കുട്ടിക്ക് ലതയുമായി വലിയ കൂട്ടായിരുന്നു. രണ്ടാമത്തെ പീര്യേഡ് കഴിഞ്ഞ് മൂത്രമൊഴിക്കാന്‍ എല്ലാവരും വരിവരിയായി പോകുമ്പോള്‍ കുട്ടി എന്നും ലതയുടെ പുറകിലേ നടക്കാറുള്ളൂ. അവള് എപ്പോഴും കുട്ടിയെ അതിശയിപ്പിച്ചു. അഞ്ചു വയസ്സുള്ള ലതയ്ക്ക് നാലാം ക്ലാസ്സിലെ ചേച്ചിമാരോടു പോലും തല്ലു കൂടി ജയിക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് ‘ചട്ടമ്പി ,’ ‘ വെളിച്ചപ്പാട് ’ ‘പൂച്ചാണ്ടി ’ ‘തല്ലിപ്പൊളി ‘ എന്നൊക്കെ എല്ലാവരും തരം പോലെ പല പേരുകള്‍ അവളെ വിളിച്ചിരുന്നു. അങ്ങനെ എന്തു പേരു വിളിച്ചാലും അവള്‍ക്കൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ‘ ഭീമന് ലത’ എന്നു വിളിച്ച രമേശനെ നല്ല തടിയനും വഴക്കുണ്ടാക്കാന്‍ മിടുക്കനുമായ മഹാദേവന് തിരുത്തി ‘ഭീമി ലത, അവള് ഒരു പെണ്ണാണെടാ ആണല്ല.’ ആ മഹാദേവനെ നോക്കിയും യാതൊരു മടിയും കൂടാതെ ലത കോക്രി കാണിച്ചിരുന്നു, മുഖം കൊണ്ടും കൈകാലുകള്‍ കൊണ്ടും ലതയ്ക്കറിയുന്നത്രയും കോക്രികള്‍ ക്ലാസ്സില്‍ വേറെയാര്‍ക്കും അറിയുമായിരുന്നില്ല. ‘ലത എവിടുന്നാ ഇങ്ങനെയൊക്കെ കാണിക്കാന്‍ പഠിക്കണത് ‘ എന്ന് കുട്ടി ചോദിക്കുമ്പോഴൊക്കെ അത് കാവിലെ ദേവീടെ അനുഗ്രഹമാണെന്ന മട്ടിലാവും ലതയുടെ മുഖഭാവം. അല്ലെങ്കില്‍ വളരെ കഷ്ടപ്പെട്ട് പഠിച്ച ഒരു കേമത്തമാണെന്ന ഭാവമാവും അവള് പ്രകടിപ്പിക്കുക. ആ മുഖഭാവവും ആ കണ്ണാട്ടലും ഒക്കെ അവളില്‍ നിന്നും പഠിക്കണമെന്ന് കുട്ടി എപ്പോഴും വിചാരിക്കുമെങ്കിലും ഇത്ര നാളായിട്ടും പറ്റിയിട്ടില്ല. എണ്ണാനും എഴുതാനും പദ്യം ചൊല്ലാനും കണക്ക് ചെയ്യാനുമൊക്കെ കുട്ടി നല്ല മിടുക്കിയായിരുന്നു. പക്ഷെ, ലതക്ക് ചെയ്യാനറിയുന്ന ഒട്ടുമുക്കാലും കാര്യങ്ങള്‍ കുട്ടിക്കറിയുമായിരുന്നില്ല. അറിയുന്നതു പോയിട്ട് അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും കുട്ടിക്ക് പേടിയായിരുന്നു.
ലത സ്കൂള്‍
വരാന്തയിലെ തൂണില്‍ വലിഞ്ഞു കയറി, ഉത്തരത്തിലിരിക്കുന്ന കിളിക്കൂടില്‍ നിന്ന്
മങ്ങിയ വെളുപ്പു നിറമുള്ള നാലു കിളിമുട്ടകള്‍ പുറത്തെടുത്ത് കാണിച്ചപ്പോള്‍
കുട്ടിക്ക് അതിശയം കൊണ്ട് തല ചുറ്റി.
‘ ഈ മുട്ടകള്‍ അവിടെണ്ടെന്ന് എങ്ങനെയാ അറിഞ്ഞേ?’
