Sunday, September 1, 2013

വിളറിയ റോസ് നിറത്തില്‍... ഒരു..



https://www.facebook.com/pratilipimalayalam/posts/925386830938229



ഈ കഥയുടെ മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം..

1. ചില പാലങ്ങള്‍ ഒരു പുഞ്ചിരിയാല്‍ കടന്നു പോവുന്നത്...
2. ഉടുക്കു താളത്തില്‍ അക്ഷരംചമച്ചവനിലേക്ക്...
3. എന്ന് പറഞ്ഞപ്പോള്‍, ആ പ്രേതനഗരം എനിക്ക് ഓതിത്തന്നത് ....



പാമ്പന്‍ പാലവും രാമേശ്വരവും ധനുഷ്ക്കോടിയും  കടന്ന്   ദില്ലിയില്‍   തിരിച്ചെത്തിയ  മൂന്നാം  നാള്‍  ഞാന്‍  ഡോക്ടറെ  വിളിച്ചു..
അദ്ദേഹത്തിന്‍റെ ഉപദേശം അനുസരിക്കാന്‍   തയാറാണെന്ന് പറയുമ്പോള്‍ എത്ര  നിയന്ത്രിച്ചിട്ടും  എന്‍റെ  തൊണ്ടയിടറി... കണ്ണുകളില്‍  നീര്‍  കവിഞ്ഞു.
ഡോക്ടര്‍  ഒരു സെക്കന്‍ഡ്  മൌനമായിരുന്നു. പിന്നീട്  ഒരു ദീര്‍ഘ നിശ്വാസത്തോടെ  ടേക്കിറ്റ്  ഈസി  എന്ന് ഫോണ്‍ വെച്ചു..
മെത്തയില്‍  തളര്‍ന്നു കിടക്കുന്ന  പുഞ്ചിരിയോട്   ആയിരം പ്രാവശ്യം ചോദിച്ച    മണ്ടന്‍ ചോദ്യം ഞാന്‍ വീണ്ടും ചോദിച്ചു...
അതാരായിരുന്നു  മോളെ? എന്നെയും നിന്നെയും  ഒരുമിച്ചു വഞ്ചിച്ച  ആ ആള്‍...  
വിശക്കുന്നുവെന്നും  ദാഹിക്കുന്നുവെന്നും  പറയാനല്ലേ  വയറിലും  ചുണ്ടിലും കൈ വെച്ച്  ഞാന്‍  അവളെ പരിശീലിപ്പിച്ചിട്ടുള്ളൂ. വഞ്ചനയെക്കുറിച്ചും വഞ്ചിച്ച  ആളെക്കുറിച്ചും പിന്നെ  അവളെങ്ങനെ പറയും?  ഞാന്‍ അവളെ  പഠിപ്പിക്കാന്‍  ഉപയോഗിച്ചിരുന്ന ആ ചിത്രപുസ്തകത്തിലും  വഞ്ചനയുടെ  പടം ഇല്ലായിരുന്നുവല്ലോ.
ഹുങ്കാര ശബ്ദത്തില്‍  ചെകിടടപ്പിച്ചുകൊണ്ട്  ഒരു വിമാനം ഫ്ലാറ്റിനു മുകളിലൂടെ പറന്നകന്നു.  അതിന്‍റെ  വലിയ  നിഴല്‍ ഒരു  മാത്ര   ബാല്‍ക്കണിയില്‍ വീണതു കണ്ട് പുഞ്ചിരി  ശ്രമപ്പെട്ട്  ആകാശത്തേക്ക്  മിഴികളുയര്‍ത്തി..  
അവളുടെ പ്രഭാതങ്ങള്‍ തീര്‍ത്തും  അസുഖകരമായിക്കഴിഞ്ഞിരുന്നു. അവയില്‍  ഓക്കാനവും വേണ്ടായ്കയും നിറഞ്ഞു നിന്നു.  നിയന്ത്രണം കിട്ടാത്ത  ശാരീരിക ചലനങ്ങളുമായി അവള്‍  ഓക്കാനിക്കുന്നതും  അവളൂടെ വായില്‍ ഉമിനീര്‍ തെളിയുന്നതും  കാണ്‍കേ  ഒരുമിച്ച് വിഷം  കഴിച്ചു മരിക്കുന്നതിനെപ്പറ്റി പോലും പലപ്പോഴും ഞാന്‍ ആലോചിച്ചു പോയി...
അവള്‍  ആടി ഉലയുന്നത് നോക്കി ...
എത്ര മിനിറ്റുകളിലെ നിശ്ചലതയാവും അവളൂടെ മുലക്കണ്ണുകളെ  വെറുക്കനെ വെറുക്കനെ കറുപ്പിച്ചതെന്നോര്‍ത്ത് എന്‍റെ ഹൃദയം തുണ്ടുകളായി പൊട്ടിയടര്‍ന്നു.
പത്ത്...  പത്ത് മിനിറ്റ്  .... അത്രയും മതിയെന്നല്ലേ....
ഞങ്ങളുടെ    ജീവിതത്തില്‍ നിന്ന് ഏതെങ്കിലും ഒരു  കടലെടുക്കേണ്ടിയിരുന്ന ആ മിനിറ്റുകള്‍... ഒരു കാലമാപിനിയിലും ഒരിക്കലും അടയാളപ്പെടാന്‍ പാടില്ലാത്ത ആ മിനിറ്റുകള്‍.. പുഞ്ചിരിയുടെ ദുര്‍ബലമായ ദേഹം,  ഭാരം താങ്ങി തളര്‍ന്നിരിക്കാവുന്ന  ആ മിനിറ്റുകള്‍....
ഓര്‍ക്കുന്തോറും  എന്‍റെ  കണ്ണുകളില്‍  രക്തം ആവിയായി ഉയര്‍ന്നു. അമ്മയാകുന്നത് എത്ര കഠിനവും എത്ര ദയനീയവുമാണെന്ന്.....   
പുഞ്ചിരി ആരേയും  പ്രലോഭിപ്പിച്ചില്ല..
വാക്കു കൊണ്ടോ നോക്കു കൊണ്ടോ വസ്ത്രം കൊണ്ടോ..
പുഞ്ചിരി  ആരേയും  പ്രകോപിപിച്ചില്ല ....
വാക്കു കൊണ്ടോ നോക്കു കൊണ്ടോ വസ്ത്രം കൊണ്ടോ..
ഇതൊക്കെ  മറ്റാരെങ്കിലും ചെയ്താലും   മതിയത്രേ...
എത്ര മോശമായ  കാവലാണെന്‍റെ.. ഞാന്‍  നെഞ്ചിന്നുള്ളില്‍ അലമുറയിട്ടു  കരഞ്ഞു. കണ്ണീര്‍ ഒതുക്കിപ്പിടിച്ച്   എന്‍റെ കണ്ണുകള്‍  ചുവന്നു വീര്‍ത്തു..  
കല്ലു വിഴുങ്ങിയ മാതിരി  കനത്തിരിക്കുന്ന തൊണ്ടയിലൂടെ കീഴോട്ടിറങ്ങാന്‍ ഭക്ഷണം വിസമ്മതിച്ചു. 
കണ്ണീരു  വിഴുങ്ങിക്കൊണ്ടാണെങ്കിലും  അന്നു വൈകുന്നേരവും ഞാന്‍  പുഞ്ചിരിയ്ക്കൊപ്പം  ഹൌസ് ഖാസ് കോമ്പ്ലെക്സിലേക്ക്  പോകാതിരുന്നില്ല.  അവിടത്തെ  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജലാശയത്തിനരികിലും ഖില്‍ജി വംശത്തിലെ  രാജാക്കന്മാര്‍ പണിതീര്‍ത്ത  കെട്ടിടങ്ങളുടെ പരിസരത്തിലും സമയം ചെലവാക്കുവാന്‍ പുഞ്ചിരി ഇഷ്ടപ്പെട്ടിരുന്നു.  പതിമൂന്നാം നൂറ്റാണ്ടില്‍  പണിതീര്‍ത്ത മദ്രസയും  ശവകുടീരങ്ങളും  മറ്റനവധി കെട്ടിടങ്ങളും ഹൌസ് ഖാസിലുണ്ട്. 

