എത്ര ഗുരുതരമായ അഴിമതി പ്രശ്നമായാലും അധികാരത്തിനെ ചോദ്യം ചെയ്യുവാന്‍
പാടില്ല എന്ന താക്കീതാണ് എല്ലാത്തരം അധികാരങ്ങളും എപ്പോഴും നല്‍കുന്നത്.
ഗോത്രഭരണാധികാരം മുതല്‍ ജനാധിപത്യാധികാരം
വരെയും മതാധികാരം മുതല്‍ സാധാരണ കുടുംബാധികാരം വരെയും ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ ഒരുമ പങ്കിടുന്നുവെന്നത് അതിശയിപ്പിക്കുന്ന വാസ്തവമാണ്. ഹീനമായ ആരോപണങ്ങള്‍ എത്ര തന്നെ
ഉയര്‍ന്നാലും, കേട്ടുകേള്‍വിയില്ലാത്തത്രയും ഗര്‍വ്
പ്രദര്‍ശിപ്പിച്ച് ആരോപണമുന്നയിച്ചവരെ എങ്ങനെയെങ്കിലും ചവിട്ടിത്തേക്കുന്നതാണ് എല്ലാ
അധികാരങ്ങളും തുടക്കത്തില്‍ കൈക്കൊള്ളുന്ന
രീതി . സംഭവിച്ചി രിക്കാവുന്ന അഴിമതിയെ ഏതു കുല്സിത മാര്ഗമുപയോഗിച്ചായാലും മൂടി വെച്ച്
പുറമേയ്ക്ക് ഇവിടെ എല്ലാം ഭദ്രം സൂഭദ്രം എന്ന്
തോന്നിപ്പിക്കുന്നതിലാണ് മിടുക്കെന്ന് എല്ലാത്തരം അധികാരങ്ങളും
കരുതുന്നു.
കുടുംബാധികാരം ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്.
കുടുംബത്തിനകത്ത് എന്തു അതിക്രമം
നടന്നാലും അതു നാലാള് അറിയാതെ ഒതുക്കിത്തീര്‍ക്കുകയാണ്
വേണ്ടതെന്ന് കുടുംബനിയമങ്ങള്‍ അനുശാസിക്കുന്നു. അതുകൊണ്ട് തന്നെ അധികാര ദുര്‍വിനിയോഗത്തേയും അഴിമതിയേയും
എല്ലാ നില യ്ക്കും പിന്തുണയ്ക്കുന്ന, അധികാര ഗര്‍വിന്റേയും ചോദ്യം ചെയ്യാനാവാത്ത അപ്രമാദിത്തത്തിന്റേയും വക്താക്കളുടെ
സംരക്ഷണത്തിലാണ് അധികാരത്തിന്റെ ഏറ്റവും
ചെറിയ യൂണിറ്റായ കുടുംബം നിലകൊള്ളുന്നത്. കുടുംബത്തിന്റെ അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നടക്കുന്ന പല
മാതിരി പീഡനങ്ങള്‍, കൊച്ചു
കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ സഹിക്കുന്ന വേദനകള്‍ ഇവയെല്ലാം ഒരിക്കലും
പുറത്ത് പോകാന്‍ പാടില്ലാത്ത
രഹസ്യങ്ങളാണ്. നാലാളറിഞ്ഞാല്‍ തകര്‍ന്നു പോകുന്ന അഭിമാനത്തിന്റെ പൊതിഞ്ഞു
വെയ്ക്കലുകളാണ്....
ഈ
നിലപാട് നമ്മുടെ എല്ലാ സാമൂഹിക വ്യവഹാരങ്ങളേയും ഗൌരവമായി
ബാധിച്ചിട്ടുണ്ട്. മൂടി
വെയ്ക്കപ്പെട്ടിട്ടുള്ള രഹസ്യങ്ങള്‍,
അഴിമതിക്കഥകള്‍, അധികാര ദുര്‍വിനിയോഗം എന്നു തുടങ്ങിയുള്ള
കാര്യങ്ങള്‍ പുറത്തറിയുന്നത് മഹാമോശമാണെന്ന് എല്ലാവരും കരുതുന്നു. ഇത്ര മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതല്ല തെറ്റ്, അതു പുറത്തറിയുന്നതാണ് തെറ്റെന്നുള്ള വിചിത്രമായ കാഴ്ചപ്പാട്
മാറ്റുവാന്‍ നമ്മള് തയാറാകുന്നില്ല. ആ
മാറ്റം സംഭവിക്കുമ്പോള്‍ അധികാരത്തിന്റെ ചട്ടക്കൂട്ടില്‍ തന്നെ വ്യതിയാനങ്ങളുണ്ടാവും.
