Wednesday, September 18, 2013

കണ്ണില്‍ തടയാത്ത ഓണക്കാഴ്ചകള്‍


https://www.facebook.com/echmu.kutty/posts/199163920262910

( കുടുംബമാധ്യമത്തിലെ  സ്വകാര്യത്തില്‍  2013 സെപ്തംബര്‍ 13 ന് പ്രസിദ്ധീകരിച്ചത് )

അനിയന്ത്രിതമായ  വിലക്കയറ്റം , രൂപയുടെ  മൂല്യച്യുതി തുടങ്ങി  ആഘോഷത്തിന്‍റെ പകിട്ടിനെ കാര്യമായി ബാധിക്കുന്ന  ദരിദ്രതയുടെ   അടയാളങ്ങള്‍  ഒരുപാടുള്ളപ്പോഴും ഓണം  എല്ലാ വര്‍ഷത്തേയുമെന്ന പോലെ ഇക്കുറിയും  നമ്മുടെ പടി വാതിലില്‍  വന്നു കഴിഞ്ഞു.

വിവിധ നഗരങ്ങളിലെ മലയാളി  സ്ത്രീകളെ  ഒരുമിച്ചു  കാണാന്‍ പറ്റുന്ന ഒരവസരമായിത്തീര്‍ന്നു എന്നെ  സംബന്ധിച്ച്  ഇത്തവണത്തെ  ഓണം.  വിവിധ നഗരങ്ങളിലെ  നെടുങ്കന്‍ സഞ്ചാരത്തില്‍  വളരെ സാധാരണക്കാരായ  മലയാളി വീട്ടമ്മമാര്‍  എത്ര മുണ്ടു  മുറുക്കിയുടുത്തും വായ് അടച്ചു  പിടിച്ചുമാണ് ഓണമാഘോഷിക്കുവാന്‍  പരിശ്രമിക്കുന്നതെന്ന്   കാണാന്‍  സാധിച്ചു.

ഇന്ന് ഓണം  ഹോട്ടലുകളിലാണെന്ന് , ടി വിയിലാണെന്ന്  ഒക്കെ എല്ലാവരും  പറയുന്നുണ്ട്. വളരെച്ചുരുക്കം  പേരെ  സംബന്ധിച്ച്  അത്  ശരിയുമായിരിക്കാം.  ഫേസ് ബുക്ക് പോലെയുള്ള  കൂട്ടുകെട്ടുകളിലും അച്ചടി  മാധ്യമങ്ങളിലും  പോയകാല ഓണത്തിന്‍റെ  മധുര സ്മൃതികള്‍ ധാരാളമായി ഇടം പിടിക്കുന്നുണ്ട്.  ഇങ്ങനെയൊക്കെയാണെങ്കിലും  ഹോട്ടലില്‍ പോവാനാവാത്ത അനേകം പേര്‍,   പണം വാരിയെറിഞ്ഞ്  കാര്യങ്ങള്‍ സാധിപ്പിക്കാനാവാത്ത  ഒരുപാട് പേര്‍   ഇപ്പോഴും സാധനങ്ങളുടെ  വിലക്കയറ്റത്തില്‍  പരവശരായി ,  കൈയില്‍  കരുതിക്കൊണ്ടു  വന്ന  പണം ഒന്നിനും തികയുകയില്ലല്ലോ  എന്ന് മാര്‍ക്കറ്റുകളിലും  ഓണച്ചന്തകളിലും   വിഷണ്ണരാകുന്നുണ്ട്. 

