( 2013 ജൂലായ്
31 ന് ഫേസ്ബുക്കില്‍
പോസ്റ്റ് ചെയ്തത്. )
വേരുകളെ കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും
കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ കുടുംബചരിത്രങ്ങളുടെ യാതൊരു
ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം
പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം.
എന്‍റെ തറവാട് , എന്‍റെ അമ്മ വീട്, എന്‍റെ അച്ഛന്‍ വീട്, എന്‍റെ ബന്ധു വീടുകള്‍ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ല.
എന്തിന് എല്ലാവരും എന്‍റെ ജാതി എന്ന് പറയുന്നതു പോലെ... ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ എന്നോ
അല്ലെങ്കില്‍ ഞാന്‍ ഒരു ചോവനാണെന്നോ
അതുമല്ലെങ്കില്‍ ഞാനൊരു
പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാന്‍
എനിക്ക് കഴിയില്ല. അമ്മാതിരി രക്തം
എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതികളിലും
മതങ്ങളിലും ഉള്ളിന്‍റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ‘ എന്‍റേതിന്‍റെ മേന്മയും ‘ ‘ ഇതാ നോക്കു, ഇതാണ് എന്‍റേത് ‘എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘ നമ്മടെ കൂട്ടത്തിലെയാ ‘ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.
ജാതിയെഴുതാത്ത സര്‍ട്ടിഫിക്കറ്റുമായി ഇന്‍റര്‍വ്യൂവിനു
പോയപ്പോഴൊക്കെ സ്ത്രീകളാണ് ഇന്‍റര്‍വ്യൂ
ബോര്‍ഡിലെങ്കില്‍ അവര്‍ അതൊരു വലിയ പ്രശ്നമാക്കിയിട്ടുണ്ട് . അച്ഛന്‍റെ ജാതിയിലേക്ക് മാറാത്തത് വലിയൊരു തെറ്റാണെന്ന് അവര്‍
ഉച്ചൈസ്തരം പ്രഖ്യാപിക്കും. അച്ഛന്‍റെ
ജാതിയിലേക്ക് ചേര്‍ക്കപ്പെടാന്‍
അമ്മയുടെ വയറ്റില്‍ പിറന്ന മക്കള്‍ക്ക് യോഗ്യതയും
ജാതിശുദ്ധിയും പോരെന്ന് അച്ഛന്‍
തന്നെ കരുതിയിരുന്നുവെന്ന പരമാര്‍ഥം
ഞങ്ങള്‍ ആരോട് പറയാനാണ് ? പറഞ്ഞാലും അനാവശ്യമായി ഉച്ചത്തില്‍
സംസാരിച്ച് സ്വന്തം അധികാരഗര്‍വും
ജാതീയതയും എല്ലാ ചീഞ്ഞളിഞ്ഞ സാമൂഹിക വ്യവസ്ഥിതികളോടും ഉള്ള താദാത്മ്യവും അമിതമായി പ്രകടിപ്പിക്കുന്ന അവര്‍ക്ക് അതു മനസ്സിലാവുകയുമില്ല.
വേരുകളെക്കുറിച്ചാണല്ലോ ഞാന്‍
പറഞ്ഞു തുടങ്ങിയത്. എന്‍റെ വേരുകള്‍ക്ക് അമ്മീമ്മയോളവും അമ്മയോളവും
അച്ഛനോളവും മാത്രമേ പഴക്കമുള്ളൂ.
