Thursday, June 13, 2013

വ്യത്യസ്തമായ കഴിവുകളുള്ളവര്‍......


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ജൂണ്‍ 7  നു  പ്രസിദ്ധീകരിച്ചത്. )

നമ്മള്‍ ഇങ്ങനെ  ഒരു  പ്രത്യേക  പേര് അവര്‍ക്കൊക്കെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.  പല തരത്തില്‍  വ്യത്യസ്തരായ നമ്മുടെ കുറെ  സഹോദരങ്ങള്‍ക്ക് .... അതെ ഞാന്‍ പറയുന്നത് മൂകരെയും അന്ധരെയും ബധിരരെയും കുറിച്ചു മാത്രമല്ല, പരിപൂര്‍ണ മനുഷ്യരെന്ന വളര്‍ച്ചയും  വടിവുമൊത്ത മനോഹരമായ കള്ളികളില്‍ പെടുകയില്ലെന്ന് സമൂഹം കരുതുന്ന എല്ലാവരെക്കുറിച്ചുമാണ്. അവരില്‍ മുടന്തി നടക്കുന്നവരും   ഒട്ടും ചലനശേഷിയില്ലാത്തവരും ശരീരത്തിന്‍റെ സമനില പൂര്‍ണമായും  നഷ്ടപ്പെട്ടവരും ചെറിയ മാനസിക പ്രശ്നങ്ങളുള്ളവരും  അങ്ങനെ എല്ലാവരും  ഉള്‍പ്പെടും. 

കുറച്ചു  വര്‍ഷങ്ങള്‍ക്ക് മുന്‍പ്   വാരാണസിയിലാണ്  ശാരീരികമായും കുറച്ചൊക്കെ മാനസികമായും പലതരം അവശതകളുള്ള ഒരു കൂട്ടം മനുഷ്യര്‍ക്ക്  സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതിനാവശ്യമായ ചില  ഉപാധികളുമായി ഒരു താമസസ്ഥലം  നിര്‍മ്മിക്കുന്ന  ജോലിയില്‍ ഞാന്‍ പങ്കെടുത്തത്. ഈ  സഹോദരങ്ങളൂടെ വ്യത്യസ്തങ്ങളായ  ദുരിതങ്ങളുമായി ഞാന്‍ നേരിട്ട് പരിചയത്തിലാവുന്നതും അവിടെ വെച്ചാണ്. എനിക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പല  കാര്യങ്ങളും ചെയ്യാന്‍ അവര്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്ന്  വീണ്ടും വീണ്ടും  കണ്ടു  മനസ്സിലാക്കുന്നത് തികച്ചും വേദനാജനകമായ ഒരനുഭവമായിരുന്നു. ഒരു ചെറിയ ഉറുമ്പിനു പോലും അവരുടെ ജീവിതത്തില്‍ എത്ര  വലിയ കുഴപ്പമുണ്ടാക്കാനും അവരെ  നിസ്സഹായരാക്കാനുമാവുമെന്ന് കണ്ടുകൊണ്ടിരിക്കുക ദയനീയമായിരുന്നു.     

ഇപ്പോള്‍ കുറച്ചു നാളായി അതുമാതിരിയുള്ളവര്‍ക്കൊപ്പമാണ്  വീണ്ടും ഞാന്‍. വായിച്ചും  പറഞ്ഞു കേട്ടും  മനസ്സിലാക്കുന്നതും കണ്ടറിഞ്ഞു അനുഭവിച്ചു മനസ്സിലാക്കുന്നതും തമ്മില്‍ എത്ര വലിയ അന്തരമുണ്ടെന്ന്  നമ്മുടേതില്‍  നിന്ന് വ്യത്യസ്തമായ അവരുടെ ലോകത്തില്‍ ജീവിക്കുമ്പോഴേ  നമ്മള്‍ കൃത്യമായി  അറിയുകയുള്ളൂവെന്ന്  എനിക്കിപ്പോള്‍  തോന്നുന്നുണ്ട്. കാരണം മനസ്സില്‍  വിചാരിക്കുന്നത്  പ്രകടിപ്പിക്കുവാന്‍ അവര്‍ക്ക് കൈവശമുള്ള ഉപാധികള്‍ എണ്ണത്തില്‍ കുറവാണ്. അത് ചെറിയ നഷ്ടങ്ങളില്‍  നിന്ന് വലിയ വലിയ നഷ്ടങ്ങളിലൂടെ സഞ്ചരിച്ച്  പലപ്പോഴും ഒന്നുമില്ലായ്മയില്‍ പോലും ചെന്നു നില്‍ക്കുന്നു. എന്നിട്ടും പതറാതെ ജീവിതത്തിനോട് പടവെട്ടുന്ന അവരുടെ മുന്നില്‍ നിന്നായിരിക്കും നമ്മള്‍ ഷേവ് ചെയ്തപ്പോഴുണ്ടായ  കൊച്ചു മുറിവിനെ പറ്റി ആകുലരാകുന്നത്, കൊഴിഞ്ഞു പോകുന്ന തലമുടിയുടെ എണ്ണത്തെപ്പറ്റി ബേജാറാകുന്നത്. ഹോ!  ഇതൊക്കെ  കാരണം  ഇനി എന്തൊക്കെയാണാവോ ബുദ്ധിമുട്ടുണ്ടാവുകയെന്ന്   ഭയപ്പെടുന്നത്...  
 
