ഏറിയ കൂറും സ്ലേറ്റ് പെന്സിലുകള് ഒരു നരച്ച കറുപ്പ് വര്ണമുള്ളവയായിരുന്നു. അവ പൊട്ടിപ്പോകാതെ സ്കൂള്‍ വരാന്തയിലോ അല്ലെങ്കില്‍
അതു പോലെ പരുക്കന്‍ പ്രതലത്തിലോ
ഉരച്ച് കൂര്‍പ്പിക്കുന്നതും ഒരു കലയായിരുന്നു.
അക്കാര്യത്തില്‍ ആനിയായിരുന്നു മിടുക്കി.
എന്റെ മാത്രം കൂട്ടുകാരിയായിരുന്നു ആനി. പനിയുടെ
മണമുള്ള ആനി. അവളുടെ വായിൽ നിന്ന് കൊഴുത്ത തുപ്പലും കയ്പിന്റെ മണവും എപ്പോഴും വായുവിൽ വ്യാപിച്ചു. അവളോട് ആരും കൂടിയിരുന്നില്ല. എന്തുകൊണ്ടോ എനിക്ക് അവളെ
വളരെ ഇഷ്ടമായിരുന്നു. അതാവണം, ആ തുപ്പൽ തുള്ളികളും കയ്പ് ഗന്ധവും ഞാൻ ശ്രദ്ധിച്ചതേയില്ല.
ആനി സ്ലേറ്റ് പെന്‍സില്‍ രുചിയോടെ കടിച്ചു
തിന്നുമായിരുന്നു. അവളെ അനുകരിക്കാന്‍
ഞാനും പലവട്ടം ശ്രമിച്ചിട്ടുണ്ട്. യാതൊരു
സ്വാദും തോന്നാത്ത ഈ സ്ലേറ്റ് പെന്സിലിനെ
ജിലേബിയോ ലഡ്ഡുവോ പോലെ ആഹ്ലാദത്തോടെ അവള് എങ്ങനെ
തിന്നുന്നുവെന്ന് എനിക്ക്
ഒട്ടും മനസ്സിലായില്ല. എങ്കിലും സ്ലേറ്റ്
പെന്സിലുകള് ഞാന്‍ അവള്‍ക്ക്
കൊടുത്തിരുന്നു, ഞാനിങ്ങനെ
കണ്ണും മൂക്കുമില്ലാതെ അത് ചെലവാക്കരുതെന്ന് അമ്മീമ്മ സദാ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന എന്റെ ആ കുട്ടിക്കാലത്തും .
ഇന്റര്‍വെല്‍ സമയങ്ങളില്‍ സ്കൂള്‍ മുറ്റത്ത് ചിതറിക്കിടക്കുന്ന സ്ലേറ്റ്
പെന്സില്ത്തുണ്ടങ്ങള് ആനി ശേഖരിച്ചു
പോന്നു. ഞാനും അവള്‍ക്കൊപ്പം
കൂടാറുണ്ടായിരുന്നു. അതുകൊണ്ട് തിന്നാനാവശ്യമായ പെന്സില്ത്തുണ്ടങ്ങള്
എപ്പോഴും അവളുടെ പക്കല്‍ ഉണ്ടായിരുന്നു.
ആയിടയ്ക്കാണ്
സ്കൂളിനു മുന്നിലെ ഗോപാലേട്ടന്റെ പെട്ടിക്കടയില്‍ പാല്‍പ്പെന്‍സില്‍ എന്ന പേരില്‍
രണ്ടു തരം വെളുത്ത സ്ലേറ്റ് പെന്സിലുകള് പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം
കൊണ്ട് അവ താരങ്ങളായിത്തീര്‍ന്നു.
എല്ലാവരും പാല്‍പ്പെന്‍സില്‍ കൊണ്ട്
എഴുതുവാന്‍ തുടങ്ങി. നിലത്തിട്ടാല്‍
മണി കിലുങ്ങുന്ന ഒച്ചയില്‍ നറുങ്ങനെ പിറുങ്ങനെ ഒടിഞ്ഞു പോകുന്ന തരം പാല്പ്പെന്സിലിനു വിലയും കുറവായിരുന്നു. എന്നാല്‍ വളരെ മൃദുലമായി എഴുതുന്ന,
കാഴ്ചയിലും വിലയിലും ആഡ്യത്തം കൂടിയ പാല്പ്പെന്സിലായിരുന്നു സൂപ്പര്‍ താരം.
