കുപ്പിവളകളുടെ
കിലുകിലുക്കം ഇഷ്ടമില്ലാത്തവര്‍ വളരെ
കുറവായിരിക്കും. ധാരാളം വളകളണിയാന്‍
ആശയുള്ള മിക്കവാറും പെണ്ണുങ്ങള്‍ക്കും സാധാരണ ഗതിയിലൊന്നും വളകളേ അണിയാത്ത പുരുഷന്മാര്ക്കും അവയുടെ കിലുകിലുക്കം സുഖദമായ ഒരു അനുഭൂതി തന്നെയാവണം. അതുകൊണ്ടു തന്നെയായിരിക്കും
പ്രണയത്തെപ്പറ്റിയെന്ന പോലെ
കുപ്പിവളക്കിലുക്കത്തെപ്പറ്റിയും നമ്മള്
പിന്നെയും പിന്നെയും ധാരാളമായി വര്‍ണിക്കുന്നത്...പാട്ടുകളും കവിതകളും രചിക്കുന്നത്....
സ്വര്‍ണത്തിനു
വിലകൂടിക്കൊണ്ടേയിരിക്കുന്ന എല്ലാ കാലത്തും ഇന്ത്യയിലെ സാധാരണക്കാരുടെ സൌന്ദര്യവും പ്രണയവും മാംഗല്യവും ഒക്കെയാണ് കുപ്പിവളകള്‍. വടക്കെ ഇന്ത്യക്കാര്‍ക്ക് ചുവന്ന കുപ്പിവളകളാണ് മംഗല്യചിഹ്നമെങ്കില്
ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അത്
പച്ചക്കുപ്പിവളകളാണ്. ഉയര്‍ന്ന
വിദ്യാഭ്യാസമുള്ള മിക്കവാറും പേര് കുപ്പിവളകളെ പഴയ കാല ഗ്രാമീണ ലാളിത്യത്തിന്റെ പ്രതീകമായി കാണാറുണ്ട്. അയ്യോ! സ്വര്ണമിടുന്നത് ചേട്ടനിഷ്ടമല്ലാത്തതുകൊണ്ട് കുപ്പിവളകളിടുകയാണെന്ന് ഭാവിക്കുന്നവരും സ്വര്‍ണത്തിന്റെ മഞ്ഞളിപ്പില്‍ അസഹ്യതയുള്ളതുകൊണ്ട് കുപ്പിവളകളിടുകയാണെന്ന് പറയുന്നവരും വളരെ ഇഷ്ടത്തോടെ അവ വാങ്ങിയിടുന്നവരും ...
അങ്ങനെ പലതരക്കാരുണ്ട് കുപ്പിവളകളുടെ ആരാധകര്‍..
വളകള്‍ ഹാരപ്പന്‍
കാലം
മുതലേ പ്രചാരത്തിലുണ്ട്. അവിടന്നു കുഴിച്ചെടുത്ത പ്രതിമകളില്‍ വളയണിഞ്ഞവയും
ഒത്തിരിയുണ്ടത്രെ! അതായത് നമ്മള് വളയെന്നും
തമിഴന് വളയല്‍ എന്നും വടക്കേ
ഇന്ത്യക്കാരന് ചൂഡി എന്നും പറയുന്ന ഈ ആഭരണത്തിനു പറയാനും ആയിരക്കണക്കിനു വര്‍ഷത്തെ
കഥകള്‍ കാണുമെന്നര്‍ഥം.
ആഗ്രയിലെ
ചേരിപ്രദേശങ്ങളില്‍ ചുറ്റിത്തിരിയുമ്പോഴാണ് ഞാന്‍
ഫിറോസാബാദ് എന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ ഗ്ലാസ് ഫാക്ടറികളെക്കുറിച്ചും
മനസ്സിലാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുപ്പിവള നിര്‍മ്മാണ മേഖലയായ
ഫിറോസാബാദ് ആഗ്രയില്‍
നിന്ന് നാല്പത് കിലോമീറ്റര്‍ ദൂരത്തായിരുന്നു. തുഗ്ലക് വംശത്തിലെ ഫിറോസ് ഷാ തുഗ്ലക്ക് പണിത നഗരമാണെന്നും അല്ല അക്ബര്‍ ചക്രവര്‍ത്തി തന്റെ
വിശ്വസ്തനായ ഒരു ആശ്രിതന്റെ പേരില്‍ തീര്‍പ്പിച്ച നഗരമാണെന്നും നഗരോല്പത്തിയെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്. അമ്പതു ശതമാനം
ഹിന്ദുക്കളൂം അമ്പതു ശതമാനം മുസ്ലിമുകളും പാര്‍ക്കുന്ന ഇന്ത്യയുടെ ഈ ഗ്ലാസ്
നഗരത്തില്‍ ജനസംഖ്യയുടെ എഴുപത്തഞ്ചു ശതമാനം പേരും ഗ്ലാസുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ ചെയ്തു ഉപജീവനം കഴിക്കുന്നു. അവര്‍ ശ്വസിക്കുന്നതു പോലും ഗ്ലാസാണ്.
ഇവിടത്തെ സദര്ബസാറാണ് കുപ്പിവളകളുടെ
ഏറ്റവും വലിയ മാര്‍ക്കറ്റ് . മിക്കവാറും എല്ലാ വണ്ടികളിലും മഴവില്ലിന്നേഴു വര്‍ണങ്ങളുമായി
അടുക്കിവെയ്ക്കപ്പെട്ട കുപ്പിവളകള്‍ വരിവരിയായി പോകുന്നതു കാണാം. അത്രയും വ്യത്യസ്ത
വര്‍ണങ്ങള്‍ ഒരുപക്ഷെ, അവിടെ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.
കമനീയമായ വ്യത്യസ്തതകളില്‍ കാണപ്പെടുന്ന
അവയെ സ്വന്തമാക്കാന്‍ ആരും മോഹിച്ചു പോകും.
ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലും ചൂഡിബസാര് എന്ന പേരില്‍ നാനൂറോളം വരുന്ന കുപ്പിവളക്കടകളുണ്ട്.
പ്രസിദ്ധമായ ചാര്മിനാറിനടുത്താണ് ഈ
തെരുവ് സ്ഥിതി ചെയ്യുന്നത്. കുപ്പിവളകളില്‍ സൂക്ഷ്മമായ അലങ്കാരപ്പണികള്‍
ചെയ്യുന്നത് കൂടുതലും കുഞ്ഞുങ്ങളും സ്ത്രീകളുമത്രെ! കഴുത്തു കുനിഞ്ഞിരുന്ന്
ഒരുപാടു സമയം ഇത്തരം ജോലി ചെയ്യുന്നത്
അവരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു.
എല്ലാ പ്രഭകള്‍ക്കും
പിന്നില്‍ ഒരു കറുപ്പുണ്ടാകുമെന്നതു പോലെ
കുപ്പിവളകളുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിനും
വര്ണപ്രപഞ്ചത്തിനും പിന്നിലും
ഒരുപാട് ഇരുളിമയുണ്ട്. ഒരുപക്ഷെ,അന്ധതയോളം വളരുന്ന ഇരുളിമ. ഫിറോസാബാദിലെ ഇടുങ്ങിയ തെരുവുകള്‍ അന്ധതയുടെയും ദാരിദ്ര്യത്തിന്റെയും
വേദനിപ്പിക്കുന്ന കഥകള്‍ പറയുന്നവയാണ്. ഗ്ലാസുരുക്കുന്ന ഫര്‍ണസുകള്‍ക്ക് മുന്നിലും കുപ്പിവളകള്‍ സോള്‍ഡര്‍
ചെയ്യുന്നതിലുമായി ദിവസം മുഴുവന്‍ ചെലവാക്കാന്‍ വിധിക്കപ്പെട്ട ഒട്ടനവധി കുഞ്ഞുങ്ങള്‍ ഉണ്ട്. അവര്‍ സ്കൂളില്‍ പോവുകയോ പഠിക്കുകയോ ചെയ്യുന്നില്ല. അച്ഛനും അമ്മയും മക്കളും ചേര്‍ന്ന് അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് അണിയാന്‍
പാകത്തില്‍ വര്‍ണപ്പകിട്ടുള്ള വളകളാക്കി മാറ്റുന്നു. അപ്പോഴും ഒരു നേരത്തെയെങ്കിലും സമൃദ്ധമായ ആഹാരം സ്വപ്നം കാണുന്നു. അസഹ്യമായ
ചൂടും കുപ്പിവളകള്ക്ക് നല്കുന്ന വര്‍ണങ്ങള്‍ക്കായി
ഉപയോഗിക്കുന്ന പലതരം രാസവസ്തുക്കളും ഈ
ജോലിയിലേര്‍പ്പെടുന്നവരുടെ ആരോഗ്യത്തെ
വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. കുപ്പിവളകളുടെ വിശദമായ പോളീഷിംഗ്
ആകട്ടെ പല കുഞ്ഞുങ്ങളേയും
അന്ധതയിലേക്ക് തന്നെ തള്ളിവിടാറുണ്ട്.
