Tuesday, August 6, 2013

റമദാന്‍ കാലത്തെ പട്ടിണി വിചാരങ്ങള്‍..


https://www.facebook.com/echmu.kutty/posts/181436828702286

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ജൂലായ് 26   ന് പ്രസിദ്ധീകരിച്ചത്.)

ഭോപ്പാല്‍ എനിക്ക് അല്‍പം  പരിചയമുള്ള  ഒരു നഗരമാണ്.  മനസ്സാക്ഷിയുള്ള ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത  യൂണിയന്‍ കാര്‍ബൈഡ് ദുരന്തം മാത്രമല്ല അതിനു കാരണം... കുറച്ചു ദിവസങ്ങള്‍ ... തടാകങ്ങളുടെയും  ഹരിത സമൃദ്ധിയുടേതുമായ  ആ നഗരത്തില്‍ ചെലവഴിച്ചതിന്‍റെ  ചില്ലറ ഓര്‍മ്മകള്‍ കൊണ്ടു കൂടിയാണ് ... 

അതേ  ഓര്‍മ്മകളിലാണ് പുണ്യം നിറഞ്ഞ ഈ റമദാന്‍ മാസത്തില്‍ പട്ടിണി താങ്ങാനാവാതെ...  കുഞ്ഞിനു കൊടുക്കാന്‍ ഭക്ഷണമില്ലാത്തതുകൊണ്ട്....  ഉടനെയെങ്ങും ഭക്ഷണം കിട്ടുമെന്ന്  പ്രതീക്ഷിക്കാനും ആവാത്തതുകൊണ്ട് സ്വന്തം കുഞ്ഞിനെ തടാകത്തിലെറിഞ്ഞു കളഞ്ഞ ഭോപ്പാലിലെ ഒരമ്മയെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ നുറുങ്ങിപ്പോയത്.. 

അമ്മ കുഞ്ഞിനെ തടാകത്തില്‍  വലിച്ചെറിയുന്നത്..അല്ലെങ്കില്‍ വിഷം കൊടുത്തു കൊല്ലുന്നത് റോഡരികിലോ ആശുപത്രിയിലോ അമ്മത്തൊട്ടിലിലോ  ഉപേക്ഷിക്കുന്നത് ഒക്കെ അത്ര അസാധാരണ കാര്യമൊന്നുമല്ല. പല അമ്മമാരും പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ മുഴുപ്പട്ടിണി കൊണ്ടാണെന്ന് ...കുഞ്ഞിനു കൊടുക്കാന്‍ ആഹാരമില്ലാത്തതുകൊണ്ടാണെന്ന്  കിട്ടുമെന്ന് യാതൊരു   പ്രതീക്ഷയുമില്ലാത്തതുകൊണ്ടാണെന്ന്  നിര്‍വികാരയായി ഏറ്റു പറഞ്ഞ ആ അമ്മയെ നോക്കാന്‍  കരുത്തില്ലാതെ ഞാന്‍ ടി വി  ചാനല്‍ മാറ്റുകയായിരുന്നു. 

