Tuesday, August 13, 2013

എന്‍റെ പാചക പരീക്ഷണങ്ങള്‍


https://www.facebook.com/echmu.kutty/posts/169164303262872

(26 06 2013  ന് ഫേസ്ബുക്കിലും 09 07- 2013 ന് ഒരേ തൂവല്‍പക്ഷികള്‍ എന്ന  ബ്ലോഗിലും പോസ്റ്റ് ചെയ്തത്.)

വായിക്കുമ്പോള്‍ ഒരു  ഘനമൊക്കെ ഇല്ലേ?  ഗാന്ധിജിയെ  ഓര്‍മ്മ വരുന്നില്ലേ....

അപ്പോള്‍  പാചകം  പകുതി  വിജയിച്ചു. 

വളരെ ചെറുപ്പത്തില്‍ അതായത് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഉഷാറായി പഠിത്തമൊക്കെ തുടങ്ങുന്ന  പ്രായത്തില്‍  അടുക്കളയിലെ അതി വേഗ  പാചകം,  സ്വീകരണ മുറി ചെലവ് കുറച്ച്  എങ്ങനെ ഒരുക്കാം എന്നൊക്കെ പരീക്ഷിച്ചു നിരന്തരം  തോല്‍ക്കാന്‍ നിരബന്ധിക്കപ്പെട്ട ഒരു  ഹതഭാഗ്യയാണ് ഞാന്‍... ( ഈ വരി വായിക്കുമ്പോള്‍ ഒരു ഇഫക്റ്റിനു പശ്ചാത്തലത്തില്‍ ഒരു ശോക ഗാനം  മൂളണം കേട്ടോ. ഏതു ഭാഷയായാലും വേണ്ടില്ല.... ശോകം,  പശി , രോഗം, വേദന ഇതൊക്കെ  ലോകം മുഴുവന്‍ ഒരു  പോലെയാകുന്നു. ജാതി, മതം, രാജ്യം, ആണ്, പെണ്ണ്   അതു പോലെയുള്ള വേര്‍ തിരിവുകള്‍  ഒന്നും  ഇല്ലാത്ത സമത്വ സുന്ദരമായ  ഒരു ഏര്‍പ്പാടാകുന്നു.  )

ഞാന്‍  ഒരു ഹതഭാഗ്യയാകാന്‍ ഒരുപാട്  കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിലൊരു പ്രധാനപ്പെട്ട കാരണം.... ഇതാണെന്ന് പലരും പറയാറുണ്ട്... എനിക്കത്രയ്ക്കങ്ങ് വിശ്വാസം പോരാ.

എന്‍റെ പ്രിയതമന്‍  വലിയ  പഠിത്തവും  ചാക്കുകണക്കിനു അറിവുമൊക്കെ  ഉണ്ടെങ്കിലും നമ്മുടെ  പിന്‍തിരിപ്പന്‍ മൂരാച്ചി പരട്ട പളുങ്കൂസന്‍ ഗവണ്‍മെന്‍റ് ഉദ്യോഗത്തിനൊന്നും  പോകാന്‍ കൂട്ടാക്കാത്ത സ്വന്തം  സ്വന്തം മാത്രം കഴിവില്‍  നയിച്ചു തിന്നുമെന്ന് കരിമ്പാറത്തീരുമാനം  എടുത്തിട്ടുള്ള ഒരു ആദര്‍ശ ഘടാഘടിയന്‍ ആയിരുന്നു. എന്നാല്‍  നമ്മുടെ  സമൂഹത്തിനു ഇക്കാര്യം വേണ്ട രീതിയില്‍ മനസ്സിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആദര്‍ശങ്ങളൂടെ  ഏറ്റവും  പ്രസക്തമായ ഭാഗം എന്തും പൂര്‍ണമായും  ത്യജിക്കാനുള്ള കഴിവ് കഴിയുന്നത്ര  വര്‍ദ്ധിപ്പിക്കുക എന്നതാക്കി ഞങ്ങള്‍ക്ക് പരിവര്‍ത്തിപ്പിക്കണമായിരുന്നു. 

