Saturday, April 27, 2013

അവധിക്കാലം പാഴാക്കുകയോ …..


https://www.facebook.com/echmu.kutty/posts/149091265270176

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 എപ്രില്‍  19  നു  പ്രസിദ്ധീകരിച്ചത്. )

ഭൂരിപക്ഷം  അച്ഛനമ്മമാര്‍ക്കും മക്കള്‍ തങ്ങളേക്കാള്‍ മിടുക്കരാവണമെന്നാണ് ന്യായമായ ആഗ്രഹം. വെറും മിടുക്കരായാല്‍ പോരാ... മിടുമിടുക്കരാവണം. ആലോചിച്ചു ചെയ്യുകയാണെങ്കില്‍  അതൊരു നല്ല കാര്യമാണ്. അല്ലെങ്കില്‍ ഇത്രമാത്രം ബൂമറാങ് ആവുന്ന മറ്റൊന്നുമില്ല.  മക്കളെ മിടുക്കരാക്കി മാറ്റാനായി  എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ് അച്ഛനമ്മമാര്‍ തമ്മില്‍ കാതലായ വ്യത്യാസം ഉണ്ടാവുന്നത്. ആ വ്യത്യാസം തന്നെയാണ് അപൂര്‍വ വ്യക്തിത്വമുള്ള കുട്ടികളെ  വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും അധികം പങ്കു വഹിക്കുന്നതും.  എന്നാല്‍  മറ്റു  അച്ഛനമ്മമാരുടെ കൂട്ടത്തിലോടുന്ന ഓട്ടക്കാരാവാനല്ലാതെ, നിന്നും ആലോചിച്ചും  ചെയ്തും എല്ലാറ്റിലും കുട്ടികളെ പങ്കെടുപ്പിച്ചും  അങ്ങനെ  കുട്ടികള്‍ക്കൊപ്പം ഒന്നിച്ചു ഓടിയും കുട്ടികളെ അപൂര്‍വ വ്യക്തിത്വമുള്ള  മിടുക്കരാക്കി മാറ്റാന്‍ എന്തുകൊണ്ടോ ഒട്ടു മിക്ക അച്ഛനമ്മമാര്‍ക്കും മടിയാണ്.  

അവധിക്കാലത്ത് അടുത്ത വര്‍ഷത്തേക്കുള്ള പാഠങ്ങള്‍ മക്കളെ പഠിപ്പിക്കാന്‍ മിക്കവാറും എല്ലാവരും ശ്രമിക്കാറുണ്ട്. കഴിയുന്നത്ര നേരത്തെ പേരു കേട്ട ട്യൂഷന്‍ ക്ലാസുകളില്‍  ചേര്‍ക്കാറുണ്ട്. രാവിലെ നാലുമണിക്ക് ഉണര്‍ത്തി ആ ക്ലാസ്സുകളില്‍ കൊണ്ടു വിടാറുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍  ചെറിയ പരിചയം പോലുമില്ലാത്ത അച്ഛനമ്മമ്മാര്‍ കൂടി  മക്കളെ ഇംഗ്ഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാറുണ്ട്.  വലിയ വിലയുള്ള ബ്രാന്‍ഡഡ് സാധന സാമഗ്രികള്‍ കുട്ടികള്‍ ആഗ്രഹിക്കുന്നതിനു ഒരു നിമിഷം മുന്‍പെങ്കിലും എത്തിച്ചു കൊടുക്കാറുണ്ട്. വന്‍കിട ബേക്കറികളില്‍ നിന്നോ  ഹോട്ടലുകളില്‍ നിന്നോ  ഇഷ്ടമുള്ള പലഹാരം വാങ്ങാനുള്ള പണം നല്‍കാറുണ്ട്. ഈ പട്ടികയ്ക്ക് ആരംഭം മാത്രമേയുള്ളൂ ഒരിക്കലും ഒരു  അവസാനമില്ല.  

കുട്ടികള്‍ ഡോക്ടറാകണം, കളക്ടറാകണം, എന്‍ജിനീയറാകണം അങ്ങനെ എന്തൊക്കേയോ ആകണം. അവര്‍  ഏ സി റൂമില്‍ പണിയെടുക്കണം ഏ സി വീട്ടില്‍ പാര്‍ക്കണം, പണം വലിയ  ലോറികളില്‍ നിറച്ച് വീട്ടില്‍ കൊണ്ടുവരണം,  റോഡ് നിറഞ്ഞു കവിഞ്ഞു പോകുന്ന കാറില്‍ യാത്ര ചെയ്യണം, ഈ ലോകം മുഴുവനും അവരുടെ മുന്നില്‍ താണു വണങ്ങി നില്‍ക്കണം,  ഇതും അവസാനമില്ലാത്ത അഗ്രഹങ്ങളുടെ പട്ടികയാണ്. തങ്ങള്‍ക്ക്  സാധിക്കാതെ പോയ എല്ലാ മോഹങ്ങളും മക്കളിലൂടെ സാക്ഷാത്കരിക്കപ്പെടണമെന്ന് അച്ഛനമ്മമാര്‍ ആഗ്രഹിക്കുന്നു. അതിനായി അച്ഛനമ്മമാര്‍ കുട്ടികളോട്  ഒരുപാട് കണക്കുകള്‍ പറയുന്നു....അച്ഛനമ്മമാര്‍  സഹിച്ച പലതരം  കഷ്ടപ്പാടുകളുടെ കണക്കുകള്‍. കുട്ടികള്‍ അച്ഛനമ്മമ്മാരോട് നിവര്‍ത്തിക്കേണ്ട കടപ്പാടുകളുടെ കണക്കുകള്‍.  

