Wednesday, May 1, 2013

പുണ്ണെഴുത്തുകൾ



2012 ജനുവരി 30ന്   തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.

2012ഒക്ടോബര്‍ 26 ന് നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചത് 
https://www.facebook.com/pratilipimalayalam/posts/809071045903142

പ്രതിലിപി

ചുമലിൽ ചൂടുള്ള കൈപ്പടം പതിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആരെങ്കിലും സ്നേഹത്തോടെ സ്പർശിച്ചിട്ട് എത്രയോ കാലമായിരിയ്ക്കുന്നു. തണുപ്പു കാലത്തെ മൃദുലമായ വെയിൽ പോലെ, ഒരു പൂവിതൾ താഴെ വീഴും പോലെ ഒരാൾ തൊടുന്നത് എങ്ങനെയായിരിയ്ക്കുമെന്ന് മറന്നേ കഴിഞ്ഞ ഈ വേളയിൽ…….

ഇതാരാണിത് ?

കഴുത്തും തലയും പണിപ്പെട്ട്, സമയമെടുത്ത് ഇടത്തോട്ട് തിരിച്ച് നോക്കി. നരച്ച താടി മാത്രമേ ആദ്യം ദൃശ്യമായുള്ളൂ. സ്കാർഫു കൊണ്ട് മുഖത്തിന്റെ വലതു ഭാഗം മറഞ്ഞിട്ടുണ്ടെന്നുറപ്പു വരുത്തി, ശരീരം പൂർണമായും തിരിച്ച് താടിയുടെ ഉടമയെ അഭിമുഖീകരിച്ചു.

മാഷാണല്ലോ, ഇത്.

അദ്ദേഹം ഞടുങ്ങിയോ

മാഷിവിടെ?‘

കർച്ചീഫിൽ മുഖം തുടച്ചുകൊണ്ട് മാഷ്, തികച്ചും സാധാരണമായി പറഞ്ഞു.

വിജുവിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

എന്തു പറ്റി?‘

അവന്റെ ദുബായ് ലൈഫുണ്ടാക്കിയ തകരാറ്. കിഡ്നിയ്ക്ക് എപ്പോഴും ഓരോരൊ കുഴപ്പങ്ങളാണ്.

മാഷ് ക്ഷീണിച്ചിരിയ്ക്കുന്നു. ആകെ നരച്ചു. കണ്ണടയ്ക്ക് പുറകിൽ, മിഴികളിലെ തിളക്കം മാത്രം അല്പം ബാക്കിയുണ്ട്. അവയിൽ കർച്ചീഫിലൊതുങ്ങാത്ത നനവിന്റെ ഈറൻ

 ന്നും കണ്ടില്ലെന്നു നടിച്ചു. മനസ്സിന്റെ സ്ഥാനത്ത് വലിയ കരിമ്പാറക്കെട്ടായിട്ടും അതു അലമുറയിടുന്നുവല്ലോ……
 
തിരക്കില്ലെങ്കിൽ ഇവിടെ ഇരിയ്ക്കാം. എനിയ്ക്ക് അധിക നേരം നിൽക്കാൻ വയ്യ. ഇടതു കാലിന് ബലക്കുറവുണ്ട്.മാഷിന്‍റെ  ശബ്ദത്തിനും ഇടർച്ചയുണ്ടായിട്ടുണ്ടെന്ന് മനസ്സിലായി.

കാലം അങ്ങനെയൊക്കെയാണല്ലോ നമ്മളോട് ചെയ്യുക. ലോബിയിലിട്ടിരുന്ന സോഫയിൽ ഒപ്പം ഇരുന്നു. 

മാഷ് തനിച്ചാണോ?‘ 

അല്ല, കുട്ടീ. അജി ഇവിടെ ഡോക്ടറാണ്. അത് ഒരു വലിയ സമാധാനം. അല്ലെങ്കിൽ ഇത്ര വലിയ ആസ്പത്രിയിൽ ഞാൻ ചുറ്റിപ്പോകുമായിരുന്നു.

സ്കാർഫിന്റെ സ്ഥാനം മാറാതിരിയ്ക്കാൻ പണിപ്പെട്ട് മാഷിന്‍റെ  വാക്കുകൾ കേട്ടുകൊണ്ടിരുന്നു. ഞാനും അജിയും ശോഭയും ഒന്നിച്ചാണ് പഠിച്ചത്. അതേതു കാലമായിരുന്നു? കഴിഞ്ഞ യുഗങ്ങൾ പോലെ, അതി വിദൂരമായ ഭൂതകാലത്തിലെവിടേയോ ഞങ്ങൾ സഹപാഠികളായിരുന്നു.

അജി ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയിൽ സ്ഥിരമായി ചികിത്സയ്ക്ക് ചെല്ലുകയാണ് വർത്തമാനകാലത്തിലെ ഞാൻ. ഇവിടെ വച്ച് ഞങ്ങളൊരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ല. ഈ രൂപത്തിൽ, ഉണങ്ങാപ്പുണ്ണുകളുടെ അടിമയായി കണ്ടിരുന്നുവെങ്കിൽ അയാൾ തിരിച്ചറിയുമായിരുന്നുവോ എന്ന് നിശ്ചയമില്ല. അറിഞ്ഞാലും അതു ഭാവിയ്ക്കുമായിരുന്നുവോ എന്നും അറിയില്ല.

പക്ഷെ, മാഷ് കണ്ടു പിടിച്ചുവല്ലോ.

കള്ളപ്പേരും മുഖത്തിന്റെ ഇടതു വശം മാത്രം വെളിപ്പെടുത്തുന്ന വസ്ത്രധാരണവും ഇടയ്ക്കിടെയുള്ള വീടുമാറ്റങ്ങളും ഒരു നാണവുമില്ലാതെ പറയുന്ന നുണകളുമായാൽ ഈ ജീവിതമായി. സ്വയം മെനയുന്ന കള്ളക്കഥകൾ…… എന്റേതെന്നും എനിയ്ക്കുണ്ടെന്നും പറഞ്ഞു ഫലിപ്പിയ്ക്കുന്ന ബന്ധങ്ങൾ………….. എന്റെ സമാന്തര ജീവിതം.

