Thursday, August 8, 2013

ഞങ്ങളുടെ മീഠാ ഈദ്.. . ..


https://www.facebook.com/echmu.kutty/posts/181972108648758

വളരെ കഷ്ടപ്പെട്ട്  പല  പ്രാവശ്യമായി,  നിറുത്തിയും  വീണ്ടും  തുടങ്ങിയും  ഖുര്‍ആന്‍  വായിച്ചിട്ടുണ്ടെങ്കിലും  ഞാന്‍  റമദാന്‍ മാസത്തില്‍ ഇതുവരെ നോമ്പെടുത്തിട്ടില്ല.   എന്നാല്‍ നോമ്പെടുക്കുന്ന  അനിയത്തി ഉണ്ടെനിക്ക്. നോമ്പു  ചിട്ടകള്‍  ശരിക്കും  പാലിക്കുകയും വളരെക്കുറച്ച് മാത്രം ആഹാരം  കഴിക്കുകയും   പട്ടിണി എന്താണെന്ന്  അനുഭവിക്കുകയും  ചെയ്യുന്നവള്‍ ... 

ഈദ് ആഘോഷവും കാര്യമായി എന്‍റെ ജീവിതത്തിലുണ്ടായിട്ടില്ല. 

എങ്കിലും മീഠാ ഈദ്   എന്ന  വാക്ക് എന്നും മനസ്സിലുണ്ടാവും. 

കാരണം മീഠാ ഈദ് ആശംസിച്ചുകൊണ്ട്   മുന്നാ മുഹമ്മദും  സര്‍വര്‍ മുഹമ്മദും  എന്നെ വിളിക്കാതിരിക്കില്ല. കാണാന്‍ ആഗ്രഹം തോന്നുന്നുവെന്നും  എനിക്കുള്ള  സേവിയ കൊണ്ടു വന്നു തരുവാന്‍ അവര്‍ക്ക്  മോഹമുണ്ടെന്നും  പറയാതിരിക്കില്ല.

മറ്റൊരാള്‍ ഹനീഫ് മുഹമ്മദാണ്. ഞാന്‍  മുറി  മാറുന്ന സമയത്ത്   ഗണേശ് ജിയുടെ  വിഗ്രഹം, ഹനീഫ് എടുത്ത് സ്കൂട്ടറില്‍ വെച്ചാല്‍  എന്തെങ്കിലും  ഭയങ്കര കുഴപ്പമുണ്ടാവുമോ എന്ന്  ചോദിച്ച  ഹനീഫ്.  ജീവിതത്തിലൊരിക്കലും  കളവു  പറഞ്ഞിട്ടില്ലാത്ത അന്‍പത്  പേരെ ദാ, ഇപ്പോ വിളിച്ചുകൊണ്ടു വരാം  എന്ന്  മേലുദ്യോഗസ്ഥനോട്, യാതൊരു  കള്ളത്തരവുമില്ലാതെ  ആത്മാര്‍ഥമായി  പറഞ്ഞ ഹനീഫ്. ഓവര്‍ ടൈം ജോലിയുടെ  മണിക്കൂറു കണക്കില്‍ എന്തോ കള്ളത്തരം കാട്ടിയെന്ന് ആരോപിക്കപ്പെട്ടപ്പോഴായിരുന്നു,  സാക്ഷികളായി  ഇത്രയും സത്യസന്ധരെ കൂട്ടിക്കൊണ്ടുവരാമെന്ന്  ഹനീഫ് പറഞ്ഞത്.  ഒരു മിനിറ്റ് നേരം വാക്കുകളില്ലാതെ സ്തംഭിച്ചു  നിന്ന  മേലുദ്യോഗസ്ഥന്‍ ഹനീഫിനെ   ആരോപണത്തില്‍  നിന്ന് അപ്പോള്‍ തന്നെ ഒഴിവാക്കുകയായിരുന്നു. 

ഞങ്ങള്‍ ഒന്നിച്ച്  വിവിധ തരം  കെട്ടിടനിര്‍മ്മാണ ജോലികളില്‍ പങ്കെടുത്തിരുന്നു.  സര്‍വര്‍ മുഹമ്മദ്  അതിനു പുറമേ വൈകുന്നേരങ്ങളില്‍  പച്ചക്കറി വില്‍പനയും ചെയ്തു പോന്നു. എനിക്ക് ഇടയ്ക്കെല്ലാം വില കൂടിയ പച്ചക്കറികളായ ബ്രോക്കോളിയും  ചുവപ്പും മഞ്ഞയും നിറമുള്ള അലങ്കാര മുളകുകളും അവക്കാഡോ പോലെയുള്ള  പഴങ്ങളും സൌജന്യമായി തരാറുണ്ടായിരുന്നു  സര്‍വര്‍. 