അച്ഛന്‍റെ
അച്ഛന്‍ മിടുക്കനായ ഒരു സിവില്‍ എന്‍ജിനീയറായിരുന്നു. അദ്ദേഹത്തെ
ഞാന്‍ കണ്ടിട്ടില്ല. എന്നെയോ സഹോദരിമാരെയോ കാണാന്‍ അദ്ദേഹമൊരിക്കലും താല്‍പര്യപ്പെട്ടതുമില്ല . ഞങ്ങളെ സ്വന്തം മകന്‍റെ മക്കളായി മനസ്സിലാക്കുന്നതിലും അദ്ദേഹത്തിനു
എളുപ്പം മറ്റൊരു ജാതിയില്‍
പെട്ട സ്ത്രീയുടെ ഉദരഫലങ്ങളായി മാത്രം മനസ്സിലാക്കുവാനായിരുന്നു. അമ്മയെ
പരിണയിക്കുക വഴി വിവാഹമെന്ന തെറ്റും അതില്‍
ഉണ്ടായിരിക്കേണ്ട ഒടുങ്ങാത്ത കുറ്റബോധവും അച്ഛനില്‍ എന്നും സജീവമായി നിലനിറുത്തുന്നതില്‍ ഇത്തരം തിരസ്ക്കാരങ്ങള്‍ പൂര്‍ണമായും വിജയിച്ചു. അമ്മയെ അല്ല
വിവാഹം കഴിക്കേണ്ടിയിരുന്നതെന്നും
ഞങ്ങളല്ല മക്കളായി പിറക്കേണ്ടിയിരുന്നതെന്നും അച്ഛന്‍ ജിവിതകാലമത്രയും വിശ്വസിച്ചു പോന്നു. അതുകൊണ്ടാണോ
എന്നറിയില്ല , അച്ഛന്‍റെ
വേരുകളെക്കുറിച്ച് ഒന്നും തന്നെ ഞങ്ങളോട് വെളിപ്പെടുത്തുവാന്‍ അദ്ദേഹം
കൂട്ടാക്കിയിരുന്നില്ല. അച്ഛന്‍റെ അമ്മ സ്കൂള്‍ ടീച്ചറായിരുന്നു . അവര്‍ അച്ഛന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ മരിച്ചു പോയിരുന്നു. അച്ഛന്‍റെ അച്ഛന്‍ ഒരു കുഞ്ഞുള്ള സ്ത്രീയെ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. അതില്‍ അദ്ദേഹത്തിനു മക്കളൊന്നും ജനിക്കുകയുണ്ടായില്ല.
ഞങ്ങള്‍ സഹോദരിമാര്‍ക്ക് ഞങ്ങള്‍ മാത്രമേ ബന്ധുക്കളായി ഉണ്ടായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കോ മറ്റു വിശേഷങ്ങള്‍ക്കോ വളരെ അപൂര്‍വമായി പോകുമ്പോള്‍ പോലും ഞങ്ങളുടെ
ബന്ധുക്കള്‍ ഞങ്ങളുടെ കുടുംബം
എന്നൊരു സങ്കല്‍പമേ ഞങ്ങളിലുണ്ടായിരുന്നില്ല. അത്തരം ഒരു സങ്കല്‍പം
വളര്‍ന്നു വരാന്‍ ആവശ്യമായ യാതൊരു വൈകാരിക പിന്തുണയും ആരില്‍ നിന്നും ഒരു കാലത്തും ഞങ്ങള്‍ക്ക് ലഭ്യമായതുമില്ല. ഒരു കഷണം ചോക്ലേറ്റായോ വാല്‍സല്യമൂറുന്ന ഒരു ഉമ്മയായോ പോലും ആരും ഞങ്ങളെ സ്വീകരിച്ചില്ല. അതുകൊണ്ടാവണം ആരേയും ഞങ്ങളോട്
ബന്ധപ്പെടുത്തി അമ്മാവന്‍ എന്നോ
അമ്മായി എന്നോ ഞങ്ങള്‍ക്ക്
പറയാനില്ലാതായത്. അവര്‍ അച്ഛന്‍റെ സഹോദരിയോ അമ്മയുടെ സഹോദരനോ
മാത്രമായിരുന്നു. അച്ഛന്‍റെ അച്ഛന്‍, അപ്പൂപ്പന്‍ ആയി മാറിയില്ല ഒരിക്കലും.
അമ്മയുടെ അമ്മ, പാട്ടി ആയില്ല ഒരിക്കലും. ഞങ്ങളുമായി
ഒരു ബന്ധവുമില്ലാത്തവര്‍.
എവിടെയായിരിക്കുമ്പോഴും ഞങ്ങള്‍ അവിടത്തേതായിരുന്നില്ല.