‘ കിളികള്‍ കുറച്ചു ദിവസായി ഇവിടെ
ചുറ്റിത്തിരിയണുണ്ടായിരുന്നു. അത് കൂടുവെച്ചപ്പോ ലതയ്ക്ക് മനസ്സിലായി...’ അവള്
മുഖം ആട്ടിയിളക്കിക്കൊണ്ട് പറഞ്ഞു. ലത ഒരിക്കലും ഞാന്‍ എന്നോ എന്റെ എന്നോ എനിക്ക്
എന്നോ പറഞ്ഞിരുന്നില്ല. ലത കണ്ടു, ലതേടെ പുസ്തകം, ലതയ്ക്ക് കിട്ടി എന്നൊക്കെയാണു എപ്പോഴും പറയുക.
മല്ലിക്കുരു, പുളിങ്കുരു, മധുരപ്പുളി,
തേങ്ങാപ്പൂള് ഇതു മാതിരി തീറ്റസ്സാധനങ്ങള്‍ ഒക്കെ ലതയുടെ സഞ്ചിയില്‍ എപ്പോഴും ഉണ്ടാവും. വലിയ പച്ചമാങ്ങ വരാന്തയിലോ ബെഞ്ചിന്മേലോ അടിച്ച്
പല കഷ്ണമാക്കാനും അവള്‍ക്ക് അറിയാമായിരുന്നു. എന്ത് സാധനമായാലും ക്ഷണനേരം
കൊണ്ട് അവള് തിന്നു കഴിയും.
കൈയിലെടുക്കുന്നതും വായിലേക്കിട്ട് വിഴുങ്ങുന്നതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്.
ഒരു ദിവസം
ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോയ ലത മടങ്ങി
വന്നത് വലിയ ഒരു അതിശയവുമായാണ്. മഞ്ഞ വര്ണക്കടലാസ്സില് പൊതിഞ്ഞ ഒരു മിഠായി
ഉടുപ്പിന്റെ കീശയില്‍ ലത സൂക്ഷിച്ചിരുന്നു. മാങ്ങയിട്ട് വെച്ച കൂട്ടാന്റെ പുളിമണമുള്ള
വായടുപ്പിച്ച് പിടിച്ച് ലത കുട്ടിയോട് സ്വകാര്യം പറഞ്ഞു, ഈ മിഠായി അച്ചുമ്മാന്
തന്നതാണെന്ന് ....... .. രണ്ടെണ്ണം തന്നുവെന്ന്. ഒരെണ്ണം ലത കുട്ടിക്കായി കൊണ്ടു വന്നതാണെന്ന്......
പരിചയമില്ലാത്ത
ആരെങ്കിലും എന്തെങ്കിലും തന്നാല്‍ വാങ്ങിക്കഴിക്കാന്‍ പാടില്ലെന്ന് കുട്ടിക്ക്
അറിയാം. വീട്ടില്‍ മുതിര്‍ന്നവരെല്ലാം എപ്പോഴും പറയാറുള്ള ഒരു കാര്യമാണത്.
മിഠായി നിറച്ചു വെച്ച പലതരം ഭരണികളും, പെന്‍സിലും
റബറും ബുക്കുകളും ഒക്കെ അടുക്കിയടുക്കി വെച്ചിട്ടുള്ള അലമാരകളുമുള്ള അച്ചുമ്മാന്റെ കട ലതയുടെ വീടിനടുത്താണെന്നും കുട്ടിക്കറിയാം. ലതയ്ക്ക്
അച്ചുമ്മാനെ അറിയുമായിരിക്കും. നല്ല മധുരമുള്ള മിഠായി
നുണയുമ്പോള്‍ കുട്ടി വിചാരിച്ചു. ലതയല്ലേ
മിഠായി കുട്ടിക്ക് തന്നത്. കുട്ടി ലതയെ നന്നായി
അറിയുമല്ലോ.