അവയെ ചുറ്റി  നല്ല റെസ്റ്റാറന്‍റുകളും ...  അവിടെ വരുന്ന  ഫാഷന്‍  മോഡലുകളേയും  സിനിമാതാരങ്ങളേയും ഒക്കെ ശ്രദ്ധിച്ചുകൊണ്ട്  പതുക്കെപ്പതുക്കെ  ആഹാരം കഴിക്കുന്നത്  ഞങ്ങളൂടെ  വലിയൊരാനന്ദമായിരുന്നു.  അവരുടെയൊക്കെ മാനറിസങ്ങളില്‍  ഞങ്ങള്‍ ഇരുവരും വെറുതെ ചിരിക്കുകയും ചെയ്യുമായിരുന്നു.
ചിലപ്പോള്‍ അവിടത്തെ ആര്‍ട്ട് ഗാലറികളില്‍ ഞാനും പുഞ്ചിരിയും ചുറ്റി നടന്നു. പെയിന്‍റിംഗുകളും ശില്‍പങ്ങളും ഞങ്ങളെ ആനന്ദിപ്പിച്ചിരുന്നു. അത്തരമൊരു സന്ദര്‍ശനത്തിനിടയ്ക്കാണ് ജാവേദ്  അക്തറേയും ഗുല്‍സറിനേയും ഞങ്ങള്‍ക്ക്  കാണുവാന്‍ സാധിച്ചത്.    

ഹൌസ് ഖാസ്  എന്നതൊരു ഉറുദു വാക്കാണ്. രാജകീയ ജലാശയം  എന്ന് പറയാം. 1316 നു മുമ്പ് അലാവുദീന്‍ ഖില്‍ജി  നിര്‍മ്മിച്ചതാണീ  ജലാശയം.   

പിന്നീട് അതിനെ ചുറ്റിയാണ് തുഗ്ലക്  വംശത്തിലെ ഫിറോസ്ഷാ തുഗ്ലക്  മദ്രസയും മറ്റനവധി കെട്ടിടങ്ങളും പണികഴിപ്പിച്ചത്. അദ്ദേഹത്തിന്‍റെ  ശവകുടീരവും ജലാശയത്തിന്‍റെ  തീരത്തു തന്നെയാണ്. 

ജലാശയത്തില്‍ പുഞ്ചിരിയുടെ കൂട്ടുകാരായ ഞാറക്കിളികളും  താറാവുകളുമുണ്ട്... 

