Monday, August 19, 2013

ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി.... തരംഗം പാടി



       


( ഫേസ്  ബുക്കിലെ  യാത്രാ ഗ്രൂപ്പില്‍  പോസ്റ്റ്  ചെയ്തത്. ) 



വളരെക്കാലം മുമ്പാണ് ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി എന്ന് കേട്ടത്. ഏറെ പരിചിതമായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി എന്ന വാക്കിന്‍റെ സ്വാധീനത്തില്‍  ഈ കേള്‍വി അപ്രധാനമായി  മുങ്ങിപ്പോവുകയാണുണ്ടായത്. എങ്കിലും അവസരമുണ്ടായപ്പോള്‍  ചുരുള്‍  നിവരുന്ന  ഓര്‍മ്മയെപ്പോലെ ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയും  തരംഗംപാടിയും പൊടുന്നനെ മനസ്സിലേക്കെത്തുകയായിരുന്നു. 

തമിഴ് നാട്ടിലെ നാഗപട്ടണം  ജില്ല... അവിടെ  കാരൈക്കലിലെ  തിരുനല്ലാറില്‍ നിന്ന്  പോണ്ടിച്ചേരിയിലേക്ക് മടങ്ങുമ്പോഴായിരുന്നു, ട്രാന്‍ക്യൂബാര്‍ എന്ന  തരംഗംപാടിയെ കാണാനിട വന്നത്. റോഡിനിരുവശത്തുമുള്ള  ഉപ്പുപരല്‍  മിന്നുന്ന അനാകര്‍ഷകമായ തരിശു ഭൂമിയിലേക്കും  അവിടവിടെ കാണുന്ന മുരടിച്ച കുറ്റിക്കാടുകളിലേക്കും  കണ്ണയച്ചു  സീറ്റില്‍  ചാരിക്കിടക്കുമ്പോള്‍ കാര്‍ ഡ്രൈവര്‍  ചോദിച്ചു ... തരംഗം പാടി  പാത്തിരിക്കീങ്കളാ?