തികച്ചും പാവപ്പെട്ടവരായിരുന്നു അവരൊക്കെ. ഉത്തര്‍ പ്രദേശില്‍  നിന്നും  ബീഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും  ജോലി അന്വേഷിച്ച്  മഹാനഗരത്തില്‍ വന്നവര്‍.   ഗള്‍ഫ്  സ്വപ്നം അവരുടെ കരളിലും സജീവമായി കിളര്‍ന്നിരുന്നു . 

ബസ്സ് മാറിക്കയറും  പോലെ വിമാനങ്ങള്‍ മാറിക്കയറുന്ന ഒരു  ധനികനു കെട്ടിടം  വെക്കുമ്പോള്‍  എങ്ങനെയോ അബദ്ധവശാല്‍  ഈ പാവപ്പെട്ട പണിക്കാരെല്ലാം ഗള്‍ഫില്‍ പോകാന്‍ അതിയായി ആഗ്രഹിക്കുന്നവരാണെന്ന് അറിയാനിടയായ ധനികന്‍ എല്ലാവര്‍ക്കും  അതിനുള്ള  ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന്  ഇങ്ങോട്ട്  പറഞ്ഞപ്പോള്‍ ഞങ്ങള്‍  അക്ഷരാര്‍ഥത്തില്‍  അമ്പരന്നു പോയി. ഒരുപാട് വലിയ കമ്പനികളും  അനവധി  ജോലിക്കാരും  അദ്ദേഹത്തിനുണ്ടായിരുന്നു.  അഴകിയ രാവണന്‍  സിനിമയില്‍ കൊച്ചിന്‍ ഹനീഫ പറയുന്നതു പോലെ സാറ് വിചാരിച്ചാല്‍ എത്ര വിസ വേണമെങ്കിലും കിട്ടുമായിരുന്നു എന്നര്‍ഥം.  വീടു വെക്കുന്നതും അനിയത്തിയെ നിക്കാഹ്  കഴിപ്പിക്കുന്നതും ഉമ്മയെ ചികില്‍സിപ്പിക്കുന്നതും  ഒക്കെ ആലോചിച്ച് ഞങ്ങള്‍  സന്തോഷത്തോടെ  ജോലികള്‍ ചെയ്തു. അദ്ദേഹത്തിനു  ഇനിയും ഇനിയും അഭിവൃദ്ധിയുണ്ടാവട്ടെ  എന്ന് ദൈവത്തോട്  പ്രാര്‍ഥിച്ചു..  

മഹാ നഗരത്തിലെ പാസ്സ് പോര്‍ട്ട്  ഓഫീസില്‍ ഒന്നു രണ്ട്  ദിവസം ക്യൂ നില്‍ക്കുകയും  പിന്നീട്  പോലീസുകാര്‍ക്ക്  അഞ്ഞൂറും  അറുനൂറും  രൂപ  കൈമടക്കു കൊടുക്കുകയും ഒക്കെ ചെയ്ത്  എല്ലാവരും  പാസ് പോര്‍ട്ട്  എടുത്തു. സര്‍വറിന്‍റേയും  മുന്നയുടേയും  ഹനീഫിന്‍റെയും റഹ്മാന്‍റെയും  ഒക്കെ  പാസ് പോര്‍ട്ട്   ഞാനാണ് സൂക്ഷിച്ചിരുന്നത്.  അടച്ചുറപ്പുള്ള  മുറി   എനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഒരു ചെറിയ പെരുന്നാള്‍ ദിനത്തിലാണ് രാവിലെ സര്‍വര്‍ മുഹമ്മദ്  വന്നത്.  അല്‍പം  കഴിഞ്ഞ്  മുന്നയും ഹനീഫും റഹ്മാനും എത്തിച്ചേര്‍ന്നു. 

അവര്‍  കരച്ചിലിന്‍റെ വക്കിലായിരുന്നു.   അവര്‍  നീട്ടിയ സേവിയയില്‍ കണ്ണീരിന്‍റെ നനവ് പറ്റിയിരുന്നു.

