ലെ...ഈ നാട് അടുത്ത കാലത്തൊന്നും നന്നാകുമെന്നു തോന്നുന്നില്ല.അതുവരെ പറഞ്ഞു കൊണ്ടേയിരിക്കാം ...

ഭാനു കളരിക്കല്‍ said...

കമ്മീഷനുകള്‍ വരും പോകും. പകക്കരുത് പതറരുത്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മാധ്യമത്തില്‍ ഇത് വായിച്ചിരുന്നു
സമകാലികപ്രശ്നങ്ങളോട് 'കലഹിക്കാനുള്ള' എച്ചുമുവിന്റെ ഉദ്യമത്തെ ആവോളം പ്രശംസിക്കുന്നു
ഇത് 'സ്വകാര്യം' അല്ല ഉറക്കെ വിളിച്ചു പറയേണ്ടത് തന്നെ

വീകെ said...

എന്തൊക്കെ നിയമങ്ങൾ വന്നാലും നമ്മൾക്കൊരു രീതിയുണ്ടല്ലൊ ഏതിനും. കഴിഞ്ഞ ദിവസം കണ്ടല്ലൊ ഒരു നീതി. സൂര്യനെല്ലി പെൺകുട്ടി കേസുകൊടുക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം...?
ഇതൊക്കെത്തന്നെ ആവർത്തിക്കപ്പെടും. അതിനെ മറികടക്കാൻ ഒരു അഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഉണ്ടായില്ല.

mayflowers said...

മര്‍ദ്ദിതന് മരുന്നാവുന്ന,
അശരണര്‍ക്ക് അഭയമാവുന്ന,
പീഡിതയുടെ നോവുകളില്‍ സാന്ത്വനമാവുന്ന ഒരു നിയമം...
അതാണ്‌ ഇവിടെ ആവശ്യം. അതിന്‌ വേണമെങ്കില്‍ നിയമ നിര്‍മാണം നടത്തട്ടെ.

ശ്രീ said...

ഏതൊക്കെ നിയമങ്ങള്‍ വന്നാലും ഈ വ്യവസ്ഥിതികള്‍ക്ക് മാറ്റമുണ്ടാകുമോ? ഓരോ പഴുതുകള്‍ അതിലും കാണും. പിടിയ്ക്കപ്പെടുന്നവരില്ക്‍ ഉന്നതന്മാരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.

jayanEvoor said...

എല്ലാം പൂർണനൈതികതയോടെ നടക്കുന്ന ഒരു കാലവും ഉണ്ടാകില്ല.
എങ്കിലും ഇന്നത്തേതിലും ഒരുപാടൊരു മെച്ചപ്പെടാം നമുക്ക്.

അതു സംഭവിക്കട്ടെ എന്ന പ്രത്യാശയിലാണ് ഞാനും....

the man to walk with said...

"Justice delayed is justice denied"

ente lokam said...

ഈ സമരവും കമ്മറ്റിയും എല്ലാം
ഒറ്റയടിക്ക് ഒന്നിനും പരിഹാരം
ഉണ്ടാക്കില്ലെങ്കിലും എന്തിന്റെ എങ്കിലും
തുടക്കത്തിനു ഇത് അത്യാവശ്യം ആണ് ..

ജനം പ്രതികരിച്ചാലെ എന്ത് എങ്കിലും
നടക്കൂ എന്നതിന് ഉത്തമ ഉദാഹരണം ആണല്ലോ
ഡല്‍ഹി സംഭവം.... വീണ്ടും പലയിടത്തും
ഇതൊക്കെ നടക്കുന്നു..പ്രതികരന്ക്കാര്‍ എവിടെ
എന്ന് കളിയാക്കുന്നവര്‍ സത്യം അറിയാത്തവര്‍ അല്ല.
ആര്‍ക്കും ഒന്നിനോടും താല്പര്യം ഇല്ല. താല്പര്യം
ഉള്ളത് വാര്‍ത്തകളോട് മാത്രം ആണ് ....

ഒരിലയുടെ ഒരു പോസ്റ്റില്‍ ഇന്ന് അതിനെപ്പറ്റി വായിച്ചു.

Unknown said...

കുറിപ്പ് വായിച്ചു ചേച്ചി
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്‌

Shahida Abdul Jaleel said...

എത്ര കമ്മീഷന്‍ വന്നിരിയ്ക്കുന്നു
ഇനിയെത്ര വരാന്‍ കിടക്കുന്നു

അനില്‍കുമാര്‍ . സി. പി. said...

"ഈ റിപ്പോര്‍ട്ടിനെ ഒരു അടിസ്ഥാന മാര്‍ഗരേഖയായി സ്വീകരിച്ച് , കൂടുതല്‍ സമഗ്രമായ ഒരു റിപ്പോര്‍ട്ടെഴുതുവാനും ഇപ്പോള്‍ ലഭിച്ച നിര്‍ദ്ദേശങ്ങളെ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ......"

M. Ashraf said...

എല്ലാമെല്ലാം ഒറ്റയടിക്ക് പറയേണ്ടതില്ല. ഇനിയും കമ്മീഷനുകള്‍ വേണ്ടതല്ലേ. എത്രയെത്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പെട്ടിയില്‍ കിടക്കുന്നു.

റോസാപ്പൂക്കള്‍ said...

ഈ കമ്മറ്റിയില്‍ പറയുന്നതെങ്കിലും നടപ്പില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും നീതി ലഭിക്കും

Admin said...

പോസ്റ്റിന് അഭിനന്ദനങ്ങള്‍ എച്ച്മൂ..

Echmukutty said...

വായിച്ച് എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എല്ലാവരോടും നന്ദി പറയട്ടെ....

A said...

ഇത് ഞാന്‍ മാധ്യമത്തില്‍ തന്നെ വായിച്ചിരുന്നു. അപ്പോഴേ കമന്റ് മനസ്സില്‍ എഴുതിയിരുന്നു. എച്ച്മുവിന്റെ എഴുത്ത് അതിവേഗം കൂടുതല്‍ പക്വത പ്രാപിച്ചു വരുന്നതാണ് കാണുന്നത്.

വേണുഗോപാല്‍ said...

ഇത് പോലെ പല കമ്മീഷനുകളും കാലാകാലങ്ങളില്‍ പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്. അത് അങ്ങിനെ പാടില്ല. ഇത് ഇങ്ങിനെ വേണം എന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുമെങ്കിലും ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാറുകള്‍ അതില്‍ എന്തൊക്കെ നടപ്പാക്കി എന്ന് ആരെങ്കിലും അന്വേക്ഷിക്കാറുണ്ടോ???