2011 ലെ സെന്‍സെസ് പ്രകാരം നമ്മൂടെ രാജ്യത്ത് ജനസംഖ്യയുടെ രണ്ട് ശതമാനത്തിലധികം പേര്‍ വ്യത്യസ്തമായ കഴിവുകളുള്ളവരാണ്. ഏകദേശം  58%  പുരുഷന്മാരും  42% സ്ത്രീകളും എന്നതാണ് ഇവരിലെ സ്ത്രീ പുരുഷ അനുപാതം. തമിഴ് നാട്ടില്‍  മാത്രമാണ്  ഇക്കാര്യത്തില്‍ സ്ത്രീകള്‍ അധികമുള്ളത്.   .  വ്യത്യസ്തമായ കഴിവുകളുള്ളവര്‍ ഏറ്റവും കൂടുതലുള്ള  സംസ്ഥാനം ഉത്തര്‍പ്രദേശാകുന്നു.  അന്ധര്‍, ചലന ശേഷി ഇല്ലാത്തവര്‍,  ചെറിയ മാനസിക പ്രശ്നങ്ങളുള്ളവര്‍, സംസാരിക്കാത്തവര്‍, ചെവി കേള്‍ക്കാത്തവര്‍ എന്നീ ക്രമത്തിലാണ് വ്യത്യസ്തമായ കഴിവുകളുള്ളവരുടെ എണ്ണം കൂടുതലില്‍ നിന്ന് കുറവിലേക്ക്  എന്ന  രീതിയില്‍  വിന്യസിക്കപ്പെട്ടിട്ടുള്ളത്.

1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഡിസംബര്‍ 3 വ്യത്യസ്തമായ കഴിവുകളുള്ളവരുടെ ദിവസമായി പ്രഖ്യാപിച്ചത്. അന്തസ്സുറ്റ ജീവിതത്തിന് അവര്‍ക്കുള്ള  ജന്മസിദ്ധമായ മനുഷ്യാവകാശത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു നിലപാടാണ് ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടന സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്ക്കാരികമായും സാമൂഹികമായും  ഉള്ള എല്ലാ അവകാശങ്ങളേയും കുറിച്ച്  മറ്റു മനുഷ്യരെയെല്ലാം ശരിയായി  ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും  ഐക്യരാഷ്ട്ര സംഘടനയ്ക്ക്  അഭിപ്രായമുണ്ട്.

വ്യത്യസ്തമായ കഴിവുകളുള്ള ഈ മനുഷ്യര്‍ പലപ്പോഴും  അന്തസ്സുള്ള ജീവിതമാര്‍ഗ്ഗം സ്വന്തമാക്കുവാനും അങ്ങനെ സ്വന്തം ജീവിതം നിലനിറുത്തുവാനും അതി കഠിനമായി ബുദ്ധിമുട്ടാറുണ്ട്. പൊതുവേ മുഖ്യധാരയില്‍ എത്താത്ത അവരെ വീടിന്നുള്ളില്‍  ഒളിപ്പിച്ചു നിറുത്തുവാനാണ് അധികം ആളുകളും പരിശ്രമിക്കുക.  പൂര്‍ണതയില്‍ അല്‍പം കുറവുണ്ടെന്ന് ആര്‍ക്കും കരുതാനാവുന്ന ഒരു വ്യക്തിയോട് തുല്യമായി  പെരുമാറുവാന്‍ സാധിക്കുന്നത് തന്നെ അഭ്യസനം കൃത്യമായും ആവശ്യമുള്ള ഒരു  മനോഹരമായ കലയാണ്. അതിനു ഏറ്റവും ആദ്യം അവരുടെ അവശത യഥാര്‍ഥത്തില്‍ എന്താണെന്നും അത് എത്രത്തോളമുണ്ടെന്നും അതുകൊണ്ട് അവര്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്നും ശരിയായി മനസ്സിലാക്കണം.  ആ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരങ്ങള്‍   തേടാന്‍ വേണ്ട  ആത്മാര്‍ഥമായ  ആഗ്രഹവും അതിനു വേണ്ട  നിരന്തരമായ പരിശ്രമവും ഉണ്ടാവണം.

