Thursday, March 13, 2014

പെരുവഴിയില്‍ ചിതറിക്കിടക്കുന്ന ഉത്തരവാദിത്തബോധങ്ങള്‍


https://www.facebook.com/echmu.kutty/posts/255242764655025

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014 ജനുവരി  24   ന്  പ്രസിദ്ധീകരിച്ചത് )

നമ്മള്‍ എന്താണിങ്ങനെയെന്ന് എന്താടോ നന്നാവാത്തതെന്ന് തുടരെത്തുടരെ സ്വയം ചോദിക്കേണ്ടി  വരുന്നുവല്ലോ,  ഓരോ  പൊതു പരിപാടികള്‍ക്ക്  ശേഷവും.. 

ഏതു മതത്തിന്‍റെ  ഘോഷയാത്രയായാലും ആഘോഷമായാലും  രാഷ്ട്രീയപ്പാര്‍ട്ടികളുടെ  ജാഥയായാലും  ഇനി വല്ല  സന്നദ്ധസംഘടനകളുടെ  സേവനപരിപാടികളായാലും സാംസ്ക്കാരികസംഘടനകളുടെ കലാപരിപാടികളായാലും എന്നു വേണ്ട എന്തായാലും എല്ലാവരും  ഒരുപോലെയെന്ന് നമുക്ക് തോന്നിപ്പോകുന്ന  മട്ടിലാണ് ചില കാര്യങ്ങള്‍.

കേരളത്തില്‍ മാത്രമല്ല  ഇന്ത്യയൊട്ടുക്കും  ഇതു തന്നെയാണ് സ്ഥിതി.

ഈശ്വരവിചാരത്തിനാണെന്ന  പേരില്‍ പല തരം  ആരാധനാരീതികളും നെടുങ്കന്‍ ഘോഷയാത്രകളും എണ്ണിയാലൊടുങ്ങാത്ത തരം കെട്ടുകാഴ്ചകളും നമുക്കു ചുറ്റുമുണ്ട്.  ഇതില്‍  ജാതിമതഭേദമൊന്നുമില്ല. ഇനി ആര്‍ക്കെങ്കിലും പലതരത്തിലുള്ള  പൊങ്ങച്ചപ്രകടനമെന്ന ഈ  അതിക്രമം  ചെയ്യാന്‍ പറ്റാതെ  വരുന്നുണ്ടെങ്കില്‍  ധനമില്ലായ്മ ഒന്നു  മാത്രമായിരിക്കും അതിനുള്ള  കാരണം.

അവകാശ സംരക്ഷണത്തിനും  രാഷ്ട്രീയമായ  ബോധവല്‍ക്കരണത്തിനും  സ്വന്തം നിലപാടു വിശദീകരണത്തിനും  മറ്റുമായി എല്ലാ  പാര്‍ട്ടികളും  പൊതുവിടങ്ങള്‍  കൈയടക്കാറുണ്ട്. പ്രസംഗങ്ങളും ജാഥകളും വെല്ലുവിളികളും വ്യക്തമാക്കലുകളും എല്ലാമുണ്ടാകാറുണ്ട്. അവരും നടേ പറഞ്ഞ  ഈ ചില കാര്യങ്ങളെ ഗൌനിക്കാറില്ല.

ഈശ്വരാരാധനയെ വാഴ്ത്തിക്കൊണ്ട്  ഭക്തരെ  ശുശ്രൂഷിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന പ്രവര്‍ത്തകര്‍ മുതല്‍ നാസ്തികതയുടേ അങ്ങേയറ്റത്ത് നില്‍ക്കുന്ന അവിശ്വാസികള്‍ വരെയുള്‍പ്പെടുന്ന  സന്നദ്ധസംഘടനാ അംഗങ്ങള്‍ക്കും  സര്‍വ  സാധാരണയായി   സംഭവിക്കുന്ന ചില  കാര്യങ്ങളില്‍ അത്ര ഉല്‍ക്കണ്ഠയില്ല.

എന്നാല്‍ നമ്മള്‍ സ്ത്രീകള്‍ക്ക് ഇക്കാര്യങ്ങളില്‍  ഉല്‍ക്കണ്ഠയുണ്ടാവണം. 