സ്ക്കൂളില്‍ കഞ്ഞീം
പയറും ഉണ്ടാക്കുന്ന ജാനുചേച്ചിയെ കണ്ടപ്പോള്‍ ലത അവരുടെ പിന്നാലെ പോയി. എല്ലാവരും
കഴിച്ച് ബാക്കിയുള്ള കഞ്ഞി ലത
കഴിക്കാറുണ്ടെന്ന് കുട്ടി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് കുട്ടി ലതയുടെ പുറകെ പോയില്ല. ഉച്ചയ്ക്ക്
വീട്ടില്‍ പോയി ചോറുണ്ട്
വന്നിട്ടും എങ്ങനെയാണ് ലത പിന്നേയും
കഞ്ഞീം പയറും കഴിക്കുന്നതെന്ന് കുട്ടിക്ക്
എപ്പോഴും അതിശയം തോന്നും. കൂട്ടാനും പപ്പടവും ചേര്‍ത്ത് അഞ്ചെട്ട് ഉരുള കഴിക്കുമ്പോഴേക്കും കുട്ടിയുടെ
വയറു പൊട്ടാറായിട്ടുണ്ടാവും. എത്ര നിര്ബന്ധിച്ചാലാണെന്നോ
കുട്ടി ലേശം തൈരും കൂട്ടി ഇത്തിരി ചോറ് കഴിക്കുക.
‘ലത കഞ്ഞീം പയറും വാരി അമക്കാന്‍ പോയോ?’
കുട്ടി
ചോദ്യം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയത്
ഡേവീസിന്റെ മുഖത്തേയ്ക്കായിരുന്നു.
ആ പെരുവയറിക്ക് എട്ട് വയസ്സെങ്കിലും ഉണ്ടാവുമെന്ന് അപ്പോള്‍ ഡേവീസ്
പറഞ്ഞു. ആരോടും ഒന്നും മിണ്ടാതെയും
പറയാതെയും എപ്പോഴും വലിയ ഗമയിലിരിക്കുന്ന അവന് എവിടുന്നാണ് ഇങ്ങനെയൊരു വിവരം
കിട്ടിയെതെന്ന് കുട്ടി ആലോചിച്ചു.
‘ അത് ഡേവീസിനെങ്ങനെയാ അറിയാ ?’
അവന് കളിയാക്കുന്ന
മാതിരിയുള്ള ഒരു ചിരിയല്ലാതെ
മറുപടിയൊന്നും തന്നില്ല. ഒരു മാരുതി കാറില്‍
സ്ക്കൂളിലേക്ക് വരികയും പോവുകയും ചെയ്യുന്ന അവന് ആകെപ്പാടെ ഒന്നും
പിടിക്കാത്ത പോലെയാണ് എപ്പോഴും. അവന്
വേറെ ഏതോ വലിയ സ്കൂളില്‍ ചേരാന്‍ പോവുകയാണെന്ന് വന്ന അന്നു മുതല്‍ കേള്‍ക്കാന്‍
തുടങ്ങിയതാണ്. എന്നാണാവോ പോകുന്നത്? അതുകൊണ്ടാവും
ആര് എന്തു ചോദിച്ചാലും ഈ കളിയാക്കല്ച്ചിരി
തന്നെയാണ് അവന്റെ മറുപടി.
കുട്ടിക്ക് ഇത്തിരി വിഷമം തോന്നി. എട്ടു വയസ്സ് എന്നു
പറഞ്ഞാല്‍ നാലാം ക്ലാസില്‍ പഠിക്കേണ്ട
പ്രായമായി...അപ്പോള്‍ ലത എന്നല്ല ശരിക്കും
ലതച്ചേച്ചി എന്നല്ലേ വിളിക്കേണ്ടത്?
ലതയോട് ഇക്കാര്യമെല്ലാം പറഞ്ഞത് പരമ അബദ്ധമായി എന്ന്
കുട്ടിക്ക് തോന്നിയത് അവള് ഡേവീസിന്റെ നടുംപുറത്ത്
കുട കൊണ്ട് അടിച്ചപ്പോഴാണ്. അടി വീണ നിമിഷം ഡേവീസ് ‘അയ്യോ ‘എന്ന്
കരഞ്ഞു വിളിച്ച് തറയിലിരുന്നു.
കുഞ്ഞിക്കണ്ണുകളില്‍ നിറച്ചും കണ്ണീരുമായി
അവന് കുട്ടിയെ നോക്കിയപ്പോള്‍
എന്താണെന്നറിയില്ല കുട്ടി മുഖം തിരിച്ചു
കളഞ്ഞു.
