Wednesday, August 7, 2013

പിന്നെയും പിന്നെയും തോല്‍പ്പിക്കപ്പെടുന്ന ജനങ്ങള്‍ ....


https://www.facebook.com/echmu.kutty/posts/181663518679617

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ആഗസ്റ്റ്  2   ന് പ്രസിദ്ധീകരിച്ചത്.)

നമ്മള്‍ അതി മഹത്തായ  പാരമ്പര്യവും  സംസ്ക്കാരവും  അവകാശപ്പെടുന്ന  ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. മത നേതൃത്വങ്ങളും  രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ  ഗവണ്‍മെന്‍റും  എല്ലാം സാധിക്കുമ്പോഴൊക്കെയും ഇക്കാര്യങ്ങളെല്ലാം  ഓര്‍മ്മിപ്പിക്കുകയും നമ്മള്‍ ജനങ്ങളെ  ബോധവല്‍ക്കരിക്കാന്‍  തുനിയുകയും ചെയ്യാറുണ്ട്.  നമ്മുടെ ജനാധിപത്യം എത്ര മഹത്തരമാണെന്ന്  ലോകരാഷ്ട്രങ്ങള്‍ എല്ലാം എപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്.  പല  രാഷ്ട്രങ്ങളിലും നടമാടുന്ന  വിചിത്ര ഭരണങ്ങളേയും അവിടങ്ങളിലൊക്കയും ഏറിയ  കൂറും  കാണപ്പെടുന്ന ഏകാധിപത്യപരമോ  സൈനികമോ  മതാത്മകമോ ഒക്കെയായ  പാവ ഭരണകൂടങ്ങളേയും  ശ്രദ്ധിക്കുമ്പോള്‍  ജനാധിപത്യത്തിന്‍റെ  മഹത്വത്തെക്കുറിച്ച്  ആര്‍ക്കും  അഭിപ്രായവ്യത്യാസമുണ്ടാകാന്‍  ഇടയില്ല.  എന്നിട്ടും എന്തുകൊണ്ടാണ്  നമ്മുടെ രാജ്യവും നമ്മളും സ്ഥിരമായി   ഇമ്മാതിരി  അനുഭവങ്ങളിലൂടെ  കടന്നു പോകേണ്ടി വരുന്നത്? ജനങ്ങളാണ് പരമാധികാരികള്‍  എന്ന  ജനാധിപത്യത്തിന്‍റെ  അടിസ്ഥാന സങ്കല്‍പത്തില്‍ നിന്ന് ഇത്ര ദയനീയമായ പതനം  ജനങ്ങള്‍ക്കു സംഭവിക്കുന്നതെന്തുകൊണ്ടാണ്?   ഇത്ര ഔദ്ധത്യപൂര്‍ണമായ  പെരുമാറ്റം നമ്മുടെ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നതെന്തുകൊണ്ടാണ് ?
 
മുപ്പതോളം  പിഞ്ചു കുഞ്ഞുങ്ങള്‍ സ്ക്കൂളില്‍  നിന്നു വിളമ്പിക്കിട്ടിയ  ഉച്ചഭക്ഷണം കഴിച്ച്  മരിച്ചു പോയ  ബീഹാറിലാണെങ്കിലും  കണക്കില്‍ കൂടുതലായി  പെയ്തിറങ്ങിയ  മഴവെള്ളത്തില്‍  ജീവിതം നഷ്ടപ്പെട്ട  ചേരി നിവാസികളുടെ ദില്ലിയിലാണെങ്കിലും നവജാതശിശുക്കള്‍  മരിച്ചു പോകുന്ന കേരളത്തിന്‍റെ അട്ടപ്പാടിയിലാണെങ്കിലും  പുഴ മലിനീകരണത്തിനെതിരേ  സമരം നടക്കുന്ന കേരളത്തിന്‍റെ കാതിക്കുടത്തായാലും   ഭരണാധികാരികളുടെ ഭാഷ ഒരേ  തരത്തില്‍  ജനവിരുദ്ധമാണ്. 

