Saturday, March 29, 2014

കുഞ്ഞ്. .... സ്നേഹം... അയാള്‍ .


പെറ്റ് കിടക്കുന്ന സമയത്താണ്  പിന്നീട്  അവളെ കാണുവാൻ അയാള്‍  പോയത്.
അവളും ചോരക്കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ അച്ഛൻ പണിയ്ക്ക് ഇറങ്ങി  ക്കഴിഞ്ഞിരുന്നു.അയഞ്ഞ, ഹുക്കുകൾ തുറന്ന ബ്ലൌസിനു മീതെ ഒരു തോർത്തും പുതച്ച് വാതിൽക്കൽ വഴി മറഞ്ഞ് നിന്ന അവളെ അയാൾ ദഹിപ്പിക്കുന്ന വിധത്തില്‍ തുറിച്ചു നോക്കി.
നീ എന്തിനാ ഈപ്പണിയ്ക്ക് പോയത്?‘
അയാൾ പല്ലു കടിച്ചുകൊണ്ട് അമറി.
അവൾ ചിരിച്ചു, അതിൽ ഒരു വിജയിയുടെ അഹങ്കാരവും തോറ്റവനോടുള്ള ഒടുങ്ങാത്ത പരിഹാസവുമുണ്ടായിരുന്നുവെന്ന് അയാൾക്ക് തോന്നി.
നാണം കെട്ടവൾ.
കുഞ്ഞെവിടെ?‘ അയാൾ അല്പം മയത്തോടെ ചോദിച്ചു. അവൾ അതിവേഗം അകത്തേയ്ക്ക് പോയി, കുഞ്ഞിനേയും കൊണ്ട് തിരിച്ചു വന്നു.ചുവന്ന നിറമുള്ള കുഞ്ഞ്, ഒരു വലിയ എലിയുടെ വലുപ്പം മാത്രം. ഉറങ്ങുന്ന  കുഞ്ഞിനെ അയാൾ കണ്ണെടുക്കാതെ നോക്കി.
അവൾ മുഖം ചുളിച്ചു. ഇങ്ങനെ രാവ് പകലില്ലാണ്ട്  കള്ള് വലിച്ച് കേറ്റണോ? എന്തൊരു ചൂരാ.
അയാൾക്ക് കലി വന്നു.
നീ ഇപ്പോ എന്‍റെ ആരാ അത് ചോദിയ്ക്കാൻ?  എന്നാ ഞാനിത് കുടിച്ച് തൊടങ്ങ്യേന്ന് വേറാരു മറന്നാലും നീ  മറക്കരുത്. 
കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനീം………..’ ഇപ്പോൾ അവളുടെ ശബ്ദം ഇടറിയിട്ടുണ്ട്.
അയാളുടെ കത്തുന്ന കണ്ണുകളിലേയ്ക്ക് നോക്കി അവൾ പിറുപിറുത്തു. ജീവിതം ഇങ്ങനെ ധൂർത്തടിച്ച് നശിപ്പിയ്ക്കരുത്.