അങ്ങനെയാവുമ്പോള്‍ നമ്മുടെ എല്ലാത്തരം കെട്ടിട നിര്‍മ്മാണങ്ങളും , സഞ്ചാരമാര്‍ഗങ്ങളും  മാറ്റിപ്പണിയേണ്ടതായി വരും. നമ്മുടെ  വാഹനങ്ങളൂടെയും  ഉപകരണങ്ങളുടേയും ഡിസൈനുകളും ആകൃതിയും  പ്രവര്‍ത്തനവും നിരീക്ഷിച്ച് അവയിലും വേണ്ടത്ര മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുണ്ടാവും. ആചാരങ്ങളിലും വിശ്വാസങ്ങളിലും കഠിനമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമാകും.  അളവില്ലാത്ത സമത്വചിന്തയും ആത്മാര്‍ഥമായ  അനുതാപവും, ഒടുങ്ങാത്ത പരിഗണനയും  നിത്യവും തിരുത്താനും   പുതുക്കിപ്പണിയാനുമുള്ള  തുറന്ന മനസ്ഥിതിയും  വിവരത്തിന്‍റേയും സാങ്കേതിക വിജ്ഞാനത്തിന്‍റേയും സമ്പത്തിന്‍റേയും  ഒപ്പം ചേരേണ്ട അളവില്‍ അലിയിച്ചു ചേര്‍ത്താലേ വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍  മുതല്‍  വിദ്യാഭ്യാസവും  തൊഴിലും സഞ്ചാര സ്വാതന്ത്ര്യവും  ഉള്‍പ്പടെ അന്തസ്സുറ്റ ജീവിതമാര്‍ഗങ്ങളും സ്വയം പര്യാപ്തതയും ഉണ്ടാവൂ. 

എല്ലാം തികഞ്ഞ  അധ്വാനികളായ പൂര്‍ണ മനുഷ്യര്‍ക്ക്  തന്നെ ജീവിക്കാന്‍ വഴിയില്ല, അപ്പോഴാണ് ഇതുമാതിരി പണിയെടുക്കാന്‍  പോലും പറ്റാത്തവര്‍ക്ക് ലഭ്യമാകേണ്ട അവസരങ്ങളെക്കുറിച്ച് പറയുന്നതെന്ന് എപ്പോഴത്തേയും പോലെ നിസ്സാരമാക്കാന്‍ വരട്ടെ. കാരണം എല്ലാം തികഞ്ഞവരില്‍  നിന്ന് കുറവുകളുള്ളവരിലേക്കുള്ള അകലം പലപ്പോഴും ഒരു പനിയുടേയൊ ഒരു വാഹനാപകടത്തിന്‍റേയോ  അല്ലെങ്കില്‍ നമുക്ക് നിയന്ത്രിക്കാന്‍ തീരെ ആവാത്ത ജനിതക കാരണങ്ങളുടേയോ  ഒക്കെ മാത്രമാണല്ലോ.

23 comments:

ജന്മസുകൃതം said...

അളവില്ലാത്ത സമത്വചിന്തയും ആത്മാര്‍ഥമായ അനുതാപവും, ഒടുങ്ങാത്ത പരിഗണനയും നിത്യവും തിരുത്താനും പുതുക്കിപ്പണിയാനുമുള്ള തുറന്ന മനസ്ഥിതിയും വിവരത്തിന്‍റേയും സാങ്കേതിക വിജ്ഞാനത്തിന്‍റേയും സമ്പത്തിന്‍റേയും ഒപ്പം ചേരേണ്ട അളവില്‍ അലിയിച്ചു ചേര്‍ത്താലേ വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസവും തൊഴിലും സഞ്ചാര സ്വാതന്ത്ര്യവും ഉള്‍പ്പടെ അന്തസ്സുറ്റ ജീവിതമാര്‍ഗങ്ങളും സ്വയം പര്യാപ്തതയും ഉണ്ടാവൂ


naam iniyum ethrayo aazhathil chinthikkendiyirikkunnu.