ഏതു കാര്യങ്ങളെന്നാണോ? ഇതുമാതിരിയുള്ള ഓരോ  പരിപാടിയും  നിര്‍മ്മിക്കുന്ന   മാലിന്യക്കൂമ്പാരവും അതിന്‍റെ  നിര്‍മാര്‍ജ്ജനവുമാണ്  ആ കാര്യങ്ങള്‍ . അതോര്‍ത്ത്  നമ്മള്‍ വേവലാതിപ്പെടണം.  അതില്‍ പ്ലേറ്റും ഗ്ലാസും പ്ലാസ്റ്റിക് കുപ്പികളും പോലെയുള്ള കാര്യങ്ങള്‍ മാത്രമല്ല , നശിക്കാനൊരുപാട് സമയമെടുക്കുന്ന  ഫ്ലക്സ്  ബോര്‍ഡുകള്‍  ഉള്‍പ്പടെ  അനവധി  അനവധി മാലിന്യങ്ങള്‍ ഉണ്ട്. ഓരോ  പരിപാടിയും ഓരോ  ആഘോഷവും  കഴിയുമ്പോള്‍  പൊതുനിരത്ത് മാലിന്യത്താല്‍ മലീമസമാകുന്നു. ഇക്കാര്യത്തില്‍  ശ്രദ്ധപതിപ്പിക്കാന്‍ ഇതെല്ലാം  കൊണ്ടുവന്നവര്‍ക്കോ  അവയെ  ഉപയോഗിച്ച്  മാലിന്യമാക്കി രൂപം മാറ്റി   പൊതുനിരത്തിലേക്ക് വലിച്ചെറിയുന്നവര്‍ക്കോ ഒട്ടും  സമയമില്ല. അതവരുടെ  ഉല്‍ക്കണ്ഠയേ അല്ല.

പൊതുജനത്തിനോട്  ഉത്തരവാദിത്തബോധം പ്രകടിപ്പിക്കാത്ത ഓരോ  പ്രസ്ഥാനത്തേയും അതെന്തുമാവട്ടെ,  രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും മതവിശ്വാസങ്ങളായാലും  വാണിജ്യവ്യാപാരമായാലും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വമായാലും അവയെ മുച്ചൂടും എതിര്‍ക്കേണ്ടത്  അത്യാവശ്യമാണ്. അടുത്ത  തലമുറയെ പോറ്റി വളര്‍ത്തുന്നവരില്‍ അധികം ചുമതല വഹിക്കേണ്ടി വരുന്നവര്‍  എന്ന നിലയില്‍ നമ്മള്‍ സ്ത്രീകളുടെ  ഒരു പ്രധാന ചുമതല തന്നെയായിത്തീരുന്നു ഇക്കാര്യം.  സ്ത്രീകളുടെ ജീവിതങ്ങള്‍ക്ക് മാതൃകയാവേണ്ടത് ലക്ഷ്യങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഇറോംശര്‍മ്മിളയെപ്പോലെയുള്ള  കരുത്തുറ്റ വ്യക്തിത്വങ്ങളാണ്. അല്ലാതെ പൊതുബോധങ്ങളില്‍ കാണപ്പെടുന്ന ഒട്ടും  ബുദ്ധിയില്ലാത്ത  ചായം  തേച്ച  ബൊമ്മകളല്ല. തലച്ചോറില്ലാത്ത ബൊമ്മകളായി മാത്രം ജീവിക്കാനുള്ള പരിശ്രമം നടത്താന്‍ ആവശ്യപ്പെടുന്ന എന്തിനേയും അത്  മതമോ  വിശ്വാസമോ ആചാരമോ രാഷ്ട്രീയമോ  അധികാരമോ എന്തുമാവട്ടെ അതിനെ എതിര്‍ക്കാനും സമരം ചെയ്ത് തോല്‍പ്പിക്കാനും ഉള്ള ചങ്കൂറ്റം നമ്മള്‍ സ്ത്രീകള്‍  നേടിയേ തീരു.