തൊട്ടടുത്തുള്ള ഡിര്‍പാര്‍ക്കില്‍  അതി  സുന്ദരികളും സുന്ദരന്മാരുമായ  മാനുകളുണ്ട്. 
പുഞ്ചിരി  തളര്‍ച്ചയോടെ  സ്റ്റ്റോളറില്‍  കുഴഞ്ഞു കിടന്നപ്പോള്‍  ഒന്നും അവളെ ആഹ്ലാദിപ്പിക്കുന്നില്ലെന്നും വീട്ടിലേക്ക്  മടങ്ങുന്നതാണ് നല്ലതെന്നും  എനിക്ക് ബോധ്യമായി.
അതുകൊണ്ടാണ് പിറ്റേന്നു അതി  രാവിലെ തന്നെ  ഞാന്‍ ആശുപത്രിയിലേക്ക്  പോയത്. പഞ്ച് ശീല്‍  പാര്‍ക്കിലായിരുന്നു  ആശുപത്രി. തിരക്കു പിടിച്ച  ഔട്ടര്‍  റിംഗ്  റോഡിനപ്പുറത്ത് കുട ചൂടിയ  പൂമരങ്ങളുടെ തണുപ്പൂറുന്ന  പച്ചപ്പിനു പുറകില്‍,    വിനീതമായി അത്   മറഞ്ഞു നിന്നു.    കാര്‍ പാര്‍ക്ക്  ചെയ്ത്  പുഞ്ചിരിയെ  പുറത്തേക്കിറക്കി  സ്റ്റ്റോളര്‍ ചലിപ്പിക്കുമ്പോഴേക്ക്  മൃദുവായ  ശബ്ദത്തില്‍ ഗുഡ് മോര്‍ണിംഗ്   പറഞ്ഞ് ഡോക്ടര്‍ ഒപ്പമെത്തി. 
പുഞ്ചിരിയെ പരിശോധിച്ച ശേഷം  അവളെ  നഴ്സിനൊപ്പം പുറത്തിരുത്തിയിട്ട്  ഡോക്ടര്‍ എന്നോട്  സംസാരിക്കുകയായിരുന്നു.  എയര്‍  കണ്ടീഷണറിന്‍റെ അമര്‍ത്തിയ  മൂളല്‍ കൊണ്ടാവും  ഡോക്ടര്‍  പറഞ്ഞതൊന്നും  എനിക്ക്  മനസ്സിലായില്ല.  ഞാന്‍  ഒരു മന്ദബുദ്ധിയെപ്പോലെ അദ്ദേഹത്തെ മിഴിച്ചു  നോക്കി.. 
എന്തൊക്കെയാണ്  ഈ ഡോക്ടര്‍ പുലമ്പുന്നത്?
അഞ്ചു  വര്‍ഷം മുമ്പ് , മഞ്ഞുകാലത്തിന്‍റെ തുടക്കത്തില്‍ ... ഒരു  ദിവസം ഉച്ചയ്ക്കായിരുന്നു  അത്... പുഞ്ചിരി  ഒരു മുതിര്‍ന്ന പെണ്ണായി  മാറിയത്...  
ആഘോഷിക്കാന്‍  കൂടെ  ആരുമില്ലെങ്കിലും  ഞാന്‍  ഫ്ലാറ്റിന്‍റെ  വലിയ മുറിയില്‍  അരിമാവുകൊണ്ട് കോലം വരച്ചു... ഭദ്രദീപം കൊളുത്തി, പുതിയ   പുല്‍പായ  വിരിച്ച് പുഞ്ചിരിയെ ഉടുപ്പിച്ച്  ഞാനവള്‍ക്കൊപ്പം കുറച്ചു നേരം    പുല്‍പ്പായിലിരുന്നു...
വൈകുന്നേരം  ശര്‍ക്കരപ്പാവില്‍  വറുത്ത അരിപ്പൊടിയും നെയ്യും  ചേര്‍ത്ത്   കടല  പരിപ്പും മുന്തിരിയും വറുത്തിട്ട  മധുരപ്പുട്ടുണ്ടാക്കി...  അപ്പുറത്തേയും  മുകളിലേയും ഫ്ലാറ്റുകളില്‍ താമസിക്കുന്ന  പഞ്ചാബി കുടുംബങ്ങള്‍ക്ക്  കൊടുത്തു. പുഞ്ചിരിയുടെ വിശേഷം പറഞ്ഞപ്പോള്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെങ്കിലും  അവരുടെ  കണ്ണുകളിലെ  ആഴമേറിയ സഹതാപം  ഞാന്‍ കാണാതിരുന്നില്ല.
നാലാം ദിവസം പുഞ്ചിരിയുടെ തലയില്‍ എണ്ണയിട്ട്  ശരീരമാകെ  ചന്ദനവും  മഞ്ഞളും തേച്ച്  കുളിപ്പിച്ച്...  പുതിയ  പച്ചപ്പട്ടുവാടയും  ബ്ലൌസും  മഞ്ഞ ദാവണിയും ഉടുപ്പിച്ച്...  എന്‍റെ ചെറിയ ക്യാമറയില്‍ അവളെ പകര്‍ത്തി... ഒരു ഫോട്ടൊ പോലും നന്നായില്ലെങ്കിലും....
പിന്നെ എല്ലാ മാസവും ആ  ദിനങ്ങളില്‍ പുഞ്ചിരിയെ ഉടുപ്പിച്ച് ...  സൂപ്പ്  കൊടുത്ത്...  വയറു വേദനിക്കുന്നുണ്ടെന്ന്  തോന്നുമ്പോഴൊക്കെ  ചൂടുവെള്ളം  പിടിച്ച്.... നാലാം നാള്‍ എണ്ണയിട്ട്   കുളിപ്പിച്ച്...  
ആ ദിവസങ്ങളൊന്നും എനിക്കൊരു ശല്യമേ  ആയിരുന്നില്ല...
എന്നിട്ടിപ്പോള്‍ ഈ  ഡോക്ടര്‍  എന്താണ്  എന്നെ  പറഞ്ഞു മനസ്സിലാക്കാന്‍  ശ്രമിക്കുന്നത്?
എന്‍റെ കണ്ണുകള്‍  ഒന്നിലും  ഉറയ്ക്കാതെയായി. ഞാന്‍  ഡോക്ടറുടെ മുറിയിലെ  നീളം കൂടിയ സോഫയിലും കമനീയമായ കര്‍ട്ടനിലും  പറക്കാന്‍  തയാറെടുക്കും പോലെ  നില്‍ക്കുന്ന  ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ  മിനിയേച്ചര്‍ വിമാനത്തിലും കണ്ണുകളെ  പായിച്ചു. ഇടയ്ക്കെപ്പോഴോ  ഡോക്ടറുടെ  വെളുത്തകോട്ടിലും  റോസ്  നിറമുള്ള  വിരല്‍ത്തുമ്പുകളിലും എന്‍റെ  കണ്ണുകള്‍  പതിയാതിരുന്നില്ല.
ലുക്ക് ... യൂ  ആര്‍ ആന്‍ എഡ്യൂക്കേറ്റഡ് ലേഡി...  നല്ല ലോക പരിചയവും അനുഭവസമ്പത്തുമുള്ള  നിങ്ങള്‍ കാര്യങ്ങളെ വികാരപരമായല്ലാതെ കാണുവാന്‍  ശ്രമിക്കു.  എന്നായാലും പുഞ്ചിരിക്ക്  ഈ ലോകത്തൊറ്റയ്ക്കാവേണ്ടി  വരും  ഒരു നാള്‍.. അപ്പോള്‍ ഈ അവയവവും  അത് മാസം തോറും സൃഷ്ടിക്കുന്ന ശല്യവും  അവളെ കൂടുതല്‍ ഉപദ്രവിക്കുകയേയുള്ളൂ.  നിങ്ങള്‍ ശുശ്രൂഷിക്കുന്നതു പോലെ ഒരു  ചാരിറ്റി ഹോം  പരിഗണിക്കില്ല,  പുഞ്ചിരിയെ. അവള്‍ക്കിനിയും ഒരു മുപ്പത് വര്‍ഷമെങ്കിലും  ഇത് കൊണ്ടു  നടക്കേണ്ടി വരില്ലേ?  ആ കാലമത്രയും    ആരോഗ്യത്തോടെ നിങ്ങള്‍ ഉണ്ടാവുമോ? ആലോചിക്കു... പ്ലീസ്... ഗിവ് ഇറ്റ് എ തോട്ട്..
വളരെ മൃദുലമായ  വാക്കുകള്‍ ഉപയോഗിച്ച്   മര്‍മ്മരം പോലെ  സംസാരിക്കുമ്പോള്‍ പോലും ഒരു ഡോക്ടര്‍ക്ക് ഹൃദയത്തില്‍  ആണിയടിച്ചു കയറ്റുവാനും  ചമ്മട്ടി കൊണ്ട് പ്രഹരിക്കാനും  എത്ര എളുപ്പമാണെന്ന് മനസ്സിലാവുകയായിരുന്നു  എനിക്ക്.
എങ്കിലും അദ്ദേഹം  പറഞ്ഞതൊക്കെയും സത്യമാണ്.  വെറും സത്യം ... ഞാന്‍ ഇല്ലാതാകുമ്പോള്‍ പുഞ്ചിരിയ്ക്ക് ഒരു  ചാരിറ്റി ഹോം തന്നെയായിരിക്കും  ആശ്രയം. എന്‍റെ സമ്പാദ്യമെല്ലാം ആ ഹോമിനു നല്‍കി പുഞ്ചിരിയ്ക്ക്  സമാധാനപൂര്‍ണമായ ഒരു ജീവിതം ഉറപ്പാക്കി  വേണമല്ലോ എനിക്ക്  ഈ ലോകത്തില്‍ നിന്നു പോകാന്‍...
അല്ലാതെ പുഞ്ചിരിക്ക് ഒരു  ആണ്‍ തുണയുണ്ടാവണമെന്നോ  ഒരു  ജീവിതം കിട്ടണമെന്നോ ഒക്കെ  സാധാരണ അമ്മമാരെപ്പോലെ  എനിക്ക് പ്രാര്‍ഥിക്കാനില്ല. ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ക്കായി  പ്രാര്‍ഥിക്കുന്നത് ദൈവത്തിനെപ്പോലും ചിരിപ്പിക്കുകയേയുള്ളൂ.
എന്നാലും ഞാനെങ്ങനെ സമ്മതിക്കും?
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍  വീണ്ടും എന്നോട് പറഞ്ഞു. പുഞ്ചിരിയുടെ ജീവിതത്തിനെ  അത് ഒരു തരത്തിലും  ബാധിക്കില്ല. എല്ലാംകൊണ്ടും  അതവള്‍ക്ക്  സഹായമായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു  യാതൊരു  സംശയവുമില്ല.
ഞാന്‍ ചോദ്യരൂപത്തില്‍  നോക്കിയപ്പോള്‍ അദ്ദേഹം  ഇങ്ങനെ വിശദീകരിച്ചു...
ഇനിയുമൊരു  ബന്ധം  ചിലപ്പോള്‍ പുഞ്ചിരിയ്ക്ക്  താങ്ങുവാന്‍  സാധിച്ചേക്കും.. എന്നാല്‍  ഒരു ഗര്‍ഭധാരണവും  അബോര്‍ഷനും കൂടി അവള്‍ക്കുണ്ടാവാതെയിരിക്കുന്നതല്ലേ  നല്ലത്?
ഞാനുറക്കെ കരഞ്ഞു പോയി.  എന്‍റെ എല്ലാ നിയന്ത്രണങ്ങളും  പാടെ തകര്‍ന്നു.
