Saturday, August 17, 2013

ചില ഫൈവ്സ്റ്റാര്‍ വിശേഷങ്ങള്‍


https://www.facebook.com/echmu.kutty/posts/175767635935872

( 2013 ജൂലായ് 19 ന് ഫേസ്ബുക്കില്‍  പോസ്റ്റ്  ചെയ്തത് ) 

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍  താമസിക്കുക, സുഖസൌകര്യങ്ങള്‍ ആസ്വദിക്കുക, അതൊരു പൊങ്ങച്ചമായി എടുത്തെടുത്ത്  പറഞ്ഞ് മറ്റുള്ളവരേക്കാള്‍ കേമന്മാരാണെന്ന് സ്വയം പ്രഖ്യാപിക്കുക ഇതൊക്കെ  ചെയ്യുന്ന ഒരുപാട് മനുഷ്യരുണ്ട്.  വെറുതേ ഒരു  സാധാരണച്ചായ കുടിക്കുമ്പോള്‍ പോലും അവര്‍ ആ പഞ്ചനക്ഷത്രച്ചായയെ വാഴ്ത്തും.  ആ പഞ്ചനക്ഷത്ര ബോണ്ടയെ പുകഴ്ത്തും. ആ പഞ്ചനക്ഷത്ര പരിപ്പുവടയെ  വര്‍ണ്ണിക്കും.  അവരില്‍  പല തലങ്ങളിലുള്ള സര്‍ക്കാര്‍  ഉദ്യോഗസ്ഥരും ജനനന്മയ്ക്കായി  ജീവന്‍ കൂടിയും  കളഞ്ഞു പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഒക്കെയുണ്ടാവാറുണ്ട്.  അവര്‍ പറയുന്ന ഭയങ്കര  പൊങ്ങച്ചങ്ങള്‍ കേട്ട് പലപ്പോഴും അവള്‍ ദാ,  ഇങ്ങനെ ഈച്ചകളുടെ  ജാഥയ്ക്ക്  ഇന്‍ക്വിലാബ് വിളിച്ച് കടന്നു പോകാന്‍ പറ്റുന്ന മാതിരി  വായും  പൊളിച്ചിരുന്നിട്ടുണ്ട്. 

അങ്ങനെയിരിക്കേ അവള്‍ക്കും ഒരവസരമുണ്ടായി...യാചകരായ കുഷ്ഠരോഗികള്‍ക്കായി ഭേദപ്പെട്ട താമസസ്ഥലമൊരുക്കുന്ന ഒരു പ്രോജക്ടിന്‍റെ  ആദ്യപാദം പൂര്‍ത്തിയാവുകയായിരുന്നു. ഒരു അമേരിക്കന്‍ ചാരിറ്റി സംഘടനയും അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തകരും  അനുഭാവികളും   ഒന്നിച്ചായിരുന്നു  ഭീമമായ ആ പ്രോജക്ട് രൂപപ്പെടുത്തിയത്. ഇന്ത്യയിലെ  അനുഭാവികളെന്നുവെച്ചാല്‍ നിസ്സാരക്കാരൊന്നുമായിരുന്നില്ല.  രാഷ്ട്രപതിയുടെ മക്കള്‍,  ഉപരാഷ്ട്രപതിയുടെ കൊച്ചുമക്കള്‍, പ്രധാനമന്ത്രിയുടെ  മരുമക്കള്‍  എന്നൊക്കെ  പറയുന്നതു മാതിരി സാധാരണ മനുഷ്യരൊന്നും  എടുത്താല്‍ പൊങ്ങാത്ത അത്രയും  വലിയ സ്വാധീനമുള്ളവരായിരുന്നു അവര്‍.  പ്രോജക്ടില്‍  ജോലി ചെയ്തിരുന്ന പ്രിയതമനു കിട്ടിയ ക്ഷണമനുസരിച്ച് അവളും ആദ്യമായി  ഒരു  പഞ്ചനക്ഷത്ര ഹോട്ടലില്‍  ഡിന്നര്‍ കഴിക്കാന്‍ പോയി. 