ഇത്  ഭോപ്പാല്‍ നഗരത്തിന്‍റെ  മാത്രം കഥയല്ല. നമ്മുടെ ഭരണകര്‍ത്താക്കള്‍ എത്ര സമര്‍ഥമായി മൂടി മറച്ച് അവതരിപ്പിച്ചാലും ഇല്ല, എന്‍റെ  സംസ്ഥാനത്തില്‍ പട്ടിണിയില്ല എന്ന് ആണയിട്ടാലും മുഴച്ചു നില്‍ക്കുന്ന ഒരു പരമാര്‍ഥം  ഇന്ത്യയിലിന്നും അക്ഷരാര്‍ഥത്തില്‍ തന്നെ പട്ടിണി കിടക്കുന്നവര്‍ ധാരാളമായി ഉണ്ടെന്നതാണ്.   ഒരു നേരം  പോലും  ഇന്ന് തിന്നാനാവാത്തവര്‍ , നാളെയും തിന്നാന്‍ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വെച്ചു പുലര്‍ത്താനാവാത്തവര്‍... അത്തരം മനുഷ്യര്‍ ഇന്ത്യയില്‍ എമ്പാടുമുണ്ട്.  ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സിന്‍റെ  റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഇപ്പോഴും പട്ടിണിക്കാരുടെ സ്വന്തം സാമ്രാജ്യമാണ്.  പണമുള്ളവരുടെ  വളരെയേറെ വികസിച്ച ലോകത്തിലും കൂടുതല്‍ കൂടുതല്‍ പണക്കാരാവാന്‍ പാടുപെടുന്നവരുടെ വികസിക്കുന്ന  ലോകത്തിലും യാതൊരു വിലയുമില്ലാത്ത പട്ടിണിക്കാര്‍  നിറഞ്ഞ, അതേ സമയം  സൂപ്പര്‍ പവറാവാന്‍ കൊതിക്കുന്ന ഒരു രാജ്യം. 

നമുക്ക് സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും...ഹരിതവിപ്ലവമെന്ന പേരില്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ നമ്മള്‍ ഭയങ്കര മിടുക്കന്മാരായിട്ടും പലപ്പോഴും ഭക്ഷ്യവിഭവങ്ങളെ, സംരക്ഷിച്ചു  സൂക്ഷിക്കുന്നിടത്ത് തന്നെ പൂപ്പലും പുഴുവും  മറ്റും വന്ന് ഉപയോഗശൂന്യമാക്കി കളഞ്ഞിട്ടും നമ്മുടെ നാട്ടില്‍ മനുഷ്യര്‍ ഭക്ഷണം കഴിക്കാതെ മരിക്കുന്നതെന്തുകൊണ്ടായിരിക്കും?

മനുഷ്യത്വമില്ലാത്ത വികസനം എന്ന ഒറ്റ പ്രയോഗത്തില്‍ ആ കാരണത്തെ ഒതുക്കാം. 

എങ്കിലും വെറുതേ ചില  വിചാരങ്ങള്‍..  

നാല്‍പതു  ശതമാനം ഗ്രാമീണ കര്‍ഷകര്‍ക്കും സ്വന്തം കൃഷി ഭൂമിയില്ലാത്ത രാജ്യമാണ് ഇന്ത്യ. ആഗോളവല്‍ക്കരണത്തിനു ശേഷം  പ്രത്യേകമായും  കൃഷിയെ  പ്രോല്‍സാഹിപ്പിക്കുന്ന  സാമ്പത്തിക നയങ്ങളല്ല നമ്മുടെ ഗവണ്‍മെന്‍റുകള്‍ക്കുണ്ടായിരുന്നത്.  കര്‍ഷകരോടുള്ള  ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഗവണ്‍മെന്‍റ്  വളരെ കൌശലപൂര്‍വം  പിന്‍മാറുകയായിരുന്നു. അധിക ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആസൂത്രണ വിദഗ്ദ്ധര്‍ക്കും  കര്‍ഷകക്ഷേമ  പരിപാടികകളില്‍ നിന്ന്  ഗവണ്‍മെന്‍റു  പിന്മാറുന്നത് ഒരു പോളിസിയായി  തന്നെ സ്വീകരിക്കുന്നതില്‍ വലിയ മനപ്രയാസമൊന്നും അപ്പോള്‍ തോന്നിയില്ല.  ഇപ്പോഴും  ഒരു  മനപ്രയാസവും തോന്നുന്നില്ല.

