കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ
മാതാപിതാക്കന്മാര് നഗരമധ്യത്തില്‍ ഒരു വീടുണ്ടാക്കി താമസമായത്. ആ
വീടിനു പരിസരത്തില്‍ അക്കാലം രണ്ട്
മൂന്നു വലിയ കിണറുകളുണ്ടായിരുന്നു. സ്വന്തം താമസസ്ഥലങ്ങളില്‍ പൈപ്പു വെള്ളം ധാരാളം ലഭ്യമായിരുന്ന സര്‍ക്കാര്‍
ഉദ്യോഗസ്ഥന്മാര്ക്കും മറ്റു പരിസരവാസികള്‍ക്കും
തെളിഞ്ഞ വെള്ളം നിറഞ്ഞു കിടന്ന ആ കിണറുകള്‍
മഹാ അബദ്ധമായി തോന്നി. ഭൂതകാല പരിഷ്ക്കാരമില്ലായ്മയുടെ നിത്യ പ്രതീകം
പോലെ ആ അത്തപ്പാടി കിണറുകള്‍ അവിടെ ആവശ്യമില്ലെന്ന് എല്ലാവരും വിചാരിച്ചു. അവയില്‍ എല്ലാവരും മല്‍സരിച്ചു മല്‍സരിച്ചു സകല
മാലിന്യങ്ങളും നിക്ഷേപിച്ചു പോന്നു. കെട്ടിടനിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍
മുതല്‍ പൊട്ടിയ ട്യൂബ് ലൈറ്റുകളും പിഞ്ഞാണപ്പാത്രങ്ങളും എന്നു വേണ്ട കേടു
വന്നതെന്തും എല്ലാവരും കിണറുകളില്‍
വലിച്ചെറിഞ്ഞിരുന്നു. നമ്മള് പുരോഗതിയില്‍
നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും കിണറും
കുളവും പോലെയുള്ള ഭൂതകാല പ്രേതങ്ങളൊന്നും നമുക്കാവശ്യമില്ലെന്നുമായിരുന്നു
അന്നത്തെ നാട്യം. കുടിവെള്ളം ഇങ്ങനെ മലിനമാക്കി ഇല്ലായ്മ ചെയ്യുന്നത്
തെറ്റാണെന്നും നമ്മളല്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറ ഇതിനു കനത്ത വില
കൊടുക്കേണ്ടി വരുമെന്നും പറയുന്നവര്‍ ഇന്നെന്ന പോലെ അന്നും ഉണ്ടായിരുന്നു. എണ്ണത്തില്‍ കുറവായ അവരെ ആരും അന്നു
പരിഗണിച്ചിരുന്നില്ലെന്നു മാത്രമല്ല പരിഹസിക്കുകയും അറു പിന്തിരിപ്പന്മാര് എന്ന് കൂവിയാര്‍ക്കുകയും
ചെയ്തിരുന്നു. അവരുടെ അമ്മാതിരി ഉല്‍ക്കണ്ഠകള്‍ക്കും മാലിന്യം നിറഞ്ഞു കവിഞ്ഞ ആ കിണറുകള്‍ക്കും മുകളിലൂടെ അധികം താമസിയാതെ ടാറിട്ട്
മിനുങ്ങുന്ന റോഡുകളും അവയിലൂടെ
കുതിച്ചു പായുന്ന വലിയ വലിയ
കാറുകളും വന്നു.
പൈപ്പുകളിലൂടെ
എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും
വെള്ളമൊഴുകാതായപ്പോള്,
ഒഴുകുന്ന വെള്ളത്തില്‍ തന്നെ
മാലിന്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കൈയില്‍ പണമുള്ള പലരും കുഴല്‍ക്കിണറുകള്‍
നിര്‍മ്മിച്ചു. ആദ്യകാലങ്ങളില്‍ കുഴല്‍ കിണറുകള്‍ ജലപ്പുഞ്ചിരി തൂകിയെങ്കിലും
പിന്നെപ്പിന്നെ അവയിലും വരണ്ട പാറക്കെട്ടുകളുടെ മുഖം കറുപ്പിക്കല്‍
ദൃശ്യമായിത്തുടങ്ങി. നമ്മുടെ കുന്നുകളും മരങ്ങളും
മണലുമെല്ലാം വലിയ ലോറികളില്‍ കയറി
ഒരിക്കലും തിരികെ വരാത്ത നെടുങ്കന്‍ യാത്രകള്‍
പോയി. അങ്ങനെ 3000 mm
മഴ പെയ്യുന്ന കേരളത്തിലും നദികളും തടാകങ്ങളും കുളങ്ങളും വരണ്ടു. കാലം പിന്നെയും പോകെ പലയിടങ്ങളിലും വെള്ളം ജനകീയ സമരങ്ങളുടെ പ്രധാന കാരണമായി മാറി.