നമുക്ക് നമ്മുടെ പൂര്‍വികരില്‍  നിന്ന് കാര്യമായ  കേടുപാടുകള്‍ കൂടാതെ  കൈമാറ്റം ചെയ്തുകിട്ടിയതാണ് ഈ ഭൂമി.  നമ്മുടെ പേരില്‍ വില്ലേജാഫീസില്‍ കരമടച്ചതു  മാത്രമേ നമ്മൂടെ ഭൂമിയാകുന്നുള്ളൂ  എന്ന  സങ്കുചിതമായ നിലപാടില്‍ സ്വത്തായി  ഭൂമിയെ  കാണുന്നവര്‍ക്ക്  അങ്ങനെ  മനസ്സിലാക്കാമെങ്കിലും യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല തന്നെ.  നമ്മള്‍  ഇന്ന്  അനുഭവിക്കുന്ന  ഭൌമനന്മകള്‍ കഴിഞ്ഞുപോയ പല  കാലങ്ങളിലെ അനവധി മനുഷ്യരുടെ കരുതലിന്‍റേയും കാത്തു സൂക്ഷിക്കലിന്‍റേയും ആത്മാര്‍ഥമായ തിരുശേഷിപ്പുകളാണ്. എന്നാല്‍   അടുത്ത തലമുറക്ക്  നമ്മള്‍ എന്തു കൈമാറുന്നുവെന്ന്  ഒരു നിമിഷം ആലോചിച്ചാല്‍  അടിഞ്ഞുകൂടുന്ന ഈ മാലിന്യത്തിന്‍റേ തോത്  ഭൂമിയെ എങ്ങനെയൊക്കെ പിച്ചിച്ചീന്തുന്നുവെന്ന് നമ്മളറിയാതിരിക്കില്ല. ഖര ദ്രാവക വാതക മാലിന്യങ്ങളായി നമ്മള്‍ ഭൂമിയെ  ശ്വാസംമുട്ടിച്ചു കൊന്നുകൊണ്ടിരിക്കുകയാണ്. മരണമടയുന്ന ഈ ഭൂമിയിലാണ് നമ്മള്‍ അനന്തര തലമുറയെ  ജീവിക്കാന്‍  വിട്ട് യാത്രയാകുന്നത്. ബാങ്ക് ബാലന്‍സുണ്ട്,  ഫ്ലാറ്റുണ്ട്, കരമടച്ച  ഭൂമിയുണ്ട്, ആഭരണങ്ങളുണ്ട്. അടുത്ത ഏഴു തലമുറയ്ക്ക് സുഭിക്ഷമായി കഴിയാനുള്ള വകയുണ്ട് എന്നും മറ്റും വമ്പ്  പറഞ്ഞുകൊണ്ട് കടന്നു പോകുന്നത്.

മദ്യനിരോധനത്തിനും  കള്ളുഷാപ്പ്  പൂട്ടിക്കുന്നതിനും  ലഹരി മുക്ത കേരളത്തിനും വേണ്ടി സ്ത്രീകള്‍  സമരം ചെയ്യുന്നുണ്ട്.  പ്രകൃതി  സമ്പത്തിനെ  ചൂഷണം ചെയ്യുന്നവര്‍ക്കെതിരേയും സ്ത്രീകള്‍ നിരന്തരം സമരത്തിലേര്‍പ്പെടുന്നുണ്ട്. ഏറ്റവും കുറച്ച് മാലിന്യമുല്‍പ്പാദിപ്പിക്കുന്നവരായി നമ്മള്‍   സ്ത്രീകള്‍  സ്വയം മാറുകയും  അടുത്ത തലമുറയെ അങ്ങനെയാക്കിത്തീര്‍ക്കുവാന്‍ പരിശ്രമിക്കുകയും വേണം. അത്  ഒരു നിഷ്ഠയായി പാലിക്കുകയെന്നതാവട്ടെ പെണ്മയുടെ  പല പെരുമകളില്‍ ഒന്ന് . പൌരുഷപെരുമയുടെ അവസാന നന്മയായിപ്പോലും പ്രകൃതി സംരക്ഷണവും  ഏറ്റവും കുറവ് മാലിന്യമുല്‍പ്പാദിപ്പിക്കുന്ന  ജീവിത ലാളിത്യവും  ഒരു  ജീവിതലക്ഷ്യമായി ഇതുവരെ കടന്നു വന്നിട്ടില്ല. കീഴടക്കലാണ് വേണ്ടതെന്ന തെറ്റായ ബോധമാണ് ഇന്നും പൌരുഷപ്പെരുമയെ അസ്വസ്ഥമാക്കുന്നത്.  ആണ്‍ പെരുമ സമസ്ത മേഖലകളിലും  ഇതുവരെ  ചൂണ്ടിക്കാട്ടിയ  ജീവിതബോധവും ഉത്തരവാദിത്തബോധവും  തികച്ചും  തെറ്റാണെന്ന് നശിക്കുന്ന ഭൂമിയും  പെരുകുന്ന മാലിന്യവും പ്രപഞ്ചമാകെ പടരുന്ന അളവില്ലാത്ത അസ്വസ്ഥതകളും നമ്മെ ബോധ്യമാക്കുന്നുണ്ട്.  കീഴടക്കമല്ല, തോളോടു  ചേര്‍ന്നുള്ള  കൂട്ടായ നടത്തമാണ് പ്രകൃതിക്കും ഭൂമിക്കും മനുഷ്യര്‍ക്കും ആവശ്യമെന്ന്  നമ്മള്‍ തീരുമാനിച്ചേ കഴിയു.... അതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്തേ   കഴിയൂ.