മതാധികാരമാണെങ്കില് ദൈവത്തിനെ മുന്‍നിറുത്തിയാണ് എല്ലാത്തരം അഴിമതിയേയും പൊതിഞ്ഞു
വെയ്ക്കുക. ദൈവത്തിന്റെ ഇഷ്ടം.. എന്നതു പോലെ
അസ്ഥാനത്തുപയോഗിക്കപ്പെടുന്ന
മറ്റൊരു പ്രയോഗമില്ല. സ്വന്തം മതത്തിലെ ദരിദ്രര്‍, മതാധികാരത്തെ ചോദ്യം ചെയ്യുന്ന മതവിശ്വാസികള്‍,
അന്യമതവിശ്വാസികള്‍ തുടങ്ങി അതത് മതാധികാരത്തിനു
താല്പര്യമില്ലാത്തവരെയെല്ലാം
ഒതുക്കുന്നത് അങ്ങനെയാണല്ലോ. മതാധികാരം ഏറ്റവും കൂടുതല്‍
അപ്രമാദിത്തം പുലര്‍ത്തുന്നതും സ്വയം ദൈവത്തിനൊപ്പമാണെന്ന നിലപാട് മുന്നോട്ട്
വെച്ചു കൊണ്ടാണ്. ദൈവത്തെ അനുസരിക്കുന്നതു മാതിരി മതാധികാരത്തെ
അനുസരിക്കണമെന്നര്ഥം. മതാധികാരത്തെ സംശയിക്കുന്നവര്‍ ദൈവത്തെയാണ്
സംശയിക്കുന്നത് എന്ന
അടിവരയിട്ടു കഴിഞ്ഞാല്‍ അപ്രമാദിത്തം
അടിയുറച്ചതായിത്തീരുന്നു.
ജനാധിപത്യമാണെന്ന പേരില്‍
ജനങ്ങള്‍ക്ക് ഏറ്റവും താഴത്തെ
തട്ടിലൂള്ള അധികാരവും പദവിയും മാത്രം നല്കുകയാണല്ലോ
ഇപ്പോള്‍ കണ്ടു വരുന്ന ഒരു രീതി. അതുകൊണ്ടു തന്നെ എത്ര
വലിയ അഴിമതി ആരോപണത്തേയും നിസ്സാ രമെന്ന് പ്രഖ്യാപിക്കാന്‍ അധികാരികള്‍ക്ക് യാതൊരു മടിയുമില്ല. പ്രതിപക്ഷത്തിന്റെ സൂത്രമെന്നും മാധ്യമങ്ങളുടെ കള്ളത്തരമെന്നും മറ്റും ന്യായങ്ങള്‍ നിരത്തുന്നതില്‍ എല്ലാവരും
മല്‍സരിക്കുന്നു. അഴിമതി എന്നൊക്കെ വെറുതെ
പറഞ്ഞുണ്ടാക്കുന്നതല്ലേ
എന്നാണ് അധികാരം എന്നും എടുക്കുന്ന
നിലപാട്. കുറ്റം ചെയ്തിരിക്കാം
എന്നൊരു സാധ്യതയെക്കുറിച്ച് ആരെങ്കിലും
സംസാരിക്കുന്നതു പോലും അധികാരം
വെറുക്കുന്നു. ഭരിക്കപ്പെടുന്നവരാണ്
എപ്പോഴും ഏത് അധികാരത്തിന്റെയും കണ്ണില്‍
കുറ്റവാളികള്‍.
ഏതൊരു
അഴിമതി ആരോപണമുയര്‍ന്നാലും
എന്തെല്ലാം തരം കാരണങ്ങള്‍ കൊണ്ട് അത്
അന്വേഷിക്കാന്‍ പാടില്ല എന്നാണ്
അധികാരം എപ്പോഴും ഉല്‍ക്കണ്ഠപ്പെടുന്നത്. ഏതെല്ലാം
തരം സംരക്ഷണം ഉപയോഗിച്ച്
അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചിന്ത.
രഹസ്യാത്മകതയിലാണ് കുടുംബത്തിന്റെ മാനം
നിലനില്ക്കുന്നതെന്ന സാംസ്ക്കാരിക കവചം ധരിച്ചാണ് കുടുംബാധികാരം സ്വയം
രക്ഷപ്പെടാന്‍ പരിശ്രമിക്കുക . പോരെങ്കില്‍ ക്ഷമയുടെയും
സഹനശക്തിയുടേയും അടക്കമൊതുക്കത്തിന്റേയും ചൂണ്ടിക്കാട്ടലുകളായും കുടുംബാധികാരം അതിനുള്ളില്‍ നടക്കുന്ന
എല്ലാ പീഡനങ്ങളേയും അഴിമതികളേയും മാതൃകാപരമായി പൂട്ടിവെച്ച് സംരക്ഷിക്കാറുണ്ട്.