നമ്മുടെ കുട്ടികള്‍ പലപ്പോഴും അതീവ നിസ്സഹായരാകാറുണ്ട്. അവരില്‍ നിന്ന് അളവിലേറെ പ്രതീക്ഷിക്കുന്ന മുതിര്‍ന്നവരോടുള്ള സ്നേഹവും അടുപ്പവും വിധേയത്വവും അവരെ  കടുത്ത ഉല്‍ക്കണ്ഠയിലേക്കും പതുക്കെപ്പതുക്കെ വിഷാദത്തിലേക്കും തള്ളി വിടുന്നു. നാളെകളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവര്‍ക്ക് ഇന്നുകളുടെ സൌകുമാര്യമോ മൃദുലതയോ പ്രസാദമോ പൂര്‍ണമായി  അനുഭവിക്കാന്‍ കഴിയുന്നില്ല. കാരണം നാളെകളില്‍ എന്തെല്ലാമോ ആയിത്തീരാനുള്ള ഓട്ടപ്പാച്ചിലുകളൂടെ അവസാനമില്ലാത്ത വൃത്തങ്ങള്‍ക്കുള്ളിലാണ് ഒട്ടു മിക്കവാറും കുട്ടികളും... 

ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ സ്വന്തമാക്കാന്‍ കഴിയും? അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്. നമ്മൂടെ ഇന്നത്തെ  ജീവിത പരിതസ്ഥിതികളില്‍ നിന്ന് അന്യരാക്കി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക് നാളത്തെ അവരുടെ ജീവിത പരിതസ്ഥിതികളുമായി പൊരുത്തപ്പെടുക തന്നെ കഠിനമായ ഒരു  ജോലിയായി മാറുന്നു. കുട്ടികളോട്  നിങ്ങള്‍ പഠിച്ചാല്‍ മാത്രം മതിയെന്നാണ് മിക്കവാറും എല്ലാവരും പറയുന്നത്. ബാക്കിയെല്ലാം അവരെ സംബന്ധിച്ച് അപ്രധാനമാണെന്നാണ്  മുതിര്‍ന്നവരായ നമ്മുടെ കാഴ്ചപ്പാട്. അതുകൊണ്ട്  പരീക്ഷയ്ക്കുള്ള അല്ലെങ്കില്‍ ഉദ്യോഗം ലഭിക്കാനുള്ള  ബേക്ഡ്  ജനറല്‍ നോളജ് അഥവാ  പാകം ചെയ്യപ്പെട്ട  പൊതുവിജ്ഞാനം മതി കുട്ടികള്‍ക്ക് എന്ന്  നമ്മള്‍ തീരുമാനിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ മണ്ണിനെ അറിയണ്ട, മഴയെയും വെയിലിനെയും മഞ്ഞിനെയും അറിയണ്ട... മറ്റു മനുഷ്യരെയും അവരുടെ ദുരിതങ്ങളേയും അറിയണ്ട.... ലോകമാകമാനം വ്യാപിച്ചിട്ടുള്ള യാതനാപൂര്‍ണമായ ജീവിത പരിതസ്ഥിതികളെ അറിയണ്ട... കുട്ടികള്‍ പഠിക്കുകയും അങ്ങേയറ്റം യാഥാസ്ഥിതികരായി, അപകടകരമായ വിധത്തില്‍ അരാഷ്ട്രീയരായി, തികച്ചും താന്‍ നോക്കികള്‍ മാത്രമായി വളര്‍ന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം പൊതുസമൂഹവും കരുതുന്നത്. അവധിക്കാലങ്ങളില്‍ പോലും  അവരെ  അയല്‍പ്പക്കത്തെ മറ്റു കുട്ടികളുമായി ചേര്‍ന്ന് കൂവിയാര്‍ത്തു കളിക്കാനോ  മണ്ണിലും ചെളിയിലും ഉരുളാനോ നമ്മള്‍ അനുവദിക്കില്ല. എന്‍റെ മക്കള്‍  വ്യത്യസ്ത  ജീവി വര്‍ഗങ്ങളെയും നാടുകളെയും സാംസ്ക്കാരികമായ ആചാര മര്യാദകളേയും  കുറിച്ചറിയുന്നത് നാഷ്ണല്‍ ജ്യോഗ്രഫിക് ചാനലും ഡിസ്ക്കവറി ചാനലും കണ്ടിട്ടാണെന്ന്  പറയുന്നതാണ്  അതിലും കൂടുതല്‍ ശ്രേഷ്ഠമെന്ന്  നമ്മള്‍  കരുതുന്നു.  

