Monday, May 6, 2013

ഡെഹ്റാഡൂണ്‍ ഒരു പച്ചച്ച മരമായിരുന്നു...



(2013 മെയ് 3ന് നാട്ടുപച്ചയില്‍ വന്നത്.) 
വിശ്വാസം വരുന്നില്ല അല്ലേ?
 
ഇതാണ്  കുഴപ്പം.  ഇങ്ങനെ  പറഞ്ഞാലൊന്നും  ആരും സമ്മതിക്കില്ല. 

വിശദമായി പറയാം. 

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഊരു ചുറ്റാന്‍ വലിയ കൊതിയാണ് അവള്‍ക്ക് . തീറ്റപ്പണ്ടാരം എന്ന്  പറയുന്നതു പോലെ ഒരു യാത്രപ്പണ്ടാരം. നടന്നു പോകാവുന്ന ദൂരമോ  ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോകാവുന്ന ദൂരമോ ആയാലും മതി, ലോകം ചുറ്റിക്കാണാനിറങ്ങിയ സഞ്ചാരിയെപ്പോലെ അവള്‍  ആവേശഭരിതയാകും. സൈക്കിളിലും  സ്കൂട്ടറിലും  മോട്ടോര്‍ സൈക്കിളിലും യാത്ര ചെയ്യാനാകട്ടെ   ഒരിക്കലും തീരാത്ത ആശയാണ്.  ഒരിക്കല്‍ റൂര്‍ക്കിയില്‍ നിന്ന് ദില്ലിയിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്തു. പിന്നൊരിക്കല്‍  ദില്ലിയില്‍ നിന്ന്  ആഗ്ര  ഭരത് പൂര്‍ സരിസ്ക്ക ആള്‍വാര്‍  വഴി  ബൈക്കില്‍ അറുനൂറു കിലോ മീറ്ററിലധികം  സഞ്ചരിച്ചു. അപ്പോഴാണ്  സ്കൂട്ടറാശയ്ക്കും ബൈക്കാശയ്ക്കും താല്‍ക്കാലികമായൊരു നിവൃത്തി കിട്ടിയത്. എന്നാലും അവസരം കിട്ടിയാല്‍ അങ്ങനെ ഇനിയും പോകണമെന്ന്  തന്നെയാണ് അവളുടെ  ഉള്ളിലിരിപ്പ്. 

വിശദമായി ടിക്കറ്റും ഹോട്ടലും ഒക്കെ ബുക് ചെയ്ത് വലിയ തയാറെടുപ്പോടെ  അധികം യാത്രകളൊന്നും അവള്‍ ചെയ്തിട്ടില്ല. ഒന്നര രണ്ട് മണിക്കൂര്‍  നേരത്തെ നോട്ടീസിലൊക്കെയാവും യാത്രകള്‍ മിക്കവാറും സംഭവിക്കുന്നത്. അതുകൊണ്ടാണോ എല്ലാ  യാത്രകളെയും  ഇത്ര മേല്‍ ആവേശത്തോടെ അവള്‍  സമീപിക്കുന്നതെന്നറിയില്ല.  കാത്തിരിക്കുന്ന യാത്രകളില്‍,  മാജിക്ക്കാരന്‍ സഞ്ചിയില്‍ നിന്നെടുക്കുന്ന മുയല്‍ക്കുട്ടികളെപ്പോലെ അനവധി അല്‍ഭുതങ്ങള്‍ ഒളിച്ചിരിക്കുമെന്ന് അവള്‍  എപ്പോഴും കരുതാറുണ്ട്. മിക്കവാറുമൊക്കെ അതു  സത്യമായി ഭവിക്കാറുമുണ്ട്.   

ഉത്തര്‍പ്രദേശിലെ ചില ഉള്‍നാടുകളില്‍ ചുറ്റിത്തിരിയുമ്പോഴാണ്, അതും ഒരു സ്കൂട്ടറിലായിരുന്നു.... ഒരു വലിയ കയറ്റം  ഇറങ്ങി അടുത്ത കയറ്റത്തിലേക്കായി വരുമ്പോഴായിരുന്നു ഒരു കൂറ്റന്‍  പെരുമ്പാമ്പ്  അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആ നിമിഷത്തില്‍ അതി വിദഗ്ദ്ധമായി സ്കൂട്ടര്‍ നിയന്ത്രിക്കാന്‍ അവനു കഴിഞ്ഞുവെങ്കിലും ആ കാഴ്ചയുണ്ടാക്കിയ ഭീതിയും രോമാഞ്ചവും അവളില്‍ ഇന്നുമുണ്ട്.... അപ്പോഴൊക്കെ  അവന്‍റെ വിയര്‍ത്തു നനഞ്ഞ പിന്‍ കഴുത്തില്‍ മുഖമമര്‍ത്തി ഉറക്കെയുറക്കെ കരഞ്ഞതും അവള്‍ക്കോര്‍മ്മ വരാറുണ്ട്. 
                                                    (വാരണാസി)
വാരണസിയിലായിരുന്നു നല്ല പച്ചരിച്ചോറും പരിപ്പു കറിയും പാലക് ചീരയുമൊക്കെ തിന്നു വളര്‍ന്നിരുന്ന കൂറ്റനൊരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്  നായ  കുശലം പറയാന്‍ വന്നത്. നിറയെ പൂത്തിറങ്ങിയ ലക്ഷക്കണക്കായ ആകാശ താരങ്ങളേയും നോക്കി  മുറ്റത്ത് പിടിച്ചിട്ടിട്ടുള്ള ചാര്‍പ്പായിയില്‍ കിടക്കുമ്പോള്‍  ഉറങ്ങിയത് അവള്‍ അറിഞ്ഞതേയില്ല. ഗംഗയുടെ നേര്‍ത്ത  വിശറികളാകട്ടെ  സുഖകരമായ നനുത്ത  കുളിരും പകര്‍ന്നുകൊണ്ടിരുന്നു. രാവിലെ  ആരോ  സ്നേഹപൂര്‍വം ഉമ്മവെയ്ക്കുന്നതായി അവള്‍ക്ക്  തോന്നി . കണ്ണ് തുറന്നപ്പോള്‍ കണ്ടത്  നായയുടെ  മുഖമായിരുന്നു. ഒരു  വലിയ തളിക പോലുള്ള  അതിന്‍റെ  പതുത്ത കൈ അവളുടെ തോളത്ത് സമര്‍പ്പിച്ചിരുന്നു. ശബ്ദിക്കാനോ അനങ്ങാനോ  പ്രാപ്തിയില്ലാതായിപ്പോയതുകൊണ്ട് പരസ്പരം അതില്‍  കൂടുതല്‍  ഒന്നും പറഞ്ഞില്ല.. .... 
                                                       (കാമാഖ്യ ദേവി)

കാമാഖ്യ ദേവിയുടേ ഫോട്ടൊ വേണ്ടെന്ന്  വിലക്കിയിട്ടും  നിര്‍ബന്ധപൂര്‍വം പിടിച്ചേല്‍പ്പിച്ച മെലിഞ്ഞുണങ്ങിയ പൂജാരിയോട്  മുഖവും വീര്‍പ്പിച്ച് കാണിച്ച്  അവള്‍ ബ്രഹ്മപുത്ര  നദി കടക്കുമ്പോള്‍ ദേവി  വേണ്ടെന്ന് നിരസിച്ചതിലുള്ള  പിണക്കത്തോടെ, അവളൂടെ  കൈയില്‍ നിന്ന് വഴുതി   നദിയിലേക്ക് താഴ്ന്നു പോവുകയായിരുന്നു....  വേണ്ടാത്തവള്‍ക്ക് ഒപ്പം  പിന്നെയും പിന്നെയും പോവാനും  അനുനയിപ്പിച്ച് പ്ലീസ്  പ്ലീസെന്ന് കൂടെയിരിക്കാനും ദേവി എന്നെപ്പോലെയല്ലല്ലോ എന്ന് അവന്‍ അപ്പോഴും കള്ളപ്പുഞ്ചിരി പൊഴിച്ചു. 
      
മയിലുകള്‍ കുണുങ്ങിക്കുണുങ്ങി റോഡ്  ക്രോസ് ചെയ്യുന്നുണ്ടായിരുന്നു പഞ്ചാബിലൂടെ ഫട് ഫട്   ഓടുമ്പോള്‍ ... ഫട് ഫടില്‍ നിന്നിറങ്ങി ലോറി ഡ്രൈവര്‍മാര്‍ക്കും പട്ടാളക്കാര്‍ക്കുമൊപ്പം  തന്തൂരി റൊട്ടി കഴിച്ച്  ഡാബയിലിരിക്കുമ്പോള്‍ ഹൃദയം പടപട എന്നിടിച്ചുകൊണ്ടിരുന്നു.  ജീന്‍സിട്ടാലും മുടി മുറിച്ചാലും  ആക്രമിക്കപ്പെടുമോയെന്ന ഭയം കാര്‍ന്നു തിന്നാതെ യാത്ര ചെയ്യാനാവില്ലല്ലോ. റോഡരികിലെ മയില്‍ പേടയോട്   സങ്കടം പറയുകയും  കരയുകയും ചെയ്തത്  ഭട്ടിന്‍ഡയില്‍  വെച്ചു  തന്നെയായിരുന്നുവോ?. കാരണം അവളുടെ മുന്നിലിട്ടായിരുന്നുവല്ലോ  പോലീസുകാര്‍   ഒരു  പഞ്ചാബി പെണ്ണിനെ വളഞ്ഞു നിന്ന് അടിച്ചത്.  ലോറിഡ്രൈവര്‍മാരും പട്ടാളക്കാരും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നുവല്ലോ  പഞ്ചാബിപ്പെണ്ണിന്‍റെ പരാതി. 