ഇല്ലെന്ന മൂളലില്‍ താല്‍പര്യക്കുറവുണ്ടായിരുന്നുവോ? അതാണോ  ഡ്രൈവര്‍ പിന്നെയും  പ്രേരിപ്പിക്കുന്ന മാതിരി  ഡാനിഷ്  ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ  കോട്ടയുണ്ടെന്നും  മറ്റും പറഞ്ഞു   തുടങ്ങിയത്? അത് കേട്ടപ്പോള്‍  പെട്ടെന്ന് ഏതോ ഉള്ളറയില്‍ നിന്ന് എണീറ്റ് വരുമ്പോലെ പണ്ടെന്നോ വായിച്ചു  മറന്ന ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയും ട്രാന്‍ക്യൂബാര്‍  എന്ന തരംഗംപാടിയും   മനസ്സിലുയര്‍ന്നു വന്നു. തരംഗം  പാടിയെന്നാല്‍  പാടുന്ന  തിരകളുടെ നാട് എന്നാണര്‍ഥം.
ഏറെ  ഉയരമുള്ള കോട്ടവാതില്‍  മനോഹരമായിരുന്നു. എങ്കിലും  അതിന്‍റെ പരിസരങ്ങളിലോ    കെട്ടിടങ്ങളിലോ  പഴമയുടെ ഗന്ധം പേറുന്ന കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ഗേറ്റ് ഹൌസ് മാത്രം  ഡാനിഷ്  സംസ്കൃതിയെ  നിലനിറുത്തിക്കൊണ്ട്  നവീകരിച്ചിട്ടുണ്ട്. ബാക്കിയെല്ലാം തലമുറകളായി വിറ്റുപോയെന്നു ഡ്രൈവര്‍ പറഞ്ഞു. കന്യാസ്ത്രീ മഠവും പള്ളിയും കൊച്ചു വീടുകളും എല്ലാമുണ്ട്    വഴിയില്‍. തികച്ചും ആധുനികമായ ഒരു ജനപദത്തിനു  ഡാനിഷ് ശൈലിയില്‍ നിര്‍മിച്ച  നാനൂറ് വര്‍ഷം  പഴക്കമുള്ള വലിയ ഒരു വളച്ചു  വാതില്‍ എന്തിനാണെന്നായിരുന്നു  ആദ്യം തോന്നിയത്. ... പ്രധാന  പാതയില്‍ നിന്ന് തരംഗം പാടിയിലേക്ക് തിരിയുമ്പോഴൊന്നും  നമ്മെ കാത്തിരിക്കുന്നതെന്തെന്ന്  ഒരു സൂചനയും ലഭ്യമല്ലാത്ത  വിധം അതിസാധാരണമായ ഒരു  തമിഴ് ഉള്‍നാടന്‍ ജീവിതമായിരുന്നു  അവിടെ. ആ വഴി അവസാനിക്കുന്നേടത്തായിരുന്നു  ബെര്‍ത്തലോമ്യോസ് സീഴെന്‍ബാഗെന്ന ജര്‍മ്മന്‍കാരനായ ലൂഥറന്‍ പാതിരിയുടെ സ്വര്‍ണനിറമുള്ള പ്രതിമയും  കല്ലില്‍ കൊത്തിയ  വാഴ്ത്തുകളും...  അവിടെ എത്തുന്നത് വരെ എന്തിനാണ് ഡെന്മാര്‍ക്കില്‍  നിന്ന്  ആളുകള്‍ നാനൂറ്  വര്‍ഷം മുന്‍പ്  ഇമ്മാതിരി ഒരു സ്ഥലത്തേക്ക് വന്നിട്ടുണ്ടാവുക  എന്ന  അതിശയം  മനസ്സിലുണ്ടായിരുന്നു.   തമിഴില്‍ ന്യൂ ടെസ്റ്റാമന്‍റും പിന്നീട് ബൈബിളും  ആദ്യമായി അച്ചടിച്ച  ഡാനിഷുകാര്‍...  തമിഴ് ഗാനങ്ങള്‍  ജര്‍മ്മനിലേക്കും തിരിച്ചും ആദ്യമായി  വിവര്‍ത്തനം ചെയ്തവര്‍ ,   ജര്‍മ്മനിയില്‍  തമിഴ് പഠിക്കാന്‍ ആദ്യമായി അവസരമൊരുക്കിയവര്‍, പ്രൊട്ടസ്റ്റന്‍റ്  വിശ്വാസം ആദ്യമായി ഇന്ത്യയിലെത്തിച്ചവര്‍,  തമിഴിനു ആദ്യമായി നിഘണ്ടു എഴുതിയവര്‍,  തമിഴ് നാട്ടില്‍  ആദ്യമായി പെണ്‍ പള്ളിക്കൂടവും അച്ചടിശാലയും  ആരംഭിച്ചവര്‍ എന്നിങ്ങനെ അവിടെ കൊത്തിവെച്ച  അനവധി  അപദാനങ്ങളുടെ  പട്ടിക വായിച്ചു നോക്കുമ്പോഴും ആ അതിശയം മാറിയിരുന്നില്ല.. 

എന്തുകൊണ്ട്  ഇങ്ങനെ ഒരു  സ്ഥലം? 

ഒരു നിമിഷം വലത്തോട്ട് തിരിയുമ്പോഴാണ്   അതിന്‍റെ ഉത്തരം നീലപ്പൂഞ്ചായലിളക്കുന്ന  ലാസ്യ മോഹിനിയായ ബംഗാള്‍  ഉള്‍ക്കടലായി മുന്നില്‍ വിടര്‍ന്നത്. കണ്ണെത്താ ദൂരം വരെ നീലക്കടല്‍ .... നീലയോ?  അല്ല കടല്‍പ്പച്ച... കടല്‍പ്പച്ചയോ? അല്ല്ല, പിന്നെ... അമ്മാതിരി....  നീലിച്ചു പച്ചച്ച  അല്ലെങ്കില്‍  പച്ചച്ചു  നീലിച്ച  ബംഗാള്‍ ഉള്‍ക്കടല്‍... കോട്ടയും തുറമുഖവും  കടലിലേക്കിറങ്ങിക്കിടക്കുന്ന  മനോഹാരിത..  അങ്ങകലെയായി അനവധി  ബോട്ടുകള്‍..  ചക്രവാളത്തിന്‍റെ  അരികിലേക്ക് മന്ദംമന്ദം മാഞ്ഞു  മറയുന്ന കൂറ്റന്‍  യാനപാത്രങ്ങള്‍....ആത്മാവിന്‍റെ  ആഴങ്ങളില്‍പ്പോലും  കുളിര്‍മ  പകരുന്ന  കടല്‍ക്കാറ്റ്.... 