നമ്മൂടെ മക്കള്‍ എന്നോ ഇവിടത്തെ
കുഞ്ഞുങ്ങള്‍ എന്നോ ഞങ്ങള്‍ ഒരിടത്തും
സംബോധന ചെയ്യപ്പെട്ടില്ല. ഞങ്ങളുടെ ജന്മബന്ധങ്ങളില്‍ അതങ്ങനെയായതു
കൊണ്ടാവാം പിന്നീട് ജീവിതത്തിലെ മിക്കവാറും എല്ലാ ബന്ധങ്ങളിലും ആ
ഏച്ചുകൂട്ടലും സഹിക്കലും മുന്നിട്ടു നിന്നത്. നീയല്ല, നിന്നപ്പോലെ
ഒരാളല്ല ഞങ്ങളുടെ വീട്ടില്‍
വരേണ്ടിയിരുന്നതെന്നും നിനക്ക് ഈ കുടുംബത്തിലെത്താനുള്ള യോഗ്യതയില്ലെന്നും ഞങ്ങളൂടെ ബന്ധങ്ങളില്‍ മിക്കവാറും എല്ലാവരും സാധിക്കുമ്പോഴെല്ലാം പറഞ്ഞു പോന്നു. അതുകൊണ്ട് ജാതിയുടേയോ മതത്തിന്‍റെയോ തറവാടിന്‍റെയോ ചങ്ങലകളില്ലാതെ, യാതൊരു മുന്‍ വിധികളുമില്ലാതെ സ്വീകരിക്കുന്നവരോട് അവര്‍ ആരു തന്നെ ആയാലും
അഗാധമായ ഒരു അടുപ്പം എപ്പോഴും ഉണ്ടാകാറുണ്ട് ..... തലമുടിയുടെ ഉള്ളു കുറയാന്‍
തുടങ്ങീട്ടും മുടിയിഴകള്‍ നരയ്ക്കാന്‍ തുടങ്ങീട്ടും വളരാന്‍ കൂട്ടാക്കാത്ത മനസ്സിന്‍റെ ഓരോ ചാപല്യങ്ങള്‍ കൊണ്ടാവാം.. .. എപ്പോഴും നിരാകരിക്കപ്പെടുകയും
നിന്ദിക്കപ്പെടുകയും മാത്രമായിരുന്ന അഭിമാനത്തിന്‍റെ നീറുന്ന ഓര്‍മ്മകള്‍ കൊണ്ടാവാം...
അമ്മ സ്വന്തം വീടിനെപ്പറ്റിയും ബാല്യത്തെപ്പറ്റിയും പഠിത്തത്തെപ്പറ്റിയും
എല്ലാം തികഞ്ഞ മൌനിയായിരുന്നു. അമ്മയുടെ ഒരു
നേട്ടത്തെപ്പറ്റിയും അവര്‍ പറഞ്ഞിരുന്നില്ല. എന്‍റെ മിടുക്ക് എന്‍റെ കഴിവ് എന്നൊക്കെപ്പറയുവാന്‍ വേണ്ട
ആത്മവിശ്വാസം അവര്‍ ഒരുകാലത്തും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അമ്മയ്ക്ക് യാതൊരു ബാല്യകാലസ്മൃതികളുമില്ലെന്നു മാത്രമല്ല
വിദൂരമായ ഓര്‍മ്മകള്‍ പോലുമില്ല എന്നു ഞാന്‍
വളരെക്കാലം വിചാരിച്ചുകൊണ്ടിരുന്നു.
അമ്മ ഗുരുതരമായി രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരിക്കല്‍ അവരുടെ ഒരു ബാല്യകാലസഖി, എനിക്ക്
ഒട്ടും കേട്ടു പരിചയമില്ലാത്ത
ഒരു ഓമനപ്പേരില്‍ അത്യധികം അരുമയോടെ അമ്മയെ വിളിച്ചുകൊണ്ട് കൊടുങ്കാറ്റു
പോലെ മുറിയിലെത്തി. അവര്‍
പെരുമഴ പോലെ ആ മുറിയില്‍ പെയ്തു
നിറഞ്ഞു. അമ്മയ്ക്ക് പ്രായം കുറയുന്നതും
അമ്മ പാവാടയും സ്കൂള്‍ സഞ്ചിയുമായി നടന്നു പോകുന്നതും നീന്തല്‍ പഠിക്കുന്നതും മുല്ലമൊട്ടുകള്‍ കോര്‍ത്ത് മാല ചൂടുന്നതും വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതും മറ്റും അന്നാണ് ഞാനാദ്യമായി അറിഞ്ഞത്....