ചംചം എന്ന മധുരപലഹാരം തിന്നുന്നത് പ്രിയപ്പെട്ടവളുടെ ചുണ്ടുകളില്‍  അമര്‍ത്തി ചുംബിക്കുന്നതു പോലെയാണെന്ന് അവളൂടെ   മൂക്കില്‍   പിടിച്ചുകൊണ്ട്  അവന്‍ കളിയായി പറഞ്ഞത്  കല്‍ക്കത്തയിലെ  തെരുവുകളിലായിരുന്നു. ഫെലുദായുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കല്‍ക്കത്തയുടെ തെരുവുകള്‍. മാജി ജോ നാവ് ഡുബോയെ ഉസേ കോന്‍ ബചായേ എന്ന് അവന്‍  പാടിയപ്പോള്‍ വെളിച്ചത്തില്‍ കുളിച്ച  ഹൌറപ്പാലമുണ്ടായിരുന്നു  നീണ്ടു നിവര്‍ന്ന് മുമ്പില്‍ .....   
  
ഒരു വലിയ ചെപ്പുകുടം നിറയെ നിധി കിട്ടുമ്പോള്‍ നിസാമിന്‍റെ ജുവല്ലറി വാങ്ങി കഴുത്തിലിട്ടു തരാമെന്ന്  അവന്‍ പറഞ്ഞത്. .. ഒളി ചിതറുന്ന രത്നത്തിന്‍റെ മുമ്പില്‍ പുഞ്ചിരിച്ചുകൊണ്ട്  മൌനമായി നിന്നത്..  അത്  ഹൈദരബാദിലായിരുന്നു.. 

മരുഭൂമിയും ഉപ്പു പാടങ്ങളും മാത്രം പ്രതീക്ഷിച്ചയിടത്ത്, സമയത്തിനു മുന്നേ പെയ്ത മഴ കൊണ്ടുവന്ന   ഒരു പൂപ്പാടമാകെ പൊടുന്നനെ, ഒരല്‍ഭുതമായി   മുന്നിലുയര്‍ന്നത്... കണ്ണാടിത്തുണ്ടങ്ങള്‍ മിന്നുന്ന  പാവാടയും   മിനുത്ത പുറം മുഴുവന്‍ ദൃശ്യമാവുന്ന ബ്ലൌസും ധരിച്ച സുന്ദരിപ്പെണ്ണിനെ ചൂണ്ടി കുസൃതിയോടെ ചിരിച്ചത്,  അവളുടെ മനോഹരമായ അരക്കെട്ടിലുണ്ടായിരുന്ന ചുവന്ന നൂലരഞ്ഞാണവും അതില്‍ ബന്ധിച്ചിരുന്ന ഒരു കൂട്ടം  മിനുമിനുത്ത കക്കകളും നോക്കി  അവന്‍ കണ്ണിറുക്കിയത്  ... അത് കച്ചിലായിരുന്നു.  ഒരു പര്‍ദ്ദ മാത്രമുള്ളതുകൊണ്ട് പത്തു സ്ത്രീകളുള്ള കുടുംബത്തില്‍ ഓരോരുത്തരായി മാത്രം വീടിനു പുറത്തിറങ്ങുന്ന സങ്കട ദാരിദ്ര്യത്തിന്‍റെ   ഗതികേടറിഞ്ഞതും ഗുജറാത്തില്‍ വെച്ചു തന്നെ.  
   
പേരറിയാത്ത  ഒരുപാട് പക്ഷികള്‍  പാട്ടു പാടുന്ന,  കിളിത്തട്ടു കളിക്കുന്ന ചുവന്ന മണ്ണിന്‍റെ ഇടവഴിയിലൂടെ  നടന്നതും  മഴയില്‍ കുതിര്‍ന്നു വിറച്ചതും  ഫൂല്‍ച്ചട്ടിയില്‍ നിന്ന് ലക്ഷ്മണ്‍ ജൂലയിലേക്ക് വരുമ്പോഴായിരുന്നു....കടുപ്പമുള്ള ചായയുടെ നിറത്തിലൊഴുകുന്ന വെള്ളച്ചാലുകളില്‍ നടന്ന് നടന്ന്  കാലുകളിലെ തൊലി അഴുക്കില്ലാത്ത പളുങ്കായി ചുരുങ്ങിയമര്‍ന്നു. ...  കാല്‍പ്പളുങ്കിലൂടെ നീലിച്ച ഞരമ്പുകള്‍ ദൃശ്യമായി. 

അങ്ങനെ അനവധി അനവധി യാത്രകള്‍.... ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍....  അവനൊപ്പം വല്ലപ്പോഴും തനിയെ എല്ലായ്പോഴും.. ... 

വൈകീട്ട് ഒന്‍പതു  മണിക്ക് ശേഷമാണ് പോകാം ഡെഹ്റാഡൂണിലേക്കെന്ന് പറഞ്ഞത്. പന്ത്രണ്ടു മണിയുടെ ബസ്സിനു ... അവനെപ്പോഴും അങ്ങനെയാണ്. ശ്വാസം പിടിച്ചാണ് എല്ലാ യാത്രയ്ക്കും  തയാറെടുക്കുക. സമയം തികയാതെ ശ്വാസം മുട്ടി ഓടിക്കിതച്ച്  റെയില്‍ വേ സ്റ്റേഷനില്‍ ചെന്ന്  X കാണേണ്ടി വരുമെന്ന് അവളെപ്പോഴും കരുതും. എന്നാലും ഒരിക്കലും   കെട്ടടങ്ങാത്ത ആവേശത്തോടെ  തയാറാവും. യാത്രകളിലാണല്ലോ ആരും ഇല്ലാതെ അവനെ  സ്വന്തമായി കിട്ടാറുള്ളത്...  അതും വല്ലാതെ  മോഹിപ്പിക്കുന്ന  ഒരു പ്രലോഭനമായിരുന്നു. ...  ആരുടെയും ഇടപെടലുകളില്ലാതെ ഇടയ്ക്കിടെ ചെവിയില്‍ കുത്തുന്ന  ഫോണ്‍ വിളികളില്ലാതെ.... എഴുന്നേല്‍ക്കു തയാറാകൂ ഇതൊക്കെ ചെയ്യാനുള്ള  ജോലികളാണെന്ന് മറന്നുവോ എന്ന ചോദ്യങ്ങളില്ലാതെ    ലോകത്തിനെ വാതിലടച്ചു  പുറത്താക്കി... ..  അവന്‍  അവളുടേതു മാത്രമായി ... 

ഓ...  സാഥീരേ തേരെ ബിനാ  ഭീ ക്യാ ജീനാ എന്ന് പാടി... 

ചുണ്ട് ചുവന്നു തുടുക്കും  വരെ, സര്‍വാംഗം  വിയര്‍പ്പില്‍ കുതിരും വരെ അവളെ  ഉമ്മ വെച്ച്...  
ഡെഹ്റാഡൂണില്‍ ഒരു പകല്‍ ജോലിയുണ്ട് ... അത് കഴിഞ്ഞ് നമ്മള്‍ മാത്രമായി..നമുക്കൊരു യാത്ര പോകാം...നമ്മള്‍ മാത്രം... വേറെ ആരും ഇല്ലാതെ... 

അതെവിടെയാണ് ?

അതോ... അത്. .. കുറെ ദൂരെ .. കിന്നരന്മാരുടെ നാട്ടില്‍ . ഡെഹ്റാഡൂണില്‍ നിന്ന് സിംല വരെ നമുക്ക് കാറു കിട്ടും. പിന്നെ  ഒരു  എസ്  യൂ  വിയും . നമ്മള്‍ പോകുന്നിടങ്ങളില്‍ ചിലപ്പോഴൊക്കെയെങ്കിലും  നോ ഫോണ്‍ നോ ഇന്‍റര്‍നെറ്റ്...  നിന്നെപ്പോലെ നല്ല ചങ്കുറപ്പുള്ള, റഫ് ആന്‍ഡ് ടഫ്  യാത്രപ്പണ്ടാരങ്ങള്‍ക്ക് മാത്രമേ  ആ വഴിക്കൊക്കെ  പോകാനാകൂ. സാരിയുടെ ഞൊറിവിനേയും കവിളിന്‍റെ  മിനുസത്തെയും  പറ്റി വേവലാതിപ്പെടുന്ന  ഡെലിക്കേറ്റ് ഡാംസലുകള്‍ക്ക്  അവിടെയൊന്നും   പോവാന്‍ കഴിയില്ല. 