Unknown said...

അശരണരുടെ , ആലംബ ഹീനരുടെ , മറ്റിതര നിസ്സഹായരുടെ ... അവര്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ , അവര്‍ അനുഭവിക്കുന്ന ആ ഒരു നിര്‍ഭാഗീയത ... അതിനെ മുതലെടുത്ത് അതില്‍ ഊറ്റം കൊണ്ട് .. തന്‍റെ കഴിവും കാര്യപ്രാപ്തിയും അളന്ന് തിട്ടപ്പെടുത്തി അഭിമാനം കൊള്ളുന്ന , താന്‍ എല്ലാത്തിനും പോന്നവനാണെന്ന അഹങ്കാരം തലയില്‍ കയറിയ നല്ലൊരു വിഭാഗം നമുക്കിടയിലുണ്ട്. ആദ്യം അവര്‍ക്കാണ് കൃത്യമായ ബോധവല്‍ക്കരണം ആവശ്യമായിട്ടുള്ളത് .
കാരണം , ബോധവല്‍ക്കരണം ഇനിയും കൊടുത്തില്ലെങ്കില്‍ .... , ഈ അവശരും ആലംബഹീനരും എന്നെന്നും തങ്ങളുടെ അടിയാളുകള്‍ ആണ് എന്ന ആ ധാരണ അവരില്‍ ആഴത്തില്‍ വേരോടും !

Aneesh chandran said...

എങ്ങനെയാണു ഒരു കൂട്ടം ആളുകള്‍ ഒരു സമൂഹത്തില്‍ നിന്നും വേര്‍ത്തിരിക്കപെടുന്നത്. എപ്പോഴാണ് ഇങ്ങനെ സംഭവിച്ചു തുടങ്ങിയത് .കാഴ്ച നഷ്ട്ടമാകുന്ന മനുഷ്യര്‍ ,സമൂഹം ,നാട്.

vettathan said...

മാനസികമോ ശാരീരികമോ ആയ അവശത അനുഭവിക്കുന്ന ഒരംഗം കുടുംബത്തിലുണ്ടെങ്കില്‍ അതിലും വലിയ ദു:ഖം മാതാപിതാക്കള്‍ക്ക് ഉണ്ടാകാനില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"എല്ലാം തികഞ്ഞവരില്‍ നിന്ന് കുറവുകളുള്ളവരിലേക്കുള്ള അകലം പലപ്പോഴും ഒരു പനിയുടേയൊ ഒരു വാഹനാപകടത്തിന്‍റേയോ അല്ലെങ്കില്‍ നമുക്ക് നിയന്ത്രിക്കാന്‍ തീരെ ആവാത്ത ജനിതക കാരണങ്ങളുടേയോ ഒക്കെ മാത്രമാണല്ലോ.



പച്ച ഇലയ്ക്കെപ്പോഴും അറിയാം അത് ഒരിക്കലും പഴുക്കാൻ പോകുന്നില്ലെന്ന് ഒരിക്കലും വീഴാൻ പോകുന്നില്ലെന്ന്

ഏതായാലും ഈ പുണ്യപ്രവൃത്തിയിൽ പങ്കാളി ആകാൻ കഴിയുന്നതിൽ അഭിനന്ദനങ്ങൾ

roopeshvkm said...

വഴിയരുകില്‍ കാണുമ്പോള്‍ സഹതപിക്കാനോ മുഖം തിരിക്കാനോ ശ്രമിക്കുകയും സിനിമയിലും നാടകത്തിലും ഒക്കെ കാണുമ്പോള്‍ ചിരിച്ചുല്ലസിക്കാനും ഉള്ളതാണല്ലോ നമുക്ക് വികലാന്ഗര്‍

Pradeep Kumar said...

ശരിയാണ് എച്ചുമു - എല്ലാം തികഞ്ഞവരായ നമ്മളൊക്കെ വ്യത്യസ്ഥമായ കഴിവുള്ളവരായി മാറാൻ ഒരു നിമിഷാർദ്ധം മതി.

മുകിൽ said...

echmu address cheyyunna vishayangalile vaividhyam kandu santhoshamundu..

ajith said...

ചിന്തോദ്ദീപകമായ ലേഖനം

വീകെ said...