എന്നാലും
ഡോളി ടീച്ചര്‍ ചൂരല്‍ വിറപ്പിച്ചുകൊണ്ട്
തുരുതുരെ ചോദ്യങ്ങള്‍ ചോദിച്ച ഉടനെ കുട്ടി നടന്നതെല്ലാം പറയാതിരുന്നില്ല.
ലത ചെയ്തത്
ഒട്ടും ശരിയായില്ലെന്ന് ടീച്ചര്‍ പറഞ്ഞു.
ഡേവീസിനെ
അടിച്ചതു മാത്രമല്ല ബാക്കിയുള്ള കഞ്ഞീം പയറും കഴിക്കുന്നതും തെറ്റാണ്. ലത അത് കഴിക്കുന്നുണ്ടെന്ന് ആര്‍ക്കും
അറിയില്ലായിരുന്നു. അത് ഡേവീസ് അറിയുകയും
പറയുകയും ചെയ്തതിനു അവനെ തല്ലുകയല്ല
വേണ്ടത് .
ലതയ്ക്ക്
എട്ടു വയസ്സായി എന്ന് പറഞ്ഞതിനാണ് ലത
തല്ലിയതെന്ന് കുട്ടി ഒന്നു രണ്ട് വട്ടം പറഞ്ഞത് ടീച്ചര്‍ കേള്‍ക്കാത്ത മാതിരി
ഇരിക്കുകയായിരുന്നു.
ജാനുചേച്ചിയെ
വിളിച്ചുകൊണ്ടു വരാന്‍ ടീച്ചര്‍ ക്ലാസ് ലീഡറായ
രമേശനോടാണ് പറഞ്ഞത്. അവന് ബസ്സിന്റെ
വളയം തിരിക്കുന്ന പോലെ കൈ വട്ടം കറക്കി ഡുര്‍ര്‍ര്‍......... എന്ന
ഒച്ചയുമുണ്ടാക്കി പാഞ്ഞു പോയി.
ജാനുചേച്ചി
വന്നപ്പോള്‍ ഡോളി ടീച്ചര്‍ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.
‘ കള്ളത്തരത്തില്‍ കുട്ടികള്‍ക്ക് കഞ്ഞീം പയറും
കൊടുക്കുന്നത് റൂളു പ്രകാരം തെറ്റും കുറ്റവുമാണ്. ഞാനിത്
റിപ്പോര്‍ട്ടു ചെയ്താല്‍ ജോലി പോവും... പറഞ്ഞില്ലാന്നു വേണ്ട. ‘
‘അയ്യോ! ഞാനങ്ങനെ ഒരു കള്ളത്തരോം ഇന്നു
വരെ ചെയ്തിട്ടില്ല...’ ജാനുചേച്ചിയുടെ മുഖം നീല നിറമായതു പോലെ തോന്നി കുട്ടിക്ക്.
‘കളവ് പറയണ്ട. ഈ നില്ക്കണ ലതയ്ക്ക്
എന്നും കൊടുക്കണില്ലേ കഞ്ഞീം പയറും ? രജിസ്റ്ററില്‍ ഇതിന്റെ പേരില്ലല്ലോ. അപ്പോ പിന്നെ അത് കള്ളത്തരം അല്ലേ?’
അത്... അതിന്
വെശക്കുമ്പോ... പാവണ്ട്... പിന്നെ ബാക്കി വരണതല്ലേ, ‘
‘എന്നും ബാക്കി വരണത്... ഇവള് തിന്നാന്‍
വരുന്ന് കണക്കുകൂട്ടി ആദ്യമേ ഉണ്ടാക്കുമ്പോഴല്ലേ? സൂത്രമൊന്നും എന്നോട് പറയണ്ട’
‘ അല്ലല്ല, ആരെങ്കിലും ഒക്കെ
മുടങ്ങില്ലേ ക്ലാസില്‍.. അപ്പോ ബാക്കിയാവണതാ. ..’
‘അതെ, അതെ.. വല്യ കാരുണ്യാ നല്ല സ്വഭാവാ നിങ്ങള്‍ക്ക്. എന്നാലും ഞാനൊരു ചെറിയ ജോലി അധികം
പറഞ്ഞാ നിങ്ങള്‍ ചെയ്യില്ല.. ...’