! ഇറ്റ് വാസ് എ ട്രാജഡി, ഒരു കിച്ചൻ ആക്സിഡന്റ്സാരമില്ല. ഞാൻ റെക്കവർ ചെയ്തു. യാ! ഐ ഗോട്ട് മൈ ഹസ്ബൻഡ്സ് ഫുൾ സപ്പോർട്ട്. ദാ ഇപ്പോ ഇവിടെ വിട്ടിട്ട് പോയതേയുള്ളൂ. ഉടനെ വരും പിക് ചെയ്യാൻ.“.

ങ്ങനെയൊക്കെ മാഷോട് പറയുവാൻ കഴിയുമോ?. 

ല്ലെങ്കിൽ എല്ലാം വെളിപ്പെടുത്തിക്കൊണ്ട് തൊലിയടർത്തി എറിയപ്പെട്ട ഈ ജീവിതത്തിന്റെ രക്തമൊലിയ്ക്കുന്ന അകക്കാമ്പ് പ്രദർശിപ്പിയ്ക്കാനാകുമോ? വേണ്ട.

അജിയും ശോഭയും പഠിയ്ക്കുമ്പോഴേ ഒന്നിച്ച് ജീവിയ്ക്കാൻ ആഗ്രഹിച്ചിരുന്നു. അവരുടെ വിവാഹം ആർഭാടത്തോടെ നടക്കുകയും ചെയ്തു. 

അജിയ്ക്കും ശോഭയ്ക്കും സുഖം തന്നെയല്ലേ ?’ മാഷ് ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനകൾ ഒളിഞ്ഞിരിയ്ക്കുന്നതായി തോന്നി.

സുഖമാവണം. അവൻ സങ്കടം പറയാറില്ല. രോഗികളും ആശുപത്രിയുമായി കഴിയുന്നു.

എന്തു പറ്റി മാഷെ?…………‘

അവർ പിരിഞ്ഞു. മകൾ ശോഭയ്ക്കൊപ്പമാണ്.

അതു സങ്കടമായല്ലോ.

നന്നായിയെന്നേ ഞാൻ പറയൂ. ഒരുമിച്ച് സന്തോഷമായി ജീവിയ്ക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ‘……..മാഷ് നിറുത്തി.

അവർ വലിയ അടുപ്പത്തിലായിരുന്നുവല്ലോ…………’

ആയിരുന്നിരിയ്ക്കില്ല, കുട്ടീ. അടുപ്പം പോലെ തോന്നിപ്പിച്ച എന്തോ ഒന്നാവണം അന്നുണ്ടായത്. അവർക്കും മറ്റുള്ളവർക്കും ഈ എനിയ്ക്കു പോലും അത് മനസ്സിലായില്ല. അജിയുമായി പിരിഞ്ഞെങ്കിലും ശോഭ മോളെയും കൂട്ടി എന്നെയും ടീച്ചറെയും കാണാൻ വരാറുണ്ട്. വീട്ടിൽ കുറച്ച് ദിവസം താമസിയ്ക്കുകയും ചെയ്യാറുണ്ട്.

അജിയുടെ അച്ഛനായിട്ടും മാഷ്………… ശോഭയെ ഇപ്പോഴും ……….‘

ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം വെറുക്കാം, ചീത്ത വിളിയ്ക്കാം, തല തല്ലിപ്പൊട്ടിയ്ക്കാം, പിരിയാം……. എനിയ്ക്ക്……….. എന്റെ സ്റ്റുഡന്റ്സിനെ ഏതു കടലാസ്സിൽ ഒപ്പിട്ടാണ് ഞാൻ പിരിയുക?‘

മാഷ്ടെ വാക്കുകളിൽ ദയനീയമായ ഒരു കിതപ്പുണ്ടായിരുന്നു.
 
നമുക്ക് കഫറ്റേരിയയിൽ പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കാം. വല്ലാത്ത ക്ഷീണം തോന്നുന്നു.ഘന ഗംഭീരമായിരുന്ന ആ പഴയ ശബ്ദം ഇപ്പോൾ തളർന്നിരിയ്ക്കുന്നു. 

കഫറ്റേരിയയിലേയ്ക്ക് അധികമില്ല. ഭാഗ്യം, ഇരിപ്പിടമുണ്ട്. അല്ലെങ്കിൽ ബുദ്ധിമുട്ടായിപ്പോയേനെ.

ഒരു മിക്സഡ് ജൂസ് മതി.വെയിറ്റർ അടുത്ത് വന്നപ്പോഴേയ്ക്കും ഞാൻ വിളിച്ചു പറഞ്ഞു. സ്കാർഫ് നീങ്ങിപ്പോയ മുഖം കണ്ട് വെയിറ്റർ ഭയന്ന് വിറയ്ക്കുമെന്നെനിയ്ക്കുറപ്പായിരുന്നു. തിടുക്കത്തിൽ ആ തുണിക്കഷണം ശരിപ്പെടുത്തുമ്പോൾ ഞാൻ മാഷുടെ മുഖത്ത് നോക്കാൻ മടിച്ചു .

മാഷ് കാപ്പിയും ഒരു സ്ക്രാംബ്ല്ഡ് എഗ്ഗും ഓർഡർ ചെയ്തു. ആ മുട്ട വിഭവം എന്നെ….. ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തകർത്തെറിയുകയായിരുന്നു. പിച്ചിക്കീറുകയായിരുന്നു.

സിൽക്ക് കർട്ടനുകളുള്ള മനോഹരമായി അലങ്കരിച്ച ഡൈനിംഗ് റൂമിൽ, കുലീനയായ ഭാര്യയ്ക്ക് ചേരുന്ന വേഷവിതാനങ്ങളുമായി ഓർമ്മയുടെ, വേവുന്ന കാലങ്ങളിൽ……… പിഞ്ഞാണത്തിലെ വെണ്മയിൽ മൊരിഞ്ഞ മുത്തുകൾ പോലെ തുറിച്ചു നോക്കുന്ന ആ വിഭവം. ചില്ലു ഗ്ലാസുകളിൽ സൂര്യനലിഞ്ഞു ചേർന്ന് സ്വർണ വർണമായ ദ്രാവകം, അത് കൃത്യമായ ഇടവേളകളിൽ എരിവോടെ തൊണ്ടയിലൂടൊഴുകുമ്പോൾ.