ഇവിടെയല്ലെങ്കില്‍  പിന്നെവിടെയാണ് ഡാനിഷുകാര്‍  കോട്ടയും തുറമുഖവും  പണിയേണ്ടത്? സ്വരണ്ണപ്പണിക്കാരും കൊല്ലന്മാരും  മുക്കുവരും ഒക്കെ  അടങ്ങുന്ന   ജനപദമുണ്ടാക്കേണ്ടത്? പോസ്റ്റ്  ഓഫീസ്  റോഡും  ക്വീന്‍സ് റോഡും  കളക്ടറുടേയും  ഗവര്‍ണറുടേയും ബംഗ്ലാവുകളും തുറമുഖവും മറ്റ് ഓഫീസുകളുമായി   വാണിജ്യം പച്ച പിടിപ്പിയ്ക്കേണ്ടത്? മുസ്ലിം വ്യാപാരികളും  ജര്‍മ്മന്‍ സുവിശേഷകരും മൊറേവിയന്‍ വ്യവസായ പ്രമുഖരുമായി ഭൂഗോളത്തിന്‍റെ  നാനാ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തരായ ജനതതിക്ക്  തിങ്ങി  നിറയുവാന്‍  ഇതിലും പറ്റിയ   തന്ത്രപ്രധാനമായ  മറ്റൊരിടമുണ്ടോ?
കടല്‍ത്തീരവുമായി അലിഞ്ഞ് കിടക്കുന്ന കളക്ടറുടെ  ബംഗ്ലാവ്  ഇന്നൊരു ഹോട്ടലാണ്.  നീംറാണ എന്ന  രാജസ്ഥാനി ബ്രാന്‍ഡ്  ഹോട്ടല്‍.    കടല്‍ത്തീരത്തെ സൂര്യോദയം അഭൌമമായ  ആഹ്ലാദാനുഭൂതികള്‍  പകരുമെന്ന്  ഹോട്ടല്‍  ജീവനക്കാരന്‍  അറിയിച്ചു.  ആ കുശലം പറച്ചിലും അവരുടെ ആതിഥ്യമര്യാദയുടെ ഭാഗമായിരിക്കാം.  2004 ലെ  സുനാമിയെ  നാനൂറു വര്‍ഷം പഴക്കമുള്ള ഈ  ബംഗ്ലാവ് അതിജീവിക്കുകയായിരുന്നു. കടല്‍ത്തീരത്തെ ബോട്ടുകളെ  കോട്ടവാതിലില്‍  എത്തിച്ച സുനാമിത്തിരകള്‍ക്ക് കളക്ടറുടേയും ഗവര്‍ണറുടേയും ബംഗ്ലാവുകളേയും  തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടയേയും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സുനാമിയില്‍ സമസ്തവും നഷ്ടപ്പെട്ട  മുക്കുവര്‍  വിവരിച്ചു തന്നു. പാവപ്പെട്ട  മുക്കുവര്‍ക്ക് ആ ദുരന്തത്തില്‍ നഷ്ടമായത് എണ്ണൂറോളം മനുഷ്യരെയായിരുന്നു. അവരുടെ  വീട്ടുപകരണങ്ങളും പൊളിഞ്ഞ വഞ്ചികളും പരമ്പര്യമായി  പക്കലുണ്ടായിരുന്ന പലതരം  കൌതുക വസ്തുക്കളൂം ഡാനിഷ് പാരമ്പര്യത്തിന്‍റെ  നിദര്‍ശനങ്ങളും  എല്ലാം ഒന്നിച്ച്  ചേര്‍ത്തുവെച്ച് ഓല മേഞ്ഞ ഒരു  മ്യൂസിയം  ഇപ്പോള്‍  അവിടെയുണ്ട്. പ്രകൃതിക്ഷോഭം  മനുഷ്യരെ എത്രമാത്രം നിസ്സഹായരും അനാഥരുമാക്കുന്നുവെന്ന് കണ്ടു നില്‍ക്കുക ഒട്ടും എളുപ്പമല്ല. തകര്‍ന്നു പോയ മനുഷ്യജീവിതങ്ങള്‍ അവിടെ  തുരുമ്പെടുത്ത ചീനച്ചട്ടിയും  തവിയും കോപ്പയുമായി,   കീറിയ വലയും നിറം പോയ തൊപ്പിയും പൊളിഞ്ഞ നയമ്പുമായി കണ്ണീരു  പെയ്യുന്നു.
പഴയ ഡാനിഷ് തുറമുഖത്തിന്‍റെ അവശിഷ്ടങ്ങള്‍ കോട്ടയുടെ സമീപം പരന്നു കിടക്കുന്നുണ്ട്. മഴ തിമര്‍ത്ത് പെയ്യുമ്പോള്‍ കടലിനു മേദസ്സു വര്‍ദ്ധിക്കുമ്പോള്‍   ആ അവശിഷ്ടങ്ങള്‍  കടലില്‍  ഒളിക്കും... കോട്ടമതിലിനു  തൊട്ടു താഴെ വരെ  കടല്‍ കയറി വരുമെന്നും ദൂരെ നിന്നു നോക്കുമ്പോള്‍ കോട്ട  ചലിക്കുന്നതു മാതിരി തോന്നുമെന്നും മുക്കുവര്‍  പറയാതിരുന്നില്ല.