എന്തെങ്കിലും ഒരു  സാഹചര്യം ലഭിച്ചാല്‍ കൃഷിയില്‍ നിന്ന് പൂര്‍ണമായും  ഒഴിവാകാന്‍ മോഹിക്കുന്ന വിധം ദയനീയമായിത്തീര്‍ന്നു  ഇന്ത്യന്‍  കര്‍ഷകന്‍റെ  ജീവിത പരിതസ്ഥിതി. നെല്‍കൃഷിയിലും ഗോതമ്പ് കൃഷിയിലും എല്ലാം കര്‍ഷകനെ കാത്തിരുന്നത് പെരുംനഷ്ടം തന്നെയായിരുന്നു. ഓരോ അരമണിക്കൂറിലും ഒരു ഇന്ത്യന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍  നമുക്കൊരു വാര്‍ത്ത പോലും അല്ലാതായല്ലോ. മൂന്നിലൊന്നു ജനതയും നിരക്ഷരരായ ഇന്ത്യയിലെ ഫാക്ടറികളില്‍ അവര്‍ക്ക്  ചെയ്യാന്‍ പറ്റിയ ജോലികളൊന്നുമില്ല. ഫാക്ടറികളുടെ പിന്നാമ്പുറങ്ങളില്‍ മാത്രമേ നിരക്ഷരരായ പട്ടിണിക്കാര്‍ക്ക്  അല്‍പമെന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. ഇന്ത്യയിലെ ഫാക്ടറികള്‍  സ്കില്‍ കുറവുള്ള എന്നാല്‍  അതേ  സമയം മനുഷ്യാധ്വാനം നിര്‍ബന്ധമായും ആവശ്യമുള്ള  ഒരു  മേഖലയെ  ഒരു കാലത്തും ധീരതയോടെ  അഭിമുഖീകരിച്ചിട്ടില്ല. അതികേമമെന്ന്  കൊട്ടിഘോഷിക്കപ്പെടുന്ന ഐ ടി സെക്ടറില്‍  പോലും ജോലി ചെയ്യാന്‍ കഴിവുള്ളവരില്‍  നാലിലൊന്നിനു മാത്രമേ  ജോലി ലഭിക്കുന്നുള്ളൂ. ഏതു മത വിഭാഗത്തില്‍ പെട്ടവരായാലും  ദളിതരില്‍ ഭൂരിഭാഗം പേര്‍ക്കും ദളിതരായതുകൊണ്ട് മാത്രം  ഭൂമിയില്ല. വലിയ അണക്കെട്ടുകള്‍ക്കും   ഫാക്ടറികള്‍ക്കും മറ്റ് ഏര്‍പ്പാടുകള്‍ക്കും വേണ്ടിയും കുടിയേറ്റം വഴിയും ആദിവാസികളില്‍ അധികം പേരും ഭൂരഹിതരും അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്തവരുമായി...ആദിവാസികളുടെ നവജാത ശിശുക്കള്‍ മരിക്കുന്നതും അവരുടെ ഊരുകളില്‍ പട്ടിണി പെയ്യുന്നതും അന്വേഷിച്ച് നമ്മള്‍ കേരളീയര്‍ക്ക് പോലും അധിക ദൂരമൊന്നും സഞ്ചരിക്കേണ്ടതില്ലല്ലോ. 
 
പൊതു ഭക്ഷ്യ  വിതരണ സമ്പ്രദായത്തില്‍  അധിക ഭാഗം ഭക്ഷ്യധാന്യങ്ങളും കരിഞ്ചന്തയിലേക്ക് എത്തിക്കാന്‍ കെല്‍പ്പുള്ളവര്‍ വലിയ അഴിമതികള്‍ നടത്തുന്നുണ്ട് . വിദ്യാഭ്യാസമില്ലാത്ത സാധാരണ ജനതയെ എങ്ങനെയെല്ലാം വഞ്ചിക്കാമെന്നതില്‍ പല  സംസ്ഥാനങ്ങളിലേയും  ഗവണ്‍മെന്‍റ്  ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമുണ്ട്. വളരെയേറെ  വാഴ്ത്തപ്പെടുന്ന തൊഴിലുറപ്പ് പദ്ധതി പ്രകാരമാണെങ്കില്‍  വാഗ്ദാനം  ചെയ്യപ്പെട്ടതിന്‍റെ പകുതി തൊഴില്‍  ദിനങ്ങളേ  ജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളുവത്രെ. 