കുട്ടികള്‍  ഈ അവധിക്കാലത്തെങ്കിലും പാഠപുസ്തകങ്ങളല്ലാത്ത മറ്റെന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കട്ടെ......... മണ്ണിലും ചെളിയിലും ഉരുണ്ട് കളിക്കട്ടെ...... പല്ലിയേയും പാറ്റയേയും പഴുതാരയേയും പോലൂള്ള ഈ ഭൂമിയുടെ സകല  അവകാശികളേയും പരിചയപ്പെടട്ടെ....  ഓരോ കുട്ടിയും  മറ്റു കുട്ടികള്‍ കടന്നു പോകുന്ന  ജിവിത പരിതസ്ഥിതികളെ മനസ്സിലാക്കട്ടെ.. അങ്ങനെയങ്ങനെ അവര്‍  കൂടി ഉള്‍പ്പെട്ട ഈ  പ്രപഞ്ചത്തിന്‍റെ യാതനാ നിര്‍ഭരമായ നിലവിളികളെ തിരിച്ചറിയട്ടെ. അതിനൊപ്പം  ഇവിടെ അവശേഷിച്ച മനോഹാരിതകളെ വിലപിടിപ്പോടെ  നെഞ്ചോട് ചേര്‍ത്തു പിടിയ്ക്കുകയും ചെയ്യട്ടെ. 
  
കുട്ടികളുടെ മുന്‍പില്‍  മഹാ പ്രപഞ്ചത്തിന്‍റെ വാതായനങ്ങള്‍  കഴിയുന്നത്ര അടച്ചു പിടിക്കുന്നതിനു പകരം അവ വിശാലമായി  തുറന്നിടുവാനുള്ള മനസ്ഥിതി ഈ അവധിക്കാലത്തെങ്കിലും അച്ഛനമ്മമാര്‍ക്ക് സ്വന്തമാകണം .... കാരണം പ്രപഞ്ചത്തെ കൂടുതല്‍ മനോഹരമായി മാറ്റാനും നിലനിറുത്താനും സൂക്ഷിക്കാനുമുള്ള  താക്കോല്‍ കുട്ടികളുടെ  കൈകളിലാണ് ദൈവം ഏല്‍പ്പിച്ചിട്ടുള്ളത്. അതു വളയ്ക്കാനും ഒടിയ്ക്കാനും ഉള്ള വിഡ്ഡിത്തം  മാത്രം പ്രദര്‍ശിപ്പിക്കുന്ന  ഒരു ജനതയായി നമ്മള്‍ അച്ഛനമ്മമാര്‍ മാറിക്കൂടാ.

25 comments:

ഗീതാരവിശങ്കർ said...

...ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ
സ്വന്തമാക്കാന്‍ കഴിയും? അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട
ഒരു ചോദ്യമാണിത്. ...........................
പ്രപഞ്ചത്തെ കൂടുതല്‍ മനോഹരമായി മാറ്റാനും നിലനിറുത്താനും
സൂക്ഷിക്കാനുമുള്ള താക്കോല്‍ കുട്ടികളുടെ കൈകളിലാണ് ദൈവം
ഏല്‍പ്പിച്ചിട്ടുള്ളത്. അതു വളയ്ക്കാനും ഒടിയ്ക്കാനും ഉള്ള വിഡ്ഡിത്തം
മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ജനതയായി നമ്മള്‍ അച്ഛനമ്മമാര്‍ മാറിക്കൂടാ.''

'അമ്മ അറിയാൻ , അച്ഛനും .

നന്നായി എച്മുക്കുട്ടീ .!

vettathan said...

കുട്ടികള്‍ മാതാപിതാക്കളുടെ സ്വത്താണ്. അത് ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യും-അതാണ് ഇപ്പോഴത്തെ ലൈന്‍. ആയകാലത്ത് തങ്ങള്‍ക്ക് നേടാന്‍ കഴിയാത്തത് മക്കളിലൂടെ നേടാന്‍ ശ്രമിക്കുന്നു. അവരുടെ ആഗ്രഹങ്ങളും വാസനകളും കണ്ടില്ല എന്നു നടിക്കുന്നു. വാര്‍ദ്ധക്യത്തില്‍ മക്കള്‍ കണ്ടില്ല എന്നു നടിക്കുന്നത് അനുഭവിക്കാനാണ് ഇവരുടെ വിധി.

Cv Thankappan said...

