Saturday, April 20, 2013

ക്വീന്‍ ഓഫ് ഷാവോലിന്‍ .......


https://www.facebook.com/groups/malayalamblogers/permalink/596157100394791/

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ഏപ്രില്‍ 5 നു  പ്രസിദ്ധീകരിച്ചത്. )

 പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്കായി കരാട്ടേ പഠിക്കണം, കുങ്ഫൂ പഠിയ്ക്കണം, ക്വീന്‍ ഓഫ് ഷാവോലിന്‍ ആവണം എന്നൊക്കെപ്പറയുന്നവരുടെ എണ്ണം ഈയിടെയായി  കൂടി വരികയാണ്.  കളരിപ്പയറ്റ് പഠിച്ച് ഉണ്ണിയാര്‍ച്ചമാരാവാനും  ഉപദേശിക്കുന്നുണ്ട്, അല്‍പം സ്വദേശി വാദം രക്തത്തിലുള്ളവര്‍. സ്ത്രീയുടെ രക്ഷകരെന്ന് സഹസ്രാബ്ദങ്ങളായി അവരോധിക്കപ്പെട്ട് വിശ്വസിക്കപ്പെട്ട് പോരുന്ന പുരുഷന്മാര്‍ക്കും  സ്വന്തം പ്രജകളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഭരണകൂടത്തിനും സ്ത്രീ സംരക്ഷണം ഇപ്പോള്‍  വന്‍ ബാധ്യതയായി തീര്‍ന്നിരിക്കുവോ ?

പണ്ട് വെപ്പുകാരനേയും വേലക്കാരനേയും ഒക്കെ നിയമിച്ച് ഭാര്യയെ  കഠിനമായ വീട്ടുജോലികളില്‍  നിന്ന്  പോലും മുക്തരാക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന അനവധി പുരുഷന്മാര്‍ ഉണ്ടായിരുന്നുവത്രെ! രാഷ്ട്രീയവും  സാമൂഹികവും സാമ്പത്തികവും ആയ മാറ്റങ്ങളാല്‍  പിന്നീട്  അവര്‍ക്ക് അതിനുള്ള കഴിവു കുറഞ്ഞു; ജോലിക്കാര്‍ വീടുകളില്‍ നിന്ന്  അപ്രത്യക്ഷരായി. ഒപ്പം  വീട്ടകങ്ങളിലെ സ്ത്രീകള്‍  വിദ്യാഭ്യാസം നേടുകയും  ഭര്‍ത്താക്കന്മാരുടെ സാമ്പത്തികഭാരം  പങ്കിടാന്‍ വേണ്ടി വീട്ടിനു പുറത്തേക്ക്  വന്ന്  വിവിധ ജോലികളിലേര്‍പ്പെടുകയും ചെയ്തു  തുടങ്ങി. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ പുതിയ സാമൂഹ്യക്രമമായിത്തീര്‍ന്നിരിക്കുന്ന  ഈ വിചിത്ര  കാലത്തില്‍, സ്ത്രീ സംരക്ഷണവും എല്ലാ അര്‍ഥത്തിലും സ്ത്രീയുടെ കായികക്ഷമതയിലും ആയോധനകലകളിലുള്ള അവളുടെ പാടവത്തിലും എത്തി നില്‍ക്കുകയാണോ?

ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍, ജല, വൈദ്യുതി വിതരണം, പൊതു ഗതാഗതം ഇതില്‍ നിന്നുമൊക്കെ  കഴിയുന്നത്ര വേഗത്തില്‍ സമ്പൂര്‍ണമായി പിന്‍വാങ്ങാന്‍ തത്രപ്പെടുന്ന ഗവണ്‍മെന്‍റുകളുടെ ഭരണത്തിന്‍ കീഴിലാണ് നമ്മള്‍. സാധിക്കുമെങ്കില്‍ രാജ്യരക്ഷയില്‍ നിന്നു പോലും തലയൂരി, അതുംകൂടി  വേറെ ആരെയെങ്കിലും ഏല്‍പിച്ചാല്‍ കൊള്ളാമെന്ന് ഭരിക്കുന്നവര്‍ക്ക് ചിന്തയില്ലാതില്ല. അപ്പോഴാണോ സ്ത്രീ സംരക്ഷണം പോലെയുള്ള നിസ്സാരവും അപ്രധാനവുമായ കാര്യങ്ങളെപ്പറ്റി പറയുന്നത് ! പുരുഷനു കാമമിളാകാത്തവണ്ണം വസ്ത്രധാരണം ചെയ്ത് അടങ്ങിയൊതുങ്ങി ഇരുട്ടാവും മുന്‍പേ വീടെന്ന സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിക്കുകയാണ് സ്ത്രീകള്‍ക്ക് നല്ലത്. അതില്‍ക്കൂടുതല്‍ റിസ്ക്കെടുക്കുന്ന സ്ത്രീകള്‍ ആയോധനകലകളും മറ്റും പഠിച്ച്  സ്വന്തം നിലനില്‍പ് ഭദ്രമാക്കിക്കൊള്ളണം. അല്ലാതെ പീഡനം  പീഡനം എന്ന് മുറവിളി കൂട്ടരുത്. അതായത്  സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജനത  തെരഞ്ഞെടുക്കുന്ന ഗവണ്‍മെന്‍റിനോ സകല കാര്യങ്ങളിലും മികച്ചു നില്‍ക്കുന്നതായി സാധിക്കുമ്പോഴെല്ലാം അവകാശപ്പെടുന്ന  പുരുഷന്‍മാര്‍ക്കോ സ്ത്രീകളുടെ നില  മെച്ചപ്പെടുത്താന്‍ പ്രത്യേകിച്ച്  വേറെ  ഒന്നും ചെയ്യാനില്ലത്രേ. 

കടുത്ത സാമൂഹ്യ പ്രശ്നമാണ്,  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും എല്ലാത്തരം ന്യൂനപക്ഷങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍. കുട്ടികളിലും ദലിതരിലും ആദിവാസികളിലും ന്യൂനപക്ഷങ്ങളിലും പുരുഷന്മാര്‍ തീര്‍ച്ചയായും ഉള്‍പ്പെടാറുണ്ട്. പക്ഷെ, അപ്പോഴൊന്നും നീയൊരു ആണല്ലേടാ എന്നു ചോദിച്ചല്ല, അവരെ  ഉപദ്രവിക്കാറ്. പകരം നീയൊരു കുട്ടിയല്ലേന്നും  നീയൊരു ദലിതനല്ലേന്നും നീയൊരു ആദിവാസിയല്ലേന്നും മറ്റുമായിരിക്കും ചോദ്യം. സ്ത്രീയ്ക്ക് ഈ ചോദ്യങ്ങള്‍ക്കെല്ലാം പുറമേ  നീയൊരു വെറും പെണ്ണല്ലേടീ എന്ന ആക്രോശവും അതിന്‍റെ പേരിലുള്ള പ്രത്യേകമായ പീഡനങ്ങളും അടിച്ചമര്‍ത്തലും  കൂടി സഹിക്കാനുണ്ടാകും. പുരുഷന് സഹിക്കേണ്ടി വരുന്ന ദുരിതങ്ങളും സ്ത്രീ പീഡനങ്ങളും  തമ്മിലുള്ള വ്യത്യസ്തമായ  ഈയവസ്ഥയെ   അധികം പേര്‍ക്കും കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാറില്ല. അറിഞ്ഞാലും എതിര്‍ക്കാനുള്ള ഭയം നിമിത്തം   മൌനമായിരുന്നു പോകുകയും ചെയ്യും. ആ ഭയംകൊണ്ടു തന്നെയാണ് പീഡിപ്പിക്കപ്പെട്ടവളും   ഒറ്റപ്പെട്ടവളും  സമരം ചെയ്യുന്നവളുമായ സ്ത്രീയെ നോക്കി അവള്‍ അടങ്ങിയൊതുങ്ങി ജീവിക്കേണ്ടതായിരുന്നു, അവളുടെ കൈയിലിരിപ്പ് ശരിയല്ല എന്നും മറ്റും പറയുവാന്‍ സ്ത്രീകള്‍ക്കു തന്നെയും കഴിയുന്നത്. മുഖത്ത് നോക്കി അസഭ്യം പ്രസംഗിക്കുന്ന അപമാനിക്കുന്ന പണ്ഡിതമ്മന്യന്മാരേയും  നേതാക്കന്മാരേയും മറ്റും സ്ത്രീകളും സഹിക്കുന്നത്, കൈയടിച്ച് ചിരിച്ചു പ്രോല്‍സാഹിപ്പിച്ച്, അറപ്പിക്കുന്ന ദൈന്യവും  കീഴ്പ്പെടലും പ്രകടിപ്പിക്കുന്നത്.

