Monday, May 13, 2013

അക്ഷയതൃതീയ


https://www.facebook.com/echmu.kutty/posts/154013254777977

സ്വര്‍ണക്കടക്കാര്‍  എഴുന്നള്ളിച്ചുകൊണ്ടു വന്ന ഒരു  ഉല്‍സവമാണ് അക്ഷയതൃതീയയെന്ന് എല്ലാവരും സങ്കടപ്പെടുന്നുണ്ട്. ഇത്ര കാലവും കേട്ടു കേള്‍വിയിലില്ലാതിരുന്ന ഈ  സംഭവം എവിടുന്നു വന്നുവെന്ന് എല്ലാവരും  അല്‍ഭുതം  കൂറുന്നു. 

സത്യംപറഞ്ഞാല്‍  ഇതൊരു പഴയ ഉല്‍സവമാണ്.  ഞാന്‍ കുട്ടിയായിരിക്കുമ്പോഴും അക്ഷയതൃതീയ ഉണ്ടായിരുന്നു. അന്ന്  സ്വര്‍ണത്തിന്‍റെ  ഒരു  മൊട്ടു കമ്മല്‍, അല്ലെങ്കില്‍ ഒരു മൂക്കുത്തി,  ഒരു ഉടുപ്പ്  ഇതൊക്കെ സമ്മാനമായി കിട്ടാറുമുണ്ടായിരുന്നു. ചെറുപയറും  പച്ചരിയും ശര്‍ക്കരയും ചേര്‍ത്ത പായസവും  അന്നുണ്ടാക്കാറുണ്ടായിരുന്നു.  പായസവും കമ്മലും മൂക്കുത്തിയും  ഉടുപ്പും കിട്ടുന്നത് വളരെ ആത്മാര്‍ഥമായ ആശീര്‍ വാദത്തോടെയാണ്. .... എല്ലാം അക്ഷയമായിരിക്കട്ടെ....  അതെ , ധനധാന്യവസ്ത്രാഭരണ സമൃദ്ധിയുണ്ടാവട്ടെ എക്കാലവും.... ഈ ആശീര്‍വാദം അനാവശ്യമാണെന്ന്  ആരും പറയാനിടയില്ലല്ലോ. 

വൈശാഖ മാസത്തിലെ  ശുക്ലപക്ഷത്തില്‍ മൂന്നാമത്തെ  ദിവസമാണ് അക്ഷയതൃതീയ.  ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഒക്കെയായിരിക്കും  അത്.  അന്ന്  രോഹിണി നക്ഷത്രവും ബുധനാഴ്ചയുമായാല്‍ പിന്നെ  അതികേമമായി. അഖാ തീജ് എന്നും വൈശാഖ് തീജെന്നും  നവാന്നപര്‍വമെന്നും    ഉല്‍സവത്തിനു  പേരുകളുണ്ട്.  ത്രേതായുഗം ആരംഭിച്ചത്  അക്ഷയതൃതീയ ദിവസത്തിലാണത്രേ!  ശ്രീരാമന്‍ ജീവിച്ചിരുന്ന യുഗമാണല്ലോ ത്രേതായുഗം.അന്ന് വിഷ്ണുവിനെ പൂജിക്കുന്നത് ബഹു വിശേഷമായി  കരുതപ്പെടുന്നു.  ഉപവാസമനുഷ്ഠിച്ച് വിഷ്ണു സഹസ്രനാമം  ചൊല്ലുന്നതാകട്ടെ തികച്ചും മോക്ഷദായകവും. സൂര്യചന്ദ്രന്മാര്‍ക്ക് ഈ  ദിവസം കൂടുതല്‍  പ്രഭയുള്ളതായും രാശിചക്രത്തില്‍ അവര്‍  ഉത്തമ  ബലവാന്മാരായി  കാണപ്പെടുന്നതായും വിശ്വസിക്കപ്പെട്ടു പോരുന്നു. സൂര്യനും ചന്ദ്രനും വ്യാഴവും  മകയിരം നക്ഷത്രരാശിയിലാവുന്നതും അക്ഷയതൃതീയ ദിനത്തിലത്രേ!  വിജയദശമി, ഉഗാദി ( നമ്മുടെ വിഷു ), അക്ഷയതൃതീയ ഈ മൂന്നു ദിവസങ്ങളിലും മുഹൂര്‍ത്തമോ രാഹുകാലമോ ഒന്നും നോക്കാനില്ല.  ഏതു  സമയവും ഉത്തമമാണ്. 

