Tuesday, February 5, 2013

നീറിയൊടുങ്ങിയിട്ടും വിചാരണ ചെയ്യപ്പെടുന്നവര്‍


https://www.facebook.com/echmu.kutty/posts/476026849124432
( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ജനുവരി  18 നു  പ്രസിദ്ധീകരിച്ചത്. )

ബലാല്‍ക്കാരം ചെയ്യപ്പെടുന്നവര്‍  അങ്ങനെയാണ്. അവര്‍ മരിച്ചു പോയാലും (ദില്ലിയിലെ പെണ്‍കുട്ടി) ഉമിത്തീ പോലെ കെടാതെ നീറിയാലും (രാജസ്ഥാനിലെ ബന്‍വാരിദേവി)  അനവധി കാലം (ഏകദേശം നാല്‍പത്  വര്‍ഷം)  ബോധമില്ലാതെ ആശുപത്രിക്കിടക്കയില്‍ ചത്തു ജീവിച്ചാലും  (മുംബൈയിലെ അരുണാ ഷാന്‍ബാഗ് ) അവരെ സമൂഹം വിചാരണ ചെയ്യും. ഓരോ നിമിഷവും  അപമാനിക്കും. അവരുടെ നൊമ്പരങ്ങളെ പറ്റി അശ്ലീലം മണക്കുന്ന കഥകള്‍ പറയും. എന്നിട്ടാര്‍ത്തു ചിരിക്കും.

കഴിഞ്ഞ മാസം ദില്ലിയില്‍ സംഭവിച്ച  ചോര മരവിപ്പിക്കുന്ന നിത്യവേദനയ്ക്കും ഇപ്പോള്‍ ഇക്കാര്യം തന്നെയാണ് നേരിടേണ്ടി വരുന്നത്. ആ ക്രൂര കര്‍മ്മത്തിനു ശേഷം, കാലങ്ങളായി സ്ത്രീകള്‍  സഹിക്കുന്ന ബലാല്‍സംഗമെന്ന അക്രമത്തിനെതിരേ നീതിക്കു വേണ്ടി ദില്ലിയില്‍  നിരന്തരമായ സമരങ്ങള്‍ നടന്നു. പോലീസും ഭരണകര്‍ത്താക്കളൂം സാധാരണ ജനതയുടെ സമരത്തെ ആവുന്നത്ര പരിഹസിക്കുകയും നിസ്സാരമാക്കുകയും ചെയ്തു. എന്നിട്ടും ചില ചെറിയ നേട്ടങ്ങള്‍ ഉണ്ടായി. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെ  നേരിടാന്‍ ഫാസ്റ്റ്  ട്രാക് കോടതികളും വേഗ വിചാരണകളും വേണമെന്ന് നമ്മുടെ  പരമോന്നത നീതിപീഠത്തിനു മനസ്സിലായി. അമര്‍ത്തി ഒതുക്കി വെച്ചിരുന്ന ചില  സ്ത്രീ പീഡന കേസ്സുകളെ പൊടി തട്ടിയെടുത്ത് തീര്‍പ്പു കല്‍പിക്കണമെന്നും സുപ്രീം കോടതി തീരുമാനിച്ചു. പൊലീസുകാരും മറ്റ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും സ്ത്രീ പ്രശ്നങ്ങളെ കൂടുതല്‍ അനുഭാവപൂര്‍ണമായി സമീപിക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടായി. ബലാല്‍ക്കാരത്തിനുള്ള ശിക്ഷ എന്താവണമെന്നതിനെപ്പറ്റി ചൂടന്‍  ചര്‍ച്ചകള്‍ നടന്നു.  

എന്നാല്‍  ഇതെല്ലാം കണ്ട്  ആരും ചെറുതായിട്ടു പോലും  രോമാഞ്ചം കൊള്ളേണ്ടതില്ലെന്നും സ്ത്രീയെ  നിസ്സാരയാക്കിത്തീര്‍ക്കുന്ന മൂല്യങ്ങള്‍ക്ക് യാതൊരു  വ്യതിയാനവും സംഭവിച്ചിട്ടില്ലെന്നും തന്നെയാണ് ഇപ്പോഴും കാര്യങ്ങളുടെ യൂ ടേണിലുള്ള പോക്ക് കാണിച്ചു തരുന്നത്.  നീറിയൊടുങ്ങിപ്പോയ ദില്ലിയിലെ ആ പെണ്‍കുട്ടിയ്ക്കു നേരെ മല്‍സരിച്ചു വിരല്‍  ചൂണ്ടുന്നതില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില  മത രാഷ്ട്രീയ  നേതാക്കന്മാരും  ആത്മീയ  ഗുരുക്കന്മാരും  പെണ്‍ശരീരം മാത്രമുള്ള ചില എക്സിക്യൂട്ടിവുകളും ഞാന്‍ ആദ്യം ഞാന്‍ ആദ്യം  എന്ന് തിക്കിത്തിരക്കുകയായിരുന്നു. മതവും രാഷ്ട്രീയവും ആത്മീയതയുമൊന്നും സ്ത്രീയുടെ  പ്രശ്നങ്ങളെ ഒരു സാമൂഹികപ്രശ്നമായി ഒരു കാലത്തും കണ്ടിട്ടില്ലല്ലോ. ഇവരെല്ലാം പരിചയപ്പെടുത്തുന്ന ജീവിത സാഹചര്യങ്ങള്‍ മാത്രമാണ് സത്യമെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള സ്ത്രീ പുരുഷന്മാര്‍ക്കും സ്ത്രീയുടെയും ദുര്‍ബലരുടെയും പാര്‍ശ്വവല്‍ക്കൃതരുടെയും പ്രശ്നങ്ങള്‍ ഗുരുതരമായി അനുഭവപ്പെടുകയില്ല.  അതു പോലെയുള്ളവരുടെ വരിയില്‍  ഇപ്പോള്‍ കുറ്റവാളികളെന്ന് പറയപ്പെടുന്നവരുടെ വക്കാലത്തുള്ള വക്കീലുമാരും ഹാജരായിരിക്കുന്നു. 

വക്കീലുമാര്‍ക്ക് അവരവരുടെ കക്ഷികളെ ജയിപ്പിക്കേണ്ട ബാധ്യതയുണ്ടാവാം. അതിനാവശ്യമായ അരങ്ങൊരുക്കലാവാം വക്കീലുമാര്‍ ചെയ്തത്. മരിച്ചുപോയ ആ പെണ്‍കുട്ടി യെ തന്നെ അവള്‍ക്ക്  സംഭവിച്ച  ദുരന്തത്തിന്‍റെ ചതിയുടെ അല്ലെങ്കില്‍ നെറികേടിന്‍റെ പ്രധാന കാരണമായി അവതരിപ്പിക്കാന്‍ അസാമാന്യമായ,അതികഠിനമായ പരിഗണനക്കുറവ്  ആവശ്യമാണ്.  അവള്‍  അസമയത്ത് പുറത്ത് പോയതെന്തിനെന്നും അവിവാഹിതര്‍  രാത്രിയില്‍ ചുറ്റി നടക്കാന്‍ പാടില്ലെന്നും ഒരു മാന്യ സ്ത്രീയേയും  ഇന്ത്യയില്‍ ഇന്നുവരെ ആരും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും  വക്കീലുമാര്‍ പരസ്യമായി  പറയുമ്പോള്‍  സ്ത്രീയെന്ന  നിലയില്‍ ഭയം തോന്നിപ്പോകുന്നു. കോടതിമുറികളില്‍  കേസ് ജയിക്കാന്‍  വേണ്ടി അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും വിളിച്ചുപറയുന്നതും എതിര്‍കക്ഷിയെ നിലം  പരിശാക്കി കൊലവിളിക്കുന്നതും  വക്കീലിന്‍റെ  ജോലിയായിരിക്കാം. എന്നാല്‍ കേസ് കോടതിമുറിയിലെത്തും മുന്‍പ് തന്നെ അതിക്രൂരമായ ബലാല്‍സംഗത്തില്‍  മരണപ്പെട്ട ആ പെണ്‍കുട്ടി ഇനിയും ഇതുപോലെയുള്ള നീച വിചാരണകള്‍ നേരിടേണ്ടതുണ്ടോ?