കുട്ടികള്‍ മണ്ണിനെ അറിയണ്ട, മഴയെയും വെയിലിനെയും മഞ്ഞിനെയും അറിയണ്ട... മറ്റു മനുഷ്യരെയും അവരുടെ ദുരിതങ്ങളേയും അറിയണ്ട.... ലോകമാകമാനം വ്യാപിച്ചിട്ടുള്ള യാതനാപൂര്‍ണമായ ജീവിത പരിതസ്ഥിതികളെ അറിയണ്ട... കുട്ടികള്‍ പഠിക്കുകയും അങ്ങേയറ്റം യാഥാസ്ഥിതികരായി, അപകടകരമായ വിധത്തില്‍ അരാഷ്ട്രീയരായി, തികച്ചും താന്‍ നോക്കികള്‍ മാത്രമായി വളര്‍ന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം പൊതുസമൂഹവും കരുതുന്നത്.
സമൂഹത്തിന്‍റെ സ്പന്ദനം അറിഞ്ഞുകൊണ്ട് പകര്‍ത്തിയിട്ടുണ്ട്.
ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നഷ്ടങ്ങളെയും , മോഹങ്ങളേയും , ആഗ്രഹങ്ങളെയും , കണക്കുകളെയും മാറ്റി നിർത്തി ഒരു നല്ല രക്ഷിതാവ് ആവുക എന്നതാണ് ഏറ്റവും അത്യാവശ്യം. കുട്ടികൾ കണ്ടും , തൊട്ടും , അറിഞ്ഞും വളരട്ടെ . അടച്ചിട്ട മുറികൾക്കുള്ളിൽ നിന്നല്ലാതെ വിശാലമായ ലോകത്ത് നിന്നും അവരുടെ സ്വപ്‌നങ്ങൾ ചിറകുമുളക്കട്ടെ ..........
അവധിക്കാല ട്യൂഷൻ കുട്ടികൾക്കല്ല അച്ഛനമ്മമാർക്ക് കൊടുക്കണം ; മക്കളെ എങ്ങനെ വളർത്താം എന്നതിന് .
നന്നായി എഴുതി

റോസാപ്പൂക്കള്‍ said...

ഓരോ അച്ഛനും അമ്മയും വായിച്ചു മനസ്സിലാക്കേണ്ട പോസ്റ്റ്.താങ്ങാനാവാത്ത പഠന ഭാരത്തില്‍ നിന്നും രണ്ടു മാസമെങ്കിലും കുട്ടികള്‍ ഒന്ന് രക്ഷപെട്ടു മണ്ണില്‍ കളിച്ചു പുളച്ചു വളരട്ടെ.
ആശംസകള്‍ എച്ചുമു.

സമീരന്‍ said...

നല്ല ചിന്തകള്‍...

ഞാനും കെട്ട്യോളും കുട്ട്യോളും പിന്നെ തട്ടാനും മാത്രം മതീന്ന് കരുതുന്നവര്‍ക്ക് ഇത് വല്ലതും മനസ്സിലാവോ ആവൊ.

Unknown said...

അവരില്‍ നിന്ന് അളവിലേറെ പ്രതീക്ഷിക്കുന്ന മുതിര്‍ന്നവരോടുള്ള സ്നേഹവും അടുപ്പവും വിധേയത്വവും അവരെ കടുത്ത ഉല്‍ക്കണ്ഠയിലേക്കും പതുക്കെപ്പതുക്കെ വിഷാദത്തിലേക്കും തള്ളി വിടുന്നു.

വളരെ അർത്ഥവത്തായ വാക്കുകൾ... നമ്മുടെ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് പല പഠനങ്ങളും തെളിയിച്ചുകഴിഞ്ഞു.. പക്ഷേ അതൊന്നും നമ്മുടെ തലയിൽ കയറുന്നില്ല എന്നു മാത്രം... ഞങ്ങൾ അവന് എല്ലാ സൗകര്യയങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്.. പിന്നെ അവന് എന്താണ് കുഴപ്പം എന്നതാണ് പല മാതാപിതാക്കളുടെയും ചിന്ത...
അവധിക്കാലം പോലുമില്ലാതെ, മണ്ണും, മരവും, പ്രകൃതിയും കാണാതെ വളരുന്ന യന്ത്രമനുഷ്യരായി മാറിക്കൊണ്ടിരിയ്ക്കുകയാണ് നമ്മുടെ പുതു തലമുറ...

ajith said...

നല്ല ലേഖനം
ഇന്ന് ‘കുട്ടി’കളില്ല
ലക്ഷ്യവേധിയായ അമ്പുകളാണ് ഇന്നത്തെ സന്താനങ്ങള്‍.
മാതാപിതാക്കള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേയ്ക്ക് തൊടുത്ത് വയ്ക്കപ്പെട്ട അമ്പുകള്‍

© Mubi said...

മണ്ണപ്പവും, കണ്ണു പൊത്തികളിയും, ഒന്നും ഇന്നില്ലല്ലോ. കമ്പ്യൂട്ടര്‍ ഗയിമിനു മുന്നില്‍ ഇരുന്ന് മണ്ണില്‍ ചവിട്ടാതെ വളരുന്ന മക്കളും... അവരില്‍ അവരറിയാതെ കൈമോശം വന്ന കുട്ടിത്തവും.....