ഇത് ഏത് സ്ഥലം?  ഈ ഭൂമിയില്‍ തന്നെയോ?
 
അത് റിക്കോങ് പിയോ...  കിന്നോറിന്‍റെ തലസ്ഥാനം.... കിന്നോര്‍ എന്നു പറഞ്ഞാല്‍  കിന്നരന്മാരുടെ നാട്. സിംലയില്‍ നിന്ന് ഇരുന്നൂറിലധികം കിലോമീറ്റര്‍ ദൂരെ.. പോകുന്ന വഴി മുഴുവന്‍ പ്രകൃതി സൌന്ദര്യത്തിന്‍റെ നിറകുടം കമിഴ്ന്നു വീണ് ഒഴുകിപ്പരക്കുമ്പോലെയാണ്. പ്രത്യേകിച്ച് റോഡിന്‍റെ ഇടതുഭാഗം.  ആദ്യത്തെ നൂറുകിലോ മീറ്റര്‍ രാം പൂര്‍ വരെ റോഡ്  വലിയ കുണ്ടും കുഴിയും ഒന്നുമില്ലാത്തതാണ്.... ഇപ്പോള്‍ എന്‍ എച്ച് 22 എന്ന് പറയും. മുമ്പൊക്കെ ഓള്‍ഡ് ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ് എന്ന് പറഞ്ഞിരുന്നു.

എത്ര കാലം  മുമ്പാണ് അങ്ങനെ പറഞ്ഞിരുന്നത്... ?

അത് കഴിഞ്ഞ ജന്മത്തിലു ഞാനൊരു ലാമയായിരുന്നില്ലേ? അപ്പോഴായിരുന്നു അങ്ങനെ പറഞ്ഞി രുന്നത്. അവളൂടെ ഒരു മില്യണ്‍ ഡോളര്‍   ചോദ്യം ....... 

ഓകെ 

രാം പൂരില്‍ നിന്ന് പിയോ വരെയുള്ള ദൂരം പാറകള്‍ തുരന്ന് ഉണ്ടാക്കിയ റോഡിലൂടെയാണ്. നമുക്കൊപ്പം  പതഞ്ഞൊഴുകുന്ന സത് ലജ്  നദിയും ഉണ്ടാവും മിക്കവാറും എല്ലായ്പോഴും. രാംപൂരിനടുത്ത് സത് ലജിനെ കോണ്‍ക്രീറ്റ് കൂട്ടിലിടുന്ന   നാഥ്പാ ജാക്രി  പവര്‍ പ്രോജക്റ്റും  കര്‍ച്ചാമിനടുത്ത് കര്‍ച്ചാം വാങ്ടൂ  ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടും ഭംഗിയായി  കാണാം. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പവര്‍   പ്രോജക്റ്റാണ്  കര്‍ച്ചാം വാങ്ടൂ.
                                                     (കര്‍ച്ചാം വാങ്ടൂ പ്രൊജെക്റ്റ്)

ഉം , അതെയതെ ഏറ്റവും വലിയ ടണലില്‍  സീപ്പേജ് വന്ന പ്രോജക്റ്റല്ലേ? അവിടത്തുകാര്‍ ഈ പ്രോജക്ട് വേണ്ട വേണ്ട എന്നു പറഞ്ഞ സമരം ചെയ്തത്? എനിക്കെങ്ങും കാണണ്ട...  ഓരോരോ  അഴിമതിപ്പണികള്‍...

നീ കാണാതിരുന്നതുകൊണ്ട് അഴിമതി ഇല്ലാതാകാന്‍  പോകുന്നുണ്ടോ? അതുകൊണ്ട് നമുക്ക്  എന്തായാലും കാണാം . കാണണം. പിയോ അടുക്കുമ്പോള്‍ കിന്നര്‍ കൈലാസ് മലനിരകള്‍  വ്യക്തമാകും. ശിവന്‍റേം  പാര്‍വതീടേം വീടായ കൈലാസം തന്നെ.  അത് ഉശിരന്‍ കാഴ്ചയാണ്. പിന്നെ പച്ചത്തൊപ്പിയിട്ട ഹിമാചലി ട്രൈബ്സിനെ കാണാം. ലാമമാരെയും അവരുടെ പ്രാര്‍ഥനാ ചക്രങ്ങളേയും കാണാം. പിയോയിലെ മെയിന്‍ മാര്‍ക്കറ്റില്‍ ശാപ്പാടും മറ്റും കിട്ടും.

പിന്നെ?

ഇത് വല്ലതും കാണണമെങ്കില്‍ ഇപ്പോള്‍ ഐ എസ് ബി ടി യില്‍ എത്തി  ഡെഹ് റാഡൂണിലേക്ക് പോകണം. നേരം വൈകിയാല്‍ എല്ലാ പ്രോഗ്രാമുകളും തെറ്റും.

അവള്‍ ധിറുതിയില്‍  ഒരുങ്ങിയിറങ്ങി.  കമ്പിളി വസ്ത്രങ്ങളും ഷൂസുകളും  അടുക്കിയെടുത്തു.  അവള്‍ക്ക് കേട്ടതു മതിയായിരുന്നില്ല. അവന്‍റെ ഇമ്മാതിരി വിവരണങ്ങള്‍ എക്കാലവും വളരെ  ആകര്‍ഷകമായിരുന്നു. അവനൊരു ടൂറിസ്റ്റ് ഗൈഡായി ജനിക്കേണ്ടതായിരുന്നുവെന്ന്  അതു കേള്‍ക്കുമ്പോഴൊക്കെ അവള്‍ വിചാരിക്കാറുണ്ട് .
  
ഡെഹ്റാഡൂണിലേക്കുള്ള ബസ്സിലിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു,  ഇത്ര ധിറുതിയില്‍  ഒരു യാത്രാപ്ലാന്‍ എങ്ങനെയുണ്ടായി?
 
 പെണ്ണിനെ വല്ലാതെ നഷ്ടപ്പെടുന്നതായി തോന്നി.  കഴിഞ്ഞ അഞ്ചാറു  മാസമായി എന്തൊരു തിരക്കായിരുന്നു.ഞാന്‍ ശ്വാസം വലിച്ചിരുന്നോന്ന്  പോലും സംശയമായിരുന്നു. 

ശരിയായിരുന്നു. പരസ്പരം ഒന്നു കാണാന്‍ പോലും സാധിച്ചിരുന്നില്ല.  
  
അവള്‍  അവന്‍റെ തോളിലേക്ക് തല ചായിച്ചിരുന്നു. ഇത്രയൊക്കെ മതി   ചെറിയ ജീവിതത്തിലെന്ന് സന്തോഷിക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നത് പോലെ തോന്നി. 

കപ്പലണ്ടി മിഠായി ചെറുതായി മുറിച്ച്  അവളുടെ കൈത്തലത്തിലിട്ടു അവന്‍ തുടര്‍ന്നു.  പ്രേമമെല്ലാം മനസ്സില്‍ നിറച്ചു  വെച്ചോ. പിയോയില്‍  നിന്ന്  അഞ്ചുകിലോ മീറ്റര്‍ ദൂരെയാണ് കല്‍പ. കല്‍പ ആപ്പിളുകളുടെ നാടാണ്. നമുക്ക് അതിരാവിലെ ഉണര്‍ന്ന്  തോട്ടത്തില്‍ പോയി ആപ്പിള്‍ മരങ്ങളില്‍ കായകളുണ്ടോന്ന് നോക്കാം. ദേവദാരുക്കളെ ചുറ്റി  പ്രണയ ഗാനങ്ങള്‍ പാടാം.
                                                             (കൈലാസ പര്‍വതം)
 കൈലാസ പര്‍വതം ഒരു ഫാഷന്‍ പരേഡിലെന്ന പോലെ  ഒരേ ദിവസത്തില്‍ തന്നെ പല നിറങ്ങളിലുള്ള ഉടുപ്പുകളിടുന്നതും കാണാന്‍ കഴിയും.   കല്‍പ്പയില്‍  കിന്നര്‍  കൈലാസ്  ഹോട്ടലുണ്ട്. ആ ഹോട്ടലില്‍ മോഹിപ്പിക്കുന്ന മരപ്പണികള്‍ കാണാം. ആ ഹോട്ടലിന്‍റെ  രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഒരു വലിയ തടിപ്പാലമാണ്. അതും ഒരു മനോഹര കാഴ്ചയാണ്. പിന്നെ എല്ലാ  മുറികളിലും നിന്ന് കൈ നീട്ടി തൊടാവുന്ന അകലത്തില്‍ മഞ്ഞു മലകളുണ്ട്.... മതി വരുവോളം പ്രേമിക്കാന്‍ പറ്റിയ മുറികള്‍  .... 