16 comments:

വിനുവേട്ടന്‍ said...

എനിക്കും എന്റെ പിൻ‌ഗാമികൾക്കും മാത്രം അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ഓരോരുത്തരുടെയും സ്വാർത്ഥതയല്ലേ ഇതിനൊക്കെ കാരണം...?

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ബാങ്ക് ബാലന്‍സുണ്ട്, ഫ്ലാറ്റുണ്ട്, കരമടച്ച ഭൂമിയുണ്ട്, ആഭരണങ്ങളുണ്ട്. അടുത്ത ഏഴു തലമുറയ്ക്ക് സുഭിക്ഷമായി കഴിയാനുള്ള വകയുണ്ട് എന്നും മറ്റും വമ്പ് പറഞ്ഞുകൊണ്ട് കടന്നു പോകുന്നത്.

ജീവിതലക്ഷ്യം ഇതിനപ്പുറത്തേക്ക് കടക്കാതെ വരുന്നതാണ് മുഖ്യ പ്രശ്നം. ഞാന്‍.... കൂടിവന്നാല്‍ എന്റെ കുടുംബം. കഴിഞ്ഞു!

കൊച്ചു കൊച്ചീച്ചി said...

"പൌരുഷപെരുമയുടെ അവസാന നന്മയായിപ്പോലും പ്രകൃതി സംരക്ഷണവും ഏറ്റവും കുറവ് മാലിന്യമുല്‍പ്പാദിപ്പിക്കുന്ന ജീവിത ലാളിത്യവും ഒരു ജീവിതലക്ഷ്യമായി ഇതുവരെ കടന്നു വന്നിട്ടില്ല. കീഴടക്കലാണ് വേണ്ടതെന്ന തെറ്റായ ബോധമാണ് ഇന്നും പൌരുഷപ്പെരുമയെ അസ്വസ്ഥമാക്കുന്നത്. ആണ്‍ പെരുമ സമസ്ത മേഖലകളിലും ഇതുവരെ ചൂണ്ടിക്കാട്ടിയ ജീവിതബോധവും ഉത്തരവാദിത്തബോധവും തികച്ചും തെറ്റാണെന്ന് നശിക്കുന്ന ഭൂമിയും പെരുകുന്ന മാലിന്യവും പ്രപഞ്ചമാകെ പടരുന്ന അളവില്ലാത്ത അസ്വസ്ഥതകളും നമ്മെ ബോധ്യമാക്കുന്നുണ്ട്."

ഇത്തരം സാമാന്യവല്‍ക്കരണത്തോടൊക്കെ യാതൊരുവിധത്തിലും യോജിക്കാന്‍ എനിക്കു കഴിയില്ല. എച്ച്മു അങ്ങനെയൊക്കെയാണ് വിശ്വസിക്കുന്നതെങ്കില്‍ ആകട്ടെ.

പക്ഷേ ലേഖനത്തില്‍ പ്രകടിപ്പിച്ച മൂല ആശയത്തോട് യോജിക്കുന്നു. ഒരു ഹോട്ടല്‍ മുറിയോടു കാണിക്കുന്ന മര്യാദയെങ്കിലും ഈ പാവം ഭൂമിയോടു കാണിച്ചാല്‍ മതിയായിരുന്നു....

Pradeep Kumar said...

മുൻവിധികളോടെ പ്രശ്നങ്ങളെ സമീപിക്കുകയും, വളരെ എളുപ്പത്തിൽ കാരണങ്ങളെ സാമാന്യവൽക്കരിക്കുകയും ചെയ്യുമ്പോൾ യാഥാർത്ഥ പ്രശ്നങ്ങൾ തമസ്കരിക്കപ്പെടുകയും, കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നു

വീകെ said...