‘സ്കൂളിലെ എതു പണീം ചെയ്യാറില്ലേ
ടീച്ചറെ... വീട്ടിലെ പണി ചെലപ്പോ ഒന്നോ
രണ്ടോ ... ‘
‘അത്
തന്നെയാ ഞാന്‍ പറഞ്ഞത് . സ്കൂളിലും നിങ്ങള്‍ ചെയ്യേണ്ട കാര്യം റൂളും വകുപ്പും ഒന്നും തെറ്റിക്കാണ്ട് ചെയ്താ മതി. അധികം കാരുണ്യത്തിന് നില്‍ക്കണ്ട...
ഇപ്പോ ഞാന്‍ ഒന്നും പറയണില്ല... ആരോടും.. ഇനീങ്ങനെ സര്‍ക്കാര്‍ പൈസ എടുത്ത് ദാനം
ചെയ്താ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണ്ടി വരും. വീട്ട്ന്നും സ്കൂള്ന്നും ങ്ങനെ വാരി തിന്നിട്ടാവും
ഇവള് ചക്കപ്പോത്തു പോലെ വലുതായിട്ട് ആണ് കുട്ട്യോള്ടെ മെക്കിട്ട് കേറണത്.. ഇനി ഏതെങ്കിലും ആണ്കുട്ട്യേ അടിച്ചാ നിന്നെ ഞാന്‍ ശരിയാക്കും
കേട്ടോ... ‘ ടീച്ചര്‍ ലതയുടെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു.
‘ നീ ഒരു മിടുക്കന് ആണ്കുട്ട്യല്ലേടാ ഡേവീസേ... നാണാവില്ലേ ഒരു പെണ്ണ് തല്ലീന്ന് പറഞ്ഞ് നെലോളിക്കാന്‍.. ചെന്ന് സീറ്റിലിരിക്ക് മൂന്നാളും ‘
ഡേവീസിനോടും
ലതയോടും കുട്ടിയോടും ഒന്നിച്ചാണ് ടീച്ചര്‍ അങ്ങനെ പറഞ്ഞത്.
കുട്ടി
പേടിച്ചു ചുരുണ്ട് പോയിരുന്നു. നെഞ്ചത്ത് നിന്ന് എന്തോ ഇങ്ങനെ തെറിച്ച് തെറിച്ച് പുറത്തേക്ക് വരുന്ന മാതിരിയുണ്ടായിരുന്നു. ലത
ഒരു മിടുക്കിക്കുട്ടിയാണെന്ന് കുട്ടിക്ക്
നല്ല ഉറപ്പായി. കാരണം ഇത്രേം ഒക്കെ ടീച്ചര്‍ പറഞ്ഞിട്ടും ചെവിയില്‍ നുള്ളിയിട്ടും
ലത കരഞ്ഞതേയില്ലല്ലൊ.
എന്നാലും അവളുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ട്.
ജാനുചേച്ചി തലയും കുനിച്ച് എന്തോ പിറുപിറുത്തുകൊണ്ട് വരാന്തയില്‍ നിന്നിറങ്ങി സ്ക്കൂളിന്റെ
ഗ്രൌണ്ടും കടന്ന് , വാക
മരത്തിന്റെ അടുത്തുള്ള അടുക്കളയിലേക്ക് പോകുന്നതു കുട്ടി കണ്ടു. തൊട്ടു
പുറകെ ടീച്ചറും സൈലന്‍സ് എന്ന് മേശപ്പുറത്ത് ചൂരല്‍ കൊണ്ടടിച്ചിട്ട് അപ്പുറത്തെ
ഭാരതി ടീച്ചറുടെ ക്ലാസ്സിലേക്ക്
പോയി.
കുട്ടി
വിഷമത്തോടെ ലതയോട് പറഞ്ഞു.
‘ഡേവീസിനെ അങ്ങനെ അടിക്കണ്ടായിരുന്നു.’
‘ലതയ്ക്ക് ചെലപ്പോ അങ്ങനെയാ...
വല്ലാണ്ട് ദേഷ്യം വരും.
ഇന്നെന്താന്നറിയില്ല... ചോറും കുറവായിരുന്നു
വീട്ടില്‍... കഞ്ഞീം പയറും ഇത്തിരിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. വെശപ്പ്
മുഴുവന്‍ മാറീല്യാ...’