അവള്‍  ചിരിച്ചു. നിന്നെ പ്രേമിക്കാനാണോ അത്ര വിലപിടിപ്പുള്ള മുറികള്‍  ?
 
പെണ്ണേ,  ഗോവന്‍  ഫെനി പോലെ   അങ്കൂറി എന്നൊരു രസികന്‍ വാറ്റ്  കിട്ടും അവിടെ. റിബ്ബ എന്ന ഗ്രാമത്തിലാണ് അത് ഉണ്ടാക്കുന്നത്. പിയോയില്‍ നിന്ന് കഷ്ടിച്ച് ഇരുപത്തഞ്ചു  കിലോ മീറ്റര്‍ അകലെയാണ് ആ സ്ഥലം.

പിന്നേ നാടന്‍  വാറ്റു ചാരായം കുടിക്കാനല്ലേ ഇത്ര കഷ്ടപ്പെട്ട്  അവിടം വരെ  പോകുന്നത്...

ഛേ! കളഞ്ഞില്ലേ. അന്നാട്ടിലെ എല്ലാവരും കുടിക്കണ സാധനം നമുക്കും ഒന്നു കുടിച്ചു നോക്കിയാലെന്താ.. അവര്‍ അത്  വീട്ടിലുണ്ടാക്കുന്നതല്ലേ ... നമ്മുടെ  ചായയും കാപ്പിയും കഞ്ഞിയും  ഒക്കെ   പോലെ...

അയ്യടാ!  ഒരു കള്ളു കുടിയന്‍!

കല്‍പയില്‍ നിന്നോ പിയോയില്‍ നിന്നോ സംഗ്ലാ താഴ്വാരത്തിലേക്ക് പോകാം. നാല്‍പതു നാല്‍പത്തഞ്ചു കിലോ മീറ്ററേയുള്ളൂ. ബാസ്പാ നദിയുടെ തീരത്താണ് സംഗ്ല. രാംപൂരില്‍ നിന്ന് പിയോയിലേക്ക്  പോകുമ്പോള്‍ കര്‍ച്ചാമിനടുത്ത് വഴി തിരിഞ്ഞാല്‍ നേരെ സംഗ്ലയിലെത്താം. സംഗ്ല നിറച്ചും അമ്പലങ്ങളാണ്.  വലിയ  വലിയ  പണക്കാര്‍ ഇഷ്ടം പോലെ ടെന്‍റുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. യൂറോപ്യന്‍ സ്റ്റൈലില്‍ ...  എന്തു തരം ശാപ്പാടും കിട്ടും... ഹാമക്കുകളില്‍  കിടന്നു  വിശ്രമിക്കാം. ചൂടുവെള്ളവും  അറ്റാച്ഡ്  ബാത് സൌകര്യങ്ങളും ഒക്കെയുണ്ട്.

അതെയോ?

അതൊന്നും നമുക്കല്ല പെണ്ണേ.   ഞാന്‍  അവിടെ  നീലപ്പട്ടു  സാരിയുടുത്ത ആകാശത്തേയും  മഞ്ഞു പുതച്ച  മലകളേയും ഇരുണ്ട്  പച്ചച്ച താഴ്വാരങ്ങളേയും   ആകാശം വിട്ടു വന്ന് ദേവദാരുക്കളോട് കുശലം പറയുന്ന പഞ്ഞി മേഘങ്ങളേയും  നിനക്ക്  കാണിച്ചു തരും. അവിടെയുള്ള  എന്‍റെ കൂട്ടുകാരായ കിളികള്‍ നിന്നെ പാട്ടു പാടി കേള്‍പ്പിക്കും. എന്നാലും  അവരാരും  എന്നോട്  അഞ്ചു പൈസ പോലും  ചോദിക്കില്ല.

ഓ!  മലയും പാടവും  മേഘവും കിളികളും ബാങ്കിലിട്ടിട്ടുള്ള പണക്കാരന്‍... 

പിയോയില്‍ നിന്ന്   അറുപത്തഞ്ചു കിലോ മീറ്റര്‍ കല്ലും മണ്ണും വലിയ കുഴികളും ഉള്ള കുണ്ടന്‍  വഴിയിലൂടെ പോയാല്‍ പൂഹിലെത്താം . 

എന്ത്?  പൂവോ?
 
അല്ല. പൂഹ്. ചൈനാ ബോര്‍ഡറീന്ന് നാല്‍പതു കിലോ മീറ്റര്‍ ഇപ്പുറത്ത്.

അവിടെ  എന്താ ഉള്ളത്? 
 
ഓം ശാന്തി ശാന്തി. ആളും ബഹളവും ഇല്ലാത്ത ശാന്തതയും സമാധാനവും. അഭൌമമായ നിശബ്ദത.  നിന്‍റെ കുപ്പിവളകളുടെയും  പൊട്ടിച്ചിരിയുടെയും  ശബ്ദം  മാത്രം കേട്ടുകൊണ്ട്  എനിക്ക് കുറച്ചു  മണിക്കൂറുകള്‍ .... എനിക്ക് എന്നെത്തന്നെ ഒന്നു   പുതുക്കിയെടുക്കാന്‍ ....

അവള്‍ പുഞ്ചിരിച്ചു.  

പൂഹില്‍ രാപാര്‍ത്തിട്ട് പിറ്റേന്ന് നമുക്ക് സ്പിതിയിലേക്ക് പോകാം. പൂഹില്‍ ഗവണ്മെന്‍റ് ഗസ്റ്റ് ഹൌസുണ്ട്. ഹോം സ്റ്റേയും ഉണ്ട്. ഹോംസ്റ്റേ ചിലപ്പോള്‍ എനിക്ക് താങ്ങില്ല. നമുക്ക് ഗവണ്മെന്‍റ്  ഗസ്റ്റ് ഹൌസ് മതി.

മതി മതി.  മൂട്ടയും  പാറ്റയും എലിയും ഒക്കെ വന്ന്  രാത്രി മുഴുവന്‍ നമ്മോട്   ചറുപിറുന്നനെ വര്‍ത്തമാനം പറയുമല്ലോ. 

ഏയ്. അതൊന്നുമുണ്ടാവില്ല.

ഇല്ലെങ്കില്‍ നല്ലത്. 

സ്പിതിയില്‍ തബോ മൊണാസ്റ്റട്രിയുണ്ട്. പൂഹില്‍ നിന്ന് നൂറു കിലോ മീറ്റര്‍ ഉണ്ടാവും. ഈ വഴിയിലാണ് ഖാബ്.  താഷിഗാങ് ഗോംപ എന്ന പുരാതനമായ  മൊണാസ്ട്രിയും  അത്യുന്നതങ്ങളിലെ  പര്‍വതനിരകളും പിന്നെ  സ്പിതി നദിയും സത് ലജും കൂടി കെട്ടിപ്പിടിക്കുന്ന സ്ഥലവുമാണ് ഖാബ്. അത് കാണുമ്പോഴെങ്കിലും മനസ്സിലാവും ഇത്തിരി കൂടി മുറുക്കെ നിനക്കെന്നെ കെട്ടിപ്പിടിക്കാമെന്ന്. എന്തൊരു മാജിക്കാണ് മുറുക്കെയുള്ള കെട്ടിപ്പിടിക്കലിനെന്ന്... അതുകണ്ട് ആ പരിസരമാകെ കോരിത്തരിച്ചു നില്‍ക്കുന്നതെങ്ങനെയാണെന്ന്  ....  

അതിനാണോ അങ്ങോട്ടു കൊണ്ടു പോകുന്നത്?
 
അതിനും കൂടിയാണ്. പരസ്പരം പൂര്‍ണമായി  അലിഞ്ഞു  ചേര്‍ന്നു കെട്ടിപ്പിടിക്കുന്നതെങ്ങനെയെന്ന്  നദികളെ  കണ്ടാണ് പഠിക്കേണ്ടത്. 

ആഹാ!
                                                             (നാക്കൊ മൊണാസ്ട്രി)

ഒരു കൊച്ചു തടാകവും ആയിരത്തില്‍ താഴെ ആള്‍ക്കാരും മാത്രം താമസിക്കുന്ന നാക്കൊ,  പൂഹിനും സ്പിതിയിലെ തബോ മൊണാസ്ട്രിക്കും  ഇടയിലാണ്.  നാക്കോ തടാകത്തിന്‍റെ ചുറ്റും വില്ലോയും പോപ്ലാര്‍  മരങ്ങളും ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്നുണ്ട്.  ഒരു  പാല്‍  നദിയും പിന്നെ  നാക്കോ മൊണാസ്ട്രിയുമുണ്ട്. അതിലെ ശ്രീകോവില്‍ച്ചുമരുകളില്‍ തനിത്തങ്കത്തിന്‍റെ ചിത്രപ്പണികളാണത്രെ. അവിടത്തുകാര്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഈ തങ്കം അല്‍പം ചുരണ്ടിത്തിന്നാല്‍ മതി എല്ലാം ഭേദമാകും എന്ന് കരുതുന്നവരാണ്. നമ്മള്‍ സന്ദര്‍ശകരും ഒട്ടും മോശമല്ല. തങ്കം മാന്തിയെടുത്ത് മാന്തിയെടുത്ത് ചുവരുകള്‍ ഒട്ടു മുക്കാലും നഗ്നമായിക്കഴിഞ്ഞു.