മാലിന്യ നിർമ്മാർജ്ജനം എന്നത് ഒരു ജിവിത ചര്യയായി കൊണ്ടു നടന്നിരുന്നൊരു ജന സമൂഹമായിരുന്നു നമ്മൾ മലയാളികളുടെ കഴിഞ്ഞ തലമുറകൾ. മുറ്റവും പറമ്പും എല്ലാം അടിച്ചു കൂട്ടി തീയിട്ട് നശിപ്പിച്ചിരുന്നു. അവശിഷ്ടം വളമായി ഉപയോഗിച്ചിരുന്നു. മാലിന്യ നശീകരണത്തിന് പക്ഷിമൃഗാദികൾക്കും അവരുടേതായ നല്ലൊരു പങ്കുണ്ടായിരുന്നു. ഇന്ന് കാലം മാറി. അത്തരം ചിട്ടകൾ നിർബ്ബന്ധപൂർവ്വം വച്ചു പുലർത്തിയിരുന്ന ഗ്രാമങ്ങളും, ആ തലമുറകളും ഓർമ്മായാവുന്നു. ജനങ്ങൾ കൂട്ടമായി താമസിക്കാൻ തുടങ്ങി. പഴയതു പോലെയുള്ള സ്ഥലസൌകര്യം ഇന്നില്ല. ഇന്ന് കേന്ദ്രീകൃതമായ മാലിന്യ നിർമ്മാർജ്ജനമേ ഫലവത്താകുകയുള്ളു. അതിന് മുൻ‌കയ്യെടുക്കേണ്ട ബാദ്ധ്യതയും സൌകര്യവും ഭരണകൂടങ്ങൾക്കാണ്. അതിന്റെ ചിലവുകളിൽ ഭാഗഭാക്കാകാൻ പൊതുജനങ്ങൾ തയ്യാറുമായിരിക്കും. ഗ്രാമങ്ങൾ ഇന്നും മാലിന്യം മറ്റാരുടേയും ചുമലിൽ കൊണ്ടു തള്ളാറില്ല. പട്ടണവാസികളാണ് ഇതെല്ലം ഗ്രാമവാസികളുടെ തലയിൽ കൊണ്ടു തള്ളി രക്ഷപ്പെടുന്നത്. നാടു നന്നാകുമ്പോൾ അതിനനുസരിച്ചുള്ള മാറ്റം എല്ലാ മേഘലകളിലും കൊണ്ടു വരാനുള്ള ദീർഘവീക്ഷണം ഭരണാധികാരികൾക്ക് ഉണ്ടാകുകയും നടപ്പാക്കുകയും വേണം. ഹൈസ്പീട് റോഡും ബുള്ളറ്റ് ട്രെയിനും വിമാനത്താവളവും ഒക്കെ നമുക്കും വേണം. അതോടൊപ്പം കുറ്റമറ്റ മാലിന്യ നിർമ്മാർജ്ജന സംവിധാനവും നടപ്പിലാക്കണം.

Echmukutty said...

സ്വാര്‍ഥത മാത്രമല്ല, വിനുവേട്ടാ.. അനുതാപക്കുറവും അജ്ഞതയും ഭൂമിയുടെയും പ്രപഞ്ചത്തിന്‍റെയും നിലനില്‍പ്പിനെക്കുറിച്ചുള്ള പരിഗണനയില്ലായ്മയും പരിഷ്ക്കാരത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും എല്ലാം കാരണമാണ്.. ആദ്യവായനയ്ക്കെത്തിയതില്‍ ഒത്തിരി സന്തോഷം..

Echmukutty said...

ഞാന്‍ എന്നു വെച്ചാല്‍ ആരാ.. അല്ലേ രാംജി.. നിരുത്തരവാദപരമായ സമീപനങ്ങള്‍ ഞാനും ഞങ്ങളും കൂടി നടത്തി നടത്തി നേരെയാക്കാനാവാത്തവിധം തകരാറിലായിക്കഴിഞ്ഞു.. കാര്യങ്ങള്‍..വായിച്ചതിലും അഭിപ്രായം കുറിച്ചതിലും ഒത്തിരി സന്തോഷം.

Mini andrews thekkath said...

വിൽക്കാ൯ വച്ചിരിക്കുന്നതു മുഴുവൻ വാങണ൦ എന്ന പുതിയ രീതി തുടരാതിരുന്നാൽ ഒരു പരിധി വരെ മാലിനൃ സ൦സ്കരണ൦ അലട്ടില്ല-

Echmukutty said...