സ്ത്രീകളുടെ നേരെയുള്ള  എല്ലാ അതിക്രമങ്ങള്‍ക്കും  പ്രധാന കാരണമാകുന്നത് നമ്മുടെ ഈ വികല നയമാണ്. ശിക്ഷ ലഭിക്കുകയില്ലെന്ന അമിത വിശ്വാസത്തിനു പുറമേ എന്തക്രമം ചെയ്താലും  അതിന്‍റെ ഉത്തരവാദിത്തം അക്രമം സഹിക്കേണ്ടി വന്ന   സ്ത്രീയില്‍ തന്നെ എങ്ങനെയെങ്കിലും കെട്ടിവെയ്ക്കാന്‍ കഴിയുമെന്ന ഉത്തമബോധ്യവും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സവിശേഷ ഘടകമാണ്.

ഈ നയം തിരുത്തിയെഴുതാതെ, ആണ്‍ പെണ്‍ മനസ്സുകളിലെ അതിക്രമത്തിന്‍റേയും സഹനത്തിന്‍റേയും രോഗാതുരതയെ നേരിടുവാന്‍ കഴിയില്ല. എത്ര കേമമായ നിയമങ്ങള്‍ വന്നാലും സ്ത്രീ  വാക്കിലും നോക്കിലും ഉടുപ്പിലും നടയിലും  പിന്നെ ക്ലോക്കിലും നോക്കി സദാ  സൂക്ഷിച്ചു ജീവിയ്ക്കണമെന്ന  നമ്മുടെ സംസ്ക്കാരിക വിശ്വാസം  മാറാത്തിടത്തോളം ഇമ്മാതിരി അപമാനങ്ങള്‍ മുറിവേറ്റ സ്ത്രീയെ സദാ കുത്തിത്തുളച്ചുകൊണ്ടിരിക്കും.

55 comments:

Echmukutty said...

ഈ കുറിപ്പ് എഴുതുമ്പോള്‍ സൂര്യനെല്ലി കേസ് സുപ്രീം കോടതി പരിഗണനയ്ക്കെടുക്കാമെന്ന് തീരുമാനിച്ചിരുന്നതേയുള്ളൂ. അതുകൊണ്ടാണ് ഉമിത്തീയായി നീറുന്ന ആ പെണ്‍ കുട്ടിയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത്. സുപ്രീം കോടതിയുടെ വൈകി വന്ന പരിഗണനയെക്കുറിച്ച് വെറുതെ ഒരില എന്ന ബ്ലോഗര്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്.

ഭാനു കളരിക്കല്‍ said...

വര്‍ദ്ധിച്ചു വരുന്ന ലൈംഗീക ആക്രമണങ്ങള്‍ക്ക് നിയമവ്യവസ്ഥയുടെയോ ലൈംഗീക വിദ്യാഭ്യാസത്തിന്റെയോ മാത്രം പരിധികളില്‍ പരിശോധന നടത്തിയാല്‍ പോര എന്നാണ്‍ എന്നത്തേയും എന്റെ പക്ഷം. കാരണം ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കുളിര്‍ക്കാറ്റു വീശുന്ന അമേരിക്കയില്‍ ആയാലും കടുത്ത നിയമ വ്യവസ്ഥ നില നില്‍ക്കുന്ന സൗദി അറേബ്യയില്‍ ആയാലും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്നതാണ്. സ്ത്രീയോടുള്ള പുരുഷവര്‍ഗ്ഗത്തിന്റെ ബോധത്തില്‍ കാതലായ മാറ്റം ഉണ്ടാകണം. ആശയങ്ങള്‍ കൈമോശം വന്ന, കൂടുതല്‍ കൂടുതല്‍ അരാജകത്വത്തിലേക്ക് നീങ്ങുന്ന വ്യവസ്ഥക്കുള്ളില്‍ മാറ്റം സംഭവിക്കണം. ഈ ലോകത്തെ എന്തും തന്റെ ഭൌതീക സുഖങ്ങള്‍ക്ക് ബലപ്രയോഗത്തിലൂടെയോ പണക്കൊഴുപ്പിലൂടെയോ നേടിയെടുക്കാന്‍ ഉള്ളതാണെന്ന ധാര്‍ഷ്ട്യമാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ പുലര്ന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സമരങ്ങളുടെ കുന്തമുന ഉയരേണ്ടത് സാമാന്യമായി പോകുന്ന അത്തരം അധാര്‍മ്മികതക്ക് എതിര്‍ കൂടെ ആവണം.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഞാനും കരുതി എന്തിനാണ് ഡല്‍ഹിയും , രാജസ്ഥാനും മുംബെയും പറയുന്നത് .
ഇവിടെ നമ്മുടെ കണ്‍വെട്ടത്ത് ഒരു കുട്ടി കഴിഞ്ഞ 14 വര്‍ഷമായി അപമാനം സഹിക്കുന്നില്ലേ .
കഴിഞ്ഞ ദിവസവും ടിവിയില്‍ സ്ത്രീ രൂപം കെട്ടിയ ഒരു രാഷ്ട്രീയ കോമരം ആ പെണ്‍കുട്ടിയെ അപമാനിക്കുന്നത് കണ്ടു .
ഇരയുടെ വാക്കിനാണ് വിലയെന്ന് ... പുച്ഛം തോനുന്നു 14 വര്‍ഷം കൊണ്ട് ആ കുട്ടി പറയുന്ന വാക്കിന് ആര് വില കല്‍പ്പിക്കുന്നു .
ഭരിക്കുന്നവന് പീഡിപ്പിക്കാം , അധികാരം ഉള്ളവന് പീടിപ്പിക്കപ്പെട്ടവരെ പുച്ചിക്കാം .

Areekkodan | അരീക്കോടന്‍ said...

ആര് വിലപിക്കുന്നു , ആര് വില കല്‍പ്പിക്കുന്നു ?

ജന്മസുകൃതം said...

കടുത്ത നിയമ വ്യവസ്ഥ നില നില്‍ക്കുന്ന സൗദി അറേബ്യയില്‍ 7 vayassukaari makale balalsamgham cheythu konna kessil ethanum chillikkash pizhayodukkaan mathram vidhi.....
evideninnu engane sthreeykku neethi kittum...?

ശ്രീ said...

വീണ്ടും വീണ്ടും ഈ വിഷയം വായിയ്ക്കാന്‍ വയ്യാതായിരിയ്ക്കുന്നു ചേച്ചീ...

മുഴുവന്‍ വായിച്ചില്ല.

ചന്തു നായർ said...