നല്ല കുറിപ്പ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ടികള്‍ ഈ അവധിക്കാലത്തെങ്കിലും പാഠപുസ്തകങ്ങളല്ലാത്ത മറ്റെന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കട്ടെ......... മണ്ണിലും ചെളിയിലും ഉരുണ്ട് കളിക്കട്ടെ...... പല്ലിയേയും പാറ്റയേയും പഴുതാരയേയും പോലൂള്ള ഈ ഭൂമിയുടെ സകല അവകാശികളേയും പരിചയപ്പെടട്ടെ.... ഓരോ കുട്ടിയും മറ്റു കുട്ടികള്‍ കടന്നു പോകുന്ന ജിവിത പരിതസ്ഥിതികളെ മനസ്സിലാക്കട്ടെ.. അങ്ങനെയങ്ങനെ അവര്‍ കൂടി ഉള്‍പ്പെട്ട ഈ പ്രപഞ്ചത്തിന്‍റെ യാതനാ നിര്‍ഭരമായ നിലവിളികളെ തിരിച്ചറിയട്ടെ. അതിനൊപ്പം ഇവിടെ അവശേഷിച്ച മനോഹാരിതകളെ വിലപിടിപ്പോടെ നെഞ്ചോട് ചേര്‍ത്തു പിടിയ്ക്കുകയും ചെയ്യട്ടെ.

കുട്ടികളുടെ മുന്‍പില്‍ മഹാ പ്രപഞ്ചത്തിന്‍റെ വാതായനങ്ങള്‍ കഴിയുന്നത്ര അടച്ചു പിടിക്കുന്നതിനു പകരം അവ വിശാലമായി തുറന്നിടുവാനുള്ള മനസ്ഥിതി ഈ അവധിക്കാലത്തെങ്കിലും അച്ഛനമ്മമാര്‍ക്ക് സ്വന്തമാകണം .... കാരണം പ്രപഞ്ചത്തെ കൂടുതല്‍ മനോഹരമായി മാറ്റാനും നിലനിറുത്താനും സൂക്ഷിക്കാനുമുള്ള താക്കോല്‍ കുട്ടികളുടെ കൈകളിലാണ് ദൈവം ഏല്‍പ്പിച്ചിട്ടുള്ളത്. അതു വളയ്ക്കാനും ഒടിയ്ക്കാനും ഉള്ള വിഡ്ഡിത്തം മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ജനതയായി നമ്മള്‍ അച്ഛനമ്മമാര്‍ മാറിക്കൂടാ.


A big salute to the author of these lines.

At least i followed this 100% and am happy at it. There wqas a bit of resistance from my better half in the beginning but I could convince her also.

Now I am happy that there are others also thinking in same line THNK GOD

ChethuVasu said...

There should not be any barriers between the child and the universe. let him experience it and that makes him a human being. But.. we raise barriers around him as he is born..And he never gets to experience the universe and its expansive existence..!

Instead we developed systems to make imprisoned souls - the systems which relishes the count of its catches . . .

True freedom is beyond even one dreams..we have killed it already

പട്ടേപ്പാടം റാംജി said...

ഇന്നുകളേ ഇല്ലാത്തവര്‍ക്ക് നാളെകള്‍ എങ്ങനെ സ്വന്തമാക്കാന്‍ കഴിയും? അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.......

മറിച്ചൊന്നും പറയാനില്ല.

mini//മിനി said...

സ്ക്കൂളുകളിൽ ആയാലും കുട്ടികൾ വെയിലുകൊള്ളരുതെന്നല്ലെ രക്ഷിതാക്കൾ വാങ്ങിയ കോടതി വിധി. പിന്നെയല്ലെ വീട്ടിൽ നിന്ന് വെയിലും ചെളിയും പറ്റുന്നത്?

Unknown said...

എച്മുകുട്ടി, ലേഖനം വായിച്ചപ്പോള്‍ അല്പം ജാള്യതയും കുറ്റബോധവും ഒക്കെത്തോന്നി, ഇത് വായിച്ച ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടാകാം എന്നതാണ് ഒരു സമാധാനം.