ആദ്യം മടിയുണ്ടായിരുന്നു. ഒരു ഹിസ്റ്റീരിയക്കാരിയെപ്പോലെ ബഹളം വെച്ചിരുന്നു. ഒച്ചയുയരുമ്പോൾ, കൈകളുയരുമ്പോൾ മടിയും ഹിസ്റ്റീരിയയും കുറഞ്ഞു വന്നു. എന്നിട്ടും താടി വെച്ച ഒരു ബിസിനസ് പാർട്ണർ കോണിപ്പടിയിൽ വെച്ച് ചുണ്ടുകൾ കടിച്ചെടുത്ത ദിവസം ആവശ്യമില്ലാതെ കണ്ണീരൊഴുക്കുകയും ഡെറ്റോൾ കൊണ്ട് അനവധി പ്രാവശ്യം ചുണ്ടുകൾ കഴുകുകയും ചെയ്തു. അതൊക്കെ ഒരു പരിശീലനമായിരുന്നെന്ന് വെളിപ്പെട്ടത് ഭർത്താവ് വേറൊരാളെ മുറിയിൽ മറന്നു വെച്ചു പോയ രാത്രിയിലാണ്.

സ്വർണ നിറമുള്ള ദ്രാവകത്തിന് എല്ലാ പ്രതിഷേധത്തെയും തണുപ്പിയ്ക്കാൻ കഴിയുമായിരുന്നു. കൂർത്തു മൂർത്ത ചിന്തകളുടേയും പ്രതിഷേധത്തിന്റേയും ചോദ്യങ്ങളെ അലിയിപ്പിച്ചു കളയാനാകുമായിരുന്നു. എല്ലാം അനുസരിയ്ക്കുന്ന ഭാര്യയെ വേണ്ടാത്ത ഭർത്താവ് ഈ ലോകത്തിലില്ലെന്നതു പോലെ, വേറെയും പരമമാ‍യ സത്യങ്ങളുണ്ടെന്ന് ഞാൻ പതുക്കെപ്പതുക്കെ മനസ്സിലാക്കി.

സോപ്പു തേച്ചുള്ള ഒരു നല്ല കുളിയ്ക്കോ ആശുപത്രി ടേബിളിലെ കാലുകളുയർത്തിവെച്ചുള്ള നാണം കെട്ട കിടപ്പിനോ മാറ്റാൻ പറ്റാത്ത ഒരു അഴുക്കും പുരുഷന് പെണ്ണിൽ ഏൽ‌പ്പിയ്ക്കാൻ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു ഞാൻ കണ്ടുപിടിച്ച ഏറ്റവും വലിയ സത്യം. അതറിഞ്ഞപ്പോൾ മുതൽ ഞാൻ ദാഹാർത്തയായി കാത്തിരുന്നു. സ്വർണ നിറമുള്ളതും കാപ്പിയുടെ നിറമുള്ളതും ഒരു നിറവുമില്ലാത്തതുമായ അനവധി ദ്രാവകങ്ങൾ കോരിയൊഴിച്ചിട്ടും എന്റെ ദാഹം ശമിച്ചില്ല. പുരുഷന്മാരുടെ ഗന്ധവും ഒരു ദിവസം വളർച്ചയെത്തിയ താടിരോമങ്ങളും എന്നെ മത്തുപിടിപ്പിയ്ക്കുകയും ഇക്കിളിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും എനിയ്ക്ക് വലിച്ചെടുക്കാൻ മാത്രം ഒന്നുമില്ല പുരുഷനിലെന്നറിഞ്ഞ്, വലിയ ചട്ടക്കൂടിൽ കാണപ്പെടുന്ന ആ പഴന്തുണിക്കഷണങ്ങളോട് സഹതപിച്ചു. നീ എന്റെയൊരു വെറും കളിപ്പാട്ടമാണെന്ന് പറഞ്ഞും പറയാതെയും, പല ശരീരങ്ങളുമായി കൌശലക്കാരിയായ ഒരു മന്ത്രവാദിനിയായി കളിച്ചു രസിച്ചു.

ആ അറിവുകൾക്കൊപ്പം കണ്ണു കുത്തിത്തുരന്ന് ഞാൻ കണ്ണീരിനെ വറ്റിച്ചു കളഞ്ഞു. കണ്ണ് ചുവക്കുവോളവും ശ്വാസം മുട്ടുവോളവും മൂത്രം കിനിയുവോളവും പൊട്ടിച്ചിരിയ്ക്കാൻ പഠിച്ചു. മനസ്സെന്ന വാക്കിന്റെ അർത്ഥം കരിമ്പാറക്കെട്ടെന്നായിത്തീർന്നു

എന്റെ മാറ്റം കണ്ട് അദ്ദേഹം അമ്പരന്നു പോയി. പലപ്പോഴും മിടുക്കി, മിടുക്കി എന്ന് അഭിനന്ദിച്ചു. ജീവിതവും മാറുകയായിരുന്നു. അദ്ദേഹം ആശിച്ച പ്രോജക്ടുകളും പിന്നെ പണവും പ്രതാപവും അതിന്റെ സർവ പ്രൌഡിയോടും കൂടി ജീവിതത്തെ ആശ്ലേഷിച്ചു

മനസ്സിന്റെ തഴുതിട്ട ഉരുക്കു വാതിൽ ഇടിച്ചു തകർത്തത്, കരിമ്പാറക്കെട്ടിലെ നീരുറവയെ ചാലിട്ടൊഴുക്കിയത് മനോജായിരുന്നു. സത്യത്തിൽ അയാൾ മാത്രമാണ് ഞാൻ അതി കഠിനമായി സ്നേഹിയ്ക്കുകയും നെഞ്ചിൽ തലവെച്ചുറങ്ങാൻ ആഗ്രഹിയ്ക്കുകയും ചിലപ്പോഴെങ്കിലും വെറുക്കുകയും ശപിയ്ക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു പുരുഷൻ.

എന്നെ നിസ്സഹായയാക്കിയവൻ. എന്നാലും മൃദുലമായി സ്നേഹത്തോടെ അലിവോടെ കരുണയോടെ കണ്ണുകൾകൊണ്ട് തലോടിയവൻ.

