ലോകത്തിലേറ്റവും ഉദാത്തമായ വികാരമാണ്
സ്നേഹമെന്ന് നമ്മള് വളരെ ചെറുപ്പം മുതല്‍ പഠിക്കുന്നു.
സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് പ്രഖ്യാപിക്കാത്ത മനുഷ്യരുണ്ടാവില്ല. വലിയ മേടയില്‍ കയറി ഘോരഘോരം പറഞ്ഞില്ലെങ്കിലും കനപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതി
വിശദീകരിച്ചില്ലെങ്കിലും എല്ലാ
മനുഷ്യരും അവരവരുടെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍ തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവരോട് സ്നേഹത്തേക്കാള്‍ വലുതായി ഈ പ്രപഞ്ചത്തിലൊന്നും തന്നെയില്ല എന്ന്
പറയുന്നവരാണ്.
ആ
വാചകത്തില്‍ തരിമ്പും വിശ്വാസമില്ലാതെയാവുമോ
നമ്മളൊക്കെ ഇതിങ്ങനെ ഉരുവിടുന്നത്? പറയുന്നവരും കേള്‍ക്കുന്നവരും ഒരു പോലെ
വഞ്ചിതരാകുന്ന ഒരു വെറും വാചകം....പറഞ്ഞും കേട്ടും വായിച്ചും എഴുതിയും ഏറ്റവും എളുപ്പത്തില്‍ മറന്നു മറന്നു പോകുന്ന ഒന്ന്...
വ്യത്യസ്ത ജാതികളില്‍ പെട്ട സ്ത്രീയും
പുരുഷനും തമ്മില്‍ സ്നേഹിക്കുമ്പോള്‍ അവരെ ഈ
ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന മാനസികാവസ്ഥ മനുഷ്യരില്‍ ഉണ്ടാകുന്നത് സ്നേഹത്തേക്കാള്‍ വലുതായി മറ്റു പലതും ഉള്ളതുകൊണ്ട്
തന്നെയാവണമല്ലോ. കഴിഞ്ഞ വര്‍ഷം നവംബറില്‍
തമിഴ് നാട്ടിലുണ്ടായ ഒരു ലഹളയ്ക്ക് കാരണമായത് ഒരു ദളിത് യുവാവും ഉയര്‍ന്ന ജാതിക്കാരിയായ
ഒരു യുവതിയും തമ്മിലുള്ള സ്നേഹവും രജിസ്റ്റര്‍
വിവാഹവുമാണ്. മാനക്കേടുകൊണ്ട് തകര്‍ന്നു
പോയിട്ടാണെന്ന് പറയുന്നു, വിവാഹം നടന്ന് ഒരു മാസമായപ്പോള്‍ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
തുടര്‍ന്നുണ്ടായ സാമുദായിക ലഹളയില്‍
മൂന്നു ദളിത് ഗ്രാമങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. യുവതിയുടെ മാതാവ്
നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയനുസരിച്ച് ഇക്കഴിഞ്ഞ ദിവസം കോടതിയില്‍
ഹാജരായ യുവതി ദലിത് യുവാവുമായുള്ള
വിവാഹം സ്വന്തം ബന്ധുക്കള്‍ അംഗീകരിക്കും വരെ
മാതാവിനൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് അവരുടെ അമ്മ വീട്ടിലേക്ക് തിരികെ പോയി.