നല്ല വസ്ത്രമൊക്കെയുടുത്ത് അത്യാവശ്യം മേക്കപ്പൊക്കെയിട്ട് പൂര്‍ണ ഗമയില്‍ തന്നെയാണ്  അവളുടെ    പോക്ക്.  ഒരു  കുറവുമില്ല എന്ന്  ചാഞ്ഞും  ചരിഞ്ഞും  തിരിഞ്ഞും മറിഞ്ഞും  ഒക്കെ നോക്കി പലവട്ടം  ഉറപ്പ് വരുത്തിയിട്ടുണ്ട്. 

ഹോട്ടല്‍ നിസ്സാരമൊന്നുമല്ല...   കേമം  കെങ്കേമം.. എന്ന വകുപ്പിലുള്ള ഒന്നാന്തരം ഒരു ഹോട്ടല്‍ ചങ്ങലയുടെ  ഭാഗമായ ഹോട്ടല്‍ ... പല നിലകളില്‍   ഇങ്ങനെ തല ഉയര്‍ത്തിപ്പിടിച്ച്... പൂന്തോട്ടവും വിചിത്ര ജലധാരകളും വര്‍ണ്ണ ബള്‍ബുകളും മറ്റുമായി... പണം വലിയ ബക്കറ്റില്‍ ഇങ്ങനെ കോരിയൊഴിച്ച് നിര്‍മ്മിച്ച ഇന്ദ്രലോകം പോലെ. സമൂഹത്തിന്‍റെ നറും വെണ്ണയായ ആളുകള്‍ മാത്രം ചെല്ലുന്നയിടം.... അവിടെ അവള്‍  ആലീസ്  ഇന്‍ വണ്ടര്‍ ലാന്‍ഡ് ..... എന്ന  മാതിരി.

ഓട്ടോ റിക്ഷയ്ക്ക്  പ്രവേശനം ഇല്ലാത്ത ആ ഹോട്ടലിലേക്ക്  അവര്‍ നടന്നാണ് പോയത്. വെള്ളി വെളിച്ചം പാല്‍പ്പത പോലെ പരന്നൊഴുകുന്ന ഹോട്ടലിന്‍റെ പടുകൂറ്റന്‍ വാതായനത്തിനു മുന്നില്‍ നിന്നിരുന്ന രാജാപ്പാര്‍ട്ട്  വേഷം ധരിച്ച, മുഗള പാദുകം പോലെ അറ്റം വളഞ്ഞ  ഷൂ  ഇട്ട  പാറാവുകാരന്‍ അവരെ കൈ ഉയര്‍ത്തി സ്റ്റോപ്പ്  സിഗ്നല്‍ കാണിച്ചു .

അവള്‍ക്ക്  ഒന്നും മനസ്സിലായില്ല.  കാരണം കൈവശമുള്ള ഏറ്റവും നല്ല ഉടുപ്പാണ് അവളിട്ടിരിക്കുന്നത്. ചെറിയ തോതില്‍  ബീറ്റ് റൂട്ട്  ബ്രാന്‍ഡ്  ലിപ്സ്റ്റിക്കും അത്യാവശ്യം മിനുക്കമുള്ള ആഭരണങ്ങളും ഒക്കെയുണ്ട്. നൂറു ശതമാനവും  പ്രസന്‍റബ് ള്‍ തന്നെയാണ്. 

ഈ പാറാവുകാരന്  വല്ല കാഴ്ചക്കുറവുമുണ്ടോ?

ഭര്‍ത്താവിന്‍റെ ഹവായി ചെരുപ്പായിരുന്നു പ്രശ്നമെന്ന് പിന്നെയാണ് അവള്‍ക്ക് മനസ്സിലായത്. അതും ആ ചെരുപ്പ് ചൂണ്ടിക്കാട്ടി അയാള്‍ സംസാരിക്കാന്‍  തുടങ്ങിയപ്പോള്‍ മാത്രം. ഇത്തരമൊരു  മോശപ്പെട്ട ചെരുപ്പും ധരിച്ച് വലിയ വലിയ  ആളുകള്‍ വിഹരിക്കുന്ന ആ ഹോട്ടലില്‍ കയറാന്‍ പാടില്ലെന്ന് പാറാവുകാരന്‍ തീര്‍ത്തു പറഞ്ഞു. അയാള്‍ക്ക്  വല്ലാതെ ദേഷ്യം  വരുന്നുണ്ടായിരുന്നു. ഹോട്ടലിന്‍റെയും അവിടെ വരുന്ന വലിയ മനുഷ്യരുടേയും മറ്റും വലുപ്പത്തെ പറ്റി അയാള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