അയാൾക്ക് പൊടുന്നനെ  അവളെ കൊല്ലണമെന്ന് തോന്നി. കോഴിയെ കൊല്ലുന്നതു പോലെ അവളുടെ  കഴുത്ത് പിരിച്ച് ഒടിക്കണം. ജീവന്‍ പിടയുമ്പോഴുള്ള ആ കാറിക്കരച്ചില്‍ യേശുദാസിന്‍റെ  പാട്ടു പോലെ ആസ്വദിക്കണം.  അവള്‍,  അവളാണ് പറയുന്നത്.  കഴിഞ്ഞ ഉല്‍സവക്കാലത്ത് ഒരു മുറത്തിലിട്ട്  പാറ്റി  അവള്‍  നിസ്സാരമാക്കി  ദൂരെക്കളഞ്ഞ അയാളുടെ ഈ  ജീവിതം ഇനിയും  നശിക്കാനും നശിപ്പിക്കാനും  ബാക്കിയുണ്ടത്രേ.
കുഞ്ഞ് ഞെട്ടിക്കരയാൻ തുടങ്ങിയപ്പോൾ അയാളുടെ തിളച്ചു പൊന്തിയ  ഞരമ്പുകൾ തളർന്നു. അതിന് മനസ്സിലായിരിയ്ക്കുമോ? അയാൾക്ക്  വർഷങ്ങളായി അവളോടുണ്ടായിരുന്നതിലുമധികം അടുപ്പവും ബന്ധവും ഈ കുറച്ച് നാൾക്കുള്ളിൽ അതിന് അവളോടുണ്ടായി കഴിഞ്ഞിരിയ്ക്കുന്നുവോ?
അയാൾ പെട്ടെന്നു കുനിഞ്ഞ് അതിന്റെ നെറ്റിയിൽ രണ്ട് പ്രാവശ്യം ചുംബിച്ചു.
എന്നിട്ട് ശാന്തനായി പറഞ്ഞു. കുഞ്ഞിന് പാലു കൊടുക്ക്.
അടുത്ത നിമിഷം അയാൾ പടി കടന്ന് പോയി.
പഠിപ്പിച്ച  ടീച്ചറുടെ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ അയാള്‍ക്ക്  ബോധമുണ്ടായിരുന്നില്ല.  അയാളെ മദ്യം നാറിയിരുന്നു. ശതാവരി വള്ളികള്‍ പടര്‍ന്ന  മൂവാണ്ടന്‍മാവിന്‍റെ  തണലിലെ മണല്‍ത്തരികളിലേക്ക് അയാള്‍ വലിയ ശബ്ദത്തോടെ ഓക്കാനിച്ചു. മദ്യത്തില്‍ കുഴഞ്ഞ ആഹാരപദാര്‍ഥങ്ങളും  പിത്തനീരും അസഹനീയമായ ദുര്‍ഗന്ധത്തോടെ ടീച്ചറുടെ കാലുകളിലേക്ക് കവിഞ്ഞു വീണു. അടുത്ത നിമിഷം അഴിഞ്ഞു പോയ ഉടുമുണ്ടോടെ എന്തെല്ലാമോ പുലമ്പിക്കൊണ്ട് അയാളും...