നൂറ്റി
ഇരുപത്തിരണ്ട് ലോകരാഷ്ട്രങ്ങളൂടെ പട്ടികയില്‍ കുടിവെള്ളത്തിന്റെ
ശുദ്ധിക്കണക്കെടുത്താല് ഇന്ത്യയുടെ സ്ഥാനം നൂറ്റി ഇരുപതാണത്രെ! നാല്പത്തേഴു
ശതമാനം ഇന്ത്യാക്കാര്‍ക്ക് മാത്രമേ സ്വന്തം താമസസ്ഥലങ്ങളില്‍ ആവശ്യത്തിനു വെള്ളം ലഭ്യമാകുന്നുള്ളൂ. ബാക്കിയുള്ളവരില്‍
പതിനേഴു ശതമാനം പേര് വളരെയധികം ദൂരം സഞ്ചരിച്ചാണ് വീട്ടാവശ്യത്തിനുള്ള വെള്ളം
സംഭരിക്കുന്നത്. വെള്ളം സംഭരിക്കുന്നതാകട്ടെ
തീര്‍ച്ചയായും സ്ത്രീകള്‍ക്ക് മാത്രമായി നീക്കിവെയ്ക്കപ്പെട്ട ജോലിയുമാണ്.
ലോകമാകെയുള്ള
വെള്ളത്തിന്റെ നാലു ശതമാനമാണ് ഇന്ത്യയുടെ പക്കലുള്ളത്. ജനസംഖ്യയിലാകട്ടെ നമുക്ക്
രണ്ടാം സ്ഥാനമാണ്. അതുകൊണ്ടു തന്നെ
പെയ്യുന്ന മഴയെ സംഭരിച്ചു സൂക്ഷിക്കാനും കൂടുതല്‍ ഉത്തരവാദപ്പെട്ട രീതിയില്‍ വെള്ളത്തിന്റെ ഉപഭോഗം നടത്താനും ഇനിയും
നമ്മള് പഠിക്കുന്നില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് വെള്ളമില്ലായ്മയുടെ ദുരിതപൂര്‍ണമായ
വരണ്ട ദിനങ്ങള്‍ തന്നെയായിരിക്കും.
കുപ്പിവെള്ളക്കമ്പനികളും ടാങ്കര്‍ ലോറികളുമായിരിക്കും നമ്മുടെ ജീവിതത്തെ ഭാവിയില്‍ അടയാളപ്പെടുത്തുന്നത്.
മഴവെള്ളക്കൊയ്ത്ത്
ഇന്ത്യാക്കാരെ സംബന്ധിച്ച് അങ്ങനെ ഒരു
പുതിയ കാര്യമൊന്നുമല്ല. ബി സി മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഗുജറാത്തിലെ കച്ചില്‍
മഴവെള്ളക്കൊയ്ത്ത് ആരംഭിച്ചിരുന്നു.
ബലൂചിസ്താനിലും കൃഷിക്കാര്‍ അന്നേ ഈ വിദ്യ പ്രാവര്ത്തികമാക്കിയിരുന്നുവത്രേ.തമിഴ്
നാട്ടില്‍ ചോളരാജാക്കന്മാരാണ് മഴവെള്ളം
ശേഖരിക്കുന്ന ഏര്‍പ്പാടുണ്ടാക്കിയത്. തഞ്ചാവൂരിലെ ബൃഹദ്ദേശ്വരക്ഷേത്രത്തില്
നിന്നും മഴവെള്ളം,
ശിവഗംഗ എന്ന സംഭരണിയില്‍
സൂക്ഷിച്ചിരുന്നു. നാല്പത്തൊന്നു കോടി
പതിനഞ്ചുലക്ഷം മീറ്റര്‍ ക്യൂബ് വെള്ളം
ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ അക്കാലത്തുണ്ടായിരുന്നു പോലും. രാജസ്ഥാനിലെ
ഥാര്‍ മരുഭൂമിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം പഴയ കാലത്തു തന്നെ മഴവെള്ളക്കൊയ്ത്തുണ്ടായിരുന്നു.