പിന്നെ പാഞ്ചാലിക്ക് അക്ഷയപാത്രം കിട്ടിയതും കുചേലന്‍ കൃഷ്ണനെ കണ്ട്  അനുഗ്രഹങ്ങള്‍  നേടിയതും അക്ഷയതൃതീയ ദിവസത്തിലാണ്.  വിഷ്ണു  അവതാരമായ പരശുരാമന്‍  പിറന്നത്    ദിവസമായതുകൊണ്ട്  അക്ഷയതൃതീയയ്ക്ക് പരശുരാമജയന്തി  എന്നും പേരുണ്ട്. വേദവ്യാസന്‍  മഹാഭാരതം എഴുതിത്തുടങ്ങിയത് ഒരു അക്ഷയതൃതീയ ദിവസമാണത്രേ! ഭഗീരഥന്‍ തപസ്സു ചെയ്ത്  ഗംഗാനദിയെ ഭൂമിയിലേക്ക് വരുത്തിയതും   ശീതകാലത്തെ  അടവിനുശേഷം ബദരിനാരായണക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നതും  അക്ഷയതൃതീയയ്ക്കാണ്. വൃന്ദാവനത്തിലെ വനവിഹാരിയുടെ ക്ഷേത്രമാകട്ടെ  വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമേ തുറക്കുകയുള്ളൂ.  ജൈനമതവിശ്വാസികള്‍ അനുഷ്ഠിക്കുന്ന  ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഉപവാസമെന്ന വാര്‍ഷിക  വ്രതം അക്ഷയതൃതീയയ്ക്കാണ് കരിമ്പിന്‍  നീരു കുടിച്ച് അവസാനിപ്പിക്കുന്നത്.  

സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല, കല്യാണത്തിനും പുതു കാര്യങ്ങളും നിക്ഷേപങ്ങളും  ആരംഭിക്കുവാനും വീ ടും പുരയിടവും വാങ്ങുന്നതിനും കൃഷി  ചെയ്തു തുടങ്ങുന്നതിനും   ജപങ്ങള്‍ക്കും ധ്യാനത്തിനും  സകലവിധ ദാനധര്‍മ്മങ്ങള്‍ക്കും ഏറ്റവും യോജിച്ച ദിവസമാണ് അക്ഷയതൃതീയ. ഈ ദിവസം   ചെയ്യുന്ന ജപവും ധ്യാനവും ദാനധര്‍മ്മങ്ങളും   നേടിത്തരുന്ന  പുണ്യം അക്ഷയമായിരിക്കുമത്രേ! 

അക്ഷയതൃതീയയെ വെറുതേ ലേശം  സ്വര്‍ണം വാങ്ങുന്ന  ദിവസമായി കുറച്ചു  കാണാതെ   മരങ്ങള്‍  നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ  മഴക്കുഴി  കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്‍പം  ആഹാരമുണ്ടാക്കിക്കൊടുക്കുകയോ  അങ്ങനെ എന്തെങ്കിലുമൊക്കെ  ചെയ്യാവുന്ന ഒരു ദിവസമായി  വലുതാക്കി കാണുകയുമാവാം... 

24 comments:

Echmukutty said...

ഇന്നലെ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ എച്മൂ നല്ലകാര്യങ്ങൾ ചെയ്യാനും നല്ല ദിവസം നോക്കണൊ അത് എപ്പോ വേണമെങ്കിലും ചെയ്തു കൂടെ? ഇത് ഒരു ജാതി ജ്യോതിഷക്കാർ പറയുന്നതു പോലെ ആയിപ്പോയി

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല കാര്യങ്ങളുടെ ദിവസം :)

ശ്രീ said...