ഓണച്ചന്തയായാലും സാധാരണ ചന്തയായാലും  ഉദ്ദേശിക്കുന്നത്രയും പൊലിമയില്‍   ഓണമാഘോഷിക്കാന്‍ കഴിയില്ലെന്ന്  സ്ത്രീകള്‍  ബോധവതികളാണ്.   എന്തു വാങ്ങുമ്പോഴും  എല്ലാം പേരിനു  മതിയെന്ന്  അവര്‍  ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.  ഓണമല്ലേ  അതുകൊണ്ട്  വാങ്ങുകയാണ്... അല്ലെങ്കില്‍  വേണ്ട എന്നു വെച്ചേക്കാമായിരുന്നു. ...  വീട്ടമ്മമാരായാലും അവര്‍  ലിസ്റ്റെഴുതിക്കൊടുത്ത് പറഞ്ഞയച്ച  അടുക്കളസഹായികളാണെങ്കിലും  മതി, മതി കുറച്ചു  മതി  എന്ന് എപ്പോഴും തുടരെ പറയുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെ  വീട്ടമ്മയായാലും ബാംഗളൂരിലെ  വീട്ടുവേലക്കാരിയായാലും അതിനപ്പുറത്ത്  പൂനയിലും ഝാന്‍സിയിലുമുള്ളവരായാലും  വിലക്കയറ്റം എന്ന ആഗോളപ്രതിഭാസത്തെ  ഇങ്ങനെ തന്നെയാണ്  നേരിടുന്നത്.

ഓണാഘോഷത്തിന്‍റെ  ഭാഗമായി  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും നേന്ത്രക്കായും,  ഞാലിപ്പൂവനും രസകദളിയുമെല്ലാം  കയറ്റി  അയയ്ക്കപ്പെടുന്നുണ്ട്. ഓണത്തിനു പ്രത്യേകമായുള്ള  വിഭവങ്ങള്‍  തയാറാക്കാന്‍  ആവശ്യമായ  എല്ലാം  തന്നെ  ഇങ്ങനെ മലയാളികളുള്ളിടത്തെല്ലാം  എത്തിച്ചേരുന്നു.  പല അറബിഅടുക്കളകളിലും ഷെഫും സഹായിയും  മലയാളികളായതുകൊണ്ട്  അവിടെയെല്ലാം ഉപ്പേരിയും  വറുക്കപ്പെടുന്നുണ്ടത്രെ. പല  അറബികളും  അങ്ങനെ മലയാളിയുടെ  കായുപ്പേരിയെ പരിചയപ്പെട്ടു കഴിഞ്ഞുവത്രേ.