സദാംഗന്‍പാടി എന്ന പേരില്‍  തരംഗംപാടിയെ പറ്റി  പതിന്നാലാം നൂറ്റാണ്ടിലാണത്രേ ആദ്യത്തെ ചരിത്ര പരാമര്‍ശം  കാണപ്പെടുന്നത് . ഓവേ ഗെഡ്ഡെ എന്ന ഡാനിഷ് ക്യാപ്റ്റനാണ്  ഇവിടെ ഈ കോട്ട  പണിതത്.  അത് 1620 ലായിരുന്നു. കോട്ടയില്‍  വലിയ  കലവറകളും കടകളും  കുതിരലായങ്ങളും അടുക്കളയും ശുദ്ധ ജലം  നിറഞ്ഞ ഒരു കിണറും ഉണ്ട് .   ഡെന്മാര്‍ക്  രാജാവിന്‍റെ പ്രതിനിധിയായി  കുരുമുളകു വ്യാപാരത്തിനുള്ള സാധ്യതകള്‍  അന്വേഷിച്ചാണ്  ക്യാപ്റ്റന്‍ ഓവേ ഗെഡ്ഡേ  വന്നത്.   അതിനുശേഷം ഏകദേശം നൂറ്റന്‍പതുകൊല്ലം ഡാനിഷ് ഗവര്‍ണറുടേയും മറ്റ്  ഉദ്യോഗസ്ഥന്മാരുടേയും താവളമായിരുന്നു ഇത്. പിന്നീട്  1845 ല്‍ ബ്രിട്ടീഷുകാര്‍  ഇവിടം  സ്വന്തമാക്കുകയായിരുന്നു,ഒന്നേകാല്‍ കോടി  രൂപയ്ക്. അതിനുശേഷമാവണം ജയിലും  തൂക്കുമേടയും  വലിയ പീരങ്കികളും  ഒക്കെ കോട്ടയില്‍  ഇടം പിടിച്ചത്. 