ജാള്യത മാറ്റാന്‍ അല്‍പം ന്യായം വിളമ്പട്ടെ, ജീവിത മത്സരം വളരെ കഠിനമാണിന്നു. IIT പ്രവേശനത്തിന് 6 ആം ക്ലാസ്സ് മുതല്‍ ശ്രമിക്കണം അങ്ങനെ ശ്രമിച്ചാലേ ഒരു സ്വാശ്രയ എന്‍ജിനീറിംഗ് കോളേജിലെങ്കിലും പ്രവേശനം ലഭിക്കൂ. ലളിതമായ ജീവിതത്തിനു പോലും അത്രയും വിദ്യാഭ്യാസം അനിവാര്യമാണ്. ഇന്നത്തെ കുട്ടികളിലും കുട്ടിത്തം ഇല്ലാതെ പോയല്ലോ, 8 ഉം 10 ഉം വയസ്സുള്ള കുട്ടികള്‍ അവരുടെ വയസ്സ് മാറ്റി എഴുതി സോഷിയല്‍ സൈറ്റുകളില്‍ കയറി ചാറ്റും ചീറ്റും ചെയ്യുന്നത് നമ്മളില്‍ പലരും അറിഞ്ഞു കൊണ്ട് തന്നെയാണല്ലോ. അവര്‍ക്കിന്നു പ്ലാവിലയില്‍ ഈര്‍ക്കില്‍ കുത്തിയുണ്ടാക്കിയ തൊപ്പിയും ബെല്‍റ്റും വേണ്ട പകരം സ്പൈഡര്‍ മാന്റെയും ബാറ്റ് മാന്റെയും മാസ്ക്കുകള്‍ മതി. മരച്ചീനിയുടെ ഉണങ്ങിയ കായ കൊണ്ടുള്ള പമ്പരം വേണ്ട പിന്നയോ ബേ ബ്ലേഡ് മതി. ചെറു മീനുകള്‍ ക്കൊപ്പം നാട്ടിലെ കുളങ്ങളിലോ ജലാശയങ്ങളിലോ നീന്താന്‍ ഭയമാണവര്‍ക്ക് , വെള്ളം അരിച്ചു ക്ളോറിനും ചേര്‍ത്തു നിറച്ച സിമ്മിംഗ് പൂളുകളോടാണ് ഇന്ന് കുട്ടികള്‍ക്കും വലിയവര്‍ക്കും താല്പര്യം. എച്ച്മിക്കുട്ടി, നമ്മള്‍ ഒത്തിരി മാറിപ്പോയി. ബാല്യം നഷ്ടപ്പെടുത്തി യവ്വനവും വാര്‍ദ്ധക്യവും നേടണമോ അല്ല ബാല്യം നേടി യവ്വനവും വാര്‍ദ്ധക്യവും നഷ്ടപ്പെടുത്തണോ ? ഇത് രണ്ടിനും ഇടയില്‍ എവിടെയോ ശരി ഉണ്ടാവും അത് തിരിച്ചറിയാന്‍ കഴിയുന്നവര്‍ നാളെ നേടിയവരാകും.

വീകെ said...

നല്ല കാര്യങ്ങളാണ് പറഞ്ഞതത്രയും.
അയൽ പക്കങ്ങളിൽ കളിക്കാൻ വിടുന്ന കുട്ടികൾ അതേപടി തിരിച്ചു വരുമെന്ന് ഇന്ന് ഏതെങ്കിലും രക്ഷിതാക്കൾ വിശ്വസിക്കുമോ..? പണ്ടത്തെ കാർന്നോന്മാർക്ക് അത്തരം ചിന്തകൾ ഇല്ലായിരുന്നു. നാട്ടിനേയും നാട്ടാരേയും അവർക്ക് വിശ്വാസമായിരുന്നു.

ഇന്ന് അയല്പക്കത്തു പോലും എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് ഗ്രാമങ്ങളിൽ പോലും. അതു പോലെ തന്നെയാണ് നമ്മുടെ മണ്ണും.

ഇന്ന് മണ്ണിൽ കളിച്ചാൽ പിടിപെടാവുന്ന രോഗങ്ങൾക്ക് കയ്യും കണക്കുമില്ല. നാം വളർത്തുന്ന അരുമയായ വളർത്തു മൃഗങ്ങളെപ്പോലും പേടിക്കേണ്ട അവസ്ഥ. ഞാൻ പതിറ്റാണ്ടുകൾ മുങ്ങികുളിച്ച, തിമിർത്താടിയ പുഴയിൽ ഇന്നിറങ്ങിയാൽ ചൊറിഞ്ഞു തടിക്കും...!

കാലം വല്ലാതെ മാറിപ്പോയിരിക്കുന്നു എച്ച്മൂട്ടി...
പഴയ നമ്മുടെ ആ കാലം തിരിച്ചു വരാത്തവണ്ണം പരിതസ്തിതികളും മാറിപ്പോയിരിക്കുന്നു.

ആശംസകൾ...

മുകിൽ said...

നന്നായി പറഞ്ഞു.. എച്മു. മുഴുവന്‍ അമ്മ അച്ഛന്‍ മനസ്സുകളിലേക്കും കയറട്ടെ ഇത്.

നമ്മുടെ കുട്ടികള്‍ക്കു നഷ്ടപ്പെടുന്നതെന്തെന്ന് അവര്‍ക്കറിയില്ല.. പക്ഷേ നമുക്കറിയാം. നമുക്കു ബാല്യത്തെക്കുറിച്ചു എത്ര നല്ല ഓര്‍മ്മകളുണ്ട്.. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു ഒന്നും ഉണ്ടാവില്ല. മൂന്നു വയസ്സില്‍ ന്‍ഴ്സറിയില്‍ കൊണ്ടു തള്ളിയപ്പോള്‍ മുതലുള്ള ഭാരം മാത്രം ഓര്‍ക്കാനുണ്ടാവും അവര്‍ക്ക്.. കഷ്ടമാണു..