അതു  കേട്ടപ്പോഴാണ്  മലയാളികള്‍  പാര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ അടുക്കള  സഹായികളായ തമിഴത്തിയും തെലുങ്കത്തിയും ഝാര്‍ഖണ്ഡുകാരിയും  ഒക്കെ  ഓണമാഘോഷിക്കുന്നതിനെപ്പറ്റി  ഓര്‍ത്തു  പോയത്.  മലയാളി വീട്ടമ്മ  എഴുതിക്കൊടുക്കുന്ന അടുക്കളസ്സാധനങ്ങളുടെ  ലിസ്റ്റുമായി  മലയാളിക്കടയില്‍  ചെന്ന്  അല്‍പാല്‍പം   മലയാളം  പറഞ്ഞ് സാധനങ്ങള്‍  തെരഞ്ഞെടുക്കുന്നതു മുതല്‍  വിഭവങ്ങള്‍  തയാറാക്കുന്നതില്‍ വരെ  അവര്‍  നല്ല  മലയാളിത്തം  പ്രകടിപ്പിക്കുന്നുണ്ട്.  ഇവരൊക്കെ  ഉണ്ടാക്കുന്ന പുളിയിഞ്ചിയും അവിയലും  എരിശ്ശേരിയും പാലടയുമെല്ലാം  മറുനാടന്‍ മലയാളിയുടെ  ഓണസ്സദ്യയിലെ  പ്രധാന വിഭവങ്ങളാണ്.  ഒന്നിലേറെ വീടുകളില്‍ ജോലികള്‍ ചെയ്യുന്ന ഇവരെല്ലാവരും   ജനനം കൊണ്ട് തമിഴത്തിയോ തെലുങ്കത്തിയോ ഝാര്‍ഖണ്ഡുകാരിയോ ആയിരിക്കുമെങ്കിലും കര്‍മ്മംകൊണ്ട് മലയാളിയും ബംഗാളിയും  രാജസ്ഥാനിയും പഞ്ചാബിയും   ആയി രൂപാന്തരം പ്രാപിക്കുന്നതും  അല്‍ഭുതമുണ്ടാക്കുന്ന  കാഴ്ചയാണ്.  അവര്‍ അവിയലും  മാച്ചോര്‍ ജൊലും  ദാല്‍ബാട്ടിയും  ചോളെ   ബട്ടൂരയും ഒരേ  പോലെ  അനായാസമായി  വിവിധ അടുക്കളകളില്‍ ഉണ്ടാക്കുന്നു.  സ്വന്തം മാതൃഭാഷയ്ക്കു  പുറമേ  കര്‍മ്മ മേഖലകളിലെ ഭാഷകള്‍  ആദ്യമാദ്യം കേട്ടു മനസ്സിലാക്കുകയും മെല്ലെമെല്ലെ  അവ  പറഞ്ഞു തുടങ്ങുകയും ചെയ്യുന്നു.   സിനിമകളും    സീരിയലുകളും കണ്ടു മനസ്സിലാക്കാനും പാട്ടുകള്‍ ആസ്വദിക്കാനും ആവശ്യമായ  ഭാഷാജ്ഞാനം  കൂടി  അവര്‍  അധികം  വൈകാതെ നേടിയെടുക്കുന്നു.  ഇവരില്‍  ആര്‍ക്കും  പ്രൈമറിസ്കൂള്‍  വിദ്യാഭ്യാസം പോലും ഉണ്ടാവാറില്ല.  വളരെ ചെറുപ്പത്തില്‍  വിവാഹിതരായവരും  ഇരുപത്തിരണ്ട് വയസ്സിനുള്ളില്‍  മൂന്നാലു കുഞ്ഞുങ്ങളൂടെയെങ്കിലും  അമ്മമാരായവരും  ആയിരിക്കും ഇവരെല്ലാവരും തന്നെ.  സ്വന്തം ഭര്‍ത്താക്കന്മാരുടെ പിന്തുണയും സ്നേഹവും ലഭ്യമാകുന്നവര്‍ ഇവരില്‍ വളരെക്കുറച്ചു മാത്രമേ ഉണ്ടാവുകയുമുള്ളൂ.

ഓണക്കാലത്ത് കേരളത്തിലെത്തുന്ന മറുനാടന്‍ വഴിയോരക്കച്ചവടക്കാരും  മലയാളികളുടെ ഓണാഘോഷത്തിന്‍റെ  പൊലിമ വര്‍ദ്ധിപ്പിക്കുന്നവരാണ്. അവര്‍ തുണിയും  വീട്ടുപകരണങ്ങളും കൌതുക വസ്തുക്കളും എണ്ണിയാലൊടുങ്ങാത്ത  മറ്റനേകം സാധനങ്ങളും വില്‍പനക്ക് കൊണ്ടു വരുന്നു. പൊന്നിന്‍ ചിങ്ങമാസത്തേയും   പൊന്നോണത്തേയും  രാജസ്ഥാനിലേയും  ബംഗാളിലേയും  ഉത്തരപ്രദേശിലെയും മറ്റും  കുഗ്രാമങ്ങളിലിരുന്ന്    തിരിച്ചറിയുന്നു. ആ കാലമാകുമ്പോള്‍ അരക്കുവളകളും കോട്ടണ്‍ തുണിയും  മറ്റുമായി  മലയാളികള്‍ക്കിടയിലേക്ക്  ദേശാടനക്കിളികളെപ്പോലെ പറന്നിറങ്ങുന്നു.  കേരളത്തിന്‍റെ  ചെറുതും വലുതുമായ എല്ലാ നഗരങ്ങളിലും വര്‍ണ ശബളമായ കൂടാരങ്ങളില്‍  കച്ചവടം  ചെയ്യുന്നു.

മലയാളികളുടെ ഓണാഘോഷത്തിന്  ഇതു പോലെ  എത്രമാത്രം വ്യത്യസ്തമായ  ചേരുവകളാണ്..  പെട്ടെന്ന്  കാണാനാവുന്നവ..     സൂക്ഷിച്ചു നോക്കിയാല്‍  കാണുന്നവ..   ഒരിക്കലും കണ്ണില്‍   തടയാത്ത വ...അങ്ങനെ  വിവിധ തരം  ചേരുവകള്‍ ....