അപ്പോള്‍ എന്തുകൊണ്ടോ എനിക്ക് കരച്ചില്‍ വന്നു.
അച്ഛന്‍റെ ഒരു ബാല്യകാല സുഹൃത്തിനേയും ഈയിടെ
കാണാനിടയായി. അങ്ങനെയല്ല പറയേണ്ടത്. വളരെ നേരത്തെ
കാണുകയും സാമാന്യത്തിലും എത്രയോ
അധികം പരിചയത്തിലാവുകയും
ചെയ്തിരുന്നുവെങ്കിലും അദ്ദേഹവും
അച്ഛനും രണ്ടാം ക്ലാസ്സു മുതല്‍ മെഡിക്കല്‍ കോളേജു വരെ ഒന്നിച്ചു പഠിച്ചതാണെന്ന് ഇപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്. അച്ഛന്‍റെ ബാല്യകാലത്തെപ്പറ്റി ഒന്നും തന്നെ പറഞ്ഞില്ലെങ്കിലും മെഡിക്കല്‍
കോളേജിലെ അഞ്ചു വര്‍ഷത്തെ പഠന ദിവസങ്ങളെക്കുറിച്ച് അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചു. ഡോക്ടര്‍ പൈ, ഡോക്ടര്‍ രാമന്‍, ഡോക്ടര്‍ രാഘവാചാരി എന്നീ പ്രഗല്‍ഭരായ അധ്യാപകരെ ഓര്‍മ്മിച്ചു. പിന്നീട്
അതിപ്രശസ്തരായിത്തീര്‍ന്ന ചില സഹപാഠികളുടെ അക്കാലത്തെ വികൃതികള്‍ വിവ രിക്കുമ്പോള്‍ ചുളിവുകള്‍
വീണു കഴിഞ്ഞ ആ മുഖത്തും തിളക്കം കുറഞ്ഞു കുഴിഞ്ഞ കണ്ണുകളിലും തീപ്പെട്ടിക്കരി കൊണ്ട് മീശ കറുപ്പിച്ചിരുന്ന ഒരു ഇരുപതുകാരന്‍ കുസൃതിയോടെ എത്തിനോക്കുന്നുണ്ടായിരുന്നു.
വേരുകളെപ്പറ്റി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നത് അമ്മീമ്മയാണ്. തഞ്ചാവൂരിനടുത്ത്
ശുദ്ധമല്ലി എന്നൊരു ഗ്രാമമുണ്ടെന്നും അവിടത്തെ അഗ്രഹാരത്തില്‍ നിന്നും
പുറപ്പെട്ടു പോന്ന അനന്തരാമയ്യര്‍, കൃഷ്ണയ്യര്‍, രാമയ്യര്‍,
നാരായണയ്യര്‍ എന്നീ നാലു
സഹോദരങ്ങളില്‍ അനന്തരാമയ്യരുടെ സന്തതീപരമ്പരയാണ് അമ്മീമ്മയുടേതെന്നും അങ്ങനെയാണ്
ഞാന്‍ മനസ്സിലാക്കിയത് . ആയിരത്തി എഴുന്നൂറുകളിലായിരുന്നു
ഔപമന്യഭ ഗോത്രത്തില്‍ പെട്ട ശൈവഭക്തരായ ഈ
സഹോദരന്മാര്‍ കേരളത്തിലെത്തിയത്. വൈഷ്ണവരുടെ
പീഡനവും തഞ്ചാവൂര്‍ രാജാവിന്‍റെ ഖജനാവിനുണ്ടായ
ദാരിദ്ര്യവുമായിരുന്നുവത്രെ ആ പലായനത്തിനു
കാരണം. രാജാവ് അമിതമായി നികുതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ആള്‍പ്പണം
എന്ന നികുതി ആളെണ്ണിയായിരുന്നു വാങ്ങിയിരുന്നത്. അപ്പോള്‍ നാടുവിട്ടു പോയാല്‍ പിന്നെ കുടുംബത്തില്‍
ആളുകളുടെ എണ്ണം കുറയുന്നതനുസരിച്ച് നികുതിപ്പണവും കുറയുമല്ലോ. അവരുടെ അമ്മ
സ്വന്തം സാന്നിധ്യമുണ്ടെന്ന് ആശ്വസിപ്പിച്ച് കാമാക്ഷി ദേവിയുടെ ഒരു ശിലാവിഗ്രഹവും പൊതിഞ്ഞു
കൊടുത്ത് മക്കളെ മറു നാട്ടിലേക്ക് അയക്കുകയായിരുന്നു.