എല്ലാ
കെട്ടിട നിര്‍മ്മാണങ്ങളിലും മഴവെള്ളക്കൊയ്ത്ത്
നിയമപരമായിത്തന്നെ നിര്‍ബന്ധമാക്കുകയും
വീടുകളില്‍ ഇക്കാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേകം അംഗീകാരങ്ങളോ ചില നികുതി ആനുകൂല്യങ്ങളോ ഒക്കെ
നല്‍കുകയും വേണം. മഴവെള്ളക്കൊയ്ത്ത്
വിദഗ്ധമായി ചെയ്യാനറിയാവുന്നവരുടെ
ലഭ്യത ഉറപ്പ് വരുത്തണം. അഥവാ
തനിച്ചു ചെയ്യാന്‍ തല്പര്യമുള്ളവര്ക്ക് ആവശ്യമായ സാങ്കേതികജ്ഞാനവും
ഉപകരണങ്ങളും നല്കാന് ശ്രമിക്കണം. സര്‍വോപരി
പുതിയ തലമുറയെ വെള്ളത്തിന്റെ യഥാര്‍ഥ
മൂല്യമെന്തെന്ന് അതെങ്ങനെ ജാതി മത വര്‍ഗ വര്‍ണ
ലിംഗ രാഷ്ട്ര ഭേദമില്ലാതെ ഈ
പ്രപഞ്ചത്തിലെല്ലാവരുടെതുമാകുന്നുവെന്ന് പറഞ്ഞു മനസ്സിലാക്കണം.
26 comments:
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന കാമരാജ് തമിള്‍നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിപുലമായ സര്‍ക്കാര്‍ സഹായങ്ങളോടെ കൃഷിയിടങ്ങളിലെല്ലാം കുളങ്ങളുണ്ടാക്കി. വൈദ്യുതി എത്തിച്ചു. തമിള്‍നാടിന്റെ സമൃദ്ധിക്ക് കാരണം ഈ നടപടി ആയിരുന്നു. മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത,പുസ്തകം കരണ്ട് ജോലി സമ്പാദിച്ച പട്ടണവാസികള്‍ താക്കോല്‍സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ നമുക്ക് ദൂരെക്കാഴ്ച തന്നെ നഷ്ടപ്പെട്ടു.നാട്ടറിവുകള്‍ക്ക് പുല്ലു വിലയായി. കൃഷി എന്താണെന്ന് അറിയാത്തവര്‍ കൃഷി ഓഫീസര്‍മാരായി.നമ്മുടെ നാശത്തിന്റെ തുടക്കം അവിടെ നിന്നാണ്.
വെട്ടത്താൻ ചേട്ടന്റെ കമന്റ് വളരെ ഇഷ്ടപ്പെട്ടു
ഭരണം നടത്തുന്നവർ വിവരം ഉള്ളവരായിരിക്കണം അല്ലാതെ വിദ്യാഭ്യാസം മാത്രം ഉള്ളവർ ആയാൽ പോരാ
ഒട്ടും വിദ്യാഭ്യാസം ഇല്ലെങ്കിലും വിവരം ഉണ്ടാകാം
എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഇല്ലാതെയും ആകാം
ഹാങ്ങിങ്ങ് ഗാർഡെൻ അവിടെ ആണെന്നു തോന്നുന്നു വിസ്തൃതമായ ഒരു ജലശേഖരം ആയി ഉള്ളത്
കിണറ്റിലേക്ക് അന്ന് മാലിന്യം വലിച്ചെറിഞ്ഞവര്‍ ഇന്നറിയുന്നില്ലേ വെള്ളം അമൂല്യം എന്ന്.
ഇനിയും ഒരു പാഠം പഠിച്ചില്ലെങ്കില്‍..