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ സമൂഹം  കീഴടക്കണമെന്ന്  ഡെന്മാര്‍ക്കിനു ഒരു മോഹമു ണ്ടായിരുന്നുവെങ്കിലും  അത്  ഫലപ്രദമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  ആ ലക്ഷ്യം നേടാനാണ് തരംഗം പാടിയെ  ട്രാന്‍ക്യുബാറാക്കി  ഡാനിഷുകാര്‍  ഇവിടെ പാര്‍പ്പുറപ്പിച്ചത്.  ബ്രിട്ടീഷുകാരുടെ  ശക്തി വര്‍ദ്ധിച്ചതോടു  കൂടി  ഡെന്മാര്‍ക്കിന്  ആ ലക്ഷ്യം  എന്നേക്കുമായി  മറക്കേണ്ടതായി വന്നു. നേരത്തെ  വന്നു കൂടിയിരുന്ന  പോര്‍ച്ചുഗീസ് പാതിരിമാരുടെ കത്തോലിക്കാ വിശ്വാസത്തില്‍  നിന്നും വ്യത്യസ്തമായ  പ്രോട്ടസ്റ്റന്‍റ് വിശ്വാസവുമായി ബെര്‍തലോമ്യോസ് സീഴെന്‍ബാഗ് എന്നും ഹെന്റിച്ച് പ്ലൂട്ട്ഷോഹ് എന്നും  രണ്ടു പാതിരിമാര്‍  തരം ഗംപാടിയില്‍  സുവിശേഷവേല ആരംഭിച്ചുവെങ്കിലും ആദ്യമൊന്നും  കാര്യമായ  ചലനങ്ങള്‍ സൃഷ്ടിക്കാന്‍  അവര്‍ക്കായില്ല. എങ്കിലും മെല്ലെ മെല്ലെ അവരുടെ  സ്വാധീനം മദ്രാസിലും കടലൂരിലും തഞ്ചാവൂരിലും  എത്തിച്ചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും  പഴയ പ്രൊട്ടസ്റ്റന്‍റ്  പള്ളി ഇവിടെയാണുള്ളത്.  ഇന്ന്  പോലും  ദക്ഷിണേന്ത്യയിലെ തമിഴ് ഇവാഞ്ജലിക്കല്‍ ലുഥറന്‍ ചര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനപ്പേര്‍  ബിഷപ്പ് ഓഫ്  ട്രാന്‍ക്യുബാര്‍ എന്നു തന്നെയാണ്.  മൊറേവിയന്‍ പാതിരിമാരും ഇറ്റാലിയന്‍ പാതിരിമാരും ഉള്‍പ്പടെ  അനവധി  പേര്‍ ഇവിടെ സുവിശേഷവുമായി വന്നിട്ടുണ്ടത്രെ. 
കോട്ടയില്‍ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.  അനവധി ഡാനിഷ് കളിമണ്‍ പാത്രങ്ങളും,  തഞ്ചാവൂര്‍ രാജാവും ഡാനിഷ് ഗവര്‍ണറും തമ്മില്‍  നടത്തിയ കത്തിടപാടുകളും നാണയങ്ങളും വിവിധതരം  ആയുധങ്ങളും മറ്റും  ധാരാളമായി ശേഖരിച്ചു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  കത്തിടപാടുകളില്‍ അന്നത്തെ  നമ്മുടെ ജാതിവ്യവസ്ഥ ഡാനിഷുകാരെ പൊറുതിമുട്ടിച്ചതിന്‍റെ  കഥകളും നമുക്ക് വായിക്കാം. കളിമണ്ണിലും ഗ്ലാസിലും കാണുന്ന  വിവിധ  പാത്രങ്ങളുടേയും മറ്റും സൌന്ദര്യം  പഴയ   പ്രൌഡിയുടെ ഒരെത്തിനോട്ടം നല്‍കുന്നു. പക്ഷെ, എല്ലാ പ്രദര്‍ശന വസ്തുക്കളും  വളരെ  ക്ഷയോന്മുഖമായ രീതിയിലാണ് നിരത്തിവെയ്ക്കപ്പെട്ടിരിക്കുന്നത്....  പലവട്ടം നവീകരിക്കപ്പെട്ടുവെങ്കിലും  കോട്ടയും അങ്ങേയറ്റം പരിതാപകരമായ നിലയില്‍  അവഗണിക്കപ്പെട്ടു  തന്നെയാണ് കിടക്കുന്നത്.  എല്ലാത്തരം തെറിവാക്കുകളാലും ചുവരുകളെ മലിനമാക്കിയിട്ടും ഉണ്ട്.  പോരാത്തതിനു ഒരു  കണ്‍കുരു എന്ന പോലെ  വേദന തോന്നിപ്പിക്കുന്ന ചില സര്‍ക്കാര്‍ അസംബന്ധ നിര്‍മ്മിതികളും കോട്ടയെ  വികൃതമാക്കുന്നു.
തിരകള്‍  ഓരോ തവണയും  കോട്ടയോട് കിന്നാരം പറയുന്നത് കേട്ടുകൊണ്ട്... ഒരു കാലത്ത് തിരക്കു പിടിച്ച ഒരു  തുറമുഖ നഗരമായിരുന്ന  ട്രാന്‍ക്യൂബാറിന്‍റെ  അവശിഷ്ടങ്ങള്‍ക്കിടയില്‍  അലയുന്നതും  ഒരനുഭവമായിരിക്കും. കാരണം അവിടെയുള്ള  ഓരോ  കല്ലും  എന്തെങ്കിലുമൊക്കെ പറയും... പല ഭാഷകളില്‍ പല വേഷഭൂഷാദികളില്‍ പോയ കാലം  മുന്നില്‍  ചുരുള്‍ നിവര്‍ത്തും... കല്ലുകള്‍ പറയാത്ത ബാക്കി കഥകളെ കടല്‍  സൂക്ഷിക്കുന്നുണ്ടാവും... അതു  കേള്‍ക്കാന്‍ മനസ്സുണ്ടാവണമെന്നേയുള്ളൂ. 