'എന്തു  പറ്റിഎന്ന്  ഞാന്‍  ചോദിക്കും  മുമ്പേ  ധനികന്‍  പറ്റിക്കുകയായിരുന്നുവെന്ന് പറഞ്ഞ് സര്‍വര്‍  തേങ്ങിക്കരഞ്ഞു.  ഇന്നലെ വൈകുന്നേരം  പണി പൂര്‍ത്തിയായ  കെട്ടിടം കാണാന്‍ അദ്ദേഹം വന്നിരുന്നു. അധികം ശിങ്കിടികളില്ലാതെ ആളൊഴിഞ്ഞ സമയമായിരുന്നതുകൊണ്ട് സര്‍വര്‍ വിക്കി വിക്കി  പാസ്പോര്‍ട്ട്  എടുത്തു വെച്ച വിവരം  പറഞ്ഞുവത്രേ... 

അതിനു ഞാനെന്തു വേണമെന്ന മറുപടിയില്‍  സര്‍വര്‍ തളര്‍ന്നു പോയി.  മറുപടിയായി ഒരു ശബ്ദം പുറപ്പെടുവിക്കാന്‍ പോലും അവനു  കഴിയുമായിരുന്നില്ല.  വിദ്യാഭ്യാസമില്ലാത്ത ഒരു പരമ ദരിദ്രന്‍റെ ആത്മവിശ്വാസം ധനികന്‍റെ മര്യാദയില്ലായ്മയില്‍ , ധിക്കാരത്തില്‍  പിടഞ്ഞു തീരുന്നത്രയും മാത്രമല്ലേയുള്ളൂ. 

സര്‍വറും  വ്യത്യസ്തനായിരുന്നില്ല. 

ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു,  തിരക്കില്‍ മറന്നതായിരിക്കും. അദ്ദേഹത്തിന്‍റെ  അസിസ്റ്റന്‍ഡ്  പറഞ്ഞിട്ടുണ്ടല്ലോ. ... എല്ലാം ശരിയാക്കാമെന്ന്..  നീ  സമാധാനപ്പെട്... നല്ലൊരു പെരുന്നാളായിട്ട്  കരയല്ലേ ...
 
ഞാന്‍ അസിസ്റ്റന്‍ഡിനോട്  സംസാരിച്ചു നോക്കാം  എന്ന്  പറഞ്ഞു. എനിക്ക്  പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ  അസിസ്റ്റന്‍ഡ് കൂടെയുണ്ടായിരുന്നുവെന്ന്  സര്‍വര്‍  അറിയിച്ചപ്പോള്‍  അവന്‍റെ സംശയം സത്യമായിരിക്കുമോ  എന്ന്  എനിക്കും  ആശങ്ക തോന്നിത്തുടങ്ങി. 

എന്നിട്ടും  ഞാന്‍  ആ അസിസ്റ്റന്‍ഡിനെ  വിളിക്കാതിരുന്നില്ല. പ്രൊജക്ട് ആവശ്യങ്ങള്‍ക്കായി  ഒത്തിരി  സംസാരിച്ചിട്ടുള്ളതുകൊണ്ടും വളരെ  പ്രസാദവാനായി  മാത്രം  എപ്പോഴും ഇടപെടുന്നതുകൊണ്ടും  ഞങ്ങള്‍ക്ക്  തമ്മില്‍ അധികം  പരിചയം ഉണ്ടായിരുന്നു. 

മാഡത്തിനു വേറെ പണിയൊന്നുമില്ലേ?  അതൊക്കെ ഈ ജന്തുക്കള്‍ പണി വേഗം  വേഗം ചെയ്യാന്‍  വേണ്ടി പറയുന്ന ഒരു സൂത്രമല്ലേ . .. ഈ ദാരിദ്ര്യപ്പിശാചുക്കളെ ഗള്‍ഫിലേക്ക്  ഏറ്റി ക്കൊണ്ടു പോവാനോ? അവറ്റയൊക്കെയാണ് ഈ  നാട്  നശിപ്പിക്കുന്നത്.  ഇനി ഗള്‍ഫില്‍ പോവാത്തതിന്‍റെ  കുഴപ്പമേയുള്ളൂ.  സത്യം പറയാമല്ലോ, മാഡം നിങ്ങളുടെ ഓഫീസിനു   വര്‍ക്ക് തന്നതില്‍ തന്നെ   സാറിനിപ്പോ തീരെ  തൃപ്തിയില്ല... ആ  ആര്‍ക്കിടെക്റ്റും സിവില്‍ എന്‍ജിനീയറും  ഒട്ടും  പോരെന്ന് സാര്‍ ഇന്നലെയും പറഞ്ഞു. ... മാഡം  ബില്ല്  മാത്രം  ഒപ്പിട്ട് തന്നാല്‍ പോരല്ലോ... ജോലിയും ശരിക്ക്  ചെയ്യേണ്ടേ.. വലിയ പാര്‍ട്ടികള്‍  ശരിക്കും  വലിയ ഫേമുകളോടെ ഇടപെടാവൂ... നിങ്ങളെപ്പോലെയുള്ള നിസ്സാര  ആള്‍ക്കാര്‍  ഞങ്ങളെപ്പോലെയുള്ളവര്‍ക്ക്  ഒട്ടും ശരിയാവില്ല. ...അപ്പോ  ബൈ ...
 