മതാധികാരമാണെങ്കില് സ്വയം
ചെയ്യുന്നു എന്നവകാശപ്പെടുന്ന സാധു ജനസേവനത്തെ കൂട്ടുപീടിക്കും. ഇത്രയൊക്കെ പാവങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതല്ലേ , അവിടെ അഴിമതി
ഉണ്ടാവില്ല.. ഇനി ഉണ്ടെങ്കില്‍ തന്നെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്ര എന്തായാലും ഇല്ലല്ലോ. എന്നിട്ടും കാര്യങ്ങള്‍ വിചാരിച്ച മാതിരി
ഒതുങ്ങുന്നില്ലെങ്കില്‍
സാമുദായിക സം ഘര്‍ഷങ്ങള്‍ രൂപപ്പെടുമെന്ന ഭയങ്കരമായ ഭീഷണി പുറപ്പെടുവിക്കും. മിക്കവാറും അന്വേഷണമൊക്കെ ഈ
ഭീഷണി മതിലില്‍ ഇടിച്ച്
മരിക്കാറാണ് പതിവ്.
ജനാധിപത്യ അധികാരം ഒരുപാട്
സംരക്ഷണ വലയങ്ങള്‍ തീര്‍ത്തു
വെച്ചിട്ടുണ്ട്. അഴിമതിയില്‍ കുളിച്ച അധികാര ചിഹ്നങ്ങള്‍ ഈ വലയങ്ങള്ക്കുള്ളില് സുരക്ഷിതരായി നിന്ന് എല്ലാത്തരം അന്വേഷണങ്ങളേയും കൊഞ്ഞനം കാട്ടി
‘ അയ്യേ, പറ്റിച്ചേ ‘ എന്ന്
പരിഹസിക്കും. ഇന്ന ആളെപ്പറ്റി ...
ഇന്ന സ്ഥാപനത്തിനെപ്പറ്റി .. അന്വേഷിക്കാന്‍ പാടില്ല. അത്
ഭരണഘടനാ സംരക്ഷണമുള്ള പദവിയാണ്. ...
അല്ലെങ്കില്‍ സൈനിക നിയമമനുസരിച്ച് സംരക്ഷണമുള്ളതാണ് ... അതുമല്ലെങ്കില്‍ ഡിപ്ലൊമാറ്റിക് നിയമങ്ങളുടെ സം രക്ഷണമുള്ളതാണ്..
അവിടെയൊന്നും അന്വേഷിക്കാന്‍ പാടില്ല...
18 comments:
ജനങ്ങള്‍ ജനങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത അധികാരികള്‍ അതിനെയാണ് ജനാതിപത്യം എന്ന് പറയാ. അങ്ങനെയാണ് പണ്ട് പഠിച്ചതു, സിലബസ് മാറിയപ്പോ ജനാതിപത്യമെന്നതിന്റെ അര്‍ത്ഥമൊക്കെ മാറിയോ ആവോ.അവര്‍ക്ക് ഇതും പറയാം എപ്പോഴും ജനങ്ങളാ ഞങളെ തെരഞ്ഞെടുത്തതെന്നു.
ശരിക്കും നമ്മള് പറയുന്ന ഈ അഭിമാനം എന്താണ് കാപട്യത്തെ വെള്ള പൂശി പ്രദര്ഷിപ്പിക്കുന്ന എന്തോ ഒന്ന് ആ ഒന്നിന് വേണ്ടി മാത്രമാണ് ഇങ്ങനെ നാം സ്വയം നശിക്കുന്നത്
“അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു!”
അഴിമതിയും കൈക്കൂലിയും ആണു നമ്മുടെ നാടിന്റെ നാശത്തിനുള്ള റൂട്ട് കോസ്. ജനങ്ങളിൽ നിന്ന് തന്നെ ശുദ്ധികലശം തുടങ്ങേണ്ടിയിരിക്കുന്നു
എവിടെ ജനാധിപത്യം?
ഇവിടിപ്പോ പണാധിപത്യം, മതാധിപത്യം, പാര്‍ട്ടി ആധിപത്യം, ജാതി ആധിപത്യം എന്നിങ്ങനെയുള്ള ഹീനാധിപത്യങ്ങളല്ലേ ഉള്ളൂ..
എവിടെ ജനാധിപത്യം?
അത് ഒരു തെറ്റിധാരണ പോലെ നമ്മൾ പലതും ധരിച്ചു വച്ചിട്ടുണ്ട്
ജനാധിപത്യം അതിലൊന്നാണ് ഭരണം എന്നാൽ ഭരിക്കുന്നവരുടെ കാര്യങ്ങൾ ഭംഗിയായി നടക്കുക എന്നുള്ളതാണ് അതിനു ജനം അവിടെ പേരിനു വേണ്ടി മാത്രം
ഈ ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കല്‍ ആണെന്ന് നിങ്ങള്‍ ഒക്കെ ഇനി എന്നാണ് മനസിലാക്കുക.