നീലത്തലമുടിയും   വെണ്‍നുരത്തൊങ്ങലിന്‍റെ  ഉടുപ്പുമായി  കടല്‍ വിളിക്കുന്നു...  കടലിനോളം വൈവിധ്യപൂര്‍ണമായ  കഥകള്‍ വേറേയാര്‍ക്കു പറയാനാവുമെന്ന് കണ്ണിറുക്കുന്നു.....   

30 comments:

റിനി ശബരി said...

"""നീലത്തലമുടിയും വെണ്‍നുരത്തൊങ്ങലിന്‍റെ
ഉടുപ്പുമായി കടല്‍ വിളിക്കുന്നു...
കടലിനോളം വൈവിധ്യപൂര്‍ണമായ
കഥകള്‍ വേറേയാര്‍ക്കു പറയാനാവുമെന്ന് കണ്ണിറുക്കുന്നു..... """
യാത്രയില്‍ " വായിച്ചതാണ് .. വീണ്ടും വായിക്കുമ്പൊള്‍
" തരംഗം പാടുന്നുന്റ് " ഇഷ്ടം ചേച്ചീ ...!

Anonymous said...

"ഒരു നിമിഷം വലത്തോട്ട് തിരിയുമ്പോഴാണ് അതിന്‍റെ ഉത്തരം നീലപ്പൂഞ്ചായലിളക്കുന്ന ലാസ്യ മോഹിനിയായ ബംഗാള്‍ ഉള്‍ക്കടലായി മുന്നില്‍ വിടര്‍ന്നത്. കണ്ണെത്താ ദൂരം വരെ നീലക്കടല്‍ .... നീലയോ? അല്ല കടല്‍പ്പച്ച... കടല്‍പ്പച്ചയോ? അല്ല്ല, പിന്നെ... അമ്മാതിരി.... നീലിച്ചു പച്ചച്ച അല്ലെങ്കില്‍ പച്ചച്ചു നീലിച്ച ബംഗാള്‍ ഉള്‍ക്കടല്‍... കോട്ടയും തുറമുഖവും കടലിലേക്കിറങ്ങിക്കിടക്കുന്ന
മനോഹാരിത.. "
നല്ല വരികള്‍...കാവ്യാത്മകമായ വിവരണം....ഒരു പാട്‌ നാളായി ഭൂലോകത്തിലെ വഴിത്താരകളിലൂടെ അലഞ്ഞുതിരിഞ്ഞിട്ട്‌..അതുകൊണ്ടുതന്നെ അല്‍പ്പം അപരിചിതത്വം ഫീല്‍ ചെയ്യുന്നു......എന്നാലും ഒരു തിരിച്ചുവരവിന്‌ ശ്രമിച്ചാലോ എന്നൊരു തോന്നല്‍ ........

any way നന്നായി എച്ചുമു, ഈ വിവരണം......

Aneesh chandran said...

തീരങ്ങളില്‍ ആദ്യകാല ജീവിതമുണ്ടായിരുന്നു.

Kannur Passenger said...

നല്ല വിവരണം..അതിനെക്കാൾ നല്ല വരികൾ.. ഭാവുകങ്ങൾ.. :)

vettathan said...

തരംഗംപാടി മാടിവിളിക്കുന്നു.

mini//മിനി said...

പ്രീയപ്പെട്ട എച്ച്മു, വാക്കുകൾ കൊണ്ട് ചിത്രം വരച്ചെങ്കിലും ഒരു ക്യാമറയിൽ പതിഞ്ഞ ചിത്രം കൂടി ഉണ്ടെങ്കിൽ എന്നാശിച്ചുപോയി.

കുഞ്ഞൂസ്(Kunjuss) said...

കാവ്യാത്മകമായ വരികളിലൂടെ തരംഗംപാടി ...