പുതിയ കാലത്ത് പ്രകൃതിദത്ത വാതകമാണ് ഫര്‍ണസ്സുകള്‍ എരിക്കാന്‍
ഉപയോഗിക്കുന്നത്. പണ്ട് കാലത്തെ മാതിരി
വിറകല്ല. അതുകൊണ്ട് അല്പം കൂടി ഭേദപ്പെട്ട മാനേജ്മെന്റുണ്ടാവുന്നുവെന്ന്
പറയാം. എങ്കിലും വളകളുണ്ടാക്കുന്നവരുടെ ജീവിതനിലവാരത്തില്‍
കാര്യമായ വ്യതിയാനമൊന്നും വന്നിട്ടില്ല.
ആവശ്യമായ പല സുരക്ഷാ സൌകര്യങ്ങളും ഇപ്പോഴും കുറവു തന്നെ.
കാഞ്ചീപുരം പട്ടുണ്ടാക്കുന്ന,ബനാറസ് പട്ടുണ്ടാക്കുന്ന നെയ്ത്ത് തൊഴിലാളിയെപ്പൊലെ, ശിവകാശിയിലെ പടക്കം കെട്ടുന്ന
കുഞ്ഞുങ്ങളെപ്പോലെ ഇന്ത്യന്‍ സ്ത്രീകളുടെ
മാംഗല്യം അടയാളപ്പെടുത്തുന്ന കുപ്പിവളകള്‍
ഉണ്ടാക്കുന്നവരും സ്വന്തം അധ്വാനത്തിന്റെ ഫലം
ശരിയായി അനുഭവിക്കാന്‍ കഴിയാത്തവരാണ്. ഇടനിലക്കാരാലും വലിയ വ്യാപാരികളാലും പോലീസുകാരാലും
ഭരണകര്‍ത്താക്കളാലും
നിരന്തരമായി വഞ്ചിക്കപ്പെടുന്ന
പാവങ്ങളാണ് അധികം പേരും. എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ടാണ് അവര്‍ ഓരോ ദിവസവും കടന്നു പോകുന്നത്. യഥാര്‍ഥത്തില്‍
ഒന്നും നേരെയാകുമെന്ന് പ്രതീക്ഷിക്കാനാവാത്തവരുടെ വെറുമൊരു വിശ്വാസം.
19 comments:
മോഹിപ്പിക്കുന്ന വളക്കിലുക്കത്തിനു പിന്നിലും ഇങ്ങിനെ ചില കരിവളകൾ ഉണ്ടല്ലേ ..
മുമ്പൊരിക്കൽ വളക്കെട്ടുമായി വന്ന ഒരമ്മ മുറ്റത്തിരുന്നു ഉമ്മയോട് എന്തൊക്കെയോ പറഞ്ഞു കരയുന്നത് ഓർത്ത് പോയി ..
അന്ന് പൊട്ടിയ കുറെ വളകൾ എനിക്ക് കളിക്കാനും തന്നു , വിളക്കിൽ പല നിറങ്ങളിലുള്ള വളപ്പൊട്ടുകൾ സോള്ടെർ ചെയ്തു ഉണ്ടാക്കുന്ന മാലയ്ക്കു എന്ത് ഭംഗിയാണ് ..