18 comments:

mattoraal said...

onathinte peril t.v.yile komalittharangal asahyam

vettathan said...

ഈ ലേഖനം ഒരു നല്ല വിലയിരുത്തലാണ്

Philip Verghese 'Ariel' said...

Nannaayipparanju Echuma
Keep writing
Best Regards
Philip Ariel

ajith said...

എനിക്ക് ഓണമില്ലായിരുന്നു
അത് കുറെ വര്‍ഷങ്ങളായി അങ്ങനെയാണ്

വീകെ said...

ഓണം ആഘോഷിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു എഛ്മൂട്ടിയേയ്. ഒരിക്കലും ആ സമയത്ത് നാട്ടിൽ എത്താൻ കഴിയാറില്ല. ഇവിടെയുണ്ട് നാട്ടിലേക്കാൾ ഗംഭീരമായ ഓണാഘോഷമൊക്കെ. കുടുംബമൊക്കെ ആയി കഴിയുന്നവർക്ക് അതൊക്കെ ഒരാവേശമാണ്.

നന്നായിരിക്കുന്നു ഓണത്തിന്റെ വിലയിരുത്തൽ... ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ യു.കെയിലുള്ള
118 മലയാളി സംഘടനകളും
ഓണസദ്യയടക്കം ,നമ്മുടെ സാംസ്കാരിക പരിപാടികൾ ചുറ്റുമുള്ള ബിലാത്തി വംശജരെ വിശിഷ്ട്ടാഥിതികളായി വിളിച്ച് കൊണ്ടാടുന്നതിനാൽ ഇപ്പോൾ സായിപ്പിനും അറിയാം കേട്ടോ നമ്മുടെ ഓണം മഹിമകൾ ..!

© Mubi said...

ഒഴിവു ദിവസങ്ങള്‍ നോക്കിയാണ് ഇവിടെ ആഘോഷങ്ങള്‍... തിരുവോണത്തിന് ഓഫീസിലെ തിരക്കിനിടയില്‍ ഓര്‍ത്തു, "ഇന്ന് തിരുവോണമാണല്ലോ" എന്ന്.

കുറിപ്പ് നന്നായിട്ടുണ്ട്ട്ടോ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഓണത്തെ കുറിച്ച് ഓർമ്മിപ്പിച്ച് കുളമാക്കല്ലെ
ചെറുപ്പത്തിൽ പായിപ്പാട്ടാറ്റിൽ വള്ളം കളിച്ച് വളർന്ന ഞങ്ങൾക്ക് ഇനി റിട്ടയർ ആകുന്നതു വരെ കാത്തിരിക്കേണ്ടിവരുന്നു. ഉച്ച്യ്ക്ക് പായസം കഴിച്ചാൽ ഓണമാകുമൊ?

Kannur Passenger said...

നന്നായി പറഞ്ഞു.. ഭാവുകങ്ങൾ .. :)

drpmalankot said...

വീട്ടമ്മമാര്‍ എത്ര മുണ്ടു മുറുക്കിയുടുത്തും വായ് അടച്ചു പിടിച്ചുമാണ് ഓണമാഘോഷിക്കുവാന്‍ പരിശ്രമിക്കുന്നതെന്ന് കാണാന്‍ സാധിച്ചു.

:) Vaasthavam!

Cv Thankappan said...

ഓണം നാള്‍...
മാലോകരെല്ലാരും ഒന്നുപോലെ...
ഓണക്കാഴ്ചകള്‍ നന്നായിരിക്കുന്നു.
ആശംസകള്‍

കാസിം തങ്ങള്‍ said...

മലയാളി ഉള്ളിടത്തൊക്കെ അവന്റെ ആഘോഷങ്ങളും ഉണ്ട്. വിദേശങ്ങളിലെ ആഘോഷങ്ങള്‍ മലയാളക്കരയേയും കടത്തിവെട്ടി ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കാറുള്ളതും സമകാലിക കാഴ്ചകള്‍ തന്നെ. ആശംസകള്‍.