ബീഹാര്‍  പോലെ  പട്ടിണിയുമായി മല്ലിടുന്ന ഒരു  സംസ്ഥാനത്തില്‍ വിദ്യയഭ്യസിക്കാനുള്ള ത്വരകൊണ്ടൊന്നുമല്ല  ഭൂരിഭാഗം കുഞ്ഞുങ്ങളും  സ്കൂളില്‍ പോകുന്നത്.  അച്ഛനമ്മമാര്‍ അവരെ സ്കൂളില്‍ വിടുന്നത്   പഠിച്ച് കളക്ടറാകും മക്കള്‍ എന്ന് കിനാക്കണ്ടിട്ടും അല്ല.   ഒരു നേരമെങ്കില്‍  ഒരു നേരം അവര്‍ പശിയടങ്ങേ എന്തെങ്കിലും തിന്നട്ടെ എന്ന് കരുതിയാണ്. അതിനിടയില്‍ പഠിത്തം നടക്കുന്നെങ്കില്‍ നടന്നോട്ടെ എന്നു  മാത്രം. അമ്മാതിരി കുഞ്ഞുങ്ങള്‍ക്കാണ്    ദുരന്തം ഉണ്ടാവുന്നത്. എന്നിട്ടും  മുഖ്യമന്ത്രി  മുതല്‍ താഴോട്ട് ആ ആഹാരം പാകം ചെയ്ത് വിളമ്പിയവര്‍ക്കു വരെ  ആ ജനതയുടെ വേദനയെ  വേണ്ട മാതിരി  തിരിച്ചറിയാനുള്ള മനസ്സ് ഉണ്ടായില്ല. തികച്ചും  അനുതാപരഹിതമായിരുന്നു എല്ലാവരുടേയും പെരുമാറ്റം.  

ദില്ലിയിലെ  മഴക്കാലത്ത്  ചേരികളില്‍ പാര്‍ക്കുന്നവര്‍ പ്രത്യേകിച്ചും യമുനയുടെ തീരത്തുള്ളവര്‍ യമുനയിലുയരുന്ന  വെള്ളത്തിനോട്  പരാജയം സമ്മതിക്കാറുണ്ട്.  പ്രകൃതിദുരന്തങ്ങള്‍  എല്ലാക്കാലത്തും  ദരിദ്രരെയാണല്ലോ എപ്പോഴും  ലക്ഷ്യം വെയ്ക്കാറ്.  അതിനൊപ്പം തന്നെ  അധികാരത്തിന്‍റെ  നിന്ദകളോടും പുച്ഛത്തിനോടും അനുതാപമില്ലായ്മയോടും ദരിദ്രര്‍ അതിവേഗം പൊരുത്തപ്പെടാറുണ്ട്.  ദരിദ്രരായ അവര്‍ക്ക്  പൊരുത്തപ്പെടുകയല്ലാതെ  വേറെ  ഒരു വഴിയുമില്ല.   മഴ നിറുത്തിത്തരാന്‍ ഭഗവാനോട്  പറയൂ എന്ന് അപഹസിക്കാവുന്ന  വിധം  അധികാരികള്‍ ജനങ്ങളെ  നിസ്സാരമായി  കാണുന്നത് എന്തുകൊണ്ടായിരിക്കും?  

അനാവശ്യമായ വിവാദങ്ങള്‍ക്കും  സാമ്പത്തിക കുറ്റവാളികളായ  സ്ത്രീകള്‍ ആര്‍ക്കൊപ്പം കിടക്ക പങ്കിട്ടു  എന്നതിന്‍റെ  വിശദവിവരങ്ങള്‍ക്കും എല്ലാത്തരം ഇക്കിളി വര്‍ത്തമാനങ്ങള്‍ക്കും അതീവ താല്‍പര്യത്തോടെ   കാതോര്‍ക്കുന്ന കേരളത്തില്‍,  ആദിവാസികളുടെ നവജാതശിശുക്കള്‍  മരിക്കുന്നത്  തീരെ  ചെറിയ  വാര്‍ത്തയാണ്.  അത്  അട്ടപ്പാടിയിലായാലും  മറ്റെവിടെയായാലും  ആരുടെയും ഉറക്കം കെടുത്തുന്നില്ല,  ഒരു മുഖ്യമന്ത്രിയ്ക്കും    മരണമടഞ്ഞ  ശിശുക്കളുടെ  പേരില്‍ സ്ഥാനത്യാഗം വേണ്ടി വരുന്നില്ല.  ഒരു  പ്രതിപക്ഷ എം  എല്‍  എയും ഇക്കാര്യത്തില്‍ സമരം ചെയ്തതിന്‍റെ പേരില്‍ പോലീസ്  കസ്റ്റഡിയിലാവില്ല.  ആദിവാസികള്‍  മടിയരാണ്,   അധ്വാനിക്കില്ല,  ജീവിതത്തില്‍ മുന്നേറാന്‍ ആവശ്യമായ യാതൊരു പ്ലാനിംഗും  ഇല്ലാത്തവരാണ് എന്നീ പതിവ്  ആരോപണങ്ങള്‍ക്ക്  പുറമേ ആദിവാസികള്‍ മദ്യപാനികളായതുകൊണ്ടാണ് നവജാതശിശുക്കള്‍ മരിക്കുന്നതെന്നും പറയുവാന്‍  മടി  തോന്നാത്ത  വിധം കരുണയില്ലായ്മയും ദയാരാഹിത്യവും  അറപ്പു  തോന്നിപ്പിക്കുന്ന അഹന്തയും കേരളത്തില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പല ഘട്ടങ്ങളിലായി തികച്ചും  ചിട്ടപ്പടിയായുള്ള തുടച്ചു മാറ്റലാണ്  ആദിവാസികളുടെ  ജീവിതത്തില്‍  സ്വാതന്ത്ര്യാനന്തര ഭരണകാലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അവരുടേതായ  എല്ലാം എന്നുവെച്ചാല്‍ കാടും കൃഷിയിടങ്ങളും ജീവിത രീതികളും  സംസ്ക്കാരവും എന്തിനു   ഭാഷയും  പോലും കവര്‍ന്നെടുക്കുകയും അവരെ  ദിനം പ്രതിയെന്നോണം ജീവിതത്തില്‍ നിന്നു  തന്നെ  പുറന്തള്ളിക്കൊണ്ടിരിക്കുകയുമാണ്. 