“എല്ലാം തികഞ്ഞ അദ്ധ്വാനികളായ പൂര്‍ണ മനുഷ്യര്‍ക്ക് തന്നെ ജീവിക്കാന്‍ വഴിയില്ല, അപ്പോഴാണ് ഇതുമാതിരി പണിയെടുക്കാന്‍ പോലും പറ്റാത്തവര്‍ക്ക് ലഭ്യമാകേണ്ട അവസരങ്ങളെക്കുറിച്ച് പറയുന്നതെന്ന് എപ്പോഴത്തേയും പോലെ നിസ്സാരമാക്കാന്‍ വരട്ടെ. കാരണം എല്ലാം തികഞ്ഞവരില്‍ നിന്ന് കുറവുകളുള്ളവരിലേക്കുള്ള അകലം പലപ്പോഴും ഒരു പനിയുടേയൊ ഒരു വാഹനാപകടത്തിന്‍റേയോ അല്ലെങ്കില്‍ നമുക്ക് നിയന്ത്രിക്കാന്‍ തീരെ ആവാത്ത ജനിതക കാരണങ്ങളുടേയോ ഒക്കെ മാത്രമാണല്ലോ."

ശരിയാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുകയില്ലെന്ന് പറയുന്നതു പോലെയാണ്, ഒരു നിമിഷനേരം മതി ഒരു വികലാംഗനാകാൻ. പലപ്പോഴും പൂർണ്ണനായ മനുഷ്യർ അത് മറക്കുന്നു.
ആശംസകൾ...

ശ്രീ said...

എന്തു കിട്ടിയാലും എത്ര കിട്ടിയാലും സ്വന്തം ചുറ്റുപാടുകളില്‍ തൃപ്തി തോന്നാത്തവര്‍ ഇങ്ങനെയുള്ളവരെ കുറിച്ച് ഒരു നിമിഷമെങ്കിലും ഓര്‍ത്താല്‍...

Sukanya said...

എല്ലാം തികഞ്ഞവരായ നമ്മള്‍ പരാതിക്കാരാവുമ്പോള്‍ വ്യത്യസ്തമായ കഴിവുള്ളവരെ ഓര്‍ക്കുക. ശ്രീ പറഞ്ഞപോലെ.

എച്മുകുട്ടി, അങ്ങനെയുള്ളവരെ ഓര്‍ക്കുന്നതിനും അവര്‍ക്കുവേണ്ടി എഴുതിയതിലും ആശംസകള്‍.

Echmukutty said...

വളരെ നാള്‍ കൂടി ജന്മസുകൃതം എന്നെ കാണാന്‍ വന്നത് എന്‍റെ സുകൃതമായി കാണുന്നു. സന്തോഷം.
ഹംസജി വായിച്ച് അഭിപ്രായമെഴുതിയതില്‍ സന്തോഷം.
അനീസ്,
വെട്ടത്താന്‍ ചേട്ടന്‍,
ഇന്ഡ്യാ ഹെറിട്ടേജ് എല്ലാവര്‍ക്കും നന്ദി.


Echmukutty said...

രൂപേഷ്,
പ്രദീപ് മാഷ്,
മുകില്‍,
അജിത്തേട്ടന്‍,
വികെ,
ശ്രീ,
സുകന്യ എല്ലാവര്‍ക്കും വരവിനും വായനയ്ക്കും നന്ദി.


ChethuVasu said...
This comment has been removed by the author.
ChethuVasu said...

First of all a truck load of appreciations to the author for being there right in the middle of the lives of the differently abled ones.. I am not sure if our society and people can really understand the term in its true sense . Since we as a society is still only just baby steps away from the rule of the jungle which always demanded the removal of unfit and inefficient from the mainstream, thereby saving energy and scarce resources for themselves . Conditioned by nature it is hard for an Indian to really equate himself with the one who feel is under grown or deficient .Hence, we always had the clowns in the circus n the dwarfs in the films and handicapped in comedy programs to ' entertain' 'people' who, strangely consider themselves as perfect humans !. In the given situation the mainstream society would not spend any attention to the lives of the misfit and, at best just give a cost-free empathy as lip service and then pass on the burden to 'their' God for further action if at all any is required , absolving themselves of the sin.