എന്തായാലും
കാമാക്ഷിദേവി വളരെക്കാലം മഴയും വെയിലും കൊണ്ട് മഠത്തെരുവിന്‍റെ ഒരു വശത്ത് അനാഥയെപ്പോലെയിരിക്കുന്നത് ഞാനും
കണ്ടിട്ടുണ്ട്. മനുഷ്യര്‍ക്ക്
മഠങ്ങളുണ്ടായതും ദേവിയ്ക്ക് ഇടമില്ലാതായതും ഒരു പക്ഷെ, വി കെ എന്‍ പറഞ്ഞ കാരണത്താലായിരിക്കണം. ദേവിയ്ക്ക് പഞ്ചഭൂതങ്ങളും ച്ഛായ്,
നിസ്സാരം... മനുഷ്യനു അഞ്ചു പോയിട്ട്
അരഭൂതം വന്നാല്‍ പോലും അഹോ! ഗുരുതരം.. ഇടമില്ലെന്നേയുള്ളൂ, അക്കാലങ്ങളില്‍
ആരെങ്കിലുമൊക്കെ ദേവിക്കു മുന്‍പില്‍ ചെരാത്
തെളിയിച്ചിരുന്നു. വിദൂരദേശത്തു നിന്നു വന്ന് മഴയും
വെയിലുമേറ്റ് ഇങ്ങനെ തനിച്ച് വഴിവക്കില്‍ നൂറ്റാണ്ടുകള്‍
കുത്തിയിരിക്കണമെന്നത് ദേവിയുടെ നിയോഗമായിരിക്കാമെന്ന് മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നാറുണ്ടായിരുന്നു.
തഞ്ചാവൂരും
കുംഭകോണവും ശുദ്ധമല്ലിയും കാണാന്‍ അമ്മീമ്മ അതിയായി മോഹിച്ചിരുന്നു. എന്നെ സാരമായി വളര്‍ത്തിയെടുത്ത, അവരുടെ ഒരു മോഹവും
എനിക്ക് സാധിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നെ ഓര്‍ത്ത്
അഭിമാനിക്കാന്‍ പറ്റിയ ഒരു ചെറിയ പ്രവൃത്തി പോലും അവര്‍ ജീവിച്ചിരുന്നപ്പോള്‍ എനിക്ക് ചെയ്യാന്‍
കഴിഞ്ഞില്ല.
23 comments:
<>
മിക്കവരുടെയും ജീവിതത്തിൽ എഴുതി ചേർക്കാവുന്ന ഒരു വാചകം
അല്ലെ?
എന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ പറ്റിയ ഒരു ചെറിയ പ്രവൃത്തി പോലും അവര്‍ ജീവിച്ചിരുന്നപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. Why copying doesn't appear on the first occasion? This line was quoted above
അതെ.. ഡോക്ടര്‍ സാര്‍.. മിക്കവരുടേയും ജീവിതത്തില്‍ എഴുതി ചേര്‍ക്കാന്‍ പറ്റും...
അറിയില്ല.. എന്തുകൊണ്ട് കോപ്പി ചെയ്യുന്ന വാചകം വരുന്നില്ല എന്ന്... ആദ്യ വായനയ്ക്കെത്തിയതില്‍ ആഹ്ലാദം..
കോപ്പി അടിക്കുന്നിടത്ത് ആ ടാഗ് ഉപയോഗിക്കുന്നതായിരിക്കും പ്രശ്നം അല്ലെ ഇനി സൂക്ഷിച്ചോളാം ഹ ഹ ഹ
ബന്ധങ്ങൾ ബന്ധനങ്ങളായിമാത്രം കണക്കാക്കുന്ന, കാര്യസാധ്യങ്ങൾക്കുവേണ്ടിമാത്രം സ്നേഹ-രക്തബന്ധങ്ങൾ ഉപയോഗപ്പെടുത്തുന്ന ഈ കാലത്ത് അധികം വേരുപടലങ്ങൾ ഇല്ലാതിരിയ്ക്കുകയാണ് നല്ലതെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്..