ഉദാഹരണത്തിനു...  എന്‍റെ  പാചക പരീക്ഷണങ്ങള്‍  എന്ന പുസ്തകത്തിലെ ദോശയും ചട്ണിയും എന്ന  പാചക ഭാഗം  വായിക്കുക. 

അരിയും ഉഴുന്നും  ശകലം  ഉലുവയും  ഇഞ്ചിയും  കരിവേപ്പിലയും അരച്ച്  ചേര്‍ത്ത്  നല്ലെണ്ണയോ  നെയ്യോ ഒഴിച്ച്  ചുടുന്ന ദോശയില്‍  അരിയൊഴികെ  ബാക്കി എല്ലാം പൂര്‍ണമായും  ത്യജിച്ച ശേഷം  അല്‍പം  തേങ്ങ  ചുരണ്ടി മിനുസമായി അരച്ച്  ഉപ്പും അരച്ച അരിയും ആവശ്യം പോലെ വെള്ളവും ചേര്‍ത്ത്  കനം കുറച്ച്  പരത്തി ദോശക്കല്ലിനെ പറ്റിക്കാന്‍ മാത്രം നല്ലെണ്ണ തൂത്ത ശേഷം  ദോശ ഉണ്ടാക്കാം.  ഈ സമയത്ത് ദോശക്കല്ല്  മുഖം വീര്‍പ്പിച്ചാല്‍ കിട്ടുന്നതാണ് ഹതഭാഗ്യ  വിളമ്പും തട്ടില്‍  കുട്ടി ദോശ....  

സവാള, ചുവന്നുള്ളി, തക്കാളി, പുളി, ചുവന്ന മുളക്, പച്ചമുളക്, നാളികേരം, ഉപ്പ്  എന്നിവയൊക്കെ ചേരും പടി ചേരുന്ന പോലെ ഉപയോഗിച്ച് ,  കടുകും ചുവന്ന മുളകും  കറിവേപ്പിലയും മറ്റും വെളിച്ചെണ്ണയില്‍  വറുത്തിട്ട് ഉണ്ടാക്കുന്ന  ചട്ണിയില്‍ ചുവന്ന മുളകും  സവാളയും  കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും   ഒഴികെ ബാക്കിയെല്ലാം ആദ്യമേ  പൂര്‍ണമായും  ത്യജിക്കുക. 

അടുത്തതായി സവാള  കുനുകുനെ അരിയുക,  ഉപ്പു ചേര്‍ത്തു പതുക്കെ ഒന്നു തിരുമ്മുക,  ചുവന്ന മുളകും കരിവേപ്പിലയും ചതച്ച ശേഷം തിളച്ച  വെളിച്ചെണ്ണയില്‍  മൂപ്പിച്ച്  ഉപ്പു ചേര്‍ത്തു തിരുമ്മിയ  സവാളയില്‍ ചേര്‍ത്താല്‍ ചട്ണി റെഡി. സവാള  അരിഞ്ഞു വെച്ച ശേഷം കഥയെഴുതാനിരുന്നാല്‍ അവസാനം കിട്ടുന്ന  ചട്ണിയാണ് ഹതഭാഗ്യ  വിളമ്പും കയ്പന്‍ ചട്ണി . 

ഇനി സ്വീകരണ മുറി ഒരുക്കാന്‍ വേണ്ടത്.... 

നാലു ഘനമുള്ള  കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഒരു പോലെയുള്ളത്... ഇന്ത്യാ മഹാരാജ്യത്തെ  മിക്കവാറും  എല്ലാ  സംസ്ഥാനങ്ങളിലേയും   ആക്രിക്കച്ചവടക്കാര്‍ എടുത്ത്  തരാറുണ്ട് ഒരു പുഞ്ചിരിയോടെ.... ആക്കിയുള്ള ചിരിയോടെ  എന്നു വേണമെങ്കിലും നിര്‍ബന്ധമാണെങ്കില്‍ പറയാം.