ഒച്ചയും ബഹളവും കേട്ട്  ഞാനോടി വന്നപ്പോഴേക്കും അമ്മീമ്മയുടെ മുന്നില്‍ ഗോവിന്നനും പാറുക്കുട്ടിയും  എത്തിക്കഴിഞ്ഞിരുന്നു.  അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി അയാളെ ഉടുപ്പിക്കുന്നതിനിടയില്‍ പാറുക്കുട്ടിയോടും അമ്മീമ്മയോടും അപ്പുറത്തേക്ക് പോയിക്കൊള്ളാന്‍ ഗോവിന്നന്‍ ഒച്ചയിട്ട്  ദേഷ്യപ്പെടുന്നുണ്ടായിരുന്നു. എങ്കിലും ആ ബഹളത്തില്‍  ആദ്യമായി പ്രായം തികഞ്ഞ  പുരുഷ നഗ്നത ഒരു മിന്നായം പോലെ ഞാന്‍ കാണുക തന്നെ ചെയ്തു. അതെന്നെ വല്ലാതെ പരിഭ്രാന്തയും സ്തബ്ധയുമാക്കി. അത്തരമൊരു ദൃശ്യത്തിനു വേണ്ട വളര്‍ച്ച  എനിക്കായിരുന്നില്ല.
വീട്  പൂര്‍ണമായും അസ്വസ്ഥമായിക്കഴിഞ്ഞിരുന്നു.
അഗാധമായ മയക്കത്തിലാണ്ടു കിടന്ന അയാളെ  നോക്കി  പാറുക്കുട്ടി പലവട്ടം  പല്ലു ഞെരിച്ചു. അവനൊരു നല്ല കോണകം ഉടുക്കായിരുന്നില്ലേന്നായിരുന്നു ഗോവിന്ദന്‍ പിറുപിറുത്തുകൊണ്ടിരുന്നത്.  ഏതോ ഒരു മഹാ ഭയങ്കരിയും ഹൃദയമില്ലാത്തവളുമായ  വിലാസിനിയെ പ്രാകുന്നതിലും തെറി വിളിക്കുന്നതിലും അവരിരുവരും  മല്‍സരിച്ചുകൊണ്ടിരുന്നു.   
അമ്മീമ്മയുടെ  കാല് എത്ര ഉരച്ചു കഴുകീട്ടും നാറ്റം  പോയില്ലെന്ന മട്ടില്‍  പാറുക്കുട്ടി മുഖം ചുളിക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല.  ആ വീട്ടില്‍ കയറിവന്ന ആദ്യത്തെ  മദ്യപാനിയായിരുന്നു അയാള്‍. അതിനു മുന്‍പോ  അതിനു ശേഷമോ അത്തരമൊരു കാര്യം  ആ വീട്ടില്‍ ഉണ്ടായിട്ടില്ല.  കനാലെന്നോ കൊട്ടുവടിയെന്നോ മറ്റോ  പേരുള്ള ഒരു മദ്യമാണയാള്‍ കുടിച്ചിരിക്കുന്നതെന്നും അയാളുടെ  കരളും കൂമ്പും അധികം വൈകാതെ വാടിപ്പോകുമെന്നും ഗോവിന്നന്‍ പ്രസ്താവിച്ചു.
വിലാസിനിയോട് ഗുരുവായൂരപ്പന്‍ ചോദിക്കാതിരിക്കില്ലെന്ന് പാറുക്കുട്ടി  നെഞ്ചത്ത്  കൈ വെച്ച് പ്രാകി. വെറുതേയൊന്നുമല്ല  ചോദിക്കുക. ...  എണ്ണിയെണ്ണി  കണക്കു പറഞ്ഞ്  ചോദിക്കും. ആണുങ്ങള്‍ക്ക്  പെണ്ണുങ്ങളെ  എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും ഉപേക്ഷിക്കാം.   എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ ഉപേക്ഷിക്കാനുള്ള  അവകാശം ഗുരുവായൂരപ്പന്‍  കൊടുത്തിട്ടില്ലെന്ന്  പാറുക്കുട്ടി ഉറപ്പിച്ചു  പറഞ്ഞു.
 അങ്ങനെ  ചെയ്താ പെണ്ണിന്‍റെ  പാതിവര്‍ത്യം പോകും. അതു പോയാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല.