ഉപയോഗമില്ലാത്ത അനേകം വേരുകളേക്കാൾ, നാം തന്നെ ആഴങ്ങളിലേയ്ക്ക് വളർത്തിയെടുക്കുന്ന ഒരു തായ് വേരായിരിയ്ക്കും ജീവിതത്തിൽ നമുക്കും, നമുക്കുശേഷമുള്ള തലമുറയ്ക്കും ഉപകാരപ്രദമാവുക.... അതുകൊണ്ട് വരുംതലമുറകൾക്ക് അഭിമാനത്തോടെ ഓർക്കുവാനും, പറയുവാനും കഴിയുന്ന ഒരു തായ് വേരായി മറുവാൻ നമ്മൾ ഉൾപ്പെടുന്ന ഇന്നത്തെ സമൂഹത്തിന് സാധിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.. ..
സ്വന്തം വേരുകളെക്കുറിച്ചും, ജീവിതപാശ്ചാത്തലത്തെക്കുറിച്ചുമുള്ള ഈ തുറന്നെഴുത്തിനെ എഴുന്നേറ്റ് നിന്ന് അഭിനന്ദിക്കുന്നു.
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മനുഷ്യരുടേയും അനുഭവങ്ങള്‍ക്ക് ചില സാദൃശ്യങ്ങളുണ്ടാവും. എച്ചുമുക്കുട്ടി എന്ന എഴുത്തുകാരിയെ കൂടുതല്‍ അറിയണമെന്നുണ്ടായിരുന്നു. അതിന് ഈ ലേഖനം സഹായകരമായി.
മനസ്സിലാവുന്നു എച്ച്മു... ഇത്രയുമില്ലെങ്കിലും ഇതിന്റെ ചെറിയൊരംശം ഞങ്ങളും അനുഭവിച്ചതാണ്...
നേരിയൊരു നൊമ്പരത്തിന്‍റെ സ്പര്‍ശമുള്ള
രചന ഹൃദയസ്പര്‍ശിയായിരിക്കുന്നു.
ആശംസകള്‍
എച്ചുമിൽ നിന്നും ഉയരുന്ന ഒരു ദീർഘനിശ്വാസം...എനിക്ക് ചുറ്റും പ്രതിധ്വനിക്കുന്നൂ.... വേരുകൾ വേണം എന്നു തന്നെയാണ് എന്റെ കാഴ്ചപ്പാട്.....പക്ഷേ അതു ഇല്ലാത്ത അവസ്ഥ ദുഖവും ഉണ്ടാക്കുന്നൂ... വായന തീർന്നപ്പോൾ മനസ് ഒന്ന് പിടഞ്ഞു സഹോദരീ......ഇപ്പോൾ ആശംസകൾ മാത്രം നേരുന്നൂ....
എന്തൊക്കെ പറഞ്ഞാലും വേരുകളുണ്ടാവുന്നത് സുഖമുള്ള ഒരവസ്ഥയാണ്.
വേരുകള്‍ അറിയാതെ പോകുന്നതിന്റെ നൊമ്പരം ഉള്ളില്‍ തട്ടി
വേരുകള്‍ അറിയാതെ പോകുന്നതിന്റെ നൊമ്പരം ഉള്ളില്‍ തട്ടി
സ്വൊന്തം ജീവിത കഥ തന്നെയാണോ ?
ഞങ്ങളൊക്കെ ഇല്ലേ ബന്ധുക്കളായി ...