നാടൊട്ടുക്ക് മദ്യശാലകൾ അനുവദിച്ച് ഭർണകർത്താക്കൾ അറിയുവാൻ..എച്ചുമുവിന്റെ ഈ ലേഖനം വായിച്ച് ഇവിടെയുള്ള പുരുഷ കേസരികളും,ഭരണകർത്താക്കളും ഒന്നും നന്നാവാൻ പോകുന്നില്ലാ എന്ന് എനിക്ക് തോന്നുന്നൂ.അതുകൊണ്ട് തന്നെ എനിക്കൊരു ചിന്ത ആരും കൈയ്യേറ്റം ചെയ്യാൻ വരരുതേ...നാടൊട്ടുക്ക് മദ്യശാാലകൾക്ക് അനുമതി നൽകിയ സർക്കാർ.ഇനി എല്ലാ നഗരത്തിലും ഓരോ വേശ്യാലയങ്ങൾ ആരംഭിക്കാനുള്ള തന്റേടം കാണിക്കുക.ഭോഗിക്കാൻ മുട്ടി നിൽക്കുന്ന പുരുഷന്മാർക്ക് ഇതിൽപ്പരം സന്തോഷം വേറെ ഉണ്ടാകില്ലാ...ബോംബെയിലെ ചുവന്ന തെരുവിൽ പോകുവാൻ പലർക്കും പേടിയാ....അതുകൊണ്ട് പോലീസ് കാവലിൽ തന്നെ ഇത്തരം ഇടത്താവളങ്ങൾ ഒരുക്കുക. വില വൈവിദ്ധ്യം മുൻ നിർത്തി,സിവിൽസപ്ലെസ്,3 സ്റ്റാർ,ഫൈവ് സ്റ്റാർ,7 സ്റ്റാർ പദവികൾ ഈ ആലയത്തിന് നൽകുക.രാഷ്ടീയക്കാർക്കും,പണച്ചാക്കുകൾക്കും,പണമില്ലാത്തവർക്കുംെപ്പോഴും ഇവിടെ കയറി ഇറങ്ങാം.പണമുണ്ടാക്കൻ നടക്കുന്ന സ്ത്രീ രത്നങ്ങൾക്കും,കാമപൂരണത്തിനായി നടക്കുന്ന സ്ത്രീകൾക്കും ഇത് വരുമാന മാർഗമുണ്ടാകും.സ്വന്തം ഭാര്യയുടെ അടുത്തെത്തുന്ന ചില പുരഷന്മാരോട് സ്വന്തം ഭാര്യ 'ഇപ്പോൾ സമയമില്ല" എന്ന പറയുന്ന വേളയിലും പാവം പുരുഷന്മാർക്ക് ഇത് അമിതമായ സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും.നാട്ടിൽ ബലാൽ സംഗവും കുറയുകയും നികുതിയിനത്തിൽ വളരെയേറെ ധനം ലഭിക്കുകയും ചെയ്യും.അല്ലാതെ കേസെന്നും ജയിലെന്നുമൊക്കെ പറഞ്ഞ് നടന്നാൽ നമ്മുടെ രാഷ്രീയക്കാരും,പണക്കാരുമൊക്കെ വളരെ ബുദ്ധിയുള്ളവരാണ്.ഏറ്റവും പ്രഗത്ഭനായ വക്കീലിനെ വച്ച് വാദിച്ച് അവർ രക്ഷപ്പെടൂം...അതിനൊക്കെ എന്തിനാ വഴി വക്കുന്നത്....നമ്മുടെ പെണ്ണുങ്ങൾ സന്തോഷത്തോടെ,പേടിയില്ലാതെ ജീവിക്കട്ടെ..

Cv Thankappan said...

മദ്യത്തിലും,മയക്കുമരുന്നിലും അടിമപ്പെട്ട്‌ സുബോധംനഷ്ടപ്പെട്ടവരേയും,അധാര്‍മ്മികമായ പ്രവര്‍ത്തികളിലൂടെ ദുര്‍വൃത്തികള്‍ക്ക് ഒരുമ്പെടുന്ന തിന്നുകൊഴുത്ത സ്ത്രീലംബടന്മാരെയുമാണ് നിയന്ത്രിക്കേണ്ടത്.
ബാധയൊഴിപ്പിക്കാന്‍ ആരിറങ്ങും?!!
ആശംസകള്‍

vettathan said...

ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ഇപ്പൊഴും പെങ്കുട്ടികള്‍ നേരില്‍ പരിചയമില്ലാത്തവരുടെയും ചതിയന്‍മാരുടെയും കൂടെ ഇറങ്ങിപ്പോകുന്ന വാര്ത്തകള്‍ ദിനം തോറും ആവര്‍ത്തിക്കുന്നു. സ്വന്തം വീട്ടില്‍ നിന്നു എങ്ങോട്ടെങ്കിലും രക്ഷപ്പെടാനുള്ള വ്യഗ്രത നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ ശൈഥില്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. താന്‍ ജനിച്ച വീട് തന്‍റേതല്ല എന്നു അവളെ പറഞ്ഞു പഠിപ്പിക്കുന്നത് ബന്ധുക്കള്‍ തന്നെയാണ്.

റോസാപ്പൂക്കള്‍ said...

എന്നെ അതിശയിപ്പിച്ച ഒരു കാര്യമാണ്. സ്ത്രീ പീഡനം എന്ന് കേള്‍ക്കുമ്പോഴേ പെണ്ണിന് പെരുമാറ്റ ചട്ടങ്ങളുടെ ഒരു വലിയ ലിസ്റ്റാണ് എല്ലാവരും പറയുന്നത്. "കതിരില്‍ വളം വെക്കാതെ മുളയിലേ നല്ല ശീലങ്ങള്‍ എല്ലാവരും കുടുംബങ്ങളില്‍ നിന്ന് പഠിക്കട്ടെ.പണ്ടു നമ്മുടെ നാട്ടില്‍ പുരുഷന്മാര്‍ സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്ന് കുറെ തലമുറയ്ക്ക് അപ്പുറം നിന്ന് കൊണ്ടു ജനങ്ങള്‍ ലജ്ജയോടെ പറയുന്ന ഒരു കാലത്തിനായി ഇനിയെങ്കിലും നമുക്ക് കുട്ടികളെ ശീലിപ്പിക്കാം"എന്ന് ഫേസ്‌ ബുക്കില്‍ സ്റ്റാറ്റസ്‌ ഇട്ടപ്പോള്‍ നല്ല വീട്ടിലെ പെണ്ണുങ്ങളെ ആരും പീഡിപ്പിക്കാറില്ല എന്ന വിലയേറിയ അറിവും എനിക്ക് കമന്റായി കിട്ടി. ഇങ്ങനെ ഒക്കെ പറയുന്ന മനുഷ്യര്‍ ഉള്ള ഈ ലോകത്ത് ആരോടു എന്ത് പറയാന്‍...?

M. Ashraf said...

നേതാക്കളെന്നോ തെമ്മാടിയെന്നോ പരിഗണനയില്ലാതെ നിയമം കര്‍ശനമായി നടപ്പിലാക്കുന്ന ഒരു ഭരണസംവിധാനമില്ലാതെ ഇതൊന്നും തടയാനാവില്ല. ആളുകള്‍ നന്നാവണം, സ്ത്രീ സമത്വം അംഗീകരിക്കണം എന്നൊക്കെ പറയുമ്പോഴും ആരും ആരേയും പീഡിപ്പിക്കാത്ത ഒരു സമൂഹം നമുക്ക് സ്വപ്‌നം കാണാനാവില്ല. കുറ്റവാളികള്‍ ഇല്ലാതാകുന്നതുവരെ നമുക്ക് ആശ്രയിക്കാനുള്ളത് നിയമ വ്യവസ്ഥയെ മാത്രമാണ്.
ഇതെഴുതുമ്പോള്‍ മൊഴിമാറ്റത്തെ കുറിച്ചാണ് കേള്‍ക്കുന്നത്. കുര്യന്‍ പണ്ടു വില കൊടുത്ത് വാങ്ങിയവര്‍ എന്തുകൊണ്ടാണാവോ ഇപ്പോള്‍ മൊഴി മാറ്റുന്നത്. അതേക്കാളും വലിയ കൂലി അവര്‍ക്കു കിട്ടിയോ? കുര്യനെ ശിക്ഷിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ രക്ഷപ്പെടുന്നതിനു സഹായിച്ചവരെയല്ലേ ശിക്ഷിക്കേണ്ടത്.
എവിടെനിന്നു കിട്ടും നമുക്ക് നല്ലൊരു വ്യവസ്ഥ ?
ഇന്ത്യന്‍ നീതിന്യായ വ്യനസ്ഥയിലുള്ള എല്ലാ പ്രതീക്ഷികളും അസ്തമിക്കുകയാണ്.
എച്മു കാര്യം നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍

അവതാരിക said...