ചന്തു നായർ said...

കാവ്യാത്മകമായ വരികളിലൂടെ തരംഗംപാടി ...ഞാനും കുഞ്ഞൂസ്സിന്റെ വരികൾ കടം കൊള്ളുന്നൂ.എച്ചുമുക്കുട്ടീ ആശംസകൾ

ajith said...

തരംഗം പാടുന്നുണ്ട്
ഈ വാക്കുകളും

Philip Verghese 'Ariel' said...

പതിവു പോലെ മനോഹരമായി മറ്റൊരു വിവരണവും രാഗ തരംഗങ്ങളോടെ ഇവിടെ അവതരിപ്പിക്കുവാൻ എച്ച്മക്ക് കഴിഞ്ഞു. ആശംസകൾ. ഒരു ഗൂഗിള പ്ലസ് അക്കൌണ്ട് തുറക്കുക എത്രയും വേഗം പിന്നെ അങ്ങോട്ട്‌ വരാൻ ബുദ്ധിമുട്ടുണ്ടാകില്ല, ചിരിയോ ചിരി.,
എഴുതുക അറിയിക്കുക
ആശംസകൾ
സ്നേഹം പുഞ്ചിരിക്കും

വീകെ said...

മനോഹരമായ ശൈലിയിൽ ഒരു ട്രാൻ‌ക്യൂബാർ യാത്രാവിവരണം. നന്നായിരിക്കുന്നു. ഈ ട്രാൻ‌ക്യൂബാർ ആദ്യമായിട്ടാ കേൾക്കുന്നത്. ആശംസകൾ...

kanakkoor said...

മനോഹരമായ വിവരണം . ആശംസകൾ
ചിത്രങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെടുന്നു

ശ്രീ said...

"തരംഗം പാടി" കേട്ടിട്ടുണ്ടായിരുന്നില്ല, ഇതിനു മുന്‍പ്...

the man to walk with said...

loved it
Thaaramgampadi is nice

Best wishes

Lazar D'silva said...

കുറച്ചു നാളുകൾക്ക് മുൻപ് നാഗപട്ടണത്തു നിന്നും പുതുച്ചേരിയിലേയ്ക്ക് തരംഗംപാടി വഴി സഞ്ചരിച്ചിരുന്നു. ഇപ്പോഴാണ് ഇങ്ങിനെയൊരു കോട്ടയെ കുറിച്ച് അറിയുന്നത്. നഷ്ടമായിപ്പോയല്ലോ... നല്ല എഴുത്ത്...

ente lokam said...

വേദനകളും നഷ്ടങ്ങളും നാട്ടുകാര്ക്ക് സമ്മാനിച്ചപ്പോഴും
വിദേശികൾ ചെയ്ത അന്നത്തെ നല്ല കാര്യങ്ങൾ ബലവത്തായ കെട്ടിടങ്ങളും
പാലങ്ങളും അണക്കെട്ടുകളും ഒക്കെ നന്മയുടെ കൈത്തിരി
ആയി ഇന്നും കത്തുന്നുണ്ട്. പ്രത്യേകിച്ചും സ്വന്തം നാട് നമ്മൾ
തന്നെ നശിപ്പിക്കുമ്പോൾ..

നല്ല വിവരണം എച്മു....

പ്രയാണ്‍ said...

നീലിച്ചു പച്ചച്ച അല്ലെങ്കില്‍ പച്ചച്ചു നീലിച്ച....കൊതിപ്പിച്ച് കൊതിപ്പിച്ച്

അനില്‍കുമാര്‍ . സി. പി. said...

പുതിയ അറിവുകളുമായി നല്ല എഴുത്ത്.

Cv Thankappan said...

തരംഗങ്ങളായി ഉള്ളിലേക്ക് പതിഞ്ഞിറങ്ങുന്ന മനോഹരമായ വരികള്‍.ഇഷ്ടപ്പെട്ടു.
ആശംസകള്‍

Pradeep Kumar said...

യാത്രാഗ്രൂപ്പില്‍ വായിച്ചിരുന്നു. കാരൈക്കലില്‍ കുറേനാള്‍ താമസിച്ചപ്പോള്‍ അതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിലൊക്കെ കറങ്ങിയിട്ടുണ്ട്. എന്നിട്ടും ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയെക്കുറിച്ച് അറിഞ്ഞില്ല. അതൊരു നഷ്ടമായി ഇപ്പോള്‍ തോന്നുന്നു.....