എന്തു സാംസ്ക്കാരിക ഔന്നത്യം അവകാശപ്പെട്ടാലും സമൂഹത്തില്‍ അധികം പേര്‍ക്കും  സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും ആദിവാസി വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും അങ്ങനെ ആകെക്കൂടിയുള്ള ദരിദ്ര ദുര്‍ബല  വിരുദ്ധതയും വളരെ സ്വാഭാവികമായി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.   സ്ത്രീകള്‍  പ്രതിഷേധിക്കുന്നത്  പൊതുവേ മിതമായിട്ടാവണം, നാലാള്‍  കേട്ടാല്‍ കുറ്റം പറയാനാവാത്ത രീതിയിലായിരിക്കണം, പ്രതിഷേധിക്കുമ്പോഴും സ്ത്രീകള്‍ക്ക്  സല്‍സ്വഭാവം, സ്നേഹം, ത്യാഗം, അനുസരണ, വിനയം ഇതൊക്കെ നിര്‍ബന്ധമായും വേണം,  ദളിതന്‍  ചങ്കുറപ്പോടെ  കൃത്യമായി ദാ, ഇതെന്‍റെ അവകാശമല്ലേ എന്നു  ഒരു കാര്യത്തിലും ചോദിക്കുവാന്‍  പാടില്ല, ആദിവാസികള്‍ അവരനുഭവിക്കുന്ന ചൂഷണത്തെപ്പറ്റി പറയുമ്പോള്‍ മുഖ്യധാരാ സമൂഹത്തിനു നേരെ ഒരിക്കലും  വിരല്‍  ചൂണ്ടരുത്, ന്യൂനപക്ഷക്കാര്‍ എന്നും എപ്പോഴും  ഭൂരിപക്ഷത്തിനോട് വിധേയരായിരിക്കണം,  ആ വിധേയത്വം ചോദിക്കുമ്പോഴും അല്ലാത്തപ്പോഴും ധാരാളമായി പ്രകടിപ്പിക്കുകയും വേണം,   ദരിദ്രനാകട്ടെ പരമ സത്യസന്ധനായിരിക്കണം ഇതൊക്കെ നിര്‍ബന്ധമായും ഉറപ്പു വരുത്തിയാലേ പൊതുസമൂഹത്തിനു  ഇവരുടെയൊക്കെ  പ്രതിഷേധങ്ങളെ   ലേശമെങ്കിലും  സഹിക്കാനോ ക്ഷമിക്കാനോ സാധിക്കൂ. 

   മനോഭാവമല്ലേ  യഥാര്‍ഥത്തില്‍ മാറേണ്ടത്? ഈ മനോഭാവം നിലനില്‍ക്കുന്ന കാലത്തോളം മേല്‍പറഞ്ഞവരില്‍  ആരുടെയെങ്കിലും  പ്രതിഷേധത്തേയോ പ്രതിരോധത്തെയോ സമൂഹത്തിനു ഉള്‍ക്കൊള്ളാനാവുമോ?  അതു കാരാട്ടെയോ കുങ്ഫൂവൊ കളരിപ്പയറ്റോ  ഉപേക്ഷിക്കലോ ചോദ്യംചെയ്യലോ നിരാഹാരമോ   ജാഥയോ മുദ്രാവാക്യമോ എന്തുമാവട്ടെ........ സഹിക്കാനാവുമോ?      

41 comments:

ajith said...

അതെ, മനോഭാവങ്ങളാണ് മാറേണ്ടത്

Echmukutty said...

ആദ്യവായനയ്ക്കെത്തിയ അജിത്തേട്ടനു സ്വാഗതവും നന്ദിയും പറയട്ടെ...

Rajesh said...

I think it is excellent that you have equated together the women, the dalit, the tribal and the poor. .

I would always say teaching all these martial arts - as a way of self defence for women - is definitely not the right thing.
Rather we should change our ways in bringing up our children - boy or girl should be brought up in the same way - giving them enough chances to face the society and the environment at least from when they enter the adolescent period, and lead them to build enough self confidence to believe in themselves and be bold in anything they do. To say the least - dont inculcate this feeling - you are just a girl/I am just a girl - in our girls.
Let them learn martial arts as a way to learn an art form and to be physically fit. If the right attitude to defend themselves is not inculcated in them, no martial art will help them to get through a tough situation.
(I have seen a Karate black belt man behaving like an absolute coward, when his family needed him the most during a land dispute in our village)
More than anything, we need to change our attitude to sex. At least let the new generations have a new attitude to sex. Present day parents - those between 30 - 45 years, I hope can better understand - have a big role to play in this, helping their children in having a new attitude to sex and throw away this curse of virginity and many other things. Our attitude to women will change too. There should be a situation wherein no man who is unable to respect a woman will be able to find a female partner. At least in the future, may our women be free enough to not doubt any other man as a potential rapist. May our men have the wisdom to not expect every other woman as a possible slut.

ശങ്കരനാരായണന്‍ മലപ്പുറം said...

http://www.facebook.com/photo.php?fbid=370671836375265&set=a.120161914759593.21118.100002973567569&type=1&theater&notif_t=like

vettathan said...

മനോഭാവങ്ങളാണ് മാറേണ്ടത്.എങ്ങിനെ. വിദ്യാഭ്യാസം കൊണ്ടോ? കര്‍ക്കശങ്ങളായ ശിക്ഷാരീതികള്‍ കൊണ്ടോ? എങ്ങിനെ?

പട്ടേപ്പാടം റാംജി said...

ശീലിച്ചു പോന്ന ശീലങ്ങള്‍ ചാരം മൂടിയ അവസ്ഥയില്‍ പതുങ്ങിക്കിടക്കുമ്പോഴാണ് അതിനെതിരെ പലപ്പോഴും പലരും സംസാരിക്കുന്നത്. ശക്തിയായ എതിര്‍വാദങ്ങള്‍ക്കിടയില്‍ പതുങ്ങിക്കിടക്കുന്ന ശീലങ്ങള്‍ ശരിയാണ് എന്ന് തോന്നിപ്പിക്കുന്നതാണ് സംഭവിക്കുന്നത് എന്നും തോന്നുന്നു. കാരണം കണ്ടു വളര്‍ന്ന രീതികളെ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ഒരുതരം വാശി.