ബലാല്‍സംഗം ചെയ്യപ്പെട്ട അധിക പെണ്‍കുട്ടികളും ശരീരം പൂര്‍ണ്ണമായ വസ്ത്രം ധരിച്ചവരായിരുന്നു ..പിന്നെ പലരും എന്തിനാണ് സ്ത്രീകള്‍ നേരാം വണ്ണം വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് അവര്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറയുന്നത് ?

യഥാര്‍ത്ഥത്തില്‍ ശരീരം ശെരിക്കു മറക്കാത്ത ഒരു പാട് സ്ത്രാകളെ കണ്ടു പുരുഷന്റെ ലോല വികാരങ്ങളെ തൊട്ടുണര്‍ത്തി പിന്നീട് ആ കെടാത്ത വികാരം ഏതോ പെണ്‍കുട്ടിയില്‍ പ്രയോഗിക്കുഗയാണ്

Admin said...

ലൈംഗിക ആക്രമണത്തിന്റെ മനശ്ശാസ്ത്രത്തെക്കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇതു തടയുവാനുള്ള പരിഹാരമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുകയാണ് വേണ്ടതെന്നുതോന്നുന്നു. ഇതു വെറും ലൈംഗിക വിദ്യാഭ്യാസത്തിന്റെ മാത്രം കുറവുകൊണ്ടു സംഭവിക്കുന്നില്ല. മനുഷ്യന്റെ പ്രാകൃതമായ വാസനകളെ തളയ്ക്കാന്‍ എളുപ്പമല്ല. പ്രാകൃതത്വത്തില്‍ മനുഷ്യനായാലും മൃഗമായാലും തൃഷ്ണ ഉണരുന്നതിനും ശമനമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും പരിധിയോ സ്വാഭാവികമായ നിയന്ത്രണമോ ഉണ്ടെന്നു തോന്നുന്നു. പ്രകൃതിയിലേക്കു കണ്ണുതുറന്നു നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നതതാണ്. മനുഷ്യന്‍ പരിഷ്കൃതനാവുന്നതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടുതുടങ്ങിയെന്നുവേണം കരുതാന്‍. ഈ പ്രശ്നപരിഹാരത്തിനായി സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും സാമൂഹിക നിയന്ത്രണോപാധികള്‍ നിലവില്‍വന്നത് ഒരുപരിധിവരെ പ്രശ്നപരിഹാരം കണ്ടിരുന്നുവെന്നതും സത്യമാണ്.
ആധുനിക ആഗോളവത്കരണപ്രവണതകള്‍ എന്തിനേയും കമ്പോളവത്കരിക്കുന്നതിനും, ഏതിനേയും കമ്പോളസഹായ ഉപാധിയായും സ്വീകരിക്കാന്‍ തുടങ്ങിയതും പ്രശ്നങ്ങള്‍ക്കിടയാക്കി. സ്ത്രീശരീരം കമ്പോളവത്കരിക്കപ്പെട്ടത് അതിന്റെ ഭാഗമായാണ്.

വീകെ said...

കാശും പിടിവാടുമുണ്ടെങ്കിൽ ആർക്കു ആരേയും എപ്പോഴും പീടിപ്പിക്കാം.
ഇതൊന്നും ഇല്ലാത്തവർക്കും പീടിപ്പിക്കാട്ടൊ...!
(ബോംബേന്നു വരെ പ്രഗൽഭരായ അഭിഭാഷകർ ഇവരെ തേടിയെത്തും. അതിന്റെ മറിമായം ഇന്നും അഞ്ജാതം. )

ശരിക്കുള്ള പീടനം കഴിഞ്ഞുള്ള ഉദ്യോഗസ്ഥന്മാരുടേയും പൊതു ജനങ്ങളുടേയും പീടനമാണ് സഹിക്കാൻ കഴിയാത്തത്. കാരണം ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടതാണ് ആ പീടനം...!!
ആശംസകൾ എഛ്മൂട്ടി....

ചന്തു മാഷ് പറഞ്ഞത് ഇതുമായി ബന്ധമില്ല. ഇത്തരക്കാർ വ്യഭിചാരമല്ല ആഗ്രഹിക്കുന്നത്. ബലാത്സംഗവും അതിലൂടെയുള്ള പീടനവും നടത്തി നിർവ്വാണമടയാനാണ് ആഗ്രഹിക്കുന്നത്.
കൂടെ ആളുകളുള്ളവൻ അവരെയൊക്കെ ഒഴിവാക്കി, അതീവ രഹസ്യമായി ഒരിടത്ത് ചെന്ന് കയറി പീടിപ്പിച്ച്, പിന്നെ അതുപോലെ തന്നെ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടിൽ കൂട്ടുകാരുടെ മുൻപിൽ തല ഉയർത്തി നടക്കുമ്പോഴുള്ള ഒരു ഒരു ഒരു സു ഖം വേറെവിടെ കിട്ടാൻ...!
അതൊക്കെയല്ലെ ഒരു ത്രിൽ..!!
അവർക്കു മുൻപിൽ വ്യഭിചാരവാതിൽ തുറന്നിട്ടാലൊന്നും അവർ കയറുകയില്ല മാഷെ....

നിസാരന്‍ .. said...

സമൂഹത്തിന്റെ ചിന്താരീതി തന്നെ വളരെയധികം മാറേണ്ടിയിരിക്കുന്നു

വര്‍ഷിണി* വിനോദിനി said...

വാക്കുകളാലെങ്കിലും പ്രതികരിക്കാനാവുന്നുണ്ടല്ലോ...നന്മകൾ..നന്ദി..!

പ്രയാണ്‍ said...

ഇതൊക്കെ ഇങ്ങിനെത്തന്നെയാണ് വേണ്ടതെന്നും സ്ത്രീ പുരുഷന് ഭോഗിക്കാന്‍ വേണ്ടിയും അവന്റെ സുഖസൌകര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടിയും മാത്രമായി സൃഷ്ടിക്കപ്പെട്ട 'വസ്തു' ആണെന്നും ഉറപ്പിച്ചുറപ്പിച്ചു വിശ്വസിക്കുന്നവരാണ് 90 ശതമാനം പേരും.(സ്ത്രീയും പുരുഷനും) ഇത്തരം ഓരോ കേസ് വരുമ്പോഴും പ്രതിയുടെ സ്ഥാനത്ത് തന്നെ സങ്കല്‍പ്പിച്ച് പുരുഷനും തന്‍റെ മകനെയോ ഭര്‍ത്താവിനെയോ സങ്കല്‍പ്പിച്ച് സ്ത്രീയും പ്രതിയെ വാദിയാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം. ജാതിയും മതവും വോട്ട്ബാങ്ക്പൊളിറ്റിക്സും ഒക്കേ കുട്ടിക്കുഴച്ച് ഒരു പരുവമായിക്കഴിഞ്ഞാല്‍ പിന്നെ പറയുകയും വേണ്ട.

Pradeep Kumar said...

ശവത്തിൽ കുത്തുന്നവർ മനുഷ്യർ മാത്രമാവും...
കാട്ടുമൃഗങ്ങൾ ഭക്ഷണത്തിനുവേണ്ടി മാത്രമെ ഇരയെ കൊല്ലൂകയുള്ളു എന്നു കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യൻ മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നു....

ഇത്തരം കപടസദാചാരവാദികളെ നയിക്കുന്നത് ഏന്ത് താൽപ്പര്യങ്ങളാണെന്ന് അന്വേഷിക്കേണ്ടതുണ്ട്.....

പട്ടേപ്പാടം റാംജി said...