അയാൾ വിളിച്ചിരുന്നെങ്കിൽ കൂടെപ്പോകുമായിരുന്നുവോ എന്ന് പിന്നീട് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്

തണുത്തുറഞ്ഞ ഒരു രാത്രിയിൽ ഗ്ലാസ്സിലുരുകിയൊഴുകിയ സ്വർണം മുഴുവൻ വലിച്ചു കുടിച്ച ശേഷം, അയാൾ എന്റെ ഭർത്താവിന്റെ കരണത്തടിച്ചു.. “ നാണം കെട്ടവനെ, കൂട്ടിക്കൊടുപ്പുകാരാഎന്നലറി. ആ നിമിഷത്തിൽ ഞാൻ തളർന്നു പോയി. എന്റെ അഹന്ത അസ്തമിച്ചു. ഞാൻ എന്നെ വിളിയ്ക്കാൻ ഭയപ്പെടുന്ന ആ വാക്ക് എന്റെ വായിൽ വഴുവഴുപ്പോടെ ഇഴഞ്ഞു. ഭീമാകാരം പൂണ്ട ഒരു സർപ്പമായി അതെന്നെ ആഞ്ഞുകൊത്തി, ആ വിഷത്തീന്റെ കാളിമയിൽ ഞാൻ നീലിച്ചു.

ഞാനോടിച്ചെന്ന് മനോജിന്റെ കാൽക്കൽ ഒരു പട്ടിയെപ്പോലെ ചുരുണ്ടു കിടന്നു ഉച്ചത്തിൽ മോങ്ങി…“എന്നെ കൊണ്ടു പോകൂ എന്ന് ആ കാലുകളെ കെട്ടിപ്പിടിച്ച് യാചിച്ചു.

അയാൾ ചീറി. നിന്നെ വിറ്റ് മതിയായില്ല, ഇനിയും സാമ്രാജ്യം വളർത്താനുണ്ട്, നിന്റെ ഭർത്താവിന്. നിനക്ക് പോയി ചത്തു കൂടെ പിശാചേ? 

ഞാൻ നിവർന്നിരുന്നു. അപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാൾ എന്നെ നോക്കി,. ഈ ഭൂലോകത്തിൽ ഇതുവരെ രൂപമെടുത്തിട്ടുള്ള സമസ്ത സ്നേഹവും അതിരുകളില്ലാത്ത അലിവും മാത്രമായിരുന്നു അവയിൽ. അതിനു ശേഷമാവണം ഈ ലോകത്താർക്കും അലിവും സ്നേഹവും ലഭ്യമല്ലാതാ‍യിത്തീർന്നത്. കാരണം അതു മുഴുവൻ മനോജിന്റെ ഒഴുകുന്ന ആ കണ്ണുകളിലുണ്ടായിരുന്നുവല്ലൊ. എന്റെ ഭർത്താവ് ഒരു കൊടുങ്കാറ്റു പോലെ അതിവേഗം മുറി വിട്ടു പോയപ്പോൾ മനോജും അദ്ദേഹത്തെ പിന്തുടർന്നു

പിറ്റേന്ന് രാവിലെ മുഷിഞ്ഞ വസ്ത്രങ്ങളോടെയും കലങ്ങിയ കണ്ണുകളോടെയും ഞാൻ മനോജിന്റെ ഫ്ലാറ്റിൽ പോയി അയാളെ കാണാൻ ശ്രമിച്ചു. നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു തെരുവിലായിരുന്നു അയാൾ താമസിച്ചിരുന്നത്. ഒരു ഭ്രാന്തിയെപ്പോലെ ആ വാതിലിൽ ഇടിച്ചു നിലവിളിച്ചിട്ടും അയാൾ വാതിൽ തുറന്നതേയില്ല. അയൽ‌പ്പക്കക്കാർ ശ്രദ്ധിയ്ക്കുന്നതു വരെയും, എന്റെ ഭർത്താവ് കഠിനമായ കോപത്തോടെ വന്നെത്തുന്നതു വരെയും ഞാനവിടെ കുത്തിയിരുന്നുവെങ്കിലും അയാൾ പുറത്തു വരാൻ കൂട്ടാക്കിയില്ല

പുരുഷന്മാർ ഇങ്ങനെയാണ്. ആരാണവരെ സ്നേഹിയ്ക്കുന്നതെന്ന് അവർക്കറിയാൻ കഴിയുകയില്ല. കത്തുന്നതും നീറിപ്പിടിയ്ക്കുന്നതുമായ സ്നേഹം അവരെ ഭയപ്പെടുത്തും. അപ്പോൾ അവർ ജാതി, മതം, കുടുംബ മഹിമ, ചാരിത്ര്യം, പണം, വിദ്യാഭ്യാസം, ജോലി, നിറം, മുടി, അമ്മ, പെങ്ങൾ എന്നു തുടങ്ങിയ കാക്കത്തൊള്ളായിരം പരിചകൾകൊണ്ട് സ്നേഹത്തെ പ്രതിരോധിയ്ക്കും. പിന്നീട് പരിചകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുമ്പോഴാവട്ടെ കത്തുന്ന ആ സ്നേഹത്തെ തിരഞ്ഞ് ഒരു ജന്മം മുഴുവൻ ഇരുട്ടിൽ പരതി നടക്കും. ലോകത്തോടു മുഴുവൻ പല പല കാരണങ്ങൾ നിരത്തി പരാതിപ്പെടും.

തിരുമ്മിത്തിരുമ്മി പിഞ്ഞി മുഷിഞ്ഞ ഒരു കോട്ടൺ സാരിയും ധരിച്ച് അയാൾക്കൊപ്പം ഏതു ചെളിയിലും ഞാൻ ആഹ്ലാദത്തോടെ ജീവിയ്ക്കുമായിരുന്നു

മനോജിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ നിന്ന് എന്നെ നിർബന്ധിച്ച് കാറിൽ കയറ്റിയപ്പോൾ കോപം കൊണ്ട് അദ്ദേഹം ഒരു ഭ്രാന്തനായിത്തീർന്നിരുന്നു. എനിയ്ക്കപ്പോൾ അലറിച്ചിരിയ്ക്കാൻ കഴിഞ്ഞു. എന്നിൽ ഒന്നുമില്ലാതിരുന്നിട്ടും അദ്ദേഹം എന്റെ മുൻപിൽ ഒരു പുഴുവിനെപ്പോലെ നിസ്സാരനായിത്തീർന്നുവെന്ന് എനിയ്ക്ക് തോന്നി

വീട്ടിൽച്ചെന്ന് ഞാനൊരു ഡ്രിങ്ക് ഫിക്സ് ചെയ്യുമ്പോഴായിരുന്നു, അദ്ദേഹം എന്നോട് ചർച്ച ചെയ്യാൻ മുതിർന്നത്. എന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചത്, നിലയും വിലയും മറന്ന് പെരുമാറരുതെന്ന് ഉപദേശിച്ചത്. ഡ്രിങ്കിനൊപ്പമുള്ള സ്ക്രാംബ്ൾഡ് എഗ്ഗെന്ന ഉപദംശമായി മാറാൻ ഞാൻ കോഴിമുട്ടകളെ ഒന്നൊന്നായി പാനിലേയ്ക്ക് പൊട്ടിച്ചൊഴിച്ചു പൊള്ളിച്ചുകൊണ്ടിരുന്നു.