ഞങ്ങളുടെ നാട്ടില പൂക്കോട്ടൂരിൽ ശിഹാബ് എന്ന ഒരു കുട്ടി ഉണ്ട് ..കാലും കയ്യും ഒന്നും അനക്കാൻ പറ്റില്ല ..നല്ല പഠിക്കുന്ന കുട്ടിയാണ് .അവനു സ്കൂളിൽ പഠിക്കുമ്പോൾ അവന്റെ ഉമ്മ എന്നും ഉച്ചക്ക് സ്കൂളിൽ വരും ,ചോറ് വാരി കൊടുക്കാൻ .. പിന്നെ അവൻ വളര്ന്നു ഡിഗ്രിക്ക് എത്തിയപ്പോൾ അവന്റെ classmates അവന്റെ ഉമ്മയോട് പറഞ്ഞു .ഉമ്മാ കുറെ കാലമായില്ലേ നിങ്ങൾ കഷ്ട്ടപ്പെട്ടു സ്കൂളിൽ വരുന്നു. ഇനി മുതൽ ഞങ്ങൾ വാരികൊടുത്തോളം എന്ന് ..ഇത് കേട്ട് ആ ഉമ്മ എത്ര സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നോ ...
മഹാദാരിദ്ര്യത്തിലായിരുന്നതുകാരണം വേരുകള്‍ അധികം ദൂരേയ്ക്ക് പടര്‍ന്ന് പന്തലിച്ചില്ല. ഒരു വേരും അവശേഷിപ്പിക്കാതെ പോവുകയും ചെയ്യും. അതാണെന്റെ കഥ.
സന്ധ്-ബന്ധുക്കള്‍ ഇല്ലാതാകുന്ന അല്ലെങ്കില്‍ ഇല്ലാതാക്കപ്പെടുന്ന ഒരവസ്ഥ, അത് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. ഭൂമിയുടെ എന്തെങ്കിലും ഒരു കോണില്‍ നമ്മളെ പറ്റി ആലോചിക്കാനും, ഓര്‍ത്ത് നെടുവീര്‍പ്പെടാനും ആരെങ്കിലും ഉണ്ടാകുന്നതു ഒരനുഗ്രഹവും.
എഴുത്തുകളോരോന്നും ഡയറികുറിപ്പുകളായി ചുരുളഴിയുന്നു..
നിയ്ക്ക് വേദനകൽ മാത്രം.. :(
"അമ്മയ്ക്ക് പ്രായം കുറയുന്നതും അമ്മ പാവാടയും സ്കൂള്‍ സഞ്ചിയുമായി നടന്നു പോകുന്നതും നീന്തല്‍ പഠിക്കുന്നതും മുല്ലമൊട്ടുകള്‍ കോര്‍ത്ത് മാല ചൂടുന്നതും വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതും മറ്റും അന്നാണ് ഞാനാദ്യമായി അറിഞ്ഞത്....
അപ്പോള്‍ എന്തുകൊണ്ടോ എനിക്ക് കരച്ചില്‍ വന്നു."
എന്‍റെ അമ്മയുടെ ചെറുപ്പം കൊഴിഞ്ഞുപോയ ഗ്രാമത്തില്‍ ഇപ്പോള്‍ അമ്മയുമൊത്ത് എത്തുമ്പോള്‍ ഇങ്ങനെ എനിക്കും തോന്നിയിട്ടുണ്ട്...
ആരാപ്പ്യോ ഈ വിരളമായ താഴത്തെ വേരോട്ടം നോക്കുന്ന്യേ ,മോളിലെ തേരോട്ടം കണ്ടാ മാത്രം മതീല്ല്യേ
നന്നായിട്ടുണ്ട് കേട്ടൊ അമ്മീമ്മിയേയും
കൂട്ടിയുള്ള വേര് തേടിയുള്ള ഈ യാത്ര കുറിപ്പുകൾ
ഓരോ വരികളും അനുഭവിച്ചു. മിഥ്യാ ജാതിബോധങ്ങളില്‍ ഒരു കുടുംബത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് ഭംഗിയായി ആത്മകഥാംശത്തോടെ എഴുതി. ഇതിനെ ഒരു ഒരു കുടുംബത്തില്‍ നിന്ന് നമുക്ക് ഓരോ സമൂഹങ്ങളിലേക്ക് പരത്തിയും കാണാവുന്നതാണ്. ചരിത്രം ചിലരുടെത് മാത്രമാവുന്നതും, ചിലര്‍ വെളിമ്പുറങ്ങളില്‍ മാത്രം തിരസ്കൃതരാവുന്നതും എങ്ങിനെ എന്ന് വായിക്കാം.
ധാരാളം വേരുകള്‍ ഉള്ളതുകൊണ്ടും അതൊന്നും നഷ്ടമാവുന്നത് സഹിക്കാനാവാത്തതുകൊണ്ടും ഈ എഴുത്ത് മനസില്‍തട്ടി....