പറയേണ്ടിയിരുന്നില്ലെന്ന്  തോന്നിയോ ഡോക്ടര്‍ക്ക്. ?  വിറകൊള്ളുന്ന എന്‍റെ കൈകളെ  അദ്ദേഹം  സ്വന്തം കൈപ്പത്തികളിലൊതുക്കിപ്പിടിച്ചതും  പ്ലീസ്  , ടേക്കിറ്റ്  ഈസി  എന്ന് മന്ത്രിച്ചതും അതുകൊണ്ടായിരുന്നുവോ?
ആരായിരിക്കും എന്നെയും പുഞ്ചിരിയേയും ഒന്നിച്ചു ചതിച്ചതെന്ന്  ഞാന്‍ പിന്നെയും പിന്നെയും  ആലോചിച്ചു. നേര്‍ത്ത പരിചയം മാത്രമുള്ള  പുരുഷരൂപങ്ങളെ കൂടി   ഞാന്‍  കീറിമുറിച്ച്  നോക്കാനൊരുമ്പെട്ടു.  ഒരുത്തരവും എനിക്ക്  കിട്ടിയില്ല.
ശ്രമപ്പെട്ട്  തേങ്ങലടക്കുമ്പോള്‍ എനിക്ക് പറയാതിരിക്കാന്‍  കഴിഞ്ഞില്ല.
പുരുഷരൂപമുള്ള ദൈവങ്ങളെപ്പോലും  ഞാന്‍ ഇപ്പോള്‍  വെറുക്കുന്നു ഡോക്ടര്‍. അല്‍പ നേരം  മൌനമായിരുന്ന്   എന്‍റെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് വിഷാദം  ഘനീഭവിച്ച  ശബ്ദത്തില്‍ അദ്ദേഹം  പ്രതിവചിച്ചു.
ഞാനും...  
പിന്നീടുള്ള ദിവസങ്ങള്‍ തയാറെടുപ്പുകളൂടെയും പല തരം ടെസ്റ്റുകളുടെയുമായിരുന്നു.  ഞാന്‍  എല്ലാറ്റിനും നിശ്ശബ്ദമായി  വഴങ്ങി.   എനിക്കാരോടും  പരാതിപ്പെടാനോ സങ്കടം പറയാനോ ഇല്ലായിരുന്നു. നോയിഡയില്‍ താമസിക്കുന്ന  എന്‍റെ അമ്മയെ ഫോണ്‍ ചെയ്തു  സംസാരിക്കാന്‍ പോലും  ഞാന്‍ തുനിഞ്ഞില്ല.  പുഞ്ചിരിയോടുള്ള  എന്‍റെ അടുപ്പം   അമ്മയ്ക്കൊരിയ്ക്കലും  മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവളെ എന്‍റെ ജീവിതം തകര്‍ത്തു കളഞ്ഞ ഒരു ധൂമകേതുവായി മാത്രം അമ്മ  എന്നും കണ്ടു.
ആ ദിവസങ്ങളൊന്നും  എനിക്കൊരിക്കലും  മറക്കാന്‍  കഴിയില്ല.
പുഞ്ചിരിയെ ഏതെങ്കിലും  ഒരു  ചാരിറ്റി ഹോമില്‍ ഏല്‍പിച്ച്  അവളുടെ അച്ഛനൊപ്പം സന്തോഷമായി ജീവിക്കാന്‍ എനിക്ക്  കഴിയാത്തത്  എന്‍റെ മാത്രം തെറ്റാണെന്ന്  അമ്മയും കരുതിയിരുന്നു. സാകേതിലേയും വസന്ത് കുഞ്ജിലേയും  മറ്റും  പഞ്ചനക്ഷത്ര  ചാരിറ്റി ഹോമുകളുടെ മേല്‍ വിലാസങ്ങള്‍ അക്കാലത്ത് അമ്മ വല്ലാത്ത ശുഷ്ക്കാന്തിയോടെ  തേടിപ്പിടിച്ചിരുന്നു. എത്ര പണം വേണമെങ്കിലും  ചാരിറ്റി ഹോമുകളില്‍  കൊടുക്കാമെന്ന്  അദ്ദേഹം  അമ്മയോട്  വാഗ്ദാനം ചെയ്തിരുന്നുവത്രെ!
നിങ്ങള്‍ക്ക്  ചെറുപ്പമാണ്. നിങ്ങള്‍ക്കിനിയും  നല്ല കുട്ടികളുണ്ടാകും. മണ്ടത്തരവും ദുര്‍വ്വാശിയും കാണിച്ച്  ജീവിതം തുലയ്ക്കരുത് 
അമ്മ  എന്നെ ഉപദേശിച്ചു. അദ്ദേഹം  എന്നെ ഉപേക്ഷിച്ചതില്‍  എന്നേക്കാള്‍ സങ്കടമുണ്ടായി അമ്മയ്ക്ക്.  ധനികനും സുമുഖനും പ്രശസ്തനുമായ മരുമകന്‍  ഏതൊരമ്മയ്ക്കും അഭിമാനമാണ്. ആ മരുമകനു ഇഷ്ടപ്പെടാത്ത തീരുമാനങ്ങള്‍  കൈക്കൊള്ളുന്ന  മകളെ  എങ്ങനെയാണ് ഒരമ്മയ്ക്ക് സഹിക്കാന്‍ കഴിയുക? പരാജയങ്ങളെ സ്നേഹിക്കുന്നത്  കഠിനമല്ലേ?
അമ്മ എന്നെ വെറുത്തു... അവര്‍  എന്നില്‍ നിന്ന്  അകന്നകന്നു  പോയി...
ദൂരെ.. ദൂരെ.  
അമ്മയ്ക്ക് വേണ്ടാതായവള്‍   ലോകത്തിനു തന്നെ  ആവശ്യമില്ലാത്തവളായി  തീരുന്നു.  ഞാനും  വ്യത്യസ്തയായിരുന്നില്ല.
പതുക്കെപ്പതുക്കെ എന്‍റെ  ലോകത്ത് ഞാനും പുഞ്ചിരിയും  മാത്രമായി..    
പുഞ്ചിരിയ്ക്ക്   അനസ്തീഷ്യ  നല്‍കുന്നതു വരെ  ഓപ്പറേഷന്‍ തിയേറ്ററില്‍ നില്‍ക്കാന്‍ ഡോക്ടര്‍ എന്നെ അനുവദിച്ചു.  സെക്കന്‍ഡുകള്‍ക്കുള്ളില്‍  പുഞ്ചിരി നിശ്ചലയാകുന്നത് കണ്ട് എന്‍റെ കണ്ണുകള്‍ കവിയാന്‍ തുടങ്ങി.
പുറത്തു കാത്തിരിയ്ക്കാന്‍  ഡോക്ടര്‍  ആവശ്യപ്പെട്ടത് അപ്പോഴാണ്.
സെക്കന്‍ഡുകള്‍ മിനിറ്റുകളാവുന്നതും മിനിറ്റുകള്‍  മണിക്കൂറുകളാവുന്നതും  എത്ര വൈകിയാണെന്ന്  ,  സമയം  ഒരിക്കലും  പറക്കുകയില്ലെന്ന് , അത്  ആരെല്ലാമോ പറഞ്ഞുണ്ടാക്കിയ വെറും വിശ്വാസം  മാത്രമാണെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.
ഒന്നു  കെട്ടിപ്പിടിയ്ക്കാന്‍, ഒന്നു  ചുമലില്‍  ചാരാന്‍ ആരുമില്ലാതാകുന്നത് . ... ധൈര്യമായിരിക്ക് , ഞാനുണ്ടെന്ന്  പറയാന്‍  ആരുമില്ലാതാകുന്നത്  .... ചില ജീവിതങ്ങളില്‍  അങ്ങനെയാണ്. ... അറുത്തെടുക്കാവുന്ന  ഏകാന്തത മാത്രമായിരിക്കും എന്നും  കൂട്ട് ...
ആദ്യത്തെ കുഞ്ഞിനെ  വേണ്ടെന്ന്  വെയ്ക്കാനിട വരുന്നതിന്‍റെ  വേദനയെപ്പറ്റി  പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ഞാന്‍. പെറ്റമ്മയുടെ ഗര്‍ഭപാത്രവുമായി ആശുപത്രിയില്‍  അലയേണ്ടി  വരുന്നതിന്‍റെ സങ്കടവും  ആരെല്ലാമോ പങ്കുവെച്ചിരുന്നു. പുഞ്ചിരിയെപ്പോലൊരു  കുഞ്ഞിന്‍റെ അമ്മയുടെ രൂപത്തില്‍  ഇങ്ങനെ ഓപ്പറേഷന്‍ മുറിയ്ക്ക്  പുറത്ത് കാത്തിരുന്ന ആരെയെങ്കിലും പരിചയപ്പെട്ടതായി  എത്ര ശ്രമിച്ചിട്ടും  എനിക്ക് ഓര്‍മ്മ  കിട്ടിയില്ല... 
ഉണ്ടാകുമായിരിക്കും, ഇമ്മാതിരി  അനവധി വേദനകളുടെ നെഞ്ചുപൊട്ടിക്കരച്ചിലുകള്‍ ... ഞാന്‍ കേള്‍ക്കാത്തതായിരിക്കും.... 
എത്രയോ  സമയം  കഴിഞ്ഞപ്പോള്‍ തിയേറ്ററിന്‍റെ  വാതില്‍ തുറന്ന്  ഡോക്ടര്‍ പുറത്തേയ്ക്ക്  വന്നു. ആ  നിമിഷമാണ് നഴ്സിന്‍റെ  കൈയിലെ   സര്‍ജിക്കല്‍ റ്റ്രേയിലുള്ളതെന്തെന്ന് ഞാന്‍ കണ്ടത്...   വിളറിയ റോസ് നിറത്തില്‍ ഒരിടത്തരം വലുപ്പത്തില്‍....
അതെ, ആശുപത്രി നിയമങ്ങള്‍  എല്ലാവര്‍ക്കും ഒരു പോലെയാണ്. ഈ കാഴ്ചയും ആ നിയമത്തിന്‍റെ  ഭാഗമാണ്.  എങ്കിലും അതെന്‍റെ മകളുടെ അവയവമായിരുന്നുവല്ലോ കുറച്ചു  സമയം മുന്‍പ്  വരെ   . അതിലുണ്ടായിരുന്നത്... അതിലുണ്ടായിരുന്നത്... 
എന്‍റെ ഹൃദയം പൊട്ടുന്നതു പോലെ   വേദനിച്ചു. 
കാണേണ്ടെന്ന്   ഞാന്‍ കൈയെടുത്ത്  വിലക്കി.. നെഞ്ചു  തകര്‍ത്തുകൊണ്ടുയരുന്ന വലിയൊരു കരച്ചിലിനെ  ഞാന്‍  അപ്പോള്‍  തൊണ്ടയിലൊതുക്കിപ്പിടിക്കുകയായിരുന്നു. ഉപ്പുനീരിന്‍റെ  പ്രളയമാകുന്ന ഒരു  അണക്കെട്ടിനെ കണ്ണുകളില്‍ ആവിയായി വറ്റിക്കുകയായിരുന്നു.  
എവരിതിംഗ് ഈസ് ഓക്കെ , ഡോണ്‍ ട്  വറി   ഒരു ഡോക്ടറുടെ  വിജയ മന്ദസ്മിതത്തോടെ  അദ്ദേഹം മടങ്ങിപ്പോയി. 
  നിമിഷം മുതല്‍ എന്‍റെ കണ്ണുകള്‍ എന്തിനെന്നില്ലാതെ  ഒഴുകിക്കൊണ്ടിരുന്നു.