യുവതിയുടെ ആഗ്രഹം
മാനിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി
പ്രസ്താവിച്ചതിന്റെ പിറ്റേന്ന് തന്നെ ആ ദളിത് യുവാവ് റെയില്‍ വേ ട്രാക്കില്‍ മരിച്ചു
കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊന്നതാണെന്നും ആത്മഹത്യ ചെയ്തതാണെന്നും വാദങ്ങളുണ്ട്. കഴിഞ്ഞ
എട്ടൊമ്പതു മാസമായി വിവാഹം കഴിച്ച് ജീവിച്ചിരുന്ന യുവതിയും യുവാവും ഒരിക്കല്‍
പോലും പരസ്പരം തള്ളിപ്പറയുകയോ കുടുംബാംഗങ്ങളെ
കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കുടുംബാംഗങ്ങള്‍
തമ്മിലും കുറ്റപ്പെടുത്തലോ ചെളി വാരിയെറിയലോ ഒന്നുമുണ്ടായിട്ടില്ല. യുവതീ
യുവാക്കന്മാരുടെ പിതാക്കന്മാര് സ്കൂളില്‍ ഒന്നിച്ചു പഠിച്ചവരും
സുഹൃത്തുക്കളുമായിരുന്നു. നിലനില്പ് രാഷ്ട്രീയവും ജാതി സ്പര്‍ദ്ധയുമാണ് ഈ പിഞ്ചു
ജീവിതങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയെതന്നും പെണ്‍കുട്ടിയും അമ്മയും
ഇപ്പോഴും അതിന്റെ ബലിയാടുകളാണെന്നും
ശക്തമായ അഭിപ്രായങ്ങളുണ്ട്. ഒരു
മുന്‍കരുതലെന്ന നിലയില്‍ ദളിത്
യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സാമുദായിക ലഹളകള്‍ ഇല്ലാതിരിക്കാന്‍, ഈ ദിവസങ്ങളില്‍
സര്‍ക്കാര്‍ പോലീസിനെ നാടു മുഴുവന്‍
വിന്യസിച്ചിട്ടുമുണ്ട്. ജാതികളിലും മതങ്ങളിലും മാത്രം വിശ്വസിക്കുന്ന
നമുക്കും ആ നമ്മള് തെരഞ്ഞെടുക്കുന്ന
നമ്മുടെ ഗവണ്മെന്റുകള്ക്കും ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാന്‍ കഴിയും,
പ്രത്യേകിച്ച് നിലനില്പിനായി
എന്തും ചെയ്യുന്ന രാഷ്ട്രീയ ഉമ്മാക്കിക്കളിയില് ഭയന്നു മൂത്രമൊഴിച്ചു പോകുന്ന സാഹചര്യത്തില്‍....
ഇത്
തമിഴ്നാട്ടിലെ മാത്രം കഥയല്ല. മഹത്തായ സാംസ്ക്കാരിക പാരമ്പര്യം
അവകാശപ്പെടുന്ന സഹിഷ്ണുതയുടെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന നമ്മുടെ
രാജ്യമാകമാനം ഇതു തന്നെയാണ് അവസ്ഥ . കര്ണാടകമായാലും ബംഗാളായാലും
രാജസ്ഥാനായാലും ദില്ലിയായാലും
ആസ്സാമായാലും ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. യഥാര്‍ഥത്തില്‍ വളരെ പുരാതന
കാലം മുതലേ ജാതിയേയും മതത്തേയും
മാത്രം അതിരറ്റ് സ്നേഹിക്കുന്ന
ഒരു ജനത തന്നെയായിരുന്നു നാമെന്നും.
മനുഷ്യരെ തമ്മില്‍ അകറ്റാനും വിഭജിക്കാനും ഒരുപക്ഷെ, ഇത്രയധികം
ബാഹ്യമായും ആന്തരികമായും ആത്മീയമായും
താല്പര്യപ്പെടുന്ന മറ്റൊരു ജനതയുണ്ടാവുമോ
എന്നറിയില്ല. നമ്മുടെ എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും താല്പര്യങ്ങളും ജാതി മതങ്ങളുടെ തീര്‍ത്തും സങ്കുചിതമായ ചട്ടക്കൂടുകള്‍ക്കകത്തു മാത്രം ഒതുങ്ങുന്നവയാണ്. അതുകൊണ്ടാണ്
ജാതിമതവികാരങ്ങളില് തീപ്പൂട്ടി അധികാരം കൈയാളാന്‍ എല്ലാവര്ക്കും സാധിക്കുന്നത്.