പഴയ പുസ്തകങ്ങള്‍,  പത്രം ... കീറിയ തുണികള്‍ അല്ലെങ്കില്‍  ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒക്കെയും  പെട്ടികളില്‍  ചേരും  പടി ( ഈ തെരഞ്ഞെടുപ്പ് അതി പ്രധാനമാണ് )  നിറച്ച് പെട്ടികള്‍ ഭംഗിയായി സീല്‍  ചെയ്ത് ആദ്യം ന്യൂസ് പേപ്പറിന്‍റെ  കറുത്ത അക്ഷരം നിറഞ്ഞ ഭാഗം കൊണ്ടും പിന്നെ  വര്‍ണച്ചിത്രങ്ങള്‍  ഉള്ള ഭാഗം കൊണ്ടും  പൊതിഞ്ഞ്  ഭംഗിയായി വശങ്ങള്‍ ഒട്ടിച്ച്   നിരത്തിയിട്ടാല്‍  ഇരിപ്പിടങ്ങളായി...  ആര്‍ഭാടം  പോരെങ്കില്‍ കോട്ടണ്‍  ദുപ്പട്ട കൊണ്ടോ ടര്‍ക്കി കൊണ്ടോ ലാസ്റ്റായും  ഫൈനലായും  പൊതിയാം. 

കുറച്ചു കൂടി വലിയ  പരന്ന  പെട്ടി  ഇതു പോലെ  തയാറാക്കി  സെന്‍റര്‍  ടേബിളാക്കാം... അനവധി പരീക്ഷണങ്ങള്‍ക്കും  അതിലുണ്ടായ പെട്ടി  കീറല്‍,  ഇരിക്കുമ്പോള്‍  പെട്ടെന്ന്  പതുങ്ങി  അകത്തേക്ക്  കുഴിയല്‍ തുടങ്ങിയ  നിര്‍ഭാഗ്യങ്ങള്‍ക്കും ശേഷം  ഹതഭാഗ്യ  ഈ വിദ്യയില്‍  പേറ്റന്‍റ് എടുക്കുകയുണ്ടായി.    പേറ്റന്‍റിനു പെട്ടീരിയര്‍ ഡെക്കോറേഷന്‍ എന്നു  പറയും.
അപ്പോ ശരി..

12 comments:

വിനുവേട്ടന്‍ said...

പെട്ടീരിയർ ഡെക്കറേഷന് എന്റെ വക തേങ്ങയടി...

കമന്റ് ഒരേ തൂവൽ പക്ഷികളിൽ ഇട്ടിരുന്നൂട്ടോ എച്ച്മു...

vettathan said...

നര്‍മ്മം അത്രക്കങ്ങോട്ട് ഏശീയില്ലല്ലോ എച്മു

റിനി ശബരി said...

പച്ചരി വെള്ളത്തിലിട്ട് ഒരു മണിക്കൂറിന്
ശേഷം തേങ്ങയുമിട്ട് അരച്ച് ഇത്തിരി ഉപ്പുമിട്ട്
ദോശകല്ലില്‍ പെട്ടെന്ന് ഉണ്ടാക്കുന്ന , കേരളത്തിന്റെ
വടക്കേയറ്റത്ത് " പൊള " എന്ന പേരില്‍ അറിയപ്പെടുന്ന
ഒരു ദോശയാണ് ഇതു വായിച്ചപ്പൊള്‍ ഓര്‍മ വന്നത് ചേച്ചീ .
ഈ നോയമ്പിനും അതായിരുന്നു ഞങ്ങളുടെ പ്രധാന അരി ഭക്ഷണം
ഇതിനേ " മയ്യത്തപ്പം " എന്ന പേരില്‍ ഒന്നു മടക്കി അകത്ത് തേങ്ങയും
ചക്കരയും വച്ചും , മറ്റ് കാര്യങ്ങള്‍ വച്ചും ഉണ്ടാക്കാറുണ്ട് ..
കൂടെ ഞങ്ങളുടെ സ്വന്തം തക്കാളി ചട്ടിനിയും..
കൂടേ " നന്ദനം " എന്ന സിനിമയിലേ വേലക്കാരിയുടെ
ചായ്പ്പിലൊരുക്കുന്ന ക്യാന്‍ഡില്‍ ഡിന്നറും ഓര്‍മിപ്പിച്ചു
അവസ്സാനത്തെ പെട്ടീരിയര്‍ ഡെക്കറേഷന്....
ചേച്ചിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വിജയം വരിക്കട്ടെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പെട്ടീരിയർ ഡെക്കറേഷന് ഹ ഹ ഹ കാലത്തെ സമാധാനമായി ഒരു പോസ്റ്റ് എച്മുവിന്റെ വായിക്കാൻ പറ്റി സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം said...