‘ എന്താ ചോറ് കുറവായത് വീട്ടില്‍... എന്റെ
വീട്ടില്‍...’
‘ ലതേടെ അമ്മ ചോറ് വെച്ചത്
കമത്തിക്കളഞ്ഞു. അമ്മയ്ക്ക്
സുഖല്യാ.. ചെല ദിവസം ചോറും കൂട്ടാനും കമത്തിക്കളയും... വീടിനു ചുറ്റും ഓടും... പാത്രൊക്കെ
വലിച്ചെറിയും, അന്ന് നല്ല പെടേം പെടയ്ക്കും ലതേനേം ... പൂച്ചേനേം ഒക്കെ
പെടയ്ക്കും... അതാ ചെവീമ്മേ
നുള്ളിയാലൊന്നും ലത കരയാത്തെ.. ‘
‘അമ്മേ ഡോക്ടറെ കാണിച്ചാ മതി. ഒരു കുത്തുവെച്ചാ മതി ഒക്കെ മാറും.’
ലത അതൊട്ടും
തന്നെ ശ്രദ്ധിച്ചില്ലെന്ന് കുട്ടിക്ക്
തോന്നി. അവള് ബാഗില്‍ എന്തോ തപ്പി നോക്കിയിട്ട് പൊടുന്നനെ
കൈ മലര്‍ത്തിക്കാണിച്ചു.
‘ ഒരു മാങ്ങയിട്ട്ണ്ടായിരുന്നു സഞ്ചീല്
എന്ന് വെച്ച്ട്ട് തപ്പി നോക്കീതാ ലത’
അയ്യോ! ഞാനാ
മിഠായീം തിന്നു.. അല്ലെങ്കില്‍ അത്
തരായിരുന്നു ... വെശന്നാ പഠിക്കാന്‍ പറ്റില്ലാന്നാ എന്റെ അമ്മ പറയാറ്... ‘
‘ലതയ്ക്ക് വെശന്നാലും പഠിക്കാനും ഒറങ്ങാനും നടക്കാനും
കുളിക്കാനും ഒക്കെ പറ്റും. മിഠായി ഞാന്‍ തന്നതല്ലേ.. അത് സാരല്യാ.. അച്ചുമ്മാനു
ഉമ്മ കൊടുത്താ മതി. എത്ര മിഠായി വേണങ്കിലും ലതയ്ക്ക് തരും. കൊറെ ഉമ്മ കൊടുത്താ
ചെലപ്പോ ദേവുവമ്മേടെ കടേന്ന് നല്ല മസാല
ദോശ വാങ്ങിത്തരും. നല്ലോണം ഭക്ഷണം കഴിച്ച്
വേഗം വലുതായാ അച്ചുമ്മാന് നല്ല പണിയാക്കിത്തരാന്ന് എപ്പൊഴും പറയും. പണി കിട്ടീട്ട് വേണം ലതയ്ക്ക് അമ്മേ ചികില്‍സിക്കാന്‍...
അച്ഛനോട് ഇനി കള്ള് കുടിച്ചാ ചെവീമ്മേ
നുള്ളുന്ന് പറഞ്ഞ് പേടിപ്പിക്കാന്‍... ’
കുട്ടീടെ
അച്ഛനും ഇടയ്ക്ക് മസാല ദോശ വാങ്ങിക്കൊണ്ടു വരാറുണ്ട്. അതു പക്ഷെ, രൂപ
കൊടുത്തിട്ടാണ്.
ഉമ്മ
കൊടുത്താല്‍ മസാല ദോശ കിട്ടുമോന്ന് അച്ഛനോട്
ചോദിച്ചാലോ.. വേണ്ട. പിന്നെ ഡോളി ടീച്ചറെപ്പോലെ ഓരോന്നൊക്കെ പറഞ്ഞ്
അച്ചുമ്മാനേ വിളിച്ച് എന്താ റൂള്‍
വകുപ്പ് എന്നൊക്കെ ദേഷ്യപ്പെട്ട്..