തർക്കമൊഴിവാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എനിയ്ക്ക് സഹിയ്ക്കാൻ കഴിഞ്ഞില്ല. മനോഹരമായി വസ്ത്രം ധരിച്ച, വിലകൂടിയ സിഗരറ്റ് പുകയ്ക്കുന്ന ആ പുരുഷ ശരീരത്തെ ഒരു യക്ഷിയെപ്പോലെ വലിച്ചു കുടിയ്ക്കണമെന്നും എല്ലുകൾ കടിച്ചു പൊട്ടിയ്ക്കണമെന്നും ഞാൻ ആഗ്രഹിച്ചു. ആ രക്തം കൊണ്ട് കുതിർന്ന എന്റെ ചുണ്ടുകളുടെ മോഹിപ്പിയ്ക്കുന്ന വർണ്ണം ലോകത്തൊരു ലിപ്സ്റ്റിക്കിനും ലഭിയ്ക്കുകയില്ല.

എനിയ്ക്ക് രാക്ഷസീയമായ കരുത്തുണ്ടായി. പക്ഷെ, അടുത്ത നിമിഷം അടുപ്പിൽ നിന്നും പറന്നുയർന്ന പാതി വെന്ത കോഴിമുട്ടകൾ എന്റെ കണ്ണിലമർന്നു. തൊലി കരിയുമ്പോഴുള്ള ചെടിപ്പിയ്ക്കുന്ന മണം എല്ലായിടത്തും വ്യാപിച്ചു. കവിളിലെ പച്ച മാംസത്തിൽ ചുട്ടു പഴുത്തൊരു പാത്രം അമർന്നാലെങ്ങനെയിരിയ്ക്കുമന്നറിയാമോ

ആ വേദനയും പിടച്ചിലും…………. തൊണ്ട പൊട്ടുന്ന കരച്ചിൽ………… ശരീരമാകെ ആളിപ്പടരുന്ന കഠിന വേദനയുടെ കൈകൾ……….. കത്തുന്ന സിഗരറ്റിന്റെ കഷ്ണം മുടിയിഴകളിൽ പരതിയപ്പോൾ പൂമണമുള്ള കറുത്ത പട്ടു നാരുകൾ വെന്തടർന്നു. തീയ്ക്കെന്തൊരു ചൂടും നീറ്റവുമാണെന്നോ! ആ ചൂടിൽ തലച്ചോറും നെഞ്ചിൻ കൂടും ലക്ഷം നുറുങ്ങുകളായി പൊട്ടിത്തകരും.

അദ്ദേഹത്തിനു വിവാഹമോചനം അനുവദിച്ച ന്യായാധിപൻ ഈ മുഖം കണ്ട് ഭയന്നു വിളറി. ആത്മഹത്യാ പ്രവണതയുള്ള സ്ത്രീയ്ക്കൊപ്പം കഴിയാനാവില്ലെന്ന് അദ്ദേഹം വാദിച്ചപ്പോൾ, എന്റെ മുഖത്ത് നോക്കി തരിച്ചിരുന്ന ന്യായാധിപന് സമ്മതിയ്ക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.

ന്യായാധിപന്മാർ ഒരിയ്ക്കലും സാക്ഷികളായ സൂര്യന്മാരാകുന്നില്ല, അവരെന്നും കേൾപ്പിയ്ക്കുന്നത് കേൾക്കുന്നവരും കാണിയ്ക്കുന്നതു കാണുന്നവരും മാത്രമാകുന്നു.

റെയിൽപ്പാളത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയെന്ന് അറിയിച്ച അദ്ദേഹത്തിന്റെ പുരുഷ സുഹൃത്തിനോട് കോടതി ഒരു വിശദീകരണവും ആവശ്യപ്പെട്ടില്ല. ഡിസൈനർ സാരികൾ ധരിച്ച് സുഗന്ധം പുരട്ടിയ സ്ത്രീ സുഹൃത്തുക്കൾ സഹതാപവും സ്നേഹവും നിറച്ച മിഴികളാൽ അദ്ദേഹത്തിനെ തലോടിക്കൊണ്ട് കോടതി മുറിയിൽ നിശബ്ദരായി നിന്നു.

വിധിയ്ക്ക് ശേഷം എന്റെയരികിൽ വന്ന് ഇടിമിന്നൽ പോലെ പുഞ്ചിരിച്ചുകൊണ്ട്, അവസാനമായി കാതിൽ ഈയം ഉരുക്കിയൊഴിയ്ക്കുവാൻ അദ്ദേഹം മറന്നില്ല. നീ പൂപ്പൽ പിടിച്ച് ഒടുങ്ങും. ഒരു മനുഷ്യജീവിയും നിന്നെ ഇനി തൊടുകയില്ല. നിന്റെ നോജു പോലും. ഇതാണെന്റെ പ്രതികാരം. ആൾ ദ ബെസ്റ്റ്

വർഷങ്ങൾ കടന്നു പോയിരിയ്ക്കുന്നു.