എല്ലാത്തരം ഇല്ലായ്മകള്‍ക്കു നടുവിലും  കൃത്യമായി വര്‍ദ്ധിക്കുന്ന നമ്മുടെ ജനപ്പെരുപ്പവും  വിശപ്പിനെതിരായുള്ള നമ്മുടെ സമരങ്ങളെയെല്ലാം മുച്ചൂടും തരിപ്പണമാക്കാന്‍ പോന്ന ശക്തിയുള്ളതാണ്.... ഇന്ത്യയില്‍ ഭൂരിഭാഗം  കുടുംബങ്ങളിലും ജാതിമതഭേദമെന്യേ പെണ്‍കുട്ടികള്‍ മൂന്നില്‍ രണ്ടു ഭാഗവും പതിനാറു വയസ്സിനുള്ളില്‍  വിവാഹിതരാകുന്നു. ചെറുപ്രായം മുതല്‍ പ്രസവിച്ചു തുടങ്ങുന്ന  ഈ കുട്ടി അമ്മയില്‍  നിന്ന്  പോഷകഹാരക്കുറവിന്‍റെയും ആരോഗ്യമില്ലാത്ത തലമൂറയുടേയും ദുരിതയാത്ര   ആരംഭിക്കുകയായി. അങ്ങനെ  ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനീമിയയുള്ള സ്ത്രീകള്‍ ഇന്ത്യയ്ക്ക് സ്വന്തം... ലോകത്തില്‍ ഏറ്റവും കൂടുതല്‍  പോഷകാഹാരക്കുറവുള്ള കുട്ടികളും ഇന്ത്യയ്ക്ക്  സ്വന്തം ...  

ആരും പട്ടിണികൊണ്ട് മരിക്കാനിട വരാതിരിക്കട്ടെ എന്നാശിച്ചുകൊണ്ട്... പുണ്യമാസമായ ഈ റമദാനില്‍..

19 comments:

റോസാപ്പൂക്കള്‍ said...

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി ഇത്രേം കാലം കഴിഞ്ഞെങ്കിലും പട്ടിണി പാവങ്ങള്‍ എന്നൊരു വിഭാഗം ഇപ്പോഴും വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു.പ്രത്യേകിച്ച് വടക്കെ ഇന്ത്യയില്‍.ഭരണ കര്‍ത്താക്കള്‍ക്ക് തുടക്കത്തിലെ പാളിച്ച സംഭവിച്ചു.ഗ്രാമങ്ങളുടെ വികസനം എന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ നെഹ്‌റു നഗരങ്ങളെ വികസിപ്പിക്കാനാണ് ശ്രമിച്ചത്‌. എന്തൊക്കെ പറഞ്ഞാലും പട്ടിണി മൂലം കുഞ്ഞിനെ കൊന്നുകളയാന്‍ ഒരമ്മയ്ക്ക് ആകുമോ..?

Echmukutty said...

പട്ടിണി അതി ഭയങ്കരമായ കൊടും ക്രൂരമായ ഒരു സത്യമാണ് റോസാപ്പൂവേ... അതിന്‍റെ മുന്നില്‍ മനുഷ്യന്‍ ആര്‍ജ്ജിച്ചുവെന്ന് വിചാരിക്കപ്പെടുന്ന ഒന്നിനും യാതൊരു നിലനില്‍പ്പുമില്ല.. മാതൃത്വത്തിനും പിതൃത്വത്തിനും ഉള്‍പ്പടെ ഒന്നിനും... അഞ്ഞൂറു രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരും അച്ഛന്മാരും ഇന്ത്യയിലുണ്ട്.. ആ കുഞ്ഞിന്‍റെ ബാക്കി ജീവിതം എവിടെയാവും എങ്ങനെയാവും എന്നൊക്കെ നമുക്കൊന്നും സങ്കല്‍പിക്കാന്‍ പോലും കഴിയില്ല പൂവേ... അതിലും ഭേദം മരണത്തോടെ അതിന്‍റെ ദുരിതം തീര്‍ന്നല്ലോ എന്ന് ആ അമ്മ കരുതിയിരിക്കുമോ ആവോ...