മനുഷ്യരിലധികവും  അങ്ങനെയാണ് അല്ലേ?
 
ഉം. നാക്കൊയീന്ന് അറുപത്തഞ്ചു കിലോ മീറ്ററുണ്ട് സ്പിതിയിലെ തബൊ മൊണാസ്ട്രിയിലേക്ക്. 996 എ ഡി യിലാണ് മൊണാസ്ട്രി നിര്‍മ്മിച്ചതത്രെ. അന്നു മുതല്‍ ഇന്നു വരെ ഒരു മുടക്കവും കൂടാതെ  അത്  പ്രവര്‍ത്തിക്കുന്നുണ്ട്.  ഒത്തിരി മണ്‍ പ്രതിമകളും ചുമര്‍ച്ചിത്രങ്ങളും മൊണാസ്ട്രിയെ അലങ്കരിക്കുന്നു. കുറെയൊക്കെ നാശമായിത്തുടങ്ങി.  സ്പിതി താഴ് വരയുടെ  മധ്യത്തിലായി കൂറ്റന്‍ മല നിരകളുടെ കാവലില്‍ മൊണാസ്ട്രി ഒരു  ദാലി പെയിന്‍റിംഗ് പോലെ ഒഴുകിപ്പരക്കുന്നതായി തോന്നും. 

അതെയോ?
 
വേണമെങ്കില്‍ നമുക്ക്  അവിടെ നിന്ന് മടങ്ങാം. അല്ലെങ്കില്‍ അമ്പത് കിലോ മീറ്റര്‍ കൂടി സഞ്ചരിച്ച് ആദ്യം കാസായിലെത്താം. കാസാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജില്ലയാണ്.  സ്പിതി നദിയുടെ തീ രത്താണ് കാസാ, ഏകദേശം പന്തീരായിരം അടി പൊക്കത്തില്‍. നദിയുടെഒരു വശത്ത് താങ്യുഡ് ഗോം പ മോണാസ്ട്രിയും മറുവശത്ത് നോനോ നാട്ടുരാജാവിന്‍റെ കൊട്ടാരവുമാണ്.  ഒഴുകിയിറങ്ങുന്ന നദിയെ നോക്കിക്കൊണ്ട്  ഒരു പാറപ്പിളര്‍പ്പിന്‍റെ വക്കിലാണ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്.   

 പിന്നേം ഒരു  പത്തു കിലോ മീറ്റര്‍  കൂടി പോയാല്‍  13500 അടി പൊക്കത്തിലുള്ള കേയ് മൊണാസ്ട്രിയിലും എത്താം. ആ  മൊണാസ്ട്രിയുടെ ഡിസൈന്‍ ഒന്നു പ്രത്യേകമാണ്.  ഒട്ടും ക്രമമില്ലാതെ  തലകുത്തനെ  തലങ്ങും വിലങ്ങും  കുറെ കെട്ടിടങ്ങള്‍ ഉണ്ടാക്കീട്ട് പിന്നെ എപ്പോഴൊക്കേയോ  ഒന്നിച്ചു ചേര്‍ത്ത മാതിരിയാണ് മൊണാസ്ട്രി. ഒരുപാട്  ലാമമാര്‍  അവിടെ  മതപഠനം നടത്തുന്നു. അതിഗംഭീരമായ  ചുമര്‍ച്ചിത്രങ്ങളും ഒത്തിരി കേമമായ  ബുദ്ധമത ഗ്രന്ഥങ്ങളുമുണ്ട് അവിടെ. 

പിന്നെ...
                                                            (കിബ്ബര്‍)

ഇനീം ഒരു പത്ത് കിലോ മീറ്റര്‍ മുകളിലേക്ക്  പോയാല്‍  കിബ്ബര്‍ ഗ്രാമത്തിലെത്തും. പതിന്നാലായിരം അടി മുകളില്‍ ഹിമാചലിലെ ഏറ്റവും  ഉയരം കൂടിയ ഗ്രാമങ്ങളിലൊന്നാണ്  കിബ്ബര്‍. ഒരു ചുണ്ണാമ്പ്  പാറയില്‍ വിശ്രമിക്കുന്ന  ഒരു  താഴ്വര പോലെയാണവിടം.  അവിടേം മൊണാസ്ട്രിയും  പിന്നെ ഒരു വൈല്‍ഡ് ലൈഫ്  സാങ്ച്വറിയുമുണ്ട്.  സാങ്ച്വറിയില്‍  നാമാവശേഷമായിപ്പോയ അനവധി ഔഷധ സസ്യങ്ങളുണ്ട്.  പലതും തിബത്തന്‍  മരുന്നുകളില്‍ ഉപയോഗിക്കുന്നവയാണത്രെ! കല്ലുകള്‍ പ്രത്യേക രീതിയില്‍ അടുക്കിയുണ്ടാക്കിയതാണവിടുത്തെ വീടുകള്‍. സ്പിതിയിലെപ്പോലെ മണ്ണും ഇഷ്ടികയും  കൊണ്ട്  നിര്‍മ്മിച്ചതല്ല. ജനങ്ങള്‍ കര്‍ഷകരാണ് അതുകൊണ്ട് നല്ല പച്ചപിടിച്ച കൃഷിയിടങ്ങള്‍  കണ്ണു കുളിര്‍പ്പിക്കും. പിന്നെ...  താഴെ  കാസായീന്ന് മണാലിക്ക്  വെറും ഇരുനൂറു കിലോ മീറ്ററേയുള്ളൂ. അത്  ....

അത്... 

നമുക്ക് പിന്നെയാവാം. കാരണം  കുറച്ചു കൂടി റഫ് ആന്‍ഡ്  ടഫ് ആവാനുണ്ട്  നമ്മള്‍.. അപ്പോള്‍ ആ  വഴിക്ക്  പോവാം. കുംസും ചുരം  താണ്ടി നേരെ  റോത്താംഗ് ചുരത്തിലെത്തുന്നത് അത്ര എളുപ്പമല്ല. 

അയ്യേ!  അപ്പോ നീ  സുല്ലിട്ടോ. 

നിന്നോട്  പ്രസംഗിച്ച്  പ്രസംഗിച്ച്  എന്‍റെ തൊണ്ട അടഞ്ഞു.  ഇനി മിണ്ടാതെ കണ്ണടച്ച്  കുറച്ചു നേരം  ഉറങ്ങ്  പെണ്ണേ...

രാവിലെ ഡെഹ്റാഡൂണില്‍ ബസ്സിറങ്ങി.  സ്വന്തം ജോലികളൂടെ അവസാനമില്ലാത്തെ  തിരക്കുകളിലേക്ക് ... അനവധി ആളുകളുടെ വിവിധ  ജീവിത  പ്രശ്നങ്ങളിലേക്ക്  അവന്‍  ഊളിയിട്ടത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു.

ആ തിരക്കുകള്‍ക്കു നടുവില്‍ അവള്‍ ഇരുണ്ട്  പച്ചച്ച വലിയൊരു മരത്തിനു ചുവട്ടില്‍ അവനെയും കാത്തിരുന്നു.... ആരംഭിക്കാന്‍ പോകുന്ന ഒരു യാത്രയുടെ കൊച്ചു കൊച്ചു പൊട്ടുകള്‍ മനസ്സില്‍ ചേര്‍ത്തു വെച്ച് പ്രതീക്ഷകളോടെ.... 

സമയം കടന്നു പോവുകയായിരുന്നു. 

ഇതും ഒരു പതിവാണ്.

ഇമ്മാതിരിയുള്ള  നെടു നെടുങ്കന്‍  കാത്തിരിപ്പുകള്‍. 

മരച്ചുവട്ടില്‍,  റോഡിനരികേ, പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കു മുന്നില്‍,  പെട്ടിക്കടകളിലെ ബെഞ്ചിന്മേല്‍, കടല്‍ത്തീരങ്ങളില്‍  അവിടെയെല്ലാം അവള്‍  കാത്തിരിക്കാറുണ്ട്.
അങ്ങനെയാണ് ആളുകളോട് സംസാരിക്കുമ്പോള്‍ എപ്പോഴാണ് അവന്‍റെ ശബ്ദം മൃദുവാകുന്നതെന്നും എപ്പോഴാണ് അത്  ഗൌരവപൂര്‍ണമാകുന്നതെന്നും  എപ്പോഴാണ്  അതില്‍  കോപത്തിന്‍റെ പത  ഉയരുന്നതെന്നും അവള്‍ മനസ്സിലാക്കിയത്. ആ വിരലുകളില്‍  പേന ഒതുങ്ങുന്നതിന്‍റെ  ശൈലീ മാറ്റങ്ങളില്‍ നിന്ന്  ഒപ്പുവെയ്ക്കുന്ന  കടലാസ്സുകളിലെഴുതിയതിനോടുള്ള  അവന്‍റെ നിലപാടുകള്‍ മറ്റാര്‍ക്കും മുന്‍പേ  അറിയാന്‍ കഴിഞ്ഞത്.