നമ്മുടെ
ജാതിയോ മതമോ നമ്മള്
നിശ്ചയിച്ച് തെരഞ്ഞെടുക്കുന്നതല്ല,
മാതാപിതാക്കന്മാരെ തെരഞ്ഞെടുക്കുവാന്‍ ആവാത്തതു മാതിരി ജാതി മതങ്ങളും നമ്മുടെ ബോധപൂര്‍വമായ തെരഞ്ഞെടുപ്പിനു അപ്പുറമാണ്. അത്തരം ഒരു അബോധപൂര്‍വമായ ഉള്‍പ്പെടലാണ് നമുക്ക് സ്വന്തം ചിന്തയേക്കാള്, സ്വന്തം തീരുമാനത്തേക്കാള്‍, സ്വന്തം തെരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനമെന്ന്
നമ്മള് തന്നെ നിശ്ചയിക്കുന്നു. അതുകൊണ്ടാണല്ലോ പരസ്പരം ആത്മാര്‍ഥമായി സ്നേഹിക്കുക എന്നതൊരു മാപ്പില്ലാത്ത കുറ്റമായി മാറുന്നത്. ബലാല്‍സംഗമോ
കൊലപാതകമോ തട്ടിക്കൊണ്ട് പോയി പണം ചോദിക്കലോ പോലെയുള്ള ഹീനമായ കുറ്റങ്ങളേക്കാള്‍ അധമമായ തെറ്റായിത്തീരുന്നു പലപ്പോഴും ജാതി മതങ്ങളെ അവഗണിച്ചുകൊണ്ടുള്ള
സ്ത്രീ പുരുഷ സ്നേഹം. സ്നേഹത്തിലേര്പ്പെട്ടവര്ക്ക്
മാത്രമല്ല, അതത് ജാതി മതങ്ങളിലെ
അംഗങ്ങള്‍ക്കു പോലും ജീവനും ധനവും മാനവും
നഷ്ടപ്പെടുന്നു. സ്ത്രീകളും പെണ്‍കുട്ടികളുമാണ്
ജാതിമതാചാരമനുസരിച്ചുള്ള ജീവിതത്തിലേര്പ്പെടാത്തതുകൊണ്ട്
അധികവും വധിക്കപ്പെടാറെങ്കിലും
പുരുഷന്മാരും ചിലപ്പോഴൊക്കെ കുരുതികൊടുക്കപ്പെടാറുണ്ട്. ദളിത്
പുരുഷനാണെങ്കില്‍ അയാള്‍ കൊല്ലപ്പെടാനുള്ള സാധ്യത ഏകദേശം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഒപ്പമാണ്.
നമ്മുടെ പോലീസുകാര്‍ ഇക്കാര്യത്തില്‍ മിക്കവാറും എല്ലായ്പോഴും കൊലപാതകികള്ക്കൊപ്പമാണ്
നിലയുറപ്പിക്കാറ്. ദലിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ന്യൂനപക്ഷവിരുദ്ധതയും പോലീസുകാരുടെയും
എല്ലാത്തരം അധികാരങ്ങളുടെയും മുഖമുദ്രകളായതുകൊണ്ട്
ഇരയാക്കപ്പെടുന്നവരുടെ പരാതികളൊന്നും
നിയമപാലകര്‍ കാര്യമായി പരിഗണിക്കാറു തന്നെയില്ല. എന്നിട്ടും ഒരു
മാസത്തില്‍ എഴുപതു എണ്പതു
കൊലപാതകങ്ങളെങ്കിലും വീടിന്റേയും
ജാതിയുടേയും മതത്തിന്റേയും ഗോത്രത്തിന്റേയും ഒക്കെ അഭിമാനം
നിലനിറുത്താന്‍ വേണ്ടി നടത്തപ്പെടുന്നുണ്ട് ഇന്ത്യയിലെന്ന് നാഷണല്‍ കമ്മീഷന് ഫോര്‍
വിമന്‍ വെളിപ്പെടുത്തുന്നു. ഈ കണക്ക് തികച്ചും അപൂര്‍ണമാണെന്നും കമ്മീഷന്
അഭിപ്രായമുണ്ട്.