ആദ്യവായനയ്ക്കെത്തിയതില്‍ സന്തോഷം റോസാപ്പൂവേ..

പടന്നക്കാരൻ said...

അട്ടപ്പാടിയിൽ സംഭവിക്കുന്നത് നല്ല സൂചനയല്ല!!

ലംബൻ said...

ആ അമ്മയെ കുറ്റപെടുത്താന്‍ ആവില്ല. സ്വന്തം കുഞ്ഞു വിശന്നു വലഞ്ഞു, പട്ടിണികൊണ്ട് ഇഞ്ചിഞ്ചായി മരിക്കുന്നത് ഇഷ്ടമില്ലാത്ത അമ്മയുടെ നിസഹായ അവസ്ഥ കൊണ്ടാവണം അവര്‍ അങ്ങിനെ ചെയ്തത്.

പിന്നെ ഭരണകൂടം അതിലൊക്കെ വിശ്വാസം എന്നെ നഷ്ടപെട്ടിരിക്കുന്നു.

Aneesh chandran said...

ഒരു വര, അതിനെ ചെറുതാക്കാന്‍ ആ വര ചെറുതാക്കാതെ അതിനപ്പുറത്ത് മറ്റൊരു വലിയ വര വരച്ചു. പട്ടിണിയുടെ വര ഇപ്പോള്‍ ചെറുതും അല്ലാത്തവരുടെ വര വലുതമായി മാറിയിരിക്കുന്നു.
ഒരു കാര്യവുമില്ല,മാറ്റവും.

ajith said...

നിങ്ങളെന്തിനാ കൃഷി ചെയ്യുന്നത് തമിഴ് നാട്ടില്‍ നിന്ന് വാങ്ങാമല്ലോ എന്ന് പറഞ്ഞ പ്ലാനിംഗ് കമ്മീഷണര്‍ ഉള്ള രാജ്യമാണിത്.

Rajesh said...

In the beginning of 80's India owned 1/5th of world's Poor. Now, India owns 1/3rd of the world's poor. May be this is the development they preached.

If the stats belonging to Kerala, Punjab, Himachal Pradesh and Tamil Nadu are removed, then we would decorate the last rows of all human and social indices of UN.

And We still have one Central Minister,Mr. Chidamabaram who wishes to see 70% of Indians living in cities(in a Tehelka interview)in the future.

For all those people who think there are no poor in Kerala, Please, just visit our Govt. hospitals once in a while. I am sure you will change. There are people who even cannot pay the Rs.2 OP fees.

ദുശ്ശാസ്സനന്‍ said...

നന്നായിട്ടുണ്ട് . സ്വന്തം വയറു നിറഞ്ഞു കഴിയുമ്പോൾ സഹ ജീവിയെ ഓർക്കാത്ത ഒരു തലമുറ വളര്ന്നു വരുന്നുണ്ട് . മനുഷ്യന്റെ സംസ്കാരം എന്ന് പറയുന്നത് തന്നെ നേരിട്ട് വിശപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു . വിശപ്പ്‌ തീർക്കാൻ വേണ്ടി മാത്രമല്ലാതെ വിനോദത്തിനും വേണ്ടി ഭക്ഷണം കഴിക്കുന്ന ഒരു ജീവി ആണ് മനുഷ്യൻ. ഇതെല്ലാം എവിടെ ചെന്ന് നില്ക്കും എന്ന് കാണേണ്ടിയിരിക്കുന്നു

drpmalankot said...