സന്ധ്യ മയങ്ങിയപ്പോള്‍  യാതൊരു മുന്നറിയിപ്പുമില്ലാതെ അവന്‍  പറഞ്ഞു.  യാത്ര പറ്റില്ല പെണ്ണേ... എനിക്ക് ഇന്നു തന്നെ ദില്ലിയില്‍ തിരിച്ചെത്തിയേ  മതിയാകൂ. നമുക്ക് പിന്നൊരിക്കല്‍  പോകാം.
 
കാറില്‍ അവനൊപ്പം  തിരിച്ചു പോരുമ്പോള്‍ അവള്‍ സംശയിക്കാതിരുന്നില്ല .... ഡെഹ്റാഡൂണ്‍ എന്ന്  പറഞ്ഞാല്‍ .... 
                                                           (ഡെഹ്‌റാഡൂണ്‍)

അവളുടെ  കാതില്‍ ചുണ്ടു ചേര്‍ത്ത് അവന്‍  മന്ത്രിച്ചു. ഡെഹ്റാഡൂണ്‍ ഒരു പച്ചച്ച മരമാണ്. അതിന്‍റെ ചുവട്ടിലാണ് നീ  ഇന്നു പകല്‍ മുഴുവന്‍ ഇരുന്നത്... 

മനസ്സിലായോ... 

അങ്ങനെയാണ് ഡെഹ്റാഡൂണ്‍  ഒരു പച്ചച്ച മരമായത്.   
   
 --------------------------------------------------

ഒരു പിന്‍ കുറിപ്പ് 

ഹിമാലയന്‍ അടിവാരങ്ങളിലെ ഡൂണ്‍ താഴ്വരയിലാണ് ഡെഹ്റാഡൂണ്‍. ഗംഗയുടേയും യമുനയുടെയും ഇടയില്‍, ദില്ലിയില്‍  നിന്ന് ഇരുനൂറ്റി നാല്‍പതോളം കിലോമീറ്റര്‍ അകലെ. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരാളമുള്ള ഈ നഗരം ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ്. 

(ചിത്രങ്ങള്‍ ഗൂഗിള്‍)
 

45 comments:

Echmukutty said...

നീളം കൂടിയ ഒരു യാത്രക്കഥ....

mini//മിനി said...

പകർത്തിയിട്ടുണ്ട്, പിന്നീട് വായിക്കാൻ,, യാത്രകൾ സുഖമായിരിക്കട്ടെ.

ശ്രീനാഥന്‍ said...

യാത്ര വെറുമൊരു വിവരണമാകാതെ കഥയായപ്പോൾ, ഗംഗയുടെ നേര്‍ത്ത വിശറികൾ വീശുന്നതറിഞ്ഞു; ആ പച്ചച്ച മരത്തിന്റെ തണലിൽ ഇരുന്ന് ഇളവേറ്റു.ഡെറാഡൂൺ,പിന്നെയും പിന്നെയും ഉയരങ്ങൾ, മനസ്സിൽ നിറഞ്ഞു.

ഒരു യാത്രികന്‍ said...

ഡൽഹിക്ക് അപ്പുറം ഇൻഡ്യ കണ്ടിട്ടില്ലാത്ത യാത്രികന്റെ മനസ്സിലും ഒരു പാട് ചിത്രങ്ങൾ വരച്ചിട്ടുവല്ലോ ഈ യാത്രാക്കഥ. ഇഷ്ടമായി.......... സസ്നേഹം

അഭി said...

നല്ല വിവരണം ചേച്ചി

ആശംസകൾ

ശ്രീ said...

ഒന്നൂടെ വായിച്ചു നോക്കേണ്ടി വരുമെന്ന് തോന്നുന്നു

ഗീതാരവിശങ്കർ said...

'' നീളം കൂടിയ ഒരു യാത്രക്കഥ.... ''
നീളം കാര്യാക്കാതെ തന്നെ വായിച്ചു .
'ഊരുചുറ്റാൻ കൊതിയാണ് ഈയുള്ളവൾക്കും. സാധിക്കുന്നില്ല , അതുകൊണ്ട്
ഊരുചുറ്റി വരുന്ന 'ഭാഗ്യശാലികളുടെ വിവരണങ്ങൾ വായിച്ച് , ടിക്കറ്റ് എടുക്കാതെ യാത്രകൾ ആസ്വദിക്കാറാണ് പതിവ് .
''............................................
അതൊന്നും നമുക്കല്ല പെണ്ണേ. ഞാന്‍ അവിടെ നീലപ്പട്ടു സാരിയുടുത്ത ആകാശത്തേയും മഞ്ഞു പുതച്ച മലകളേയും ഇരുണ്ട് പച്ചച്ച താഴ്വാരങ്ങളേയും ആകാശം വിട്ടു വന്ന് ദേവദാരുക്കളോട് കുശലം പറയുന്ന പഞ്ഞി മേഘങ്ങളേയും നിനക്ക് കാണിച്ചു തരും. അവിടെയുള്ള എന്‍റെ കൂട്ടുകാരായ കിളികള്‍ നിന്നെ പാട്ടു പാടി കേള്‍പ്പിക്കും. എന്നാലും അവരാരും എന്നോട് അഞ്ചു പൈസ പോലും ചോദിക്കില്ല.
................''
അവളോട്‌ എന്തെന്നില്ലാത്ത അസൂയ !

നന്നായി യാത്രാവിവരണം .

keraladasanunni said...

ഒട്ടേറെ സ്ഥലങ്ങളെക്കുറിച്ച് അറിവ് ലഭിച്ചു. പതിവുപോലെ നല്ല എഴുത്ത്.

Nena Sidheek said...

വായിച്ചു കഴിഞ്ഞപ്പോള്‍ വിശ്വാസം വന്നു ചേച്ചീ.

അവതാരിക said...

എന്ന് പോയ യാത്ര കുറിപ്പ് ആണ് ഇത് ,,ഒന്നും വിട്ടു പോവാതെ എഴുതിയിട്ടുണ്ട് .അഭിനന്ദനങ്ങൾ


ശ്വാസം പിടിച്ചാണ് എല്ലാ യാത്രയ്ക്കും തയാറെടുക്കുക. സമയം തികയാതെ ശ്വാസം മുട്ടി ഓടിക്കിതച്ച് റെയില്‍ വേ സ്റ്റേഷനില്‍ ചെന്ന് X കാണേണ്ടി വരുമെന്ന് അവളെപ്പോഴും കരുതും.


X എന്താണ് ..???? മനസ്സിലായില്ല

കാസാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജില്ലയാണ്.
ഇതൊരു പുതിയ അറിവാണ് ട്ടോ

അനില്‍കുമാര്‍ . സി. പി. said...

എച്മുവിന്റെ വേറിട്ടൊരു ശൈലി... കഥ പോലെ ഒരു യാത്രാവിവരണം... ഇങ്ങനെ എല്ലാംകൂടി ഒന്നിച്ചു പറ്യാതെ ഓരോ സ്പോട്ടുകളേയും കുറിച്ച് ഓരോ വിവരണങ്ങളായി നൽകിയിരുന്നെങ്കിൽ നന്നാകുമായിരുന്നു.

പിന്നെ, സ്വന്തം ജീവിതത്തിലും ഇതുപോലെ ഒരു ‘അവനും അവളും’ ആയി ഒരു യാത്ര വല്ലാത്തൊരു ആഗ്രഹമായി ശേഷിക്കുന്നു ...!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവന്റെ കഥ പറഞ്ഞതു പോലെ യാത്രകൾ പോകാൻ ഇതുവരെ കഴിയാത്ത ഒരുത്തൻ ഇതു വായിച്ചു യാത്രപോയ നിർവൃതി നേടി സന്തോഷമായി

ഏതായാലും എച്മുവിറ്റെ ഒരു കഥ കൂടി ചങ്കിടിക്കാതെ വായിക്കാൻ ഒത്തതിൽ സന്തോഷം
എപ്പൊഴാ പാര വരുന്നത് എന്നു പേടിച്ചായിരുന്നു തുടങ്ങിയത്
ഹ ഹ ഹ

പക്ഷെ ഞാനും ഒരിക്കൽ ഒരു യാത്ര പോകും ഇതുപോലല്ല ശരിക്കും പോകും നോക്കിക്കൊ

ഒരില വെറുതെ said...