ഇപ്പോള്‍  ഞാന്‍ എന്‍റെ പഴയ സ്വപ്നത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഗുല്‍മോഹര്‍  പാര്‍ക്കിലെ ഞങ്ങളൂടെ ഫ്ലാറ്റിനപ്പുറത്തുള്ള    ഈ പൂന്തോട്ടത്തില്‍  എന്നും  രാവിലെ  ഞാനും  പുഞ്ചിരിയും നടക്കാന്‍ വരുന്നു. 

 എന്‍റെ കൈളില്‍ തൂങ്ങി വളഞ്ഞു പുളഞ്ഞ് അവള്‍ മെല്ലെ മെല്ലെ ... എന്നത്തേയും പോലെ...
അവള്‍ എഴുന്നേറ്റ് നില്‍ക്കുകയും സ്വന്തം പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവളാകുകയും ചെയ്യുകയെന്നത്  എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു... മോഹമായിരുന്നു... ആശയും പ്രതീക്ഷയും ഞാനുണരാന്‍ ഒരിക്കലും  കൂട്ടാക്കാതിരുന്ന  ഒരു സ്വപ്നവുമായിരുന്നു. എന്നും രാവിലെ ഞാനുണരുന്നത് ആ സ്വപ്നത്തിലേക്കായിരുന്നു... എന്നും രാത്രി ഞാനുറങ്ങുന്നതും    സ്വപ്നത്തിലേക്കു തന്നെയായിരുന്നു .
അവള്‍ സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല..
അവള്‍ക്ക് ചെവി കേള്‍ക്കണമെന്ന് ഞാന്‍ ആശിച്ചില്ല.
എന്നാല്‍ .. അവള്‍ നടക്കണമെന്ന് എനിക്കു മോഹമുണ്ടായിരുന്നു.. അത്  മെല്ലെയായാലും  ഒരു വടിയുടെ സഹായത്താലായാലും മതി... നടപ്പിന് സൌന്ദര്യം വേണ്ട... കാലുകള്‍ പെറുക്കി  പെറുക്കി വെച്ച്... പതുക്കെ..
ഞങ്ങള്‍ ഒന്നിച്ച് പിന്നെയും  പിന്നെയും  പരിശ്രമിക്കുകയാണ്...
തളരാതെ.. വീഴാതെ...
ഇപ്പോള്‍ ഗുല്‍മോഹര്‍ പൂക്കുന്ന കാലമല്ല. കുറച്ചു  കഴിയുമ്പോള്‍  ചെന്തീയുടെ  വര്‍ണമുള്ള  പൂക്കള്‍  ഈ നടപ്പാതകളിലാകെ  കൊഴിഞ്ഞു  വീഴും.. ആ മൃദുലമായ  പൂക്കളില്‍ മെല്ലെ മെല്ലെ പാദങ്ങള്‍  പെറുക്കി വെച്ച് ... ഞങ്ങള്‍ ...
   