നല്ല ലേഖനം. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് നാം പറയാറുണ്ട്‌ . എന്നാൽ കഞ്ഞിപോലും കിട്ടാത്തവരും ഉണ്ട്. (എന്റെ കഞ്ഞികുടി മുട്ടിക്കേണ്ട എന്ന് പറയുന്ന സുഖലോലുപന്മാരും ഉണ്ട്. എന്ത് ചെയ്യാം.) പട്ടിണി മരണങ്ങളും പട്ടിണി താങ്ങാൻ വയ്യാതെ ജീവൻ ഒടുക്കേണ്ടിവരുന്നതുമെല്ലാം കേൾക്കുമ്പോൾ സഹൃദയര്ക്ക് താങ്ങാനാവില്ല.

ഇ.എ.സജിം തട്ടത്തുമല said...

“മനുഷ്യത്വമില്ലാത്ത വികസനം എന്ന ഒറ്റ പ്രയോഗത്തില്‍ ആ കാരണത്തെ ഒതുക്കാം.“ ഇത് തിരിച്ചറിയപ്പെടുന്നവർ എത്രപേരുണ്ട്?

ദളിതരുടെ കാര്യം ഇവിടെ പരാമർശിച്ചല്ലോ. സംവരണാനികൂല്യത്തിൽ മാത്രം ഉന്നത വിദ്യാഭ്യാസത്തിൽ കുറച്ചുപേർ എത്തിപ്പെടുന്നുണ്ട് എന്നതൊഴിച്ചാൽ ദളിത് സമൂഹം ഇന്നും ദയനീയമായ ജീവിത പരിതസ്ഥിതികളിൽ ആണ്. പണം കൊടുത്ത് അഡ്മിഷൻ നേടി വാങ്ങുന്ന ബി.ടെക്കുകാരുടെയും എം.ബി.ബി എസ്കാരുടെയും മറ്റും കൂട്ടത്തിലൊന്നും അവരില്ല. ഫലത്തിൽ തിളക്കമുള്ള തൊഴിൽ മേഖലകളിൽനിന്നെല്ലാം പണമില്ലാത്തതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെടുന്ന കാലത്തിലൂടെയാണ് സമൂഹം പുരോഗമിക്കുന്നത്.

പട്ടിണിക്കാർ വടക്കേ ഇന്ത്യയിൽ മാത്രമല്ല, സാക്ഷര കേരളത്തിലും ധാരാളമുണ്ട്. പക്ഷെ അത് കാണാൻ കണ്ണുള്ളവർക്കേ കാണാൻ കഴിയുകയുള്ളൂ. പട്ടിണിക്കാരും കിടപ്പടമില്ലാത്തവരും ഇന്നും കേരളത്തിലുണ്ട് എന്നതിൽപരം ലജ്ജകരമായി മറ്റൊന്നുമില്ല.

Echmukutty said...

പടന്നക്കാരന്‍ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം..

ശ്രീജിത്ത് വായിച്ചതില്‍ സന്തോഷം..

അതെ, അനീഷ്. പട്ടിണിയുടെ വര മാറ്റി വരച്ച വിധം ഈയിടെ കണ്ടതാണല്ലോ. ചില നേതാക്കന്മാര്‍ പട്ടിണി, ആഹാരമില്ലായ്മ, ദാരിദ്ര്യം ഇവയ്ക്കൊക്കെ ഒരുപാട് നിര്‍ വചനങ്ങളും നല്‍കുന്നുണ്ടായിരുന്നു...

Echmukutty said...

അതെ, അജിത്തേട്ടാ... അങ്ങനെയും ഉണ്ട് ചിലര്‍... വലിയ വലിയ ഉദ്യോഗങ്ങളില്‍..

രാജേഷ് എഴുതിയ വാസ്തവങ്ങള്‍ക്ക് മുന്നില്‍ എന്തു മറുപടി പറയാനാണ്...