സര്‍വറിനോളം ദരിദ്രയല്ലാത്ത  സര്‍വറിനേക്കാള്‍ വിദ്യാഭ്യാസമുള്ള  എന്‍റെയും   മൊഴി മുട്ടിപ്പോയി...  കെട്ടിടം  പണി തീര്‍ന്നു  കഴിയുമ്പോള്‍  എത്ര  നിസ്സാരമായാണ് ഞങ്ങള്‍  പുറത്താക്കപ്പെടുന്നത്.... അയോഗ്യരെന്ന് വിലയിരുത്തപ്പെടുന്നത്...  ദരിദ്രരുടെയും   കുറഞ്ഞവരുടെയും  ഇല്ലാത്തവരുടെയും  സ്വപ്നങ്ങളും  ആശകളും  പ്രതീക്ഷകളുമൊന്നും ഉള്ളവരുടെ  അവസാനത്തെ  പ്രശ്നം പോലുമല്ല.  അവയെക്കൂടിയും ഉള്ളവര്‍  കളിപ്പാട്ടങ്ങളാക്കി മാറ്റുന്നു.  ഇല്ലാത്തവരുടെ അധ്വാനം മാത്രമേ ഉള്ളവര്‍ക്ക്  എന്നും ആവശ്യമുള്ളൂ. 

ഞങ്ങള്‍ നാലു പേരും  ഒന്നിച്ചിരുന്ന്  സേവിയ  കഴിച്ചു. അവരാരും  തന്നെ  പുതു വസ്ത്രങ്ങള്‍ വാങ്ങിയിരുന്നില്ല. ബിരിയാണി  തയാറാക്കാന്‍ ചിക്കനോ  മട്ടണോ വാങ്ങിയിരുന്നില്ല. അതിനൊന്നും  അവരുടെ  പക്കല്‍  പണമുണ്ടായിരുന്നില്ല.... 

പാസ്പോര്‍ട്ടുകള്‍  ആര്‍ക്കും  ആവശ്യമില്ലാത്ത  പുസ്തകങ്ങളായത്  അങ്ങനെയാണ്...... മീഠാ ഈദ് എന്നും   ഞങ്ങളുടെ  മനസ്സിലുണ്ടാവും.. പാവക്കുട്ടിയെ  കെട്ടിപ്പിടിച്ചുറങ്ങുന്ന  കുഞ്ഞുങ്ങളെപ്പോലെ  ഞങ്ങള്‍ കണ്ട ഗള്‍ഫ്  സ്വപ്നത്തിന്‍റെ  ബാക്കിയായി... അന്നത്തെ  കണ്ണീരുപ്പിട്ട സേവിയയായി... 

'മാഡം ജി,  ആജ് മീഠാ ഈദ് ഹെ നാ '...  എന്ന്  സര്‍വറും  ഹനീഫും പറയുമ്പോള്‍  ഞാനിതെല്ലാം  ഓര്‍ത്തു പോകുന്നു...

17 comments:

ChethuVasu said...

സ്വപ്നങ്ങൾ - മരീചികകൾ -ഓർമ്മകൾ ! ലോകത്തില ഇന്നേ വരെ ജനിച്ചവരിൽ ഏറെ കൂറും തോല്പ്പിക്കപ്പെട്ടവര് തന്നെയാണ് എച്മു .. താഴ്ചകൾ ഇല്ലെങ്കിൽ ഉയരം അനുഭവപ്പെടുകയില്ല

Echmukutty said...

ആദ്യ വായനക്കാരനു ഒത്തിരി നന്ദി.. ഈ വാക്കുകള്‍ക്കും നന്ദി..

വിനുവേട്ടന്‍ said...