എച്ചുമുകുട്ടി, കണ്ണുതുറപ്പിക്കുന്ന ലേഖനം.
അടുക്കളയില്‍ പൈപ്പു വഴി വെള്ളം എത്തുന്നതു മുന്‍പു ഒരു ആഡംബരമായിരുന്നു പിന്നീട് ഇടത്തരക്കാരുടെ ഇടയില്‍ അതു ഒരാവശ്യമായി മാറി. ഈ പോക്കു തുടര്‍ന്നാല്‍ സ്ത്രീകള്‍ അനുഭവിച്ച് വരുന്ന ആ സൌകര്യം വരും കാലങ്ങളില്‍ ഇല്ലാതെയാകും.
മഴ വെള്ളം ശേഖരിച്ചുപയോഗിക്കല് നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ ചില നഗരങ്ങളിലുണ്ട്, ഈ നിയമം രജ്യത്തെ എല്ലാ വലിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിനു അതു മാത്രം മതിയാകില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ ഒരു അവബോധം ഉണ്ടാക്കാനും പ്രദേശികമായെങ്കിലും കുറച്ചൊക്കെ ആശ്വാസത്തിനും മഴവെള്ളക്കൊയ്തൂപകരിക്കും.
വളരും തോറും വരളുന്ന നാട് ...
ചിന്തനീയം ചേച്ചീ......
"ജല സാക്ഷരത" യുടെ ആവശ്യകത...
നാട്ടറിവുകള്‍ക്ക് പുല്ലു വിലയായി. കൃഷി എന്താണെന്ന് അറിയാത്തവര്‍ കൃഷി ഓഫീസര്‍മാരായി.നമ്മുടെ നാശത്തിന്റെ തുടക്കം അവിടെ നിന്നാണ്. --- Moving from Food crops to Cash crops, that is maybe a single reference point, from which Kerala started its descent.
കൃഷിയും കാലിവളര്‍ത്തലുമായിരുന്നു മനുഷ്യനെപ്പറ്റി ദൈവം ഉദ്ദേശിച്ചിരുന്ന തൊഴിലുകള്‍ എന്ന് ബൈബിള്‍ ഉല്പത്തിപ്പുസ്തകത്തില് പറയുന്നുണ്ട്.
അക്കാലത്തെ ജനങ്ങള്‍ ഇക്കാലത്തെക്കാള്‍ സന്തുഷ്ടരായിരുന്നുവോ എന്തോ?
ജലസാക്ഷരത നമുക്ക് ആവശ്യമാണ്....
പാഴാക്കിയ ഓരോ തുള്ളിക്കും നമ്മള് കണക്ക് പറയേണ്ടിവരും...
നല്ല കുറിപ്പ്
കല പറഞ്ഞത് പോലെ സർക്കാർ തലത്തിൽ മഴവെള്ള ശേഖരണതതിനുള്ള സഹായം ലഭ്യമാക്കുവാൻ ഉള്ള സംവിധാനം വേണം
ഇത് കൂടി വായിക്കുക
ശുദ്ധജലം കുടിച്ചു മരിക്കാൻ കഴിയണേ എന്ന്
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് തുപ്പകൊട്ടയിൽ നിക്ഷേപിച്ചവർക്ക് കരയാൻ അവകാശമില്ല .
പെയ്യുന്ന മഴയെ സംഭരിച്ചു സൂക്ഷിക്കാനും കൂടുതല്‍ ഉത്തരവാദപ്പെട്ട രീതിയില്‍ വെള്ളത്തിന്റെ ഉപഭോഗം നടത്താനും ഇനിയും നമ്മള് പഠിക്കുന്നില്ലെങ്കില്‍... ഇനി അവിടെയാണ് പഠിക്കേണ്ടതു.
വളരെ കാലികപ്രസക്തമായ ഒരു വിഷയം.
സര്‍വോപരി പുതിയ തലമുറയെ വെള്ളത്തിന്റെ യഥാര്‍ഥ മൂല്യമെന്തെന്ന് അതെങ്ങനെ ജാതി മത വര്‍ഗ വര്‍ണ ലിംഗ രാഷ്ട്ര ഭേദമില്ലാതെ ഈ പ്രപഞ്ചത്തിലെല്ലാവരുടെതുമാകുന്നുവെന്ന് പറഞ്ഞു മനസ്സിലാക്കണം.