യാത്രയും പ്രണയവും പരസ്പര സ്നേഹവുമെല്ലാം ഇഴ ചേര്‍ന്ന്
മനോഹരമായ ഒരനുഭവം.
യാത്രയുടെ വിത്തുകള്‍ ഉള്ളില്‍ പൊട്ടിമുളച്ചവര്‍ക്കു മാത്രം
പിടികിട്ടുന്ന ചിലതെല്ലാം കണ്ടു ഇതില്‍.
അനിശ്ചിതത്വങ്ങളുടെ, അന്തം വിടലുകളുടെ, മടുപ്പിന്റെ,
കാത്തിരിപ്പിന്റെ യാത്രാനേരങ്ങള്‍.

സ്മിത മീനാക്ഷി said...

അതേയ് എച്മു, മനുഷ്യനെ ഭ്രാന്തു പിടിപ്പിച്ചേ അടങ്ങൂ എന്നാണോ? ( ഒത്തിരി ഇഷ്ടമായി കേട്ടൊ , നന്ദി )

vettathan said...

യാത്രാവിവരണം ഇഷ്ടപ്പെട്ടു.പ്രലോഭിപ്പിക്കരുത്. ഞങ്ങളും പൊയ്ക്കളയും

ഭാനു കളരിക്കല്‍ said...

എച്ചുമുവിന്റെ ഈ യാത്രാ വിവരണ കഥയുടെ പേരാണ് (
ഡെഹ്റാഡൂണ്‍ ഒരു പച്ചച്ച മരമായിരുന്നു.) വളരെ ഇഷ്ട്ടമായത്. ആ കാവ്യാത്മകത വിവരണത്തിലുടനീളം കാണാൻ കഴിഞ്ഞില്ല്യ.

ഒരു പക്ഷേ എച്ചുമു കഥയിൽ ഒരു ദുരന്തം പ്രതീക്ഷിക്കുന്ന എന്റെ മനസ്സ് ആണോ എന്നെ പറ്റിച്ചു കളഞ്ഞത്? അറിയില്ല്യ .

എന്തായാലും
കഥയുടെ പേര് തെരഞ്ഞെടുക്കുന്നതിൽ എച്ചുമു ശ്രദ്ധിക്കുന്നില്ലെന്ന എന്റെ പരാതി തീർന്നു .

niDheEsH kRisHnaN @ ~അമൃതംഗമയ~ said...


ഇതിങ്ങനെ നീണ്ട് നീണ്ട് ... ഒരു യാത്ര പോലെ , അനന്തതയിലേക്ക് നീളുന്ന അക്ഷരങ്ങൾ പോലെ . ഒന്നൂടെ വായിക്കണം

മൻസൂർ അബ്ദു ചെറുവാടി said...

ഇഷ്ടായി ഇത് .

നമ്മളെ ഏരിയയിൽ കൈവെച്ചു അല്ലെ... ഇനി വേറെ ജോലി നോക്കണം :) .

ഒരു കഥയായി എഴുതിയപ്പോൾ നല്ല രസകരമായി . പിന്നെ കാൽപനിക സ്വപ്നങ്ങളിൽ വന്നു ചേരാറുള്ള കുറെ ബിംബങ്ങൾ ഇതിലുണ്ട് .

നന്നായി എച്മൂ

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

നാട്ടുപച്ചയില്‍ വായിച്ചിരുന്നു.

ഉശിരന്‍ കാഴ്ചകള്‍ തന്നെ.
സുന്ദരമായ ഒരു പ്രണയം താഴ്വരകളിലൂടെ സമ്മാനിച്ചപ്പോള്‍ വളരെയേറെ കാണാക്ക്ഴ്ചകള്‍ തുറന്നത് മനോഹരമായ വിവരണത്തിലൂടെ. അങ്കൂറി എന്നൊരു രസികന്‍ വാറ്റ് പോലെയും നേരം വെളുക്കുമ്പോള്‍ ആപ്പിള്‍ വിരിയുന്നത് കാണുന്നതും ഗുജറാത്തിലെ ദാരിദ്ര്യസങ്കടങ്ങളും ഒക്കെക്കൂടി ഭംഗിയായ കാഴ്ച നല്‍കി.

Cv Thankappan said...

കൊച്ചുകൊച്ചു തമാശകളും കാഴ്ചകളുമായി ഒരു യാത്രാവിശേഷം!
ആശംസകള്‍

ente lokam said...

സത്യം പറഞ്ഞാൽ ഭാനു പറഞ്ഞത്
പോലെ എവിടെ എങ്കിലും ഒരു
ദുരന്തം വരുന്നോ എന്ന് പേടിച്ചാണ് വായിച്ചത്.


യാത്ര തന്നെ ആണ് എന്ന് ഉറപ്പു വരുത്തിയപ്പോൾ ആദ്യം മുതൽ ആസ്വദിച്ചു ഒരിക്കൽ കൂടി വായിച്ചു.

കഥ പോലൊരു യാത്ര.. പ്രണയം പോലൊരു യാത്ര
സ്വപ്നം പോലൊരു യാത്ര.. അഭിനന്ദനങ്ങൾ എച്മു .


യാത്രാ വിവരണത്തിൽ ഒരു പുതിയ കാൽ വെയ്പ്പ് എന്ന് ഞാൻ ഇതിനെ വിളിക്കും..

ente lokam said...

അവതാരിക:
ഓടിക്കിതച്ചു റെയിൽവേ
സ്റ്റേഷനിൽ എത്തുമ്പോൾ അവസാന ബോഗിയും സ്റ്റേഷൻ വിട്ടു പോകുന്നത് നോക്കി നിന്നാൽ കാണാം വലിയ ഒരു X മാർക്ക്‌.അത് ബോഗിയുടെ പുറത്തുള്ള
വലിയ ഒരു ഗുണന ചിഹ്നം.വണ്ടി വിട്ടു പോയി എന്ന് സാരം... അവതാരിക സമയത്ത് തന്നെ എല്ലാ
വണ്ടിയിലും കയറാറുണ്ട്.അല്ലെങ്കിൽ ട്രെയിന യാത്ര അത്ര പരിചിതം അല്ല അല്ലെ?

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രപ്പണ്ടാരമാകുമ്പോൾ
അവൽക്കിതുപോൽ നല്ല ഊരുചുറ്റൽ
വിശേഷങ്ങളൊക്കൊ കഥയുടെ മേമ്പോടിയൊക്കെ
ചേർത്ത് മനോഹരമായി വിളമ്പിവെക്കാമല്ലോ..


അതാണ് സ്ഥിരം പാതവിട്ടുള്ള
ഈ എഴുത്തിൽ കൂടി വായനക്കാറിപ്പോൾ
മനസ്സിലാക്കിയിരിക്കുന്നത് കേട്ടൊ എച്മു.

അസ്സലായിരിക്കുന്നൂ...!

ajith said...

എച്മു ടച്ച്

Pradeep Kumar said...

യാത്ര ഇങ്ങിനെയും പറയാം ഇല്ലെ.... ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ തിടുക്കത്തിലൊരു സഞ്ചാരം... ആരും ശ്രദ്ധിക്കാത്ത ഗ്രാമീണതയുടെ വിഭിന്ന മുഖങ്ങള്‍ ,പിന്നെ വിശദമായൊരു ഡറാഡൂണ്‍ കാഴ്ച... അന്തര്‍ധാരയായി അവനും അവളും, അവളുടെ ചിന്തകളും....

ഇഷ്ടമായി ഈ യാത്രക്കഥ......

© Mubi said...

എന്തൊരു രസാണ് ഈ യാത്ര.. കൊതിയാവുന്നു....

Echmukutty said...

മിനി ടീച്ചര്‍ ആദ്യം വന്നല്ലോ. സന്തോഷം... വായിച്ചിട്ട് അഭിപ്രായം അറിയിക്കണം കേട്ടോ...

ശ്രീനാഥന്‍ മാഷ്ടെ അഭിപ്രായം വായിച്ച് സന്തോഷിക്കുന്നു.

യാത്രികനെ കണ്ടിട്ട് എത്ര നാളായി? വന്നതില്‍ വലിയ ആഹ്ലാദം... എന്നെ മറന്നുവെന്നാണ് ഞാന്‍ വിചാരിച്ചത്...

അഭിക്കും ശ്രീക്കും നന്ദി. ശ്രീ ഇനിയും വായിക്കുമെന്ന് കരുതട്ടെ.

അതെ, കഥയില്ലാത്തവള്‍ പറഞ്ഞത് സത്യം... അവളോട് അസൂയ തന്നെ..

ഉണ്ണിച്ചേട്ടന്‍ വായിച്ചതില്‍ സന്തോഷം..





Echmukutty said...

തന്നെ? നേനക്കുട്ടി വിശ്വസിച്ചോ? എനിക്ക് സന്തോഷമായി...