കരിഞ്ഞടർന്ന മുഖവും തുറിച്ചുന്തി വികൃതമായ കാഴ്ചയില്ലാത്ത വലതു കണ്ണും പറ്റേ വെട്ടിയ തലമുടിയുമായി ഒരു സ്കാർഫിന്റെ തണലിലൊതുങ്ങിയ എന്റെ ജീവിതം………….. ങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ ഓരോ തവണ തെറ്റിയ്ക്കാൻ കഴിഞ്ഞപ്പോഴും, ഞാൻ സമനില മറന്നവളെപ്പോലെ മനോജിനായി ദാഹിച്ചു

കരിഞ്ഞ മുഖത്ത് ഒരു കഷ്ണം തുണിയിട്ടു കഴിഞ്ഞാൽ , “വാട്ടീസ് ബ്യൂട്ടി വെൻ ദ ലൈറ്റ് ഈസ് പുട്ട് ഓഫ്എന്ന് പുലമ്പുന്ന കവിയും, ഭാര്യ ഉപേക്ഷിച്ചു പോയ ഭർത്താവും, വിവാഹത്തിനു മുൻപ് കാമശാസ്ത്രം പഠിയ്ക്കാൻ വന്ന വരനും, “ എന്റെ ഒരു കുഞ്ഞിനെ പെറ്റു താഎന്ന് കേഴുന്ന എഴുപതുകാരനും..എല്ലാവരും ചില കാര്യങ്ങളിൽ ഒരു പോലെ പെരുമാറുമെന്ന് എനിയ്ക്ക് മനസ്സിലായി. ഒരു പേരോ മുഖമോ തലമുടിയോ മേൽ വിലാസമോ ഒന്നും പെണ്ണിന് ആവശ്യമില്ലെന്നും ഞാൻ കണ്ടുപിടിച്ചു

മനോജ് എന്നെങ്കിലുമൊരിയ്ക്കൽ എന്നെ കാണുവാൻ വരുമെന്ന് ഞാൻ കുറെക്കാലം വിചാരിച്ചുകൊണ്ടിരുന്നു. ആ നിറഞ്ഞൊഴുകുന്ന കണ്ണുകളെ മാത്രം ധ്യാനിച്ചുകൊണ്ട്.. ആ ധ്യാനം അയാളെ എന്നിലെത്തിയ്ക്കുമെന്ന്……..പിന്നെപ്പിന്നെ നീറുന്ന പുണ്ണുകളുടെ വേദന താങ്ങാനാവാതെയായപ്പോൾ അയാളെ ഞാൻ മറന്നു തുടങ്ങി

 ജൂസ് കുടിയ്ക്കുന്നില്ലേ? ഞാൻ കഴിച്ചു തീർത്തു മാഷ്ടെ ശബ്ദം എന്നെ കഫറ്റേരിയയിലേ ബഹളത്തിലേയ്ക്ക് തിരിച്ച് കൊണ്ടു വന്നു.

വലതു ചുണ്ടിലെ കരിവാളിപ്പിനും വൈകൃതത്തിനുമിടയിലൂടെ ജൂസ് കവിഞ്ഞൊഴുകാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ ഗ്ലാസ് ചുണ്ടോട് ചേർത്തു.

ബില്ല് കൊടുത്ത് എണീറ്റപ്പോൾ മാഷ് എന്റെ ചുമലിൽ ആ കൈ വെച്ചു.

അക്ഷരങ്ങളുടെ അനുഗ്രഹത്തെ മറന്നു കളയരുത്. കുട്ടിയറിഞ്ഞത്രയും പുണ്ണുകളുടെ നീറ്റൽ അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഇനി ബാക്കിയുള്ള കുറച്ചു സമയം ഈ ലോകത്തോട് സംസാരിയ്ക്കൂ. ഇത്രയും അനുഭവിച്ച ശേഷം ഈ ലോകത്തെ തരിമ്പും ഭയപ്പെടരുത്.

തുറിച്ചുന്തി വികൃതമായ കണ്ണിലും അപ്പോൾ നനവു പൊടിഞ്ഞു.
‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------------------------------------------

ഇതാണ് എന്റെ പുസ്തകം…“പുണ്ണെഴുത്തുകൾ“. പല തരം മനുഷ്യ ജീവിതങ്ങൾ ഒരു പെണ്ണിനു നൽകിയ നീറുന്ന പുണ്ണുകളുടെ ഓർമ്മപ്പുസ്തകം. എങ്കിലും തുടയിടുക്കുകളേയും മുലമൊട്ടുകളെയും കാണുവാൻ മാത്രമായി ആരും ഈ പേജുകൾ മറിയ്ക്കരുത്

ഒരേ സൂര്യന്റെ വെളിച്ചവും ചൂടും അനുഭവിയ്ക്കുന്ന ഒരു പെണ്ണും നിങ്ങളും തമ്മിലെ അന്തരമാണിതിലെ അക്ഷരങ്ങൾ. ഒരേ മഴ പെയ്യുന്ന വീട്ടു മുറ്റങ്ങളിലെ അകൽച്ചയാണിതിലെ വാക്കുകൾ. ഒരേ കാറ്റു വീശുന്ന കടൽക്കരകളിലെ ഉഷ്ണമാണിതിലെ തലക്കെട്ടുകൾ. ഒരേ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങളിലെ നിറവ്യത്യാസമാണിതിലെ അധ്യായങ്ങൾ.
‍‍‍‍‍‍‍-----------------------------------------------------------------

41 comments:

Echmukutty said...

മഹാനഗരത്തില്‍ താമസിക്കാന്‍ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ പലപ്പോഴും വനിതാ സംഘടനയുടെ ഷെല്‍റ്ററില്‍ പോയി താമസിക്കുമായിരുന്നു. പൊള്ളിക്കുടന്നു പോയ മുഖവും അല്‍പം താളം തെറ്റിയ മനസ്സും ഇംഗ്ളീഷ് ഭാഷയുമൊക്കെ അവിടെയും ഉണ്ടായിരുന്നു. രാത്രികളില്‍ അവര്‍ പിറുപിറുക്കുമായിരുന്നു. കരയുമായിരുന്നു. അഗാധമായി സ്നേഹിച്ച ആരോ ആണെന്ന് തെറ്റിദ്ധരിച്ച് അവര്‍ എന്നെ ശ്വാസം മുട്ടുമ്പോലെ അടുക്കിപ്പിടിച്ച് ഗാഢമായി ചുംബിച്ചു.....
ഒരിക്കലല്ല, ഒട്ടും പ്രതീക്ഷിക്കാതെ ചിലപ്പോഴൊക്കെ.
ഇടറിയും മുറിഞ്ഞും കേട്ട വാക്കുകള്‍, പിടി വിട്ടു തുടങ്ങിയ മനസ്സ്, രോഗാതുരമായി തളര്‍ന്ന ശരീരം, കൊഴുത്ത തുപ്പലില്‍ കുതിര്‍ന്നു പോയ ഉമ്മകള്‍ ....
ഈ കഥയ്ക്ക് കാരണം.... അതാണ്.