മാലിന്യമില്ലാത്ത  പുഴയ്ക്ക്  വേണ്ടി  സമരം ചെയ്യുന്ന  ജനത  ഭരിക്കുന്നവരുടെ കണ്ണില്‍  കരടായി മാറുന്ന താണ് കാതിക്കുടത്ത് നാം  കണ്ടത്. ജനാധിപത്യത്തിന്‍റെ  ഏറ്റവും ദയനീയമായ  പതനം. കേരളത്തിന്‍റെ ചരിത്രത്തില്‍  ആദ്യമായിരിക്കാം  പരിസ്ഥിതി സംരക്ഷണത്തിനായി സമരം ചെയ്യുന്ന ജനതയെ  പോലീസ് തല്ലിച്ചതയ്ക്കുന്നത്.  വോട്ടുചെയ്തു ജയിപ്പിച്ച ജനതയെ പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയും ജയിലിലിടുകയും അധികാരികളായി  ഞങ്ങളെ  കിട്ടിയത്  നിങ്ങള്‍, ജനതയ്ക്ക്  ലഭിക്കാവുന്ന ഏറ്റവും വലിയ ഔദാര്യമാണെന്ന്  ഊറ്റംകൊള്ളുകയും ചെയ്യുന്നവരായി മാറിയിരിക്കുന്നു  നമ്മുടെ ഭരണാധികാരികള്‍. ഭക്ഷണം,  പാര്‍പ്പിടം , ജീവിക്കാനുള്ള  അവകാശം, മാലിന്യവിമുക്തമായ പരിസരം തുടങ്ങിയ  അതിസാധാരണമായ ആവശ്യങ്ങളില്‍  പോലും നിരന്തരമായി  ജനതയെ പരാജയപ്പെടുത്തുന്നതാണ് ഭരണമെന്ന്  അവര്‍ കരുതുന്നു. 
  
ഭാവിയെ കാണാന്‍  കഴിവുള്ള  നേതാക്കന്മാരും  അന്തസ്സുറ്റ  ഭരണവും  കൃത്യമായി  പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനങ്ങളും  എത്ര  അത്യാവശ്യമാണെന്ന്  നമ്മുടെ  ഭരണാധികാരികള്‍ മറന്നിട്ട്  ഒരുപാട്  കാലമായി.  അതുകൊണ്ട്  അവരെ തെരഞ്ഞെടുത്ത് അധികാരസ്ഥാനങ്ങളിലേക്ക്  അയച്ച ജനങ്ങളാണ് ഭരണാധികാരികളുടെ പൊതു ശത്രുക്കള്‍ .  ജനങ്ങളൂടെ  പ്രശ്നങ്ങളില്‍  നിന്ന്  എങ്ങനെയെല്ലാം സൌകര്യമായി  ഒഴിഞ്ഞുമാറാം അതിനെന്തൊക്കെ  വിചിത്ര ന്യായങ്ങള്‍  കണ്ടുപിടിക്കാം  എന്ന  ഗവേഷണത്തിലാണ്  കക്ഷി രാഷ്ട്രീയ കാല ദേശ ഭേദമെന്യേ സകല   ഭരണാധികാരികളും സമയം ചെലവാക്കുന്നത്.    
  
ഭരണാധികാരികളെ സ്വന്തം ചുമതലകള്‍ ഓര്‍മ്മിപ്പിക്കേണ്ട കര്‍ത്തവ്യത്തില്‍ നിന്ന് നമ്മള്‍ ഇനിയും ഒഴിഞ്ഞു മാറിക്കൂടാ. അത്തരം ഒഴിഞ്ഞു മാറലുകളുടെ അന്തിമഫലം ഭയാനകമായിരിക്കും.