ഈ പോസ്റ്റും എന്നെ വിഷമിപ്പിക്കാൻ മാത്രമെ സഹായിക്കൂ.
ഭാരതത്തിലെ ഭരണവും സംവിധാനങ്ങളും എല്ലാം പണക്കാരനെ സംരക്ഷിക്കുവാൻ മാത്രം ഉള്ളതാണ്.
തൊഴിൽ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ കടലാസിൽ ഉണ്ടെങ്കിലും
എല്ലാം കടലാസിൽ മാത്രം ഒതുക്കാൻ പറ്റിയ ചിത്രപ്പണികൾ ഉള്ള കടലാസ് ആണല്ലൊ പണക്കാരുടെ കയ്യിൽ.
ഇതൊക്കെ മാറ്റും എന്ന് ആദ്യമൊക്കെ വിചാരിച്ചിരുന്നു എങ്കിലും ഒന്നും നടക്കില്ല എന്ന് അനുഭവത്തിൽ കൂടി പഠിച്ച ഒരു ആൾ
പക്ഷെ വളക്കഷണങ്ങൾ വിളക്കിന്റെ നാളത്തിനു മുകളിൽ കാണിച്ച് ഓവൽ ഷേപ്പ് ആക്കീ, അതു കൂട്ടി മാല ഉണ്ടാക്കി ചേച്ചിക്കു കൊടൂക്കുമായിരുന്നു ഞാന്‍
പൊട്ടിത്തകരുന്ന വളകൾ പോലെ ജീവിതം.
എല്ലാക്കാലവും സുഖങ്ങൾ നെയ്യാൻ ഒരു കൂട്ടരും സുഖങ്ങൾ അനുഭവിക്കാൻ ഒരു കൂട്ടരും എന്ന അവസ്ഥയാണ്.
പാൽ നിറമെന്തെന്ന് അറിയാത്ത ഇടയ ബാലന്മാരെപ്പോലെയാണ് ലോകം.
മനുഷ്യർ പുഴുക്കളെപ്പോലെ ജീവിക്കുന്ന ഇന്ത്യയെപോലെ മറ്റൊരു രാജ്യം ഉണ്ടാവില്ലെന്ന് തോന്നുന്നു. അപ്പോഴും ഏറ്റവും ഭീകരമായ അന്ധ വിശ്വാസങ്ങൾക്കൊണ്ട് അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു. മനുഷ്യർ മനുഷ്യരെ കൊന്നു തിന്നുന്നു.
വളകൾ തകരുവാനായി കിലുങ്ങുന്നു.
ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ,വെടിമരുന്നിന്റെ ഗന്ധം പുലരുന്ന , ആര്‍പ്പ് വിളികളുടെ അപ്പുറം ഉരുകുന്നൊരു മനസ്സുമായി നില കൊള്ളുന്ന
ആയിരങ്ങളുണ്ട് , നമ്മള് കണ്ടതുമാണ് പൊള്ളികരിഞ്ഞ ജീവിതത്തിനപ്പുറം ഒരു നേരത്തെ അണ്ണം സൂക്ഷിച്ച് വച്ച കരിഞ്ഞ ചോറ്റ് പാത്രങ്ങള്‍ .. ഒരൊ വര്‍ണ്ണത്തിനുമപ്പുറം
നോവിന്റെ ആകാശമുണ്ട് , കടലിലേ മുത്തിനേ പൊല് . നമ്മുടെ ഭാരതത്തില്‍ എത്രയോ പട്ടിണി കോലങ്ങളുണ്ട് , ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വ്യതിചലിക്കാത്ത ദിനചര്യകളുമായി പൊരുത്തപെട്ട് ജീവിക്കുന്ന തുച്ഛമായ വേതനക്കാര്‍ . നാം ഒരിക്കലും അതിന്റെ പിന്നാമ്പുറം വായിക്കറൊ , തിരഞ്ഞ് പൊകാറോയില്ല . കിലുങ്ങുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ എല്ലാത്തിലും ഭ്രമിച്ച് ഒരു വിഭാഗം ധൂര്‍ത്തില്‍ നീരാടുമ്പൊള് അപ്പുറം കണ്ണുനീര് വറ്റിയ ഒരുപാട് കോലങ്ങളുണ്ട് . ഒരൊ തവണയും ഇവിടെ വരുമ്പൊള്‍
നോവിന്റെ നേരിന്റെ പ്രതലം വന്നു മൂടും മനസ്സിനേ . പലപ്പൊഴും അറിയാതെ പൊകുന്നതൊ , കണ്ണടക്കുന്നതൊ ആയ പലതും ഈ ലോകത്തിലൂടെ വായിച്ചെടു ക്കുമ്പൊള്‍ പലപ്പൊഴും നീറിയിട്ടുണ്ട് മനം . ഒരിക്കലും ശരിയാകാത്ത ഭരണ , നീതി ന്യായങ്ങളുടെ പഴുതുകളും , അനുഭവങ്ങളും പ്രതിഷേധങ്ങളും എന്നാണ് ഒന്ന് നേരെയാകുക . വര്‍ണ്ണ കിലുക്കങ്ങളുടെ പുതിയ സംഗീതം അതിന്റെ പിന്നില്‍ അധ്വാനിക്കുന്നവരിലേക്ക് എത്തട്ടെ എന്നൊരു പ്രാര്‍ത്ഥന മാത്രം ..