പാതിവര്‍ത്യം എന്തിനാ അടുപ്പിലിട്ട് ചുട്ടു തിന്നാനാ? കുട്ടി അതിന്‍റെ വര്‍ത്തമാനമൊന്നും കേക്കണ്ട... പാതിവര്‍ത്യാത്രേ ...  
ഗോവിന്നന്‍ അരിശപ്പെട്ടുകൊണ്ട് നീട്ടിത്തുപ്പി. തമ്മാമ്മിലുള്ള സ്നേഹമെന്നോ  മറ്റോ  പല്ലു ഞെരിച്ചുകൊണ്ട്  അയാള്‍ എന്തോ  പറഞ്ഞുവെങ്കിലും അതെനിക്ക് ഒട്ടും വ്യക്തമായില്ല.
അമ്മീമ്മ മൌനിയായിരുന്നു. അവര്‍ ഇടയ്ക്കിടെ മുറ്റത്ത് വീണുറങ്ങുന്ന  ആ മനുഷ്യനെ വരാന്തയില്‍  വന്നു നിന്ന് നോക്കിക്കൊണ്ടിരുന്നു. അമ്മീമ്മയുടെ  അസ്വാസ്ഥ്യം  തികച്ചും പ്രകടവുമായിരുന്നു.
സന്ധ്യയ്ക്ക് ശിവന്‍ കോവിലില്‍ നിന്ന്  ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം  എന്ന ലിംഗാഷ്ടകം   എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ  മധുരശബ്ദത്തില്‍   ഒഴുകിത്തുടങ്ങിയപ്പോള്‍ അതുവരെ മരിച്ചതു പോലെ  കിടന്ന ആ  ശരീരത്തില്‍ ഒരു  അനക്കമുണ്ടായി.
അടുത്ത നിമിഷം അയാള്‍  തല കുനിച്ചു പിടിച്ചു എണീറ്റിരുന്നു.
കാണിച്ചതൊന്നും ഓര്‍മ്മല്യാന്ന് പറയാനാണോ തലേം കുമ്പിട്ട്  കല്യാണപ്പെണ്ണിനെപ്പോലെ  ഇങ്ങനെ ഇരിക്കണത്?’ 
വെറുപ്പ് തേട്ടുന്ന ആ ചോദ്യം പാറുക്കുട്ടിയുടെ വക.
ഞാന്‍  പുറത്തേക്ക് വരാന്‍  അല്‍പം  ഭയന്നു.  എന്നെ  ഭയപ്പെടുത്തിയ  അസ്വസ്ഥയാക്കിയ  ഒരു വല്ലാത്ത   ദൃശ്യത്തിന്‍റെ ഉടമസ്ഥനാണല്ലോ എന്തായാലും അയാള്‍..
പാറുക്കുട്ടിയുടെ ആ  ഒരു ചോദ്യം മാത്രമേ കേട്ടുള്ളൂ. പിന്നെ  കുറച്ചു  സമയം നിശ്ശബ്ദതയായിരുന്നു. ഞാന്‍  പഠിക്കാനിരിക്കുന്ന  മുറിയുടെ ജനലിലൂടെ പാളി  നോക്കിയപ്പോള്‍  കണ്ടത്...  കുമ്പിട്ടിരുന്ന്  കഞ്ഞി കുടിക്കുന്ന അയാളെയും  ഇടത്തും വലത്തുമായി  അതും നോക്കിയിരിക്കുന്ന  ഗോവിന്നനെയും അമ്മീമ്മയെയുമാണ്.
ചുട്ട അടി കൊടുക്കണം. പുളിവാറല് എടുത്ത്  വീശി ചന്തി പൊളിക്കണം. അല്ലാണ്ട് കഞ്ഞീം പപ്പടോം മെഴുക്കു പെരട്ടീം വെളമ്പി സല്‍ക്കരിക്ക്യല്ല. അമര്‍ഷം  ചീറ്റുന്ന ശബ്ദം കേട്ടപ്പോഴാണ്  പാറുക്കുട്ടിയും എന്‍റെ സമീപം വന്നു നിന്ന്  ആ രംഗം വീക്ഷിക്കുന്നുണ്ടെന്ന്  ഞാനറിഞ്ഞത്. മദ്യപിക്കുന്നവരോട് വെറുപ്പും വിദ്വേഷവും കലര്‍ന്ന  യാതൊരു  ക്ഷമാപണത്തിനും ഒരുക്കമല്ലാത്ത ഒരു  തരം  പകയായിരുന്നു പാറുക്കുട്ടിയുടെ  മനസ്സില്‍ എന്നുമുണ്ടായിരുന്നത്. മദ്യത്തിനടിമയായതുകൊണ്ടാണ് തികഞ്ഞ പാതിവ്രത്യമുണ്ടായിട്ടും  തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതെന്ന് കരുതുന്ന  ഒരു പാവം  ഗ്രാമീണയായിരുന്നു  പാറുക്കുട്ടി. ആ നശിച്ച കള്ളുകുടിയാണ് ഒക്കേറ്റ്നും ഹേതു  എന്ന് പാറുക്കുട്ടി പലപ്പോഴും സ്വന്തം ജീവിതത്തെ ഓര്‍ത്ത് കണ്ണമര്‍ത്തിത്തുടക്കുമായിരുന്നു.
അയാള്‍ എന്തൊക്കേയോ പറയുന്നുണ്ടെന്ന്  തോന്നിയപ്പോള്‍  ഞാന്‍ ചെവി വട്ടം പിടിച്ചു. അമ്മീമ്മ കാണാത്ത വിധത്തില്‍ കഴിയുന്നത്ര ശരീരം ചുവരിനോട്  ചേര്‍ത്തൊതുക്കി കണ്ണുകളേയും കാതുകളേയും മുഖത്തു  നിന്നും പുറത്തേക്ക്  വലിച്ചെടുത്തും  ഉമ്മറത്തേക്ക്  നീട്ടിപ്പിടിച്ചും ഞാന്‍  പഠിക്കുന്ന മുറിയില്‍ പതുങ്ങി നിന്നു.
അയാള്‍  പതുക്കെപ്പതുക്കെ കഞ്ഞികുടിക്കുകയും ഒപ്പം കരയുകയുമായിരുന്നു. ഗോവിന്നനും അമ്മീമ്മയും നിര്‍ലോഭം പോട്ടെ.. പോട്ടെ..  സാരല്യാ  എന്ന് പറയുന്നതൊന്നും അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്മീമ്മ അയാളെ ഒരുപാട് സമാധാനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി..
അതിനതിനു  അയാളുടെ സങ്കടം കൂടുകയാണ്..
എന്‍റെ ജീവന്‍ അവളാന്ന് വിചാരിച്ചവനാ ഞാന്‍   എന്ന് പറഞ്ഞപ്പോള്‍  അയാള്‍ പൊട്ടിപ്പോവുന്നത്  ഞാന്‍  കണ്ടു. എന്തുകൊണ്ടോ  ആ വാക്കുകള്‍,  ഹൃദയം  തകരുന്ന വിധത്തിലുള്ള വേദനയോടെ അയാള്‍ ഉച്ചരിച്ച ആ വാക്കുകള്‍  ഇന്നും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണീരൊഴുകുന്ന ആ  ക്ഷീണിച്ച മുഖവും.
എന്നിട്ട്  ഈ കൈ കൊണ്ട്  അവളെ കൊല്ലണന്ന് വിചാരിച്ചതും ഞാന്‍  തന്ന്യാ... ആ കുഞ്ഞ്  കരഞ്ഞില്ലെങ്കി ഇന്ന് ഞാനൊരു  കൊലപാതകിയാവാരുന്ന്.. എത്ര മോഹിച്ചതാ.. അവളെ... ഞങ്ങള്‍ക്കണ്ടാവണ ഒരു കുഞ്ഞിനെ... എന്നിട്ട്  ഇന്ന്.. എനിക്ക് അവളുടെ ആ ചിരി  സഹിക്കാന്‍ കഴിഞ്ഞില്ല.... കഴിഞ്ഞതൊന്നും മറക്കാനും കഴിയണില്ല.
ഞാനൊരു കള്ളുകുടിയാനാന്ന് എന്‍റെ  ടീച്ചറ് വിചാരിക്കരുത്... ഞാന്‍  മര്യാദയില്ലോത്തനല്ല .. 
മനുഷ്യര് കൊന്നു പോണതാ  അല്ലേ.. അറിയാണ്ട്...അല്ലേ ടീച്ചറെ... 
സന്ധ്യയുടെ  മഞ്ഞവെളിച്ചത്തിനു  മീതെ  അയാളുടെ  സങ്കടം കൊണ്ട് ചിലമ്പിച്ച ശബ്ദം  ഒരു തേങ്ങലായി പടര്‍ന്നു.  പാറുക്കുട്ടിയുടെ കണ്ണുകള്‍  കുതിച്ചൊഴുകുന്നത്  തല  തിരിക്കാതെ തന്നെ എനിക്കു കാണാമായിരുന്നു.