മീഠാ ഈദ് വേദനിപ്പിച്ചു... എങ്കിലും പറയട്ടെ, ബോലയുടെ ഓണം... അത് അനുഭവിപ്പിച്ച വിങ്ങലിനെ തോൽപ്പിക്കാൻ ഇതുവരെ ഒന്നിനുമായിട്ടില്ല...

Echmukutty said...

ഓരോന്നും ഓരോ വേദനകളാണ് വിനുവേട്ടാ... എന്‍റെ ജീവിതത്തെയും ജീവിത വീക്ഷണങ്ങളേയും രൂപപ്പെടുത്തുന്നതില്‍ ഇവര്‍ക്കെല്ലാം വലിയ പങ്കുണ്ട്.. ഒപ്പം അവര്‍ക്കൊന്നും വേണ്ടി വലിയ കാര്യമായി ഒന്നും ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവും..
വായിച്ചതില്‍ സന്തോഷം..

വീകെ said...

ജോലി ചെയ്യിക്കുന്നതിനുള്ള ഓരോ പ്രലോഭനങ്ങൾ...
ഒരു കണക്കിന് അവർ ഗൾഫിലേക്ക് വരാതിരുന്നത് നന്നായി. കാരണം ഇത്തരം പണികൾ ഇവിടെ നാട്ടിലേക്കാൾ കഷ്ടം തന്നെ.
പെരുന്നാൾ ആശംസകൾ...

ajith said...

That rich man and his assistant is nothing when we compare them with our Governments. They are conveying message without words that poor is useless and an unwanted lot to the country.

Echmukutty said...

ശരിയായിരിക്കും വി കെ മാഷെ.. കാരണം അവര്‍ അവരുടെ പരിതസ്ഥിതികളില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് ഒരോ ദിവസവും കഴിച്ചു കൂട്ടുന്നുണ്ടല്ലോ.. അത് വലിയ കാര്യം തന്നെയാണ്..

ഗവണ്‍മെന്‍റ് ഈ ഉത്തരം തരും അജിത്തേട്ടാ.. ചോദിക്കേണ്ടവര്‍ ചോദിക്കുമ്പോള്‍ .. ഒരേ ചോദ്യത്തിന് എനിക്കും അജിത്തേട്ടനും വേറെ വേറെ മറുപടി തരും... അജിത്തേട്ടനു തരുന്ന ഉത്തരമാവില്ല അംബാനിക്കു കൊടുക്കുക... കാരണം വലിയ ധനികരാണ് നമ്മുടെ ഗവണ്മെന്‍റ്.. അവര്‍ക്ക് ധനികരോട് മാത്രമേ ഐക്യപ്പെടാന്‍ കഴിയൂ..

ചന്തു നായർ said...

എച്ചുമു,എന്നും പറയുന്നത് സാധാരണക്കരുടെ ജീവിതമാണ്...അത് മനസിനെ വല്ലാതെ സ്പർശിക്കാറുമൌണ്ട്...അത്തരത്തിലൊന്നാണ് ഈ ലേഖനവും. എന്റെ ജേഷ്ഠൻ സൌദിയിലെ ഒരു വലിയ കമ്പനിയുടേ ജനറൽ മാനേജരാണ്.. അദ്ദേഹത്തിന്റെ മൂന്നാമത്തെ വീട് കവിടിയാറിൽ പണി നടക്കുന്ന സമയം.മേൽ നോട്ടവും, പണമിടപാടും നടത്തുന്നത് ഞാനാ..അവിടെ ജോലി ചയ്തിരുന്നവരിൽ ചിലർ അവർക്ക് ഗൾഫിൽ പോകണം എന്ന ആഗ്രഹം എന്നൊട് പ്രകടിപ്പിച്ചു.ഞൻ അതു നിരസിച്ചെങ്കിലും..സഹോദരൻ വന്നപ്പോൾ ഞാനീക്കര്യം പറഞ്ഞു.ചേട്ടൻ തൊഴിലാളികളുമായി നേരിട്ട് സംസാരിച്ചു.ഗൾഫിൽ പോയാലുള്ള ബുദ്ധിമുട്ടുകൾ അവരെ പറഞ്ഞു മനസിലാക്കിപ്പിച്ചു.അവിടെത്തേക്കാളൂം നല്ല അവസ്ഥയാണ് ഇവിടെ എന്നു ബോദ്ധ്യപ്പെട്ടപ്പോൾ അവർ ആ തീരുമാനം മാറ്റി വക്കുകയ ചെയ്തത്...

the man to walk with said...