ഒന്ന് മനസമാധാനമായി ഭരിച്ചു മുടിക്കാനും സമ്മതിക്കില്ല എന്ന് വെച്ചാല്‍ എന്താ ചെയ്ക.
അധികാരത്തിനു വേണ്ടി കക്ഷിരാഷ്ട്രീയ പാര്‍ട്ടികളും,ജാതിമതസംഘടനകളം നടത്തുന്ന തന്ത്രപരമായ നീക്കങ്ങളില്‍ പാവപ്പെട്ട ജനങ്ങള്‍ ചക്രശ്വാസം വലിക്കുന്നു.
ആശംസകള്‍
ഇപ്പോ എന്താ ചെയ്യുക.... ജനങ്ങളുടെ അധികാരം മഷി തേക്കലാണ്. ആര്‍ക്കാ തേക്കുക.എന്താ കാര്യം.... സ്വന്തം മനോഭാവങ്ങളോട് തന്നെ കലാപം ഉണ്ടാക്കി തുടങ്ങുക തന്നെ. അതാ വേണ്ടേന്ന് തോന്നണു.
"Far the people, Buy the people , Off the people! "
കൽക്കരി ഖനി, 2 ജി,സോളാർ തുടങ്ങിയവയെല്ലാം അധികാര സ്ഥാനത്തിരിക്കുന്നവർ നടത്തുന്ന അഴിമതികളുടെ പേരുകളാണ്. പ്രധാന മന്ത്രി മൻ മോഹൻ, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി എല്ലാവരും ഉള്‍പ്പെടുന്നു ഈ അഴിമതിയിൽ. ഇതിനെതിരെ പട പൊരുതുവാൻ സമയമായി. അടുത്ത തലമുറയ്ക്ക് കൂടി വേണ്ടി.
പറഞ്ഞിട്ട് കാര്യമുണ്ടോ?
Unlimited power is apt to corrupt the minds of those who possess it.....അധികാരത്തിന്റെ മനശ്ശാസ്ത്രം ചെറിയൊരു കുറിപ്പിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല....
അധികാരം എന്നത് ഒരു ചക്കരക്കുടമല്ലെ. അത് കയ്യിട്ടു വാരി നക്കിത്തിന്നാനുള്ളതല്ലെ.. പൊതുജനത്തിനെന്താ അതിലൊക്കെ കാര്യം...!
നമ്മള് പരിധിക്ക് പുറത്താണ് ......
വായിക്കുകയും അഭിപ്രായമെഴുതുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദിയും.. സ്നേഹവും ...
‘കുടുംബാധികാരം ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. കുടുംബത്തിനകത്ത് എന്തു അതിക്രമം നടന്നാലും അതു നാലാള് അറിയാതെ ഒതുക്കിത്തീര്‍ക്കുകയാണ് വേണ്ടതെന്ന് കുടുംബനിയമങ്ങള്‍ അനുശാസിക്കുന്നു. അതുകൊണ്ട് തന്നെ അധികാര ദുര്‍വിനിയോഗത്തേയും അഴിമതിയേയും എല്ലാ നില യ്ക്കും പിന്തുണയ്ക്കുന്ന, അധികാര ഗര്‍വിന്റേയും ചോദ്യം ചെയ്യാനാവാത്ത അപ്രമാദിത്തത്തിന്റേയും വക്താക്കളുടെ സംരക്ഷണത്തിലാണ് അധികാരത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബം നിലകൊള്ളുന്നത്. കുടുംബത്തിന്റെ അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നടക്കുന്ന പല മാതിരി പീഡനങ്ങള്‍, കൊച്ചു കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ സഹിക്കുന്ന വേദനകള്‍ ഇവയെല്ലാം ഒരിക്കലും പുറത്ത് പോകാന്‍ പാടില്ലാത്ത രഹസ്യങ്ങളാണ്. നാലാളറിഞ്ഞാല്‍ തകര്‍ന്നു പോകുന്ന അഭിമാനത്തിന്റെ പൊതിഞ്ഞു വെയ്ക്കലുകളാണ്...‘
ഈ അഭിമാനത്താൽ മറച്ചുവെച്ച എത്രയെത്ര പീഡനങ്ങളും മറ്റും ,മറ്റാരും അറിയാതെ തേഞ്ഞുമാഞ്ഞുപോകുന്നൂ...!
എങ്ങനെയും അധി കാരത്ത്തിൽ കയറിപ്പറ്റി പിടിച്ചിരിക്കുക, ആവോളം തങ്ങളുടെ പൂണി വീർപ്പിക്കുക അത്ര തന്നെ... ഇതത്രേ നമ്മുടെ നേതാക്കന്മാർ.
Post a Comment