ലംബൻ said...

ഇതൊന്നു അത്ര പെട്ടന്ന് മാറുകയില്ല, ഒരു വിപ്ലവം തന്നെ വേണ്ടി വരും.

SHANAVAS said...

പട്ടേപ്പാടം രാംജിയുടെ അഭിപ്രായത്തോട് യോജിക്കുന്നു..

Cv Thankappan said...

എന്തു സാംസ്കാരിക ഔന്നത്യം അവകാശപ്പെട്ടാലും ഇന്ത്യക്കാരുടെ ഉള്ളിന്‍റെയുള്ളില്‍ ഇന്നും അടിമത്തമുള്ള
മനോഭാവമാണ് നിലകൊള്ളുന്നത്.ബ്രിട്ടീഷ്
ഭരണം വരുന്നതിനുമുന്‍പ് അവര്‍ണ്ണര്‍ക്ക്
സവര്‍ണ്ണരോടും,ബ്രിട്ടീഷ് ഭരണം നിലവില്‍
വന്നപ്പോള്‍ ആ ഉച്ചനീചത്വം സര്‍വ്വരിലും
വ്യാപിപ്പിക്കാന്‍ അവര്‍ നടപടിയെടുത്തു.അതുമൂലം അധികാരസ്ഥാനങ്ങളിലെല്ലായിടങ്ങളിലുംപഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടിവന്നു ഇന്ത്യക്കാര്‍ക്ക്.ഇന്നും അതു തുടരുന്നു അധികാരമേലാളരുടെ മുമ്പില്‍.
പാശ്ചാത്യസാംസ്കാരിക ഔന്നത്യം സിദ്ധിച്ച യുവതലമുറയില്‍ അല്പംമാറ്റം സംഭവിച്ചിട്ടുണ്ട്.ഗുരുകാരണവന്‍മാരെയും,ജേഷ്ടസഹോദരന്മാരേയും ബഹുമാനിക്കാനുള്ള മനോഭാവവും ഉണ്ടാകണം. പക്ഷെ,ആ അടിമത്തമനോഗതിയില്‍ നിന്നുളള നേരിയമാറ്റം ആപല്‍ക്കരവും,അവിവേകവുമായ
മാര്‍ഗ്ഗങ്ങളിലൂടെ ആണല്ലോ എന്ന ആശങ്ക ഉടലെടുക്കുമ്പോള്‍ മനസ്സില്‍ ഭീതി!
നന്മയിലേക്ക് അടിവെച്ചടിവെച്ച് കയറാനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാകട്ടെ!
ആശംസകള്‍

ചന്തു നായർ said...

മുകളിൽ സി.വി.തങ്കപ്പൻ സർ പറഞ്ഞതിനോട് യോജിക്കുന്നൂ........എച്ചുമൂ....ആശംസകൾ

Unknown said...

സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോള്‍ "എച്മി കുട്ടി" യുടെ ഭാഷ കടുത്തതാകുന്നു, അതങ്ങനെയാകണം താനും, ഈ ബ്ലോഗിലേക്ക് വീണ്ടും വരാന്‍ എന്നെ പ്രേരിപ്പിക്കുന്നതും വരികളിലെ ആ ആത്മാര്‍ത്തതയാണ്.

ഈ വിഷയത്തില്‍ ഒരു ചെറിയ വിയോജനക്കുറിപ്പെഴുതുകയാണ്.
ദളിതര്‍ക്കും, ആദിവാസികള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും പിന്നെ സ്ത്രീകള്‍ക്കും കടുത്ത സാമൂഹിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് അഭിപ്രായ വത്യാസമില്ലാത്ത കാര്യമാണ്. എന്നാല്‍ "എച്മി കുട്ടി" സ്ത്രീകളെ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം നിര്‍ത്തി വിശകലനം ചെയ്തത് അല്പം കടുത്ത സ്ത്രീ പക്ഷ വാദമായിപ്പോയി. ഒരു സമൂഹമെന്ന നിലയില്‍ അധസ്ഥിതര്‍ക്ക് നഷ്ടപ്പെടുന്ന അവസരങ്ങളും നിഷേധിക്കുന്ന സാമൂഹിക സാമ്പത്തിക പുരോഗമനവും മനസിലാക്കാന്‍ കഴിയുന്നത്‌ അത് ലഭിക്കുന്ന മറ്റൊരു വിഭാഗവുമായി താരതമ്യം ചെയ്യുമ്പോളാണ്, അങ്ങനെയാണ് അവരെ പാര്‍ശവത്കരിക്കപ്പെട്ടവരായി തിരിച്ചറിയുന്നത്‌. എന്നാല്‍ സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സ്ത്രീ പക്ഷ ചിന്ത ശരിയായ ഒന്നല്ല. സ്ത്രീകള്‍ക്കുണ്ടെന്നു നാം കരുതുന്ന പല പരിമിതികളും ചിലപ്പോളെല്ലാം അവള്‍ക്കു രക്ഷയാണ്. ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്നെ ഇവിടെ നില നിന്നിരുന്ന ഇപ്പോളും നില്‍ക്കുന്ന പല സാമൂഹിക ആചാരങ്ങളും, സമൂഹത്തിന്റെ പൊതു മനോനിലയും മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീ വിരുദ്ധമാണെന്നും പറയേണ്ടിവരും അതില്‍ പുരുഷന്മാരോടൊപ്പം ഒരുപരിധിവരെ സ്ത്രീകളും ഉത്തരവാദികളാകുന്നുമുണ്ട്.

രാജീവ് മഹാദേവൻ said...

ബൈജു ഖാന്റെ അഭിപ്രായത്തോട് പൂർണമായും ഞാൻ യോജിക്കുന്നു..അതിനുള്ള മറുപടി ഞാൻ ലക്ഷ്മിയിൽ നിന്നും പ്രതീക്ഷിക്കുന്നു ...എന്നിട്ട് വേണം കുറച്ചു വിശദമായി പറയാൻ..

Unknown said...

പിടിച്ചെടുക്കാനും , മത്സരിക്കാനും ,ഭരിക്കാനും മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസം മാറേണ്ടിയിരിക്കുന്നു,
അത് കുടുംബത്തില്‍ നിന്നായാലും സ്കൂളുകളില്‍ നിന്നായാലും ,സമൂഹത്തില്‍ നിന്നായാലും.
കാരണങ്ങളെ ഇല്ലായ്മ ചെയ്യാതെ രോഗത്തെ ചികിത്സിക്കുന്നത് മണ്ടത്തരമാല്ലാതെ എന്താണ് .

നല്ല ലേഖനത്തിന് ഒരു നല്ല നമസ്ക്കാരം

റിനി ശബരി said...