പോലീസുകാരനായതുകൊണ്ട് അച്ഛന് ദേഷ്യം വരല് എപ്പോഴും ഇത്തിരി
കൂടുതലാണ്. പാവം, ലതയ്ക്ക്
വിശക്കുമ്പോ പിന്നെ മഞ്ഞ മിഠായീം
മസാലദോശയും ഒന്നും കിട്ടാതായാലോ...
ആ ഡേവീസ്
പറഞ്ഞതൊന്നും ലതയോട് ഒരിക്കലും പറയണ്ടായിരുന്നു..
അതുകൊണ്ടല്ലേ അവള്‍ക്ക് ദേഷ്യം വന്ന് അവനെ
അടിച്ചത് ? അതുകൊണ്ടല്ലേ എല്ലാം എല്ലാവരും
അറിഞ്ഞതും കഞ്ഞി കൊടുക്കരുതെന്ന് ടീച്ചര്‍ ജാനുചേച്ചിയോട് പറഞ്ഞതും..
അമ്മ പറയണത് ശര്യാ... സൂക്ഷിച്ച്
വേണം എപ്പോഴും വായ തുറക്കാന്‍....
31 comments:
മെരുക്കുന്നത്... മെരുങ്ങുന്നത്... ഇങ്ങനെ ഇങ്ങനെ..
ചെറുപ്പത്തിലേ തുടങ്ങണം... ഇങ്ങനെ .. ഇങ്ങനെ..
ഉം...
കഥയാവട്ടെ, ഇതെല്ലാം. കഥ മാത്രം....
പല മാനസിക വൈകൃതങ്ങളും ഇങ്ങിനെ ഒക്കെയാണ് പൂര്‍ത്തീകരിക്കുന്നത്.
ഉമ്മ കൊടുത്താല്‍ കിട്ടുന്ന മുട്ടായി എന്തിനാ കളയുന്നത് അല്ലെ...
ആരും ആരോടുമൊന്നും പറയണ്ട..
ചില സത്യങ്ങൾ.. നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നവർ.. നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
കഥയായിട്ടല്ലല്ലോ
ജീവിതമായിട്ടാണല്ലോ
-ഒരു പോസ്റ്റ് മനഃസമാധാനമയി വായിക്കാൻ പറ്റിയല്ലൊ എന്നോർത്തതെ ഉള്ളു അപ്പോഴേക്കും വന്നു ദാ അടുത്തത്
ഇത് വല്ലാത്തൊരു കഷ്ടം തന്നെ
നിഷ്കളങ്കമായ ബാല്യങ്ങളിലക്ക് വര്ണ്ണക്കടലാസുകള് പതിച്ച് ചതിക്കുഴി തീര്‍ക്കുന്നവര്‍....
ഇങ്ങനെ...ഇങ്ങനെ...
ആശംസകള്‍
എത്ര എത്ര കഥകള്‍...
അങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇടക്ക് വല്ലപ്പോഴും അബദ്ധവശാല്‍ പിടിയിലാകും.
എന്നാലും ആവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും ഇല്ല.
നല്ല വശമുണ്ടെന്നാലും എല്ലാം ചീത്തയാവുകയാണ്.
വല്ലാത്ത ഒരു കാലം തന്നെ. ചേച്ചി ഇതൊക്കെ കണ്ണ് തുറന്നു പിടിച്ച് എങ്ങിനെ കാണുന്നു????
കണ്മുന്നിൽ നിരന്ന് നിൽക്കാ എല്ലാരും..
നൊമ്പരങ്ങളേറ്റി വിടവാങ്ങുന്നു..
സ്നേഹം...വർഷിണി
മെരുക്കുന്നത്... മെരുങ്ങുന്നത്... ഇങ്ങനെ ഇങ്ങനെ..
ചെറുപ്പത്തിലേ തുടങ്ങണം... ഇങ്ങനെ .. ഇങ്ങനെ...കൂടുതലൊന്നും ഞനും പറയുന്നില്ലാ....കഥയല്ല ജീവിതം.............
കഥപോലെ ജീവിതം.....
ജീവിതംപോലെ കഥയും.....
കഥയിലെ വിങ്ങുന്ന ജീവിതങ്ങൾ....