മൌനം said...

എന്തൊക്കെയൊ പറയാൻ നാവ് പൊന്തുന്നു പക്ഷെ നാവില്ല് കൂച്ച് വിലങ്ങിട്ട പ്രതീതി.. ഉള്ളം നീറുന്നു .. കഥയാവാം അനുഭവമാവാം... എന്തന്നെയായാലും നല്ല എഴുത്ത്... കുറേ ജീവിതാനുഭവം മനക്കണ്ണിലൂടെ മിന്നിമറഞ്ഞ വികാരം... മാഷ് പറഞ്ഞത് പോലെ.. സ്നേഹമായിരിക്കില്ലാ.. ആശംസകൾ എച്ചുമി...

ഗീതാരവിശങ്കർ said...

എച്മൂ .
കരളിലേയ്ക്ക് കനൽ കോരിയിട്ടു ഈ കഥ .

vettathan said...

പുണ്ണ് നിറഞ്ഞ മനസ്സുള്ളവരില്‍ നിന്നു അകലുന്നതാണ് ഏറ്റവും വലിയ സൌഭാഗ്യം. അവര്‍, ഉണ്ടാക്കുന്ന ഭാഗ്യങ്ങളുമായി മുന്നേറട്ടെ.കഥ ഹൃദയസ്പര്‍ശിയായി.

Unknown said...

തീക്ഷ്ണാനുഭവങ്ങൾ.... എന്താ പറയുക

ajith said...

തര്‍ജനിയിലോ നമ്മുടെ ബൂലോകത്തിലോ മുമ്പ് വായിച്ചിരുന്നു ഇക്കഥ

പക്ഷെ ഈ കഥയ്ക്ക് കാരണം എന്തെന്ന് ഇപ്പോഴാണറിയുന്നത്

keraladasanunni said...

കഷ്ടം. സാമ്രാജ്യം വെട്ടിപ്പിടിക്കാന്‍ ഭാര്യയെ ഉപകരണമാക്കുന്ന നീചനില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. ആ സാധു സ്ത്രീയുടെ നൊമ്പരങ്ങള്‍ ഹൃദയഭേദകമാണ്.

റോസാപ്പൂക്കള്‍ said...

എച്ചുമു,കഥ വായിച്ചു.
അതിന്റെ ആഘാതത്തില്‍ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നു

അടൂർ മുനിയാണ്ടി said...

really touching............
no words....................

Pradeep Kumar said...

ഇത്തരം ജീവിതങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നറിയുമ്പോള്‍ ഒരു നടുക്കം...... അഗാധമായി സ്നേഹിച്ച ആര്‍ക്കോ ആയുള്ള വിഫലമായ കാത്തിരിപ്പുപോലും ഇല്ലായിരുന്നെങ്കില്‍ ആ ജീവിതങ്ങളുടെ അവസ്ഥയെന്തായിരിക്കുമെന്നാണ് ഞാന്‍ ആലോചിച്ചത്......

Rajesh said...

എന്തൊക്കെയൊ പറയാൻ നാവ് പൊന്തുന്നു പക്ഷെ നാവില്ല് കൂച്ച് വിലങ്ങിട്ട പ്രതീതി.. ഉള്ളം നീറുന്നു ..
This^^^
Really look forwards to a chat with you maam.. there are more than a few points here ande there in this story, which makes me feel so.
All the best.

M. Ashraf said...

തീക്ഷ്ണം.

Cv Thankappan said...

ഏണിപ്പടിയിലൂടെ ഉയരത്തിലെത്തുന്നവര്‍.....
ആശംസകള്‍

റിനി ശബരി said...

കലേച്ചീ .. ഗംഭീരം എന്നു തന്നെ പറയണം
ഒരു മനസ്സിലൂടെ സഞ്ചരിക്കുക , അതിലൂടെ
മറ്റ് മനസ്സിലേക്ക് കനലു കോരി ഇടുക ..
നൈസിലി എക്സിക്യൂട്ടഡ് ....
കഥയെന്നല്ല , കരള്‍ കൊത്തിപറിക്കുന്ന നേരുകളാണ്
പകര്‍ത്തി വച്ചത് , പുരുഷനെന്ന കണ്ണോട് കൂടി
വായിക്കാന്‍ പൊലുമാകുന്നില്ല , തിരിഞ്ഞ് പറയാനും ..
വായനയില്‍ ഉടനീളം , നേവിയില്‍ ഈയടുത്തുണ്ടായ
ലൈംഗിക വിവാദത്തിന്റെ നിഴലുണ്ടായിരുന്നു
ആ സ്ത്രീയേ , ആ അമ്മയേ , ആ ഭാര്യയുടെ മനസ്സും
വിധിയുമൊര്‍ത്ത് പൊയി ..
ഒരു അത്താണി കാക്കുന്ന മനസ്സ് മനൊജില്‍ കുരുങ്ങി കിടക്കുമ്പൊഴും
ഒരു പുരുഷന്റെ ചിന്ത , അവനെ തേടുമ്പൊള്‍ അടുക്കാതിരിക്കുകയും
അതിനു ശേഷം അവന്‍ തേടുകയും ചെയ്യുന്നത് പ്രതിപാധിച്ച
വരികളൊക്കെ ഗംഭീരം തന്നെയേട്ടൊ .. കൂടെ മാഷിന്റെ ദൈന്യവും
ഒരിടത്ത് പൊലും ചോര്‍ന്ന് പൊകാതെ ചൊരപൊടിയുന്ന
നേരു ചികയുന്ന ഈ എഴുത്തിന് ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍
കൂടെ ക്രൂരതമുറ്റുന്ന മനസ്സുകളുടെ സഞ്ചാരങ്ങള്‍ എങ്ങൊട്ടാണ്
നമ്മേ എത്തിക്കുക , ആരാണ് അവര്‍ക്ക് മാര്‍ക്കിടുക ,
പ്രാണന്‍ പൊലിഞ്ഞാല്‍ പുഴുവരിക്കുന്ന ഈ ദേഹം എന്തിനൊക്കെ പാത്രമാകുന്നു ...