നമുക്ക് ആദ്യം വേണ്ടത് കുറ്റം ചെയ്‌താല്‍ ഉടനെ പിടിക്കപ്പെടുമെന്നും ന്യായമായ ശിക്ഷ ലഭിക്കുമെന്നും ഉറപ്പ് വരുത്തുക എന്നതാണ്. അതില്ലാത്തതാണ് എല്ലാ കുറ്റങ്ങളുടെയും എണ്ണം പെരുക്കുന്നതിന്റെ മുഖ്യകാരണം എന്നെനിക്കു തോന്നുന്നു.

Unknown said...

അഭിനന്ദനങ്ങള്‍ ......

Manoj Vellanad said...

റീപോസ്റ്റ്‌മോര്‍ട്ടം...
മടുത്തു സത്യത്തില്‍....,....

മൻസൂർ അബ്ദു ചെറുവാടി said...

സത്യത്തില്‍ സുപ്രീം മാത്രം ഒരാശ്രയം എന്നായിരിക്കുന്നു.
പല കേസുകളിലും മറ്റു കോടതി വിധികള്‍ സുപ്രീം കോടതി തിരുത്തുന്നു.

aboothi:അബൂതി said...

ഒരു ഇരയുടെ നിലവിളി കേള്‍ക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കും. പിന്നെ മറക്കും. വസ്ത്രധാരണവും അല്ലാത്തതുമായ കാരണങ്ങള്‍ കണ്ടെത്താന്‍ മത്സരിക്കും. ഒരു പൊതു സമൂഹത്തില്‍ നടക്കുന്ന ഇത്തരം തെറ്റുകള്‍ക്ക് നമ്മള്‍ എല്ലാവരും ലിംഗ ഭേദമില്ലാതെ പ്രതികളാണ്. നമുക്കെന്തു ചെയ്യാനാവും എന്നൊരു ചോദ്യമുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്ന്. നമുക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്. നമ്മുടെ മക്കളെയെങ്കിലും സ്ത്രീയെന്തെന്നും പുരുഷനെന്തെന്നും ധര്‌മമെന്തെന്നും സദാചാരമെന്തെന്നും പഠിപ്പിച്ചു വളര്‍ത്തുക.

ശിക്ഷ ഒരു പരിധി വരെ കുറ്റകൃത്യങ്ങള്‍ തടുക്കും. മനുഷ്യന് വേണ്ടത് മാനുഷിക മൂല്യങ്ങള്‍ ആണ്. കച്ചവട താല്പര്യങ്ങള്‍ മനുഷ്യനില്‍ നിന്നും പതുകെ പതുക്കെ മാനുഷിക മൂല്യങ്ങള്‍ എടുത്തു മാറ്റിക്കൊണ്ടിരിക്കുകയാണ്.

noorA said...

മരിച്ചുപോയ ആ പെണ്‍കുട്ടി യെ തന്നെ അവള്‍ക്ക് സംഭവിച്ച ദുരന്തത്തിന്‍റെ ചതിയുടെ അല്ലെങ്കില്‍ നെറികേടിന്‍റെ പ്രധാന കാരണമായി അവതരിപ്പിക്കാന്‍ അസാമാന്യമായ,അതികഠിനമായ പരിഗണനക്കുറവ് ആവശ്യമാണ്. അവള്‍ അസമയത്ത് പുറത്ത് പോയതെന്തിനെന്നും അവിവാഹിതര്‍ രാത്രിയില്‍ ചുറ്റി നടക്കാന്‍ പാടില്ലെന്നും ഒരു മാന്യ സ്ത്രീയേയും ഇന്ത്യയില്‍ ഇന്നുവരെ ആരും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും വക്കീലുമാര്‍ പരസ്യമായി പറയുമ്പോള്‍ സ്ത്രീയെന്ന നിലയില്‍ ഭയം തോന്നിപ്പോകുന്നു.

സത്യത്തില്‍ ഈ ഭയമാണ് എന്‍റെ ഏറ്റവും വലിയ ഭയം.. സ്ത്രീയുടെ കുറ്റമാണ് മാത്രം കാണുന്ന ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എന്നാ നിലയില്‍ എങ്ങനെ പെടിതോന്നതിരിക്കാന്‍... വകീലന്മാര്‍ മാത്രമല്ല, ഈ കാര്യത്തില്‍ ഭൂരിപക്ഷ സമൂഹവും ഇതേ വകീലന്മാരുടെ കൂട്ടാണ്. പെണ്ണാണ്‌ കുറ്റക്കാരി, എപ്പോഴും.. സൗദി അറബിയിലും സ്ത്രീ സുരക്ഷിതയല്ല എന്ന് എന്‍റെ ജീവിതാനുഭവം കൊണ്ട് പറയാന്‍ ശ്രമിച്ച എനിക്ക് നേരെ ഫൈസ് ബൂകിലൂടെ ശരവര്‍ഷം എയ്ത് സംതൃപ്തി അടഞ്ഞു ഇക്കൂട്ടത്തില്‍ പെട്ടവര്‍ ചിലര്‍., എന്നിട്ടൊരു വിളിയും, ഫെമിനിസ്റ്റ്...ഉള്ള കാര്യം പറയുമ്പോള്‍ അത് സ്ത്രീക്ക് അനുകൂലമാണെങ്കില്‍ പോലും അവര്‍ ഫെമിനിസ്റ്റ് ആയി... എന്താ ചെയ്യാ.. ലോകം വളര്നിട്ടും, ചിന്തകള്‍ മുരടിച്ചു പോവുന്നു പലപ്പോഴും..

Shaleer Ali said...

പീഡന വാര്‍ത്തകള്‍ അലോസരം പോലെ ആയി തീര്‍ന്നിരിക്കുന്നു ... പത്രതാളുകളില്‍ ഏറ്റവും കൂടുതല്‍ ഇന്നീ വാക്ക് മാത്രം..
മണ്ണില്‍ ചെകുത്താന്‍മാര്‍ പൂര്‍ണ്ണ വാഴ്ച തുടങ്ങിക്കഴിഞ്ഞു,,,
അല്ലാതെന്തു പറയാന്‍

ajith said...

വളരെ സങ്കീര്‍ണ്ണമായൊരു പ്രശ്നം

പോംവഴി ആര്‍ക്കുമൊട്ടറിയില്ല താനും

ente lokam said...

നീതി കിട്ടിയില്ലെങ്കിലും വേണ്ടില്ല ..നഷ്ട പരിഹാരവും

വേണ്ട ഇനിയും കോടതി കയറ്റി പീഡിപ്പിക്കല്ലേ എന്ന് വിതുര

കേസിലെ സ്ത്രീയുടെ അപേക്ഷ..

ശ്രീനാഥന്‍ said...

എച്ചുമുക്കുട്ടി പറഞ്ഞതു ശരി തന്നെ. കേരളത്തിലെ എത്ര സ്ഥലങ്ങളുടെ പേരിൽ പീഡിതരായ പെൺകുട്ടികൾ!പക്ഷേ, ഇരകൾ മാത്രം ശിക്ഷിക്കപ്പെടുന്നു. എങ്കിലും അവർക്കു വേണ്ടിയുള്ള ശബ്ദങ്ങൾക്ക് കനം വെച്ചു വരികയാണ്. പലരും വിരണ്ടു തുടങ്ങിയിട്ടുണ്ട്. എന്നും എല്ലാം ഒരു പോലെയാ‍യിരിക്കില്ല.

the man to walk with said...

പെണ്ണുങ്ങള്‍ക്ക്‌ മാത്രമായി ഒരു രാജ്യം വേണ്ടി വരും എന്ന് തോന്നുന്നു .ആ തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്

ആശംസകള്‍

റിനി ശബരി said...