നാം ഓര്‍ക്കാതെ പോവുന്ന ഒരു സത്യത്തെ ഗൌരവപൂര്‍വ്വമുള്ള ഓര്‍മ്മപ്പെടുത്തല്‍
ജലദോഷം
എങ്ങുനിന്നോ നിറച്ചുകൊണ്ടുവരുന്ന കുടിവെള്ളടാങ്കര്ലോറിയുടെ വരവുംകാത്ത്.....
ആശംസകള്‍
ഒരു വശത്ത് മനുഷ്യന് ജലാശയങ്ങള്‍ മലിനമാക്കുകയും മണ്ണിട്ടു നികത്തുകയും ചെയ്യുന്നു. മറ്റൊരു ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നു. വനനശീകരണവും ജലദൗര്‍ലഭ്യവും പരസ്പര ബന്ധിതമാണെന്ന സത്യവും നാം മറക്കരുത്. മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ മഹാനഗരങ്ങളില്‍ മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു കാണുമ്പോള്‍ കേരളത്തിലെ വനനശീകരണത്തെക്കുറിച്ച് എനിക്കു വിഷമം തോന്നിയിട്ടുണ്ട്.
"മഴവെള്ളക്കൊയ്ത്ത്" സത്യം പറഞ്ഞാല്‍ ചേച്ചീ , ഈ വാക്ക് ഞാന്‍ ആദ്യമായി കേള്ക്കുയാ . മഴവെള്ളം അടിച്ച് മാറ്റലാണെന്ന് കരുതി ആദ്യം , ഒന്നുടെ വായിച്ചപ്പൊഴാണ് ചിത്രം തെളിഞ്ഞത് .
എത്ര പറഞ്ഞാലും ആര്‍ക്കുമത് മനസ്സിലാകില്ല , നാളേ മഹായുദ്ധങ്ങള്‍ വരെ കുടിവെള്ളതിന് വേണ്ടിയാകുന്നൊരു അവസ്ഥയുണ്ടാകുമ്പൊഴും നാം അറിയില്ല . പരമാവധി ശുദ്ധജലത്തേ അശുദ്ധമാക്കുക എന്നൊരു വ്രതം നാം എടുത്ത പൊലെയാണ് കാര്യങ്ങളുടെ പൊക്ക് . നമ്മുടെ ഏക ശുദ്ധജല തടാകമായ ശാസ്താകോട്ടയുടെ മരണമണി നാം ഈയടുത്ത് കണ്ടതാണ് . നമ്മുടെയെല്ലാം ചിന്തകള്‍ ഇന്നിന്റെ കാശ് മാത്രമാണ് , അതിനപ്പുറത്തേക്കൊരു ചിന്തയും നമ്മെ ബാധിക്കാത്ത പൊലെ തികച്ചും വിവേചനപരമായ നാം പെരുമാറുന്നുണ്ട് . നാളെയുടെ ഇരുട്ട് മൂടാന്‍ അധികം കാലതാമസമില്ല തന്നെ . വരികളില്‍ നന്മയുടെ നാളെയുടെ നല്ല ശകലങ്ങള്‍ കോര്‍ത്ത് വയ്ക്കാന്‍ , പ്രാവര്ത്തികമാകകെണ്ട , ഓര്മപെടുത്തുന്ന ചിലത് കൊണ്ട് മഹത്വരമാകുന്നു ഈ വരികളും , അടുത്ത തലമുറക്ക് വെണ്ടി ഒരു തുള്ളിയെങ്കിലും കാത്ത് വയ്ക്കാന്‍ നമ്മുക്കാകട്ടെ ..
മഴവെള്ളക്കൊയ്തുകൊണ്ടൊന്നും രക്ഷയില്ല അമ്മ്യാരേ - കൊറച്ചുകാലത്തേയ്ക്ക് ആശ്വാസമുണ്ടാകുമെന്നേയുള്ളൂ. വെള്ളത്തിന്റെ ഉപഭോഗം 1970ലെ നിലയിലേയ്ക്ക് കുറയ്ക്കണം. അതിന് ആളെണ്ണവും പ്രതിശീര്‍ഷ ഉപഭോഗവും അക്കാലത്തെ നിലയിലേയ്ക്കെത്തണം. അല്ലാതുള്ള സര്ക്കസ്സുകള്കൊണ്ട് ഒരു പത്തിരുപതുകൊല്ലം തട്ടിമുട്ടിപ്പോകാമെന്നേയുള്ളൂ.