ജീവിതത്തിന്‍റെ ഏതു മേഖലയിലും കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനാവശ്യമായ രാഷ്ട്രീയാധികാരം, ഉദ്യോഗസ്ഥാധികാരം, മതാധികാരം, മാധ്യമസ്വാധീനവും അധികാരവും, ധനാധികാരം, സാമൂഹികാധികാരം... ഇങ്ങനെ എല്ലാ അധികാര മേഖലകളിലും പുരുഷനാണ് മുന്നില്‍ .. സമൂഹത്തെ നടത്തിക്കൊണ്ട് പോകുന്ന ചുമതല ഇതെല്ലാം കൈയിലുള്ളവരുടേതാകുന്നില്ലേ കൊച്ചുകൊച്ചീച്ചി.. പ്രകൃതിയെ കീഴടക്കുന്നവനാണ് മനുഷ്യന്‍ ( പുരുഷന്‍ )എന്നല്ലേ നമ്മള്‍ ചെറുപ്പന്നേ പഠിച്ചത്... എല്ലാറ്റിനേയും കീഴടക്കാനുള്ള യുദ്ധങ്ങള്‍ എന്നും പുരുഷന്‍റേതായിരുന്നു... ഈ പരിതസ്ഥിതികളിലൊന്നിലും തീരുമാനമെടുക്കാവുന്ന നിര്‍ണായക സ്ഥാനങ്ങളിലൊന്നും സ്ത്രീകളോ അവരുടെ ചിന്തകളോ കാര്യമായി കടന്നുവന്നിട്ടില്ല എന്നത് ചരിത്ര സത്യം മാത്രമാണ്.. സമൂഹത്തില്‍ പുലരുന്നത് പുരുഷമേധാവിത്ത ചിന്തകള്‍ തന്നെയാണ് എല്ലാ മേഖലകളിലും ... സമൂഹത്തിന്‍റെ നടത്തിപ്പുകാര്‍ക്ക് അതില്‍ പുലരുന്ന തിന്മകളുടെ ഉത്തരവാദിത്തം കൂടി വന്നു ചേരുകയില്ലേ..
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..

Echmukutty said...

പ്രദീപ് മാഷ് എഴുതിയ സാമാന്യനിയമം ശരി തന്നെ..മാഷ് വായിച്ചതില്‍ സന്തോഷം..

Echmukutty said...

വി കെയുടെ അഭിപ്രായത്തിനു നന്ദി..

ajith said...

വികസനം വന്നപ്പോള്‍ മാലിന്യം കൂടി. മണ്ണിലും മനസ്സിലും

ബിലാത്തിപട്ടണം Muralee Mukundan said...

ഇന്നും പൌരുഷപ്പെരുമയെ അസ്വസ്ഥമാക്കുന്നത്. ആണ്‍ പെരുമ സമസ്ത മേഖലകളിലും ഇതുവരെ ചൂണ്ടിക്കാട്ടിയ ജീവിതബോധവും ഉത്തരവാദിത്തബോധവും തികച്ചും തെറ്റാണെന്ന് നശിക്കുന്ന ഭൂമിയും പെരുകുന്ന മാലിന്യവും പ്രപഞ്ചമാകെ പടരുന്ന അളവില്ലാത്ത അസ്വസ്ഥതകളും നമ്മെ ബോധ്യമാക്കുന്നുണ്ട്. കീഴടക്കമല്ല, തോളോടു ചേര്‍ന്നുള്ള കൂട്ടായ നടത്തമാണ് പ്രകൃതിക്കും ഭൂമിക്കും മനുഷ്യര്‍ക്കും ആവശ്യമെന്ന് നമ്മള്‍ തീരുമാനിച്ചേ കഴിയു.... അതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്തേ കഴിയൂ.

mksalm Mksalim said...

ഇനിയൊരു സാധ്യത ഇല്ല എന്നുവരുമ്പോൾ മാത്രമേ സമൂഹവും ഭരണകൂടങ്ങളും കണ്ണ് തുറക്കൂ . അപ്പോഴേക്കും വൈകിപ്പോയിരിക്കും .

Cv Thankappan said...

ഇന്നെല്ലാവരുംയജമാനന്മാരും,നേതാക്കന്മാരുമാണ്‌.തിരക്കുപിടിച്ചോടുന്നവര്‍...ചടങ്ങുകഴിഞ്ഞാല്‍ പിന്നൊന്നിനും നേരമില്ല.വേണമെങ്കില്‍ ഇനി വരുന്നവര്‍ ചെയ്തോട്ടെ എന്ന മനസ്ഥിതിയുള്ളവരാണ് കൂടുതലും.അത് പെരുകിപ്പെരുകി......
ആശംസകള്‍