37 comments:

മുകിൽ said...

vaayichu echmukkutti...

ajith said...

അവള്‍ക്ക് ചെവി കേള്‍ക്കണമെന്ന് ഞാന്‍ ആശിച്ചില്ല. എന്നാല്‍ .. അവള്‍ നടക്കണമെന്ന് എനിക്കു മോഹമുണ്ടായിരുന്നു.. അത് മെല്ലെയായാലും ഒരു വടിയുടെ സഹായത്താലായാലും മതി... നടപ്പിന് സൌന്ദര്യം വേണ്ട... കാലുകള്‍ പെറുക്കി പെറുക്കി വെച്ച്... പതുക്കെ.. ഞങ്ങള്‍ ഒന്നിച്ച് പിന്നെയും പിന്നെയും പരിശ്രമിക്കുകയാണ്... തളരാതെ.. വീഴാതെ... ഇപ്പോള്‍ ഗുല്‍മോഹര്‍ പൂക്കുന്ന കാലമല്ല. കുറച്ചു കഴിയുമ്പോള്‍ ചെന്തീയുടെ വര്‍ണമുള്ള പൂക്കള്‍ ഈ നടപ്പാതകളിലാകെ കൊഴിഞ്ഞു വീഴും.. ആ മൃദുലമായ പൂക്കളില്‍ മെല്ലെ മെല്ലെ പാദങ്ങള്‍ പെറുക്കി വെച്ച് ... ഞങ്ങള്‍ ...

Superb.
The way you are telling the story is simply superb. No other words can express that.

Unknown said...