അവളുടെ  മുഖം  കടലാസ്സു പോലെ വിളറി.. ജീവിതത്തില്‍ അതീവ ലാളിത്യം എന്ന് സദാ  ജപിക്കുന്ന,  തികച്ചും അത്യാവശ്യമായത് മാത്രമേ ചെയ്യാവൂ എന്ന്   ആ നിഷ്ഠയില്‍ തന്നെ  ഉറച്ച് ജീവിക്കുന്ന ഭര്‍ത്താവിന്‍റെ  ലാളിത്യം ഇതാ  വാതിലിനിപ്പുറത്ത് നിറുത്തി  അവരെ അതിഘോരമായി അപമാനിച്ചിരിക്കുന്നു.

അപ്പോഴാണ് തികച്ചും ശാന്തനായി അവളുടെ ഭര്‍ത്താവ്  ചോദിച്ചത്.

ഈ ചെരുപ്പിടരുതന്നേയുള്ളൂ, അല്ലേ?
 
പാറാവുകാരന്‍ തലകുലുക്കിയപ്പോള്‍ ഹവായി ചെരുപ്പ്    കൂറ്റന്‍ വാതിലിന്‍റെ  അരികിലായി അയാള്‍ ഊരിയിട്ടു,  അമ്പരന്നും പരിഭ്രമിച്ചും നിന്ന അവളെയും കൂട്ടി  പ്രത്യേകിച്ച്  യാതൊന്നും സംഭവിക്കാത്തതു പോലെ  അകത്തേക്കു നടന്നു പോയി. 

അമൂല്യമായ ചെരിപ്പുകളിട്ടവര്‍ക്കായാലും  തികഞ്ഞ  നഗ്നപാദര്‍ക്കായാലും  വായും,  വയറും ആണല്ലോ  ഭക്ഷണം കഴിക്കാന്‍  അത്യാവശ്യമായത്....   

ആദ്യമായി പഞ്ചനക്ഷത്രത്തില്‍ താമസിക്കാന്‍ ഇട  വന്നതായിരുന്നു അടുത്ത സന്ദര്‍ഭം.  താഴത്തെ നിലയില്‍ പോയി ബ്രേക്ഫാസ്റ്റ് കഴിച്ച് മുറിയുടെ താക്കോലായി ഒരു പ്ലാസ്റ്റിക് കാര്‍ഡ്  അവളെ ഏല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജോലികള്‍ ചെയ്യാന്‍ സ്ഥലം വിട്ടു. അവള്‍ താഴത്തെ നിലയിലെ ഹാന്‍ഡി ക്രാഫ്റ്റ്സ്  ഷോറൂമിലും ബുക് ഷോപ്പിലും ഓര്‍ക്കിഡ് നഴ്സറിയിലും ബോണ്‍സായ് തോട്ടത്തിലും ഒക്കെ കുറച്ച് നേരം അലഞ്ഞു നടന്ന്  ഓരോന്നിന്‍റേയും വില  വായിച്ചു നോക്കി  ക്ലോക്കില്‍ പന്ത്രണ്ട്  മണിയടിക്കും പോലെ  തുടര്‍ച്ചയായും സമൃദ്ധമായും ഞെട്ടിക്കൊണ്ടിരുന്നു.... ഞെട്ടിഞെട്ടി തളര്‍ന്നപ്പോള്‍  പാശ്ചാത്യസംഗീതം  കേള്‍പ്പിക്കുന്ന  ലിഫ്റ്റില്‍ കയറി മുകളിലെ മുറിയിലേക്ക് പോയി.. 
   