ഒരാഴ്ച മുൻപ് സ്വന്തം പിതാവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതും അതിന്റെ വീഡിയോ എടുത്ത് വിറ്റഴിച്ചതുമായി പത്രവാർത്ത വന്ന (സ്വന്തം ഇഷ്ടപ്രകാരം, അതുകൊണ്ട് പീഡനം ആവുന്നില്ല) എട്ടാം തരക്കാരി പെൺകുട്ടി, കഴിഞ്ഞദിവസം പരീക്ഷ എഴുതി ഒരു കൂസലും ഇല്ലാതെ, അവളെനോക്കി അടക്കം പറയുന്ന മറ്റുള്ളവരുടെ മുന്നിലൂടെ, സ്ക്കൂളിൽ നിന്ന് നടന്നു പോകുന്ന സംഭവം എന്റെ മകൾ പഠിപ്പിക്കുന്ന സ്ക്കൂളിൽ ഉണ്ടായി. അതാണ് മെരുക്കൽ,,,
കഥയാണല്ലോ എന്ന് കരുതി ഓടിവന്നതാ എച്മൂ.. ഇതിപ്പോള്‍..
അതിന് ഇതൊരു കഥയൊന്നുമല്ലല്ലോ
ചുറ്റും നടക്കുന്ന സംഗതികൾ തന്നെ..!
ഇങ്ങനെ മെരുക്കിയെടുത്താലെ
പിന്നീടൊക്കെ മെരുങ്ങി വഴങ്ങുകയുള്ളൂ..!
വായിക്കുകയല്ല കാണുകയായിരുന്നു
അതേ..ഇങ്ങനെയൊക്കെയാണ് എല്ലാം സംഭവിക്കുന്നത്...നമുക്കെന്തു ചെയ്യാന്‍ കഴിയും?കഥയ്ക്കും കമണ്ട്സിനുമപ്പുറം?ചിന്തിക്കാം...നിസ്സഹായമായി ചിന്തിച്ചുകൊണ്ടേ ഇരിക്കുന്നു...
പുഞ്ചിരി കണ്ണീന്നിനിയും മാഞ്ഞില്ല.അപ്പഴേക്കും ദേ ലതേം.
ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ്.
പതിവ് പോലെ നല്ല എഴുത്ത്
കുട്ടിക്കാലമാണ് എല്ലാർക്കും ജീവിതത്തിലെ ഏറ്റവും നല്ല കാലം...
എന്നാൽ ഇന്നത്തെ കുട്ടികൾക്ക്???
വീണ്ടും ഒരു നല്ല കഥ. ജീവിതം നിന്നു തുള്ളുകയാണ് എച്ചുമുകുട്ടിയുടെ കഥകളിൽ.
ഓഫ്: പുതിയ പ്രൊഫൈൽ ഫോട്ടോ കലക്കി. ഒരു ന്യു ജനറേഷൻ അമ്മ്യാരു കുട്ടി. :)
പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ... വേറെന്ത് പറയാൻ...
ഇന്നത്തെ കാലത്ത് മാത്രമല്ല -പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു കലേച്ചീ . മെരുക്കല്‍ , മെരുങ്ങല്‍ !!! കഥയായി കാണാന്‍ കഴിയുന്നില്ല -ഇതിലെ കുട്ടിയുടെ സ്ഥാനത്ത് ഞാന്‍ ആണ്, ലതയുടെ സ്ഥാനത്ത് എന്റെ പ്രിയ കൂട്ടുകാരിയും!!! :(
വായിച്ചു പ്രോല്‍സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി നന്ദി... സ്നേഹം.
നെഞ്ചത്ത് നിന്ന് എന്തോ ഇങ്ങനെ തെറിച്ച് തെറിച്ച് ...എത്ര തവണ.... ഇപ്പൊഴും ചിലപ്പോ...
ചെറിയ..ചെറിയ വലിയ കാര്യങ്ങള്‍ ..........
വളരെ നന്നായി എഴുതി.
എന്താ പറയണ്ടേ? വായിച്ചു കഴിഞ്ഞപ്പോ എന്തോ പോലെ.. :(
അപൂര്‍വ്വം ചില ധൈര്യമുള്ള കുട്ടികള്‍ ഇങ്ങനെയാണ് ലതയെപ്പോലെ.
പക്ഷെ തീയിലിട്ടു പഴുത്തു വരണം എന്നാലെ പറ്റൂ.
Post a Comment