കോടതികളില്‍ മാറ്റുരക്കപെടുന്നതിന്റെ
നേരുകള്‍ അറിയണമെങ്കില്‍ ഒന്നു കേറി നില്‍ക്കണം ..
വാദി പ്രതിയാകുന്ന ചിലതു വരാന്‍ ഉണ്ട്
ചില കറുത്ത കോട്ടിട്ടവരില്‍ നിന്നും .........
അവര്‍ക്ക് ന്യായികരിക്കുവാന്‍ ഒരു പ്രതലമുണ്ട്
എന്തും കള്ളം പറഞ്ഞ് നേരുകളേ വളച്ചൊടിക്കാന്‍
അവരുടെ ജോലിയാണതെന്ന് പറയുന്ന വാദം ..
സഹൊദരാന്നൊരു വിളി മതിയെന്നാണ് ഒരാസാമി പറഞ്ഞത്
കാമം കത്തുന്ന കണ്ണുകളിലേക്ക് സഹൊദര സ്നേഹം ഇരച്ചെന്നുമെന്ന് ..
നേരാവണ്ണം മറക്കപെടുന്നില്ലാന്ന് വേറെ കുറേ ആസാമിമാര്‍..
എങ്കില്‍ പിന്നേ കുഞ്ഞിന് മുല കൊടുക്കുന്നതു കണ്ടാലും പ്രശ്നം തന്നെ ..
രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞ് എന്തു കാണിച്ചിട്ടും
മറച്ചിട്ടുമാണ് കേറി പീഡിപ്പിക്കുന്നത് ..സമൂഹത്തിലേക്ക് പകരുന്ന
ഈ റോഗാതുരതയേ മറ്റ് കായങ്ങളിലേക്ക് കൂട്ടി വായിക്കുന്നതിലും ഭേദം
ഉള്ള കുറ്റങ്ങളെല്ലാം പെണ്‍കുട്ടികളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നത്
നിര്‍ത്തീ , കമ്പില്‍ ചേല ചുറ്റിയാല്‍ കാമം കത്തുന്ന സിരകളേ തല്ലികെടുത്തുവാന്‍
പുരുഷ സമൂഹത്തിനെതു കൊണ്ട് ആവുന്നില്ലാന്ന് കണ്ടെത്തണം ..
ഇന്നോ നാളേയൊ കൊണ്ട് തീരാവുന്നതല ഈ പ്രശ്നം ..
കുടുംബത്തില്‍ നിന്നും തുടങ്ങണം ഇതിനുള്ള പ്രതിവിധീ ..
അല്ലാതെ സംഭവങ്ങളില്‍ മാത്രമുണരുന്ന ഒന്നാകരുത് .. കൂടേ
ശക്തമായ നിയംങ്ങള്‍ ഉണ്ടാവുകയും വേണം , നിരപരാധികളേ ക്രൂശിക്കാതെ തന്നെ ..

കുസുമം ആര്‍ പുന്നപ്ര said...

ഇവിടെ ഒന്നും നടക്കുകയില്ല. കുറെ പുരുഷപ്രജമാര്‍ വിചാരിക്കുന്നതുപോലെയെ കാര്യങ്ങള്‍ നീങ്ങു. മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് ചാനലുകാര്‍ വിശദീകരിക്കുന്നതു കേട്ടില്ലേ. ജനങ്ങള്‍
പറയുന്നതുപോലൊന്നും ചെയ്യാന്‍ പറ്റുകയില്ലയെന്ന്.
നടക്കട്ടെ.നടക്കട്ടെ.

കൊമ്പന്‍ said...

ഇന്ത്യന്‍ നീതി പീടങ്ങളോടും നിയമ പാലകരോടും പരമമായ പുശ്ചം ആണ് തോന്നുന്നത്

അവതാരിക said...

മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രധാരണം ഒരു കൃത്രിമസ്വഭാവമല്ല; പ്രകൃതിയുടെ ഒരു മുഖ്യ താല്‍പര്യമാണ്. ജന്തുവര്‍ഗങ്ങള്‍ക്കെന്നപോലെ, മനുഷ്യശരീരത്തില്‍ പ്രകൃത്യായുള്ള ഒരാവരണം ഉണ്ടാക്കിയിട്ടില്ല.
മറിച്ച് മനുഷ്യന്റെ പ്രകൃതിയില്‍ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും ബീജം നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്.

Look,, most of animal have their own dress.
for more http://www.thafheem.net/sura_index.html

വേണുഗോപാല്‍ said...

ഇപ്പോള്‍ നടക്കുന്നതത്രയും ചായക്കോപ്പയിലെ കൊടുംകാറ്റായി അവസാനിക്കും. നാറുന്ന സാമൂഹ്യ വ്യവസ്തിയും അതിലേറെ പരിഹാസ്യമാവുന്ന ഒരു നിയമ വ്യവസ്ഥയും നിലവിലുള്ള ഒരു രാജ്യത്തു നാം നമ്മെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഏക ഉപാധി. പിന്നെ വരുന്നത് നമ്മുടെ വിധിയെന്ന് സമാധാനിക്കുക. അത് മാത്രമേ രക്ഷയുള്ളൂ.

Muralee Mukundan , ബിലാത്തിപട്ടണം said...

സ്ത്രീകളുടെ നേരെയുള്ള എല്ലാ അതിക്രമങ്ങള്‍ക്കും പ്രധാന കാരണമാകുന്നത് നമ്മുടെ ഈ വികല നയമാണ്...

ശിക്ഷ ലഭിക്കുകയില്ലെന്ന അമിത വിശ്വാസത്തിനു പുറമേ എന്താക്രമം ചെയ്താലും അതിന്‍റെ ഉത്തരവാദിത്തം അക്രമം സഹിക്കേണ്ടി വന്ന സ്ത്രീയില്‍ തന്നെ എങ്ങനെയെങ്കിലും കെട്ടിവെയ്ക്കാന്‍ കഴിയുമെന്ന ഉത്തമബോധ്യവും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സവിശേഷ ഘടകമാണ്...

തീർച്ചയായും...!

jayanEvoor said...

ഒരു കാര്യം പകൽ വെളിച്ചം പോലെ വ്യക്തം.
സ്ത്രീപീഡകരെല്ലാം ഒറ്റക്കെട്ടാണ്! (പാർട്ടിയേതായാലും/മതമേതായാലും പീഡിപ്പിക്കാൻ ചാൻസ് കിട്ടിയാൽ മതി!)

അവരെ സഹായിക്കാൻ മനസ്സാക്ഷിക്കുത്തില്ലാത്ത വക്കീലന്മാരും, ശിങ്കിടികളും!

Anonymous said...
This comment has been removed by a blog administrator.
Anonymous said...

വിപ്ലവം എന്നാല്‍ മക്കളെ പെരുവയില്‍ ഉപേഷിച്ച് സ്വന്തം സുഖത്തിനു വേണ്ടി ജീവിക്കുക എന്നല്ല. സ്വന്തം ജീവിതം ബാലിയര്‍പ്പിച്ചു മറ്റുള്ളവര്‍ക്ക് നന്മ പകരുക്ക എന്നാണ്

ChethuVasu said...

ബലാല്‍സംഗങ്ങള്‍ നടക്കുന്നത് സമൂഹം അത് അനുവദിക്കുന്നത് കൊണ്ട് മാത്രം ആണ് . വേറെ പ്രത്യേകിച്ച് കാരണങ്ങള്‍ അന്വേഷിച്ചു തല പുണ്ണാക്കേണ്ടതില്ല .രതി വക്രുതങ്ങള്‍ ഉള്‍പ്പെടെ നിരവധി മനോ വൈകൃതങ്ങള്‍ പ്രോത്സാഹിക്കപ്പെടുന്ന ഒരി സാഹചര്യം ആണ് ഇവിടെ ഉള്ളത് .. നൂറു നൂറ്റി ഇരുപതു കോടി ജനങ്ങള്‍ വരുന്ന ഒരു രാജ്യത്ത് കൂടുതല്‍ പേരും വ്യക്തിപരം ആയി വേദത്ര വളര്‍ച്ച പ്രാപിക്കന്‍ സാഹചര്യം ഇല്ലാത്ത രാജ്യത്ത് നീതി നടപ്പാക്കി കിട്ടാന്‍ എളുപ്പം അല്ല. ഭരണം കുറച്ചു പേരുടെ മാത്രം വിനോദോപാധിയായി . അത് നഗെ തന്നെ ആയിരുന്നു സ്വാതത്ര്യത്തിനു മുന്‍പും .അതില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല .

അത് പോട്ടെ . ഇവിടെ ആര്‍ക്കു എന്ത് ചെയ്യാന്‍ സാധിക്കും ..?

വേണമെങ്കില്‍ നിയമം കൂടുതല്‍ കാര്യക്ഷമം ആക്കാം .. അനേഷണ ഉദ്യോഗസ്ഥന്മാരെ നിയമിക്കുമ്പോള്‍ മന്വീയതയോടും മനുഷ്യത്വോടും ഉള്ള അവരുടെ കമ്മിറ്റ് മെന്റ് ശാസ്ത്രീയമായി അളന്നു(ഇന്ന് അതിനു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്) , അത് കൂടുതല്‍ ഉള്ളവരെ മാത്രം നിയമിക്കാം. ഇങ്ങനെ ഒക്കെ ഒരു പാട് കാര്യങ്ങള്‍ ഭരണ തലത്തില്‍ ചെയ്യാം

അത് അങ്ങനെ നില്‍ക്കട്ടെ . നമ്മള്‍ സാധാരണക്കാര്‍ക്ക് എന്ത് ചെയ്യാം ..?

ഇവിടെ ആകെ ക്കൂടി ചെയ്യേണ്ടത് ഈ സമൂഹത്തെ കൂടുതല്‍ മനുഷ്യത്വമുള്ളതാക്കി മാറ്റുക എന്നാ ഒറ്റ കാര്യം മാത്രം ആണ് . സ്ത്രീകളോട് മാത്രമായി മനുഷ്യത്വം കൂടുതല്‍ കാണിക്കാന്‍ ഒരു വികല മനസ്സിന് സാധിക്കുയില്ല പൊതുവായ വ്യക്തി വികാസം ഉണ്ടാകണം . അതിനു മൂല്യങ്ങള്‍ക്ക് വില കൊടുക്കുന്നതിനു സമൂഹം പരൊഷമായി പ്രതിഫലം നല്‍കിയെ പറ്റൂ . അമ്പതു ശതാനം ഉള്ള സ്ത്രീ സമൂഹം മാത്രം ഇക്കാര്യത്തില്‍ ശ്രദ്ധ വച്ചാല്‍ ഭീമമായ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും . സ്ത്രീകളോട് മാന്യമായി പെരുമാരുന്നവരെ അംഗീകരിക്കുകയും അവര്‍ക്ക് സമൂഹത്തില്‍ ഉയരാന്‍ ഉള്ള അവസരം ഒരുക്കുകയും ചെയ്യുക.. അത് കുട്ടികള്‍ അയാളും രാഷ്ട്രീയക്കാര്‍ അയാളും ഉദ്യോഗസ്ഥര്‍ അയാലും ഒരു പൊസിറ്റീവ് ഡിസ്ക്രിമിനേഷന്‍ ഇവിടെ അത്യാവശ്യമാണ് . സ്തീകളെ അപമാനിക്കുന്ന സിനിമകള്‍ സ്ത്രീകള്‍ കാണുകയില്ല എന്ന് വന്നാല്‍ പിന്നെ അത്തരം സിനിമകള്‍ സാമ്പത്തികമായി നില നില്‍ക്കില്ല . സ്ത്രീകളെ അപമാനിക്കുന്ന രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുക്കപെടില്ല എന്ന് വന്നാല്‍ കാലക്രമത്തില്‍ ഭരണ തലത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങും .

ഉള്ളില്‍ നിന്നുള്ള മാറ്റം ആണ് വേണ്ടത് . പുറമേ നിന്നും ആാരെങ്കിലും വന്നു അത്ഭുതങ്ങള്‍ ശ്രുഷ്ടിച്ചു ഈ സമൂഹത്തെ മാറ്റി എടുക്കുമെന്ന് സ്വപ്നം കാണേണ്ടതില്ല !

( എഴുതി വന്നപ്പോള്‍ വിസ്തരിച്ചു പോയി, ക്ഷമി ..! )

Vinodkumar Thallasseri said...

ദില്ലി സംഭവത്തിനുശേഷം ഉണ്ടായ ചെറുത്തുനില്‍പും പ്രതിഷേധവും നേരിയ സന്തോഷം തന്നിരുന്നു. വര്‍മ്മ കമ്മീഷണ്റ്റെ റിപ്പോര്‍ട്ടും അതെ. എന്നാല്‍ സര്‍ക്കാരിണ്റ്റെ ഓര്‍ഡിനന്‍സ്‌ ആ സന്തോഷം ശരിക്കും ഊറ്റി കളഞ്ഞു. ആരും ഒന്നും പഠിക്കുന്നില്ല എന്നും എന്ത്‌ സംഭവിച്ചാലും സര്‍ക്കാര്‍ മാറാന്‍ തയ്യാറില്ല എന്നും വീണ്ടും സംശയിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നു.

Prasanna Raghavan said...

ചെത്തുകാരൻ വാസു പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു.

ഇവിടെ നമ്മൾ പലരും പറയുന്നു ഇപ്പോൾ ഇതെന്താ ഇങ്ങനൊക്കെ, എന്നു പറഞ്ഞാൽ പണ്ടോക്കെ നമ്മൾ റേപ്പ് എന്താണെന്ന് കേട്ടിട്ടു പോലുമില്ലമില്ലാത്ത ഒരു സമൂഹമാണേ എന്നൊക്കെ പറയാം. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ത്രീകളുടെ കഷ്ടകാലത്തിനു സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്; ഏയ് നമ്മൾക്കോ, എന്തിയേ നമ്മട ബാരാതാംബ, നമ്മടെ ശക്തി ചേച്ചി; അയ്യോ സ്ത്രീകളെ ഇത്രേം ബഹുമാനിക്കുന്ന നാടേതൊണ്ടു വേറെ; പെണ്ണുങ്ങളെ കോണ്ടു കവിതയയെഴുതി; കഥയെഴുതി. പെണ്ണൂ കരഞ്ഞെങ്കിലല്ലേ ഇവിടെ പുസ്തം കച്ചവടമാകൂ, സിനിമ പൊലിക്കൂ ഏതെങ്കിലും പെണ്ണ് പരാതിപ്പെട്ടോ, തന്നെയുമല്ല; പുരുഷാധിപ സാമൂഹ്യം സാമ്പത്തിക, ധാർമ്മികക്രമത്തിന്റെ കാലാ‍ൾപടയാണ് പെണ്ണുങ്ങൾ; അപ്പോൽ ഇതൊക്കെ പറ്റും; അമ്മമാ‍രു വളർത്തിയവരല്ലേ ഇവരൊക്കെ; പി.ജെ കുര്യൻ അതോ മാനം പിളർന്നുണ്ടായതാണോ.

എന്നാൽ ഇന്നത്തെ പെൺകുട്ടികൾ നീ പോടാ നിന്റെ പാട്ടിന് എന്നു പറയുന്നു; എന്നാ നിന്നെ കാണിച്ചു തരാമെടീ എന്ന പ്രതികാരം. നിയമം കൊണ്ടൊക്കെ കുറെ കുറയും പക്ഷെ ശരീക്കും പരിഹാരം വേണമെങ്കിൽ മാനുഷികമൂല്യങ്ങൾ മൻസിലാക്കണം നമ്മളെല്ലാ വരും അണു, പെണ്ണൂം ഒരുമിച്ച, അതിനു തയ്യാറാകണം എന്നാൽ മാറ്റങ്ങളുണ്ടാകും.