എല്ലാ വിഭാഗത്തിലും നന്മയും തിന്മയുമുണ്ട് ..
പുരുഷനിലും , സ്ത്രീയിലും , ദളിതരിലും , ഭൂരിപക്ഷത്തിലും
ന്യൂനപക്ഷത്തിലും .. ഇവിടെ മനുഷ്യനേയാണ് തിരിച്ചറിയേണ്ടത്
മനുഷ്യന് വേണ്ടിയാണ് സംസാരിക്കേണ്ടത് , മനുഷ്യത്വമാണ്
സംരക്ഷിക്കപെടേണ്ടത് , അതില്ലാതെ വേര്‍തിരിവുകളിലൂടെ
മാത്രം നാം നേടാന്‍ ശ്രമിച്ചാല്‍ വിപരീതമാകും ഫലം ..
അവനവന് വേണ്ടുന്നത് സ്വായത്തമാക്കേന്റ കാലം
അതിക്രമിച്ചിരിക്കുന്നു , കടന്നു കയറ്റങ്ങളെ കൂട്ടമായ
ശക്തിയിലൂടെ തൊല്പ്പിക്കാന്‍ എപ്പൊഴുമാകില്ല എന്നിരിക്കേ
സ്വയം ശക്തി നിറക്കേണ്ട കാലം വന്നു കൂടിയിരിക്കുന്നു ..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബിർള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ രണ്ടു കൈകളും എപ്പോഴും തെരക്കിലായിരിക്കും അതുകൊണ്ട് അവർക്ക് ജോലി ചെയ്യാൻ സമയം ഉണ്ടാവില്ല എന്നൊരു പറച്ചിൽ ഉണ്ട് - തെരക്ക് എന്താണെന്നു കേൾക്കണ്ടെ വലതു കൈ കൊണ്ട് മേലാവിന്റെ ചന്തി തടവൽ, ഇടതു കൈകൊണ്ട് തന്റെ ചന്തി തടവുന്ന കീഴാളന്റെ കയ്യ് തട്ടി മാറ്റൽ

നമ്മുടെ രാഷ്ട്രീയക്കാർക്കും അതു കഴിഞ്ഞ് നേരം വേണ്ടെ. പിന്നെ അല്പം സമയം കിട്ടിയാൽ അല്പം കാശുണ്ടാക്കി അത് സ്വിസ് ബാങ്കിൽ ഇടണം, പറ്റുമെങ്കിൽ സ്വയം അപല്പം പീഡിപ്പിക്കൽ നടത്തണം

ഇതിനിടയ്ക്ക് എന്തോന്ന് ഭരണം?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തങ്കപ്പൻ ചേട്ടൻ പറഞ്ഞ കാര്യം ഒന്നാലോചിച്ചപ്പോൽ ശരിയാണ്. അല്ലെ?

സ്വാതന്ത്ര്യ സമരം എന്ന പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്കൊടുവിൽ അന്നു നിലനിന്നിരുന്ന സർവ അലവലാതി സർക്കാരുദ്യോഗങ്ങളും അതുപോലെ നിലനിർത്തി, പ്രജയെ അടിമയാക്കി വച്ചിരുന്ന - ഇന്ത്യക്കാരെ തല്ലാൻ നിയമിക്കപ്പെട്ട പോലീസും സായിപ്പിന്റെ വാലു നക്കാൻ വച്ചിരുന്ന ഉദ്യോഗസഥ വൃന്ദവും ഒക്കെ തന്നെ അല്ലെ അധികാര കൈമാറ്റം എന്ന കോപ്രായത്തിൽ കൂടി നിലവിൽ വന്നത്. ചെറ്റകളെ ഒക്കെ തല്ലിക്കൊന്ന് കളഞ്ഞ് സായിപ്പിനെ ചൂലു ചാണകത്തിൽ മുക്കി അടിച്ചോടിച്ചിരുന്നു എങ്കിലോ

പകരം അവർക്ക് നഷ്ടപരിഹാരവും കൊടൂത്തു വിട്ടു - നമ്മുടെ -"നേതാക്കന്മാർ"

അതു കൊണ്ടല്ലെ ഭഗത് സിങ്ങ് പോലെ ഉള്ളവരുടെ പേരു പോലും പലർക്കും അറിയാത്തത്.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

മനോഭാവങ്ങളാണ് മാറേണ്ടത്.....

Echmukutty said...

രാജേഷിന്‍റെ വിശദമായ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. കമന്‍റിലെ അവസാന മൂന്നുവരികള്‍ക്ക് ഒരു സല്യൂട്ട്.. അങ്ങനെ ഒരു കാലം വരട്ടെ...
ശങ്കരനാരായണന്‍ ചേട്ടന്‍റെ ഈ നല്ല മനസ്സിനു നന്ദി.
വെട്ടത്താന്‍ ചേട്ടന്‍റെ വരവിനു നന്ദി. സമത്വചിന്തയിലൂന്നിയ സാംസ്ക്കാരിക വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലല്ലോ. അതുണ്ടായിരുന്നെങ്കില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. നമ്മള്‍ എന്നും വിഭാഗീയതയുടെ വക്താക്കളായിരുന്നില്ലേ? തുല്യതയുടേയും ഒരുമയുടെയും പാഠങ്ങളില്ലാത്ത വിദ്യാഭ്യാസവും കാപട്യത്തില്‍ അടിയുറച്ച ശിക്ഷാരീതികളും ആര്‍ക്കും ഒരു പ്രയോജനവും ചെയ്യില്ലെന്ന് നമ്മള്‍ അറിയുന്നുണ്ടല്ലോ.



Echmukutty said...

ശീലങ്ങള്‍ മാറുമായിരിക്കും രാംജി... കഴിഞ്ഞ നൂറു വര്‍ഷത്തില്‍ തന്നെ എത്രയോ ശീലങ്ങള്‍ മാറി... ഇനിയും മാറും... അല്ലാതെ വഴിയൊന്നുമില്ല. വായിച്ചതില്‍ സന്തോഷം ....

ശ്രീജിത്ത് പറഞ്ഞത് ശരി..പെട്ടെന്നൊന്നും മാറുകയില്ല... യുഗങ്ങളായുള്ള ദുശ്ശീലങ്ങള്‍ പെട്ടെന്ന് ഒരു ദിവസം കാലത്ത് എങ്ങനെ മാറാനാണ്?

ഷാനവാസ് ഇക്ക വന്നതില്‍ വലിയ ആഹ്ലാദം. കുറെ നാളായി കണ്ടിട്ട്.. ഇനിയും മുടങ്ങാതെ വായിക്കുമെന്ന് കരുതട്ടെ.

Echmukutty said...

തങ്കപ്പന്‍ ചേട്ടന്‍,
ചന്തുവേട്ടന്‍ രണ്ടു പേര്‍ക്കും നന്ദി. വായിച്ചതില്‍ സന്തോഷം..

Echmukutty said...

സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സ്ത്രീ പക്ഷ ചിന്ത ശരിയല്ല എന്ന് ബൈജുഖാന്‍ എഴുതിക്കണ്ടു. അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമല്ലോ.
സ്ത്രീകള്‍ക്കുണ്ടെന്ന് നാം കരുതുന്ന പല പരിമിതികളും ചിലപ്പൊഴെല്ലാം അവള്‍ക്ക് രക്ഷയാണ്... ഇക്കാര്യവുമെനിക്കു മനസ്സിലായില്ല. ആ കരുതപ്പെടുന്ന പരിമിതികള്‍ എങ്ങനെയാണ് സ്ത്രീകളെ രക്ഷിക്കുന്നത്?
വായിച്ചതിലും നല്ല വാക്കുകള്‍ എഴുതിയതിലും സന്തോഷം കേട്ടോ.

രാജീവ് കുമാര്‍ വന്നതില്‍ സന്തോഷം. ബൈജുഖാന്‍ എഴുതിയത് എനിക്ക് മുഴുവനും മനസ്സിലായിട്ടില്ല. അദ്ദേഹം കൂടുതല്‍ വിശദീകരിക്കുമ്പോഴെ എനിക്ക് മറുപടി പറയാനുള്ള ശ്രമം നടത്താന്‍ കഴിയൂ കേട്ടോ.