Vinodkumar Thallasseri said...

തീവ്രമായ അനുഭവങ്ങളെ ഉള്ളില്‍ നിറയ്ക്കുന്ന ആഖ്യാന ശൈലി. നല്ല കഥ.

പട്ടേപ്പാടം റാംജി said...

അനുഭാവിക്കുന്നതുപോലെ കഥ....
നേരത്തെ വായിച്ചിരുന്നു.

ente lokam said...

ചില സത്യങ്ങൾ കഥയെക്കാൾ
അവിശ്വസനീയമാണ്.

ചില കഥകൾ സത്യവും ..ആണ് .
മനസ്സ് പൊള്ളിക്കുന്ന സത്യങ്ങൾ.

മുമ്പ് വായിച്ചിരുന്നു.ആശംസകൾ
എച്മു..

വീകെ said...

മുൻപു വായിച്ചിരുന്നു... ഇങ്ങനേയും ചിലർ നമ്മുടെയിടയിലുണ്ടെന്ന് ഇന്നാൾ പുറത്തു വിട്ട ആ നേവിക്കാരന്റെ ഭാര്യയുടെ കഥയിലൂടെ വെളിവായിരുന്നു.

മുകിൽ said...

kathayum jeevithavum antharamenthu...?

Sidheek Thozhiyoor said...

ഹാവൂ ..വല്ലാത്തൊരു കഥയായിപ്പോയി എച്ചുമൂ..

Anonymous said...

ഒരേ സൂര്യന്റെ വെളിച്ചവും ചൂടും അനുഭവിയ്ക്കുന്ന ഒരു പെണ്ണും നിങ്ങളും തമ്മിലെ അന്തരമാണിതിലെ അക്ഷരങ്ങൾ. ഒരേ മഴ പെയ്യുന്ന വീട്ടു മുറ്റങ്ങളിലെ അകൽച്ചയാണിതിലെ വാക്കുകൾ. ഒരേ കാറ്റു വീശുന്ന കടൽക്കരകളിലെ ഉഷ്ണമാണിതിലെ തലക്കെട്ടുകൾ. ഒരേ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങളിലെ നിറവ്യത്യാസമാണിതിലെ അധ്യായങ്ങൾ.

ശ്രീ said...

ടച്ചിങ്ങ്, ചേച്ചീ...

Unknown said...

ഒരുപാട് നാളായി ഞാന്‍ ഈ വഴിവന്നിട്ട്.... ഇടക്ക് ബ്ലോഗ്ഗില്‍ നിന്നും ഒന്ന് മാറി നിന്ന്.... ചേച്ചി മനസ്സില്‍ കുറെ വികാരങ്ങള്‍ മിന്നിമാഞ്ഞു.... സ്കാര്‍ഫിന്റെ തണലിലെ ജീവിതം തീക്ഷണം

വര്‍ഷിണി* വിനോദിനി said...

വായിച്ചു പോവുന്നു..ന്നാലും ഇവിടെയൊക്കെ തന്നെയാണു .. :(

ഭാനു കളരിക്കല്‍ said...

വേദനിപ്പിക്കുന്നു. ഉണങ്ങാത്ത മുറിവായി.

Typist | എഴുത്തുകാരി said...

എന്തൊക്കെ തരം ജീവിതങ്ങള്‍ ഈ ലോകത്തില്‍.

Unknown said...

എച്മികുട്ടി, ആശംസകള്‍

the man to walk with said...

Simply great writing
All the Best

ബഷീർ said...

ഈ കഥ മുന്നെ വായിച്ച് നൊമ്പരപ്പെട്ടതാണ്.. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

ഉദയപ്രഭന്‍ said...

കഥ വളരെ ഹൃദയസ്പ്രുക്കായി അവതരിപ്പിച്ചു. ആശംസകള്‍

mattoraal said...

എങ്ങനെ ഇതെല്ലാം ഇത്ര ചെറിയകഥകളിൽ ഒതുക്കാൻ തോന്നുന്നു .

Kalavallabhan said...

ഒരു മിക്സഡ് ജൂസ്

Njanentelokam said...

എപ്പോഴത്തെയും പോലെ നല്ല അവതരണം.പിന്നെ ചിന്തകള്‍ അതിലെ നന്മയും വേദനയും പ്രതിഷേധവും ഉള്‍ക്കൊള്ളാവുന്നതെ ഉള്ളൂ.എങ്കിലും ഒരു കഥാപാത്രത്തിന് മിഴിവ് നല്‍കുമ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും സ്വയം വെളിവാക്കപ്പെടാന്‍ അവസരം നല്‍കേണ്ടതുണ്ട്.അതൊഴികെ ബാക്കി എല്ലാം നന്നായിട്ടുണ്ട്

വേണുഗോപാല്‍ said...

ഒരു പാട് തീക്ഷ്ണാനുഭവങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരു എഴുത്തുകാരിക്ക് മാത്രം എഴുതാവുന്നത് .... ഗംഭീരം

Anonymous said...

nananyirikkunnu..
i request you to join www.thalirkoottam.net

Unknown said...

Reflecting strange ways of life in a much crafted way

Best wishes

Echmukutty said...

കഥ വായിച്ച എന്‍റെ സുഹൃത്തുക്കളോടെല്ലാം നന്ദിയും സ്നേഹവും അറിയിക്കട്ടെ.....ഇനിയും വായിക്കുകയും എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്നു കരുതുന്നു....

Muralee Mukundan , ബിലാത്തിപട്ടണം said...

മുമ്പ് വായിച്ചഭിപ്രായിച്ചതിനാൽ
ഇവിടെയിതുവരെ മിണ്ടി പറഞ്ഞീല്ല എന്നു മാത്രം...!

Admin said...

കഥ നന്നായി എച്ച്മൂക്കുട്ടി... ആശംസകള്‍..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ വായിച്ചു.കഥ വളരെ ആഴത്തില്‍ മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

അശാന്തിയുള്ള മനസ്സുകളുടെ ഉടമകളാണ് കഥയും കവിതയും എഴുതുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. എല്ലാ കഥയിലും ഒരു കാര്യം കാണും. നല്ല കഥ