ബഷീർ said...

ക്രിയാത്മകമായ ലേഖനം.. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയിൽ കുട്ടികളെ വട്ടം കറക്കുന്നവർക്ക് ഉപകരിക്കട്ടെ..ആശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ വികെ ജി താങ്കൾ പറഞ്ഞതിനോട് ഒരു വിയോജിപ്പ്.

വെള്ളം കൊള്ളരുതാതായതല്ല പ്രശ്നം നമ്മുടെ ശരീരത്തിൻ പ്രതിരോധശേഷി ഇല്ലാതായതാണ്.

ഇവിടങ്ങളിൽ ആണ്ടിൽ ആകെ ഒരു മാസം കഷ്ടിച്ച് മഴ കിട്ടുന്ന സ്ഥലം. താലാബ് എന്നു വിളിക്കപ്പെടുന്ന ചെറിയ പരന്ന കുളങ്ങളിൽ ആകെ ഒന്നര അടി പോലും ആഴം ഇല്ലാത്ത വെള്ളത്തിൽ പട്ടിയും എരുമയും പന്നിയും മനുഷ്യരും എല്ലാം കൂടി ഉരുണ്ടു മറിഞ്ഞു കുളിക്കുന്നത് ഞങ്ങൾ ദിവസവും കാണുന്ന കാഴ്ച്ച.
ദാ ഇപ്പോൾ വന്നാല് ശരിക്കും കാണാം. പുഴു ഞുരയ്ക്കുന്നുണ്ടൊ എന്നു കാണാൻ വയ്യ അത്ര മാത്രം

പക്ഷെ ആ പിള്ളേർക്കൊന്നും ഒരസുഖവും ഇല്ല

പക്ഷെ നമ്മളെങ്ങാനും ഒന്നു കുളിച്ചാൽ താങ്കൾ പറഞ്ഞതിനെക്കാൾ അല്പം കൂടി കൂടുതൽ തന്നെ പറയാം അത് മിക്കവാറും അവസാനത്തെ കുളി ആയിരിക്കും

Echmukutty said...

ആദ്യം വായിക്കാനെത്തിയത് കഥയില്ലാത്തവള്‍ അല്ലേ? എനിക്ക് വലിയ സന്തോഷമായി കേട്ടോ.

വെട്ടത്താന്‍ ചേട്ടന്‍ പറഞ്ഞത് പോലെ പലപ്പോഴും എനിക്കും തോന്നീട്ടുണ്ട്.

തങ്കപ്പന്‍ ചേട്ടന്‍,
നിധീഷ്,
റോസാപ്പൂക്കള്‍,
സമീരന്‍ ,
ഷിബു,
അജിത്തേട്ടന്‍,
മുബി എല്ലാവര്‍ക്കും നന്ദി.

Rajesh said...


There was poverty at different levels in my childhood. But looking back, I have only fond memories of what we did around, ignoring those aspects. More than anything my parents and grand parents let me go to the market, among other chores, even as a 10 year old, and I took care of almost everything that was physically possible as a child. A friend who teaches and lives in an IIT gated community in Bom, while he visited recently, mentioned that he is scared about his teenage children going out as he finds them absolutely useless, out in the mainstream. Of course, he recognises his mistake.

Flats/gated communities, children living there, I am afraid, dont realise what they miss.

One of the commentators have mentioned that we have changed a lot meaning all this is inevitable. I think, these are forced changes in our quest for being modern. A terrible 'modernsyndrome' that has caught our middle and upper class's. Parents have been slaved into these dream of living and behaving like westerners.

There are still fortunate children in our villages, whose parents are unaffected by these 'modernsyndrome's.

Muralee Mukundan , ബിലാത്തിപട്ടണം said...

“പരീക്ഷയ്ക്കുള്ള അല്ലെങ്കില്‍ ഉദ്യോഗം ലഭിക്കാനുള്ള ബേക്ഡ് ജനറല്‍ നോളജ് അഥവാ പാകം ചെയ്യപ്പെട്ട പൊതുവിജ്ഞാനം മതി കുട്ടികള്‍ക്ക് എന്ന് നമ്മള്‍ തീരുമാനിക്കുന്നു...

അതുകൊണ്ട് കുട്ടികള്‍ മണ്ണിനെ അറിയണ്ട, മഴയെയും വെയിലിനെയും മഞ്ഞിനെയും അറിയണ്ട... മറ്റു മനുഷ്യരെയും അവരുടെ ദുരിതങ്ങളേയും അറിയണ്ട...