ആഘോഷങ്ങളോ ഉത്സവങ്ങളോ അങ്ങനെ എന്തു തന്നെ ആയാലും അതു കൊണ്ട് സഹജീവികള്‍ക്ക് എന്തെങ്കിലും ഗുണം കിട്ടുന്നില്ലെങ്കില്‍ അതു കൊണ്ട് എന്തു കാര്യം?

ഇവിടെ അക്ഷയതൃതീയ ദിവസം ചേച്ചി പറഞ്ഞതു പോലെ നല്ല കാര്യങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിയ്ക്കാതെ സ്വര്‍ണ്ണം വാങ്ങാന്‍ മാത്രമുള്ള ദിവസമാക്കി മാറ്റിയെടുത്തത് ജ്വല്ലറിക്കാര്‍ തന്നെ ആണല്ലോ...

Joselet Joseph said...

പുതിയ അറിവുകള്‍ ഏറെ.
ബ്ലോഗേര്‍സ് പോസ്റ്റ്‌ ഇട്ടാല്‍ രാശി തെളിയുമായിരിക്കും. :)

റോസാപ്പൂക്കള്‍ said...

അക്ഷയ ത്രിതീയ തമിഴരുടെ ഉത്സവമാണെന്ന് അറിയാമായിരുന്നു.അതിന്റ പിന്നിലെ കഥ ഇപ്പോഴാണ് അറിയുന്നത്.പക്ഷെ അത് ഇപ്പോള്‍ കേരളത്തില്‍ സംഗതി കൈവിട്ടുപോയി എച്ചുമു.

സമീരന്‍ said...

എന്തായാലും ആചാരങ്ങളും , വിശ്വാസങ്ങളും കച്ചവടക്കാര്‍ തങ്ങല്‍ക്കനുകൂലമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതിന് ഒരു നല്ല ഉദാഹരണമാണ് അക്ഷയ തൃതീയ.

അക്ഷയതൃതീയയെ വെറുതേ കുറച്ച് സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്‍പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം...

ഇതെനിക്കിഷ്ടായി..

എല്ലാ ആചാരങ്ങളും, വിശ്വാസങ്ങളും മാനവികതയില്‍ ഊന്നിയ ഒരു പുനര്‍വായന ആവശ്യപ്പെടുന്നുണ്ട് ഇന്ന്.

എച്ച്മു നന്നായി പറഞ്ഞു.

അനില്‍കുമാര്‍ . സി. പി. said...

കഴിഞ്ഞ ഏതാനം വർഷങ്ങളായി തുടങ്ങിയ സ്വർണക്കടക്കാരുടെ പരസ്യകോലാഹലങ്ങളിൽ നിന്നാണു ഇങ്ങനെ ഒരു വാക്ക് ആദ്യമായി കേട്ടത്! അതൊരു പുതിയ സംഭവം അല്ലെന്ന് ഇപ്പോഴെ മൻസ്സിലായുള്ളു.

ജിമ്മി ജോണ്‍ said...

അക്ഷയത്രിതീയ ദിനത്തിന് ഇത്രയധികം ‘ചരിത്ര’മുണ്ടെന്ന് ഇപ്പോളാണ് പിടികിട്ടിയത്.. പുതിയ അറിവുകൾ പകർന്നുതന്നതിന് നന്ദി, എച്മൂ..

നല്ല കാര്യങ്ങൾ ചെയ്യാൻ നാളും നേരവും നോക്കേണ്ട കാര്യമില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..

Cv Thankappan said...

അറിവുകള്‍ പകര്‍ന്നത് നന്നായി.
എന്നുമെന്നും നല്ല കാര്യങ്ങള്‍ ചെയ്യുവാനായി വിശേഷദിവസങ്ങള്‍ ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ആശംസകള്‍

Rajesh said...