ഇതിനെ കുറിച്ചു ഞാനും ചിലതൊക്കെ എഴുതാൻ തുടങ്ങി, താഴത്തെ ലിങ്കിൽ വായിക്കാം
http://goweri2.blogspot.com/2013/01/blog-post_31.html

എല്ലാവരും വായിച്ച അഭിപ്രായങ്ങൾ ഒക്കെ അവിടെയും എഴുതുമല്ലോ.

ഫൈസല്‍ ബാബു said...

വെള്ളിയാഴ്ചകളില്‍ മാധ്യമം ചെപ്പ് കിട്ടിയാല്‍ ആദ്യം നോക്കുന്നത് എച്മു വിന്‍റെ സ്വകാര്യം ആണ് .ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം , സൂര്യ നെല്ലി കേസ് വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ഈ കുറിപ്പിന് പ്രസക്തി കൂടുന്നു .

Echmukutty said...

വായിച്ച് പ്രോല്‍സാഹിപ്പിച്ച എല്ലാവരോടും നന്ദി പറഞ്ഞു കൊള്ളുന്നു.ഇനിയും വായിക്കാനെത്തുമെന്ന് കരുതുന്നു.

DeepaBijo Alexander said...

പെണ്‍കുട്ടിയെ ബാദ്ധ്യതയായും ആണ്‍കുട്ടിയെ അവകാശി ആയും കാണുന്ന സ്വന്തം കുടുംബത്തില്‍ പോലും പെണ്ണിന് രക്ഷയില്ല.... പെണ്ണിനെ ഇലയായും ആണിനെ മുള്ളായും കാണുന്ന സമൂഹത്തില്‍ പിന്നെ അവള്‍ക്കെന്തു രക്ഷയാണ് കിട്ടുക....? മാറ്റം നമ്മുടെ കുടുംബങ്ങളില്‍ നിന്ന്‍ തുടങ്ങണം.

DeepaBijo Alexander said...
This comment has been removed by the author.
ജാനകി.... said...

ഇപ്പോൾ മൃഗീയമെന്നതോ...മനുഷ്യത്ത്വമെന്നതോ..ഭയാനകം.....?
പ്രതിഭാഗ ന്യായീകരണങ്ങളിൽ ഇരമാത്രമല്ല..ഓരോ പെണ്ണുടലും നീറുന്നു......

V P Gangadharan, Sydney said...

നിയമം ഭ്രഷ്ട്‌ കല്‍പിച്ചു അടിച്ചോടിക്കപ്പെടുന്ന അവിടത്തെ prostitute ഉം, നിയമത്തിന്റെ വരുതിയില്‍ ഒതുങ്ങി നിന്ന്‌ പ്രവര്‍ത്തിക്കുന്ന ഇങ്ങിവിടത്തെ sex worker ഉം തമ്മിലുള്ള അന്തരം കുറിക്കുവാന്‍ കട്ടി കൂടിയ ഒരു ഗ്രന്ഥം പോരാതെ വരുമെന്ന്‌ തോന്നുന്നു. അതില്‍ അപഗ്രഥിക്കപ്പെട്ടേക്കാവുന്ന വ്യവസായത്തെ (നിത്യവൃത്തിക്കുള്ള ഉപാധിയാവാം) കുറിച്ചു വായിക്കാം, ഉപഭോക്തക്കളെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും വായിക്കാം, നിയമത്തെ കുറിച്ചും നിയമത്തിന്റെ ആവശ്യത്തെക്കുറിച്ചും വായിക്കാം, ശ്രീജിത്ത്‌ മൂത്തേടത്ത്‌ കുറിച്ചിട്ട ശ്രദ്ധേയമായ വശങ്ങളുടെ വിപുലമായ വിശദീകരണംതന്നെ നിയമപാലകരെയും, ഭരണകര്‍ത്താക്കളെയും, മനശാസ്ത്രജ്ഞരെയും, വൈദ്യന്മാരെയും, വൈദികരെയും, ധര്‍മ്മപ്രബോധകരെയും മറ്റും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ട്‌ വിരചിക്കപ്പെട്ട ഒട്ടേറെ പ്രബന്ധങ്ങളായും വായിച്ചെടുക്കാന്‍ ഇട വന്നേക്കാം...

ആപ്പിള്‍, മരത്തില്‍ നിന്നും താഴെ വീഴാനുള്ള ശരിയായ കാരണമെന്താണ്‌?
അന്ന്‌ അതു വരെ വീണുകൊണ്ടിരുന്ന ആപ്പിളിനെ ലോകരെല്ലാം കണ്ടു നിന്നു. പക്ഷെ വീഴ്ചയുടെ കാരണം അന്വേഷിച്ചു കണ്ടെത്താന്‍ ഒരു ന്യൂട്ടന്‍ മാത്രമേ ഉണ്ടായുള്ളൂ.

mayflowers said...

ആലോചിച്ചിട്ട് അന്തം കിട്ടാത്ത കാര്യമാണ് സ്ത്രീ നാമധാരികള്‍ എന്ത് കൊണ്ടാണ്,എങ്ങിനെയാണ് ഇത്തരം കേസുകളില്‍ പ്രതി സ്ഥാനത്ത് എത്തുന്നത് എന്ന്.അതും കൂടാതെ ടി വി ചര്‍ച്ചകളില്‍ ഒരു ഉളുപ്പുമില്ലാതെ സ്വന്തം മകളുടെ പ്രായത്തിലുള്ള ഇരയെ നാക്ക് കൊണ്ട് ആക്രമിക്കുകയും ചെയ്യുന്നു.ഉപകാരം വേണ്ട സഹോദരിമാരെ,നിങ്ങള്‍ ആ പാവങ്ങളെ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യൂ..

പൈമ said...

നല്ല പോസ്റ്റ്‌ ...
ഒരു മാറ്റം വരുന്നത് തന്നെ വേണം ..

വിനുവേട്ടന്‍ said...

ഏത് ഉന്നത നേതാവായാലും പീഡനകേസിൽ പ്രതിയായാൽ മുഖം നോക്കാതെ തള്ളിപ്പറയാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാവുമോ? ഇല്ല... പകരം മുടന്തൻ ന്യായങ്ങൾ നിരത്തി പ്രതിരോധിക്കുവാനാണ് എല്ലാ പാർട്ടികളും ശ്രമിക്കുന്നത്... ഇത്തരം ഭരണകൂടങ്ങളിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ...

kochumol(കുങ്കുമം) said...

കുടുംബമാധ്യമത്തില്‍ ഞാന്‍ വായിച്ചിരുന്നു ...ഇന്നും വായിച്ചു 'വെറുമൊരു മോഷ്ടാവായ ബന്ദിയെ'..
കുടുംബമാധ്യമം ന്റെ കയ്യില്‍ കിട്ടിയാല്‍ ആദ്യം എച്ച്മൂന്റെ സ്വകാര്യം ഉണ്ടോന്നു നോക്കാന്‍ തുടങ്ങി .

ഒരു കുഞ്ഞുമയിൽപീലി said...

ലേഖനം വായിച്ചിരുന്നു . മനുഷ്യര്‍ മൃഗങ്ങളായാല്‍...നിയമവും നീതിയെക്കാള്‍ ഉപരി . വിവേകവും ശേരികളും മനസ്സിലാക്കാനുള്ള നടപടികളാണ് . നല്ലൊരു പ്രഭാതത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം നമുക്ക് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

Sidheek Thozhiyoor said...

അനീതികള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടെയിരിക്കുക ..

മുകിൽ said...

nalloru charcha thanne ivide nadannathaayi kandu santhosham thonnunnu..

A said...

ശക്തമായ നിയമങ്ങളും അത് കൃത്യമായി നടപ്പിലാക്കലും വേണം.
അതിലുപരി സമൂഹവും ജനങ്ങളുടെ മനസുകളും നവീകരിക്കപ്പെടണം.
അതിനു വേണ്ടി ഈ എഴുത്തുകള്‍ തുടരുക