ആ പാല്‍പ്പെന്‍സില്‍ കിട്ടുവാന്‍ വേണ്ടി
ഗോപാലേട്ടന്റെ മകന് വേണുവിന്
എല്ലാവരും മാങ്ങയും പുളിങ്കുരുവും മല്ലിക്കുരുവും
ശര്‍ക്കരയും ഒക്കെ കൈക്കൂലി
കൊടുത്തിട്ടുണ്ട്. വേണു ആഢ്യന്‍ പാല്‍പ്പെന്‍സില്‍ പുതിയ സ്റ്റോക്
വന്നിട്ടുണ്ടെന്ന് മാങ്ങയും ശര്‍ക്കരയും മറ്റും സമ്മാനിച്ചവരോട് പറഞ്ഞു കൊടുക്കും.
പിറ്റേന്ന് പാല്പ്പെന്സിലുകളുമായി
അവരൊക്കെ വലിയ ഗമയില്‍ ക്ലാസ്സില്‍
വരും. പല നിറങ്ങളുള്ള വലിയ ഷോ ബട്ടണ്‍, നറുനെയ്യില്‍ അമ്മീമ്മ
ഉണ്ടാക്കിയ മൈസൂര്‍പാക്ക്, അച്ഛന് ഏതോ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് നല്കിയ മിന്നുന്ന അളുക്ക് ഇതു
മാതിരിയുള്ള സ്പെഷ്യല്‍ സാധനങ്ങള്‍ ഞാനും വേണുവിനു കൊടുത്തിട്ടുണ്ട്.
ആ
മൃദുലമായ പാല്പ്പെന്സിലും ആനി രുചിയോടെ
തിന്നിരുന്നു. കരിപ്പെന്സിലിനേക്കാള്
സ്വാദുണ്ടെന്നും അവള് പറഞ്ഞു.
ഞാനും പരീക്ഷിച്ചുവെങ്കിലും എനിക്ക്
ഇഷ്ടമായില്ല.
ആനിയില്‍
നിന്നാണ് ഈശോയുടെ ശരീരമായ
അപ്പത്തെക്കുറിച്ച് ഞാന്‍ ആദ്യം കേൾക്കുന്നത്. ആ അപ്പം
വെളുവെളുത്തിരിക്കുമെന്നും അതിനു ഐസ്
ഫ്രൂട്ടിന്റെ തണുപ്പാണെന്നും ആനി പറഞ്ഞു.
ആ അപ്പം കടിക്കാന്‍ പാടില്ല, അത് വായിലിട്ട് അലിയിക്കാനേ പാടുള്ളൂ. അബദ്ധത്തില്‍
കടിച്ചു പോയാലോ എന്ന എന്റെ ഉല്‍ക്കണ്ഠയ്ക്ക് വായ് നിറയെ രക്തം വരുമെന്ന ഭീതിപ്പെടുത്തുന്ന ഉത്തരമാണ്
കിട്ടിയത്.
അമ്പലത്തിൽ പോവുന്ന എനിക്ക് എവിടുന്നാണ് ആ അപ്പം കിട്ടുകയെന്ന് ഞാന്‍ തല പുകഞ്ഞ് ആലോചിച്ചു. എനിക്ക് ഉത്തരമൊന്നും തോന്നിയില്ല.
ആ അപ്പം മറ്റാർക്കും
കൊടുക്കുവാൻ പാടില്ലെന്ന് ആനി പറഞ്ഞു. അല്ലെങ്കിൽ അവൾ എനിക്ക്
കൊണ്ടു വന്നു തരുമായിരുന്നു. കുറച്ചു കൂടി വലുതായതിനു ശേഷം അവൾക്കൊപ്പം പള്ളിയിൽ പോയി ആ അപ്പം പള്ളീലച്ചന്റെ പക്കൽ നിന്നും ചോദിച്ച് മേടിയ്ക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. മുഴുവൻ അപ്പവും എനിക്ക് തരണമെന്നില്ല. ഒരു ലേശം പിച്ചിത്തന്നാൽ മതി. എനിക്ക്
അപ്പം ഒരു പൊട്ടു തിന്നാൽ മതി.
ആ ദിവസം
ഒരിയ്ക്കലും ഉണ്ടായില്ല. നാലു ദിവസം അടുപ്പിച്ച് ക്ലാസ്സിൽ വരാതിരുന്ന
ആനി, മരിച്ചു പോയെന്ന വാർത്തയാണ് പിന്നീട് വന്നത്.