ഇത് പലപ്പോഴായി ചെയ്ത കുറെ ചെറുതും വലുതുമായ യാത്രകളുടെ ഓര്‍മ്മകളാണ് അവതാരിക. റെയില്‍ വേ സ്റ്റേഷനിലെ X എന്തെന്ന് എന്‍റെ ലോകം വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. വായിച്ചതില്‍ വലിയ സന്തോഷം...

നമ്മുടെ മുല്ലയുടെ വാക്കുകളാണ് ഈ എഴുത്തിനു പ്രേരിപ്പിച്ചത്, അനില്‍. ഇനി കൊച്ചു കൊച്ചു കുറിപ്പുകള്‍ എഴുതാന്‍ ശ്രമിക്കാം...

എന്നെ എപ്പോഴും മനസ്സ് തകര്‍ത്തു കളയുന്ന ആള്‍ എന്നല്ലേ ഇന്ഡ്യാ ഹെറിട്ടേജു വിളിക്കുന്നേ? ഇതു വായിച്ചിട്ട് എന്തു പറയുമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഇഷ്ടമായി ഈ കഥയെന്നറിഞ്ഞ് സന്തോഷിക്കുന്നു.

എത്ര നാളായീ ഒരില എന്നോട് മിണ്ടീട്ട്... എനിക്ക് വലിയ സന്തോഷമായി. വന്നല്ലോ എന്നെ കാണാന്‍...

സ്മിതയ്ക്ക് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം കേട്ടോ. ഇനീം വരണേ...





Echmukutty said...

പ്രലോഭിപ്പിച്ചത് തന്നാ... വെട്ടത്താന്‍ ചേട്ടന്‍ യാത്ര പോയി വരൂ.

അപ്പോ ഭാനൂനും എന്‍റെ കഥേലു സങ്കടം മാത്രം പ്രതീക്ഷിക്കണ രീതി ഉണ്ട് അല്ലേ? എന്നാലും തലക്കെട്ടില്‍ എന്നെ അഭിനന്ദിച്ചല്ലോ... സന്തോഷം.

നിധീഷ് വായിച്ചതില്‍ സന്തോഷം .ഒന്നും കൂടി വായിക്കും എന്നു കരുതുന്നു.

ചെറുവാടി വന്ന് ഇത്ര നല്ല ഒരു അഭിപ്രായം എഴുതിയതില്‍ എനിക്ക് വലിയ ആഹ്ലാദം തോന്നുന്നു. ഇനീം വരണേ...

രാംജിക്കും എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു.

തങ്കപ്പന്‍ ചേട്ടന് നന്ദി.

ആഹാ! അപ്പോ എന്‍റെ ലോകവും ദുരന്തം വരുമെന്ന് പേടിച്ചോ? ഇഷ്ടമായീ ഈ കഥയെന്നറിഞ്ഞ് എനിക്ക് സന്തോഷം കേട്ടോ. x എന്തെന്ന് വിശദീകരിച്ചതിനു ഒരു സ്പെഷ്യല്‍ നന്ദി.

Unknown said...

എച്മിക്കുട്ടി, പശ്ചാത്തല വിവരണങ്ങള്‍ വളരെ ഭംഗിയായിട്ടുണ്ട്‌, നേരിട്ട്‌ കാണുന്ന പ്രതീതി ഉണ്ടായി. യാത്രാവിവരണവും ഒപ്പം ഒരു കഥയും ഒന്നിച്ചു പറയുന്ന രീതി നന്നായിട്ടുണ്ട്‌. ദൈര്‍ഘ്യം കൂടുമൊ എന്ന ഭയമില്ലാതെ എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടി മനോഹരമാകുമായിരുന്നു.

ബഷീർ said...

ഏറെ യാത്ര ചെയ്യാനാഗ്രഹമുണ്ടെങ്കിലും ഒന്നിനും സാധിക്കാതെ വരുന്നവർക്ക് ഇവിടെയൊക്കെ യാത്ര ചെയ്ത അനുഭവം മനസിലാവാഹിക്കാനുതകുന്ന വിവരണം.. ആശംസകൾ

സുസ്മേഷ് ചന്ത്രോത്ത് said...

വായിച്ചു.സന്തോഷം.ആശംസകള്‍ .

പ്രയാണ്‍ said...

tricky... enjoyed a lot...:) & nostalgic about the fellow traveller..;)

റോസാപ്പൂക്കള്‍ said...

എച്ചുമോ...രസിച്ചു വായിച്ചു.
പച്ചമരത്തണലില്‍ ഇരുന്നു ഒന്ന് ചുറ്റിയടിച്ചു. സന്തോഷം

SHANAVAS said...

എച്മു എന്ത് എഴുതിയാലും അതില്‍ ഒരു എച്മു ടച് കാണാന്‍ കഴിയും.. ഇതും അതില്‍ നിന്ന് വ്യത്യസ്തം അല്ല.. നല്ല കഥ.. അല്ല .. നല്ല വിവരണം..ആശംസകള്‍..

റിനി ശബരി said...

ഹോ കലേച്ചീ , നല്ലൊരു അകമ്പടിയോടെ
പറഞ്ഞ് തീര്‍ത്തത് ഒരിക്കലും കണ്ടുമുട്ടാന്‍
ഇടയില്ലാത്ത വഴികളിലൂടെയാണ് , കൊതിച്ച വഴികളിലൂടെ ..
അപ്രതീക്ഷിതമാകണം ഒരൊ യാത്രയുമെന്ന് ഞാന്‍ എപ്പൊഴും കൊതിക്കും
ഒരു തയ്യാറെടുപ്പുമില്ലാതെ , ചെറു ആകുലതയുമായി ചെന്നു കേറുക
നമ്മുക്ക് ഒരിക്കലും പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് ..
മനസ്സ് കൊതിച്ച് പൊകുന്ന പലതും ഇടയില്‍ ഇടയില്‍
കൊരുത്ത് വച്ചു , ഇടക്ക് ഇങ്ങനെയുള്ള യാത്രകള്‍ ആരാണ് കൊതിച്ച് പൊകാത്തത് ..
ഇത്തവണ കൊല്‍ക്കത്ത പോയപ്പൊള്‍ പ്ലാന്‍ ചെയ്തതാണ്
ഡെറാഡൂണ്‍ യാത്ര , പക്ഷേ എന്തൊ ചില കാരണങ്ങളാല്‍ അത് ഒഴിവായി പോയി
ഇനി , എന്നാണാവോ ? ഈ യാത്ര വിവരണം എനിക്കിഷ്ടായി
റഫായിട്ടുള്ള ഒരു യാത്ര , അതില്‍ പ്രണയം കിനിയുന്ന മനസ്സുകളുമായീ ..
ഒന്നുടെ ഒന്നു വായിക്കണം ചില സ്ഥലങ്ങള്‍ ഭാവിയില്‍ പ്രയോജനപെട്ടെക്കും ..!

ഒരു കുഞ്ഞുമയിൽപീലി said...

ആഹാ അങ്ങിനെ ഞാനും കണ്ടു ഡെറാഡൂൺ . ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയിൽപീലി

വീകെ said...

യാത്രാ വിവരണം നന്നായി.
ഒന്നു കൂടി വായിച്ചാലെ ശരിയാകൂ....

Admin said...

യാത്രാവിവരണം നന്നായി. വീണ്ടും വന്ന് വിശദമായി വായിക്കാം.

Typist | എഴുത്തുകാരി said...

ഇത്തിരി നീളക്കൂടുതലുണ്ടെന്നു തോന്നി. എന്നാലും രസിച്ചു വായിച്ചു.

ChethuVasu said...

Often journeys are travels in distance and time.... Some times it does the work of time machine..

Aarsha Abhilash said...

മനോഹരം കലചെച്ചീ.... ഒരിക്കല്‍ ടെരാടൂനില്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു...ഇനി പോകുന്നില്ല, കാരണം ഡെഹ്രാഡൂണ്‍ ഇപ്പൊ എനിക്കൊരു പച്ചച്ച മരമാണ്.... ആ സുഖം കളയുന്നില്ല...!!!! thank u

നളിനകുമാരി said...

ഊരുചുറ്റാൻ കൊതിയാണ് ഈയുള്ളവൾക്കും. സാധിക്കുന്നില്ല , അതുകൊണ്ട്
ഊരുചുറ്റി വരുന്ന 'ഭാഗ്യശാലികളുടെ വിവരണങ്ങൾ വായിച്ച് , ടിക്കറ്റ് എടുക്കാതെ യാത്രകൾ ആസ്വദിക്കാറാണ് പതിവ് .
kathayillathaval ezhuthiyapole njanum parayunnu...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൊറേ ദേവ കിന്നരന്മാര്‍ ഇറങ്ങിക്കോളും .ഡേറാഡൂണ്‍ മരമാണ് ,കിളിയാണ് എന്നൊക്കെ പറഞ്ഞ്,,ഞങ്ങള്‍ പാവം മനുഷ്യര്‍ ആണ് എച്ചുമൂ ,,ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതെ .,..:)