ദുശ്ശാസനന്‍ വന്നതില്‍ സന്തോഷം... ഈ മറവിക്കാരുടെ തലമുറ എന്നും ഉണ്ടായിരുന്നു...ഇന്നുമുണ്ട്.

Jijo Kurian said...

"Poverty is only a state of mind", Echmu. If u r unaware of it our prince Rahul Gandhi will explain it to you:http://timesofindia.indiatimes.com/india/Rahul-Gandhis-poverty-is-a-state-of-mind-remark-draws-flak/articleshow/21648602.cms

Echmukutty said...

ഡോക്ടര്‍ സാറിനും സജിം മാഷിനും സ്വാഗതം. വായിച്ചതില്‍ സന്തോഷം..

Echmukutty said...

അതെ, രാഹുല്‍ ഗാന്ധിയ്ക്ക് അതങ്ങനെയാവാം.. പന്ത്രണ്ടു രൂപയ്ക്കും അഞ്ചു രൂപയ്ക്കും ഇന്ത്യയിലെ മനുഷ്യര്‍ക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ പറ്റുമെന്ന് പറയുന്ന രാഷ്ട്രീയക്കാരുടെ നാട്ടില്‍...

തോറ്റ ജനത എന്നതിന്‍റെ പര്യായമാണ് ഭാരതീയര്‍ എന്നാണ് നമ്മുടെ നേതാക്കന്മാര്‍ നമ്മളോട് പറയുന്നത് ജിജോ... വായിച്ചതിലും ഈ ലിങ്ക് അയച്ചതിലും സന്തോഷം..

ChethuVasu said...

തന്നെ ചൂഷണം ചെയ്യുന്നവരോട് പൊറുക്കുവാൻ തക്ക വണ്ണം (ഒരു പക്ഷെ ബഹുമാനിക്കാൻ പോലും) ആയിരക്കണക്കിനു വർഷങ്ങൾ ആയി തലയിൽ "പ്രോഗ്രാം " ചെയ്യപ്പെട്ടവർ ആണ് ഭാരതീയർ . അത് മാത്രമാണ് ഈ നില ഒരു കാലത്തും മാറാതെ നില്ക്കുന്നതും . ഇതിനിപ്പോ പണ്ടത്തെ ബാലരമയിലെ ദാമുവിന്റെ "തല മാറട്ടെ " പരിപാടിയെ നടക്കൂ.

Echmukutty said...

ചെത്തു വാസു എഴുതിയ അഭിപ്രായത്തോട് പൂര്‍ ണമായും യോജിക്കുന്നു... വായിച്ചതില്‍ സന്തോഷം...

Areekkodan | അരീക്കോടന്‍ said...

പട്ടിണി ഇന്നും നമ്മുടെ രാജ്യത്തിന്റെ ശാപമായി നിലകൊള്ളുന്നതിന്റെ മൂലകാരണം തേടേണ്ടിയിരിക്കുന്നു....

Muralee Mukundan , ബിലാത്തിപട്ടണം said...

നമുക്ക് സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും...ഹരിതവിപ്ലവമെന്ന പേരില്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ നമ്മള്‍ ഭയങ്കര മിടുക്കന്മാരായിട്ടും പലപ്പോഴും ഭക്ഷ്യവിഭവങ്ങളെ, സംരക്ഷിച്ചു സൂക്ഷിക്കുന്നിടത്ത് തന്നെ പൂപ്പലും പുഴുവും മറ്റും വന്ന് ഉപയോഗശൂന്യമാക്കി കളഞ്ഞിട്ടും നമ്മുടെ നാട്ടില്‍ മനുഷ്യര്‍ ഭക്ഷണം കഴിക്കാതെ മരിക്കുന്നതെന്തുകൊണ്ടായിരിക്കും?

മനുഷ്യത്വമില്ലാത്ത വികസനം എന്ന ഒറ്റ പ്രയോഗത്തില്‍ ആ കാരണത്തെ ഒതുക്കാം.