മധുരമോഹങ്ങളുടെ പെരുന്നാളുകൾ പരസ്പരം നേർന്ന് നടക്കുന്നു എത്ര നാൾ ?


All the best

Cv Thankappan said...

പാലംകടക്കുന്നതുവരെ നാരായണ,
പാലംകടന്നാല്‍ കൂരായണ...
അതിസമര്‍ത്ഥരുടെ സൂത്രം!
ആശംസകള്‍

A said...
This comment has been removed by the author.
A said...

എഴുതുന്ന കഥാപാത്രങ്ങളുടെ മനസ്സില്‍ തൊട്ടാണ് എച്ചുമു എപ്പോഴും എഴുതുന്നത്‌. സ്വാഭാവികമായും വായനക്കാരന്‍റെ മനസ്സിന്‍റെ മാധ്യമത്തില്‍ തന്നെ അത് ചെന്ന് തറക്കുന്നു. ഇങ്ങിനെ എഴുതണം എന്ന് എനിക്കും ഉണ്ട്. പക്ഷെ എച്ച്മുവിന്‍റെ ചെരിപ്പ് എനിക്ക് പാകമാകില്ലല്ലോ.

ലംബൻ said...

തെല്ലോരസൂയയോടുകൂടിയല്ലാതെ എച്ചുമുവിനെ വായിക്കാന്‍ കഴിയാറില്ല. അനുഭവങ്ങള്‍ ധാരാളമുണ്ട് എനിക്കും, നല്ലതും ചീത്തയും, അവയൊന്നും ഇങ്ങിനെ ഹൃദയത്തില്‍ കൊള്ളുന്ന അക്ഷരങ്ങളാക്കി പുനര്‍ജനിപ്പിക്കാന്‍ എനിക്കാവുന്നില്ല എന്നതിനാലാവും ഈ അസൂയ.

റിനി ശബരി said...

പാവപെട്ടവന്‍ എന്നും ചൂഷണത്തിന്റെ ഇരയാണ്
അതും പല വിധങ്ങളില്‍ ...
അനാവശ്യമായ മോഹ കുരുക്കില്‍ വീണു പൊകുന്നവര്‍
അതുണ്ടാക്കുന്ന മനോവേദന വിവരണാതീതമാകും ..
കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ നൊയമ്പെടുക്കുന്നുണ്ട്
കൂട്ടുകാര്‍ക്കൊപ്പൊം അതിന്റെ പുണ്യമറിയുന്നു ..
നൊയമ്പ് , മനസ്സിനേ അടക്കി നിര്‍ത്തി കൊണ്ടാകരുത്
തുറക്കുന്നത് ആര്‍ഭാടവും ആകരുത് , എങ്കിലേ പട്ടിണിയും
ആ മനസ്സുകളുടെ വേവും , അതിന്റെ ഉള്‍ ചൂടും നാം അറിയൂ .
പെരുന്നാളും നൊയമ്പും ഒക്കെ കഴിഞ്ഞ് വന്ന് വായിച്ചത്
ഇത്തിരി നൊമ്പരമായി പൊയല്ലൊ എച്ച്മു ചേച്ചീ ...
അവരുടെ മോഹങ്ങള്‍ക്ക് മേലേ , വര്‍ണ്ണ ചിറകുള്ള
സ്വപ്നങ്ങള്‍ പീലി നിവര്‍ത്തട്ടെ ,, സ്നേഹം

Dr Premakumaran Nair Malankot said...

പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ലോകം. അവര്ക്ക് സ്നേഹമെന്തെന്നോ, മനുഷ്യബന്ധങ്ങൾ എങ്ങിനെയെന്നോ അറിയേണ്ട കാര്യമില്ല. നല്ല വായനാനുഭവം. ആശംസകൾ.
http://www.drpmalankot.blogspot.com/2011/10/o.html

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മീഠാ ഈദ് , മധുരത്തിന് പകരം ഒരു വേദനയുള്ള കയ്പ്പാണ് സമ്മാനിച്ചത്..!

നളിനകുമാരി said...

ഞാൻ എച്ച്മുവിന്റെ സൃഷ്ടികളിൽ കൂടിയുള്ള പ്രയാണത്തിലാണ്
അഭിപ്രായങ്ങൾ ഇടാൻ മറന്നു പോകുന്നത്രയും ഹൃദയ ദ്രവീകരണ ശക്തിയുള്ള വാക്കുകളിൽ ഞാൻ തടഞ്ഞു നില്ക്കുന്നു പലപ്പോഴും