വായിച്ചു എച്ചുമു.
എന്തിനാ എച്ചുമു വേരുകള്‍ക്ക് അധികം പടലങ്ങള്‍ ഈ ഒറ്റ അമ്മീമ പോരെ..?
ഒരു ചരിത്രാന്വേഷണ പരീക്ഷകാൻ ആയ ഈയുള്ളവന് എച്ച്മുവിന്റെ ഈ കുറിപ്പ് ഏറെ ഇഷ്ടപ്പെട്ടു ഒപ്പം അതിലെ ഉപകാരപ്പെട്ടു എന്ന് പറഞ്ഞു കൊള്ളട്ടെ . മനുഷ്യൻ ഇപ്പോഴും അവന്റെ ഭൂതകാലത്തിന്റെ തുടര്ച്ചയാണ് താൻ എന്ന് തിരിച്ചറിയുന്നു ... ആ തിരിച്ചറിവ് വേരുകള തെടുള്ള യാത്രകളിലെക്കും .. അപ്പോൾ നമുക്ക് പറയേണ്ടി വരുന്നു ഒരു ചോദ്യമുണ്ട് - വേരുകള ഇല്ലാത്തവർ എന്ത് ചെയ്യും. ... സാങ്കല്പ്പിക ചരിത്രനഗൽ സൃഷിക്കാൻ കഴിവുള്ളവർ അങ്ങനെ സംപ്ത്രിപ്പെട്ടുകൊള്ളും ..പക്ഷെ അതിനു പോലും വയ്യാതെ കാലത്തിനെ ഒഴുക്കിൽ ഒറ്റപ്പെട്ടു പോയവര് ...അവർ എന്ത് ചെയ്യും ... ?
( ഒരിക്കൽ വീട്ടുമുറ്റത്ത് നിന്നും കളഞ്ഞു കിട്ടിയ ഒരു കടലാസ് കഷണം ആയിരുന്നു വേരുകളെ കുറിച്ച് ഒരു വെളിപാടായി എനിക്ക് കിട്ടിയതു .. എപ്പോഴോ ചെരിയപ്പൂപ്പാൻ എഴുതി കളഞ്ഞു പോയ ഒരു പഴ കുരിപ്പായിരുന്നു അത്.. ഒരു ആര് വര്ഷത്തെ തലമുറകളുടെ ചരിത്രം.. ഒരു പക്ഷെ ടിപ്പു സുല്ടാനെ കോഴിക്കോട് ആക്രമനതോളം പഴക്കുള്ളത്.പുതിയ മേച്ചിൽ പുറങ്ങൾ തൈദ്യുല്ല യാത്രകൾ.. കൊള്ളക്കും കൊലക്കും കയ്യൂകുള്ളവന് അധികാരം ഉണ്ടായിരുന്ന നാളുകളിൽ സ്വന്തം കൈക്കരുത്തും ധര്യവും മാത്രം ആയുധമാക്കി കുടുംബങ്ങളിലെ സ്ത്രീകളിലെ സംരക്ഷിചിരുന്ന കാലം... അതിൽ ജീവന പോയവര് മെയ്ക്കരുത്തും ചങ്കൂറ്റവും കൊണ്ട് പിടിച്ചു നിന്ന് അവെഷിച്ചവർ.. പഴക കാല കളരികളിൽ പയറ്റു പഠിച്ചവർ എന്നിങ്ങനെ ഒരു പക്ഷെ വായിചിടുക്കാം. പക്ഷെ ഒരു കാര്യം- അതി ജീവനം അന്ന് ഒരു വെല്ലു വിളി തന്നെയായിരുന്നു ... ചരിത്രത്തിന്റെ പിന്നബുരങ്ങൾ പലപ്പോഴും നമ്മൾ കരുതുന്നതിനെക്കാൾ രക്ഷതരൂക്ഷിതങ്ങൾ തന്നെ ആയിരുന്നിരിക്കണം ..
നല്ലൊരു തുറന്നു പറച്ചിൽ ,, രക്ത ബന്ധങ്ങളിളല്ല കാര്യം സ്നേഹത്തിലാണ് ,,
Post a Comment