ഗോപന്‍ പറഞ്ഞത് വാസ്തവമാണ്... കാരണങ്ങളാണ് ഇല്ലായ്മ ചെയ്യപ്പെടേണ്ടത്.

റിനി, ഈ വിഭാഗിയ ചിന്തകള്‍ എല്ലാവരേയും തമ്മിലടിപ്പിക്കാന്‍ ഉദ്ദേശിച്ചു നിര്‍മ്മിക്കപ്പെട്ടവ തന്നെയാണ്. അതില്‍ പ്രീണനം ലഭിച്ചു ശീലിച്ച വര്‍ഗങ്ങള്‍ക്ക് പെട്ടെന്ന് അതു കുറയുമ്പോള്‍ അങ്കലാപ്പുണ്ടാവുക സ്വാഭാവികമല്ലേ? വന്നതിലും വായിച്ചതിലും സന്തോഷം കേട്ടോ.


Echmukutty said...

ഇന്ഡ്യാഹെറിട്ടേജിന്‍റെ വരവില്‍ സന്തോഷം... അധികാരക്കൈമാറ്റം മാത്രമേ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നടന്നുള്ളൂവെന്നത് തികച്ചും വ്യക്തമാണല്ലോ അല്ലേ?

നിധീഷിനും നന്ദി...

രാജീവ് മഹാദേവൻ said...

"സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സ്ത്രീ പക്ഷ ചിന്ത ശരിയല്ല എന്ന് ബൈജുഖാന്‍ എഴുതിക്കണ്ടു. അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമല്ലോ"...അങ്ങനെയൊരു വിശദീകരണം ആവശ്യമുണ്ടോ? സാമാന്യബുദ്ധി പോരേ അതു മനസ്സിലാകാൻ.മുൻവിധികളില്ലാതെ ചിന്തിച്ചു നോക്കു സഹോദരീ. കൈയിലെ അഞ്ചു വിരലുകൾ ആരാണ് വലിയവൻ എന്ന് മൽസരിച്ചതു പോലെ ബാലിശമായ ഒരു താരതമ്യ മത്സരമല്ലേ നിങ്ങളും നിങ്ങളെപ്പോലുള്ളവരും നടത്തിക്കൊണ്ടിരിക്കുന്നത്

Echmukutty said...

രാജീവ് കുമാര്‍ ഉദാഹരിച്ച രീതിയിലുള്ള ഒരു വലിപ്പ വ്യത്യാസത്തെപ്പറ്റിയല്ല എന്‍റെ താരതമ്യമെന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. എന്‍റെ താരതമ്യ പരിസരങ്ങള്‍ വേറെയാണ്... അത് കൈവിരലുകളുടെ വലുപ്പ ചെറുപ്പത്തിലോ തലമുടിയുടെ നീളക്കുറവിലോ ഒന്നുമല്ല.. സ്വന്തം ജീവിതാനുഭവങ്ങളിലും ഇന്ത്യാ മഹാരാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചുറ്റി സഞ്ചരിച്ചു പരിചയപ്പെട്ട അനവധി അനവധി കാര്യങ്ങളിലും ഊന്നിക്കൊണ്ടാണ് ഞാനെന്‍റെ നിലപാടുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ചോര പൊടിയുന്ന സത്യങ്ങളുടെ ആ നിലപാടുകള്‍ ബാലിശമാണെന്ന് എനിക്ക് ഇതുവരെ ബോധ്യമായിട്ടില്ല...

അതു പോലെ നിങ്ങളും നിങ്ങളെപ്പോലുള്ളവരും എന്നൊക്കെയുള്ള വിഭാഗീയതകള്‍ ആവശ്യമുണ്ടോ എന്നും കൂടി എനിക്ക് സംശയമുണ്ട്...

Unknown said...

എച്മി കുട്ടിയോട്, കമന്റുകളുടെ ദൈര്ഘ്യം കൂടിയതു പൊറുക്കുമല്ലോ?

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി നിലനില്കേണ്ട വ്യക്തികളാണ്. ഇതിൽ ഒന്നിന് മറ്റൊന്നിനേക്കാൾ മേന്മ അവകാശപ്പെടാനില്ല. പുരുഷന്റെയും സ്ത്രീയുടെയും മാനസികവും ശാരീരികവുമായ കഴിവുകളിൽ അന്തരങ്ങളുണ്ട് അത് കൊണ്ട് തന്നെ ഇരു കൂട്ടര്ക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലും വത്യാസങ്ങളുണ്ട്. പ്രകൃതി നിശ്ചയിച്ചു തന്ന ഈ വേർതിരിവറിഞ്ഞു കൊണ്ട് വേണം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് ചിന്തിക്കാൻ. സ്ത്രീകൽ ആയോധന മുറ പഠിക്കണം എന്ന വാദത്തിന്റെ പശ്ചാത്തലത്തിൽ ഒന്ന് കൂടി വിശദീകരിച്ചാൽ, അസമയത്ത് ഒരു പുരുഷൻ ഒറ്റക്ക് സഞ്ചരിച്ചാൽ ഒരുകൂട്ടം സ്ത്രീകൾ വന്നു അയാളെ ലൈംഗീകമായി ആക്രമിക്കാനുള്ള സാധ്യത കുറവാണ് എന്നാൽ അത് ഒരു സ്ത്രീയാണെങ്കിൽ സാധ്യത വളരെയധികമാണ്. ഇതിനു പലകാരണങ്ങൽ പറയാമെങ്കിലും അതിൽ ഏറ്റവും പ്രധാനം സ്ത്രീക്കും പുരുഷനും പ്രകൃതി നല്കിയ ലൈംഗീക സ്വഭാവത്തിന്റെ വത്യാസമാണ്. (സ്ത്രീകളുടെ നേരെയുള്ള അക്രമത്തെ ഞാൻ ന്യായീകരിക്കുന്നു എന്ന് ദയവായി ഇതിൽ നിന്ന് വായിച്ചെടുക്കരുത്)

നമ്മുടെ സാമൂഹിക ചുറ്റുപാടിൽ കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ചുമതലയും ബാധ്യതയുമാണ്. ഈ ജോലിയിൽ കുടുംബ നാഥനെ സഹായിക്കുക എന്ന കടമയാണ് സ്ത്രീ നിർവഹിക്കുന്നത്. സ്ത്രീയിക്കുന്ടെന്നു ചിലരെങ്കിലും കരുതുന്ന പരിമിതികളാണ് പൂര്ണ ഉത്തരവാദിത്തം എടുത്താൽ ഉണ്ടാകുമായിരുന്ന സമ്മർദ്ദങ്ങളിൽനിന്നും അവൾക്ക് രക്ഷയാകുന്നതും. ഇനിയും പറഞ്ഞാൽ സ്ത്രീയുടെ ക്ഷമയും, സഹനശക്തിയും, ശാരീരിക ക്ഷമതയുടെ കുറവും (ഈ പരിമിതിയാണല്ലോ അവൾ കരാട്ടെ പഠിക്കണമെന്ന് പറയുന്നതിന് കാരണം) ഒക്കെ തന്നെയാണ് ജയിലിൽക്കഴിയുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാൾ വളരെ അധികം കുറയാനും കാരണം.