വള കിലുക്കത്തിനു പിന്നിലുള്ള കഥകള്‍... അല്ലേ?
ചിന്തിപ്പിക്കുന്ന ലേഖനം!
എല്ലാ പ്രഭകള്‍ക്കും കറുപ്പുണ്ട്...!
വേദനയുടെയും,യാതനയുടെയും,കണ്ണീരിന്റെയും ഗന്ധമുണ്ട്.........!!!
ആശംസകള്‍
അവര്‍ ശ്വസിക്കുന്നതു പോലും ഗ്ലാസാണ്.
സാമൂഹ്യ പുരോഗതിയില്‍ പിന്തള്ളപ്പെട്ടു പോയവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും ജീവിതത്തിനു മാറ്റമുണ്ടാക്കാന്‍ സഹജീവികളെന്ന നിലയില്‍ നാമോരോരുത്തരും ശ്രമിക്കേണ്ടതാണു. അങ്ങനെയുള്ളവരെക്കുറിച്ചു അറിയുന്നതും ചിന്തിക്കുന്നതു പോലും അത്തരമൊരു ശ്രമത്തിന്റെ ഭാഗമാണു.
Every very 'Indian' attraction,have its own black stories in their back yard. Here in Kochi, there is this huge shop for bangles etc. Lots of men STAND for 10-14 hours a day serving the customers, with a smile. Even these guys have a terrible life. Their accommodation is provided by the office, but it is more like a prison with so many weird rules (I am talking about adult men). These men suffer just to make 5000rs a month after all company borne expenses - 3 meals and accomm. Vericos vein problems are a guarantee by 40-50 years. (One of them told me there are many Kerala versions of Angaaditheru in Kochi)
Having said that, we like a lot visiting the bangle makers in Bundi and other small towns.
"occupational diseases" തടയാനോ ഫലപ്രദമായി ചികിത്സിക്കാനോ ഉള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇനിയും പുരോഗമിക്കേണ്ടിയിരിക്കുന്നു.നല്ലൊരു ലേഖനം ..ആശംസകള്‍ എച്മൂ.
ഈ വള പുരാണം ഇഷ്ടപ്പെട്ടു.
വളകിലുക്കത്തില്‍ അമര്‍ന്നുപോകുന്ന ചില തേങ്ങലുകള്‍ വെളിച്ചപ്പെടുത്തി.വളരെ നന്നായി.
ഏഷ്യാനെറ്റിൽ ഒരു ഡൊക്യൂമെന്ട്രി കണ്ടിരുന്നു. വളരെ പരിതാപകരമാണാ തൊഴിലാളികളുടെ അവസ്ഥ .. അടിമകളെപ്പോലെ ചില ജന്മങ്ങൾ ശരിയായ കൂലിയും അവർക്ക് കിട്ടുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്..