പ്ലാസ്റ്റിക് കാര്‍ഡ്  ഡോറിലെ സോക്കറ്റിലിട്ടപ്പോള്‍ ഒരു  പച്ചവെളിച്ചം കണ്ണു ചിമ്മി. വാതില്‍ തുറന്ന് അവള്‍ അകത്തേക്ക് പ്രവേശിച്ചുവെങ്കിലും വൈദ്യുതി വിളക്കുകള്‍ ഒന്നും തെളിയുകയുണ്ടായില്ല. അതിനു കാരണമെന്തെന്ന് അവള്‍ക്ക് മനസ്സിലായില്ല. സ്വിച്ച് പോലെ  അവള്‍ക്ക് തോന്നിയ എല്ലായിടവും  പരിശോധിച്ചു നോക്കി .. അതൊന്നും പ്രവര്‍ത്തിച്ചില്ല. ഇനി ആലിബാബയുടെ കഥയിലെപ്പോലെ   ഓപ്പണ്‍ സിസേം എന്ന മട്ടില്‍ വല്ല കോഡ് വാക്കും ഉണ്ടായിരിക്കുമോ എന്നും   ആലോചിക്കാതിരുന്നില്ല.   ടി വി  പോലും പ്രവര്‍ത്തിപ്പിക്കാനാവാതെ ആ മുറിയില്‍ വൈകുന്നേരം വരെ   ഇങ്ങനെ കുത്തിയിരിക്കുന്നതാലോചിച്ചപ്പോള്‍ അവള്‍ക്ക് ഉറക്കെ കരയാനാണ് തോന്നിയത് .

ഒടുവില്‍ റിസപ്ഷനിലേക്ക് വിളിച്ച് വിവരം പറയാന്‍   അവള്‍ നിശ്ചയിച്ചു. റിസപ്ഷനിലെ കിളിമൊഴി പ്ലീസ്, സ്പീക് വിത് ഹൌസ് കീപ്പിംഗ് ...  എന്ന് നിര്‍ദ്ദേശിച്ച് ഫോണില്‍ ഒരു മ്യൂസിക് കേള്‍പ്പിക്കാന്‍ തുടങ്ങി. ഹൌസ് കീപ്പിംഗ്കാരിയ്ക്കും നല്ല മധുരമൊഴിയായിരുന്നു. ദാ,  ഇപ്പോ ആളു വരുമെന്ന് ആ മൊഴി സമാധാനിപ്പിച്ചു.

ആളു  വന്നു. യൂണിഫോമിട്ട ഒരു  യുവകോമളന്‍. മുറിയുടെ വാതില്‍ തുറന്ന പാടെ അയാള്‍ പാടുപെട്ട് അമര്‍ത്തിയ ഒരു പുഞ്ചിരിയോടെ ചുവരിലെ  സോക്കറ്റ് ചൂണ്ടിക്കാട്ടി ഇരട്ടി മധുരമായി  പറഞ്ഞു. പ്ലീസ്, ഇന്‍സര്‍ട്ട് ദ കാര്‍ഡ്  മാഡം.
 
എന്തൊരല്‍ഭുതം! കാര്‍ഡ്  ചുവരിലെ  കിടുതാപ്പിലിട്ട ആ നിമിഷം  പ്രസാദിച്ചു .. കേട്ടോ, മുറിയിലെ വൈദ്യുതി ഭഗവാന്‍..  

യുവകോമളന്‍റെ  ആക്കിയ പുഞ്ചിരിയ്ക്കും  ഇരട്ടി മധുര വാക്കിനും  ശുദ്ധകണ്‍ട്രി.... എന്ന അര്‍ഥമുണ്ടായിരുന്നിരിക്കുമോ? 
   
ആവോ....  

20 comments:

Cv Thankappan said...

"..ശുദ്ധ കണ്‍ട്രി.."
അല്ലേല്‍ പിന്നെ.....?!!
ആശംസകള്‍

ajith said...

ഭാഗ്യം...ഞാന്‍ പോയിട്ടില്ല
പഞ്ചം പോയിട്ട് ഏകനക്ഷത്രത്തില്‍ പോലും!

Pheonix said...

കൊച്ചി എയര്‍പ്പോര്‍ട്ടിനടുത്ത ഒരു ഹോട്ടെലില്‍ ഇതുപോലെ കാര്‍ഡ് അകത്തും ഞങ്ങള്‍ പുറത്തും ആയി പെട്ടുപോയിട്ടുണ്ട്. അവസാനം മാസ്റ്റര്‍ കീ കൊണ്ടുവന്നു തുറന്നു തന്നു.