14 comments:

Echmukutty said...

അമ്മീമ്മക്കഥകളിലെ ഒരു കഥ കൂടി..

പട്ടേപ്പാടം റാംജി said...

അങ്ങനെ ചെയ്താ പെണ്ണിന്‍റെ പാതിവര്‍ത്യം പോകും. അതു പോയാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല

വായിച്ചിരുന്നു.
തിരിച്ചറിവുകള്‍ ശീലങ്ങളില്‍ നിന്ന് വേര്‍തിരിക്കെണ്ടിയിരിക്കുന്നു ഇനിയും ധാരാളം.
നല്ല കഥ.

Cv Thankappan said...

"അമ്മീമ്മക്കഥളില്‍" വായിച്ചിരുന്നു.
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍

Pradeep Nandanam said...

എന്റെ ആദ്യത്തെ അമ്മീമ്മക്കഥ. വീണ്ടും വരണൊണ്ട് ഞാൻ..വരാതിരിക്കാൻ പറ്റില്ല..

വീകെ said...

സ്നേഹത്തിലെ ആത്മാർത്ഥത ചിലപ്പോൾ ഇങ്ങനേയും........
ആശംസകൾ...

ajith said...

ജീവിതങ്ങള്‍!!!!

Sangeeth K said...

കഥ ഇഷ്ടപ്പെട്ടു...ആശംസകള്‍...

ശ്രീനാഥന്‍ said...

ആണുപേക്ഷിച്ച പെണ്ണിന്റെ കഥകളുണ്ട് ആവോളം. പെണ്ണുപേക്ഷിച്ച ആണിന്റെ നൊമ്പരം ഹൃദയസ്പൃക്കായി എഴുതി എച്ചുമുക്കുട്ടി. ഉടനീളം തീവ്രത നിലനിർത്തുകയും ഓരോ കഥാപാത്രങ്ങളുടേയും പ്രതികരണം അതാതാളുകളുടെ ജീവിതപരിചയവും വീക്ഷണവും ഒത്തതായിരിക്കാൻ കഥാകാരി ശ്രദ്ധിച്ചിട്ടുമുണ്ട്. അഭിനന്ദനങ്ങൾ! മാധവിക്കുട്ടിയുടെ ഇതേ ജനുസ്സിൽ പെട്ട കഥകളുടെ സ്വാധീനം പ്രകടമാണെന്നും പറയട്ടെ.

keraladasanunni said...

പുസ്തകത്തിൽ ഈ കഥ ഉണ്ടായിരുന്നു. ഇങ്ങിനേയും ഒരു മുഖം പുരുഷനുണ്ടെന്ന് എല്ലാവരും അറിയട്ടെ.

അഭിനന്ദനങ്ങൾ.

Pradeep Kumar said...

ഇത് കഥയാണോ നേർ അനുഭവമാണോ എച്ചുമു
മനോഹരമായി എഴുതി -കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു-

റോസാപ്പൂക്കള്‍ said...

നല്ല കഥ. അമ്മീമ്മക്കഥകളില്‍ വായിച്ചിരുന്നു

vettathan g said...

ഇങ്ങനെയും ചില മനുഷ്യ ജീവിതങ്ങള്‍.ഹൃദയസ്പുര്‍ക്കായ അവതരണം

ബിലാത്തിപട്ടണം Muralee Mukundan said...

കനാലടിച്ച് ബോധം പോയി
ഉടുതുണിയില്ലാത്ത അയാളുടെ
ദു;ഖത്തിലൂടെ അന്നത്തെ ചില കൊച്ചു ജീവിതക്കാഴ്ച്ചകൾ...!

കല്യാണി രവീന്ദ്രന്‍ said...

നന്നായിരിക്കുന്നു എച്മ്മു. മനസ്സിൽ തൊട്ടു.
ആ ചിരിയും.. കൊല്ലാനുള്ള ചിന്തയും!