വളകള്‍ ഒരു ബിംബമായിരുന്നു ഇക്കാലമത്രയും
അതിന്റെ പിന്നാമ്പുറക്കാഴ്ച്ചകളിലേയ്ക്ക് എച്മു ഒന്ന് വെളിച്ചം വീശിക്കാണിച്ചു
@ DeepaBijo Alexander
In India , we will have to eradicate the beggars who take money from corporates and businessmen first lt it be officials/doctors.
Next we should have Govt agencies to check workers instead of the so called factory medical officers who are paid employees of the organisation.
Systems are all there in place - but this is INDIA
വായിച്ച എല്ലാവര്ക്കും നന്ദിയും സ്നേഹവും.... ഇനിയും വായിക്കുമെന്ന് കരുതട്ടെ
കുപ്പി വളച്ചില്ല് കുത്തി
കേറിയ പോലുള്ള നൊമ്പരം...
പിന്നെ പോസ്റ്റുകളുടെ ഘോഷയാണല്ലോ
ഇഷ്ട്ടത്തി ഇവിടെ...!
കുപ്പിവള ചിരിച്ചുടഞ്ഞു
എച്ച്മുവിന്റെ എല്ലാ എഴുത്തും ഒരു ചതിയെ പറ്റിയാണ് .. നാം ഒരിക്കലും തിരിചരിയാൻ ശ്രമിക്കാത്ത നമ്മൾ ചെയ്യുന്ന കൊടും ചതി .. അറിഞ്ഞിട്ടും അറിയില്ല എന്നും കണ്ടിട്ടും കണ്ടില്ല എന്നും കേട്ടിട്ടും കേട്ടില്ല എന്നും ഭാവിക്കുന്ന ആ ചതി തന്നെ ...ജീവിതം മുഴവാൻ നമ്മൾ ആരെ ഒക്കെ ചതിച്ചുകൊണ്ട് ജീവിക്കുന്നു . അതിന്റെ നേര് ചിത്രത്തിന്റെ പ്രേതങ്ങൾ നമ്മുടെ മുന്നില്‍ വന്നു നമ്മെ അലോസരപ്പെടുത്താതെ നാം ശ്രദ്ധിക്കുന്നു ..കൂടിനു ദേവന്മാരെയും ദേവികളെയും ആര്ധനാലയങ്ങളെയും പിടിക്കുന്നു .. മനസ്സിനെ അങ്ങോട്ട് തിരിച്ചു വച്ചാൽ പിന്നെ ഈ ചതിയും കാപട്യവും നേരുകെടും എല്ലാം മനസ്സിലേക്ക് കടന്നു വരികയും ഇല്ല എന്നതാണ് അതിന്റെ ഒരു സകര്യം .. അല്ലെങ്കിൽ കുറ്റബോധം മനസ്സിൽ തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആകും എന്നാണു ആശാൻ പറഞ്ഞത് ... അപ്പൊ പിന്നെ എന്തിനാ ഓരോന്ന് ആലോചിച്ചു കുന്റിതപ്പെടുന്നത് അല്ലെ ...
എന്ന്നിരുന്നാലും കുപിവളകളെ കുറിച്ച് പറഞ്ഞപ്പോൾ കുട്ടിക്കാലം ഓര്മ വരാതെ എങ്ങനെ .. മഴ പെയ്തു ഒഴിയുന്ന ദിവസങ്ങളിൽ സ്കൂളിന്റെ ഒഅദിന്റെ വെള്ളം വീഴ്ന്നു ഉണ്ടാകുന്ന ചെറിയ കുഴികളിൽ വളപ്പൊട്ടും സ്ലെട്ട് പെന്‍സിലിന്റെ കഷണവും ഒക്കെ തേടി നടന്ന ആ കുട്ടിക്കാലം .. ചുവപ്പും പച്ചയും നീലയും ഒക്കെയായി മഴ നാനാജ കുപ്പിവളപ്പൊട്ടുകൾ അന്നത്തെ കൊച്ചു നിധികൾ ആയിരുന്നു .. അവ മനസ്സിന് തന്നിരുന്ന കൊച്ചു സന്തോഷവും ഏറെ വലിയതായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു .. വളപ്പൊട്ടുകൾ ഇല്ലാത്ത ഭാവികാലങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്നരിയുംബോഴും.... :)
Post a Comment