നളിനകുമാരി said...

എച്മുവേ ഓണം നോക്കി കണ്ടത് തലസ്ഥാനത്തു നിന്നാണോ?
ഈപ്രവശ്യം എന്റെ ഓണം തമിൾ നാട്ടിലായി എങ്കിലും ഞാനും ആഘോഷിച്ചു വാഴയിലയും വറുത്തുപ്പെരിയും പാലടയും പ്രഥമനും ഒക്കെയായി.കൂട്ടിനു കുറച്ചു "ബംഗ്ലാ വാസി"കളും ഉണ്ടായിരുന്നൂട്ടോ. അത് കൊണ്ട് പിറ്റേന്ന് മാച്ചേർ ജോലും കഴിച്ചു.. :)

കൊച്ചു കൊച്ചീച്ചി said...

ആഘോഷങ്ങളുടെ വെള്ളിവെളിച്ചത്തിനു തൊട്ടു പുറത്ത് അല്പം വെളിച്ചം തട്ടുന്ന, തീര്‍ത്തും ഇരുണ്ടതല്ലാത്ത പാര്‍ശ്വങ്ങളില്‍ ഇങ്ങനെ പല കാഴ്ചകളുമുണ്ട് (ഇരുളിലെ കാഴ്ചകളേക്കുറിച്ച് പറയാനുമില്ല). അങ്ങോട്ട് കണ്ണു പാളിപ്പോകാതെ വെളിച്ചമുള്ളിടത്തുമാത്രം ശ്രദ്ധ നിറുത്തുമ്പോഴാണ് ആഘോഷം ആസ്വാദ്യമാകുന്നത്. അങ്ങനെ ഞാനും ഒരോണം ആഘോഷിച്ചു.

വലതുവശത്തെ പുതിയ ചിത്രം നന്നായിട്ടുണ്ട്, കേട്ടോ. അടുത്ത തവണ മുഖം നേരേ പിടിച്ചുള്ള ഒരു പടം ഇട്ടോളൂ.

Pradeep Kumar said...

തമിഴന്റയും കന്നടിഗന്റേയും പൂവുകൊണ്ട് പൂക്കളമിട്ട് തെലുഗന്റെ അരികൊണ്ട് സദ്യയും പായസവും വെച്ച് ബീഹാറിയെ മാവേലിപ്പണിക്ക് കൂലിക്കെടുത്ത് ആഘോഷിക്കുന്ന കേരളത്തിലെ ഓണത്തേക്കാൾ എത്രയോ ഭേദമാണ് പ്രവാസികൾ അവിടെവെച്ച് ആഘോഷിക്കുന്ന ഓണങ്ങൾ...

വര്‍ഷിണി* വിനോദിനി said...

ഹോട്ടലുകളിലും ടീവിയിലുമല്ലാത്ത നല്ലൊരു ഓണം ഞാൻ സ്കൂളിലും വീട്ടിലുമായി ആഘോഷിച്ചൂ ട്ടൊ..
സ്നേഹം..വർഷിണി

Echmukutty said...

വായിച്ചവര്‍ക്കെല്ലാം നന്ദി.. സ്നേഹം..

ബഷീർ said...

ഇവിടെ പ്രതിപാതിക്കപ്പെട്ട വിഭാഗത്തെ മറന്ന് കൊണ്ടുള്ള ആഘോഷങ്ങളാണ് അത് ഓണമായാലും മറ്റെന്ത് ആണ്ടറുതികളായാലും, പൊലിപ്പിക്കപ്പെട്ട് പ്രദർശിപ്പിക്കപ്പെടുന്നത്. അതിനാൽ തന്നെ ആഘോഷങ്ങൾക്കിടയിലുള്ള ദീർഘ നിശ്വാസങ്ങൾ കേൾക്കാൻ ആളില്ലാതെ പോകുന്നു. നന്ദി