അസ്സീസ്സിയില്‍ മുമ്പ് എഴുതിയത് വായിച്ചിരുന്നു. പേരിന്‍റെ വ്യത്യസ്തത കൊണ്ട് ഓര്‍മ്മിക്കുന്നു. ഈ എഴുത്ത് അനുഭവമോ.... അത്രമേല്‍ നേരിന്‍റെ നിറമുണ്ട്. ആശംസകള്‍

ente lokam said...

ജോസ് സ്കറിയ:ഇത് പുതിയ അനുഭവം അല്ല മാഷെ. ഇതാണ് എച്ച്മു.ഓരോ വാചകവും അനുഭവം ആയി മനസ്സിലേക്ക് കോരിയിടുന്ന
എഴുത്തുകാരി....തീ ആയും ചിലപ്പോൾ കുളിര് ആയും....

എച്മു.ഇതിലപ്പുറം എനിക്ക് കഥയെപ്പറ്റിയും
ഒന്നും പറയാനില്ല.അഭിനന്ദനങ്ങൾ

vettathan said...

നല്ല രചന. എച്മു ശൈലിയും എഴുത്തും തിരിച്ചു പിടിച്ചിരിക്കുന്നു. പുഞ്ചിരിയുടെ അനുഭവം മറ്റൊരു കഥ ഓര്‍മ്മിപ്പിച്ചു-മാധവിക്കുട്ടിയുടെ അവന്തിരാജകുമാരിയുടെ കഥ.

ജന്മസുകൃതം said...

echmu.....njaan ninne onnu aalimganam cheythotte ...umma....uuuuuummmaaa

UMA said...

വായിച്ചിട്ട് ഞാനും മിണ്ടാതെ പോകുന്നു.

Cv Thankappan said...

വായനയിലൂടെ ഉള്ളം ത്രസിപ്പിക്കുന്ന അക്ഷരസൂചികള്‍.....
ആശംസകള്‍

mini//മിനി said...

എന്റെ എച്ച്മു,, എന്താ പറയാ,, കഥയുടെ ചൂട് കാരണം ആകെ പൊള്ളുന്നു

വീകെ said...

ഇതൊരു പച്ചയായ ജീവിതം പോലെ മനോഹരം. അതിലേറെ സങ്കടകരം.സഹിക്കാനാവുന്നില്ല... ആശംസകൾ....

പ്രയാണ്‍ said...

സങ്കടത്തിനു മേലെ സങ്കടത്തിനു മേലെ സങ്കടം വ്ന്നാല്‍ അടുത്തതു കരച്ചിലല്ലെ..... ഞാന്‍ പോണു...

Philip Verghese 'Ariel' said...

Well said Echmu,
waiting for the rest, our
Wishes to Punchiri, get well soon punchiri. Echmu is more worried!
Thanks for sharing

ശ്രീനാഥന്‍ said...

പുരുഷരൂപമുള്ള ദൈവങ്ങളെപ്പോലും ഞാന്‍ ഇപ്പോള്‍ വെറുക്കുന്നു ഡോക്ടര്‍...ഈ വരികളിൽ എല്ലാം അടങ്ങിയിട്ടൂണ്ട്.കഥ ഒരു സങ്കടക്കടലാകുന്നു. പുഞ്ചിരി ഗുൽമോഹർപ്പൂക്കൾ പട്ടുവിരിച്ച നടപ്പാതയിലൂടെ നടക്കുന്നതും കാത്ത് ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അജിത്തേട്ടൻ പറഞ്ഞ വാക്കുകൾ ഞാനും കടം എടൂക്കുന്നു

Superb.
The way you are telling the story is simply superb. No other words can express that.

the man to walk with said...

തീ കൊണ്ട് കോറിയിടുന്ന ഈ കഥ എല്ലാ കാലത്തും നിശബ്ദമായി പിന്തുടരും ..

ആശംസകൾ

മൻസൂർ അബ്ദു ചെറുവാടി said...

മുന്നേ പറഞ്ഞവർ അറിഞ്ഞു നൽകിയ അഭിനന്ദനങ്ങൾക്കപ്പുറം എന്ത് പറയാൻ എച്ച്മൂ .
ഓരോ വരികളും അനുഭവമാകുന്നു . സ്നേഹം .

മിനി പി സി said...

കഥ വായിച്ചു നന്നായിരിക്കുന്നു .

keraladasanunni said...

എത്ര ജന്മം തപസ്സ് ചെയ്താലാണ് ഇങ്ങിനെ എഴുതാൻ കഴിയുക. ഇതിന്നു മുമ്പിൽ തൊഴുകയ്യുമായി ഞാൻ നിൽക്കുന്നു.

Yasmin NK said...

വായിച്ചു. നന്നായിരിക്കുന്നു എചുമു. കഥയാണേലും നമുക്ക് ചുറ്റും സംഭവിക്കുന്നത് തന്നെ ഇതും. പുഞ്ചിരിയെ പോലൊരു കുഞ്ഞുണ്ടായാൽ സ്വസ്ഥമായി മരിക്കാൻ പോലും ആവില്ല ഒരമ്മക്കും. ഞാൻ മരിക്കണേനു മുന്നെ ഇവൻ/ഇവൾ മരിച്ചു പോണെന്ന് പ്രാർഥിക്കുന്ന എത്രയോ അമ്മമാരുണ്ട്. വിധി.പിന്നെ ഈ ആസുര കാലവും.

ഭാനു കളരിക്കല്‍ said...

പുഞ്ചിരികൾ എങ്ങുമുണ്ട്. അപരിഷ്കൃതമായ ഈ ലോകത്തിലേക്ക് അവർ നിഷ്ക്കളങ്കതയോടെ നോക്കുന്നുണ്ട്. ആരുടെ വേദനയും അറിയാതെ...

എച്ചുമുവിന്റെ എഴുത്തിന് കൂടുതൽ ഭംഗി വെച്ചിരിക്കുന്നു ഈ കഥയിൽ.

ചന്തു നായർ said...

പറയാൻ ഒത്തിരി ഉണ്ടെന്നാകിലും...പറയാൻ എളുതല്ലതൊന്നും....... കഥക്കും കഥാകാരിക്കും എന്റെ ആശംസകൾ...

Unknown said...

ഒരു കഥ കൂടി വായിച്ചു ,അറിഞ്ഞു

Pradeep Kumar said...

തീവ്രമായ അനുഭവമില്ലാതെ ഇത്ര തീക്ഷണമായി മനോഭാവങ്ങള്‍ക്ക് സ്വാഭാവികതയുടെ നിറം ചാലിക്കാനാവുമോ എന്നു ചിന്തിച്ചു പോവുന്നു......