Akbar said...

പഞ്ച നക്ഷത്രത്തിലേക്ക്‌ നഗ്ന പാദനായി കടന്നു ചെല്ലുകയോ..സ്വർണ പാദുകമിട്ട തമ്പ്രാക്കൾ എങ്ങിനെ സഹിക്കും ഈ "കണ്ട്രി"കളെ.

Pradeep Kumar said...

അജിത്ത് സാര്‍ പറഞ്ഞതുപോലെ ഇത്തരം 'സൗഭാഗ്യങ്ങള്‍' ഞാനും അനുഭവിച്ചിട്ടില്ല. എച്ചുമുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ പണ്ട് മഹാനായ ചിത്രകാരന്‍ എം.എഫ് ഹുസൈന് മുംബൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് ഉണ്ടായ അനുഭവം ഓര്‍മ്മ വന്നു.....

ഇവര്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന സംസ്കാരത്തെ നമുക്ക് ഫൈവ് സ്റ്റാര്‍ സംസ്കാരം എന്നു വിളിക്കാമെന്നു തോന്നുന്നു

വിനുവേട്ടന്‍ said...

വളരെ രസകരമായി എഴുതീട്ടോ എച്ച്മു...

പഞ്ചനക്ഷത്രത്തിൽ പോകാൻ ഒരിക്കൽ ഞങ്ങൾക്കും ഒരു അവസരം ലഭിച്ചു... സംഭവം ഇതാ ഇവിടെയുണ്ട്...

vettathan said...

പഞ്ച നക്ഷത്ര ഹോട്ടലുകളിലെ താമസവും ഭക്ഷണവും ഒരു ആഗ്രഹം മാത്രമാണു.അടുത്തുള്ള തട്ടുകടയിലെ ഗുണമോ രുചിയോ ഉണ്ടാകണമെന്നില്ല. 1992ല്‍ 15 രൂപയ്ക്ക് പഞ്ചനക്ഷത്രത്തില്‍ നിന്നു ഒരു കട്ടന്‍ കാപ്പി കുടിച്ചു.ചവര്‍.

binoj joseph said...

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം അല്ലേ ? ..

binoj joseph said...
This comment has been removed by the author.
Aneesh chandran said...

നക്ഷത്രങ്ങള്‍ ആകാശത്തല്ലേ കൈയെത്തും ദൂരത്തല്ല ഒന്നും.

ആൾരൂപൻ said...

ഞാനീ മാതിരി ഹോട്ടലിലൊക്കെ കുറേ താമസിച്ചതാ, സാമ്പിളിനായി ഒരെണ്ണം ഞാനിതാ കൊടുക്കുന്നു.
ഹൈദരാബാദിൽ ഒരു ദിവസം

റിനി ശബരി said...

പുതിയ പുതിയ അറിവുകള്‍ നമ്മളില്‍ എത്തുന്നത്
മറ്റുള്ളവരുടെ പുച്ഛം നിറഞ്ഞ മുഖമോടെയാകും ..
ഇതൊക്കെ കാണുമ്പൊള്‍ ജനിച്ചപ്പൊഴെ ഇവന്മാരൊക്കെ
ഇതൊക്കെ പഠിച്ചാണ് വരുന്നതെന്നു തൊന്നും .
ഇങ്ങനെയുള്ള നക്ഷത്രങ്ങളുടെ ഘോഷയാത്രകള്‍
എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട് , അത് നന്മയുടെ
നിഷ്കളങ്കതയുടെ നിറവായിട്ടേ കണ്ടിട്ടുള്ളു .
പുതിയ അറിവുകള്‍ പകര്‍ന്ന് കിട്ടുമ്പൊള്‍ ആദ്യമൊന്ന്
പതറും , പിന്നെ സസന്തൊഷം സ്വീകരിക്കാതെ കഴിയില്ല .
ആദ്യമായി വിമാനത്തില്‍ കേറിയ ഒരു ആള്‍ക്ക് , മൂത്രമൊഴിക്കാന്‍
പൊയിട്ട് ഫ്ലഷ് കാണാതെ , കാണുന്നതില്‍ കേറി അമര്‍ത്താന്‍
പേടിയായിരുന്നു .എന്തെകിലും കേറി തൊട്ടാല്‍ ഇതെങ്ങാനും
തുറന്നു പൊകുമോന്ന പേടി .. അവസ്സാനം മുക്കിയും മൂളിയും
വാഷ് ബെയ്സിനില്‍ നിന്നും വെള്ളമൊഴിച്ച് തൃപ്തിയടഞ്ഞ വിരുതന്‍ ,
ഞാന്‍ ആണെന്ന് തൊന്നുന്നു അത് .. പാവപെട്ടവന്റെ പല ലോകങ്ങളിലൂടെ
തുറന്ന് കാട്ടുന്ന ചില നെരിന്റെ പുളിപ്പുകളുണ്ട് വരികള്‍ക്കിടയില്‍
സ്നേഹം എച്ച്ചുമു ചേച്ചീ ...