നന്ദി രാജീവ്,

രാജീവ് മഹാദേവൻ said...

"അതു പോലെ നിങ്ങളും നിങ്ങളെപ്പോലുള്ളവരും എന്നൊക്കെയുള്ള വിഭാഗീയതകള്‍ ആവശ്യമുണ്ടോ എന്നും കൂടി എനിക്ക് സംശയമുണ്ട്..."
അവിടെയും സംശമാണല്ലൊ ? തീർച്ചയായും ആവശ്യമില്ല സഹോദരീ.
എൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണ് ഞാൻ പറയുന്നത് ..ഞാൻ നല്കിയ അതേ അളവിൽ , ചിലപ്പോൾ അതിലേറെ എനിക്ക് സ്നേഹവും ആദരവും കിട്ടിയിട്ടുണ്ട്... നീ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാത്തവൻ പുരുഷനല്ല..മനുഷ്യൻ പോലുമല്ല ...""അതെ, മനോഭാവങ്ങളാണ് മാറേണ്ടത്"".. വസ്തുതയാണ് ..പക്ഷേ ഈ മനോഭാവങ്ങൾ മാറുന്നത് വരെ നമ്മുടെ പെണ്മക്കൾ പേപ്പട്ടികൾക്കിരയായിക്കൊണ്ടിരിക്കണൊ ? അവർ കരാട്ടെ പഠിക്കട്ടെ എച്മീ ..ഇടിക്കാനും തൊഴിക്കനുമുള്ള കുത്തക തകരട്ടെ ... താനേ മനോഭാവങ്ങൾ മാറിക്കൊള്ളും .
http://www.rajeevmahadev.blogspot.com/2011/11/blog-post.html ഇതിലും ക്രൂരമായി പ്രതികരിക്കനെനിക്ക് കഴിഞ്ഞാൽ അതൊരു കൊലപാതകത്തിൽ അവസാനിക്കും...
I am not a male chauvinist..but I hate feminists

Muralee Mukundan , ബിലാത്തിപട്ടണം said...

സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജനത
തെരഞ്ഞെടുക്കുന്ന ഗവണ്‍മെന്‍റിനോ സകല കാര്യങ്ങളിലും മികച്ചു നില്‍ക്കുന്നതായി സാധിക്കുമ്പോഴെല്ലാം അവകാശപ്പെടുന്ന പുരുഷന്‍മാര്‍ക്കോ സ്ത്രീകളുടെ നില മെച്ചപ്പെടുത്താന്‍ പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യാനില്ലത്രേ...!
സ്ത്രീകളെ കൊണ്ട് പുരുഷന്
മെച്ച മുള്ള കാര്യങ്ങളോക്കെ ചെയ്യാറൂണ്ട്..

അത് മാത്രമേ ചെയ്യുന്നുള്ളൂ...!

Echmukutty said...

ഒറ്റയ്ക്കാവുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ സാധിക്കുന്ന ലൈംഗിക സ്വഭാവമുള്ളവരാണ് പുരുഷന്മാരെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ലായിരുന്നു. ബൈജുഖാന്‍ വ്യക്തമായി അതെഴുതിക്കണ്ടപ്പോള്‍ ഉണ്ടായ ഞടുക്കം എനിക്കിപ്പോഴും മാറിയിട്ടില്ല. വളരെക്കുറച്ച് പുരുഷന്മാര്‍ മാത്രമേ അങ്ങനെ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു എന്‍റെ വിശ്വാസം. അതാണ് പ്രകൃതി പുരുഷനു നല്‍കിയ ലൈംഗിക സ്വഭാവമെങ്കില്‍ സ്ത്രീയും പുരുഷനും എങ്ങനെ പരസ്പര പൂരകങ്ങളാവുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
സ്ത്രീകളുടെ നേരെയുള്ള ആക്രമണങ്ങളേ ബൈജുഖാന്‍ ന്യായീകരിക്കുന്നുവെന്ന് വായിച്ചെടുക്കരുതെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളതുകൊണ്ട് തീര്‍ച്ചയായും അങ്ങനെ ചെയ്യുന്നില്ല.

വീടിന്‍റെയും കുടുംബത്തിന്‍റേയും സമ്പൂര്‍ണ ഉത്തരവാദിത്തം ധനസമ്പാദനം ഉള്‍പ്പടെ ചെയ്യുന്ന അനവധി അനവധി സ്ത്രീകളുണ്ടല്ലോ. ഉദാഹരണത്തിനു മദ്യപാനികളുടെ ഭാര്യമാര്‍, നിത്യരോഗികളുടെ വീട്ടുകാര്‍, ഭാര്യയേയും മക്കളേയും ഉപേക്ഷിക്കുന്നവരുടെ വീട്ടുകാര്‍ ഇങ്ങനെ അനവധി പേര്‍ അവരുടെയൊക്കെ പല പരിമിതികളെയും അവര്‍ അതിജീവിക്കുകയാണല്ലോ.അതിനും പുറമേ സ്വയരക്ഷയ്ക്ക് അവര്‍ കരാട്ടെ പഠിക്കുകയും വേണം. കാരണം ബൈജുഖാന്‍ പറഞ്ഞ പോലെ പ്രകൃതി നല്‍കിയ ആ പ്രത്യേക ലൈംഗിക സ്വഭാവമുള്ള മറ്റ് പുരുഷന്മാരില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമിക്കണമെങ്കില്‍... നമ്മുടെ സ്റ്റേറ്റിന് സ്ത്രീ സംരക്ഷണം ഒട്ടും ഫലപ്രദമായി നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല.ബൈജുഖാന്‍ തന്ന വിശദീകരണമനുസരിച്ചാണെങ്കില്‍ പുരുഷന്മാര്‍ക്ക് എന്തായാലും അത് സാധ്യവുമല്ല. ഇനി കരാട്ടെ പഠിച്ചാലും രക്ഷപ്പെടാനാകുമോ എന്ന് ഉറപ്പ് പറയാന്‍ വയ്യ താനും..

ഒരു പുരുഷന്‍ ജയിലിലാകുന്നത് അവനേക്കാള്‍ ശാരീരിക ബലം കുറഞ്ഞ മറ്റൊരു പുരുഷനെയോ സ്ത്രീയേയോ കുഞ്ഞിനേയോ ഒക്കെ ഉപദ്രവിക്കുന്നതുകൊണ്ടാവണം. അപ്പോള്‍ ശരീരത്തിനു അധികം ബലമുണ്ടായിട്ടും കാര്യമില്ല... മാനസികക്ഷമത തന്നെ അത്യന്താപേക്ഷിതം അല്ലേ? ....

Echmukutty said...

രാജീവ് കുമാര്‍ തന്ന ലിങ്കില്‍ പോയി ആ തീക്ഷ്ണമായ കവിത വായിച്ചു. ഉള്ളുലയ്ക്കുന്ന വരികളായിരുന്നു അത്.
വിഭാഗീയമായി നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും എന്ന് എടുത്തെഴുതിയതു കൊണ്ടാണ് ആ സംശയം വന്നത്.
പെണ്‍ കുട്ടികള്‍ കരാട്ടെ പഠിയ്ക്കേണ്ടെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്...
എനിക്ക് മെയില്‍ ഷോവനിസ്റ്റുകളോട് വെറുപ്പില്ല... ഫെമിനിസ്റ്റുകളാണെന്ന് പറയുകയും മെയില്‍ ഷോവനിസ്റ്റുകളായി മാത്രം ജീവിക്കുകയും ചെയ്യുന്നവരെയാണ് എനിക്ക് ഭയം.
രാജീവ് കുമാറിന് ഫെമിനിസ്റ്റുകളെ വെറുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടല്ലോ...