10 comments:

ലംബൻ said...

നല്ല ഒരു ഭരണം, എത്ര മനോഹരമായ നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു.

Aneesh chandran said...

ജനാതിപത്യം ഇനിയും വരേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ജനങ്ങള്‍ക്ക് മേലുള്ള ആധിപത്യമല്ലെ.

ajith said...

പാവങ്ങള്‍ ശല്യമാണ്.
എങ്ങനെയെങ്കിലും ഒടുങ്ങിയാല്‍ മതി.

എന്നാണ് സര്‍ക്കാര്‍ ചിന്ത

നീലക്കുറിഞ്ഞി said...

സ്വാതന്ത്ര്യ ഇന്ത്യ മുറവിളികൂട്ടി കൊണ്ടിരിക്കുന്നത് ഇത്തരം കറകളഞ്ഞ ജനാധിപത്യത്തിനു വേണ്ടിയാണല്ലോ ..അരനൂറ്റാണ്ടു പിന്നിട്ടിട്ടും അടിമത്തം കൂടുതല്‍ മാലിന്യം വിതച്ചു കൊണ്ടിരിക്കുന്നു..നല്ല എഴുത്ത് എച്മു..നമുക്ക് നല്ലൊരു നാളെയെ സ്വപ്നം കാണാം ..അല്ലാതെന്ത് ചെയ്യാന്‍ ...

Rajesh said...

What democracy? Poor people vote for Rich politicians, who work for ultra rich Corporates.

Everything now is under the clout of Aadhar cards. The UID bill, which is supposed to activate the official use of this card, is still not presented in Parliament, the temple of our democracy. The Parliamentary standing committee was opposing almost all aspects of this bill and hence. Where is democracy, if such an important change occurs without consent of parliament.

Real democracy seems to work only in some of the European and Scandinavian nations.

Cv Thankappan said...

"നമ്മുടെ ജനാധിപത്യം എത്ര മഹത്തരമാണെന്ന് ലോകരാഷ്ട്രങ്ങള്‍ എല്ലാം എപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്........ "
പുകഴ്ത്തല്‍ ചിലരെ അഹങ്കാരിയാക്കുമെന്ന് കേട്ടിട്ടുണ്ട്..
ആശംസകള്‍

vettathan said...

എന്തൊക്കെ പറഞ്ഞാലും,ആദിവാസികളുടെ ഇടയിലെ അമിത മദ്യപാനം ഒരു വന്‍ വിപത്ത് തന്നെയാണ്.അതവരുടെ വംശം തന്നെ മുടിച്ചുകൊണ്ടിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ഓര്‍മ്മപ്പെടുത്തലുകള്‍ക്കും നിമിഷായുസ്സ് മാത്രമായാല്‍ എന്തു ചെയാന്‍...

വീകെ said...

നമ്മളിലെ കള്ളന്മാരേയും കൊള്ളക്കാരേയും പെണ്ണുപിടിയന്മാരേയുമൊക്കെ ഓരോ പ്രാവശ്യവും നാം തിരഞ്ഞെടുത്തയക്കുന്നില്ലെ നമ്മളെ ഭരിക്കാൻ... അവരിൽ നിന്നും നമ്മളെന്തു പ്രതീക്ഷിച്ചാലും, നമ്മൾക്കെന്താണ് കൊടുക്കേണ്ടതെന്ന് അവർക്ക് നന്നായറിയാം..

Muralee Mukundan , ബിലാത്തിപട്ടണം said...

തെരഞ്ഞെടുത്ത് അധികാരസ്ഥാനങ്ങളിലേക്ക് അയച്ച ജനങ്ങളാണ് ഭരണാധികാരികളുടെ പൊതു ശത്രുക്കള്‍ . ജനങ്ങളൂടെ പ്രശ്നങ്ങളില്‍ നിന്ന് എങ്ങനെയെല്ലാം സൌകര്യമായി ഒഴിഞ്ഞുമാറാം അതിനെന്തൊക്കെ വിചിത്ര ന്യായങ്ങള്‍ കണ്ടുപിടിക്കാം എന്ന ഗവേഷണത്തിലാണ് കക്ഷി രാഷ്ട്രീയ കാല ദേശ ഭേദമെന്യേ സകല ഭരണാധികാരികളും സമയം ചെലവാക്കുന്നത്.

ഭരണാധികാരികൾക്ക് വേണ്ടി തോൽക്കാൻ വിധിക്കപ്പെട്ടവരാണ് ജനങ്ങൾ...!