കഥയായാലും, അനുഭവമായാലും ഈ ഭാഷക്ക് എന്റെ പ്രണാമം......

റിനി ശബരി said...

ഒന്നും പറയാന്‍ തൊന്നുന്നില്ല ..
വായിച്ച് കഴിയുമ്പൊഴൊരു മരവിപ്പ് ഉണ്ട് ..
എന്റെ കൂട്ടുകാരിയുടെ മനസ്സും , മുഖവും കണ്ടു
പല വരികളിലും ...
ഒരിക്കല്‍ അവളെന്നൊട് പറഞ്ഞു , " റിനി എനിക്ക്
മറ്റ് അമ്മമാരുടേത് പൊലെയുള്ള ഒരു ആകുലതകളുമില്ല
വീല്‍ ചെയറില്‍ അവളെ ഞാന്‍ മരിക്കും വരെ നോക്കും
അതു കഴിഞ്ഞുള്ള ചിന്തകളില്‍ ചെറു വേദനയുണ്ട്
പക്ഷേ ഇന്നത്തെ കാലത്തിന്റെ കറുത്ത കൈകള്‍
വന്നു വീഴില്ല എന്ന് , മറ്റ് ആകുലതകള്‍ ഇല്ലെന്ന് .
ഈയടുത്ത കാലത്ത് അവളത് തിരുത്തി , ഒന്നുറക്കെ കരയാനൊ
പ്രതികരിക്കനോ , ഓടി മറയാനൊ കഴിയാത്ത
എന്റെ കുഞ്ഞിനെന്താപത്തും വരാം...
കാമത്തിന്റെ അന്ധത എന്തും ചെയ്യുന്ന കാലമാണെന്ന് ..
ഈ വരികളിലുടെനീളം അവളുടെ മുഖമായിരുന്നു ഉള്ളില്‍ ...
നൊന്ത് പൊയെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല
നന്നായി തന്നെ വേദനിപ്പിച്ചൂ .... ചേച്ചീ

ശ്രീനന്ദ said...

എച്മൂ,
ഈ കഥയുടെ എല്ലാ ഭാഗങ്ങളും വായിച്ചു. കഥാതന്തുവിനെക്കാളും അത് അവതരിപ്പിച്ച രീതിയാണ് കൂടുതല്‍ ഇഷ്ടമായത്. എച്ച്മുവിനു മാത്രം എഴുതാന്‍ കഴിയുന്ന, ഹൃദയത്തെ കീറി മുറിച്ച, ചില വരികള്‍. എനിക്ക് വാക്കുകള്‍ കൊണ്ട് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ല, കാരണം എന്ത് പറഞ്ഞാലും, എത്ര പറഞ്ഞാലും അത് കുറഞ്ഞുപോവും. എച്ച്മുവിന്റെ കഥകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

നളിനകുമാരി said...

ധൈര്യമായിരിക്ക് , ഞാനുണ്ടെന്ന് പറയാന്‍ ആരുമില്ലാതാകുന്നത് ... .അസഹനീയം
തൊട്ടറിയുന്നു പുഞ്ചിരിയുടെ വേദന

പട്ടേപ്പാടം റാംജി said...

പത്ത്... പത്ത് മിനിറ്റ് .... അത്രയും മതിയെന്നല്ലേ....

ഞാനാണ് വലിയവന്‍. .
ഞാന്‍ പറയുന്നത് മാത്രമാണ് ശരി. അത് മാത്രമാണ് ശരി!
വീണ്ടും വായിച്ചു ഇന്ന്.

Sreeja Praveen said...

echmuchechi,

kure kalamayi chechiyude blog vayikkunnu....
comment cheyyan office'le firewall karanam sadhikkarilla....ippo kurachu kalam aayi firewall problem ilya...athondu ippo comment'an pattunnu. Appozhum malayalam pattilya tto :(

punchiri...aval orupaadu karayichu.
avalude sthanathu njan ennethanne sankalpichu nokki. pattunnilla.... mel aasakalam virakkua, avalude mulakkannukal verukkane verukkane karuthathu orkumbo...deshyam kondum, sangadam kondum, nissahayatha kondum... :(

nalla ezhutthu.
novinte nanavulla ezhuthu.

jayanEvoor said...

എല്ലാ ഭാഗങ്ങളും വായിച്ചു.
പതിവുപോലെ നന്നായിരിക്കുന്നു.

(എന്നാൽ സ്ഥൂലത അല്പം കൂടിപോയി. അത് എനിക്ക് ഗുണം ചെയ്തെങ്കിലും - രാമേശ്വര,പാമ്പൻ പാല, ധനുഷ്കോടി വർണനകൾ എനിക്കു പുതുമയാണ് - കഥാഗതിയിൽ അത്ര വലിയ വർണനകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. അല്പം ചെത്തി , ചിന്തേരിട്ടു മിനുക്കാമായിരുന്നു. ആവശ്യമില്ലെങ്കിൽ ഒരു വാചകം പോലും കഥയിൽ കൂട്ടരുത്.)

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ ലോകം ,വിൻസെന്റ്
ഭായിയുടെ കമന്റ് തന്നെ എനിക്കും..!

വേണുഗോപാല്‍ said...

കഥ മാത്രമാകട്ടെ എന്നാശിക്കുന്നു.

വല്ലാത്തൊരു എഴുത്ത്. വെന്തുരുകുക എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നത് ഇത്തരം രചനകള്‍ വായിക്കുമ്പോഴാണ്.

എഴുത്തിനെ നമിച്ചിരിക്കുന്നു. മറ്റൊന്നും പറയാനില്ല

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പലതവണ വായിച്ചു.
ഒന്നും പറയ്ന്നാനില്ലടാ.................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പലതവണ വായിച്ചു.
ഒന്നും പറയ്ന്നാനില്ലടാ.................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പലതവണ വായിച്ചു.
ഒന്നും പറയ്ന്നാനില്ലടാ.................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പലതവണ വായിച്ചു.
ഒന്നും പറയ്ന്നാനില്ലടാ.................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പലതവണ വായിച്ചു.
ഒന്നും പറയ്ന്നാനില്ലടാ.................

M. Ashraf said...

പൊള്ളിച്ച വായന. എച്മു സ്റ്റൈല്‍ അതുതന്നെയാണ് മുഖ്യം. അഭിനന്ദനങ്ങള്‍