ലോകമാകമാനം വ്യാപിച്ചിട്ടുള്ള യാതനാപൂര്‍ണമായ ജീവിത പരിതസ്ഥിതികളെ അറിയണ്ട...

കുട്ടികള്‍ പഠിക്കുകയും അങ്ങേയറ്റം യാഥാസ്ഥിതികരായി, അപകടകരമായ വിധത്തില്‍ അരാഷ്ട്രീയരായി, തികച്ചും താന്‍ നോക്കികള്‍ മാത്രമായി വളര്‍ന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം പൊതുസമൂഹവും കരുതുന്നത്.
അവധിക്കാലങ്ങളില്‍ പോലും അവരെ അയല്‍പ്പക്കത്തെ മറ്റു കുട്ടികളുമായി ചേര്‍ന്ന് കൂവിയാര്‍ത്തു കളിക്കാനോ മണ്ണിലും ചെളിയിലും ഉരുളാനോ നമ്മള്‍ അനുവദിക്കില്ല. എന്‍റെ മക്കള്‍ വ്യത്യസ്ത ജീവി വര്‍ഗങ്ങളെയും നാടുകളെയും സാംസ്ക്കാരികമായ ആചാര മര്യാദകളേയും കുറിച്ചറിയുന്നത് നാഷ്ണല്‍ ജ്യോഗ്രഫിക് ചാനലും ഡിസ്ക്കവറി ചാനലും കണ്ടിട്ടാണെന്ന് പറയുന്നതാണ് അതിലും കൂടുതല്‍ ശ്രേഷ്ഠമെന്ന് നമ്മള്‍ കരുതുന്നു...!“

അതെ ബോൺസായി ചെടികളെ പോലെ ,തനി സോഫാ ഗ്ലൂ പേഴ്സണാൾട്ടികളാകുന്ന ഒരു പുത്തൻ തലമുറയെയാണ് നാം വാർത്തെടുത്തുകൊണ്ടിരിക്കുന്നത്...!

റിനി ശബരി said...

എന്നിലേക്ക് വിരല്‍ ചൂണ്ടുന്ന , നമ്മളിലേക്ക്
വിരല്‍ ചൂണ്ടുന്നു മുഴുവന്‍ വരികളും .
നമ്മുക്ക് വേണ്ടി ജീവിക്കുന്ന അവരെയല്ല
അവര്‍ക്ക് ജീവിക്കുന്ന അവരെയാണ് വാര്‍ത്തെടുക്കേന്റത് ..
പക്ഷേ ഞാനും ഇങ്ങനെയാണ് ജീവിച്ച് വന്നതെന്ന്
ചിന്തിക്കുമ്പൊള്‍ , മാറുവാനൊരു പ്രയാസ്സമല്ലേ ??
കാര്യപ്രസക്തമായ വരികള്‍ കലേച്ചീ

Aarsha Abhilash said...

ഈ ലേഖനം വായിച്ചതില്‍ പത്തു പേരെങ്കിലും കുട്ടികളെ അവധികാല ക്ലാസ്സുകള്‍ക്കു വിടാതെ മാങ്ങ പറിക്കാനും, പറങ്ങിമാവിനു കല്ലെറിയാനും,സൈക്കിള്‍ ചവിട്ടാനും ഒക്കെ കുട്ടികളെ വിട്ടിരുന്നെങ്ങില്‍ !!!!! എന്റെ മകന്റെ ബാല്യതിലൂടെ ഞാന്‍ തിരികെ എടുക്കാന്‍ ശ്രമിക്കുന്നത് എന്റെ ബാല്യമാണ്,നടക്കില്ല എന്നറിയാം എങ്കിലും... എച്ചുമു, ആശംസകള്‍

Echmukutty said...

ഇന്‍ഡ്യാ ഹെറിട്ടേജിനു നന്ദി..
ചെത്തു വാസുവിനും രാംജിക്കും മിനിടീച്ചര്‍ക്കും നന്ദി..
ബൈജുവിനും നന്ദി.
വി കെ എഴുതിയത് ശ്രദ്ധാപൂര്‍വം വായിച്ചു. കാലവും മനുഷ്യരും മാറി... നമുക്ക് നമ്മളൊഴിച്ച് മറ്റാരേയും കാണാന്‍ സാധിക്കാതെയായി... ഈ മാറ്റം നമ്മള്‍ തിരുത്തേണ്ടേ? സ്വന്തത്തെപ്പറ്റി മാത്രം വിചാരിക്കുന്ന ഒരു തലമുറ പോരല്ലോ നമുക്ക് എന്നൊക്കെ എഴുതാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.. വായിച്ച എല്ലാവര്‍ക്കും നന്ദി പറയട്ടെ..

Echmukutty said...

മുകില്‍,
ബഷീര്‍,
ഇന്ഡ്യാ ഹെറിട്ടേജ്,
രാജേഷ്,
മുരളീഭായ്,
റിനി,
സ്നേഹപൂരവം ശ്യാമ... എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമെന്ന് കരുതട്ടെ.