ശ്രീനാഥന്‍ said...

തരംഗം പാടി അറിയില്ലായിരുന്നു.എന്തുകൊണ്ട് ഡാനിഷ് തരംഗം പാടി തെരഞ്ഞെടുത്തു എന്നതിന്റെ ന്യായീകരണം വളരെ മനോഹരമായി.

Areekkodan | അരീക്കോടന്‍ said...

I was in Pondichery for 6 days in National Integration Camp.But none told about this.How to reach Tarangampadi from Puthuchery?

സ്മിത മീനാക്ഷി said...

ഇഷ്ജ്ടമായി.

പട്ടേപ്പാടം റാംജി said...

ഈയിടെയായി അറിയാത്തത് മനോഹരമായി പറഞ്ഞുതരുന്നതില്‍ കൂടുതല്‍ മിടുക്ക് പുലര്‍ത്തുന്നു.
നേരത്തെ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ രസം.
സന്തോഷത്തോടെ നന്ദി.

Karaskarathope said...

വായിച്ചൂട്ടോ ....ഇതും തൊട്ടു മുന്പത്തെ ഫൈവ് സ്റ്റാർ വിശേഷങ്ങളും ....ഇഷ്ടപ്പെട്ടു , പറഞ്ഞു തരാനൊന്നുമുള്ള അറിവും കഴിവും എനിക്കില്ല. എല്ലാം എന്റെ എച്ച്മുവിനു വഴങ്ങും .കഥയും ലേഖനവും യാത്രാവിവരണവും 'സ്വകാര്യം' പറച്ചിലും ഒക്കെ. പക്ഷെ എന്റെ മനസ്സിലെ ആഗ്രഹം ഞാൻ പണ്ട് പറഞ്ഞത് തന്നെ , എച്ച്മുവിന്റെ മാത്രമായൊരു ' മാസ്റ്റർപീസു - അത് ഒരു പാട് സമയമെടുത്തും അകത്തളത്തിൽ നീറ്റിച്ചു വേവിച്ചു പാകപ്പെടുത്തിയെടുത്തും ആവണം. അതിനു വേണ്ടി യാത്രകളും സ്വകാര്യം പംക്തിയും ബ്ലോഗെഴുത്തും മാറ്റി വെക്കണം എന്നല്ല , മനസ്സിലൊരു മഹാരചനയുടെ പേറ്റുനോവ് എപ്പോഴും വേണം എന്ന് മാത്രം ....സ്നേഹം .

മുകിൽ said...

nannayi..

M. Ashraf said...

മനോഹരമായ വരികളിലൂടെ ഒന്നാന്തരം വിവരണം. അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

തരംഗം പാടി’യുടെ തരംഗങ്ങൾ...
ഇനി തീർച്ചയായും യാത്രനുഭവങ്ങൾ
കുറിക്കുമ്പോൾ പടങ്ങൾ കൂടി ചേർക്കണം കേട്ടൊ എച്മു

sethumenon said...

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളിലൂടെ നാം ജീവിതത്തെ പുനർവായിക്കുകതന്നെയാണ് ചെയ്യുക.കാണാത്ത ദേശങ്ങളിലൂടെ അപൂർവമായ കാഴ്ചകളിലൂടെ സഞ്ചാരിയായ മനസ്സ് സ്വയം വായിച്ചുതുടങ്ങുന്നു.എച്മുവിന്റെ എഴുത്തുകൾ അപരിചിതസ്‌ഥലികളുടെ വർണങ്ങളിൽ കൂടുതൽ മനോഹാരിയാകട്ടെ.

sethumenon said...

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളിലൂടെ നാം ജീവിതത്തെ പുനർവായിക്കുകതന്നെയാണ് ചെയ്യുക.കാണാത്ത ദേശങ്ങളിലൂടെ അപൂർവമായ കാഴ്ചകളിലൂടെ സഞ്ചാരിയായ മനസ്സ് സ്വയം വായിച്ചുതുടങ്ങുന്നു.എച്മുവിന്റെ എഴുത്തുകൾ അപരിചിതസ്‌ഥലികളുടെ വർണങ്ങളിൽ കൂടുതൽ മനോഹാരിയാകട്ടെ.