‘ശോകം, പശി , രോഗം,
വേദന ഇതൊക്കെ ലോകം മുഴുവന്‍
ഒരു പോലെയാകുന്നു. ജാതി, മതം,
രാജ്യം, ആണ്, പെണ്ണ് അതു പോലെയുള്ള വേര്‍ തിരിവുകള്‍ ഒന്നും ഇല്ലാത്ത സമത്വ സുന്ദരമായ ഒരു ഏര്‍പ്പാടാകുന്നു...’

നർമ്മത്തേക്കാൾ ഏശിയത്
ഈ കർമ്മ ഫലത്തിനാണ് കേട്ടൊ എച്ച്മു

Cv Thankappan said...

ലൊട്ടുലൊടുക്ക് വിദ്യകള്‍കൊണ്ടൊരു കസര്‍ത്ത്...
നന്നായിട്ടുണ്ട്‌.
ആശംസകള്‍

Pradeep Kumar said...

നര്‍മ്മം എഴുതാനുള്ള ആഗ്രഹം എന്ന ലേബല്‍കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴേ വായന പൂര്‍ണമാവുന്നുള്ളു .

നര്‍മ്മം കൊണ്ടുള്ള അമ്പുകള്‍ക്ക് മൂര്‍ച്ച കൂടും..... ലക്ഷ്യസ്ഥാനത്ത് കൊള്ളാനും അതാണ് നല്ലത്....

നര്‍മ്മത്തിന്റെ പരീക്ഷണവഴികള്‍ വിജയസോപാനമേറട്ടെ. ആശംസകള്‍.....

മുകിൽ said...

nirbhagya eluppazazhikal vegam theernnallo

Bipin said...

തലക്കെട്ടിൽ അൽപ്പം മാറ്റം വരുത്തട്ടെ

" വാചക പരീക്ഷണങ്ങൾ"

ശ്രീനാഥന്‍ said...

നർമ്മത്തിൽ പൊതിഞ്ഞ ഇല്ലായ്മകളും വല്ലായ്മകളും..ബഷീർ അനുഗ്രഹിക്കട്ടേ!

കീയക്കുട്ടി said...

"ആര്‍ഭാടം പോരെങ്കില്‍ കോട്ടണ്‍ ദുപ്പട്ട കൊണ്ടോ ടര്‍ക്കി കൊണ്ടോ ലാസ്റ്റായും ഫൈനലായും പൊതിയാം. "ഇതുപോലെ ആര്ഭാടമുള്ള കമ്പ്യൂട്ടർ ടേബിൾ വിത്ത് ഫ്ലോർ ചെയർ ഒക്കെ നമ്മുടേം ആര്‍ഭാടം ആയിരുന്നു ...ആദർശം തന്നെ ഇവിടെയും ...പക്ഷെ ഭക്ഷണത്തിൽ ഇല്ല
ഇപ്പോൾ ഓർത്ത് ചിരിക്കണോ കരയണോന്നെയുള്ളൂ സംശയം

സുധി അറയ്ക്കൽ said...

നല്ല ഇഷ്ടമായി.............