വിശ്വസിക്കാതെ വാചകം പറയുന്ന നമ്മള്
ഓരോരുത്തരും ഈ പരിതസ്ഥിതികള്‍ക്ക് ഉത്തരവാദികളാണ്. രാഷ്ട്രീയത്തേയോ മതങ്ങളേയോ ഇവ രണ്ടും ഒന്നിച്ച് ചേര്‍ന്ന്
നിലനിറുത്തുന്ന അധികാരത്തേയോ പഴിചാരുന്നതുകൊണ്ട്
താല്ക്കാലികമായ ഒരു ആശ്വാസമാകും എന്നല്ലാതെ അതുകൊണ്ട് നമ്മുടെ ഉത്തരവാദിത്തം തീരുന്നില്ല. സ്നേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്തവര്‍ക്ക് സ്വകാര്യമായി പോലും സ്നേഹത്തോളം വലുതായി
പ്രപഞ്ചത്തിലൊന്നുമില്ല എന്ന് മന്ത്രിക്കാന്‍ എന്തവകാശം? ഇമ്മാതിരി
കപട വചനങ്ങള്‍ കേള്‍പ്പിച്ച്
നമ്മുടെ അടുത്ത തലമുറയെ
തീരാവേദനകളില്‍ കുരുതിക്കൊടുക്കാന്‍ എന്തവകാശം?
അകാലത്തില്‍ അരുംകൊല ചെയ്യപ്പടാന്‍ വേണ്ടിയാണോ നമ്മുടെ കുഞ്ഞുങ്ങള്‍ പരസ്പരം സ്നേഹിക്കുന്നത്?
16 comments:
മത ഭ്രാന്തന്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കും ഇത്തരം സംഭവങ്ങള്‍ ആഘോഷങ്ങള്‍ പോലെയാണ്. അതില്‍ ബലിയാടുകളാകുന്നവരുടെ കാര്യം അവര്‍ക്ക് ആലോചിയ്ക്കേണ്ടതില്ലല്ലോ
അധികാരക്കൊതി
അതല്ലെ മൂലകാരണം?
സ്നേഹം ഇത്രമേല്‍ മഹാപാപമായി മാറിയത് എന്ന് മുതലാണ്
"ജാതി" നമ്മുടെ സമൂഹത്തില്‍ വേരുറച്ച സത്യമാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴോ (അപ്പോഴും അന്തര്‍ധാര ജാതി തന്നെ) മറ്റുള്ള മതസ്ഥരെ നേരിടേണ്ടി വരുമ്പോഴോ മാത്രമാണു ജാതിക്കതീതമായ വായ്ത്താരിയെങ്കിലും ഉണ്ടാകുന്നത്. വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയുമാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍. പക്ഷേ റിസര്‍വേഷന്റെ ആനുകൂല്യത്തില്‍ ബ്രാഹ്മണ്യം നേടിയെടുത്ത ആദി ദളിതുകളും സന്തതി പരമ്പരകളും കൂടി യഥാര്‍ത്ഥ ദളിതന്റെ വഴിമുടക്കുന്ന കാലത്തോളം ദളിതര്‍ക്ക് മോചനമില്ല.
മതം അതാണ് ഏറ്റവും വലിയ ആറ്റംബോംബ്. ഈ ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ളത്.
അനീഷ് പറഞ്ഞതിന്റെ താഴെ ഞാനെന്റെ കൈയ്യൊപ്പും കൂടി ചേർക്കട്ടെ...
സ്നേഹം എന്നു പറഞ്ഞാല്‍ എന്താണ്?
അറിയാവൂന്നവര് കുറവാണ്.