അവൾ വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ആ വീടെന്ന്
അറിയിച്ച ഹെഡ്മാസ്റ്റർ സ്ക്കൂളിൽ നിന്ന് കുട്ടികളാരും പോകുന്നില്ലെന്നും കുറച്ച് ടീച്ചര്മാര്
മാത്രമേ അവിടെ പോകുന്നുള്ളൂവെന്നും അവൾക്ക്
വേണ്ടി രണ്ട് മിനിറ്റ് മൌനമായി പ്രാർത്ഥിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു.
സ്ലേറ്റ് പെന്‍സിലുകള്‍ക്ക് എന്നും ആനിയുടെ
ഓര്‍മ്മയാണ്.
സ്ലേറ്റുകള് എത്ര വേഗമാണ് പൊട്ടിയത് ... പെന്സിലുകള് എത്ര
പെട്ടെന്നാണ് തേഞ്ഞു തീര്‍ന്നത്...
24 comments:
ആനി സ്ലേറ്റ് പെന്‍സില്‍ രുചിയോടെ കടിച്ചു തിന്നുമായിരുന്നു.ആനി മാത്രമല്ല, പലരും. ഞാനും .
ചെറുപ്പത്തില്‍ പെന്സിലുകള് ഞാനും രുചിച്ചു നോക്കിയിട്ടുണ്ട് - എച്ചുമു പറഞ്ഞത് ശരിയാണ് .,നമ്മുടെ സ്ലേറ്റുകള് എത്ര വേഗമാണ് പൊട്ടിപ്പോയത് ...പെന്സിലുകള് എത്ര പെട്ടെന്നാണ് തേഞ്ഞു തീര്‍ന്നത്... -
felt good to come here.
എത്രപേര്‍ പോയി
എത്രപേര്‍ വന്നു
ജീവിതയാത്ര!!
സ്ലേറ്റും, പെന്‍സിലും, ആനിയും അപ്പവും; ഓര്‍മ്മകള്‍ക്ക് മരണത്തിന്റെ ഗന്ധം.
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
ആനിയുടെ ആത്മാവിനു നിത്യശാന്തി.
സസ്നേഹം,
എനിക്കിഷ്ടമായിരുന്നു സ്ലേറ്റ്. എല്ലാ പരീക്ഷക്കും 50/50 മാർക്ക് വാങ്ങി അഛന്റെ മുൻപിൽ തൽ ഉയർത്തി നിൽക്കാൻ..
പാവം അഛൻ..!
സ്ലേറ്റുകള് എത്ര വേഗമാണ് പൊട്ടിയത് ... പെന്സിലുകള് എത്ര പെട്ടെന്നാണ് തേഞ്ഞു തീര്‍ന്നത്...
ഇതാണ് ഹൈലേറ്റ്....
മധുരമുള്ള ഓര്‍മ്മകള്‍.
സ്ലൈട്ട് പെൻസിൽ തിന്നരുതെന്നു. പറഞ്ഞ്കൊടുക്കാൻ ആരുമില്ലാതെ പോയൊരു കാലം. എന്തായാലും ഇവിടെ എഴുത്തുകാരി രക്ഷപ്പെ ട്ട് മൊബൈലിൽ നിന്നും കുറിക്കുന്ന്തിനാൽ അക്ഷരപ്പിശാച് ഉണ്ട്. ആശംസകൾ
ഇന്നലെ എന്റെ കയ്യിൽ പുസ്തകപ്പെട്ടി...നാളെ എന്റെ കയ്യിൽ വെറ്റില പെട്ടി...നാളെ നാട്ടുകാരുടെ കയ്യിൽ എന്റെ ശവപ്പെട്ടി..
നമ്മുടെ കുട്ടിക്കാലത്ത് ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ സ്ലേറ്റ് മായ്ക്കുന്ന മായ്ക്കില കൊടുത്ത് പെന്‍സില്‍ വാങ്ങിയതൊക്കെ ഓര്മ വന്നു. പെന്‍സില്‍ തിന്നുന്ന ആരെയോ എനിക്കും അറിയില്ലേ എന്നോര്‍ത്തുപോയി.
രക്തം പടർന്നു പടർന്ന് ആനി രക്തത്തിൽ മുങ്ങി പോകുന്നു. രക്തത്തിന്റെ ആഴക്കടലിൽ ഇരുന്ന് പാലപ്പ പെൻസിൽ കടിച്ചു തിന്നുകയാണ് ആനി. യേശുവിന്റെ തിരു ശരീരം പാലപ്പ പെൻസിലായി ആനിയുടെ മടിയിൽ കണ്ണീരു നനയുന്നു.
സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ടെഴുതി ടീച്ചറെ കാണിച്ചുമായ്ച്ച് വീണ്ടും എഴുതി
കൈകഴയ്ക്കും ഇംപോസിഷന്റെ ഓര്‍മ്മ.
ആനിമാര്‍ ഓര്‍മ്മകളില്‍ ജീവിക്കുന്നു.
ആശംസകള്‍
"നമ്മുടെ സ്ലേറ്റുകള് എത്ര വേഗമാണ് പൊട്ടിപ്പോയത് ...പെന്സിലുകള് എത്ര പെട്ടെന്നാണ് തേഞ്ഞുതീര്‍ന്നത്..."എന്തൊരു നിഗൂഡസൗന്ദര്യം ഈ വരികൾക്ക്!
ഈ ഓർമ്മചെപ്പിലുള്ള ഒരിക്കലും
പൊട്ടാത്ത സ്ലേറ്റ്കളും,പൊട്ടാത്ത
പെൻസിലുകളും ,ആനിയുടെ അപ്പത്തിന്റെ മണവുമൊക്കെ എന്റേയും ചെപ്പിലുണ്ടായിരുന്നുവെങ്കിലും ,
അതൊക്കെ എന്നോ എവിടേയൊ കളഞ്ഞുപോയതിന്റെ നഷ്ട്ടം ..!
ഇപ്പോൾ അത് വീണ്ടും തിരിച്ചുകിട്ടിയപോലെ ...
കാരക്ക പെൻസിൽ-കാരക്ക പെൻസിൽ-ഓർമ്മകൾ---സ്ലേറ്റും സ്ലേറ്റ് പെൻസിലും-
ആശംസകൾ....
കാരക്ക പെൻസിൽ-കാരക്ക പെൻസിൽ-ഓർമ്മകൾ---സ്ലേറ്റും സ്ലേറ്റ് പെൻസിലും-
ആശംസകൾ....
സ്ലേറ്റുകള് എത്ര വേഗമാണ് പൊട്ടിയത് ... പെന്സിലുകള് എത്ര പെട്ടെന്നാണ് തേഞ്ഞു തീര്‍ന്നത്...
അവശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രം....
സ്ലേറ്റും സ്ലേറ്റു പെന്സിലുകളും ഓര്മ്മയിലെത്താതെ കുട്ടിക്കാലം ഒരിയ്ക്കലും പൂര്‍ണ്ണമാകില്ല.
നന്നായെഴുതി, ചേച്ചീ...
സ്ലേറ്റ് പെന്സിലിനെക്കള് സ്ലേറ്റിന്റെ ചുറ്റിലും ഉള്ള തടിയാരുന്നു എനിക്ഷ്ടം :)
പെന്സിലുകള് എത്ര പെട്ടെന്നാണ് തേഞ്ഞു തീര്‍ന്നത്...
സ്ലേറ്റുകള് എത്ര വേഗമാണ് പൊട്ടിയത് ... പെന്സിലുകള് എത്ര പെട്ടെന്നാണ് തേഞ്ഞു തീര്‍ന്നത്...
ഒരായിരം അർത്ഥങ്ങൾ നിറഞ്ഞുതുളുമ്പുന്ന വരികൾ... ഹാറ്റ്സ് ഓഫ്...
ദേഷ്യം വരുമ്പോൾ സ്ലെറ്റിനു ചുറ്റുമുള്ള തടിക്കഷ്ണത്തിൽ കടിക്കാറുണ്ടായിരുന്നു ഞങ്ങൾ .പെൻസിൽ വായിൽ വെച്ചാൽ ഒരു ഇരുമ്പിന്റെ ചുവ ആയിരുന്നു ,
പിന്നെ ഫോട്ടോ കാണാൻ ഒരു പെൻസിൽ എന്ന് ചില കുട്ടികൾ കേൾക്കാം .. ഇടയ്ക്കു കുശുമ്പ് കൂടുമ്പോൾ കുട്ടികളെ കുത്താൻ ഉള്ള ആയുധം ആയിരുന്നു പെൻസിൽ ..
പെന്‍സിലിന്റെ പെണ് രൂപമായിരുന്നു ചുറ്റും പല കളർ ഉള്ള വെള്ളപ്പെന്സിൽ ..
Post a Comment