രാജീവ് മഹാദേവൻ said...

ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനികൂ വേണമെങ്കിൽ പറയാതിരിക്കാം. പക്ഷേ എച്മിയുടെ ഈ വാക്കുകൾ ..."ഒറ്റയ്ക്കാവുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ സാധിക്കുന്ന ലൈംഗിക സ്വഭാവമുള്ളവരാണ് പുരുഷന്മാരെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ലായിരുന്നു. ബൈജുഖാന്‍ വ്യക്തമായി അതെഴുതിക്കണ്ടപ്പോള്‍ ഉണ്ടായ ഞടുക്കം എനിക്കിപ്പോഴും മാറിയിട്ടില്ല"...ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു... പ്രിയ സുഹൃത്തെ നിങ്ങള്ക്കെത്ര അനുഭവങ്ങൾ ഉണ്ടായിട്ടെന്താ കാര്യം അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാതെ പോയല്ലോ ..എന്റെ കവിത വായ്‌ക്കാൻ സമയം കണ്ടെത്തിയതിനു നന്ദി ..എനിക്കത്ര തീവ്രമായി പുരുഷനെ വെറുക്കാൻ കഴിഞ്ഞത് മേല്പ്പറഞ്ഞ പുരുഷസ്വഭാവം ശരിക്കും അറിവുള്ളത് കൊണ്ടു തന്നെയാണ്..അത്തരം സ്വഭാവം പുറത്ത് കാട്ടുമ്പോൾ അവനെ പുരുഷൻ എന്ന് പോയിട്ട് മനുഷ്യൻ എന്ന് പോലും വിളിക്കാൻ പറ്റില്ല എന്ന് നേരത്തെ ഞാൻ പറഞ്ഞതുമാണ്...
പ്രിയസുഹൃത്തെ .... എഴുതാപ്പുറം വായിക്കരുതേ പ്ലീസ് ..ബൈജു ഖാൻ പറഞ്ഞതിനെ അതിന്റേതായ സെൻസിൽ എച്ച്മിയ്ക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല . എതിർത്തു തോല്പ്പിക്കാൻ പറയുന്നതല്ല പെങ്ങളേ ...മുൻവിധികൾ മാറ്റിവച്ചു യാതാർത്യബോധത്തൊടെ ചിന്തിച്ചു നോക്കു....നേരിട്ടൊരു സംവാദത്തിനു ഞാൻ തയ്യാറാണ് ..

Echmukutty said...

എല്ലാ പുരുഷന്മാരും സൌകര്യം കിട്ടിയാല്‍ ഉടനെ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. പുരുഷന്മാരില്‍ ചിലര്‍ അങ്ങനെയാണെന്നത് സത്യമാണെങ്കിലും...

എന്‍റെ അനുഭവങ്ങള്‍ പൂര്‍ണമാണെന്നോ അടിസ്ഥാനപരമായ കാര്യങ്ങള്‍ എല്ലാം എനിക്കറിയാമെന്നോ ഞാനെവിടേയും അവകാശപ്പെട്ടില്ലല്ലോ. എന്‍റെ മുന്‍ വിധികളാണ് മാറ്റിവെയ്ക്കേണ്ടതെന്ന നിര്‍ദ്ദേശത്തിനു നന്ദി.. ബൈജുഖാന്‍ പറഞ്ഞതിനെ അതിന്‍റേതായ സെന്‍സില്‍ മനസ്സിലാക്കാന്‍ ഇനിയും പരിശ്രമിക്കാം.
നമ്മള്‍ തമ്മില്‍ എന്തു സംവാദമാണ് ആവശ്യമെന്നും എനിക്ക് മനസ്സിലായില്ല.

Unknown said...

എച്മി കുട്ടി,
ഒരു വിയോജന ക്കുറിപ്പിൽ നിന്നും നാം ചര്ച്ച നടത്തി വേറെ എവിടെയോ ഒക്കെ എത്തിപ്പോയതുകൊണ്ട് ഒരു കമന്റു കൂടി എഴുതാതിരിക്കാൻ ആവുന്നില്ല. മനുഷ്യൻ അവന്റെ നൈസര്ഗിക വികാരങ്ങളെയും സ്വഭാവത്തെയും അവനു ലഭ്യമായ അറിവിന്റെയും വിവേകത്തിന്റെയും അടിസ്ഥാനത്തിൽ നിയന്ത്രിച്ചു പെരുമാറുംപോളാണ് അവൻ സമൂഹത്തിനു അഭികാമ്യനാകുന്നതു. അങ്ങനെയുള്ളവരാണ് നമുക്ക് ചുറ്റും ധാരാളമായിട്ടുള്ളതും. അല്ലാതുള്ള ചുരുക്കം ആളുകളെയും ആ വഴിക്ക് കൊണ്ട് വരേണ്ടതുണ്ട് അതിനാണ് ശ്രമിക്കേണ്ടത്. കുറച്ചു നാളുകൾക്കു മുൻപ് കേരളസർക്കാർ "നിര്ഭയ" എന്നാ പേരിൽ ആ വഴിക്കൊരു ശ്രമം തുടങ്ങിയിരുന്നു. അത് ഫലവത്താകണമെന്നു തന്നെയാണ് എന്റെയും ആഗ്രഹം. എന്നെ ഇത്രയും തെറ്റിദ്ധരിക്ക പ്പെട്ടതുകൊണ്ട് എച്മി കുട്ടി സമയം പോലെ ഈ കുറിപ്പൊന്നു ( http://baijuannan.blogspot.in/2012/12/blog-post_3.html ) വായിക്കണം. ഇങ്ങനെയാണ് അതിലെ അവസാന വരികൽ. "കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച “നിര്‍ഭയ” പരിപാടിയുടെ വിജയം എത്രത്തോളമെന്ന് പറയാറായിട്ടില്ല. അതിന്റെ മാര്‍ഗ രേഖകളായി പറയുന്ന പ്രതിരോധം, ശിക്ഷ, സംരക്ഷണം, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം കാണട്ടെ എന്നാഗ്രഹിക്കാം. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും കഴിയാത്ത ഒരു സമൂഹത്തിനു അധികകാലം കെട്ടുറപ്പോടെ നില നില്‍കാന്‍ ആകില്ല."

രാജീവ്, എന്റെ അഭിപ്രായങ്ങൾ വായിച്ചതിനും, എഴുത്തിന്റെ കുറവുകൾ മാറ്റിനിർത്തി മനസിലാക്കിയതിനും നന്ദി.

Echmukutty said...

മുരളി ഭായ്ക്ക് നന്ദി .. ഇനിയും വായിക്കുമെന്ന് കരുതുന്നു.

Echmukutty said...

ബൈജുഖാനെ ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ലെന്ന് പറഞ്ഞു കൊള്ളട്ടെ. എന്‍റെ എഴുത്തിലെയും ചിന്തകളിലെയും പ്രശ്നങ്ങളും അവയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ചൂണ്ടിക്കാണിക്കുന്ന എന്നെ വായിക്കുന്ന ഒരാളെ ഞാനെന്തിനു തെറ്റിദ്ധരിക്കണം?
ഇപ്പോള്‍ എഴുതിയ കമന്‍റ് ഞാന്‍ തികച്ചും കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്നു.