Following Hindu mythology, one can find empteen 'important' days.

May be it was better our TERRIBLY, BLOODILY, EXTRA VAGANTLY and FOOLISHLY religious society didnt know about all these mythical (Godly) aspects behind this SPECIAL day.

If some corporates alone managed to make this day important, what now? With the new information about all this mythical 'HISTORY' playing behind and such an info arriving into the only do-goods cyber world, I am afraid, there might be requests to make this day yet another national holiday.....

Unknown said...

this is interesting

Bijith :|: ബിജിത്‌ said...

ഇന്ന് ജയയെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി . അക്ഷയ ത്രിതീയ ആയതിനാൽ അവർ രാവിലെ മുതൽ സിസേറിയൻ തിരക്കിൽ ആയിരുന്നു !!!

Nalina said...

ഇത് എനിക്ക് പുതിയ അറിവാണ്.ഞാനും കരുതിയത്‌ ഇത് സ്വര്‍ണ കടക്കാര് കണ്ടു പിടിച്ചതാനെന്നായിരുന്നു .പുതിയ അറിവിന്‌ നന്ദി

അജ്ഞാതന്‍ said...

പൊതുവെ വടക്കേ ഇന്ത്യക്കാർ അനുഷ്ടിച്ചു പോയിരുന്ന അക്ഷയത്രിതിയ ഇപ്പോൾ മലയാളികൾക്കും പരിചിതമായത് ജ്വല്ലരിക്കാർ നടത്തിയ പരസ്യ കോലാഹലത്തിന്റെ ഫലം ഒന്ന് കൊണ്ട് മാത്രമാണ്.കഷ്ടപ്പെട്ട് മഴു എറിഞ്ഞു കേരള നാടിനെ സൃഷ്‌ടിച്ച പരശു രാമന്റെ ജന്മ ദിനമായ അക്ഷയ ത്രിതിയ ദിനത്തിൽ,പരശു രാമന്റെ ജന്മ ദിനം കൊണ്ടാടാതെ സ്വർണം വാങ്ങിക്കുവാൻ ജുവല്ലറിയുടെ മുന്നില് ക്യു നില്ക്കുന്ന മലയാളികൾ ചെയ്യുന്നത് തനി താന്തോന്നിത്തരം എന്നെ പറയുവാൻ ഒക്കുകയുള്ളൂ..

Echmukutty said...

വായിച്ച എല്ലാവര്‍ക്കും നന്ദി.

റിനി ശബരി said...

""അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്‍പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം... "" ഇതാണ് വേണ്ടത് . അല്ലാതെ കെട്ടിഘോഷിക്കുന്നതൊക്കെ വെറുതെയുള്ള ആഡംബരങ്ങളാണ് , പ്രസക്തമായ വരികള്‍ കലേച്ചീ .. ഇന്ന് ഇതും വമ്പിഛ്കൊരു വ്യവസായിക ഉല്‍സവമാണ് , ആര്‍ക്കൊ വേണ്ടി എന്തിനൊക്കെയൊ വേണ്ടി നമ്മള്‍ നിന്നു കൊടുക്കുന്നുണ്ട് . ഇതിന് പിന്നില്‍ ഇത്രയേറെ കഥകള്‍ ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത് , നന്ദി കലേച്ചീ .

Pradeep Kumar said...

ഓരോരോ വിശ്വാസങ്ങള്‍.....
വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ., അവരുടെ വിശ്വാസങ്ങള്‍ ആത്മവിശ്വാസം നല്‍കി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ലക്ഷ്യബോധത്തോടെ ആസൂത്രണം ചെയ്യാന്‍ പ്രാപ്തമാക്കും.....അവിശ്വാസിക്ക് തന്റെ വിശ്വാസരാഹിത്യത്തിന്റെ ശാസ്ത്രീയത നല്‍കുന്ന വ്യക്തിബോധത്തിലൂടേയും വെളിച്ചത്തിലൂടേയും പ്രവര്‍ത്തന പന്ഥാവ് തെളിക്കാനും വിജയം വരിക്കാനും കഴിയും.....

വിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റേയും ഇടയില്‍ ഏതു വഴി തിരഞ്ഞെടുക്കണമെന്ന് ഇനിയും ഉറപ്പിക്കാത്തവരുടെ കാര്യമാണ് കഷ്ടം - പാവങ്ങള്‍., അവരാണ് ജീവിതപരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുന്നവര്‍.....

എച്ചുമുവിന്റെ അക്ഷയതൃതീയ ചര്‍ച്ചയില്‍ നിന്നും വഴിമാറിപ്പോയതില്‍ പൊറുക്കുക.... ഈ ചെറിയ ലേഖനം വായിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത് അതുപോലെ എഴുതി വെച്ചതാണ്......

വീകെ said...

ഇത്രയും വിവരങ്ങൾ ഈ ദിനത്തിന്റെ പിറകിൽ ഉണ്ടല്ലെ..?
നമ്മുടെ സ്വർണ്ണക്കടക്കാർ ഇത് അവരുടെ ദിനമാക്കി മാറ്റി. മറ്റൊന്നും നോക്കാതെ നമ്മളും അവരുടെ പുറകേ...!!
പുതിയ അറിവുകൾക്ക് നന്ദി.

ASOAKN T UNNI said...

ഇങ്ങനെ തന്നെ വേണം !
മെല്ലെ മെല്ലെ ആ പല്ലുകൾ...... .

ajith said...

300 കോടീടെ സ്വര്‍ണ്ണം വിറ്റൂത്രെ
ആലുക്കാ, മലബാര്‍, അറ്റ് ലസ്, ജോസ്കൊ..തുടങ്ങി എല്ലാരും അടുത്ത ബ്രാഞ്ച് തുടങ്ങാന്‍ ഒരാഴ്ച്ച മാത്രം. ങ്ഹാ..എന്തായാലും കള്ളുകുടിച്ച് കളയുകയല്ലല്ലോ. സ്വര്‍ണ്ണമല്ലേ.

(സ്വര്‍ണ്‍നം വാങ്ങാന്‍ ഓടെടാ ഓട്ടം. അതിനെടീലാ മരം നടുന്നതും കുളം നന്നാക്കുന്നതും.......!!)

ബഷീർ said...

>>അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്‍പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം... << ആരു പറഞ്ഞു കുറച്ച് കാണുന്നുവെന്ന്.. കച്ചവടക്കാർ ഇത് വലിയ ദിവസമായി തന്നെ കാണുന്നുണ്ട്. അന്തവിശ്വസത്തെ അവർ മാക്സിമം മുതലാക്കുന്നുണ്ട്.. പിന്നെ നല്ല കാര്യങ്ങൾ ചെയ്യുന്നത് നല്ലത് തന്നെ , ഒക്ടൊബർ 2 ന്റെ സേവന വാരം പോലെ അല്ലേ..

Muralee Mukundan , ബിലാത്തിപട്ടണം said...

അക്ഷയതൃതീയയെ വെറുതേ ലേശം സ്വര്‍ണം വാങ്ങുന്ന ദിവസമായി കുറച്ചു കാണാതെ മരങ്ങള്‍ നടുകയോ ചേറും ചെളിയും മാലിന്യവും നിറഞ്ഞ കുളം വൃത്തിയാക്കുകയോ മഴക്കുഴി കുത്തുകയോ ഒന്നും കഴിക്കാനില്ലാത്തവര്‍ക്ക് അല്‍പം ആഹാരമുണ്ടാക്കിക്കൊടുക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന ഒരു ദിവസമായി വലുതാക്കി കാണുകയുമാവാം.

mattoraal said...

അങ്ങനെയാണെങ്കിൽ ഇനിയിപ്പോ തുണിക്കടക്കാരും ഗൃഹോപകരണക്കാരും എല്ലാം പരസ്യവുമായി ഇറങ്ങിക്കോളും ...