ശ്രീ said...

റിനി മാഷ് പറഞ്ഞത് നേരാ...

ആദ്യമായി ഈ സാഹചര്യം നേരിട്ടപ്പോള്‍ ഞാനും ഒന്നു ചമ്മിയതാ... :)

Unknown said...

ഞാൻ ഈ പൊങ്ങച്ചങ്ങൾക് ഉള്ളിൽ വേല ചെയ്തിട്ടുണ്ട്

വീകെ said...

അറിവില്ലായമയല്ലെ ഇതിനൊക്കെ കാരണമായത്. പണ്ട് കാളവണ്ടിയിലായിരുന്നില്ലെ നമ്മളെല്ലാം സഞ്ചരിച്ചിരുന്നത്. ഇന്ന് കാറിൽ സഞ്ചരിക്കുമ്പോൾ നമ്മളും പൊങ്ങച്ചക്കാരായി മാറുന്നില്ലേ...?

jayanEvoor said...

ഹ! ഹ!!
ഇതൊക്കെ രണ്ടു മൂന്നു വർഷം മുൻപ് ഞാനും അനുഭവിച്ചു!

ഇക്കുറി ചെന്നൈയിൽ വന്നപ്പോൾ കാർഡിട്ടപ്പോൾ പച്ച ലൈറ്റ് കത്തുന്നില്ല. അതും എന്റെ റൂമിൽ മാത്രം!

ഒടുവിൽ ഹൌസ് കീപ്പിംഗുകാരൻ കുന്തവും കൊടിലും ഒക്കെ കൊണ്ടുവന്നാ ശരിയാക്കിയത്!

(അതൊക്കെപ്പോട്ടെ, ചെന്നൈയിൽ വന്ന് പലതവണ ശ്രമിച്ചിട്ടും, എനിക്കു ചെവി തരാഞ്ഞതെന്തേ!?)

Rajesh said...

Owing to work, have many experiences with many big hotels in India. However, I have always felt the most tasty food is prepared in our street eateries and local restaurants. They taste too much better than any five star restaurants.

mini//മിനി said...

തിരൊന്തോരത്ത് രണ്ട് തവണ വന്നപ്പോൾ നക്ഷത്രമെണ്ണുന്ന ഒരു ഹോട്ടലിലായിരുന്നു താമസിച്ചത്. ആടത്തെ ബിശേശങ്ങൾ പറയാൻ ഒരൊന്നര പോസ്റ്റ് വേണം. രണ്ട് തവണയും റൂമിലെ ടീവി ഓൺ ചെയ്തപ്പോൾ ആദ്യം കണ്ടത് ഫാഷൻ ടീവി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനീ ലണ്ടനിൽ വന്നിട്ട് മണ്ടനായത് ഇത്തരം കുണ്ടാമണ്ടികളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടാണ് കേട്ടൊ

നളിനകുമാരി said...

അറിവുള്ള മക്കൾ കൂടെയില്ലെങ്കിൽ തീര്ച്ചയായും ഞാനും പെട്ടുപോയേനെ ഈ പറഞ്ഞ കുണ്ടാമണ്ടിയിൽ എല്ലാറ്റിലും.