ഇനിയും വായിക്കുകയും എന്‍റെ എഴുത്തിലേയും കാഴ്ചപ്പാടുകളിലേയും പ്രശ്നങ്ങളും കുഴപ്പങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്യുമല്ലോ.എന്‍റെ എഴുത്ത് കൂടുതല്‍ നന്നായി വളരുന്നത് തീര്‍ച്ചയായും അങ്ങനെ ആയിരിക്കുകയും ചെയ്യും...
തീര്‍ച്ചയായും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം ഞാന്‍ ഈ മറുപടി അവസാനിപ്പിക്കട്ടെ....

രാജീവ് മഹാദേവൻ said...

ബൈജു ഭായ്, സാമാന്യ ലോകവിവരമുള്ള ആർക്കും, അതാനായാലും പെണ്ണായാലും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങളെ നിങ്ങൾ എഴുതിയുള്ളൂ.. ഇത് വായിച്ചു ഞെട്ടുന്നവർ ഇത്രയും നാൾ ഏതു മൂഡസ്വർഗത്തിലായിരിന്നു എന്നോർത്ത് ഞാൻ ഞെട്ടുന്നു.. എല്ലാ ആണുങ്ങളും തരാം കിട്ടിയാൽ പീഡിപ്പിക്കും എന്നൊക്കെയാണ് ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കുന്നതെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.. മനസ്സിലാക്കാനുള്ള പ്രായമാകുമ്പോൾ മനസ്സിലാകട്ടെ .. ഈ ഭൂലോകത്ത് ഞാൻ ആദ്യമായും അവസാനമായും പങ്കെടുക്കുന്ന ഒരു ചർച്ചയായിരുന്നു ഇത്..പരസ്പരം ചെലിവാരിയെരിയലായ് കാഴ്ച്ച്ക്കാർക്ക് തോന്നിയെങ്കിൽ ക്ഷമാപണം..
എച്മീ ,
എനിക്കു പറയാനുള്ളതെല്ലാം പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് നേരിട്ടുള്ള സംവാദം എന്ന് ഞാൻ പറഞ്ഞത്.. ഈ വിഷയത്തിനു ആഴകളോളം തുടർച്ചയായി സംവദിച്ചാലും തീരാത്തത്ര മാനങ്ങളുണ്ട്... പൂർണമായി എച്ച്മിയോടു വിയോജിച്ചു കമന്റിടുമ്പോഴും എന്നിലെ പുരുഷൻ, അല്ല മനുഷ്യൻ കുറേക്കൂടി ശുദ്ധീ കരിക്കപ്പെടുകയായിരുന്നു എന്ന് നന്ദിയോടെ പറയട്ടെ ..
കൊള്ളാം, അത്യുഗ്രൻ , നീയൊരു സംഭവം തന്നെ ..ഇത്തരം കമന്റ്റുകളിൽ മയങ്ങി എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടി സ്വമനസ്സാക്ഷിയുടെ മുന്നിൽ തലകുനിയാൻ ഇടവരാതിരിക്കട്ടെ ....

Echmukutty said...

എനിക്ക് സാമാന്യം ലോകവിവരം കുറവായിരിക്കാം രാജീവ് കുമാര്‍. ഞാന്‍ മൂഡസ്വര്‍ഗത്തിലുമായിരിക്കാം. അത് മനസ്സിലാക്കാനുളള പ്രായമാകുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുമായിരിക്കാം...
ഞാന്‍ ആരേയും ചെളിവാരി എറിഞ്ഞിട്ടില്ല എന്നാണ് എന്‍റെ ചെറിയ ലോക വിവരം വെച്ച് എനിക്ക് തോന്നുന്നത് . ഒരിക്കലും എറിയുവാന്‍ ഞാന്‍ താല്‍പര്യപ്പെടുകയുമില്ല...


രാജീവ് കുമാര്‍ അവസാനം നല്‍കിയ ആശംസയെ തികച്ചും ഗൌരവത്തോടെ മനസ്സിലാക്കി മുന്നോട്ട് പോകാന്‍ കഴിയുന്നത്ര പരിശ്രമിക്കാം...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എച്‌മി കുട്ടി എഴുതിയതിനോട് യോജിക്കുമ്പോൾ തന്നെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നത് ഒരു സാമൂഹിക വിപ്ലവത്തിൽ കൂടി മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.സ്തീക്ക് പുരുഷനോടൊപ്പം സ്തുല്യ സ്ഥാനം സമൂഹത്തിൽ ലഭിയ്ക്കുന്ന വ്യവസ്ഥിതി വന്നെങ്കിൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു യഥാർത്ഥ പരിഹാരം ഉണ്ടാവൂ.അത് ഒരു ഫ്യൂഡൽ വ്യവസ്ഥയുടെ തിരുശേഷിപ്പുകളെ കൂടെ നിർത്തുന്ന അഒരു അർദ്ധ മുതലാളിത്ത വ്യവസ്ഥ നില നിൽക്കുന്ന നമ്മുടേതു പോലെയുള്ള രാജ്യങ്ങളിൽ ബാക്കിയെല്ലാം ഉപരിപ്ലവമായ ചില പരിഹാരങ്ങൾ എന്നേ പറയാനാവൂ.

Echmukutty said...

സ്ത്രീകലെക്കുറിച്ചുള്ള മനോഭാവങ്ങള്‍ മാറുന്നത് ഏറ്റവും വൈകിയായിരിക്കും സുനില്‍. അതു മാറാതെ ഇക്കാര്യങ്ങളില്‍ ഒരു സമൂല മാറ്റം ഉണ്ടാവുകയില്ല. പൊതു സമൂഹത്തിന്‍റെ നിലപാടുകള്‍ ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും അധ്വാനത്തിന്‍റെ മഹത്വത്തെപ്പറ്റിയും മറ്റെല്ലാ കാര്യങ്ങളെപ്പറ്റിയും മാറുമ്പോഴും സ്ത്രീകളെക്കുറിച്ചുള്ള നിലപാടുകള്‍ മാറുവാന്‍ കൂടുതല്‍ സമയമെടുക്കും.. സ്ത്രീ സമരങ്ങള്‍ ഒച്ചു സമരങ്ങളാവുന്നത് അങ്ങനെയാണ്...
ഈ സമൂഹവ്യവസ്ഥിതി മാറണമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.. സുനിലിന്‍റെ അഭിപ്രായത്തെ ഞാന്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. വന്നതിലും അഭിപ്രായം എഴുതിയതിലും വളരെ സന്തോഷം.

ഭാനു കളരിക്കല്‍ said...

രക്ഷകന് കാത്തിരിക്കാതെ മനുഷ്യരുണരുന്ന കാലം വരട്ടെ. ഉണ്ണിയാര്ച്ചകൾ ഉണ്ടാകട്ടെ. ഉലകം അതിന്റെ ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണരട്ടെ. നമ്മുടെ കാമ്പസ്സുകളിൽ ക്ഷുഭിത യൌവ്വനങ്ങൾ കിളിര്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

Blogimon (Irfan Erooth) said...

ഞാന്‍ അധ്യമായിട്ടാനിവിടെ , നന്നായിട്ടുണ്ട്.......

ഞാന്‍ പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട് എങ്ങനെയുണ്ടെന്നു നോക്കണം.....

ChethuVasu said...

People love to patronize and feel good. They hate to be equated with then whom they patronize .