Often a few men and women , how ever few they are , who possess an evolved sense of 'justice ' try their bit to challenge this nature imposed Darwinian behavior . The injustice of in equal treatment and the denial of right to equal existence to a fellow human cuts deep in their psyche and make them do a little more than the average , not withstanding its outcome..
Well, that is why we are humans and still remain so .. But for this few men and women who stood up against the will of nature we would have been still hunting down each other in the forests dumping the unfit by the aside while moving on to the next greenish patch in search of the fulfillment of our basic desires..

with the advent of genetic engineering and considering the remarkable progress we have made so far in this field, I am sanguine that in the foreseeable future the differentially abled would not need to look for the cosmetic mercy and recognition from the mainstream.

Jenish said...

വ്യത്യസ്തമായ കഴിവുകളുള്ളവർ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു..

ഭാനു കളരിക്കല്‍ said...

സാങ്കേതിക വിദ്യകളുടെ മുന്നേറ്റം അംഗവൈകല്യമുള്ളവരുടെ ജീവിതം അനായാസമാക്കി കഴിഞ്ഞിട്ടുണ്ട് . വികസിത രാജ്യങ്ങളിൽ ഇന്ന് പരസഹായമില്ലാതെ അത്തരം ആളുകൾക്ക് സുഖകരമായി ജീവിക്കാം. അതിനനുസൃതമായി ആണ് പബ്ലിക്ക് ബസ്സുകൾ, മെട്രോ, ടോയ്ലറ്റുകൾ, ചന്തകൾ ഒക്കെ ഉണ്ടാക്കുന്നത്‌. അവർക്ക് പഠിക്കാനും മറ്റുള്ളവരെപ്പോലെ ജോലിചെയ്യാനും യാത്ര ചെയ്യാനും കളിക്കാനും എല്ലാം സൌകര്യങ്ങളുണ്ട്.

ദേശസ്നേഹമില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങൾ ഭരിച്ചു മുടിക്കുമ്പോൾ സമാന്തര കൂട്ടായ്മകളിലൂടെ മുറിവുകളിൽ മരുന്നു പുരട്ടാനേ നമുക്ക് കഴിയൂ.

ഭാനു കളരിക്കല്‍ said...

സാങ്കേതിക വിദ്യകളുടെ മുന്നേറ്റം അംഗവൈകല്യമുള്ളവരുടെ ജീവിതം അനായാസമാക്കി കഴിഞ്ഞിട്ടുണ്ട് . വികസിത രാജ്യങ്ങളിൽ ഇന്ന് പരസഹായമില്ലാതെ അത്തരം ആളുകൾക്ക് സുഖകരമായി ജീവിക്കാം. അതിനനുസൃതമായി ആണ് പബ്ലിക്ക് ബസ്സുകൾ, മെട്രോ, ടോയ്ലറ്റുകൾ, ചന്തകൾ ഒക്കെ ഉണ്ടാക്കുന്നത്‌. അവർക്ക് പഠിക്കാനും മറ്റുള്ളവരെപ്പോലെ ജോലിചെയ്യാനും യാത്ര ചെയ്യാനും കളിക്കാനും എല്ലാം സൌകര്യങ്ങളുണ്ട്.

ദേശസ്നേഹമില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങൾ ഭരിച്ചു മുടിക്കുമ്പോൾ സമാന്തര കൂട്ടായ്മകളിലൂടെ മുറിവുകളിൽ മരുന്നു പുരട്ടാനേ നമുക്ക് കഴിയൂ.

അക്ഷരപകര്‍ച്ചകള്‍. said...

നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ!

Madhusudanan P.V. said...

പലരും ശ്രദ്ധിക്കാത്ത കാലിക പ്രാധാന്യമുള്ള ഒരു വിഷയം, വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചതിനു നന്ദി. ആശംസകൾ

Echmukutty said...

വായിച്ച് അഭിപ്രായമെഴുതി പ്രോല്‍സാഹിപ്പിക്കുന്ന എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി...

Muralee Mukundan , ബിലാത്തിപട്ടണം said...

വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസവും തൊഴിലും സഞ്ചാര സ്വാതന്ത്ര്യവും ഉള്‍പ്പടെ അന്തസ്സുറ്റ ജീവിതമാര്‍ഗങ്ങളും സ്വയം പര്യാപ്തതയും ഉണ്ടാക്കുവാൻ വേണ്ടി ഇവിടെ ഈ പാശ്ചാത്യരാജ്യങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോഴാണ് നാമൊക്കെ ഇവർക്കൊന്നും വേണ്ടി ഇത്രയേ ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാകൂ...!