ശ്ശോ! ആ ഒരു ലക്ഷം ചതുരശ്രമീറ്ററിന്റെ സൂപ്പര്‍മാള്‍ ദിവസേന കഴുകിമിനുക്കി വെക്കാനുള്ള വെള്ളത്തിന് മുട്ടില്ലാതിരുന്നാല്‍ മതിയായിരുന്നു....
സത്യം
ജലോല്ക്കണ്ഠകള് പങ്കുവെച്ചവര്ക്കെല്ലാം നന്ദി... സ്നേഹം...
ജനസന്ഖ്യയിൽ രണ്ടാം സ്ഥാനവും ശുദ്ധജല ലഭ്യതയിൽ നൂറ്റിരുപതാം സ്ഥാനവും....മിടുക്കന്മാർ ഇന്ത്യക്കാര്‍...
ഞാൻ കുറേകാലം എറണാകുളം കാക്കനാടുള്ള സര്‍ക്കാര്‍ വീടുകളിൽ (QUARTERS )താമസിച്ചിരുന്നു.അന്ന് അവിടെ പല സ്ഥലത്തും പഞ്ചായത്ത് വക കിണറുകൾ ഉണ്ടായിരുന്നു അന്ന് പൈപ്പ് വഴി സുഗമമായി വെള്ളം കിട്ടിയിരുന്നതിനാൽ ഈ കിണറുകൾ ആരും ശ്രദ്ധിക്കാതെ കാട് മൂടി പൂച്ച വീണു ചത്തു ഒക്കെ മലിനമായിരുന്നു. ഇന്നത്തെ സ്ഥിതി എന്താണാവോ?
ഇപ്പോൾ ചെന്നൈ സര്‍ക്കാര്‍ എല്ലാ വീട്ടിലും ജലസംഭരിണി വേണമെന്ന് നിയമം കൊണ്ട് വന്നിട്ടുണ്ട്
പണ്ട് വരണ്ടതെന്നു നാം കരുതിയ തമിൾ നാടിനു മുകളിൽ നിന്ന് നോക്കിയാൽ അവരുടെ നാട്ടിൽ ആന്ധ്ര യെക്കാൾ കൂടുതൽ കുളങ്ങളും നദികളും ഉണ്ടെന്നു കാണാം.
ബ്ലോഗും കമന്റുകളും വായിച്ചു...വെള്ളം പാഴാക്കാനും സൂക്ഷിച്ചുപയോഗിക്കാതിരിക്കാനും നമ്മൾ മുന്നിൽ തന്നെ....ഭരണാധികാരികളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..എല്ലാ ജനതക്കും അവർക്കു യോജിച്ച ഭരണാധികാരികളെയേ കിട്ടൂ....
ലോകമാകെയുള്ള വെള്ളത്തിന്റെ നാലു ശതമാനമാണ് ഇന്ത്യയുടെ പക്കലുള്ളത്. ജനസംഖ്യയിലാകട്ടെ നമുക്ക് രണ്ടാം സ്ഥാനമാണ്. അതുകൊണ്ടു തന്നെ പെയ്യുന്ന മഴയെ സംഭരിച്ചു സൂക്ഷിക്കാനും കൂടുതല്‍ ഉത്തരവാദപ്പെട്ട രീതിയില്‍ വെള്ളത്തിന്റെ ഉപഭോഗം നടത്താനും ഇനിയും നമ്മള് പഠിക്കുന്നില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് വെള്ളമില്ലായ്മയുടെ ദുരിതപൂര്‍ണമായ വരണ്ട ദിനങ്ങള്‍ തന്നെയായിരിക്കും. കുപ്പിവെള്ളക്കമ്പനികളും ടാങ്കര്‍ ലോറികളുമായിരിക്കും നമ്മുടെ ജീവിതത്തെ ഭാവിയില്‍ അടയാളപ്പെടുത്തുന്നത്.
Post a Comment