At least this got reported in Tamil Nadu. In Gujarat, Haryana etc. many of such cases wont even get reported. Or the journalist who reports, will be sued.
Religion is a dirty worm and caste an atom bomb. A lot of Indians are pretending to be part of a super power. But the truth is we are getting extremely and dangerously and stupidly influenced by religion in each and every aspects of life, and that definitely is nothing modern.
സ്നേഹത്തിന്റെ അര്‍ത്ഥവും മാനദണ്ഡങ്ങളും മാറിയിരിക്കുന്നു... :(
ജാതിയുടേയും മതത്തിന്റേയും ഇടയിൽ കിടന്ന് ശ്വാസം പോലും കിട്ടാതലയാനാണ് സ്നേഹത്തിന്റെ വിധി..!
ജാതി ഒരു വലിയ പ്രശനം തന്നെയാണ്. എന്നാല്‍ നല്ല പഠിപ്പുള്ള ആളുകള്‍ പോലും അതില്‍ നിന്നും മാറി നടക്കാന്‍ തയാറല്ല എന്നതാണ് ദുഖകരമായ സത്യം.
ithu kuude cherthu vaayikkuka.
ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം
http://isolatedfeels.blogspot.ae/2013/07/blog-post_8.html
ജാതികളും,മതങ്ങളും വളര്ന്നുവലുതാവുകയാണ്....
ആശംസകള്‍
ലേഖനം വായിച്ചു. നന്നായിരിക്കുന്നു.
ഇങ്ങിനെയൊക്കെത്തന്നെയാണ് എവിടെയും നടന്നു കാണുന്നത് - ജാതി-മതങ്ങളുടെ പേരില്‍. കേരളത്തിൽ അത് കൂടുതൽ കണ്ടതുകൊണ്ടു സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ മൊത്തം ഭ്രാന്താലയം എന്ന് വിളിച്ചു! വര്‍ഷങ്ങളായി ഒരു അന്യസംസ്ഥാനത് ജീവിക്കുന്ന എനിക്ക് അറിയാം. അവിടെ, തമ്മിൽ പരിചയപ്പെടുമ്പോൾ സ്ഥാനപ്പേര് ആണ് ചോദിക്കുന്നത്. ഉയര്‍ന്ന ജാതിയോ, താഴ്ന്ന ജാതിയോ, ബ്രാഹ്മണനോ, ഹരിജനോ എന്നൊക്കെ അറിയാമല്ലോ. അതെ, ''സ്നേഹമാണഖിലസാരമൂഴിയിൽ'' എന്ന് പഠിച്ചവർ, പറഞ്ഞവർ സ്വന്തം കാര്യം വരുമ്പോൾ, ''അത് നിന്റെ വീട്ടില്‍, ഇത് എന്റെ വീട്ടില്‍'' എന്ന മട്ടിലാകുന്നു. എന്താണിതിനൊരു പരിഹാരം? അഥവാ, എന്തെങ്കിലും, എന്നെങ്കിലും പരിഹാരമുണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കാതെ, ദൈവത്തെ മനസ്സിലാക്കാതെ, ജാതിയും മതവും, രാഷ്ട്രീയവുമൊക്കെ ഊട്ടി ഉറപ്പിച്ച് അതിൽ ദൈവത്തെ കാണാൻ (സ്നേഹത്തെ കാണാൻ) പാട് പാടുന്നു..... ഇത് ഒരു തുടര്‍ക്കഥയായി മുന്നോട്ട് പോകുന്നു.
ഒരിക്കലും തീർക്കാൻ
പറ്റാത്ത പ്രശ്മമാണ് ഈ ജാതി
പ്രശ്നം കേട്ടോ എച്മു
നമ്മുടെ കുട്ടികളാവുമ്പൊഴെക്കും ജാതിയു മതവുമില്ലാതാവുമെന്ന മോഹം ഇനി അങിനെ സംഭവിക്കില്ലെന്നു തിരുത്തിയെഴുതാം...
Post a Comment